Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പന്ത്രണ്ട്

ചാരുകസേരയില്‍ അവന്‍ കാലുകളെ നീട്ടി വച്ച് മയങ്ങി കിടന്നു. പിടയുന്ന മനസ്സിന്‍റെ നൊമ്പരങ്ങള്‍ ചെന്നി കുത്തു പോലെ അലോരസപ്പെടുത്തി കൊണ്ടിരിക്കുന്നു.

       സാര്‍…സാര്‍…

       കുമുദം അവന്‍റെ തോളത്ത് അമര്‍ത്തി കുലുക്കി വിളിച്ചു.  ആവളുടെ ദേഹത്തിന് മദിപ്പിക്കുന്നൊരു മണമുണ്ടെന്നവനറിഞ്ഞു.  കൈകള്‍ക്ക് വശ്യമായൊരു ഈര്‍പ്പമുണ്ടെന്നും.  ആ ഈര്‍പ്പം ദേഹത്തെ ഉണര്‍ത്തുന്നതായും അറിയുന്നു.

       അവന്‍ കണ്ണുകള്‍ തുറന്നു.

       ഉങ്കളുക്ക് ഏതാവത് സുഖമില്ലയാ… പൈത്യം പിടിച്ച മാതിരി ശൊല്ലതെന്നാ….?

       അവന്‍റെ തുറന്ന കണ്ണുകള്‍ക്ക് ഏറ്റവും അടുത്തു തന്നെ അവളുടെ മുഖം കാണാം.  അവള്‍ കുനിഞ്ഞ് അവന്‍റെ മുഖത്തോടടുത്തു നിന്നുമാണ് ചോദിക്കുന്നത്.

       ഓ.. വേണ്ട…

       അവന്‍ സ്വയം നിയന്ത്രണത്തിലേക്ക് ഒതുങ്ങി.  ഒരു നീണ്ട ജീവിതം ഇവളുമായി ബന്ധപ്പെട്ടു വേണ്ടിയിരിക്കുന്നു.  ഒരു പക്ഷെ, അതിന് ഈ ബന്ധം വിഘാതമാകാം.

       പനീര്‍ ശെല്‍വത്തിന് ഫോണ്‍ ഇരിക്കുമാ…?

       ഊം… ഇരിക്ക്…

       അവനെ കൂപ്പിട്…

       എന്നാ… ഹോസ്പിറ്റലില്‍ പോകണമാ…?

       ഹോസ്പറ്റലില്‍….. ഹേയ്… അല്ല… ങാ…. അതെ… അവനെ കൂപ്പിട്…

       പനീര്‍ശെല്‍വം എത്തിയപ്പഴേക്കും സുദേവ് യാത്രക്ക് ഒരുങ്ങി കഴിഞ്ഞു.  മദ്ധ്യാഹ്നത്തിലെ ചൂടില്‍ ലാസറിടം അടുത്ത ഏതാനും നാഴിക കഴിഞ്ഞാല്‍ മയക്കത്തിലേക്ക് പോകും.

       പനീര്‍  നമുക്കൊരു യാത്രയുണ്ട് ഒരു ഓട്ടോ വിളിക്ക്…

       ഓട്ടോയെതുക്ക് മാനേജരോട് ശൊന്നാല്‍ കാറു വിടുമേ…?

       കാറു വേണ്ട, ഓട്ടോ മതി… നമുക്കിന്ന് ഈ നാട്ടിലെ ഷാപ്പുകളില്‍ പോകണം…

       ഷാപ്പുകളില്‍… കള്ളു കിടിക്കതുക്ക്….?

       അതെ…..

       ഇങ്കെ അലമാരയില്‍ ഇരിക്കുമേ…?

       ആ കള്ളല്ല… നാടന്‍ കള്ള് കുടിക്കണം…

       ലാസറിടത്തിന് വടക്ക് ദിശയില്‍ പത്തു കിലോമീറ്ററെങ്കിലും ഓട്ടോ ഓടിക്കഴിഞ്ഞപ്പോള്‍ മലകള്‍ വിട്ട് നിരന്ന സ്ഥലങ്ങളെത്തി… പാടവും തെങ്ങില്‍ കൃഷിയിടങ്ങളും പരന്ന പച്ചപ്പും. മനസ്സിന് കണ്ണുകള്‍ക്ക് കുളിര്‍മയായി. പന നീരും തെങ്ങിന്‍ നീരും മാറി മാറി ഉള്ളിലേക്കെത്തിയപ്പോള്‍ സുദേവിന്‍റെ ദേഹം തണുത്തു.  കപ്പ പുഴുക്കിന്‍റെ മേലെ നാടന്‍ പരലുകളെ കുടംപുളിയിട്ട് വച്ച കറിയുടെ ചാറൊഴിച്ച് കഴിച്ചപ്പോള്‍ അനുഭവപ്പെടുന്ന സ്വാദില്‍ അവന്‍റെ മനസ്സ് നിറഞ്ഞു.  കള്ള് പതഞ്ഞ് സിരകളിലൂടെ ഒഴുകി നിറഞ്ഞപ്പോള്‍ ശാന്തമായി, ജ്വലിച്ചു നിന്നിരുന്ന ഉഷ്ണ നിറവുകള്‍…..

       പലകയാല്‍ മറച്ച ഓമേഞ്ഞ ഷാപ്പ്, ചെറുപ്പത്തില്‍ അച്ഛനോടൊത്ത് കയറിയ ഷാപ്പിലെ കപ്പയുടേയും കറിയുടേയും ഓര്‍മ്മകളെ വിളിച്ചുണര്‍ത്തുന്നു.  അച്ഛന്‍ വീണ്ടും മനസ്സില്‍ നിറഞ്ഞു വരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ഛനെ കുറിച്ച് ഓര്‍ക്കുന്നത്.  അടുത്തടുത്ത ടേബിളുകളിലെ പച്ചയായ മനുഷ്യരെ വീണ്ടും കണ്ടപ്പോള്‍ ആമോദം കൊള്ളുന്നു, അവന്‍റെ തിരതല്ലും കഥാഹൃദയം.  പക്ഷെ, ആരും ഒരു പാട്ടു പാടിയില്ല.  ഗൃഹാതുരത്വമാര്‍ന്ന പാട്ടുകളൊക്കെ അവര്‍ മറന്നു പോയിരിക്കുമെന്നവന്‍ ചിന്തിച്ചു.  ആധുനികമായ ചിന്തകളും അറിവുകളും ഉള്‍ നാടുകളിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.  അവര്‍ ഷാപ്പിലിരുന്നു പോലും പുതിയ കാര്യങ്ങള്‍ പറയുകയും പുതുഗാനങ്ങള്‍ പാടുകയും ചെയ്യുന്നു.

       അവര്‍ അവനെ മോബൈലില്‍ ഒരു നാടന്‍ പാട്ടു കേള്‍പ്പിച്ചു, കലാഭവന്‍ മണി പാടിയ ഗാനം.  പിന്നീട് ബ്ലൂടൂത്തില്‍ പ്രകമ്പിതമായൊരു ഗാനത്തിന്‍റെ സംഗീതം കേള്‍പ്പിച്ചു.  ആ സംഗീതത്തില്‍ തിമിര്‍ത്ത് നിറഞ്ഞു തുളുമ്പുന്ന സ്ത്രികളെ കാണിച്ചു.  നഗ്നമായ തുടകളും തുള്ളിത്തുളുമ്പുന്ന മാറിടങ്ങളും…

       അതിന്‍റെ ആസ്വാദനത്തില്‍ സ്വയം മുഴുകുന്ന അവരെ കയണ്ടപ്പോള്‍ സുദേവിന് വെറുപ്പു തോന്നി.  അവര്‍ ഷാപ്പിനെ വിട്ട് തോട്ടിറമ്പില്‍ കൂടി നടന്നു.  പണ്ട് കക്കയും ഞണ്ടും പിടിച്ചു നടന്നിരുന്ന തോട്ടിറമ്പിനെ ഓര്‍മ്മിപ്പിക്കുന്നു.  പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും അടിഞ്ഞു കൂടിയ.

തോട് ശോഷിച്ച് ചെളി പുരണ്ട പൂണൂലു പോലെ വളഞ്ഞ് കിടക്കുന്നു.  അവിടം വിട്ട് അവര്‍ ഓട്ടോയില്‍  ആ തോട് ചെന്ന് ചേരുന്ന പുഴ വക്കിലെത്തി.  പുഴയില്‍ കഴിഞ്ഞ മഴയില്‍ പെയ്ത വെള്ളം പൂര്‍ണ്ണമായും ഒഴുകി അകലാതെ നില്‍ക്കുന്നുണ്ട്.  പനിര്‍ശെല്‍വം പറഞ്ഞു. താഴെ അണ കെട്ടി നിര്‍ത്തിയിരിക്കുകയാണെന്ന്.  നിശ്ചലമായ വെള്ളം പുഴക്ക് പഴയൊരു പുഴയെടെ സൗകുമാര്യം നല്‍കുന്നുണ്ട്.

       അവര്‍ പുഴയുടെ കരയില്‍ ഓട്ടോയെ ഒളിച്ച് കിടക്കാന്‍ ഇടം കണ്ടെത്തി.  തോണിയില്‍ കയറി മറുകരയിലെത്തി.  അവിടെ നിന്നും സര്‍ക്കാര്‍ വക കാട് തുടങ്ങുകയാണ്.  പക്ഷെ, അവിടെയും പ്ലാസ്റ്റിക് കുപ്പികളും കവറുകളും മദ്യ കുപ്പികളും  ഭക്ഷണാവശിഷ്ടങ്ങളും അറപ്പുളവാക്കും വിധത്തില്‍ കിടക്കുന്നുണ്ട്.  ഇടുങ്ങിയൊരു നടപ്പാത അവരെ എവിടേക്കാണ് നയിക്കുന്നതെന്ന് സുദേവിന് അറിയില്ല.  ഷാപ്പ് നല്‍കിയ മത്തില്‍ അവന്‍ പൊങ്ങു തടിയെപ്പോലെ ഒഴുകി നടക്കുകയാണ്.  പുഴ കയറിയിട്ടും അവന്‍ പൊങ്ങി തന്നെ നില്‍ക്കുന്നതായി തോന്നി.  പനീറും ഓട്ടോക്കാരനും കുറച്ചൊക്കെ നിലത്ത് ചവുട്ടി നടന്നു.

       ഇടുങ്ങിയ പാത കൂടുതല്‍ ഇരുണ്ടു.  പാതയിലൂടെ  നടക്കുന്ന അവര്‍ക്ക് മുകളില്‍ പന്തല്‍ പോലെ ചോല.  ചോലയുടെ മുകളില്‍ വന്‍ മരങ്ങളുടെ മുകളില്‍ ഇരുള് പാകിത്തുടങ്ങിയിരിക്കുന്നു.  ഇരുള് തറയില്‍ കനത്തു തുടങ്ങിയ നേരം അവരൊരു കോളനിയിലെത്തി.  വട്ടത്തില്‍ എട്ടോ പത്തോ കുടിലുകള്‍ ഈറ്റയിലയാല്‍ മേല്‍ക്കൂര മേഞ്ഞിരിക്കുന്ന വീടുകള്‍ നിശ്ശബ്ദമാണ്.  കുടിലുകളില്‍ ആളുകളില്ലെന്നു തോന്നിച്ചു.

       ഹൂ…. പൂയ്…

       പനീര്‍ശെല്‍വം കൂവി.

       ഒരു വീടിന്‍റെ പിറകില്‍ നിന്നും ഒരു കറുത്ത തല, പിന്നീടത് ചാര നിറമാര്‍ന്ന ഇരുളില്‍ കറുത്തൊരു രൂപമായി തെളിഞ്ഞു.

       അണ്ണാ… പനീറാക്കും

       വീടിന്‍റെ മറവില്‍ നിന്നും ആയാള്‍ പുറത്തു വന്നു.  പിന്നീട് ഒരാളു കൂടി വന്നു.  പിന്നീടും ഒരാളു കൂടി….

       ആരെടായത്…?

       കഥയൊക്കെ എഴുതുന്ന ആളാക്കും….

       ഒരു കുടിലില്‍ വിളക്കു തെളിഞ്ഞു. മുന്നിലെ മറവാതില്‍ തുറന്ന് ഒരു സ്ത്രീ പുറത്തു വന്നു.  ആ കറുത്ത സുന്ദരിയുടെ വെളുത്ത പല്ലുകള്‍ സുദേവ് ഇരുളില്‍ തിളങ്ങുന്നതു കണ്ടു.

       വാങ്കോ സാര്‍…

       ചിരിക്കുന്ന സുന്ദരിക്ക് പിന്നാലെ അവര്‍ കുടിലിലേക്ക് കയറി.  ചെമ്മണ്ണ് മെഴുകിയ തറയില്‍ ചവട്ടിയപ്പോള്‍ സുദേവിന് ഇക്കിളിയായി.  ഒരുക്കി വച്ചരിക്കുന്ന ബെഞ്ചും ഡെസ്കും…. അതൊരു സ്ഥിരം സംവിധാനമാണെന്ന് തോന്നിച്ചു.

       പുറത്ത് പൂഹേയ് എന്ന് ശബ്ദം കേട്ടപ്പോള്‍ ആരെയോ വിളിച്ചതാണെന്ന് അവനു മനസ്സിലായി.  അവന്‍ പുറത്തിറങ്ങി നിന്നു.  അടുത്ത കുറെ മരങ്ങള്‍ക്കു പിറകില്‍ ഒരു വലിയ മരത്തിന് മുകളില്‍ ഒരു ചലനമുണ്ടാകുന്നത്,  ഇനിയും പൂര്‍ണ്ണമായും ഇരുളില്‍ മൂടാത്ത ആകാശ വെളിച്ചത്തില്‍ അവന് കാണാന്‍ കഴിഞ്ഞു.  മുകളില്‍ രൂപം കൊണ്ട ചലനം താഴേക്കിറങ്ങി. നിലത്തെ കരികിലയെ ചലിപ്പിച്ച് ശബ്ദമുണ്ടാക്കി, ഒരു കുടിലിന് പിറകില്‍ നിന്ന് കുടിലുകളുടെ നടുവിലേക്കിറങ്ങി വന്നു.  അയാളുടെ കൈയ്യില്‍ കയറില്‍ തൂങ്ങി നാലഞ്ചു കുപ്പികളുണ്ട്.

       വൃക്ഷ മുകളില്‍ ചലന മുണ്ടാക്കി കരികിലകളില്‍ ശബ്ദമുണ്ടാക്കി അവന്‍റെ മുന്നിലേക്കും പിന്നീട് കുടിലിനുള്ളിലെ ടേബിളില്‍ വന്നു ചേരുകയും ചെയ്ത കുപ്പികളിലൊന്നില്‍ നിന്ന് ഗ്ലാസ്സിലേക്ക് പകര്‍ന്ന ശുദ്ധമായ തെളിമയാര്‍ന്ന വെള്ളം അവന്‍റെ നാവിനെ തൊട്ട്, തൊണ്ടയെ തരിപ്പിച്ച് ഉള്ളിലേക്കിറങ്ങിയപ്പോള്‍ അവന്‍റെ ദേഹമൊന്ന് പ്രകമ്പനം കൊണ്ടു.

       മാനിറച്ചി… ശാപ്പിടുങ്കോ സാര്‍…

       മാനിറച്ചിയുടെ കുരുമുളക് ചേര്‍ത്ത സ്വാദ് ആവനിലേക്ക് ആഴ്ന്നിറങ്ങി… കണ്ണുകളെ നിറച്ചു. ശരീരത്തെ വിയര്‍പ്പിച്ചു.

       പനനീരും,

       കേര നീരും,

       ശുദ്ദമായ റാക്കും,

       കാട്ടിറച്ചിയും….

       ഓ… ദൈവമേ നിന്‍റെ വൈവിധ്യത….

       സാര്‍, ഇന്നേക്ക് ഇങ്കെ പടുക്കലാമാ……?

***

       ലതയുടെ ഫോണ്‍.

       സുദേവ്, താങ്കള്‍ എവിടെയാണ്… കളിഞ്ഞ രണ്ടു ദിവസമായിട്ട് ഞാന്‍ കേണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കുന്നു.  ഒന്നേ പരിധിക്ക് പുറത്ത്, അല്ലെങ്കില്‍ സ്വിച്ച്ഡ് ഓഫ്….

       അതെ, ആയിരുന്നു…. ശരീരം കൊണ്ട് പരിധിക്കകത്തു തന്നെയായിരുന്നു.  പക്ഷെ, മനസ്സിനെ പരിധിക്ക് പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു.  എഴുത്തുകാരന്‍ ചിലപ്പോഴൊക്കെ അങ്ങിനെയാണ്…

       ഓക്കെ… ഞാനതിനെ ചോദ്യം ചെയ്തതല്ല… ഒരു പ്രധാനകാര്യം അറിയിക്കാനുണ്ടായിരുന്നു.  ഇപ്പോള്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ സന്നദ്ധമായ മനസ്സുണ്ടോ.. താങ്കല്‍ക്ക്…

       പറഞ്ഞു നോക്കണം… അതിനെ സ്വീകരിക്കണമോ,  വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം..

       ശരി പറയാം.. കല്ല്യാണി വയറ്റാട്ടി ജീവിച്ചിരിക്കുന്നു.

       ഓ… ഷുവര്‍…?

       ഏസ്…

       സുദേവ് ത്രില്ലിലായി… പെട്ടന്ന് എവിടെ നിന്നെല്ലാമോ ഉേډഷം വന്ന് ശരീരത്തില്‍ നിറയുന്നതു പോലെ… ദൃശ്യ മാദ്ധ്യമത്തിലെ ഒരു പരസ്യത്തില്‍ കണ്ടതു പോലെ… ഒരു കുപ്പി ദ്രാവകം കുടിച്ചു കഴിയുമ്പോഴേക്കും സൂപ്പര്‍സ്റ്റാറിന് പത്തോ, ഇരുപതോ, നൂറോ പേരെ ഇടിച്ചു തെറിപ്പിക്കാന്‍ ശക്തി കിട്ടുന്നതു പോലെ….

       നഗരത്തിന്‍റെ ചേരി ഇന്നില്ല.  അവിടെയായിരുന്നു. ഈ നഗരത്തിന്‍റെ വസ്ത്രങ്ങളെ അലക്കി വെളുപ്പിച്ചിരുന്നവര്‍ കൂട്ടമായിട്ട് പാര്‍ത്തിരുന്നത്.  ചുമട്ടു തൊഴിലാളികളും ചെറു മോഷ്ടാക്കളും വേശ്യകളും കൂലി വേലക്കാരും കുടിലുകള്‍ കെട്ടി അന്തിയുറങ്ങിയിരുന്നത്.  അവര്‍ പാര്‍പ്പു തുടങ്ങുന്നതിന് മുമ്പ് കുറ്റിക്കാടുകളായിരുന്നു.  കമ്മ്യൂണിസ്റ്റു പച്ചകളും പുല്ലാന്തിച്ചെടികളും കാട്ടപ്പകളും നിറഞ്ഞ് അവിടവിടെ തലയുയര്‍ത്തി നിന്നിരുന്ന പേര് എടുക്കാത്ത എന്തെങ്കിലുമൊക്കെ മരങ്ങളും ഇടക്കിടക്ക് കായ്ക്കാത്ത പ്ലാവുകളും കായ്ക്കുന്ന നാടന്‍ മാവുകളും ആഞ്ഞിലി മരങ്ങളും….

       ഇവിടെ വന്ന് കയ്യേറി കൂര തല്ലക്കൂട്ടി പാര്‍ത്ത് പട്ടയം കിട്ടി സ്വന്തം വിലാസമുണ്ടാക്കി കഴിഞ്ഞിരുന്നവര്‍ ഇന്ന് എവിടേക്കെല്ലാമോ പിരിഞ്ഞു പോയിരിക്കുന്നു. അവിടമാകെ മനോഹരമായ വില്ലകളും മാളികകളും മതിലുകളും ഗെയിറ്റുകളും വന്ന് റോഡുകള്‍ വിജനമായിരിക്കുന്നു. ആ വിജനതയിലൂടെ അവര്‍ നടന്നു.  സുദേവും നിവേദിതയും.

       അവരുടെ വെറുമൊരു ഊഹമായിരുന്നു.  ആ വീട് ഇവിടെ തന്നയായിരിക്കണം.  എല്ലാം പോയിരിക്കന്നു.  പക്ഷെ, ഒരു വളവ് തിരിഞ്ഞിടത്ത് റോഡിന് വലതു വശത്ത് ഓടിട്ട്, പലകകള്‍ മറച്ച് ഒരു വീട്.  അതിന്‍റെ മേല്‍ക്കൂര ഒരു വശം തകര്‍ന്ന് നിലത്ത് വീണിരിക്കുന്നു.  മുറ്റമെന്നൊന്നില്ലാതെ കാട് പിടിച്ചിരിക്കുന്നു.  പുല്ലുകളെ വകഞ്ഞ് മാറ്റി വീടിന്‍റെ വരാന്തയില്‍ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാനായി എട്ടു പത്തു പൂച്ചകള്‍ കറുപ്പില്‍, വെളുപ്പില്‍ ചാരത്തില്‍ പുള്ളികളുമായിട്ട,് രണ്ടുമൂന്നു കുഞ്ഞുങ്ങളുമായിട്ട്, അകത്തു നിന്നും പുറത്തേക്കെത്തി.  എല്ലാം പട്ടിണിക്കോലങ്ങള്‍.

       ഈ വീട് കല്ല്യാണി വയറ്റാട്ടിയുടേതു തന്നെയാണ്.

       എങ്കില്‍ ഇതുമാത്രം എങ്ങിനെ നിലനിന്നു…. ഇതിനെ ഒഴിവാക്കി പിറകില്‍ മതില്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു. കാഴ്ചയില്‍ റോഡ് പുറമ്പോക്ക്.

       ഒരു പക്ഷെ, രേഖകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ വാങ്ങാന്‍ ആളില്ലാതെ വന്നതാകാം. 

       എന്താണെങ്കിലും ഇവിടെ ആള്‍ പാര്‍പ്പുണ്ട്.  അല്ലെങ്കില്‍ ഇടിഞ്ഞു പൊളിഞ്ഞ് പോകുമായിരുന്നു.  ഈ വീടിന്‍റെ ഗെയിറ്റ് ഇത്ര അടുത്തായ സ്ഥിതിക്ക് പഴുതു കിട്ടിയിരുന്നെങ്കില്‍ അവര്‍ ഇടിച്ചു നിരത്തിക്കളയുമായിരുന്നു.  ഒഴിവാക്കാന്‍ പറ്റാത്ത ആരോ ഇവിടെ കഴിയുന്നുണ്ടാകണം.

       യേസ്, എങ്കിലിത് കല്ല്യാണിത്തള്ള തന്നെയാകും.  ആള്‍ പാര്‍പ്പില്ലെങ്കില്‍ കൂട്ടമായിട്ട് പൂച്ച വാസമുണ്ടാകില്ല.

       ചാരിയിരുന്ന ചെറ്റ മറയെ തള്ളിയകറ്റി അവര്‍ അകത്തേക്ക് കയറി. അകത്തെ പുള്ളിക്കുത്തു വീണിരുന്ന ഇരുളിനെ, മാറ്റിയ വാതില്‍ മറ രണ്ടായി പിളര്‍ന്നു.  പിളര്‍ന്നു വന്ന വെളിച്ചത്തില്‍, തറയില്‍ ചുരുണ്ടു കിടക്കുന്നത് നഗ്നയായൊരു മനുഷ്യക്കോലം, സ്ത്രീയുടെ…

       നിവേദിതക്ക് നാണം തോന്നിയില്ല.  ആ കോലത്തിന് നാണം തോന്നും വിധത്തിലുള്ള ഒരു കോലവുമില്ല.  അതൊന്ന് ഞരങ്ങി, വെളിച്ചത്തിലേക്ക് കണ്‍പീലികളെ ഒന്നുചിമ്മി തുറന്നു.  വെളിച്ചത്തെ അഭിമുഖീകരിക്കാനാകാതെ പീലികള്‍ അടച്ചു.

       നിവേദിത അത്ഭുതത്തോടെ സുദേവിനെ നോക്കി.

       കല്ല്യാണി വയറ്റാട്ടിയാണ്. മരിച്ചിട്ടില്ല.

       സുദേവ് പുറത്തിറങ്ങി വിജനമായ റോഡിന്‍റെ കാണാന്‍ കഴിയുന്നിടം വരെ സഹായത്തിനായി നോക്കി നിന്നു.  നിവേദിത അവിടെ നിന്നും ലഭിച്ച കീറിയ തുണിയില്‍ അതിനെ പൊതിഞ്ഞു.

       യാദൃശ്ചികമായിട്ടതു വഴി വന്ന കാറിനെ സുദേവ് കൈകാണിച്ചു നിര്‍ത്തി.  ഡ്രൈവര്‍ സൈഡിലെത്തി, താഴ്ന്ന ഗ്ലാസ് വഴി  സഹായത്തിനായി അപേക്ഷിച്ചു.

       ഞാനൊരു പത്ര പ്രവര്‍ത്തകനാണ്… സഹ പ്രവര്‍ത്തകയുമുണ്ട്… ഈ വീട്ടില്‍ ഒരു തള്ള സുഖമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്നെന്നറിഞ്ഞ് വന്നതാണ്. ഹോസ്പിറ്റലില്‍ എത്തിക്കാന്‍ സഹായിച്ചാല്‍ മതി….

       ചെറു പുഞ്ചിരിയോടെ ഡോര്‍ ഗ്ലാസ് താഴ്ത്തിയ യാത്രക്കാരന്‍ അലോഹ്യ ഭാവം കാണിച്ചു ഗ്ലാസ് ഉയര്‍ത്താന്‍ ശ്രമിക്കവെ സുദേവ് പറഞ്ഞു.

       നോ… സഹായിക്കണം… ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ മതി. പിന്നെ നിങ്ങളെ ശല്യം ചെയ്യില്ല.

       ഒന്നു പോകാമോ… വേറെ പണിയില്ലാതെ…

       നോ… നിങ്ങള്‍ പോകില്ല… പോയാല്‍ നാളത്തെ ഫീച്ചറില്‍ നിങ്ങളുടെ പേരു വച്ചെഴുതും.  ഇല്ല ഹോസ്പറ്റലില്‍ എത്തിച്ചാല്‍ നിങ്ങള്‍ക്ക് സ്വസ്ഥമായിട്ട് പിരിയാം.

       നിവേദിത പുറത്തേക്ക് വന്നു.  അവള്‍ക്ക് അത്ഭുതം തോന്നി. അവള്‍ സുദേവില്‍ നിന്നും അത്രയ്ക്ക് പ്രതീക്ഷിച്ചില്ല.

       കാറിന്‍റെ പിന്‍ സീറ്റിലേക്ക് അതിനെ എടുത്തു കയറ്റിയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ ദുര്‍ഗന്ധത്തില്‍ യാത്രികന് മനം മറിച്ചിലുണ്ടാക്കി.  അയാള്‍ ഓക്കാനിക്കാന്‍ തുടങ്ങി, സുദേവ് ശ്രദ്ധിച്ചു.

       സോറി…

       ഗ്ലാസ്സുകള്‍ നാലും താഴ്ത്തി വച്ച് അവര്‍ അതിവേഗം നഗരത്തിന്‍റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ എത്തി.  കാഷ്വാലിറ്റിയും കടന്ന് തീവ്രപരിചരയണ വിഭാഗത്തിലേക്ക് മാറ്റികൊണ്ടു പോകുമ്പോഴും അയാള്‍ പിരിഞ്ഞു പോയിട്ടില്ലെന്ന് സുദേവ് ശ്രദ്ധിച്ചു.  ഹോസ്പിറ്റല്‍ പ്രവര്‍ത്തകരുടെ നിസ്സഹകരണം, സുദേവ് പത്രക്കാരന്‍റെ പേരില്‍ ഭീഷണി പരമായ സമീപനം പുറത്തെടുത്തപ്പോഴാണ് സുഗമമായത്.

       ആദ്യ പരിചരണം കഴിയും വരെ തീവ്രപരിചരണ വിഭാഗത്തിന്‍റെ മുന്നില്‍ സുദേവിനും നിവേദിതക്കും ഒപ്പം നിന്നിരുന്ന അയാള്‍ സുകുമാരനെന്ന് സ്വയം പരിചയപ്പെടുത്തി.  കല്ല്യാണിത്തള്ളയെപ്പറ്റി അയാള്‍ക്കറിയാവുന്ന കുറെ കാര്യങ്ങള്‍ പറഞ്ഞു.

       അവര്‍ക്ക് മക്കളാരുമില്ലെന്ന തോന്നുന്നു.  അയല്‍പക്കങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചാണ് കഴിഞ്ഞിരുന്നത്. വീട്ടിലും വരുമായിരുന്നു. നൂറു വയസ്സെങ്കിലും ആയിക്കാണും .  നടക്കുമ്പോള്‍ ഒരു വിറയലുണ്ടായിരുന്നു.  തീരെ വയ്യാതെ ആയിക്കാണും. സത്യമായിട്ടും നിങ്ങള്‍ നിര്‍ബ്ബന്ധിച്ചതു കൊണ്ടാണ് ഞാന്‍ വണ്ടിയില്‍ കയറ്റിയത്… അല്ലെങ്കില്‍ പണിയാകും…

       സുദേവ് പറഞ്ഞു.

       അവരെ അറിയുമോ… ഒരു സംസ്കാരത്തിന്‍റെ ഭാഗമാണ്, തിരുശേഷിപ്പ്.  നൂറുകണക്കിന് ജീവനുകളെ ഭൂമിയിലേക്ക്, പ്രകൃതിയിലേക്ക് കണ്ണുകള്‍ തുറപ്പിച്ച വയറ്റാട്ടിയായിരുന്നു. ഇവിടത്തെ കഴിഞ്ഞ തലമുറയ്ക്ക് അവരെ അറിയാം.

       കേട്ടിട്ടുണ്ട്… ഇവുടെയുണ്ടായിരുന്ന മറ്റു പലരും സ്ഥലം വിറ്റ് പോയപ്പോള്‍ അവര്‍ മാത്രം പോയില്ല… പേപ്പറുകള്‍ ശരിയല്ലാത്തതു കൊണ്ട് സ്ഥലം വില്‍ക്കാന്‍ കഴിഞ്ഞില്ല. റോഡ് പുറമ്പോക്കിലാണ് ആ സ്ഥലം….

       നഗരസഭയുടെ വാര്‍ഡ് കൗന്‍സിലര്‍ അവരെ തേടിയെത്തി, കൂടെ പരിവാരങ്ങളും.  ഇരു നിറത്തില്‍ ഇത്തിരി തടിച്ച സ്ത്രീക്ക് അസാധാരണമായെരു ആകര്‍ഷണീയതയുണ്ടെന്ന് സുദേവിനു തോന്നി.  വല്ലാത്ത വാചാലതയും.

       സുദേവ് അല്ലെ……?

       അതെ.

       വിളിക്കുമ്പോള്‍ ഞാന്‍ കുളിക്കുകയായിരുന്നു.  രാവിലെ വീട്ടില്‍ ഇത്തിരി ജോലിയണ്ടായിരുന്നു.  വീട് നോക്കിയിട്ടല്ലേ നാടു നോക്കാന്‍ പറ്റുവൊള്ളൂ… ഇനി എല്ലാം ഞാന്‍ നോക്കിക്കൊള്ളാം.  നേരത്തെ തന്നെ അവരെ ശരണാലയത്തില്‍ ആക്കിയേനെ, സമ്മതിക്കാത്തതു കൊണ്ടാണ്.  എന്‍റെ ഫാദര്‍ ഇന്‍ ലോയെ എടുത്തത് അവരാ… അങ്ങിനെയൊരു കടപ്പാടു കൂടിയുണ്ട്.. സുദേവിന് തിരക്കാണെങ്കില്‍ പോകാം…

       തീവ്ര പരിചരണ വാര്‍ഡിന്‍റെ ഗ്ലാസ് ജനാല വഴി കല്ല്യാണിത്തള്ളയെ ഒരിക്കല്‍ കൂടി കണ്ടിട്ട് സുദേവും നിവേദിതയും അവിടെ നിന്നും മടങ്ങി.

       നിവേദിത അടുത്ത നാളില്‍ വായിച്ച ഒരു ഫീച്ചറിനെക്കുറിച്ചാണ് ഓര്‍ത്തത്, നിവേദിതയുടെ സുഹൃത്ത് ബാബു ഇരുമല എഴുതിയത്. നാലായിരും പ്രസവങ്ങളെടുത്ത ജനപ്രിയ ഗൈനക്കോളജിസ്റ്റ്.  കല്ല്യാണിത്തള്ളയെപ്പോലെ ഒരു വയറ്റാട്ടി.  അവര്‍ക്ക് തൊണ്ണൂറു തികഞ്ഞതേ ഉള്ളൂ. കല്ല്യാണിത്തള്ള അതിനേക്കാള്‍ സീനിയറാണ്.

       അറിവും കഴിവും തന്‍റേടവും ഒപ്പം സ്നേഹവും സമന്വയിപ്പിച്ച മനസ്സിനുടമ.  വേപധു പൂണ്ട മനസ്സുകള്‍ക്ക് ആശ്വാസ വാക്കുകളുമായി ആവശ്യാനുസരണം ഓടിയെത്തുമായിരുന്നു… മതം സാമ്പത്തികം തുടങ്ങിയ വേര്‍തിരുവുകളില്ലാതെ… മോളെ എന്ന ഒറ്റ വിളിയില്‍ തന്നെ പ്രസവ വേദന അനുഭവിക്കുന്നവര്‍ക്ക് ലഭിച്ചിരുന്നത് ആശ്വാസം മാത്രമല്ല, വിശ്വാസം കൂടി ആയിരുന്നു.  സ്നേഹപൂര്‍വ്വമായ വാക്കുകള്‍ക്കും അനുനയിപ്പിച്ചുള്ള സംസാര രീതിക്കും  ആജ്ഞാനു ശക്തിയോടെയുള്ള പെരുമാറ്റത്തിനും മുന്നില്‍ എല്ലാവേദനകളേയും കടിച്ചമര്‍ത്തി ഏതും സ്ത്രീയും സുഖ പ്രസവത്തിന്‍റെ വരുതിയിലേക്ക് മയങ്ങി വീണിരുന്നു….

       നിവേദിതയിലെ സ്ത്രൈണതക്ക് ഒരുണര്‍വ്…. അവള്‍ സുദേവിനെ കടക്കണ്ണാല്‍ അണ്ടു. അവള്‍ക്ക് അവനോട് അസാധാരണമായൊരു ഇഷ്ടം തോന്നുന്നു.

       സുദേവ് ഈസ് എ ജെന്‍റില്‍ മാന്‍…..

@@@@@