Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം പതിനാല്
വീടും ബന്ധുജനങ്ങളും നഷ്ടപ്പെട്ട് ഒരഭയം എവിടെയുമില്ലാത്ത അലയുന്ന അശരണര്‍ക്ക് എക്കാലത്തും സഹായ ഹസ്തം നല്‍കി സ്വീകരിക്കുക. വിഭിന്ന ശേഷിയുള്ളവരെ പാര്‍പ്പിക്കുക. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധരെ വരെ അംഗങ്ങളാക്കുക. അവരെയെല്ലാം ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിപാലിക്കുക.
അംഗവൈകല്യം, ബുദ്ധിമാന്ദ്യം, മനോവൈകല്യം, കേള്‍വയില്ലായ്മ, കാഴ്ചയില്ലായ്മ എന്നിവയിലെല്ലാം അവശരായവര്‍ ഇവിയെടുണ്ട്. സ്വന്തം പേരും സ്ഥലവും വീടുമൊന്നുമറിയാത്ത വരുണ്ടിവരില്‍. വ്യത്യസ്തമായ ഭാഷയും വേഷവും സംസ്കാരവും ആചാരാനുഷ്ടാങ്ങളും ഒന്നിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ ഗ്രാന്‍റില്ലാത്ത ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ മനുഷ്യ സ്നേഹികളും ജീവകാരുണ്യ പ്രവര്‍ത്തകരും സഹായിച്ചാണ് നിര്‍വഹിക്കുന്നത്.
മനുഷ്യന്‍റെ സ്നേഹ രാഹിത്യത്തെ കുറിച്ചും, അറ്റു പോയ ഹൃദയ ബന്ധങ്ങളെകുറിച്ചും ലൈംഗീകാതിക്രമങ്ങളെ കുറിച്ചും കൊടും ക്രൂരതകളെ കുറിച്ചും ഒറ്റപ്പെടലിന്‍റെ അഗാധ ദുഃഖത്തെ കുറിച്ചും എല്ലാം മറക്കുന്ന ഭ്രന്തിന്‍റെ അവസ്ഥയെ കുറിച്ചും ഇവിടം നമ്മളെ ഓര്‍മ്മപ്പെടുന്നു. നമ്മളിലെ വികല വീക്ഷണങ്ങളെ അപ്പാടെ അമൃതവല്‍ക്കരിക്കുന്നു, ഇവിടത്തെ അന്തരീക്ഷം. നരകത്തില്‍ നിന്നും രക്ഷപെട്ടെത്തിയവരാണിവര്‍. ഇനിയും അവര്‍ക്ക് ആ നരകത്തിലേക്ക് മടങ്ങേണ്ടിവരില്ലെന്നും വിശ്വസിക്കുന്നു. ഇവിടെയുള്ള ഓരോരുത്തര്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. ഓരോരുത്തരും അനുഭവിച്ച വേദനകള്‍, യാതനകള്‍ നിറഞ്ഞ കഥകള്‍….
കൊടും ചതിയുടെ ആഘാതത്തില്‍ നിന്നും മോചിച്ച് ധ്യാന നിമഗ്നരായിരിക്കുന്നവരാണ്, ചിലര്‍. അമിത ലഹരിയില്‍ നിന്നം മോചിതരായി പുതിയ ഭാവനകള്‍ മെനഞ്ഞ് സ്വര്‍ണ്ണ ഗോപുരങ്ങള്‍ തീര്‍ക്കുന്നു, ചിലര്‍. കവിതകള്‍ ചൊല്ലിയും കഥകള്‍ പറഞ്ഞും സഹജീവികളെ സന്തോഷിപ്പിക്കുന്നു, ചിലര്‍. ചിത്രങ്ങള്‍ വരച്ച് കാണിച്ച് അതിന്‍റെ മായികമായ അര്‍ത്ഥതലങ്ങളിലേയ്ക്ക് കടന്നു ചെല്ലാന്‍ ക്ഷണിക്കുന്ന ഒരു ചിത്രകാരന്‍. പ്രശസ്തിയുടെ മകുടത്തില്‍ കയറി നിന്ന് അഹങ്കരിച്ച ഒരു ക്രിക്കറ്റര്‍…. ഉന്നത ഉദ്ദ്യോഗസ്ഥരായിരുന്നവരും, പണ്ഡിതരും, പാമരരും, ഗായകനും, ഗിത്താറിസ്റ്റും, സിനിമ സംവിധായകനും….
നിവേദിതയോടൊത്താണ് സുദേവ് കല്ല്യാണി വല്യമ്മച്ചിയെ പാര്‍പ്പിച്ചിരിക്കുന്ന കരുണാലയത്തില്‍ പോയത്. മങ്കാവുടിയിലെ പ്രൈവറ്റ് ബസ്സ്റ്റാന്‍റില്‍ നിന്നും അര മണിക്കൂര്‍ ബസ് യാത്ര വേണ്ടി വന്നു, അവിടെയെത്താന്‍. ബസ്റ്റോപ്പില്‍ നിന്നും അഞ്ച് മിനിട്ട് നടന്ന് പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ നിവേദിതക്ക് അകാരണമായൊരു വിറയല്‍ തോന്നി. അവള്‍ ആദ്യമായിട്ടാണിങ്ങിനെ ഒരിടത്ത് വരുന്നത്. സുദേവും അങ്ങിനെതന്നെയായിരുന്നു. പക്ഷെ, അവന് അതിയായ ആകാംക്ഷയാണ് തോന്നുന്നത്. അവിടെയുള്ളവരെ കണ്ടാല്‍ എങ്ങിനെയാവും… അവരോട് എങ്ങിനെയാണ് പെരുമാറേണ്ടത്… എന്നെല്ലാം ചിന്തിച്ചു.
അവര്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അന്വേഷണ വിഭാത്തിലെ പെണ്‍കുട്ടിയുടെ മുഖത്ത് ബഹുമാനത്തിന്‍റെ കിരണങ്ങള്‍ നിറഞ്ഞു. അവള്‍ ഭവ്യതയില്‍ എഴുന്നേല്‍ക്കുകയും റജിസ്റ്ററില്‍ അവരുടെ വിവരങ്ങള്‍ ചേര്‍ത്ത് അകത്തേക്ക് പോകുന്നതിന് അനുവദിക്കുകയും ചെയ്തു. അകത്തെ ഓരോയിടത്തും അവരെ കൊണ്ടു പോകുന്നതിന് ഒരു ഗൈഡ് കൂടെയെത്തി. നന്നെ കറുത്ത, വെളുത്ത യൂണിഫോമിട്ട അവര്‍ക്കും സുദേവിനോടും നിവേദിതയോടും ബഹുമനമാണെന്ന് മുഖത്ത് വിരിഞ്ഞ ചിരിയില്‍ നിന്നും ഗ്രഹിക്കാം.
ഓഫീസിലുള്ളവരെ കണ്ട്, സെക്രട്ടറിയെ കണ്ട്, അവര്‍ ആദ്യം കല്ല്യാണി വല്യമ്മച്ചിയെ കണ്ടു. പിങ്ക് പൂക്കളുള്ള വെളുത്ത നൈറ്റിയില്‍ വല്യമ്മച്ചി കട്ടിലില്‍ കിടക്കുന്നു. അതൊരാള്‍ക്ക് വേണ്ടിയുള്ള മുറിയാണ്. അവരെ കണ്ടിട്ട് വല്യമ്മച്ചി എഴുന്നേറ്റില്ല. കല്ല്യാണി വല്യമ്മച്ചിയുടെ ഓര്‍മ്മയില്‍ അവരില്ലെന്ന് നിവേദിതക്ക് മനസ്സിലായി.
പിന്നീട് കുറെ ജീവിതങ്ങള്‍…
ഗൈഡ് എല്ലാവരെയും പരിചയപ്പെടുത്തുകയും അവരുടെ കഥകള്‍ പറയുകയും ചെയ്തു കൊണ്ടിരുന്നു, ഇടയ്ക്ക് സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിന്‍റെ ബുദ്ധിമുട്ടുകളും സെക്രട്ടറി അനുഭവിക്കുന്ന വിഷമതകളും. ചില മുറികളില്‍ വളരെപ്പേരും, മറ്റു ചില മുറികളില്‍ ഒറ്റയ്ക്കും താമസ്സിക്കുന്നവര്‍, ജയിലറയില്‍ കിടക്കും പോലെ രണ്ടു പേര്‍… അവര്‍ വിഭ്രാന്തിയില്‍ മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ് ഗൈഡ് ജയിലഴികളെ നിസ്സാരവല്‍ക്കരിച്ചു.
ഭക്ഷണം ഒരുമിച്ചാണ്, അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും. പ്രാര്‍ത്ഥനകഴിഞ്ഞ് ഭക്ഷണപ്പുരയിലെത്തിയപ്പോള്‍ അവരെ കൂടാതെ ഇരുപതോളം സന്ദര്‍ശകരുണ്ടെന്ന് സുദേവ് കണക്കു കൂട്ടി. അതില്‍ ഒരു പരിചിത മുഖവും. ഭക്ഷണ മേശയില്‍ അടുത്തടത്തിരുന്നപ്പോള്‍ സുദേവ് നിവേദിതയോടു ചോദിച്ചു.
എല്ലറ്റിനും ഒരു കച്ചവടക്കണ്ണില്ലേ…?
അവള്‍ക്ക് മനസ്സിലാകാതെ സുദേവിനെ നോക്കി.
സന്ദര്‍ശകരെ ദുരിതങ്ങള്‍ അറിയിച്ച്…
പ്ലീസ്…
നിവേദിതക്ക് ആ വീക്ഷണം ഇഷ്ടപ്പെട്ടില്ല. അവളുടെ മുഖം കറുക്കുകയും നിശ്ശബ്ദയായിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.
പിരിയുമ്പോള്‍ കുറെ ലഘുലേഖകള്‍ അന്വേഷണവിഭാഗത്തില്‍ നിന്നും അവര്‍ക്കു കിട്ടി. ഒരു ലഘുലേഖയില്‍ അവരുടെ പേട്രണ്‍മാരുടെ ചിത്രങ്ങളോടുകൂടി വ്യക്തി വിവരങ്ങള്‍ കാണിച്ച് പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ ചീഫ് പേട്രണ്‍ സ്ഥാനത്ത് ഡോ. ലാസറലി രാജയുടെ ചിത്രം.
നിവേദിത ഒന്നു ഞെട്ടി.
സുദേവ് അവളെ നോക്കി മന്ദഹസിച്ചു.
ഗെറ്റുഗദര്‍ വേദിയില്‍ വച്ചു കണ്ട, ലാസറലിയുടെ നടനങ്ങളെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്….? സുദേവ് ശബ്ദത്തില്ല ചോദിച്ചത്. അയാള്‍ നല്‍കിയ പാരിതോഷികങ്ങള്‍, വാഗ്ദാനം ചെയ്ത ധനം ഏതു പെട്ടിയിലായണ് വന്നു ചേരുന്നത്….?
***
മടക്ക യാത്രയില്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ ജോണ്‍ വിളിച്ചു.
സുദേവ്, നിങ്ങള്‍ പ്രധാന ദൗത്യത്തില്‍ നിന്നും അകന്നു പോകുകയാണ്.
മനസ്സിലായില്ല.
നിങ്ങളുടെ പ്രധാന ദൗത്യം എന്തെന്നറിയുമോ…. ആത്മകഥയെഴുത്ത്…
അതിന്….?
അനാഥരെ കണ്ടെടുക്കലും, അവരെ ശ്രുശ്രൂഷിക്കലും ശരണാലയത്തിലെത്തിക്കലുമല്ല..
അതെന്‍റെ ദൗത്യത്തിന്‍റെ ഭാഗമാണെന്ന് കാണുന്നില്ല. ഒരു മനുഷ്യനായതിന്‍റെ ഭാഗമാണ്… അതിനെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്ക് എന്താണധികാരം…..? ഈ ഫോണ്‍ വിളിക്കുന്ന താങ്കള്‍ ആരെന്നു വെളിപ്പെടുത്താന്‍ പോലും തയ്യാറാകാത്ത…..
ആത്മകഥ കമ്മിറ്റി…..
ഫോണ്‍ വിളിക്കുന്നത് കമ്മിറ്റിയല്ല… ഒരു വ്യക്തിയാണ്… ആ വ്യക്തി ആരെന്നാണ് ഞാന്‍ ചോദിച്ചത്… അതു വ്യക്തമാക്കാതെ എന്നോട് ആജ്ഞാപിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്…? ആത്മകഥയെഴുതാന്‍ ഡോ. ലാസറലിയാണെന്നെ ചുമതലപ്പടുത്തിയത്… അദ്ദേഹത്തിന്‍റെ അറിവോടുകൂടിയാണ് കല്ല്യാണി വല്യമ്മച്ചിയെ കണ്ടെത്തിയതും, മറ്റ് കാര്യങ്ങള്‍ ചെയ്തതും….
ജോണ്‍ പെട്ടന്ന് ഫോണ്‍ ഡിസ്കണക്ട് ചെയ്തു. തിരിച്ചു വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാക്കിയിരിക്കുന്നു.
മങ്കാവുടി നഗരത്തില്‍ നിന്നും നിവേദിതയെ ബസ്സില്‍ കയറ്റി അയച്ച് സുദേവ് വാസയിടത്തെത്തിയപ്പോള്‍ സായാഹ്നമായി. പനീര്‍ശെല്‍വം അവനെ കാത്തു നിന്നുരുന്നു.
സാര്‍, പെരിയ സാര്‍ വിളിക്കതുക്കു ശൊല്ലിയാച്ച്….
ഉം..
സുദേവിന്‍റെ മുഖത്തെ കാഠിന്യം കണ്ട് പനീര്‍ശെല്‍വം ഉടനെ തന്നെ അവിടം വിട്ടു പോയി.
മുറിയില്‍ കയറി ജനാലകളെ തുറന്നിട്ട് അവന്‍ പുകവലിച്ചു. മനസ്സ് ലാഘവത്തിലേക്ക് വന്നതിനു ശേഷം ലാസറലിയെ വിളിച്ചു.
സാര്‍…
അവരുടെ സംസാരങ്ങളെ കണക്കിലെടുക്കണ്ട… പക്ഷെ, അവരെ പിണക്കുകയും വേണ്ട. എഴുതുന്നത് അവരെ കാണിച്ചു കൊള്ളാമെന്ന് ഞാനേറ്റിട്ടുള്ളതാ…
കടവന്ത്രയില്‍ അവരുടെ ഫ്ളാറ്റില്‍ വയ്യ…
വേണ്ട… വേറെയെവിടെ വേണെമെന്ന് അവര്‍ പറയും…
ഏസ്….
അനിതയുടെ ബംഗ്ലാവിലായിരുന്നു ആത്മകഥ വായന. ഉച്ച ഭക്ഷണം കഴിഞ്ഞാണ് സുദേവ് എത്തിയത്. ആദ്യ ദിനത്തിലേതുപോലെ തന്നെ അനിതയുടെ ജ്യൂസ് കഴിച്ചു കൊണ്ട് അവന്‍ ആത്മകഥയുടെ രണ്ടാമത്തെ അദ്ധ്യായം വായിച്ചു.
ഗ്രാമത്തിലും സ്കൂള്‍ ജീവിതത്തിലും മാത്രമല്ല കോളേജ് ജീവിതത്തിലും അച്ഛന്‍റെ നിഴല്‍ കൂടെയുണ്ടായിരുന്നു. കടകമ്പോളങ്ങള്‍ ഇരിക്കുന്നിടത്തു നിന്നും വളരെ അകന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തരിശ്ശായി കിടന്നിരുന്ന കുന്നിന്‍റെ മുകളിലാണ് സ്ക്കൂളുകളും കോളേജുകളും വന്നത്. പട്ടണം ഇരിക്കുന്നിടത്തു നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കടുത്തേക്ക് വളര്‍ന്നാണ് ഇന്നത്തെ നഗരമുണ്ടായിട്ടുള്ളത്. ആദ്യാക്ഷരം ഹൃയത്തിലേക്ക് എത്തിച്ചിരിന്ന കളരി ആശാന്മാരുണ്ടായിരുന്ന കാലം. അദ്ധ്യാപര്‍ക്കു ബഹുമാനമുണ്ടായിരുന്ന കാലം. അച്ഛന്‍റെ നിഴലിന് കോളേജിലും പരിഗണന കിട്ടിയിരുന്നു. ആ പരിഗണനയില്‍ ഇത്തിരി നെഗളിപ്പൊക്കെ ഉണ്ടായിരുന്നു. പക്ഷെ, നെഗളിപ്പിനെ പുറത്തെടുത്തില്ല, അച്ഛന്‍ വഴി കിട്ടിയിരുന്ന ആദരവ് നഷ്ടമായിപ്പോയേക്കുമെന്ന ഭയം കൊണ്ട്. തന്നെയല്ല അദ്ധ്യാപകരിലേക്ക് മറ്റ് കുട്ടികള്‍ക്കുള്ള ബന്ധത്തിന്‍റെ മാധ്യമവുമായിരുന്നു. അതുകൊണ്ടു തന്നെ ക്ലാസ്സിലെ നാരായണന്‍ നായരും വറുഗീസും ഏലിയാസും പൈലിയും കുമാരനും അന്നമ്മയും മറിയവും ഓമനയും അമ്മിണിയുമൊക്കെ ഒരാരാധനയോടെയാണ് നോക്കിയിരുന്നത്. ആ ആരാധന ഇന്നത്തെപ്പോലെയുള്ള സുഹൃത്ത് ബന്ധമല്ല വളര്‍ത്തിക്കൊണ്ടു വന്നിരുന്നത്. ഒരു മേല്‍ക്കോയ്മയുള്ള ബന്ധമായിരുന്നു. ആ മേല്‍ക്കോയ്മ ബന്ധത്തില്‍ കുറച്ച അഭിമാനവും ആസ്വാദനവും ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും ഒന്നാമന്‍, പ്രസംഗകന്‍, സാഹിത്യകാരന്‍ ചിലപ്പോഴൊക്കെ ഗായകനും സംഘാടകനും ക്ലാസ് ലീഡറുമായിരുന്നു. കൂടെ ചില നിശ്ശബ്ദ പ്രേമങ്ങളും. അമ്മിണിയുടേയും അന്നമ്മയുടേയും കണ്‍കോണുകളില്‍ വിരിയുന്ന വികാരങ്ങള്‍ അങ്ങിനെയുള്ളാതായിരുന്നു. പക്ഷെ, ഒന്നിലും മയങ്ങിയില്ല. അന്നത്തെ മറ്റ് പ്രണയിതാക്കളെപ്പോലെ വാകമരച്ചുവട്ടില്‍ ആരും കാണാതെ മറഞ്ഞ് നിന്ന് സല്ലപിക്കുകയോ, പുസ്തകത്താളില്‍ മറച്ചു വച്ച് കത്തു കൊടുക്കുകയോ ചെയ്തില്ല.
കോളേജില്‍ പോയിരുന്നത് നടന്നായിരുന്നു. ടാര്‍ വിരിക്കാത്ത പഞ്ചായത്തു റോഡു വഴിയുള്ള നടത്തം രസകരമായിരുന്നു. വേലി കെട്ടിത്തിരിച്ചിരിക്കുന്ന പറമ്പുകളില്‍ നിന്നും കപ്പയും ചേനയും ചേമ്പും നടുന്നതിനു വേണ്ടി കളയൊക്കെ ചെത്തി വെടിപ്പാക്കിയപ്പോള്‍ പുറത്താക്കപ്പെട്ട കാട്ടപ്പയുടേയും പടലിന്‍റേയും കുടുംബങ്ങള്‍ വേലിക്ക് പുറത്ത് റോഡരുകിലായിതുന്നു, താമസ്സം. അവരുടെ കുടുംബങ്ങള്‍ വളര്‍ന്ന് റോഡുകളെ കയ്യേറി നടക്കുവാന്‍ ഉതകുന്നയിടം രണ്ടടിയോ മൂന്നടിയോ മാത്രമായി ചുരുങ്ങിയിരുന്നു. രാവിലെ പോലും അതു വഴി നടന്നു പോകുമ്പോള്‍ പെരുച്ചാഴിയും കീരിയും ചിലപ്പോള്‍ ചേരയും കുറുകെ നടന്നു പോകുന്നതു കാണാം. കൂടെ ഉറ്റ സ്നേഹിതരാരെങ്കിലും കാണും. രണ്ടോമൂന്നോ ബുക്കുകളും ചോറ്റു പാത്രവും കൈയ്യിലുണ്ടാകും. ഇന്നത്തെ പോലെ ഹോട്ടലുകളില്‍ നിന്നോ, കാന്‍റീനുകളില്‍ നിന്നെ ഭക്ഷണം കഴിച്ചിരുന്നില്ല. അതിനുള്ള പണമൊന്നും പോക്കറ്റു മണിയായി കൊടുക്കാന്‍ കാര്‍ണവരുമാര്‍ക്ക് കഴിവില്ലായിരുന്നു. ടാര്‍ വിരിച്ച മെയിന്‍ റോഡിലെത്തിയാല്‍ കാത്തു നില്ക്കും. മറ്റ് കൂട്ടുകാര്‍ വരാനല്ല. തെക്കു നിന്ന് നടന്നു വരുന്ന മലയാളം പ്രൊഫസര്‍ നായരു സാറെത്താനാണ്. അദ്ദേഹം ഖദറിന്‍റെ വസ്ത്രങ്ങളേ ധരിച്ചിരിന്നുള്ളൂ. മുണ്ട് മടക്കിക്കുത്തുകില്ല. കയ്യില്‍ പുസ്തകങ്ങള്‍ കാണും. ചോറിന്‍റെ പൊതിയും. വെറ്റില മുറുക്കി വായ ചുവന്നിരിക്കും. ഇടക്കിടയ്ക്ക് റോഡിന്‍റെ വക്കത്ത് ചാറ് തുപ്പി പച്ചിലകളെ ചുവപ്പിയ്ക്കും. അദ്ദേഹത്തിന്‍റെ പിറകെ ചെറിയൊരു ജാഥ കാണും, പുസ്തകം മാറില്‍ അടുക്കിപ്പിടിച്ചിരിക്കുന്ന അനുസരണയുള്ള വിദ്യാര്‍ത്ഥികള്‍. ആണുങ്ങളും പെണ്ണുങ്ങളും. അദ്ദേഹത്തിന്‍റെ കൂടെ നടക്കുന്നത് കഥകള്‍ കേള്‍ക്കാനാണ്. പുരാണത്തിലേതൊ പാഠ പുസ്തകത്തിലേയോ പഞ്ചതന്തം കഥളോ ഒന്നും അല്ല സാറു പറഞ്ഞിരുന്നത്. ഗാന്ധിയുടെ കഥകളാണ്. അക്കഥകള്‍ പറയുമ്പോള്‍ ഗാന്ധി മരിച്ചിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ രണ്ടു കൊല്ലം കൂടി ഉണ്ടായിരുന്നു. ഞങ്ങള്‍ നായര്‍ സാറിനെ അടുത്ത ഗ്രാമത്തിന്‍റെ പേരോടുകൂടി ഗാന്ധിയെന്നു ചേര്‍ത്ത വിളിച്ചു. അദ്ദേഹത്തെ വഴിയില്‍ കാണാത്ത ദിവസങ്ങളില്‍ അദ്ദേഹത്തോടു ചേരേണ്ടിയിരുന്ന കവല കഴിഞ്ഞുള്ള വളവ് തിരിഞ്ഞാല്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍റെ കൂടെ നടക്കാം. സില്‍ക്കു ജൂബ്ബയും കയ്യില്‍ അടുക്കിപ്പിടിച്ച പുസ്തകങ്ങളും കഷണ്ടി കയറിയ തലയും സദാ ചിരിക്കുന്ന മുഖവും. അദ്ദേഹം പറഞ്ഞിരുന്നത് ഷേക്സ്പിയറെപ്പറ്റി, ഷെല്ലിയെപ്പറ്റി വേഡ്സ്വര്‍ത്തിനെപ്പറ്റിയൊക്കയായിരുന്നു. അങ്ങിനെ ഞങ്ങള്‍ വിദേശിപ്പെണ്ണുങ്ങളുടെ സ്ത്രൈണതയും വെളുത്ത പുരുഷന്മാരുടെ കാവ്യാത്മകതയും അറിഞ്ഞ് നടന്നു. ഇടക്ക് നടത്തില്‍ അല്പം വേഗത കുറച്ചാല്‍ തറനോക്കി നടക്കുന്ന കര്‍ത്താവു സാറിന്‍റെ കൂടെ ജി ശങ്കരകുറിപ്പിനെയും വൈലോപ്പിള്ളിയേയും ചങ്ങമ്പുഴയേയും അറിഞ്ഞ് കൊണ്ട് നടക്കാം. ആരുടെ കൂടെ നടന്നാലും ഇടക്ക് മെയില്‍ റോഡ് വിട്ട് ഇടവഴി കയറി, പാടവരമ്പത്തു കൂടി നടന്ന് പൂക്കളെ കണ്ട് വെളുത്ത കൊറ്റികളുടെ കണക്കെടുത്ത് കണ്ടം കയറി കോളേജ് മലയുടെ അടിയിലെത്തി കുളത്തിന്‍റെ കരയിലൂടെ കുന്നു കയറി കോളേജ് അങ്കണത്തിലെത്തുമ്പോള്‍ ആദ്യ ബെല്ലടിച്ചിരിക്കും. പിന്നെ ആരും ആരോടും യാത്ര പറയാതെ ക്ലാസ്സ് മുറിയകളിലെ വിശേഷണങ്ങളിലേക്ക് വ്യാപരിക്കും.
ആദ്യ കവിത കോളേജ് സാഹിത്യവേദിയല്‍ അവതരിപ്പിച്ച രംഗം ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നുണ്ട്. പൂവിനെ സൂചിയില്‍ കോര്‍ത്ത് മാലയുണ്ടാക്കുന്ന ആശയമായിരുന്നു. പൂക്കളെ സ്ത്രീകളായും സൂചിയെ അസ്വാതന്ത്ര്യമായും ആണ് ചിത്രീകരിച്ചിരുന്നത്. കേകയില്‍ ദ്വിദീയാക്ഷരപ്രാസം വരുത്തി രചിച്ച കവിത കേള്‍ക്കാന്‍ അദ്ധ്യാപകരായിട്ട് ഒരാളേ ഉണ്ടായിരുന്നുള്ളൂ… ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്‍റിലെ അന്നത്തെ ഏറ്റവും ജൂനിയറായിരുന്ന രാമചന്ദ്രന്‍ സാര്‍. വെളുത്ത സദാ ചിരിക്കുന്ന വട്ട മുഖമുള്ള രാമചന്ദ്രന്‍ സാര്‍ സുന്ദരനായിരുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതിയും അദ്ദേഹം വെളുത്ത മുണ്ടും ക്രീം ഷര്‍ട്ടും നെറ്റിയില്‍ ചന്ദനക്കുറിയുമായിട്ടാണ് വന്നിരുന്നത്. അല്ലാത്ത ദിവസങ്ങളില്‍ പാന്‍റ്സും എതു നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചിരുന്നു. അദ്ദേഹത്തെ കൂടാതെ കേള്‍ക്കാനുണ്ടായിരുന്നത് ആറു വിദ്യാര്‍ത്ഥികളാണ്. എല്ലാ മുഖങ്ങളും ഇപ്പോള്‍ ഓര്‍മ്മയില്ല. പക്ഷെ, നളിനിയെ മറക്കില്ല. അവള്‍ക്കന്ന് രാമചന്ദ്രന്‍ സാറിനോട് എന്തോ ഒരടുപ്പക്കൂടുതലുണ്ടായിരുന്നു. അന്നത്തെ സാഹിത്യ സദസ്സിലെ ഒരാള്‍ മാത്രം ഇന്ന് എഴുത്തു ലോകത്ത് ഉണ്ട്, അറിയപ്പെടുന്ന കവിയാണ്. നിരന്തരം അവാര്‍ഡുകള്‍ വാങ്ങിയും വിവാദങ്ങള്‍ മെനഞ്ഞും സ്വന്തം പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തും ജീവിതം ആസ്വദിക്കുന്നുമുണ്ട്.
***
വിഭവ സമൃദ്ധമായ ഭക്ഷണം തന്നെയാണ്. പക്ഷെ, ആകാംക്ഷ സുദേവിനെ ആസ്വദിച്ച് ഭക്ഷിക്കാന്‍ അനുവദിക്കുന്നില്ല.
വായിച്ചിടത്തോളം കഥയെനിക്കിഷ്ടമായി. ബാല്യവും, പഠനം പൂര്‍ത്തിയാക്കുന്ന യൗവനവും ആവശ്യത്തിലേറെ നന്നായിട്ടുണ്ട്. ഇനി തൊഴിലില്‍ എത്തുന്നതും തൊഴിലിന്‍റെ വളര്‍ച്ചയും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ആത്മകഥയുടെ ആവശ്യം തന്നെ തൊഴിലിന്‍റെ, ഭാവി ജീവിതത്തിന്‍റെ കെട്ടുറപ്പിനു വേണ്ടിയാണ്. അതിനുള്ള മാര്‍ഗ്ഗ രേഖകള്‍ യഥാസമയം എത്തിക്കൊണ്ടിരിക്കും. പക്ഷെ, വിളിപ്പിച്ചത് അതു പറയുന്നതിനു വേണ്ടിയല്ല. എന്‍റെ സാമ്രാജ്യത്തെ അപ്പാടെ തകര്‍ക്കുവാന്‍ കരുക്കള്‍ നീക്കുന്ന ഒരു വലിയ ശക്തി പുറത്തു നില്ക്കുന്നുണ്ട്. സുദേവിന് അറിയാന്‍ ഇടയില്ല. ഈ ബിസിനസ്സ് സാമ്രാജ്യം എന്‍റെ മാത്രം സ്വത്തല്ല. ഇതിന് പിന്നില്‍ അമ്പതു പേരില്‍ കൂടുതല്‍ വ്യക്തികളുടെ ശക്തികളും ബുദ്ധികളും യുക്തികളും ഉണ്ട്. അവര്‍ക്കും ശത്രുക്കളുണ്ട്. ഇവിടെ എത്തിതെങ്ങിനെയൊക്കെയാണെന്ന് സുദേവിന് ഏകദേശ രൂപം കിട്ടിയിട്ടുണ്ടാകുമെന്ന് തോന്നുന്നു. സുദേവ് ഒന്നറിയണം ശത്രുക്കളില്‍ എന്നോട് തോളോട് തോള് ചേര്‍ന്നു നിന്നു പ്രവര്‍ത്തിച്ച് അകന്നു പോയവരുമുണ്ട്. അവര്‍ക്ക് പഴയ കഥകളൊക്കെ അറിയാം, സമൂഹത്തെ ധരിപ്പിക്കുകയും ചെയ്യും. നാളെ അക്കഥകള്‍ സമൂഹത്തില്‍ നിന്നും മാഞ്ഞു പോകുന്നതിനു കൂടിയാണ് ഈ ആത്മകഥ. അതിനു വേണ്ടിയാണ് സുദേവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടതും പ്രവര്‍ത്തിക്കുന്നതും. ഒരു പക്ഷെ, ഇനി മുന്നോട്ടു പോകുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പലതിനും സുദേവ് ദൃക്സാക്ഷി കൂടി ആകാം. ആകണമെന്നാണെന്‍റെ ആവശ്യം. കാരണം, കൂടെ നില്‍ക്കുന്നവര്‍ കൂടി കുതികാലു വെട്ടി മതില്‍ ചാടി കടന്ന് മറഞ്ഞ് നില്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെയുള്ള എന്‍റെ പ്രതിരോധമാണ് ദൃക്സാക്ഷി.
ഒരു പ്രഭാഷണം പോലെ നീണ്ടു പോകുന്ന സംഭാഷണം.
അതിനിടയില്‍ ഭക്ഷണം.
സ്വാദിഷ്ടമായ മസാലയുടേയും എരിവിന്‍റെയും പുളിയുടേയും ഉപ്പിന്‍റെയും മനം മയക്കുന്ന കൂടിച്ചേരലുകള്‍…….
ലൈലയും ഷാഹിനയും ഹണിയും കൂടുതല്‍ സുന്ദരികളായിരിക്കുകയും വശീകരണമുള്‍ക്കൊള്ളുന്ന സുഗന്ധ ദ്രവ്യങ്ങള്‍ പൂശുകയും ചെയ്തിരിക്കുന്നു……
സുഗന്ധങ്ങളും ഭക്ഷണ മണങ്ങളും കൂടി കലരുമ്പോള്‍ മത്തു പിടിപ്പിക്കുന്നു…
ആ മണങ്ങള്‍ക്ക് പിറകെ പോകാതിരിക്കാന്‍ സുദേവിന്‍റെ മനസ്സില്‍ ഉടക്കിയ ഒരു വാക്കാണ് ദൃക്സാക്ഷി. ആ വാക്കിലെവിടയോ ഒരു അപായ സൂചനയുള്ളതു പോലെ… ലാസറലി അസാധാരണത്തമായതെന്തോ പ്രതീക്ഷിക്കുന്നതു പോലെ… ആ അസാധാരണ സംഭവത്തിന് സുദേവിന്‍റെ ദൃക്സാക്ഷിത്വം ആഗ്രഹിക്കുന്നതു പോലെ. ആവശ്യപ്പെടുന്നതു പോലെ. ആ ദൃക്സാക്ഷിയെക്കൊണ്ട് എന്തെല്ലാമോ ഗുണമുള്ളതു പോലെ… ആദൃക്സാക്ഷിയെ ഒരു പ്രതിരോധമാക്കാന്‍ കഴിയുമെന്ന് ലാസറലി കരുതുന്നതു പോലെ. തുടര്‍ന്നു കേട്ടു ഗ്രഹിച്ചപ്പോള്‍ ‘പോലെ’ എന്ന സംശയമല്ല ദൃക്സാക്ഷിയാകേണ്ടി വരുമെന്ന് സുദേവ് അറിഞ്ഞു. ആദ്യം ദൃക്സാക്ഷി പിന്നീട് പ്രതിരോധം. പ്രതിരോധം പിന്നീട് ടോര്‍പ്പിഡോ പോലെ ആയുധവുമാകാം. ഉള്ളില്‍ ഒരു ഭയമുണ്ടോ എന്ന് സുദേവ് സ്വയം ചോദിച്ചു. ഭയത്തിന്‍റെ ആവശ്യമുണ്ടോ, ഇല്ലെന്നു തോന്നുന്നു. സുദേവിനെ മാത്രം കാത്തിരിക്കുന്ന ഒരു വ്യക്തിയോ, സഹതാപാര്‍ഹമായ ഒരു വസ്തുതയോ നിലവില്‍ ഉണ്ടോ…. ഇല്ലെന്നാണ് ഉത്തരം കിട്ടുന്നത്. നിലവില്‍ രണ്ടു വ്യക്തികളാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. അമ്മയും നിവേദിതയും. സുദേവിന്‍റെ ഇല്ലായ്മയില്‍ അവര്‍ ഒന്നു പതറുമെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ, അടുത്ത നിമിഷം പിടിച്ചുനിന്നു കൊള്ളും. അവരുടെ കാലുകള്‍ക്ക് അതിനുള്ള ത്രാണിയുണ്ട്. സുദേവ് ധൈര്യത്തിലേക്ക് വന്നു.
ലൈലയെ, ഷാഹിനയെ, ഹണിമോളെ സുദേവ് ശ്രദ്ധിച്ചു. അവരും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നില്ല. അവരും ശ്രദ്ധിക്കുന്നത് ലാസറലിയുടെ സംഭാഷണത്തെയാണ്. അതിനുശേഷം ഉണ്ടാകുന്ന സുദേവിന്‍റെ പ്രതികരണങ്ങളെയാണ്. ലാസറലി പറയുന്നതൊക്കെ സുദേവ് വേണ്ട രീതിയില്‍ ഗ്രഹിക്കുന്നുണ്ടോയെന്നും അതിനുള്ള പ്രതികരണങ്ങള്‍ തങ്ങള്‍ക്ക് അനുകൂലിച്ചുള്ളതാണോ എന്നും സുദേവിന്‍റെ മുഖത്തു നിന്നും അവര്‍ വായിച്ചെടുക്കുന്നുണ്ട്.
ഭക്ഷണം കഴിഞ്ഞ് കൈകള്‍ കഴുകി വിസിറ്റിംഗ് റൂമിലെത്തി ഹണിമോളുടെ കൈയ്യിലെ ട്രേയില്‍ നിന്ന് മധുരം നുകര്‍ന്നതും അവരൊരുമിച്ചാണ്. ലാസറലി അവിടെ നിന്നും പിരിഞ്ഞപ്പോള്‍ മറ്റുള്ളവരോട് കൂടുതല്‍ സംസാരിക്കാനും സംവദിക്കാനും ആവശ്യപ്പെട്ടപ്പോള്‍ സുദേവ് കൂടുതല്‍ ആശങ്കാകുലനായി.
***