കള്ളന്‍ പവിത്രന്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

പവിത്രന്‍ മോഷണത്തെ ഒരു കലയായിട്ടല്ല കാണുന്നത്, സാംസ്കാരിക പ്രവര്‍ത്തനമായിട്ടാണ്.  സമൂഹത്തില്‍ അടിഞ്ഞുകൂടുന്ന ധന കൊഴുപ്പിനെ സംസ്കരിക്കുന്നതായിട്ട്. സങ്കല്പിച്ച് വെള്ളരിക്കാപ്പട്ടണം തീര്‍ക്കുമെന്ന് ഘോഷിക്കുന്ന ഉന്നത കുല രാഷ്ട്രീയനേതാക്കളുടെ, വന്‍വ്യവസായികളുടെ, ഉദ്യോഗപ്രഭുക്കളുടെ വീടുകളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള നേരങ്ങളില്‍ കള്ളത്താക്കോലിട്ട് തുറന്ന് മാത്രം കൃത്യം ചെയ്തു വരുന്നു.  വീട്ടുകാര്‍ നിദ്രയുടെ ആഴക്കയത്തില്‍ കിടപ്പുണ്ടാകും. എണ്ണിയാലൊടുങ്ങാത്തതില്‍ നിന്ന്, രേഖകളില്‍ കാണത്തതില്‍ നിന്ന് മാത്രമേ എടുക്കത്തൊള്ളൂ. തുല്യ അവസരവും തുല്യ നീതിയും വിഭാവനം ചെയ്യുന്ന രാജ്യത്ത് ചിലയിടങ്ങള്‍ മാത്രം മേദസ്സ് അടിഞ്ഞു കൂടുന്നതെങ്ങിനെയെന്നാണ് പവിത്രന്‍ ചോദിക്കുന്നത്.  അത് നിയമത്തിന്‍റെ കണ്ണില്‍പ്പെടാതെ, ആരും അറിയാതെ സംഭവിക്കുന്നതാണെങ്കില്‍ സംന്തുലിതാവസ്ഥ നില നിര്‍ത്താന്‍ വേണ്ടി ഒരു സത്ക്കര്‍മ്മം ചെയ്യുന്നു എന്നതാണ് ചിന്ത….. അതുകൊണ്ട് ജയില്‍ വാസമോ, പേരുദോഷമോ സംശയകരമായൊരു നോട്ടം പോലുമോ ഇതേവരെ അനുഭവിക്കേണ്ടി വന്നിട്ടുമില്ല.  എണ്ണിയാലൊടുങ്ങാത്ത മോഹന ദൃശ്യങ്ങള്‍ കിട്ടുകയും ചെയ്തിട്ടുണ്ട്.  അവയുടെ ഒന്നും  വിഹിത -അവിഹിത വേര്‍ തിരുവുകള്‍ കണക്കുകൂട്ടിയിട്ടുമില്ല.  എവിടെ നിന്ന്, എങ്ങിനെയെന്ന് തിരക്കാത്തൊരു ചെറിയ വിഭാഗം ഉപഭോക്താക്കളും പവിത്രനുണ്ട്.  ഓ,  ഇതുതന്നെ അല്ലെ എല്ലാ കള്ളന്മാരും പറയുന്നതെന്ന് നിങ്ങള്‍ക്ക് തോന്നാം, ആ തോന്നല്‍ അവിടെത്തന്നെയിരുന്നു കൊള്ളട്ടെ, ഈ കള്ളന്‍ പവിത്രന് ഒരു പവിത്രതയൊക്കെയുണ്ടെന്ന് സ്വയമങ്ങ് തീരുമാനിക്കും. പക്ഷെ, കഴിഞ്ഞൊരു നാള്‍ ഒഴിവാക്കാന്‍ കഴിയാതെ വന്ന ഉന്മൂലനക്രിയ കൊണ്ട് പവിത്രന്‍റെ സാസ്കാരിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. 

       കറുത്തവാവിന്‍റെ അന്ന്, പാതിരാത്രി കഴിഞ്ഞ്,  വളരെ പ്രതീക്ഷയോടുകൂടി ആണ് കൃത്യ നിര്‍വ്വഹണത്തിന് എത്തിയത്. പക്ഷെ, അവിടെത്തെ അന്തേവാസികള്‍ ഉറങ്ങിയിരുന്നില്ല.  അവര്‍ തീന്‍ മേശയിലായിരുന്നു.  അവന്‍ മറപറ്റി നിന്നു. കാഴ്ചകള്‍ വ്യക്തമായപ്പോള്‍ അവിടെ ഒരു അന്തേവാസിയേ ഉള്ളെന്നും അയാള്‍ വേട്ടക്കാരനായിരിക്കുകയാണെന്നും ഇര പേടമാനാണെന്നും, മാനിന് ഇപ്പോഴും ജീവനുണ്ടെന്നും കണ്ടു.  പിന്നെ പവിത്രന്‍റെ നിയന്ത്രണങ്ങള്‍ തകരുകയായിരുന്നു, പവിത്രനാകുകയായിരുന്നു…..

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top