അദ്ധ്യായം ഏട്ട്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

വെളുക്കാന്‍ ഇനിയും മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം. കൃഷ്ണ ക്വാര്‍ട്ടേഴ്‌സിലേക്കു നടന്നു. മാര്‍ക്കറ്റിംഗ്‌ മാനേജരുടെ മുറിയില്‍ വെളിച്ചം അണഞ്ഞിട്ടില്ലെന്ന്‌ അവള്‍ ശ്രദ്ധിച്ചു.

ചാരിക്കിടന്ന കതകു തുറന്ന്‌ അകത്തു ചെന്നു. ജോസഫ്‌ തിരക്കിലാണ്‌.

“എന്തേ കൃഷ്ണേ ?”

“ജോസഫിന്‌ ഇറങ്ങാറായില്ലേ ?”

” ആയിരിക്കുന്നു. ഒരു കത്തുകൂടി”

അയാള്‍ കത്തെഴുതി തീര്‍ത്തു. കവറില്‍ അഡ്രസ്സെഴുതി മേലെ, മേലെ അടുക്കിവച്ചിരിക്കുന്ന കവറുകളുടെ കൂട്ടത്തിനുമുകളില്‍ സ്ഥാപിച്ചു.

“യേസ്‌. പോകാം”.

അയാള്‍ യാത്രയായി, അവള്‍ക്കൊപ്പം.

” മാര്‍ക്കറ്റിംഗ്‌ റിപ്പോര്‍ട്ടുകളെങ്ങിനെ ?”

“വളരെ ഇംപ്രൂവ്‌ ചെയ്തു. നമ്മുടെ സ്വപ്നങ്ങള്‍ സഫലമാകും കൃഷ്ണേ…..”.

അവളുടെ ചുണ്ടില്‍ നേര്‍ത്തൊരു ചിരി വിടര്‍ന്നു. ഉറക്കാലസ്യത്തില്‍ മയങ്ങിയ മുഖം പ്രസന്നമാകുന്നു.

“രാമന്‍ എവിടെ ?”

“വടക്ക്‌ മലബാറില്‍. ഇന്ന്‌ ഫോണ്‍ ഉണ്ടായിരുന്നു. പ്രചരണവാഹനങ്ങളോടൊത്ത്‌ പ്രത്യേക ലേഖകരുമുണ്ട്‌. വീടുവീടാന്തരം പ്രതിനിധികളും”.

മുറ്റത്ത്‌ പത്രക്കെട്ടുകള്‍ കയറ്റുന്ന വാനിനെ മറികടന്ന്‌ അവര്‍ നടന്നു.

കൃഷ്ണയുടെ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ക്കല്‍ അവര്‍ നിന്നു.

ക്വാര്‍ട്ടേഴ്‌സിന്റെ മുമ്പില്‍ തെളിഞ്ഞുനിന്നിരുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ ജോസഫ്‌ കൃഷ്ണയുടെ മുഖം കണ്ടു. അയാള്‍ ഒരു നിമിഷം നോക്കി നിന്നു.

“ഗുഡ്നൈറ്റ്‌, ജോസഫ്‌”.

അവള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ നടന്ന്‌ വരാന്തയില്‍ കയറുംവരെ ജോസഫ്‌ നോക്കിനിന്നു.

വളരെ വൈകാതെ പ്രസ്സിലെയും ഓഫീസിലെയും വിളക്കുകളണഞ്ഞു. ജോസഫിന്റെ ക്വാര്‍ട്ടേഴ്‌സിലെ വിളക്കുകളും.

അവള്‍ കുളിച്ചീറന്‍ മാറി, മുറിയില്‍, കട്ടിലില്‍ കിടന്നു.

ഉറക്കം അവളില്‍നിന്നും അകന്നുനിന്നു.

അവള്‍ അവന്റെ ഫോട്ടോയില്‍ നോക്കി കിടന്നു. മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരേയൊരു ഫോട്ടോ…………….. പണ്ട്‌ മുറിയില്‍ സൂക്ഷിക്കാന്‍ വേറെയും ഫോട്ടോകള്‍ ഉണ്ടായിരുന്നു.

കാറല്‍ മാര്‍ക്സിന്റെ, എംഗല്‍സിന്റെ, മാവോയുടെ………

അതിനുമുമ്പ്‌ ദൈവങ്ങളുടെയും, അച്ഛനമ്മമാരുടെയും, സഹോങ്ങളുടെയും, കൂട്ടുകാരുടെയും…………….

ഇപ്പോള്‍ ചുരുങ്ങി ഒരാളില്‍ എത്തി.

വിശ്വനാഥ്‌………….

അവളുടെ അര്‍ജ്ജുനന്‍.

അവന്‍ നയിക്കുന്ന യുദ്ധം.

ആ യുദ്ധത്തിനാണ്‌ കാത്തിരുന്നത്‌. അല്ലെങ്കില്‍ അങ്ങനെയൊരു യുദ്ധത്തിനുവേണ്ടി മാത്രമാണ്‌ ജീവിക്കുന്നതുതന്നെ.

പക്ഷെ അവന്‍ മാത്രമെവിടെയാണ്‌ ?

അവളെ ഈ കൂടാരത്തിലേയ്ക്ക്‌,

അല്ലെങ്കില്‍ ഈ അഞ്ചുപേരുടെ ജീവിതത്തിലേയ്ക്ക്‌ വിളിച്ചിറക്കി കൊണ്ടുവന്നത്‌ അവനാണ്‌.

അവന്റെ ആശയത്തില്‍, അവന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം നടപ്പില്‍ വരുത്തേണ്ട ആവശ്യകതയില്‍ അവള്‍ക്ക്‌ താല്പര്യം തോന്നി.

അന്നവള്‍ക്ക്‌ പ്രായപൂര്‍ത്തി ആയതേയുള്ളൂ.

ക്ലാസ്സ്മുറിയില്‍,

വീട്ടില്‍,

പക്വതവന്ന കുട്ടിയെപ്പോലെ, തന്റേടിയായ ഗൃഹസ്ഥയെപ്പോലെ, തിളങ്ങിനിന്ന അവള്‍ക്ക്‌ അവന്റെ ആശയങ്ങള്‍ നിമിഷങ്ങൾകൊണ്ട്‌ ഗ്രഹിക്കാന്‍ കഴിഞ്ഞു.

ആ ഗ്രഹണശക്തിയാണ്‌ അവളെ ഇതിലേയ്ക്കാകര്‍ഷിച്ചത്‌.

അവനെ അവളിലേയ്ക്ക്‌ ആകര്‍ഷിച്ചതും.

ആകര്‍ഷണത്തിന്റെ തുടക്കത്തില്‍ അവന്റെ ചൊടിയില്‍, ബുദ്ധിയില്‍, സംഘടനാവൈഭവത്തിലുള്ള ആരാധനയായിരുന്നു.

ആരാധനയെ അവന്‍ ഫലവത്തായ മാര്‍ഗ്ഗമാക്കി. അവളിലൂടെ, അവളുടെ സ്നേഹിതകളിലേയ്ക്കും, അതുവഴി വീട്ടിലിരിക്കുന്ന അമ്മമാരിലേയ്ക്കും, അമ്മമാരില്‍നിന്നും അദ്ധ്വാനിക്കുന്ന ജനഹൃദയങ്ങളിലേയ്ക്കും പകര്‍ന്ന്‌, അവന്‍ വിശ്വസിക്കുന്ന പ്രത്യശാസ്ത്രത്തിന്‌ പിറകില്‍ ജനലക്ഷങ്ങളെ അണിനിരത്താനാകും എന്നായിരുന്നു ധാരണ.

ആ ധാരണ തെറ്റായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ അപ്രകാരമുള്ള ഒരു സമീപനത്തിലൂടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന്‌ ഒരു പറ്റം ചെറുപ്പക്കാര്‍ വിശ്വസിച്ചിരുന്നു.

പക്ഷെ, ആ ധാരണയെ, സത്യാവസ്ഥയെ അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. അവര്‍ അക്രമാസക്തമായ ഒറ്റതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അതുവഴി ജനഹൃദയങ്ങളെ സ്വാധീനിക്കാനും ശ്രമിച്ചു. ആ ശ്രമം അപ്പാടെ പരാജയപ്പെട്ടു.

അവിടവിടെ ഉന്മൂലനങ്ങളെന്ന പേരില്‍ മരണങ്ങള്‍ ഉണ്ടായപ്പോഴും രക്തക്കറകൾ പറ്റിപ്പിടിച്ചപ്പോഴും താല്പര്യം  തോന്നിയവര്‍കൂടി, താല്പര്യം തോന്നിയ കാര്യംകൂടി മറച്ചുവയ്ക്കാനും, ആശയങ്ങളില്‍നിന്നും വ്യതിചലിക്കാനും തുടങ്ങി.

പ്രവര്‍ത്തകര്‍പോലും പുറത്തുപോയി,

രൂപവും ഭാവവും മാറി,

മറ്റു പാര്‍ട്ടി പ്രവര്‍ത്തകരായി,

ബിസ്സിനസ്സുകാരായി,

മതപ്രവര്‍ത്തകരായി.

മുദ്രകുത്തപ്പെട്ടവര്‍മാത്രം ഒന്നും ചെയ്യാനാവാതെ നിറഞ്ഞ വെളിച്ചത്തില്‍ കണ്ണുകള്‍ മഞ്ഞളിച്ചുനിന്നു.

അവരുടെ ജീവിതങ്ങളും മരവിച്ചുനിന്നു. ഒരു നേരത്തെ ആഹാരത്തിനുപോലും യാചിച്ചു.

പിച്ചുകൊടുക്കാനോ,അവരെ സാന്ത്വനമായൊന്നു നോക്കാൻ കൂടിയോ ആരുമുണ്ടായിരുന്നില്ല. പലപ്പോഴും വികൃതികള്‍ അവരുടെ പിച്ചചട്ടിയില്‍ മണ്ണു വാരിയിടുകയും ചെയ്തു.

ആ കാലഘട്ടത്തിലാണ്‌ വിശു നഷ്ടപ്പെട്ട്‌ അവള്‍ ഗുരുവിനോടൊപ്പം പുറത്തു വന്നത്‌.

പക്ഷെ, അവള്‍ തകര്‍ന്നു കഴിഞ്ഞിരുന്നു.

എല്ലാം നഷ്ടപ്പെട്ട്‌ ആശ്രയിയ്ക്കാനോ അവകാശപ്പെടാനോ ഒന്നുമില്ലാതെ, പാഞ്ചാലിയെപ്പോലെ പൊതുജനസമക്ഷം വസ്ത്രാക്ഷേപം ചെയ്യപ്പെട്ട്‌, മുടിക്കെട്ടില്‍ പിടിച്ചുലയ്ക്കപ്പെട്ട, വേദനയേല്‍ക്കേണ്ടി വന്ന ഒരു പാവം പെണ്ണായി. ഒരിറ്റു സ്നേഹത്തിനായി, ഒരു സാന്ത്വന വാക്കിനായി ദാഹിച്ച്‌……….

പക്ഷെ,

ആകാശത്ത്‌,

മേഘപാളികള്‍ക്കിടയില്‍ നോക്കി അവള്‍ കിടന്നു,

അവള്‍ക്കാകെ ആശ്രയമായിരുന്ന പൊടിമണ്ണില്‍……….

മേഘപാളികളുടെ ഇടയില്‍ നിന്നെവിടെനിന്നെങ്കിലും കൃഷ്ണന്‍ അവള്‍ക്കാശ്രയമായെത്തുമെന്നു കരുതി.

അവളുടെ മനസ്സ്‌ ദീനമായി കേണുകൊണ്ടിരുന്നു. ആ വിളികേട്ട്‌ മേഘപാളികള്‍ക്കുള്ളില്‍നിന്നും, ആകാശനൌകയില്‍ എത്തിയത്‌ കൃഷ്ണനായിരുന്നില്ല.

എല്ലാം സഹിക്കാനും, അറിയാനും ശക്തനായ, ധര്‍മ്മ വിശാരദനായ,

മഹാമനസ്കനായ,

അതിനേക്കാളുപരി, ശക്തന്മാരായ സഹോദരന്മാരുള്ള ധര്‍മ്മപുരതരായിരുന്നു.

നീണ്ടുനിവര്‍ന്ന ആജാനുബാഹുവായ ഗുരുവെന്ന്‌ വിളിയ്ക്കപ്പെടുന്ന ജോണ്‍ ജോസഫ്‌.

അദ്ദേഹത്തിനു പിറകില്‍ ഭീമസേനനായി അബുവും, നകുലസഹദേവന്മാരായി രാമനും, ജോസഫും ഉണ്ടായിരുന്നു.

പക്ഷെ, അവളുടെ വില്ലാളിവീരനായ,

കാമസ്വരൂപനായ,

അവളെ കൊതിപ്പിച്ച, അര്‍ജ്ജുനന്‍ ഇല്ലായിരുന്നു.

അവള്‍ക്കായി നീട്ടിയ ഗുരുവിന്റെ കൈകളില്‍ ആശ്രയം

കണ്ടെത്തി.

ആ മാറില്‍ പറ്റിച്ചേര്‍ന്നു.

കരഞ്ഞു.

അവള്‍ വെറുമൊരു പെണ്ണായി.

അവരുടെ ജീവിതങ്ങളിലേയ്ക്ക്‌ വെറുമൊരു പെണ്ണായിട്ടൊഴുകിയിറങ്ങി.

അവളോടൊത്തുള്ള ഈഴവും കാത്ത്‌ സംതൃപ്തിയോടെ അവര്‍ കാത്തിരിക്കുകതന്നെ ചെയ്തു.

ആ നാളുകളില്‍ അവള്‍ സന്തുഷ്ടയായി.

ഗുരു കമ്മ്യൂൺ തീര്‍ത്തപ്പോഴും, പ്രതസ്ഥാപനം തുടങ്ങിയ

പ്പോഴും, കമ്മ്യൂണില്‍, പത്രസ്ഥാപനത്തില്‍, ഗുരുവിനേക്കാള്‍ സ്വാധീനം അവള്‍ക്കായി.

ആ മതില്‍ക്കെട്ടിനുള്ളില്‍, മറ്റു തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ അവള്‍ അന്തിയുറങ്ങി. അവള്‍ക്കടുത്ത മുറിയില്‍, ഈഴത്തിനുള്ള മണിയടി കാത്ത്‌ ഭീമനകുല സഹദേവന്മാരും പാര്‍ത്തു.

കൃഷ്ണ കട്ടിലില്‍നിന്നെഴുന്നേറ്റു.

ജനാല തുറന്നു.

വെളുത്തുകഴിഞ്ഞു.

മുറ്റത്ത്‌ കാക്കകളെത്തിക്കഴിഞ്ഞു.

ഉറക്ക മൊഴിപ്പിന്റെ കാഠിന്യം അവളുടെ കണ്ണുകളെ വേദനപ്പെടുത്തി.

എന്നിട്ടും അവള്‍ക്കുറക്കം കിട്ടിയില്ല.

കമ്മ്യൂണില്‍ സിദ്ധാര്‍ത്ഥനെ ഏറ്റവും അധികം ആകര്‍ഷിച്ച വ്യക്തിയും കൃഷ്ണ തന്നെയാണ്‌. കണ്ടുമുട്ടി അധികനാള്‍ കഴിയും മുമ്പ്തന്നെ ആ ബന്ധം ദൃഢമായി. രണ്ടു കളിത്തോഴര്‍ക്കുണ്ടാകുന്ന ദൃഢതയും, അവകാശ-അധികാരങ്ങളും വ്യക്തമാകുകയും ചെയ്തു.

എന്തിനെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴും തീരുമാനമെടുക്കുമ്പോഴുംഅവര്‍ ഒരുമിച്ചുനിന്നു.

ആ യോജിപ്പായിരുന്നിരിക്കണം ആദ്യകാലങ്ങളില്‍ കമ്മ്യൂണില്‍ അസുഖകരമായ വാര്‍ത്ത പരന്നതും അവളുടെ ജീവിതപങ്കാളികള്‍ക്ക്‌ സംശയത്തിനിടയാക്കിയതും.

സിദ്ധാര്‍ത്ഥനുമായുള്ള സഹവാസം അവള്‍ക്ക്‌ ശീതളിമ

യാര്‍ന്നതും സമാധാനപരവുമായൊരു മാനസ്സികാവസ്ഥ സംജാതമാക്കപ്പെടുന്നുണ്ടെന്ന്‌ കൃഷ്ണ അറിഞ്ഞിരുന്നു. അവനോടൊത്തിരിക്കുമ്പോള്‍, നടക്കുമ്പോള്‍, സംസാരിക്കുമ്പോള്‍, മനസ്സ്‌ ശാന്തവും ശരീരം സ്വസ്ഥവുമാകുന്നു.

അവളുടെ ജീവിതപങ്കാളികളെ ഓരോരുത്തരേയും ആ മാനദണ്ഡത്തില്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്‌. അവരുമായുള്ള ബന്ധം ശാരീരികമായൊരു ആവശ്യം നിറവേറ്റുംപോലെയോ, ആഹാരം കഴിക്കുന്നതിന്റെ സംതൃപ്തിയോ ആണ്‌ കിട്ടുന്നത്‌.

എന്നിട്ടും അവള്‍ അവരില്‍നിന്നകലുകയോ, സിദ്ധാര്‍ത്ഥനുമായിട്ട്‌ പൂര്‍ണ്ണമായും അടുക്കുവാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

സിദ്ധാര്‍ത്ഥന്റെ ജീവിതത്തിലേയ്ക്ക്‌ നാന്‍സി കടന്നുവന്നപ്പോള്‍ അവള്‍ക്ക്‌ സാധാരണ സ്ത്രീകള്‍ക്കുണ്ടാകാറുള്ള വിഷമങ്ങളോ, മനം മറിച്ചിലോ ഉണ്ടായതുമില്ല.

എന്നിട്ടും ഇപ്പോള്‍ അവന്‍ അകലെയായപ്പോള്‍ അപകടം നിറഞ്ഞ ഒരു ഉദ്യമത്തില്‍ എത്തിയപ്പോള്‍ അകാരണമായൊരു ഭീതി മനസ്സിനെയാകെ മുടിനില്‍ക്കുന്നു. ആ കര്‍ത്തവ്യം അവന്‍ സ്വയം ഏറ്റെടുത്തപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത്‌ താനായിരുന്നില്ലേ !

എന്നിട്ടും അവന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഉണ്ടായ ഒരുഉള്‍ക്കിടിലം, പഴമക്കാര്‍ പറയുംപോലെ, കൂമ്പിനൊരു വിറയല്‍……………

അവന്റെ ഫോണ്‍ എത്താന്‍ വൈകിയാലുള്ള വേവലാതി…………… ന്യൂസുമായി ജീപ്പെത്തുമ്പോള്‍ അവരെ കാണാനുള്ള വെമ്പൽ…..

കൃഷ്ണ, നിനക്കെന്തുപറ്റി ?

എത്രപ്രാവശ്യം ചോദിച്ചിരിക്കുന്നു. ഉത്തരം കണ്ടെത്താന്‍

കൃഷ്ണയ്ക്ക്‌ ആകുന്നില്ല. എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണിവിടെ എത്തിയത്‌ ! എന്തെല്ലാം കണ്ടു, കേട്ടു, അനുഭവിച്ചു!

മൂന്നോ നാലോ സ്ത്രീജനങ്ങള്‍ക്ക്‌ അറിയാന്‍ കഴിയുന്നത്ര അനുഭവങ്ങൾ…..

പാഞ്ചാലിയെപ്പോലെ……..

ഒരു ഇതിഹാസത്തിന്റെ തന്നെ കേന്ദ്രകഥാപാത്രമായി……….. വേദന ഉള്‍ക്കൊണ്ട്‌, ഒരു യുദ്ധത്തിനുതന്നെ കേന്ദ്രകാരണമായി പരിണമിച്ച്‌, ശപഥംചെയ്തു, ദൃഢമായി ആ ശപഥത്തിലേയ്ക്ക്‌ യാത ചെയ്തു, ആ യാത്രപോലുമൊരു തപസ്സാക്കി മാറ്റിയ………….

പാഞ്ചാലി……………………….

കൃഷ്ണയുടെ കണ്ണുകള്‍ നിറയുകയാണോ?

അവള്‍ സാരിയുടെ കോന്തലകൊണ്ട്‌ കണ്ണുകള്‍ തുടച്ചു.

കൃഷ്ണ വരാന്തയില്‍ ഇറങ്ങി. കമ്മ്യൂൺ നിത്യവ്യത്തിയിലേയ്ക്ക്‌ എത്തിക്കഴിഞ്ഞിരിക്കുന്നു. അടുത്തടുത്ത വീടുകളിലെ ബഹളങ്ങളും ശബ്ദങ്ങളും അവള്‍ ശ്രദ്ധിച്ചു. അവിടത്തെയൊക്കെ ഗൃഹത്തിന്റെ അന്തരീക്ഷങ്ങളും.

തുടര്‍ന്ന്‌ മുറ്റത്തിറങ്ങിനിന്ന്‌ അനക്കങ്ങളോ ബഹളങ്ങളോ ഇല്ലാതെ, മൂകമായി, നിശ്ചേഷ്ടമായി, നിര്‍വ്വികാരമായി നില്‍ക്കുന്ന സ്വന്തം ക്വാര്‍ട്ടേഴസിനെ ശ്രദ്ധിച്ചു.

കൃഷ്ണ ദീര്‍ഘമായി നിശ്വസിച്ചു. @@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top