Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം ഇരുപത്തിമൂന്ന്
കവാടത്തിലെ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ്, പോര്‍ച്ചില്‍ സുദേവിനെ ഇറക്കി കാര്‍
എവിടയോ പോയി മറഞ്ഞു. കൊച്ചി നഗരത്തിലെ മാമങ്കലത്തെ വീഥിയില്‍, തുടര്‍ന്ന് വന്ന യാത്രയില്‍ അനുഭവപ്പെട്ട ഹൃദയ സംഘര്‍ഷം പോര്‍ച്ചില്‍ ഇറങ്ങി നിന്നപ്പോള്‍ അനുഭവപ്പടുന്നില്ലെന്ന് അവനു തോന്നി. സുഖശീതളിമയുള്ള അന്തരീക്ഷത്തില്‍ എത്തിയപ്പോള്‍ മനസ്സും ശാന്തമായിരിക്കുന്നു. വീടിന്‍റെ മുന്‍ കതക് തുറന്ന് ഒരു സുന്ദരിക്കുട്ടി സ്വാഗതം ചെയ്തു. അവളുടെ മുഖത്ത് വിരിഞ്ഞു നില്‍ക്കുന്ന പുഞ്ചിരിക്ക് അസാധാരണമായ ഒരു മധുരം. ആ മധുരിമ നുകര്‍ന്ന് അകത്തു കയറി സെറ്റിയില്‍ അമര്‍ന്നപ്പോള്‍ പിന്നില്‍ ഡോര്‍ അടയുകയും സ്വീകരിച്ച പെണ്‍കുട്ടി
മുറിയില്‍ നിന്ന് അന്തര്‍ധാനം ചെയ്യുകയും മറ്റൊരു സുന്ദരി ഡ്രെയില്‍, നീണ്ട ഗ്ലാസില്‍ നിറഞ്ഞു തുളുമ്പും വിധത്തിലൊരു പൈനാപ്പിള്‍ ജ്യൂസുമായിട്ടെത്തി അവനെ ഉപചാരം ചെയ്ത് മടങ്ങി. ജ്യൂസ് നാവില്‍ തൊട്ട് അന്ന നാളം വഴി ആമാശയത്തിലെത്തുന്നതു വരെ തണുപ്പോടു കൂടി അനുഭപ്പെടുത്തിയ അവാച്യമായ സ്വാദ് സുദേവിനെ പുളകം കൊള്ളിച്ചു.
ഉളളില്‍ ശയ്യയില്‍, അനന്തശയനത്തിലെ പത്മനാഭനെപ്പോലെ പാര്‍ശ്വം ചരിഞ്ഞ് കിടന്ന് മേരി, സുദേവ് ഗെയിറ്റ് കടന്ന് വന്ന്, ഡോറ് കയറി സ്വീകരണ മുറിയില്‍ ഇരുന്ന് ഉപചാരങ്ങള്‍ ഏറ്റു വാങ്ങുന്നത് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുകയാണ്. അടുത്തു നിന്ന് ഒരു പെണ്‍കുട്ടി അവനെ
പരിചയപ്പെടുത്തുന്നുമുണ്ട്. പുതിയ ക്ലയന്‍റാകുമ്പോള്‍ ഇതുപോലുള്ള ഫോര്‍മാലിറ്റീസ് വളരെ കൃത്യമായിട്ട് സൂക്ഷിക്കാറുണ്ട,. അവര്‍.
സുദേവ്, മുപ്പത്തിയഞ്ച് വയസ്സ് എഴുത്തുകാരനാണ്. മോഹം കൊണ്ട് വന്നതാണ്. സമ്പന്നനല്ല. ആദ്യമായിട്ടാണ് ഇങ്ങിനെയൊരിടത്ത് സന്ദര്‍ശിക്കുന്നത്.. മറ്റ് ക്ലബ് സന്ദര്‍ശനങ്ങളുമില്ല. ഒരു ശുദ്ധന്‍റെ മട്ടാണ്, സൗമ്യനാണ്…
ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമോ…?
ഇല്ല മാം…
അത് നിനക്കെങ്ങനെ അറിയാം….?
മേരിയുടെ മറു ചോദ്യം പെണ്‍കുട്ടിയുടെ വായടപ്പിച്ചു. അവള്‍ ഒന്നു പതറി. കമ്പ്യൂട്ടറില്‍ തന്നെ നോക്കി കിടക്കുന്ന മേരിയെ പെണ്‍കുട്ടി ഭയത്തോടെ നോക്കി.
മേരി ലാസറലി ആദ്യം കണ്ടകാലത്തെ മേരിയല്ല. കറുപ്പില്‍ നിന്നും സ്വര്‍ണ്ണ വര്‍ണ്ണത്തിലെത്തിയിരിക്കുന്നു. പനങ്കുലപോലുള്ള മുടിയുടെ ഉള്ള് നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ, കറുത്ത പനങ്കുല വിരിഞ്ഞ തെങ്ങില്‍ പൂങ്കുല പോലെ ആയിട്ടുണ്ട്. ഒരു പ്രത്യേക വശ്യത വന്നു ചോര്‍ന്നിരിക്കുന്നു. മുഖത്ത് ഗര്‍വ്വും സംസാരത്തില്‍ അധികാര സ്വരവും കണ്ണുകളില്‍ ശക്തി സ്ഫുലിംഗങ്ങളും നെറ്റിയില്‍ ചുവന്ന വലിയ സിന്ദൂരക്കുറിയും തിളങ്ങുന്ന, ലക്ഷങ്ങള്‍ മതിക്കുന്ന ചേലയും വിദേശ സുഗന്ധങ്ങളും എഴുപതുകാരിയെങ്കിലും ഇപ്പോഴും അങ്കത്തിന് സന്നദ്ധയായ യൗവന പ്രസരിപ്പുമുണ്ട്.
ആരാ അവനെ റെക്കമെന്‍റ് ചെയ്തത്….?
തോമസ്സ്…
ആരാണവന്‍…….?
നമ്മുടെ പ്രധാന പിമ്പുകളില്‍ ഒരാളാണ്…?
വിളിക്കവനെ…
പെണ്‍കുട്ടി ഫോണില്‍ വിളിക്കുന്നു.
ഞാന്‍ സവിതയാണ് മേരി മാഡത്തിനടുത്തു നിന്നും….സുദേവിനെ കുറിച്ചറിയാന്‍…. ഏസ്…. ഏസ്….ഓക്കെ…എന്നുമില്ല…. ഓക്കെ….
അവള്‍ ഫോണ്‍ ഓഫാക്കി പറഞ്ഞു.
തോമസ്സിനു മുമ്പ് പരിചയമില്ല…
പിന്നെ…?
സുദേവ് ഇപ്പോള്‍ താമസ്സിക്കുന്നത് ലാസറലിയിടത്താണ്. ഡോ. ലാസറലി രാജയുടെ ആത്മകഥയെഴുതുന്ന ജോലിയാണ്…
രാജായെ വിളിക്ക്….
പെണ്‍കുട്ടി ഫോണില്‍ വിളിക്കുന്നു.
സാര്‍, മേരി മാഡത്തിന്‍റെ അടുത്തു നിന്നാണ്…
പെണ്‍കുട്ടി ഫോണ്‍ മേരിക്ക് കൊടുക്കുന്നു. മേരിയുടെ മുഖം ചുവക്കുകയും കണ്‍തടങ്ങളില്‍ നാണം പൂക്കള്‍ വിരിയുകയും ചെയ്യുന്നുണ്ട്. കാമുകി കാമുകനെ രഹസ്യമായി വിളിക്കുന്നതിന്‍റെ ഭാവങ്ങള്‍ ആ മുഖത്ത്. പെണ്‍കുട്ടി മന്ദഹസിക്കുന്നു. മേരിയുടെ മുഖത്ത് വിരിയുന്ന ശൃംഗാര ഭാവങ്ങള്‍ അവര്‍ നേരത്തെ തന്നെ കണ്ടിട്ടുള്ളതാണെന്ന് അവളുടെ മുഖം പറയുന്നുയണ്ട്. നീ എന്തിനിവിടെ നില്‍ക്കുന്നു വെന്ന് ദ്യോതിപ്പിക്കും വിധം മേരി പോണ്‍കുട്ടിയെ നോക്കുന്നു. പെണ്‍കുട്ടി അത് മനസ്സിലാക്കി മുറി വിട്ടു പോകുന്നു. പക്ഷെ, അവള്‍ മുറിക്കു പുറത്തിറങ്ങി കതകിന് മറവില്‍ നില്‍ക്കുന്നതേയുള്ളൂ….
രാജാ… ആ സുദേവിനെ എന്തിനാണയച്ചത്…?
സുദേവിനെ…. ഇല്ല…. ഞാനയച്ചിട്ടില്ല.
പിന്നെ അവനിവിടെ….?
അവനറിയാതെ എത്തിയതാകാം…
അല്ല… അവനറിഞ്ഞെത്തിയതു തന്നെയാണ്…. അതെന്തിനാണെന്നറിയണം… അവനൊരു ഇടപാടുകരനല്ല…. അതു സത്യം… അവന് മറ്റെന്തോ ഉദ്ദേശമുണ്ട്… അവന്‍ രാജായുടെ കഥയെഴുതുകയാണോ…?
അതെ…
രാജായുടെ കഥയില്‍ മേരിക്കോന്താ സ്ഥാനം….?
അതോരു ചീത്ത കഥയല്ല… നല്ല കഥയാണ്…. മേരിയും നല്ല സ്ത്രീയാണ്…
എഴുതുന്നത് ആണല്ലെ… മേരിയെപ്പറ്റി നല്ലതായി ചിന്തിക്കുമോ…?
തീര്‍ച്ചയായും…
എനിക്ക് തേന്നുന്നില്ല…
ഇല്ല, മേരി ഞാന്‍ സത്യമാണ് പറയുന്നത്…
കഥയിലെങ്ങാനും മേരി വേശ്യയും വേശ്യാലയം നടത്തുന്നവളും മേരിയുടെ മോന്‍ ഗുണ്ടുയമായാല്‍..
ഒരിക്കലുമില്ല… ആത്മകഥ നമ്മളെഴുതിക്കുന്നതാണ്… അതു നല്ലാതായിട്ടു ചെയ്യിക്കാനാണ് ഇവിടെ താമസ്സിപ്പിച്ച് ചെല്ലും ചെലവും കൊടുത്ത് എഴുതിക്കുന്നെ…അവന്‍ നമ്മളു പറയുന്നതു വിട്ട് ചെയ്യില്ല..
എങ്കിലും അവനെ ഒന്ന് ശ്രദ്ധിക്കണം… അവന്‍റെ പൊറകില്‍ മറ്റാരോകൂടിയുണ്ട്…
ഹേയ്…..
ഹേയ് അല്ല, നോക്കണം…
ഏസ്…ഏസ്…. തീര്‍ച്ചയായും…
ജ്യൂസ് കഴിച്ച് പതിനഞ്ച് മിനിട്ടു കഴിഞ്ഞിട്ടും ആരെയും കാണാതെ വന്നപ്പോള്‍ സുദേവിന് അലോരസം തോന്നിത്തുടങ്ങി. എവിടെ ആയാലും പണമടച്ച് കാത്തു നില്‍ക്കുമ്പോള്‍ ഉപഭോക്താവിന് തോന്നു ദേഷ്യം… യഥാര്‍ത്ഥത്തില്‍ അവന് അനുവദിച്ചു കിട്ടേണ്ട പരിഗണന… അത് ഉപഭോക്താവിനോടുള്ള പരിഗണനയ മാത്രമല്ല്ല. പണത്തിനോട് മനുഷ്യന്‍ കാണിക്കുന്ന കീഴ്വഴക്കം കൂടിയാണ്. അതു കിട്ടാതെ വരുമ്പോഴുള്ള ദേഷ്യം, സുദേവിന് തോന്നിത്തുടങ്ങിയിരിക്കുന്നു. അവന്‍ ഇരിപ്പില്‍ നിന്നും എഴുന്നേറ്റു. ചുവരില്‍ തൂക്കിയിരിക്കുന്ന ചിത്രങ്ങളെ കാണാന്‍ അടുത്തേക്ക് നീങ്ങി. ആധുനീക ചിത്രങ്ങളെ മനസ്സിലാക്കാന്‍ അവന്‍റെ മനസ്സ് കൂട്ടാക്കിയില്ല. ചിത്രങ്ങളെ വിട്ട് ഷോക്കേസില്‍ വച്ചിട്ടുള്ള ശില്പങ്ങളിലേക്ക് ചെന്നു. അവാര്‍ഡുകള്‍ക്ക് കൊടുക്കുന്ന ശില്പങ്ങളാണതെല്ലാം. എന്തെല്ലാമോ ആലേഖനം ചെയ്തിട്ടുണ്ട്. ഷോക്കേസില്‍ വെളിച്ചം കുറവായതുകൊണ്ട് വായിക്കാനിയില്ല. എന്തിനുള്ള അവാര്‍ഡുകളായിരിക്കാം… കാമ കലക്കുള്ളതോ… സമ്പന്നരുടെ പാരിതോഷികങ്ങളുമാകാം… ഷോക്കേസിനെ വിട്ട് പുസ്തകങ്ങളുടെ അലമാരയിലേക്ക് സുദേവ് നീങ്ങി. അവിടെ ഷേക്സ്പിയറും ഷെല്ലിയും കാഫ്കയും കാളിദാസനും മാര്‍ക്ക്വിസും…. ഒഥല്ലൊയും ഒഡിസിയും… അന്നകരീനയും യുദ്ധവും സമാധാനവും ബൈബിളും ഖുറാനും ദഗവത്ഗീതയും മുട്ടത്തു വര്‍ക്കിയും പൊന്‍കുന്നം വര്‍ക്കിയും… കേശവദേവും ഓവിയും ഓ എന്‍വിയും എം ടിയും പത്മനാഭനും…. അയ്യപ്പപണിക്കരും അയ്യപ്പനും….
മുന്‍ വാതില്‍ ശക്തിയായി തുറന്ന് അലോരസമുണ്ടാക്കും വിധമാണവന്‍ ഉള്ളിലേക്ക് വന്നത്. സുദേവ് ഓന്ന് ഞെട്ടിപ്പോയി. ക്രിയാത്മക സൃഷ്ടി കര്‍ത്താക്കളെ, അവരുടെ സൃഷ്ടി വ്യത്യാസങ്ങളെ കുറിച്ച് ചിന്തിച്ച് മനസ്സ് പരിസരം വിട്ട് പോയിരുന്നു. അങ്ങിനെ ആയിക്കൂടാത്തതാണ്. ഇങ്ങിനെയൊരിടത്ത്, സാഹചര്യത്തില്‍…
അസാധാരണ വലിപ്പവും കരുത്തുമുള്ള ദേഹം, ഇരുണ്ട വസ്ത്രങ്ങളും … സുദേവിന് അവന്‍റെ മുഖം എവിടയോ കണ്ടതിന്‍റെ ഓര്‍മ്മ….
ഞാന്‍ ജിനോ…. തമ്മനം ജിനോയെന്ന് അപരനാമം. ലാസറലിയുടെ മകന്‍, മേരിയുടെ മകന്‍. താനെന്തിനിവിടെ വന്നു….?
അപ്രതീക്ഷിതമായൊരു പ്രതി സന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങളെന്ന് സുദേവിന് തോന്നി. തോമസ്സെന്ന ഇടനിലക്കാര്‍ വഴിയാണ് ഇവിടെയെത്തിയതെങ്കിലും ഈ തോമസ്സിനെ നേരിട്ട് അറിയില്ല. ലത പരിചയപ്പെടുത്തിയതു വഴി തോമസ്സിനോട് ഫോണില്‍ സംസാരിക്കുകയും ഇവിടത്തേക്കുള്ള ഗതി നിയന്ത്രിക്കപ്പെടുകയുമായിരുന്നു. പതിനായിരം രൂപയും പോയി പ്രതിസന്ധിയില്‍ പെടുകയും ചെയ്തിരിക്കുന്നു..
തോമസ്സു വഴിയാണിവിടെ വന്നത്…..
അതു മനസ്സിലായി…. തോമസ്സിനെ ബന്ധപ്പെടുത്തി തന്ന ആളിനെയാണെനിക്കു വേണ്ടത്…
അങ്ങിനെ ഒരാളില്ല…
നോ… നീ കള്ളനാണ്… പെരും കള്ളന്‍…അപ്പന്‍റെ ജീവിത കഥയെഴുതാന്‍ വന്നവന്‍ ഇവിടെയെന്തിനു വന്നു…..?
അപ്പന്‍റെ ജീവിത കഥയുമായിട്ട് ഇതിന് ബന്ധിമില്ല. ഇവിടെ വില്പനക്ക് വച്ചിരിക്കുന്നത് വാങ്ങുകയെന്ന ഒരൊറ്റ ഉദ്ദേശമേയുള്ളൂ…
അല്ല… നിനക്ക് അബ്ദുള്‍ ഖാദറിനെ അറിയുമോ… മണികണ്ഠനെ അറിയുമോ…?
ഇല്ല… എനിക്കറിയില്ല…. നിങ്ങള്‍ക്ക് താല്പര്യയമില്ലെങ്കില്‍ എന്‍റെ പണം തിരിച്ചു തന്നാല്‍ ഞാന്‍ പൊയ്ക്കൊള്ളാം…
പണം തിരിച്ചു തരും നീ പോവുകയും ചെയ്യും. പക്ഷെ, എനിക്ക് അവരുമായുള്ള നിന്‍റെ ബന്ധം അറിയണം…അപ്പന്‍റെ ആത്മകഥയെഴുതുന്നതില്‍ അവര്‍ക്കെന്തു കാര്യം…?
എനിക്കറിയില്ല… അവരെയും നിന്‍റെപ്പനുമായുള്ള അവരുടെ ബന്ധവുമറിയില്ല… അറിയുകയും വേണ്ട… എനിക്ക് ലാസറലിയോട് മാത്രമാണ് കമ്മിറ്റ്മെന്‍റുള്ളത്…. അദ്ദേഹം പറയും പോലെയാണ് ആത്മകഥയെഴുതുന്നതും… അത് ആര് തടഞ്ഞാലും ചെയ്യുക തന്നെ ചെയ്യും… അതെന്‍റെ തൊഴിലാണ്… കൂലിയും വാങ്ങുന്നുണ്ട്…
ദെന്‍ ഔട്ട്….
ഏസ്…
ഈ മുഖം സുദേവിന് ഓര്‍മ്മ വന്നു. പത്രത്തില്‍ കണ്ടിട്ടുള്ളതു തന്നെ. ഏതോ ഒരു കൊലപതകവുമായിട്ട് ബന്ധപ്പെട്ട്…ഗുണ്ട…. വാടകക്കൊലയാളി….
നൗ ഔട്ട്….
അവന്‍റെ കണ്ണുകള്‍ ക്രൂരമായിരിക്കുന്നു. മുഖം കൂടുതല്‍ കറുത്തിരിക്കുന്നു.
പോര്‍ച്ചില്‍ സുദേവിനായി ഇവിടേക്ക് വന്ന കറുത്ത സ്കോര്‍പ്പിയോ കാത്തു കിടപ്പുണ്ടായിരുന്നു. വാഹനത്തില്‍ കയറിയപ്പോള്‍ തന്നെ പതിനായിരം രൂപ ഡ്രൈവര്‍ അവന് നല്‍കുകയും ചെയ്തു.
സുദേവ് രാവിലെ ഉണര്‍ന്നത് നിവേദിതയുടെ ഫോണ്‍ കേട്ടിട്ടാണ്. തലേന്നാളത്തെ മാനസ്സിക ആഘാതത്താല്‍ രാവിലെ ജോഗിംഗ് വേണ്ടെന്നു വച്ചു. വളരെ വൈകിയാണുറങ്ങിയത്. അമിതമായി മദ്യപിക്കുകയും ചെയ്തു. എന്നിട്ടും വളരെ വൈകി. ഫോണ്‍ റിംഗ് കേട്ടിട്ടും കണ്ണു തുറന്ന് നോക്കി ആരെന്ന് നിജപ്പെടുത്താതെ തന്നെ ഫോണ്‍ എടുത്തു.
രാത്രി ഞങ്ങളുടെ പത്ര ഓഫീസിനടുത്ത് ഫ്ളാറ്റില്‍ ഒരു മര്‍ഡര്‍ നടന്നിട്ടുണ്ട്…. പോഷ് ഫ്ളാറ്റാണ്. വി ഐ പികള്‍ മാത്രം കൈവശം വച്ചിരിക്കുന്നത്. കൊല്ലപ്പെട്ടിരിക്കുന്നത് ഒരു പുരുഷനാണ്. മുപ്പത്തിയഞ്ച് നാല്പതുവയസ്സ്… കൊലയ്ക്കു പിന്നില്‍ ഒരു ഗുണ്ടാ സംഘമാണ്. നഗരത്തില്‍ ആഴത്തില്‍ വേരുകളുള്ള സംഘം… തമ്മനം ജിനോയുടെ ഗ്രൂപ്പാണെന്നു കേള്‍ക്കുന്നു.
സുദേവ് പിടഞ്ഞെഴുന്നേറ്റു. ശക്തിയായ തലവേധന. മുറിയാകെ മദ്യത്തിന്‍റെ, സിഗററ്റിന്‍റെ ഗന്ധം. നിവേദിത പറയുന്നതു കേട്ടുകൊണ്ട് ജനാലയെ തുറന്നിട്ടു. പുറത്ത് സൂര്യരശ്മികള്‍ക്ക് ശക്തികൂടിയിരിക്കുന്നു. ഒന്‍പതു മണി ആയതിന്‍റെ ചൂട്.
ഞാന്‍ വരുന്നുണ്ട്, നിവേദിതയെ കാണാന്‍ പറ്റുമോ…?
നോക്കാം… തിരക്കുള്ള ദിവസമാണ്. നാളത്തെ എഡിഷന്‍ സ്പെഷ്യലാണ്. ക്ലാസിഫൈഡ് ആഡുകള്‍ കൂടുതലുള്ള ദിവസം. ചില സ്ഥാപനങ്ങളുടെ ഫീച്ചറുകള്‍ കൊടുക്കാനുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ ഒക്കെയുള്ള ഫീച്ചര്‍. എഴുത്തിന്‍റെ പണി എനിക്കാണ്. നെറ്റില്‍ നിന്നും ഡീറ്റെയില്‍സ് കളക്ട് ചെയ്യണം.
വരാം… സൗകര്യമാണെങ്കില്‍ സംസാരിക്കാം…… ആ മരണവുമായിട്ട് നമുക്കെന്തോ ബന്ധമുണ്ട്… ഞാനിന്നലെ മേരിയെ കാണാന്‍ പോയിരുന്നു.
കുഞ്ഞാറുമേരിയെ…?
ഉം…
എവിടെ…?
കാക്കനാട്…
അതും ഇതുമായിട്ട്…?
നേരിട്ട് പറയാം…..
ഫോണ്‍ ഡിസ്കണക്ട് ചെയ്ത് കുളിച്ചു തയ്യാറാകാന്‍ ഒരുങ്ങിയപ്പോഴേക്കും ലാസറലി വിളിച്ചു.
ഏസ് സാര്‍…
ഇന്നലെ മേരിയെ കാണാന്‍ പോയിരുന്നല്ലെ…?
ഉവ്വ്…
വേണ്ടിരുന്നില്ല… അതത്ര ബുദ്ധിയായില്ല… അവിടെ എത്താന്‍ നിങ്ങള്‍ കാണിച്ച അതി ബുദ്ധി ശരിയായില്ല… അവന്, ജിനോയ്ക്ക് ഇഷ്ടമായിട്ടില്ല. നമുക്ക വൈകിട്ട് മീറ്റു ചെയ്യണം. നമ്മുടെ സ്ഥാപനത്തിന്‍റെ ഒരു സുഹൃത്ത് മരിച്ചിട്ടുണ്ട്. അവിടെ പോയിട്ടു വന്നിട്ട്, രാത്രിയിലാകാം…
ഏസ്…
കണക്കു കൂട്ടലുകളും യാത്രകളും വഴികളും പിഴയ്ക്കുന്നതു പോലെ സുദേവിന് തോന്നി. ആവശ്യമില്ലാത്തൊരു കുരുക്കിലേക്ക് നിങ്ങിയിരിക്കുന്നതായിട്ടും. സ്വന്തം സുരക്ഷിതത്വത്തേക്കാള്‍ കൂടെ നില്‍ക്കുന്നവരുടെ കാര്യത്തിലാണ് ഒരു ആശങ്ക…. നിവേദിത….
ഇന്നലത്തെ യാത്രയുമായിട്ട് കൊലപാതകത്തിനെന്തോ ബന്ധമുള്ളതുപെലെ ഒരു തോന്നല്‍. മരിച്ച വ്യക്തിക്ക് ലതയെന്ന ഫോണ്‍കാരനുമായിട്ടന്തായിരിക്കാം ബന്ധം….. അയാളാണ് കുഞ്ഞാറു മേരിയെക്കാണുന്നതിന് പ്രേരിപ്പിച്ചത്. ജിനോ ചോദിച്ചത് തോമസ്സിനെ കുറിച്ച് അറിയാനല്ല.് അബ്ദുള്‍ ഖാദറെ കുറിച്ചും മണികണ്ഠനെ കുറിച്ചുമായിരുന്നു. യഥാര്‍ത്ഥത്തില്‍ അവരെ അറിയില്ലാത്തതാണ്. പക്ഷെ, ലത അവരുടെ ആളായിരിക്കുമോ…. ജിനോയ്ക്ക് ജനാബ് അബ്ദുള്‍ ഖാദറുമായും മണിക്ഠനുമായും ശത്രുത ഉണ്ടാകുമോ…. ലാസറലിയുടെ വര്‍ഗ്ഗ ശത്രുക്കള്‍ ജിനോയുടേയും ശത്രുക്കളാകുമോ… എല്ലാം ഒത്തു വരുമ്പോള്‍ സുദേവെന്ന എഴുത്തുകാരന്‍റെ അനധികൃതമായ ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഒരു തൊലപാതകം വരെ എത്തിയതായി വന്നു ചേരുമോ…?
കൊച്ചി നഗരത്തിലൂടെ പ്രച്ഛന്ന വേഷനായിട്ട് സുദേവ് ഓട്ടോയില്‍ യാത്ര ചെയ്താണ് കൊലപാതകം നടന്ന ഫ്ളാറ്റിന്‍റെ പരിസരത്തെത്തിയത്. അവിടെമാകെ ചാനലുകാരും പത്രപ്രവര്‍ത്തകരും പോലീസുകാരും കാണികളും നിറഞ്ഞിരിക്കുന്നു. വെറും കാഴ്ചക്കാരനായൊരു മദ്ധ്യ വയസ്ക്കന്‍, നാട്ടിന്‍ പുറത്തുകാരന്‍ അവര്‍ക്കിടയിലൂടെ നുഴഞ്ഞ കയറുന്നത് ആര്‍ക്കും അത്ര ഇഷ്ടമായില്ല. ദേഹത്തു തൊടുകയോ വിടവുണ്ടാക്കാന്‍ ദേഹങ്ങളെ അകറ്റുവാന്‍ ശ്രമിക്കുകയോ ചെയ്തപ്പോഴൊക്കെ അവനെ ക്രുദ്ധമായി നോക്കിയ മുഖങ്ങളിലെല്ലാം തനിക്ക് വേറെ പണിയൊന്നുമില്ലെ എന്നു ചോദിക്കുന്ന ഭാവങ്ങളാണ്.
ഇരുപതു നിലകളുള്ള ബില്‍ഡിംഗിന് നാലു പോര്‍ഷനുകളായിട്ട് എണ്‍പതു ഫ്ളാറ്റുകളാണുള്ളത്. അതിന്‍റെ ഏതാണ്ട് മധ്യത്തില്‍ ട്വല്‍വ് ബിയിലാണ് സംഭവം. നഗരത്തില്‍ തന്നെ വ്യാപാരസ്ഥാപനങ്ങലുള്ള ഗ്രൂപ്പിന്‍റെ ഒരു പ്രധാന പാര്‍ട്ടണാറാണ് കൊല്ലപ്പെട്ടത്. അയാള്‍ ഫ്ളാറ്റില്‍ തനിച്ചായിരുന്നു. ചാലക്കുടിയിലാണ് ഭാര്യയും മക്കളും. ആഴ്ചയില്‍ മൂന്നു ദിവസമേ അയാള്‍ ഫ്ളാറ്റില്‍ തങ്ങാറുള്ളൂ… ആ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനത്തിലേക്ക് പര്‍ച്ചേയ്സ് നടത്തുന്ന സൗകര്യത്തിനാണ് അവിടെ തങ്ങുന്നത്. വടക്കേ ഇന്ത്യയില്‍ നിന്നു വരുന്ന വ്യാപാരികളെയും റപ്രസെന്‍റേറ്റീവുകളെയും കാണുന്നതിനും സംസാരിക്കുന്നതിനും ഇടപാടുകള്‍ ഉറപ്പിക്കുന്നതിനുമുള്ള സൗകര്യത്തിനു വേണ്ടിയാണ്. എന്തെല്ലാമോ അനധികൃത വ്യാപാരങ്ങളും അവിടെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് ചിലരൊക്കെ പറഞ്ഞു കൊണ്ടിരുന്നു. കാഴ്ചക്കാരുടെ സംഭാഷണങ്ങളില്‍ നിന്നും അങ്ങിനെ കുറെക്കാര്യങ്ങള്‍ സുദേവ് അരിച്ചെടുത്തു.
സുദേവ് കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരെയും അവിടെ കാണാന്‍ സാധിച്ചില്ല.. കാഴ്ചക്കാരും പത്രക്കാരും ദൃശ്യമീഡിയക്കാരും തിക്കിതിരക്കുണ്ടാക്കി വിഭ്രമം സൃഷ്ടിച്ചതല്ലാതെ അവിടെ ഒന്നും നടന്നില്ല. അടുത്ത ഫ്ളാറ്റുകളിലെ ആരെയും കാണുനുമായില്ല. അവരെല്ലാം നിശ്ശബ്ദരായി മാളങ്ങളിലേക്ക് വലിഞ്ഞുപോയി. പോലീസ് നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കെ ഒരിക്കല്‍ സുദേവിന് മരിച്ച ആളുടെ മുഖം കാണാന്‍ കഴിഞ്ഞു. പരിചയമുള്ള മുഖമല്ലത്. ഒരിക്കല്‍ പോലും കണ്ടിട്ടുള്ള മുഖമല്ല.
പ്രച്ഛന്ന വേഷനായിട്ടു തന്നെ നിവേദിതയുടെ കൂടെ കാന്‍റിനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു. തെരക്കിയവരോട് അമ്മാവനാണ് നാട്ടില്‍ നിന്ന് ടൗണിലെന്തോ അത്യാവശ്യത്തിന് വന്നതാണെന്നും വളരെ നാളായി കണ്ടിട്ട്, അതു കൊണ്ട് കാണാന്‍ വന്നതാണെന്നും പറയാന്‍ കുറെ വിശേഷങ്ങല്‍ ഉണ്ടെന്നും നിവേദിത പറഞ്ഞു.
സുദേവ് കഴിഞ്ഞ നാളുകളില്‍ ഉണ്ടായ വിഷേങ്ങള്‍ എല്ലാം വ്യക്തമായി നിവേദിതയെ ധരിപ്പിച്ചു. പ്രതിവചനങ്ങള്‍ ഒന്നുമില്ലാതെ നിവേദിത കേട്ടിരുന്നു. കേട്ടിരിയ്ക്കുമ്പോള്‍ സുദേവിന്‍റെ കണ്ണുകളില്‍ നിന്നും സ്വന്തം നയനങ്ങളെ മാറ്റിയില്ല. അവന്‍റെ വാക്കുകളിലെ സത്യങ്ങള്‍ ഒന്നു പോലും ചോര്‍ന്നു പോകാതിരിക്കാനാണത്. വില കൊടുത്ത് പെണ്ണിന്‍റെ അടുത്തു പോയിയെന്ന് നിവേദിതയോടു പറയുമ്പോള്‍ വല്ലാത്തൊരു ജാള്യത അവനെ മൂടി നിന്നു. ഹൃദയത്തില്‍ വിരിയുന്ന വികാരമെന്തെന്നറിയാന്‍ ആഗ്രഹിച്ച് അവളെ ശ്രദ്ധിച്ചിട്ട് അവിടെ ഒന്നും കാണാന്‍ കഴിഞ്ഞില്ല. അകപ്പെട്ടിരിക്കുന്ന അപകടത്തെ ഓര്‍ത്തുള്ള ഭയമാണ് അവളുടെ മുഖത്ത്.
ഭക്ഷണ ശേഷവും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജോണ്‍ എന്ന് ഫോണ്‍ കാരന്‍ വിളിച്ചു.
സുദേവ് നിങ്ങളെവിടയാണ്….?
ഞാന്‍ നാട്ടിലാണ്, അമ്മയുടെ അടുത്ത്…
സുഖമല്ലേ…?
അതെ..
കൊച്ചിയില്‍ നമ്മളുമായി കണക്ട് ചെയ്ത് ഒരു ഇന്‍സിഡന്‍റ് ഉണ്ടായിട്ടുണ്ട്. നമ്മുടെ ബിസിനസ്സ് നോക്കി നടക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടു. മണികണ്ഠന്‍. സുദേവ് ആ പേര് നേരത്തെ കേട്ടിട്ടുണ്ടോ…?
ഇല്ല.
ലാസറലി ഗ്രൂപ്പില്‍ ആയാള്‍ പാര്‍ട്ടണര്‍ അല്ല. കൊച്ചി കേന്ദ്രീകരിച്ച് കുറെ ബിസിനസ്സുകള്‍ അയാള്‍ നടത്തുന്നുണ്ട്, അതില്‍ ചിലതുമായിട്ട് ലാസറലിക്കും നമ്മള്‍ക്കും ബന്ധമുണ്ട്.. സാമ്പത്തിക ഇടപാടുകളില്‍ കണിശ്ശക്കാരനായിരുന്നു. ചാലക്കുടിക്കാരനാണ്. അടുത്ത നാളിലാണ് ഉയര്‍ന്നു വന്നത്. നമ്മുടെ ചില പാര്‍ട്ടണര്‍മാരുമായിട്ട് വളരെ അടുപ്പമുണ്ടായിരുന്നു. എറണാകുളത്തെ ഫ്ളാറ്റില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു. വിശദമായിട്ടൊന്നുമറിയില്ല. ഞാന്‍ വൈകിട്ട് വിളിക്കാം…
ജോണ്‍ ഫോണ്‍ നിര്‍ത്തും മുമ്പുതന്നെ മറ്റൊരു കോള്‍ വന്ന് ഫോണിനെ തട്ടി വിളിച്ചു കൊണ്ടിരുന്നു. ജോണ്‍ നിര്‍ത്തി, ഉടനെ ആ ഫോണ്‍ വന്നു, ലത.
സുദേവ് ബ്ലൂടൂത്ത് ഓണാക്ക് ഞാനൊരു മെസ്സേജ് അയച്ചു തരാം…
സുദേവ് ഡിസ്കണക്ട് ചെയ്ത് ബ്ലൂടൂത്ത് ഓണാക്കി മെസ്സേജിനെ കാത്തു.
മെസ്സേജ് വന്നു തീര്‍ന്ന ഉടനെ ലത വിളിച്ചു.
കണ്ട് നോക്ക് എറണാകുളത്തെ ഒരു സംഭവമാണ്. എനിക്കിപ്പോള്‍ കിട്ടിയതേയുള്ളൂ… മെസ്സേജ് പാസ്സു ചെയ്തു തന്ന ആളിനെ അറിയില്ല. വിളിച്ചു സംസാരിച്ചിട്ടും അയാള്‍ പിടി തന്നില്ല. ഒരു പക്ഷെ, അയച്ച ആള്‍ രസകരമായ മെസ്സേജ് കിട്ടിയപ്പോള്‍ ഫോര്‍വേഡ് വെറുതെ ചെയ്തതാകാം… ഞാന്‍ വൈകിട്ട് വിളിക്കാം…..
സുദേവ് മെസ്സേജ് തുറന്നു.
മണികണ്ഠനെ വെട്ടികൊല്ലുന്ന ദൃശ്യങ്ങള്‍…. തമ്മനം ജിനോ … മറ്റു രണ്ടു പേരും… ജിനോ ആണ് കൃത്യം ചെയ്യുന്നത്. സഹായികളായി രണ്ടു പേരും ഇരുപുറവും നില്‍ക്കുന്നുണ്ടെന്നു മാത്രം, അവരും ആയുധ ധാരികളാണ്.
ജോണിനോടും ലതയോടും അമ്മയുടെ അടുത്താണെന്ന് കള്ളം പറഞ്ഞു, ഉടനെ അമ്മയെ കാണെണമെന്ന് സുദേവിന് തോന്നി. നിവേദിതയെ രാത്രി വിളിക്കാമെന്ന് പറഞ്ഞ് പ്രച്ഛന്നമായ വേഷത്തില്‍ ടാക്സിയില്‍ ആലുവ ടൗണ്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിനു മുന്നില്‍ ഉറങ്ങി, ടാക്സിയെ മടക്കി. സ്റ്റാന്‍റിലെ ടോയിലറ്റില്‍ കയറി പ്രച്ഛന്ന വേഷത്തെ അഴിച്ച് ബാഗിലാക്കി, എറണാകുളം സ്റ്റാന്‍റിലെ ടോയിലറ്റില്‍ വച്ച് കെട്ടി ആലുവ സ്റ്റാന്‍റില്‍ വച്ചു മോചിതനായി. ടോയിലറ്റിന് പുറത്തിറങ്ങിയപ്പോള്‍ കരാറുകാരന്‍ മണി അടിച്ചു. സുദേവ് വീണ്ടും ഫീസ് കൊടുത്തു. ആലുവയില്‍ നിന്നും ടാക്സിയില്‍ അമ്മയുടെ ജോലിസ്ഥലത്തെത്തി മുരുകനെ കണ്ടു. അമ്മ ഉരാഴ്ചയായിട്ട് വരുന്നില്ലെന്നും സുഖമില്ലെന്നും അറിഞ്ഞപ്പോള്‍ ഹൃദയത്തെ തരിപ്പിച്ച വേദന അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തി.
വീട് മൂകമായിരുന്നു. രണ്ടുമൂന്നു ദിവസമായിട്ട് അടിച്ചു വാരാത്ത മുറ്റവും അടഞ്ഞു കിടക്കുന്ന മുന്‍ വാതിലും . അവന്‍ അമ്മയെ വിളിച്ചു കൊണ്ട് വരാന്തയില്‍ കയറി. അകത്തു നിന്നും കുറ്റിയിടാത്ത വാതിലിനെ തള്ളിത്തുറന്നു. അമ്മയുടെ മുറിയുടെ വാതിലും തള്ളിത്തുറന്നു, ലൈറ്റിട്ടു. കട്ടിലില്‍ അമ്മ. അടുത്തിരുന്ന് വശം ചരിഞ്ഞ് കിടന്നിരുന്ന അമ്മയെ മെല്ലെ നേരെ കിടത്തി. ഗാഢമായി തളര്‍ന്ന് ഉറങ്ങിയിരുന്ന അമ്മ പെട്ടന്ന് ഞെട്ടിയുണര്‍ന്നു. അമ്മയുടെ ദേഹം വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.
അമ്മേ….
അവന്‍ ഭയന്നു.
അമ്മയ്ക്കു മനസ്സിലായി.
എനിക്കൊന്നുമില്ല… പനിയായിരുന്നു… ഇപ്പോള്‍ പനി വിട്ടു. നിന്നെ കാണെണമെന്നു തോന്നി. മൂന്നി ദിവസമായി… പനിമാറിയിട്ട് നിന്‍റെ അടുത്ത വരാമെന്നു കരുതി… അമ്മയ്ക്കൊന്നുമില്ല… മോന് അമ്മയോടു ദേഷ്യമാണോ….?
സുദേവിന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു. അവന്‍ അമ്മയെ ദേഹത്തോടു ചേര്‍ത്ത് പുണര്‍ന്നു. ശിരസ്സില്‍ ഉമ്മ വച്ചു. അവന്‍റെ കണ്ണു നീരില്‍ അമ്മയുടെ ശിരസ്സ് നനഞ്ഞ് കുതിര്‍ന്നു.
അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറിയും കവലയില്‍ നിന്ന് വാങ്ങി വന്ന്. കഞ്ഞി വച്ച് അമ്മയോടൊത്തിരുന്ന് കഴിച്ചു കഴിഞ്ഞപ്പോള്‍ അവനും അമ്മയ്ക്കും ഉന്മേഷമായി. അമ്മയുടെ മുഖത്തെ നിറഞ്ഞ ചിരി അവനെ കൂടുതല്‍ ശക്തനാക്കി.
ഞാനിനി കടയില്‍ പോണില്ല… മോനിനി എന്നു വരും…?
നാളെ കഴിഞ്ഞ്……
അവന്‍ വഴിയിലേയ്ക്ക് നടക്കുമ്പോള്‍ അമ്മ പടി വരെ അനുഗമിച്ചു.
@@@@@