മൂന്നു ഭാഗങ്ങളുള്ള ഒരു കഥ

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

(ഈ കഥ എഴുതുന്നത് ‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ്- അന്ന് ഈ കഥ സിനിമ രംഗത്തെ രണ്ടു പ്രമുഖ വ്യക്തികളോട് പറഞ്ഞിരുന്നു- വൺ ലൈനും കൊടുത്തു.)

വിജയകുമാര്‍ കളരിക്കല്‍

ഒന്ന്

        ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നിട്ടും കണ്ണുകളെ തുറക്കാതെ സ്ഥലകാലങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ശ്രീജിത്ത്. ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ ഒരു മണിക്കൂര്‍ മമ്പുള്ള കാര്യങ്ങളെയാണ്.  അവന്‍ ഇവിടെ വന്നത് ഒരു മണിക്കൂര്‍ മുമ്പാണ്.  നേഹ വിളിച്ചു വരുത്തുകയായിരുന്നു.

        നേഹയെക്കുറിച്ച് പിന്നീട് ഓര്‍ത്തെടുക്കാം.  അതിന് ഒരു മണിക്കൂര്‍ മുമ്പുള്ള ഓര്‍മ്മകള്‍ തികയില്ല.  കഴിഞ്ഞ ഒരു ദിവസത്തേതോ, ഒരാഴ്ചത്തെ തന്നെയോ മതിയാകില്ല.  ഒരു മാസത്തേതെങ്കിലും വേണ്ടി വരും.  അതുകൊണ്ട് ആ ഓര്‍മ്മകളെ അവിടെ നിര്‍ത്തിയിട്ട് കഴിഞ്ഞ ഒരു മണിക്കാര്‍ മുമ്പു തുടങ്ങിയ കാര്യങ്ങളെ ഉണര്‍ത്തിയെടുക്കാം.

        അവനെ നേഹ വിളിച്ചു വരുത്തുകയായിരുന്നു.

        ഇപ്പോള്‍ കഥ മുമ്പോട്ടു പോകണമെങ്കില്‍ നേഹ ആരെന്നു പറയേണ്ടിയിരിക്കുന്നു.  നേഹ ആരെന്നു പറഞ്ഞില്ലെങ്കിലും, ശ്രീജിത്തുമായുള്ള ബന്ധമെന്തെന്നു പറയേണ്ടിയിരിക്കുന്നു.

        നേഹ ശ്രീജിത്തിന്‍റ പ്രണയിനിയാണ്.

        പ്രണയിനി, ആ വാക്കിന് ഇത്തിരി അലങ്കാരം കൂടിപ്പോയിട്ടുണ്ടോ…. എങ്കില്‍ പ്രിയതമ എന്നാകാം.  അല്ലെങ്കില്‍ വേണ്ട പ്രേമഭാജനമെന്നാക്കാം.

        വേണ്ട, കുറച്ചു കൂടി കടുപ്പം കുറച്ച് നേഹ ശ്രീജിത്തിന്‍റെ കാമുകി ആണോന്നു പറയാം.

        കണ്ണുകളെ തുറക്കാതെ തന്നെ അവന്‍ ദേഹത്തെ ബോധത്തിലേക്ക് കൊണ്ടു വന്നു.  പൂര്‍ണ്ണ നഗ്നനായിട്ടു തന്നെയാണ് പതുതപതുത്ത കിടക്കയില്‍ കിടക്കുന്നതെന്ന് അവന്‍ അറിഞ്ഞു.  കൂടെ ആദ്യമായി സ്ത്രീയെ അനുഭവിച്ചതിന്‍റെ മധുര സ്മരണകളും.  വലതു വശത്ത് സ്വസ്തമായി വിശ്രമിച്ചിരുന്ന കൈയ്യാല്‍ നഗ്നതയെ പരതി നോക്കി, ഓര്‍മ്മിച്ചെടുത്തതിനെ സ്ഥരീകരിക്കാനായിട്ട്.

        ആ മുറി സുഖകരമായൊരു ശീതളിമയിലായണ്.  ദേഹം അതിനെ ആവോളം നുകര്‍ന്ന് ശാന്തമായിരിക്കുകയാണ്.

        പെട്ടന്നവന്‍ നേഹയെ ഓര്‍മ്മിച്ചു.  കഴിഞ്ഞ ഒരു മണിക്കൂറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നേഹയെ   വിസ്മരിക്കാനാവില്ല.  അവന്‍ കണ്ണുകള്‍ തുറന്ന് തല ഉയര്‍ത്തി നോക്കി. മുറിയിലെ ഉരിളില്‍ ഒരു വെളുത്ത നിഴല്‍ പോലെ അവളെ കാണാം.  അവളുടെ ദേഹത്തിന്‍റെ വെളുപ്പിനെ മറച്ചു വയ്ക്കാന്‍ മുറിയിലെ ഇരുളിന് കഴിയുന്നില്ലെന്നത് സത്യം.

        അവളും പൂര്‍ണ്ണ നഗ്നയായിട്ടു തന്നെയാണ് കിടക്കുന്നത്. മലര്‍ന്ന്, നിവര്‍ന്ന്, കാലുകളെ അല്പമകറ്റി, കൈകളെ ഇരു വശത്തും സ്വസ്തമായിരിക്കാന്‍  വിട്ട്…..മുടിയിഴകളെ യധേഷ്ടം ഉലഞ്ഞു കിടക്കാന്‍ അനുവദിച്ച്…….

        അവന്‍ വേഗം എഴുന്നേറ്റു. അവളെ കാണണം.  ഇരുളിലല്ല, വെളിച്ചത്തില്‍….അവളറിയാതിരിക്കാന്‍ പൂച്ചയുടെ കള്ളത്തരത്തെ കൂടെ കൂട്ടി,. സാവാധാനം കിടക്കയില്‍ നിന്നും താഴെയിറങ്ങി,  ജനലിനരുകിലെത്തി, മുറിയെ ഇരുളിലാക്കിയിരുന്ന കറുത്ത യവനികയെ അല്പം അകറ്റി. യവനികയില്‍ തീര്‍ത്ത നീണ്ട വിടവിലൂടെ വെളിച്ചം അകത്തെത്തി നേഹയെ അവനായി കാണിച്ചു കൊടുത്തു.  മനക്കണ്ണില്‍ കഴിഞ്ഞ നിമിഷങ്ങളില്‍ സംഭവിച്ചതുകളും.

        ശ്രീജിത്തിന്‍റെ വാസസ്ഥലം ഈ മെട്രോ നഗരത്തിലല്ല.  ഒരു മണിക്കൂറോളം വാഹനയാത്ര വേണ്ട മറ്റൊരിടത്താണ്.   ഇന്ന് പുലര്‍ച്ചക്ക് നേഹ മൊബൈലില്‍ വിളിക്കുകയായിരുന്നു.

        ശ്രീ ഇന്ന് ഫ്രീയാക്കുമോ….

        എന്തിന്….

        ഇന്ന് ഇവിടെ വന്നാല്‍ ജീവിത്തില്‍ ഒരിക്കലും മറക്കാനാന്‍ കഴിയാത്ത  ഒരു ദിവസമായിരിക്കും നമുക്ക്…

        ഊം….എങ്ങിനെ…..

        അതു പറയില്ല….അനുഭവിക്കാനുള്ളതാണ്……

        നേഹയുടെ ശബ്ദത്തിലെ ആര്‍ദ്രത അവനെ വല്ലാതെ ആകര്‍ഷിച്ചു. അവന്‍ സമ്മതിക്കുകയും ചെയ്തു.

        ചെയ്തു വന്നിരുന്ന തൊഴിലിന്‍റെ, മനസ്സിനെ മാരകമായി മുറി വേല്പിക്കുന്ന സമ്മര്‍ദ്ദത്തില്‍ നിന്നും ഒരൊഴിവ് അതാണവനെ ഹരം കൊള്ളിച്ചത്.  അവന്‍റെ വാസസ്ഥലത്തു നിന്നും പുറപ്പെടേണ്ട സമയം….അതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണം…. യാത്രക്ക് ഉപയോഗിക്കാവുന്ന ഏറ്റവും കൂടിയ സമയം.  ബസ്സ് യാത്ര തീരേണ്ട ഇടം.  അതിന് ശേഷം ഓട്ടോ പിടിക്കേണ്ട സ്റ്റാന്‍റ്. ഓട്ടോ ഡ്രൈവറോട് പറയേണ്ടുന്ന സ്ഥല നാമം…. ഓട്ടോ യാത്ര അവസാനിപ്പിക്കേണ്ട കവല…പിന്നീട് നടന്നു വരേണ്ട ദൂരം…..  എല്ലാം അവള്‍ നിഷ്കര്‍ഷിച്ചതുപോലെ ചെയ്ത് പകല്‍ പതിനൊന്നു മണിക്കായിരുന്നു വില്ലയിലെത്തിയത്.  വീഥിക്ക് ഇരുപുറവും വില്ലകളാണ്, റോസ് വില്ലകള്‍…. വില്ലകള്‍ തുടങ്ങുന്നിടത്ത് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന നമ്പറുകളില്‍ നിന്ന് അവള്‍ പറഞ്ഞ നമ്പര്‍ നോക്കി ഏതു ഭാഗത്തെന്നറിഞ്ഞ് നടന്നു….ആള്‍ അനക്കങ്ങളോ, മനുഷ്യ സഹജമായ മറ്റ് ശബ്ദങ്ങളോ ഇല്ലാത്ത  വീഥിയിലൂടെ പത്ത് മിനിട്ട് നടന്ന് എത്തിച്ചേരുകയായിരുന്നു, സ്നേഹതീരമെന്ന വില്ലയില്‍.

        ഒന്നിന്‍റെയും ദൃക്സാക്ഷത്വമില്ലെന്ന് ഉറപ്പു വരുത്തി അവന്‍ വില്ലയുടെ മണി നാദം മുഴക്കി.  ആ നാദം വീടിനുള്ളില്‍ മാത്രമല്ല പുറത്തും സംഗീതമായി മുഴങ്ങിയപ്പോള്‍ അവനൊന്നു ഞെട്ടി.

        വാതില്‍ തുറന്ന നേഹ,  അവനൊരിക്കലും കണ്ടില്ലാത്ത അത്ര സുന്ദരിയായിരുന്നു.  വെളുത്ത ഫ്രോക്കില്‍, ചന്ദമണത്തില്‍, തണുപ്പാര്‍ന്ന കരതലത്തോടെ……

        തുറന്നു പിടിച്ച വാതിലിലൂടെ അകത്തേയ്ക്ക് പ്രവേശിച്ചിട്ടും അമ്പരപ്പില്‍ ഒന്നും പറയാനാകാതെ ശ്രീജിത്തും, ഒന്നും പറയാനില്ലാതെ നേഹയും അടുത്തതെന്താകണമെന്ന് ചിന്തിക്കുക കൂടി ചെയ്തില്ല.

        സെറ്റിയില്‍ അടുത്തടുത്ത് അവര്‍ വെറുതെ അങ്ങിനെയിരുന്നു, കണ്ണുകളില്‍ നിന്നും കണ്ണുകളെ മാത്രം കണ്ടുകൊണ്ട്.

        പിന്നെ, പിന്നെ…. ആ കണ്ണുകള്‍ വഴി ഉള്‍കാമ്പുകളിലേക്ക് എന്തോ ഒക്കെ പരതി നടന്നു.

        ഒന്നും കണ്ടെത്താതെ, എങ്ങും എത്തിപ്പെടാതെയിരുന്ന നേരത്ത് നേഹ  അവനായി ഒരുക്കി വച്ചിരുന്ന ഭക്ഷണങ്ങളെ കാണാന്‍ വിളിച്ചു.

        തീന്‍ മേശയില്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു വലിയ ചിത്രം പോലെ, വ്യത്യസ്തമായ വര്‍ണ്ണങ്ങളില്‍, മനസ്സിനെ മത്തു പിടിപ്പിക്കുന്ന ഗന്ധങ്ങളില്‍, അവനറിയാത്ത രുചികളില്‍…….

        എന്തെല്ലാമോ അവന്‍ കഴിച്ചു, ഇടക്കെല്ലാം അവള്‍ വാരിക്കൊടുത്തു കഴിപ്പിച്ചു.  കഴിച്ചു മതിയായിട്ടോ…..മതിവരില്ലെന്നറിഞ്ഞ് നിര്‍ത്തിയിട്ടോ….ഭക്ഷണ മേശ വിട്ട നിമിഷം മുതല്‍ അവനറിയാത്ത ലോകത്തുകൂടി, കാണാത്ത കാഴ്ചകളിലൂടെ, നുകരാത്ത സ്വാദുകളിലൂടെ, അസാധാരണമായ വേഗത്തില്‍….

        ഇടയ്ക്ക് അബോധാവസ്ഥയിലൂടെയും ഉള്ള യാത്രയായിരുന്നു…..

രണ്ട്

        സംഘര്‍ഷ ഭരിതമായ ഒരു ജീവിതമാണ് ശ്രീജിത്തിന് കിട്ടിയത്.

        ജീവിക്കുന്നത് മനസ്സു കൊണ്ടാണെന്നല്ലേ ചിലര്‍ പറയുന്നത്.  ചിലരത് ഹൃദയം കൊണ്ടാണെന്ന് മാറ്റിപ്പറഞ്ഞിട്ടുമുണ്ട്.  ഒരു പക്ഷെ, ഹൃദയവും മനസ്സും ഒന്നാണെന്ന ധാരണയില്‍, അല്ലെങ്കില്‍ ഒന്ന് തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി പറയുന്നതാകാം.  പക്ഷെ, ശ്രീജിത്ത് മനസ്സു കൊണ്ട് ജീവിക്കുന്ന ആളാണ്.  അതുകൊണ്ട് ജോലി സംബന്ധമായ സംഘര്‍ഷങ്ങള്‍ മനസ്സിനെ ബാധിക്കുകയും വളരെ വേഗത്തില്‍ വികാരം കൊള്ളുകയും ചെയ്യുന്നു. വികാരം കൊണ്ട് അമിതമായി ആഹ്ലാദവും അസാധാരണമായ വിഷാദവും ആണ് പലര്‍ക്കും ഉണ്ടാകുന്നത്. പക്ഷെ, ശ്രീജിത്തിനെ സംബന്ധിച്ച് ആഹ്ലാദകരമായ വികാരങ്ങള്‍ കുറഞ്ഞും വിഷാദാന്മകമായവകള്‍ ഏറിയുമിരിക്കുന്നു.  അവന്‍ പലപ്പോഴും മൗനത്തിലേക്കും  കര്‍ത്തവ്യ വിമുഖനുതയിലേക്കും നീങ്ങുന്നു.

        അവന് ജന്മ നഗരത്തില്‍ തന്നെയാണ് വിദ്യാഭ്യാസം ലഭിച്ചത്.  അവന്‍റെ നഗരത്തില്‍ വളരെ ഉന്നതമായ നിലവാരത്തില്‍ വിദ്യാഭ്യാസ ലഭിക്കനുള്ള സാഹചര്യങ്ങളുണ്ടായിരുന്നെങ്കിലും അവന് സാമാന്യ വിദ്യാഭ്യാസ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.  സാമ്പത്തികം തന്നെ കാരണം.  ജനാധിപത്യത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ നിന്നിട്ടൊന്നും കാര്യമില്ല ഇപ്പോഴഴും ഗുണക്കൂടുതലുള്ളതുകളൊക്കെ പണമുള്ളവര്‍ക്കു വേണ്ടി സംവരണം ചെയ്തിരിക്കുകയല്ലേയെന്നാണ് അവന്‍ ഒരു ഇന്‍റര്‍വ്യൂവിന് മറു ചോദ്യം ഉന്നയിച്ചത്.  അതൊരു പൊതു സത്യമാണെങ്കിലും, പലപ്പോഴും സമൂഹത്തില്‍ അപ്രകാരമുള്ള ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഒട്ടും വൈകാതെ തന്നെ കെട്ടടങ്ങിപ്പോകുന്നതാണ് കണ്ടിട്ടുള്ളത്.      

        അവന്‍റ ഇടത്തു തന്നെയുള്ള ഒരു പ്രൈവറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസര്‍ ജോലി, വലിയ ചെലവുകളില്ലാത്ത അച്ഛനും അമ്മയ്ക്കും അധികം പരാതികളില്ലാത്ത അനുജത്തിയ്ക്കും അവനും ജീവിക്കാന്‍ അതില്‍ നിന്നുള്ള വരുമാനം മതിയെന്ന് തന്നെയാണ് ശ്രീജിത്തിന്‍റെ അനുഭവം.   എന്നു വച്ച് ആ ജോലി കൊണ്ട് അവന്‍ തൃപ്തിപ്പെട്ടിട്ടൊന്നുമില്ല.  സര്‍ക്കാര്‍ തലത്തിലും മള്‍ട്ടി നാഷനല്‍ കമ്പനികളിലും ഒരു സിവിള്‍ എഞ്ചിനിയര്‍ ഡിപ്ലോമാക്കാരന് എന്തെല്ലാം സാദ്ധ്യതകളുണ്ടെന്ന് ചുഴിഞ്ഞ് നേക്കിക്കൊണ്ടു തന്നെയാണ് ഇരിക്കുന്നത്.

        പതിനഞ്ചു നിലകളിലേക്ക് പണിതുയര്‍ത്തുന്ന ഫ്ളാറ്റ് സമുച്ചയം, അമ്പതു സെന്‍റ് സ്ഥലത്ത് നാലു ബ്ലോക്കുകളിലായിട്ട് നൂറോളം ഫ്ളാറ്റുകള്‍…..  ഒരു സമയത്ത് നൂറോളം തൊഴിലാളികളാണ് പണിയെടുത്തു കൊണ്ടിരിക്കുന്നത്,കീഴേക്കിട കരാറുകാരുടെ കീഴിലായിട്ട്….  കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാരുടെ ഇടനിലക്കാനും പണിയുടെ നോട്ടക്കാരനുമാണ് ശ്രീജിത്ത്.  അളവുകളിലും തോതുകളിലും വരാവുന്ന വ്യതിയാനങ്ങള്‍, ഉള്‍ക്കാഴ്ചകളില്ലാത്ത തൊഴിലാളികളില്‍ നിന്നുണ്ടാകുന്ന അപചയങ്ങള്‍…കൂലിത്തര്‍ക്കങ്ങള്‍, മെല്ലെപ്പോക്കുകള്‍…. മനപ്പൂര്‍വ്വമായ പരാജയപ്പെടുത്തലുകള്‍, കുതികാല്‍ വെട്ടലുകള്‍….. ചതിക്കുഴി തീര്‍ക്കലുകള്‍…..

        ഞായറാഴ്ച പിരിമുറുക്കങ്ങളെ അയച്ചു വിടുന്ന ദിവസമാണ് ശ്രീജിത്തിന്.  ഓടിമുറുകിപ്പോകുന്ന യന്ത്രയോജിപ്പുകളില്‍ എണ്ണയും ഗ്രീസുമിട്ട് അയവു വരുത്തുന്ന ദിവസം.

വാത്സല്യം മുഴുവനും ചേര്‍ത്ത് അമ്മയുണ്ടാക്കുന്ന ഇഡ്ഢലിയും സ്നേഹമയം അധികമായി കൂട്ടി അരച്ചെടുക്കുന്ന ചമ്മന്തിയും കഴിച്ചു കഴിഞ്ഞാല്‍ വീടിനു പുറത്തേക്ക് ഒരു പുഞ്ചിരിയുമായി യാത്രയാകുന്നു.  സൗഹൃദങ്ങള്‍ വിരിഞ്ഞു നില്ക്കുന്ന,  സ്നേഹം ലഭിക്കുന്ന, അവന്‍റെ സാമിപ്യം ഇഷ്ടപ്പെടുന്ന ഇടങ്ങളില്‍, അവരുടെയൊക്കെ ചെറിയ ചെറിയ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ചെയ്തു കൊടുത്തു കൊണ്ട.് അവരില്‍ നിന്നും ആവശ്യത്തിലേറെ സ്നേഹം സ്വീകരിച്ചു കൊണ്ട്…..

        ഒരു ഞായറാഴ്ച, നഗരത്തിലെ മള്‍ട്ടിനാഷനല്‍ ഹോസ്പിറ്റലുകാര്‍ അവന്‍റെ നാട്ടില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും അവയവദാനക്യാമ്പും നടത്തിയപ്പോള്‍ വളരെ വിശാലമായൊരു വീക്ഷണത്തിലായിരുന്നു ശ്രീജിത്തും കൂട്ടുകാരും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും സംഘാടകരാകാനും തയ്യാറായത്.  ഹാളിലെ ഇരിപ്പിടങ്ങള്‍ ശരിയാക്കി, റെജിസ്റ്ററുകള്‍ എഴുതി, പ്രഭാഷണം കേട്ട് ഉറക്കം വരുന്നവര്‍ക്ക് ചായ കൊടുത്ത്, വേണ്ടവര്‍ക്ക് ലഘു ഭക്ഷണം കൊടുത്ത്, കൈകൊടുത്ത് സഹായിക്കേണ്ടവരെ സഹായിച്ച്….

        സ്വന്തം ശരീരത്തിലെ രക്തത്തിന്‍റെ ഗ്രൂപ്പ് നിര്‍ണയവും അവസ്ഥ കണ്ടെത്തലും ആരോഗ്യ പരിശോധനയും നടത്തിയപ്പോഴും തന്നോട് ചേര്‍ന്നു നിന്ന നേഴ്സ് നേഹയെ ശ്രദ്ധിക്കണമെന്നു തോന്നി.  അവന്‍റെ ശ്രദ്ധകളെ കണ്ടില്ലെന്ന് അവള്‍ നടിച്ചിരുന്നെങ്കിലും സദാമുഖത്ത് നിന്നിരുന്ന പുഞ്ചിരി അവനെ വശീകരിച്ചു.അവയവദാന രേഖ ഒപ്പിട്ടു നല്‍കിയപ്പോള്‍ അവള്‍ അവനോട് കൂടുതല്‍ അടുത്തതുപോലെ തോന്നി.

        ആ തോന്നല്‍ തെറ്റിയില്ല, അടുത്ത നാളില്‍ അവന്‍റെ ഫോണില്‍നേഹ വിളിച്ചു.  വര്‍ക്ക് സൈറ്റില്‍ ബംഗാളി തൊഴിലാളിയോടു തട്ടിക്കയറി രക്തം ചൂടു പിടിച്ച് നിന്നിരുന്ന സമയത്ത്, പുറത്ത് സൂര്യനും കത്തി ജ്വലിച്ചു കൊണ്ടിരിക്കുകയായിരുന്നു.

        ഞാന്‍ നേഹയാണ്…

        ആര്…

        അവന്‍റെ ചോദ്യത്തിന് ഇത്തിരി ദൃഢത കൂടുലുണ്ടായിരുന്നു.  അവന്‍റെ മുഖത്ത് ആവശ്യത്തിലേറെ ഈര്‍ഷ്യതയും…

        എന്തേ ചൂടിലാണെന്നു തോന്നുന്നു….

        അതെ….അകത്തും പുറത്തു…

        എങ്കില്‍ പിന്നെ വിളിക്കാം….

        ഓ… അതാ നല്ലത്…

        ഫോണ്‍ ഓഫ് ചെയ്ത് കഴിഞ്ഞപ്പോള്‍ അവന് നേഹയെന്ന പേര് ഓര്‍മ്മ വന്നു. നൈറ്റിംഗേലിനെയും…..

        ആതുര സേവന രംഗത്തിന്‍റ ചരിത്രത്തില്‍ ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണെന്നും ഒര്‍മ്മിച്ചു.

        നൈറ്റിംഗേല്‍…

        അവന്‍ തിരികെ വിളിച്ചില്ല.

        രാത്രയില്‍ അവള്‍ ഉറങ്ങുന്നതിനു മുമ്പ് വീണ്ടും വിളിച്ചു.

        ഞാന്‍ നേഹയാണ്…..

        സോറി ഞാനപ്പോള്‍ ജോലിസ്ഥലത്ത്…

        ദേഷ്യത്തിലായിരുന്നല്ലേ…

        സോറി..

        എന്നെ ഓര്‍ക്കുന്നോ….

        ഓര്‍മ്മിക്കുന്നുണ്ടെന്ന് ശ്രീജിത്ത് അപ്പോള്‍ പറഞ്ഞില്ല.

        പിന്നീട് ഓര്‍ത്തു വയ്ക്കാനുള്ള ഒരു പൂക്കാലമാണ് വന്നത്…

        ഫോണില്‍, വാട്ട്സ്സാപ്പില്‍, ഫെയ്സ് ബുക്കില്‍…

        അവര്‍ നിരന്തരം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്ത കൊണ്ടിരുന്നു…

അനുബന്ധം.

        അന്ന്, ശ്രീജിത്തിനെ കാണാതാവുകയായിരുന്നു.  ജോലി കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞപ്പോള്‍ അവന്‍റെ അമ്മയുടെ ഉള്ളില്‍ വേവലാതി തുടങ്ങി,  വിഭ്രമമായി അച്ഛനില്‍ പടര്‍ന്നു,  അങ്കലാപ്പോടുകൂടി സ്നേഹിതര്‍ അതിനോടു യോജിച്ചു.  രാത്രിയില്‍ തന്നെ അന്വേഷണങ്ങള്‍ വളരെ പുരോഗമിച്ചു.  അവന്‍ അന്ന് ജോലിസ്ഥലത്തെത്തിയില്ലെന്ന വസ്തുത കൂടുതല്‍ ദുരൂഹതയിലേക്കാണ് നീങ്ങുന്നതെന്ന് ഡിക്ടറ്റീവ് നോവലുകളെ സ്നേഹിക്കുന്ന ജോഹന്‍ ഇടക്കിടക്ക് സുഹൃത്തുക്കളോട് പറഞ്ഞു കൊണ്ടിരുന്നു. അവര്‍ അവന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ല.

        ജോഹന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ പത്തു മണിക്ക് മുമ്പ് ശ്രീജിത്തിന്‍റെ സുഹൃത്ത് ജിനോ മാത്യുവിന്‍റെ ഫോണിലേയ്ക്ക് മെട്രോ നഗരത്തിലെ ഒരു ഹോസ്പിറ്റലില്‍ നിന്നും വിളിയെത്തി, റിസപ്ഷനിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ശബ്ദം പറഞ്ഞു.

        ശ്രീജിത്തിന് മെട്രോ നഗരത്തില്‍ വച്ച് ആക്സിഡന്‍റ് പറ്റി, ഗുരുതരാവസ്ഥയിലാണ്…. വെന്‍റിലേറ്റളിലാണ്….

        സുഹൃത്തുക്കള്‍ ഞെട്ടലിന്‍ നിന്നും മോചിതരാകും മുമ്പ് ശ്രീജിത്തിന്‍റെ വീട്ടില്‍ ഹോസ്പിറ്റലില്‍ നിന്നം ആരെല്ലാമോ വന്ന് അച്ഛനെയും അമ്മയേയും കൊണ്ടു പോയതിനാല്‍ വെറും കാഴ്ചക്കാരായി സ്നോഹിതരും ഹോസ്പിറ്റലില്‍ എത്തി.  ആരോ എഴുതി സംവിധാനം ചെയ്തിരിക്കുന്ന തിരക്കഥ പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ജോഹന്‍ ഇടക്ക് സുഹൃത്തുക്കളോട് പറഞ്ഞു.  ആയിരിക്കാം, നമ്മള്‍ക്ക് എന്തു ചെയ്യനാകുമെന്ന് സുഹൃത്തുക്കള്‍ പിറുപിറുത്തു.

        വളരെയേറെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും വളരെ കുറച്ച് പരാതികളും പരിവട്ടങ്ങളും ആടി അരങ്ങൊഴിഞ്ഞു  കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റല്‍ വരാന്തയില്‍ ഇരുന്നിരുന്ന ശ്രീജിത്തിന്‍റെ അച്ഛനോടും അമ്മയോടും സ്നേഹിതര്‍ തിരക്കി.

        ഇപ്പോള്‍ എങ്ങിനെയുണ്ട്….ഇനിയെന്താണ്…..

        ഉത്തരം പറയും മുമ്പ്  ആരെല്ലാമോ അവരെ വരവേറ്റ് ആശുപത്രിയുടെ ഓഫീസിലേക്ക് ആനയിച്ചു.  പിന്നീട് ജനാല വഴി സ്നേഹിതര്‍ക്ക് കാണാന്‍ കഴിഞ്ഞത് കുറെ പേപ്പറുകളില്‍ അവര്‍ ഒപ്പിടുന്നതാണ്.

        പിറ്റേന്ന് ദിനപ്പത്രങ്ങളിലെല്ലാം ശ്രീജിത്തിന്‍റെ ഫോട്ടോയോടുകൂടി വാര്‍ത്ത വന്നു.  അവയവദാനത്തിന്‍റെ മാഹാമ്യത്തെ, ശ്രീജിത്തന്‍റെ സ്വഭാവത്തെ, വീക്ഷണങ്ങളെക്കുറിച്ചൊക്കെ  തൊങ്ങലുകളും തോരണങ്ങളും വച്ചെഴുതിയ കുറെ കുറിപ്പുകള്‍ സുഹൃത്തുക്കള്‍ക്ക് വായിക്കാനും കിട്ടി.  ശ്രീജിത്തിന്‍റെ പുരയിടത്തില്‍ തന്നെ കാടു പിടിച്ചു കിടന്നിരുന്നിടത്ത് വൃത്തിയാക്കി ചിതയൊരുക്കി.  ഒടുക്കം വരെയും സ്നേഹിതല്‍ കാണികളായി നിന്നിരുന്നു.  എന്തിനും ഏതിനും ഹോസ്പിറ്റലില്‍ നിന്നും ഏര്‍പ്പാടാക്കിയവരുണ്ടായിരുന്നു.  ഏതെല്ലാമോ സന്നദ്ധ സംഘടനക്കാരും അക്ഷീണം ഓടിനടന്നു കൊണ്ടിരുന്നു.

മൂന്ന്

        ഭാഗം മൂന്ന് തുടങ്ങുന്നത് ശ്രീജിത്തിന്‍റെ മരണശേഷം ആറുമാസം കഴിഞ്ഞിട്ടാണ്.  ആറു മാസവും പതിനൊന്ന് ദിവസവും ആയെന്ന് ജോഹന്‍ പറയുന്നു.  മറ്റ് സ്നേഹിതരൊക്കെ ആ കണക്കുകള്‍ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു

        അന്ന് ജോഹന്‍ നഗരത്തിലെ പേയിന്‍ പാര്‍ക്കില്‍ നിന്നും വാഹനം തിരികെ എടുത്തു മടങ്ങാന്‍ തുടങ്ങുമ്പോള്‍ അവിടത്തെ ഒരു ജീവനക്കാരന്‍ ചോദിച്ചു.

        നീയാ ശ്രീജിത്തിന്‍റെ കൂടെ പഠിച്ചതല്ലേ…

        ഊം… നീയേതാ….

        ഞാനും അന്ന് സ്കൂളില്‍ ഉണ്ടായിരുന്നു.

        ഓ….

        നീ…. നിന്നേ…എനിക്കൊരു കാര്യം പറയാനുണ്ട്….

        ഊം….

        ശ്രീജിത്തിനെ കുറിച്ചാണ്….

        എന്നതാ…..

        ജോഹന്‍റെ മുഖം അഗതക്രിസ്റ്റിയുടെ കഥാനായകന്‍ ഹെര്‍ക്യൂള്‍ പെയ്റോട്ടിന്‍റേതു പോലെയായി, മുകളിലേക്ക് പിരിച്ചു വക്കാന്‍ മീശയില്ലെങ്കിലും…

        കണ്ണകള്‍ കൂത്തു……ചെവികള്‍ വട്ടം പിടിച്ചു….. മനസ്സ് ജാഗരൂകമായി….

        ആക്സിഡന്‍റായീന്നു പറയുന്നതിന്‍റെ പിറ്റേന്ന് രാവിലെ വേറൊരാളാണ് ഇവിടന്ന് അവന്‍റെ ബൈക്ക് എടുത്തു പൊണ്ടുപോയത്…

        എങ്ങിനെ…

        അവന്‍റെ വണ്ടിയുടെ ടോക്കന്‍ കൊണ്ടുവന്ന് വേറെരുത്തനാണ് കൊണ്ടു പോയതെന്ന്….

        ങേ….

        വണ്ടിയെടുക്കാന്‍ വന്നവനോട് ഞാന്‍ ചോദിച്ചതാ ശ്രീജിത്ത് എന്തിയേന്ന്.  അയാളു പറഞ്ഞത്… അവന്‍ ആ സ്റ്റാന്‍റിനടുത്തുള്ള മേള ഹോട്ടലില്‍ ഇരുന്ന് ചായ കുടിക്കുന്നുണ്ടെന്നാണ്….

        ജോഹന്‍ വല്ലാതെ അസ്വസ്തനായി.  അവന്‍ സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയ ബൈക്ക് സ്റ്റാന്‍റില്‍ കയറ്റി വച്ച് സുഹൃത്തിന്‍റെ തുടര്‍ വാക്കുകള്‍ ആരും കേള്‍ക്കാതിരിക്കാന്‍ പേയിന്‍ പാര്‍ക്കിന്‍റെ ഓഫീസ് കാബിനില്‍ നിന്നും കുറെ ആകന്നു നിന്ന് മര്‍മ്മരമായി, കുറെ സമയം സംസസാരിച്ചു.  അവര്‍ സംസാരിച്ചതെല്ലാം ജോഹന്‍ മനസ്സില്‍ മാത്രം രേഖപ്പെടുത്തി.

        പേയിന്‍ പാര്‍ക്കിലെ സുഹൃത്തിനെ കണ്ടതിനുശേഷമുള്ള ഇരുപത്തിനാലു മണിക്കറിനുള്ളില്‍ ജോഹന്‍, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അഗതക്രിസ്റ്റി കൃതികള്‍ രണ്ടാം ഭാഗത്തെ മൂന്നു കഥകള്‍ വീണ്ടും വീണ്ടും വായിച്ചു.  പെയ്റോട്ടിന്‍റെ ചിന്തകളും ചെയ്തികളും മുഖഭാവങ്ങളും മനക്കണ്ണില്‍ പകര്‍ത്തിയെടുത്ത് വിശകലനം ചെയ്തു.  മേശപ്പുറത്തെ ചീട്ടുകളില്‍ പെയ്റോട്ട് ചിന്തിക്കുന്നതുപോലെയല്ല നീലനദിയിലെ മരണത്തില്‍ ചി

ന്തിക്കുന്നതെന്ന് കണ്ടെത്തി. സൈപ്രസ് ദുരന്തത്തിലെ കാഴ്ചപ്പാടുകളല്ല ചലിക്കുന്ന വിരലില്‍ ഉള്ളതെന്ന് വീക്ഷിച്ചു.

        ഹൃദയം വിങ്ങി അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ സുഹൃത്തുക്കളോട് കാര്യങ്ങള്‍ വ്യക്തമാക്കി.  അവര്‍ ശ്രീജിത്തിന്‍റെ വീടിനെ നിരീക്ഷണത്തില്‍ കൊണ്ടു വന്നു.  പക്ഷെ, അടുത്തു കഴിഞ്ഞ നാളുകളില്‍ അവിടെ ഒന്നും പ്രത്യേകിച്ച് സംഭവിച്ചിട്ടില്ലെന്ന് അറിഞ്ഞു. ശ്രീജിത്തിന്‍റെ വീട്ടുകാര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു.  ശ്രീജിത്തിന്‍റെ മരണവുമായി ബന്ധിച്ച് എവിടെ നിന്നെല്ലാമോ അവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായത്താല്‍ അവന്‍ ഉണ്ടായിരുന്ന കാലത്തുള്ള ജീവിതത്തേക്കള്‍ നിലവാരമുള്ളതാണ് ഇപ്പോഴത്തേതെന്ന് കണ്ടെത്തി.  ജോഹന്‍റെ ചുഴിഞ്ഞുള്ള ചോദ്യങ്ങള്‍ക്ക് ശ്രീജിത്തിന്‍റെ അച്ഛന്‍ ഇങ്ങിനെ ഒരു മറുപടിയും കൊടുത്തു.

        മറന്നല്ലെ പറ്റൂ മക്കളെ….

        അതെ മറന്നേ പറ്റൂ…. നിങ്ങള്‍ക്ക്…….

        ജോഹന്‍ അയാളുടെ മുഖത്ത് നോക്കി അങ്ങിനെ പറഞ്ഞില്ല, പക്ഷെ , പറയുമായിരുന്നു, മറ്റ് സുഹൃത്തുക്കള്‍ക്കു കൂടി ഇഷ്ടമായിരുന്നെങ്കില്‍.

        എങ്കിലും അവന്‍ മനസ്സില്‍ പറഞ്ഞു.

        പക്ഷെ. ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്തതുപോലെ ഒരു കനല്‍ ഹൃയത്തില്‍ വീണു കിടക്കുകയാണെങ്കിലോ,  അതവിടെ കിടന്ന് ജ്വലിക്കുകയാണെങ്കിലോ….

        മദ്യത്തിന്‍റെ അവാച്യമായ വശീകരണശക്തിയില്‍ വീഴ്ത്തി, ശ്രീജിത്ത് ആക്സിഡന്‍റ് കേസിന്‍റെ മഹസ്സര്‍ കോപ്പി സ്വീകരിക്കുമ്പോഴും ബൈക്ക് കാണാന്‍ പോകുമ്പോഴും പെയ്റോട്ട് എന്തായിരിക്കും ഈ സാഹചര്യത്തില്‍ ചിന്തക്കുകയെന്ന് അറിയാന്‍ ജോഹന്‍ മനസ്സിലിട്ട് കാര്യങ്ങളെ മദിച്ചു നോക്കിക്കൊണ്ടിരുന്നു.

        കാഷ്വാലിറ്റിയിലെ ക്രമാതീതമായ തിരക്കിനിടയിലും നേഹ അവരോടൊത്ത് കാന്‍റിനിലെ ഫാമിലി ക്യാബിനില്‍ ചായ കഴിക്കാനെത്തി.  അവര്‍ക്കു മുന്നില്‍ തേങ്ങിക്കരഞ്ഞു.

        വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞിരിക്കുന്ന ആ മനോഹര ദേഹത്തെ പെയ്റോട്ടിന്‍റെ കണ്ണുകളോടെയാണ് ജോഹന്‍ നോക്കിക്കൊണ്ടിരുന്നത്.  വശ്യമായ ആ മുഖത്തിന് പിന്നില്‍, ഏറെ കറുത്ത ആ കണ്ണുകള്‍ക്ക് മറവില്‍ ഒരു ദുരൂഹത മറഞ്ഞിരിക്കുന്നുണ്ടോ എന്നവന്‍ ചുഴിഞ്ഞ് ചിന്തിച്ചു കൊണ്ടിരുന്നു.  ഒടുവില്‍ ഉണ്ടെന്നു തന്നെ അവന്‍ കണക്കുകൂട്ടി, മറ്റ് സുഹൃത്തുക്കള്‍ അതിനെ എതിര്‍ത്തെങ്കിലും.  അവന്‍ അവന്‍റെ വഴിയെ തന്നെ ചിന്തിച്ചു. അവന് ഇഷ്ടമുള്ള വഴിയെ പോയി.  പക്ഷെ, സുഹൃത്തുക്കളെ കൂടെ കൂട്ടാതിരുന്നില്ല.

        അടുത്ത ദിവസം, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് നേഹ വീട്ടിലെത്തി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ വില്ലയിലെ കോളിംഗ് ബല്ല് ജോഹന്‍ മുഴക്കി.  ഉറക്കച്ചടവോടെ അവള്‍ വാതില്‍ തുറന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ നേഹയുടെ അര്‍ദ്ധ നീലിമയാര്‍ന്ന മിഴികള്‍ ആകാവുന്നതിലും അധികമായി തുറന്നു.  ഉറക്കത്തിന്‍റെ ആലസ്യത്തെ വിട്ട് ബോധമുണരുകയും ചെയ്തു.  അവളെ അകത്തേക്ക് തള്ളി മാറ്റി ജോഹനോടൊപ്പം മൂന്നു സുഹൃത്തുക്കളും അകത്തേക്ക് കയറി.

        നേഹ എന്തു പറയണമെന്നൊ, എന്തു ചെയ്യണെമെന്നൊ അറിയാതെ തകര്‍ന്നു നിന്നു.

        അവരുുടെ നിശബ്ദതയെ നീക്കിക്കൊണ്ട് ജോഹന്‍, പെയ്റോട്ടിനെ പോലെ ആലങ്കാരികമായി പറഞ്ഞു.

        നേഹ, ഞങ്ങള്‍ ഉപദ്രവിക്കാന്‍ വന്നതല്ല….നിന്നോട് കടുത്ത പ്രണയമായിരുന്നു ശ്രീജിത്തിനെന്ന് ഞങ്ങള്‍ക്കറിയാം….അതു കൊണ്ടു തന്നെ നീ സത്യം പറയാന്‍ ബാധ്യസ്ഥയാണ്… അല്ല നീ ഞങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണെങ്കില്‍ ജീവിതം മോശമായിത്തീരും …ഞങ്ങള്‍ ഇവിടെ നിന്നും പോകും വരെ നിനക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നിനക്കറിയാം… ഈ അടുത്ത് വില്ലകളിലൊന്നും ആരുമില്ല.  അക്കാര്യം നിക്കറിയുന്നതു പോലെ ഞങ്ങള്‍ക്കുമറിയാം….     അതുകൊണ്ട് സത്യ പറയുകയും  ഞങ്ങളോട് സഹകരിക്കുകയും ചെയ്യുക….

        തളര്‍ന്നു നിന്നിരുന്ന നേഹ സെറ്റിയില്‍ നിസ്സഹായയായി ഇരുന്നു.

        എന്താണ് ….എന്താണ് നിങ്ങള്‍ക്കറിയേണ്ടത്….

        ശ്രീജിത്തിന്‍റെ അപകടത്തെക്കുറിച്ച് നിനക്ക് അറിയാവുന്നതെല്ലാം…

        എങ്ങിനെ അപകടം ഉണ്ടായെന്നെനിക്കറിയില്ല…. ഹോസ്പിറ്റലില്‍ വന്നതു മുതലെല്ലാം എനിക്കറിയാം… അന്ന് കാഷ്വാലിറ്റിയില്‍ ഞാനുണ്ടായിരുന്നു… പിന്നീട് ശ്രീജിത്തിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു… എല്ലക്കാര്യത്തിനും… എനിക്കറിയാവുന്നതെല്ലാം പറയാം….അവയവദാനങ്ങളും…. അതു സ്വീകരിച്ചവരെക്കുറിച്ചും …. അവന്‍റെ വീട്ടുകാരെ സഹായിച്ചവരെയും….പലതിനും ഞാന്‍ സാക്ഷിയാണ്…

        അതല്ല ഞങ്ങള്‍ക്കറിയേണ്ട്, ശ്രീജിതത്തിന്‍ അപകടത്തെക്കുറിച്ചാണ്…. ആരെങ്കിലും അപകടം ഉണ്ടാക്കിയതാണെങ്കില്‍ അതാണ്…..

        അപകടം ഉണ്ടാക്കുകയോ….

        പെയ്റോട്ട്, ജോഹനിലേക്ക് പരകായം ചെയ്തു.  മറ്റു മൂന്നു പേരും അവളെ സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്നു.  അവരുടെ മൊബൈലുകള്‍ കണ്ണുകള്‍ തുറന്നു, ശബ്ദ സ്വീകരണം തുടങ്ങി.

        അവര്‍ നിശബ്ദരായി.

        നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നേഹ അങ്കലാപ്പില്‍, സംഘര്‍ഷത്തില്‍ നിന്നു മോചിതയായി.  ദൃഢമായ, ശാന്തമായ സ്വരത്തില്‍ അവള്‍ പറഞ്ഞു.

        എനിക്ക് അറിയാവുന്നത് ഞാന്‍ പറയാം.  നിങ്ങള്‍ ഉദ്ദേശിക്കന്നതെന്തെന്ന് എനിക്കറിയില്ല.  ശ്രീജിത്തിന്‍റെ അപകടത്തെക്കുറിച്ച് എനിക്കറിയില്ല.  ഹോസ്പിറ്റലില്‍ എത്തിയതു മുതല്‍ എല്ലാം നോക്കിയതില്‍ ഞാന്‍ കൂടിയുണ്ടായിരുന്നു.  ഒരു സുഹൃത്തിനോടു വേണ്ട എല്ലാം കരുതലുകളും ഞാന്‍ കൊടുത്തിരുന്നു.

        അതുമാത്രം…..

        അതെ…

        നേഹ നീ പറയുന്നത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.  നീ വീണ്ടും വീണ്ടും നുണ പറഞ്ഞു കൊണ്ടിരിക്കുകയാണ്. നുണ പറഞ്ഞ് രക്ഷപെടാമെന്ന് നീ വിശ്വസിക്കുകയാണ്.  നിനക്ക് പിന്നില്‍ വലിയൊരു ശക്തിയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.  അത് ഉപയോഗിക്കണമെങ്കില്‍ നിനക്കിവിടെ നിന്ന പുറത്തു പോകണം.   അതിനു കഴിയാതെ വന്നാലോ…..

        ഭീഷണിയാണോ….

        അല്ല, സത്യം പറഞ്ഞതാണ്…. നിന്നെ ഞങ്ങള്‍ ഒരു പോറലു പോലും ഏല്പിക്കില്ല….പൂപോലെ മനോഹരമായ ഈ ദേഹം പൂര്‍ണ്ണ നഗ്നമായിട്ട് ഈ മൊബൈലുകളില്‍ പകര്‍ത്തും… അടുത്ത നിമിഷം തന്നെ പൊതു ദര്‍ശനത്തിനു വയ്ക്കും……ഇന്‍റര്‍നെറ്റ് കമ്പോളത്തില്‍ വില്പനക്കും വയ്ക്കും…. എന്താ ചെയ്യണോ…. പിന്നെ ജീവിത കാലം മുഴുവന്‍ ഞങ്ങളുടെ കസ്റ്റഡിയില്‍ വില്പനച്ചരക്കായിട്ട് തന്നെ കഴിയും അതുവേണോ….

        അവള്‍ പുച്ഛത്തോടെ അവരുടെ മുഖങ്ങളില്‍ മാറമാറി നോക്കി…. നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന ഒരു ഭാവമാണവളുടെ കണ്ണുകളില്‍….

        പെട്ടന്ന് അവരുടെ മുഖങ്ങള്‍ ഇരുളുന്നത് നേഹ കണ്ടു. അവള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേള്‍ക്കാന്‍ ശ്രമിച്ചു.

        നോ…

        ജോഹന്‍റെ  ക്രൗര്യമാര്‍ന്ന സ്വരത്തില്‍ നേഹക്ക് ഉള്‍ക്കിടിലമുണ്ടായി.  അവള്‍ അവിടെത്തന്നെയിരുന്നു.  ജോഹന്‍റെ വിരലുകള്‍ അവള്‍ക്കരുകിലേക്ക് നീങ്ങി വരുന്നത് അവള്‍ കണ്ടു. മനോഹരമെങ്കിലും അതിന്‍റെ വിറയലില്ലായ്മ അവളെ പരിഭ്രമിപ്പിച്ചു കൊണ്ടിരുന്നു.  ചുരിദാര്‍ ടോപ്പില്‍ അവന്‍ സ്പര്‍ശിച്ചപ്പോള്‍ നേഹയുടെ ഉള്‍ക്കാമ്പില്‍ ഭയം കുമ്പു പൊട്ടി….പൊട്ടിയ കൂമ്പ് പെട്ടന്ന് വളരുകയും തളിരാകുകയും ഇലയാകുകയും ചയ്തു.

        അക്ഷോഭ്യരായിരുന്ന അവരുടെ പ്രതികരണം പെട്ടന്ന് മാറുന്നത് നേഹ അറിഞ്ഞു.

        അവളൊരു കഥയിലേയ്ക്ക് വന്നു.

        ശ്രീജിത്ത്,

        നേഹ,

        അവരുടെ പ്രണയ ജീവിതം,

        ശ്രീജിത്തിന് അപകടമുണ്ടായ ദിവസത്തെ അവരുടെ സഹജീവിതം,

        മൊബൈലില്‍  അവളുടെ മുഖഭാവങ്ങള്‍, അംഗ ചലനങ്ങള്‍ മൂന്ന് ആംഗിളുകളില്‍ മുന്നു പേരും പകര്‍ത്തിക്കൊണ്ടിരിരുന്നു. അവരില്‍ അത്ഭുതവും, ഭീതിയും പടന്നര്‍ന്നു കയറിക്കൊണ്ടിരുന്നു..

        ആ വില്ലയില്‍ അടഞ്ഞു കിടന്നിരുന്ന കതക് തുറന്ന,് ശൂന്യമായ ഉള്ളില്‍ വെളിച്ചത്തെ വരുത്തി, ഇവിടെ വച്ചാണ് ശ്രീജിത്തിന്‍റെ തലയ്ക്ക് ക്ഷതമേല്പിച്ചതെന്നവള്‍ പറഞ്ഞപ്പോള്‍, നാലു യുവാക്കളും ബാധയേറ്റ പെണ്ണിന്‍റെ കൈയ്യിലെ പൂക്കുല പോലെയായി.

        വിറയലില്‍ നിന്ന് മോചിതരായിക്കഴിഞ്ഞ്, നേഹയെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് തോന്നിയപ്പോള്‍ സുഹൃത്തുക്കള്‍ ഇനിയെന്തന്നറിയാന്‍ പെയ്റോട്ടിന്‍റെ മുഖത്ത് നോക്കി.  അവന്‍ അപ്പോള്‍ മാത്രമാണ് വികാരങ്ങളില്‍ നിന്നും പുറത്ത കടന്നത്.

        നേഹ നീയും ഞങ്ങളടെ കൂടെ വരികയാണ്. എവിടേക്കെന്ന് നീ ചോദിക്കാതെ തന്നെ പറയാം നിയമത്തിന്‍റെ മുന്നിലേക്ക്….അത് ഞങ്ങളെ രക്ഷിക്കാന്‍ കൂടിയാണ്…പക്ഷെ,. നീ ഇടക്കെപ്പോഴെങ്കിലും അതി ബുദ്ധി കാണിക്കുമെന്ന കരുതി ഈ മൊബൈലുകളില്‍ പകര്‍ത്തിയതെല്ലാം ലൈവായിട്ട് ഫെയ്സ് ബുക്കു വഴിയും വാട്ട്സ്സാപ്പു വഴിയും ലോകം കാണുന്നുണ്ടായിരുന്നു. ഒരു പക്ഷെ, നമ്മള്‍ ഈ വാതില്‍ തുറക്കുമ്പോള്‍ തന്നെ നമ്മളെ എതിരേല്‍ക്കാന്‍ പലരും കണ്ടെന്നിരിക്കും.

        പക്ഷെ, വാതില്‍ തുറന്നപ്പോള്‍ അവരെ എതിരേല്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല.

        മറ്റൊരു വസ്ത്രം ധരിക്കുന്നതിനു പോലും നേഹയെ അനുവദിക്കാതെ അവര്‍ യാത്രയായി.  കാറിന്‍റെ കറുത്ത ഗ്ലാസ്സുകള്‍ അവളെ പുറത്ത് കാണിക്കുന്നില്ലെന്ന് ഉറപ്പും വരുത്തി. വില്ലയുടെ ഗെയിറ്റ് പൂട്ടി വാഹനം ഓടിത്തുടങ്ങിയപ്പോള്‍ ചാനല്‍ക്കൂട്ടത്തിന്‍റെ വാഹനങ്ങള്‍ അവര്‍ക്ക് മാര്‍ഗ്ഗ തടസ്സമായി നിന്നു. കാറിന്‍റെ ഗ്ലാസ്സുകള്‍ ഉയര്‍ത്തി, ഹെഡ്ഡ് ലൈറ്റ് ഓണാക്കി നിര്‍ത്താതെ ഹോണടിച്ച് അവര്‍ മുന്നോട്ടു പോയി.

         മൊട്രോ നഗരത്തിലെ മജിസ്ട്രറ്റ് കോടതി കൂടിത്തുടങ്ങി ഒരു മണിക്കൂര്‍  കഴിഞ്ഞപ്പോള്‍ അവര്‍ അഞ്ചു പേരും കോടതി നിയമങ്ങളെ ലംഘിച്ചു കൊണ്ട് അകത്തേക്ക് കടന്നു.

                                @@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top