വായനക്കാരിയുടെ ജാരൻ

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

(2019 ജൂലായ് മാസത്തിലെ സാഫല്യം മാസികയിൽ വന്ന കഥ)

പ്രിയ എഴുത്തുകാരാ ഞാൻ  വായന നിർത്തുകയാണ്…

വളരെ ഉദ്ദ്വേഗത്തോടെയാണ്‌ അയാൾ വാട്ട്‌സാപ്പ്‌ പോസ്റ്റ്‌ വായിച്ചത്‌. ആ സുഹൃത്ത്‌, വാട്ട്‌സാപ്പ്‌ കുട്ടായ്മ തുടങ്ങിയ അന്നു മുതലേ ഉണ്ടായിരുന്നതാണ്‌. അതിന്‌ മുമ്പും സഹൃദത്തിലായിരുന്നു. ഏന്നു മുതൽ എന്ന്‌ പറയാൻ കഴിയുന്നില്ല. ഉണ്ടായിരുന്നു എന്നത്‌ സത്യം. എന്നാൽ വാട്ട്സാപ്പിൽ ഒരു ആശംസാ സന്ദേശമോ സുപ്രഭാത പോസ്റ്റ്‌ പോലുമോ അയക്കാത്ത സുഹൃത്ത്‌… അതാണ്‌ അയാളെ വ്യാകുലപ്പെടുത്തുന്നത്‌….

ആദ്യമായി വന്ന പോസ്റ്റു തന്നെ വ്യത്യസ്തതയോടെ…

അയാൾ വായന തുടർന്നു.

ഞാൻ വായന തുടങ്ങുന്നത്‌ താങ്കളുടെ കഥകളിൽ നിന്നാണ്‌. ആദ്യകാലങ്ങളിൽ കഥകളെല്ലാം താങ്കൾ തപാലിൽ അയച്ചു തരികയാണ്‌ ചെയ്തിട്ടുള്ളത്…..വാട്ട്‌സാപ്പ്‌ കൂട്ടായ്മ തുടങ്ങിയപ്പോൾ അങ്ങിനെയായി……അവയിലൊന്നും താങ്കളുടെ പേരോ മേൽവിലാസമോ ഉണ്ടായിരുന്നില്ല. അതു കൊണ്ട്‌ എനിക്ക്‌ താങ്കളെ നേരിട്ട്‌ അറിയില്ല. വാട്ട്‌സാപ്പ്‌ കൂട്ടാ

യ്മയിൽ എന്നെ ചേർത്ത് പോസ്റ്റുകൾ വന്നു തുടങ്ങിയ നാളുകളിൽ തന്നെ കൂട്ടായ്മയിലെ മറ്റ്‌ സുഹൃത്തുക്കളോട്‌ താങ്കളെപ്പറ്റി അന്വേഷിച്ചതാണ്‌. പക്ഷെ, അവർക്കും ഏന്റെ അറിവുകളേ ഉണ്ടായിരുന്നുള്ളൂ… വായിച്ചതിലൊക്കെ നിങ്ങളെ തെരക്കി, അവിടെയൊന്നു നിങ്ങളുടെ ശൈലി, ഭാഷ, ചിന്തകൾ കാണാൻ കഴിഞ്ഞില്ല. തപാൽ വഴി എഴുതുന്ന സാഹിത്യരകാരൻ, ഇപ്പോൾ വാട്ട്‌സാപ്പിലും. എന്നാലും വ്യക്തിപരമായിമറഞ്ഞിരിക്കുന്നു.നിറക്കൂട്ടുകള്‍ ഇഷ്ടപ്പെടാത്തവൻ………. അന്വേഷണം ഉപേക്ഷിച്ചു. നിങ്ങളെ വായിക്കുക മാത്രം ചെയ്തു. നിങ്ങൾ പറഞ്ഞിട്ടുള്ളതും വായിച്ചു കൂട്ടി. പൈങ്കിളി മുതൽ ശുദ്ധസാഹിത്യം വരെ……. വിഷയമെഴുത്ത്‌ മുതൽ വേദങ്ങൾ വരെ…..

പക്ഷെ, ഞാൻ വായന നിർത്തുകയാണ്‌. എനിക്ക്‌ നിങ്ങളോടു മാത്രമേ പറയേണ്ടതുള്ളു…. അല്ലെങ്കിൽ, ഈ പ്രതിസന്ധി നിങ്ങൾക്ക് മാത്രമേ മനസ്സിലാകുകയുള്ളു…..എന്റെ വായന തുടങ്ങുന്നത്‌ ഇരുപതാമത്തെ വയസ്സിലാണ്‌. വിവാഹം കഴിഞ്ഞ്‌ ഭർത്തൃഗൃഹത്തിലെത്തിക്കഴിഞ്ഞ്‌. പകലിന്റെ ഒറ്റപ്പെടലിൽ നിന്നുള്ള മോചനത്തിന്‌ എന്താണ്‌ മാർഗ്ഗമെന്ന്‌ ചിന്തിച്ചിരിക്കെയാണ്‌ നിങ്ങളുടെ കഥകൾ വന്നു തുടങ്ങിയത്‌. എന്റെ വിലാസം, പിന്നെ ഫോൺ നമ്പർ എങ്ങിനെ കിട്ടിയിരിക്കുമെന്ന്‌ കുറേ ചിന്തിച്ചിട്ടുണ്ട്‌, അതും വെറുതെ ഇരുന്ന്‌ വിശ്രമിക്കുമ്പോൾ…. കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷെ, കൂലങ്കഷമായിട്ട്‌ അന്വേഷിച്ചിട്ടില്ല. കാരണം… കാരണം ഒന്നുമില്ല, അല്ലെങ്കിൽ ഇവിടെ പ്രസക്തമല്ല.

കഴിഞ്ഞ ദിവസം സുനു, എന്റെ ഭർത്താവ്‌ ചോദിച്ചു.

നിനക്ക്‌ ഒരു ജാരനുണ്ടോയെന്ന്‌…….

എനിക്കാ ചോദ്യം പോലും ആദ്യം ഗ്രഹിക്കാൻ കഴിഞ്ഞില്ല. കാരണം ഞങ്ങളുടെ ജീവിതത്തിൽ അങ്ങിനെ ഒരു ചോദ്യത്തിന്റെ പ്രസക്തി അതു വരെയില്ലായിരുന്നു. അനധികൃമായൊരു സാഹൃദമോ, സഹവാസമോ എനിക്കില്ല. സംശയാസ്പതമായ സാഹചര്യത്തിൽ ഏത്തിപ്പെടുകയോ, തെറ്റിദ്ധാരണാ ജനകമായി സുനുവിന്‌ കാഴ്ച, കേൾവി കിട്ടുകയോ ചെയ്തിട്ടില്ലെന്നാണ്‌ എന്റെ അറിവ്‌. ഞങ്ങളുടെ വേഴ്ചകളിൽ പിഴവോ, സംസാരത്തിൽ അകൽച്ചയോ ഉണ്ടായിട്ടില്ല. പിന്നെയുള്ളത്‌ എന്റെ വായനയാണ്‌. പക്ഷെ, വായനകൾ ഒളിച്ചു വച്ചു കൊണ്ടുള്ളതല്ല, കഴിഞ്ഞ പതിനേഴ്‌ വർഷമായിട്ടും……. എന്തു വായിക്കുന്നെന്നോ, ആരാണ്‌ ഈ പുസ്തകങ്ങളൊക്കെതരുന്നതെന്നൊ,ആരൊക്കോയാണെത്തുകാരെന്നോ സുനു ഒരിക്കലും തിരക്കിയിട്ടില്ല. മകൾക്ക് പതിനാറു വയസ്സായിട്ടും എനിക്കൊന്നും ഒളിക്കണമെന്ന്‌ തോന്നിയിട്ടില്ല, വിഷയ സാഹിത്യമായാലും വേദേതിഹാസങ്ങളായാലും…….

ഞങ്ങൾ മനസ്സറിഞ്ഞ്‌ പങ്കുവച്ചു ജീവിച്ചു വരുന്നവരാണ്‌, പ്രണയിക്കുന്നവരുമാണ്‌….. എന്നിട്ടും സുനുവിന്‌ എന്നെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലല്ലോ, എന്നാണ്‌ ആദ്യം ചിന്തിച്ചത്‌…… പക്ഷെ, പിന്നീട്‌ തോന്നി മനസ്സിലാക്കാത്തതുകൊണ്ടല്ല എനിക്കെന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം….. എന്റെ അറിവിൽ മാറ്റമുണ്ടാകാൻ ഒരേയൊരു കാര്യം വായനയാണ്‌.

ചോദ്യം ഉണ്ടായ അന്നു രാത്രിയിൽ തന്നെ ഞാൻ സുനുവിനെ മറു ചോദ്യത്തിനു മുന്നിൽ നിർത്തി. അസാധാമണമായൊരു പങ്കുവയ്പിനു ശേഷമുള്ള മനോജ്ഞമായ ആലസ്യയത്തിലായിരുന്നു രണ്ടാളും.

എന്തേ സുനുവിന്‌ അങ്ങിനെ തോന്നിയത്‌…

എങ്ങിനെ തോന്നിയത്‌…

എനിക്കൊരു ജാരനുണ്ടെന്ന്‌….

നിന്റെ മണം മാറിയിരിക്കുന്നു…

മണമോ….സുനുവിന്‌ രാവിലത്തെ മണമല്ലല്ലൊ വൈകിട്ട്‌…… രാവിലെ കുളിച്ച്‌, കഴുകി വൃത്തിയാക്കിയ ഉടുപ്പിട്ടു കഴിയു മ്പോളുള്ള മണമല്ല വൈകിട്ട്‌ വരുമ്പോൾ… മദ്യത്തിന്റെയും സിഗററ്റിന്റെയും മണമാണ്‌…… നമ്മുടെ ആദ്യ രാത്രിയിൽ സുനുവിനുണ്ടായിരുന്ന മണമല്ല ഇപ്പോൽ…..ഒത്തിരി രാസപ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്‌…… കഴിച്ചു വന്ന ആഹാരത്തിൽ നിന്നും, പ്രായ വർദ്ധനവിൽ നിന്നും, ശരീരത്തിനുണ്ടാകുന്ന വ്യതിയാനങ്ങളിൽ നിന്നും ഒക്കെ ഗന്ധ മാറ്റം ഉണ്ടായിട്ടുണ്ട്‌… അതേപോലെ എനിക്കും സംഭവിച്ചിട്ടുണ്ടാകാം……

അത്‌ ദേഹത്തിന്റെ മണമാണ്‌…… ഞാൻ പറഞ്ഞത്‌ മനസ്സിന്റെ മണത്തിന്റെ കാര്യമാണ്‌…..

മനസ്സിന്‌ മണമോ…

ഞാൻ തരിച്ചു പോയി. പുസ്തകങ്ങൾ പോയിട്ട്‌ ദിനപ്പ്രതം പോലും നന്നായിട്ട്‌ വായിക്കാത്ത സുനുവിന്റെ നാവിൽ നിന്ന്‌ വന്ന ആ വാക്കുകളെ എനിക്ക്‌ ഉൾക്കൊള്ളാൻ കുറെ സമയമെടുത്തു. ഉൾകൊണ്ടു വന്നപ്പോഴേക്കും സുനു നല്ല ഉറക്കത്തിലായി കഴിഞ്ഞിരുന്നു. പിന്നെ ഉണർത്താനോ എന്റെ സംശയങ്ങൾക്ക് ഉത്തരങ്ങൾ ചോദിക്കാനോ മധൈര്യമില്ലാതെയായി.

പിന്നെ ചിന്തിക്കാൻ തുടങ്ങി, പ്ലസ്ടു കഴിഞ്ഞ്‌,സമയം കൊല്ലാൻ വേണ്ടി കമ്പ്യൂട്ടർ പഠനവുമായി നടക്കുന്ന സമയത്താണ്‌ കച്ചവടക്കാരനായ സുനുമായുള്ള വിവാഹം. സന്തോഷത്തോടെ തന്നെ സ്വികരിച്ചു. വായനകളിൽ നിന്നുള്ള അറിവ്‌ കൊണ്ട്‌ ജീവിതം കൂടുതല്‍ രസകരമാക്കി. എന്നുൾകാമ്പറിയാൻ, സുനുവിനെ മനസ്സിലാക്കാൻ, സമൂഹത്തെ കാണാൻ, അയലത്തെ പഠിക്കാൻ എന്റെ വായനകൾ സഹായിച്ചു. വായനയുടെ അനന്തസാധ്യതകൾ അവാച്യമാണെനറിഞ്ഞു. ശരിയാണ്‌, ഭക്ഷണം, ജീവിത സാഹചര്യങ്ങൾ ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങൾ പോലെ വായന ബോധത്തെ, മനസ്സിനെ മാറ്റങ്ങൾക്ക് വിധേയമാക്കുന്നുണ്ട്‌…… അതിനെ കാവ്യാത്മകമായിട്ട്‌മനസ്സിന്റെ മണമെന്ന്‌ പറഞ്ഞതാണെങ്കിൽ സുനു എന്നെ അറിയുന്നുണ്ട്‌… ഏന്റെ മനസ്സിന്റെ മണം മാറിയിട്ടുണ്ട്‌…

ആ മാറ്റത്തെ നല്ലരീതിയിലാണോ സുനു കാണുന്നതെന്നാണ്‌ പിന്നീട്‌ ചിന്തിച്ചത്‌…

അതിനുത്തരം അല്ലായെന്നാണ്‌ കിട്ടിയത്‌…….

സുനു അതിനെ ഭയക്കുന്നു…

സുനു എല്ലാക്കാര്യത്തിലും ആത്മാർത്ഥത പുലർത്തുന്ന വ്യക്തിയാണ്‌… അശ്രദ്ധമായിട്ട്‌ ഒന്നും ചെയ്യുന്നത്‌ കണ്ടിട്ടില്ല. അതുതന്നെ ആണ്‌ ഞങ്ങളുടെ ജീവിതത്തിലെ വിജയവും. അത്ര സാമ്പത്തിക ഭദ്രതയുള്ള കൂടുംബമായിരുന്നില്ല സുനുവിന്റേത്‌…. പട്ടണത്തിലെ ഒരു ചെറിയ വീട്ടുപകരണ കച്ചവടക്കാരനായിരുന്നു സുനുവിന്റെ അച്ഛൻ….. അദ്ദേഹത്തിന്‌ രണ്ട്‌ പെൺമക്കളും രണ്ടാൺമക്കളും…. സുനുവൊഴിച്ച്‌ എല്ലാവരും വിദ്യനേടി ജീവിതം കരുപ്പിടിപ്പിച്ചു…. സുനു അച്ഛനു ശേഷം വീട്ടുപകരണക്കച്ചവടം ഏറ്റെടുത്ത്‌ പിച്ചവച്ച്‌ ഉയർന്നു… ഇപ്പോൾ സഹോദരങ്ങൾ പറയാറുണ്ട്‌ സുനുവിന്റെ വീക്ഷണമായിരുന്നു ശരിയെന്ന്‌. അവരെക്കാളൊക്കെ സാമ്പത്തിക മികവ്‌ നേടിയെന്നത്‌ കൊണ്ട്‌…..

സുനുവിന്‌ നല്ലൊരു സുഹൃത്ത്‌ വലയമുണ്ട്‌…..വ്യാപാരമായി ബന്ധപ്പെട്ടിട്ടുള്ളതും അയൽ പക്കത്തും, അന്തർദേശിയ തലത്തിലെ ഒരു സംഘടനയുമായിട്ടുള്ളതും. ആ സാഹൃദങ്ങൾ എനിക്ക്‌ എങ്ങിനെയെന്ന്‌ ചോദിച്ചാൽ പ്രതേകിച്ച്‌ ഒന്നുമില്ലെന്ന പറയാൻ കഴിയു… എന്റെ സഹൃദങ്ങൾ അത്ര ആഴങ്ങളിൽ ഉള്ളതോ ആത്മാർത്ഥമായിട്ടുള്ളതോ അല്ലെന്ന്‌ എനിക്ക്‌ തന്നെ അറിയാം….. ഞാൻ എല്ലാറ്റിനേയും ഒരു സമചിത്തതയോടെ കാണുന്നു എന്നതു തന്നെ…..

കഴിഞ്ഞ രാത്രി ഞങ്ങൾ സ്വകാര്യതകളെ പരതി തുടങ്ങിയപ്പോൾ തന്നെ ഞാൻ സുനുവിനെ ചോദ്യത്തിന്റെ ചുണ്ടലിൽ കൊളുത്തിയിട്ടു….

സുനു എന്താണങ്ങിനെ ചോദിച്ചത്…….

എങ്ങിനെ….

എനിക്കൊരു ജാരനുണ്ടോയോന്ന്‌……

നീ അത്‌ ഇനിയും വിട്ടില്ലേ…

ഇല്ല… ഏനിക്കത്‌ അങ്ങിനെ മറക്കാൻ കഴിയില്ല…..

അതോ…

സുനുവിന്റെ വിരൽ ചലനങ്ങൾ നിലച്ചു. ദേഹത്ത്‌ നിന്ന്‌ അകന്ന്‌, മുഖത്ത്‌ സൂക്ഷ്മതയോടെ നോക്കി, ചുണ്ടത്ത്‌ പുഞ്ചിരി വരുത്തി…

നീ ഈ രണ്ടു വിധികളെ എങ്ങിനെയാണ്‌ കാണുന്നത്‌….. തുല്യനീതി വിധികൾ… ഉഭയസമ്മത വിവാഹേതര ബന്ധവും ശബരിമലയും…..പുറത്ത്‌ വലിയ കോലാഹലങ്ങൾ നടക്കുന്നു… ചർച്ചകൾ കൊണ്ടാടുന്നു… നീ അതിൽ നിന്നൊക്കെ മുഖം തിരിച്ചിരിക്കുന്നു… ഏന്തുകൊണ്ടാണത്‌…….

എനിക്ക്‌ അതിന്‌ മറുപടി കൊടുക്കാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

നിസ്സംഗതയോടെ ആണ്‌ കാണുന്നത്‌….. കാരണം ഞാൻ ഏറേ സ്വാതന്ത്ര്യം അനുഭവിക്കുന്ന പെണ്ണാണ്‌…..ലൈംഗികതയുടെ കാര്യത്തിലായാലും വിശ്വാസത്തിന്റെ കാര്യത്തിലായാലും……

എന്റെ സംസാരത്തിൽ ഇത്തിരി നാടകീയത കൂടിപ്പോയി എന്ന്‌ പിന്നീട്‌ തോന്നിയെങ്കിലും, സുനുവിന്റെ മുഖത്ത്‌ ആദ്യം തോന്നിയ അമ്പരപ്പ്‌ പതിയെമാറി വരുന്നത്‌ കണ്ടപ്പോൾ എനിക്ക്‌ സമാധാനമായി. പക്ഷെ, തുടർന്ന് സുനു അന്തർമുഖനായതു പോലെ തോന്നി……. എന്റെ ദേഹത്തോടടുത്തു വരുമ്പോൾ ഉള്ളിൽ ഭയപ്പാടുള്ളതു പോലെ… വിറയൽ….. വികാര തന്ത്രികൾ ഉണരാത്തതു പോലെ……. ബലഹിനനാകുന്നതു പോലെ…..അതെന്നെ ഭീതിപ്പെടുത്തുന്നു. എന്റെ ജീവിതം, സന്തോഷങ്ങൾ, സ്വാതന്ത്ര്യം, വിശ്വാസങ്ങൾ തകരുകയാണോ എന്ന്‌ മനസ്സ്‌ ചോദിച്ചു കൊണ്ടിരിക്കുന്നു……… ഒരിക്കലും അവകളൊന്നും എനിക്ക്‌ നഷ്ടപ്പെടാൻ പാടില്ല… നഷ്ടപ്പെട്ടാൽ പിന്നെ ഞാനില്ല…… അതുകൊണ്ട്‌ ഞാൻ വായന നിർത്തുകയാണ്‌.

അയാൾക്ക്, വായിച്ചു കഴിഞ്ഞപ്പോൾ ആദ്യം അമ്പരപ്പു തന്നെയാണ്‌ തോന്നിയത്‌. പിന്നെ, സമൂഹം വ്യത്യസ്തകൾ കൊണ്ട്‌ നിറഞ്ഞതാണെന്ന്‌ ചിന്തിച്ച് സമാധാനം കൊണ്ടു.

ദീർഘമായോന്നു നിശ്വസിച്ചു.

ശേഷം, സുഗന്ധം ചൊരിഞ്ഞ്‌, മനോജ്ഞ നിറത്തിൽ, പുഞ്ചിരിച്ചു നിൽക്കുന്ന പനിനീർപ്പൂവിൽ നിന്നും ഒരിതൾ അടർത്തി മാറ്റുന്ന വേദന അനുഭവിച്ചു.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top