വിമോചനമുന്നണിയുടെ ഉല്പത്തി ചരിത്ര പുസ്തകം ഞാൻ കണ്ടിട്ടില്ല. ഞാൻ കാണുകയോ വായിയ്ക്കുകയോ ഉണ്ടായില്ല എന്നുവച്ച് അവർക്കൊരു ലിഖിത ചരിത്രമില്ലെന്നോ, അതിന് യുക്തരായ ചരിത്രകാരന്മാരില്ലെന്നോ, പുസ്തകത്തിന് യോഗ്യതയുള്ള ചരിത്രമില്ലെന്നോ അർത്ഥമില്ല.
മങ്കാവുടിയിൽ ഇതേവരെ അവർ ഒന്നുമായിട്ടില്ല, എങ്കിലും പ്രവിശ്യ, ക്രേന്ദ്ര മണ്ഡലങ്ങളിൽ അവർ വേരുകളുള്ളവരും, ചിലയിടങ്ങളിൽ മണ്ണിനടിയിലേയ്ക്ക് ആഴ്ന്ന് വേരിറങ്ങിയിട്ടുള്ളതും, വേരുകളിൽ നിന്ന് മുളപൊട്ടി, മുള തണ്ടായി, തടിയായി വളർന്ന് പന്തലിച്ചിട്ടുള്ളതുമാണ്. എന്നാൽ മറ്റു ചിലയിടങ്ങളിൽ പടുമുളകളായിട്ടുണ്ട്. മുളച്ച് കുറെക്കഴിഞ്ഞ് വേരുകർ ചിഞ്ഞ്, തണ്ട് ചീഞ്ഞ് മുടിഞ്ഞു പോയിട്ടുമുണ്ട്.
മങ്കാവുടി മണ്ണിൽ അവർക്ക് വേരു പിടിക്കാൻ വൈകി. എങ്കിലും വേരു പിടിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ഇന്നത്തെ കഥകൾ……………….
അവരുടെ മങ്കാവുടി ഉല്പത്തി കൃത്യമായിട്ട് പറയാൻ കഴിയില്ലെങ്കിലും, എന്റെ ഓർമ്മയിൽ കറുത്ത രേഖകളായി കിടക്കുന്നൊരു കഥയുണ്ട്.
കോളേജ് കാമ്പസിൽ സ്വപ്നങ്ങൾ നെയ്‌തു നടക്കും കാലം. നെയ്തു കൂട്ടിയ സ്വപ്നങ്ങളുടെ ഇഴകളിൽ സുനന്ദയും, സുശീലയും,ഗോപികയും, ഷൈനിയും, മേഴ്‌സിയും, മേരിയും, സഫിയയും, സഖീറയുമൊക്കെ ഓരോ കഥകളായിരുന്നു.
മധുരിയ്ക്കുന്ന ആ ലോകത്തു കൂടി കൈകൾ വീശി നടക്കവെ ഒരുനാൾ ആ കൈകളിൽ ശക്തമായൊരു പിടി വീണു. തിരിഞ്ഞു നോക്കി, കണ്ടു അയാളെ. ഞാൻ അയാളെ മുമ്പും
കണ്ടിട്ടുണ്ടായിരുന്നു. അയാളുടെ ഉരുണ്ടു കൂടുന്ന മാംസപേശികളും ഉയരവും എന്നെ മോഹിപ്പിച്ചിട്ടുമുണ്ടായിരുന്നു. മങ്കാവുടി ശിവക്ഷേത്രത്തിന്റെ പിറകിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡിൽ വച്ച്
അയാൾ കുട്ടികൾക്ക് ആയോധനകലയുടെ പാഠങ്ങൾ ചൊല്ലിക്കൊടുക്കുന്നുണ്ടെന്ന് കേൾക്കുകയും ചെയ്തിരുന്നു.
മന:ശ്ശക്തിയേയും പുരോഗമന സംഘടിത ശക്തിയേയും താല്പര്യത്തോടെ വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്ന ഞാൻ അതിനോത്ര ഇഷ്ടം കാണിക്കുക യുണ്ടായില്ല.
അയാ എന്നെത്തടഞ്ഞപ്പോൾ പിന്നിലുള്ളവരെക്കാണാൻ കൂടി ഇടയായി. അവരിൽ എന്റെ സഹപാഠികളുമുണ്ടായിരുന്നു. “ഇന്ന് സുധാകരന്റെ വീട്ടിൽ വച്ചു നടക്കുന്ന യോഗത്തിൽ പങ്കെടുക്കണം.”
അയാളുടെ സ്വരത്തിൽ കാർക്കശ്യം, ഇഷ്ടം തോന്നുന്നതോ വശീകരിക്കത്തക്കതോ ആയിരുന്നില്ല. എങ്കിലും വൈകിട്ട് സുധാകരന്റെ വീട്ടിൽ പോയി.
യോഗത്തിൽ വളരെ അധികം പേരൊന്നു പങ്കെടുത്തില്ല. ഒരു ക്ലാസ്സിന്റെ വലിപ്പവും ചിട്ടയുമായിരുന്നു. മൂന്നു പേരാണ് സംസാരിച്ചത്. ഗീതയെക്കുറിച്ച്, രാമായണത്തെക്കുറിച്ച്
വിമോചകമുന്നണിയുടെ ആവശ്യകതയെക്കുറിച്ച്.
രാമന്റെയും സീതയുടെയും കഥയല്ല പറഞ്ഞത്. പാഞ്ചാലിയുടെ അസാമാന്യമായ വശീകരണത്തിൽ തളയ്ക്കപ്പെട്ടുപോയ അഞ്ചുപേരുടെ കാര്യമല്ലാ പറഞ്ഞത്.
പക്ഷെ, പറഞ്ഞതിനോടൊന്നും യുക്തിപരമായിട്ട് യോജിയ്ക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആയോഗം എന്റെ അവസാനയോഗമായിത്തീരുകയാണുണ്ടായത്.
എങ്കിലും മങ്കാവുടിയിൽ വേരുകൾ പിടിച്ചിരിക്കുന്നു. മുക്കിലും മൂലയിലും കവലകളിലും കൊടികളും ബോർഡുകളും സ്ഥിരമായി സ്ഥാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചുവരെഴുത്തുകളും
പോസ്റ്ററുകളും ബാനറുകളും പ്രത്യ ക്ഷപ്പെടുന്നു.
അവരുടെ മോഹമായിരുന്നു മങ്കാവുടി ചരിത്രപുസ്തകത്തിൽ ഇപ്രാവശ്യമെങ്കിലും ഒരേട് തുറയ്ക്കുക എന്നത്. എന്നിട്ടതിൽ തങ്കലിപികളിൽ പ്രസിഡന്റിന്റെയും സ്വെക്രട്ടറിയുടെയും
ഖജാന്‍ജിയുടെയും, വേണമെങ്കിൽ കമ്മറ്റി അംഗങ്ങളുടെയും പേരുവിവരങ്ങൾ എഴുതിച്ചേർക്കുക.
പക്ഷെ, മോഹങ്ങൾ പൂവണിയാതെ പോയി………………..
ഇത്രയും സംഘർഷഭരിതമായ സാഹചര്യത്തിലാണ് സതീശൻ സ്വതന്ത്രനായിട്ട് ജയിച്ചിരിക്കുന്നത്. അതെ ഇന്ന് മങ്കാവുടിയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി സതീശനായിരിയ്ക്കുകയാണ് അവനെ
ഞാൻ എന്നേ മറന്നു കഴിഞ്ഞിരുന്നതാണ്. ജീവിതത്തിന്റെ പാതയിൽ അവനേക്കാളൊക്കെ ശ്രദ്ധേയരായ പലരേയും കാണേണ്ടതായും അറിയേണ്ടതായും വന്നപ്പോൾ സതീശനെന്ന തുന്നൽക്കാരനെ വിസ്മരിച്ചു
പോയി, അവന്റെ അടുത്ത് തുന്നാൻ പോലും കൊടുക്കാതെ.
മങ്കാവുടി നഗരസഭയിലെ മങ്കാവുടി ഒരു ചെറുഗ്രാമമായിരുന്നു. മറ്റ് ഭാഗങ്ങളൊക്കെ പലപേരുകളില്‍ അറിയപ്പെട്ടിരുന്ന ചെറിയ ഗ്രാമങ്ങളോ വെളിമ്പുറങ്ങളോ, കുറ്റിക്കാടുക ളോ,വനപ്രദേശങ്ങളോ ഒക്കെ ആയിരുന്നു. നഗരമായി പ്രഖ്യാപിയ്ക്കപ്പെട്ടപ്പോൾ, പട്ടണമായി വികസിച്ചു വന്നപ്പോൾ, ഓഫീസുകളും വലിയ കച്ചവട കേന്ദ്രങ്ങളും ഉണ്ടായപ്പോൾ കേൾക്കാൻ സുഖമുളെളാരു പേര് വേണ്ടി വന്നു. നാട്ടുപ്രമാണിമാർ കൂടി ആലോചിച്ച് കണ്ടെത്തുകയായിരുന്നു.
മങ്കാവുടി.
മനോഹരമായ നാമം!
ആ നാമത്തിൽ ഞങ്ങൾ അഭിമാനം കൊളളുന്നു. നമുക്കിവിടെ സതീശനെ ആണ് അറിയേണ്ടത്. ഇപ്പോഴും അവനേക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ മനസ്സിലെത്തുന്ന ഒരേയൊരു ചിത്രം. വെളുത്ത തുണിയിൾ പൊതിഞ്ഞ ചുവന്ന ആ മുഖമാണ്, അവന്റെ ചുണ്ടുകൾക്കും ചുവന്ന നിറമായിരുന്നു. ആ
ചുണ്ടുകൾ, അവന്റെ അമ്മയുടെ നഗ്നമായ മാറിൽ അമർന്ന്…………
ആ ദൃശ്യം എന്നെ വല്ലാതെ വേട്ടയാടിയിട്ടുണ്ട്. അതു കണ്ട അടുത്ത രാവുകളിൽ ഞാൻ തുടർച്ചയായിട്ട് സ്വപ്നം കാണുമായിരുന്നു. ആ സ്വപ്നങ്ങളിൽ നിന്നും മോചനം കിട്ടിയത് കോളേജ് ജീവിതത്തോടെയായിരുന്നു.
പക്ഷെ, ഇപ്പോഴും ആ ദൃശ്യത്തിന് എന്റെ അന്തരംഗത്തിൽ യാതൊരു മങ്ങലുമേറ്റിട്ടില്ല……..
അതോടൊപ്പം ഓർമ്മയിലെത്തുന്നത് അവനെപ്പറ്റി പിന്നീട് കേട്ട ഒരു കഥയാണ്.
ആ കഥ തുടങ്ങുന്നത് പങ്കജത്തിൽ നിന്നുമാണ്.
പങ്കജം വെളുത്തിട്ടാണ്. വട്ടമുഖവും നിതംബം മറഞ്ഞു കിടക്കുന്ന മുടിയും കാരെള്ളിന്റ എണ്ണയുടെ മണവുമുണ്ടവൾക്ക്………
കാരണം, അവളൊരു നാടൻ പെണ്ണായതു കൊണ്ടു തന്നെ.
പക്ഷെ, പങ്കജത്തെപ്പറ്റി പറയണമെങ്കിൽ ആദ്യം സദാശിവനെപ്പറ്റിപ്പറയേണ്ടി വരുന്നു. സദാശിവനില്ലെങ്കിൽ പങ്കജം ഒരു കാരണവശാലും മങ്കാവുടിയിലെത്തില്ലായിരുന്നു. അവളുടെനാട്ടിൽ തന്നെ പശുക്കളെ വളർത്തിയും പാടത്ത് കൊയ്യാൻ പോയും അല്ലെങ്കിൽ ഏതെങ്കിലും നാട്ടിലെ ഒരുകല്ലാശ്ലാരിയുടെ ഭാര്യയായി മക്കളെ പ്രസവിച്ച്, അവർക്ക് മുലകൊടുത്ത് ചോറുകൊടുത്ത് വളർത്തി, ജീവിക്കുകയായിരുന്നേനെ.
ചൊവ്വാ ദോഷമുണ്ടായിരുന്നു,പങ്കജത്തിന്. വിവാഹ വുമായിട്ടെത്തുന്നവരൊക്കെ അക്കാര്യം ഗ്രഹിച്ചുകഴിയുമ്പോൾ അകന്നു പോയിക്കൊണ്ടിരുന്നു. അവളാണെങ്കിൽ ഇരുപതുകളുടെ പകുതി പിന്നിടുകയും ചെയ്തിരുന്നു. ഏകസഹോദരൻ വിവാഹം ചെയ്തു തന്റേടിയായൊരു നാത്തൂൻ വീട്ടിൽ വരികയും, അവർക്കൊരു കുഞ്ഞ് ഉണ്ടാകുമുമ്പുതന്നെ പങ്കജത്തിന്റെ അമ്മ മരിക്കുകയും, ഒരുമുറിയും അടുക്കളയും ചായ്പും മാത്രമുള്ള വീട്ടിൽ, രാവുകളിൽ സഹോദരന്റെയും നാത്തൂന്റേയും അടക്കിപ്പിടിച്ച
സംസാരങ്ങളും, അടക്കിയിട്ടും അടങ്ങാത്ത ശബ്ദങ്ങളും അവളെ വല്ലാതെ പ്രലോഭിപ്പിച്ചും കൊണ്ടിരുന്ന കാലത്ത് സഹോദരന്റെ മേസൻ പണിക്ക് കയ്യാളായിവന്ന സദാശിവനോട് ഗുരുദക്ഷിണയായി ആവശ്യപ്പെടുന്നത് ചൊവ്വാദോഷമുള്ള പെങ്ങളെ പോറ്റണമെന്നാണ്.
സദാശിവന് ഒട്ടും മടി തോന്നിയില്ല. നൈറ്റിയിടാതെ കൈലിയും ബ്ലൌസും മാറത്തൊരു തോർത്തു മുണ്ടും ധരിച്ച പങ്കജത്തിന്റെ വെളുത്ത കഴുത്തം, പൊക്കിൾ തടവും അവൻ നേരത്തെ തന്നെ കണ്ട് ഇഷ്ടപ്പെട്ടിരുന്നതാണ്.
പക്ഷെ,വലിയ ആർഭാടങ്ങളൊന്നുമില്ലാതെ പങ്കജത്തെ കൂട്ടി വീട്ടിൽ വന്നപ്പോൾ സദാശിവന്റെ അമ്മയ്ക്ക് അത് രസിയ്ക്കുകയുണ്ടായില്ല. കാരണം അതിന്റെ തലേന്നു വരെ ഒറ്റ മുറിയും അടുക്കളയുമുള്ള വീട്ടിൽ സദാശിവനും അമ്മയും ആ ഒറ്റ മുറിയിലാണ് ഉറങ്ങിയിരുന്നത്
“പണീമൊക്കെ പഠിച്ച് കൊറച്ച് കാശൊക്കെ ഒണ്ടാക്കി ഒരുമുറിം കൂടി കൂട്ടിയെടുത്തിട്ടുവേണം കല്ല്യാണം നടത്താമെന്ന് കരുതീർന്നത്.” അവന്റെ അമ്മ എല്ലാവരോടും പറഞ്ഞു നടന്നു.
പക്ഷെ, പണിപഠിപ്പിയ്ക്കാനെന്നും പറഞ്ഞ് ആശാൻ ദക്ഷിണ ചോദിച്ചു, കൊടുക്കാതിരിയ്ക്കാമ്പറ്റോ? സദാശിവൻ എല്ലാവരോടും ചോദിച്ചു….
“ഓ…..എന്നാചെയ്യാനാ…..എല്ലാംകഴിഞ്ഞില്ലേ……?”
സദാശിവന്റെ അമ്മ എങ്ങും തൊടാതെ സംസാരിച്ചെങ്കിലും, അരിച്ചിട്ടി വച്ചും, മാസച്ചിട്ടി വച്ചും നീക്കി വച്ചിരുന്ന രഹസ്യ സമ്പാദ്യം കൊണ്ട് ഒരു ചായ്പും കൂടിപണിതു.
എന്നാലും പങ്കജം ചായ്പിൽ മാത്രം ഒതുങ്ങുകയില്ലെന്ന് അവർ അധികം വൈകാതെ തന്നെ മനസ്സിലാക്കി. അവളുടെ ഉടലിന്റെ പ്രലോഭനങ്ങൾ അവർക്ക് മനസ്സിലാകും. അവളൊരു
സ്ത്രീയാണെന്നും, നാട്ടുനടപ്പനുസരിച്ച് അടങ്ങണമെന്നും ഒതുങ്ങണമെന്നും ഗുണ ദോഷിയ്ക്കുകയും ചെയ്തു. അല്ലാതെ, അവളെ സഹായിയ്ക്കാനായിട്ട് അവർ ഫയർ സിനിമ കാണുകയോ, നന്ദനാരുടെ രണ്ടുപെൺകുട്ടികൾ വായിയ്ക്കുകയോ ചെയ്തിരുന്നില്ല.
അവർക്ക് അറുപത് പിന്നിട്ടിരിയ്ക്കുന്നു. രണ്ടാംതരമോ, മൂന്നാംതരമോ കഴിഞ്ഞ് പാടത്ത് പണികളൊക്കെയായിട്ട് കഴിഞ്ഞുകൂടി പതിമുന്നു വയസ്സുതികഞ്ഞപ്പോൾ മാധവൻ കല്ലാശ്ലാരിയുടെ കൂടെ നാളും പക്കവും നോക്കി താലികെട്ടിപോന്നതാണ്. സദാശിവന് മുമ്പായിട്ട് പതിനൊന്നുമക്കളുണ്ടായി, ആണും പെണ്ണുമായിട്ട്. ഒരു മകൾ രക്തസമ്മർദ്ദത്തെ തുടർന്ന് മരിച്ചതൊഴിച്ചാൽ എല്ലാവരും
സുഖമായി കഴിയുന്നു.
അതെ, സുഖമായികഴിയുക നല്ല വിശേഷം എന്നെല്ലാം പറയുന്നത് ഔപചാരികമായ വാക്കുകളാണ്. അവകൾക്കൊന്നും യാഥാർത്ഥ്യവുമായിട്ടൊരു ബന്ധവുമില്ല. ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് പോകുന്നതിനായിട്ട് ഉൾത്തിരിഞ്ഞു വന്നിട്ടുള്ള വാക്കുകളാണ്.
നിങ്ങൾക്ക് തോന്നുന്നുണ്ടാകാം കഥ കാടുകയറുകയാണെന്ന്. പക്ഷെ, എനിക്ക് തോന്നുന്നത് കഥകൾ കാടു കയറിയാലെ സർഗ്ഗ സമ്പന്നത തെളിയുകയുള്ളു എന്നാണ്. നാട്ടിൽ മാത്രം ചുറ്റി തിരിയുകയെന്നു പറഞ്ഞാൽ ചിട്ടയായിട്ടുനട്ടുവളർത്തുന്ന ചെടിത്തരങ്ങളും കൃഷിയിനങ്ങളും മാത്രമേ കാണാൻ കഴിയുകയുള്ളു. കനാലിൽ കൂടിയോ തോട്ടിൽ കൂടിയോ ഒഴുകുന്ന വെള്ളത്തിന്റെ തണുപ്പേ അറിയാനാവുകയുള്ളു. കാട്ടിലെങ്കിലോ, പ്രകൃതിയുടെ വികൃതികളായ ചോലമരങ്ങളും സസ്യജാലങ്ങളും കാണാനാവും. ഒരുപാടൊരുപാട് ഗന്ധങ്ങളും നിറങ്ങളും അനുഭവിയ്ക്കാനാകും. കാട്ടരുവികളുടെ ലാളനയേൽക്കാൻ കഴിയും.
സതീശന്റെ ജീവിതത്തിൽ കാട്ടിലെ സുഗന്ധങ്ങളും കാട്ടരുവിയുടെ കുളിർമയുമായി പങ്കജം പരിണമിയ്ക്കുകയായിരുന്നു. കാരണം പങ്കജത്തിനോട് അടുപ്പംതോന്നുന്ന കാലഘട്ടത്തിൽ അവൻ വിവാഹിതനായിരുന്നു എന്നതു തന്നെ.
സതീശന്റെ ഭാര്യ സരിത,
സരിത എന്നാൽ സരിത്.
അത് സമതലത്തിലുടെ ഒഴുകിയെത്തുന്ന നദിയാണ്. സമതലങ്ങളുടെ സാമൂഹിക പശ്ചാത്തലം വച്ച്
നോക്കുമ്പോൾ ഗ്രാമങ്ങളാണ്. അതു കൊണ്ട് തന്നെ കാട്ടരുവിയുടെ വിശുദ്ധിയും കുളിർമയും സൂക്ഷിയ്ക്കുവാൻ കഴിയാതെ വരുന്നു.
കാട്ടരുവികൾ പരിശുദ്ധവും പരിമള പൂരിതമായൊരു ചോലപ്രദേശത്തെ തരണം ചെയ്ത് എത്തിയതാണെന്നോ, സരിത ബൃഹത്തായൊരു ജനപഥത്തെ തരണം ചെയ്തെത്തിയ അവിശുദ്ധ ജലവാഹിനിയാണെന്നോ, പറയാനാവില്ല.
എനിക്ക് അറിയാവുന്നത് കഥകൾ മാത്രമാണ്; കേട്ടു കേഴ്വികൾ മാത്രമായത്. ചുണ്ടുകളിൽ നിന്ന് ചെവികളിലേയ്ക്കും, അവിടെ നിന്ന് ചുണ്ടുകളിലേയ്ക്കും, പിന്നീട് ചെവികളിലേയ്ക്കും പകർന്നെ ത്തുമ്പോള്‍ തേയ്മാനങ്ങളുണ്ടാകാം, തേയ്മാനങ്ങൾ പരിഹരിയ്ക്കാനായി കൂട്ടിച്ചേർക്കലുകളും മിനുക്കുപണികളും നടന്നിട്ടുണ്ടാകാം.
എന്താകിലും പങ്കജം സതീശന്റെ പരിവർത്തനമായി എന്നത് വ്യക്തം. അല്ലെങ്കിൽ ഒരുപക്ഷെ, ഇന്ന് നമ്മൾ അറിയുന്ന സതീശൻ ഉണ്ടാവില്ലായിരുന്നു. പങ്കജം സതീശജന്മത്തിന്റെ ഒരു മുഖ്യഘടകമായിരുന്നെന്നു സാരം.
അക്കഥ തുടങ്ങകയാണ്.
തുടങ്ങുന്നത് ഒരു നട്ടുച്ചക്കാണ്. ആ നട്ടുച്ചക്കാണ് പങ്കജം സതീശന്റെ തയ്യൽ കടയിൽ ആദ്യമായിട്ടെത്തിയത്. അതു അവളുടെയും സദാശിവന്റെയും വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസങ്ങൾ പിന്നിട്ടതിനു ശേഷം. അവളുടെ വീടും തയ്യൽക്കടയും തമ്മിൽ, പഴയകണക്കുകൾ വച്ചുപറഞ്ഞാൽ നാലു ഫർലോങ്ങ് അകലമേയുള്ളു. കൊണ്ടിപ്പാടത്തുള്ള പ്രധാനവഴിയിൽ ചേരുന്ന ഒരു ഇടവഴിയിലുടെ കയറി, ഒരു കുന്നിറങ്ങി, തോടുകടന്ന് പാടവരമ്പുകയറി, അടുത്തുള്ള ഇടവഴിയിലൂടെ നടന്നാൽ ആദ്യം കാണുന്നതാണ് അവളുടെ വീട്.
അവൾ തലേന്ന് ഉടുത്തിരുന്ന വസ്ത്രങ്ങളൊക്കെ കഴുകി ഉണങ്ങാനിട്ട്, ഉണങ്ങിയതുടുത്ത്, ഉച്ച ഭക്ഷണ്ം കഴിഞ്ഞ്, സദാശിവന്റെ അമ്മ ഉച്ച മയക്കത്തിന് കിടന്ന നേരം.
“സദീശേട്ടാ……”
അവളുടെ വിളികേട്ട് ഒരു നടുക്കത്തോടെയാണ് അവൻ തലയൂയർത്തി നോക്കിയത്. തയ്യലിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു, അവൻ. എണ്ണകൊടുക്കാത്തതിനാൽ തയ്യൽ മെഷീന് ശബ്ദം കൂടിയിട്ടുമുണ്ടായിരുന്നു.
അടുത്തുള്ളപലചരക്കുകടക്കാരൻ മക്കാർ മാർക്കറ്റിൽ പോയിരിയ്ക്കുകയുംചായക്കടക്കാരൻ കരുണാകരൻ നായർ ഭക്ഷണത്തിനും വിശ്രമത്തിനുമായിട്ട് വീട്ടിൽ പോയിരിയ്ക്കുകയുമായിരുന്നു.
ഉച്ചയ്ക്ക് വഴിയിൽ ചൂട് അധികമായിരുന്നതിനാലാകാം വിജനവുമായിരുന്നു.
“എന്റെയൊരുബ്ലൌസ്സുതയ്ക്കണം”.
“ങാ! നീ
ഏതാ?”
“ഞാൻ സദാശിവന്റെ ഭാര്യ…….. കാർത്തുപ്പണിക്കത്തീടെ……………..”
“ഓ…………… ഞാൻ നിന്നെ ക്കണ്ടിട്ടില്ല.”
അവൾ തുണിപ്പൊതി തയ്യൽ മിഷ്യനിൽ വച്ചു. അവൻ പൊതി അഴിച്ചു അതിൽ തയ്യലിനുള്ള തുണിമാത്രമേയുണ്ടായിരുന്നുള്ളു.
“അളവോ ?”
“അളവെടുത്തുതയ്ക്കാമ്മേലേ………. ഒറ്റ എണ്ണോം പാകമല്ല……………”
തയ്യൽ മെഷീന്ശേഷം, കട്ടിംഗ് ടേബിളിനു ശേഷമുള്ള കർട്ടനു മറവിൽ വച്ചാണ് സതീശന്‍ അളവെടുത്തത്. പങ്കജത്തിന്റെ മാറിൽ കിടന്നിരുന്ന തോർത്തു നീക്കി അളവെടുത്തപ്പോഴാണ് അവന്റെ മനസ്സിലൊരു പ്രകമ്പനം രൂപം കൊണ്ടത്.
ഭൂമിയ്ക്കു കീഴെയുള്ള കൽപ്പാളികളെ അകറ്റിക്കൊണ്ട് ഈർജ്ജത്തെ പുറത്തേയ്ക്ക് വിടാൻ വെമ്പുന്നതു പോലെയുളെളാരു കമ്പനാവസ്ഥ.
“എന്നാ കണ്ണാ ചേട്ടായിത്…വേദന എടുക്ക്വാണല്ലോ…..”
“എന്നാ നിന്റെ പേര് ?”
“പങ്കജം.”
“നീ എന്റെ കണ്ണുപൊട്ടിക്കാൻ നോക്ക്വാണോ ?”
“ഏയ് …….. നല്ല കണ്ണാ…………. എന്നാമൂർച്ചയാ……… തൊളതഞ്ഞുകേറിപ്പോകുവല്ലെ……..”
സതീശൻ തോർത്ത് അവളുടെ മാറിലിട്ടു കൊടുത്തു.
“എന്നാ……… തൊളഞ്ഞു കേറിപ്പോകാതെ ഈത്തോർത്ത് മറയായി കെടന്നോട്ടേ ”.
അവൾ പൊട്ടിച്ചിരിച്ചു. സതീശൻ അറിഞ്ഞു, സരിതയ്ക്ക് ഒരിയ്ക്കൽ പോലും ഇപ്രകാരം പ്രകോപിപ്പിയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന്. പങ്കജത്തിനു വല്ലാത്തൊരു ആകർഷണശക്തിയുണ്ടെന്ന്.
പക്ഷെ, തയ്ച്ചുകഴിഞ്ഞ് ബ്ലൌസ്സുവാങ്ങാനെത്തിയപ്പോൾ, അവൻ പങ്കജമെന്ന കാട്ടരുവിയിൽ തീർത്തും വീണുപോയി. അവളിലെ കല്ലോലജാലങ്ങള്‍ അവനെ തട്ടിക്കളിയ്ക്കുക തന്നെ ചെയ്തു.
അന്നും അവൾ വന്നത് ഉച്ചസമയത്തു തന്നെയായിരുന്നു.
തയിച്ച ബ്ലൌസ്സ് കടലാസ്സിൽ പൊതിഞ്ഞ് അവൾക്ക് നൽകി, ചിരിച്ചു കൊണ്ടുതന്നെ സതീശന്റെ കണ്ണുകളിൽ നോക്കി അവൾ തെരക്കി.
“ഈ കർട്ടന്റെ പുറകില്‍നിന്നൊന്ന് ഇട്ടുനോക്കിക്കോട്ടെ
പാകമല്ലേക്കൊണ്ടു പോയിട്ടെന്നാകാര്യം…………………….”
“ഓ……… അതിനെന്നാ ?”
കർട്ടന്റെ മറവിൽ നിന്നും എള്ളെണ്ണയുടെ ഗന്ധം അവനെ വശീകരിച്ച് അകത്തേയ്ക്ക് വിളിയ്ക്കുകയായിരുന്നു.
കർട്ടന്റെ മറഞ്ഞ വെളിച്ചത്തിൽ …………..
അവളുടെ മാറിന്റെ ധന്യത………
പൊക്കിൾച്ചുഴിയുടെ വശ്യത……….
പിന്നീട് അടുത്തൊരു രാവിൽ സദാശിവന്റെ ചായ്പ്പിൽ ആ വശ്യതയും ധന്യതയും മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അവൻ വീണ്ടും കണ്ടു.
പിറ്റേന്ന് മുഖം കഴുകി തുടച്ചപ്പോൾ വെളുത്ത തോർത്തു മുണ്ടിൽ നാസ്സികയുടെ ദ്വാരത്തിൽ നിന്നും മണ്ണെണ്ണക്കരി പറ്റിയിരിയ്ക്കുന്നതും കണ്ടു………..
വീണ്ടും, വീണ്ടും തോർത്തിൽ കരി പടർത്തുന്ന രാവുകൽ പിന്നിട്ടിട്ടും മണ്ണെണ്ണവിളക്കിനെ അണക്കാൻ അവനായില്ല.
പക്ഷെ, ആ കാഴ്ചകൾ എല്ലാ കഥകളിലെയും പോലെ തുടരാനായില്ല. തുടരാനാവുകയില്ലെന്നത് നമ്മുടെ സമൂഹത്തിന്റെ നിയമമാണല്ലോ. കാരണം നിയമങ്ങൾ സമൂഹത്തിനു വേണ്ടിയുള്ളതാണ്.
ഈ ആകാര സൌഭഗവങ്ങളും വശ്യമാധുരികളും നമ്മളിൽ മേളിപ്പിച്ചു തന്നിട്ടുള്ള, നമ്മളിൽ ചിലർ മാത്രം വിശ്വസിക്കുന്ന ദൈവത്തിന്റെ ഇഷ്ടപ്രകാരമോ, നമ്മളിൽ ചിലർ മാത്രം ധരിക്കുന്ന യുക്തിയുടെ ആധാര പ്രകാരമോ, നമ്മളിൽ ചിലർ മാത്രം കാണുന്ന പ്രകൃതിക്കനുകൂലമോ അല്ല. അത് നിയതമായൊരു നിയമവുമല്ല. പലകാലങ്ങളിൽ, പല ബുദ്ധികളിൽ, പല കാഴ്ചപ്പാടുകളിൽ, പലപല
കാര്യസാദ്ധ്യത്തിനായിട്ടുള്ളതാണ്. ചിലതൊക്കെ ഉണ്ടാക്കിയുട്ടുള്ളതുമാണ്.
അവകള്‍ എന്തുമാകട്ടെ സതീശന്റെയും പങ്കജത്തിന്റെയും ബന്ധം ആദ്യം അറിഞ്ഞത് സദാശിവന്റെ അമ്മ കാർത്തു പണിക്കത്തിയാണ്.
മകന്റെ സാന്നിദ്ധ്യ മുണ്ടാകാറുള്ള ശനി ഞായർ ദിവസങ്ങളുടേതല്ലാത്ത ഒരു രാവിൽ ചായ്പിൽ നിന്നും പുരുഷന്റെ ഗന്ധം അവരുടെ മുറിയിലെത്തിയപ്പോൽ, ശബ്ദം കേട്ടപ്പോൽ ………
മകന്റെ വിവരങ്ങൾ അറിയാമെന്ന ഒരൊറ്റ ആഗ്രഹത്തോടെയാണ് ചായ്പിന്റെ വാതിൽ തട്ടിവിളിച്ചത്.
“മോനേ സദേ….”
ളള്ളിലുണ്ടായിരുന്ന വെളിച്ചം അണയുകയായിരുന്നു, മർമ്മരവും കിലുങ്ങുന്ന ശബ്ദവും നിലയ്ക്കുകയായിരുന്നു.
“മോളെ പങ്കജം…”
ഇല്ല അപ്പോഴും ശബ്ദമില്ല.
പക്ഷെ, അവർ വാതിൽക്കൽ കിടന്നിരുന്ന പാദരക്ഷകൾ കണ്ടു അതു സദാശിവന്റേതല്ലെന്ന് തിരിച്ചറിഞ്ഞു.
അവർ അലമുറകൂട്ടുകയോ, കള്ളനെന്ന് വിളിച്ചുപറയുകയോ ചെയ്തില്ല. നിശ്ശബ്ദം വരാന്തയിൽ കിടന്നിരുന്ന ബഞ്ചിൽ ഇരുന്നു.
നാഴികകളെണ്ണി, അരമണിക്കുറോളം……….
വീണ്ടും മണ്ണെണ്ണ വിളക്ക് കത്തി, വാതിൽ തുറന്ന് ചുറ്റും കണ്ണോടിയ്ക്കാതെ തന്നെ സതീശൻ ചെരുപ്പിനുള്ളിൽ പാദങ്ങളെ കടത്താൻ ശ്രമിയ്ക്കുമ്പോഴാണ് കാർത്തു പണിക്കത്തി മണ്ണെണ്ണ വിളക്ക് കൊളുത്തി അവന്റെ മുഖത്തിന് നേരെ പിടിച്ചത്.
അവന്‍ വിരണ്ടുപോയി, ശബ്ദമില്ലാത്തവനായിപ്പോയി, പലരെയും പ്രതീക്ഷിച്ച് ചുറ്റുംനോക്കി. ആരുമില്ലെന്ന് കണ്ടപ്പോൾ പകുതി സമാധാനമായി.
“സതീശനാണോ?”
അവൻ മിണ്ടിയില്ല
“എന്റെ മോനെ കൊല്ലരുതു കേട്ടോ…….”
സതീശൻ അങ്ങിനെയുള്ള കടുംകൈകളൊന്നും ചെയ്തില്ല. ശനി, ഞായർ അല്ലാത്ത ദിവസങ്ങളിൽ, രാത്രിയിൽ പങ്കജത്തിന്റെ ചായ്പിൽ പിന്നീടും പോകാറുമുണ്ടായിരുന്നു
പങ്കജവും കാർത്തു പണിക്കത്തിയും മാത്രമറിഞ്ഞുകൊണ്ട്.
പക്ഷെ, പങ്കജത്തിന്റെ ചായ്പിലെ വിശ്രമം കഴിഞ്ഞെത്തി ഉറങ്ങുന്ന സതീശൻ പാതിരാത്രികഴിഞ്ഞ് സ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ട്. അവന്റെ സ്വപ്നങ്ങളെല്ലാം ഒന്നുതന്നെയായിരുന്നുതാനും.
താടിയെല്ലുകൾ പുറത്തേയ്ക്ക് തള്ളിയ ചതുരത്തിലുള്ള മുഖം കാമില കയറി കരുവാളിച്ചിരിക്കുന്നു. കൈലി മുണ്ടുടുത്ത്, കടുത്ത നിറത്തിലുള്ള ബ്ലൌസ്സിടുന്ന അവർ മാറത്ത്
തോർത്തിടാറില്ല. അവൾ ചിരിയ്ക്കുമ്പോഴാണ് സതീശൻ ഞെട്ടിയുണരുന്നത്. പുകയിലക്കറപിടിച്ച കറുത്ത പല്ലുകൾ അവനെ എന്നും പേടിപ്പിച്ചു കൊണ്ടിരുന്നു. ആ പല്ലുകൾക്കുള്ളിൽ ഒളിഞ്ഞിരിയ്ക്കുന്ന നാവ് ഒരിയ്ക്കൽ സത്യം പറയുമെന്ന് അവൻ ശങ്കിച്ചുകൊണ്ടിരുന്നു.
അങ്ങിനെ ഒന്നുമുണ്ടായില്ലെങ്കിലും, ആദ്യം മുറുക്കാൻ വാങ്ങുന്നതിനും, പിന്നീട് വീട്ട് സാധനങ്ങൾ വാങ്ങുന്നതിനും വസ്ത്രങ്ങൾ വാങ്ങുന്നതിനും, ഒടുവിൽ വീട് വിസ്താരം കൂട്ടുന്നതിനും അവർ പണം വാങ്ങിത്തുടങ്ങിയപ്പോൾ അയൽക്കടക്കാർ ശ്രദ്ധിയ്ക്കാൻ തുടങ്ങി.
@@@@@@