രാവുകള്‍ പകലുകള്‍
ഒന്ന്
സിദ്ധാര്‍ത്ഥന്‍ ഉറങ്ങുകയായിരുന്നു.
അതോ മയങ്ങുകയോ?
കണ്ണുകളെ പൂട്ടി വിശ്രമിക്കുമ്പോഴും മനസ്സ് ചലിച്ചുകൊണ്ടിരു
ന്നാല്‍ ഉറക്കമാകുമോ?
കണ്ണുകളും ശരീരവും ആലസ്യം പൂണ്ടിരിക്കുക തന്നെയാണ്.
ബസ്സിന്റെ ആസ്വാദ്യമായ ചാഞ്ചാട്ടത്തില്‍ തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ ഒഴുകിയെത്തുന്ന മലങ്കാറ്റിന്റെ സഹ്യമായ ശൈത്യത്തിൽ ശരീരം വിശ്രമംകൊള്ളുന്നു.
ബസ്സ് വളവുകള്‍ തിരിഞ്ഞ് കയറ്റങ്ങള്‍ കയറി വരികയാണ്; മലയുടെ ശിഖരങ്ങളിലേയ്ക്ക്. ഓരോ ശിഖരങ്ങളിലും ഓരോ കൂട്ടം മനുഷ്യര്‍ കൂടുകൂട്ടിയിരിക്കുന്നു. ഓരോ ശിഖരങ്ങളും അവരുടെ ഗ്രാമങ്ങളാകുന്നു. ശിഖരങ്ങളിലേക്കുള്ള സന്ധികള്‍ അവരുടെ സിറ്റികളും. നിത്യോപയോഗ സാധനങ്ങള്‍ ശേഖരിക്കുന്നതിനും മലഞ്ചെരിവുകളില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന വിളവുകള്‍ കൈമാറുന്നതിനും സന്ധ്യകളില്‍ അവര്‍ സിറ്റികളില്‍ വരുന്നു.
യാത്രക്കാരെ ഇറക്കുന്നതിനായി ഏതോ ഒരു ഗ്രാമത്തിന്റെ സീറ്റി
യില്‍ ബസ്സ് നിന്നിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്നു.
രാവേറെ എത്തിയിട്ടില്ലാ എന്നിട്ടും ഗ്രാമമാകെ ഇരുളു പടര്‍ന്നു
കഴിഞ്ഞിരിക്കുന്നു. വളര്‍ന്ന് പടര്‍ന്ന് കിടക്കുന്ന വൃക്ഷങ്ങളും വൈദ്യുതി അഭാവവും കാരണമാകാം.കടകളില്‍ മണ്ണെണ്ണ വിളക്കുകള്‍ എരിയുന്നു.
ഇരുളിനെ തുളച്ച് കീറിക്കൊണ്ട് ബസ്സിന്റെ ഹെഡ്ലൈറ്റ് വെളിച്ചം തെല്ലകലെ റോഡിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഭീമാകാ
രനായ ഒരു പാറയില്‍ തട്ടിനില്‍ക്കുന്നു. അവിടെ അടുത്ത വളവ് തുടങ്ങുകയാണ്.
യാത്ര തുടങ്ങിയിട്ട മണിക്കുറുകള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും
ബസ്സിലെ തിരക്കൊഴിഞ്ഞിട്ടില്ല.
“ശാന്തിയിലെത്താന്‍ ഇനിയും വൈകുമോ?”
സിദ്ധാര്‍ത്ഥന്‍ അടുത്തിരുന്ന ചെറുപ്പക്കാരനോട് തിരക്കി.
“ഇല്ല ഏറിയാല്‍ ഒരു മണിക്കൂര്‍”
ബസ്സ് ഇളകിത്തുടങ്ങി.
അവന്‍ വീണ്ടും കണ്ണുകളെ പൂട്ടി.
ബസ്സിന്റെ ജീവിതയാത്ര വീണ്ടും തുടങ്ങി. കയറ്റം കയറി, വളവുകള്‍ തിരിഞ്ഞ് നിരപ്പായ റോഡില്‍ വേഗത കുറഞ്ഞ്.
വ്യാപാര രംഗത്തെ മത്സരങ്ങള്‍. അസംസ്കൃത വസ്തുക്കളുടെ
വിലവര്‍ദ്ധന, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയാല്‍ കൂടുതല്‍ കൊടുക്കേണ്ടി വന്ന കൂലി ഇനങ്ങള്‍-സ്ഥാപനത്തിന്റെ നിലനില്‍പ്പിന് ബിസിനസ്സ് കൂട്ടേണ്ടിയിരിക്കുന്നു. അപ്പോള്‍ കൂടുതല്‍ മുതല്‍ മുടക്കിന് പണം അവശ്യമായി വരുന്നു. അതിനാല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കേണ്ടിയിരിക്കുന്നു. നിക്ഷേപ സമാഹരണം വന്‍കിട പത്രങ്ങള്‍ക്ക് കഴിയും പോലെ നാലാംകിട പത്രത്തിന് സാദ്ധ്യമല്ല. കൂടാതെ തുടര്‍ന്നു പോന്നിട്ടുള്ള പ്രത്യേക ചിന്താഗതിയുടെ പ്രതികൂലമായ അനുഭവങ്ങളും. എന്നും ഒരു ആന്റി സര്‍ക്കാര്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സത്യസന്ധമായിട്ട് എഴുതുക, പ്രചരിപ്പിക്കുക. അതുവഴി കുറെ നീരസവും ഉണ്ടായീട്ടുണ്ട്. എന്നു പറഞ്ഞാല്‍ ഒരു തുറന്ന ചിന്താഗതി, മനുഷ്യത്വ പരമായ സമീപനം, മാനുഷീക മൂല്യങ്ങള്‍ക്ക് മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുക. വിശദീകരിച്ചാല്‍ – സമത്വവാദം, അടിച്ചമര്‍ത്തലിനും അടക്കിവയ്ക്കലിനും എതിരെയുള്ള പോരാട്ടം, ജാതി മത വര്‍ണ്ണവ്യത്യാസങ്ങള്‍ക്കെതിരെ,അന്ധവിശ്വാസങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം. അര്‍ഹിക്കുന്നവര്‍ക്ക് ഉദാരമായ സഹായം. ഒന്നാം കിട പത്രസ്ഥാപനങ്ങള്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സേവന വേതന ആനുകൂല്യങ്ങളും സൌകര്യങ്ങളും തൊഴിലാളികള്‍ക്കും ജീവന
ക്കാര്‍ക്കും കൊടുക്കുക. എല്ലാം സ്ഥാപനത്തെ സാരമായി തന്നെ ബാധിച്ചു. സ്ഥാപനത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ.
ബിസിനസ്സ് വര്‍ദ്ധിപ്പിക്കുക. പൊതുജനങ്ങളില്‍ നിന്നും ഡെപ്പോസിറ്റ് സ്വീകരിക്കുക, ഒരു വര്‍ഷത്തേയോ രണ്ടു വര്‍ഷത്തേയോ സബ് സ്ക്രിപ്ഷന്‍ മുന്‍കൂര്‍വാങ്ങുക. പക്ഷെ, എന്തിനും പരസ്യം അനിവാര്യമാണെന്ന് മാര്‍ക്കറ്റ് തെളിയിക്കുന്നു. എത്ര ശ്രേഷ്ഠമായ വസ്തുവായാലും പരസ്യമില്ലെങ്കില്‍ ആരാലും ശ്രദ്ധിക്കപ്പെടില്ല. എത്ര ഉപയോഗ ശൂന്യമായ സാധനമായാലും പരസ്യമുണ്ടെങ്കില്‍ ഒരു പരിധി വരെ കച്ചവടം പിടിക്കാനാവുകയും ചെയ്യും.
ആ തത്വം കമ്മ്യൂണിലെ എല്ലാവരും ഒന്നടങ്കം അനുകൂലിക്കുക
യാണ് ചെയ്തത്. ജനറല്‍ ബോഡിയില്‍ കയ്യടിച്ച് ആര്‍ത്തുവിളിച്ച് സ്വീകരിക്കുകയും ചെയ്തു.
പക്ഷെ, ഒരു മായാജാല പ്രകടനം പോലെ…………..
ഒരു ഇടിമിന്നലില്‍ നിന്നും ലഭിക്കുന്ന വെളിച്ചം പോലെ…………. നടുക്കം പോലെ……….. ജനശ്രദ്ധയെ ആകർഷിക്കണം. ആ ആകര്‍ഷണ വലയത്തില്‍ നില്‍ക്കുമ്പോള്‍ ആകാവുന്നത്ര പരസ്യവും പ്രചരണവും സ്വാധീനവും ചെലുത്തണം. താലൂക്കുകള്‍ തോറും പ്രതിനിധികളെ വച്ച് ഏജന്റുമാരോടുകൂടി പുതിയ ഉപഭോക്താക്കളെ കണ്ടത്തണം. പക്ഷെ, ഏറ്റവും പ്രധാനം മാദ്ധ്യമമാണ്. പരസ്യത്തിന് തെരഞ്ഞെടുക്കുന്ന വിഷയം.
-പാദരക്ഷ കച്ചവടക്കാരന്‍, ഷഡി മാത്രം ധരിച്ച പെണ്‍കുട്ടിയുടെ മിനുത്ത കാലുകളും , തുടകളും കാണിക്കുന്നതുപോലെ…………..
കൃഷ്ണവേണിയുടെ ചുണ്ടുകളില്‍ നേര്‍ത്ത ഒരു ചിരി വിടര്‍ന്നു.
ചുണ്ടുകളില്‍ നിന്നും കവിളുകളിലേയ്ക്കും, കണ്ണുകളിലേക്കും
പടര്‍ന്നു.
“ഭഗവാന്‍ സത്യവും മിഥ്യയും”.
നിസ്സാരമായൊരു കര്‍ത്തവ്യമല്ലത്. പ്രവിശ്യയില്‍ മാത്രമല്ല,
രാഷ്ട്രമാകെ, ലോകാന്തരങ്ങളില്‍ പോലും വേരുകളുള്ള, സ്വാധീനമുള്ള വ്യക്തിയാണ് സച്ചിദാനന്ദന്‍. അയാള്‍ സ്വയം വിശേഷിപ്പിക്കുന്നു. ദൈവവുമാണെന്ന്.
അയാളിലെ സത്യവും മിഥ്യയുമാണ് കണ്ടെത്തേണ്ടത്.
ആരാണ് പ്രസ്തുത കര്‍ത്തവ്യത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് സ്വയം തീരുമാനിക്കാനാണ് ഗുരു എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ അവശ്യപ്പെട്ടത്. നിമിഷങ്ങളോളം നീണ്ടുനിന്ന മൌനം ആര്‍ക്കും തന്നെ സ്വയംഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് തെളിയുന്നതെന്ന് സിദ്ധാര്‍ത്ഥന് മനസ്സിലായി.
അവന്‍ അത് സ്വയം ഏറ്റെടുക്കുന്നെന്ന് അറിയിച്ചപ്പോള്‍ എല്ലാ
മുഖങ്ങളിലും പ്രസാദം നിറഞ്ഞു; എല്ലാവരും സമാധാനം കൊണ്ടു.
സിദ്ധാര്‍ത്ഥന്‍ കൃഷ്ണയെ ശ്രദ്ധിച്ചു.
അവളാണെന്നു തോന്നുന്നു കൂടുതല്‍ സന്തുഷ്ടയായി കണ്ടത്.
കോണ്‍ഫ്രന്‍സ് കഴിഞ്ഞ് സ്വന്തം ക്യാബിനിലെത്തി, കസേരയില്‍ ഇരുന്ന് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന് അവാച്യമായൊരു വേദന അനുഭവപ്പെട്ടു. പക്ഷെ എത്ര ചിന്തിച്ചിട്ടും ശരീരത്തിന്റെ ഏതു ഭാഗത്താണ് അനുഭവപ്പെടുന്നതെന്നോകാരണമെന്തന്നോശ്രഹിക്കാനായില്ല.ഒടുവില്‍, അതിനെ ഇല്ലാതാക്കുവാനുള്ള ഉപാധിയാണ് തോന്നിയത്.
അവനെ കാണണം.
എന്റെ വിവേകിനെ…………..
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണത്.
ഈ കമ്മ്യൂണിന്റെ വന്‍ മതിലുകള്‍ക്ക് പുറത്തേയ്ക്ക് സിദ്ധാര്‍ത്ഥന്‍ പോയിട്ട് മുന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
കമ്മ്യൂണിന്റ വടക്കേമുലയില്‍ ഇടുങ്ങിയ വീട്ടില്‍ ഗുരു എവിടെ
നിന്നോ തേടിയെടുത്ത ഒരു അനാഥനായ രാമന്‍ നായര്‍ വെച്ചു വിളമ്പിത്തരുന്ന അന്നമുണ്ട്, അയാള്‍ പച്ചക്കറി സഞ്ചിയില്‍ ഒളിച്ചു കടത്തിക്കൊണ്ടുവരുന്ന മദ്യം ആവശ്യത്തിലേറെ കഴിച്ച് അബോധാവസ്ഥയിലോ, അര്‍ദ്ധബോധാവസ്ഥയിലോ കഴിഞ്ഞു തുടങ്ങിയിട്ട് മുന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
ആ വീട്ടിലല്ലെങ്കില്‍, സിദ്ധാര്‍ത്ഥന്‍ ഇവിടെ ഉണ്ടാകും, ഈ കമ്മ്യൂണില്‍, പത്രങ്ങള്‍ക്ക് മുന്നില്‍, വാര്‍ത്തകള്‍ക്ക് നടുവില്‍…………നിര്‍വികാരനായിട്ട്……….ചിരിക്കാത്തവനായിട്……കരയാത്തവനായിട്ട്……….ക്യാബിന്റെ കതക് തുറന്ന് കൃഷ്ണവേണി എത്തി. അവള്‍ ക്യാബിനിലെ ലൈറ്റ് തെളിച്ചു. ഫാനിട്ടു.
“സിദ്ധാ… എന്താണിത്?”
“എനിക്ക് അവനെ ഒന്നു കാണണം”
“ആരെ?”
“എന്റെ മകനെ.”
“സിദ്ധാ……….. സത്യമായിട്ടും?”
“ഉം, നീ എനിയ്ക്കൊരു വണ്ടി ഏര്‍പ്പാടാക്കുമോ?”
“ഞാനും കൂടിയാലോ?”
“ആയിക്കോട്ടേ.”
സ്കൂളിന്റെ ഓഫീസില്‍, ഹെഡ്മിസ്ട്രസ്സിന്റെ മുന്നില്‍ പത്തുമി
നിട്ടുകളോളം ഇരുന്ന ശേഷമാണ് ക്ലാസ്സില്‍ പോയിരുന്ന പ്യൂണ്‍ തിരിച്ചെത്തിയത്. അയാള്‍ ഹെഡ്മിസ്ട്രസ്സിന്റെ ചെവിയിലെന്തോ പിറൂപിറുത്തു.
പെട്ടെന്ന് മിസ്ര്രസ്സിന്റെ മുഖം വാടിക്കരിഞ്ഞുപോയി. ശക്തിയാ
യൊരു വിക്കലിനൊടുവില്‍ അവര്‍ പറഞ്ഞു മുഴുമിപ്പിച്ചു.
“അവന് നിങ്ങളെക്കാണാന്‍ ഇഷ്ടമില്ലെന്ന്.”
“ങേ!”
സിദ്ധാര്‍ത്ഥന്‍ തേങ്ങിപ്പോയി.
ഗുരു ഒരുക്കിയ വിരുന്നില്‍ സീനിയര്‍ എഡിറ്റര്‍മാരെയും എക്സി
ക്യൂട്ടീവുകളെയും കുടുംബാഗങ്ങളെയും മാത്രമെ ക്ഷണിച്ചിരുന്നുള്ളു. കമ്മ്യൂണിലെ തെക്കെ കോണില്‍ തലയെടുപ്പുള്ള രണ്ടുനിലക്കെട്ടിടമാണ് ഗുരുവിന്റെ വസതി. വസതിയിലെ വിശാലമായ ഡൈനിഗ്‌ഹാളില്‍ മേശയില്‍ ആഹാരങ്ങള്‍ വിളമ്പപ്പെട്ടു. എല്ലാവരും ഉപവിഷ്ടരായി, രാജകീയമായ കസേരയില്‍, രാജാവിന്റെ പ്രൌഡിയില്‍ തന്നെ ഗുരുവും.
എല്ലാവരും നിശബ്ദരായിരുന്നു. ഗുരുവിന് എതിരെയുള്ള കസേരയില്‍ സിദ്ധാര്‍ത്ഥനിരിക്കുന്നു. സിദ്ധാർത്ഥൻ ഒരിക്കല്‍ പോലും ചിരിക്കുകയോ മറ്റാരേയും ശ്രദ്ധിക്കുകയോ ചെയ്തില്ല.
കൃഷ്ണവേണി എല്ലാവരേയും ശ്രദ്ധിക്കുകയായിരുന്നു.
അവള്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, മുടി ഉലര്‍ത്തിയിട്ട്……….. ഏവര്‍ക്കും അവള്‍ ശ്രേഷ്ഠയായിത്തന്നെ തോന്നിച്ചു.
അനന്തമായിരുന്ന നിശബ്ദതയെ തകര്‍ത്തു കൊണ്ട് ഗുരു സംസാരിച്ചു.
“മക്കളെ,കമ്മ്യൂണാകെഏകസ്വരത്തിലാണ്‌തീരുമാനമെടുത്തത്.എങ്കിലും ഞാന്‍ ഒരിക്കല്‍ കൂടി ചോദിക്കുകയാണ്, ആര്‍ക്കെങ്കിലും നാം ചെയ്യുന്നത് ശരിയല്ല എന്നു തോന്നുന്നുണ്ടോ?”
എല്ലാവരും നോക്കിയത് സിദ്ധാര്‍ത്ഥനെയായിരുന്നു.
“ഒരാളെങ്കിലും തെറ്റാണെന്നു പറഞ്ഞാല്‍ നമുക്കിത് ഉപേക്ഷി
ക്കാവുന്നതേയുള്ളൂ.”
എല്ലാവരും നിശബ്ദരായിരുന്നു.
വിണ്ടും ഉണ്ടായ നിശബ്ദതയിലേയ്ക്ക് സിദ്ധാര്‍ത്ഥന്റെ ദൃഢവും, ശാന്തവുമായ സ്വരം ആഴ്ന്നിറങ്ങി.
“ഗുരു, ഇനി ആരെതിര്‍ത്താലും എന്നാല്‍ ഇതില്‍ നിന്നും ഒളി
ച്ചോടാനാവില്ല. എന്റെ കര്‍മ്മവും ലക്ഷ്യവും അതായിത്തീര്‍ന്നിരിക്കുന്നു. അതുമാത്രമായിരിക്കുന്നു. എല്ലാം നാം തീര്‍ത്ത, പടുത്തുയര്‍ത്തിയ ഈ സാമ്രാജ്യത്തിന്റെ, നമ്മുടെ കമ്മ്യൂണിന്റെ അനന്തമായ വളര്‍ച്ചയ്ക്ക് ഉതകട്ടെ എന്നാഗ്രഹിച്ചുകൊണ്ട്, ഈ ആഹാരം നമുക്കായൊരുക്കിയ ഗുരുവിനോടും ഫിലോമിനയോടും നന്ദി പറഞ്ഞുകൊണ്ട് നമുക്ക് കടമകളിലേയ്ക്ക് പ്രവേശിക്കാം.
“യുവാര്‍ നൈസ് ഗുഡ്ബോയ്“
ഗുരുവിന്റെ മുഖം കൃഷ്ണ ശ്രദ്ധിച്ചു. വികസിച്ച പുവുപോലെ ഉദിക്കുന്ന സൂര്യനെപ്പോലെ…. ആകെ വെളുത്ത തലമുടി നിറം മാറി പൊന്‍കിരീടമാകും പോലെ,
പക്ഷെ, അവള്‍ക്ക് ആഹാരം കഴിക്കാനായില്ല, സിദ്ധാര്‍ത്ഥനും.
പാത്രങ്ങളുടേയും, കുപ്പികളുടേയും ഗ്ലാസ്സുകളുടേയും കലമ്പലു
കള്‍ അവനെ അലോരസപ്പെടുത്തി.
അവന്‍ സാവധാനം വസതിയുടെ അകത്തളങ്ങളിലേയ്ക്ക്
നടന്നു. അകത്ത് മങ്ങിയ നീലവെളിച്ചത്തില്‍, കട്ടിലില്‍ തളര്‍ന്നു മയങ്ങുന്ന
അവന്‍ അവരുടെ കാല്‍ക്കല്‍ ഒരു നിമിഷം നിന്നു. കണ്‍നിറയെ ഒന്നുകാണാന്‍………….അവിടെനിന്നും വീണ്ടും ഡൈനിംഗ് ഹാളിലെത്തി, പുറത്തേയ്ക്കു നടന്നു.
സഹയാത്രികന്‍ പറഞ്ഞതുപോലെ ഒരു മണിക്കൂറിനുള്ളില്‍ ശാന്തിയില്‍ ബസ്സിറങ്ങി. റോഡിന്റെ സൈഡില്‍ ലഗേജ് ഇറക്കി സിദ്ധാര്‍ത്ഥന്‍ കാത്തു. കറുത്ത ചെറുപ്പക്കാരന്‍ എവിടെ നിന്നോ എത്തി സിദ്ധാര്‍ത്ഥനെ വണങ്ങി.
“ഞാന്‍ രവി…………… സാര്‍?”
“യേസ്, സിദ്ധാര്‍ത്ഥന്‍.”
ചെറുപ്പക്കാരന്‍ തെളിച്ച വഴിയെ ലോഡ്ജില്‍, മുറിയില്‍……………
“സാര്‍ ഞാന്‍………..”
“യേസ് പൊയ്ക്കോളൂ, നമുക്ക് കാണേണ്ടിവരും.”
“ഉം…ഞാന്‍ വരും………..”
വൃത്തിയും വെടിപ്പുമുള്ള മുറി.
ആകെ ഒരു നിശബ്ദത.
ഇഷ്ടമായി.
ഗുരുവിന്റെ കരുതലിന് നന്ദി………..
@@@@@