Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം ഇരുപത്തിയാറ്
നവവധൂവരന്മാരെപ്പോലെ പുതു വസ്ത്രങ്ങളണിഞ്ഞ് സുദേവ്, നിവേദിത. അവന്‍റെ തോളത്ത് ചെറിയൊരു ബാഗ്.
മുറ്റത്ത് പ്രത്യേകമായൊരുക്കിയ പന്തലില്‍ കയറുമ്പോള്‍ ഊഷ്മളമായ വരവേല്‍പ്പ്….
ലാസറലി, ലൈല, ഷാഹിന, ഹണി, ശിഖ, മൂന്നു കുട്ടികള്‍, നജീം, എബിന്‍, വിനോദ് മേനോന്‍, സാമുവല്‍ സക്കറിയാസ്, അനിത പ്രസാദ് വര്‍ക്കി, ജോര്‍ജ് ജോഷി കല്ലുങ്കല്‍, മധു വാകത്താനം, പിന്നെ അറിയാത്ത കുറേപ്പേര്‍…
കിഴക്ക് മൂലയില്‍ മണ്ഡപം. ഒരു വിവാഹ മണ്ഡപം പോലെ അലങ്കിരിച്ചിരിക്കുന്നു, ചിത്ര വിളക്കുകള്‍ തെളിച്ചിരിക്കുന്നു. ഇരുനൂറു പേര്‍ക്കിരിക്കാവുന്നത്ര ടേബിളുകളും കസേരകളും…. അവകളെ ചിത്രണം ചെയ്ത തുണികളാല്‍ പൊതിഞ്ഞിരിക്കുന്നു.
വെളുപ്പും കറുപ്പും സമാസമം യോജിപ്പുച്ചുണ്ടാക്കിയ യൂണിഫോമിട്ട വെയിറ്റര്‍മാര്‍. പടിഞ്ഞാറ് കോണില്‍ മുന്തിയ കുപ്പികള്‍ ഉള്‍ക്കൊണ്ട ഓപ്പണ്‍ ബാര്‍…
ലാസറലി പറഞ്ഞു.
ഒരാള്‍ കൂടിയെത്താനുണ്ട്, നമ്മുടെ ഗ്രൂപ്പിലെ ഏറ്റവും പ്രധാനി നമ്മുടെ മന്ത്രി…. പതിനഞ്ചു മിനിട്ടിനുള്ളില്‍ എത്തും… സുദേവ്, നിവേദിത എല്ലവരുമായും പരിചയപ്പെടുക…സംസാരിക്കുക…
ലാസറലിയുടെ സംസാരം കേട്ടിട്ട് എത്തിയവര്‍ സുദേവിനെ, നിവേദിതയെ അനുമോദിക്കാനും സംസാരിക്കാനും തിരക്കുകൂട്ടി. ആനന്ദകരമായ നിമിഷങ്ങള്‍…
ഇതേവരെ സുദേവിനോ നിവേദിതക്കോ ഇങ്ങിനെ ഒരു സാഹചര്യമുണ്ടായിട്ടില്ല. പത്രത്താളുകളില്‍ , പുരക്കുള്ളിലെ ടിവി സ്ക്രീനില്‍ സ്ഥിരമെന്നോണം കണ്ടിട്ടുള്ള അദ്ദേഹം എത്തിയച്ചേര്‍ന്നപ്പോള്‍ എല്ലാവരിലും ഉണ്ടാക്കിയ ചലനം ശ്രദ്ധേയമായിരിക്കുന്നു. അവരില്‍ നിന്നെല്ലാം ഉയരുന്ന സുഗന്ധങ്ങള്‍ അവിടമാകെ നിറഞ്ഞ് മനസ്സുകളെ ഉന്മത്തത്തമാക്കുന്നുണ്ടെന്ന് നിവേദിതയിലെ കഥാകാരി സങ്കല്‍പ്പിച്ചു.
ഔപചാരികമായ ചടങ്ങുകള്‍ മൂന്നു വീഡിയോകള്‍ പകര്‍ത്തി കൊണ്ടിരുന്നു.
ആത്മകഥയും കഥകളും മന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് സുദേവിനുള്ള നന്ദി പ്രസംഗവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു, പാരിതോഷികം കൊടുക്കലും പൊന്നാടയണിയിക്കലും ലാസറലിയുടെ വകയായി…
ഭക്ഷണത്തിലേക്ക് വന്നപ്പോള്‍ എല്ലാവരാലും സുദേവും നിവേദിതയും ശ്രദ്ധിക്കപ്പെടാത്തവരായിയെന്ന് അവര്‍ക്ക് തോന്നി. ഭക്ഷണം കഴിച്ചെന്നു വരുത്തി, ആഘോഷങ്ങള്‍ അലയടിച്ചുയര്‍ന്നു കൊണ്ടിരിക്കെ ലാസറലിയോടും ലൈലയോടും മാത്രം പറഞ്ഞിട്ട് അവര്‍ രംഗത്തു നിന്നും പിന്‍ വാങ്ങി.
ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രണ്ടാളും രണ്ടു മുറികളില്‍ അഴിച്ചു വച്ച് സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങള്‍ ധരിച്ച്, ലാപ്ടോപ്പില്‍ നിന്നും അവര്‍ക്ക് വേണ്ടതുകള്‍ പെന്‍ഡ്രൈവിലേക്ക് മാറ്റി, ലാപ്പിലെ പ്രധാന ഫയലുകളെല്ലാം ഡലീറ്റ് ചെയ്തു. രണ്ടു പേരുടെയും മൊബൈലിലെ ആവശ്യമുള്ള ഡേറ്റകള്‍ മാത്രം ലാപ്പുവഴി പെന്‍ഡ്രൈവിലാക്കി, സകല മെസ്സേജുകളും ഡിലീറ്റാക്കി, ഒരു ജോഡി വസ്ത്രം മാത്രം പെയിന്‍റു പണിക്കാരനെപ്പെലെ ഒരു പ്ലാസ്റ്റിക് കൂട്ടിലാക്കി, പേഴ്സിലും ബാഗിലുമുണ്ടായിരുന്ന പണം പേപ്പറില്‍ പൊതിഞ്ഞ് ഡ്രസ്സിന്‍റെ കൂടെ വച്ചു. പെന്‍ഡ്രൈവ് കീശയിലാക്കി. നിവേദിതയുടെ വേണ്ടെതെല്ലാം ഒരു കൂട്ടിലാക്കി..
സുദേവ് അമ്മയെ വിളിച്ചു.
അമ്മേ, ഞങ്ങള്‍ ഇറങ്ങുകയാണ്…. ഈ ഫോണില്‍ നിന്നും ഇനി വിളിക്കില്ല… ഇനി എന്തു കേട്ടാലും അമ്മ ഭയക്കരുത്…. അതൊന്നും ശരിയായിരിക്കില്ല…
നിവേദിത അച്ഛനെ വിളിച്ച് അങ്ങിനെ തന്നെ പറഞ്ഞു.
ലത വിളിച്ചു.
സുദേവ് എല്ലാം ശരിയല്ലേ…. ഞാന്‍ പറഞ്ഞതു പോലെ …?
അതെ….
ലാപ്, മൊബൈലുകള്‍, മറ്റെല്ലാം വസ്തുക്കളും അവിടെ ഉപേക്ഷിക്കുക… അവിടെ നിന്നും ഇറങ്ങുക… ഇരുള് പറ്റി ലാസറിടത്തു കൂടി കിഴക്കോട്ടു നടക്കുക… എല്ലാം കര്‍മ്മങ്ങളും കഴിഞ്ഞ് നിങ്ങള്‍ പൂര്‍വ്വാശ്രമത്തെ കൈയ്യൊഴിയുകയാണ്….
അതെ….
കരിങ്കല്‍ പാകിയ വഴി കഴിഞ്ഞ് ചെത്തി വെടിപ്പാക്കിവഴിയില്‍ രണ്ടുപേര്‍ നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ട്….. അവരുടെ സഹയാത്താല്‍ നിങ്ങള്‍ക്ക് മതിലിനെ മറികടക്കാനാകും….. പുറത്ത് വാഹനമുണ്ട്…. നിങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍, പണം, മൊബൈല്‍ ഒക്കെ അതിലുണ്ട്…. ഒരു കാര്യം മാത്രം വാഹനത്തില്‍ ഇരുന്ന് പ്രധാനപ്പെട്ട ഒരു കാര്യവും സംസാരിക്കരുത.് അവര്‍ നമ്മുടെ വിശ്വസ്തര്‍ തന്നെയാണ് പക്ഷെ, അവര്‍ക്ക് പരിധിയുണ്ട്… എന്‍റെ ഫോണ്‍ വന്നാല്‍ വാഹനംനിര്‍ത്തി പുറത്തിറങ്ങി മാത്രം സംസാരിക്കുക…
ഒരിക്കല്‍ കൂടി മുറിയാകെ നോക്കുക…. എന്തെങ്കിലും ഉപേക്ഷിക്കാനുണ്ടൊ, എടുക്കാനുണ്ടൊയെന്ന് ഓര്‍മ്മിച്ചു നോക്കുക…ഇനി സുദേവിനെ ഈ ഫോണില്‍ നിന്നും വിളിക്കില്ല….. ഈ ഫോണ്‍ നമ്പര്‍ ഇനി എന്നന്നേക്കമായി നിശ്ചലമാവുകയാണ്…
ഏസ്….
പതിനഞ്ചു മണിക്കൂര്‍ നേരത്തെ തുടര്‍ യാത്രയ്ക്കു ശേഷം അവര്‍ ഒരു വീട്ടിലെത്തിച്ചേര്‍ന്നു. ഏതോ ഒരു ഗ്രാമത്തില്‍, ഏതോ ഒരു ദേശത്ത്, ആളും അനക്കവുമില്ലാത്ത വീട്.
വിട് തുറന്ന് ഉള്ളിലെ സൗകര്യങ്ങള്‍ അവരെ കാണിച്ചു കഴിഞ്ഞപ്പോള്‍ കൂട്ടു യാത്രക്കാര്‍ പറഞ്ഞു.
സാര്‍, ഞങ്ങള്‍ പോവുകയാണ്…
ആകട്ടെ….
അതിനിമുമ്പ് അതിലൊരാള്‍ ഒരിക്കല്‍ മാത്രമാണ് മിണ്ടിയിട്ടുണ്ട്, കഴിഞ്ഞ വെളുപ്പിന് നാലു മണികഴിഞ്ഞ്. കാറില്‍ സുദേവും നിവേദിതയും നല്ല ഉറക്കത്തിലായിരുന്നു.
സാര്‍, ഇത് എന്‍റെ ഒരു ബന്ധുവിന്‍റെ വീടാണ്…. ഒന്നു ഫ്രഷായിട്ട് പോകാം….
അവര്‍ ഇറങ്ങി, ഏതു നാടെന്നോ, ആരുടെ വീടെന്നോ അറിയാത്തിടത്ത് നിന്നും ഫ്രഷായി, കടുംചായ കുടിച്ച് വീണ്ടും യാത്ര തുടര്‍ന്നതായിരുന്നു.
അവരുടെ സഹായികള്‍ യാത്ര പറഞ്ഞിറങ്ങി.
സിറ്റിംഗ് റൂമില്‍ നാല് പ്ലാസ്റ്റിക് കസേരകള്‍, ഒരു പ്ലാസ്റ്റിക് ടീപ്പോയി, വലത് കൈപ്പാടിനുള്ള ബഡ്റൂമില്‍ ഒരു കട്ടില്‍, കിടക്ക, വിരി ഇന്നു വിരിച്ചതു പോലെ പുതിയത്. ടേബിള്‍, രണ്ടു കസേരകള്‍, അടഞ്ഞിരിക്കുന്ന അലമാര… രണ്ട് തുറക്കാത്ത മുറികള്‍, സിറ്റിംഗ് റൂമില്‍ നിന്നും ആര്‍ച്ച് ചെയ്ത് തിരിച്ചിരിക്കുന്ന ഡൈനിംഗ് ഹാള്‍, പഴമയുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന ഒരു ഡൈനിംഗ് ടേബില്‍ മൂന്നു കസേരകള്‍, അടുക്കള, വിറകടുപ്പ്… കബോഡില്‍, അടുക്കളയുടെ മൂലയില്‍ പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍… അടുക്കള വാതില്‍ പുറത്തേക്ക് തുറക്കുന്നു, ഗ്രില്ല് ചെയ്ത് ഉറപ്പാക്കിയിരിക്കുന്ന വരാന്ത, വരാന്തയില്‍ നിന്നും കയറും വിധത്തില്‍ ബാത്ത് റൂം.
നിശബ്ദമായ അന്തരീക്ഷം. അടിച്ചു വാരാതെ പുല്ലുവളര്‍ന്നിരിക്കുന്ന മുറ്റം. കാപ്പികൃഷിയും തെങ്ങുകളും…
ഒറ്റപ്പെടലിന്‍റെയും മൂകതയുടേയും ശ്വാസം മുട്ടിക്കുന്ന അവസ്ഥയില്‍ നിവേദിതക്ക് വിളര്‍ച്ചതോന്നി.
ഞാന്‍ കുളിക്കട്ടെ…?
ഉം…
ഡൈനിംഗ് ഹാളിലെ കബോര്‍ഡ് തുറന്നപ്പോള്‍ ടി വി., സുദേവിന് പെട്ടന്ന് ഉന്മേഷം വന്നു. ടിവി ഓണാക്കി മലയാളെ ചാനലുകള്‍ തിരഞ്ഞു.
വാര്‍ത്താ ചാനല്‍….
പതിനഞ്ചു മിനിട്ട് കണ്ടിരുന്നിട്ടും അവന്‍ പ്രദീക്ഷിച്ച തൊന്നും കണ്ടില്ല..
നിവേദിത കുളിച്ചു വന്നു.
കുളിക്കൂ… ഞാന്‍ ചായ ഉണ്ടാക്കാം…
തീപ്പെട്ടി, ഉണങ്ങിയ വിറക് എല്ലാം അവിടെ പുതുതായിട്ട് ശേഖരിച്ചിരിക്കുന്നതാണെന്ന് അവള്‍ അറിഞ്ഞു, തങ്ങള്‍ക്ക് വേണ്ടി ഒരുക്കിയത്.
പക്ഷെ, ഇതെവിടെയാണെന്ന് ഇനിയും മനസ്സിലാകുന്നില്ല, കാഴ്ചയില്‍ കാപ്പിയും തെങ്ങും മാത്രം. തെങ്ങുകള്‍ക്ക് വിളവു കുറവാണ്. കാപ്പികള്‍ മുറ്റിത്തഴച്ച് പൂത്തുകുലക്കാന്‍ സമയമടുത്തിരിക്കുന്നു, പൂര്‍ണ്ണ ഗര്‍ഭിണികളെപ്പോലെ.
സുദേവ് കുളിച്ചു വന്ന് ചായ കഴിച്ചു കൊണ്ട് അവര്‍ ഒരുമിച്ചിരുന്ന് വാര്‍ത്താ ചാനലുകളില്‍ പരതി നടന്നു. ഒരു ചാനലില്‍ പ്രധാന വാര്‍ത്തകള്‍ വീണ്ടും പറയുന്നു. അന്തര്‍ദേശിയം കഴിഞ്ഞ് രാജ്യാതിര്‍ത്തിക്കുള്ളിലെ കഴിഞ്ഞ് സംസ്ഥാനത്തെ വാര്‍ത്തകളില്‍ രണ്ടോ മൂന്നോ എണ്ണം കഴിഞ്ഞപ്പോള്‍…
സംസ്ഥാനത്ത് വ്യാപകമായി മാവോയിസ്റ്റ റെയിഡ് നടന്നു കൊണ്ടിരിക്കുകയാണ്, അസം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളിലും, ഒറ്റപ്പെട്ട വില്ലകളിലും വനാന്തരങ്ങളിലും സ്പെഷ്യല്‍ സ്ക്വാഡുകാണ് നേതൃത്വം കൊടുക്കുന്നത്…. കാടിനെ വിട്ട് മാവോയിസ്റ്റുകള്‍ നാട്ടിലേക്കിറങ്ങിയിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നടപടികള്‍ തുടങ്ങിയിരിക്കുന്നത്…മങ്കാവുടിക്കടുത്ത പഞ്ചായത്തില്‍ ഒരു പ്ലാന്‍ററുടെ ഗസ്റ്റ് ഹൗസില്‍ നടത്തിയ റെയിഡില്‍ ലാപ്ടോപ്പും മൊബൈലുകളും മറ്റു രേഖകളും പിടിച്ചെടുത്തു. അവിടെ വാടകയ്ക്ക് താമസ്സിച്ചിരുന്നത് അവിവാഹിതരായ യുവാവും യുവതിയുമായിരുന്നു. പോലീസിന്‍റെ സാന്നിദ്ധ്യം അറിഞ്ഞ് അവര്‍ ഓടി രക്ഷപെടുകയായിരുന്നു. അവരെപ്പറ്റി മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് വിസമ്മതിച്ചു.
സുദേവ് താമസ്സിച്ചിരുന്നു ലാസറിടത്തെ ഗസ്റ്റ് ബംഗ്ലാവിന്‍റെ ദൃശ്യങ്ങള്‍ കാണിക്കുന്നു. ജനല്‍പ്പാളികള്‍ തകര്‍ക്കപ്പെട്ട്, സെറ്റിയും കിടക്കളു ം കുത്തിക്കീറപ്പെട്ട് വസ്ത്രങ്ങളെല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നതായി കാണിച്ച്, തകര്‍ന്നു കിടക്കുന്ന ടിവി കാണിച്ച് വെടിയേറ്റിട്ടെന്ന പോലെ തുള വീണ ഭിത്തി കാണിച്ച് അടുത്ത വാര്‍ത്തയിലേക്ക് ചാനല്‍ പോയപ്പോള്‍ സുദേവിന്‍റെ മൊബൈല്‍ വിളിച്ചു.
അവന്‍ വാഹനത്തില്‍ കയറിയപ്പോള്‍ മുതല്‍ കൈയ്യില്‍ ഇരുന്ന മൊബൈല്‍ ഇപ്പോഴാണ് ശബ്ദിക്കുന്നത്. സ്ക്രീനില്‍ ഒരു നമ്പര്‍ തെളിഞ്ഞു. ആരുടേതെന്ന് അറിയാത്ത നമ്പറാണെങ്കിലും സുദേവ് ഫോണ്‍ അറ്റ്ന്‍റ് ചെയ്തു.
സുദേവ് ഞാനാണ്…നിങ്ങള്‍ സുരക്ഷിതരായിട്ടെത്തിയല്ലേ… ഡ്രൈവറുടെ ഫോണ്‍ റെയിഞ്ചിലില്ലായിരുന്നു. ഇപ്പോഴാണ് റെയിഞ്ചിലെത്തിയത്. അവര്‍ ഇപ്പോള്‍ വിളിച്ചതേയുള്ളൂ. അവിടെയെല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുറച്ച് നാളുകള്‍ അവിടെ തങ്ങേണ്ടി വരും… ടിവി അവിടെയുണ്ട് വാര്‍ത്ത കാണുക…..
സുദേവ് പറഞ്ഞു.
വാര്‍ത്ത കാണുകയായിരുന്നു.
അതേ…. കാര്യങ്ങള്‍ വ്യക്തമാകുന്നില്ലേ… അവര്‍ കാല്‍ക്കുലേറ്റ് ചെയ്ത് നടപ്പിലാക്കിയതാണ്… മാവോയിസ്റ്റുകളെന്ന പേരില്‍ നിങ്ങളെ ആക്രമിക്കുക…ലാസറലിയും മന്ത്രിയും കൂടി തീരുമനിച്ചിട്ടുള്ള കാര്യമാണ്. പക്ഷെ, എന്തിനു വേണ്ടിയാണ് നിങ്ങളെ കരുവാക്കിയതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. കുഞ്ഞാറുമേരിയുടെ അടുത്തു പോയതു മാത്രമല്ല കാരണം. നിങ്ങളുടെ നേരെ ഒരു വധശ്രമം ഉണ്ടാകുമെന്ന് എനിക്ക് അറിവു കിട്ടിയിരുന്നു. അതുകൊണ്ടാണ് ഇങ്ങിനെയൊരു ഒളിച്ചോട്ടം പ്ലാന്‍ ചെയ്തത്.
എന്‍റെ അമ്മ, നിവേദിതയുടെ വീട്ടുകാര്‍…..?
രണ്ടിടത്തും ഇന്നലെ രാത്രി തന്നെ റെയിഡ് നടത്തിയിട്ടുണ്ട്. പക്ഷെ, അവിടെ നിന്നും ഒന്നും അവര്‍ക്ക് കിട്ടിയിട്ടില്ല. നിങ്ങളുടെ ലാപ്പിലും മൊബൈയിലിലും എന്തെങ്കിലും കാണുമെന്നവര്‍ കരുതുന്നു. ഇല്ലെന്നു കണ്ടാല്‍ പുറം ലോകത്തെ അറിയിക്കാതെ കഥ അവസാനിപ്പിക്കും. നിങ്ങളെ കിട്ടിയിരുന്നെങ്കില്‍ കുറെ നാളത്തെ ആഘോഷത്തിനായിട്ടത് ഉപയോഗിക്കുമായിരുന്നു. അവര്‍ക്ക് മാത്രമല്ല പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും….
അവര്‍ അര്‍ദ്ധപ്രജ്ഞരായി, എന്തു പറയണം, എന്തു ചെയ്യണം, എന്തു ചോദിക്കണം എന്ന് അറിയാത്ത അവസ്ഥയാലായി.
നിങ്ങളുടെ പേരിലുള്ള ആരോപണം അധികനാള്‍ നില നില്‍ക്കില്ല. നമ്മള്‍ അടുത്ത നടപടിയിലേക്ക് പോവുകയാണ്. നിങ്ങള്‍ക്ക് എന്താവശ്യത്തിനും ഈ നമ്പറിലേക്ക് വിളിക്കാം. ഇനി നിങ്ങളുടെ മുന്നില്‍ ഞങ്ങളുടെ വഴികള്‍ തുറന്നിടുകയാണ,് സുദേവ് നിവേദിത… നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ ഭാഗമാണ്…
***
നിവേദിതക്ക് കിട്ടിയിരുന്ന ഫോണിലേക്ക് ഒരു ലാന്‍റ് ലൈനില്‍ നിന്നും വിളി വന്നു. അവള്‍ക്ക് അച്ഛന്‍റെ ശബ്ദം സാന്ത്വനമായി.
മോളെ…സുഖമല്ലെ…? രാത്രയില്‍ പോലീസുകാരു വന്നിരുന്നു. ഇത്തിരി റാഷായിട്ടൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു….. ഞങ്ങള്‍ക്ക് അറിയില്ലെന്നും മകള്‍ അങ്ങനെയുള്ള ആളല്ലെന്നും പറഞ്ഞു. അവരിവിടെ അരിച്ചു പെറുക്കി നടന്നു. ഞങ്ങള്‍ക്ക് പേടിയൊന്നും തോന്നിയില്ല…ഇപ്പോള്‍ ഒരു പയ്യന്‍ വന്ന് ഈ നമ്പര്‍ തന്ന് ബൂത്തില്‍ പോയി വിളിക്കാന്‍ പറഞ്ഞു… അവന്‍ ദേ അവിടെ നോക്കി നില്‍ക്കുന്നുണ്ട്….
സുദേവിന്‍റെ ഫോണില്‍ അമ്മ വിളിച്ചു. അതും ബൂത്തിലെ നമ്പറില്‍ നിന്നു തന്നെ.
മോനെ…
രണ്ടു നിശ്ചല ജലാശയങ്ങളെ പോലെയായി സുദേവും നിവേദിതയും. ഒന്നിനെപ്പറ്റിയും ചിന്തിച്ചില്ല, പ്രത്യേകിച്ച് ഒന്നിനെപ്പറ്റിയും അറിഞ്ഞില്ല. എന്തെങ്കിലും അറിയാനായി കൂടെക്കൂടെ വാര്‍ത്താ ചാനലുകള്‍ വച്ചു. അവര്‍ക്ക് വേണ്ടതൊന്നുമില്ലെന്ന് കാണുമ്പോള്‍ ഓഫ് ചെയ്ത് വെറുതെയിരുന്നു. മൂന്നു ദിവസങ്ങള്‍, അവിടെയുള്ളെതെന്തെങ്കിലും, എന്തെല്ലാമോ പേരുകളില്‍ നിവേദിത വേവിച്ചു, ചിലപ്പോള്‍ സുദേവ് സഹായിച്ചു. വേവിച്ചതൊക്കെ തിന്നു. കുളിച്ചു ഉറങ്ങി, ഒരു കട്ടിലില്‍ കിടന്നു തന്നെ. ഒരിക്കല്‍ പോലും അവര്‍ക്ക് സ്പര്‍ശിക്കണമെന്നു തോന്നിയില്ല. അവരുടെ ഹൃദയങ്ങള്‍ പരസ്പരം ബന്ധിതമായിരുന്നെന്ന കാര്യം കൂടി മറന്നു.
ദിവസത്തില്‍ രണ്ടു നേരവും ലത വിളിച്ചു, സുദേവിനെ അമ്മയും നിവേദിതയെ അച്ഛനും മൂന്നു ദിവസവും വിളിച്ചു. ആരും പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. അവരുടെ ജീവിതങ്ങളും പുതുതായിട്ട് എന്തെങ്കിലും ചെയ്യുന്നതായിട്ട് പറഞ്ഞില്ല.
നാലാമതു നാള്‍ പുലര്‍ച്ചെ അവരുടെ വീടിനു മുന്നില്‍ ഒരു വാഹനം എത്തിയതവര്‍ അറിഞ്ഞു. അവര്‍ ഉണര്‍ന്നു കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നു. ആദ്യം ഒന്നും തോന്നിയില്ലെങ്കിലും അടുത്ത നിമിഷം അവരില്‍ ഒരു ഞെട്ടല്‍ പടര്‍ന്നു കയറി. ആയുധം എന്തെങ്കിലും വേണമെ എന്ന് സുദേവ് ചിന്തിച്ചു. അപകടം മണക്കുന്നുണ്ടോയെന്ന് നിവോദിത ശ്രദ്ധിച്ചു.
സാര്‍…സുദേവ് സാര്‍…
മലയാളത്തിലുള്ള ശബ്ദം. മുറ്റത്ത് ഒരാളുടെ പാദപതനമേ കേട്ടുള്ളൂവെന്ന് അവന്‍ ശ്രദ്ധിച്ചു. വസ്ത്രങ്ങുടെ ചലന ശബ്ദങ്ങള്‍ പോലും കേള്‍പ്പിക്കാതെ അവരെഴുന്നേറ്റൂ. കിടപ്പു മുറിയുടെ ജനാല്‍പ്പാളിയെ ശബ്ദമില്ലാതെ തുറന്ന് പുറത്തു നോക്കി. വാഹനത്തില്‍ ആരുമില്ല. മുറ്റത്ത് ഒരാള്‍ മാത്രം
അയാള്‍ വീണ്ടും വിളിച്ചു.
സാര്‍, സുദേവ് സാര്‍…
സുദേവ് വാതില്‍ തുറന്നു. നിവേദിതയേക്കാള്‍ ചെറുപ്പമായ ഒരു യുവാവ്.
സാര്‍, ഞാന്‍ ജോസാണ്…ഈ വീട് നിങ്ങള്‍ക്ക് ഒരുക്കി വച്ചത് ഞാനാണ്…സാധനങ്ങള്‍ വാങ്ങി വച്ചത് ഞാനാണ്…ഇവിടെയെല്ലാം അടിച്ചുവാരി വൃത്തിയാക്കിയത് ഞാനാണ്… ഈ വീടും സ്ഥലവും എന്‍റെ എളേപ്പെന്‍റെയാണ്…
അവന്‍ ഒറ്റ ശ്വാസത്തില്‍ അവനെ പരിചയപ്പെടുത്തുവാനായിട്ട് അത്രയും പറഞ്ഞു..
വരൂ…
കതക് തുറന്ന് കൊടുത്ത് സുദേവ് പിന്‍ വാങ്ങിയപ്പോള്‍ ജോസ് ജീപ്പില്‍ നിന്നും കുറെ പ്ലാസ്റ്റിക് ബാഗുകളെടുത്ത് അകത്തേക്ക് വന്നു.
കുറച്ച് മീനും ഇറച്ചിയും മസാലുമൊക്കെ…
ഓ…
ഇവിടന്ന് പത്തു കിലോമീറ്റര്‍ മാറിയാണ് ഞാന്‍ താമസ്സിക്കുന്നത്…അവിടെ കുറച്ച് സ്ഥലമുണ്ട്… കൃഷിയാണ് കാപ്പിയും തെങ്ങും തന്നെ, ഇവിടത്തെ പോലെ. ഞാന്‍ മാത്രമേയുള്ള… ഇവിടയും നോക്കുന്നതും ഞാന്‍ തന്നയാ…
ബഡ്റൂമിന്‍റെ വാതില്‍ക്കല്‍ തന്നെ നിന്ന് നിവേദിത അവനെ കണ്ടു.
ഭയക്കേണ്ട ചേച്ചി… ഇതങ്ങ് ഫ്രിഡ്ജില്‍ വച്ചോ…
അവള്‍ സുദേവിനെ നോക്കി, അവന്‍റെ മുഖം അതിനനുവദിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ ജോസിന്‍റെ കയ്യില്‍ നിന്നും ബാഗുകള്‍ വാങ്ങി. ജോസ് ഒരു കെട്ടു പത്രങ്ങള്‍ സുദേവിനും കൊടുത്തു.
മൂന്നു ദിവസത്തെ പത്രമുണ്ട്… ഇവിടത്തെ ടൗണില്‍ മലയാള പത്രം കിട്ടും…ഇവിട നിന്ന് പതിനഞ്ചു കിലോമീറ്ററുണ്ട് ടൗണിലേക്ക്…
ഉം…
സാറിന് ബൈക്കോടിക്കാന്‍ അറിയില്ലേ…
ഉവ്വ്…
എന്‍റെ ബൈക്ക് ഇവിടെ വയ്ക്കാം… ഇപ്പോള്‍ കൊണ്ടു വരും. എന്‍റെ പണിക്കാരനാണ്, ഇവിടത്തുകാരനാണ്… അവന്‍ ഇവിടെയും പണിക്ക് വരാറുണ്ട്…
മുറ്റത്തേക്ക് ബൈക്ക് വരുന്നത് സുദേവ് കണ്ടു. വന്ന ആള്‍ ബൈക്കിന്‍ നിന്നിറങ്ങി വന്ന് താക്കോലും ഒരു ബാഗും ജോസിന് കൊടുത്ത് പുറത്തിറങ്ങി. ആയാള്‍ തൊടിയിലേക്ക് പോയി. അയാളുടെ പോക്കും ശ്രദ്ധയും കണ്ടാല്‍ തന്നെ അറിയാം കൃഷിക്കാരനാണെന്ന്.
സാര്‍, ഇത് ലാപ്ടോപ്പാണ് ഇക്ക തരാന്‍ പറഞ്ഞു.
ഇക്കയോ…
ഉം…സാറിനെ വിളിക്കാറില്ലെ നൗഷാദിക്ക…
നൗഷാദ്…
സുദേവിന് ലതയും യഥാര്‍ത്ഥ പേരു കിട്ടിയിരിക്കുന്നു. അവന്‍ നിവേദിതയെ നോക്കി. അവളുടെ മുഖത്ത് ഒരു വെളിച്ചും വീഴുന്നു, ഇവിടെയെത്തി ആദ്യമായി.
ജോസു കൊടുത്ത ബാഗുമായിട്ടവള്‍ അകത്തേക്കു പോയി. സുദേവ് ജോസും അഭിമുഖമായിരുന്നു. സുദേവിന് തോന്നി കൂടുതലായെന്തൊക്കയോ അവനു പറയാനുണ്ടെന്ന്…
നിവേദിത ഉണ്ടാക്കിയ കടുംചായ കുടിച്ച് അവര്‍ ജോസ് പറയുന്ന കഥ കേട്ടു.
സാറിനോട് ഒരു കഥ പറഞ്ഞിട്ടുണ്ട്, ഇക്ക. ഒരു സോമശേഖരന്‍ ഏ എസ് ഐയുടെ കഥ… ആത് ഇക്കയുടെ ബാപ്പയാണ്… ബാപ്പയുടെ പോര് അതല്ല. ഉമ്മയുടെ പേരും അതല്ല… പക്ഷെ, കഥ നടക്കുന്നത് മങ്കാവുടിയിലാണ്, അന്ന് ഇക്കയുടെ ബാപ്പ മങ്കാവുടി പോലീസ് സ്റ്റേഷനിലെ ഏ എസ് ഐ ആയിരുന്നു. മുച്ചീട്ടുകളി സംഘത്തിന്‍റെ കഥ നടക്കുന്നത് ആ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയാല്‍ തന്നെ ആയിരുന്നു. ഇക്ക, ബാപ്പയുടെ മരണത്തിന്‍റെ ഔദാര്യത്തിലാണ് ജോലിക്ക് കയറിയത്.. പോലീസില്‍ തന്നെ, പോലീസുകാരനായിട്ടല്ല. സര്‍ക്കില്‍ ഓഫീസിലെ ക്ലാര്‍ക്കായിട്ട്, ഇപ്പോള്‍ റൈറ്ററാണ്…
നൗഷാദ,് ഒരു പക്ഷെ, സോമശേരന്‍റെ കഥ കേട്ടയുടനെ അന്വേഷിച്ചിരുന്നെങ്കില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു…പക്ഷെ, കണ്ടെത്തിയിട്ടും എന്തു കാര്യമെന്ന് ചിന്തിച്ചിരുന്നു. അറിയേണ്ടിയിരുന്നതും അറിഞ്ഞിട്ടുള്ളതും ലാസറലിയെ കുറിച്ചായിരുന്നു.
ഞാന്‍ മങ്കാവുടിക്കാരന്‍ തന്നെയാണ്…എനിക്കും ലാസറലിയുമായി ബന്ധിച്ചൊരു കഥയുണ്ട്. അത് പിന്നീട് പറയാം…. ഇപ്പോള്‍ പോകണം, ഇത്തിരി തിരക്കുണ്ട്….. സാറ് അത്യാവശ്യത്തിന് ടൗണിലൊക്കെ പോകണം….. ഇവിടെ മലയാളികള്‍ കുറവാണ്….. ഒള്ളവരൊന്നും നിങ്ങളെ തിരിച്ചറിയില്ല….. എങ്കിലും അധികം ആര്‍ക്കും മുഖം കൊടുക്കണ്ട….. പിന്നെ എന്തു വേണമെങ്കിലും എന്നെ വിളിച്ചാല്‍ മതി….. ഇവിടത്തുകാരൊന്നും എന്നോട് അത്ര പെട്ടന്നൊന്നും മുട്ടില്ല…
അതു ശരിയാണെന്ന് സുദേവിന് തോന്നി. ഉറച്ച കൈകാലുകളും വിരിഞ്ഞ നെഞ്ചും തീഷ്ണമായ കണ്ണുകളും ജോസിന്‍റെ സംസാരം പോലെയല്ല.
***
ലത സുദേവിനെ വിളിച്ചു.
സുദേവ്, ജോസ് വിവരങ്ങള്‍ തന്നില്ലെ… നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെട്ടടങ്ങുന്നതായിട്ടാണ് കാണുന്നത്. ആ ആന്വേഷണ സംഘത്തില്‍ എനിക്ക് വേണ്ടപ്പട്ടവരുണ്ട്. എന്തോ വളരെ പ്രധാനപ്പെട്ട കാര്യം മറച്ചു വയ്ക്കാന്‍ നിങ്ങളെ ബലിയാടാക്കാന്‍ ശ്രമിച്ചതാണ്. പക്ഷെ, നിങ്ങളെ കിട്ടിയില്ലെന്ന് മാത്രമല്ല, അവിടെ നിന്നും അവര്‍ക്ക് വേണ്ടതൊന്നും കിട്ടിയില്ല… കാര്യങ്ങള്‍ മെന്നഞ്ഞ് ചേര്‍ക്കാന്‍ പല ഉദ്ദ്യാഗസ്ഥര്‍ക്കും താല്പര്യവുമില്ലായിരുന്നു. ആ മിഷനില്‍ താല്പര്യമില്ലാത്ത ഓഫീസര്‍മാരുമുണ്ടായിരുന്നു. ഒരു കാര്യ കെട്ടി ചമക്കാനാണെങ്കില്‍ എല്ലവരുടേയും സപ്പോര്‍ട്ടു വേണം. പണവും മദ്യവും പെണ്ണും കൊടുത്താണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്, നേരത്തെ ആലോചിച്ച് തീരുമാനിച്ച് തിരക്കഥയുണ്ടാക്കിയാണ് ഇറങ്ങുന്നത്. ഇവിടെ അതുണ്ടായില്ല. വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിച്ചതാണ്. വിജയിച്ചില്ല. താഴേക്കിടയിലുള്ള ഉദ്ദ്യോഗസ്ഥര്‍ക്ക് അത് മന്ത്രിയുടെ ഒരു തട്ടിപ്പാണെന്ന് മനസ്സിലാവുകയും ചെയ്തിരുന്നു. പക്ഷെ, നമുക്കങ്ങിനെ കണ്ട് ഒതുങ്ങിയിരിക്കാറായിട്ടില്ല. നിങ്ങള്‍ തല്ക്കാലം അവിടെ തന്നെ നില്‍ക്കുക….. വേണ്ടത് ഞാന്‍ അറിയിച്ചു കൊണ്ടിരിക്കാം…… പക്ഷെ, ഒന്നുണ്ട്. രണ്ടു പേരുടേയും എഴുത്തുകള്‍ മുടക്കരുത്. ഇത് എഴുത്തിനുള്ള ഒരു അവധി താമസ്സമായി കാണുക… ലാസറിടത്തു നിന്നും ഒളിഞ്ഞു കണ്ടതെല്ലാം സമൂഹത്തെ അറിയിക്കാന്‍ ക്രിയേറ്റീവായൊരു സൃഷ്ടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്…ഓക്കെ…
ഏസ്…
ഏസ് എന്ന് പറഞ്ഞ് ഫോണ്‍ ഓഫ് ചെയ്തപ്പോഴാണ് സുദേവ് എഴുത്തിനെ കുറിച്ച് ഓര്‍മ്മിച്ചതു തന്നെ, താനൊരു എഴുത്തുകാരനാണെന്നും, എഴുതിയിട്ടുണ്ടെന്നുമുള്ള കാര്യങ്ങളും. സുദേവ് എന്ന വ്യക്തിയുടെ ഐഡന്‍റിറ്റി തന്നെ മറന്നിരിക്കുകയായിരുന്നു.
സുദേവ് അടുക്കളയിലെത്തിയപ്പോള്‍ നിവേദിത തിരക്കു കൂട്ടിയുള്ള പണിയിലായിരുന്നു. കുറച്ചു നേരം നോക്കി നിന്നു. പിന്നെ എന്തെല്ലാമോ സഹായങ്ങള്‍ ചോയ്ത കൊടുത്തു. ഇപ്പോള്‍ അവര്‍ പരസ്പരം സാമിപ്യം അറിയുന്നുണ്ട്. ഇടക്ക് നിവേദിത സുദേവിന്‍റെ കണ്ണുകളില്‍ നോക്കി മന്ദഹസിച്ചു, അവനും.
നമുക്കൊന്നു ടൗണില്‍ പോയാലോ…..?
സുദേവ് ചോദിച്ചു.
ഉം..
അവളുടെ മുഖം പറയുന്നു സന്തോഷമായെന്ന്.
കനം കുറച്ച് മൊരിച്ചെടുത്ത ദോശ അടുക്കളയില്‍ ഇരുന്നു തന്നെ അവര്‍ കഴിച്ചു. നിവേദിത ദോശയുണ്ടാക്കിയപ്പോള്‍ മിക്സിയില്‍ അടിച്ച് ചമ്മന്തി ഉണ്ടാക്കിയത് സുദേവായിരുന്നു. അതിന്‍റെ കൂട്ടുകളെപ്പറ്റി അവന്‍ അവളോട് ചോദിച്ചിരുന്നു. കൈത്തഴക്കത്തോടെ തന്നെയാണ് തേങ്ങ ചെരകുന്നതെന്ന് അവള്‍ ശ്രദ്ധിച്ചിരുന്നു.
ടൗണിലേക്കുള്ള പതിനഞ്ചു കിലോമീറ്ററും ടാര്‍ വിരിക്കാത്ത വഴിയാണ്. എങ്കിലും മണ്ണൊലിച്ച് പോഴി അപകടകാരിയല്ല. വഴി ചെന്നു ചേരുന്നിടത്ത് ഒരു നാല്‍ക്കവലയാണ്. അവര്‍ വന്ന വഴിയ്ക്കു നേരെ എതിരായിട്ട് ഒരു ചെമ്മണ്‍പാത കൂടി വന്നു ചോരുന്നുണ്ട്, ചേരുന്നത് ടാര്‍ വിരിച്ച പാതയിലാണ്. കുറെ കടകള്‍, പച്ചക്കറി ചന്ത, കാഴ്ചക്ക് പത്തോ നൂറോ മനുഷ്യര്‍…
ടൗണില്‍ എത്തുന്നതിനിടയില്‍ ഒറ്റ വാഹനവും അവര്‍ കണ്ടില്ല. തലയിലും മുതുകത്തും വലിയ ഭാണ്ഡങ്ങള്‍ കെട്ടി വച്ചു പോകുന്ന നാലഞ്ച് ആളുകളെ കണ്ടു.
അവര്‍ വെറുതെ ചന്തയിലൂടെ നടന്നു. ജീവനുള്ള പച്ചക്കറികള്‍, ഉണങ്ങിയ മീനുകള്‍, ഇറച്ചിക്കട, അവര്‍ക്ക് മനസ്സിലാകാത്ത ഭാഷയും.
രണ്ടു ഹോട്ടലുകളുണ്ട്, അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നതില്‍ സ്ത്രീകളുമുണ്ട്… സാമ്പാറും ദോശയും പച്ചരിച്ചോറും… അവര്‍ ഒരു ഹോട്ടലില്‍ കയറി ചായ കുടിച്ചു. പത്തോ നൂറോ ഇനം മരുന്നുകള്‍ മാത്രമുള്ള മൊഡിക്കല്‍ സ്റ്റോറില്‍ നിന്നും നിവേദിതക്ക് പാരാസെറ്റമോള്‍ ഗുളിക വാങ്ങിച്ചു. ഒരു മണിക്കൂറോളം ടൗണില്‍ കറങ്ങി നടന്നിട്ടും കണ്ടത് മൂന്നു നാഷനല്‍ പെര്‍മിറ്റ് ലോറിയും രണ്ടു കാറുകളും ഒരു ബൈക്കും മാത്രമായിരുന്നു. പ്രത്യേകിച്ച് കിട്ടിയത് ഒരു ദിവസത്തെ പത്രമാണ്, മലയാള മനോരമയും മാതൃഭൂമിയും.
താമസ്സിക്കുന്നിടത്ത് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ നിവേദിതക്ക് കാപ്പി പൂവിന്‍റെ ഗന്ധം കിട്ടി. അവള്‍ പുറത്തിറങ്ങി ആദ്യം പൂത്ത കാപ്പിച്ചെടി തേടി നടന്നു. മുറ്റത്തേക്ക് തല നീട്ടി നില്‍ക്കുന്നവര്‍ക്ക് പിറകില്‍ നല്ല വലിപ്പമുളളവളാണ് പൂത്തു തുടങ്ങിയത്. അതിനടുത്തെത്തി പൂവിനെ മണപ്പിച്ച് നില്‍ക്കുമ്പോള്‍ അവള്‍ക്ക് പിറകില്‍ നിന്ന് സുദേവിന്‍റെ മണവും കിട്ടി. അവള്‍ തിരിഞ്ഞു നോക്കി. അവിടെയെത്തി ആദ്യമായിട്ടാണവള്‍ സുദേവിന്‍റെ കണ്ണുകളില്‍ സൂക്ഷ്മമായി നോക്കുന്നത്.
എന്തേ എന്നവള്‍ കണ്ണുകളാല്‍ ചോദിച്ചു.
എന്നോട് ദേഷ്യമാണോ….?
എന്തിന്…?
ഇങ്ങിനെയൊരു സാഹചര്യത്തില്‍ കൊണ്ടെത്തിച്ചതിന്…
നിവേദിത അടക്കി നിര്‍ത്തിയിരുന്നതെല്ലാം തകര്‍ന്നു പോയി. അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞു. അവന്‍റെ ദേഹത്തേക്ക് ചേര്‍ന്ന്, മാറില്‍ തല ചേര്‍ത്തിട്ടും അടക്കാന്‍ കഴിയാതെ അവനെ ശക്തിയായി പുണര്‍ന്ന് കരഞ്ഞു. കരഞ്ഞു കഴിഞ്ഞ് മനസ്സ് ശാന്തമായപ്പോള്‍ പറഞ്ഞു.
ഇല്ല.
***
ലതയെന്ന നൗഷാദ്.
സുദേവ്, നിങ്ങള്‍ എന്നെയിതേവരെ വിളിച്ചില്ല. അവിടം അത്രയ്ക്ക് ഇഷ്ടമായോ…ജോസ് പലകാര്യങ്ങളും സംസാരിച്ചെന്ന് പറഞ്ഞു. അതെല്ലാം ശരികളാണ്.
സുദേവ് നിശബ്ദനായിരുന്നു കേട്ടു. നിവേദിതക്ക് കേള്‍ക്കാനായി ഫോണ്‍ ലൗഡ്സ്പീക്കറില്‍ ഇട്ടു.
നിങ്ങള്‍ക്കെതിരെയുള്ള ആക്രമണം ആസൂത്രിതവും കൃത്യമായിട്ടുമാണ് ചെയ്തത്. പക്ഷെ, അതു നമ്മള്‍ വിചാരിച്ചതു പോലെ ലാസറലിക്കു വേണ്ടിയല്ല, നമ്മുടെ മന്ത്രിക്കു വേണ്ടിയുമല്ല. സുദേവ് കുഞ്ഞാറുമേരിയെ കണ്ടതു കൊണ്ടുമല്ല. മണികണ്ഠന്‍റെ മരണം പോലും നമ്മള്‍ ഉദ്ദേശിച്ചതു പോലെ നമ്മളുമായി ബന്ധിച്ചുള്ളതല്ല. നമ്മുടെ ജനാധിപത്യ മുഖ്യഭരണാധികാരിയും കൂട്ടരും നടത്തിയിരിക്കുന്ന വലിയ ഒരു അഴിമതിയുടെ കഥ മൂന്നു മാസമായിട്ട് പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നില്ലേ… അതില്‍ നിന്നും പൊതു ജനത്തിന്‍റെ ശദ്ധ്ര തിരിച്ചു വിടുന്നതിനുവേണ്ടി ലാസറലി ചെയ്തൊരു ഉപഹാരമായിരുന്നു. വധം തന്നെയായിരുന്നു അവരുടെ ഉദ്ദേശം. എറ്റുമുട്ടലില്‍ മരിച്ചു വെന്നു വരുത്തി തിര്‍ക്കുക. മാവോയിസ്റ്റുകളെ ഒതുക്കുന്നതിനാണ് മിഷന്‍. ആ മിഷനില്‍ നിരപരാധികളെ കുരിശിലേറ്റുന്നതിനോട് എതിര്‍പ്പുള്ള ഒരു ഓഫീസറുണ്ട് അയാളുടെ വിയോജിപ്പാണ് ന്യൂസ് പുറത്തു വരാന്‍ കാരണം. എനിക്ക് വിവരം കിട്ടിയതും അതു കൊണ്ടാണ്. അവരുടെയൊക്കെ ക്രൂരതക്ക് നമ്മള്‍ മറുപടി കൊടുക്കുകയാണ്. ജോസ് ലാപ്ടോപ്പ് തന്നിട്ടില്ലെ…
ഉണ്ട്…
ഇപ്പോള്‍ തന്നെ ഫെയ്സ് ബുക്കില്‍ കയറി നോക്കണം. സുദേവിന്‍റെ ഒരു സുഹൃത്താണ് വികടന്‍….. കൂനുള്ള ഒരു കറുക്കന്‍റെ സ്കെച്ചാണ് മുഖചിത്രം. അയ്യായിരത്തിനടുത്ത് സുഹൃത്തുക്കളുണ്ടതിന്, പതിനായിരത്തോളം ഫോളോവേഴ്സുമുണ്ട്. ഇന്നലെ പോസ്റ്റു ചെയ്ത ഒരു വീഡിയോക്ക് പതിനാലായിരം കാണികളെ കിട്ടിയിട്ടുണ്ട്. കമന്‍റുകള്‍ കുറവാണ്, ഭയം കൊണ്ടാകാം. കാണുക… നാളെ ടിവിയിലും ദിനപ്പത്രങ്ങളിലും ന്യൂസുണ്ടാകും.
നൗഷാദ് ഫോണ്‍ ഓഫു ചോയ്തപ്പോള്‍ സുദേവ് വികടനെ കുറിച്ച് ഓര്‍മ്മിച്ചു വിലകുറഞ്ഞ തമാശകളും കോമിക്കുകളും കാണിച്ചിരുന്ന ഒരു സൈറ്റായിരുന്നു. അതില്‍ വരുന്ന കമന്‍റുകളും തരം താണതായി തോന്നിയട്ടുണ്ട്, സുദേവ് അത് ശദ്ധിക്കാറില്ലായിരുന്നു.
വികടനിലെ ദൃശ്യങ്ങള്‍ അവര്‍ക്കു മുന്നില്‍ വ്യക്തമായി വന്നു. ജനാധിപത്യ മുഖ്യഭരണാധികാരിമായുള്ള ലാസറലിയുടെ വീതം വക്കലിന്‍റെ ദൃശ്യങ്ങള്‍, യുവതുര്‍ക്കിയുടെ ഷാഹിനയുമായുള്ള ദൃശ്യങ്ങള്‍, ആഭ്യന്തര പുത്രന്‍റെ മഴ നിറ യാത്രകള്‍… ഓരോ കാഴ്ചകളും ഒരു സെക്കന്‍റുകള്‍ മാത്രമാണുള്ളത്. വളരെ വിശദമായ കാപ്ഷനുകളും…
അപ്പോള്‍ തന്നെ അവര്‍ വാര്‍ത്താ ചാനലുകള്‍ വഴി തേടി നടന്നു. മാധ്യമ വാര്‍ത്ത ആയിട്ടില്ല. പക്ഷെ, ആഗോളമായി പതിനായിരങ്ങള്‍ കാണുന്നുണ്ടെന്ന് അവര്‍ കണക്കുകൂട്ടി. അടുത്ത ദിനങ്ങളില്‍ ഒരു സ്പോടനമായത് പ്രവിശ്യാ രാഷ്ടീയ മണ്ഡലമാകെ നിറയും.
കാണാം ഇനി നിറകാഴ്ചകള്‍…
നിവേദിതക്കും സുദേവിനും മനസ്സ് കുളിര്‍ത്തു. പക്ഷെ, അടുത്ത നിമിഷം അവര്‍ ഭയന്നു. അതിന്‍റെ പ്രതികരണങ്ങള്‍ ഏറ്റവും ആദ്യമെത്തുന്നത് അവരുടെ വീടുകളിലായിരിക്കും.
സുദേവ് നൗഷാദിനെ വിളിച്ചു.
നൗഷാദ് പറഞ്ഞു.
ഞങ്ങള്‍ നോക്കിക്കൊണ്ടാണിരിക്കുന്നത്, അവര്‍ക്കു വേണ്ട സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്. അവരുടെ ജീവിതത്തിന് ഒരു ബുദ്ധിമുട്ടുകളുമണ്ടാകില്ല. ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും നമ്മള്‍ സമ്പന്നരാണ്.
അര്‍ത്ഥം….?
അതെ, അര്‍ത്ഥം തന്നെ. ഞങ്ങളാരും അദ്ധ്വാനിച്ച ധനമല്ലത്….. ലാസറിടത്തു നിന്നും കവര്‍ന്നതാണ്… രത്നങ്ങള്‍ കൊടുത്ത്…കൊടുത്ത രത്നങ്ങളൊന്നും യഥാര്‍ത്ഥ രത്നങ്ങളായിരുന്നില്ല.
രത്നവ്യാപാരിയുടെ മുഖം സുദേവിന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു. റിസോര്‍ട്ടിലെ ആഘോഷ പാര്‍ട്ടിയില്‍ ആ മുഖം കണ്ടപ്പോള്‍ മറ്റെവിടയോ കണ്ട ഓര്‍മ്മയുണ്ടെന്ന് നിവേദിത പറഞ്ഞ കാര്യവും ഓര്‍മ്മിച്ചു.
അവള്‍ പറഞ്ഞു.
അയാള്‍ നമുക്കിടയില്‍ തന്നെ ഉണ്ടായിരുന്നു.
***
സ്ഥലകാലങ്ങള്‍ മറന്നുള്ള ഉറക്കമായിരുന്നു സുദേവിനും നിവേദിതക്കും. അര്‍ദ്ധരാത്രികഴിഞ്ഞപ്പോള്‍ മുതല്‍ ശക്തിയായ മഴ പെയ്തു കൊണ്ടിരുന്നു. സ്വതവെ ഉണ്ടായിരുന്ന തണുപ്പ് അധികമായി. ഒരു പുതപ്പിനുള്ളില്‍ അവര്‍ പുണര്‍ന്നു കിടന്നു. വസ്ത്രങ്ങളെ നിരാകരിച്ച,് ദേഹത്തിന്‍റെ ചൂടിനെ പരസ്പരം കൊടുത്ത,് പരസ്പരം സ്വീകരിച്ച് മന്ദം മന്ദം ഗാഢമായ നിദ്രയിലേക്ക് പോകുകയായിരുന്നു.
നേരും പുലര്‍ന്നു ഉണര്‍ന്നപ്പോള്‍ മഴ നിലച്ചിരിക്കുന്നു. അവരുടെ മനസ്സുകളും അന്തരീക്ഷവും തണുത്തിരിക്കുന്നു. നിവേദിത പറഞ്ഞു.
നമുക്കൊരു അമ്പലത്തില്‍ പോകണം…..
ഇവിടയോ…..?
ഉം… നിങ്ങള്‍ക്ക് വിശ്വാസമില്ലായിരിക്കാം…എനിക്ക് ചെറിയൊരു വിശ്വാസമുണ്ട്…അവിടെയെത്തിയാല്‍ എന്‍റെ ഭാരങ്ങളൊക്കെ ഇറക്കി വയ്ക്കാന്‍ കഴിയുമെന്ന വിശ്വാസം…..
ജോസ് പറഞ്ഞു.
അമ്പലമൊന്നും അടുത്തില്ല. പക്ഷെ, ഒരു കോവിലുണ്ട്….കുറച്ച് ഉള്ളിലേയ്ക്ക മാറിയാണ്, മാരിയമ്മന്‍ കോവില്‍…
ഒരു വലിയ വൃക്ഷച്ചുവട്ടില്‍ ഒരു പ്രതിമ, ആരോ രാവിലെ തന്നെ അതിന്‍റെ മുകളില്‍ കുറെ പൂക്കള്‍ വിതറിയിട്ടുണ്ട്….പൂജിച്ചതാകാം.
നിവേദിത കണ്ണടച്ചു നിന്നു പ്രാര്‍ത്ഥിച്ചു. സുദേവും ജോസും കണ്ടു നിന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് ജോസ് കൊണ്ടു വന്നു കൊടുത്ത താലി, ചുരിദാര്‍ ഷാളില്‍ നിന്നും പിഴുതെടുത്ത നൂലില്‍ കോര്‍ത്ത് സൂദേവ് അവളുടെ കഴുത്തില്‍ അണിയിച്ചു.
***
പ്രചണ്ഡമായൊരു പ്രകമ്പനമാണ് വികടന്‍ പ്രവിശ്യയാകെ ഉണ്ടാക്കിയത്. ആറുമാസക്കാലം നീണ്ടു നിന്ന പേമാരിയും ഇടിയും കാറ്റും പോലെ. ഉരുള്‍ പൊട്ടലില്‍ വന്‍ മലകള്‍ തകര്‍ന്നു. താഴ് നിലങ്ങളില്‍ വെള്ളം നിറഞ്ഞു. വന്‍ മരങ്ങള്‍ പോലും കടപുഴക്കി വീണു, ശക്തിയായ വെള്ളപ്പാച്ചിലില്‍ ഒഴുകി അന്യദേശങ്ങളില്‍ അടിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വന്‍ ബംഗ്ലാവുകള്‍ പോലും തകര്‍ന്നു വീണു. മിന്നലില്‍ കത്തിയമര്‍ന്നു.
പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക് പൂരമായിരുന്നു. ആന എഴുന്നള്ളിപ്പുകളും, കുട തോരണങ്ങളും, മേളക്കൊഴുപ്പും, കുട മാറ്റങ്ങളും, നിറഭേങ്ങളും, പുരുഷാരവും…. വന്‍കിട പരസ്യങ്ങള്‍ വഴി കോടികളുടെ വരവും.
പ്രവിശ്യയിലെ ഭരണം തകര്‍ന്നു, പ്രതിപക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നു.
രാഷ്ട്രപതി ഭരിക്കാന്‍ തീരുമാനിച്ചു. ഡോ. ലാസറലി രാജ ഗ്രൂപ്പിന്‍റെ തായ് വേരുകള്‍ പോലും ദ്രവിച്ച് പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന ഇലകള്‍ കൊഴിഞ്ഞ് ശിഖരങ്ങള്‍ കരിഞ്ഞ് നിപതിച്ചു. സ്വത്തുവഹകള്‍ സര്‍ക്കാര്‍ കണ്ടു കെട്ടി.
***
ഒരു വര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്ന് വ്യവസായ നഗരിയിലെ പ്രസ്സ് ക്ലബ്ബില്‍ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടക്കുകയാണ് . സുദേവിന്‍റെ നൂറ്റിയൊന്ന് ചെറുകഥകളടങ്ങിയ സമാഹാരത്തിന്‍റെയും കേട്ടെഴുത്തുകാരന്‍റെ ഒളികാഴ്ചകളെന്ന നോവലിന്‍റെയും. സുദേവിന്‍റെയും നിവേദിതയുടേയും സഹപ്രവര്‍ത്തകരും എഴുത്തു സുഹൃത്തുക്കളും വായനക്കാരും ബന്ധുക്കളും എത്തിച്ചേര്‍ന്നപ്പോഴേക്കും ഹാള്‍ നിറഞ്ഞു കഴിഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്‍റ് ഒരു സഹൃദയന് കൊടുത്തു കൊണ്ടാണ് പ്രകാശന കര്‍മ്മ നിര്‍വ്വഹിക്കുന്നത്. അവര്‍ ആ സഹൃദയനെ കാത്തിരിക്കുകയാണ്.
നിവേദിത അക്ഷമയായി വാച്ചില്‍ നോക്കിയിരുന്നപ്പോള്‍ സദസ്സില്‍ കരഘോഷം മുഴങ്ങി. അവരുടെ പ്രധാന അതിഥിയായ സഹൃദയന്‍ ഹാളിലേക്ക് പ്രവേശിക്കുകയാണ്. സുദേവ് അയാളെ കണ്ടു, ലാസറിടത്തു വച്ച് ഒന്നു രണ്ടു പ്രാവശ്യം പ്രച്ഛന്ന വേഷിതനായി കണ്ടിട്ടുള്ള രത്നവ്യാപാരി വേഷങ്ങളൊക്കെ അഴിച്ചു വച്ച്, സുസ്മേരവദനനായി……
@@@@@