Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിമൂന്ന്

ഗെറ്റുഗദര്‍, സൗഹൃദ സംഗമം, കല്ല്യാണി വയറ്റാട്ടിയുടെ കൈകളിലൂടെ വെളിച്ചത്തിലേക്ക് വന്നവരുടെ …. അത്ഭുതപ്പെടുത്തിയ ആശയം. സുദേവിന് ആശ്ചര്യം വിട്ടാകലാന്‍ മണിക്കൂറുകളെടുത്തു. പുലര്‍ച്ചെ ജോഗിംഗിനിടയിലാണ് ലാസറലി വിളിച്ചു പറഞ്ഞത്.  പത്തു മണിക്ക് ഓഫീസിലെത്തി നേരില്‍ കാണെണമെന്ന്.  സുദേവ് എത്തിയപ്പോള്‍ ലാസറലി നീണ്ട ഒരു യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, കൂടെ പോകേണ്ടവരെക്കെ ഒരുങ്ങിയെത്തി, യാത്ര തുടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു.  സുദേവിന്‍റെ ആഗമനത്തെ കൂടിനിരുന്നവരൊക്കെ പ്രതീക്ഷിച്ചു നില്‍ക്കുന്നു.  പലരെയും നോക്കി സുദേവ ് പുഞ്ചിരിച്ചു. അനുവാദത്തോടെ ക്യാബിന്‍ തുറന്ന് അകത്തക്ക് ചെന്നു.

       നമുക്കൊരു ദെറ്റുഗദര്‍ വയ്ക്കണം… കല്ല്യാണി പെങ്ങളുടെ മക്കളുടെ…

       മക്കളുടെ…

       അവര്‍ക്കുണ്ടായ മക്കളുടെയല്ല.  അവരുടെ മക്കളൊന്നും ജീവിച്ചിരിപ്പില്ല.   അവരു വഴി പുറത്തു വന്ന മക്കളുടെ.. എത്ര പേരുണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ കല്ല്യാണിത്തള്ളയ്ക്കും അറിയില്ല.  നിങ്ങളുടെ സുഹൃത്ത് നിവേദിതയുടെ പത്രത്തില്‍ ഒരു ന്യൂസ് കൊടുക്കുക ഫോണ്‍ നമ്പറു വച്ച്, നടത്തുന്നത് നിവേദിതയുടെ പത്രക്കാരണെന്നു വേണം പുറത്തറിയാന്‍… ചെലവുകളെല്ലാം ഞാന്‍ വഹിച്ചു കൊള്ളാം… എവിടെ എങ്ങിനെ വേണമെന്ന് സുദേവിന് തീരുമാനിക്കാം… വിശദമായിട്ട് പിന്നീട് സംസാരിക്കാം… ഇന്നെനിക്ക് അത്യാവശ്യമായിട്ട് തലസ്ഥാനത്തെത്തണം…

       ഏസ്…

       ലാസറലി തിരക്കായിട്ട് പുറത്തേക്ക് പോയി.  അതിന് പിന്നാലെ, സുദേവ് തികച്ചും അന്യലോകത്ത് അകപ്പെട്ടതുപോലെ ക്യാബിന് പുറത്തു വന്നു.  പുറത്തെ ആരവങ്ങളൊക്കെ ഒഴിഞ്ഞ് ലാസറലിയുടെ അറ്റന്‍റര്‍  ഇല്ലെങ്കില്‍ ഇടനാഴി വിജനമാകുമായിരുന്നു.  അറ്റന്‍റര്‍ സുദേവിനെ നോക്കി ചിരിച്ചു.  ആ ചിരി പോലും സുദേവിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.  സുദേവ് ചരിത്രത്തിന്‍റെ ഒരു ഭാഗമാകാന്‍ പോകുകയാണ്.  ലോകത്ത് ആദ്യമായി നടക്കാന്‍ പോകുന്ന സംഗമം… വയറ്റാട്ടി മക്കളുടെ സംഗമം… എത്ര പേരുണ്ടാകാം… നൂറാകാം … ആയിരമാകാം… അതിലും കൂടുതലാകാം… നിവേദിതയുടെ സുഹൃത്തെഴുതിയ ഫീച്ചറിലെ അന്നമ്മ വല്യമ്മച്ചി നാലായിരം കുട്ടികളെയാണ് എടുത്തിട്ടുള്ളത്… കല്ല്യാണി വല്യമ്മച്ചിക്ക് അത്രയുമുണ്ടാകുമോ… ഉണ്ടാകാം… അറിയില്ല…. പക്ഷെ, എന്തിന് വേണ്ടിയാകാം ഇങ്ങിനെയൊരു സംഗമം…. ലാസറലിക്ക് ഉന്നങ്ങളുണ്ടാകാം… പത്രത്തിനും ഗുണകരമാകാം….നിവേദിതയുടെ പത്രം സസന്തോഷം സ്വീകരിയ്ക്കും.

       നിവേദിതയുടെ പത്രം കല്ല്യാണിയെന്ന അനാഥ, ഒറ്റപ്പെട്ട് ഒരു കുടിലില്‍ ദീനപ്പെട്ട് അവശയായി ഉറുമ്പരിച്ച് കിടക്കുന്നിടത്തു നിന്നും അയല്‍വാസിയായ സുകുമാരന്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെന്നും അത്യാവശ്യം അസുഖങ്ങളൊക്കെ മാറ്റി ഭക്ഷണം കഴിക്കാറാക്കി ശരണാലയത്തിലെത്തിച്ചുവെന്നുമാണ് വാര്‍ത്ത കൊടുത്തത്.  പല വാര്‍ത്തകളായിട്ട് ഏഴു ദിവസം കൊണ്ട്.  വാര്‍ഡ് കൗണ്‍സിലറുടെ ഒത്താശയും സഹകരണവും പുകഴ്ത്തി എഴുതി.  നിവേദിതയുടെ അതിരു കടന്ന ബുദ്ധിയായിരുന്നു അത്. നിവേദിതക്കും സുദേവിനും കിട്ടേണ്ടിയിരുന്നു ക്രെഡിറ്റ് അങ്ങിനെ സുകുമാരനെന്ന അയല്‍ വാസിയിലേയ്ക്കും വാര്‍ഡ് കൗണ്‍സിലറിലേക്കും മാറിപ്പോയി.  അങ്ങിനെ മാറിപ്പോയത് നന്നായെന്ന് സുദേവിന് തോന്നി.  അല്ലെങ്കിലും പിന്നീട് കല്ല്യാണിയുടെ കാര്യങ്ങള്‍ അന്വേഷിക്കേണ്ടി വരുമായിരുന്നു.  പക്ഷെ, ആരേയും അറിയിക്കാതെ അവര്‍ക്കു വന്ന എല്ലാ ചെലവുകള്‍ക്കും ലാസറലി പണമെത്തിച്ചു കൊണ്ടിരുന്നു.  കരുണാലയത്തില്‍ താമസ്സം തുടങ്ങിയപ്പോള്‍ നല്ലൊരു തുക സംഭാവനയായി അവിടെയുമെത്തി.  ആരു കൊടുക്കുന്നെന്ന് പുറത്ത് അറിയരുതെന്ന് ലാസറലി നിര്‍ബ്ബന്ധിച്ചു.  അവരുടെ കണക്കില്‍ സുദേവിന്‍റെയു സുകുമാരന്‍റെയും പോരുകള്‍ ചേര്‍ക്കപ്പെട്ടു. വാര്‍ത്തകള്‍ക്ക് ശേഷം നിവേദിതയുടെ പത്രം രണ്ടു ദിവസത്തെ ഫീച്ചര്‍ എഴുതി. 

***

       ആഴ്ചപ്പതിപ്പില്‍ നഗരത്തിലെ താരോദയം എന്ന ചെറുകഥയും പത്രത്തിലെ ഫീച്ചറും വന്നു കഴിഞ്ഞപ്പോഴാണ് നിവേദിതയുടെ സഹപ്രവര്‍ത്തകര്‍ക്കു പോലും അസാധാരണത്വം തോന്നിയത്. നിവേദിത കൊണ്ടുവന്ന ഫീച്ചര്‍ എല്ലാവര്‍ക്കും ഇഷ്ടമായി. കല്ല്യണി അമ്മച്ചിയെ അരക്ഷിതാവസ്ഥയില്‍ നിന്നും മോചിപ്പിക്കുകയും സുരക്ഷിതമായിട്ടൊരിടത്ത് എത്തിക്കകയും ചെയ്തതില്‍ നിവേദിതക്കുള്ള പങ്കും അവര്‍ അംഗീകരിച്ചു.  എന്നാല്‍ സാഗര്‍ എന്നൊരാള്‍ എഴുതിയ ചെറുകഥ, കല്ല്യാണി അമ്മച്ചിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് നഗരത്തില്‍ ഒരിക്കല്‍ ഉണ്ടായ താരോദയത്തെ കുറിച്ച് പറയുന്ന കഥ പ്രസിദ്ധീകരിച്ചത് നിവേദിത നിര്‍ബ്ബന്ധിച്ചിട്ടാണെന്ന് ഓര്‍ത്തപ്പോള്‍ സഹപ്രവര്‍ത്തകര്‍ നെറ്റി ചുളിച്ചു.

       ആരാണിയാള്‍….?

       നിവേദിത പറഞ്ഞു

       എനിക്കറിയില്ല,  ഒരു കഥ വന്നപ്പോള്‍ ആഴപ്പതിപ്പില്‍ കൊടുക്കുന്നത് നല്ലതാണെന്ന തോന്നി, അല്ലാതെ…

       നിന്‍റെ പുതിയ സുഹൃത്തു സുദേവ് എഴുതിയതാണോ…..?

       അറിയില്ല. നിങ്ങള്‍ക്കും അറിവുള്ളതല്ലെ, അയച്ച ആളുടെ വിലാസമില്ലാതെ, പോസ്റ്റലില്‍ വന്ന ഒരു കവറിലായിരുന്നു കഥ, ആദ്യം കണ്ടതും പൊട്ടിച്ചു വായിച്ചതും ഞാനല്ല. നിങ്ങളില്‍ ആരോ ആണ്.  പിന്നെ സുദേവിന് അങ്ങിനെ ചെയ്യേണ്ട കാര്യമില്ല.  സമാന്തര പ്രസിദ്ധീകണങ്ങളിലും വെബ് സൈറ്റിലും കഥകളെഴുതി തെളിഞ്ഞ ആളാണ്,  അയാള്‍ക്ക് പേരു മാറ്റി എഴുതുതേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

       എനിവെ, ആ കഥക്ക് നല്ല റസ്പോന്‍റ്സ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പത്രമോഫീസിലേക്ക് വിളിച്ച് അയാളുടെ വിലാസം ചോദിക്കുന്നവരെക്കൊണ്ട് എന്‍ക്വയറിയില്‍ പൊറുതി മുട്ടിയിരിക്കുയാണ്.

       അതിന്‍റെയിടക്കൊരു ഗെറ്റുഗദര്‍… മാനേജ്മെന്‍റ് സമ്മതിച്ചതാണ് അത്ഭുതം….

       ലാസറലിരാജ നമ്മുടെ ഒരു നല്ല ക്ലയന്‍റാണെന്നാണ,് ആഡ് വിഭാഗത്തില്‍ നിന്നറിഞ്ഞത്, പല പ്രധാന പരസ്യങ്ങള്‍ തരുന്നത് അയാളുടെ സ്ഥാപനമാണ്…

       റിയല്‍ ഇന്‍ററസ്റ്റഡ്…..

       ഇനി ലാസറലിരാജ തന്നെയാകുമോ…

       ഹേയ്… ഇത് സുദേവ് എഴുതിയതു തന്നെ, നടന്ന കഥകളൊക്കെയൊന്ന കൂട്ടി വായിച്ച് നോക്ക്. ലാസറലി എന്നൊരു ധനികന്‍ കേട്ടെഴുത്തിന് ആളെ വേണമെന്ന് പറഞ്ഞ് പരസ്യം കൊടുക്കുന്നു, ഇന്‍റര്‍വ്യൂ നടത്തുന്നു.  സുദേവ് ജോലി ഏറ്റെടുത്ത് ലാസറലിയുടെ ഗസ്റ്റ് ഹൗസില്‍ താമസ്സിക്കുന്നു.  ലാസറലിയെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു.  അതിനിടയില്‍ എഴുതിയൊരു ചെറുകഥ, സാഗര്‍ എന്നൊരു തൂലിക നാമത്തില്‍ പ്രസ്ദ്ധീകരിക്കുന്നു.

       ഇവിടെ തൂലിക നാമം ഉപയോഗിച്ചതെന്തിനെന്ന് ഒരു ചോദ്യമുണ്ട്…

       ഏസ്…. ആ ചോദ്യത്തെ നമുക്കവിടെ നിര്‍ത്താം.  ഇനിയും എഴുത്തുകള്‍ വരുമ്പോള്‍ അന്വേഷിക്കാം…

       എന്താണെങ്കിലും അക്കഥ വായനാ ലോകത്ത്  ചര്‍ച്ചാ വിഷയമായി. ഭാഷാ മേന്മയോ, നവീകരണ സ്വഭാവമോ, പുതിയതൊന്നു കൊണ്ടുവന്നുവെന്നോ, മാറിയ ചിന്ത ഉന്നയിക്കുന്നെന്നോ പറയാനാകില്ല.  വായനക്കാരുടെ പ്രതികരണം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്, സാഗറിന്‍റെ കഥകള്‍ ഇനിയും അവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

       മങ്കാവുടി ടൗണ്‍ ഹാളിലാണ് ഗെറ്റുഗദര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പത്രാധിപ സമിതിയിലെ സംഘാടക വിദഗ്ധന്‍ സിദ്ദിക് മുഹമ്മദാണ് കണ്‍വീനര്‍.  കണ്‍വീനര്‍ സിദ്ദിക്കാണെങ്കിലും എല്ലാറ്റിനും മുന്നില്‍ സുദേവാണ് ശ്രദ്ധിച്ചു കൊണ്ട് ഓടി നടക്കുന്നത്.  പത്രത്തില്‍ ന്യൂസ് മാത്രമല്ല, മുന്‍പേജില്‍ തന്നെ പരസ്യവും കൊടുത്തിരിക്കുന്നു.  കല്ല്യാണി വല്യമ്മച്ചിയുടെ മക്കളുടെ സംഗമം എന്നാണ് നാമക്കരണം.  പക്ഷെ, ക്ഷണം മക്കള്‍ക്ക് മാത്രല്ല. മക്കളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ സംഗമത്തിനോടു താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാമെന്ന് വായിച്ചെടുക്കാവുന്ന പരസ്യമാണ് കൊടുത്തിരിക്കുന്നത്.  മക്കളെന്ന പേരില്‍ തന്നെ റെജിസ്റ്റര്‍ ചെയ്തവര്‍ ഒരാഴ്ച കൊണ്ട് അഞ്ചൂറിന് മുകളിലായി.

       കല്ല്യാണി വല്ല്യമ്മച്ചിയെ ആദരിക്കല്‍, പാരിദോഷികങ്ങള്‍ കൊടുക്കല്‍, കലാപരിപാടികള്‍, ഭക്ഷണം ഇതാണ് അജണ്ടയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രത്യേക ക്ഷണിതാക്കളില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിനിമാ സൂപ്പര്‍ സ്റ്റാര്‍ വിനോദ്കുമാര്‍, സാഹിത്യനായകന്മാര്‍, സാംസ്കാരിക നായകന്മാര്‍…

       ഓഫീസ് കാര്യങ്ങള്‍ക്കായി പത്രമോഫീസിലെ ഒരു മുറിയായിരുന്നു ഉപയോഗിച്ചിരിന്നത്.  രണ്ടു നാള്‍ക്ക് മുമ്പ് അത് ടൗണ്‍ ഹാളിനോടനുബന്ധിച്ച മുറിയിലേക്ക് മാറ്റി സ്ഥാപിച്ചു.  സിദ്ദിക്കും നിയുക്തരായ മറ്റ് മൂന്നു പേരും നിവേദിതയും സുദേവും സ്ഥിരം സാന്നിദ്ധ്യമായി… എല്ലാവര്‍ക്കും സംപൂര്‍ണ്ണമായ നാലു നേരത്തെ ഭക്ഷണവും, ആവശ്യമുള്ളവര്‍ക്ക് ശരീരത്തിന് ചൂടുകൂട്ടാന്‍ മാത്രം മദ്യവും അനുവദിക്കപ്പെട്ടിരുന്നു.  സുദേവ് എല്ലാവര്‍ക്കു പ്രിയങ്കരനായി. ഇടക്കെപ്പോഴോ മദ്യം തലക്ക് പിടിച്ചിരുന്ന നേരത്ത് സിദ്ദിക്ക് പറഞ്ഞു.

       സുദേവ് കഥകളെഴുതിത്തരൂ നമ്മുടെ ആഴ്ചപ്പതിപ്പില്‍ പ്രസ്ദ്ധീകരിച്ചിരിക്കും.  ഇന്നത്തെ പല സിഥിരം എഴുത്തുകാരേക്കാള്‍ നല്ല കഥകള്‍ താങ്കള്‍ക്ക് എഴുതാനാകും.  വെബ് സൈറ്റിലെ എല്ലാ കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്….

       സുദേവ് ഒന്നു ചിരിച്ചു.  ആ ചിരിയില്‍ ഒരു വ്യംഗ്യമായ ഭാഷ അടങ്ങിയിരിക്കുന്നുണ്ടെന്ന് നിവേദിത തിരിച്ചറിയുന്നുണ്ട്.  മഹാമേരു പോലെ ഉത്തുംഗശൃംഗമായിരുന്നയിടമാണ് സുദേവിന് മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നത്.  അങ്ങിനെ തലകുനിക്കുന്നതിനുള്ളില്‍ മദ്യത്തിന്‍റെ അപാരമായ സ്വാധീനതയേയും അവള്‍ അറിയുന്നു.  അവളുടെ കഥകള്‍ പോലും വിമര്‍ശിച്ചു ചവറ്റു കുട്ടയിലേക്ക് തള്ളാനുള്ള സാഹചര്യം നോക്കിയിരിക്കുന്ന സിദ്ദിക്ക്, ഒരു പക്ഷെ, സുദേവിന്‍റെ ഒറ്റ കഥ പോലും വായിച്ചിരിക്കാനും ഇടയില്ലാത്ത സാഹചര്യത്തിലാണ് ഈ ഉറപ്പു കൊടുക്കല്‍.  നിവേദിതയുടെ കൃതികള്‍ കൂടുതലും വന്നിരിക്കുന്നത് മറ്റൊരു പ്രസിദ്ധീകരണത്തിലാണ്. അവര്‍ നടത്തിയ ഒരു കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിക്കൊണ്ടാണ് വായനക്കാരുടെ ഇടയില്‍ ശ്രദ്ധേയയായത്.  പിന്നീട് നീണ്ട വിടവു വന്നാല്‍ വായനക്കാര്‍ പത്രാധിപര്‍ക്ക് എഴുതി ചോദിക്കും നിവേദിത എവിടെ,  എഴുതാറില്ലെയെന്നൊക്കെ…  ആ ചോദ്യങ്ങള്‍ കൂടുമ്പോള്‍ അവര്‍ ഒരു കഥ ആവശ്യപ്പെടും കൊടുക്കും പ്രസിദ്ധീകരിക്കും.

       നിവേദിത വെറുതെ ചിരിച്ചു.

       ഒരു പക്ഷെ, ഇത് സുദേവിന്‍റെ വഴിത്തിരിവാകാം.  പിന്നീട് ഉറപ്പിച്ചു.  ഒരു പക്ഷെ, അല്ല, ഇത് സുദേവിന്‍റെ വഴിത്തിരിവാണ്.

       അടുത്ത നഗരങ്ങളില്‍ കൂടി സല്‍പ്പേര് കേള്‍പ്പിച്ചിട്ടുള്ള ബ്രൈറ്റ് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനാണ് പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ചുമതല.  അറിയപ്പെടുന്ന മിമിക്രിത്താരങ്ങളുടെ മിമിക്സ് പരേഡ്, പ്രശസ്തയായൊരു സിനിമാനടി നയിക്കുന്ന ഡാന്‍സ് ട്രൂപ്പിന്‍റെ നൃത്തനൃത്ത്യങ്ങള്‍,  ഒന്നു രണ്ടു സിനിമകളില്‍ പാടി ഭാവിയുണ്ടെന്ന് തെളിയിച്ച ഗായകന്‍ പങ്കെടുക്കുന്ന  ഗാനമേള, എല്ലാകൂടി മിക്സ് ചെയ്ത് രണ്ടു മണിക്കൂറാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.  മൂന്നു മണിക്ക് തുടങ്ങുന്ന പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ്  കലാ പരിപാടികള്‍ തുടങ്ങുകയും അതോടൊപ്പും  ഭക്ഷണം കഴിക്കുകയും ചെയ്യാമെന്ന സുദേവിന്‍റെ തീരുമാനം സംഘാടക സമിതി സമ്മതിക്കുകയായിരുന്നു.  ഇവന്‍റ് മാനേജ്മെന്ന് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തകര്‍ തലേന്ന് ഉച്ച കഴിഞ്ഞെത്തി സ്റ്റേജ് ക്രമീകരണങ്ങള്‍ തുടങ്ങി.

       സമയമടുക്കും തോറും വല്ലാത്തൊരു വിറയല്‍ നിവേദിതയെ ബാധിച്ചു.  ഒരു പൊതു പരിപാടിയില്‍ ആദ്യമായിട്ടാണവള്‍ മുന്നണി പ്രവര്‍ത്തകരില്‍ ഗണിക്കപ്പെടേണ്ട ഒരാളായിമാറുന്നത്.  സുദേവിന് വിറയലൊന്നും തോന്നുന്നില്ല. പക്ഷെ, ആകെ മരവിച്ച് നില്‍ക്കുന്നതു പോലെയുള്ള തോന്നലാണ്.  എവിടേക്കാണീ ഒഴുക്കെന്ന് അവര്‍ക്കു രണ്ടാള്‍ക്കും മനസ്സിലായില്ല.   ജീവിതത്തിലും ഇതുപോലെ തന്നെ. എല്ലാവരും കണക്കുകള്‍ കൂട്ടും. കൂട്ടുന്ന കണക്കുകളെ അപ്പാടെ മാറ്റി എഴുതിക്കൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകും. പലരും അതിനെ വിധിയെന്നു പറയും, സുദേവ് അതിനെ പ്രകൃതിയുടെ നിയമമെന്ന് ചിന്തിക്കും.  പ്രാര്‍ത്ഥനകള്‍ക്കോ, അര്‍ച്ചനകള്‍ക്കോ അതിനു മേല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നവന്‍ വിശ്വസിക്കുന്നു.  ദൈവമെന്നത് വെറുമൊരു വിശ്വാസം മാത്രം, നിജമല്ലാത്ത ഒരു വിശ്വാസം.  പലര്‍ക്കും ആ വിശ്വാസത്തില്‍ നിന്നും മനസ്സുഖം കിട്ടുന്നുണ്ടാകാം.  അതും ഒരു വിശ്വാസം മാത്രമാണ്.  ഒന്നും ഇല്ലായെന്നു ചിന്തിച്ചാല്‍ ഇല്ലായെന്നു തന്നെ കണ്ടാത്താന്‍ കഴിയും.  പലരും അങ്ങിനെ ചിന്തിക്കാറില്ല. ചിന്തിക്കാന്‍ കൂടി ഭയക്കുന്നു.  ആ ഭയമാണ് എല്ലറ്റിനും കാരണം, വിശ്വാസങ്ങള്‍ക്കും ആചരണങ്ങള്‍ക്കും.

       മോഹനമാക്കിയ മണ്ഡപത്തിന്‍റെ വലത്ത് വശത്ത് ഉയര്‍ന്ന പീഠത്തില്‍ കല്ല്യാണി വല്യമ്മച്ചിയെ ഇരുത്തി.  വല്യമ്മച്ചി അന്ന് ചെറ്റയില്‍ നിന്നും എറുമ്പുകള്‍ക്കിടയില്‍ നിന്നും പെറുക്കിയെടുത്തതു പോലെയല്ല. പണ്ട് ഇരുന്നതു പോലെയെന്നു പറയാന്‍ നിവേദിതക്ക് കഴിയില്ല, അവള്‍ സങ്കല്പിച്ചു നോക്കിയിട്ട് അന്നത്തെ പോലെയല്ല.  സുന്ദരിയായിരിക്കുന്നു.  വെളുത്തിരിക്കുന്നു.  വെളുത്തും ചെമ്പിച്ചും ഇടതൂര്‍ന്ന മുടി ഒതുക്കി, വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ്, കൈകളിലും കാലുകളിലും വെളുത്ത സോക്സ്ുകളിട്ട്, ബ്രൗണ്‍ നിറത്തിലുള്ള പാംഷൂ വിട്ട്, ചിരിച്ചു കൊണ്ടു മാത്രം….

       ഓഡിട്ടോറിയം നിറഞ്ഞു.  വിശേഷ വസ്ത്രങ്ങള്‍ അണിഞ്ഞവര്‍ മാത്രം വിരുന്നിനെത്തുന്നതു പോലെ, ഒരു ഗസലിന്‍റെ താളത്തില്‍, മധുരത്തില്‍ എല്ലാവരും ശാന്തരായി, പതിഞ്ഞു സംസാരിക്കുന്നവരായി…. എല്ലാവരെയും യഥാസ്ഥാനങ്ങളില്‍ ഇരുത്താനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇവന്‍റ് മാനേജ്മെന്‍റു കാരെ നോക്കി, സദസ്സിനെ നോക്കി മണ്ഡപത്തിന്‍റെ വലതു വശത്തു തന്നെ സുദേവ് ഉണ്ട്.  വല്യമ്മച്ചിയുടെ അടുത്ത തന്നെ നിവേദിതയുമുണ്ട്.  മണ്ഡപത്തിലെ കസേരകളെ ക്രമപ്പെടുത്തിക്കൊണ്ട് സിദ്ദിക്ക് മുഹമ്മദ്.

       ഇരു വശങ്ങളിലേയും കസേരകളില്‍ ഉപവിഷ്ടനായിരിക്കുന്ന സദസ്യരുടെ നടുവിലൂടെയുള്ള നടവഴിയെ അവാച്യമായൊരു ഹര്‍ഷത്തോടെയാണ് ഡോ. ലാസറലി രാജയും കുടുംബവുമെത്തിയത്.  അവരുടെ വസ്ത്രങ്ങളില്‍ എവിടെയെല്ലാം സ്വര്‍ണ നിറം ചാര്‍ത്താമോ അതെല്ലാം ചെയ്ത്, സ്വര്‍ണാഭരണങ്ങള്‍ എത്രയെങ്കിലും അണിയാമോ അത്രയും അണിഞ്ഞ് സ്ത്രീകളും, വിശിഷ്ടത എത്ര അധികമാകാമോ അത്രയും അധികമാക്കി വേഷഭൂഷാദികളുമായിട്ട് ലാസറലിയും ആണുങ്ങളും. മുന്‍ നിരയിലെ ഒഴിഞ്ഞു കിടന്നിരുന്ന ഇരിപ്പിടങ്ങളില്‍ അവരെ ആനയിച്ചിരുത്തി, വൈകാതെ സദസ്സിലേക്ക് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തി ചേര്‍ന്നു.  അവരുടെ ക്ഷണം നിരസ്സിക്കാതെ ലാസറലിയും വേദിയിലേക്കെത്തി.

       ചടങ്ങുകള്‍ തുടങ്ങുകയായി……

       മുഖ്യമന്ത്രിയുടെ ഔപചാരികമായ ഉത്ഘാടന പ്രസംഗം, ആരോഗ്യ മന്ത്രിയുടെ വക വല്യമ്മച്ചി ഇനിയും നൂറു കൊല്ലം കൂടി ജീവിച്ചിരിക്കട്ടെയെന്ന ആശംസാ പ്രസംഗം, സാഹിത്യനായകന്‍റെ , തന്നെ അത്ഭുതപ്പെടുത്തകയാണീ ഉദ്യമം എന്ന തുടങ്ങിയ പ്രസംഗത്തില്‍  മനുഷ്യന്‍ പിറന്ന് വീണയുടനെ ദേഹം വൃത്തിയാക്കുന്നതാണ് ആദ്യത്തെ സാംസ്കാരിക പ്രവര്‍ത്തനമെന്ന് അഭിപ്രായപ്പെടുകയും, അങ്ങിനെ ഒരു കാലഘട്ടത്തില്‍ ഒരു ദേശത്തിന്‍റെ മുഴുവന്‍ സാംസ്കാരിക ജീവിതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വല്യമ്മച്ചിയെ ആദരിക്കാന്‍ കരുതലോടെ നോക്കാന്‍ സന്മനസ് കാണിച്ച പുതിയ തലമുറയോട് നന്ദി പറയുകകയാണ് ഈ സമയമെന്ന് പറഞ്ഞ് നിറുത്തിയിടത്തു നിന്നും പിന്നീട് പ്രസംഗിച്ച കവിയും സാംസ്കാരിക പ്രവര്‍ത്തകനും ഒരേ വഴിയില്‍ കൂടി യാത്ര ചെയ്ത് നിര്‍ത്തിയയിടത്ത് വല്യമ്മച്ചിയെ ആദരിക്കുന്ന ചടങ്ങ് തുടങ്ങി.

       മുഖ്യമന്ത്രി പൊന്നാട അണിയിച്ചു.  ആരോഗ്യമന്ത്രി ആദ്യ പാരിതോഷികം കൊടുത്തു, തുടര്‍ന്ന് ലാസറലി വലതു കയ്യില്‍ മുത്തം കൊടുത്ത് ഒരു വൈരമാല അണിയിച്ചു.  ഒരു പണകിഴിയും കൊടുത്തു.  തുടര്‍ന്ന് കൈ മുത്തി പാരിതോഷികം കൊടുത്ത് വേദിയില്‍ നിന്നും ഓരോരുത്തരായി യാത്ര പറഞ്ഞ് ഭക്ഷണ ടേബിളിനോടടുത്തേക്ക് നീങ്ങി.  തിരക്കൊഴിഞ്ഞപ്പോള്‍ അമ്മച്ചിയെ വേദിയില്‍  നിന്നും അണിയറയിലേക്ക് നീക്കി ഭക്ഷണം കൊടുത്ത് ശരണാലയത്തിലെ തുണക്കാര്‍ കൊണ്ടുപോയി.

       ഇത് സുദേവ്, സുദേവിന്‍റെ സുഹൃത്ത് നിവേദിത. ഇവരാണ് വല്യമ്മച്ചി ഒറ്റപ്പെട്ടു കിടക്കുന്നിടത്തു നിന്നും കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചതും ശരണാലയത്തിലെത്തിച്ചതും, പത്രപ്രവര്‍ത്തകരാണ്.

       ലാസറലി, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സുദേവിനെയും നിവേദിതയേയും പരിചയപ്പെടുത്തിയത് അങ്ങിനെയാണ്.  ഭക്ഷണ ശേഷം പ്രധാന അതിഥികളെല്ലാം പിരിയുകയും കലയുടെ മേളനങ്ങള്‍ തുടങ്ങുകയും ചെയ്തു.

***

       ഉറങ്ങാന്‍ കഴിയാതെയായിരിക്കുന്നു സുദേവിന്.  കഴിഞ്ഞ രണ്ടമൂന്നു നാളുകള്‍ ഉറങ്ങാന്‍ സമയമില്ലായിരുന്നു.  ഇന്ന് ഇനിയും ഉറങ്ങാന്‍ ആറു മണിക്കൂര്‍ അവശേഷിക്കെ കഴിയാതെയും ആയിരിക്കുന്നു.  സംഘര്‍ഷഭരിതമായ മനസ്സ് ശാന്തമാകാതിരിക്കുന്നു.  മനസ്സ് നിറയെ ചോദ്യങ്ങള്‍ മാത്രം.

       എന്തിന് ഡോ. ലാസറലി രാജ ഇങ്ങിനെ ഒരു സംരംഭത്തിന് ഒരുങ്ങി.  ആത്മകഥയോ, ഓര്‍മ്മകുറിപ്പുകളോ ആയിരുന്നെങ്കില്‍ ഊഹിക്കാമായിരുന്നു.  കഴിഞ്ഞുപോയ കാലത്തെ പൊതുസമൂഹത്തില്‍ നിന്നും ഭാവിയില്‍ വരുന്ന സമൂഹത്തില്‍ നിന്നും ഒളിച്ചു വയ്ക്കുകയല്ല ഉദ്ദേശം. തന്‍റെ ജീവിത അനുഭവങ്ങളെ കണ്ടറിഞ്ഞ് കഥകളെഴുതുക എന്നതാണ് ആവശ്യം, ജീവിത അനുഭവങ്ങളെ സാഹചര്യങ്ങളെ അറിഞ്ഞ് സാങ്കല്പികമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് കഥ മെനയുക.  എന്താണിതിനുള്ള സാംഗത്യം.  അതും അനുഭവങ്ങളെ കേട്ട് എഴുതുകയല്ല.  അതിനായിട്ട് അവരുടെ ഇടത്തു തന്നെ പാര്‍പ്പിച്ച് എല്ലാവാതിലുകളും തുറന്നിട്ട് ഉള്ളിലേക്ക് കണ്ടുകൊള്ളുകയെന്ന് പറയാതെ പറഞ്ഞു കൊണ്ട്,  അപ്പോള്‍ പ്രതികൂലമായൊരു കഥയല്ലേ എഴുതാന്‍ കഴിയുക.  അല്ല, ഒരാള്‍ക്ക് ഒളിച്ചു വക്കേണ്ടതെല്ലാം പുറമെ ഒരാളെ കാണിച്ചിട്ട്, അതിനെ അധികരിച്ചെഴുതാന്‍ പറഞ്ഞാല്‍ രഹസ്യം ഒന്നുമില്ലാതെയാകില്ലെ.  അറിഞ്ഞിടത്തോളം, വളരെ കുറച്ചേ അറിഞ്ഞുള്ളൂവെങ്കിലും പുറത്തറിഞ്ഞാല്‍ ഇന്നായാലും ഭാവിയില്‍ ആയാലും ലാസറലിയെ സംബന്ധിച്ച് ചീത്തയാകാനേ തരമുള്ളൂ.  അദ്ദേഹത്തിന്‍റെ മാത്രം ജീവിതമല്ല, ഭാര്യയുടെ, മക്കളുടെ.

       തെരുവില്‍ നിന്നാണ് ലാസറലി ഉയര്‍ന്നു വന്നതെന്നാണ് അദ്ദേഹവും ബന്ധുക്കളും സുഹൃത്തുകക്കളും പറയുന്നത്. പക്ഷെ, എന്തായിരുന്നു അദ്ദേഹത്തിന്‍റെ ജോലിയെന്നോ, ബിസിനസ്സെന്നോ, എവിടെയായിരുന്നു തുടക്കമെന്നോ ആരും പറയുന്നില്ല.  ഇപ്പോള്‍ പലരുടേയും ബിനാമിയാണെന്നും, പലര്‍ക്കു വേണ്ടി പല ജോലികളും ബിസിനസ്സുകളും ചെയ്യുന്നുണ്ടെന്നും പറയുന്നുണ്ട്.  ലതയെന്ന ഫോണ്‍കാരന്‍ തരുന്ന അറിവുകള്‍ വച്ച് കേള്‍ക്കുന്ന കഥകളെല്ലാം ശരിയാണെന്നു തോന്നുന്നു. അവിടേക്കൊന്നും കഥയെഴുത്തോ ആത്മകഥയെഴുത്തോ എത്തിയിട്ടില്ല.  സുദേവിന്‍റെ ഇവിടത്തെ രണ്ടു മാസത്തെ ജീവിതത്തിനിടയില്‍ രണ്ടു കഥകള്‍ മാത്രമാണ് മെനഞ്ഞെഴുതാന്‍ കഴിഞ്ഞിട്ടുള്ളത്.  ഭ്രാന്തിയായ ജാനമ്മയും കുഞ്ഞാറുമേരിയെന്ന അവിഹിതവും ഒരേ വീക്ഷണ കോണില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന കഥ.  അതിനെ അദ്ദേഹം നിഷേധിച്ചു കളഞ്ഞു.  പക്ഷെ, പിന്നീടെഴുതിയ കല്ല്യണി എന്ന  നഗരത്തിലെ താരോദയം അദ്ദേഹവും വായനാ സമൂഹവും തൃപ്തിയോടെ സ്വീകരിച്ചു.  സാഗര്‍ എന്ന തൂലികാ നാമം സ്വീകരിച്ചതിലും അദ്ദേഹത്തിന് മതിപ്പുണ്ട്.  തുടര്‍ന്നാണ് ലക്ഷങ്ങള്‍ മുടക്കിയ സൗഹൃദ കൂട്ടായ്മ. എന്തിനു വേണ്ടിയായിരുന്നു അത്.  കല്ല്യാണി വല്യമ്മച്ചി ലാസറലിയെ തിരിച്ചറിയുക കൂടിയുണ്ടായില്ലെന്ന് തോന്നുന്നു.  അവരെടുത്ത മകനെന്ന വ്യാജേന ആദ്യ കൈ മുത്തി പാരിതോഷികം കൊടുത്തത് ലാസറലിയായിരുന്നു.  അതിനു മുമ്പ് കുടിലില്‍ നിന്നും അവശയായി കണ്ടെടുക്കുന്നതു മുതല്‍  എല്ലാ ചെലവുകളും അയാളു തന്നെ ചെയ്തു.  ഇനിയും എന്തും അയാള്‍ തന്നെ ചെയ്യുമെന്ന് വാഗ്ദാനം മാത്രമല്ല.  ഒരു പക്ഷെ, ആ വല്യമ്മ അവിടെ ജീവിച്ചിരിക്കുന്ന കാലത്തോളം, ആ ശരണാലയത്തിന്‍റെ എല്ലാ ചെലവുകളും ലാസറലി തന്നെ നിര്‍വ്വഹിക്കുകയും ചെയ്യുമായിരിക്കാം.

       ജനവാതില്‍ തുറന്ന് സുദേവ് സുഹൃത്തുക്കളെ തിരഞ്ഞു.  പ്ലാവ്, പേര എല്ലാവരും ഗാഢ നിദ്രയിലാണ്.  പലപ്പോഴും കരഞ്ഞ് പിഴിഞ്ഞ് ശല്യം ചെയ്തിരുന്ന ചീവീടുകള്‍ പോലുമില്ല കൂട്ടിരിക്കാന്‍.  മിന്നാമിങ്ങുകള്‍ കൂടി ഉറങ്ങുന്ന നേരം.  തെന്നല്‍ പേലും ഉണര്‍ന്നിരിക്കാത്ത നേരം.  ഇലകള്‍ നിശ്ചലമായി, ചില പൂക്കള്‍ മാത്രം കണ്‍ തുറന്നിരിക്കുന്നു. അവര്‍ക്ക് രാത്രി ഒഴിവാക്കാന്‍ പറ്റാത്തതു കൊണ്ടാകാം. നേരും പുരലരുന്നത് അവരെ കണ്ടും കൊണ്ടും ശ്വസിച്ചു കൊണ്ടും വേണമെന്ന് ചിന്തിച്ചിട്ടാകാം.  അണ്ണാറക്കണ്ണനെ, ഉപ്പന്‍ കാക്കയെ, കരികിലം പിട കുടുംബത്തെ കണ്ടിട്ട് ദിവസങ്ങളായിരിക്കുന്നു.   അന്ന് കാട്ടിലേക്കുള്ള വഴിയെ കുറുകെ നിന്ന കീരിയും കുടുംബവും മക്കളില്ലാതെ, ഭര്‍ത്താവും ഭാര്യയും മാത്രമായി ഒരിക്കല്‍ പ്ലാവിന്‍ ചുവട്ടില്‍ വന്ന് മുകളിലേക്ക് നോക്കി നിന്ന് കുശലം ചോദിച്ചു പോയതാണ്.  മാവിന്‍റെ തടി വഴി ആരോ ഒരാള്‍ മുകളിലേക്ക് കയറി വന്ന് ജനല്‍ പൊക്കമെത്തിയിരിക്കുന്നു. മുല്ലയല്ല.  ആരെന്ന് തിരിച്ചറിയാനാകുന്നില്ല, ഇരുട്ട്.  കാറ്റില്ലെങ്കിലും നേര്‍ത്തൊരു തണുപ്പ് ഉള്ളിലേക്ക് അരിച്ചു കയറുന്നുണ്ട്.  അത് സുഖം തരുന്നുണ്ട്.  ഫാനിനെ ഓഫ് ചെയ്ത് സുദേവ് കിടന്നു.

       പ്രകൃതിയുടെ സുഖലാളനയില്‍ സുദേവ് ഒന്നു മയങ്ങിതായിരുന്നു.  പെട്ടന്ന് അലാറം വച്ച് ഉണരുന്നതു പോലെ ഒരു സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.  സ്വപ്നത്തില്‍ ലാസറലി രാജ വന്ന് അവനോട് പറഞ്ഞു. ഞാന്‍ നിര്‍ഭയനാണ്, നിര്‍ഭയനാണ്, നിര്‍ഭയനാണ്. സ്വപ്നത്തില്‍ ലാസറലി നഗ്നനായിരുന്നു . അയാളുടെ രോമാവ്രതമായ അരോഗദൃഢഗാത്രവും ഉറച്ച പേശികളും സുദേവിനെ  അത്ഭുതപ്പെടുത്തി.  ഇത്ര പ്രായമായിട്ടും അയാളുടെ ഉന്മേഷവും ഉണര്‍വും അവനെ അമ്പരിപ്പുച്ചു.  പക്ഷെ, ലാസറലിയുടെ നഗ്നതയുടെ കേന്ദ്ര ബിന്ദു കാണാനില്ല.  അവിടെ മാത്രമൊരു പുക മറ കൊണ്ട് മൂടിയിരിക്കുന്നു.  സ്വപ്നത്തിലേക്ക് എവിടെ നിന്നോ നടന്നു കയറി വന്നിട്ട് നിരപ്പായ ഇടത്തെത്തി നിന്നു വിശ്രമിച്ച് മിനിട്ടുകള്‍ കഴിഞ്ഞ് മുഖത്തൊരു പുഞ്ചിരി വരുത്തി. സുദേവ്, ഞാന്‍ നിര്‍ഭയനാണ്, അതാണ് നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയെന്നു പറഞ്ഞ് പിന്‍തിരിഞ്ഞ് നടവഴിയിറങ്ങിപ്പോവുകയും ചെയ്തു.  അപ്പോള്‍ അയാളുടെ പൃഷ്ടവും മായയാല്‍ മറഞ്ഞിരുന്നു.

       ഡോ. ലാസറലി രാജ നിര്‍ഭയനാണ്.

       ഭയത്തില്‍ നിന്നാണ് ദൈവമുണ്ടായത്. ദൈവമാണ് സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നശിപ്പിക്കുന്നതും ചെയ്യുന്നത് എന്ന വിശ്വാസമുണ്ടായത്.  എല്ലാം അവന്‍റെ നിയന്ത്രണത്തിന്‍റെ കീഴിലാണെന്ന കണ്ടെത്തലുണ്ടായത്.  അവനോട് രമ്യതയില്‍ പോയില്ലെങ്കില്‍, അനിഷ്ടങ്ങള്‍ ഉണ്ടായാല്‍ ജീവിതം സുഖകരമാകില്ലെന്ന് വിശ്വസിച്ചു.  അതു കൊണ്ട് അവനെ സുഖിപ്പിക്കാന്‍ ഓരോന്നും ചെയ്യുണമെന്നു തോന്നി.  പ്രകീര്‍ത്തനങ്ങളും പുകഴ്ത്തലുകളും അങ്ങിനെ തുടങ്ങിയതാണ്. പിന്നീട് നിവേദനങ്ങളും നിവേദ്യ സമര്‍പ്പണങ്ങളുമായി പരിണമിച്ചു.

@@@@@