Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം രണ്ട്
വളരെ ശാന്തമായ ഒരു പ്രഭാതം. ജനാലക്കൽ വന്ന് കിളികൾ സുദേവിനെ വിളിച്ചുണര്‍ത്തി. അവന്‍ എഴുന്നേറ്റ് ജനാല തറന്ന് കിളിനാദങ്ങളോടൊപ്പം കിരണങ്ങളേയും അകത്തേക്ക് സ്വീകരിച്ചു. അകത്തേക്ക് വന്ന നാദങ്ങൾ ആരുടേതൊക്കെ എന്നവന്‍ കാണാന്‍ ശ്രമിച്ചു. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരച്ചില്ലകൾ, ഇലകൾ അതിനവനെ അനുവദിച്ചില്ല. ആരുടേതെന്നൊക്ക തിരിച്ചറിയാന്‍ അവനുള്ള അറിവ് തികഞ്ഞതുമില്ല. പ്ലാവിന്‍റെ താഴ്ത്തടിയിൽ നില്‍ക്കുന്ന പഴുത്ത ചക്കയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അണ്ണാറക്കണ്ണനെ മാത്രം കാണാന്‍ കഴിയുന്നുണ്ട്. അണ്ണാറക്കണ്ണന്‍ തലയുയര്‍ത്തി നോക്കി ഒന്നു പിഞ്ചിരിച്ചു. ഒരു പ്രഭാത വന്ദനവും നല്‍കി.
അവന്‍ കഴിഞ്ഞ രണ്ടു നാളുകളെ പറ്റി ഓര്‍ത്തു പോയി, നിവേദിതയോടൊത്ത് ഗ്രീന്‍ ഹൗസ് എന്ന ലാസറിടത്ത് എത്തിയപ്പോൾ മുതലുള്ളത്, മുറ്റത്ത് നാല് വാഹനങ്ങൾ കിടപ്പുണ്ടായിരുന്നു. അതിൽ വിലകൂടിയത് ലാസറിടത്തിന്‍റെ തന്നെ വാഹനമായിരുന്നു. മറ്റ് മൂന്നിലും അല്ലാതെയും എത്തിയ ഒമ്പതുപേര്‍ അവനോട് മത്സരിക്കാനെത്തിതായിരുന്നു. അവരില്‍ പേരെടുത്ത എഴുത്തുകാര്‍ രണ്ടപേരും, കേട്ടെഴുത്തില്‍ കഴിവു തെളിയിച്ചവര്‍ രണ്ടു പേരും അവനെപ്പോലെ പ്രാദേശിക എഴുത്തുഗണത്തില്‍ പെടുന്ന മൂന്നു പേരുമുണ്ടായിരുന്നു. എഴുത്തകാരി ഒരാള്‍ മാത്രം, നിവേദിത.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവനല്ലാത്തവരെല്ലാം നല്ല ജീവിതനിലവാരത്തില്‍ നിന്നെത്തിയവരാണ്, സാമ്പത്തികമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന്. മത്സരത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ അവനില്‍ നിന്നും തീര്‍ത്തും അകന്നു പോയി.
മത്സരം പ്രഹസനമായിരുന്നില്ല. അവനും എത്തിയ ശേഷമാണ് പരീക്ഷകരെത്തിയത്. കഴിഞ്ഞ നാള്‍ തന്നെ പരീക്ഷകര്‍ നഗരത്തില്‍ എത്തി ക്യാമ്പ് ചെയ്യുകയായിരുന്നെന്ന് പിന്നീട് അറിഞ്ഞു. നഗരത്തില്‍ നിന്നും ലാസറിടത്തിന്‍റെ തന്നെ ലക്ഷ്വറി വാഹനത്തിലാണവരെത്തിയത്. കോളേജ് അദ്ധ്യാപകനും പത്രപ്രവര്‍ത്തകനും സ്ത്രൈണത ആവശ്യത്തിലേറെയുള്ള ഒരു പത്രപ്രവര്‍ത്തകയും. അവന്‍റെ ഊഴം ആറാമത്തേതായിരുന്നു. നിവേദിതക്കു ശേഷം. അഭിമുഖം തുടങ്ങും വരെ ലാസറിടത്തിന്‍റെ ഉടമസ്ഥന്‍റെ ആത്മകഥ കേട്ടെഴുതാനുള്ള വ്യക്തിയെ തെരഞ്ഞടുക്കാനാണെന്ന ധാരണയിലായിരുന്നു, സുദേവ്. അഭിമുഖം തുടങ്ങിയപ്പോള്‍ തന്നെ പരീക്ഷകര്‍ വ്യക്തമാക്കി, ഇതൊരു ആത്മകഥയെഴുത്തുമാത്രമല്ല, ശ്രേഷ്ടനായ ലാസറിടത്തുകാരന്‍റെ അനുഭവത്തില്‍ നിന്നും നുള്ളിപ്പെറുക്കിയെടുത്ത് കുറെ കഥകള്‍ കൂടി എഴുതണം. അക്കഥകള്‍ മലയാള സാഹിത്യത്തില്‍ എന്നും ശ്രദ്ധിക്കപ്പെടത്തക്ക ക്രിയാത്മക സൃഷ്ടികളായിരിക്കണം. അദ്ദേഹം കുഞ്ഞുമോന്‍, തെരുവിന്‍റെ മകനായിരുന്നു. അച്ഛനാരെന്നോ അമ്മയാരെന്നോ തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഭ്രാന്തിയായി അലഞ്ഞു നടന്ന ഒരു സ്ത്രീയായിരുന്നു വളര്‍ത്തിയത്. അവരോടൊത്ത് തെരുവില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നു. പല ജോലികളും ചെയ്തു. പല കൂട്ടുകൂടലുകളുമുണ്ടായി, അതു കൊണ്ടു തന്നെ വ്യത്യസ്തമായ അനുഭവങ്ങളും. അദ്ദേഹം തരുന്ന ബീജത്തില്‍ നിന്നുമാണ് കഥകള്‍ മെനയേണ്ടത്. മെനയുന്ന കഥകള്‍ക്ക് ജീവിത ഗന്ധമുണ്ടാകണം, രുചിയുണ്ടാകണം. അതുകളെല്ലാമൊരു തനതായ ശൈലിയില്‍ പറയാന്‍ കഴിയണം. ഓരോരുത്തരോടുമുള്ള വിശദീകരണങ്ങള്‍ കഴിഞ്ഞ് കൂട്ടായ ചര്‍ച്ചകളും, തര്‍ക്കങ്ങളും, പരസ്പരം കോര്‍ക്കലുകളും നടന്നുക്കൊണ്ടിരിക്കെ പരീക്ഷകര്‍ ഓരോരുത്തരെയും പഠിച്ചു കൊണ്ടിരുന്നു. ആര്‍ക്കും, ആരെ തെരഞ്ഞെടുക്കുമെന്ന സൂചനകളോ വിശ്വാസങ്ങളോ ഇല്ലാതെയായി. പ്രതീക്ഷകളും അസ്തമിച്ചു. എല്ലാവരും തന്നെ അയോഗ്യരാണെന്ന് സ്വയം തീര്‍പ്പാക്കി. ക്രൂരമായിട്ട്, ചില നേരങ്ങളില്‍ മൃഗീയമായിട്ട് പരസ്പരം പോരടിച്ചു. ഇടയില്‍ സുദേവ് മാത്രം നിവേദിതയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവള്‍ മാത്രം പലയിടത്തും സ്വയം ഒരു പരിധി നിര്‍മ്മിച്ച് അതിനുള്ളില്‍ നിന്ന് മാന്യത വിടാതെയിരുന്നു. ഒടുവില്‍ അദ്ദേഹം വന്നു, കുഞ്ഞുമോന്‍. വളരെ ലളിതമായിട്ട് വസ്ത്ര ധരിച്ച്, ആടയാഭരണങ്ങളൊന്നുമില്ലാതെ. സമയം അറിയാനായിട്ട് വളരെ പഴയ മോഡല്‍ ഒരു വാച്ച് മാത്രം ഭൂഷണമാക്കിയിട്ട്. അദ്ദേഹം പറഞ്ഞു.
വളരെ ചെറിയൊരു മോഹമേ ഈ ഉദ്യമത്തിനുള്ളു. അറുപതു വയസ്സു വരെ ഇവിടെ ജീവിച്ചു. എല്ലാ തട്ടിലുള്ളവരുമായി ഇടപഴകി. എല്ല സുഖങ്ങളും അറിഞ്ഞകോടികളുടെ ആസ്തിയുണ്ടാക്കി. സ്വാധീനവും കൈ ആളും നേടി. ആരാധകരും അണിയാളുകളും ധാരാളമുണ്ട്. പക്ഷെ, മരിച്ചു കഴിഞ്ഞ് ഓര്‍മ്മിക്കാന്‍ ഇതൊന്നും ഉപകരിക്കില്ല. അതുകൊണ്ട് ഒരു സര്‍ഗ്ഗസൃഷ്ടി. ആ സര്‍ഗ്ഗസൃഷ്ടിയ്ക്ക് പിന്‍ ബലമായിട്ട് ഒരു നല്ല ആത്മകഥ. നോവല്‍, കഥ, കവിത തുടങ്ങിയ സര്‍ഗ്ഗസൃഷ്ടികളെപ്പോലെയല്ല ആത്മകഥ. അതു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയുന്നതു തന്നെയാണ്. സര്‍ഗ്ഗസൃഷ്ടികള്‍ കാല്പനികമാണ്. ആത്മകഥകള്‍ ഒരു പരിധി വരെ ചരിത്രമാണ്, സത്യമാണ്. ഒരു ജീവിതത്തിന്‍റെ കഥയാണ് പ്രധാനമായി പറയുന്നതെങ്കിലും അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരുപാട് സത്യങ്ങള്‍ കൂടി പറയുന്നുണ്ട്. ഒരു ദേശത്തിന്‍റെ, കാലത്തിന്‍റെ കഥ കൂടിയായിരിക്കുമത്. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സര്‍ഗ്ഗസൃഷ്ടിക്ക് പിന്‍തുണയായി നില്‍ക്കുകയും വേണം. സമയ നിഷ്ടയില്ല പക്ഷെ, എന്‍റെ മരണത്തിനു മുമ്പ് തീര്‍ക്കണം. ഭക്ഷണവും താമസ്സവും പ്രതിഫലവും യഥോചിതം ഉണ്ടാകും. ആത്മകഥയെങ്ങിനെ വേണമെന്ന് എന്‍റെ പാര്‍ട്ടണമാര്‍ യഥാസമയങ്ങളില്‍ പറഞ്ഞു കൊണ്ടിരിക്കും, എഴുതി തീരുന്ന അദ്ധ്യായങ്ങള്‍ അവരെയും എന്നെയും കാണിച്ചു കൊണ്ടിരിക്കണം. സര്‍ഗ്ഗസൃഷ്ടിക്ക് ഒരു വിലക്കുകളുമില്ല. ഞാന്‍ പറയുന്ന കഥകളില്‍ നിന്നും കഥാതന്തുവിനെ സ്വീകരിച്ച് എഴുതുക. അത് പാര്‍ട്ടണര്‍മാരെ കാണിക്കണമെന്നില്ല.
സമയാസമയങ്ങളില്‍ ആവശ്യത്തിലേറെ ഭക്ഷണവും, ഭക്ഷണം വഴി പുതിയ കുറെ രുചികളും അറിഞ്ഞ് സുദേവും മറ്റ് ഒമ്പതു പോരാളികളും സന്ധ്യയോടുകൂടി ലാസറിടം വിട്ടു. സ്വന്തം വാഹനമില്ലാതെയെത്തിയവരെ ലാസറിടത്തിന്‍റെ ലക്ഷ്വറി വാഹനത്തില്‍ നഗരത്തില്‍ എത്തിച്ചു. നഗരത്തില്‍ വച്ച് ഓരോരുത്തര്‍ യാത്ര പറഞ്ഞ് പിരിഞ്ഞപ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു പുതിയ അനുഭവം കൂടി കിട്ടിയെന്ന് എല്ലാവരും സന്തോഷിച്ചു, ചിലര്‍ അത് തുറന്നു പറഞ്ഞു. അതില്‍ കൂടുതല്‍ ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. നിവേദിതക്ക് ബസ്സ് എത്തുന്നതിനായി സുദേവ് ഒരു മണിക്കൂറോളം കാത്തു. പിരിഞ്ഞപ്പോള്‍ ഒരു നല്ല സുഹൃത്തായിരിക്കാന്‍ കഴിയുമോയെന്ന് നിവേദിത ചോദിച്ചു. അതിന് ഉത്തരം കൊടുക്കാന്‍ സുദേവിന് കഴിഞ്ഞില്ല. സംഘര്‍ഷഭരിതമായ ഒരു ദിവസത്തിന്‍റെ നീക്കിയിരിപ്പായ ക്ഷീണത്തില്‍ കൂമ്പിപ്പോയ അവളുടെ കണ്ണുകളില്‍ ഒരു നിമിഷം നോക്കി നിന്നിട്ട് അവന്‍ പറഞ്ഞു.
സാധിക്കുമോ, എനിക്കറിയില്ല. അല്ല എന്തിനാണൊരു സൗഹൃദം… ഏതുവിധത്തിലുള്ള സൗഹൃദമാണ്. രണ്ടു വ്യക്തികള്‍ തമ്മിലോ, രണ്ട് എഴുത്തുകാരു തമ്മിലോ, എനിക്കീ സൗഹൃദങ്ങളിലുള്ള വിശ്വാസം ഇല്ലാതായിരിക്കുന്നു. എന്തായാലും, കച്ചവടപരമായ സമീപനമേ എല്ലാവരിലും കാണാനുള്ളൂ…
ശോഭമങ്ങിയിരുന്ന നിവേദിതയുടെ മുഖം കുറച്ചു കൂടി ഇരുണ്ടു. അവള്‍ ബസ്സില്‍ കയറി. കണ്ണകളാല്‍ യാത്രമൊഴി നല്‍കി, അവന്‍റെ മന്ദസ്മിതം അവളെ കാണിക്കാതെ ബസ്സ് മുന്നോട്ടു നീങ്ങി.
നിവേദിതയുടെ അഭാവം അവനില്‍ നഷ്ടബോധമല്ല ഉണ്ടാക്കിയത്. കാരണം അവളെ കണ്ടതുമുതല്‍ പിരിയും വരെ ഒന്നും പ്രത്യേകിച്ച് ലഭിച്ചു വെന്ന് മനസ്സ് പറയുകയുണ്ടായില്ല. അതു കൊണ്ടു തന്നെയാണ് അവള്‍ സുഹൃത്തായിരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഏതുവിധത്തില്‍, എന്തിനുവേണ്ടിയെന്നൊക്കെ ചോദ്യങ്ങളുണ്ടായത്. പക്ഷെ, ഇപ്പോള്‍ മനസ്സില്‍ മറ്റ് ചില ചോദ്യങ്ങളാണ് ഉയരുന്നത്. ഈ മുപ്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം എന്തിനു വേണ്ടിയായിരുന്നു, എന്ത് നേട്ടമാണുണ്ടാക്കിയത്. കുഞ്ഞുമോന്‍ എന്ന കോടീശ്വരന്‍ ചിന്തിക്കുതുപോലെ മരണ ശേഷം എന്താണ് ഓര്‍മ്മയില്‍ നില്‍ക്കാനുള്ളത്, ആരാണ് തന്നെ ഓര്‍ത്തിരിക്കാനുള്ളത്, ആരോടാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്, ആര്‍ക്കു വേണ്ടിയാണ് ജീവിച്ചിട്ടുള്ളത്, എന്ത് ജീവിതമാണ് നയിച്ചിട്ടുള്ളത്.
അച്ഛന്‍റെ മരണം കണ്‍മുന്നിലാണ് സംഭവിച്ചത്, നാലു നിലകളുള്ള കെട്ടിടത്തില്‍ പെയിന്‍റിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെ കാല്‍ വഴുതി വീണ്. മറ്റ് പണിക്കാരെപ്പോലെ അച്ഛന്‍റെ കൂടെ സഹായിയായിരുന്നു, സ്കൂള്‍ ജീവിതം അവസാനിച്ചിട്ടുള്ള വെക്കേഷന്.
കരുണന്‍ എന്ന അച്ഛനും രജനി എന്ന അമ്മയ്ക്കുമൊപ്പം ഒരേയൊരു മകനായിട്ടാണ് സുദേവ് ചെറിയൊരു വീട്ടില്‍ ജീവിച്ചിരുന്നത്. ആര്‍ഭാടങ്ങളില്ലാതിരുന്നിട്ടും സന്തോഷവും സമാധാനവും ഉണ്ടായിരുന്ന ജീവിതം. അച്ഛന്‍റെ മരണത്തോടെ തകര്‍ന്നു. അമ്മക്ക് അധികനാള്‍ പിടിച്ചു നില്‍ക്കാനായില്ല. അവനിലെ കൗമാര ഭാവങ്ങള്‍ തീരാത്തതു കൊണ്ട് മതിയായ കൂലി വാങ്ങന്‍ കഴിയില്ലെന്നാണ് അച്ഛന്‍റെ സ്നേഹിതരായ പെയിന്‍റിംഗ് കരാറുകാര്‍ പറഞ്ഞത്, എങ്കിലും അവനെ ഒഴിവാക്കിയതുമില്ല. അവന്‍റെ ആവശ്യങ്ങള്‍ക്ക് തികയുന്ന വിധത്തില്‍ സഹായം ഒതുങ്ങിപ്പോയി. തുടര്‍ ജീവിതത്തിന് അമ്മയ്ക്ക് റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ് ഗേളാ.കേണ്ടി വന്നു. ആ ജോലി അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു, അധികനാള്‍ കഴിയുമുമ്പുതന്നെ. വലിയ കടയൊന്നുമല്ല, നഗരമധ്യത്തിലുമായിരുന്നില്ല., അതിന്‍റെ ഉടമയും അമ്മയും മാത്രമുള്ള ഒരിടം. അവര്‍ സൗഹൃദത്തിലായി. സൗഹൃദം അയാളെ വീട്ടിലെ സന്ദര്‍ശകനാക്കി. സുദേവിന് അതൊരു അരോചകമായി തോന്നിയില്ല. പലരും അവനോട് പറഞ്ഞെങ്കിലും, ചിലര്‍ അധിക്ഷേപിച്ചെങ്കിലും അമ്മയുടെ ഇഷ്ടത്തിനെതിരായി ശബ്ദിച്ചില്ല. അവന്‍ പെയിന്‍റിംഗ് പണിക്കാരനായിട്ടും, ഇടവേളകളില്‍ കോളേജ് വിദ്യാര്‍ത്ഥിയായിട്ടും വളര്‍ന്നു.
തലേന്ന് വൈകിട്ടാണ് ലാസറിടത്ത് താമസ്സം തുടങ്ങിയത്. ഒരു ജോലിക്ക് പോകുന്നെന്ന് മാത്രം അമ്മയോടു പറഞ്ഞു. അമ്മക്കതില്‍ യാതൊരു വികാരവും തോന്നിയില്ല. അമ്മയുടെ ജീവിതം കല്ലു വെട്ടിയെടുത്ത കുഴിയിലെ നിശ്ചല ജലം പോലെയായിരിക്കുന്നു. രാവിലെ ഉണരും വീട്ടു ജോലികള്‍ ചെയ്തു തീര്‍ക്കും, കടയില്‍ പോകും, സന്ധ്യ കഴിയുമ്പോള്‍ തിരികെ വരും, വീട്ടു ജോലികള്‍ ചെയ്യും കിടന്നുറങ്ങും. ചില ദിവസങ്ങളില്‍ അമ്മയുടെ കടയുടമ രാത്രിയില്‍ വീട്ടില്‍ വരും, ആ രാവില്‍ അമ്മയോടൊത്തുറങ്ങും. രാവിലെ അവര്‍ ഒരുമിച്ച് കടയിലേക്ക് പോകും. അയാള്‍ സുദേവിന്‍റെ വീട്ടില്‍ വരാത്ത രാവുകളില്‍ താലി കെട്ടിയ പെണ്ണിനോടും മക്കളോടും കൂടി അവരുടെ വീട്ടില്‍ ഉറങ്ങും.
ഇന്‍റര്‍വ്യൂ ദിനത്തില്‍ ലാസറിടത്ത് നിന്നും മടങ്ങി വീട്ടിലെത്തിയത് വളരെ ഇരുട്ടിയശേഷമാണ്. വീട്ടില്‍ അമ്മയെ കൂടാതെ അയാളുമുണ്ടായിരുന്നു. വിളിച്ചുണര്‍ത്തിയതില്‍ അമ്മയുടെ മുഖത്ത് അലോഹ്യമുള്ളതായിട്ടവന് തോന്നി. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണെന്ന ്പറഞ്ഞവന്‍ മുറിയിലേക്ക് പോയപ്പോള്‍ അമ്മ കതകടച്ച് മടങ്ങുന്നത് അവനറിഞ്ഞു. അവന്‍ ഭക്ഷണം കഴിച്ചിരുന്നില്ല. കഴിച്ചതാണെന്ന് പറഞ്ഞത് അമ്മയുടെ മുഖത്തെ ഭാവം കണ്ടിട്ടായിരുന്നു. അവനൊരിക്കലും അമ്മയോട് ദേഷ്യം തോന്നയിട്ടില്ല. അമ്മ അച്ഛനെ വിവാഹം ചെയ്തത് താല്‍പര്യത്തോടെ ആയിരുന്നുല്ലെന്ന് അവനറിയാം. നല്ല പ്രായ വ്യത്യാസവും, അമ്മയ്ക്ക് ചേരാത്ത ശരീര പ്രകൃതിയുമായിരുന്നു അച്ഛന്. അച്ചാച്ഛന്‍റെയും അമ്മാവന്‍റെയും പിടിപ്പു കേടായിരുന്നെന്നാണ് അമ്മ പറയുന്നത്, അവന്‍ ചെറുതിലെ കേട്ടിട്ടുണ്ട്, അച്ഛനെ പ്രാകുന്നതും. അമ്മക്കൊരിഷ്ടമുണ്ടായിരുന്നു, അയാളെ അച്ചാച്ഛനും അമ്മാവനും ഇഷ്ടമായിരുന്നില്ല. അയല്‍പക്കങ്ങളില്‍ ഇത്തിരി സംസാരത്തിനിട വന്നപ്പോള്‍ അമ്മയ്ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തി. പക്ഷെ, ഇഷ്ടക്കാരന് അമ്മയെ വിളിച്ചിറക്കി കൊണ്ടുപോകാനുള്ള ധൈര്യമില്ലാതെ ആയിപ്പോയി. അക്കഥകളൊക്കെ കേട്ടിട്ടും പതറാത്ത അച്ഛന്‍റെ കൈകളില്‍ അമ്മയെ ഏല്പിച്ചു കൊടുക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ ഉണര്‍ന്നത് മോബൈല്‍ റിംഗ് കേട്ടിട്ടായിരുന്നു. ലാസറിടത്തെ കുഞ്ഞുമോന്‍, ലാഘവത്തോടെയാണ് സംസാരിച്ചത്.
സുദേവിനെയാണ് ഞാന്‍ തെരഞ്ഞെടുത്തിയിരിക്കുന്നത്. പക്ഷെ, പരീക്ഷയില്‍ ജയിച്ചത് നിവേദിതയായിരുന്നു. പെണ്‍കുട്ടിയായതുകൊണ്ടാണ് ഒഴിവാക്കിയത്. എന്‍റെ അനുഭവങ്ങള്‍ ഒരു പെണ്‍കുട്ടിയോട് സംവദിക്കാന്‍ എന്തോ മനസ്സ് അനുവദിക്കുന്നില്ല. അവരോട് സംസാരിക്കുമ്പോള്‍ പല പരിധികളും വേണ്ടിവരും. അവരെഴുതുമ്പോള്‍ സ്ത്രീയുടെ ചിന്തകള്‍ കൂടി വരും. ഒരു പക്ഷെ, എന്‍റെ ആത്മകഥ മാത്രമെഴുതാനായിരുന്നെങ്കില്‍ നിവേദിതയെ ഏല്പിക്കുമായിരുന്നു. സുദേവ് വരിക. താമസ്സിക്കണ്ട. പിന്നെ ഇത്തൊഴിലു കൊണ്ട് ഏറ്റവും ഗുണം കിട്ടാന്‍ അര്‍ഹതയുള്ളതും നിങ്ങള്‍ക്കാണ്. ഒരു ബാദ്ധ്യതകളുമില്ലാതെ എന്‍റെയിടത്തെത്തി താമസ്സിക്കാന്‍ കഴിയുന്നതും നിങ്ങള്‍ക്കാണ്. അക്കാര്യങ്ങളൊക്കെ ഞാന്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്..
ഉച്ച കഴിഞ്ഞാണ് ലാസറിടത്തെത്തിയത്. അദ്ദേഹത്തിന്‍റെ മാനേജര്‍ ജോണ്‍സനാണ് സ്വീകരിച്ചത്. ഗെസ്റ്റ് ബംഗ്ലാവിന്‍റെ താഴ്നിലയില്‍ വിശാലമായ ഓഫീസാണ്. പത്തു പേരില്‍ അധികം ജോലിക്കാരെയും കാണാനുണ്ട്. അവരുടെ നേതാവും കൂടിയാണ് ജോണ്‍സന്‍. വിസിറ്റിംഗ് റൂമില്‍ പത്തു മിനിട്ട് കാത്തിരുന്ന ശേഷമാണ് അയാളെ കാണാന്‍ കഴിഞ്ഞത്. ജോണ്‍സന്‍ പറയുന്നു.
സാര്‍, താമസ്സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഗസ്റ്റ് ബംഗ്ലാവില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ തന്നെ ഭക്ഷണം പാകം ചെയ്ത തരുവാനും, കാര്യങ്ങള്‍ നോക്കാനും രണ്ടു പേരുണ്ട്. ഇവിടെ അടുത്തുള്ള ദമ്പതികളാണ്. അതി രാവിലെ വന്ന് ജോലികള്‍ തീര്‍ത്തിട്ട് പോകും. മറ്റെന്താവശ്യവും വാച്ച്മാനോടു പറഞ്ഞാല്‍ സാധിച്ചു തരും….. കുഞ്ഞുമോന്‍ സാറിനെ ഇന്ന് കാണാന്‍ കഴിയുകയില്ല. നാളെ കാണാം… അദ്ദേഹം സാറിന്‍റെ ഫോണില്‍ വിളിക്കും.
കതക് തുറന്ന് അകത്തേക്ക് വന്ന അര്‍ദ്ധ തമിഴനെ സുദേവിന് ഇഷ്ടമായി. ഒരു വാല്യക്കാരന്‍റെ ഭാവവിന്യാസങ്ങള്‍, നോവലുകളിലും സിനിമകളിലുമുള്ള അതേ അംഗചലനങ്ങള്‍. സുദേവിന്‍റെ മനസ്സില്‍ ഒരു നേര്‍ത്ത ചിരിയുണര്‍ന്നു. മുഖത്തേക്ക്, ചുണ്ടുകളിലേക്ക് അതെത്തുമുമ്പ് തന്നെ ജോണ്‍സന്‍ പറഞ്ഞു.
സാര്‍, പനീര്‍ശെല്‍വവും ഭാര്യയും സാറിനെ സഹായിക്കും. അവന്‍ സാറിനെ താമസ്സിക്കുന്നിടത്തെത്തിയ്ക്കും…
നന്ദി പറഞ്ഞ് സുദേവ് പനീര്‍ശെല്‍വത്തിനൊപ്പം ക്യാബിന് പുറത്ത് വന്നപ്പോള്‍ മറ്റ് ജീവനക്കാര്‍ അവനെ സാകൂതം നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അവരെ നോക്കി സുദേവ് ഒരു സാധാരണക്കാരനെപ്പോലെ ചിരിച്ചു. പക്ഷെ, അവരുടെ മുഖങ്ങളില്‍ ഒരു അസാധാരണത്വം കാണുന്ന വികാരമാണെന്ന് സുദേവനിലെ കഥാകാരന്‍ കണ്ടെത്താതിരുന്നില്ല. അവനില്‍ ഒരു അഹങ്കാരത്തിന്‍റെ മുള പൊട്ടിയോ… ..? ഇല്ല. ഉണ്ടാകില്ല. സുദേവിന് അങ്ങനെ ആകാന്‍ കഴിയില്ല.
പനീര്‍ശെവത്തിനൊപ്പം നടക്കുമ്പോള്‍ സുദേവ,് പണ്ടത്തെ ഒരു രാജാവിന്‍റെ കഥയാണ് ഓര്‍മ്മിച്ചത്.
പണ്ടെന്നത്, വളരെ പണ്ടാണ്. പണ്ട്, പണ്ട് എന്നു പറയാം, സംവത്സരങ്ങള്‍ക്ക് മുമ്പ്. രാജാക്കന്മാര്‍ ഉണ്ടായി തുടങ്ങിയിട്ട് അധിക കാലം ആയിരുന്നില്ല. രാജാവുണ്ടാവുകയെന്നു പറഞ്ഞാല്‍…. ഗോത്ര ജീവിതത്തിന്‍റെ സുഖങ്ങള്‍ അറിഞ്ഞ് ജീവിച്ചിരുന്ന ജനസമൂഹം. സ്ത്രീയും പുരുഷനും കുട്ടികളും അടങ്ങിയ വലിയ കുടുംബം. കുടുംബത്തില്‍ ഒരു മൂപ്പന്‍, സത്യസന്ധനും നല്ലവനും നിസ്വാര്‍ത്ഥനും ഗോത്ര സ്നേഹിയും സമത്വചിന്ത പുലര്‍ത്തിയിരുന്നവനുമായ കുടുംബ കാരണവര്‍. മുപ്പനും തലമുതിര്‍ന്ന കാരണവന്മാരും പറഞ്ഞിരുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വീകരിച്ച് ജീവിച്ചിരുന്ന കൂട്ടായ്മ….ഒരുമിച്ച് കൃഷി ചെയ്യുക, വിളവെടുക്കുക, വേട്ടയാടുക, ഒരുമിച്ച് പാകം ചെയ്യുക, ഒരുമിച്ച് ഉരുന്ന് ഭക്ഷിക്കുക… ഒരുമിച്ച് കിടന്നുറങ്ങുക… ഇഷ്ടപ്പെട്ട സ്ത്രീ-പുരുഷന്മര്‍ ഉഭയസമ്മതപ്രകാരം ഇണചേരുക, കുട്ടികളുണ്ടാകുക, കുട്ടികളെ വളര്‍ത്തുക, വളര്‍ത്തുന്നത് സ്വന്തം കുട്ടികളെ മാത്രമാകില്ല, എന്നാലും വേര്‍ തിരിവുകള്‍ കാണാതിരിക്കുക, ജോലി ചെയ്യാന്‍ സാധിക്കാതെ വരുന്നവരെ വിശ്രമിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് വേണ്ടതെല്ലാം ചെയ്യുക… അങ്ങിനെ സത്യവും സമാധാനവും ഉണ്ടായിരുന്ന അന്തരീക്ഷം.
അങ്ങിനെയുള്ള ഒരു ഗോത്രം മാത്രമായിരുന്നില്ല, അവിടെ. അവിടെ മാത്രമല്ല, എവിടെയും. നിരവധി ഗോത്രങ്ങളുണ്ടായിരുന്നു. ആ കാട്ടിലും, താഴ്വാരത്തും, പുഴയോരത്തും…. ഒരു ഗോത്രത്തിനുള്ളില്‍, കുടുംബത്തിനുള്ളില്‍ സത്യവും സമാധാനവും, സമത്വവും സൂക്ഷിച്ചിരുന്നെങ്കിലും അടുത്ത ഗോത്രക്കാരോട് അങ്ങിനെ പെരുമാറിയിരുന്നില്ല. അവരോടൊക്കെ മത്സരിക്കുകയും ശത്രുക്കളോടെന്ന പോലെ പോരാടുകയും, പലപ്പോഴും സംഭരിച്ചു വച്ചിരിക്കുന്ന വിഭവങ്ങള്‍ കൈയ്യിട്ടു വാരുകയും, ചിലപ്പോള്‍ കൂട്ടമായിട്ടെത്തി കൊള്ളയടിക്കുകയും ചെയ്തിരുന്നു. അവരുടെ സുന്ദരികളായ സ്ത്രീകളെ കവരുകയും, ഇഷ്ടം തോന്നിയതു പോലെ പീഡിപ്പിക്കുകയും ചെയ്തുവന്നു. അന്ന് അതൊന്നും തെറ്റുകളായിരുന്നില്ല. ഗോത്രത്തിനുള്ളിലെ പല തെറ്റുകളും ഗോത്രത്തിനു പുറത്ത് ശരികളായി ആചരിച്ചു പോന്നു. ഒരു ഗോത്രക്കാരല്ല എല്ലാവരും അങ്ങിനെ തന്നെയായിരുന്നു. പിന്നീട്, കയ്യൂക്കും അഹങ്കാരവും കൂട്ടുമുള്ളവര്‍ ജോലികള്‍ ചെയ്യാതെ അടുത്തുള്ള ഗോത്രക്കാരെ കൊള്ളയടിച്ചു ജീവിക്കുന്നതില്‍ കൂടുതല്‍ സുഖ കണ്ടെത്തുകയായിരുന്നു. അതു തന്നെ തുടരുകയും ചെയ്തു. അടുത്തുള്ളതും, അതിനടുത്തുള്ളതുമായ ഗോത്രങ്ങളെ കൊള്ളയടിക്കുകയും അവിടുള്ളവരെ അടിമകളാക്കുകയും അവരുടെ കൃഷികള്‍ സ്വന്തമാക്കുകയും അവര്‍ വേട്ടയാടിയിരുന്ന വനങ്ങളെ കാല്‍ക്കീഴിലാക്കുകയും ചെയ്തു വന്നു. കൈയ്യൂക്കുള്ളവന്‍റെ കാല്‍ക്കീഴില്‍ ഗോത്രങ്ങളുടെ എണ്ണം കൂടിക്കൂടി വന്ന് ദേശങ്ങള്‍ ആകുകയും, ദേശങ്ങള്‍ കൂടി രാജ്യങ്ങള്‍ പിറക്കുകയും അധികാരത്തിന്‍റെ പരിധി വര്‍ദ്ധിക്കുകയും ചെയ്തു. എല്ലാറ്റിന്‍റെയും അധിപന്‍ രാജാവായി തീര്‍ന്നു. എതിര്‍ത്തവരെ ഉന്മൂലനം ചെയ്തു. അനുകൂലിച്ചവരെ സാമന്തന്മാരാക്കി, നിശബ്ദ ജീവകളെ അടിമളാക്കി. പിന്നീടും വളര്‍ന്നപ്പോള്‍ ചക്രവര്‍ത്തിയായി. ദൈവത്തിന്‍റെ പ്രതി പുരുഷനായി. കുറെ ഏറാന്‍ മൂളികളായ രാജക്കന്മാരെ വളര്‍ത്തി കൊണ്ടു വന്നു. അങ്ങിനെ കഴിഞ്ഞു വരുമ്പോള്‍ ഒരു രാജാവിനു തോന്നി അധികാരവും സുഖങ്ങളും ഭോഗങ്ങളും മാത്ര പോര പ്രകീര്‍ത്തനങ്ങളും വേണമെന്ന്. നാട്ടില്‍ കവിത ചെല്ലി, കഥ പറഞ്ഞു നടന്നിരുന്നവനെ പിടിച്ചു കൊണ്ടു വന്ന,് ചൊല്ലുന്ന കവിതകളിലെല്ലാം പറയുന്ന കഥകളിലെല്ലാം രാജാവിന്‍റെ പേരു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. മടിച്ചപ്പോള്‍ പീഡനങ്ങളും ദണ്ഡനങ്ങളും കൊടുത്ത് ചെയ്യിച്ചു. കവിതകളും കഥകളും പിന്നീട് രാജാക്കന്മാരുടെ അവകാശമായി, കുത്തകയായി. പല രാജാക്കന്മാരും അങ്ങിനെ ചെയ്യിച്ചു. അതു കൊണ്ടാണ് പുരാണങ്ങളും ഇതിഹാസങ്ങളും രാജാക്കന്മാരുടെ യുദ്ധങ്ങളുടേയും സ്ത്രീ അപഹരണങ്ങളുടേയും കൊള്ളയുടേയും കൊള്ളി വയ്പിന്‍റേതും മാത്രമായി ചുരുങ്ങിപ്പോയത്.
സുദേവ് അലമാരയില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുകയും പനീര്‍ശെല്‍വം അവനെ സഹായിക്കുയും ചെയ്തു കൊണ്ടിരിക്കെ ചോദിച്ചു.
നിനക്കും കഥയില്ലേ പനീര്‍….?
എന്നാ കഥ…. എനക്കെന്നാ കഥ… സാറിന്‍റെ ഉള്ളില്‍ നിറച്ചു കഥയാ…..?
നിറച്ചുമില്ല… കുറച്ച്… കുറച്ചു കൂടി ഇവിടെ നിന്നും ഉള്ളിലാക്കാന്‍ വന്നതാണ്…
എനിക്കും ഒരു കഥയുണ്ട് സാര്‍…
അതെന്തു കഥയാണ്…..?
പനീര്‍ശെല്‍വം ഒരു കഥ പറഞ്ഞു, അതിങ്ങിനെയാണ്
ഈ ഇടം…. ലാസറിടം… ഗ്രീന്‍ഹൗസ് ഇരിക്കുന്ന സ്ഥലം, ഒരു വലിയ മലയായിരുന്നു. മരങ്ങള്‍ തിങ്ങി നിറയാത്ത ഒരു മല, കുറ്റിക്കാടുകള്‍ നിറഞ്ഞത്. വടക്ക് താഴ്വാരത്തില്‍ പുഴ, എപ്പോഴും കണ്ണീര്‍ പേലെ വെള്ളം. പുഴയ്ക്കക്കരെ വനം, ഇടതൂര്‍ന്നത്. കിഴക്കും തെക്കും താഴ്വാരം. കിഴക്ക് താഴ്വാരം കയറിയാല്‍ കാട്, കറുത്ത കാട്. പടിഞ്ഞാറ് കണ്ണെത്താത്ത ദുരത്തോളം പരന്ന ഭൂമി. വെട്ടിത്തെളിച്ചെടുത്ത് കൃഷി ചെയ്യുപകയായിരുന്നു. ആദിവാസികളും ദേശവാസികളും മലയാളികളും തമിഴരും. അതില്‍ പനീര്‍ശെല്‍വത്തിന്‍റെ അപ്പനും അമ്മയുമുണ്ടായിരുന്നു. അവര്‍ കൂരകള്‍ വച്ച് താമസ്സിച്ചു. കൂരയ്ക്ക് ചുറ്റും കൃഷികള്‍ ചെയ്തു. കപ്പയും ചേനയും ചേമ്പും കാച്ചിലും വാഴയും കുരുമുളകും…. രണ്ടു മൂന്നു പ്രാവശ്യം കപ്പ പറിച്ചു കാണും, മുളക് വള്ളികള്‍ ശീമകൊന്നയിലും മുരിക്കില്‍ കാലിലും പത്തടിയോ പന്ത്രണ്ടടിയോ പടര്‍ന്നു കയറിക്കാണും… പോലീസുകാരും ഫോറസ്റ്റുകാരും വന്ന് വെട്ടി നിരത്തി കുടിയേറ്റക്കാരെ ഒഴിപ്പിച്ച് നാടുകടത്തി വിട്ടു. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മലയെ വളഞ്ഞ് വലിയ മതില്‍ വരികയും മതിലിനുള്ളില്‍ ഗ്രീന്‍ഹൗസ് പണിയുകയും കപ്പയും വാഴയും കുരുമുളകും റബ്ബറും കൃഷി ചെയ്യുകയും ചെയ്തു. പുതിയെരു വാസയിടം രൂപപ്പെട്ടു. അവിടെ പണിക്കാരനായിട്ട് പനീര്‍ശെല്‍വത്തിന്‍റെ അപ്പന്‍ ചേര്‍ന്നു. അപ്പന്‍ മരിച്ചപ്പോള്‍ അവന്‍ പണിക്കാരനായി…
വടക്കോട്ടുള്ള ജനാല തുറന്നപ്പോള്‍ ലാസറിടത്തെ കൃഷിയിനങ്ങള്‍ കാണാറായി….
@@@@@