ശംബൂകന്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ശംബൂകാ നീ മരിച്ചു കൊണ്ടിരിക്കുകയാണ്…. ഇപ്പാള്‍ നിനക്ക് എന്താണ് പറയാനുള്ളത്………

        നിണത്തില്‍ പുതഞ്ഞ് കിടക്കുന്ന ശംബുകന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു അസഹ്യമായ വേദനയുണ്ടായിട്ടും ആ ചോദ്യത്തിനു മുന്നില്‍ കണ്ണുകളെ തുറക്കാതിരിക്കാന്‍ കഴിയില്ല അയാള്‍ക്ക്. കലമ്പിച്ച, ഇതുപോലെ വൃത്തികെട്ട ശബ്ദത്തില്‍ ആര്‍ക്കാണ് ചോദിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ക്കറിയാം.  ആ മുഖമൊന്ന് കാണെണമെന്ന് മോഹം തോന്നി.  ആ മുഖത്തെ രസങ്ങളെ അറിയണമെന്ന് തോന്നി.

        സൂതന്‍…  ഏതോ ഒരു സൂതന്‍.

        ബ്രാഹ്മണന്, ക്ഷത്രിയന് പുകഴ്ത്തു പാട്ടുകള്‍ പാടി നടക്കുന്ന ബുദ്ധി ശൂന്യന്‍…….

        ഇരുള് പരന്നു തുടങ്ങിയിരിക്കുന്നു, സൂര്യദേവന്‍ വൃക്ഷങ്ങള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുന്നു.  അങ്ങിനെയാണ് ദേവതകള്‍… ഒരാവശ്യം വരുമ്പോള്‍ മറഞ്ഞുകളയും…….

        ദേവതകള്‍ മഹാ വിഡ്ഢിത്തങ്ങള്‍…….  പ്രകൃതിയിലെ എല്ലാ ദേവതകളെയും ആരാധിച്ചിരുന്നതാണ്, എന്നിട്ടോ  ഒരു സഹായത്തിന് ആരുമെത്തിയില്ല. എത്തിയ ശക്തരെല്ലാം അയാളുടെ ഭാഗത്തായി നില കൊണ്ടു, രാജന്യന്‍റെ,  ക്ഷത്രിയന്‍റെ, ബ്രാഹ്മണ സഹായികളുടെ…….  ബ്രാഹ്മണന് ക്ഷത്രിയന് വിടു പണി ചെയ്യേണ്ടവനാണ് ശൂദ്രനെന്ന് അവര്‍ തന്നെയാണ് പറയുന്നത്.  പ്രകൃതിയില്‍ എല്ലാം തുല്യമെന്നാണ് ഗുരുക്കള്‍ പഠിപ്പിച്ചിട്ടുള്ളത്, പിന്നെ എങ്ങിനെ ശൂദ്രന്‍ താണവനായി…….  അല്ലെങ്കില്‍ എന്താണ് ഉയര്‍ച്ച താഴ്ചകള്‍……

        അവന്‍, സൂതന്‍, നടന്ന് എല്ലാം കാണുകയാണ്, കഥകള്‍ മെനഞ്ഞ് അയല്‍ കൊട്ടാരങ്ങളില്‍ ചെന്ന് വര്‍ണ്ണിക്കുവാന്‍. ക്ഷത്രിയനെ എതിര്‍ത്ത, ബ്രാഹ്മണനോട് പൊരുതിയ ശൂദ്രന് കിട്ടിയ കൂലിയെ പെരുപ്പിച്ച് കാണിക്കാന്‍…..

         ഒറ്റക്ക് പൊരുതാന്‍ ഭയന്ന് വന്‍ സൈന്യവുമായിവന്ന് ചുറ്റും നിന്ന് കൂട്ടമായി ആക്രമിച്ച് നശിപ്പിച്ചിരിക്കുന്നു, പടുത്തുയര്‍ത്തിയതെല്ലാം.  ഒരു ജീവിതകാലം കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാം അപഹരിക്കപ്പെട്ടിരുക്കന്നു……സഹ പിറപ്പുകളെ അടിമകളാക്കി കൊണ്ടു പോയിരിക്കുന്നു….

        എവിടെയാണെന്‍റെ കഥ തുടങ്ങുന്നത്…. ഇല്ല, ഞാന്‍ പറയുന്നില്ല. കേട്ടിട്ട് നിങ്ങള്‍ പുറത്തു പറയുന്ന കഥകള്‍, ഞാന്‍ പറഞ്ഞതു തന്നെ ആകുമെന്ന് എനിക്ക് വിശ്വാസമില്ല…..  നിങ്ങള്‍ പലതിനേയും ഭയക്കുന്നവരാണ്.  ആരു ചോദിക്കുന്നുവോ, അവര്‍ക്ക് താല്പര്യമുണ്ടാക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് എനിക്കറിയാം.  ഇതിന് മുമ്പു ഉണ്ടായിട്ടുള്ള കഥകളൊക്കെ അങ്ങിനെ മാറ്റിയിട്ടുള്ളതാണ്.  അല്ലെങ്കില്‍ എവിടെയെങ്കിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥ നിങ്ങള്‍ക്ക് പറയാമോ…… ശൂദ്രന്‍റെ, നിഷാദന്‍റെ, അധഃകൃതന്‍റെ. ഇല്ല.

        അയാള്‍ കാറിയൊന്നു തുപ്പി.  തുപ്പല്‍ വീണത് ഭൂമിയിലല്ല,  ശത്രുക്കളുടെ മുഖങ്ങളിലാണ്…. @@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top