“സ്നേഹിക്ക നീയീ പൂക്കളെ പുഴകളെ,
പറവജീവജാലങ്ങളെ, മലകളെ മാമരങ്ങളെ,
മര്‍ത്ത്യരെ മാതാവിനെ, വിളങ്ങട്ടെ
നിന്നില്‍ സത്യവും ധര്‍മ്മവും സമാധാനവും.”
എന്റെ മകളോട് ഞാനങ്ങിനെ പറയുമ്പോള്‍ അവള്‍ക്ക് വയസ്സ് പത്താണ്. അപ്പോള്‍ വിരിഞ്ഞ
പൂമ്പാറ്റയെപ്പോലെ എല്ലാം കാണാനും അറിയാനുമുള്ള ജിജ്ഞാസയോടെ പറന്നു നടക്കുകയായിരുന്നു.
അവള്‍ക്കെന്റെ വാക്കുകള്‍ വളരെയിഷ്ടമായി, അവള്‍ പറഞ്ഞു:
“എന്റെ സ്‌ക്കൂളിലെ സിസ്റ്റേഴ്‌സും അങ്ങിനെതന്നെയാ പറയുക, സ്നേഹമാണ്
ദൈവമെന്നൊക്കെ…..””
അവള്‍ പറന്നു നടന്നു. അവളുടെ മുഖം കൂടുതല്‍, കൂടുതല്‍ ശോഭയുള്ളതായി, മനം കൂടുതല്‍,
കൂടുതല്‍ വിശാലമായി.
ഞാനറിഞ്ഞിരുന്നു, അവള്‍ എല്ലാറ്റിനെയും സ്‌നേഹിയ്ക്കുകയാണെന്ന്.
ഒരുനാള്‍ അവള്‍ സ്ക്കൂള്‍വിട്ട് വീട്ടിലെത്തിയില്ല.
ഞാന്‍ തേടി നടന്നു.
ഒടുവിലൊരു കുറ്റിക്കാട്ടില്‍നിന്നും അവളെ കിട്ടി നീലച്ച്, നിര്‍ജ്ജീവമായി………………………..
വിഷദംശനമെന്ന് ഡോക്ടര്‍ എഴുതി,
അവള്‍ സ്നേഹിച്ചിരുന്നതില്‍ ഒരു കാളക്കൂട വിഷസര്‍പ്പമുണ്ടായിരുന്നെന്ന് പോലീസ് എഫ്. ഐ.
ആര്‍ എഴുതി.
ഇന്നു ഞാന്‍ സമാധാനിയ്ക്കുന്നു, ഇനിയും എനിയ്ക്കൊരു മകളില്ലല്ലോ എന്നോര്‍ത്ത്.
൭൭൭൭൭൭