അഞ്ഞാഴിയും മുന്നാഴിയും

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

(ജോർജ് ഫ്ലോയിഡ് എന്ന കറുത്തവൻ തന്ന വേദന)

      അടുക്ക് പറയുന്നവന് അഞ്ഞാഴിയും മുട്ടി വെട്ടുന്നവന് മുന്നാഴിയും വേലക്ക് കൂലിയായി കൊടുത്തിരുന്നെന്ന് കഴിഞ്ഞ തലമുറ പറയുന്നു.  ആ കാലഘട്ടത്തെ കൂലി നിരക്കായിരുന്നതെന്ന് എവിടെയോ വായിച്ച ഓര്‍മ്മയുമുണ്ട്.  ഒരു പക്ഷെ, അത് ശരിയായിരിക്കാം.  അങ്ങിനെയെങ്കില്‍ വേതന നിയമപ്രകാരം, മനുഷ്യത്വപരമായി ചിന്തിച്ചാല്‍ അടുക്ക് കണ്ടെത്തി മുട്ടി വേട്ടുന്നവന് എട്ടു നാഴിക്ക് അര്‍ഹതയില്ലേ എന്നൊരു ചോദ്യം നിലനില്‍ക്കുന്നണ്ട്, അന്നും ഇന്നും. അങ്ങിനെ ഒരു കൂലി നിലവാരം ഉപയോഗപ്പെടുത്തിയിരുന്നെന്ന് ഒരു പഴമൊഴിയും ഇല്ലതന്നെ.

      മുട്ടി വെട്ടുന്നവന്‍ അടുക്ക് പഠിച്ച് രണ്ട് ജോലിയും ചെയ്യുന്നുണ്ട്, ഇന്ന്.  മെക്കാട് പണിക്കാരന്‍ തൊഴിലില്‍ വിദഗ്ദനായി, മേസ്തിരിയായി ജോലി ചെയ്ത് തുടങ്ങിയാലും അവനെ ത്രിശങ്കുവില്‍ നിര്‍ത്തുന്നു സമൂഹം, തൊഴിലിടത്തും കൂലിയിലും.

      ഇതൊന്നും അവനിപ്പോള്‍ ഓര്‍മ്മിക്കേണ്ട കാര്യമായിരുന്നില്ല. പക്ഷെ, ഒരസാധാരണ സംഭവമുണ്ടായപ്പോള്‍ ചിന്തിച്ചെന്നു മാത്രം.  അവന്‍ നാല്‍ക്കവലയില്‍ വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു.  അപ്പോള്‍ അവിടെ സോറ പറഞ്ഞിരുന്ന ചിലരില്‍ ഒരാള്‍, കണ്ട് ശീലമുള്ളൊരാള്‍, അവനെ കണ്ടയുടന്‍ അവന്‍റെ വസ്ത്രത്തെ കുറിച്ചായി സംസാരം.

      കണ്ടില്ലേ പാന്‍റും കോട്ടുമിട്ട് നടക്കുന്നു, പണിക്ക് വരുമ്പോഴും ഇങ്ങനെയാ….  മജിസ്ട്രേറ്റ് വരുമ്പോലെ…കൂലിയോ…..

      അവന്‍റെ വസ്ത്രം പാന്‍റു തന്നെ, കോട്ടിനു പകരം നല്ലൊരു ഷര്‍ട്ടുമാണ്.  അവന്‍   വിമ്മിട്ടത്തോടെ അയാളെ നോക്കിനിന്നു.  തലേന്നാള്‍ കൂലി തന്ന ആള്‍, തര്‍ക്കിച്ചു കുറച്ചു തന്നയാള്‍.  അവന്‍ ധിക്കരിക്കാന്‍ നിന്നില്ല.  മുഖത്തൊരു ചിരി വരുത്തി.  ആ ചിരി, മഴ പെയ്ത് ഈര്‍പ്പമാര്‍ന്ന സുര്യന്‍റേതുപോലെ ആയിരുന്നെന്ന് മാത്രം.

      അയാള്‍ പിന്നെയും പറയുന്നു.

      ഇവന്‍റെ അപ്പനും ഞങ്ങടെ പറമ്പിലെ പണിക്കാരനായിരുന്നു.  തോര്‍ത്തുമുടുത്ത് കൂമ്പാള തൊപ്പി തലയില്‍ വച്ച്…. കൊടുക്കുന്നത് വാങ്ങുമായിരുന്നു,  കൂറുമുണ്ടായിരുന്നു.  ഇവനൊക്കെയോ….

      അവന,് രാവിലെ തന്നെ അസ്തമിച്ചതുപോലെ തോന്നി.  സുര്യ മുഖത്തെ  ശക്തിയായ കാര്‍മേഘങ്ങള്‍ വന്ന് മൂടിയതാകാം.  അവന്‍ നിശ്ശബ്ദം, സാധനങ്ങള്‍ വാങ്ങാതെ തിരിച്ചു നടക്കുമ്പോള്‍, മനോമുകുരത്തില്‍ ഒരു മുഖം തെളിഞ്ഞു വന്നു.

      …തടിച്ച ചുണ്ടുകളും വികസിച്ച നാസികയും കുറ്റിത്തലമുടിയും കറുത്ത നിറവുമുള്ള ഒരുവന്‍….

      ആ മുഖം തെളിഞ്ഞ്, തെളിഞ്ഞ് വരവെ, അവന് ശ്വാസം മുട്ടിത്തുടങ്ങി,  ആരോ കഴുത്തില്‍ ബൂട്ടിട്ട് ചവുട്ടി അമര്‍ത്തുന്നതുപോലെ……

      ചവിട്ടുക തന്നെയാണ്, തോന്നലല്ല.  ശ്വാസം തടസ്സപ്പെടുകയാണ്….

      അവന്‍ വിളിച്ചു പറഞ്ഞു.

      എനിക്ക് ശ്വാസം മുട്ടുന്നു…..ശ്വാസം മുട്ടുന്നു…..

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top