ഇത്തിള്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

(കോവിഡ്-19 നൽകുന്ന ഭീതി)

ഓര്‍ക്കിഡ് പുഷ്പങ്ങളുടെ മനോഹാരിതയില്‍ അവള്‍ മയങ്ങി വീഴുകയായിരുന്നു.  

      ഉള്‍ക്കാടുകളില്‍, വൃക്ഷ വിടവുകളില്‍ നിന്ന് മണിമന്ദിരങ്ങളിലേക്ക് അവര്‍ അതിഥികളായെത്തിയത് മൃദു മനുഷ്യ ഹൃദയങ്ങള്‍ ഉള്ളതു കൊണ്ടാണ്.  ചെത്തിയും ചെമ്പരത്തിയും  കോളാമ്പിച്ചെടികളും വേലിപ്പടര്‍പ്പുകളില്‍ പടര്‍ത്തി, ഒതുക്കി നിര്‍ത്തിയിട്ട് മറ്റ് ഭൂവിഭാഗങ്ങളിലെല്ലാം ആഹരിക്കാനുള്ള ചെടികളാണ് മനുഷ്യര്‍ വളര്‍ത്തിയിരുന്നത്, പണ്ട്.  അവകളെ വേലിക്ക് പുറത്തേക്ക് തള്ളിവിട്ട് മതിലുകള്‍ തീര്‍ത്ത്, മുറ്റത്തെ പച്ചപ്പിനെ ഇല്ലായ്മ ചെയ്ത്, കോണ്‍ക്രീറ്റ് ഫലകങ്ങള്‍ വിരിച്ച,് വരണ്ട്, ശുദ്ധ വായു കിട്ടുന്നില്ലെന്ന് ദുഃഖിച്ചിരുന്ന ഒരു കാലമുണ്ടായി, പിന്നീട്.  ആ വൈതരണി പിടിച്ച സമയത്താണ് പ്രകൃതി സ്നേഹികള്‍ പച്ചപ്പിനെ സ്നേഹിക്ക്, പ്രകൃതിയെ അറിയൂ, എന്ന് വിളിച്ച് കൂവി മനുഷ്യനെ മാറ്റിയെടുക്കാന്‍ ശ്രമം തുടങ്ങിയത്.  ആ മാര്‍ഗ്ഗത്തിലൂടെയാണ്, ഉള്‍ക്കാടുകളില്‍ നിന്ന് ഓര്‍ക്കിഡും, ആന്തൂറിയവും അതിഥികളായെത്തിയത്. അതും രാജകീയ പ്രൗഡിയോടെ, രാജാവും റാണിയുമൊക്കെയായിട്ട്.

      എത്രയോ ശോഭകളില്‍, നിര്‍വ്വചിക്കാനേ കഴിയാത്ത അത്ര നിറക്കൂട്ടുകളില്‍….            സപ്തവര്‍ണ്ണങ്ങളെന്നതിനെ പരാജയപ്പെടുത്തിക്കൊണ്ട്, മിശ്രിത ചായങ്ങളില്‍, മര്‍ത്ത്യ നയനങ്ങളും, നാസികയും, അധരങ്ങളും, നാവും, കര്‍ണ്ണവും, സ്തനമുകുളങ്ങളും പൊക്കിള്‍ച്ചുഴിയും എന്നെക്കെ സങ്കല്പിക്കുകയോ, മായാക്കാഴ്ചകളായി അനുഭവിക്കുകയോ ചെയ്യാവുന്ന രൂപങ്ങളില്‍, ഭാവങ്ങളില്‍…….

      അവള്‍ പുലര്‍ന്നെഴുന്നേറ്റാലുടന്‍ ഓടിയെത്തും അവരുടെ ചാരത്തേക്ക്. തൊട്ടു തലോടി, ഇല്ലാത്ത ഗന്ധം കഴിഞ്ഞ രാത്രി വന്നിട്ടുണ്ടോയെന്ന് നോക്കി, ചുംബിച്ച് എത്രനേരും നില്‍ക്കുമെന്ന് കണക്ക് വയ്ക്കാതെ, മതി വരുവോളം നിന്നിട്ടേ പ്രഭാത കര്‍മ്മങ്ങളിലേക്ക് പോലും പോകാറുള്ളൂ.

      ഏകാന്തതയുടെ ദഃഖം അവള്‍  മറക്കുന്നതങ്ങിനെയാണ്.  തളര്‍ന്ന് ശയ്യാവലംഭിയായ ഭര്‍ത്തൃപിതാവ്, അദ്ദേഹത്തെ മാത്രം പരിപാലിക്കാനെന്ന പോലെ ജീവിക്കുന്ന ഭര്‍ത്തൃമാതാവ്, നിരന്തരം ജീവനദ്രവ്യം സംഭരിക്കാന്‍ യാത്ര ചെയ്യുന്ന ഭര്‍ത്താവ്, ഇനിയും പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത അവളുടെ ജീവിതവും…..

      അവള്‍ കാല്‍ മുട്ടില്‍ ഒരു കുഞ്ഞുകുരു മുളപൊട്ടിയത് രസത്തോടെ നോക്കിയിരുന്നു, മുറ്റത്തെ ചെടികളുടെ അരികില്‍ തന്നെ. നല്ല വെളിച്ചം കുഞ്ഞുകുരുവിന്‍റെ മനോഹാരിതയെ കൂട്ടിയിരിക്കുന്നെന്ന് ചിന്തിച്ചു.  ഇന്നലെ അത് അവിടെ ഉണ്ടായിരുന്നോ, ശ്രദ്ധിച്ചില്ല.  ഒരു ചെറിയ നോവ് തോന്നിയതു കൊണ്ടാണ്  നോക്കിയതു തന്നെ.  ഏത് ഓര്‍ക്കിഡ് പുഷ്പത്തിന്‍റെ മുകുളമാണ് അതെന്ന് അവളൊന്ന് സങ്കല്‍പ്പിച്ചു നോക്കി. വളര്‍ച്ച പൂര്‍ത്തിയായാല്‍ നല്ല ചുവന്ന നിറം വരാവുന്ന പൂവ്വ്.  പേരുകളൊന്നും ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ല.  ഏതെങ്കിലുമായിക്കൊള്ളട്ടെയെന്ന് ചിന്തിച്ച് കര്‍ത്തവ്യങ്ങളിലേക്ക് പോകാനെഴുന്നേറ്റപ്പോള്‍ ഒരു ഓര്‍ക്കിഡ് സസ്യകൈകള്‍ ആ കുരുവില്‍ ഒന്നു തൊട്ടു,  ചെറുതായൊന്ന് വേദനിച്ചു.  അവള്‍ അതിനെ നോക്കി എന്തെന്ന് ചോദിച്ചു.

      സസ്യം പറഞ്ഞു.

      അതും ഇത്തിളാണ്.

      ങേ……

      നിന്‍റെ ദേഹത്ത് മുളച്ചൊരു ഇത്തിള്‍.

      അവള്‍ വല്ലാതെ അമ്പരന്നു.

      ഇത്തിളെന്നോ…. അനധികൃതമായ കൈയ്യേറ്റത്തോടെ വൃക്ഷങ്ങളില്‍ പരാന്നം ഭുജിച്ച് ജീവിക്കുന്ന സസ്യ ജാലമല്ലെ ഇത്തിള്‍….

      അതെ….ഞങ്ങളെപ്പോലെ തന്നെ…..

      ങാഹാ….കൊള്ളാമല്ലോ, കേള്‍ക്കട്ടെ……

      അതെ, അതുപോലെ നിന്‍റെ അനുവാദമില്ലാതെ മിനുസ്സമാര്‍ന്ന, മാര്‍ദ്ദവമാര്‍ന്ന കാല്‍ മുട്ടില്‍ ചേക്കേറിയതാണ് അവനും…. ഈ കുഞ്ഞണു…..

      ങാ… എന്നിട്ട് പറയൂ….

      വളര്‍ന്ന്, പടര്‍ന്ന്, ദേഹത്തെക്ഷയിപ്പിച്ച് യവനികയ്ക്കു പിന്നിലേക്ക് കഥാപാത്രങ്ങളെ നീക്കി നിര്‍ത്താന്‍ സഹായിക്കുന്നവരാണ് ഇത്തിള്‍…..ഈ കുഞ്ഞണുവും…

      അവള്‍ വായ തുറന്ന് കൂടുതല്‍ ശ്വാസം ഉള്ളിലേക്ക് എടുത്തു, പ്രഭാത കിരണങ്ങള്‍ അവളുടെ നയനങ്ങളെ അടയ്ക്കാന്‍ പ്രേരിപ്പിച്ചു, നാസികത്തുമ്പത്ത്, കഴുത്തിലെ മടക്കുകളില്‍ സ്വേദകണങ്ങളെ ജനിപ്പിച്ചു.

      ഞങ്ങള്‍, ഇത്തിള്‍ പ്രകൃതിയുടെ നിയമ പാലകരാണ്, അധികമായി വളര്‍ന്ന് പ്രകൃതിക്കു തന്നെ ഭാരമാകുന്ന, ക്ഷതമുണ്ടാക്കുന്ന, പ്രകൃതിയുടെ നാദത്തെ, താളത്തെ  ലയത്തെ തകര്‍ക്കുന്ന അപ്രകൃതി അവസ്ഥയെ തുടച്ച് നീക്കി സന്തുലിതാവസ്ഥ നില നിര്‍ത്തുന്ന ഘടകങ്ങളാണ്……

      ഞങ്ങള്‍ സസ്യ ജാലങ്ങളില്‍ മാത്രമല്ല ജീവികളിലുമുണ്ട്, ജിവികളിലെ ഇത്തിളുകളാണ് കുഞ്ഞണുക്കള്‍, നിന്‍റെ മുട്ടില്‍ വന്നിരിക്കുന്നതു പോലുള്ളത്. 

      ഞങ്ങള്‍ ചിലപ്പോള്‍ മഹാമാരിയായി വന്ന് ഒരിടത്തെ സസ്യജാലങ്ങളെ, ഒരു ജീവി വര്‍ഗ്ഗത്തെ മുഴുവന്‍ മായ്ച്ചു കളഞ്ഞെന്നുമിരിക്കാം…..

      അവള്‍ ഞെട്ടി വിറച്ച് ഓര്‍ക്കിഡ് പുഷ്പത്തിനെ നോക്കി തറയില്‍ പടിഞ്ഞിരുന്നു.  ഒന്നു പുഞ്ചിരിച്ചിട്ട് ഓര്‍ക്കിഡ് സസ്യം തൃപ്തിയോടെ, വിലയാന്വിതയായി കണ്ണടച്ച് നിന്നു.

      അവള്‍ മുട്ടിലെ കുഞ്ഞണുവിനെ നോക്കി.  അത് വികസിച്ചു വരുന്നു. കുന്നിക്കുരുവിന്‍റെ വലിപ്പത്തില്‍, പിന്നീട് ആപ്പിളിന്‍റെ ആകൃതിയില്‍, പിന്നീട് അവളേക്കാള്‍ വലിയ പ്രകൃതിയില്‍ വളര്‍ന്ന്, പഴമായി, പൊട്ടിച്ചിതറി അവിടെമാകെ നിറഞ്ഞു.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top