പോത്തും വേദവും

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഒരു ബ്രാഹ്മണഗുരു കമണ്ഡലുവും യജ്ഞവല്‍കലവും ധരിച്ച് തെക്കുള്ള യജ്ഞവേദിയിലേക്ക് യാത്ര തിരിച്ചു. വഴിയില്‍ ഒരു പോത്ത് നില്‍ക്കുന്നത് കണ്ട് അടിക്കാനുള്ള   വടിക്കായി ചുറ്റും നോക്കി. കയ്യിലുള്ള വടി കുത്തിപ്പിടിക്കാനേ ഉതകൂ എന്നറിഞ്ഞ് കൊണ്ട്. 

       പോത്തു പറഞ്ഞു.

       മഹാത്മാവെ, എന്നെ തല്ലാന്‍ വടി തെരയേണ്ട. എന്‍റെ ചോദ്യത്തിന് ഉത്തരം തന്നാല്‍ വഴിയില്‍ നിന്ന് മാറി നില്‍ക്കാം.

       ചോദിയ്ക്ക്.

       അങ്ങ് വേദങ്ങള്‍ പഠിച്ചു, ഉപനിഷത്തുക്കള്‍ അറിഞ്ഞു, സ്മൃതികള്‍ ഹൃദിസ്ഥമാക്കി ശിഷ്യര്‍ക്ക് ഓതിക്കൊടുക്കുന്നു. പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തുകയും സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു.  ഒന്ന് ചോദിച്ചു കൊള്ളട്ടെ. ഈശാവാസ്യമിദം സര്‍വ്വമെങ്കില്‍ വര്‍ണ്ണ തിരിവുകള്‍ എന്തിനു വേണ്ടിയാണ്…..?

       സമൂഹത്തിന്‍റെ സുസ്ഥിരമായ, സുനിയന്ത്രിതമായ നിലനില്‍പ്പിനു വേണ്ടി.

       ഏതു സമൂഹത്തിന്‍റെ……. ബ്രാഹ്മണ സമൂഹത്തിന്‍റെ…..?

       അതെ, ബ്രഹ്മത്തിന്‍റെ മുഖത്തു നിന്ന് ഉയിര്‍ കൊണ്ടവനാണ് ബ്രാഹ്മണന്‍, ബാഹുക്കളില്‍ നിന്ന് ക്ഷത്രിയന്‍, തുടയില്‍ നിന്ന് വൈശ്യന്‍, പാദങ്ങളില്‍ നിന്ന് ശൂദ്രന്‍ അങ്ങിനെയാണ് ഉല്പത്തി. ഒരു ദേഹത്തിന്‍റെ ശിരസ്സാണ് പ്രധാനം, കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ശിരസ്സു വഴിയാണ്. മറ്റവയവങ്ങള്‍ ശിരസ്സിനെ സഹായിക്കുന്ന വസ്തുതകള്‍ മാത്രം. അങ്ങിനെ വീക്ഷിക്കുമ്പോള്‍ ബ്രാഹ്മണ സമൂഹത്തിന്‍റെ നിലനില്‍പ്പ് മറ്റു സമൂഹങ്ങളുടെ നിലനില്‍പ്പു കൂടിയാണ്.

       ശിരസ്സിന്‍റെ സേവകര്‍…. വ്യാഖ്യാനിക്കുമ്പോള്‍ ബ്രാഹ്മണ സേവകര്‍….?

       അതെ.

       അങ്ങിനെയെങ്കില്‍ മറ്റ് വര്‍ണ്ണങ്ങളെ, ദസ്യുക്കളെ, നിഷാദനെ, ആദിവാസിയെ, അധഃകൃതനെ എന്തായിട്ടാണ് കാണുന്നത്….. അടിമകളായിട്ടോ…?

       അങ്ങിനെയും വ്യാഖ്യാനിക്കാം.

       വ്യാഖ്യാന അന്ത്യത്തില്‍ ഈ കാണുന്നതെല്ലാം കേള്‍ക്കുന്നതെല്ലാം അറിയുന്നതെല്ലാം ബ്രാഹ്മണനു വേണ്ടിയാണെന്ന് ധരിക്കണം?

       ആകാം.

       എന്താണ് ദ്വൈതവും അദ്വൈതവും….. ബ്രഹ്മവും അപരബ്രഹ്മവും…..  സത്യത്തില്‍ വൈഷ്ണവരെയും ശൈവരെയും ഒന്നിച്ച് കാണാനുള്ള ആഹ്വാനമല്ലെ…?

       മഹാത്മാവിന് ഉത്തരമില്ല.

       എന്താണ് മഹാത്മാവേ ഉത്തരമില്ലാത്തത്….?

       എല്ലാം മിഥ്യയാണ്.

       എന്താണ് മിഥ്യയായിട്ടുള്ളത് ഈ പ്രകൃതിയോ, പഞ്ചഭൂതങ്ങളോ……?

       മഹാത്മാവിന് ഉത്തരമില്ല.

       അങ്ങില്‍ ഉള്‍ക്കൊള്ളുന്ന പഞ്ചഭൂതങ്ങളോ, അങ്ങ് നില്‍ക്കുന്ന ഈ പ്രകൃതിയോ മിഥ്യയായിട്ടുള്ളത്….?

       മഹാത്മാവിന് ഉത്തരമില്ല.

       പിന്നെ പോത്തിന്‍റെ വേദമോതി.

       കോടാനുകോടി നക്ഷത്രങ്ങളും അവയിലെല്ലാം ഉള്‍ക്കൊള്‍ക്കൊള്ളുന്ന ഗ്രഹങ്ങളും പ്രകൃതിയും

എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളും അജൈവങ്ങളും ചരങ്ങളും അചരങ്ങളും അറിഞ്ഞതും അറിയാത്തതും കണ്ടതും കാണാത്തതും  കേട്ടതും കേള്‍ക്കാത്തതും രുചിച്ചതും രുചിക്കാത്തതും എല്ലാമടങ്ങിയ ഈ പ്രപഞ്ചത്തില്‍ പോത്തായ എനിക്കും മഹാത്മായ അങ്ങേയ്ക്കും തുല്യ അധികാര അവകാശങ്ങളാണുള്ളത്…..

       പിന്നീട് പോത്ത് വാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും കൊണ്ട് ആകാശം മുട്ടെ വളര്‍ന്നു. അത് കണ്ട് മഹാത്മാവ് അന്ധകാരത്തിലായി, മേലോട്ട് നോക്കി നിന്നു.  അവിടെ നിന്ന് സത്യമായ രവി കിരണങ്ങള്‍ വന്ന് അദ്ദേഹത്തിനെ അന്ധനാക്കി.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top