Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം അഞ്ച്

സുദേവിന്‍റെ മനസ്സ് പാകമായിട്ടില്ലായെന്നാണ് നിവേദിതക്ക് തോന്നിയത്.  നിവേദിതയുടെ ഫോണ്‍ നമ്പര്‍ അവന്‍ ആവശ്യമില്ലെന്നു പറഞ്ഞിട്ടും, അവള്‍ നിര്‍ബ്ബന്ധിച്ചതിന്‍റെ പേരില്‍ മാത്രമാണ് മൊബൈലില്‍ സേവ് ചെയ്തത്.  അന്നവള്‍ പറയുക കൂടി ചെയ്തിരുന്നു സാര്‍ അങ്ങേക്ക് വേണ്ടെങ്കിലും എനിക്ക് വേണ്ടിവരുമെന്ന്. ഞാന്‍ സാറിന്‍റെ കഥകള്‍ വായിച്ചിട്ടില്ല, ഇനി വായിക്കും, അപ്പോള്‍ സംശയങ്ങള്‍ ഉണ്ടാകാം,  അല്ലെങ്കില്‍ അങ്ങയുടെ കഥകളില്‍ നിന്ന് എന്തെങ്കിലും ഒരാശയം, ഒരു കഥാപാത്രം എനിക്ക് എടുക്കേണ്ടി വന്നാല്‍ സാറിനോട് അനുവാദം ചോദിക്കാനെങ്കിലും.  അപ്പോള്‍ സുദേവിന്‍റെ മുഖത്തുണ്ടായ ഭാവം, കര്‍ക്കശമായ ആ നോട്ടം ഇപ്പോഴും നിവേദിതയുടെ മനക്കണ്ണില്‍ വ്യക്തതയോടെയുണ്ട്.  അവള്‍ അവന്‍റെ കഥകള്‍ വായിച്ചു. പക്ഷെ, അതിന്‍റെ പേരില്‍ ഒരിക്കലും വിളിച്ചില്ല.  വിളിച്ചാല്‍ അവന്‍റെ ചിന്ത എതിര്‍ ദിശയിലേക്കാണ് പോകുന്നതെങ്കില്‍ ഫലം ഉദ്ദേശിക്കുന്നതിന് വിപരീതമാകുമെന്നവള്‍ ഭയന്നു.  അതുകൊണ്ടു മാത്രം.  എങ്കിലും അവള്‍ ഒരിക്കല്‍  വിളിച്ചു.  ഡോ. ലാസറലിരാജയുടെ കഥ കേട്ടെഴുതാന്‍ സുദേവിനെ തെരഞ്ഞെടുക്കപ്പെട്ടുവെന്നറിഞ്ഞപ്പോള്‍, അഭിനന്ദിക്കുകയും ചെയ്തു.  അഭിനന്ദനത്തിന് അവന്‍ നന്ദി പറഞ്ഞില്ല.  നിവേദിത ഇപ്പോഴും ഓര്‍മ്മിക്കുന്നു, അവന്‍ ഔപചാരികതയുടെ പേരില്‍ പോലും ഒരു നല്ല വാക്കു പറഞ്ഞില്ല.  എന്തോ ഒന്നു രണ്ടു വാക്കുകല്‍ മാത്രം, വാക്കുകളെ പൊതിഞ്ഞ് ഈര്‍ഷ്യതയും ഉണ്ടായിരുന്നു.  അവള്‍ ഏറെ ഇഷ്ടപ്പെടുന്ന പഴബോളിയെ പൊതിഞ്ഞ്, പിഴിഞ്ഞ് ഊറ്റിക്കളയാന്‍ പാകത്തിന് എണ്ണയിരിക്കുന്നതുപോലെ.

       ഇന്നലെ സുദേവ് നിവേദിതയെ വിളിക്കുകയായിരുന്നു.  എനിക്കൊന്നു കാണണം.  അവള്‍ പറഞ്ഞു ഞാന്‍ വ്യവസായ നഗരത്തിലുണ്ട്, ഒരു രണ്ടാം തരം പത്രത്തിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍. ഉച്ചകഴിഞ്ഞാണ് പണി തുടങ്ങുന്നത്, രാവിലെ പത്തിനു ശേഷം നഗരത്തിലെ ഏതെങ്കിലും റെസ്റ്റോറന്‍റില്‍ കാണുന്നതിന് കഴിയും.  എവിടെ, എങ്ങിനെ, എപ്പോള്‍ കാണാമെന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനായിട്ട് അവള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

       വില കൂടിയ റെസ്റ്റോറന്‍റ് തന്നെയാണ് തെരഞ്ഞടുത്തത്. ശീതീകരിച്ച ബാറും വ്യത്യസ്ത പുലര്‍ത്തുന്ന റസ്റ്റോറന്‍റും വളരെയേറെ മുറികളുമുള്ള നക്ഷത്ര ഹോട്ടല്‍.  പറഞ്ഞതിലും നേരത്തെ എത്തി സുദേവ് നിവേദിതയെ കാത്തു നിന്നിരുന്നു.  മാന്യമായ വേഷത്തില്‍ തന്നെ. ആദ്യ കാഴ്ചയില്‍ തന്നെ നിവേദിതക്ക് ഇഷ്ടമായി, ഇന്‍റര്‍വ്യുവിന് കണ്ട ആളല്ലാതായിരിക്കുന്നു. ലാസറലിരാജ വാങ്ങി കൊടുത്ത വസ്ത്രങ്ങളില്‍, ലാസറിടത്തെ എട്ടോ പത്തോ ദിവസം തങ്ങിയതിന്‍റെ വ്യത്യസ്തതകളുമായിട്ട്.  ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ മുഖത്ത് അധികമായ സന്തോഷത്തില്‍ വിരിഞ്ഞ മന്ദഹാസവുമായി നിവേദിത ഗുഡ് മോര്‍ണിംഗ് പറഞ്ഞു.  സന്തോഷം ഒട്ടും ചോരാതെ തന്നെ സുദേവ് പ്രതിവന്ദനം ചെയ്തു. നിവേദിതക്ക് കുളിര്‍ത്തു.

       റസ്റ്റോറന്‍റിലേക്ക് അവര്‍ തൊട്ടുതൊട്ടു നടക്കുമ്പോള്‍ അവന്‍റെ അറിവില്ലായ്മ, നല്ല റെസ്റ്റോറന്‍റില്‍ സൂക്ഷിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ചുള്ള ധാരണക്കുറവ് അനുഭവപ്പെട്ടു.  അവന്‍റെ കുറവുകളെ മറ്റുള്ളവരുടെ മുന്നില്‍ മറച്ചു വക്കാന്‍ അവള്‍ ഒരടി മുന്നില്‍ കയറി നടന്നു.  മുറ്റത്തു വന്ന വെയിലില്‍ നിന്നേറ്റ ചൂട,് ഗ്ലാസില്‍ കറുത്ത ഫിലീം ഒട്ടിച്ച, ശീതീകരിച്ച മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ കുറഞ്ഞു. റെസ്റ്റോറന്‍റ് തിരക്കിലേക്ക് പോകുന്നതേയുള്ളൂ. അത്ര സമയമേ ആയിട്ടുള്ളൂ, നേരം പുലര്‍ന്നിട്ട്.  ഒഴിഞ്ഞ കോണില്‍ തന്നെ അവര്‍ അഭിമുഖമായിരുന്നു.  അവളുടെ മനസ്സ് പ്രശാന്തമായി, ഉന്മേഷം കൊണ്ടു തുടങ്ങിയിരിക്കുന്നു.  അവനിലും വ്യക്തമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് അവള്‍ അറിയുന്നുണ്ട്. മെനു നോക്കി വളരെ വിലകുറഞ്ഞ ഓര്‍ഡര്‍ കൊടുത്ത അവള്‍ ചോദിച്ചു.

       സാര്‍ ഞാനെന്താണ് ചെയ്യു തരേണ്ടത്…?

       സുദേവ് ഒന്നും പറഞ്ഞില്ല.  വെറുതെ കറുത്ത ഫിലീം ഒട്ടിച്ച ഗ്ലാസ്  വഴി പുറത്തേക്ക് നോക്കിയിരുന്നു.  അവന്‍റെ മനസ്സും കണ്ണുകളും ശൂന്യമാണെന്ന് നിവേദിത അറിയുന്നു.  അവള്‍ ഒന്നു മന്ദഹസിച്ചു.  വീണ്ടും അവള്‍ ഓര്‍മ്മിച്ചു.  അവന്‍റെ മനസ്സ് ഇപ്പോഴും കൗമാരും വിട്ടിട്ടില്ലെന്ന്. അവളും പുറത്തേക്ക് നോക്കിയിരുന്നു.

       സാധാരണ  ഹോട്ടലിന് മുന്നില്‍ കാണാന്‍ കിട്ടാത്തതും, അവിടെ ശ്രദ്ധയോടെ പരിപാലിക്കുന്നതുമായ ഒരു പൂന്തോട്ടമുണ്ട്.  അവിടത്തെ അംഗങ്ങളില്‍ ആരും അധികമായി വളരുകയോ തളരുകയോ ചെയ്തിട്ടില്ല.  അറിവുള്ള ഒരാളുടെ കണ്ണുകള്‍ സദാ അവരെ കാണുകയും ക്രമപ്പെടുത്തുകയും പരിപാലിക്കുയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്‍റെ ലക്ഷണമാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ ആരെയും കാണാനില്ല.  അംഗങ്ങളുടെ ചിരിയും കളിയും മാത്രം.  ഇളം വെയിലില്‍ എല്ലാവരും തന്നെ സന്തുഷ്ടരാണ്.  ഒരു പനിനീര്‍ ദളത്തില്‍ കൊഴിയാതെ നിന്ന നീര്‍കണത്തില്‍ വെയില്‍ തട്ടി സ്പതവര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നത് വ്യക്തമായികാണാം.  നിവേദിതക്ക് അതിനെ ഒന്ന് താലോലിക്കണമെന്നും ഒരു ഉമ്മ കൊടുക്കണമെന്നും തോന്നിപ്പോയി.  ആ ചിന്ത അവളിലെ വികാര തന്ത്രികളില്‍ ഒന്നു തട്ടി.  അവളുണര്‍ന്ന്, ഒന്നു ഞെട്ടി.  എങ്കിലും പനിനീര്‍മലരില്‍ നിന്നും കണ്ണുകളെ റസ്റ്റോറന്‍റിലേക്ക് കൊണ്ടു വന്നില്ല.  അതു കൊണ്ട് അവള്‍ക്ക് ഒരു കാഴച കൂടി കിട്ടി. ബെല്‍റ്റില്ലാത്ത, ഒട്ടിയ വയറും, പീള കെട്ടിയകണ്ണുകളും യഥാര്‍ത്ഥ നായയുടെ മണവുമായി ഒരു നാടന്‍ ഗെയിറ്റ് കടന്ന് വരികയും അവള്‍ കണ്ടുകൊണ്ടിരിന്ന പനിനീര്‍ ചെടിയില്‍ അവന്‍റെ വഴിയടയാളം രേഖപ്പെടുത്തുകയും ചെയ്തു.  പനിനീര്‍ ദളത്തില്‍ തങ്ങി നിന്നിരുന്ന നീര്‍ക്കണം അവന്‍റെ നിക്ഷേപത്തോടു കൂടി നിലത്തേക്ക് വീണു. സപ്തവര്‍ണ്ണങ്ങളും അപ്രത്യക്ഷമായി.  എവിടെ നിന്നോ തോട്ടക്കാരന്‍ പെട്ടന്ന് ഓടി വന്നു.  അയാള്‍ കൈയ്യില്‍ കരുതിയിരുന്ന കല്‍ച്ചീളു കൊണ്ട് പട്ടിയെ എറിഞ്ഞു.  പട്ടിയുടെ പിന്‍ കാലില്‍ തന്നെ കൊണ്ടിട്ടാകാം څപൈچയെന്ന് കരഞ്ഞ് ഓടി ഗെയിറ്റിനടുത്തെത്തി തിരിഞ്ഞു നിന്നു.  ഗെയിറ്റിനടുത്തെത്തിയപ്പോഴേക്കും വേദന അടങ്ങിയിട്ടുണ്ടാകും,  പിന്നെ മുരണ്ടു. മുരള്‍ച്ച വൃത്തിയായ രണ്ടു മൂന്നു മലയാള തെറിവാക്കുകളായി ഉയര്‍ന്ന് ഹിന്ദിക്കാരനായ തോട്ടകാരനെ അഭിഷേകം ചെയ്തു.  വീണ്ടും അയാള്‍ കല്ലെടുത്തപ്പോള്‍ പുറത്തേക്ക് ഓടിയകന്നു.

       ടേബളില്‍ ഭക്ഷണം നിരന്നു.  ഇഡ്ഡലി, ചട്ടിണി, ഉള്ളി സാമ്പാറ്, ചായ, ചെറിയ ചൂടുള്ള കരിങ്ങാലിയിട്ട വെള്ളം.

       സാര്‍…. സാറിതേവരെ ഒന്നും സംസാരിക്കുകയോ… വ്യക്തമായിട്ടെന്തെങ്കിലും ചിന്തിക്കുകയോ… എന്തിന് എന്‍റെ മുഖത്ത് ഒന്നു നോക്കുക പോലുമോ ചെയ്തിട്ടില്ല, വെറുമൊരു കൗമാര പ്രായക്കാരനെപ്പോലെ ഇരിക്കുന്നു…..

       സുദേവ് ഇളിഭ്യനായിപ്പോയി.  ആ ജാള്യത മറയ്ക്കാനായി അവളുടെ മുഖത്തു നോക്കയിരുന്നു.  അത് ഏതാണ്ട് ഒരു പ്രണയക്കാരനെപ്പോലെ തന്നെയായി.  അവന്‍ അറിഞ്ഞു കൊണ്ട് ചെയ്തതല്ല.  അതവള്‍ക്ക് മനസ്സിലാകുകയും സുദേവിനോട് പറയുകയും ചെയ്തു.

       ഇപ്പോള്‍ സാറ് പ്രണയം തലക്കു പിടിച്ചൊരു കൗമാരക്കാരനെപ്പോലെയാണ് എന്നെ നോക്കുന്നത്. അത് നല്ലതല്ല. നമ്മള്‍ അങ്ങിനെയിവിടെ എത്തിയതല്ല.  വളരെ വേണ്ടപ്പെട്ട, സീരിയസ്സായ എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചു വരുത്തിയതാണ്.  ഒന്നും പറയാനാകാതെ തരിച്ചിരിക്കുന്നത് സാറാണ്.  ഞാന്‍ തികഞ്ഞ വിവേകത്തോടെയാണിരിക്കുന്നത.്  ഒന്നും പറയുന്നില്ലെങ്കില്‍ ഭക്ഷണം കഴിക്കുകയെങ്കിലും ചെയ്യണം.  നമ്മളെക്കാത്ത് ഇഡ്ഡിലിയും ചട്ടിണിയും കാപ്പിയും  ഇരിപ്പ് തുടങ്ങിയിട്ട് സമയം കുറേയായി.  വേറെ ഏതെങ്കിലും ഹോട്ടലിലായിരുന്നെങ്കില്‍ കുറഞ്ഞത് ഒരു ഈച്ചയെങ്കിലും കാപ്പിയില്‍ ചാടി ആത്മഹത്യ ചെയ്തേനെ…

       അവന്‍ വല്ലാതെയായി.  ചുറ്റു പാടും വീക്ഷിച്ചു.  ആരും അവരെ ശ്രദ്ധിച്ചിരുന്നില്ല.  റസ്റ്റോറന്‍റില്‍ തിരക്കില്ല.  ഉള്ളവര്‍ക്കൊന്നും അവരെ നോക്കാന്‍ സമയവുമില്ലെന്ന് സുദേവ് ചിന്തിച്ചു.

       ശരിയാണ്,  പക്ഷെ, ഒരു കൗമാരക്കാരന്‍റെ മാനസ്സികാവസ്ഥയിലല്ല ഞാന്‍.  ജീവിതത്തില്‍ ഇതിന് മുമ്പ് ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ഒരു പെണ്‍കുട്ടിയോട് പറയാന്‍ കൊള്ളാവുന്ന വിഷയമാണോ എനിക്ക് പറയാനുള്ളതെന്ന ചിന്തയിലാണ്.  കൊള്ളില്ലാത്തതാണെന്നു തന്നെയാണ് എനിക്ക് തോന്നത്. പക്ഷെ, പറയാതിരിക്കാനും അഭിപ്രായം അറിയാതിരിക്കാനും ആകാത്ത സ്ഥിതിയാലായിരിക്കുന്നു.  മറ്റാരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍ അങ്ങിനെ ഒരാള്‍ എനിക്കില്ല.  ഏതായാലും നമ്മള്‍ ഭക്ഷണം കഴിക്കുകയാണ്.

       അവള്‍ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു. എന്നിട്ട് ഭക്ഷണം കഴിക്കാന്‍ തീരുമാനിക്കുകയും  രണ്ടു പേരും ഒരേ സമയം തന്നെ കഴിച്ചു തുടങ്ങുകയും ചെയ്തു.  എന്താകിലും അവനു പറായാനുള്ളത് പറഞ്ഞു തുടങ്ങി. ആദ്യത്തേത് ഒന്നു രണ്ടു ചോദ്യങ്ങളായിരുന്നു. സുദേവ് ചോദിച്ചു.

       നിവേദിതക്ക് സ്ത്രീയെ ശരിക്കും അറിയുമോ…. പുരുഷനെ അറിയുമോ….?

       അങ്കലാപ്പുണ്ടാക്കുന്ന ചോദ്യങ്ങള്‍, അവളില്‍ അങ്കലാപ്പുണ്ടാക്കുകതന്നെ ചെയ്തു. കൈയ്യില്‍ ഒരു കഷണം ഇഡ്ഡലിയെടുത്ത് വായോടടുപ്പിച്ച്, വായ തുറന്ന് അതിനെ സ്വീകരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ചോദ്യം.  അതുകൊണ്ട് അടുത്ത നിമിഷം അവള്‍ അതേപോലെ തന്നെ വായ തുറന്ന്, കൈ ഇഡ്ഡലിയുമായി വായ്ക്കടുത്ത് എത്തിയും നിശ്ചലമായി നിന്നു.  ഒരു നിമിഷം അങ്കലാപ്പിന്‍റെ വികാരങ്ങളുമായിട്ട് മുഖവും.  അവന്‍ ഉദ്ദേശിക്കുന്നത് അവള്‍ക്ക് മനസ്സിലായില്ലെന്ന് സുദേവിന് തോന്നി.  അവന്‍ പറഞ്ഞു.

       ആത്മകഥയെഴുത്ത് ഇതേവരെ ഒന്നുമായിട്ടില്ല. അതിനുള്ള സംസാരങ്ങളും വായനകളും നടക്കുന്നതേയുള്ളൂ. ആത്മകഥയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണകളുണ്ടെന്നു തോന്നുന്നു.  അതല്ല ഇപ്പോഴത്തെ പ്രശ്നം. ഷാഹിനയും ഹണിയും എന്‍റെ സൈറ്റിലെ കഥകള്‍ വായിച്ചു തുടങ്ങിയെന്നും മറ്റും പറഞ്ഞതിന്‍റെ കൂടെ ഷാഹിന എന്നോടു ചോദിച്ചു താങ്കള്‍ക്ക് സ്ത്രീയെ അറിയുമോ, സെക്സ് ശരിക്ക് അറിയുമോ എന്ന്. യഥാര്‍ത്ഥത്തില്‍ എനിക്കത് രണ്ടും നന്നായറിയില്ല.  നിവേദിതക്ക് അറിയുന്നത് എനിക്ക് പകര്‍ന്നു തരാനാകുമോ….?

       നിവേദിത, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു, അവനും.  എങ്കിലും, അവളില്‍ നിന്നും അങ്കലാപ്പ് വിട്ടകലാതെ തുടര്‍ന്നു.  പിന്നീട് അവന്‍റെ മുഖത്തേക്ക് നോക്കിയതേയില്ല.  അവര്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈകള്‍ വൃത്തിയാക്കി വീണ്ടും ആ ടേബിളില്‍ തന്നെയെത്തി.

       വെയിറ്റര്‍ വന്ന് ടേബിള്‍ വൃത്തിയാക്കി, സുദേവ് ബില്ലു കൈപ്പറ്റി, പണം കൊടുത്ത്, പണമടച്ച് അയാള്‍ തിരികെ വന്ന്, കിട്ടിയ ടിപ്പുമായി പോയിക്കഴിഞ്ഞിട്ടും അവര്‍ ആ ടേബിള്‍ വിട്ടു പോയില്ല.  സുദേവ് ഇതേവരെ ലാസറിടത്തില്‍ ജീവിച്ചതിന്‍റെ അനുഭവങ്ങള്‍ പറഞ്ഞു.  ഉച്ചഭക്ഷണവും കഴിച്ചു.  റസ്റ്റോറന്‍റില്‍ തിരക്കേറി കഴിഞ്ഞു.  എന്നിട്ടും അവരാ ടേബിള്‍ വിട്ടില്ല.

       ഞാന്‍ സാറിന്‍റെ കഥകള്‍ വായിച്ചു കൊണ്ടിരിക്കുകയാണ്, വായിച്ചു കഴിഞ്ഞ കഥകളെകുറിച്ച് എനിക്ക് തോന്നിയ അഭിപ്രായം, ചില കാര്യങ്ങളില്‍ ഉള്ള വീക്ഷണങ്ങള്‍ വികലമാണെന്നുള്ളതാണ്.  അങ്ങിനെയൊരു വികല വീക്ഷണം സ്ത്രീകളെക്കുറിച്ച്, പ്രത്യേകിച്ച് സെക്സിനെ കുറിച്ച് സൃഷ്ടിക്കുന്നുണ്ടെന്ന് ചില കഥകളില്‍ നിന്നും ഗ്രഹിക്കാനാകും.  അത് ഷാഹിന കണ്ടിട്ടുണ്ടാകാം. എനിക്ക് സാത്രീയെന്താണെന്ന്, സ്ത്രീ ആയതു കൊണ്ടുള്ള അറിവുണ്ട്. സെക്സെന്തെന്ന് അനുഭവമില്ല.  പക്ഷെ, അറിയാനായി, അറിയാന്‍ മാത്രമായിട്ട് ഫിലിമുകള്‍ കണ്ടിട്ടുണ്ട്.  ആ അറിവ്  സാറിനും നേടാവുന്നതാണ്.  സാറിന് ഓര്‍മ്മയുണ്ടോ നമ്മളിവിടെ വന്നിട്ട് ആറു മണിക്കൂറുകളാവുകയാണ്. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞു.  ഇപ്പോള്‍ ചായക്ക് ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ്.  എനിക്ക് ഒരു മണിക്ക് ഡ്യൂട്ടിയില്‍ കയറേണ്ടതായിരുന്നു.  വിളിച്ചു പറഞ്ഞ് ഇന്ന് ലീവാക്കി.  സാറിതൊക്കെ ശ്രദ്ധിച്ചുവോ…?

       ഇല്ല, ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് അപ്പോഴാണ് അവനറിയുന്നത്.

       സാറ് ചുറ്റുപാടുകളെ ശ്രദ്ധിക്കുന്നതില്‍ വിമുഖനായിട്ടാണ് എനിക്ക് തോന്നിയത്, ഈ ആറു മണിക്കൂറായിട്ടും, ഞാന്‍ സാറിനെ ശ്രദ്ധിക്കുകയായിരുന്നു.  അങ്ങയുടെ തുറന്ന ചോദ്യങ്ങള്‍ എനിക്കിഷ്ടമായി.  എന്നാല്‍ ഈ റെസ്റ്റോറന്‍റില്‍ മൂന്ന് ജോഡി കമിതാക്കളുണ്ട്, വ്യത്യസ്തരായ മുന്നു ജോഡികള്‍ അവരെ കണ്ടെത്താന്‍ സാറിന് കഴിയുമോ…?

       നിവേദിതയുടെ സംസാരം, പരീക്ഷണം സുദേവിന് സുഖിച്ചു.  അവളുടെ കണ്ടെത്തലുകളെ  അംഗീകരിക്കുകയും ചെയ്തു.  ഇപ്പോള്‍ അവളോട് ആരാധന തോന്നുന്നു.

       അവന്‍ റസ്റ്റോറന്‍റിലെ തിരക്കിനിടയില്‍ ആ മൂന്നു കമിതാക്കളെ തേടി നടന്നു.  ഒരു ജോഡിയെ കണ്ടത്താന്‍ പാടു പെടേണ്ടി വന്നില്ല.  വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയിലെത്തി കൂട്ടു ജീവിതത്തിലേക്ക്  ഏതു നേരത്തും കയറാനായി നില്‍ക്കുന്നവരാണ്, അവര്‍.  അവര്‍ക്കതിന്‍റെ പക്വതയും പാകതയും വന്നിട്ടിട്ടുണ്ട്.  നിവേദിത അംഗീകരിച്ചു.

       മറ്റു രണ്ട ജോഡികള്‍…?

       വൈകിട്ട്, കഴിക്കേണ്ടുന്ന ചായയും അവര്‍ കഴിച്ചു കഴിഞ്ഞു പറയേണ്ടതും ചോദിക്കേണ്ടതും തല്‍ക്കാലം അറിയേണ്ടതും ഏതാണ്ട് ആയിക്കഴിഞ്ഞു എന്ന് സുദേവിന് തോന്നി.  ഇനിയും രണ്ടു കമിതാക്കളെ കൂടി അന്വേഷിച്ചു കണ്ടെത്തനുള്ള ക്ഷമ അവനില്ലാതെപോയി.

       നിവേദിത അവന് കാണിച്ചു കൊടുത്തു.  അതൊരു ഫാമിലിയാരുന്നു.  നാലു പേര്‍ക്കിരിക്കാവുന്ന ടേബിളില്‍, ചെറുപ്പക്കാരായ ഭാര്യയും ഭര്‍ത്താവും മകളും ഒരു യുവാവും.  ഭാര്യയായ ചെറുപ്പക്കാരിയുടേയും കുടുംബ സ്നേഹിതനായ യുവാവിന്‍റേയും മുഖങ്ങള്‍, തീര്‍ച്ചായായും അത് കമിതാക്കളുടേതു തന്നെ.  ചെറുപ്പക്കാരനായ ഭര്‍ത്താവ് ഒന്നും അറിയാതെ, കാണാതെ ഭക്ഷണം കഴിക്കുമ്പോള്‍ ഭാര്യയും കാമുകനും സ്പര്‍ശനത്തിന്‍റെ അറിവുകള്‍ കൂടി നുകരുന്നു…..അവളുടെ വെളുത്ത, കടഞ്ഞെടുത്തതുപോലുള്ള പാദങ്ങളെ അവന്‍റെ ചുവന്ന വൃത്തിയുള്ള പാദങ്ങള്‍ കവര്‍ന്നു കൊണ്ട്…….

       അടുത്ത ജോഡി, സുദേവിനും, നിവേദിതക്കും അടുത്തിരുന്ന പുരുഷ പ്രണയിനികളാണ്.  അതിലൊരാള്‍ക്ക് ക്ലീന്‍ ഷേവ് ചെയ്ത് മിനുക്കിയ മുഖവും ചുവന്ന ചുണ്ടുകളും, നീണ്ട കണ്ണുകളുമാണ്…..

***

       ലാസറലി രാജയുടെ വാസസ്ഥലത്തിന്‍റെ മൂന്നാമതു നിലയില്‍ കിഴക്കോട്ടുള്ള ബാല്‍ക്കണിയിലാണ്  അന്നത്തെ കഥ പറച്ചില്‍. ബാല്‍ക്കണി വിശാലമാണ്.  തറയില്‍ ഇറ്റാലിയന്‍ മാര്‍ബിളാണ് വിരിച്ചിരിക്കുന്നത്.  പ്രധാന കെട്ടിടത്തില്‍ നിന്നും മുന്നോട്ടു തള്ളി നില്‍ക്കുന്ന ബാല്‍ക്കണിയ്ക്ക് മൂന്നു വശങ്ങളിലും പാരപ്പറ്റുകള്‍ ഇരിപ്പിടം പോലെ ഒരുക്കിയിരിക്കുന്നു. തേക്കില്‍ കൊത്തു വേലകള്‍ ചെയ്ത കൈവരികളാണ്.  ഇരിപ്പിടം കറുത്ത ഗ്രാനൈറ്റാണ്.  ചൈനീസ് സെറ്റികളാണ് മറ്റിരിപ്പിടങ്ങള്‍.  സഞ്ചരിക്കുന്നൊരു ബാറും അവിടെ ഒരുക്കിയിട്ടുണ്ട്.  വൈവിധ്യമാര്‍ന്ന പാനീയങ്ങളും അനുഭക്ഷണങ്ങളും.  പാനീയങ്ങളും ഭക്ഷണങ്ങളും വൈവിധ്യതയില്‍ അധികമാര്‍ന്ന അളവില്‍ കണ്ടപ്പോള്‍ സുദേവിന് അത്ഭുതം തോന്നി.

       ലാസറലി കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ അത്ഭുതം അസ്ഥാനത്താണെന് മനസ്സിലായി.  ഭാര്യ, മക്കള്‍, മരുമക്കള്‍ സുദേവിന് അപരിചിതരായ രണ്ടു പേര്‍ കൂടി കഥ കേള്‍ക്കാനെത്തി.  അവരെല്ലാം വിശിഷ്ട വസ്ത്രങ്ങളിലും അണിഞ്ഞൊരുങ്ങിയുമാണെത്തിയിരിക്കുന്നത്.  എന്തോ ആഘോഷത്തില്‍ പങ്കെടുക്കും പോലെ.  സുദേവ് അപ്പോള്‍ ചിന്തിച്ചത് സമ്പന്നര്‍ ഭക്ഷണം കഴിക്കുന്നതിനും, മദ്യപാനത്തിനും ഓരോ ആഘോഷങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുകയാണെന്നാണ്.  ഇതു മാത്രമല്ല.  എല്ലാ ആഘോഷങ്ങളും ഉണ്ടയിരിക്കുന്നത് അല്ലെങ്കില്‍ ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യന്‍റെ സന്തോഷത്തിനു വേണ്ടിയാണെന്ന്…. മനുഷ്യന്‍റെ അമിതമായ സുഖാസക്തി തന്നെ എല്ലാറ്റിനും കാരണം.

       ബാല്‍ക്കണിയില്‍ നിന്നും കിഴക്കോട്ടുള്ള കാഴ്ച അതിമനോഹരമാണ്.  അസ്തമനത്തിനോടടുക്കുന്ന സൂര്യ വെളിച്ചത്തിന്‍റെ ചുവപ്പ് വാനത്ത് നിറഞ്ഞു നില്‍ക്കെ ഭൂമിയില്‍ നിന്നും കറുപ്പ് കനം കൂടി, പിന്നെ കുറഞ്ഞ്  വെളിച്ചത്തിലേക്ക് അലിഞ്ഞു തീരുന്ന മനോഹാരിത.  ലാസറലിയുടെ വാഴത്തോട്ടം കഴിഞ്ഞാല്‍ ചരിവാണ്.  ചരിവിറങ്ങി താഴ്വാരത്തെത്തിയാല്‍ അരുവിയാണ്.  അരുവിക്ക് അക്കരെ വനമായി.  അടുത്ത പല ദിവസങ്ങളിലും ആനകള്‍ അരുവിയില്‍ വെള്ളം കുടി കഴിഞ്ഞ് ഇക്കരയിലെത്തി റബ്ബര്‍ മരങ്ങളെ തട്ടിക്കളിച്ചെന്ന് പണിക്കാര്‍ പറഞ്ഞ കാര്യം സുദേവ് ഓര്‍മ്മിച്ചു.

        മദ്യം ദേഹത്ത് ചൂടു നല്‍കി ഉണര്‍ത്തിത്തുടങ്ങിയപ്പോള്‍ ലാസറലി കഥ പറഞ്ഞു തുടങ്ങി.  സുദേവ് ഒഴിച്ചുള്ളവര്‍ ഇക്കഥ പലപ്പോഴും കേട്ടിട്ടുണ്ടാകാം.  പക്ഷെ, അവരുടെ മുഖങ്ങളില്‍ പഴങ്കഥകള്‍ കേള്‍ക്കുന്ന ഒരു വികാരമല്ല.  ഒരു പുത്തന്‍ കഥ കേള്‍ക്കുന്ന ആകാംക്ഷയാണ്.  അത് ലാസറലിയെന്ന വ്യക്തിയോടുള്ള ആദരവാകാം.

       ഭ്രന്തി ജാനമ്മ ഒരു പക്ഷെ, എന്‍റെ പെറ്റമ്മ തന്നെയായകാം.. ഭ്രാന്തിന്‍റെ വിസ്മയ ലോകത്ത് വിഹരിക്കവെ, ഒരിക്കലും വെട്ടപ്പെടുകയില്ലെന്നു മനസ്സിലാക്കിയിരുന്ന ഒരു മാന്യന്‍ നല്‍കിയ സംഭാവന.  എന്നാല്‍ ആരും ഭ്രാന്തി ജാനമ്മ ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്നു നടക്കുന്നതു കണ്ടിട്ടില്ല.  കുളിക്കാത്ത നനക്കാത്ത, മഴ നനയുമ്പോഴല്ലാതെ ഒരു തുള്ളി വെള്ളം ദേഹത്ത് പറ്റാന്‍ അനുവദിക്കാതിരുന്ന അവരിലും ലൈംഗീക പൂരണത്തിനെത്തിയിരുന്ന വരുണ്ടെന്ന് പിന്നീട് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.  അവരുടെ ദേഹത്തോടൊട്ടിച്ചേര്‍ന്ന്, ആ ദേഹത്തിന്‍റെ ഒരു ഭാഗം പോലെ ഉണ്ടായിരുന്ന ഒരു പിത്തശൂല പിടിച്ച കുഞ്ഞായിരുന്നു ഞാനെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

       ലാസറലിയുടെ അസാമാന്യമായ വാക്ക് ചാതുരി സുദേവിനെ വീണ്ടും അത്ഭുതപ്പെടുത്തി.  ആദ്യം കേട്ടപ്പോള്‍ തന്നെ അവന്‍ പറയുകയുണ്ടായി, സാറിന്‍റെ ഭാഷ വച്ച് സ്വയം എഴുതാന്‍ കഴിയുമെന്ന്.   അന്നയാള്‍ പറഞ്ഞത് നാവില്‍ തുമ്പിലേക്കെത്തും പോലെ കൈവിരല്‍ തുമ്പില്‍ എത്തുകയും പേനവഴി, നിമ്പു വഴി മഷി അക്ഷരമായി മെനഞ്ഞെത്തുകില്ലെന്നാണ്. 

       മദ്യവും ഭക്ഷണവും യഥേഷ്ടം കഴിക്കുന്നുണ്ടെങ്കിലും കേഴ്വിക്കാര്‍ സശ്രദ്ധരാണെന്ന് സുദേവ് കാണുന്നു.

       എന്താകിലും ഭ്രാന്തി ജാനമ്മ എന്‍റെ അമ്മ തന്നെയാണ്.  ഉറുമ്പരിച്ച് പുഴു തിന്ന് പോകാതെ ആ പ്രയത്തില്‍ രക്ഷിച്ചെടുത്തത,് ആ അമ്മയാണ്.  വിയര്‍പ്പും ചെളിയും നിറഞ്ഞ ആ മുലകളാണ് ഞാനുണ്ടത്, വിശന്നു വലഞ്ഞപ്പോള്‍, ആദേഹത്തെ വിയര്‍പ്പും ചെളിയുമായിരുന്നു ആദ്യ ഭക്ഷണം. ഒരിക്കല്‍ പോലും എന്‍റെ കഥയില്‍ ആ അമ്മ മോശമായി ചിത്രീകരിക്കപ്പെടാന്‍ പാടില്ല.

       ലാസറലിയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.  മറ്റെല്ലാവരിലേക്കും ആ വികാരം പടര്‍ന്നു കയറുന്നു.  സ്ത്രീ ജനങ്ങളുടെ നയനങ്ങള്‍ നിറയുകയും ചിലര്‍ വിതുമ്പുകയും ചെയ്യുന്നു.

       കിഴക്ക് മലഞ്ചരുവ് കഴിഞ്ഞ് അരുവി കടന്ന് തളിര്‍ത്തു നില്‍ക്കുന്ന ഏതോ ഒരു മരത്തില്‍ നിന്നും പൂക്കള്‍ മാനത്തേക്ക് ഉയര്‍ന്നു പറന്നു പോകും പോലെ ശലഭക്കൂട്ടം വാനത്തേക്കുയര്‍ന്ന് സ്വര്‍ണ്ണ നിറമാര്‍ന്ന സൂര്യ പ്രഭയില്‍ മുങ്ങി വീണ്ടും ഉയര്‍ന്ന് പടിഞ്ഞാറോട്ട് പറന്ന്  ലാസറലിയുടെ വാസസ്ഥലത്തിന് മുകളിലൂടെ എവിടേക്കോ അകലുന്നു.  കറുപ്പും വെളുപ്പും തുല്യമായി, വെളുപ്പില്‍ തവിട്ടു പുള്ളികളുമായി പതിനായിരക്കണക്കിന് ശലഭങ്ങള്‍… മദ്യ ലഹരിയില്‍ അടിമപ്പെട്ടിരുന്ന ലാസറലിയുടെ കേള്‍വിക്കാര്‍ മാസ്മരികതയില്‍ പകച്ച് വായ പിളര്‍ന്നിരിക്കുന്നു, വായു സഞ്ചാരം നിലച്ചതു പോലെ  നിശ്ചലമായിട്ട്…..

       ലാസറലി വീണ്ടും പറഞ്ഞു തുടങ്ങി.  എന്നാല്‍ എനിക്ക് കുഞ്ഞാറുമേരിയോട് അമ്മയോടു തോന്നിയ സ്നേഹമല്ല ഉണ്ടായിരുന്നത്.  അവര്‍ മറ്റുള്ളവരോട് ആദ്യാകാലത്ത്  മകനാണെന്ന് പറഞ്ഞിരുന്നെങ്കിലും ഞാന്‍ അവര്‍ക്ക് മകന്‍ മാത്രമായിരുന്നില്ല.  കുഞ്ഞാറുമേരിയെ അങ്ങാടിയില്‍ ചുമടെടുത്തു ജീവിച്ചിരുന്ന കുഞ്ഞാറു പുന്നേക്കാടു നിന്നും കെട്ടിക്കൊണ്ടു വന്നതായിരുന്നു.  കല്ല്യാണി വയറ്റാട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കടാപുറ്റനായിരുന്നു കുഞ്ഞാറു, എന്തിനും പോന്ന മനസ്സും.  അരച്ചുരുട്ടി അഞ്ചരയടി പൊക്കത്തില്‍ എണ്ണക്കറുപ്പുമായിട്ട് ഇരുപതുകാരിയായ മേരിയും.  മേരി കട നടത്തിയിരുന്ന വീട്ടില്‍ തന്നെ താമസ്സം.  കല്ല്യാണിത്തള്ളയുടെ  വീടിനോടു ചേര്‍ന്ന്.  റോഡു വക്കത്ത്.  കുഞ്ഞാറുവിനെ ആരോ കൊലപ്പെടുത്തുകയായിരുന്നു, ചാരായക്കടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തില്‍…

       ലാസറലി കഥ തുടര്‍ന്നു കൊണ്ടിരുന്നു.

       അവര്‍ യഥേഷ്ടം ഭക്ഷണവും മദ്യവും കഴിച്ചു കൊണ്ടിരുന്നു.  അവരുടെ ദേഹങ്ങളിലേക്ക് കൊഴുപ്പ് കയറിക്കൊണ്ടിരിക്കുകയാണെങ്കില്‍ കഥയിലെ കൊഴുപ്പ് കുറഞ്ഞു കുറഞ്ഞ് തമാശകളിലേക്കും നുണകളിലേക്കും വന്നു വന്ന് സുദേവ് അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി.  എപ്പോഴോ ശിഖയും കുട്ടികളും ഉറക്കത്തിനുപോയി….

       അവിടമാകെ മദ്യത്തിന്‍റേയും ഭക്ഷണത്തിന്‍റെയും അവര്‍ പൂശിയിരിക്കുന്ന സുഗന്ധങ്ങളുടേയും അവരില്‍ ചാലുവച്ച് ഒഴുകിത്തുടങ്ങിയ വിയര്‍പ്പിന്‍റെയും മണം കൂടിക്കലര്‍ന്ന് ഒരു വാട നിറഞ്ഞു.

@@@@@