Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം എട്ട്
അമ്മയെ കാണണം. വീട്ടില്‍ നിന്നും ഇറങ്ങി, ലാസറിടത്തില്‍ വാസം തുടങ്ങിയ ശേഷം ഒരിക്കല്‍ പോലും അമ്മയെ ഓര്‍മ്മിച്ചില്ല. ഫോണില്‍ വിളിച്ചില്ല. വീടിനെ കുറിച്ചോ, വീടുമായി ബന്ധപ്പട്ടിട്ടുള്ള, അല്ലെങ്കിലെന്തിന് സ്വന്തമായിട്ടുള്ള ഒന്നിനെ കുറിച്ചും ഒരിക്കല്‍ പോലും ഓര്‍മ്മിച്ചിട്ടില്ലെന്ന സത്യം സുദേവ് ഇപ്പോള്‍ ധരിക്കുന്നു.
അമ്മ ജോലി ചെയ്യുന്ന റെഡിമെയ്ഡ് ഷോപ്പിലേക്കാണ് സുദേവ് ചെന്നത്. ഷോപ്പിന്‍റെ ഉടമ, മുരുകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടയില്‍ സ്റ്റോക്ക് കുറവായിട്ട്, കച്ചവടമില്ലാതെ, അയാളെ നിരാശിതനെപ്പോലെയാണ് കാണുന്നത്. സുദേവിന് വിഷമം തോന്നി. അമ്മ കടയില്‍ വരുന്നില്ലെന്നും കച്ചവടം കുറവായതു കൊണ്ടാണെന്നും കൂടി കേട്ടപ്പോള്‍ താപമായി. മുമ്പൊരിക്കലും രണ്ടോ മൂന്നോവാക്കുകളില്‍ കൂടുതല്‍ അയാളോട് സംസാരിച്ചിട്ടില്ല. അര മണിക്കൂറോളം അയാളുമായി സംസാരിച്ചിരുന്നു. അമ്മയെക്കുറിച്ച്, അയാളുടെ ഭാര്യയെ കുറിച്ച്, കുട്ടികളുടെ പഠനത്തെക്കുറിച്ച്….. ഭാര്യയുടേയും കുട്ടികളുടേയും പേരു വിവരങ്ങള്‍ കൂടി തിരക്കിയാണ് വീട്ടിലേക്ക് പോയത്.
അമ്മ ഒരു മാസം കൊണ്ട് കൂടുതല്‍ പ്രായം ആയതു പോലെ. തല മുടിയിലുള്ളതിനേക്കാള്‍ നര ബാധിച്ചിരിക്കുന്നത് കണ്ണുകളിലാണ്. എല്ലാം നഷ്ടപ്പെട്ട്, ഒന്നിനെ കുറിച്ചും ചിന്തിക്കാനില്ലാത്ത ഒരാളെപ്പോലെ പതുങ്ങി നടക്കുന്നു. എന്തു പറ്റിയെന്ന് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ മാറ്റിയും മറിച്ചും ചോദിച്ചിട്ടും ഒന്നുമില്ലന്നേ അമ്മ പറഞ്ഞതുള്ളൂ.
അവന്‍ ഇപ്പോള്‍ ചെയ്യുന്ന് ജോലിയെ കുറിച്ച്, അതില്‍ നിന്നുണ്ടാകുന്ന വരുമാനത്തെകുറിച്ച്, ലാസറലിയെകുറിച്ച്, അയാളുടെ ജീവിതത്തെ കുറിച്ച്, കഥയെഴുതുന്നതിനെ കുറിച്ച,് നിവേദിതയെകുറിച്ച് വിശദമായി സംസാരിച്ചു. ഒരു മറുപടിയും പറയാതെ, ഒന്നു മൂളുകകൂടി ചെയ്യാതെ, അവന്‍റെ മുഖത്തു നിന്നും കണ്ണുകളെ പറിക്കാതെ നോക്കിയിരുന്നു അമ്മ.
മുരുകന്‍ ചേട്ടന്‍ ഇപ്പോള്‍ വരാറില്ലേ…?
ഇല്ല.
എന്തേ…?
അറിയില്ല.
കടയില്‍ പോകാറില്ലേ…?
ഇല്ല.
എന്തേ…?
കച്ചവടം തീരെ മോശം.
കച്ചവടം ഇല്ലാത്തതു കൊണ്ടാകാം ഇങ്ങോട്ടു വരാത്തത്, ഞാന്‍ മുരുകന്‍ ചേട്ടനെ കണ്ടിരുന്നു, സംസാരിച്ചിരുന്നു.
അമ്മയുടെ കണ്ണുകള്‍ വീണ്ടും വിടര്‍ന്നു. ആ കണ്ണുകളില്‍ അവന്‍ മുമ്പൊരിക്കലും കാണാത്ത സ്നേഹത്തിന്‍റെ ഉറവ, ഒരു തുള്ളി, രണ്ടു തുള്ളി ആയി കിനിഞ്ഞിറങ്ങി വരുന്നു. അമ്മ എഴുന്നേറ്റ് സാവധാനം അവനടുത്തേക്ക് വന്ന,് അവനെ ഗ്രഹിച്ചു. അമ്മ മനസ്സില്‍ ഒതുക്കി നിര്‍ത്തിയിരുന്നതെല്ലാം, കണ്ണുനീരായി ഒഴകി അവന്‍റെ ശിരസ്സില്‍ വീണ് തലയെ കുതിര്‍ത്ത്, മുഖത്തുകൂടി താഴേക്കൊഴുകിയിറങ്ങി…
അമ്മെ…. എന്തായിത് ഞാന്‍ അമ്മയെ വിട്ടു, ഉപേക്ഷിച്ചു പോയെന്നു കരുതിയോ… അമ്മ ചെയ്തതൊക്കെ തെറ്റാണെന്ന് കരുതിയോ… ഞാന്‍ അങ്ങിനെ വിചാരിക്കുന്നെന്ന് കരുതിയോ…അമ്മ കരുതിയതു പോലെ ഒന്നും ഞാന്‍ വിചാരിച്ചിട്ടില്ല. അമ്മയെ വേണ്ടെന്നു വച്ചിട്ടുമില്ല. ഒരിക്കലും അമ്മയെ വേണ്ടെന്നു വയ്ക്കുകയുമില്ല. മുരുകന്‍ ചേട്ടനോടൊത്ത് ജീവിച്ചതിലോ ഇനിയും ജീവിക്കുന്നതിലോ, അമ്മയ്ക്കു സന്തോഷമെങ്കില്‍ ഞാനെതിരല്ല….
അവനൊന്നും വാക്കുകള്‍ ഉപയോഗിച്ച് പറഞ്ഞില്ല. അവന്‍റെ അമ്മയൊന്നും ചെവി കൊണ്ട് കേള്‍ക്കുകയും ചെയ്തില്ല. അവന്‍റെ മനസ്സ് പറയുകയും അമ്മയുടെ മനസ്സ് എല്ലാം കേള്‍ക്കുകയും , ഗ്രഹിക്കുകയും ചെയ്തു. അമ്മ കരഞ്ഞ് തോര്‍ന്നു കഴിഞ്ഞ്, കണ്ണീര്‍ അവന്‍റെ ശിരസ്സിനെയാകെ നനച്ച കഴിഞ്ഞപ്പോള്‍ അമ്മ ശാന്തപ്പെടുകയും അവന്‍ സമാധാനപ്പെടുകയും ചെയ്തു. അമ്മ നിലത്തിരുന്ന്, അവന്‍റെ സമാധാനം കൊണ്ട് വിടര്‍ന്നിരുന്ന മുഖത്ത് നോക്കി മന്ദഹസിച്ചു. ആ മന്ദഹാസത്തെ സ്വീകരിച്ച്, ഉള്‍ക്കൊണ്ട് അവന്‍ കൂടുതല്‍ സന്തോഷിച്ചു.
അവന്‍ അന്ന് മടങ്ങിയില്ല. അമ്മയുടെ കരച്ചില്‍ കഴിഞ്ഞ്, ആ കണ്ണീരില്‍ അവന്‍റെ ശിരസ്സ് കഴുകി കഴിഞ്ഞ്, കടയില്‍ പോയി പല വ്യഞ്ജനങ്ങളും പച്ച കറിയും മീനും വാങ്ങി വന്ന്, ഭക്ഷണമുണ്ടാക്കന്‍, അമ്മയെ സഹായിച്ചു. രാത്രി അധികം വൈകാതെ ഭക്ഷണം കഴിച്ച് എല്ലാം മറന്ന് ഉറങ്ങി. നേരം വളരെ വൈകി ഉണര്‍ന്ന്, കുളിച്ച് വൃത്തിയായി, അമ്മ നല്‍കിയ ഇഡ്ഢലിയും ചട്ട്ണിയും കഴിച്ച് യാത്രയായി. ഒരു കുഞ്ഞ് പൊതി അമ്മയ്ക്കു നല്‍കി, അമ്മ അത് തുറന്ന് എണ്ണി നോക്കി, അയ്യായിരം രൂപയുണ്ടെന്ന് കണ്ട് അത്ഭുതം കൂറി. അവന്‍ ഒന്നു മന്ദഹസിച്ചു. കണ്ണുകളെ വെറുതെയൊന്ന് അടച്ചു കാണിച്ചു.
***
നിവേദിത ആദ്യമായിട്ടാണ് ലാസറിടത്തെ ഗസ്റ്റ് ബംഗ്ലാവില്‍, സുദേവിന്‍റെ എഴുത്തുകളെ വായിക്കുകയും ഇനിയുള്ള യാത്രകളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതിനു വേണ്ടിയെത്തിയത്. ജോലി കിട്ടിയത് സുദേവിനാണെങ്കിലും ചെയ്യുന്നത് രണ്ടു പേരും കൂടിയായിരിക്കുന്നു. ഒരു പഠനമായിട്ടാണ് നിവേദിത കണ്ടിരിക്കുന്നത്. അല്ലെങ്കില്‍ ഒഴിവാക്കാന്‍ കഴിയാത്തൊരു ബന്ധത്തിലകപ്പെട്ടതു പോലെ തോന്നുന്നതു കൊണ്ടുമാകാം. അതെന്തു കൊണ്ടെന്ന് നിര്‍വ്വചിക്കാനാകുന്നില്ല. ഒരിക്കല്‍ പോലും പരസ്പരം അങ്ങിനെയൊരു സൂചന ഉണ്ടായിട്ടില്ല. സുദേവിന്‍റെ ഭാഗത്തു നിന്ന് ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. സുദേവ് ഒരു സുഹൃത്തിനെപ്പോലെ, ഒരു സഹപ്രവര്‍ത്തകയോട് ഇടപഴകുന്നതു പോലെയാണ് പെരുമാറുന്നത്. പക്ഷെ, ഒരു മറവുമില്ലായ്മ അവളെ തെറ്റിദ്ധാരണയിലെത്തിച്ചിരിക്കുകയാണ്. പത്രമോഫീസില്‍ ഇന്നവള്‍ക്കു ഓഫ് ഡേയാണ്. ഓഫീസില്‍ പോകുന്നതു പോലെ തന്നെ വീട്ടില്‍ നിന്നും പുറപ്പെടുകയും നേരെ ലാസറിടത്തെത്തുകയും ചെയ്തു. സുദേവ് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ടില്ലായിരുന്നു. കുമുദത്തിന്‍റെ സാദാ ദോശയും ചട്ടിണിയും നിവേദിതക്ക് ഇഷ്ടമായി. ഇത്ര രാവിലെ ഒന്നു സൂചിപ്പിക്കുക കൂടി ചെയ്യാതെയുള്ള അവളുടെ സന്ദര്‍ശനം അവനെ ചിന്താകുലനാക്കി. എത്ര ചിന്തിച്ചിട്ടും ഉത്തരം കണ്ടെത്തിയതുമില്ല.
അവള്‍ കുറേ നേരം കുമുദത്തിന്‍റെ കൂടെ അടുക്കളയില്‍ പണി കണ്ടു നിന്നു. നിവേദിതക്ക് കുമുദത്തിന്‍റെ കൈത്തഴക്കം ഇഷ്ടമായി. അവളുടെ നോട്ടത്തില്‍ കുമുദത്തിന് എന്തോ പോലെ തോന്നി.
എന്നതാ ഇപ്പടിയേ പാക്കത്…?
കുമുദത്തിനെ കാണാന്‍…
എന്നെ കാണതുക്കാ…. എതുക്ക്… ഞാനൊന്ന് കേക്കട്ടുമാ…?
ഉം… കേക്ക്….
സാറിന്‍റെ….. ലവറാ….?
നിവേദിത ചിരിച്ചു. കുമുദത്തിന് അപകടത്തിലകപ്പെട്ടതു പോലെതോന്നി. ചിരിച്ചതല്ലാതെ നിവേദിത ഒന്നും പറഞ്ഞില്ല. പറയാത്തതു കൊണ്ട് അവര്‍ക്ക് തമ്മില്‍ താല്പര്യമുണ്ടെന്ന് കുമുദം തീരുമാനിച്ചു. പറയാന്‍ മടി കൊണ്ട് പറയാത്തതാകാം…
എന്തു പുണ്യം ചെയ്തിട്ടാണ് ഡോ. ലാസറലി രാജാക്ക് ഇത്രയും സ്നേഹമുള്ള അച്ഛനേയും അമ്മയേയും കിട്ടിയത്… അതോ മുന്‍ ജന്മ സുകൃതമോ…?
പുണ്യം… മുന്‍ ജന്മം സുകൃതും… എന്താണ് നിവേദിത അതിനെപ്പറ്റി ചിന്തിക്കുന്നത്…?
ഞാന്‍ ചിന്തിച്ചത് അതൊന്നുമല്ല… ഇത്രയും ധനികമായ ഒരു ബാല്യകാലം എവിടെ നിന്നും കിട്ടിയെന്നാണ്… എം. ടിയില്‍ നിന്നോ… ഓവിയില്‍ നിന്നോ.. തകഴിയില്‍ നിന്നോ….?
എംടിയില്‍ നിന്നും തകഴിയില്‍ നിന്നുമല്ല… എന്‍റെ സ്വപനത്തില്‍ നിന്നാണ്. അങ്ങിനെയുള്ളൊരു ബാല്യമെനിക്കുണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു പോയിട്ടുണ്ട്, ജീവിതത്തില്‍ പലപ്പോഴും…..
ഏതൊരു ഇടത്തരം ഹിന്ദു മലയാളിയുടേയും സ്വപനം….
അതെ… നിവേദിതയും അങ്ങിനെയൊക്കെ സ്വപനം കണ്ടിട്ടുണ്ടോ… അതോ നിവേദിത അങ്ങിനെയുണ്ടായിരുന്നൊരു ജീവിതത്തില്‍ നിന്നും വന്ന ആളാണോ…?
സ്വപ്നം കണ്ടിട്ടില്ല… അങ്ങിനെയൊരു ജീവിത സാഹചര്യത്തില്‍ നിന്നും വന്നതുമല്ല. അച്ഛന്‍ ലോറി ഡ്രൈവറായിരുന്നു. രണ്ടു പെണ്‍മക്കള്‍, ഞാനിളയതാണ്. രണ്ടു മക്കള്‍ക്കും നല്ല വിദ്യാഭ്യാസം കൊടുത്ത്, നല്ല ജോലിയിലെത്തിക്കണമെന്ന് മാത്രം ചിന്തിച്ചു. അച്ഛന്‍റെ എല്ലാം നന്മകള്‍ക്കും പിറകില്‍ ശക്തിയായി തന്നെ അമ്മ നിന്നു. മുത്ത മകള്‍ എംഎസ്സി രണ്ടാം വര്‍ഷം പഠനം നിര്‍ത്തി വിവാഹിതയായി. രണ്ടാമത്തവള്‍ ജേര്‍ണലിസം പോസ്റ്റുഗ്രാജ്വേറ്റുമായി… പക്ഷെ, അവരുടേയും ഞങ്ങളുടേയും ജീവിതം ഇതേ വരെ കരയ്ക്കടുത്തില്ല… അവര്‍ എന്നു പറഞ്ഞത് അച്ഛനും അമ്മയും, ഞങ്ങള്‍ മക്കളും. വിധിയെന്നാണെന്‍റെ വിശ്വാസം. അമ്മ അര്‍ച്ചനകളും വഴിപാടുകളും പ്രാര്‍ത്ഥനകളും ആവശ്യത്തിലേറെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടി, നല്ല വരുമാനത്തിനും നല്ല ജീവിത നിലവാരത്തിലേക്ക് എത്തുന്നതിനും. അച്ഛനുണ്ട്, സുഖമിമല്ല. മദ്യവും പുകയുമൊന്നുമില്ലാതെ മക്കളെ മാത്രം ശരണമെന്നു ജീവിച്ചിരുന്ന ഒരച്ഛന്‍… സ്നേഹിക്കാനും വിഷമിക്കാനും മാത്രമറിയാവുന്ന ഒരമ്മ… .
അപ്പോള്‍ എന്നേക്കാള്‍ മെച്ചമാണ്…
അല്ല… വിവാഹം കഴിഞ്ഞിട്ടും ദുഖിക്കുന്ന മൂത്ത മകള്‍, വിവാഹിതയാകാത്ത രണ്ടാമത്തെ മകള്‍, അച്ഛന്‍റേയും അമ്മയുടേയും അവസ്ഥ ദുഃഖമാണ്…
അവര്‍ സുദേവിന്‍റെ കിടപ്പു മുറിയിലാണ്. ഏസി ഓണ്‍ ചെയ്ത് വാതില്‍ ചാരി. നിവേദിതയ്ക്ക് കിടക്കണമെന്നു തോന്നി. സ്വജീവിതത്തിന്‍റെ അരക്ഷിതാവസ്ഥയെ കുറിച്ച് പറഞ്ഞ് അന്തരീക്ഷത്തെ മലിനമാക്കിയെന്ന് ചിന്തിച്ചു, വിഷമിച്ചു. കണക്കു തെറ്റലുകളെ കുറിച്ചു തന്നെയാണ് പിന്നീടും ചിന്തിച്ചത്.്.
കതകില്‍ മുട്ടി, തുറന്ന് കുമുദം ചോദിച്ചു.
സാര്‍ കുടിക്കതുക്ക് ജ്യൂസു വേണമാ… ചായ വേണമാ…?
ഇപ്പോള്‍ വേണ്ട…
കുമുദം കതക് അടച്ച് മടങ്ങിപ്പോയി.
നിവേദിത കട്ടിലില്‍ എഴുന്നേറ്റിരുന്നു. സുദേവിന്‍റെ മുഖത്തെ വികാരങ്ങളെ വായിക്കാന്‍ ശ്രമിച്ചു. അവന്‍റെ നിഷ്കളങ്കമായ ഭാവം അവള്‍ക്ക് ഇഷ്ടമായി.
കുമുദം ഇപ്പോള്‍ വന്ന് ജ്യൂസ് വേണോ എന്നു ചോദിച്ചതെന്തിനെന്നറിയുമോ…?
എന്തിനാ…?
നമ്മള്‍ എന്തു ചെയ്യുന്നെന്നറിയാന്‍….
ഏയ്…. അതൊന്നുമാകില്ല.
ആണ്…
ഉച്ചക്ക് കുമുദത്തിന്‍റെ വിഭവ സമൃദ്ധമായ ഭക്ഷണം ടേബിളില്‍ നിരന്നു. മോരു കറി, അവിയല്‍, കാബേജ് തോരന്‍ പപ്പടം, മീന്‍ കറി… മുടിചീകിയൊതുക്കി, മുഖം കഴുകി പൗഡറിട്ട്, സാരി അഴിച്ചുടുത്ത്, കുമുദം കൂടുതല്‍ സുന്ദരിയായിരിക്കുന്നു. നിവേദിതക്ക് കൗതുകം തോന്നി. അവളുടെ എണ്ണ കറുപ്പുള്ള ദേഹവും, ഉടയാത്ത ഒതുക്കവും ചേലൊത്ത മുഖവും മൂക്കു കുത്തിയും നന്നെ കറുത്ത കണ്ണുകളും…
അവള്‍ അടുത്ത് നിന്നും വിളമ്പി തരുമ്പോള്‍ കൂടുതല്‍ കഴിക്കന്‍ തോന്നുന്നെന്ന് നിവേദിത അറിഞ്ഞു. ഇവള്‍ ഊട്ടിയാല്‍ സുദേവ് സ്ഥിരമായി ഇവളുടെ ഭക്ഷണം കഴിക്കണമെന്ന് മോഹിച്ചു പോകുമെന്നോര്‍ത്ത് അസൂയപ്പെട്ടു.. നിവേദിത ചോദിച്ചു.
ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയോ…?
ഐക്കൂറമീനിന്‍റെ മാംസളമായ ഭാഗം കറി പാത്രത്തില്‍ നിന്നും തിരഞ്ഞെടുത്ത് ഊണു പാത്രത്തില്‍ വച്ച് നുള്ളിയെടുക്കുകയായിരുന്നു, സുദേവ്.
ബാല പാഠങ്ങളോ…?
എന്നോടു ചോദിച്ചില്ലേ… നേരത്തെ… സ്ത്രീയെപ്പറ്റി… സെക്സിനെപ്പറ്റി…
കുമുദത്തിന്‍റെ നിറഞ്ഞ മാറിലെ വിവസ്ത്രമായ ഇടം, കണ്ണുകളാല്‍ സുദേവിനെ കാണിച്ചു കൊടുത്തു കൊണ്ട് അവള്‍ ചോദിച്ചു.
ഇവിടെ നിന്നും ബാലപാഠങ്ങള്‍ പഠിക്കാവുന്നതേയുള്ളൂ… സമ്മതിച്ചിട്ടുണ്ടല്ലോ…
സുദേവ്, നിവേദിതയുടെ വ്യംഗ്യത അദ്യം അറിഞ്ഞില്ല. അറിഞ്ഞപ്പോള്‍ ഇളിഭ്യത തോന്നി. അവളുടെ തെറ്റിദ്ധാരണ എങ്ങിനെ തിരുത്താനാകുമെന്ന് കൂലങ്കഷമായി ചിന്തിച്ചു.
***
ലത മെയില്‍ ചെയ്തു കൊടുത്ത കഥ സുദേവ് നിവേദിതക്കു വേണ്ടി വായിച്ചു തുടങ്ങി.
മങ്കാവുടിയിലെ അങ്ങാടി, തോടിന്‍റെ കരയ്ക്കാണ്. പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച് കുന്നുകളുടേയും മലകളുടേയും താഴ്വാരത്തു കൂടി ഒഴുകി അറബിക്കടലില്‍ എത്തേണ്ട പുഴയില്‍ നിന്നും പിരിഞ്ഞൊഴുകിയാണ് തോട് തീര്‍ന്നത്. കടലിലേക്ക് പോകുന്ന മൂവാറ്റുപുഴയില്‍ ചേരുന്നതിനായിട്ട്, പടിഞ്ഞാറോട്ടൊഴുകിയിരുന്നു തോട് ദിശ മാറി തെക്കോട്ട് ഒഴുകിയാണ് അങ്ങാടിയില്‍ യധേഷ്ടം വെള്ളമുണ്ടാകുന്നത്. അങ്ങാടി വാസികള്‍ക്കും, പാര്‍ശ്വ വാസികള്‍ക്കും, കിണറുകളില്‍ തെളിനീരു കിട്ടുന്നതും, കുളിക്കലും അലക്കലും നടത്തുന്നതും, അങ്ങാടി ചന്തയിലേക്ക് കൊണ്ടു വരുന്ന ഉരുക്കളെ കുളിപ്പിച്ചിരുന്നതും ഈതോട് ഉണ്ടായിരുന്നതു കൊണ്ടാണ്. കാളചന്ത കൂടുന്ന ദിവസം തോട്ടിലെ പലയിടങ്ങളിലും അഞ്ചോ പത്തോ ഉരുക്കളുടെ കൂട്ടങ്ങളെ കൊണ്ടുവന്ന് കുളിപ്പിക്കുകയും വായില്‍ വലിയ ഗോകര്‍ണ്ണം തിരുകി തൊണ്ണയിലേക്ക് വെള്ളം കോരിയൊഴിച്ച് ഉരുക്കളുടെ വയറു നിറച്ച,് കരയ്ക്കു കയറ്റി നിര്‍ത്തി വെയിലു കൊള്ളിച്ച് വേപ്പെണ്ണ തേച്ച് മിനുക്കിയെടുക്കുന്ന ജോലി ഒരു സ്ഥിരം കാഴ്ചയായിരുന്നു.
തോടിന്‍റെ ഇക്കരയെ അങ്ങാടിയെന്നും അക്കരയെ ചെമ്പൂരെന്നും വിളിച്ചു വന്നിരുന്നു അന്ന്. ചെമ്പൂരും അങ്ങാടിയിലുമുണ്ടായിരുന്ന കടകള്‍ കൂടുതലും ഓടു മേഞ്ഞതായിരുന്നു. ബാക്കി ഓലമേഞ്ഞതും. റോഡിനോട് ചേര്‍ന്ന് കടകളും, കടകള്‍ക്ക് തൊട്ടു പിറകെ വാസഗൃഹങ്ങളും. വീടുകളില്ലാത്തിടങ്ങളെല്ലാം കാടുപിടിച്ചും കിടന്നിരിന്നു. കടയുടെ വാതിലുകള്‍ ഷട്ടറുകളായിരുന്നില്ല. നിരപ്പലകകളായിരുന്നു. ചെമ്പൂരെ കടകളധികവും യാക്കോബായ ക്രിസ്ത്യാനികളുടേതും അങ്ങാടിയില്‍ കത്തോലിക്ക ക്രിസ്താനികളുയേതുമായിരുന്നു. ചെമ്പൂരാണ് കട കാര്യങ്ങളെങ്കിലും യാക്കോബായക്കാരുടെ പള്ളി അങ്ങാടിയിലായിരുന്നു. പട്ടണം വികസിച്ചപ്പോള്‍ സര്‍ക്കാരിന്‍റെ അധികാരം നടപ്പാക്കുന്ന ഓഫീസുകള്‍ വന്നപ്പോള്‍ കൂടുതലും ചെമ്പൂരാണ് സ്ഥാപിതമായത്. അതു കൊണ്ട് അന്നൊക്കെ കത്തോലിക്കരു പറയുമായിരുന്നു, അടുപ്പു കൂട്ടിയതുപോലെ മൂന്നു പള്ളികള്‍ ഞങ്ങള്‍ക്ക് തന്നിട്ട് വികസനമെല്ലാം അവരെടുത്തെന്ന്. പക്ഷെ, ഇന്ന് പട്ടണം വികസിച്ച് നഗരമായപ്പോള്‍ അങ്ങാടിയെന്നും ചെമ്പൂരെന്നുമുള്ള പേരുകള്‍ വിസ്മരിക്കപ്പട്ടു. പ്രശസ്തമായ മങ്കാവുടി എന്ന പേരിന് കീഴില്‍ രണ്ടു ദേശങ്ങളും അടക്കം ചെയ്യപ്പെട്ടു പോയി.
അന്നത്തെ ഒരേയൊരു സിനിമാ കൊട്ടക അങ്ങാടിയുടെ ഹൃദയഭാഗത്തായിരുന്നു. ഓലമേഞ്ഞ കൊട്ടകയില്‍ മണല്‍ വിരിച്ച തറയും ബെഞ്ചുകളും ക്യാന്‍വാസ് ഇട്ട ചാരുകസേരയിലിരുന്നുമാണ് സിനിമ കണ്ടത്. അങ്ങാടിക്കാരു മാത്രമല്ല, ചെമ്പൂരുകാരും അയല്‍ നാട്ടുകാരും. നീലക്കുയിലും ഒടയില്‍ നിന്നും കണ്ടത് സെന്‍റ് മേരീസ് എന്ന ആ കൊട്ടകയില്‍ നിന്നുമാണ്. അതിന്‍റെ വെളുത്ത തിരശ്ശീലയിലാണ് പരീക്കുട്ടിയും കറത്തമ്മയും വികാര തീവ്രതയില്‍ വിങ്ങിപ്പൊട്ടി കോള്‍മയിര്‍ കൊണ്ടതും, പളനിയോട് ദേഷ്യം കൊണ്ടതും. അത് പളനിയുടെ ഭാഗം തെറ്റായിരുന്നതു കൊണ്ടല്ല, പരീക്കുട്ടി കൂടുതല്‍ ശരിയായിരുന്നതു കൊണ്ടുമല്ല, പ്രണയത്തേയും പ്രണയജീവിതത്തേയും ഹൃദയത്തോട് കൂടുതല്‍ ചേര്‍ത്തു വച്ചിരുന്ന മനുഷ്യ ജന്മങ്ങളായിരുന്നതു കൊണ്ടാണ്. പള്ളിയിലെ പെരുന്നാള്‍ യാക്കോബായ ക്രിസ്ത്യാനികളുടെ മാത്രമായിരുന്നില്ല. ഹിന്ദുക്കളുടേയും കത്തോലിക്കരുയേടും മുസ്ലീമുകളുടേയും കൂടി ആയിരുന്നു. മുത്തപ്പനെ വണങ്ങുകയെന്നാണ് പറഞ്ഞിരുന്നത്, ഏത്തപ്പഴപ്പെരുന്നാളെന്നും. ഏത്തപ്പഴം എങ്ങിനെ പെരുന്നാളിന്‍റെ മിത്തായി എന്നറിയില്ല. പെരുന്നാളിന്‍റെ ദിവസങ്ങളില്‍ പള്ളി മുറ്റത്തെല്ലാം രണ്ടുമുക്കാലില്‍ മുളന്തണ്ട് കെട്ടി വച്ച് ഏത്തപ്പഴകുലകള്‍ ഞാത്തിയിട്ടിരിക്കുകയും തകൃതിയായി കച്ചവടം നടക്കുകയും ചെയ്തിരുന്നു.
പ്രധാന സ്കൂളുകള്‍ മൂന്നും അങ്ങാടിയുടെ പാര്‍ശ്വഭാഗങ്ങളിലായിരുന്നു. എന്നാല്‍ കോളേജ് ചെമ്പൂരായിരുന്നു. അന്നു തന്നെ ആര്‍ട്ട്സ് കോളേജും എഞ്ചിനീയറിംഗ് കോളേജും ഇവിടെയുണ്ടായിരുന്നു. ഒരു പക്ഷെ, വിദ്യാഭ്യാസത്തോടുള്ള ആസക്തി തന്നെയാകാം പിന്നീട് നഗരം വികസിച്ചപ്പോള്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രം തന്നെ ആയി മാറിയത്. വീക്ഷണം വിപണന പരമായിരുന്നെങ്കിലും നഗര വികസനത്തിന് അത് വളരെ ഗുണം ചെയ്തിട്ടുണ്ട്. പണ്ട് അങ്ങാടി, ഹൈറേഞ്ചില്‍ നിന്നും അയല്‍ നാടുകളില്‍ നിന്നുമൊക്കെ എത്തുന്ന സുഗന്ധ വ്യഞ്ചനങ്ങളുടേയും മലചരക്കുകളുടേയും പ്രധാന വിപണ കേന്ദ്രമായിരുന്നു. കാളവണ്ടിലായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്. പക്ഷെ, ഇന്ന് നഗരത്തില്‍ ആ വ്യാപാരങ്ങള്‍ അപ്രത്യക്ഷമായിപ്പോയി. ഒരു പക്ഷെ, വാഹന സൗകര്യങ്ങള്‍ കൂടിയപ്പോള്‍ സാമാനങ്ങള്‍ നേരിട്ട് കപ്പല്‍ ശാലയ്ക്കടുത്തേക്ക് തീങ്ങിയതാകാം.
അങ്ങാടിയിലെ പ്രധാന പാതയോരത്ത് തോട്ടില്‍ ഒരു കടവുണ്ടയിരുന്നു. അങ്ങാടിയിലേയും അടുത്ത ദേശങ്ങളിലേയും വാസികളുടെ തുണികളൊക്കെ അലക്കി വെളുപ്പിച്ചിരുന്നത് ആ കടവിലായിരുന്നു. അലക്കുകാര്‍ പാര്‍ത്തിരുന്നരുന്നത് അങ്ങാടിക്ക് പിറകിലെ കുന്നിലായിരുന്നു. അവരുടെ വീടുകള്‍ അധികവും ഓലമേഞ്ഞതു തകരഷീറ്റ് മറച്ചതുമായിരുന്നു. അല്ലെങ്കില്‍ വെട്ടുകല്ലില്‍ ചെളിചേര്‍ത്ത് പണിത് ഓടു മേഞ്ഞായിരുന്നു. കടവില്‍ രാവിലെ തിരക്കായിരുന്നു, ആണുങ്ങളും പെണ്ണുങ്ങളും. പെണ്ണുങ്ങള്‍ തോര്‍ത്ത് ഉടുത്ത് മേല്‍കച്ച കെട്ടി കുളിക്കുന്നത് നല്ല കാഴ്ചയായിരുന്നു. തോട്ടില്‍ കൈതക്കാട്ടിലേക്ക് തിരിഞ്ഞു നിന്നു അവര്‍ മേല്‍ക്കച്ച അഴിച്ചു മാറ്റി മറ്റൊന്ന് ധരിക്കുന്നതും തോര്‍ത്ത് മാറ്റിയുടുക്കുന്നതും കാണാമായിരുന്നു.
അംബികാ ഹോട്ടലും പ്രകാശ് ഹോട്ടലുമായിരുന്നു പ്രധാന ഭക്ഷണശാലകള്‍. രാവിലെ ഇഡ്ഡലിയും സാമ്പാറും ഉച്ചക്ക് ചോറും കറികളും മത്തിയോ, അയിലയോ വറുത്തതുമായിരുന്നു ഭക്ഷണങ്ങള്‍. പൊറോട്ടയും ബീഫും കോഴിക്കറിയും ഒന്നും ഹോട്ടലുകളില്‍ പ്രധാന വിഭവങ്ങളായി മാറിയിരുന്നില്ല. അംബിക ഹോട്ടലിന്‍റെയും പ്രകാശ് ഹോട്ടലിന്‍റെയും എച്ചില്‍ തൊട്ടികളിലെ പ്രധാന അഭയാര്‍ത്ഥികളായിരുന്നു ഭ്രാന്തിയും മകനും. അത് അവരുടെ സന്തം മകനായിരുന്നില്ല. കിട്ടിയ മകനായിരുന്നു. കിട്ടുമ്പോള്‍ കണ്ണ് കീറി വരുന്നതേയുണ്ടായിരുന്നുള്ളൂ. ഒരു ദിവസം ഉണര്‍ന്നപ്പോള്‍ അവളുടെ കിടപ്പിനടുത്ത് ദേഹത്തോടൊട്ടി കുഞ്ഞ് കിടക്കുകയായിരുന്നു. അതിന്‍റെ തലേന്ന് രാത്രയില്‍ ഉണ്ടായത്. കുഞ്ഞ് കരഞ്ഞപ്പോള്‍ അവള്‍ ഭയന്ന് വിറച്ച് അതിനെ നോക്കിയിരുന്നു. ആ ഇരുപ്പും നോട്ടവും, അവള്‍ കിടന്നിരുന്ന തിണ്ണയുള്ള കട തുറക്കാന്‍ എത്തിയ ഉടമസ്ഥന്‍റെ ഒച്ചയും ബഹളവും വഴിയാത്രക്കാരെ അവിടേക്ക് ആകര്‍ഷിച്ചു. അവര്‍ വൃണം വന്ന് പുഴുത്ത് മണം പരത്തുന്ന പട്ടിയോടെന്ന പോലെ അവളെയും കുഞ്ഞിനെയും നോക്കി നിന്നു. അവള്‍ക്ക് അവിടെ നിന്നും പോകാനാകാതെ വ്യക്തമാകാത്തതും ആക്രോശിക്കുന്നതുമായ ശബ്ദങ്ങള്‍ കേള്‍പ്പിച്ചു തുടങ്ങി. അവള്‍ കൂടുതല്‍ ഭയന്നു. തികച്ചും ചെകുത്താനും കടലിനും നടുക്ക് ആയതു പോലെ അവള്‍ പകച്ചു നിന്നു. ഇടക്ക് എഴുന്നേറ്റ് ഓടാന്‍ പഴുതു നോക്കി. അത് അറിഞ്ഞിട്ടെന്ന പോലെ അവിടെ കൂടി നിന്നവര്‍ അതിനെ എടുത്തിട്ടേ പോകാവൂ എന്ന് അസഭ്യ വാക്കുകള്‍ ചേര്‍ത്ത് ആഞ്ഞാപിച്ചു തുടങ്ങി. ഒരാള്‍ പാതയോരത്ത് കാടു പിടിച്ചു കിടന്നിരുന്ന സ്ഥലത്തെ തിരിച്ചിരുന്ന വേലിയില്‍ നിന്നൊരു പത്തലെടുത്ത് അവളെ തല്ലാനായി ഓങ്ങിക്കൊണ്ടിരുന്നു. അവള്‍ക്കൊന്നും മനസ്സിലായില്ല. അവളൊരു തെരുവ് സര്‍ക്കസ്സുകാരി പെണ്‍കുട്ടിയെപ്പോലെ ആയിരുന്നു. ഉയരത്തില്‍ വലിച്ചു കെട്ടിയ വടത്തിലൂടെ ഒരു നീളം കൂടിയ കമ്പിനെ ബാലന്‍സ് ക്രമീകരിക്കാനായി പിടിച്ച് നടക്കുന്നുവെന്നേയുളുളൂ, ഭയന്ന്, അതും കാണികളേയും അവളുടെ കൂട്ടുകാരെ തന്നെയും. അവള്‍ കിടന്നിരുന്ന ചാക്ക് വലിച്ചെടുത്ത് അടക്കി പിടിച്ചു. കുഞ്ഞ് വെളുത്തൊരു തുണിയില്‍ പൊതിഞ്ഞ് തിണ്ണയിലെ സിമന്‍റ് തറയില്‍ കിടന്നു. എവിടെ നിന്നോ വന്ന കുറച്ച് ഉറുമ്പുകള്‍ പുതിയ മാംസത്തിന്‍റെ മണം അറിഞ്ഞ് വട്ടം കറങ്ങിക്കൊണ്ടിരുന്നു. ആരോ പറഞ്ഞു ഇത് ഇവടെ കുഞ്ഞല്ല കേട്ടോ…. അത് കൂടി നിന്നവരെ കൂടുതല്‍ ചിന്താകുഴപ്പത്തിലാക്കി. അപ്പോഴാണ് അവര്‍ക്ക് അവളെ കഴിഞ്ഞ നാളുകളില്‍ കണ്ട ഓര്‍മ്മ കിട്ടിയത്. ശരിയാണ്, അവളുടേതാകാന്‍ തരമില്ല. അപ്പോള്‍ മറ്റൊരു പ്രശ്നം മുണ്ടാകുകയാണ് ചെയ്തത്. അവളുടേതല്ലെങ്കില്‍, കുഞ്ഞിനെ കൊണ്ടുപോകാതെ അവള്‍ എഴുന്നേറ്റോടിയാല്‍ കടക്കാരന്‍ കൂടുതല്‍ അവതാളത്തിലായും. കുഞ്ഞ് അലറിക്കരഞ്ഞു തുടങ്ങി, കണ്ണുകളടച്ചു പിടിച്ച്. വേലിപ്പത്തലുകാരന്‍ അവളെ അടിക്കാനോങ്ങിക്കൊണ്ട് അലറി. എടുക്കെടി… …മോളെ…. അല്ലെങ്കില്‍ രണ്ടിനേം ഇവടിട്ട് തല്ലിക്കൊല്ലും… അവള്‍ ദയനീയമായി കൂടിനിന്നിരുന്ന മുഖങ്ങളില്‍ നോക്കി. അവളുടെ കണ്ണുകളില്‍ ഭയമാണ് കുലച്ചു നിന്നിരുന്നത്. അവളാകുഞ്ഞിനെ തൊട്ടു, തീയില്‍ തൊടുന്നതു പോലെ, കൈ വലിച്ചു ആദ്യം, പിന്നീട് പെട്ടന്നെടുത്ത് നെഞ്ചോടു ചേര്‍ത്തു പിടിച്ചു. കിടപ്പു ചാക്കും തുണി ഭാണ്ഡവും എടുത്ത് കൂട്ടി പിടിച്ച് പാതയിലിറങ്ങി ഓടിയകന്നു.
@@@@@