ഇരുള്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

പന്തല്‍ പണി കഴിഞ്ഞിരിക്കുന്നു.

      നീലച്ച ടാര്‍പ്പോളിന് താഴെ വെള്ള വിരിച്ച്, വെള്ളയില്‍ വേണ്ടിടത്തെല്ലാം പൂക്കളും പല വക ചിത്രങ്ങളും ചെയ്ത്, ചെത്തി മിനുക്കിയ തറയില്‍ ചുവന്ന പരവതാനി വിരിച്ച്, വേണ്ടിടത്തൊക്കെ കസേരകള്‍ നിരത്തി, വേണ്ടിടത്തു മാത്രം കസേരകള്‍ക്ക് മുന്നില്‍ ടേബിളുകള്‍ നിരത്തി, കസേരകളേയും ടേബിളുകളേയും ഒരേ നിറത്തിലുള്ള വിരികളാല്‍ പുതപ്പിച്ച്, വ്യത്യസ്ഥ വീക്ഷണം കിട്ടും വിധത്തില്‍ ചില കോണുകളിള്‍ ആഹാരം നിരത്താനുള്ള ടേബിളുകള്‍ തയ്യാറാക്കി, എവിടെ നിന്നും കാണും വിധം ഒരു മണ്ഡപവും ഒരുക്കി പന്തലിന്‍റെ പണി പൂര്‍ത്തിയായിരിക്കുന്നു. ഫാനുകള്‍ എല്ലാമൊന്നും കറങ്ങി തുടങ്ങിയിട്ടില്ല, അവിടവിടെ കറങ്ങുന്നതു കൊണ്ടു തന്നെ പന്തലിനുള്ളില്‍ തണുപ്പ് കിട്ടുന്നുണ്ട്. അന്തരീക്ഷം ഈര്‍പ്പമയമായതു കൊണ്ടാകാം, പിന്നെ ചൂടുകൂട്ടാനായിട്ട് ആളുകളെത്തി തുടങ്ങിയിട്ടുമില്ല.  ജോലിക്കാരെ മാത്രമേ കാണാനുള്ളു.  പന്തലിന്‍റെ പ്രവേശന വഴിയിലെത്തുമ്പോള്‍ സ്വാഗതമോതുന്നിടത്തു തന്നെ വ്യക്തതയോടെ കാണാന്‍വേണ്ടി റോയല്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിന്‍റെ വിലാസം വച്ചിട്ടുണ്ട്, ഫോണ്‍ നമ്പറുകളുമായിട്ട്. പന്തല്‍ കണ്ട് അത്ഭുതപ്പെടുന്നവര്‍ ആ വിലാസവും ഫോണ്‍ നമ്പറും കുറിച്ചെടുക്കാതിരിക്കില്ല.

      വെളുത്ത മുണ്ടും ഷര്‍ട്ടും ഇസ്തിരിയിട്ട് വടിപോലെ വേണ്ട, എന്നാല്‍ വൃത്തിയായിരിക്കണം. ഒരു ദിവസത്തെ വളര്‍ച്ചയുള്ള കുറ്റിത്താടിയായിരിക്കണം.  മുടി ചീകിയൊതുക്കിയിരിക്കണം. വേണ്ടി വന്നാല്‍ പണി സമയത്ത് മാറ്റിയുടുക്കാന്‍  ഒരു കൈലി മുണ്ടും ഷര്‍ട്ടും തോര്‍ത്തും കരുതിയിരിക്കണം. ഇവന്‍റ് മാനേജ്മെന്‍റ് എല്ലാ കാര്യങ്ങളും എടുത്തു നടത്തുകയാണ്. പന്തല്‍ പണി മുതല്‍ സദ്യയും ഫോട്ടോ പിടിയും വധുവിനെ ഒരുക്കലും വരെ അവരുടെ നോട്ടത്തിന്‍ കീഴിലാവും.  എന്നാല്‍ ഓരോ ജോലികള്‍ ഓരോ മാറി മാറിയുള്ള നോട്ടക്കാരുണ്ടാകും. അതില്‍ ആരുടെ കീഴില്‍ കയറിപ്പറ്റണമെന്ന് അവിടെയെത്തി സാഹചര്യവും സൗകര്യവും നോക്കി യുക്തിപൂര്‍വ്വം ചെയ്യണം. അത് തനിക്കാവും അതിനുള്ള യുക്തിയും തന്ത്രവും അഭിരുചിയും തനിക്കുണ്ട്.  അതു തന്നെ കണ്ടാലറിയാം.

      കടിഞ്ഞാണ്‍ പിടിക്കുന്ന ഡോക്ടറുടെ വാക്കുകളെ അപ്പാടെ സ്വീകരിച്ചാണ് ഇവിടെ എത്തിച്ചേര്‍ന്നത്.  പക്ഷെ, പന്തലിന്‍റെ കമാനം കടന്ന് കാലു വച്ചപ്പോള്‍ ഒരു വിറ ചെറുവിരലില്‍ നിന്നും അരിച്ചു കയറി ശിരസ്സിലെത്തി ആകാശത്തേക്ക് പോയി.  അപ്പോള്‍, ഉറഞ്ഞു തുള്ളുന്ന പെണ്ണിന്‍റെ കൈയിലിരിക്കുന്ന തെങ്ങിന്‍ പൂക്കുലയുടെ സ്ഥിതിയായിരുന്നു ദേഹത്തിന്.  പരിചയമുള്ള ഒരു മുഖം പോലും കാണല്ലേ എന്നാണ് അദ്യമേ പ്രാര്‍ത്ഥിച്ചത്.  ഇവിടെ അങ്ങിനെ പരിചയ മുഖങ്ങള്‍ കാണേണ്ട കാര്യമില്ല.  പക്ഷെ, അപരിചിതത്വം ഏതു വിഭാഗത്തിന്‍റെ കൂടെ കൂടുമെന്ന കാര്യത്തില്‍ ബാധിക്കാം.  പന്തല്‍ പണികഴിഞ്ഞ സ്ഥിതിക്ക് ഇനി കൂട്ടു കൂടേണ്ടവര്‍ പാചകക്കാര്‍, വിളമ്പുകാര്‍, പാത്രം , ടേബിള്‍ വൃത്തിയാക്കുന്നവര്‍, പരിചാരകര്‍, പുകഴ്ത്തു പാട്ടുകാര്‍…. പക്ഷെ, അവരൊന്നും എത്തി കൊഴുപ്പായിട്ടില്ല.

      പന്തല്‍ വിട്ട് അങ്കണവും ഗൃഹവും ഒറ്റപ്പെട്ടു നില്കുന്നതു പോലെയാണ്.  അങ്കണവും ഗൃഹവും അലങ്കരിച്ചിട്ടുണ്ട്., അതിന് പ്രത്യേക വീക്ഷണമാണ്, ആരെയും മോഹിപ്പിക്കുന്ന വിധത്തില്‍. വീട്ടിലേക്ക് വിരുന്നുകാരെത്തുന്നുണ്ട്.  അവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ളയിടം പന്തലിന്‍റെ എതിര്‍ ദിശയില്‍ മതില്‍ക്കെട്ടിനുള്ളില്‍ തന്നെ മൈതാനമായി കിടക്കുന്നിടത്താണ്.  പുല്ലു വെട്ടി നിരപ്പാക്കിയ സ്ഥലം തന്നെയാണ്.

      ങാ…. സനലു വന്നോ…. എന്തേ വൈകിയത്… ആ പൂക്കളെടുത്ത് അകത്തേക്ക് കൊടുത്തേക്ക്…

      നിൽകക്കള്ളിയില്ലാതെ ചതുരംഗ പലകയുടെ പുറത്ത് പോകേണ്ടി വരുമെന്നു കരുതിയിരിക്കെ,  അല്ലെങ്കില്‍ കാലെത്താകയത്തില്‍ വെള്ളം കുടിച്ച് തുഴഞ്ഞു കൊണ്ടിരിക്കെ,  അങ്ങിനെയെരു ചോദ്യം കിട്ടിയപ്പോള്‍ അവന് സമാധാനമായി.  പേരു മാറിയാലെന്താ അവിടെ തുടര്‍ന്ന് നിൽക്കാനുള്ളൊരു പഴുതു കിട്ടിയിരിക്കുകയല്ലെ…..

      സനലെന്ന പേര് സ്വീകരിച്ചു കൊണ്ട് അവന്‍ അകത്ത് കൊടുക്കുവാനുള്ള പൂക്കളെ തിരഞ്ഞു. പൂക്കള്‍ അവനെ കാത്ത് പന്തലിന്‍റെ കമാനത്തിന് താഴെ, ചുവന്നതും മഞ്ഞയും പച്ചയും വര്‍ണ്ണ കടലാസുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്ന കമാന കാലിനെ തൊട്ട് കൊണ്ട് പനയോലക്കൂടയില്‍ ഇരുപ്പുണ്ടായിരുന്നു.  പൂക്കൂടയെടുത്തപ്പോഴാണ്  കക്ഷത്തിലെ പണി വസ്ത്രങ്ങളുടെ കാര്യമോര്‍ത്തത്.  ആദ്യം വസ്ത്രം മാറിയാലോ എന്ന് ചിന്തിച്ചതാണ്, പക്ഷെ, വീടിന്‍റെ അകത്തേക്ക് പോകേണ്ടതുള്ളതു കൊണ്ട് വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് കൂടുതല്‍ യോഗ്യമെന്ന് രണ്ടാമതു ചിന്തിച്ച് പൂക്കൂടയെടുത്ത് തോളില്‍ വച്ച് തുണിക്കൂടിനെ കക്ഷത്തില്‍ തന്നെ ഇരിക്കാന്‍ അനുവദിച്ച് അകത്തേക്ക് നടന്നു.  കൊട്ടാര സദൃശമായ വീടിന്‍റെ പ്രധാന വാതില്‍ കടന്നപ്പോള്‍ അവനു വീണ്ടും വിറയല്‍ തോന്നി.  പക്ഷെ, മനക്കോണില്‍ തെളിഞ്ഞു വന്ന ഡോക്ടറുടെ മുഖം വിറയലിനെ ഓടിച്ചകറ്റി,  അകത്ത്  കടക്കാനുള്ള ത്രാണി നല്‍കി.

      സിറ്റൗട്ടില്‍, സിറ്റിംഗ് റൂമില്‍, ഡൈനിംഗ് ഹാളിലെല്ലാം വിരുന്നു കാര്‍ നിറഞ്ഞിരിക്കുന്നു.  അവരുടെയൊക്കെ സംസാരങ്ങള്‍, വ്യത്യസ്തമായ ഈണത്തില്‍, ശൈലിയില്‍ അവിടെയാകെ അലയൊലികള്‍ ഉതിര്‍ക്കുന്നു.  സനലെന്ന വ്യാജ നാമക്കാരനായ അവന്‍ പൂക്കൂട എവിടെ വയ്ക്കും, ആരെ ഏല്‍പ്പിക്കുമെന്ന് പരതി നില്‍ക്കുമ്പോള്‍,

      ങാ… ജെയിംസേ… നീ വന്നോ… പൂവ് ആ  വടക്കേ മുറിയിലേക്ക് കൊടുത്തേക്ക്…..

      അവനെ ജെയിംസെന്ന്  വീണ്ടും മറ്റൊരു വ്യാജ നാമത്തില്‍ വിളിച്ച ആളിനെ കണ്ടപ്പോള്‍ വീണ്ടും ഒരു വിറയല്‍ അവനില്‍ പടര്‍ന്നു കയറി പുറത്തേക്ക് പോയി.  അയാളും അവനെ കണ്ടു.

      ഓ ജെയിംസല്ലേ, എന്താ പേര്….

      സനല്‍….

      മറുപടിക്കവന്‍ അവന്‍റെ ആദ്യ വ്യാജ നാമം ഉപയോഗിച്ചു. ആദ്യം വിളിച്ച ആള്‍ക്ക് ഏതോ ഒരു സനലിന്‍റെ ഛായ തോന്നിയിരിക്കാം. ഇവിടെ പിടിച്ചു നില്‍ക്കാന്‍ ആ പേരാണ് കൂടുതല്‍ യോജ്യമെന്നു തോന്നി.

      സനലേ ജെയിംസ് വന്നില്ലേ…..

      ഇല്ല വരും.

      ങാ…. സനലിവിടെ കാണണം, എല്ലാമൊന്നു നോക്കി കൊള്ളണം.

      ഓ….

      ആദ്യം സനലെന്നും പിന്നീട് ജെയിംസെന്നും വിളിക്കപ്പട്ട അവന് ഇതേവരെ നടന്നതെല്ലാം നന്നായി ബോധിച്ചു.  ഇനി ഇവിടെ പിടിച്ചു നില്‍ക്കാന്‍ ഒരു പണി മുണ്ടിന്‍റേയും ഒരു പണിഗ്രൂപ്പിന്‍റേയും ആവശ്യമില്ലെന്നവന് തോന്നി.   ഒരു പടി കൂടി മുകളിലേക്ക് കയറി മേല്‍നോട്ടകാരനാകുകയും ചെയ്തിരിക്കുന്നു.  അതിന് വെളുത്ത മുണ്ടും ഷര്‍ട്ടും തന്നെ കൂടുതല്‍ കാമ്യം.  അവന് ആ അധികാരത്തെ കൊടുത്തിരിക്കുന്നത് ഈ വീടിനെ സംബന്ധിച്ച ഉന്നതാധികാരി തന്നെയാണ്.  ഡോക്ടര്‍ കാണിച്ച ഫോട്ടോയില്‍ തേങ്ങായുടെ മുക്കണ്ണുപോലെ അടുക്കിയ മൂന്നു മുഖങ്ങളില്‍ ഒന്ന്, ഒരേയൊരു പുരുഷന്‍.  അതിലെ രണ്ടു പെണ്ണുങ്ങളെ ഇനി കണ്ടെത്തണം.  ഒന്ന് അയാളുടെ ഭാര്യയും, മുക്കണ്ണില്‍ നടുക്കു കണ്ടത് അവരുടെ മകള്‍ ധന്യയുമാണ്.  അയാള്‍ തോമസ്സും ഭാര്യ ഷേര്‍ളിയും.

      പൂക്കൂട എത്തിക്കേണ്ടിയിരുന്ന വടക്കേ മുറിയുടെ വാതില്‍ക്കലെത്തും മുമ്പു തന്നെ ഷേര്‍ളിയെയും അവന് കാണാന്‍ കഴിഞ്ഞു.  അവന്‍ അടഞ്ഞു കിടന്നിരുന്ന വടക്കേ മുറി വാതില്‍ മുട്ടി കാത്തു നിന്നു. മുറി സാവധാനം അഞ്ചോ ആറോ ഇഞ്ച് തുറന്ന് പുറത്തേക്ക് ഒരു സ്ത്രീ തല നീട്ടി അവനെ കണ്ടു.

      കഴിഞ്ഞില്ല.

      വേണ്ട… പൂവു കൊണ്ടു വന്നതാണ്….

      ഓ….

      പൂക്കൂട ഉള്ളിലേക്കെടുക്കാന്‍ വേണ്ടി വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍, അകത്ത് കസേരയില്‍ ഏതെല്ലാമോ നിറത്തിലുള്ള, എന്തെല്ലാമോ, മുഖത്തും കഴുത്തിലും കൈകളിലും പുരട്ടിയിരിക്കുന്നു, മുക്കണ്ണില്‍ നടുക്ക കണ്ട ധന്യ, അവളേയും അവന്‍ കണ്ടു.

      ചേട്ടന്‍ ഇവിടെ കാണില്ലെ… എന്തെങ്കിലും വേണമെങ്കില്‍ വിളിക്കാം….

      ഓ…

      അവന് ഉറപ്പായി, അവന്‍ ഈ വീട്ടില്‍, ഈ ആവശ്യത്തിന് വളരെ വേണ്ടപ്പെട്ടവനായി കഴിഞ്ഞിരിക്കുന്നു.  ആ സ്വാതന്ത്ര്യത്തോടെ എവിടെ വേണമെങ്കിലും കയറിയിറങ്ങാം… ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് എല്ലാം ശരിയായി വന്നു കൊണ്ടിരിക്കുന്നത്.  ഇനി അവന് പണി മുണ്ടിന്‍റെയും ഷര്‍ട്ടിന്‍റെയും ആവശ്യമില്ല.  അതിനെ അടുത്തു കണ്ട സെറ്റിയുടെ അടിയില്‍ തിരുകി വച്ചു.  അതു കണ്ട ഒരു അതിഥി  ചിരിച്ചു.  ആതിഥേയന്‍റെ അടുത്ത സഹകാരി കൊടുക്കേണ്ട പരിഗണനയില്‍ അവന്‍ തിരിച്ചൊരു മന്ദഹാസം നല്‍കി, നന്ദി സൂചകമായിട്ട്. അയാള്‍ക്ക് മാത്രമായിട്ടല്ല, അവിടെ കണ്ട എല്ലാവര്‍ക്കും വേണ്ടിയിട്ട്.  ശേഷം അവന്‍ ഉത്തരവാദിത്വമുള്ള മേല്‍ നോട്ടക്കാരന്‍റെ ഗമയെ സ്വീകരിച്ച് എല്ലായിടത്തും നോട്ടമെത്തിച്ച് തലങ്ങും വിലങ്ങും നടന്നു.

      ആ വീട്ടില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നാളെ നടക്കാന്‍ പോവുകയാണ്, തോമസ്സ് ഷെര്‍ളി ദമ്പതികളുടെ ഒരേയൊരു മകള്‍ ധന്യയുടെ മനസ്സമ്മതം.  അതിന്‍റെ തലേ രാത്രിയായ ഇന്ന് മധുരം വയ്പും അതിനോടനുബന്ധിച്ച ചടങ്ങുകളും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള വിരുന്നിനുള്ള ഒരുക്കങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.

      പന്തലില്‍, വീട്ടില്‍ തിരക്കേറിക്കൊണ്ടിരിക്കുന്നു.  അവന്‍ മേല്‍ നോട്ടത്തിനിടയില്‍ ഒന്നു പുളഞ്ഞു. മടിയില്‍ തിരുകി വച്ചിരിക്കുന്ന മോബൈല്‍ ഫോണ്‍ സൈലന്‍റ് മോഡില്‍ വൈബ്രേറ്ററില്‍ ആക്കിയിരിക്കുകയായിരുന്നു.  അതിലേക്ക് ഒരു വിളി വന്നിരിക്കുകയാണ്.  തിരക്കില്‍ നിന്നൊഴിഞ്ഞ് നിന്ന് ഫോണെടുത്തു.

      ശരത്തേട്ടാ…… അവിടെയെത്തിയോ… ജോലി തുടങ്ങിയോ… എന്താണ് ജോലി…..

      ശരത്തെന്ന് യഥാര്‍ത്ഥ പേരുള്ള സനല്‍ എന്നും ജയിംസ് എന്നും വ്യാജ പേരുകളുണ്ടായിരിക്കുന്ന അവന്‍റെ ഭാര്യയാണ് വിളിച്ചിരിക്കുന്നത്.

      ഇപ്പോള്‍ ഒരു മനസ്സമ്മതത്തിന്‍റെ മേല്‍ നോട്ടപ്പണിയാണ് ബുദ്ധി മുട്ടൊന്നും തോന്നുന്നില്ല, മോനെങ്ങിനെ….

      അവന് നല്ല സുഖമില്ല… ഡോക്ടര്‍ വന്നു നോക്കിയിട്ടു പോയതേയുള്ളൂ… നാളത്തന്നെ ഓപ്പറേഷന്‍ നടത്താമെന്ന പറഞ്ഞു.  ശരത്തിനെ ഏല്‍പിച്ച ജോലി തീര്‍ത്തിട്ടു വന്നാല്‍ മതിയെന്നാണ് പറഞ്ഞത്… അതെന്നാ ജോലിയാ ചേട്ടാ… ഇത്രേം വലിയ കൂലി കിട്ടാന്‍ പാകത്തിന്…. എന്തായാലും ജോലി വേഗം തീര്‍ത്ത് ഇങ്ങെത്തണം … എനിക്ക് പേടിയാകുന്നു… മോന്‍റെ മുഖത്ത് നോക്കാന്‍ പോലും ഇപ്പോള്‍ ധൈര്യമില്ല……

      ഞാന്‍ പിന്നെ വിളിക്കാം എന്നെ ആരോ തിരക്കുന്നു…..

      അതായത് ശരത്തെന്ന സനല്‍ അഥവാ ജയിംസ് ഇവിടെ എത്തിയിരിക്കുന്നത് ഏതോ ജോലിയുടെ ഭാഗമായിട്ടാണെന്ന് വ്യക്തമായി.  ആ ജോലിയെന്തെന്നറിയാന്‍ ശരത്തിന്‍റെ മനസ്സിലേക്ക് തന്നെ നോക്കേണ്ടിയിക്കുന്നു…..  പക്ഷെ, അവിടം ശൂന്യമായൊരു ഗുഹ പോലെയാണ് കാണുന്നത്. അവിടെ ഒന്നുമില്ല, ഇരുള് നിറഞ്ഞ് ഭയാനകമായിട്ട്. ഒന്നുമില്ലാതെ ആയത് അടുത്തനാളിലാണ്.  നേരത്തെ, അവിടെ എന്തെല്ലാമോ ഉണ്ടായിരുന്ന കാലത്താണ് ശരത്തെന്ന ഹിന്ദു, സെലിന്‍ എന്ന അയല്‍പക്കത്തെ ക്രിസ്ത്യാനി പെണ്ണിനെ പ്രണയിച്ചു വിവാഹം ചെയ്തത്. പക്ഷെ, ആദ്യ രാത്രി കഴിഞ്ഞ് നേരം പുലര്‍ന്ന് വീണ്ടും സന്ധ്യയായി രാത്രി എത്തുന്നതിനു മുമ്പായി അവര്‍ മുഖത്തോടു മുഖം നോക്കിയിരുന്നു നാലു പ്രാവശ്യം ചോദിച്ചു.

      നമ്മള്‍ ചെയ്തത് വിഡ്ഢിത്തമായി പോയി അല്ലെ… ജാതിയും മതവും അന്ധവിശ്വാസങ്ങളും വര്‍ഗ്ഗീയതയും ശക്തിയായി തിരികെ വന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മള്‍ ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല, അല്ലെ…..?

      പിന്നീട് എല്ലാ ദിവസവും രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവര്‍ അങ്ങിനെ ഒരു പ്രാവശ്യമെങ്കിലും പരസ്പരം ചോദിച്ചു കൊണ്ടിരുന്നു.  രണ്ടു പേരും ഒരിക്കലും ഒത്തരം പറഞ്ഞില്ല, പിരിയാനും കഴിഞ്ഞില്ല.  വീടും നാടും വിട്ട് കണ്ടാല്‍ തിരിച്ചറിയാത്തവരുടെ നാട്ടിലെത്തി വാടക വീട്ടില്‍, ഓട്ടോ ഓടിച്ച് ജീവിച്ചു.  ഒരു മകനുണ്ടായി, രണ്ടു വയസ്സായി, ഇപ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ കിടക്കും നേരം ഒരിക്കലെങ്കിലും ചോദിച്ചു വരുന്നു.

      അവരുടെ മകന് ഒഴിയാതെ നീരിളക്കവും പനിയും കഫ ശല്യവും വന്നപ്പോള്‍, ജന്മനാ ശ്വാസകോശത്തിന് ശോഷിപ്പുണ്ടെന്നു പറഞ്ഞപ്പോള്‍, ഓപ്പറേഷന്‍ മാത്രമേ പരിഹാരമുള്ളവെന്നു പറഞ്ഞപ്പോള്‍, ബന്ധു മിത്രാദികളുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും സഹായവും സാന്ത്വനവും ഉണ്ടാകില്ലെന്നോര്‍ത്തപ്പോള്‍ അവരുടെ മനസ്സുകള്‍ തുള വീണു ശൂന്യമായിപ്പോയി.  അവിടെ ഇരുള് നിറഞ്ഞ് ബുദ്ധിശൂന്യമായി, സ്നേഹശൂന്യമായിപ്പോയി. പിന്നീടൊരിക്കലും അവര്‍ മുഖത്തോടുമുഖം നോക്കിയിരിക്കുകയോ അങ്ങിനെ ചോദിക്കുകയോ ചെയ്തില്ല. മകന് സ്വസ്ഥമായൊരു ജീവിതമുണ്ടാകണമെന്നു മാത്രം ചിന്തിച്ചു, ബാക്കിയെല്ലാം മറന്നു.  ആഹാരം കഴിക്കണമെന്നതും, നീഹാരാദികള്‍ വേണമെന്നതും കൂടി പലപ്പോഴും മറന്നു.

      ആ മറവിയുടെ നേരത്ത് മനസ്സ് ഗുഹയായി,  ശൂന്യമായിരുന്ന സമയത്ത് മകന്‍റെ ഡോക്ടര്‍ അവനോട് ഒരു ജോലി ചെയ്തു തന്നാല്‍ മകന്‍റെ ഓപ്പറേഷന്‍ സൗജന്യമായി ചെയ്തു കൊടുക്കമെന്നു പറഞ്ഞപ്പോള്‍  ആമോദപ്പെട്ടു.  ഡോക്ടര്‍ തേങ്ങയുടെ കണ്ണുകളെപ്പോലെ അടുക്കി വച്ചിരിക്കുന്ന മൂന്നു മുഖങ്ങളുടെ ഫോട്ടോ കാണിച്ച്, നടുവില്‍ ഇരിക്കുന്ന ധന്യയെന്ന പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടക്കാന്‍ പോകുകയാണ്, അത് നടക്കരുത്. ഒരിക്കലും നടക്കാത്ത വിധം നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.  അവന്‍റെ മനസ്സ് ഗുഹയായി ഇരുള് നിറഞ്ഞ് ശൂന്യമായിരുന്നതിനാല്‍ സസന്തോഷം സ്വീകരിക്കുകയും ചെയ്തു.  എന്തിനു വേണ്ടിയാണെന്ന് അവന്‍ ഒരിക്കല്‍ തിരക്കിയിരുന്നു. പക്ഷെ, ഡോക്ടര്‍ അത് വ്യക്തമാക്കിയില്ല.  വ്യക്തമാക്കാത്തതു കൊണ്ട് അവന്‍ വെറുതെ ഊഹിച്ചു, ധനത്തിനു വേണ്ടിയാകാം, അധികാരത്തിനു വേണ്ടിയാകാം, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാകാം, വെറുതെ ഒരു വൈരാഗ്യത്തിനു വേണ്ടിയുമാകാം. പ്രതിഫലം മകന്‍റെ സ്വസ്ഥമായജീവിതമാണ്. അതു തന്നെയാണ്,  അതു മാത്രമാണ് അവന് വലുതായി തോന്നിയത്, ഇപ്പോള്‍ ചിന്തിക്കേണ്ടതും അതു മാത്രമാണെന്നു തീരുമാനിച്ചു.

      ധന്യയെന്ന ആ പെണ്‍കുട്ടി പന്തലിലെ മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുകയാണ്.  വശ്യമായൊരു സുഗന്ധമായി, മനോജ്ഞമായൊരു കാഴ്ചയായി അവള്‍ വരുന്നത് ശരത്തെന്ന സനല്‍ അഥവാ ജയിംസ് കണ്ടു നില്‍ക്കുകയാണ്. അവന് ജോലി നല്‍കിയിരിക്കുന്ന ഡോക്ടറുമുണ്ട്.  അപരിചിതനെപ്പോലെയെങ്കിലും ഡോക്ടര്‍ അവനെ വീക്ഷിക്കുന്നുണ്ട്.  മനോജ്ഞമായ ആ ദൃശ്യത്തിന്‍റെ ആസ്വാദനത്ത ഹനിച്ചു കൊണ്ട് അവന്‍റെ മടിയിലിരുന്ന മോബൈല്‍ പ്രകമ്പനം കൊണ്ട് അവനെ ഇക്കിളിപ്പടുത്തി.

      ശരത്തേട്ടാ മോനു തീരെ സുഖമില്ല… ഡ്യൂട്ടി ഡോക്ടര്‍ വന്നിരുന്നു… ഒരിഞ്ചെക്ഷന്‍ കൂടി കൊടുത്തു…. ശരത്തേട്ടന്‍റെ ജോലിയെന്തായി…..

      നീ ഭയക്കരുത്… നാളെയെല്ലാം ശരിയാകും… മധുരം വയ്പ് നടക്കുന്നതേയുള്ളൂ…. നമ്മുടെ മോന്‍റെ ഡോക്ടറും എത്തിയിട്ടുണ്ട്… അദ്ദേഹം എന്നെത്തന്നെ നോക്കി നിൽക്കുകയാണ്… എത്രയും വേഗം ജോലി തീര്‍ത്ത് ഞാന്‍ വരാം… നാളെ മോന്‍റെ ഓപ്പറേഷന്‍ നടക്കും…. അവന് സുഖമാകും….

      അന്തരീക്ഷത്തില്‍ മനുഷ്യരുടെ, ആഹാര സാധനങ്ങളുടെ, മദ്യത്തിന്‍റെ ഗന്ധങ്ങള്‍ നിറഞ്ഞ്,  ഏതൊരുവനേയും മത്തരാക്കുകയാണെന്ന് ശരത്തിനു തോന്നി. സമയം നീളവെ, സംഗീതവും മധുരിക്കുന്ന വാക്കുകളും വീണ്ടും വീണ്ടും കേട്ടു കൊണ്ടിരുന്നപ്പോള്‍ ശരത്തിന് അരോചകമായി തോന്നി തുടങ്ങി.  പാതിരയോടടുത്തിട്ടും പിരിഞ്ഞു പോകാത്തവരും ഉറക്കത്തിലേക്ക് മടങ്ങാത്തവരും, ആര്‍ത്തിയോടെ ഇപ്പോഴും മദ്യത്തെ സമീപിക്കുന്നവരും  അവനെ വ്യാകുലനാക്കി. എന്നിട്ടും മടുത്തു മടങ്ങാതെ അവന്‍ കാത്തു.  വടക്കേ മുറിയുടെ വാതില്‍ ധന്യക്ക് വിശ്രമിക്കാനായി അടഞ്ഞു.  ആ വാതിലിലേക്ക് നോട്ടം കിട്ടും വിധം സെറ്റിയില്‍ അവനും ഉറക്കമാണെന്ന വ്യാജേന കണ്ണുകളടച്ച് ചാരിക്കിടന്നു.

      ആഘോഷം കഴിഞ്ഞുള്ള രാത്രിയില്‍ മനുഷ്യന്‍റെ ശ്രദ്ധയും കരുതലും കുറഞ്ഞിരിക്കുമെന്നും, ഏറ്റവും കൂടിയാല്‍ ധനത്തെ മാത്രം സൂക്ഷിക്കുമെന്നും, മനുഷ്യനെ അത്ര ശ്രദ്ധയോടെകാണുകയില്ലെന്നും വളരെ വിദഗ്ധനെപ്പോലെ ഡോക്ടര്‍ പറഞ്ഞത് ശരത്ത് ഓര്‍മ്മിച്ചു.  അങ്ങിനെ അശ്രദ്ധമായി കിട്ടാവുന്ന ഒരു നിമിഷത്തിനു വേണ്ടിയാണിപ്പോള്‍ അവന്‍ കാക്കുന്നത്.  വടക്കേ മുറിയില്‍ ധന്യയോടൊത്ത് ആരോ കൂടി ഉറങ്ങുന്നുണ്ട്.  പക്ഷെ, കതക് അകത്തു നിന്നും പൂട്ടിയതിന്‍റെ ശബ്ദം കേള്‍ക്കുകയുണ്ടായില്ലെന്ന് അവന്‍ ശ്രദ്ധിച്ചു.  അവർ വരുത്തിയിരിക്കുന്ന അശ്രദ്ധ അവന് ഗുണകരമായിട്ടുണ്ടെന്ന് ഓര്‍ത്തു സന്തോഷിച്ചു.  പക്ഷെ, ഒന്നു കൂടി അന്തരീക്ഷം ശാന്തമാകാനുണ്ട്, ഗാഢമായ നിദ്രയിലേക്ക് വീട് തളര്‍ന്നമരണം.

      യാതൊരു വിധ ആയുധങ്ങളും പുറമേനിന്നും കൊണ്ടു പോകരുത്, ശ്രദ്ധിച്ചാല്‍ എന്തെങ്കിലുമൊരായുധം നിനക്കവിടെ നിന്നും കിട്ടും.  പുല്‍കൊടി പോലും ചിലപ്പോള്‍ പാറ്റന്‍ ടാങ്കിന്‍റെ അത്ര ശക്തമായ ആയുധമായി മാറിയിട്ടുള്ള ചരിത്രമുണ്ട്.  ഡോക്ടറുടെ വാക്കുകള്‍ അവന്‍റെ പരതലുകളെ ഭിത്തിയില്‍ അലങ്കാര വസ്തുവായി വച്ചിരിക്കുന്ന ഗിത്താറിന്‍റെ തന്ത്രികളിലെത്തിച്ചു.  അഴിച്ചെടുത്ത രണ്ട് തന്ത്രികളെ തൂവാല കൈ പത്തിയില്‍ചുറ്റും പോലെ ചുറ്റി.

      വെളുപ്പാന്‍ കാലം അന്തരീക്ഷത്തെ കൂടുതല്‍ തണുപ്പിച്ചു.  വീടിനെ സുഖ നിദ്രയിലേക്ക് വലിച്ചാഴ്ത്തി കൊണ്ടുപോയി.  കൂര്‍ക്കം വലിയുടെ വ്യത്യസ്ത രാഗങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരുന്നു.  ഉറക്കം കിട്ടാത്ത ഏതോ ഒരു ചീവീട് മാത്രം എവിടയോ ഇരുന്ന് ഇടതടവില്ലാതെ ചിലക്കുന്നുണ്ട്.  ഡോക്ടര്‍ പറഞ്ഞതു പോലെ ആഘോഷത്തിന്‍റെ അശ്രദ്ധ തന്നെ ധന്യയുടെ  മുറിയടെ വാതില്‍ പൂട്ടിയിരുന്നില്ല.  കതക് തുറന്ന് അകത്തു കയറി അടച്ച് ബഡ്റൂ ലൈറ്റിന്‍റെ നേര്‍ത്ത ചുവന്ന വെളിച്ചത്തില്‍ സഹശയനയില്‍ നിന്നുംഏറെ അകന്ന് ആറടി കട്ടിലില്‍ കുറുകെ ധന്യയുടെ ഉറക്കം അവനെ ഏറെ സന്തോഷിപ്പിച്ചു.  ക്ലാസ്മേറ്റ് എന്ന സിനിമയില്‍ സഫിയ സുകുവിനെ തൂക്കിയതു പോലൊരു സാഹചര്യം ഏതു ദിശയില്‍ നിന്നും കിട്ടുമെന്നവന്‍ പരതിക്കൊണ്ടിരിക്കെ, അവനെ ഇക്കിളിപ്പെടുത്തിക്കൊണ്ട് മോബൈല്‍ വിജ്രംഭിതയായി……

      കട്ടിലിന് കീഴിലുള്ള ഇരുളില്‍ മറഞ്ഞിരുന്നു കൊണ്ടവന്‍ മോബൈലില്‍ സെലിന്‍ പറയുന്നതു കേട്ടു..

      ശരത്തേട്ടാ…. നമ്മുടെ മോന്‍…. അവന്‍…. അവന്‍….

      തുടര്‍ന്ന് അടക്കാന്‍ കഴിയാത്ത കരച്ചിലായി അവളുടെ ശബ്ദം പരിണമിച്ചു.

      പെട്ടന്ന് ശരത്തിന്‍റെ മനസ്സില്‍ ഗുഹ വീണ് ഇരുൾ നിറഞ്ഞിരിന്നിടത്ത് എന്തോ വന്നു നിറയുന്നതുപോലെ തോന്നി.  ഇരുൾ നിറഞ്ഞ ശൂന്യതയിലേക്ക്, കറുപ്പിനെ നീക്കി എന്തെല്ലാമോ നിറങ്ങള്‍ വരുന്നതുപോലെ തോന്നി. കൈപ്പത്തിയില്‍ ടൗവ്വല്‍ പോലെ ചുരുട്ടി പിടിച്ചിരുന്ന ഗിത്താര്‍ തന്ത്രികള്‍ കൈവിട്ട് തറയില്‍ വീണു.  നേരത്തെ പതുക്കെ കട്ടിലിനടിയില്‍ പതുങ്ങിയ അവന്‍ തട്ടിപ്പിടഞ്ഞുണര്‍ന്ന് പുറത്ത് വന്ന്, മുറി വാതില്‍ തുറന്ന് പുറത്തേക്കോടി….

      മോര്‍ച്ചറിയുടെ മുന്നിലെ ബഞ്ചില്‍ സെലിന്‍ തനിച്ചായിരുന്നു, അവനെത്തുമ്പോള്‍.  അവന്‍ അവളെ എടുത്ത് നെഞ്ചോടുചേര്‍ത്തു നിര്‍ത്തി..

      നമുക്ക് പോകാം….

      എവിടേക്ക്…. നമ്മുടെ മോന്‍…..

      അവനെ ഇനി നമുക്ക് വേണ്ട… ഡോക്ടറെടുത്തു കൊള്ളെട്ടെ…. ഡോക്ടര്‍ ഏല്‍പ്പിച്ച ജോലിയെനിക്ക് ചെയ്യാനായില്ല… അതുകൊണ്ട് നമ്മുടെ മകനെ ഏല്‍ക്കാനുള്ള യോഗ്യത നമുക്കില്ല… നമുക്ക് പോകാം…..

      അവന്‍ അവളെ ഗ്രഹിച്ച് ഹോസ്പ്പിറ്റലിന് പുറത്തേക്കോടി…..

      ഗുഹ തീര്‍ന്ന് ഇരുളു നിറഞ്ഞിരുന്ന അവന്‍റെ മനസ്സില്‍ വിവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ് പ്രഭാത കിരണങ്ങളായിരിക്കുന്നു.  ആ പ്രഭാത കിരണങ്ങള്‍ക്ക് നടുവില്‍ ധന്യയെന്ന പെണ്‍കുട്ടിയുടെ സുന്ദരമായ മുഖം തെളിഞ്ഞു വരുന്നു.

      അവര്‍ അലക്ഷ്യമായി പലായനം ചെയ്തു,  കണ്ടാല്‍ തിരിച്ചറിയാത്ത മറ്റൊരിടത്തേക്ക്….

@@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top