പാമ്പും കോണിയും

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

പാമ്പും കോണിയും കളിയായിരുന്നു, അവന് ജീവിതം.  ഒന്നില്‍ നിന്ന് കരുവെറിഞ്ഞ് രണ്ട്, മൂന്ന്, നാലില്‍ എത്തി, ഇരുന്ന് പാതയോരത്ത്  പെട്ടിക്കട വച്ച് കച്ചവടക്കാരനായി ജീവിതം തുടങ്ങി, നന്നെ ചെറുപ്പത്തില്‍ തന്നെ. വലിയ മുതലുറപ്പൊ, ബന്ധുബലമോ, ജാതി ശക്തിയോ, മത സഹായമോ കിട്ടാന്‍ അവനൊരു സവര്‍ണനല്ല.  സംവരണം വാങ്ങുന്നുണ്ടെങ്കില്‍ ജാതി വിളിച്ചാലെന്ത്, ചോദിച്ചാലെന്ത്, പറഞ്ഞാലെന്ത്, ജാതിചേരിയില്‍  ജീവിച്ചാലെന്തെന്ന് ചോദിക്കുന്ന നവോത്ഥാന ബുദ്ധിജീവികള്‍ വാഴുന്ന കാലഘട്ടം.  അവനോടും ചോദിച്ചിട്ടുണ്ട് പലരും. നിനക്ക് നിന്‍റെ കുലത്തൊഴില്‍ ചെയ്താല്‍ പോരെ, ഈ പെട്ടിക്കട നടത്തി കഷ്ടപ്പെടേണ്ട കാര്യമുണ്ടോയെന്ന്.  അവന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്തേലും പറഞ്ഞാല്‍ ചോദ്യ കര്‍ത്താവിന്‍റെ കച്ചവടം പോകും.  അയാള്‍ വല്ലപ്പോഴും കാലിപ്പുകയില കൂട്ടി മുറുക്കാന്‍ വരുന്ന ആളാകാം, കാജാ ബീഡി വാങ്ങുന്ന ആളുമാകാം. 

       പാമ്പില്ലാത്ത, കോണിയില്ലാത്ത കളത്തിലിരുന്ന് അവന്‍ പിന്നെയും കരുവെറിഞ്ഞു, അഞ്ച്, പത്ത്, പതിനഞ്ച് എന്നിങ്ങിനെ ഇരിപ്പിടം കയറിക്കയറി വന്നു.  ചിലപ്പോഴൊക്കെ കോണി കയറി ഇരുപതിലും ഇരുപത്തിയഞ്ചിലും എത്തിയിട്ടിണ്ട്, അടുത്തു തന്നെ ചെറിയ പാമ്പുകള്‍ വിഴുങ്ങി താഴെ നില്‍ക്കുന്ന നമ്പറുകളിലേക്ക് മടങ്ങിയെത്തിയിട്ടുമുണ്ട്. കരഞ്ഞില്ല, ഹൃദയം തകര്‍ന്നില്ല, ശരീരം കളയണമെന്ന് തോന്നയിട്ടുമില്ല. തികച്ചും യാദൃച്ഛികമായിട്ട് ഒരേറില്‍ കരു തൊണ്ണൂറ്റിയെട്ടില്‍ കൊണ്ടപ്പോള്‍ അവന്‍ അതിയായി ആമോദപ്പെട്ടോ….. പെട്ടിരിക്കാം.  ഒരു സാധാരണ മനുഷ്യനായ അവന് അതില്‍ കൂടുതല്‍, അല്ലെങ്ങില്‍ അതിലും താഴ്ന്ന ഒരു വികാരം ഉണ്ടാകാനില്ല.  സുഖത്തിലും ദുഃഖത്തിലും നിസംഗനായിരിക്കാന്‍ അവന്‍ ബുദ്ധനല്ല, ബുദ്ധനെ അറിയുന്നവനുമല്ല. പക്ഷെ, പിന്നീടുണ്ടായ കരുവേറില്‍ ഒറ്റ അക്കമാണ് തെളിഞ്ഞു വന്നത് പാമ്പും കോണിയും ബോര്‍ഡിലെ വലിയ പാമ്പിന്‍റെ വായിലേക്ക്….. തൊണ്ണൂറ്റിയൊമ്പതിലേക്ക്…… തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് അവന് കേട്ടു കേള്‍വിയെ ഉണ്ടായിരുന്നുള്ളൂ…. രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കം പെട്ടിക്കടയെ എടുത്തു കൊണ്ട് കടലിലേക്ക് പോയപ്പോള്‍ അവന്‍ വീട്ടില്‍ ഉറക്കമായിരുന്നു. ഉണര്‍ന്നപ്പോള്‍ ഇറയത്തേക്ക് മലവെള്ളം എത്തിനോക്കുകയായിരുന്നു.@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top