ഒരമ്മയും മകളും

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അമ്മ നാല്പത്തിയഞ്ച് വയസ്സ്, വെളുത്ത് മെല്ലിച്ച്….

      നീയെന്നതാടീ പെണ്ണെയിങ്ങനെയെന്ന്….. ഏതെങ്കിലും വല്ല്യമ്മച്ചി ചോദിച്ചാല്‍, ഓ ഇതൊക്കെ മതിയമ്മച്ചി… ഇങ്ങനിരുന്നാലും  ഞാന്‍ അഞ്ചു വീട്ടിലെ പണി ചെയ്യുന്നില്ലേയെന്ന് തിരിച്ചു ചോദിക്കും.

      ഓ… ഒള്ളതാ…

      വെളുപ്പിനെ നാലു മണിക്ക് ഉണര്‍ന്ന് വീടും മുറ്റോം അടിച്ചുവാരി കട്ടന്‍ ചായ തെളപ്പിച്ച് കുടിച്ച് ചൂടു വെള്ളത്തില്‍ കുളിച്ച് വസ്ത്രം മാറി വീട് പൂട്ടി ആറുമണിക്കു മുമ്പേ വക്കീല്‍ ദമ്പതികളുടെ വീട്ടിലെത്തും, മുറ്റം അടിച്ചു വാരി അടുക്കളയില്‍ കയറി പാത്രങ്ങള്‍ കഴുകി വച്ച്, ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച, നേരം നന്നേ വെളുത്ത ശേഷം തുണികള്‍ കഴുകി ഉണങ്ങാനിട്ട് പ്രാതല്‍ കഴിച്ച് അടുക്കള വാതില്‍ പൂട്ടി, ഗെയ്റ്റ് പൂട്ടി, താക്കോല്‍ ബാഗിലിട്ട്, ഓര്‍ത്തോപീഡിക് സര്‍ജന്‍റെ വീട്ടിലെത്തി, മുറ്റമില്ലാത്തതു കൊണ്ട് അടിച്ചു വാരാതെ, നേരെ അടുക്കളയിലെത്തി പാത്രങ്ങള്‍ കഴുകി അടുക്കി വച്ച്, ക്രിസ്ത്യാനിയായ ഡോക്ടറുടെ ഭാര്യ സ്വാമിയാരു പെണ്ണായതു കൊണ്ട് മീന്‍ കറിയും ഇറച്ചി കറിയും വച്ച്, തുണി കഴുകി തുവരാനിട്ട്, വീട് അടിച്ചു വാരി തുടച്ച്, പന്ത്രണ്ടു മണിക്ക് ഒരു കപ്പു നിറച്ച് ചായയും സ്വാമിയാരു പെണ്ണുണ്ടാക്കിയ വടയും ബജിയും കഴിച്ച്, കോളേജദ്ധ്യാപകരുടെ ഫ്ളാറ്റിലെത്തി ബാഗില്‍ കരുതിയിരിക്കുന്ന താക്കോലിട്ട് മുന്‍ വാതില്‍ തുറന്ന് അകത്തു കയറി വാതില്‍ പൂട്ടി, പാത്രങ്ങള്‍ കഴുകി, വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൊടിയൊക്കെ വലിച്ചെടുത്ത്, തറ തുടച്ച് വൃത്തിയാക്കി, വാഷിംഗ് മെഷിനില്‍ ചത്തു മലച്ചു കിടക്കുന്ന തുണികളെ, ടെറസ്സിന് മുകളിലെ മേച്ചിലിന് കീഴില്‍ പേരെഴുതി തിരിച്ചിരിക്കുന്നതില്‍ അദ്ധ്യാപകന്‍റെ പേരെഴുതിയിരിക്കുന്നിടത്ത് ഉണക്കാനിട്ട്, ഫ്രിഡ്ജില്‍ പാകം ചെയ്തു വച്ചിരിക്കുന്നതില്‍ ഇഷ്ടമുള്ളതെടുത്ത് ഉച്ച ഭക്ഷണമായി കഴിച്ച് ഫ്ളാറ്റ് പൂട്ടിയിറങ്ങി, വക്കീല്‍ ദമ്പതികളുടെ വീട്ടില്‍ മടങ്ങിയെത്തി അടുക്കള വാതില്‍ തുറന്ന് കയറി ഗ്യാസ് അടുപ്പില്‍ തീ കത്തിച്ച് നാലു മണി ഭക്ഷണം പാകം ചെയ്ത് നടു നിവര്‍ത്തി ഒരു ചായ കുടിക്കുമ്പോഴേക്കും കോളിംഗ് ബെല്ല് മുഴങ്ങുന്നതു കേള്‍ക്കാം. വക്കീല്‍ വീട്ടിലെ മക്കളുടെ വരവാണ്. കോളിംഗ് ബെല്ല് കേട്ടാലും കതക് തുറക്കാന്‍ പോകേണ്ട കാര്യമില്ല.  മുന്‍ വാതിലിന്‍റെ താക്കോല്‍ വരുന്നവരുടെ കൈയ്യില്‍ തന്നെ ഉണ്ടാകും.  അവര്‍ കതക് തുറന്ന് വന്ന് അടുക്കളയിലെത്തി ചായ കുടിച്ച്, ഉണ്ടാക്കിയിട്ടുള്ളതെന്തു പലഹാരമായാലും ഇഷ്ടപ്പെട്ട് കഴിക്കുന്നതു കണ്ട് സന്തോഷിച്ച്,  ഉണങ്ങാനിട്ടിരുന്ന തുണികളൊക്കെ മടക്കി ഇസ്തിരി ടേബിളില്‍ വയ്ക്കുമ്പോഴേക്കും വനിതാ വക്കീല്‍ വരും, പയ്യാരം പറഞ്ഞ്, അവരോടുകൂടി രാത്രി ഭക്ഷണം പാകം ചെയ്ത് കഴിയുമ്പോഴേക്കും ഏഴു മണി രാത്രിയായിരിക്കും.  അവിടെ നിന്നും രാത്രി കഴിക്കാനുള്ളതുമെടുത്ത് ഓടി വണ്ടി കയറി സ്വന്തം വീട്ടിലെത്തുമ്പോള്‍ എട്ടു മണി. വയ്യ, ഇനി എവിടേലും കെടന്നാല്‍ മതിയെന്നു കരുതുമ്പോഴേക്കും മകളുടെ ഫോണ്‍ വരും….

      അമ്മേ ഇപ്പോ എത്തിയതേ ഒള്ളോ…..

      ഓ…

      ഇന്നെന്നതാ കറി… ബീഫാണോ… മീനാണോ…

      ഇത്തിരി മീന്‍ കറീം ചോറും കൊണ്ടു വന്നു….

      എന്നാ അമ്മ കഴിച്ചു കെടന്നോ… ഞാനിന്നു വരുന്നില്ല…. നാളെ ഒരു ഫ്രണ്ടിന്‍റെ കല്യാണമുണ്ട്…

      മകള്‍ ജോലി സ്ഥലത്തു നിന്നാണ് വിളിക്കുന്നത്. അതു കൊണ്ടിന്ന് വെള്ളിയാഴ്ചയാണെന്ന് അമ്മ കണക്കു കൂട്ടി.    അവളങ്ങിനെയാണ്, അച്ഛന്‍ മരിച്ചു കഴിഞ്ഞ, അമ്മ വീട്ടു ജോലികള്‍ക്ക് പോയിത്തുടങ്ങിയപ്പോള്‍ മുതല്‍ ഹോസ്റ്റലിലാണ് താമസം.  പ്ലസ് ടൂവിനും, എന്‍ട്രന്‍സ് കോച്ചിംഗിനും എഞ്ചിനിയറിങ്ങിനും പഠിച്ചത് അങ്ങിനെയാണ്.  കാമ്പസ് സെലക്ഷന്‍ വഴി ഇന്‍ഫോ പാര്‍ക്കില്‍ ജോലിയായപ്പോഴും അങ്ങിനെ തന്നെ… പഠിച്ചിരുന്നപ്പോള്‍ ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തി തിങ്കളാഴ്ച രാവിലെ മടങ്ങി. ജോലിയായപ്പോള്‍, മറ്റ് ആവശ്യങ്ങളില്ലെങ്കില്‍ വെള്ളിയാഴ്ച വൈകിട്ടെത്തി ഞായറാഴ്ച വൈകിട്ട് മടങ്ങും..

      അങ്ങിനെ ഒരു വെള്ളിയാഴ്ചയും മകളില്ലാത്ത ശനിയും ഞായറും കഴിഞ്ഞുള്ള തിങ്കളാഴ്ച വൈകിട്ട് വക്കീല്‍ വീട്ടില്‍ രണ്ടു പോലീസുകാര്‍ അമ്മയെ അന്വേഷിച്ചു വന്നു.

      അവര്‍ രണ്ടു ഫോട്ടോകള്‍ കാണിച്ച് വനിതാ വക്കീലിനോട് പരിചയമുണ്ടോയെന്ന് തിരക്കി.

      പെണ്‍കുട്ടിയെ പരിചയമുണ്ടെന്നും ഇവിടെ പണിക്കു വരുന്ന സ്ത്രീയുടെ മകളാണെന്നും പറഞ്ഞു.

      പെണ്‍കുട്ടി വിവാഹിതയാണോയെന്നായി അടുത്ത ചോദ്യം.

      അല്ലെന്നും ഫോട്ടോയില്‍ കണ്ട പയ്യനെ അറിയില്ലെന്നും പറഞ്ഞു.

      പിന്നീട് അവര്‍ അമ്മ കേട്ടു നില്‍ക്കെ,

      ഈ പെണ്‍കുട്ടിയും പയ്യനും കഴിഞ്ഞ ദിവസം ഒരാക്സിഡന്‍റില്‍ മരിച്ചെന്നും, അവര്‍ കഴിഞ്ഞ രണ്ടു നാളുകളില്‍ മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ചിരുന്നെന്നും, തിങ്കളാഴ്ച വെളുപ്പിന് മടക്ക യാത്രയില്‍ വാളറക്കുത്തിന് അടുത്തു വച്ച് കാര്‍ ആക്സിഡന്‍റ് ആവുകയായിരുന്നെന്നും പറഞ്ഞു.

      വനിതാ വക്കീല്‍ചോദിച്ചു.

      ഇറ്റ്സ് ലിവിംഗ് ടുഗദര്‍….

      നൊ… ഐ തിങ്ക്…..ഡേറ്റിംഗ്….

      ലിവിംഗ് ടുഗദര്‍… ഡേറ്റിംഗ്…. അമ്മയ്ക്കതെന്തെന്ന് മനസ്സിലായില്ല.  എങ്കിലും ബോധം മറഞ്ഞ് വനിതാ വക്കീലിന്‍റെ കൈയ്യില്‍ തൂങ്ങി മാര്‍ബിള്‍ തറയില്‍ തളര്‍ന്നു വീണു.

@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top