(2019 ഡിസംബറിൽ ‘കഥ മാസിക’യിൽ. പ്രസിദ്ധീകരിച്ചത് . തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിൽ നിന്ന് തകഴിക്ക് കിട്ടിയ നേർക്കാഴ്ച ആയിരുന്നു “വെള്ളപ്പൊക്കത്തിൽ” എന്ന കഥ. രണ്ടായിരത്തി പതിനെട്ടിൽ എന്റെ നാട്ടിൽ നിന്ന് -കോതമംഗലം-മൂവാറ്റുപുഴ- കിട്ടിയതും. )
വിജയകുമാര്‍ കളരിക്കല്‍
തൂശനില ഇടത്തോട്ട് തുമ്പിട്ട്, തുമ്പത്തു തുടങ്ങി പഴം, ഉപ്പേരി, ശര്‍ക്കര വരട്ടി, അവകള്‍ മൂന്നും മൂടി ഒരു പപ്പടം വച്ച്, മൂന്നുകൂട്ടം തൊടുകറികള്‍, പച്ചടി, കിച്ചടി, ഓലന്‍, തോരന്‍, കൂട്ടുകറി, അവിയല്‍ വിളമ്പിയാല്‍ ഊണു തുടങ്ങാം. തുമ്പപ്പൂ പോലുള്ള ചോറു വേണ്ട, തവിട് അധികം കളയാത്ത കുത്തരിച്ചോറു വിളമ്പി, ഉപ്പ് കൂടുതല്‍ ചേര്‍ത്ത് പാകം ചെയ്ത പരിപ്പ് കറിയൊഴിച്ച് നെയ്യ് ചേര്‍ത്ത് ചെറിയ ഉരുളകളാക്കിയാണ് തുടങ്ങേണ്ടത്. മൂന്നല്ലെങ്കില്‍ നാല് ഉരുളകളാകാം. ഈപ്രായത്തില് അത്രയേ കഴിയൂ….. ഉരുക്കു നെയ്യിന്റെ സ്വാദ് പൂര്‍ണ്ണമായും നുണഞ്ഞിറക്കി കഴിഞ്ഞ് നാലുരുളകള്‍ക്കുള്ള ചോറ് കൂട്ടത്തില്‍ നിന്ന് നീക്കി വച്ച് സാമ്പാര്‍ ഒഴിക്കാം. നെയ്യിന്റെ സ്വാദില്‍ മറ്റ് കൂട്ടാനുകള്‍ മറന്നിട്ടുണ്ടെങ്കില്‍ അവിയല്‍ മുതല്‍ കഴിച്ചു തുടങ്ങണം…. അവിയല്‍, കൂട്ടുകറി…. കൂട്ടുകറിക്ക് ഉപ്പ് കൂടുതല്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടാല്‍ ഓലന്‍ ചേര്‍ത്ത് കുറയ്ക്കാം. സാമ്പാര്‍ കൂട്ടിയുണ്ണുമ്പോള്‍ ഒരു കറിയും വിട്ടുകളയരുത്. പച്ചടി കിച്ചടിയൊക്കെ ചിലപ്പോള്‍ പിണങ്ങും. ഇഞ്ചിക്കറി മറന്നാല്‍ ദഹനം കോപിക്കും. സാമ്പാര്‍ ചേര്‍ത്തത് ഒരു പക്ഷെ, നാലുരുളകളില്‍ കൂടുതല്‍ ഉണ്ടാകാം, കൃത്യമായിട്ട് അളന്നൊന്നുമല്ലല്ലോ എടുക്കുന്നുത്, അതങ്ങ് കഴിക്കുക. ഇത്തിരി രസം കൈക്കുമ്പിളില്‍ വാങ്ങി വലിച്ച് കുടിച്ച്, ഇലയില്‍ വീഴുന്ന രസത്തില്‍ കുഴച്ച് ലേശം ചോറു കൂടി ആകാം. രസം ദീപനത്തിനാണ്. അധികമാകരുത്, പായസത്തിനു ശേഷം മോരു കൂട്ടി അല്പം ചോറുകൂടി ഉണ്ണാനുള്ളതാണ്, അല്ലെങ്കില്‍ തികട്ടി വരും. ഇപ്പോള്‍ ഇലയിലെ കറികള്‍ ഏതാണ്ട് തീര്‍ന്നിട്ടുണ്ടാകും. ഓ… പപ്പടം മറന്നു. അച്ചാറില്‍ നാരങ്ങ മാത്രം തൊട്ടിട്ടില്ല. വേണ്ട തൊടണ്ട, പായസം ഉണ്ണുമ്പോള്‍ വേണ്ടി വരും. ബാക്കിയുള്ള ചോറ് ഇടത്തോട്ട് ഒതുക്കി വച്ച് പായസത്തിനുള്ള ഇടമുണ്ടാക്കണം. മറന്ന പപ്പടത്തെ അവിടെ പൊട്ടിച്ചിട്ട് അതിന് മുകളില്‍ പായസം ഒഴിക്കാം… അധികം വേണ്ട ഒരു തവി. കൂടണ്ട, ഷുഗര്‍ ഉണ്ട്. പായസത്തിന് മേമ്പൊടി പോലെ ഉപ്പേരിയും ശര്‍ക്കര വരട്ടിയും അകത്താക്കാം. മട്ടാതിരിക്കാന്‍ നാരങ്ങ അച്ചാര്‍ ഇടക്കിടക്ക് തൊട്ട് നാവില്‍ പുരട്ടാന്‍ മറക്കരുത്. ഒടുവില്‍ നീക്കി വച്ചിരിക്കുന്ന ചോറില്‍ ഇത്തിരി പച്ചമോര് ചേര്‍ത്ത് ഉണ്ടു കഴിഞ്ഞാല്‍ പഴം കൂടി തിന്നാം. സുഭിക്ഷം. ഉറങ്ങിപ്പോകും.
അതും ഈ പറമ്പിലെ ഇല തന്നെ വേണം, തെക്കേ മൂലയില്‍ നില്ക്കുന്ന ഞാലിപ്പൂവന് വാഴയുടെ. പറമ്പില്‍ നിറയെ ഫലവൃക്ഷങ്ങളാണ്. നട്ടു വളര്‍ത്തിയത് അയാള്‍ തന്നെയാണ്. മാവ്, പ്ലാവ്, തെങ്ങ്, പേര…..ഇടം തിരിച്ച് കപ്പ, ചേന, ചേമ്പ,് ഇഞ്ചി തുടങ്ങി നടുനനകളും……..
ഈ പുഴയോരത്തായിരുന്നു അവന്റെ അച്ഛന്റെ, അയാളുടെ ജീവിതം. അച്ഛന്റെ മാത്രമല്ല, തലമുറകളായിട്ട് ഇവിടെത്തന്നെ ആയിരുന്നു. അച്ഛന് കൃഷി പണിക്കാരനായിരുന്നു, അച്ഛന്റെ അച്ഛനും മുന്‍ തലമുറകളും അങ്ങിനെ തന്നെയായിരുന്നു. ആദിയില്‍ പേരു വേണ്ടാത്ത ജന്മിയുടെ, പിന്നിട് അവരില്‍ നിന്നും സ്ഥലങ്ങള്‍ വാങ്ങി സ്വന്തമാക്കിയ മുതലാളിയുടെ……. പാടത്തും പറമ്പിലും പണിയെടുത്ത് ജീവിച്ചിരുന്നവര്‍…… പുഴയോരത്ത് കുടികിടപ്പവകാശത്തില്‍ കിട്ടിയതാണ് സ്ഥലം….. അവകാശികള്‍ പലരുമുണ്ടായിരുന്നു….. ജോലികള്‍ തേടിയും കിട്ടിയും അകന്നു പോയപ്പോള്‍ അവന്റെ അച്ഛന് സ്വന്തമായി. കുടില്‍ കെട്ടിത്തന്നെയാണ് അച്ഛന് ജീവിതം തുടങ്ങിയത്, മക്കളെ വളര്‍ത്തിയത്.
അവന് സര്‍ക്കാര്‍ ജോലി കിട്ടിയെന്നറിഞ്ഞപ്പോള്‍ അച്ഛന് പറഞ്ഞ ആഗ്രഹമാണ് ഈ പുഴയോരത്ത് ഒരു വീട് വക്കണമെന്നത്. ചുമ്മാ ഒരു വീടു പോരാ…. രണ്ടു നിലയുള്ള വാര്‍ക്ക വീട്, അതിന്റെ രണ്ടാമത്തെ നിലയില്‍ വേണം അച്ഛനുള്ള മുറി…. മുറിയില്‍ നിന്ന് പുറത്തിറങ്ങി ബാല്‍ക്കണിയില്‍ നിന്നാല്‍ പുഴ കാണണം. അവിടെ നിന്ന് ഓര്‍മ്മകളെ അയവിറക്കണം. പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ചത്, കൂട്ടുകാരോടൊത്ത് നിറഞ്ഞു നിന്ന പുഴ നീന്തി കടന്നത്, നിറഞ്ഞൊഴുകവെ വെള്ളത്തോടൊപ്പം ഒഴുകി വരുന്ന തേങ്ങ, മാങ്ങ, പാത്രങ്ങള്‍ മറ്റു പലതും പിടിച്ചടുത്തിട്ടുള്ളത്…. അതിനു വേണ്ടിയെല്ലാം മത്സരിച്ചിട്ടുള്ളത്, വാഴത്തടകൊണ്ട് ചങ്ങാടമുണ്ടാക്കി തുഴഞ്ഞിട്ടുള്ളത്…..
പണ്ട് കുടിലില്‍ പാര്‍ത്തിരുന്നപ്പോള്‍ എല്ലാ വര്‍ഷവും കര്‍ക്കിടകത്തില്‍ പുഴ വളര്‍ന്ന് കുടിലിനെ തഴുകുന്നത് കണ്ടിട്ടുണ്ട്, അച്ഛനും മകനും…. ഒന്നേ രണ്ടോ ദിവസം അങ്ങിനെ നിന്നിട്ട് വലിഞ്ഞ്, വേനല്ക്ക് ഒരു ചെറു നീര്‍ച്ചാലായി തീരുന്നതും കണ്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ വെള്ളം കയറിയിറങ്ങി പോകുന്നത് നല്ലതാണെന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്, എക്കല്‍ അടിയുന്നത് വളക്കൂറു കിട്ടാന്‍….. ചിങ്ങമാകുമ്പോഴേക്കും തെങ്ങുകള്‍ കൂടുതല്‍ ഉന്മേഷത്തോടെ ചിരിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്, പിന്നീട് ഉണ്ടാകുന്ന കായക്കുലകള്‍ വലിപ്പം കൂടിയും……
ജോലി കിട്ടിയപ്പോള്‍ കായലോര പറമ്പിലെ വാസം മാറ്റേണ്ടി വന്നു, ഇരുപത് വര്‍ഷക്കാലം. അന്യ നാടുകളിലെ വാടകവീടുകളില്‍ മാറി മാറി താമസ്സിച്ചു…. കൂടെ അച്ഛനുമമ്മയും ഉണ്ടായിരുന്നു…. ഇടയ്ക്ക് ഭാര്യ വന്നു, രണ്ടു മക്കള്‍ വന്നു. പക്ഷെ, നാലു വര്‍ഷം മുമ്പ് അമ്മ യാത്ര പറഞ്ഞു പോയി…. വടക്ക് ഒരു മുനിസിപ്പാലിറ്റിയിലെ ഇടലക്ട്രിക്കല്‍ ശ്മശാനത്തില്‍ അമ്മയ്ക്ക് നിത്യ ഉറക്കത്തിന് ഇടമൊരുക്കി. അമ്മയൊരിക്കലും പറഞ്ഞിട്ടില്ല, സ്വന്തം മണ്ണില്‍ അടക്കണമെന്ന്. പക്ഷെ, അമ്മ പിരിഞ്ഞ അന്ന് അച്ഛന് ബന്ധുക്കളോട് പറഞ്ഞു, അയാള്‍ക്ക് അച്ഛന്റെയും അമ്മയുടേയും കൂടെ അവസാനം കിടക്കണമെന്ന,് അതിന് കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നതും കേട്ടു. പുഴയോര സ്ഥലത്ത് വീട് വച്ചു തുടങ്ങിയപ്പോള്‍ അച്ഛന് അമിതമായി സന്തോഷിച്ചു… പണിക്ക് എന്തൊക്കെ വേണ്ടതെന്ന് അന്വേഷിച്ച് കണ്ടെത്തി, പണിയിക്കുന്നതിനായി ഓടി നടന്നു. ഒരു ദിവസം സ്ട്രോക്കുണ്ടായി, ഇടത് വശം തളര്‍ന്ന്, സംസാര ശേഷി ഇല്ലാതെ, കട്ടിലില്‍, മുകളിലേക്ക് തന്നെ നോക്കി കിടന്നു, ഏതാണ്ട് ഒരു വര്‍ഷക്കാലം….. അച്ഛന്റെ ബുദ്ധിമുട്ടുകള്‍ക്ക് കൂടെ നില്‍ക്കുകയും പകര്‍ന്നെടുത്ത് അനുഭവനിക്കുകയും ചെയ്തത് കൊണ്ട് വീടു പണി നീണ്ടു നീണ്ടു പോയി. വീട് കേറിപ്പാര്‍പ്പ് ചിങ്ങമാസം ഒന്നാം തിയതി ആയിരുന്നു. എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഫ്രൈഡ്റൈസും ചിക്കനുമായിരുന്നു ഭക്ഷണം. അച്ഛന് അതിഷ്ടമായില്ല. സംസാരം എല്ലാമൊന്നും മനസ്സിലാക്കന്‍ കഴിഞ്ഞില്ലെങ്കിലും മുക്കലും മൂളലും കേട്ടാല്‍, ആംഗ്യങ്ങള്‍ കണ്ടാല്‍ അവനും ഭാര്യയ്ക്കും പലതും തിരിഞ്ഞു തുടങ്ങി…… അങ്ങിനെ ഗ്രഹിച്ചതാണ്, ഇലയില്‍ ഊണ്. ഓണം വരുന്നതല്ലേയൊള്ളൂ അന്നാകാമെന്ന് അവനും ഭാര്യയും അച്ഛനെ കഴിയും വിധത്തില്‍ പറഞ്ഞു മനസ്സിലാക്കി. അത് അയാള്‍ക്ക് മനസ്സിലായി, സന്തോഷിക്കുകയും ചെയ്തു.
അയാളുടെ ആഗ്രഹപ്രകാരം മുകളിലത്തെ നിലയില്‍ തന്നെയാണയാള്‍ക്ക് കിടക്കാന്‍ ഇടമൊരുക്കിയത്. മുകളിലേക്ക് നോക്കി കിടക്കാനേ കഴിയുകയുള്ളൂവെങ്കിലും അവിടെ കിടന്നാല്‍ ശബ്ദങ്ങളിലൂടെ പുഴയെ കാണാന്‍ കഴിയുന്നുണ്ടെന്നും, കിളികളുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പഴയകാലത്തേക്ക് മടങ്ങി പോകുന്നുണ്ടെന്നും അയാള്‍ പറയുമ്പോള്‍ അവനും ഭാര്യയും മക്കളും ഏറെ സന്തോഷിച്ചു. അയാളുടെ സന്തോഷം അവര്‍ക്കും സന്തോഷമാണെന്ന് അവര്‍ അറിയുകയും ചെയ്യുന്നു. അവന് അയാള്‍ക്ക് വാക്കു കൊടുത്തു ഓണത്തിന് നല്ലൊരു സദ്യവയ്ക്കാമെന്ന്, അച്ഛന് പറയുന്നതുപോലെ പതിനെട്ടു കൂട്ടം കറികളും പപ്പടം പഴം പായസവുമൊക്കെ ആയിട്ട്….. ഓണത്തിന് ഇനി കുറച്ച് ദിവസമല്ലേ ഉള്ളൂ എന്ന് അയാള്‍ മനക്കണക്ക് കൂട്ടുകയും ചെയ്തു.
പാതിര കഴിഞ്ഞ നേരത്ത് അവന്റെ ഭാര്യ അലറി വിളിച്ച് എഴുന്നേല്‍ക്കുകയായിരുന്നു. അടുത്താണ് അവനും കിടന്നിരുന്നത്. കിടക്കാന്‍ നേരും നല്ല മഴയുണ്ടായിരുന്നു. തലേന്നാളും അതിന്റെ തലേന്നാളും മഴ ശക്തിയായി പെയ്യുക തന്നെ ആയിരുന്നു. ഒരിക്കലും കാണാത്ത രീതിയിലുള്ള മഴ. കാലവര്‍ഷത്തിന്റേതു മാത്രമല്ല, ന്യൂനമര്‍ദ്ദം കൂടിയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പ്രസ്ഥാവിച്ചിട്ടുമുണ്ട്. കുട്ടനാട് വെള്ളത്തിലായിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. അവന്റെ നഗരത്തിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആയിട്ടുണ്ട്, എല്ലാ വര്‍ഷത്തേതും പോലെ. കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ് അവനും അറിഞ്ഞതാണ്. അവന്റെ നഗരത്തിലൂടെയും ജീപ്പില്‍ മൈക്ക് വച്ച് വിളിച്ചു പറഞ്ഞു നടന്നിരുന്നത് കണ്ടതുമാണ്.
താഴത്തെ നിലയില്‍ അവര്‍ക്ക് രണ്ടു മുറികളുണ്ട്, അവനും ഭാര്യക്കും ഒന്ന്. രണ്ടു പെണ്മക്കള്ക്കും കൂടി വേറെ ഒന്നും….. മുകളിലത്തെ ഒരു മുറിയില്‍ അച്ഛന് തന്നെ കിടക്കും. മുകളില്‍ ഒരു മുറി കൂടിയുണ്ട്, വീട് പണിതപ്പോള്‍ കഴിയുന്നത്ര സൗകര്യം ഇരിക്കട്ടെയെന്ന് വച്ച് പൂര്‍ത്തീകരിച്ചതാണ്. അവര്‍ എല്ലാവരും കൂടി അച്ഛന് കിടക്കുന്ന മുറിയില്‍ തന്നെയാണ് അന്ന് കിടന്നത്. നിലത്ത് കിടക്ക വിരിച്ച്.
അവനും കണ്ടിട്ടുള്ളതാണ് പുഴ വന്ന് കുടിലിനെ ചുംബിക്കുന്നത്, ഒരു ദിവസം അല്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞ് വന്ന വഴിയെ പോകുന്നതും. അന്ന് ഉച്ചയോടുകൂടി മുറ്റത്തെത്തിയതാണ്. ഇഞ്ചിഞ്ചായിട്ട് വളരുന്നതും അറിഞ്ഞിരുന്നു.
ഭാര്യയുടെ കരച്ചില് കേട്ട് ഉണര്‍ന്നപ്പോള്‍ കറന്റില്ല. ഉറങ്ങുമ്പോള്‍ നീലിച്ച ഡിം ലൈറ്റ് കത്തിച്ചിരുന്നതാണ്. വീട് കേറി പാര്‍പ്പിനു കിട്ടിയ എമര്‍ജന്‍സി ലാമ്പ് അടുത്തെടുത്തുവക്കാന്‍ മറന്നു. മൊബൈല്‍ വെളിച്ചത്തില്‍ കണ്ട കാഴച അവനെ, ഭാര്യയെ, മക്കളെ ഞെട്ടിച്ചു കളഞ്ഞു. ഒരു പച്ചത്തവള, അതിനെ പിടിക്കാനായിട്ട് ഉന്നം പാര്‍ത്തിരിക്കുന്ന ഒരു നീര്‍ക്കോലി. പുറത്ത് ശക്തിയായ മഴ, കാറ്റ്….. വെള്ളം ഒഴുകുന്നതിന്റെ ശബ്ദം. മൊബൈല്‍ വെളിച്ചം കണ്ടിട്ടാകാം തവള തുറന്നു കിടന്നിരുന്ന കതക് വഴി പുറത്തേക്ക് ചാടി, നീര്‍ക്കോലിയും. അപ്സ്റ്റെയറിന്റെ മൂന്നു പടികള്‍ക്ക് താഴത്ത് വെള്ളം എത്തി നില്ക്കുന്നു. തവളയും നീര്‍ക്കോലിയും എവിടേക്കോ പോയി…… ബാല്‍ക്കണി തുറന്നപ്പോള്‍ ശക്തിയായി കാറ്റ് ഉള്ളിലേക്ക് പാഞ്ഞ് കയറുന്നു. അച്ഛന് ഉണര്‍ന്ന്, അവര്‍ ഇതേ വരെ കേള്‍ക്കാത്ത ശബ്ദത്തില്‍ എന്തെല്ലാമോ പറയുന്നു. ഇരുട്ടില്‍ ആംഗ്യങ്ങള്‍ കാണാനായില്ല. പുറത്ത് നാട്ടു വെളിച്ചമുണ്ട്, ബാല്‍ക്കണിയിലേക്ക് മഴ പെയ്തിറങ്ങുന്നുണ്ട്. ബാല്‍ക്കണിക്ക് മൂന്നടി മാത്രം താഴെ വരെ വെള്ളം ഉയര്‍ന്നിരിക്കുന്നു. പറമ്പില്‍ നില്ക്കുന്ന തെങ്ങുകളുടെ തലപ്പുകള്‍ മാത്രം കാണാം…. അടുത്ത പറമ്പുകളിലും തെങ്ങുകളുടെ, പ്ലാവുകളുടെ, മറ്റ് ഉയരമുള്ള മരങ്ങളുടെ തലപ്പുകള്‍ മാത്രം….. ശക്തിയായ ഇരമ്പല്‍….. കിഴക്കു നിന്നു വരുന്ന വെള്ളം വീടിന്റെ ഭിത്തിയില്‍ ഇടിച്ച് പതഞ്ഞ് പടിഞ്ഞാറോട്ട് ഒഴുകുന്നു. പുഴയെവിടെ…… പറമ്പെവിടെ……
മൊബൈലില്‍ അഞ്ചൂറോളം നമ്പറുകള്‍ ഉണ്ട്, വിളിച്ചു….. വിളികള്‍ പോകുന്നില്ല… വിളികളെല്ലാം ആ പറമ്പില്‍ തന്നെ തങ്ങി നില്ക്കുന്നതു പോലെ…. എവിടേക്ക് പോകാന്‍… കിഴക്കോട്ട്, പടിഞ്ഞാറോട്ട്, വടക്കോട്ട്, തെക്കോട്ട്…… ഏതു വഴിയായിരിക്കും കരയിലെത്തുന്നത്……
ഭയന്ന്……ഭയന്ന്……
അച്ഛന്റെ കട്ടിലില്‍ എല്ലാവരും കൂടി കെട്ടിപ്പിടിച്ച്…..
നേരം വെളുത്തു……
ഇരുളിമ മാറി…. നീലിമയായി…. മഴയുടെ നീലിമ…..
ആയിരം വട്ടമെങ്കിലും, വിളിച്ച് വിളിച്ചു മടുത്തപ്പോള്‍ കട്ടിലിലേക്ക് അലക്ഷ്യയമായി ട്ട മൊബൈലില്‍ ആരോ……. ആരെന്ന് നോക്കിയില്ല….
നിങ്ങള്‍ എവിടെയാണ്…..
വീട്ടില്‍……
ഭയക്കരുത് ഞങ്ങള്‍ ഇപ്പോളെത്താം……
ആരാണെന്ന് പിന്നെയും നോക്കിയില്ല.
അടച്ച് വച്ചിരുന്ന ബാല്‍ക്കണി തുറന്ന്, ചാരി, അവന് പുറത്ത് നിന്നു. ഏതുവഴി വരും അവര്‍…. എവിടെ നിന്നു വരും….
വിശാലമായ ജലപ്പരപ്പ്……
ബാല്‍ക്കണിയില്‍ നിന്നവന് നനഞ്ഞു.
അവടെ നിന്നു കണ്ടിരുന്ന അയലത്തെ വീടിന്റെ മേല്‍ക്കൂരയുടെ ഓടു മാത്രം ദൃശ്യമാകുന്നുണ്ട്….. അവിടെ പാര്‍ത്തിരുന്നവരെവിടെയാകാം…… അവന്റെ ബന്ധുക്കളാണ്, കുടികിടപ്പവകാശത്തില്‍ കഴിയുന്നവര്‍ തന്നെ….. വീട്ടിനുള്ളില്‍, അവര്‍ക്ക് കയറിക്കിടക്കാന്‍ മുകള്‍ നിലയില്ലാത്തതു കൊണ്ട് വെള്ളം തറയില്‍ തൊട്ടപ്പോള്‍ തന്നെ അറിഞ്ഞ് രക്ഷപെട്ടിരിക്കുമോ…. രക്ഷപെട്ടിരിക്കണമേ…. അവന് ആഗ്രഹിച്ചു.
പെട്ടന്ന് കടപുഴക്കി വരുന്ന ഒരു മരം ദൃശ്യമായി, അത് വന്നിടിച്ചത് ഓടു വീട്ടില്‍, ഉയര്‍ന്ന് നിന്നിരുന്ന മുഖപ്പ് കാണാതായി…..
തലയെടുപ്പുള്ള മരങ്ങള്‍ക്കിയടില്‍ ഇലക്ട്രിക്ക് പോസ്റ്റുകാണാനുണ്ട്……
ഒരു വഞ്ചി വരുന്നുണ്ട്… ശക്തിയായ ഒഴുക്കില്‍ അവര്‍ക്ക് തുഴയാനാകുന്നില്ല… ഇലക്ട്രിക്ക് കമ്പിയില്‍ പിടിച്ച് ദിശ നിയന്ത്രിച്ചാണ് വരുന്നത്…..
കണ്ടിട്ടു കൂടിയില്ലാത്ത രണ്ടു പേര്…..
ബാല്‍ക്കണിയുടെ സ്റ്റെയറില്‍ പിടിച്ച് ഒരാള്‍ കയറി, മറ്റേ ആള് വഞ്ചിയെ ചേര്‍ത്തു നിര്‍ത്തി……
ആദ്യം പോകാന്‍ അച്ഛന് സമ്മതിച്ചില്ല. അവന്റെ ഭാര്യ, മക്കള്‍ വഞ്ചിയില്‍ കയറി……
ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വഞ്ചിക്കാര്‍ക്ക് വീണ്ടും വരാന്‍ കഴിഞ്ഞത്…..
ബാല്‍ക്കണിയിലൂടെ, അച്ഛനെ കൂച്ചിക്കൂട്ടിയെടുത്ത് വഞ്ചിയിലെ വെള്ളത്തില്‍ കിടത്താന്‍ അവന് പാടുപെട്ടു. മഴ അച്ഛനെ നനച്ചപ്പോള്‍ ആമുഖത്ത് പുഞ്ചിരി….മഴയും വെള്ളവും അച്ഛനെ ഭയപ്പെടുത്തുന്നില്ലെന്ന് വ്യക്തം.
ക്യാമ്പില്‍ അച്ഛനെ കിടത്താന്‍ കഴിഞ്ഞില്ല, അച്ഛന് അതുമതിയെന്ന് പറഞ്ഞിട്ടും. സര്ക്കാന് ആശുപത്രിയിലെ വരാന്തയില്‍ കിടത്തി…. അച്ഛന് അവിടെയും സന്തോഷവാനായി……
ക്യാമ്പില്‍ പിരചയമില്ലാത്തവര്‍, അറയില്ലാത്തവര്‍…. നിറമില്ലാത്തവര്‍, സുഗന്ധമില്ലാത്തവര്‍…. മഴ നനഞ്ഞ് കുതിര്‍ന്ന വസ്ത്രങ്ങളില്‍, കഴുകി വൃത്തി വരുത്താത്ത ദേഹങ്ങളുമായിട്ട്….. ഒന്നും ചിന്തിക്കാതെ, സ്വപ്നം കാണാതെ….. മോഹങ്ങളില്ലാതെ….വികാരങ്ങളില്ലാതെ….. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ…പത്രം വായിക്കാതെ, ടിവി കാണാതെ, മൊബൈലില്‍ സംസാരിക്കാതെ….ചാറ്റു ചെയ്യാതെ….. കഥയറിയാതെ…. കഥ പറയാതെ…. കവിത ചൊല്ലാതെ…. കഥയെഴുതാതെ….. കവിതയെഴുതാതെ…. ആരെയും ഭള്ളു പറയാതെ….
അവന്റെ ക്യാമ്പില്‍ ഭക്ഷണം സുഭിക്ഷമായിരുന്നു. ആരെല്ലാമോ കൊണ്ടു വരുന്നു, കഴിക്കുന്നു, നീഹാരങ്ങള്‍ സംയമപനം പാലിച്ച് ക്യൂ നിന്നും നിര്‍വ്വഹിക്കുന്നു…..
ക്യാമ്പില്‍ നിന്നു സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള വഴിക്ക് വെള്ളം കയറാത്തതു കൊണ്ട്, പകലെല്ലാം അച്ഛനെ നോക്കിയും, രാത്രിയില്‍, അച്ഛന് സമ്മതിക്കാത്തതു കൊണ്ട് ക്യാമ്പില്‍ മക്കളോടൊത്ത് ഉറങ്ങിയും അവന്…..
ഏഴു നാളുകള്‍……
തിരികെ എത്തുമ്പോള്‍ എല്ലാം അടങ്ങിയിരുന്നു. പുഴയൊരു നീര്‍ച്ചാലു പോലെ, ഓര്‍മ്മകളില്ലാതെ, നിര്‍വ്വികാരയായിട്ട്…… പറമ്പില്‍ ഒരട്ടി എക്കല്‍ അടിഞ്ഞിരിക്കുന്നു. പുരക്കുള്ളില്‍ അതില്‍ കൂടുതല്‍ കനത്തില്‍ ചെളിയും, ദുര്‍ഗന്ധവും. പുരക്കുള്ളിലെ എക്കല്‍ കോരിയകറ്റാന്‍ കഴിയുന്നുണ്ട്. പക്ഷെ, പറമ്പിലെ എക്കല്‍ ചൂടടിച്ചപ്പോള്‍ വിണ്ടു കീറി, തൂമ്പ കേറാത്ത വിധം കനത്ത്….. പറമ്പില്‍ തെങ്ങുകളും മാവും പ്ലാവും ഒഴിച്ച് ഒന്നും അവശേഷിക്കാതെ….. ഓണത്തിന് ഇലയില്‍ ഊണു വിളമ്പാന്‍ അച്ഛന് മുറിക്കണമെന്ന് പറഞ്ഞ വാഴയും, ചേനയും കപ്പയും നിന്നിരുന്നിടത്ത് കറുത്ത നിറമുള്ള മണ്ണ് മാത്രം. എല്ലാം എവിടേക്കെല്ലാമോ ഒഴുകിപ്പോയിരിക്കുന്നു. ഏതെല്ലാമോ വീടുകളില്‍ സൂക്ഷിച്ചിരുന്ന എന്തെല്ലാമോ ഒഴുകിയെത്തിയിട്ടുമുണ്ട്. മനുഷ്യരുടേതല്ലാത്ത ദേഹങ്ങള്‍ ചീഞ്ഞ നാറ്റങ്ങളുമുണ്ട്…….
വെള്ള തേച്ചിരുന്ന ഭിത്തിയില്‍ പ്രളയത്തിന്റെ തിരുശേഷിപ്പ് വ്യക്തമായികാണാം… കാണാനെത്തിയവര്‍ പറഞ്ഞു 99-ലെ വെള്ളപ്പൊക്കം ഇതിലും വലുതായിരുന്നെന്ന്. എവിടെയെല്ലാമോ മനകളില്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത് ചരിത്രമാണെന്ന്. പക്ഷെ, അച്ഛന് 99-ലെ വെള്ളപ്പൊക്കത്തിന്റെ അനുഭവമില്ല……അച്ഛന്റെ അച്ഛന് പറഞ്ഞ അറിവ് വച്ച് നോക്കുമ്പോള്‍ അത് തന്നെ ആയിരുന്നു വലുത്. സ്ഥിരീകരിക്കാമെന്ന് അവന് സംസാരത്തില്‍ പങ്കുകൊണ്ട് പറഞ്ഞു.
വീട് വൃത്തിയാക്കി ഉത്രാടത്തിന്റെ അന്ന് അച്ഛനെ വീട്ടിലേക്ക് കൊണ്ടു വന്നു. അച്ഛന്റെ കട്ടിലും കിടക്കയും വിരിയും ഉടുപ്പുകളും ഒഴിച്ച് ഒന്നും ശേഷിച്ചിട്ടില്ല. അച്ഛന്റെ മുറിയില്‍ തന്നെ എത്തിയപ്പോള്‍ ആഗ്രഹം വീണ്ടും പറഞ്ഞു നാളെ ഓണമാണ്, സദ്യവേണം….
ഇനിയെല്ലാം ഒന്നെയെന്ന് തുടങ്ങണം…. തുടങ്ങാന്‍ കഴിയും…. ഒരു സര്‍ക്കാര്‍ ജോലി കൂട്ടിനുള്ളപ്പോള്‍ വിഷമിക്കേണ്ടി വരില്ലെന്നറിയാം….. പക്ഷെ, സ്ഥിര വരുമാനമില്ലാത്തവരെ കുറിച്ച് അവന്, ഭാര്യ, മക്കള്‍ പറഞ്ഞു, ചിന്തിച്ചു….. എങ്കിലും അച്ഛന് ആവശ്യപ്പെട്ടത് ആദ്യം കഴിയട്ടെ….. പാത്രങ്ങളില്ല…. ഗ്യാസു കുറ്റി ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല….. പിന്നാമ്പുറത്ത് തണ്ടികയില്‍ കരുതി വച്ചിരുന്ന വിറക് കാണാനില്ല…. അടുപ്പില്‍ ചെളി വന്ന് മൂടിയിരിക്കുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന ഒന്നും യഥാസ്ഥാനങ്ങളില്‍ കാണാനില്ല….. ടി വി നിലത്ത് വീണ് തകര്‍ന്ന്…. ഫ്രിഡ്ജ്, വാഷിംഗ് മെഷിന് ചെളിയുടെ നിറത്തില്‍…… കട്ടില്, ഡൈനിംന് ടേബിള്‍, കിടക്കകള്‍ തലയിണകള്‍ വെള്ളത്താല്‍ ചീര്‍ത്ത്….. അടഞ്ഞു കിടക്കുന്ന അലമാരകളില്‍ വസ്ത്രങ്ങള്‍ വൃത്തി കെട്ട മണവുമായിട്ട്….. പുസ്തകങ്ങള്‍, ബുക്കുകള്‍ എഴുത്തുകളില്ലാതെ അടകളായിട്ട്…….
എല്ലാം പുറത്തെടുത്തിട്ട് വീടിനുള്ള് ശൂന്യമാക്കി…..
ക്യാമ്പില്‍ നിന്ന് കിട്ടിയതുകള്‍ വേണ്ടിടത്തൊക്കെ അടുക്കി വച്ചു. ഇനിയും പലതും വേണം, അച്ഛന് പറഞ്ഞത് പൂര്‍ത്തിയാക്കന്‍…..
ഉപ്പു മുതല്‍ കര്‍പ്പൂരം വരെ……
വിറക് മുതല്‍ വാഴയില വരെ…..
പറ്റുപടി ഉണ്ടായിരുന്ന കടയിലെത്തിയപ്പോള്‍, ഒരു ജീവിത കാലം കൊണ്ട് ഉണ്ടാക്കിയെടുത്തല്ലാം, ഉപജീവനമാര്‍ഗ്ഗവും വെള്ളം കയറി ചീഞ്ഞും പുപ്പല്‍ കയറി നശിച്ചു കിടക്കുന്നു. അരുകില്‍ താടിക്ക് കൈകൊടുത്തിരിക്കുന്നു കടക്കാരന്…..ദുരിതങ്ങളും ദുഃഖങ്ങളും പറയുന്ന മറ്റു പലരും……
വരുത്തി വച്ച ദുരന്തമെന്ന്…… മുന്നറിയിപ്പെന്ന്…. പാഠമെന്ന്….. ദൈവപുസ്തകങ്ങളില്‍ പറഞ്ഞു വച്ചരിക്കുന്നതു തന്നെയെന്ന്…… പ്രകൃതി ദുരന്തമെന്ന്, വ്യതിയാനമെന്ന്……സര്‍ക്കാരിന്റെ പരാജയമെന്ന്….. ഭരണകര്‍ത്താവിന്റെ വിശ്വാസമില്ലായ്മയുടെ പരിണത ഫലമെന്ന്….. സര്‍ക്കാര്‍ ജനത്തിനു കൊടുത്ത മുന്നറിയിപ്പ് തൃപ്തികരമല്ലെന്ന്….. എടുക്കേണ്ടിയിരുന്ന മുന്നൊരുക്കങ്ങള്‍ വേണ്ടതു പോലെ നിര്‍വ്വഹിച്ചില്ലെന്ന്…… അസമയത്ത് പലതും ചെയ്തെന്ന്…… പലതും കണക്കിലെടുത്തില്ലെന്ന്…. സഹായങ്ങള്‍ ചെയ്യരുതെന്ന്, ചെയ്യണമെന്ന്….. അയലത്തെ സഹായം സ്വീകരിക്കരുതെന്ന്, സ്വീകരിക്കാമെന്ന്….. ഇരന്നു വാങ്ങുന്നതാണ് ചട്ടവിരുദ്ധമെന്ന്….. ആര്‍ഷ സംസ്കാരം പറയുന്നത് സഹായം സ്വീകരിക്കനല്ല കൊടുക്കാനാണെന്ന്, അല്ലെന്ന്……..വാദങ്ങള്‍, പ്രതി വാദങ്ങള്‍…..വാദഗതികള്‍, വിഗതികള്‍……….ചേരിതിരിവുകള്‍….. രാഷട്രീയ കണക്കെടുപ്പുകള്‍…. ജാതി, മത കണക്കെടുപ്പുകള്‍….. കണക്കുകൂട്ടലുകള്‍…….
അവനില്‍ അറപ്പും വെറുപ്പുമുണ്ടാക്കി…..
അവന് വേണ്ടതു തേടി അടുത്തയിടത്തേക്ക് പോയി……
സന്ധ്യയോടെ എല്ലാം നേടാന്‍ കഴിഞ്ഞു…..
ഇനിയെല്ലാം വെളുപ്പിന്നെഴുന്നേറ്റ്……
അച്ഛന്റെ മുറിയില്‍ തന്നെ നിലത്ത് വിരിച്ച് അവരും ഉറങ്ങി.
എല്ലാം മറന്ന് ശക്തമായ ഉറക്കമായിരുന്നു……
ബാല്‍ക്കണി തുറന്ന് പ്രകാശത്തെ വരുത്തി, അടഞ്ഞു കിടന്ന് ആവിച്ച വായുവിനെ അകറ്റി. അച്ഛനെ ഉണര്‍ത്താന്‍ വിളിച്ചപ്പോള്‍……
വന്നു കൂടിയതില്‍ പലരും പറഞ്ഞു അച്ഛന് ഭാഗ്യം ചെയ്തവനാണെന്ന്, വീട്ടില്‍ കിടന്ന് മരിയ്ക്കാന്‍ കഴിഞ്ഞല്ലോ, കാരണവന്മാരുടെ കൂടെ കിടക്കാന്‍ പറ്റുമല്ലോ…..
@@@@@