Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം പതിനൊന്ന്
വേഷ പ്രച്ഛന്നനായിട്ടു കൂടി രാവേറെ ആയിക്കഴിഞ്ഞപ്പോള്‍, ആള്‍ത്തിരക്ക് ഏറിക്കഴിഞ്ഞപ്പോള്‍ സുദേവിനെ ഒരു ഭീതി വിഴുങ്ങി തുടങ്ങി. വ്യവസായ നഗരത്തിലെ ഒരു വന്‍കിട ബിസിനസ്സ്കാരനായിട്ടാണ് സുദേവ് എന്ന അമ്പതുകാരന്‍ വന്നിട്ടുള്ളത്. നര കയറിത്തുടങ്ങിയ മീശയില്‍, മുടിയില്‍ അവന്‍റെ യഥാര്‍ത്ഥ മുഖത്തെ മറച്ചു വച്ചിരിക്കുകയാണ്, ഒട്ടും തിരിച്ചറിയാതെ. അവനെത്തുമ്പോള്‍ രാത്രി പത്തു മണി കഴിഞ്ഞിരുന്നു. അപ്പോള്‍ തന്നെ മലയാളത്തുകരയുടെ നാനായിടത്തു നിന്നുമായി എത്തിയവരെക്കൊണ്ട് തിരക്കായിക്കഴിഞ്ഞിരുന്നു. ലാസറിടത്തു നിന്നും നാലു മണിക്കൂര്‍ യാത്ര കഴിഞ്ഞാണ് അവനെത്തിയത്. ലാസറിടത്തിന്‍റെ നഗരത്തിന് ഏറ്റവും അടുത്തുള്ള പട്ടണത്തില്‍ നിന്നാണ് ടാക്സി വിളിച്ചത്, പോകേണ്ടിടം അറിയിച്ചപ്പോള്‍ അവിടത്തിന്‍റെ പ്രത്യേകതയെക്കുറിച്ച ് ടാക്സി ഡ്രൈവര്‍ക്ക് ചെറിയൊരു അറിവുള്ളതു പോലെ സംസാരിച്ചു. അയാള്‍ ചോദിച്ചു കളിക്കാനാണോ…..? ആണെന്നും അല്ലെന്നും സൂചിപ്പിക്കുന്നതു പോലെ മൂളുക മാത്രമാണ് ചെയ്തത്. സാമാന്യം വലിയൊരു സൂട്ട് കേസും വിഐപി എന്നു തോന്നിക്കും വിധത്തിലുള്ള വസ്ത്ര ധാരണവും ആയാളെ കൊണ്ട് ചോദിപ്പിക്കുകയായിരുന്നു. നഗരത്തിന്‍റെ തിരക്കുകളോ, ആള്‍പ്പാര്‍പ്പിന്‍റെ ഭംഗികളോയില്ലാത്ത ഒരു ഒഴിഞ്ഞ കോണിലായിരുന്നു മന്ദിരം. കോട്ട പോലെ കെട്ടിയുയര്‍ത്തിയ മതില്‍, കനത്ത, സുരക്ഷിതമെന്ന് തോന്നിപ്പിക്കുന്ന ഗെയിറ്റ്, ഗെയിറ്റില്‍ ശക്തരായ കാവല്‍ക്കാര്‍. അവരുടെ കൂര്‍ത്ത കണ്ണുകളും. എന്തു ചെയ്യുമെന്നു സൂചിപ്പിക്കുന്ന മുഖഭാവങ്ങളും…. ഗെയിറ്റ് കയറിക്കഴിഞ്ഞാല്‍ വിശാലമായ പാര്‍ക്കിംഗ് ഏരിയ, നൂറുകണക്കിന് വഹനങ്ങള്‍ക്ക് യഥേഷ്ടം വിശ്രമിക്കനുള്ള സ്ഥലം…. സുദേവ് എത്തുമ്പോള്‍ നിറഞ്ഞിട്ടില്ല. പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ക്ക് വേണ്ടുന്ന ടിപ്പ് കൊടുത്ത് സൂട്ട് കേസും പേറി സുദേവ് പ്രധാന മന്ദിരത്തിലേക്ക് നടന്നു. എല്ലാവരും അങ്ങിനെ തന്നെയായിരുന്നു. സ്വന്തം വാഹനവും ഡ്രൈവറുമുള്ളവര്‍ സൂട്ട് കേസുകളെ ഡ്രൈവറുമാരെക്കൊണ്ട് ചുമപ്പിക്കുന്നുണ്ട്. സുദേവിന്‍റെ ഡ്രൈവറും അതു വേണോയെന്ന് തെരക്കിയതായിരുന്നു. വേണ്ടന്നും, ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും അറിയിച്ച് മുന്നോട്ടു നീങ്ങി.
മന്ദിരത്തിലെ വിശാലമായ ഹാളില്‍ കയറിയപ്പോള്‍ സുദേവിനെപ്പോലെ ഒറ്റകളില്ലെന്ന് അറിഞ്ഞു. സ്നേഹിതരും, സെക്യൂരിറ്റുയമായിട്ടാണ് എല്ലാവരും എത്തിയിരിക്കുന്നത്. പലരുടേയും കൂടെ രണ്ടും മൂന്നും സ്യൂട്ട് കേസുകളുമുണ്ട്. സുഖമുള്ള ഇരിപ്പിടങ്ങള്‍, ഇരിപ്പിടങ്ങളില്‍ സ്നേഹിതരും സെക്യൂരിറ്റികളും ഒരുമിച്ചാണ് ഇരിക്കുന്നത്. ചേരിതിരിഞ്ഞിരിക്കുമ്പോലെ, ഒരോ കൂട്ടങ്ങള്‍. സ്യൂട്ട് കേസുകളെ സൂക്ഷിക്കാനുള്ളതു കൊണ്ടാകാമെന്നവന്‍ കണക്കുകൂട്ടി. അവന്‍ ഒറ്റയായതു കൊണ്ടാകാം പലരും ശ്രദ്ധിക്കുന്നതു കാണ്ടു.
ഹാളില്‍ പലയിടങ്ങളിലും ഭിത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന എല്‍ ഈഡി ടിവി സെറ്റുകള്‍, സുഗന്ധം നിറഞ്ഞ അന്തരീക്ഷം, ഏസിയുടെ കുളിര്‍മയും. ആയിരം പേര്‍ക്കെങ്കിലും തങ്ങനാവുന്നത്ര വലിപ്പമുള്ള ഹാള്‍… ഹാളിന്‍റെ വടക്കു കിഴക്കായി സ്റ്റേജ്. റിയാലിറ്റി ഷോകളും ഡാന്‍സ് പ്രോഗ്രാമുകളും, സെലിബ്രിറ്റി ഷോകളും നടത്താനുതകും വിധത്തില്‍ ക്രമീകരണങ്ങളുള്ള സ്റ്റേജിന് അസാമാന്യ വലിപ്പവുമുണ്ട്. സുദേവിന് അതെല്ലാം പുതുമയായിട്ടു തോന്നി. വന്നവരെ കണ്ടു തുടങ്ങിയപ്പോള്‍ അത്ഭുതം കൊണ്ട് വിങ്ങി നിറഞ്ഞ് തുളുമ്പുന്നു, ഹൃദയം. ഭരണ കര്‍ത്താക്കള്‍, ഇന്നത്തേയും ഇന്നലത്തേയും. വലതു പക്ഷത്തിരിക്കുന്നവരും, ഇടതു പക്ഷത്തിരിക്കുന്നവരും. ഭരണയന്ത്രം തിരിക്കുന്ന ബ്യൂറോക്രാറ്റുകള്‍, സുരക്ഷിതത്വം നോക്കുന്ന ഉന്നത പോലീസ് ഉദ്യോഗന്ഥര്‍, ജാതീയമായതും സാംസ്കാരികമായതുമായ സംഘടനകളുടെ നേതൃത്ത്വത്തില്‍ ഇരിക്കുന്നവര്‍, പത്രമാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തപ്പെട്ടിട്ടുള്ള വ്യാപാരികള്‍, വ്യവസായികള്‍, പരസ്യപ്പെടുത്താത്ത ധനികരെന്നു വിളിച്ചോതുന്ന ശരീരവും മുഖവുമുള്ളവര്‍….
ഇന്ന് 2014 ജൂലായ് 13 ഞായറാഴ്ച രാത്രി 12.30ന് മരക്കാനയില്‍ കിക്കോഫ്. ആരുടെ പേരിലാകും ഈ ദിനം ചരിത്രം രേഖപ്പെടുത്തുക… ആരുടെ കൈകളിലേക്കാണ് ആവേശത്തിന്‍റെ മധുചഷകം വന്നു ചേരുക… ആര്‍ക്കാണ് മരക്കാനയുടെ മനസ്സ് കവരാനാകുക… ലയണല്‍ മെസ്സിയോ, തോമസ്സ് മുള്ളര്‍ക്കോ… അര്‍ജന്‍റീനയോ ജര്‍മ്മനിയോ…. ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ മരക്കാന തയ്യാറെടുത്തു കഴിഞ്ഞു. 20-ാം ലോക കപ്പിന്‍റെ ഫൈനല്‍. ആറാം കിരീടം തേടി വന്ന ബ്രസീലിനെ ആറു ഗോള്‍ വ്യത്യാസത്തില്‍ തരിപ്പണമാക്കിയ ജര്‍മ്മനിക്കൊപ്പമാണ് പ്രവചനങ്ങളേറയും. എന്നാല്‍, ആരാധകരുടെ ഇഷ്ട ടീമായ അര്‍ജന്‍റീന അത്രയെളുപ്പം വഴങ്ങി കൊടുക്കില്ല. ലോക കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നുറപ്പാണ്. ജര്‍മ്മനിയാണ് കളിക്കളത്തിലും കടലാസിലും ശക്തര്‍. എന്നാല്‍, ജര്‍മ്മനിയോളം പോന്ന ഹോളണ്ടിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച അര്‍ജന്‍റീന എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിരിക്കുകയാണ്. പെലെയ്ക്കും മറഡോണക്കുമോപ്പും സ്ഥാന പിടിക്കാന്‍ ലയണല്‍ മെസ്സിക്ക് ഇവിടെയൊരു ലോക കിരീടം വേണം. മറ്റെവിടെയും നേടുത്തതു പോലെയല്ല. ബ്രസീലിന്‍റെ മണ്ണില്‍ അര്‍ജന്‍റീനക്ക് ലോക കിരീടം. അതിന് മാധുര്യം മേറും. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും സന്തുലിതമായ ടീമാണ് ജര്‍മ്മനി. ബ്രസീലിനെതിരെ അവരുടെ വിശ്വരൂപം കണ്ടതാണ്. ഫുട്ബോളിന്‍റെ അച്ചു തണ്ട് ലാറ്റിനമേരിക്കയില്‍ നിന്നു യൂറോപ്പിലേക്ക് മാറുന്നതിന്‍റെ സൂചനകളും കാണുന്നുണ്ട്. ഹൃദയം കൊണ്ടല്ല, തലച്ചോറു കൊണ്ടാണ് അവര്‍ പന്തു കളിക്കുന്നത്. ലാറ്റിനമേരിക്കയില്‍ യൂറോപ്പ് വാഴില്ലെന്ന ചരിത്രമാണ് അവരുടെ വഴി മുടക്കി നില്‍ക്കുന്നത്. ജര്‍മ്മനി വരുമ്പോള്‍ ചരിത്രം വിഴിമാറുമോ…?
എണ്‍പത്തിനാലു വര്‍ഷത്തെ ലോക കപ്പിന്‍റെ ചരിത്രത്തില്‍ ജര്‍മ്മനി-അര്‍ജന്‍റീന ഫൈനല്‍ ഇത് മൂന്നാം തവണ. 1986-ല്‍ മറഡോണയുടെ മാന്ത്രികത കൊണ്ട് അര്‍ജന്‍റീന ജര്‍മ്മനിയെ മലര്‍ത്തിയടിച്ചു. 1990-ല്‍ ജര്‍മ്മനി പകരം വീട്ടി. ഇക്കുറി ആരു ജയിക്കും… ഇന്ന് ഉത്തരമാകും.
ഹാളിലെ ഭിത്തിയില്‍ സ്ഥാപിച്ചുരിക്കുന്ന ടിവികള്‍ ഓണായി കഴിഞ്ഞു. മരക്കാന സ്റ്റേഡിയത്തില്‍ ജര്‍മ്മനിയുടേയും അര്‍ജന്‍റീനയുടേയും ആരാധകര്‍ നിറഞ്ഞു കഴിഞ്ഞു. ഹാളിലെ ഇരുവിഭാഗക്കാര്‍ക്കും ആവേശമായിക്കഴിഞ്ഞു. മത്സരം തുടങ്ങാന്‍ ഇനിയും മിനിട്ടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്റ്റേഡിയത്തില്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നവര്‍, ആഗോളമായി ടിവിക്കു മുന്നില്‍ ഇരിക്കുന്നവര്‍, ഈ ഹാളിലെടിവിയില്‍ മാത്രം കണ്ണു നട്ടിരിക്കുന്നവര്‍, ഇവര്‍ക്കൊക്കെ അറിയേണ്ടത് ജര്‍മ്മിനിയാണോ, അര്‍ജന്‍റീനയാണോ…. എന്നതാണ്.
ഹാളില്‍ നിറഞ്ഞിരിക്കുന്നവരുടെ എല്ലാം ശ്രദ്ധയെ തിരിച്ചെടുക്കാന്‍ വിധത്തിന് ഒരാള്‍ വാതില്‍ക്കലെത്തിയിരിക്കുന്നു. എല്ലാ മുഖങ്ങളും അവിടേക്ക് തിരിഞ്ഞപ്പോള്‍ സുദേവും അവിടേക്ക് നോക്കി. അവിടെ ഡോ. ലാസറലി രാജ. സുസ്മേരവദനനായി വാതിക്കല്‍ നിന്ന് സ്റ്റേജിലേക്കുള്ള പാതയിലൂടെ ഇരുപുറങ്ങളിലും ഇരിക്കുന്നവരെ നോക്കി നമസ്കാരങ്ങളും ഹായ്കളും പറഞ്ഞ് പരിചാരവൃന്ദത്തോടെ കാവല്‍ക്കാരോടു കൂടി, ഗുമസ്തന്മാരോടു കൂടി സ്റ്റേജിലേക്ക് നടന്നു.
പക്ഷെ, സുദേവിന് ലാസറലിയെ ഒഴിച്ച് മറ്റാരെയും തിരിച്ചറിയാനായില്ല. അവന്‍ വസിക്കുന്നിടത്തെ പരിചാരകരോ, ജോലിക്കാരോ ആരും ഇപ്പോള്‍ കൂടെയില്ല. മറ്റൊരു ലോകത്തു നിന്നും ആനയിക്കപ്പെടുന്ന ലാസറലിയാണ് അതെന്ന് തോന്നി. തികഞ്ഞൊരു തട്ടിപ്പുകാരനായ ആള്‍ ദൈവത്തിന്‍റെ താരപരിവേഷമാണിപ്പോള്‍ മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്നത്. ലാസറലിയും സംഘവും സ്റ്റേജില്‍ കയറി യഥാസ്ഥാനങ്ങളില്‍ ആസനസ്ഥരായി. ഏവരുടേയും ശ്രദ്ധ കിട്ടത്തക്ക വിധത്തില്‍ ഉയര്‍ത്ത ഇരിപ്പിടത്തില്‍ ലാസറലി ഇരുന്നു. ജന മദ്ധ്യത്തില്‍ സിംഹാസനത്തില്‍ രാജാവ് ഇരിക്കും പോലെ.
പ്രധാന സംഘാടകരില്‍ ഒരാള്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ് ചെയുതു.
നമ്മള്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. കളിയുടെ കിക്കാഫ് നടക്കാന്‍ പോവുകയാണ്.
അപ്പോള്‍ ഭിത്തിയിലെ ടിവികളില്‍ ഒരു പന്തിനെ നടുവില്‍ വച്ച് ഇരു ടീമുകളിലേയും കളിക്കാര്‍ രണ്ടു വശങ്ങളില്‍ നിരന്ന് കിക്കോഫിനുള്ള വിസിലിനെ കാക്കുന്നു.
ഞാന്‍ അത്താണിക്കല്‍ പൗലോക്കാരന്‍ വറുഗീസ് മകന്‍ ജോണ്‍സന്‍ ജര്‍മ്മനിയുടെ പേരില്‍ ഒരു കോടി…..
പൗലോക്കാരന്‍ വറുഗീസ് മകന്‍ ജോണ്‍സന്‍റെ കൂട്ടത്തില്‍ നിന്നും പരിചാരകന്‍ സൂട്ട് കേസുമായി സ്റ്റേജിലെത്തി ലാസറലിയുടെ ഗുമസ്തന്മാരെ ഏല്‍പിച്ച് ചീട്ടു വാങ്ങി മടങ്ങി. ഗുസ്തന്‍ അതു എണ്ണി തിട്ടപ്പെടുത്തി രേഖയാക്കി.
ഞാന്‍ ചങ്കുവെട്ടിയില്‍ നിന്നും താളിക്കോട്ട് ഹസ്സന്‍ മകന്‍ അഷറഫ് അര്‍ജന്‍റീനക്കു വേണ്ടി ഒരു കോടി… അയാളുടെ പരിചാരകും ബാഗുമായി സ്റ്റേജിലെത്തി, ലാസറലിയുടെ ഗുമസ്തന്മാരെ ഏല്‍പ്പിച്ച് ചീട്ടു വാങ്ങി മടങ്ങി. ഗുമസ്തര്‍ എണ്ണിത്തിട്ടപ്പെയുത്തി രേഖയാക്കി….
ഞാന്‍ പാലായില്‍ നിന്നു മഞ്ഞയില്‍ തോമസ്സ് മകന്‍ ഫ്രന്‍സിസ് ജര്‍മ്മനിയുടെ പേരില്‍ രണ്ടുകോടി…
ഞാന്‍ പുതുപ്പള്ളിയില്‍ നിന്ന് പരുത്തിവീട്ടില്‍….
ഞാന്‍….
ഞാന്‍….
ഞാന്‍….
ജര്‍മ്മനിക്കു വേണ്ടി….
അര്‍ജന്‍റീനക്കു വേണ്ടി….
തോമസ്സ് മുള്ളര്‍ക്കു വേണ്ടി…
മെസ്സിക്കു വേണ്ടി….
സുവര്‍ണ പാതുകം കൊളമ്പിയായുടെ ജയിംസ റോഡിഗസ്നു വേണ്ടി……
ജയിംസ് റോഡിഗസ്സില്‍ നിന്നും തോമസ്സ് മുള്ളറിലേക്കും മെസ്സിയിലേക്കും മാറിപ്പോകുന്നതിനുവേണ്ടി….
സ്വര്‍ണ്ണ പന്തിനു വേണ്ടി,
അത് മെസ്സിക്ക് കിട്ടുന്നതിന്, തോമസ്സ് മുള്ളര്‍ക്ക് കിട്ടുന്നതിനു വേണ്ടി…
വാതു വയ്പ്പുകള്‍…..
പ്രാര്‍ത്ഥനകള്‍…
കോടികള്‍ ലാസറലിയുടെ മദ്ധ്യസ്ഥതയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. കള്ളപണവും, അനധികൃത സമ്പാദ്യങ്ങളും….
എത്തിക്കുന്നവര്‍…
ഭരണ കര്‍ത്താക്കള്‍, പ്രതിപക്ഷ അധികാരികള്‍, ഭരണ ചക്രം തിരിക്കുന്ന ഉദ്ദ്യോഗസ്ഥര്‍, ക്രമ സമാധാന പാലകര്‍……
അവാച്യമായൊരു ശ്വസം മുട്ടലില്‍ സുദേവ് ഞെളിപിരി കൊണ്ടു. അവിടെയിരുന്നിട്ടവന്‍റെ ദേഹം പോള്ളി വിറ കൊണ്ടു. ശീതീകരിച്ച ആഗുഹയില്‍ നിന്നും, വെറുതെ ഒരു ധൈര്യത്തിനു വേണ്ടി കരുതിയിരുന്ന സൂട്ട് കേസ് കൈയ്യില്‍ നിന്ന് വിട്ട്, ബാഗെടുത്ത് തോളില്‍ തൂക്കി, ആരും കാണുന്നില്ലെന് ഉറപ്പുണ്ടായ നിമിഷത്തില്‍ പുറത്തേക്ക് നടന്നു.
പുറത്ത് ഭക്ഷണശാല,
മദ്യശാല,
തരുണികള്‍…
കളി തുടങ്ങി 113-ാം മിനിട്ടില്‍ ജര്‍മ്മനിയുടെ മരിയ ഗോട്സെ, അതിനും പത്തും മിനിട്ട് മുമ്പു മാത്രം മറ്റൊരു കളിക്കാരന്‍റെ പകരം കളിക്കാരനായിട്ടിറങ്ങി നേടിയ ഒരേയൊരു ഗോളില്‍, ആ ഹാളില്‍ എത്തിച്ചേര്‍ന്നിരുന്നവരുടെയൊക്കെ വിധി നിര്‍ണ്ണയിക്കുകയായിരുന്നു.
ചിലര്‍ക്ക് ചെങ്കോലും കിരീടവും നഷ്ടമായി, ചിലര്‍ക്ക് പുതിയ കൊട്ടാരങ്ങളും കൊത്തളങ്ങളും കരസ്ഥമായി, ഉടുതുണിക്ക് മറു തുണിയില്ലാത്തവരുണ്ടായി, കോടീശ്വരന്മാരുണ്ടായി…
അങ്ങിനെ…
സുദേവ് കളി അവസാനിക്കും മുമ്പു തന്നെ മടങ്ങി, ഡ്രൈവര്‍ അവനെ കണ്ട് ദുഖിച്ചു.
സാര്‍, പോയി അല്ലെ…?
സുദേവ് ഒന്ന് ചിരിച്ചു.
എന്ത്…?
കിട്ടിയെങ്കില്‍ ബാഗെവിടെ….?
ഞാന്‍ വതു വയ്പു കാരനായിരുന്നില്ല.
പിന്നെ സൂട്ട് കേസ്…..?
അത് ഉള്ളില്‍ കയറാനുള്ള പാസ്സായിരുന്നു.
***
സുദേവ്, താങ്കള്‍ ഇന്നലെ കണ്ടത് കേരളം ഭരിക്കുന്നവരുടെ ഒരു മുഖമാണ്. ഇതുപോലെ വ്യത്യസ്തമായ ഒരു പാടു മുഖങ്ങള്‍ കാണാനിരിക്കുന്നുണ്ട്, ലാസറലിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള കാര്യങ്ങള്‍…. ഇതുപോലെ, അല്ലെങ്കില്‍ ഇതിനേക്കാള്‍ തരംതാണ, വൃത്തിഹീനമായ, പ്രതിലോമ പ്രവര്‍ത്തികള്‍, അഴിമതികള്‍, നിയമലംഘനങ്ങള്‍, സ്വജന പക്ഷപാത പ്രവര്‍ത്തനങ്ങള്‍, ധൂര്‍ത്തുകള്‍…
താങ്കള്‍ ലാസറലിയുടെ ആത്മകഥ കേട്ടെഴുതാന്‍ വന്നപ്പോള്‍ അയാളുടെ കുറെ യഥാര്‍ത്ഥ കഥകള്‍ നിങ്ങളെ അറിയിക്കണമെന്നേ ഞങ്ങള്‍ കരുതിയിരുന്നുള്ളൂ…. പക്ഷെ, ഇപ്പോള്‍ ആ വീക്ഷണത്തിന് മാറ്റം വന്നിരിക്കുന്നു. താങ്കള്‍ ഒരു മനുഷ്യപക്ഷ ചിന്താഗതിക്കാരനാണെന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് താങ്കള്‍ക്ക് പലതും ചെയ്യാന്‍ കഴിയും, ചെയ്യേണ്ടി വരും. അങ്ങിനെ അല്ലെങ്കില്‍ ഇപ്പോള്‍ പറയണം, പറഞ്ഞാല്‍ ഈ ഫോണ്‍ കോളും ബന്ധവും ഇവിടെ വച്ച് അവസാനിക്കും…
താങ്കള്‍ക്ക് ഇങ്ങിനെ ഒരു മെയില്‍ അയക്കണമെന്ന് ഇന്നലെ വരെ ഉദ്ദേശമില്ലായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര തലസ്ഥാന നഗരിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ബിസിനസ്സ് വീക്കിലിയില്‍ വന്ന ഫീച്ചര്‍ ഞങ്ങളുടെ തീരുമാനങ്ങളെ അപ്പാടെ മാറ്റി മറിച്ചു. ഞങ്ങള്‍ ഉദ്ദേശിച്ചിരിന്നതിനേക്കാള്‍ മുന്തിയ കള്ളങ്ങള്‍ കൊണ്ട് ഒരു മഹത്തായ ചിത്രമാണവര്‍ ഒരുക്കാന്‍ പോകുന്നതെന്ന് ആ ഒരു ഫീച്ചര്‍ കൊണ്ട് വ്യക്തമായി. അല്ലെങ്കില്‍ തുറന്നു തന്നെ പറയാം. ഇപ്പോഴാണ് അവരുടെ ഉദ്ദേശങ്ങള്‍ വ്യക്തമായത്. മനോഹരമായൊരു ആത്മകഥ, കൂടാതെ മലയാള സാഹിത്യ നഭസ്സില്‍ നല്ലൊരു കഥാകൃത്ത്. ഇതു രണ്ടുമവര്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, സ്വപ്നം കണ്ടുകൊണ്ടെന്ന് പറയാന്‍ പറ്റില്ല. വ്യക്തമായി കരുക്കള്‍ നീക്കിക്കൊണ്ട്, ഒരു പിഴവും വരുത്താതെ, വരാതെ എതിരാളികളെ അടിയറവിലേക്ക് എത്തിക്കാന്‍ കഴിയും വിധം കണക്കുകള്‍ കൂട്ടിക്കൊണ്ട്. ആ കണക്കുകള്‍ പ്രകാരം മാത്രം നീക്കങ്ങള്‍ നടത്തുകയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതാണ് ഈ മെയിലിന് ഹേതു. അതുകൊണ്ട് ഇനിയും മെയിലുകള്‍ വരാം എന്നു കൂടി അറിയിക്കുന്നു..
ഒരു പക്ഷെ, ലോക ചരിത്രത്തില്‍ തന്നെ താങ്കള്‍ക്ക് കിട്ടിയിരിക്കുന്നതു പോലെയുള്ള ഭാഗ്യം ആദ്യത്തേതാണ്. ഭക്ഷണം. താമസ്സം. കൈ നിറയെ പണം. ഒരു കേട്ടെഴുത്തുകാരനെന്ന നിലയില്‍ മറ്റാര്‍ക്കാണ് കിട്ടിയിട്ടുള്ളത്.
ഡോ. ലാസറലി രാജ, കുഞ്ഞുമോനെന്നാണ് അയാളുടെ അമ്മ ഭ്രാന്തി ജാനല്ല വിളിച്ചിരുന്നത്. രണ്ടാനമ്മയും ആദ്യ പെണ്ണുമായ കുഞ്ഞാറുമേരി രാജനെന്നോ, രാജയെന്നോ ഒക്കെ തോന്നിയതു പോലെ വിളിച്ചു. അയാള്‍ സ്വയം ലാസറലി രാജ ആകുകയായിരുന്നു. ആര് ഡോ.ലാസറലി രാജ ആക്കിയെന്നോ വിളിച്ചെന്നോ അറിയില്ല. ഒരു പക്ഷെ, സ്വയം ആയതാകാം, വിളിച്ചതാകാം. അയാളുടെ സര്‍വ്വ കലാശാല ജീവിതമായിരുന്നതിനാല്‍ ഡോക്ടര്‍ ബിരുദം ഏതു വിഭാഗത്തിലെന്നറിയില്ല. ഇവിടെ ഏതെങ്കിലും യൂണിവേഴ്സ്സിറ്റി കല്പിച്ചു കൊടുത്തതാണോ, വില കൊടുത്തു വാങ്ങിയതാണോ എന്നറിയില്ല. കഴിഞ്ഞ തവണത്തെ പത്മശ്രീ അവാര്‍ഡിന് തമിഴ് നാട്ടില്‍ നിന്നും ഒരു റെക്കമെന്‍റേഷന്‍ പോയിട്ടുണ്ടായിരുന്നു. ഇപ്രാവശ്യം ലഭിക്കുമെന്നാണ് രഹസ്യമായ അറിവ്. ആദ്യം ചെയ്ത ജോലി കുഞ്ഞാറുമേരിയുടെ കടയിലെ പാത്രം കഴുകലായിരുന്നു. അവിടെ നിന്നും മുങ്ങിയിട്ട് പൊങ്ങിയപ്പോള്‍ കുഞ്ഞാറുമേരിയോടു പറഞ്ഞത് പന്നി മലത്തലും മുച്ചീട്ടു കളിയും കിലിക്കിക്കുത്തു കളിയുമായിരുന്നു ജോലിയെന്നാണ്. ഉത്സവ പറമ്പുകളില്‍, അടുത്ത നഗരങ്ങളിലെ ചന്തകളില്‍ ഒക്കെ ആയിട്ട്. ഇന്നച്ചനായിരുന്നു ഗുരു. ഇന്നച്ചനെകുറിച്ച് മുച്ചീട്ടു കളിക്കാരന്‍ എന്നൊരു കഥ വെബില്‍ വായിക്കാന്‍ കിട്ടും. സമ്പന്നന്‍, രാഷട്രീയ സാംസ്കാരിക, ഉദ്യോഗ കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവന്‍, കൊല്ലും കൊലയും ആശ്രിത വൃന്ദങ്ങളും സ്വന്തമായൊരു സാമ്രാജ്യവും തീര്‍ത്തവന്‍….. അയാളെ കണ്ട് പഠിക്കുകയായിരുന്നു ഡോ. ലാസറലി രാജ.
ഇനി പറയാന്‍ പോകുന്നതും ഒരു കഥയാണ്. ഇനിയും ഇതു പോലെ പല കഥകളും ഞങ്ങള്‍ വഴി നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കും. അതിനു മുമ്പ് ഞങ്ങളാരെന്ന് പരിചയപ്പെടുത്താം. ഒരു റാഡിക്കല്‍ ഗ്രൂപ്പാണ്. ഡോ. ലാസറലി രാജയെന്ന മഹാത്മാവിന്‍റെ മഹത്തായ സേവനം കൊണ്ട് ജീവിതത്തില്‍ പോറലേല്‍ക്കേണ്ടി വന്നിട്ടുള്ള ഒരു പറ്റം ജീവിതങ്ങള്‍. ഒരു ദിവസം ഒരു പൊട്ടിത്തെറിയായി ചിന്നിച്ചിതറി ഡോ. ലാസറലിയുടെ സാമ്രാജ്യം തകര്‍ത്ത് ആഘോഷിക്കാനാണ് കരുക്കള്‍ നീക്കുന്നത,് ഒരുങ്ങിക്കെണ്ടിരിക്കുന്നത്. കൂടുതല്‍ വിവരണങ്ങള്‍ ഭാവിയിലാകാം. ഇപ്പോള്‍ കഥ കേള്‍ക്കുക.
വേലി പത്തലെന്നും വേലിയെന്നും കേട്ടിട്ടുണ്ടോ. ഒരു പക്ഷെ, താങ്കള്‍ കണ്ടിട്ടുണ്ടാകാം. ഇല്ലെങ്കില്‍ ഒന്ന് വിവരിക്കാം. മുള വെട്ടിയെടുത്ത് അതില്‍ വണ്ണം കൂടിയ ഭാഗത്തെ മൂന്നോ നാലലോ അടി നീളത്തില്‍ കഷണങ്ങളാക്കി സ്ഥലത്തിന്‍റെ അതിരുകളില്‍ നാട്ടി, മുള ശിഖരങ്ങള്‍ കൊണ്ട്, നാട്ടിയ പത്തലുകളെ പരസ്പരം ബന്ധിപ്പിച്ച് കെട്ടു കമ്പി ഇപയോഗിച്ച ബന്ധിപ്പിച്ചു നിര്‍ത്തുന്നതിനെയാണ് മുള്ളു വേലിയെന്നു പറയുന്നത്. പണ്ട് ഗ്രാമങ്ങളില്‍ മതിലുകള്‍ വരുന്നതിന് മുമ്പ് മുള്ളു വേലികളായിരുന്നു അതിരുകള്‍ തിരിച്ചിരുന്നത്. എന്‍റെ അച്ഛന് വീതത്തില്‍ കിട്ടിയ ഒന്നരയേക്കര്‍ സ്ഥലത്തിന്‍റെ വടക്കേ അതിരില്‍ ഇപ്പോഴും പണ്ടു കെട്ടിയ ആ മുള്ളു വേലി നിലനിര്‍ത്തിയിട്ടുണ്ട്. അതിന്‍റെ ഉറപ്പായിട്ട് തൊണ്ടിയും തേരകവുമൊക്കെ പടരുന്നുണ്ട്. അല്ല, ഇപ്പോള്‍ പറയുന്ന വേലി ആ മുള്ളു വേലിയെ പറ്റിയല്ല. ആധുനീക മുള്ളു വേലിയെപ്പറ്റിയാണ്. ഒരാള്‍ പൊക്കത്തില്‍ കോണ്‍ക്രീറ്റ് കാലുകള്‍ നാട്ടി, മുള്ളുകള്‍ നിറഞ്ഞ കമ്പി വേലി കെട്ടിത്തിരിച്ചിരിക്കുന്ന ഒരു കോര്‍ട്ടേഴ്സ്. കേരളത്തിലെ ഒരു നഗരത്തിന്‍റെ ഓരത്ത് ഇത്തിരി ഉയര്‍ന്ന സ്ഥലത്താണ്. കോര്‍ട്ടേഴ്സുകളില്‍ താമസ്സിക്കുന്നത്, ആ നഗരത്തിന്‍റെ ക്രമസമാധാനം പാലിക്കുന്നവരാണ്, പോലീസുകാര്‍. ഏതാണ്ട് ഇരുപത്തി അഞ്ചോളം വീടുകളുണ്ട്. സര്‍ക്കിള്‍ മുതല്‍ സ്വീപ്പര്‍ വരെ താമസ്സിക്കുന്നു. അതില്‍ കൂടുതല്‍ പേര്‍ താമസ്സിക്കേണ്ടി വരുമ്പോള്‍ അവര്‍ സ്വയം അയലിടങ്ങളില്‍ വീടുകള്‍ വാടകക്കെടുത്തു താമസ്സിച്ചു കൊള്ളും. എല്ലാം ഓടിട്ട വീടുകളാണ്. എല്ലാ വീടുകള്‍ക്കും മുന്നില്‍ കൂടി ടാര്‍ വിരിച്ച പാതയുണ്ട്. ടാര്‍ വിരിച്ച വഴിയും ഓരോ വീട്ടിലേക്കും കയറുന്ന വഴിയും മുറ്റവും ഒഴിച്ചുള്ള ഇടങ്ങളെല്ലാം കാട് പിടിച്ചു കിടന്നിരുന്നു, ഇരുപതു വര്‍ഷങ്ങള്‍ക്ക മുമ്പ്. പക്ഷെ, ഒരു വീടിന്‍റെ മാത്രം മുറ്റം കൂടാതെ മൂന്നു പുറങ്ങളും ചെത്തി വെടിപ്പാക്കി വഴുതനയും വെണ്ടയും പയറും കാന്താരി മുളകും പച്ച മുളകും നട്ടു വളര്‍ത്തിയിരുന്നു. ഏതു കാലത്തും ഏതെങ്കിലുമൊക്കെ വിളവെടുക്കാന്‍ വിധം പാകമായി നില്ക്കുന്നതു കാണാമായിരുന്നു. അത് എ എസ്ഐ സോമശേഖരന്‍റെ വീടാണ്. അയാളുടെ ഭാര്യ സതിയും പതിനൊന്ന് വയസ്സുള്ള മകനുമാണ് അവിടെ താമസ്സിക്കുന്നത്. അയാള്‍ കൃത്യമായിട്ട് ഓഫീസില്‍ പോയി ഇടവേളകളില്‍ കൃഷി ചെയ്തു. അയാളെ സഹായിക്കാന്‍ സതിയും കൂടുന്നു. അയാളുടെ രക്തത്തില്‍ കൃഷിയുടെ പാഠങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. നാട്ടില്‍ അച്ഛനും ചേട്ടന്മാര്‍ക്കുമൊപ്പം അയാളും കൃഷിക്കാരനായിരുന്നു. അവിടെയും അവര്‍ കപ്പയും ചേനയും ചേമ്പും വഴുതനയും കാന്താരിയുമൊക്കെ വളര്‍ത്തിയാണ് ജീവിച്ചു വന്നിരുന്നത്. സുഖവും സമാധാനവുമായി കഴിഞ്ഞിരുന്ന അയാളുടെ ജീവിതത്തെ ഉലച്ചു കളഞ്ഞൊരു കാര്യമുണ്ടായി, ഒരു കേസന്വേഷണം, അതൊരു കൊലപാതകമായിരുന്നു. പന്നി മലര്‍ത്തു കേന്ദ്രത്തിലുണ്ടായ ഒരു വാക്കു തര്‍ക്കത്തില്‍ നിന്നുമണ്ടായത്.
നേരം പുലര്‍ന്നപ്പോള്‍ കനാല്‍ക്കരയില്‍, കനാല്‍ക്കര മെറ്റല്‍ വിരിച്ച റോഡായിരിന്നു, പഴയൊരു അമ്പാസിഡര്‍ കാറില്‍ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു കിടക്കുകയായിരുന്നു. അത് അടുത്ത നഗരത്തിലെ ഒരു സ്വര്‍ണ്ണ വ്യാപാരി, അയാള്‍ കടയടച്ചു കഴിഞ്ഞ് നിത്യവും ഈ രഹസ്യ കേന്ദ്രത്തില്‍ ചീട്ടു കളിക്കെത്തും. ചീട്ടു കളിയാണ് പന്നി മലര്‍ത്ത്. ഒരു കുത്ത് ചീട്ട് കശക്കി രണ്ടായി പകുത്ത് മലര്‍ത്തി ഇട്ടു കൊണ്ടിരിക്കും. അങ്ങിനെ മലര്‍ത്തിയിട്ടു കൊണ്ടിരിക്കുന്ന അമ്പത്താറു ചീട്ടില്‍ ഒന്ന് സെലക്ട് ചെയ്ത,് അത് ഇന്ന പകുതിയില്‍ വീഴുമെന്ന് പ്രഖാപിക്കുന്നു. അതിനായി പണം വാതു വക്കുന്നു. വീഴുന്നത് ശരിയാകുകയാണെങ്കില്‍ അയാള്‍ വിജയിയാകുന്നു. അയാള്‍ക്ക് ഇരട്ടി തുക ലഭിക്കുന്നു. ശരിയായില്ലെങ്കില്‍ വാതു വച്ച തുക കളിക്കാരനിലേക്ക് പോകുന്നു. ആ കളിക്കാരന്‍ ലാസറലിയെന്ന കുഞ്ഞുമോനായിരുന്നു. അയാള്‍ക്കൊപ്പം ഒരു സംഘം തന്നെ ഉണ്ടായിരുന്നു. ഏ എസ്സ് ഐ സോമശേഖരന്‍റെ അന്വേ ഷണം എത്തി നിന്നത് ലാസറലിയിലായിരുന്നു. വാതു വച്ച് ജയിച്ച് വലിയൊരു തുകയുമായി സ്വര്‍ണ്ണ വ്യാപാരി രാത്രി വളരെ ഇരുട്ടിക്കഴിഞ്ഞ് മടങ്ങവെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല നടത്തുകയായിരുന്നു. പക്ഷെ, സോമശേഖരന്‍ ഏ എസ് ഐയുടെ കണ്ടെത്തലുകളെ നിയമത്തിന്‍റെ മുന്നിലെത്തിക്കാനായില്ല. അയാള്‍ ഒരു ആക്സിഡന്‍റില്‍ മരിച്ചു. അതിനെ കുറിച്ചും അന്വേഷണങ്ങള്‍ ഉണ്ടായി. ആ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആക്സിഡന്‍റു തന്നെയെന്ന് വ്യക്തമാക്കപ്പെട്ടു. സോമശേഖരന്‍ എന്ന ഏ എസ് ഐയുടെ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും, അതിന് വണ്ടിയൊ, വണ്ടിയുടെ ഡ്രൈവറോ ഉത്തരവാദിയല്ലെന്നും വാദങ്ങളുന്നയിച്ച് കഥകളവസാനിച്ചു. എങ്കിലും മരിച്ചന്‍റെ അവകാശികള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനിക്കാര്‍ നല്ലൊരു തുക നഷ്ട പരിഹാരം നല്‍കി. ഗ്രാറ്റ്വിറ്റിയും പ്രോവിഡന്‍റ് ഫണ്ടും ലൈഫ് ഇന്‍ഷ്വറന്‍സുമൊക്കയായി നല്ലൊരു തുക ലഭിച്ചു. അവരുടെ മകന്‍ പ്രായപൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍ ജോലിയും കൊടുത്തു. സതിയും മകനും, മകന്‍റെ ഭാര്യും മക്കളും സന്തോഷത്തോടെ ജീവിക്കുന്നു.
ഇക്കഥയും കഥാപാത്രങ്ങളും ശരിയായിരിക്കില്ല. എന്നാണ് സുദേവിന് ആദ്യം തോന്നിയത്. ഒരു പക്ഷെ, സത്യവുമായിരിക്കാം. കഥാപാത്രങ്ങളും കഥ നടക്കുന്ന സ്ഥലവും സാങ്കല്പീകമായിരിക്കാം. സംഭവങ്ങള്‍ ശരിയുമായിരാക്കാം. ലാസറലിയെക്കുറിച്ച് അറിയുന്നതൊന്നും ഒഴിവാക്കാന്‍ കഴിയാത്തതുകളാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്നത്. ഒരിതിഹാസത്തിലെ തമോഗുണം അധികമാര്‍ന്നൊ പൂര്‍ണ്ണ കഥാപാത്രം. ഇതിഹാസങ്ങളില്‍ അധികവും അങ്ങിനെയുള്ള കഥാപാത്രങ്ങളാണ് കാണാന്‍ കഴിയുന്നത്. ഒരു പക്ഷെ, നിത്യജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് ഇറങ്ങി അറിയാന്‍ ശ്രമിച്ചാല്‍, പഠിച്ചാല്‍ കാണാന്‍ കഴിയുന്നതും അപ്രകാരം തന്നെയായിരിക്കാം. വന്നു, വന്ന് ഏതു ദിശയിലേക്ക് എഴുത്തിനെ നയിക്കണമെന്ന ചിന്ത സുദേവിന്‍റെ മനസ്സിനെ കലുഷമാക്കി തുടങ്ങിയിരിക്കുന്നു. സത്ഗുണ സമ്പന്നനായ ദേവപ്രകൃതനായൊരു മനുഷ്യനെ അവതരിക്കുന്നൊരു ആത്മകഥ. ആത്മകഥാകാരന്‍റെ തിക്താനുഭവങ്ങളെ മുന്‍ നിര്‍ത്തി കുറെ സ്വതന്ത്രമായ ചെറുകഥകള്‍, യഥാര്‍ത്ഥ ജീവിതത്തിന്‍റെ ഏടുകളില്‍ തികച്ചും രാക്ഷസീയമായ തമോഗുണപ്രദമായ ഭാവങ്ങളും. ഒരിക്കലും ഒരിടത്തും എത്തിപ്പെടാന്‍ കഴിയാതെ അലങ്കോലമായി തീര്‍ന്നിരിക്കുന്നു മനസ്സ്.
@@@@@