അന്ന് മങ്കാവുടി പഞ്ചായത്തായിരുന്നു.
വടക്ക് ആലുവായ്ക്ക് പോകുന്ന പര്‍വ്വതനിരകളുടെ പനിനീരായ പെരിയാറും, തെക്ക് മൂന്ന് ആറുകള്‍ കൂടി പുഴയാകുന്ന നഗരവും, കിഴക്ക് മല നിരകളും കാപ്പിയും തേയിലയും കുരുമുളകും ഏലം മണക്കുന്ന കുളിര് തെന്നലും, പടിഞ്ഞാറ് പെരുമ്പാമ്പൂരും…….
തെളി നീരൊഴുകുന്ന പുഴ. പുഴയിലേക്ക് ഒഴുകിയെത്തുന്ന അരുവികളും തോടുകളും, തോട്ടിറമ്പുകളില്‍ നെല്‍പ്പാടങ്ങളും, തെങ്ങിന് തോപ്പുകളും, തലയുയര്‍ത്തി സൂര്യനെ കാണുന്ന കമുകുകളും മാവുകളും, പ്ലാവുകളും. വേലികളും വേലിപ്പടര്‍പ്പുകളും തൊണ്ടുകളും, ഇടവഴികളും, ഇടവഴികളില്‍ രാത്രി സഞ്ചാരികളായ പെരുച്ചാഴികളും, കീരികളും, ഇളവെയില് കായുന്ന ചേരപ്പെണ്ണുങ്ങളും, അവരെ ഒളിഞ്ഞ് കാണുന്ന മൂര്‍ഖന്‍ യുവാക്കളും. ഓരിയിട്ട് നാടന്‍ കോഴികളെ തേടിയെത്തുന്ന കുറുക്കന്മാരും, കുറുക്കന് കല്യാണങ്ങള്‍ നടത്താന്‍ വെയില് മഴകളും, മകരമഞ്ഞും കര്‍ക്കിടക മഴയും ഞാറ്റുവേലയും തേക്കുപാട്ടും……
പള്ളിപ്പെരുന്നാളുകളും, ഉത്സവങ്ങളും, മഞ്ഞ് നനഞ്ഞു കൊണ്ടുള്ള ഉത്സവകാഴ്ചകളും, തുമ്മലും ചീറ്റലും മൂക്കു പിഴിച്ചിലും ജലദോഷവും…….
മങ്കാവുടിക്കാര്‍ക്ക് പഠിക്കാന്‍ സ്വന്തമായിട്ട് കോളേജുകളും സ്കൂളുകളും ഉണ്ട്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തരകന് സാറും രാധാകൃഷ്ണന് സാറും, മലയാളം പഠിപ്പിക്കാന്‍ പികെബി സാറും കര്‍ത്താവു സാറും ഉണ്ടായിരുന്നു.
അവനും അവളും പ്രീഡിഗ്രിക്കെത്തിയതായിരുന്നു.
അവന് പതിനേഴ് വയസ്സും അവള്‍ക്ക് പതിനെട്ടും.
അവന് ഹിന്ദുവും അവള് ക്രിസ്ത്യാനിയും.
എന്നിട്ടും അവന് മന്ത്രിച്ചു.
ദേവി, ശ്രീദേവി തേടി വരുന്നു ഞാന്‍, നിന് ദേവാലയ വാതില്‍ തേടി വരുന്നു ഞാന്‍…..
പക്ഷെ, അവന്റെ തേടിവരവ് അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവള്, പാവാടയും ബ്ലൗസ്സും ഡാവിണിയും അണിഞ്ഞ സുന്ദരിക്കുട്ടി, സ്നേഹിതകളുടെ ഇടയില്‍ ആരാലും ശ്രദ്ധിക്കപ്പെടല്ലേയെന്ന് ചിന്തിച്ച് നിലം നോക്കി നടക്കുകയായിരുന്നു. അവനോ സുന്ദരന്മാരായ കാഴ്ചക്കാര്ക്കിടയില് ഒറ്റ മുണ്ടും നീല നിറത്തിലുള്ള ഷര്‍ട്ടുമിട്ട് കോളേജ് കവാടത്തില്‍ നില്‍ക്കുകയായിരുന്നു. എന്നും അങ്ങിനെ തന്നെയായിരുന്നു. അന്ന് അങ്ങിനെയൊക്കെ നില്‍ക്കാനേ ഇടമുണ്ടായിരുന്നുള്ളൂ. അല്ലാത്തിടത്തൊക്കെ ചാരക്കണ്ണുകളുമായിട്ട് അദ്ധ്യാപകര്‍ പരതി നടന്നിരുന്നു. കാരണമുണ്ട്, എ പ്ലസ് ബി ദി ഓള് സ്ക്വൊയേര്‍ഡ് ഈസ് ഈക്വല്‍ ടൂ എ സ്ക്വൊയേര്‍ഡ് പ്ലസ് ബീ സ്ക്വൊയേര്‍ഡ് പ്ലസ് ടു ഏബിയെന്ന് ഉത്തരം കണ്ടെത്തുന്ന മാത്തുകുട്ടി സാര്‍, ഊര്‍ജ്ജതന്ത്രം പഠിപ്പിക്കാനെത്തിയ മേഴ്സി ടീച്ചറെ പ്രകൃതി ധര്‍മ്മപ്രകാരമുള്ള കൂട്ടു ജീവിതം കെട്ടിപ്പടുക്കാന്‍ കൈപിടിച്ച് കൊണ്ടു പോയത് കാമ്പസില്‍ നിന്നാണ്. വരാന്തയിലൂടെ അടുത്തടുത്ത ക്ലാസ്സുകളിലേക്ക് പോകുമ്പോള്‍ കണ്ടും കേട്ടും മനസ്സറിഞ്ഞും പറഞ്ഞും പ്രണയിച്ചുമാണ്. അതില്‍ നിന്ന് മറ്റ് അദ്ധ്യാപകര്‍ക്ക് അസൂയും മുളച്ചിരുന്നു.
അന്നൊരിക്കല്‍, അവന് രസതന്ത്ര റെക്കോര്‍ഡ് ബുക്കിന്റെ അവസാന താളില്‍ എഴുതി.
മാണിക്ക വീണയുമായെന്‍ മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളെ, പാടുകില്ലെ വീണമീട്ടുകില്ലേ നിന്റെ വേദനയെന്നോട് ചൊല്ലുകില്ലേ…..
അവള് അത് കണ്ടില്ല. രസതന്ത്ര അദ്ധ്യാപകന് കണ്ടെത്തി ക്ലാസ്സില്‍ വന്ന് അവനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി, മാണിക്ക വീണ മനോഹരമായി പാടി. ക്ലാസ്സിലെ കുട്ടികള്‍ക്ക് മനസ്സിലായി ദാസ് സാറ് ആ ഗാനം ഈ കാമ്പസ്സില്‍ തന്നെ പാടി നടന്നിട്ടുണ്ടെന്ന്.
പക്ഷെ, പിന്നീട് ദാസ് സാര്‍ ഉറഞ്ഞ് തുള്ളുന്നതാണ് കണ്ടത്.
നിനക്കെഴുതാന്‍ കെമിസ്ട്രി ബുക്കേ കിട്ടിയുള്ളൂ… ബയോളജിയുടെ, അല്ലെങ്കില്‍ സുവോളജിയുടെ ബുക്കില്‍ എഴുതാന്‍ പാടില്ലായിരുന്നോ…..
അവന് മുഖ മുയര്‍ത്തി നോക്കി.
അതു മതിയായിരുന്നു. പ്രണയത്തിന് ബയോളജിയും സുവോളജിയുമായിട്ടാണ് കൂടുതല്‍ ചേര്‍ച്ചയുള്ളത്. പക്ഷെ, എഴുതിയപ്പോള്‍ പ്രണയത്തിന്റെ രസതന്ത്രമെന്ന പഴമൊഴി ഓര്‍മ്മിച്ചു പോയി. ഒഴിവാക്കാമായിരുന്നു. അവന് ചിന്തിച്ചതേയുള്ളൂ, പറഞ്ഞില്ല.
ഒന്നും പറയാതെ തന്നെ ശിക്ഷ കിട്ടി. പകുതിയോളം എഴുതിക്കഴിഞ്ഞ റെക്കോര്‍ഡ് ബുക്ക് മാറ്റിയെഴുതുക. അവന് രണ്ടു തുള്ളി കണ്ണീര് പൊഴിച്ചു. ലാബില്‍ വരുമ്പോള്‍ എല്ലാവരും ചെരുപ്പ് ധരിക്ക്യണമെന്ന് നിഷ്ക്കര്‍ഷിച്ചത് ദാസ് സാറായിരുന്നു, ക്ലാസ്സ് തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും അവന് അതിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ടാമതും റെക്കര്‍ഡ് ബുക്ക് വാങ്ങേണ്ടി വന്നിരിക്കുന്നു. അവന് നിറ കണ്ണുകളോടെ ദാസ് സാറിനെ നോക്കി, സഹപാഠികളെ നോക്കി, നിസ്സഹായനായി തലകുനിച്ചിരുന്നു. ദാസ് സാറിന് അവന്റെ കലങ്ങിയ കണ്ണിന്റെ ഉള്ളിലേക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ സഹപാഠികള്‍ക്ക് കഴിഞ്ഞു. പുതിയ റെക്കോര്‍ഡ് ബുക്കും വള്ളിച്ചെരുപ്പും കിട്ടി.
അന്ന് അവന്റെ മോഹങ്ങള്‍ മരവിച്ചില്ല, മോതിരക്കൈ മുരടിച്ചുമില്ല. മനസ്സ് ഉണര്‍ന്നു തന്നെയിരുന്നു.
ദാസ് സാറിന്റേതും പ്രണയ വിവാഹമായിരുന്നു. അതും പ്രീഡിഗ്രിക്ക് പഠിക്കാന്‍ വന്ന കൊച്ചുറാണിയുമായിട്ട്. കൊച്ചുറാണി പിപ്പറ്റു കൊണ്ട് ടെസ്റ്റ് ട്യൂബിലേക്ക് സല്‍ഫൂരിക്കാസിഡ് ഒഴിക്കുന്ന കൃത്യത കണ്ട്, ആ സമയത്തെ മുഖത്തിന്റെ ശാലീനത കണ്ട് മയങ്ങി വീഴുകയായിരുന്നു. അവരുടേത് ഒരു നീണ്ട ഒരു പ്രണയമായിരുന്നു. കൊച്ചുറാണി പ്രീഡിഗ്രി കഴിഞ്ഞ്, നേഴ്സായി രണ്ടു വര്‍ഷത്തിന് ശേഷമാണ് വിവാഹം സംഭവിച്ചത്. അതിനായിട്ട് ദാസ് സാര്‍ നിരാഹാരവും നിസ്സഹകരണ സമീപനങ്ങളും നടത്തിയിരുന്നു. അവന്റെ പൂര്‍വ്വികര്‍ കാമ്പസ്സിന്റെ ചുവരുകളില്‍ അവരെക്കുറിച്ച് എഴുതിയത് ഇന്നും മാഞ്ഞു പോകാതെ നിലനില്‍ക്കുന്നുമുണ്ട.്
അവന്, മാണിക്ക വീണയുമായെന്‍ മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളെയെന്ന് എഴുതിയെങ്കിലും അവളോട് തന്റെ പ്രണയം പറയുന്നതിനുള്ള ധൈര്യം കിട്ടിയില്ല. അവള് ഒന്നുമറിയാതെ സന്തോഷവതിയും ഉല്ലാസവതിയും സുസ്മേര വദനയുമായി എന്നും അവന്റെ മുന്നിലൂടെ നടന്നു. അങ്ങിനെ അഴലുമ്പോഴും അവന്റെ മനസ്സില്‍ മറ്റൊരു ഗാനം പൂത്ത് വിരിഞ്ഞു നിന്നു.
അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു, അതിനുള്ള വേദന ഞാനറിഞ്ഞു……..
കാല് നഖങ്ങള്‍ മനോഹരമായി വെട്ടി, ചകിരിയുരച്ച് മിനുക്കി വള്ളിച്ചെരുപ്പിട്ടപ്പോള്‍ അവന് കൂടുതല്‍ സുന്ദരനായെന്ന് അഭിമാനം കൊണ്ടു. അവള് നിലത്ത് നോക്കി നടക്കുമ്പോള്‍ അവന്റെ പാദ മനോഹാരിത കാണുമെന്നാണ് വിവക്ഷ. അവനെന്നും കാമ്പസ് കവാടത്തില്‍ കൂട്ടത്തോടൊപ്പം നിന്നു.
കല്ലോലിനി, വന കല്ലോലിനി നിന് തീരത്തു വിടരും ദുഃഖ പുഷ്പങ്ങളെ താരാട്ടു പാടിയുറക്കൂ, ഉറക്കൂ….
വേണ്ടതായിരുന്നു. പക്ഷെ, നൂറായിരം ചെടികളും വള്ളിപ്പടര്‍പ്പുകളും പൂക്കളും കായ്ക്കളും തഴച്ചു വളര്‍ന്നു നില്ക്കുന്ന തീരത്തു നിന്ന് അവളെങ്ങിനെ അവനെന്ന ശോകസൂനത്തിനെ മാത്രം കണ്ട് പാടിയുറക്കും……. അവളാണെങ്കില്‍ നിലം നോക്കി ഒതുങ്ങി, മന്ദംമന്ദം ഒഴുകി താഴേക്ക് പോകുന്ന വനകല്ലോനി, അവന്റെ ഹൃദയവാഹിനി ആണെങ്കിലും….
ഹൃദയവാഹിനി ഒഴുകുന്നു നീ, മധുരസ്നേഹ തരംഗിണിയായി, കാലമാമാകാശ ഗോപുര നിഴലില്‍ കല്പനതന് കളകാഞ്ചികള്‍ ചിന്നി….
പലപ്പോഴും തൊട്ടൂ തൊട്ടില്ല, തൊട്ടൂ തൊട്ടില്ല എന്നപോലെ അവനരികിലൂടെ കടന്ന് പോയിട്ടുണ്ട്, അവന്റെ തരളിത ഹൃദയം പൂത്തു വിരിഞ്ഞിട്ടുണ്ട്, എന്നാലും ഒന്നും പറയാന്‍ കഴിഞ്ഞില്ല.
ഭയം, വിറയല്‍, വിയര്‍ക്കല്‍….
കൂട്ടുകാര്‍ അവനെ പരിഹസിച്ചു, പിന്നെ ഉപദേശിച്ചു. മനസ്സിന് ആരോഗ്യം കിട്ടാന്‍ പല പൊടിക്കൈകളും ഉപദേശിച്ചു. അവന്റെ ലോല ഹൃദയം അതൊന്നും ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കിയില്ല. മനമുറച്ച്, ഭയമകന്ന് അവള്‍ക്ക് അരുകില്‍ എത്താന്‍ കഴിയാതെ വേദനിച്ചു.
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ, മെയ്യില്‍ പാതി പകുത്തു തരൂ, മനസ്സില്‍ പാതി പകുത്തു തരൂ മാന്‍ കിടാവേയെന്ന് മനസ്സ് കേണുകൊണ്ടിരുന്നു.
വലിയ വൈതരണിയായി നില്‍ക്കുന്നത് അവള് സ്വന്തം ക്ലാസ്സിലല്ലെന്നതാണ്. ക്ലാസ്സില്‍ സുന്ദരികളില്ലായിരുന്നതു കൊണ്ടല്ല, അവനോട് ചങ്ങാത്തം കൂടാന്‍ ആരും തയ്യാറാകില്ലെന്ന് തെറ്റിദ്ധരിച്ചിട്ടുമല്ല. അവന്റെ മനസ്സ് ആദ്യ ദര്‍ശനത്തില്‍ തന്നെ അവളില്‍ ഉറഞ്ഞു പോയി.
പ്രേമഭിക്ഷുകി, ഭിക്ഷുകി ഏതു ജന്മത്തില്, ഏതു സന്ധ്യയില്‍ എവിടെ വച്ചു നാം കണ്ടു….. ആദ്യമായി എവിടെ വച്ചു നാം കണ്ടു…..
കഴിഞ്ഞ ജന്മത്തിലാണോ, ജന്മാന്തരങ്ങള്‍ക്ക് മുമ്പാണോ……
അതുവേണ്ട, കെമിസ്ട്രിയും ഫിസിക്സും അതിനെ അനുകൂലിക്കുന്നില്ല, ബയോളജിയും സുവോളജിയും അനുകൂലിക്കുന്നുണ്ടോ…. അറിയില്ല…. അതിന് എന്തെങ്കിലും പഠിച്ചിട്ടുണ്ടോ… കോളേജില്‍ എത്തിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു….
കണ്ണടച്ചാല്‍ നീയാണു സന്ധ്യേ, കണ് തുറന്നാലും നീയാണു സന്ധ്യേ, ചെമ്മാനം പൂത്തു നില്ക്കുമ്പോള് വേറെന്തു കാണും ഞാന്‍…..
അവന് കവിതയെഴുതിത്തുടങ്ങിയോ…..
കവിതയെഴുതിയാലും ഇല്ലെങ്കിലും സൂര്യന് വെടിഞ്ഞ താമരപോലെ തളര്‍ന്ന് ക്ലാസിലെ ഡെസ്കില്‍ തലകുമ്പിട്ട് കിടന്ന അവനെ സഹപാഠികള്‍ സഹായിക്കാന്‍ തയ്യാറായി. ക്ലാസ്സില്‍ അപ്പോള്‍ അതിമോഹനമായൊരു പ്രണയം പുഷ്പിക്കാറായി നില്ക്കുന്ന സമയം, നിര്‍മ്മലയുടേയും സുകുമാരന്റേയും. പ്രീഡിഗ്രി കഴിഞ്ഞ് അവര്‍ കൂട്ടു ജീവിതം തുടങ്ങി. വീട്ടുകാര്‍ തന്നെ നടത്തിക്കൊടുത്തു. പക്ഷെ, സഹപാഠികളെ ആരെയും അറിയിക്കുകയോ സദ്യകൊടുക്കുകയോ ചെയ്തില്ല. അതെന്തെന്ന് ചോദിച്ചാല്‍ ഇന്നത്തെപ്പോലെ വിവാഹങ്ങള്‍ ഉത്സവങ്ങളായിരുന്നില്ലെന്നെ അനുമാനിക്കനാകൂ.
അവനെ സഹായിക്കണമെന്ന് തീരുമാനിച്ചത് സഹപാഠികള്‍ ഏകകണ്ഠമായിട്ടാണ്. റെയിച്ചലിനെ ദൂത് ദൗത്യം ഏല്‍പ്പിച്ചതും. ഹംസമായി പോയ റെയിച്ചലിന്റെ കൂടെ അവള് അവന്റെ അടുത്തേക്ക് വന്നു. കലപില ശബ്ദങ്ങളാല്‍ മുഖരിതമായിരുന്ന ക്ലാസ്സ് നിശ്ശബ്ദമായി. രാജകുമാരിയുടെ എഴുന്നള്ളത്തുപോലെ അവരതിനെ കണ്ടു, സ്വീകരിച്ചു.
ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു, പുഷ്പ പാദുകം പുറത്ത് വയ്ക്കൂ നീ, നഗ്ന പാദയായ് അകത്തു വരൂ….
അവള് മനസ്സിന്റെ എല്ലാ ആടകളും അഴിച്ചു വച്ച് അവന്റെ ഹൃദയ ഗോപുരത്തിലേക്ക് ചേക്കേറുന്നത് സഹപാഠികള്‍ നോക്കി നിന്നു, കൈയ്യടിച്ചു, ആമോദം കൊണ്ടു.
പ്രിയതമാ, പ്രണയലേഖനമെങ്ങിനെയെഴുതണം മുനികുമാരികയല്ലേ, ഞാനൊരു മുനികുമാരികയല്ലേ…..
മുനികുമാരികയാണെങ്കിലും പിന്നീട് കണ്ടത് നൂറേക്കര്‍ വരുന്ന കോളേജ് കാമ്പസ്സിനുള്ളില്‍ ചാരക്കണ്ണുകളില്ലാത്ത വൃക്ഷച്ചുവടുകളില്‍, ചുമര് മറവുകളില്‍ നസീറും ഷീലയുമായി, ഇണക്കുരുവികളെപ്പോലെ പറന്നു കളിക്കുന്നതാണ്. സ്നേഹിതര്‍ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ അവരെ വിട്ട് അടുത്ത സമസ്യയിലേക്ക് നീങ്ങി.
പച്ചിലയും കത്രികയും പോലെ, പട്ടുനൂലും പവിഴവും പോലെ……
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരുകിലിരിക്കെ, സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാന്‍ എന്തൊരു നാണം…..
കായാമ്പൂ കണ്ണില്‍ വിടരും, കമലദളം കവിളില്‍ വിടരും, അനുരാഗവതി നിന് ചൊടികളില്‍ നിന്നാലിപ്പഴം പൊഴിയും…….
ഒരു ദിവസം അവളുടെ ക്ലാസ്സ് മുറിയുടെ ചുമരുകളില്‍ അവരെക്കുറിച്ചുള്ള കഥകള്‍ ആലേഖനം ചെയ്യപ്പെട്ടപ്പോള്‍ സത്യത്തില്‍ സ്നേഹിതര്‍, അദ്ധ്യാപകര്‍ സ്തംപിച്ചു പോയി. അവരുടെ സ്തംപനാവസ്ഥ കൊണ്ട് കഥയൊടങ്ങുന്നില്ലല്ലോ…… ലേഖനങ്ങള്‍ ചരിത്രമായി നിലനില്‍ക്കുമെന്ന് അവര്‍ക്കും, പലര്‍ക്കും അറിവുള്ളതായിരുന്നു.
അവന് വീണ്ടും ശിക്ഷിക്കപ്പെട്ടു.
വിധികര്‍ത്താക്കളായിട്ട്, ആരാച്ചാരന്മാരായിട്ട് മാത്തുക്കുട്ടി സാറും, ദാസാറും നോക്കി നില്‍ക്കെ അവന് ലേഖിതമായിരുന്നതെല്ലാം കുമ്മായം പൂശി വെളുപ്പിച്ചു. അവരെ ചരിത്രത്തില്‍ നിന്നും മറച്ചു വച്ചു.
അരാഷട്രീയവാദികളും മൂരാച്ചികളും, കുതികാല്‍വെട്ടികളും ആരവമുയര്‍ത്തി കാമ്പസിനെ മറിച്ചു വയ്ക്കാന്‍ തയ്യാറായി മാത്തുക്കുട്ടി സാറിനും ദാസാറിനും പിന്നില്‍ അണിനിരന്ന്, അവനെ ക്രൂശിതനാക്കി പുറത്തേക്ക് കൊണ്ടു വന്നപ്പോള്‍ ആണ് അവര്‍ ശരിക്കും ഞെട്ടിപ്പോയത്. അവന്റെ സഹപാഠികള്‍ കാമ്പസ്സ് ചുവരുകളെല്ലാം വെള്ളപൂശുകയായിരുന്നു, എല്ലാ ചരിത്രങ്ങളും അവിടെ ഇല്ലായ്മ ചെയ്യപ്പെടുകയായിരുന്നു.
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, എന്നോമല്‍ ഉറക്കമായി ഉണര്‍ത്തരുതേ…
മങ്കാവുടി ശൈത്യം കഴിഞ്ഞ് വേനല്‍ ചൂടിലേക്ക് നീങ്ങവെ കാമ്പസ്സില്‍ പരീക്ഷക്കാലമായി. വേവലാതികളൊന്നുമില്ലാതെ പരീക്ഷയെഴുതിയിരുന്നവര്‍ കുറവാണെന്ന് അന്തഃരീക്ഷം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. എഴുതാനൊന്നുമില്ലാത്തതുകൊണ്ടും, എഴുതാന്‍ അധികമുള്ളതു കൊണ്ടും വേവലാതി ഉണ്ടാകാം. അവന് ഏതില്‍ വരുമെന്ന്, അവന് പോലും ചിന്തിച്ചില്ല. അവള്‍ക്ക് അത് ചിന്തിക്കേണ്ട കാര്യവുമില്ലായിരുന്നു.
പരീക്ഷ അവസാനിക്കുന്ന ദിവസം അവള് പറഞ്ഞു.
എന്റെ വിവാഹമാണ്, ഈസ്റ്റര്‍ കഴിഞ്ഞ് വരുന്ന ഞായറാഴ്ച.
അവനോന്നും മനസ്സിലാകാതെ നിന്നു.
വരനാരാണെന്ന് അറിയണ്ടേ…. കാളവയല്‍ കരാറുകാരന് പീലിയുടെ മകന് പോള്‍…..
ഇരുള് മണ്ണില്‍ നിന്ന് മുകളിലേക്ക് പടര്‍ന്നുകയറുന്നത് അവന് കണ്ടു. സന്ധ്യ പോലും മങ്ങിയിരുന്നു.
വെറുതെ ഞാനെന്തിന് എരിയും വെയിലത്ത്…..
കയിലുകുത്തി നടന്നത് അവന്റെ തെറ്റു കൊണ്ടായിരുന്നോ, അവള് ക്ഷണിച്ചിട്ടായിരുന്നോ….
നെഞ്ചെരിഞ്ഞുയരുന്ന പുക കണ്ട് ലോകം പുഞ്ചിരിയാണെന്ന് പറഞ്ഞു, അങ്ങിനെ യല്ലെന്ന് അവള്‍ക്കറിയാമായിരുന്നെങ്കിലും.
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളെ നിനക്കായി സര്‍വ്വവും ത്യജിച്ചൊരു ദാസന് വിളിക്കുന്നു, നിന്നെ വിളിക്കുന്നു….
പക്ഷെ, ത്യജിക്കാന്‍ നിനക്കെന്താണുള്ളതെന്ന് ആരെങ്കിലും ചോദിച്ചാല്‍…..
ചോദിക്കാതെ തന്നെ അവന് ഉത്തരം കണ്ടെത്തി.
ഒന്നുമില്ലാത്തവന്….
പ്രാണസഖീ, ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്…..
അതവളെ വേദനപ്പെടുത്തി, അശക്തയാക്കി. നിസ്സഹായ ആയി തിരിഞ്ഞു നോക്കിക്കൊണ്ട്, വീണ്ടും വിണ്ടും നോക്കിക്കൊണ്ട് അവന്റെ സ്വപ്ന ഗോപുരത്തില്‍ നിന്നും അവള് പുറത്തു കടന്നു.
അവന്റെ ഹൃദയതന്ത്രികള്‍ മുറുകി, ബോധധമനികളില്‍ രക്തപ്രവാഹംമേറി…..
എങ്കിലും ഒരു പഴുത് കണ്ടെത്താനാകുമെന്ന് കരുതി മങ്കാവുടിയിലെ കാളവയലില് കച്ചവട ദിവസം അവന് പരതി നടന്നു. കൈപ്പത്തിക്ക് മുകളില്‍ തോര്‍ത്തിട്ട് കച്ചവടം ഉറപ്പിക്കുന്ന പോളിനെ, അവന്റെ അപ്പന് പീലിയെ കണ്ടു. അവരുടെ ദേഹ ഉറപ്പുകളും, മനശ്ശക്തിയും, ധന വലിപ്പവും അറിഞ്ഞ് മടങ്ങി.
സ്വപ്നങ്ങളെ വീണുറങ്ങൂ… മോഹങ്ങളെ ഇനിയുറങ്ങൂ… ചപല വ്യാമോഹങ്ങള്‍ ഉണര്‍ത്താതെ….
ഈസ്റ്റര്‍ കഴിഞ്ഞുള്ള ഞായറാഴ്ച, പുത്തന്‍ പള്ളിയിലെ അള്‍ത്താരയില്‍ വച്ച് അവളുടെ തലയില്‍ പോള്‍ മന്ത്രകോടി ചാര്‍ത്തുന്നത് അവന് കണ്ടു നിന്നു.
മംഗളം നേരുന്നു ഞാന്‍ മനസ്വിനി, മംഗളം നേരുന്നു ഞാന്‍….. അലിഞ്ഞു ചേര്‍ന്നതിന് ശേഷമെന്‍ ജീവനെ പിരിഞ്ഞു പോയ് നീയെങ്കിലും മംഗളം നേരുന്നു ഞാന്‍….
@@@@@