ഒരു കോർപ്പറേറ്റ് രാഷ്ട്രീയ നോവൽ

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

(പ്രശംസ്ത നിരൂപകൻ ശ്രീ കടാതി ഷാജി കേട്ടഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന നോവലിനെക്കുറിച്ച് 2017 ഡിസംബർ 17-ലെ വീക്ഷണം ആഴ്ചപ്പതിപ്പിൽ എഴുതുന്നു.)

സ്വതന്ത്രവും വൈയക്തികവുമായ ജീവിത നിലപാടുകളെ ഭയരഹിതമായി കാലത്തിന്റെ നേരനുഭവങ്ങളോട്‌ ബന്ധിപ്പിക്കുന്ന നോവലെന്ന വിശേഷണത്തോടെ വായനാ സമുഹത്തിനു മുന്നിലെത്തിയ വിജയകുമാർ കുളരിക്കലിന്റെ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ, കാരൂർ സ്മാരക നോവൽ പുരസ്ക്കാരത്തിൽ പ്രത്യേക പരാമർശത്തിന്അർഹമായ പുസ്തകമാണ്‌. ഒരകാലമൃതന്റെ സ്മരണിക എന്ന നോവലിലൂടെ എഴുത്തുലോകത്ത്‌ ശ്രദ്ധേയനായ വിജയകുമാർ കളരിക്കൽ ആരാണ്‌ ഹിന്ദു (പഠനം), രാവുകൾ പകലുകൾ (നോവൽ), ചിത്രശാല (നോവൽ) എന്നീ ഗ്രന്ഥങ്ങളും അമ്പതിലേറെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കേട്ടെഴുത്ത്‌ സാഹിത്യം മലയാളത്തിൽ സജീവമാകുകയാണ്‌. എന്നു പറഞ്ഞാൽ സിനിമാ താരങ്ങൾ, രാഷ്ട്രിയ നേതാക്കൾ. വ്യവസായ പ്രമുഖർ, തെരുവിൽ ശരീരം വിൽക്കുന്നവർ, കള്ളന്മാർ, സമൂഹത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ക്രിമിനൽസ് ഉൾപ്പടെ സാഹിത്യത്തിന്റെ വിസ്തൃത ലോകത്തു നിന്നും ബഹുദൂരം അകന്നു നിൽക്കുന്നവർക്ക്, ജീവിതത്തിന്റെ ഉയർച്ചയുടെ ഏറ്റവും മികച്ച സമയത്ത്‌ സ്വന്തം ജീവിതം അടയാളപ്പെടുത്തി വയ്ക്കണമെന്നു തോന്നും. അതാത്‌ മേഖലയുടെ ചരിത്രത്തിൽ ഇടം നേടുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്‌. അതുവഴി പൊതു സമൂഹത്തിൽ അന്തസ്സാർന്ന സ്ഥാനം നേടുക – അതോടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടും. പക്ഷെ സംഭവ ബഹുലവും വൈവിദ്ധ്യ പൂർണ്ണവുമായ സ്വന്തം ജീവിതത്തെ തലമുടിനാരിഴ കീറി ഒഴിവാക്കേണ്ടതിനെ ഒഴിവാക്കിയും മേന്മ വർദ്ധിപ്പിക്കുന്നതിന്‌ വേണ്ടതായ വിഭവങ്ങളെ സൃഷ്ടിച്ചെടുത്തും ചേരുംപടി ചേർത്തും ഒരു ജീവിതത്തെ മെനഞ്ഞെടുക്കാനാവശ്യമായ ഭാഷാജ്ഞാനവും എഴുത്തു ശൈലിയും ഇല്ലെന്നറിയുമ്പോഴാണ്‌ കേട്ടെഴുത്തുകാർ ആവശ്യമായി വരുന്നത്‌. അങ്ങനെ വരുന്ന കേട്ടെഴുത്തുകാരന് ജീവിതാനുഭവങ്ങൾ പറഞ്ഞു കൊടുത്താൽ മതി. വർണ്ണങ്ങളും സുഗന്ധങ്ങളും അന്തസ്സും ആഭിജാത്യവും കൃത്യമായ അളവിൽ ചേർത്ത് കാലാതിവർത്തിയായ ആത്മകഥ പിറവി കൊള്ളുന്നു. അതോടെ കേട്ടെഴുത്തുകാരൻ അപ്രസക്തനാകുന്നു. എഴുത്തിന്റെ, കേട്ടെഴുത്തിന്റെ പശ്ചാത്തലത്തിൽ പ്രകാശം പരത്തുന്ന ഒരു നോവലെഴുത്തിന്റെ സാധ്യതകളിലേക്കാണ്‌ വിജയകുമാർ സർഗ്ഗാത്മകതയുടെ മിഴി വലയെറിയുന്നത്. വായനക്കാരെ ഒപ്പം ചേർക്കുന്നത്‌. ഇതൊരു എഴുത്തു ശൈലിയാണ്‌. നോവലിന്റെ ഒന്നാമത്തെ പദം മുതൽ അവസാനത്തെ പദം വരെ വായനക്കാർ ഒപ്പം നിൽക്കുന്നുണ്ട്‌. ഒരാൾ പോലും കഥയെഴുത്തുകാരന്റെ സഞ്ചാര പാതയിൽനിന്നും വഴുതി പോകുന്നില്ല.

നേരെ കഥയുടെ പരിസരത്തേക്ക്‌ ഈഷ്മള സുഗന്ധത്തോടെ വായനാ സമൂഹത്തിനു പ്രവേശനം നൽകുന്ന നോവലിസ്റ്റ്‌ കേട്ടെഴുത്തുകാരന്റെ തൊഴില്‍ ലഭിക്കുന്നതിനുള്ള മുഖാമുഖ പരീക്ഷണത്തിന്‌ പോകുന്ന സുദേവിനെയും

സഹയാത്രികയും സഹജീവിതകാരിയായി മാറുകയും ചെയ്യുന്ന നിവേദിതയെയും പരിചയപ്പെടുത്തുന്നു. കാഴ്ചകളും ദൃശ്യങ്ങളും അനന്തവീഥിയിലുടെ മുന്നോട്ടു പോകുമ്പോൾ “ഇതൊന്നും പഠിക്കാനോ പഠിപ്പിക്കാനോ വേണ്ടിയല്ലെന്നും മണ്ണും പെണ്ണും തീറ്റയും പണവുമാണ്‌ ലക്ഷ്യം, അതാണ്‌ കോർപ്പറേറ്റുകാലത്തെ ജീവിതം. സമൂഹത്തിലെ മഹാഭൂരിപക്ഷം ജനത്തിനും തീർത്തും അജ്ഞാതമാണ്‌ കോർപ്പറേറ്റിനകത്തെ ജീവിതവും, അവരെ ചുറ്റിപറ്റി ദിവസങ്ങൾ തള്ളി നീക്കുന്നവരുടെ ജീവിതവും.  ഈ ജീവിതം പകർത്തുകയാണ്‌ കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ. ഇതിന്റെ തെളിമയ്ക്ക്‌ ചിന്തകളെ കാഴ്ചകളുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്‌. കാഴ്ച വികലമാണെങ്കിൾ ചിന്തകളും വികലമാകും. വികലമല്ലാത്ത ചിന്തകളും വികലമല്ലാത്ത കാഴ്ചകളും അകം കണ്ണുകൊണ്ടുള്ള കാഴ്ചയുമാണ്കേട്ടെഴുത്തുകാരന്വേണ്ടത്‌. ഉൾമിഴി കൊണ്ടുള്ള കാഴ്ചകൾ. ഇതാണ് നോവല്പറയുന്ന രാഷ്ട്രീയം,കോർപ്പറേറ്റ്രാഷ്ട്രിയം.

ഒരു കോർപ്പറേറ്റ്‌ ഭീമന്റ ജീവിതം പകർത്തിഎഴുതുക എന്നതാണ്‌ സുദേവിന്റെ ജോലി, ഉത്തരവാദിത്വം. അതിനു വേണ്ടി സ്വർഗ്ഗീയ സമാനമായ സൌകര്യങ്ങളും കനത്ത ശബളവും ആവശ്യത്തിന്‌ സ്വാതന്ത്ര്യവും ലഭിക്കും. എഴുതേണ്ടത്‌ ലാസറലി രാജയുടെ സംഭവ ബഹുലമായ ജീവിത കഥയാണ്‌. ആരാണ്ഇയാൾ പെക്കൂലിയർ മാൻറിയലി ഫന്റാസ്റ്റിക്ക്സ്റ്റോറീസ്‌- ഫാന്റസിയും മിത്തോളജിയും മിക്സ് ചെയ്ത്എടുത്തൊരു അപൂർവ്വ ജന്മം. ലോകത്തുള്ള സകലമാന കോർപ്പറേറ്റു ഭീമന്മാർക്കും യോജിക്കുന്ന വിശേഷണങ്ങളുടെ നിർവ്വചനമാണിത്‌. ലാസറലി രാജ എന്ന നാമം മൂന്നു നാമങ്ങളുടെ സംയോഗമാണ്‌. ലാസറലിരാജ, ക്രിസ്ത്യൻ മുസ്ലീം ഹിന്ദു. ലാസറലി രാജ മൂന്നു മതങ്ങളുടെയും വിസ്മയ സംയോഗം മത സൌഹാർദ്ദത്തിന്റെ ഏകശില ഗോപുര സ്മാരകം. കോർപ്പറേറ്റ്രാഷ്ട്രീയത്തിന്റെ ഉള്ളിടങ്ങളിലെ ഒളിക്കാഴ്ചകളിലൂടെയാണ്വിജയകുമാർ കളരിക്കൽ വായനക്കാരെ ഒപ്പം നിർത്തുന്നത്‌.

ലാസറലി രാജ എന്ന കോർപ്പറേറ്റ്‌ ഭീമൻ ബാല്യം, യൌവനം, ജോലി, ജീവിതം, വിവാഹം എല്ലാം മുൻ കൂട്ടി തയ്യാറാക്കി വച്ചിട്ടുണ്ട്‌. ആ വിവരങ്ങളെ ഭാഷയുടെ സുവർണ ചട്ടക്കൂട്ടിനകത്താക്കുക, ഒരു ഉത്തമപുരുഷന്റെ ആത്മകഥ എഴുതുക അതാണ്‌  സുദേവിന്റെ ദൌത്യം. ആത്മകഥയിൽ കാലഘട്ടത്തിന്റെ ചരിത്രത്തിൽ നിന്നും ഒരു ഭാഗം ഉൾകൊള്ളണം. എന്നാലെ ചരിത്ര പുരുഷനാകാൻ കഴിയൂ. ചരിത്രത്തിൽ സ്ഥാനം ലഭിക്കൂ. അതായത്‌ ഒരു വ്യക്തിക്ക്‌ അനർഹമായ സ്ഥാനം ചരിത്രത്തിൽ നൽകുക. ഒരർത്ഥത്തിൽ ചരിത്രത്തെ അപ്രസക്തമാക്കലാണ്‌. ചരിത്രത്തെ മാറ്റി എഴുതലാണ്‌. കോർപ്പറേറ്റ്‌ സാമ്പത്തിക സാംസ്ക്കാരിക നയം പിന്തുടരുന്ന ഭരണ വർഗ്ഗവും ചെയ്യുന്നത്‌ ഇതു തന്നെയാണ്‌. തെറ്റായ ചരിത്രം രചിക്കുക.

ലാസറലി രാജയുടെ ജീവിതം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി കേട്ടെഴുത്തുകാരൻ കണ്ടെത്തുന്ന ഒളിക്കാഴ്‌ചകളുടെ അത്ഭുതപ്പെടുത്തുന്ന ലോകത്തിലൂടെയാണ്‌ വായനക്കാർ കടന്നു പോകുന്നത്‌. ഈ കടന്നു പോകുന്നതിനിടയിൽ ഒരു പാരഗ്രാഫിനു മുന്നില്‍ ഒരു നിമിഷം രണ്ടാവർത്തി വായിക്കുന്നു. സുഖദേവ്‌, താങ്കൾ ഇന്നലെ കണ്ടത്‌ കേരളം ഭരിക്കുന്നവരൂടെ ഒരു മുഖമാണ്‌. ഇതുപോലെ വ്യത്യസ്തമായ ഒരുപാട്‌ മുഖങ്ങൾ കാണാനിരിക്കുന്നുണ്ട്‌ലാസറലി രാജയുമായി ബന്ധപ്പെട്ട്‌ ഞങ്ങൾ ശേഖരിച്ചിട്ടുള്ള കാര്യങ്ങൾ ഇതുപോലെ അല്ലങ്കിൽ ഇതിനെക്കാൾ തരംതാണ, വൃത്തിഹീനമായ പ്രതിലോമ പ്രവ്യർത്തികൾ, അഴിമതികൾ, നിയമ ലംഘനങ്ങൾ സ്വജനപക്ഷപാത പ്രവർത്തനങ്ങൾ, ധൂർത്തുകൾ… ഇതെല്ലാമാണ്‌ കേട്ടെഴുത്തുകാരൻ കാണുന്ന ഒളിക്കാഴ്ചകൾ.  ഇതിന്റെ വിസ്തൃത ലോകമാണ്‌ നോവൽ.

മലയാളത്തിലെ ആദ്യത്തെ കോർപ്പറേറ്റ്ലോകത്തിന്റെ ഉൾക്കാഴ്ചകൾ തുറന്നു തരുന്ന നോവലാണ്കേട്ടെഴുത്തുകാരന്റെ ഒളിക്കാഴ്ചകൾ എന്ന്അടയാളപ്പെടുത്തുന്നു. ഒപ്പം കോർപ്പറേറ്റു രാഷ്ട്രീയവും

പ്രസാധനം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.

വില: 210 രൂപ.V P P ആയി ലഭിക്കുന്നതിന്  : 9544640240 എന്ന നമ്പറിൽ വിലാസം വാട്ട് സാപ്പ് ചെയ്യുക.

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top