പലരും സതീശനെ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് അവൻ സ്ഥലത്തില്ലെന്ന് എല്ലാവരും അറിയുന്നത്. വീട്ടുകാരറിയാതെ, നാട്ടുകാരറിയാതെ, ആർക്കും വേണ്ടിയല്ലാതെ ഒരു ദിവസം മുഴുവൻ വാർഡിൽ നിന്നും വിട്ടു നിന്നപ്പോഴാണ് അന്വേഷിയ്ക്കേണ്ടി വന്നത്. ആർക്കും അറിയില്ലെങ്കിലും പീറ്ററിന് അറിയില്ലെന്ന് പറഞ്ഞ് ഒഴിയാൻ കഴിയില്ലല്ലോ! സഹകരണ പാർട്ടിയുടെ പിന്തുണയോടുകൂടി സതീശൻ നഗരസഭയുടെ അദ്ധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്യുവാൻ ഇനിയും നാളുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു.
ആദ്യം സംയുക്ത
കക്ഷിയുടെ
പിന്തുണയോടുകൂടി ചെയർമാനാകുമെന്നാണ് കേട്ടിരുന്നത്. പിന്നീട് കാറ്റ് മാറി വീശുകയായിരുന്നു.
കാറ്റിനെ മാറ്റിയത് പീറ്ററാണെന്ന് നാടാകെ പരന്നു. അതിന് ശേഷം
പീറ്ററിന്റെ നടത്തയ്ക്ക് കുറച്ചുകൂടി തലയെടുപ്പ്
കണ്ടിരുന്നു. നെഞ്ച് കുറച്ചുകൂടി മുന്നോട്ടു
തള്ളി പിടിച്ചിരുന്നു.
അതിനിടയ്ക്ക് ലേശം വാക്കു തർക്കങ്ങളും കയ്യേറ്റങ്ങളും നടക്കാതിരുന്നില്ല. വിമോചക മുന്നണിക്കാർ, സതീശൻ മങ്കാവുടിയിൽ ജനിച്ചു വളർന്നതാണെന്നും മങ്കാവുടി വിമോചനത്തിനു വേണ്ടി അവതരിച്ച ദിവ്യനാണെന്നുമുള്ള അവകാശവാദവുമായിട്ട് രംഗത്തെത്തുകയും പീറ്ററുമായിട്ട് ഏറ്റുമുട്ടലിന് ശ്രമിയ്ക്കുകയും ചെയ്തതിന്റെ പേരിൽ സഹകരണ പാർട്ടിവക ചുമട്ടുതൊഴിലാളികൾ ആണ് കയ്യും കലാശവും ഉപയോഗിച്ചത്. അത് അവിടം കൊണ്ട് അവസാനിച്ചു. കാരണം, വടക്കൻ മലയാളത്തുകാരെപ്പോലെ ചോരയിൽ അങ്കക്കലിയും കോഴിപ്പോരും ഇല്ലാതിരുന്നതാണ്. നാലഞ്ചുനാൾ രക്തസാക്ഷികളെ പ്രതീക്ഷിച്ച്, മങ്കാവുടിക്കടുത്ത നാട്ടുകാർ ടീ.വി വാർത്തകൾ ശ്രദ്ധിയ്ക്കുകയും പത്രങ്ങളിൽ ചുഴിഞ്ഞു നോക്കിയതും മിച്ചം.
പീറ്ററിന് പോലും അറിയില്ലെന്ന് വന്നപ്പോഴാണ് വാർഡാകെ, പിന്നീട് മങ്കാവുടിയാകെ സംശയങ്ങളെ കൊണ്ടും ചോദ്യങ്ങളെ കൊണ്ടും നിറഞ്ഞത്. സംശയങ്ങൾക്ക് നിവാരണങ്ങളോ ചോദ്യങ്ങൾക്ക് ഉത്തരങ്ങളോ എവിടെ നിന്നും ലഭിയാക്കാതെ മണിക്കൂറുകൾ കഴിഞ്ഞു പോയി. ആരോ ഒരാള്‍ പറഞ്ഞു സതീശന്റെ കട താഴിട്ട് പൂട്ടിയിട്ടുണ്ടോ എന്നു നോക്കാൻ. ഇല്ലെന്നു കണ്ടപ്പോൾ ഷട്ടർ ഉയർത്തി നോക്കുകയായിരുന്നു.
സതീശൻ ഫാനിൽ, പ്ലാസ്റ്റിക്ക് ചരടിൽ തൂങ്ങി…….
പോസ്റ്റുമോർട്ടം റിപ്പോർട്ട്
ചരടിൽ തൂങ്ങി ശ്വാസം മുട്ടിത്തന്നെയാണ്
മരിച്ചതെന്ന് സ്ഥിരീകരിച്ചു. ശരീരത്തിന് മറ്റു ചതവുകളോ, മുറിവുകളോ, ഒന്നുമില്ലെന്നും,
വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണമില്ലെന്നും നോട്ടു ചെയ്യപ്പെട്ട് വിദഗ്ധ പരീക്ഷണങ്ങൾക്കായിട്ട്
ആന്തരാവയവങ്ങൾ നീക്കി
ശരീരം മറവു ചെയ്യുന്നതിനായിട്ട് ബന്ധുക്കൾക്ക് വിട്ടു
കിട്ടി.
അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത്
പീറ്റർ മാത്രമാണ്. ശവസംസ്ക്കാരത്തിനു
ശേഷമുള്ള
അനുശോചന സമ്മേളനത്തിൽ അയാളത് സമൂഹത്തെ
അറിയിക്കുകയും ചെയ്തു.
കക്ഷി രാഷ്ട്രീയത്തിന്നതീതമായി സംയുക്തകക്ഷിക്കാരും സഹകരണപാർട്ടിക്കാരും വിമോചകമുന്നണിക്കാരും പങ്കെടുത്ത
ഒരു യോഗമായിരുന്നത്. അവറാച്ചൻ സ്റ്റേജിൽ മൂകനായിട്ടിരിയ്ക്കുക മാത്രമാണ് ചെയ്തത്. ഒരൊറ്റ വാക്കുപോലും
പറയാതെ അയാൾ യോഗശേഷം സ്റ്റേജ്
വിടുകയും ചെയ്തു. അത് ഞങ്ങളെ സംശയത്തിന്റെ
വാതിൽക്കൽ എത്തിച്ചു. ഞങ്ങളുടെ
കണ്ണുകളും കാതുകളും അയാളെ ചുറ്റിപ്പറ്റി
നിന്നിരുന്നു ആഴ്ചകളോളം. പക്ഷെ, യാതൊന്നും കിട്ടിയില്ല.
എങ്കിലും ഞങ്ങൾ, ഞങ്ങൾ മാത്രം
അയാളെ സംശയിച്ചു കൊണ്ടിരുന്നു.
ഇത് സ്വന്തം ചിന്തയാലും തീരുമാനത്താലുമാണ് ഇങ്ങിനെ ചെയ്യുന്നത്. അതിൽ ആർക്കും ഒരു പങ്കുമില്ലാത്തതാണ്. ഞാൻ ആരുമായിട്ട് യാതൊരു വിധ കൊടുക്കലു വാങ്ങലുകളോ സാമ്പത്തിക ബാദ്ധ്യതകളോ തീർപ്പാക്കാതെയിരുന്നിട്ടുമില്ല…
മൃതദേഹത്തോടുകൂടി കണ്ട പ്രസ്തുത കുറിപ്പിന്റെ ബലത്തിൽ പോലീസും എല്ലാ കാര്യങ്ങളും അവസാനിപ്പിയ്ക്കുക ആയിരുന്നു.
പിന്നെന്തിന് ഞങ്ങൾ മാത്രം സംശയിയ്ക്കുന്നുവെന്ന് തോന്നാം. സതീശനെ സംബന്ധിച്ച് നിലവിലുള്ള സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ ഈ നേരത്ത് അങ്ങിനെ ചെയ്യേണ്ട ഒരു കാര്യവും ഞങ്ങൾ കാണുന്നില്ല.
സതീശന്റെ കുറിപ്പു പുസ്തകത്തിൽ
ചുവന്ന മഷിയിലെഴുതിയിരിയ്ക്കുന്നത് ഇതു മാത്രമാണ്,
മറ്റെല്ലാ എഴുത്തുകളും നീലമഷിയിലും.
ഇതുമാത്രം ചുമന്നത് ആയതു യാദൃശ്ചികമാണെന്ന്
തോന്നുന്നില്ല. അതുവായിച്ചാൽ അതിന്റെ
പ്രാധാന്യം വ്യക്തമാകുകയും ചെയ്യും.
സരിത ഒരിയ്ക്കലും എന്റെ
ഹൃദയകവാടം കടന്ന് ഉള്ളിൽ വന്നിട്ടില്ല.
ഞാൻ മലർക്കെ തുറന്നു വച്ചിരിയ്ക്കയായിരുന്നു. പക്ഷെ, ഇവിടെ കയറാ ഗുരുവായൂർ
ക്ഷേത്രത്തിലേതു
പോലെ
നീണ്ട ക്യൂവിലെ വിഘ്നങ്ങളോ, തന്ത്രികളുടെ അയിത്താചാര പ്രശ്നങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഒന്നുമില്ലായിരുന്നു.
എന്നിട്ടും അവളൊരു സാധാരണ
ഭക്തയെപ്പോലെ ശ്രീകോവിലിനു മുന്നിൽ ദീപാരാധനയ്ക്കുള്ള നടതുറക്കുന്നതും കാത്തു നിൽക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
അവൾക്ക് ജീവിതത്തെക്കുറിച്ച്, ജീവികളെ കുറിച്ചോ, ജീവചൈതന്യത്തെകുറിച്ചോ ഒന്നുമറിയില്ല. സ്നേഹമെന്തെന്നോ
സ്‌നേഹത്തിന്റെ
ഗന്ധങ്ങളെന്തെന്നോ മാധുര്യമെന്തെന്നോഅന്യമാണ്.യഥാർത്ഥത്തിൽ
അവൾ ഗ്രാമത്തിൽ
വളർന്ന ഒരണു കുടുബത്തിലെ ഒരംഗം
മാത്രമാണ്. സമൂഹത്തിലെ സംസ്ക്കാര സമ്പന്നരെന്ന് അറിയപ്പെടുന്ന ഉദ്യോഗസ്ഥരായ
അച്ഛനും
അമ്മയ്ക്കും ഉണ്ടായ ഒരേ ഒരു
മകൾ.
അതും അവർ അദ്ധ്യാപകരായിരുന്നതിനാൽ ബഹുമാനത്തോടെ ഇടപഴകുന്ന വരെ മാത്രമേ അവൾ
കണ്ടിരുന്നുള്ളു.
അവളുടെ വീടിനടുത്തു
തന്നെ, അവളുടെ
ബന്ധുക്കൾ തന്നെ വേദനിയ്ക്കുകയും വിഷമിയ്ക്കുകയും ചെയ്ത് ജീവീതം തള്ളി നീക്കുന്നത് അവളുടെ കണ്ണുകളിൽ
പെട്ടിട്ടുണ്ടാവില്ല.
എന്നിരിയ്ക്കിലും അവൾക്ക് സർവ്വകലാശാലയിൽ
നിന്നും
എഴുതികൊടുത്തൊരു ഡിഗ്രിസർട്ടിഫിക്കറ്റുണ്ട്, പ്രായോഗീക ജീവീതത്തിലെ
ആദ്യക്ഷരങ്ങൾ പോലും അറിയില്ലെങ്കിലും. ശാരീരീക ബന്ധം
പോലും ശരീരത്തിന്റെ ഒരാവശ്യത്തിൽ
കഴിഞ്ഞ് മാനസ്സീകമായ വികാരതലത്തിലെത്തിയ്ക്കാൻ
ഇതേവരെ കഴിഞ്ഞിട്ടില്ല.
ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്…….രാധേച്ചി വളരെ വ്യക്തമായൊരു ഓയിൽ
പെയിന്റാണ്. സരിതയോ ശൈത്യത്തിലെ വെളുപ്പാൻ
കാലത്തെ മൂടൽ മഞ്ഞുപാളികളിലൂടെ കുറച്ചകലെ
കാണുന്നൊരു
നിഴൽ രൂപമാണ് ……….
ഞങ്ങളുടെ പ്രതീക്ഷപോലെ അവൾ കരയുകയുണ്ടായില്ല. സ്വതവേ അരുണാഭമായിരുന്ന കവിൾ കുറച്ചുകൂടി ചുവക്കുക മാത്രമേ ചെയ്തുള്ളൂ. കണ്ണുകൾക്ക് മൂർച്ച കൂടുകയും.
“സരിതയ്ക്ക് എന്തു തോന്നുന്നു?”
“ഒന്നും തോന്നുന്നില്ല.”
“സതീശൻ എഴുതിയിരിയ്ക്കുന്നത് നുണയായിട്ട് തോന്നുന്നുണ്ടോ.?”
“ഇല്ല.”
“എന്തുകൊണ്ട്?”
“എനിയ്ക്കതിനെപ്പറ്റി അറിയില്ല.”
“നിങ്ങളുടെ ജീവീതം സുഖകരമായിരുന്നെന്നാണോ പറയുന്നത്?”
“എന്റെനോട്ടത്തിൽ.”
“നോട്ടത്തിൽഎന്നുപറഞ്ഞാൽ”
“എന്റെ ജീവീത വീക്ഷണത്തിൽ.”
“നിങ്ങളുടെ വീക്ഷണത്തിലുള്ള ജീവീതമാണ് നയിച്ചിരുന്നതെന്ന്‌സാരം.”
“അതെ.”
“അതിനർത്ഥം നിങ്ങളുടെ വീക്ഷണത്തിൽ
സ്‌നേഹത്തിന് സ്ഥാനമില്ലെന്നാണോ?”
“എന്താണ് നിങ്ങൾ ഉദ്ദേശിയ്ക്കുന്ന ഈ സ്നേഹം?”
“മാനസ്സീകമായൊരു ആകർഷണമാണ് സ്നേഹമെന്നാണ്
ഞങ്ങളുടെധാരണ.ആകർഷിയ്ക്കപ്പെട്ടുകഴിഞ്ഞാൽസ്വാർത്ഥതയില്ലാതാകുന്നു. സ്വാർത്ഥത നിശ്ശേഷം
നീങ്ങിക്കഴിയുമ്പോൾ ആകർഷിയ്ക്കപ്പെട്ട വ്യക്തിത്വങ്ങൾ ഒന്നായിത്തീരുന്നു.”
“ഞാനതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. ഞാൻ എനിയ്ക്കറിയാവുന്ന വിധത്തിൽ സ്‌നേഹിച്ചിട്ടുണ്ട്, ജീവിച്ചിട്ടുണ്ട്. ഇനിയും അഭിമാനത്തോടടെ
തന്നെ അദ്ദേഹത്തിന്റെ കുട്ടിയെ പ്രസവിച്ച്
വളർത്തുവാൻ തന്നെയാണ് ഉദ്ദേശിയ്ക്കുന്നതും”.
യഥാർത്ഥത്തിൽ അപ്പോൾ മാത്രമാണ് സരിത ഗർഭിണിയാണെന്നും,
അടിവയറിന് തടിപ്പുണ്ടെന്നറിയുന്നതും.
“നിങ്ങൾ പറയുന്നതിൽ നിന്നും
മനസ്സിലാകുന്നത്, സതീശൻ ഭർത്താവായിരുന്നതിൽ അഭിമാനം
കൊള്ളുന്നു എന്നാണ്.”
“അതെ ഞാനഭിമാനം കൊള്ളുന്നു. ഈ നാടിനു
വേണ്ടി, നാട്ടുകാർക്കു വേണ്ടി അദ്ദേഹം പലതും ചെയ്തിട്ടു ണ്ടെന്നതിൽ…….”
ഞങ്ങൾക്ക് ആർത്തു ചിരിയ്ക്കാനാണ്
തോന്നിയത്, മനുഷ്യന്റെ നാട്യവും സ്വാർത്ഥതയും ഓർത്ത്.
സരിത ഭർത്താവിന്റെ മരണ
ശേഷവും അയാളിലെ ഭൌതീകമായ നേട്ടങ്ങളാണ്
കാംക്ഷിയ്ക്കുന്നത്.
ഇവൾ സരിത….
ഒരു സാധാരണ പെണ്ണ്,
ഇരുപത്തിയേഴു വയസ്സ്, ഇരു നിറം, കറുത്ത് ഉള്ളുള്ള, നിതംബം മൂടിക്കിടക്കുന്ന മുടി, വീതി കുറഞ്ഞ നെറ്റി, പകുത്ത് ചീകി സീമന്ത രേഖയിൽ എന്നോ തൊട്ട സിന്ദൂരച്ചുവപ്പ്, അല്പം ചാരനിറമുള്ള കണ്ണുകൾ, ഭംഗിയാർന്ന നാസിക, നനവാർന്ന ചുണ്ടുകൾ, തുടുത്ത കവിളുകൾ, സമൃദ്ധമായ മാറിടം, ഒതുങ്ങിയ അരക്കെട്ട്, ജംഘനം, നിതംബം, തുടകൾ, നാച്ചുറൽ കളർ നെയിൽ പോളീഷിൽ തിളങ്ങുന്ന നഖമുള്ള പാദങ്ങൾ, അഞ്ചടി മൂന്നിഞ്ച് ഉയരം…
മനസ്സിലിട്ട് ലാളിച്ചാൽ മോഹമുണർത്തുന്ന പെണ്ണ്…
ഇപ്പോൾ പറഞ്ഞത് നമ്മൾ, പുരുഷന്മാരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ്. സ്ത്രീയെ ഭോഗവസ്തുവായിട്ടാണല്ലോ നമുക്ക് കാണാൻ കഴിയുന്നത്.
ഏതു ജീവജാലത്തിന്റെ സംസ്ക്കാരത്തിലാണ്
സ്ത്രീ പുരുഷന്റെ ഭോഗവസ്തു
അല്ലാത്തത്…………. പ്രകൃതിയിൽ നാം കാണുന്ന മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും സ്ത്രീപുരുഷ
ബന്ധം സൂക്ഷിയ്ക്കുന്നത് ഭോഗത്തിലൂടെയാണ്. അവരുടെ അടുപ്പവും
അതിനു വേണ്ടി
മാത്രമാണ്.
വേണ്ട, ആരും നെറ്റി
ചുളിയ്ക്കേണ്ട, ഞങ്ങൾ ഒരു വിവാദത്തിനായിട്ട്
പറഞ്ഞതല്ല. ഞങ്ങൾ
കാണുന്ന പ്രകൃതി നിയമത്തെക്കുറിച്ച് പറഞ്ഞുവെന്നു മാത്രം. എങ്കിലും
ഒന്നു ചോദിച്ചുകൊള്ളട്ടെ, ഭോഗത്തിന്റെ തൃഷ്ണയില്ലെങ്കിൽ, അവാച്യമായ അനുഭൂതിയില്ലെങ്കിൽ സ്ത്രീയെന്നും പുരുഷനെന്നും തിരുവുകൾ
ഉണ്ടാകുമോ ? ഉണ്ടായാൽ തന്നെ പരസ്പരം
തിരിച്ചറിയുമോ……………?
ആകർഷിക്കപ്പെടുമോ, കാന്തത്താലെന്ന പോലെ ബന്ധിക്കപ്പെടുമോ?
നാം കാണുന്ന ബന്ധങ്ങള്‍ ഉണ്ടാകുമോ?
അറിയുന്ന സംസ്ക്കാരങ്ങൾ ഉണ്ടാകുമോ?
ഇല്ല.
അതെ ഞങ്ങളുടെ അറിവ്, കണ്ടെത്തലുകൾ
നാളെ മാറിയെന്നിരിയ്ക്കാം. ചിന്തിയ്ക്കുന്ന ഒരു
വൃക്തിയ്ക്കും തന്റെ അറിവുകളെ പിടിച്ചു
നിർത്താനാവില്ല. സ്ഥിരീകരിച്ചു നിർത്താൻ
കഴിയുമെന്നു കരുതിയാണ് നമ്മൾ കമ്മ്യൂണിസത്തിൽ വിശ്വാസമർപ്പിച്ചത്. എത്രയെത്ര മതങ്ങളും വിശ്വാസങ്ങളും
കഴിഞ്ഞായിരുന്നു അവിടെ എത്തിപ്പെട്ടത്,
എന്നിട്ടോ………………… നാം പരിണമിയ്ക്കപ്പെടുകയാണ്.
എന്നിരിയ്ക്കിലും ഇനിയും വിശ്വാസപ്രമാണങ്ങൾ വേണ്ടിയിരിയ്ക്കുന്നു. അതു നമ്മൾ ഒന്നിച്ചു നില്ക്കുന്നതിനു വേണ്ടി, സമൂഹമായി വർത്തിയ്ക്കുന്നതിനു വേണ്ടിയാണ്. വിശ്വാസങ്ങൾ നമ്മളെ ബന്ധിച്ചു നിർത്തുന്ന പാശങ്ങളാണ്.
പക്ഷെ, ഇവിടെ നമ്മൾ
നിൽക്കുന്നത് സതീശനെ കുറിച്ച് അറിയുന്നതിനായിട്ടാണ്. മുന്നിൽ
സരിതയെ നിർത്തിയിരിയ്ക്കുന്നത് വിചാരണ ചെയ്യുന്നതിനാണ്……
“സരിതെ, അന്ന് സതീശൻ എപ്പേഴാണ് വന്നത്?″
“രാത്രി പന്ത്രണ്ടുമണിയായി കാണും.”
“അതുവരെ എന്തെടുക്കുവാരുന്നെന്ന് നിങ്ങൾ ചേദിച്ചില്ലെ?″
“ചോദിച്ചു.”
“ഉത്തരംപറഞ്ഞില്ലേ?”
“ഇല്ല”
“എന്തുകൊണ്ട്?″
“അത്
അങ്ങോട്ട് തന്നെ ചോദിയ്ക്കണം…….”
“ഉവ്വ്….അതു ഞങ്ങക്കറിയാം. പക്ഷെ, സരിതയ്ക്ക് പറയാനുള്ളത് കേൾക്കാനാണ് ചേദിച്ചത്.”
“എനിയ്ക്കൊന്നും പറയാനില്ല.”
“കിടക്കും മുമ്പ് സതീശന്‍ ഈണു കഴിച്ചോ?”
“ഇല്ല.”
“എന്നാ കാരണം?”
“കഴിച്ചിട്ടാവന്നതെന്നുപറഞ്ഞു.”
“എവിടന്നാണെന്ന് തെരക്കിയില്ലേ…?”
“ഇല്ല.”
“അതെന്നാ തെരക്കാതിരുന്നെ ?”
“രാത്രി വൈകിവരുമ്പോ കൂടെയുള്ളവരുമൊത്ത് ആഹാരം കഴിച്ചിട്ടേ വരാറുള്ളു.”
“ഒന്നും കഴിയ്ക്കുന്നില്ലേയെന്നു ചോദിച്ചില്ലേ……?”
“ഇല്ല.”
“വൈകിയെത്തിയതിലുള്ള ദേഷ്യത്തിൽ
സരിത കതക് തുറന്നു
കൊടുത്തിട്ട് തുള്ളി
വിറച്ച് കട്ടിലിൽ പോയി കിടന്നു എന്നതല്ലേ
നേര്……?”
സരിത രുദ്രയെപ്പോലെ കണ്ണുകൾ
ചുവപ്പിച്ചു. കാണുന്ന ആർക്കും ചിരിയ്ക്കാനേ
തോന്നുകയുള്ളൂ.
“പിന്നെ എപ്പോഴാണ് സതീശന്‍ കട്ടിലിൽ
നിന്നും
എഴുന്നേറ്റു പോയത്?”
“എനിയ്ക്കറിയില്ല. ഞാനൊറക്കമാർന്നു.”’
രാധേച്ചി ഓർമ്മിച്ചു.
“അവൻ അപ്പോ യാത്ര പറയാൻ വന്നതാരുന്നുല്ലേ… മിനിയാന്ന് രാത്രീല്…“
രാത്രിയിൽ, സരിത ഉറങ്ങികിടക്കുമ്പേൾ അവൻ എഴുന്നേറ്റ് ആദ്യം ചെന്നിരിയ്ക്കുന്നത് രാധയുടെ അടുത്തായിരുന്നു. വാർത്ത കേട്ടപ്പോൾ രാധ പശുവിന് കാടിയും കാലിത്തീറ്റയും കൂട്ടി കലർത്തി കൊടുത്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ചരുവത്തിലെ വെള്ളത്തിൽ നിന്നും കൈ എടുത്തു എഴുന്നേറ്റ രാധ പശുവിന്റെ കാൽക്കൽ തന്നെ വീഴുകയായിരുന്നു.
മൂന്നുനാൾ ആശുപത്രിയിൽ കിടക്കയിൽ
ബോധമില്ലാതെ കിടന്നു. ബോധമുണർന്നപ്പോൾ
കരഞ്ഞു,
നിശ്ശബ്ദമായിട്ട്. അലമുറയിടാൻ അവൾക്ക് സതീശനുമായിട്ട്
നിയമപരമായ
ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ………… അയൽ വാസികളും സതീശന്റെ ബന്ധുക്കളും
ചേദ്യങ്ങൾ
ചോദിച്ച് ക്രുശിയ്ക്കുകയും ചെയ്യാം.
നിശ്ശബ്ദമായി തേങ്ങി, തേങ്ങി നാലഞ്ചു നാളുകൾ ഉറങ്ങിയപ്പേൾ രാധയുടെ മനസ്സ് ശാന്തമായി വന്നു.
“രാധേച്ചി, അവനെപ്പോഴാ വന്നതെന്നറിയുമോ?”
“രാത്രി വളരെ ഇരുട്ടീട്ടാ…..”
“എന്നാലും……?”
“കറുത്ത പക്ഷമല്ലാർന്നോ….മാനത്ത് ചന്ദ്രനെത്തും വരെ അവൻ കാത്തിരിക്ക്വാർന്നു…..”
“അവന്റെ മുഖം മ്ലാനമാരുന്നോ ?”
“ആരുന്നു……………… അവൻ മുഖം എന്റെ മടിയില്‍ പൂഴ്ത്തി തേങ്ങീർന്നു……”
“എന്നിട്ടും ചേച്ചിക്കൊന്നും തോന്നില്ലേ…?’
“ഇല്ല……… അവനങ്ങനാർന്നു………… വേദനിയ്ക്കു മ്പോൾ………. എന്റെ അടുത്ത് വന്ന് അങ്ങനെ ചെയ്യുവാരുന്നു………….. ചെറുപ്പത്തിലും അവന്റമ്മച്ചിയും അച്ഛനും തല്ലുമ്പോളും അങ്ങനാരുന്നു…”
“പക്ഷെ, ഇന്നു സതീശൻ അന്നത്തെ കൊച്ചുകുട്ടിയാർന്നില്ല…………ഉവ്വോ?”
“അതുനിങ്ങക്കാണ് എനിയ്ക്കവൻ കൊച്ചുകുട്ടി തന്നെയാർന്നു എന്നും……… എന്റെ സ്നേഹത്തിനായി, ലാളനയ്ക്കായി, എന്റെ തലോടലിനായി
അവനെത്ര നേരം വേണേലും
കാത്തിരിക്ക്വാർന്നു…….”
“എന്നിട്ട് ചേച്ചിയ്ക്കു പോലും അവന്റെ ഉള്ളം കാണാനായില്ല…” ”
“ഇല്ല…ആയില്ല…അവന്റെ കൺ കോണിലൊരു
കലക്കം വന്നാ, അവന്റെ കാലേലൊരു
പോറലുവന്നാ എനിക്കറിയാർന്നു…പക്ഷെ,അന്ന്…”
രാധേച്ചി കൈകളിൽ മുഖം പൂഴ്ത്തി…
സുകുമാരന് യാതൊരു വിധ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലായിരുന്നു. അയാൾ സാധാരണ പോലെ തന്നെ ടീ.വിയുടെ മുന്നിലിരുന്നു. സതീശൻ സ്റ്റോക്കു ചെയ്ത് ഇനിയും തീർന്നിട്ടില്ലാത്തതു കാരണം, അവകളെ ഉപയോഗിച്ചു കൊണ്ടുമിരുന്നു. എന്നാൽ ടി.വി ഓൺ ചെയ്തിരുന്നില്ല. അഞ്ചെട്ടുദിവസങ്ങൾ കൊണ്ടുതന്നെ തുടയ്ക്കാതെയും കവർ കൊണ്ടുമൂടാതെയും ഇരുന്നതിനാൽ പൊടിയും മാറാലയും പിടിച്ച് സ്ക്രീനിൽ നരച്ച നിറം വീണിരിയ്ക്കുന്നു.
സതീശൻ പോയിക്കഴിഞ്ഞ് പത്തുദിവസങ്ങൾ പിന്നിട്ടപ്പോൾ സുകുമാരൻ തയ്യൽ കട തുറന്നു. അലവലാതിയായി കിടന്നിരുന്ന വെട്ടു പീസുകളും സതീശൻ എഴുതിയിരുന്ന അളവു ബുക്കുകളും പൊടിപടലങ്ങളും മാറാലയും പുറത്താക്കി വൈറ്റ് വാഷ് ചെയ്ത് അയാൾ ജോലിയിൽ പ്രവേശിച്ചു. സതീശന്റെ സ്നേഹിതരായ ഞങ്ങൾ കാഴ്ചക്കാരായി നോക്കി നിന്നു. അയാളോട് സഹായം വേണോ എന്നു ചോദിയ്ക്കാൻ പൊലും മനക്കരുത്ത് ഞങ്ങൾക്കില്ലായിരുന്നു.
സതീശന്റെ അമ്മ അപ്രതീക്ഷതമായികിട്ടിയ ആഘാതത്തിൽ നിന്നും മോചിതയാകാതെ
ദിവസത്തിന്റെ ഏറിയസമയവും മുറ്റത്തേയ്ക്കിറങ്ങുന്ന ഉമ്മറനടയിൽ
വഴിയിലേയ്ക്കു
നോക്കിയിരിയ്ക്കുന്നു. അവർക്ക് വിശ്വസിയ്ക്കാൻ കഴിയുന്നില്ല
സതീശൻ അവിടം വിട്ടു പോയിക്കഴിഞ്ഞിരിയ്ക്കുന്നുവെന്ന്. ഇപ്പോഴും അവിടെയെല്ലാം അവൻ
നിറഞ്ഞു നിൽക്കുന്നുവെന്നു അവരറിയുന്നു. കൂടുതലായിട്ട് അവർക്കൊന്നും അറിയുകില്ല. സതീശന്റെ ശ്രാദ്ധമൂട്ടു കഴിഞ്ഞ്
പിറ്റേന്ന്‌നേരം പുലർന്നപ്പോൾ തന്നെ
സരിത അവളുടെ അച്ഛന്റെയും അമ്മയുടേയും
കൂടെ പടിയിറങ്ങിയപ്പോഴും അവരൊന്നും പറഞ്ഞില്ല. അവർക്കൊന്നും
പറയാനില്ലായിരുന്നു.
പക്ഷെ, ഞങ്ങൾ, നാട്ടുകാർക്ക് പലതും പറായാനുണ്ടായിരുന്നു. സരിതയോടു നേരിട്ടും അല്ലാതെയും പറയുകയും ചെയ്തതാണ്, നാട്ടിലാകെ ചർച്ച ചെയ്യപ്പെടുകയും ചെയ്തതാണ്. എന്നിട്ടും അവൾ പോയി.
വീട്ടീലെ പ്രാരാബ്ദങ്ങളും പരാതികളും പറഞ്ഞ് കുറെ നേരം കരഞ്ഞു നിന്നതിനുശേഷം പെൺ മക്കളും ഭർത്താക്കന്മാരും ചെറുമക്കളും പടിയിറങ്ങുന്നതും വിമല കണ്ടിരുന്നു.
അന്ന് ഒരുപാടു നേരം വിമല ആ നടക്കല്ലിൽ തന്നെയിരുന്നു. യാതൊരു മണങ്ങളും അറിയാതെ… യാതൊരു ശബ്ദങ്ങളും കേൾക്കാതെ…
വെയിലാറുകയാണ്, പടിഞ്ഞാറുനിന്ന് മഞ്ഞപ്പ് പാരിൽ നിറയുകയാണ്…
മഞ്ഞ വെയിൽ നേരെ കണ്ണുകളിൽ തറച്ചു തുടങ്ങിയപ്പോൾ അവർ ഒന്നു തലയനക്കി….
ആരുടേയോ ഒപ്പം പുറത്തേയ്ക്കു പോയ സുകുമാരൻ തിരിച്ചെത്തിയിരുന്നില്ല. വീടിന്റെ ഉള്ളിൽ ഒരനക്കം, എന്തോ വേവുന്നതിന്റെ മണം…
അവർ തിരിഞ്ഞ് വീടിന്റെ ഉള്ളിലേയ്ക്ക് നോക്കി, എല്ലാ വാതിലുകളും ജനലുകളും തുറന്നു കിടക്കുന്നു…
കാൽ മുട്ടിൽ കൈകുത്തി എഴുന്നേറ്റ് വരാന്തയിലേയ്ക്ക് കയറുമ്പോഴാണ് അകത്തു നിന്നും രാധ വരുന്നത് കണ്ടത്. അവൾ അടുത്തെത്തി വിമലയുടെ മുന്നിൽ, കണ്ണുകളിൽ നോക്കി നിന്നു.
“അമ്മേ….ഞാമ്പോണില്ലാട്ടോ… ഞാനുണ്ടാകും അമ്മയ്ക്ക്…”
വിമല അവളെ ശക്തിയായി തന്നിലേയ്ക്കടുപ്പിച്ചു.
“എന്റെ മോന്‍ എന്തിനാ ചെയ്തതെന്ന് മോക്കറിയ്യോ….?”
“ഇല്ലാ…എനിയ്ക്കൊന്നുമറിയില്ല.”
അവളെ ചേർത്ത് നിർത്തിയപ്പോൾ സതീശന്റെ ഗന്ധം വിമല അറിയുന്നതു പോലെ…. രാധയുടെ കണ്ണുകളിൽ സതീശന്റെ കണ്ണുകളെ കണ്ടതു പോലെ….അത് അവളുടെ ശബ്ദം അല്ലാത്തതു പോലെ… രാധയല്ലായിത് സതീശനാണ്….എന്ന് വിമലയുടെ മനം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു.
വിമല കരയുകയാണ്……
രാധയും…
വിമലയ്ക്കറിയും രാധ മാത്രമേ അവനെ നേഹിച്ചിരുന്നുള്ളുവെന്ന്, ഒന്നും ആവശ്യപ്പെടാതെ………
തികച്ചും യാദൃശ്ചികമായൊരു ദിവസം മങ്കാവുടിയിൽ നിന്നും ഒരു വാർത്ത കൊണ്ടിപ്പാടത്തെത്തി. കൊണ്ടിപ്പാടത്തുകാരതിന്റെ വിശദാംശങ്ങൾ അറിയുമ്പോഴേയ്ക്കും പത്രങ്ങളും റേഡിയോകളും ടീ.വികളും അത് ലോകരെ അറിയിച്ചു, അവർക്ക് അതൊരു ഉത്സവമായി…
അതൊരു സ്മാർത്ത വിചാരത്തിന്റെ കഥയായിരുന്നു. സ്മാർത്ത വിചാരം അരങ്ങേറിയിരിയ്ക്കുന്നത് സതീശൻ മരിയ്ക്കുന്നതിന്റെ രണ്ടു ദിവസം മുമ്പായിരുന്നു.
നഗരത്തിലെ ഒരു നല്ല ഹോട്ടൽ മുറിയിലേയ്ക്ക് വേണ്ടപ്പെട്ട ചിലർ സതീശനെ വിളിച്ചു വരുത്തുകയായിരുന്നു. അവനെത്തുമ്പോൾ വിളിച്ചു വരുത്തിയവർ കൂടാതെ നഗരം ഭരിയ്ക്കുന്ന പോലീസുദ്യോഗസ്ഥരും പ്രമുഖ പത്രങ്ങളുടെ പ്രതിനിധികളും ഒരു സ്ത്രീയും, അവരുടെ സ്‌ക്കൂൾ യൂണിഫോമിട്ട ഒരു പെൺകുട്ടിയും, അവരുടെ സംരക്ഷകനാണെന്ന് തോന്നിയ്ക്കുന്ന ക്രൂരമുഖമുള്ള ഒരു മദ്ധ്യവയസ്ക്കനുമുണ്ടായിരുന്നു.
അവരെല്ലാം സതീശനെ പ്രതീക്ഷിയ്ക്കുകയായിരുന്നു. എന്നു പറഞ്ഞാൽ അവരെല്ലാം സ്വീകരണത്തിന് തയ്യാറായി നിൽക്കുകയായിരുന്നു.
അത്യാവശ്യം മുഖവുരയും പരിചയപ്പെടുത്തലുകളും ഒരു ഗ്ലാസ്സ് നാരങ്ങാനീരും കുടിച്ചു
കഴിഞ്ഞപ്പോൾ പ്രധാന പോലീസുദ്യോഗസ്ഥൻ കാര്യത്തിലേയ്ക്ക്
വന്നു.
സതീശാ……ഇതൊരു
പീഡനക്കേസാ…താനും അതിലൊണ്ടെന്നാ ഈ പെങ്കൊച്ചുപറയുന്നെ………
ഐസ്സ് ഇട്ട് തണുപ്പിച്ച ജൂസ്സ് അവന്റെ ഉള്ളിൽ
കിടന്ന് തിളച്ചു മറിഞ്ഞിട്ടുണ്ടാകണം, ഞെട്ടലിൽ വർദ്ധിച്ച
ശരീര താപം കൊണ്ട്.
നിന്റെ ശരീരത്തിന്റെ പലയിടങ്ങളിലുമുള്ള അടയാളങ്ങളൊക്കെ അക്കൊച്ച് ഓർത്ത് വച്ചിട്ടൊണ്ടാരുന്നു. നീയൊരു ദെവസം മുങ്ങിയില്ലെ…… ഇലക്ഷൻ കഴിഞ്ഞ ഒടനെ. അന്ന് ഇവടെ കൂടെ ആയിരുന്നുവല്ലെ……….. ഈ നിൽക്കുന്ന വർക്കിക്കുഞ്ഞിന്റെ റബ്ബർ എസ്റ്ററേറ്റിലുളള ബംഗ്ലാവിലാരുന്നു
അല്ലെ…… വർക്കിക്കുഞ്ഞ് ഏർപ്പാടാക്കിയതു കൊണ്ട് കൊഴപ്പമില്ലെന്നും കരുതീയല്ലെ…..
സതീശൻ അവിടെ ഉണ്ടായിരുന്ന എല്ലാമുഖങ്ങളും മാറിമാറി നോക്കി. അവരെല്ലാവരും കൂടി ഒരുക്കിയ കുരുക്കും കണ്ടറിഞ്ഞു.
സതീശാ……. നിങ്ങളൊന്നു കൊണ്ടും വെഷമിയ്ക്കണ്ട……. നീ മാത്രമൊന്നുമല്ല ഈ കേസിലൊളളത്.
ഈ നിൽക്കുന്ന വർക്കിക്കുഞ്ഞും ഔസേപ്പും
പിന്നെ ആ പെങ്കൊച്ചിനെ
പഠിപ്പിയ്ക്കുന്ന രണ്ടുസാറന്മാരും ഒക്കെയൊണ്ട്…… നമുക്ക് വേണ്ടതു പോലെയൊക്കെ ചെയ്യാം……
പക്ഷെ, നീ ഒരു കാര്യം ചെയ്യണം. ചെയർമാനാകാനുള്ള ആഗ്രഹമൊക്കെ കളഞ്ഞ് ഇവരുടെ കൂടെ അങ്ങ് ചേർന്നോ….. ബാക്കി ഒക്കെ ഞങ്ങള് ശരിയാക്കിക്കൊളളാം……..
ഇപ്പോൾ ഞങ്ങളോർമ്മിയ്ക്കുന്നത് സതീശന്റെ കുറിപ്പ് പുസ്തകത്തിലെ ശ്രദ്ധിയ്ക്കാതെ വിട്ടു കളഞ്ഞ വാക്കുകളെയാണ്.
“ഞാനെന്നും ഒറ്റപ്പെട്ടവനാണെന്ന ബോധമാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്, ഒരു ദൈവത്തേയും ഭജിയ്ക്കാതെ, ഒരു ഇസത്തെയും ഭുജിയ്ക്കാതെ, ഒരു രാഷ്ട്രീയപ്പാർട്ടിയേയും ചുമക്കാതെ, ഒരു ജാതിക്കോമരത്തിന്റെയും തുണ വാങ്ങാതെ, ഒന്നിനോടും ചായ്‌വില്ലാതെ , അടുത്ത ഒരു സുഹൃത്തു പോലുമില്ലാതെ….”
@@@@@