Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം ഇരുപത്തിയൊന്ന്
സുദേവ്…
ലത വിളിക്കുന്നു.
സുദേവ് സുവര്‍ണരേഖ സാഹിത്യകട്ടായ്മയില്‍ ബാബു ഇരുമലയുടെ റോസാപൂക്കണ്ടം എന്ന മിനികഥാ സമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു. മിനിക്കഥകള്‍ അല്ലെങ്കില്‍ മൈക്രോ കഥകള്‍, വലിയ കഥകളെ കാപ്സ്യൂളുകളാക്കി വായിക്കാന്‍ സമയമില്ലാത്തവരെ വായനയിലേക്ക് ആകര്‍ഷിക്കാനെഴുതുന്ന ഉപാധിയാണ്. കുഞ്ഞുകഥകളില്‍ പൊടിപ്പും തൊങ്ങളും ചമല്‍ക്കാരവും ഉപകഥകളും പുറംകാഴ്ചകളും മനോവ്യാപാരങ്ങളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പൂര്‍ണ്ണകഥകളാകുന്നു. പൂര്‍ണ്ണ കഥകള്‍ നമുക്കു തരുന്ന അനുഭൂതികള്‍ തന്നെ മിനിക്കഥകളും തരുന്നുണ്ട്, ഉള്ളിലാക്കി മനനം ചെയ്യണമെന്നു മാത്രം.
ഫോണ്‍ അടിച്ചപ്പോള്‍ സുദേവ് ഒന്നു ഞെട്ടി. വേദിയില്‍ നില്‍ക്കെ തന്നെ ഫോണിന്‍റെ സ്ക്രീനില്‍ തെളിഞ്ഞ അക്ഷരങ്ങളിലൂടെ ലതയെ തിരിച്ചറിഞ്ഞു. മൈക്കില്‍ നിന്നും അകന്ന് നിന്ന് ലതയോട് പത്തു മിനിട്ട് കഴിഞ്ഞ് വിളിക്കണമെന്ന് പറഞ്ഞ് ഫോണ്‍ പോക്കറ്റില്‍ വയ്ക്കുമ്പോള്‍ നൂറു പേരില്‍ അധികമുള്ള സദസ്സില്‍ നിന്നും സണ്ണി കളമ്പാടന്‍റേയും ജനാര്‍ദ്ദനന്‍ കൊച്ചുകുടിയുടേയും കണ്ണുകള്‍ എന്തെന്നു തിരക്കി. സുദേവ് അവരെ നോക്കി ഒന്ന് മന്ദഹസിച്ച് ഒന്നുമില്ലെന്ന് അറിയിച്ചു. വീണ്ടും സദസ്സിനെ റോസാപൂക്കണ്ടത്തിലേക്ക് വിളിച്ചിറക്കി കൊണ്ടുപോയി. സദസ്സിലിരുന്ന് നിവേദിത ആകാംക്ഷപ്പെട്ടു. സംസാരം കഴിഞ്ഞ ഉടന്‍ വേദി വിട്ട്, സദസ്സ് വിട്ട് സുദേവ് പുറത്തിറങ്ങിയപ്പോള്‍ ലത വീണ്ടും വിളിച്ചു. സുവര്‍ണരേഖ സെക്രട്ടറി ജേക്കബ് ഇട്ടൂപ്പ് എന്തെങ്കിലും സഹായം വേണോയെന്ന് തിരക്കി. ഒന്നും വേണ്ടെന്ന് പറഞ്ഞ് അകന്നു നിന്ന് സുദേവ് ഫോണ്‍ അറ്റന്‍റ് ചെയ്തു.
സുദേവ് താങ്കല്‍ വളരെ ശ്രദ്ധയോടെയും സമാധാനത്തോടെയും കേള്‍ക്കണം.
ഏസ്…
നിങ്ങള്‍ താമസ്സിക്കുന്നിടത്ത് ഷാഹിന ഒളിക്യാമറകള്‍ വച്ചിട്ടുണ്ട്. അടുക്കളയില്‍, സിറ്റിംഗ് റൂമില്‍, ഡൈനിംഗ് ഹാളില്‍, രണ്ട് ബഡ്ഡ്റൂമുകളില്‍ … ആ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി ഞാന്‍ കൊടുത്തു വിടുന്നുണ്ട്. നാളെ കൊറിയറിലെത്തും….
ങേ….ഹാ….
നിങ്ങളുടെ സീനുകള്‍ മാത്രമല്ല… ഷാഹിനയുമായും ഹണിയുമായും ബന്ധപ്പെട്ട കുറേ കാര്യങ്ങള്‍ ഡേറ്റകളായും വീഡിയോ ആയും പെന്‍ഡ്രൈവില്‍ ഉണ്ട്…ഷാഹിനയുടെ ലാപ്പില്‍ നിന്നും കോപ്പി ചെയ്തതാണ്….നമ്മള്‍ ഉദ്ദേശിച്ചതിലും വളരെ അഡ്വാന്‍സ്ഡ് ആണവര്‍. എന്തെല്ലാമോ വ്യക്തമായ പ്ലാനുകളില്‍ അവര്‍ ചെയ്യുന്നതാണ്, സീനുകള്‍ കണ്ടാല്‍ മനസ്സിലാകും. അവര്‍ക്കെതിരെ ഞങ്ങള്‍ക്ക് തൊടുക്കാനുള്ള അസ്ത്രങ്ങളാണ് നിങ്ങള്‍ക്ക് തരുന്നത്…നിങ്ങളുടെ സ്റ്റേജ് ക്ലീയര്‍ ചെയ്യുന്നതിനും തറയില്‍ ഉറച്ചു നിന്ന് എന്തിനും ഏതിനും എപ്പോഴും സന്നദ്ധമാകുന്നതിനും വേണ്ടിയാണ്. അതിലെ പതിനൊന്നാമത്തെ ഫയല്‍ നിങ്ങളുടെ താമസ്സസ്ഥലത്തെ കാര്യങ്ങളാണ് കുമുദവും നിവേദിതയും ഉണ്ടതില്… നിവേദിത അവിടെ വന്നു താമസ്സിക്കുന്നതില്‍ ഷാഹിനക്ക് താല്പരിയമില്ലാത്തതു പോലെ സംസാരമുണ്ടായതായിട്ട് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു ലാസറലിയിടത്തെ മുക്കിലും മൂലയിലും ഞങ്ങളുടെ കണ്ണകളുണ്ടെന്ന്….
ലത സംസാരം നീട്ടി കൊണ്ടുപോയില്ല. രാത്രിയില്‍ താമസ്സിക്കുന്നിടത്തെത്തയിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ ഓഫ് ചെയ്തു.
സുദേവ് സദസ്സിലെത്തിയപ്പോള്‍ നിവേദിത വേദിയില്‍ കഥ പറയുകയായിരുന്നു. ഒരച്ഛന്‍റെയും മകന്‍റെയും മഥ. മിനിക്കഥ. അച്ഛന്‍റെ മരണാനന്തര ക്രിയകള്‍ക്ക് പണമില്ലാതെ വിഷമിക്കുന്ന മകന്‍. അച്ഛന്‍റെ കണ്ണുകളും, അടര്‍ത്തിയും മുറിച്ചും ചോര്‍ത്തിയും എടുക്കാവുന്ന എല്ലാ അവയവങ്ങളും ഒരു പ്രൈവറ്റ് മെഡിക്കല്‍ കോളേജിന് സൗജന്യമായി എഴുതി കൊടുത്തിരുന്നു അച്ഛന്‍. അവര്‍ അതുകളെല്ലാം കൊണ്ടു പോവുകയും ചെയ്തു. അതിനു ശേഷം ദുഃഖിക്കുന്ന മകനാണ് കഥയില്‍….
കഥ പറഞ്ഞ് കഴിഞ്ഞ് സദസ്സിലെത്തിയപ്പോള്‍ തന്നെ നിവേദിതക്ക് എറണാകുളത്ത് എത്താനുള്ളതാണെന്ന് കാരണം പറഞ്ഞ് സാഹിത്യ കൂട്ടായ്മയില്‍ നിന്നു അവര്‍ പിരിഞ്ഞു. നിവേദിതയെ എറണാകുളത്തിനുള്ള ബസ്സ് കയറ്റിവിട്ട് സുദേവ് ലാസറിടകത്തേക്ക് മടങ്ങി. നിവേദിത, ലതയുടെ ഫോണ്‍ കാര്യം തിരക്കിയതാണ്. ലതയൊന്നും പറഞ്ഞില്ലെന്നും രാത്രിയില്‍ വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അവളെ അറിയിച്ച്, ലത പറഞ്ഞത് അവളില്‍ നിന്നും മറച്ചു വച്ചു.
നിവേദിത സാഹിത്യ കൂട്ടായ്മയില്‍ ആദ്യമായിട്ടാണ്. പത്രമാസികളും പുസ്തകങ്ങളും കൂടാതെ സാഹിത്യത്തിന്‍റെ ഒരിടം, അവള്‍ക്കത് ഇഷ്ടമായി. പിരിയുമ്പോള്‍ ഇനിയും ഇങ്ങിനെയുള്ള കൂട്ടായ്മകളില്‍ പോകണമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചു. സുദേവ് അതിനെ സ്വീകരിച്ചു. സംഘര്‍ഷഭരിതമായ ജീവിതത്തിനിടയില്‍ മൂന്നു മണിക്കൂര്‍ നേരത്തെ വിശ്രമമാണ് അത്.
അവള്‍ അങ്ങിനെയാണതിനെ വിലയിരുത്തിയത്.
ലാസറിടത്തെത്തിയപ്പോള്‍ കുമുദവും പനീര്‍ശെല്‍വവും പോയിക്കഴിഞ്ഞു. അടുക്കളയില്‍, ഡൈനിംഗ് ഹാളില്‍, സിറ്റിംഗ് റൂമില്‍, ബഡ്ഡറൂമില്‍, ബാത്ത് റൂമില്‍ അവന്‍ ഒളിക്യാമറകള്‍ തിരഞ്ഞു. ബാത്ത് റൂമില്‍ മാത്രം ക്യാമറകള്‍ ഇല്ല. മറ്റിടങ്ങളിലെ ക്യാമറകള്‍ അവനഴിച്ചെടുത്തു. അവന്‍ സ്വയം സമാധാനിച്ചു. ഒരു പക്ഷെ, ഈ സംവിധാനം ഗസ്റ്റ് ബംഗ്ലാവില്‍ എല്ലായിടത്തും ഘടിപ്പിച്ചിട്ടുള്ളതായിരിക്കാം. സുദേവിനെ മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കില്ല. എന്തായാലും അറിയണമെങ്കില്‍ നേരം വെളുക്കണം. രാത്രയില്‍ ലത വിളിച്ചില്ല. ലതയെ വിളിച്ചപ്പോള്‍ ഫോണ്‍ ഓഫാണ്.
നേരും പുലര്‍ന്നു കഴിയും മുമ്പു തന്നെ ലതയുടെ കൊറിയറുകാരന്‍ സുദേവിന്‍റെ വാസസ്ഥത്തെ കോളിംഗ് ബല്ലടിച്ചു.. ഇരുപതു വയസ്സില്‍ താഴെ പ്രായമുള്ള പയ്യന്‍. കൊറിയര്‍ സര്‍വ്വീസുകാരന്‍ തന്നെയെന്ന് അവന് തോന്നി.
ഏതു കൊറിയറാണ് നിങ്ങളുടെ…?
സ്പീഡ് ആന്‍റ് സേഫ്..
ഇത്ര രാവിലെ വന്നത്…?
ഇന്നലെ വൈകിട്ടാണ് ഏല്പിച്ചത്…രാവിലെ തന്നെ കൊടുക്കണമെന്നു പറഞ്ഞു.
അയാളെ അറിയുമോ…?
ഇല്ല…
നേരത്തെ കണ്ടിട്ടില്ല…?
ഇല്ല…
അഡീഷണല്‍ കാഷ് തന്നപ്പോള്‍ രാവിലെ തന്നെ സേര്‍വ് ചെയ്യാമെന്നേറ്റൂ…?
അതെ..
അവന്‍ യാത്ര പറഞ്ഞിറങ്ങിയയുടന്‍ സുദേവ് പാര്‍സല്‍ തുറന്നു.
മൂന്ന് ഒളിക്യാമറകളും ഒരു പതിനാറ് ജിബി പെന്‍ഡ്രൈവും… ഒളിക്യാമറകള്‍ ഒന്ന് പേനയും രണ്ട് ബട്ടനുകളും…
വല്ലാത്തൊരു ഭീതി സുദേവനില്‍ പടര്‍ന്നു കയറി…
അറിയാത്ത എന്തിലെല്ലാമോ, കാണാത്ത എന്തിലെല്ലാമോ അകപ്പെടുന്നു വെന്ന തോന്നല്‍…. ലാപ് ഓണാക്കി പെന്‍ഡ്രൈവ് കുത്താന്‍ നോക്കുമ്പോഴേയ്ക്കും ലതയുടെ ഫോണെത്തി.
സുദേവ് പാര്‍സല്‍ കിട്ടിയില്ലേ…?
ഉവ്വ്…
അതില്‍ മൂന്നു ക്യാമറകളുണ്ട് നിങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്… താങ്കള്‍ ഇനി ലാസറലിയുമായി ബന്ധപ്പെട്ട് എവിടെപ്പോയാലും അത് ധരിച്ചിരിക്കണം…. പെന്‍ഡ്രൈവില്‍ പതിനൊന്നാമത്തെ ഫയലാണ് താങ്കളെക്കുറിച്ചുള്ളത്. ഷാഹിനയുടെ ലാപ്പില്‍ ഇനിയും വളരെയേറെ ഫയലുകളുണ്ട്. അതിന്‍ എന്തൊക്കയായിരിക്കുമെന്ന് കണ്ടാലെ അറിയൂ… സുദേവ് താങ്കളുടെ മുന്നോട്ടുള്ള പോക്ക് വളരെ സൂക്ഷിച്ചു വേണം… ലാസറലി നമ്മള്‍ കരുതുന്നതിലും ശക്തനാണ്. സ്വാധീനമുള്ള ആളാണ്…
ലത പിന്നീടും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. സുദേവ് പെന്‍ഡ്രൈവില്‍ പതിനൊന്നമത്തെ ഫയല്‍ തുറന്നു കാണാനുള്ള തന്തപ്പാടിലായിരുന്നതിനാല്‍ ശ്രദ്ധിച്ചില്ല. എപ്പോഴോ ലത ഫോണ്‍ സ്വിച്ചോഫാക്കി.
***
സുദേവ്, ഷാഹിനയുടെ താമസ്സിക്കുന്നിടത്തെ വാതില്‍ ബല്ല് മുഴക്കി കാത്തു നിന്നു. ഏറെ വൈകിയിട്ടാണ് കതക് തുറന്നത്. ഷാഹിന ഉച്ച മയക്കത്തിലായിരുന്നു. സൂര്യ ശക്തി കുറഞ്ഞിട്ടും മയക്കം വിട്ടെഴുന്നേല്‍ക്കാന്‍ അവള്‍ വൈകിയിരിക്കുന്നെന്ന് വെറുതെ ചിന്തിച്ചു.
കതക് തുറന്നു വന്ന ഷാഹിന ആടയാഭരണങ്ങളും കെട്ടുതോരണങ്ങളും അഴിച്ചു വച്ച്, ആട്ടം കഴിഞ്ഞെത്തിയ നര്‍ത്തകിയുടെ ലാസ്യത്തിലാണ്, സ്വരത്തിന് ഉറക്കത്തിന്‍റെ ഗന്ധവും.
ഓ…. മഹാനായ സാഹിത്യകാരാ എന്താണ് വേണ്ടതെന്ന ചേദ്യത്തില്‍ ആക്ഷേപഹാസ്യവും കലര്‍ത്തിയിരിക്കുന്നു.
ഞാന്‍ താമസ്സിക്കുന്നിടത്ത് ഒളിക്യാമറ വച്ചിട്ടുണ്ട്…..?
ഉവ്വ്…വച്ചിട്ടുണ്ട്…
എന്‍റെ സ്വകാര്യതയിലേക്കാണ് നിങ്ങള്‍ ഒളിഞ്ഞു നോക്കുന്നത്…?
അതെ, നിങ്ങള്‍ ഞങ്ങള്‍ക്കെതിരായിട്ടെന്തെങ്കിലും ചെയ്യുന്നുണ്ടൊ എന്നറിയാനാണ്… അതൊരു തെറ്റാണോ…..?
സുദേവ് വല്ലാത്തൊരു അങ്കലാപ്പിലേക്ക് വഴുതി വീണു. അതൊരു അപ്രതീക്ഷിത ചുവടു വയ്പായിരുന്നു. അല്ലെങ്കില്‍ അകാലത്തിലുള്ളത്.
ഞാന്‍ വന്നത് അസമയത്താണോ….?
സമയവും അസമയവും… വാട്ടീസ് ദാറ്റ്… ഓര്‍ ഹൗയീസ് ദാറ്റ്….?
ഉറക്കാലാസ്യം കൂടാതെ മദ്യ ഗന്ധവും ഷാഹിനയില്‍ നിന്നും സുദേവിന് അനുഭവപ്പെട്ടു.
ഇരിക്കണം… കഥാകാരാ…. താങ്കള്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു, കേള്‍ക്കനിരിക്കുന്നു….
അവള്‍ പുറം വാതില്‍ അടച്ച് മുറിയിലെ വിളക്ക് തെളിച്ചു, മയങ്ങിയിരുന്ന കമ്പ്യൂട്ടറിന്‍റെ മൗസിനെ ചലിപ്പിച്ചുണര്‍ത്തി, ഏതോ ഫയലിലേക്ക് പോകുന്നതിനുള്ള വാതില്‍ തുറന്നു.
അതിമനോഹരമായ ഒരു ദൃശ്യം ഇപ്പോള്‍ കാണാം, പതിനഞ്ചു മിനിട്ട് മുമ്പ് വരെ സജീവമായിരുന്ന ഒരു ദൃശ്യമാണിത്… ഇത് കണ്ട് ഞെട്ടാതിരിക്കണമെന്ന് ഒരഭ്യര്‍ത്ഥനയുണ്ട്…. താങ്കളിരിക്കണം….
സുദേവ് ഇരുന്നില്ല. അരുതാത്തതെന്തോ ചെയ്യുന്ന ഭാവമാണ് മുഖത്ത്. അതിന്‍റെ വേദനയാണ് ഉള്ളില്‍. എന്തുകൊണ്ടും ഇതൊരു അസമയമാണ്. വരേണ്ടിയിരുന്നില്ല. അല്ലെങ്കില്‍ ഈ ജോലി തന്നെ ഏറ്റെടുക്കേണ്ടിയിരുന്നില്ല. സംഘര്‍ഷവും മനവേദനയുമുണ്ടാക്കുന്ന ജോലിയായിപ്പോയി.
സ്ക്രീനില്‍ തെളിയുന്ന ദൃശ്യങ്ങളിലേക്ക് സുദേവ് അശ്രദ്ധമായിട്ടാണ് നോക്കിയത് ഏതോ ഒരു കിടപ്പറയുടെ വിദൂരമായ ദൃശ്യങ്ങള്‍, അവകള്‍ അടുത്തടുത്തുവരികയും അഗമ്യമായ ശബ്ദങ്ങളോടെ സ്ക്രീനില്‍ നിറയുകയും മുറിയാകെ അതിന്‍റെ പ്രകമ്പനം വളര്‍ന്ന് പടരുകയും ചെയ്തപ്പോള്‍ സുദേവിന് കാണാന്‍ കഴിയുന്ന മുഖങ്ങള്‍ ഷാഹിനയുടെ, പ്രവിശ്യരാഷ്ട്രീയത്തിലെ സുപരിചിതനായ ഒരാളുടെ….
കഥാകാരാ വരൂ…
ഷാഹിന വിളിച്ചു. അവള്‍ ബഡ്റൂമിന്‍റെ വാതില്‍ തുറന്ന് നീലിച്ച മുറിയില്‍ കിടക്കുന്ന ആളിനെ സുദേവിന് കാണിച്ചു.
ലാസറിടം ഒരു പാട് കഥകളുടേയും കവിതകളുടേയും ഇടം കൂടിയാണ്. അതുകള്‍ കണ്ട് പകര്‍ത്തി എഴുതി തീരണമെങ്കില്‍ എന്‍റെ പ്രിയപ്പെട്ട കഥാകാരാ താങ്കള്‍ക്ക് ഒരു പക്ഷെ, ഈ ജീവിതം മതിയാകാതെ വരാം…
ഷാഹിന ചിരിച്ചു. ചിരിച്ചുതിര്‍ക്കുന്നത് മുത്തു മണികളല്ല. അഗമ്യഗമനങ്ങളുടെ വാഴ്ത്താരികളാണെന്ന് സുദേവ് ഭയന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വിരുദ്ധമായതും പ്രകൃതിയനകൂലമായതും ഉഭയകക്ഷി സമ്മതമുള്ളതും അല്ലാത്തതുമായ നര്‍ത്തനങ്ങള്‍ യഥേഷ്ടം നടന്നു കൊണ്ടിരിക്കെ, സുദേവ് ഷാഹിനയെ വിട്ട് വാസസ്ഥലത്തേക്ക് നടന്നു.
***
സന്ധ്യ മയങ്ങുന്ന നേരത്ത് ഹണിമോളുടെ ഫോണ്‍ വന്നു.
ഏസ്…..
ഒന്നു കാണാന്‍ പറ്റുമോ…?
അവളുടെ സ്വരത്തില്‍ വിഷാദം കലര്‍ന്നിരിക്കുന്നു. മണിക്കൂര്‍ മുമ്പുണ്ടായ അനൗചിത്യ സംഭവം ഷാഹിന പറഞ്ഞിരിക്കണം.
കാണാം….
അധികം വൈകാതെ സുദേവ് ലാസറിടത്തെ വലിയ ബംഗ്ലാവിലെത്തി. അവര്‍, ലൈല, ഷാഹിന, ഹണി അവനെ കാത്തിരിക്കുകയായിരുന്നു. ഷാഹിനയുടെ മുഖം വിഷാദാത്മകമാണ്. ആ വിഷാദത്തിന്‍റെ നേര്‍ത്തൊരു ഛായ മറ്റ് രണ്ടു പേരിലും പടര്‍ന്നിട്ടുണ്ട.്
ഷാഹിന നിശ്ശബ്ദവും സുദേവിന് മുഖം കൊടുക്കാതെയും ഇരുന്നു. ഒരു സ്ത്രീ അന്യ പുരുഷനെ കാണിക്കാന്‍ കൊള്ളില്ലാത്ത കാഴ്ചയാണ് ഷാഹിന സുദേവിന് മുന്നില്‍ പ്രദര്‍പ്പിച്ചതെന്ന് അവള്‍ക്കു തന്നെ അറിയാം. അതിനെതിരെ പ്രതികരിക്കാന്‍ കഴിയാതെയാണവന്‍ എത്രയും വേഗം അവിടെ നിന്നും പോയത്. എന്തു പറയണം എവിടെ തുടങ്ങണമെന്ന് ആര്‍ക്കും തീരുമാനിക്കാനാകാതെ കുറെ നേരം വെറുതെയിരുന്നു.
പാലായില് ചേട്ടന്‍റെ അടുത്ത് പോയിരുന്നല്ലേ….?
ഉവ്വ്…പോയിരുന്നു….
സംസാരം തുടങ്ങിയത് ഹണിമോളാണ്.
ആരാണ് അങ്ങിനെ ഒരു ഇന്‍ഫോര്‍മേഷന്‍ തന്നത്….?
സുദേവിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. പറയുകയാണെങ്കില്‍ ലത എന്ന ഫോണ്‍കാരനെ മുതല്‍ പറയേണ്ടി വരും. അതൊരു പക്ഷെ, മുന്നോട്ടുള്ള യാത്രക്ക് വിഘാതമാകാം.
പറയേണ്ട… നിങ്ങള്‍ക്ക് ഇവിടെ നിന്നും പുറത്തു നിന്നും വളരെയേറെ ഇന്‍ഫോര്‍മേഷനുകള്‍ കിട്ടുമെന്നറിയാം. പക്ഷെ, കിട്ടുന്ന അറിവുകളുടെയൊക്കെ സത്യസ്ഥിതി അറിഞ്ഞിരിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്…
സുദേവ് കേള്‍ക്കുമെന്ന് പ്രതീക്ഷിച്ച കാര്യങ്ങളിലേക്കല്ല സംസാരം നീണ്ടു പോകുന്നതെന്ന് വ്യക്തമായി. ആവന്‍ കണക്കു കൂട്ടിയതു പോലെ അറിയാത്ത ജീവിതങ്ങള്‍ ഏറെയുള്ള ഇടമാണ്. ലാസറലി പറഞ്ഞതു പോലെ ഇതിന്‍റെയെല്ലാം ദൃക്സാക്ഷിയാകാന്‍ ദൗത്യമേറ്റെടുത്തിരിക്കുകായാണെന്ന് ഒരിക്കല്‍ കൂടി ചിന്തിച്ചു ഉറപ്പിച്ചു.
ഉപ്പയുടെ പാര്‍ട്ടണര്‍മാര്‍ ഉപ്പയുടെ ജീവചരിത്രമെഴുതിക്കണമെന്ന് പറയുമ്പോള്‍ ഒരു തമാശയായിട്ടായിരുന്നു ആദ്യം തോന്നിയത്. ഉപ്പ ഇതിനെ അനുകൂലിച്ചില്ല. കാരണം എന്തെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ… ഞങ്ങളുടെ ജീവിതം എന്താണെന്നും എങ്ങിനെയാണെന്നും കണ്ടു കൊണ്ടിരിക്കുകയല്ലെ…പഴയതു പലതും അറിഞ്ഞു കഴിഞ്ഞു. അങ്ങിനെയുള്ളൊരു ജീവിതത്തിന്‍റെ പകര്‍ത്തിയെഴുത്ത് എന്തിനു വേണ്ടിയാണെന്നാണ് ഉപ്പ ചിന്തച്ചിരുന്നത്. അവര്‍ വീണ്ടും വീണ്ടും പറയുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തപ്പോള്‍ നല്ലതെന്നു തോന്നി. വേണ്ടതെന്നു തോന്നി. പാര്‍ട്ടണര്‍മാരുടെ നന്മ മാത്രം കണ്ടുകൊണ്ടല്ല. ഉപ്പയുടെ അനന്തര തലമുറയെക്കൂടി കണ്ടുകൊണ്ടാണ് സമ്മതിച്ചത്. എഴുതേണ്ട ആത്മകഥയുടെ ഒരു ഏകദേശ രൂപമൊക്കെ അവര്‍ തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. അതു വച്ചു കൊണ്ടു തന്നെയാണ് ഉപ്പയും പാര്‍ട്ടണര്‍മാരും ഞങ്ങളും സംസാരിച്ചിട്ടുള്ളത്. നിങ്ങള്‍ എഴുതി വരുന്നതും. അങ്ങിനെ വളരെ ക്ലീനായ ഒരു ജീവചരിത്രം വിപുലമായ ഈ ബിസിനസ്സ് ശൃംഖലയ്ക്ക് ആവശ്യവുമാണ്. ഫീച്ചറുകളും മറ്റും പാര്‍ട്ടണര്‍മാരുടെ സ്വാധീനത്തിലാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ ചരിത്ര രചനക്കു ശേഷം എന്തായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ…?
ആ ചോദ്യത്തിന് ഷാഹിന ഉത്തരം പ്രതീക്ഷിക്കുന്നതു പേലെ നിര്‍ത്തി. ഷാഹിന മാത്രമല്ല ലൈലയും ഹണിയും പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ മുഖങ്ങളില്‍ മാറി മാറി നോക്കി സുദേവിരുന്നു. അതിനുള്ള ഉത്തരം അവരില്‍ നിന്നു തന്നെ അറിയണമെന്നാണ് അവനു തോന്നിയത്. അവന്‍റെ കഥാ മനസ്സ് സങ്കല്പിച്ചെടുക്കന്നതിനേക്കാള്‍ നല്ലത് അനുഭവിച്ചു വന്നു കൊണ്ടിരിക്കുന്നതിന്‍റെ അനന്തര ഫലം അവരുടെ ചിന്തകള്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതാണ് അറിയേണ്ടത്. ഏതാണ്ട് ചിന്തിക്കാന്‍ കഴിയുന്ന ഏതു മനുഷ്യനും തുടര്‍ന്ന വരുന്ന ജീവിതത്തിന്‍റെ ഭാവി കണ്ടറിയാന്‍ കഴിയുമെന്നു തന്നെയാണ് സുദേവിന്‍റെ അനുഭവം. പക്ഷെ, അവര്‍ ഉത്തരം പറഞ്ഞില്ല. മൗനത്തിലേക്ക് നീങ്ങി. അവരുടെ മുഖങ്ങള്‍ മ്ലാനവും മനസ്സുകള്‍ ചിന്തകളെക്കൊണ്ട് നിറഞ്ഞതുമായി..
ഇപ്പോള്‍ പറയുന്നില്ല. നിങ്ങളും പറയേണ്ട.. ഞങ്ങളുടെയൊക്കെ ജീവിതം കൊണ്ടാണ് ഇത്രയുമൊക്കെ ഉണ്ടാക്കിയെടുത്തത്. അതുകള്‍ മുഴുവനും ഞങ്ങളില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണവര്‍. അത്രമാത്രം നിങ്ങള്‍ ഇപ്പോള്‍ അറിഞ്ഞാല്‍ മതി. ആ നെറികെട്ട പ്രവര്‍ത്തികള്‍ക്കെതിരായ ഒരു പ്രരിരോധം കൂടിയാണ് നിങ്ങള്‍…
സുദേവിന്‍റെ കണക്കു കൂട്ടലുകള്‍, ഉള്‍ക്കാഴുചകള്‍ ശരിവെക്കുന്ന രീതിയിലുള്ള സംഭാഷണത്തിലേക്ക് അവരെത്തിയിരിക്കുന്നു. യേസ്, സുദേവ് ഉള്ളില്‍ പറഞ്ഞു. അവര്‍ ഭയക്കുന്നു. പാര്‍ട്ടണര്‍മാരെ തന്നെ, ഈ ഉണ്ടാക്കിയതെല്ലാം ഇക്കാണുന്നതെല്ലാം കൈവിട്ടു പോകുമോ എന്ന് ഭയക്കുന്നു. കൈവിട്ടു പോകുന്നതു കൂടാതെ ജീവനുകള്‍ തന്നെ അപകടത്തിലാണെന്നും സംശയിക്കുന്നു. ക്ലീന്‍ ഇമേജുള്ളൊരു ജീവചരിത്രമുണ്ടാക്കി സമൂഹത്തെ ധരിപ്പിച്ച ശേഷം കറുത്ത പുള്ളിക്കുത്തുകളെ ഒഴിവാക്കി കളയുമെന്ന് വിചാരിക്കുന്നു. യേസ്, ശരിയാകാം. അതുകൊണ്ട് മാത്രമാകാം, അവര്‍ തെളിച്ച വഴിയെ ഒരു ആത്മകഥ എഴുതുന്നതിന് എവിടെയിരുന്നാലും സാധിക്കുമെന്നിരിക്കെ, എല്ലാ അറിയുന്നതിനും നേരിട്ട് കാണുന്നതിനും വേണ്ടി ഇവിടെ പാര്‍പ്പിടവും ഭക്ഷണവും ഒരുക്കി താമസ്സിപ്പിച്ചരിക്കുന്നത്.
ഈ മുന്നു സ്ത്രീകള്‍ക്കും വേണ്ടിയിരുന്നെങ്കില്‍ ലാസറലിയുടെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കാതെ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ പുറത്ത് പോകാമായിരുന്നു. പീഡിപ്പിക്കപ്പെട്ടതിന്‍റെ കൂലിയായിട്ടായിരുന്നു ലൈലക്ക് ലാസറലിയുമായി ബന്ധപ്പെടേണ്ടി വന്നത്. പോരിനൊരു ഭര്‍ത്താവ്. അയാളുടെ യഥാര്‍ത്ഥ നിറം കണ്ടപ്പോള്‍ എന്തുകൊണ്ട് ഇങ്ങിനെയൊരു ജീവിതം വേണ്ടെന്നു വച്ചില്ല. ലൈലയുടെ പീഡനത്തിന്‍റെ ഫലമാണ് ഷാഹിന. അവള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിച്ചു തുടങ്ങിയപ്പോള്‍ ഈ ജീവിതത്തില്‍ നിന്നും അകന്ന് പോകാമായിരുന്നു. ഹണിമോള്‍ക്കാണെങ്കില്‍ ലാസറലിയുമായുള്ള ബന്ധം വ്യക്തമാണ്. ഇഷ്ടമല്ലെങ്കില്‍ ഇതിനൊക്കെ കൂട്ടു നില്‍ക്കാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കാമായിരുന്നു. പക്ഷെ, മൂന്നു പേരും അങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ല. ഒരു സമൂഹത്തെ മുഴുവന്‍ വിഡ്ഢികളാക്കുകുയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ആണ് തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാത്തവരല്ല. തുടര്‍ന്നു വരുന്നു എന്നത് യാഥാര്‍ത്ഥ്യം. അവര്‍ പറയുമായിരിക്കും, അവരെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് മറ്റു പലരുമാണെന്ന്. ഒരിക്കലും അവരുടെ ചര്യകളെ ഭേദിച്ച് രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്ന്, കഴിയുകയില്ലെന്ന്. സാമാന്യ ബുദ്ധിയില്‍ ചിന്തിക്കുന്ന ഒരാള്‍ക്ക് അതു കേട്ടാല്‍ ചിരിയാണ് ആദ്യം തോന്നുന്നത്, പിന്നെ പുച്ഛം. പോയി മരിച്ചു കൂടെയെന്ന് ചോദിക്കുകയും ചെയ്യും. ഒരു ജീവിക്കും മരണത്തിലേയ്ക്കു പോകാന്‍ താല്പര്യം ഉണ്ടാകില്ല. ആതു മാത്രമല്ല ജീവിക്കുന്നത് ആവശ്യത്തില്‍ കൂടുതല്‍ സുഖസൗകര്യങ്ങളോടെയാണെങ്കിലോ….
നിങ്ങള്‍ സാഗര്‍ എന്ന് പേരിലെഴുതിയിട്ടുള്ള കഥകളൊക്കെ ഞങ്ങള്‍ക്കിഷ്ടമായി… ഒരു സുപ്രഭാതത്തില്‍ സാഗര്‍ എന്നയാള്‍ ലാസറലിയാണെന്ന് വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. പപ്പയും വല്ലാത്തൊരു ത്രല്ലിലാണ്.
ഹണിമോള്‍ വീണ്ടും സംസാരത്തിലേക്ക് വന്നു. വിഷമം മാറിയപ്പോള്‍ അവരുടെ മുഖങ്ങളിലേക്ക് സന്തോഷം ഇരച്ചു കയറുന്നത് കാണാം. അവര്‍ കൂടുതല്‍ സുന്ദരികളാകുന്നു. പിരി മുറുക്കം കുറയ്ക്കുന്നതിനായിട്ടാകാം ഷാഹിന സിഡി പ്ലയര്‍ ഓണ്‍ ചെയ്ത് ഒരു ഹിന്ദുസ്ഥാനി സംഗീതം വച്ചു. വളരെ നേര്‍ത്ത ശബ്ദത്തില്‍ അത് മുറിയില്‍ നിറഞ്ഞു. മനസ്സ് ഉണര്‍ന്നു തുടങ്ങിയപ്പോള്‍ ആ മുറിയിലെ അലങ്കാരങ്ങളിലേക്ക് അവടെ തങ്ങി നില്‍ക്കുന്ന വശ്യമായ സുഗന്ധത്തിലേക്ക് മനസ്സ് ഇഴുകിച്ചേരുന്നത് സുദേവ് അറിഞ്ഞു.
മകന്‍റെ ഓപ്പറേഷന് പണമുണ്ടാക്കുന്നതിനു വേണ്ടി ഒരു പെണ്‍കുട്ടിയെ കൊല്ലാനെത്തുന്ന അച്ഛന്‍റെ മാനസ്സിക അവസ്ഥ ഇരുളില്‍ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ, സ്വന്തം മകനു വേണ്ടി ഏതൊരച്ഛനും അങ്ങിനെ ചെയ്യാന്‍ തയ്യാറാകുമായിരിക്കാം. അതല്ലെ മകന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ എല്ലാ പ്രതീക്ഷളും തകര്‍ന്നു കഴിഞ്ഞപ്പോള്‍ അയാള്‍ ഏറ്റെടുത്ത മിഷന്‍ കൂടി വേണ്ടെന്നും വച്ച്, ക്വട്ടേഷന്‍ പണി വേണ്ടന്ന് വച്ച് മടങ്ങിയത്. ആരാലും തിരിച്ചറിയാത്ത ഒരു ഇടത്തേക്ക് പലായനം ചെയ്യുന്ന ക്ലൈമാക്സ് ഉഗ്രനായിട്ടുണ്ട്. അതേ പോലെ തന്നെ നാനാര്‍ത്ഥങ്ങളും എനിക്കേറെ ഇഷ്ടമായി. വിവാഹ ചെയ്യാതെയുള്ള കൂടി താമസവും സത്യസന്ധമായി ജീവിതത്തെ സമീപിക്കുന്ന രീതിയും. ഭര്‍ത്താവില്‍ നിന്നും ഒളിച്ചോടി അഭയം തേടുന്ന സിനിമാ നടിയും ഇന്നത്തെ ജീവിതത്തില്‍ കണ്ടെത്തുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്….
പക്ഷെ, അടുത്ത നാളില്‍ ഞാന്‍ വായിച്ചതില്‍ ഏറ്റവും തന്നെന്ന് തോന്നിയ കഥ പിന്‍ ശീലക്കും പിന്നില്‍ ആണ്, നിങ്ങളുടെ പേരില്‍ എഴുതിയത്….
ഹണിമോളില്‍ നിന്നും ഷാഹിനയിലേക്ക് സംസാരം പകര്‍ന്നു. ലൈല അപ്പോഴും അധികം സംസാസരിക്കാതെ, എല്ലാവരുടേയും സംസാരങ്ങളെ കേട്ടുകൊണ്ട്, ആസ്വദിച്ചു കൊണ്ടിരുന്നു. ഒരു പക്ഷെ, മക്കള്‍ക്ക് സംസാരിക്കാനുള്ള ഇടം കൊടുത്തിട്ട്, തിരശീലക്ക് പിന്നിലേക്ക് പിന്‍ വാങ്ങി കാര്യങ്ങളെ നിയന്ത്രിക്കു കൃത്യം ചെയ്തു കൊണ്ടിരിക്കുകയായിരിക്കാം. സംസാരത്തില്‍ മാത്രമല്ല ജീവിതത്തിലും അങ്ങിനെയാകാം. അക്കാര്യം മക്കളും അറിഞ്ഞ് മുന്നോട്ടു പോകുന്നതു പോലെ തന്നെയാണ് തോന്നുന്നത്. ജീവിതത്തില്‍ അവര്‍ പരാജയത്തിന്‍റെ വക്കെത്തെത്തി നില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. മുന്നില്‍ അഗാധമായ ഗര്‍ത്തവും പിന്നില്‍ പല്ലുകള്‍ കാട്ടിച്ചിരിക്കുന്ന ഹിംസ്രജന്തുവും വന്നു നില്‍ക്കുന്ന അവസ്ഥ.
അക്കഥയെക്കുറിച്ച് ഒരു വായനക്കാരന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ ശ്രദ്ധേയമായി. അയാളുടെ എഴുത്തു വായിച്ചശേഷവും ഞാന്‍ കഥ വായിച്ചു അപ്പോഴാണ് ഞാനാദ്യം കാണാതിരുന്ന കാര്യങ്ങള്‍ കണ്ടത്. അത്യന്താധുനിക സാഹിത്യത്തിന്‍റെ ശില്‍പികളിലൊരാളായ യുനസ്കോയുടെ ഒരു കഥയോടാണ് അയാള്‍ ഉപമിച്ചിരിക്കുന്നത്.
അക്കഥ എഴുതുമ്പോള്‍ എനിക്കതില്‍ ഒരു വിശേഷണവും തോന്നിയിരുന്നില്ല. ഏതു കഥയായാലും വായനക്കാരനിലെത്തി, അവര്‍ വായിച്ച് കഴിയുമ്പോളാണ് യഥാര്‍ത്ഥ സാഹിത്യമായി പരിണമിക്കുന്നത്. വായിക്കാതിരിക്കുന്നതുവരെ എഴുത്ത് മേശയിലെ ഒരസംസ്കൃത വസ്തു മാത്രമായിരിക്കും അക്കഥ എന്‍റെ പേരില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഇങ്ങിനെ ഒരു പ്രതികരണം അതിനുണ്ടാകുമെന്ന് കരുതിയില്ല…
കഥകള്‍ പ്രസിദ്ധീകരിക്കാന്‍ നിവേദിതയുടെ സഹായങ്ങള്‍ കിട്ടുന്നുണ്ടല്ലേ…?
ഉണ്ട്… നിവേദിതയുടെ സഹായമില്ലായിരുന്നങ്കില്‍ ഇത്രയും വായനക്കാരുള്ള ഒരു വാരികയില്‍ കഥകള്‍ അടിച്ചു വരില്ല. എഴുത്തായാലും ഇങ്ങിനെയൊക്കെയാണ് സ്വന്തക്കാരും ബന്ധുക്കളും ഒക്കെ അങ്ങിനെയുള്ള രംഗത്തുണ്ടെങ്കില്‍ മാത്രേ പുറത്തു വരികയുള്ളൂ എന്നായിട്ടുണ്ട്, സാംസ്കാരിക രംഗം.. എന്‍റെ ഒരെഴുത്തുകാരന്‍ സുഹൃത്ത് അടുത്ത നാളില്‍ പറയുകയുണ്ടായി, സാഹിത്യവും എം എല്‍ എയുടെ സ്വാധീനമുണ്ടങ്കിലേ നല്ല പ്രസിദ്ധീകരണങ്ങളില്‍ വരികയുള്ളൂ എന്ന്. നല്ലതെന്ന് ഉദ്ദേശിക്കുന്നത് വായനക്കാരുള്ളതെന്ന അര്‍ത്ഥത്തിലാണ്. പ്രധാന മാധ്യമങ്ങള്‍ മാത്രമല്ല. സമാന്തര മാസികകളും ഇപ്പോള്‍ സ്വാധീനമില്ലെങ്കില്‍ എത്ര നല്ല സര്‍ഗ്ഗ സൃഷ്ടിയായലും പ്രസിദ്ധീകരിക്കില്ല.
ഏത് എം എല്‍ എയുടെ കാര്യമാണ് പറഞ്ഞത്….?
എം എല്‍ എ അസംബ്ലി മെമ്പര്‍ അല്ല… മണി ലേഡി ലിക്കര്‍…
സത്യമായും….?
ഏസ്….
ഗുഡ്… പുതിയ അറിവാണ്…..
നിവേദിത ഇപ്പോള്‍ സ്വന്തക്കാരിയാണോ, അതോ ബന്ധുക്കാരിയോ…..?
ഹണിമോളുടെ ആ ചോദ്യത്തിലെ അര്‍ദ്ധഗര്‍ഭാവസ്ഥ സുദേവ് അറിഞ്ഞു. കഴിഞ്ഞൊരു നാള്‍ നിവേദിതക്ക് ഉണ്ടായ അനുഭവവും കൂട്ടിച്ചേര്‍ത്തു ചിന്തിച്ചു. മനസ്സാലെ അവനൊന്നു ചിരിച്ചു. പെണ്ണിങ്ങനെയാണ,്ഏതു പെണ്ണായാലും. കുന്നായ്മയും കുശുമ്പും പേനും അമിത ആഗ്രഹവും ആസ്കതിയുമൊക്കെയായിട്ട്…
നിവേദിത ഇപ്പോള്‍ സ്വന്തക്കാരിയും ബന്ദുക്കാരിയുമായിട്ടില്ല. ഒരു ഫ്രണ്ട് മാത്രമാണ്.
ഇനി ആകുമോ…?
സത്യത്തില്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല…
മന്നു ദിവസം വരെ കൂടെ താമസ്സിച്ചിട്ടുണ്ട്…
ഉവ്വ്… എഴുത്തിന് അവളുടെ സഹായമുണ്ട്…ചര്‍ച്ചകളിലും അന്വേഷണങ്ങളിലും അവള്‍ സജീവമാണ്. വിശാലമായൊരു വീക്ഷണമുണ്ട്… ബോള്‍ഡാണ്….
ഉള്ളാലെ നിവേദിതയെ അറിഞ്ഞിട്ടുണ്ട്, ബാഹ്യമായിട്ടില്ലെന്നേയുള്ളൂ… അല്ലെ…?
സുദേവ് ചിരിച്ചു. മറുപടി കൊടുത്തില്ല.
ഞങ്ങളെ ഒന്നു വിരട്ടി… വെര്‍ജിനിറ്റി ടെസ്റ്റ് ചെയ്യാമെന്നൊക്കെ പറഞ്ഞ്… ഏതായാലും വിട്ടു. ആളെ ഞങ്ങള്‍ക്കിഷ്ടമായി… നിങ്ങളെപ്പോലെ ഞങ്ങള്‍ക്ക് കൊള്ളിക്കാമെന്ന് തോന്നി…
അവളെയും ദൃക്സാക്ഷിയാക്കാനാണോ… അതു വേണ്ട പ്രാരാപ്തങ്ങളുള്ള പെണ്ണാണ്, അവളെ കണ്ട് ജീവിക്കുന്ന അച്ഛനും അമ്മയുമുണ്ട്, അവള്‍ക്ക് മറ്റൊരു ജോലിക്കും പോകാന്‍ ഇനി കഴിയില്ല. ഒരു സിസറ്റര്‍ ഉണ്ട് വിവാഹിതയാണ്, പക്ഷെ, തുടര്‍ന്നുള്ള ജീവിതത്തില്‍ അവര്‍ക്കിനിയും നിവേദിതയുടെ ഹെല്‍പ്പ് ആവശ്യമുണ്ട്….
ഒരു തമാശ പറഞ്ഞതല്ലേ ലീവിറ്റ്…
ഹണിമോളുടെ മാദക ദേഹം ഏതാണ്ട് പ്രദര്‍നപരമായിട്ടാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. അവളുടെ അംഗ ചലനങ്ങളും മുഖഭാവങ്ങളും കണ്‍ചടുലയൂം ആരേയും ആകര്‍ഷിക്കുന്നതാണ്, കാമോദ്ദീപമാണ്. ഷാഹിനയെക്കാള്‍ വ്യത്യസ്തയാണ് ദേഹം കൊണ്ടും മനസ്സു കൊണ്ടും സംസാരം കൊണ്ടും. ഷാഹിന എന്തിനെയും തുറന്ന് സമീപിക്കുന്ന രീതിക്കാരിയാണ്. എതിര്‍ക്കുമ്പോള്‍ പല്ലും നഖവും വരെ ഉപയോഗിക്കാന്‍ ശ്രമിക്കും. ഹണിമോള്‍ ഉള്ളില്‍ ഒതുങ്ങിയിട്ട് തക്കം പാര്‍ത്തിരിക്കുകയും ഒതുക്കമെന്ന് കാണുന്ന സമയം ആക്രമിക്കുകയും ചെയ്യും.
വളരെപ്പെട്ടന്ന് സംസാരം ദീര്‍ഘിപ്പിക്കാതിരിക്കാനെന്നപോലെ ഷാഹിന പറഞ്ഞു
ഞങ്ങളുടെ നേട്ടങ്ങളെല്ലാം അവിഹിതങ്ങള്‍ തന്നെയാണ്… രക്തത്തിന്‍റെ, മാംസത്തിന്‍റെ മണവുമുണ്ട്… പക്ഷെ, ഇതിനു കാരണം ഞങ്ങള്‍ മാത്രമല്ല… ഒരു ഗ്രൂപ്പു തന്നെയുണ്ട്… ഈ സമൂഹത്തിനും പങ്കുണ്ട്… ഒരു പെണ്ണും മനപ്പൂര്‍വ്വം വേശ്യയാകില്ല. വ്യക്തമായി പറഞ്ഞാല്‍ ഒരു പെണ്ണും അവളുടെ ശരീരം ഇഷ്ടമില്ലാത്ത ഒരാള്‍ക്ക് അനുഭവിക്കാന്‍ വിട്ടു കൊടുക്കാന്‍ താല്പര്യം കാണിക്കില്ല. അങ്ങിനെ ചെയ്താല്‍ അതിന് കാരണങ്ങളുണ്ടാകും… അതിനുള്ള പ്രതിഫലം ആഗ്രഹിക്കുന്നുണ്ടാകും…. അങ്ങിനെ പല വിധത്തിലും അവിഹിതമായി സംഭരിച്ചതാണിതെല്ലാം. അതിന്‍റെ മുഖ്യ പങ്ക് വഹിച്ചിരിന്നതും വേദന അനിഭവിച്ചിരിക്കുന്നതും ഞങ്ങളാണ്. ഡോ. ലാസറലി രാജയും കുടുംബവും… അതു കൊണ്ട് ഇതുകളൊന്നും അങ്ങിനെ പെട്ടന്ന് ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല.
പെട്ടന്നല്ല. ഞങ്ങള്‍ വിട്ടു കൊടുക്കില്ല.. ഞങ്ങളില്‍ ഒരാള്‍ ബാക്കി ആകും വരെ…. ഇതെടുക്കണമെന്നുള്ളവര്‍ക്ക് ഞങ്ങളെ എല്ലാവരെയും ഇല്ലായ്മ ചെയ്യേണ്ടി വരും….
പെട്ടന്ന് മരണത്തിന്‍റെ നിഴല്‍ മുറിയാകെ, ആ ബംഗ്ലാവ് ആകെ, ലാസറിടമാകെ പടരും പോലെ വൈദ്യുതി നിലച്ച് ഇരുളിമ പടര്‍ന്നു. ആകെ പടര്‍ന്ന ഇരുളുമായി ബന്ധിച്ച് അവരുടെ സംഭാഷണം നിലച്ചു പോയി. ഇരുളിനെ മറയാക്കി അവര്‍ ഓരോരുത്തരും സ്വന്തം മനസ്സുകളിലേക്ക് ചേക്കേറി. ഇരുളിനൊപ്പം അവടിമാകെ ഒരു മരണ മൗനം പതിയിരിക്കുന്നുവെന്ന് സുദേവിനു തോന്നി. ലാസറലിയും കുടുംബവും അതിനെ ഭയക്കുന്നുണ്ടെന്നും അറിഞ്ഞു.
പുറത്ത് ജനറേറ്ററിന്‍റെ ശബ്ദം കേട്ടതോടുകൂടി വെളിച്ചം തിരികെ വന്നു.
ഏസ്, മി. സുദേവ്, താങ്കള്‍ ഇപ്പോള്‍ ചിന്തിച്ചതു പോലെ ഞങ്ങള്‍ മരണത്തെ ഭയക്കുന്നുണ്ട്. അത് ഞങ്ങളുടെ പാര്‍ട്ടണര്‍മാരില്‍ നിന്നും വരുമെന്നും ഭയക്കുന്നു.
സംസാരം വീണ്ടും നിലച്ചു, വാനത്ത് പറന്നു കളിച്ചു കൊണ്ടിരുന്ന കിളിയുടെ ചിറകുകള്‍ വൈദ്യത കമ്പികളില്‍ തട്ടി ഷോക്കേറ്റ് ചത്ത് മലച്ച് നിലത്തു വീണതുപോലെ.
നമ്മള്‍ വളരെ നേരമായി ഇവിടെ ഇരുന്നു തുടങ്ങിയിട്ട,് സംസാരിച്ചു തുടങ്ങിയിട്ട്. ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല. എല്ലാം മറന്നു. മി. സുദേവ് ഞങ്ങളുടെ അതിഥിയാണെന്നു കൂടി മറന്നു….
പിന്നെയും വൈകാതെ സുദേവ് അവിടെ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി പോന്നു.
@@@@@