ആർത്തി പൂണ്ട് വാരിവലിച്ചാണ് അവൻ ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ ഏഴു നാളുകളെങ്കിലും പട്ടിണി കിടന്ന നായയെപ്പോലെ. നായ വാലാട്ടും പോലെ അവൻ വാരിത്തിന്നുന്നതിനിടയിൽ തല ഉയർത്തി തള്ളയെ നോക്കി ഒന്നു പുഞ്ചിരിക്കും, വീണ്ടും, പാത്രത്തിലേക്ക് കുമ്പിടും.
തള്ള അവന്റെ പാത്രത്തിലേക്ക് തലേന്നാൾ ബാക്കി വന്ന്, വെള്ളമൊഴിച്ചു വച്ചിരുന്ന കഞ്ഞി വീണ്ടും വീണ്ടും പകർന്നു, മോരുകറിയും ചാളക്കൂട്ടാന്റെ ചാറും വീണ്ടും വീണ്ടും ഒഴിച്ചു.
അവൻ കിളിച്ചിട്ടും നനച്ചിട്ടും ഒരു മാസം കഴിഞ്ഞതു പോലെ,
വലിയ വീടാണെങ്കിലും തള്ളയും ചപ്രച്ച തലയും നരച്ച നൈറ്റിയുമായിട്ട്,
തിന്നുന്നതിനിടയിൽ ശ്വാസം വിടാൻ എടുക്കുന്ന നേരങ്ങളിൽ അവൻ തള്ളയോട് ഭർത്താവിനെപ്പറ്റി , മക്കളെപ്പറ്റി, പേരമക്കളെപ്പറ്റി ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു.
തള്ള അവന് വേണ്ടതെല്ലാം പറഞ്ഞു കൊണ്ടുമിരുന്നു.
അവന്‍ തിന്നു മതിയായി, മടുത്ത് തറയിലേക്കമർന്നിരുന്നു. ഒരു ഏമ്പക്കം വിട്ടു, ഒരു ദീർഘനിശ്വാസവും.
വളരെ സന്തോഷത്തോടെ തള്ളയെ നോക്കി ഒന്നു കൂടി ചിരിച്ചു.ആ ചിരി അങ്ങിനെ നിമിഷങ്ങൾ നീണ്ടു നിന്നു. സാവധാനം മങ്ങി, മങ്ങി വന്നു.
അവൻ പഴങ്കഞ്ഞി, മോരും ചാളക്കൂട്ടാന്റെ ചാറും കൂട്ടി വാരി തിന്ന് എച്ചിലായ കൈ ഒന്നു കഴുകുക പോലും ചെയ്യാതെ, വായിൽ ഇത്തിരി വെള്ളം കൂടി വീഴ്ത്താതെ, തള്ളയുടെ മൂക്കും വായും വലതു കൈയ്യാൽ അമർത്തിപ്പിടിച്ച്, ചപ്രച്ച തലമുടി ഇടതു കൈയ്യാൽ ചുരുട്ടി പിടിച്ച് വീടിന് ഉള്ളിലേക്ക് വലിച്ചിഴച്ചു. കതകിന്റെ വിജാകിരിയിൽ എഴുന്നു നിന്നിരുന്ന ഒരു സ്ക്രൂ നൈറ്റിയെ പിളർന്ന് തള്ളയെ വിവസ്ത്രയാക്കി, തുടയില്‍ ആഴത്തിലൊരു മുറിവുണ്ടാക്കി. ചോരയില്ലാതെ മുറിവ് വെളുക്കെ ചിരിക്കുന്നു. @@@@@@