സഖാവ്‌ പീറ്റര്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

സംയുക്ത കക്ഷിയെ നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനിയും പ്രോട്ടോകോൾ അനുസരിച്ച്‌ അറിയേണ്ടത്‌ സഹകരണ പാർട്ടിയെപ്പറ്റിയാണ്‌. സഹകരണം എന്നു കേൾക്കുമ്പോൾ തന്നെ കരുണ, സ്നേഹം, തുടങ്ങിയ വികാര സാന്ദ്രമായ വാക്കുകളാണ്‌ മനസ്സിൾ ഉദിക്കുന്നത്‌.

അതെന്തായിരുന്നാലും അവകളെ നീക്കിവച്ച്‌ നമുക്ക്‌ അറിയാനുള്ള കാര്യങ്ങളിലേയ്ക്ക്‌ വരാം. സംയുക്ത കക്ഷിയെ അറിയാൻ നമ്മൾ തെരഞ്ഞെടുത്തത്‌ ദിവാകരമേനോനെ ആയിരുന്നു. അതുപേലെ
തന്നെ സഹകരണപാർട്ടിയെ അറിയാനും ഒരു വ്യക്തി അവശ്യമായിരിയ്ക്കുന്നു, വ്യക്തികഥ കൂടി വേണ്ടിയിരിയ്ക്കുന്നു. അതിനായി നമ്മൾ കണ്ടെത്തിയിരിയ്ക്കുന്ന വൃക്തിയാണ്‌ സഖാവ്‌ പീറ്റർ.

നാല്പത്തിയെട്ടു കഴിഞ്ഞ പീറ്റർക്ക് ഒരു മദയാനയുടെ ചങ്കുറ്റമാണ്‌. വണ്ണം കുറഞ്ഞിട്ട്‌ ഉയരം കൂടിയിട്ടാണെങ്കിലും കറുത്ത കനത്ത മീശയാണ്‌. നാട്ടുകാരുടെ ചില്ലറ അടിപിടി മോഷണ സ്വഭാവങ്ങളെല്ലാം ഒതുക്കിത്തീർക്കുക നഷ്ട പരിഹാര ത്തുകകൾ വാങ്ങിക്കൊടുക്കുക, കൊലപാതകത്തിൽ താഴെയുള്ള ക്രിമിനൽ കേസുകളില്‍ പ്രതിഭാഗം ചേർന്ന് പോലീസ്‌ സ്റ്റേഷനിൽ
ഹാജരാകുക, ജാമ്മ്യം വാങ്ങിക്കൊടുക്കുക ഇതെല്ലാം സഖാവ്‌ പീറ്ററിന്റെ കൃത്യനിർവ്വഹണത്തിൽ പെടുന്നു. കൂടാതെ ജനഹിതമെന്ന്‌ തോന്നുന്ന എന്തിനും ഏതിനും സമരം ചെയ്യുന്നതിനായിട്ട്‌, ബഹളമുണ്ടാക്കുന്നതിനായിട്ട്‌, വേണ്ടി വന്നാൽ അല്പസ്വല്പം കയ്യേറ്റം ചെയ്യുന്നതിനായാലും പീറ്റർ മുന്നിലുണ്ടാകും.

സ.പീറ്റർ മങ്കാവുടി നഗരസഭയുടെ അധികാരത്തിലുള്ള കൊണ്ടിപ്പാടത്തെ ഒരു തെരുവ്‌ വീഥിയിലൂടെ നടന്നു വരികയാണ്‌. വെളുത്ത മുണ്ടും മുട്ടുവരെ നീണ്ടു കിടക്കുന്ന ക്രീം നിറത്തിലുള്ള
ജുബ്ബയും സ്വർണ്ണ ചെയിനുള്ള വാച്ചും ഒരു രുദ്രാക്ഷമാലയും……. കവലയിലെത്തും വരെ അയാളെ നോക്കിച്ചിരിയ്ക്കുകയും അഭിവാദ്യങ്ങൾ കൊടുക്കുകയും ചെയ്യുന്നവർ ഒന്നും അത്ര പ്രധാനപ്പെട്ടവരല്ല. അവരൊക്കെ ഒരുപക്ഷെ, അയൽ വാസികളാകാം. വഴിപോക്കരായ വെറും പരിചയക്കാരാകാം കവലയിലെത്തി ആദ്യത്തെ ചായക്കടയിൽ നിന്നു തന്നെ ചായകുടിച്ചു തൊട്ടടുത്തകടയിൽ നിന്ന്‌ ഒരു പാക്കറ്റ്ഫിൽട്ടർ സിഗററ്റും തീപ്പെട്ടിയും വാങ്ങി, ഒരു സിഗററ്റ്‌ ചുണ്ടുത്തു വച്ച്‌ തീകൊളുത്തി……..പുകയൂതി തിരിഞ്ഞപ്പോൾ………

കവലയിൽ മെയിൻ റോഡിന്റെ ഓരത്തു ചേർന്ന് ഒരു മാരുതിക്കാർ വന്ന്‌ നിറുത്തുകയും അതിൽ നിന്നും ഇറങ്ങി വന്ന തടിച്ചുകൊഴുത്ത മദ്ധ്യവയസ്ക്കൻ പീറ്ററെ നോക്കിച്ചിരിയ്ക്കുകയും, അയാളുടെ അടുത്തെത്തി കൈകളെ കവർന്നെടുത്ത്‌ സ്വന്തം മൃദുല കൈവെള്ളയിൽ വച്ച്‌ വളരെ കാര്യമാത്ര പ്രസക്തമായിട്ട്‌ സംസാരിയ്ക്കുകയും തുടർന്ന് പീറ്ററെ കുടി കാറിൽ കയറ്റി യാത്ര തുടരുകയും ചെയ്യുന്നു.

ഇവിടെ നിന്നും നമ്മൾ പിറകോട്ടു പോകേണ്ടിയിരിയ്ക്കുന്നു.

പീറ്ററിന്റെ അപ്പൻ ഓസേപ്പ്‌, ഓസേപ്പിന്റെ അപ്പൻ പത്രോസ്‌, ആ പത്രോസിന്റെ അപ്പൺ ഔസേപ്പ്‌. അങ്ങിനെയുള്ള ഒരു ഔസേപ്പിനും മറ്റൊരു പത്രോസിനും മുമ്പ്‌…

ഒരു ഓസേപ്പ്‌ ഇല്ലിക്കുന്നേൽ പുത്തമ്പുരപ്പടിപ്പുരയുടെ വാതിൽ മൂട്ടി നിന്നു. അന്ന്‌ ഇല്ലിക്കുന്നേൽ പുത്തൻപുര മാളികവീടായിരുന്നില്ല. നാലുകെട്ടുമില്ലായിരുന്നു. ഒരു പടിപ്പുരയും അതിനുള്ളിൽ ഒരോലപ്പുരയും………………………

നേരം പൊള്ളി നിന്നിരുന്നു. പടിപ്പുര നൽകിയ നിഴലിൽ ഒതുങ്ങി ഓസേപ്പ്‌, കൂട്ടുകാരൻ മുത്തുക്കോയയുടെ പിറകിൽ മേൽമുണ്ട്‌ കക്ഷത്തിലിടുക്കി തല കുമ്പിട്ട് നിൽക്കുകയായിരുന്നു.

മുത്തുക്കോയ ഇല്ലിക്കുന്നേൽ പുത്തൻപുരയിലെ പണ്ടു തന്നെയുള്ള, തേങ്ങയുടേയും പാക്കിന്റേയും കരാറുകാരനാണ്‌. പടിപ്പുര വാതിൽ മുട്ടി എങ്ങിനെ കാത്തു നിൽക്കണമെന്ന്‌ അയാൾക്ക്
അറിയാമായിരുന്നു. ആ അറിവ്‌ ഓസേപ്പിലേയ്ക്കും പകർന്നു കൊടുത്തിരുന്നു.

വാതിൽ തുറന്ന്‌, പ്രായാധിക്യത്തിലും ആരോഗ്യവാനായൊരു തമ്പ്രാനും, കാര്യസ്ഥനും മുഖം കാണിച്ചു. തമ്പ്രാന്റെ കുടുമ മുഖത്തേക്കാളും വലുതായിരുന്നു. കാര്യസ്ഥന്റേത്‌ ചെറുതും. രണ്ടാം മുണ്ടിന്റെ കാര്യം കാര്യസ്ഥന്റെ അവസ്ഥയിലും കക്ഷത്തിൽ തന്നെ ആണ്‌.

“ങാ ! എന്താ മുത്തുക്കോയേ?”

“ഇയാള് ഓസേപ്പ്……നല്ല പണിക്കാരനാ……… നാലഞ്ചാറ്‌ മക്കൾ കൂട്ടിനുമൊണ്ട്‌……… പിന്നെ പണിക്കാരുമൊണ്ട്‌ എല്ലാം കോലാന്മാരാ…….”

“അതിനിപ്പോ എന്താവേണ്ടേ?”

“ഇവിടത്തെ ആ പന്തിയാനി മല…………… വെറുതെ കെടക്കുവാ……… ഇവര്‍ നല്ല പണിക്കാരാ………..”
“ങാ…….. ആലോചിയ്ക്കാം…….കൊറെ നാള്‍ കഴിഞ്ഞ്‌ വാ……“

“ഇങ്ങോട്ടു നീങ്ങി നിക്കെടാ……………. ഒന്നു കാണട്ടെ…………..”

ഓസേപ്പ്‌ നീങ്ങി നിന്നു. തണലിൽ നിന്നും വെയിലിലേയ്ക്ക്‌………… അഞ്ചരയടി പൊക്കത്തിൽ, നല്ല കറുത്ത ഔസേപ്പ്, ദേഹമാസകലം എഴുന്നു നിൽക്കുന്ന രോമങ്ങൾ…

തമ്പ്രാന്‌ തോന്നിയത്‌ അവനൊരു കന്നായിട്ടാണ്‌. തമ്പ്രാന്റെ ചുണ്ടത്തൊരു പുഞ്ചിരി. മുത്തുക്കോയയ്ക്ക്‌ തമ്പ്രാന്റെ ചിരിയിലെ വ്യംഗ്യം തിരിച്ചറിയാനാകുന്നുണ്ട്‌. അയാളുടെ മുഖത്തത്‌ തെളിയുകയും ചെയ്തു.

“ഔസേപ്പിന്റെ അപ്പന്റെ അപ്പൻ നായരായിരുന്നു. മാർക്കം കൂടിയതാ……….

“ആണോടാ………..?”

“ഓ…………!”

“‌അതെന്നതാടാ കഥാ?”

“അദ്‌ ബല്യകതയാ തമ്പ്രാ……….. മാർക്കം കൂടിയ നായരുടെ ബലാലുപിടിച്ച പേര്‌ ഞമ്മ മറന്നു…….. ആ നായരുടെ അച്ഛൻ……… ഏതോ മനേലെ കാര്യസ്ഥപണീമൊക്കെയായിട്ടു നടന്ന ആളാ………. രണ്ടോ മൂന്നോ സമ്മന്തോം ഒണ്ടാരുന്നു. അമ്മാവന്മാരാണേ ത്തിരി കൃഷിപ്പണീമൊക്കെയായിട്ട് നടക്കണു………. പഷ്ണി ഒഴിഞ്ഞിട്ട്‌ നേര്വോല്ല……… ഒടുവിലാ നായരുടെ ചെറുക്കൻ മാപ്പളേടെ കൂടെ പണിക്ക്‌ ചേർന്നു. ഒരു മാപ്ലച്ചി പെണ്ണിനെ മോഹിച്ചു……… മാർക്കം കൂടി കെട്ടേം ചെയ്തു… ”

“കൊള്ളാമല്ലോടാ ഓസേപ്പേ …….”

തമ്പ്രാൻ ആലോചിച്ച്‌ തിരുമാനിച്ചു. ഓസേപ്പ്‌ പന്തിയാനിമലയിൽ കുശ്ശിനി കെട്ടിപാർത്റ്റു. കൃഷിക്കാരനായി, ഔസേപ്പിന്റെ അപ്പനും അമ്മയും അനിയന്മാരും പെങ്ങന്മാരും ഭാര്യയും മക്കളും ആ
കുശ്ലിനിയിൽ തന്നെ പാർത്തു.

പന്തിയാനിമലയിൽ തെങ്ങും കപ്പയും ചേനയും ചേമ്പും വിളഞ്ഞു. ഓരോ വർഷവും വിളവുകൾ കൂടിക്കൂടി വന്നു. കൃഷിയിറക്കാനുള്ള എളുപ്പത്തിനായി ഔസേപ്പ്‌ ഓരോ അനുജന്മാർക്കായി ഭൂമിതിരിച്ചു കൊടുത്തു. പെങ്ങന്മാരെകെട്ടിയവർക്കും ഭൂമികൊടുത്തു. അവരും ആളുകളെ കുട്ടി പണികൾ ചെയ്തു. അവരുടെ പണിക്കാരായി ക്രിസ്ത്യാനികളെ കുടാതെ പുലയരും പറയരും എത്തി.
അവരും കൃഷിയിടങ്ങളിൽ തന്നെ കുടിലുകെട്ടിപ്പാർത്തു.

കൃഷിക്കായിട്ട്‌, പണിക്കാർ കൂടിയപ്പോൾ പന്തിയാനിമല തികയാതെ വന്നു. തമ്പ്രാന്റെ അനുവാദത്തോടെ അടുത്ത മലയും കയ്യേറി…….

കൃഷിയിടങ്ങൾ കൂടുന്തോറും ആളുകൾ കൂടിക്കൊണ്ടിരുന്നു; പെറ്റുപെരുകുകയും ചെയ്തു. ആളുകൾ കൂടുന്തോറും കൃഷിയിടങ്ങളും കൂടിക്കൊണ്ടിരുന്നു.

ഔസേപ്പിന്റെ മകൻ പത്രോസും, പത്രോസിന്റെ മകൻ ഔസേപ്പും ആയി തലമുറ പിന്നിട്ടപ്പോൾ ഔസേപ്പിന്റെ പരമ്പര ഭൂപ്രഭുക്കന്മാരായി, തമ്പ്രാന്റെ പഠിപ്പുരയിൽ ഏറ്റവും കുടുതൽ പാട്ടം അളക്കുന്ന കൃഷിക്കാരായി.

പീറ്ററിന്റെ അപ്പൻ ഔസേപ്പിന്റെ അപ്പന്‍ പത്രോസ്‌ ദിവാകരമേനോന്റെ പിന്നാലെ സ്വാതന്ത്യസമരത്തിൽ പങ്കെടുത്തത്‌ തികച്ചും സംഭവ്യം. കാരണം അന്നത്തെ ഭൂപ്രകൃതിയും സാമുഹീകബന്ധങ്ങളും വച്ച് നാട്ടിൽ ദിവാകരമേനോനെക്കാൾ അറിയപ്പെടുന്ന വ്യക്തി ആയതിനാൽ അയാളുടെ നേതൃത്വത്തിൽ ജനങ്ങളെ ഉണർത്താൻ കഴിയുമെന്ന്‌ ദിവാകരമേനോൻ കണ്ടറിഞ്ഞിരുന്നു.
സ്വാതന്ത്യ സമരത്തിന്‌ മങ്കാവുടിയിലെ ആദ്യത്തെ അദ്ധ്യക്ഷനും അയാളായി. തമ്പ്രാമ്പടിയിൽ അളക്കേണ്ടുന്ന പാട്ടത്തിൽ കുറെയൊക്കെ സമരത്തിനായിട്ട്‌ ഉപയോഗിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ശേഷം, വെള്ളക്കാർ നാടുവിട്ട്‌കഴിഞ്ഞ്‌ ജനായത്ത ഭരണമെത്തിയപ്പോൾ, പുതിയ തലമുറ
മുന്നോട്ടു വന്നപ്പോൾ ദിവാകരമേനോനും പത്രോസുമൊക്കെ തഴയപ്പെടുകയായിരുന്നു. അവരൊക്കെ പുരാവസ്തുക്കളെപ്പോലെ ചില്ലലമാരയ്ക്കുള്ളിൽ സൂക്ഷിക്കേണ്ട കാഴ്ച്ചവസ്തുക്കളാണെന്ന്‌ പുതിയ തലമുറ കരുതിയതുപോലെ, താമ്രപത്രങ്ങളും പെൻഷനും കൊടുത്ത്‌ വിശ്രമിക്കാൻ വിടുകയോ അല്ലെങ്കിൽ സ്മാരകമന്ദിരങ്ങളോ ശിലകളോ ആക്കി മാറ്റുകയോ ചെയ്യുകയായിരുന്നു. എങ്കിലും, വിദ്യാഭ്യാസശേഷം ഔസേപ്പ്‌ പലവാതിലുകളും മുട്ടിനോക്കി, മുട്ടിയാൽ തുറക്കുമെന്ന വേദപുസ്തകവാക്യം ഓർമ്മിച്ചു കൊണ്ടുതന്നെ. വാതിലുകൾ തുറന്നു, പക്ഷെ, തുറന്ന്‌ പുറത്തുകാണിച്ച മുഖങ്ങളിലൊക്കെ അവജ്ഞയും അവഹേളനവുമായിരുന്നു.

അപ്പോഴേയ്ക്കും ഭൂനിയമങ്ങളും പരിഷ്ക്കാരങ്ങളും വന്ന്‌ സ്വത്തവകാശങ്ങളിൽ പല തീരുമാനങ്ങൾ വരികയും സ്വന്തമായി പലതും കിട്ടുകയും പലതും നഷ്ടമാകുകയും ചെയ്തു.
അവിടെയൊക്കെ ഔസേപ്പിന്റെ അപ്പൻ പത്രോസ്‌ ഔചിത്യമായിട്ട്‌ കാര്യങ്ങൾ ചെയ്തുതീർത്തു. തന്റെ ബന്ധുക്കൾക്കും പണിക്കാർക്കും താൻ പറഞ്ഞിട്ടു മാർഗ്ഗം കുടിയവർക്കും, മാർഗ്ഗം കൂടാത്ത
പുലയർക്കും നഷ്ടമാകുമെന്ന്‌ കണ്ട സ്വത്തുക്കൾ എഴുതിക്കൊടുത്തു. എല്ലാം കഴിഞ്ഞ്‌ സ്വസ്ഥമായപ്പോഴും ഔസേപ്പിനും ജ്യേഷ്ടന്മാർക്കും പെങ്ങളുമാർക്കും നല്ല രീതിയിൽ കഴിയാനുള്ള വഹകൾ നീക്കിബാക്കിയുണ്ടായിരുന്നു.

പക്ഷെ, അവഹേളനം ഔസേപ്പിനെ മദിച്ചു. പാടത്ത്‌ കന്നുകാലിക്ക്‌ പിറകെ നടന്ന്‌ ഉഴവ്‌ നടത്തുമ്പോഴും പറമ്പിൽ കിളയ്ക്കുമ്പോഴും ചൂടാകുന്ന രക്തത്തോടൊപ്പം അവന്റെ രോഷവും
ആളിക്കത്തുകയായിരുന്നു.

ഒരുനാൾ സന്ധ്യയ്ക്ക്‌ അവൻ മങ്കാവുടിയിലെ ഒരു നാൽക്കവലയിലേയ്ക്ക്‌ നടക്കുകയായിരുന്നു. നടക്കും വഴിയിലെ ഷാപ്പിൽ നിന്നും മായം ചേർക്കാത്ത രണ്ടുകോപ്പ കള്ളും രണ്ടുകപ്പയും ഒരുമീനും കഴിച്ചു കഴിഞ്ഞപ്പോൾ ചൂടായരക്തത്തിൽ മറ്റെന്തോകൂടി കലരുന്നത്‌ അറിഞ്ഞു. അതെന്തെന്ന്‌ അറിയുന്നുമുണ്ടായിരുന്നു.

നാൽക്കവലയിലേയ്ക്ക്‌ നടന്ന അയാളുടെ കാലുകൾ അറിയാതെ ഇടവഴി കയറുകയായിരുന്നു. ആ ഇടവഴി ചെന്നു മുട്ടുന്നത്‌ ഒരു മുറ്റത്തായിരുന്നു. മുറ്റം വൃത്തിയായിട്ടാണ്‌, മുറ്റത്തിന്‌ നടുക്കുള്ളൊരു തുളസിത്തറയിൽ അധികം വൈകാത്തൊരു എണ്ണത്തിരി തെളിഞ്ഞിരിയ്ക്കുന്നു. ചാണകം മെഴുകിയ ഇറയത്ത്‌ ചെറിയൊരു നിലവിളക്ക്‌. ആളനക്കമില്ല.

ഔസേപ്പ്‌ വരാന്തയിൽ കയറി. ഭിത്തി വെട്ടുകല്ലിലാണ്‌, ചെത്തിമിനുക്കിയിട്ടാണ്‌. മേച്ചിൽ ഓലയാണ് അടുത്തനാളിൽ കെട്ടിയതാണ്‌. പുതുമവിടാതെ നിൽക്കുന്നു.

വരാന്തയിൽ അയാളുടെ പാദങ്ങളേറ്റപ്പോൾ ഉണ്ടായ നേർത്ത ശബ്ദം കേട്ടാണവൾ പുറത്തുവന്നത്‌. കുളിച്ച്‌, ഈറന്‍ മുടി നിവർത്തിയിട്ട്‌, ഭസ്മക്കുറിതൊട്ട്‌ ലക്ഷ്മി, ഇല്ലിക്കുന്നേൽ പുത്തൻപുരയിലെ ലക്ഷ്മിക്കുട്ടി.

അവൾ ഒരു നിമിഷം അന്ധാളിച്ചുപോയി. ആ ഒരു നിമിഷത്തിനുശേഷം വാതിൽക്കൽ നിന്ന്‌ പിൻവലിഞ്ഞു. അവളൊഴിഞ്ഞ വാതിൽ വഴി ഔസേപ്പ്‌ അകത്തു കടന്നു. അവൾ വാതിലടച്ചുകുറ്റിയിട്ടു. അവിടമാകെ ഇരുളായി. രാത്രി പൂർണ്ണമായതു പോലെ………

തറയിൽ വിരിച്ച പായിൽ, തലയിണയിൽ ലക്ഷ്മിയുടെ മുടിയുടെ ഗന്ധം ഔസേപ്പ്‌ അറിഞ്ഞു. അവളുടെ ചെറിയ മുലകളിലും തണുത്ത തുടകളിലും തടവി ഔസേപ്പ്‌ ഉണർന്നു.

ഉണർച്ചയും ഉറക്കവും വീണ്ടും കഴിഞ്ഞപ്പോൾ ഔസേപ്പിന്റെ മനസ്സ്‌ ശാന്തമായി. അയാൾ പായിൽ എഴുന്നേറ്റിരുന്ന്‌ ബീഡികത്തിച്ച്‌ വലിച്ചു.

തീപ്പൊട്ടിക്കൊള്ളിയുടെ വെളിച്ചത്തിൽ ലക്ഷ്മിയെ കാണാൻ ശ്രമിയ്ക്കാതിരുന്നില്ല. അവൾ മയക്കത്തിലായിരുന്നു. മലർന്ന് കിടന്ന്‌………

അവൻ വീണ്ടും ഉണർവിലേയ്ക്ക്‌ വന്നപ്പോൾ അവൾ തടഞ്ഞു.

“വേണ്ട………….. ഇന്നിനിവയ്യ………… രാവിലെ ഇത്തിരി പഴങ്കഞ്ഞി ഒണ്ടായിരുന്നത്‌ കഴിച്ചതാ…….”

ഔസേപ്പ്‌ മരവിച്ചു പോയി, എന്തെല്ലാമാണ്‌ കേട്ടിരിയ്ക്കുന്നത്‌ ലക്ഷ്മിക്കുട്ടിയെപ്പറ്റി………………… യക്ഷിയാണവളെന്ന്‌, വടയക്ഷിണി………..

ആണുങ്ങളുടെ രക്തം ഈറ്റിക്കുടിയ്ക്കാൻ മാത്രം പിറന്ന അപ്സരസ്സ്‌……………

ഇല്ലിക്കുന്നേൽ പുത്തൻപുരയ്ക്കലെ ചെത്തുകാരനാണ്‌, ഷാപ്പിലിരുന്ന്‌ പറയുന്നതു കേട്ടത്‌, അവളെപ്പറ്റി, ആദ്യമായിട്ട്‌ …………. പിന്നീട്‌ പലയിടത്തും ചർച്ചവിഷയമാകുന്നത്‌ അറിഞ്ഞിട്ടുണ്ട്‌.
അനുഭവിച്ച ഓരോരുത്തരും പുകഴ്ത്തി, പുകഴ്ത്തി പറഞ്ഞ്‌ പരത്തി. എന്നെങ്കിലും ഒരിയ്ക്കൽ വേണമെന്ന്‌ മോഹിച്ചു പോയതായിരുന്നു ഔസേപ്പ്……

ഔസേപ്പ്‌ ഷാപ്പിൽ നിന്നും കപ്പയും കറിയും കൊണ്ടുവരുമ്പോൾ അവൾ തളർന്നു മയങ്ങുകയായിരുന്നു.
അവളെ ഉണർത്തി, ആഹാരശേഷം, അവളുടെ മുഖത്ത്‌ ഉദിയ്ക്കുന്ന വികാരങ്ങളെ അയാൾ നോക്കിയിരുന്നു.

അവൾ പറഞ്ഞു.

“എല്ലാം വീതം വച്ചപ്പം………. പത്തുസെന്റ്‌ സ്ഥലമാ അമ്മയ്ക്ക്‌ കിട്ടീത്‌………. ഒരടിച്ചു തളിക്കാരിയ്ക്ക്‌ അതിക്കൂടുതല്‍ എങ്ങനെ കിട്ടാനാ………“

“ലക്ഷ്മീടെ അമ്മ………?”

“മരിച്ചു……………… ഇല്ലിക്കുന്നേലെ അടിച്ചു തളിക്കാരിയായിരുന്നു. തമ്പ്രാക്കന്മാരെവിടന്നോ കൊണ്ടുവന്ന ഒരു പെണ്ണ്‌ …വന്നതിപ്പിന്നെ വീട്ടിലേയ്ക്ക്‌ തിരിച്ചു പോയിട്ടില്ല. പോയിട്ടുകാര്യോം ഇല്ലാരുന്നു. അടിച്ചു തളിക്കാരിം പൊറം പണിക്കാരിം ഒക്കെ ആയിട്ട്‌ നിന്നു. കുടാതെ എല്ലാ തമ്പ്രാക്കളുമായിട്ടും സമ്മന്തോം. അതില്‍ അമ്മാവന്മാരും മരുമക്കളും പെടും. എന്റപ്പനാരെന്ന്‌ അമ്മയ്ക്കുകൂടി അറിയില്ല. ഒരാങ്ങള ഒണ്ടായിരുന്നു. അവൻ നാടുതെണ്ടി നടക്കുന്നു. വല്ലപ്പോഴും വരും. രണ്ടുമുന്നുനാളു കഴിഞ്ഞ്‌ പിന്നെയും പോകും. കൃഷ്ണൻ, ചേട്ടൻ കണ്ടിട്ടൊണ്ടാകും.
ചെറിയ തമ്പ്രാനെപ്പോലെ നല്ല പൊക്കവും വണ്ണവുമൊള്ള ഒരുത്തൻ. അവനെന്നും ഒളിവിലാ……….കമ്മ്യുണിസ്റ്റാ……….”

എവിടെയോ പാതിരാക്കോഴി കൂവിയെന്ന്‌ ഔസേപ്പിന്‌ തോന്നി ഇതേവരെ ഉറങ്ങിയില്ല രണ്ടാളും. ലക്ഷ്മിയുടെ കഥകേട്ട്‌ അയാളിരിയ്ക്കുകയായിരുന്നു. കേൾക്കുകമാത്രം, ഒന്നും പറയാതെ, ഇടയിൽ ഒന്നോ രണ്ടോ ബീഡി വലിച്ചു. നിലത്ത്‌ പായിൽ അവന്റെ മാറിൽ തലചായ്ച്ചാണ്‌ അവൾ കിടന്നിരുന്നത്‌.

അവളുടെ വിരലുകൾ അവന്റെ മാറിലൂടെ അരിച്ച്‌ നടക്കുന്നുണ്ട്‌. വീണ്ടും അവൾ ക്ഷണിക്കുകയാണ്‌. അവൾ അയാളെ നഗ്നനാക്കിയിരിയ്ക്കുന്നു. അയാളുടെ നഗ്നതയീലുടെ അവളൊരു
യക്ഷിയെപ്പോലെ പരതി നടന്നു. ചുണ്ടുകളാൽ, വിരലുകളാൽ………….

അവളുടെ ചുണ്ടുകൾക്ക് തേനിന്റെ രുചിയാണെന്ന്‌ അയാൾ അറിഞ്ഞു. കുഞ്ഞുമുലകളിൽ അമൃത്‌ നിറച്ചിരിയ്ക്കുകയാണെന്നറിഞ്ഞു.. അവളുടെ നാഭിയിൽ, തുടകളിൽ………….

ആനന്ദാധിരേഖത്താൽ ഔസേപ്പ്‌ അവബോധത്തിന്റെ പാതയിലുടെ നീന്തിതുടിച്ചു കൊണ്ടേയിരുന്നു.

ഭ്രാന്തമായ സീൽക്കാരത്തോടെ ഭ്രമാത്മകമായ പ്രകമ്പനത്തോടെ കാട്ടരുവിയുടെ ശക്തമായ കുത്തിപ്പാച്ചിൽ പോലെ………

ഔസേപ്പ്…………..

ബോധം വിട്ടുള്ള ഉറക്കശേഷം ഉണർന്നപ്പോൾ, പായിൽ, നാട്ടുവെളിച്ചത്തിന്റെ മുത്തുകൾ വീണിരുന്നു.

പ്രശാന്തമായ പ്രഭാതം.

ഇത്രമാത്രം പ്രശാന്തതയോടെ താൺ ഉണർന്നിട്ടില്ലെന്ന്‌ ഔസേപ്പിന്‌ മനസ്സിലായി. ആ അറിവ്‌, എന്നും ഇങ്ങനെയായാലെന്തെന്ന ചോദ്യത്തിലെത്തിച്ചേർന്നു.

“ലക്ഷ്മി …………………”

അയാൾ വിളിച്ചു.

അവൾ മുറിയിലേയ്ക്ക്‌ വന്നു. വീണ്ടും ഉന്മേഷം മുറിയിലെത്തിയതു പോലെ.

അവൾ നൽകിയ കാപ്പി മുത്തി ഔസേപ്പ്‌ ചോദിച്ചു.

“ലക്ഷ്മിയ്ക്ക്‌ ഇഷ്ടമാണേല്‍ എന്റെ കൂടെ താമസ്സിയ്ക്കാം…………. എന്റെ കെട്ട്യോളായിട്ട്‌. പക്ഷെ, താമസ്സിച്ച്‌ തുടങ്ങിയശേഷം സമ്മന്തം എന്റെ കുടെ മാത്രം വേണം.”

ലക്ഷ്മിയുടെ കണ്ണുകൾ വിടർന്നു തന്നെ നിന്നു, പീലീകളെ പൂട്ടാതെ, ഹൃദയം വിങ്ങിപ്പൊട്ടിപ്പോകുമാറ്‌, അവളുടെ മനസ്സ്‌ പറഞ്ഞു കൊണ്ടിരുന്നു സമ്മതം, സമ്മതം…………….. ഒരായിരം പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ട്‌, പക്ഷെ, ഒരിയ്ക്കൽ പോലും ശബ്ദം നാവിൽ നിന്നും പുറത്തു വന്നില്ല. അവൾ ശബ്ദത്തിൽ പറഞ്ഞില്ലെങ്കിലും ഓസേപ്പ്‌ അറിഞ്ഞു അവൾ സമ്മതിച്ചിരിയ്ക്കുന്നു വെന്ന്‌. അവൾ അയാളോടൊത്ത്‌ പാർത്തു. വീണ്ടും പല കൈകളും വാതിൽ മുട്ടി വിളിച്ചിട്ടും തുറക്കാതെ,
ഔസേപ്പിന്റെ മാറിൽ ചേർന്നുകിടന്നു. അയാളുടെ ശരീരത്തിന്റെ കരുത്തിനെ അറിഞ്ഞു കൊണ്ട്‌, അളന്നുകൊണ്ട്‌…………………
അയാളോടൊത്ത്‌, പാടത്ത്‌, പറമ്പിൽ പണിയെടുത്തു കൊണ്ട്‌…………

പക്ഷെ, പള്ളിയിൽ നിന്നും വിലക്ക് വന്നപ്പോൾ അയാൾക്ക് ലക്ഷ്മിയെ റീത്തയാക്കേണ്ടിവന്നു. അച്ചന്റെ കാർമ്മീകത്വത്തിൽ പരിശുദ്ധബാവയുടെ കബറിങ്കൽ വച്ച്‌ താലികെട്ടേണ്ടിവന്നു……….

ഒരു ദിവസം കൃഷ്ണൻ വീട്ടിൽ വന്നു, പാർട്ടി ഏൽപ്പിച്ച ദൌത്യ വുമായിട്ട്‌, ഒരു തൃസന്ധ്യയ്ക്ക്‌. മുറ്റത്തെ തുളസ്സിത്തറയിൽ തിരികത്തിക്കഴിഞ്ഞിരുന്നു. ഇറയത്ത്‌ നിലവിളക്കിലെ തിരിയും തീരാറായിരിയ്ക്കുന്നു. എന്നത്തേയും പോലെ വീടാകെ ശാന്ത മായിരിയ്ക്കുന്നു.
വരാന്തയിൽ നിന്നുതന്നെ അവൻ മുറിയിലെ ഭിത്തിയിൽ തുക്കിയിരിയ്ക്കുന്ന പുണ്യവാളന്റെ ഫോട്ടോ കണ്ടു. അതിനു മുന്നിൽ സ്റ്റാന്റിൽ മെഴുകുതിരി കത്തിനിൽക്കുന്നതും.

“ലക്ഷ്മിച്ചേച്ചി…………..”

അവൻ വിളിച്ചു.

അടുക്കളയിൽ നിന്നും ലക്ഷ്മിയെത്തിയപ്പോൾ അവൻ അമ്പരന്നു, വെളുത്ത ചട്ടയിലും മുണ്ടിലും ലക്ഷ്മി, റീത്തയായിമാറിയിരിയ്ക്കുന്നു. കഴുത്തിലെ പൊന്നിൻ നൂലിൽ കുരിശ്ശൂടയാളമുള്ള താലിയും……………………

ലക്ഷ്മിച്ചേച്ചിയെന്ന റീത്തച്ചേച്ചി പറഞ്ഞ കഥകൾ അവന് വളരെ ഇഷ്ടമായി, സംതൃപ്തിയായി.

രാത്രിയിൽ, ഇത്തിരി വൈകി ഔസേപ്പെത്തിയപ്പോൾ കൃഷ്ണൻ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു.ചേച്ചിയെ കുല മഹിമകളിൽ നിന്നും അടർത്തിയെടുത്ത്‌ വെളുത്ത ചട്ടയിലും മുണ്ടിലും എത്തിച്ചതിലുളള സന്തോഷത്തിലായിരുന്നു, അവന്‍.

പിന്നീട്‌, ആ രാത്രിയിൽ, പിറ്റേന്ന്‌ പകൽ ഔസേപ്പിനോടും റീത്ത യോടു മൊപ്പം അവൻ ഒത്തു നടന്നു. കഥകൾ പറഞ്ഞു. കഥകൾ കേൾക്കുമ്പോൾ ഔസേപ്പിന്റെ ചെവികൾ വികസിച്ചുവന്നു, എല്ലാ അക്ഷരങ്ങളും ഉൾക്കൊളളാനായിട്ട്‌.

അവൻ പറഞ്ഞത്‌ വെറും കഥകളായിരുന്നില്ല, ചരിത്രങ്ങളായിരുന്നു. എഴുതിയതും, എഴുതപ്പെടാത്തതും സത്യങ്ങൾ മാത്രമുളളത്‌……..
വെളളക്കാരെപ്പറ്റി, അവർക്കെതിരെ പോരാടിയ നാട്ടുകാരെപ്പറ്റി, പോരാട്ടത്തിന്റെ അഹിംസാമാർഗ്ഗത്തെപ്പറ്റി, അഹിംസാമാർഗ്ഗം മുന്നോട്ടുവച്ച സാത്വികനെപ്പറ്റി, സാത്വികനേക്കാൾ
ശക്തനായ പണ്ഡിതനെപ്പറ്റി, സാത്വികന്റെ മരണത്തെപ്പറ്റി, പാളിച്ചകളെപ്പറ്റി, തെറ്റായ വിശ്വാസ പ്രമാണങ്ങളെപ്പറ്റി, മാക്‌സിനെപ്പറ്റി, ഏംഗല്‍സിനെവപ്പറ്റി, ലെനിനെപ്പറ്റി……….

ഔസ്പ്പ്‌ കേൾക്കുകമാത്രമാണ്‌ ചെയ്ത് കഥയ്ക്കിടയിൽ ഒറ്റച്ചോദ്യംപോലും ചോദിയ്ക്കാതെ. പക്ഷെ, റീത്ത കുറെ കേൾക്കുകയും കുറെ അധികം കേൾക്കാതെയുമിരുന്നു. ഇടയ്ക്കിടയ്ക്ക്‌ വിഡ്ഡിച്ചോദ്യങ്ങളും ചോദിച്ചു.

ഒരു ദിവസം ഔസേപ്പ്‌ വിളിച്ചു.

“സഖാവേ…..”

അവർ ഈണു കഴിക്കുകയായിരുന്നു. കൃഷ്ണൻ റീത്തച്ചേച്ചി വച്ച സ്വാദിഷ്ടമായ കൂട്ടാനൊഴിച്ച്‌ ചോറ്‌ കുഴക്കുകയായിരുന്നു.

അവൻ ഔസേപ്പിനെ നോക്കി.

ഔസേപ്പ്‌ പറഞ്ഞു.

“സഖാവ്‌ പറഞ്ഞത്‌ നേരാണ്‌… ഈ മണ്ണും, ഈ മാനവും, എല്ലാം എല്ലാവര്‍ക്കും വേണ്ടിയൊളളതാണ്‌. തിരിച്ചു കെട്ടിയിട്ടു ണ്ടെങ്കില്‍ അതൊരു താല്‍ക്കാലിക വേലികളാണ്‌. അതും പണി
എടുക്കാനുളള സാകര്യത്തിനു വേണ്ടീട്ട്‌……… ഇതിലെ വിളവിന്‌ എനിക്കും, നിനക്കും എന്റെ കൂടെ പണിയെടുക്കുന്ന ചോതിക്കും, ചോതിയുടെ ഭാര്യ കോതക്കും അവകാശമൊളളതാണ്‌……”.

കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അവന്റെ ചുണ്ടുകളിൽ മർമ്മരം.

ആ സഖാക്കൾ പിന്നീട്‌ മങ്കാവുടി ചരിത്രത്തിന്റെ ഭാഗമായി മാറി. ചരിത്രം ലേഖിതമായിട്ടുള്ളതു കൊണ്ടും മങ്കാവുടി മക്കളുടെ ഓർമ്മകളിലുള്ളതു കൊണ്ടും അതുകളെ വിട്ട്‌ നമുക്ക്‌
സഖാവ്‌ പീറ്ററിലേയ്ക്ക്‌ വരികയാണ്‌ വേണ്ടത്‌.

ഔസേപ്പിന്റെയും ലക്ഷ്മിക്കുട്ടിയെന്ന റീത്തയുടെയും ഒരേയൊരു മകനായിട്ടാണ്‌ പീറ്റർ വളർന്നത്‌. സഖാവ്‌ പീറ്റർ രാവിലെ ഏതോ സ്നേഹിതന്റെ കാറിൽ കയറി എവിടേയ്ക്കോ പോയതായിരുന്നു. ഇപ്പോൾ വരുന്നതേയുള്ളു. സമയം സന്ധ്യ കഴിഞ്ഞ്‌ ഏഴുമണിയാണ്‌. അയാൾ കാറില്‍ നിന്നും
ഇറങ്ങിയത്‌ പാർട്ടി ഓഫീസിന്റെ മുന്നിൽ തന്നെയാണ്‌. കെട്ടിടത്തിന്റെ താഴെ നിലയിലുള്ള കടകൾ അടയ്ക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിയ്ക്കുന്നു. സഖാവ്‌ കോണിപ്പടികൾ കയറുകയാണ്‌.


image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top