വാക്കും രുചിയും

അധികമിരുണ്ടൊരു രാത്രിയായിരുന്നു. വാതിലിl ശക്തിയായ തട്ടി വിളികേട്ടാണ്‌ ഉണർന്നത്‌. കിടപ്പിൽ നിന്നെഴുന്നേൾക്കാൻ കഴിഞ്ഞില്ല. കയർ പഴകി, വലിഞ്ഞു തൂങ്ങിയ കട്ടിലാണ്‌. കട്ടിലിനു താഴെ ഇത്തിരിയിടത്ത്‌ പായ വിരിച്ചാണ്‌ ഭാര്യയും രണ്ടു മക്കളും കിടക്കുന്നുത്‌.

ഇരുളിൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ വാതിൽ തുറക്കാൽ നോക്കിയാൽ അവരെ ചവുട്ടി മെതിക്കേണ്ടി വരും.
അത്‌ ഓർത്തിട്ടല്ല എഴുന്നേൽക്കാതിരുന്നത്‌. കയർ അയഞ്ഞു തൂങ്ങിയതു കൊണ്ട്‌ എഴുന്നേൽക്കാൻ കുറച്ചു സമയമൊന്നും പോര.
വാതിൽ തുറക്കാത്തതു കൊണ്ടാകാം വാതിലിനെ തള്ളിയകറ്റി അവർ അകത്തേക്കു വന്നു.

എത്ര പേരുണ്ടെന്ന്‌ കാണാലായില്ല, ആകെ ഇരുള്. അവർ തെളിച്ച വെളിച്ചത്തിൽ മക്കളുടെ പഠിപ്പു മേശയിൽ എന്തോ പരതുന്നതു കണ്ടു. മറ്റു ചിലർ അടുക്കളയിലേക്ക്‌ നീങ്ങുന്നതും. അടുക്കളയിൽ നിന്നും അവരുടെ സംഭാഷണത്തോടു കൂടി
പാത്രങ്ങൾ തട്ടി മറിച്ചിടുന്ന ശബ്ദങ്ങൾ കേട്ടു. കൂടെ, അവരുടെ ചവിട്ടേറ്റിട്ടാകാം മക്കൾ കരയുന്നതും. ഞാൻ  ഭാര്യയെ, മക്കളെ നോക്കി. പക്ഷെ, കാണാനായില്ല. ഇരുളോടുകൂടി ഭയത്തിന്റെ ഒരു പുക മറ കൂടി കണ്ണിനെ ബാധിച്ചിരുന്നു.

ഒന്നും കിട്ടാതെ വന്നതു കൊണ്ടാകാം അവർ തിരച്ചിൽ നിർത്തി വന്ന്‌

എനിക്ക്‌ ചുറ്റും നിന്നും, വെളിച്ചും എന്റെ മുഖത്തേക്ക്‌ പ്രകാശിപ്പിച്ചു.

…മോനെ….
എല്ലാം നിർത്തിക്കോണം… അല്ലെങ്കിൽ നിന്റെ നാക്ക്‌ ഞങ്ങളറുത്തെടുക്കും…..

ശിരസ്സിൽ
രണ്ടു പ്രഹരവും തന്നിട്ടവർ പുറത്തേക്ക്‌ പോയി, പോകും വഴി വാതിലിനെ ശക്തിയായി ചവുട്ടി ശബ്ദവും കേൾപ്പിച്ചു.

നിശ്ചലമായി നിന്നിരുന്ന നിമിഷങ്ങൾക്കു ശേഷം ഭാര്യ വിളക്കു കൊളുത്തി. വെളിച്ചമെത്തി മുറി മുറിയെ കാണിച്ചപ്പോൾ മക്കൾ കട്ടിലിലെത്തി എന്നെ കെട്ടി പിടിച്ചു, ഭാര്യയും ചേർന്നിരുന്നു.

അവൾ പറഞ്ഞു

നമുക്കിനി ആ കച്ചവടം വേണ്ട…വേറെ എന്തെങ്കിലും പണി ചെയ്തു ജീവിക്കാം…

കച്ചവടം എന്റെ തൊഴിലാണ്‌. ഉപജീവന മാര്‍ഗ്ഗം. സർക്കാർ നടത്തുന്ന മാംസ വില്പനശാലയിൽ നിന്നും മൊത്തമായി മാംസം വാങ്ങി നാട്ടിലെ ഉൾപ്രദേശങ്ങളിൽ, സൈക്കിളിൾ കൊണ്ടുപോയി വില്പന നടത്തുന്നു. സൈക്കിളിൽ പോകുമ്പോൾ ഹോണ്‍ വിളിയോടു കൂടി എന്റെ കലമ്പിച്ച

സ്വരത്തിൽ പാടുകയും ചെയ്തു. അദ്ധ്വാനിക്കുന്നവന്റെ, കഷ്ടപ്പെടുന്നവന്റെ മോചനത്തെക്കുറിച്ച്‌ ആരൊക്കയോ പാടിയിട്ടുള്ള

ഗാനങ്ങള്‍. സ്വന്തം ഭാഷയിലും അപരഭാഷയിലുമുള്ള ഗാനങ്ങളുടെയൊന്നും ശരിയായ അർത്ഥങ്ങൽ അറിഞ്ഞിട്ടല്ല പാടിയി

രുന്നത്‌. അതിന്റെ താളവും ഈണവും, പാടുമ്പോൾ കിട്ടുന്ന ഈർജ്ജവുമാണെന്നെ
മോഹിപ്പിച്ചിരിന്നത്‌. അവർ പറഞ്ഞതിന്റെ പൊരുൾ ഞാനറിയുന്നു.

നാക്കു ചെത്തുക വിഴി അവരെന്റെ വാക്കുകളും രുചിയുമാണ്‌ ഇല്ലാതാക്കാൻ നോക്കുന്നത്‌. ചെറുപ്പം മുതൽ അനുഭവിച്ച രുചികളും പാടിയ പാട്ടുകളും ഏതു നിമിഷവും എന്നിൽ നിന്നും തട്ടിയകറ്റപ്പെടാമെന്നും, നാളെ അടിമയാക്കപ്പെടുമെന്നും, വില്പന ചരക്കാക്കുമെന്നും….. !

@@@@@@




തന്ത്ര – അർദ്ധനാരീശ്വര

“ദർശനം പുണ്യം, സ്പർശനം പാപ നാശിതം, സഹശയനം മോക്ഷ പ്രാപ്തി”.

ഒന്നും ദർശിക്കാനാകാതെ അവൾ അവനോടൊട്ടി, അവന്റെ കണ്ണുകളിൾ നയനങ്ങൾ ചേർത്ത്, ശേഷം കേൾനായി കാത്തു.

അവൻ പറഞ്ഞു.

നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ്‌ കാണുന്നത്‌, അതു പുണ്യമാണ്‌. നിന്നോട്‌ സംവദിക്കുമ്പോൾ ഞാനീ പ്രകൃതിയെ സ്പർശിക്കുകയാണ്‌,അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്‌.    നിന്നോടൊത്ത്‌ പ്രവർത്തിക്കുമ്പോൾ പ്രകൃതിയിൽ ലയിക്കുകയാണ്‌, അതെനിക്ക്‌ മോക്ഷദായകമാണ്‌.

അവന്റെ വാക്കുകൾ അവളുടെ ഉൾക്കാമ്പിലേക്ക്‌ ആഴ്‌ന്നിറങ്ങി ഉൾപ്പൂ

വിരിഞ്ഞു, സഹസ്രദളങ്ങൾ വിടർത്തി, സപ്തരാഗങ്ങളുണർത്തി, വിഘർഷണമായി, ഉൾക്കിടിലമായി, ഉന്മാദമായി, അകതാരിൽ പ്രകമ്പനമായി, ഝടുതിയിൽ പൊട്ടി വിടർന്ന്, അവൾ അവനിലേക്ക്‌ പടർന്നൊഴുകി, വ്യക്തിസത്തയില്ലാതെ
അവർ കാറ്റായി, മഴയായി, വിദ്യുത്‌ പ്രവാഹമായി, പ്രപഞ്ചങ്ങളെ ഉൾക്കൊണ്ട്‌ പ്രകൃതിയായി, പരമാനന്ദമായി, പരമ സത്യമായി, പരമ ചൈതന്യമായി…

നിലയ്ക്കാതെ,

എങ്ങും നിലയ്ക്കാതെ,

ഒരിക്കലും നിലയ്ക്കാതെ,

അനന്തമായി,

അവാച്യമായി,

അർദ്ധനാരീശ്വര………….

@@@@@@@




“ സെൽഫി”കൾ കവിതകളാകുന്നതെപ്പോൾ….

അക്ഷരങ്ങളെ കൂട്ടിവായിക്കാൻ കഴിഞ്ഞപ്പോൾ, വാക്കുകളെ തെരൂത്ത്‌ വാചകങ്ങളുണ്ടാക്കുവാൾ തുടങ്ങിയപ്പോൾ ഉടലെടുത്ത മോഹമാണ്‌ കവിയാവുകയെന്നത്‌. ഒരു കവിതയെഴുതി, പത്തു കവിതകളെഴുതി ഒടുങ്ങാനുള്ളതായിരുന്നില്ല തീരുമാനം. എഴുത്തച്ഛനെങ്കിലുമാകണം. അല്ലെങ്കിൽ മഹാകാവ്യമെഴുതാത്തൊരു കുമാരനാശാ൯……

പഠനം തുടങ്ങി, ഒരുക്കങ്ങളായി, എഴുത്തോലയെത്തി, നാരായവുമെത്തി.

എഴുതി…

പൂക്കളെ, കിളികളെ, രാജാക്കളെ,
ദൈവങ്ങളെക്കുറിച്ചൊക്കെ…. കവികുല ഗുരുക്കൾ വിധിച്ചു, ഇതിലൊന്നും കവിതയില്ല… മണ്ണിലേയ്ക്കിറങ്ങി വരൂ…

പുഴുക്കളെ, കീടങ്ങളെ, മണ്ണിനെ, പെണ്ണിനെ, പുതിയ രാജാക്കളെ, പുതിയ ദൈവങ്ങളെ കണ്മിഴിച്ചു കാണൂ……. പുതുതായി, കവിഞ്ഞ ജ്ഞാനത്തോടെ എന്തെങ്കിലും എഴുതൂ…

എഴുതി.  പക്ഷെ, അതിലൊന്നും കവിതയില്ലായിരുന്നു. മണ്ണ്‌ ഭക്ഷണവും, പെണ്ണ്‌ സ്വപ്നങ്ങളും,
രാജാക്കൾ പുതിയ അടിമത്തവും ദൈവങ്ങൾ പുതിയ അന്ധതയും തന്നു.  ഒന്നും മനസ്റ്റിൽ കയറിയിരുന്ന്‌ ചിനച്ച്‌, മുറിച്ച്‌, പഴുത്ത്‌ ചല മൊഴുക്കിയില്ല. കാരണം, ഞാൻ അതിന്റെ

യൊക്കെ ഭാഗമാവുകയായിരുന്നു. സുഖം നേടുകയാകയായിരുന്നു. ഒഴുക്കിന്‌ അനുകൂലിച്ചാണ്‌ നീന്തിയത്‌. പിന്നെ എഴുത്ത്‌ കഥകളായി. അപ്പോഴും സ്വപ്നങ്ങൾ കണ്ടു.  സി വി രാമൻപിള്ള…..ഒ വി വിജയൻ….

എഴുതിയെഴുതി കൈ കഴച്ചപ്പോൾ എല്ലാം വിട്ട്‌ ജീവിക്കാൻ തീരുമാനിച്ചു. ജീവിച്ച്‌ തുടങ്ങിയപ്പോഴാണ്‌ അദ്ധ്വാനം വേണമെന്നറിഞ്ഞത്‌. അദ്ധ്വാനത്തിന് മടുത്ത്‌ പട്ടിണി കിടന്നു.

പട്ടിണി കിടന്ന്‌ മടുത്തപ്പോൾ ഭിക്ഷയെടുത്തു നോക്കി.. ഭിക്ഷകൊണ്ട്‌ തീറ്റ തികയാതെ അലച്ചിലായി.. ക്ഷീണിച്ച്‌ വൃക്ഷച്ചുവട്ടിൽ ബോധോദയത്തിനായി കാത്തിരുന്നു. ഒരു ബോധവും ഉദിച്ചില്ല. കണ്ട ഉദയങ്ങൾ പുതുമയുള്ളതോ ആഗ്രഹിച്ചതോ ആയിരുന്നില്ല. കോലം കെട്ടു. കെട്ട കോലത്തിലെന്തോ പുതുമ തോന്നി മൊബൈലിൽ പകർത്തി.. മുഖത്തിന്റ നേർകാഴ്ചകൾ മാത്രമല്ല, ചരിഞ്ഞതും, നവരസങ്ങൾ നിറഞ്ഞതും, ദേഹത്തിന്റെ മുഴുകാഴ്ചകളും പകർത്തി രസിച്ചു. പകർത്തിയതൊക്കെ തോന്നിയപ്പോഴൊക്കെ മുഖപുസ്തകത്തിലും ചേർത്തു വന്നു.

പെട്ടന്നൊരു കാറ്റടിച്ചതു പോലെ മാറ്റങ്ങളുണ്ടാവുകയായിരുന്നു. മുഖപുസ്തകത്തിൽ പലരും സുഹൃത്തുക്കളാകുന്നു, ഇഷ്ടങ്ങൾ രേഖപ്പെടുത്തുന്നു. ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. നിത്യവും പുതിയ സുഹൃത്തുളുണ്ടാകുന്നു, പുസ്തകം നിറയുന്നു.

രൂപവതികൾ, ലാസ്യവതികൾ,

പണ്ഡിതർ, പാമരർ,

ജനപ്രിയർ, മനപ്രിയർ,

നിയമജ്ഞർ, തത്വജഞാനികൾ,

പുതിയ രാജാക്കൾ, പുതിയ അടിമകൾ…

പുളകം കൊണ്ടു പോയി…

ദേഹമുണർന്ന് സുഖമൂർച്ഛയിലെത്തുന്നു പലപ്പോഴും…

ഒരു നാൾ, തിരഞ്ഞെടുത്തൊരു ലാസ്യയവതിയോടു തന്നെ ചോദിച്ചു…

പ്രിയയമുള്ളവളെ, നിനക്ക്‌ എന്നിലെ എന്തൊക്കായാണ്‌ ഇഷ്ടപ്പെട്ടത്‌ ഇത്ര മാത്രം രേഖപ്പെടുത്താൻ, പങ്കുവക്കാൻ….

ഹായ്‌, മിത്രമേ നിങ്ങളെന്താണ്‌ ചോദിച്ചത്‌….ഞാനിഷ്ടപ്പെട്ടത്‌ നിങ്ങളുടെ ദേഹത്തെയോ, മുഖത്തെയോ ചേഷ്ടകളെയോ അല്ല… നിങ്ങൾ പകർത്തിയ ചിത്രങ്ങളിൽ, നിങ്ങൾക്ക് പിറകിലുള്ള കാഴ്ചകളെയാണ്‌… പ്രകൃതിയെ, ജീവികളെ, ജീവിതത്തെ… അതെല്ലാം കവിതകളാണ്‌….അവിടെ നിന്നെല്ലാം കേൾക്കുന്നത്‌ വ്യത്യസ്തമായ കഥകളാണ്‌…

ഞാനൊന്നു തിരിഞ്ഞു നോക്കി…

എന്റെ മുഖ പുസ്തകത്തിന്റെ ഏടുകൾ മറിച്ചു നോക്കി…

അവൾ പറഞ്ഞത്‌ ശരിയാണ്‌…

കാട്‌,
പടല്, മേരുക്കൾ, പുഴകൾ, പൂക്കൾ, കായ്കൾ, പുഴുക്കൾ, ശലഭങ്ങൾ, മൃഗങ്ങൾ, മനുഷ്യർ… മറ്റ്‌ ജീവികൾ, ജീവിതങ്ങൾ…

എല്ലാം കവിതകളാകുന്നു……

കഥകളാകുന്നു…..

@@@@@@




ഒരച്ഛനും മകനും

അച്ഛൻ, ക്ഷുഭിത യ്യൌവന കാലത്ത്‌ പതിനാലിഞ്ച്‌ ബെൽബോട്ടം പാന്റ്സിട്ട്‌ തോളറ്റം മുടി നീട്ടി വളർത്തി ഗഞ്ചാവിന്റെ പുക നുകർന്ന് നടന്നു. സച്ചിദാനന്ദനേയും ചുള്ളിക്കാടിനെയും മുഖദാവിൽ നിന്നു മറിഞ്ഞു. സാത്രിനേയും കാമുവിനെയും ഉള്ളിലേക്കാവാഹിച്ചു. സമപ്രായക്കാരും സുഹൃത്തുക്കളും ടാർ വിരിച്ച പാതയിലൂടെ വാഹനങ്ങളിൽ കയറി പോയപ്പോൾ തനിച്ച്‌ പാതയോരം ചേർന്നു നടന്നു. ഒന്നിനോടും യോജിക്കാൻ കഴിയാതെ, ആരോടും കൂടാൻ കഴിയാതെ അല്ലറ ചില്ലറ ജോലികൽ ചെയ്ത്‌ ഭാര്യയേയും ഒരു മകനേയും എങ്ങിനയോ പോറ്റി ജീവിച്ചു.

മകൻ, അച്ഛന്റെ പരിമിതികൾ അറിഞ്ഞ്‌ സർക്കാർ സ്‌കുളിൽ പഠിച്ചു. സർക്കർ കോളേജിൽ നിന്ന്‌ പാറ്റയുടെ ഹൃദയും കണ്ട്‌, മഞ്ഞത്തവളയുടെ വൃക്കകൽ പിളർന്നു നോക്കി ഡിഗ്രിയെടുത്ത്‌ ഓട്ടോ

തൊഴിലാളിയായി ജീവിതം തുടങ്ങി.

അച്ഛന്‍, അൻപത്തിയെട്ട്‌ കഴിഞ്ഞപ്പോൾ പെൻഷൻ പറ്റിയെന്ന്‌ പറഞ്ഞ്‌ വീട്ടിലെ തിണ്ണയിൽ എവിടെ നിന്നോ വാങ്ങിയ ഒരു കാൻ വാസ്‌ കസേരയിൽ കാലുകൾ നീട്ടി വച്ച്‌ കിടന്നു മയങ്ങി. ഒരു നാൾ പാതി മയക്കത്തിൾ മുത്രമൊഴിക്കാൽ ഇറങ്ങിയപ്പോൾ കാലിടറി, നട തെറ്റി, മുറ്റത്തു വീണു, നടയിൽ ശിരസ്സിടിച്ച്‌ സർക്കർ ആശുപ്രതി വരാന്തയിൽ കുറേ നാൾ ബോധമറ്റു കിടന്നു. ഇനിയും ബോധം തിരികെ

വരില്ലെന്ന്‌ കേട്ടറിഞ്ഞ്‌, അച്ഛന്റെ സമ്മത പത്രവുമായിട്ടൊരു പഞ്ചനക്ഷത്ര ആശുപത്രിക്കാർ വന്ന്‌ അച്ഛനെ സർക്കാർ ആശുപ്രതിയിൽ നിന്നും മോചിപ്പിച്ചു. ദാനമായിട്ടെഴുതിക്കൊടുത്തിരുന്ന കണ്ണുകളും കരളും ഹൃദയവും വൃക്കകളും തുരന്നെടുത്ത്‌, മജ്ജ ഈറ്റിയെടുത്ത്‌, ത്വക്ക്‌ ചുരണ്ടിയെടുത്ത്‌, വെള്ള വസ്ത്രത്തിൽ പോതിഞ്ഞ്‌; അവർ അച്ഛനെ വീടിന്റെ തിണ്ണയിൽ നല്ലയൊരു പുൽപ്പായിൽ കിടത്തി, പത്രത്തിൽ കളർ ഫോട്ടോയോടു കൂടി ഒരു ഫിച്ചറും എഴുതിച്ചു.

വിളക്ക്‌ കൊളുത്തി വച്ച്‌, ഉറുമ്പരിക്കാതെ അരി വൃത്തത്തിൽ കിടക്കുന്ന തുണിക്കെട്ട്‌ കണ്ടിട്ട്‌ മകൻ രണ്ടു തുള്ളി കണ്ണീർ വാർത്തു. അച്ഛന്റെ അവശിഷ്ടം തെക്കേ പുറത്ത്‌ കൊണ്ടു വന്നു വച്ചിരിക്കുന്ന
ഗ്യാസ്സ് സ്റ്റൌനവിൽ കത്തിച്ച്‌ ഭസ്മമാക്കിയെടുക്കാൻ ഇനിയും പതിനായിരം കൂടി രൂപ വേണം.

@@@@@@




നെരുപ്പോട്

പാകത്തിന്‌ വെന്ത മൺകലം. കനലിട്ട്‌ മേലെ ഉണങ്ങിയ ചകിരിയടുക്കി, പുകച്ച്‌ കത്തിച്ച്‌ തീ കായുന്നു ശൈത്യത്തിൽ. ഇവിടെയുള്ളവരും അവിടെയുള്ളവരും വരുന്നവരും പോകുന്നവരും ചുറ്റുമിരുന്ന്‌ കൈകളും പാദങ്ങളും തീയിൽ കാണിച്ച്‌ ചൂടുപിടിപ്പിച്ച്‌ ശരീരത്തിലെ താപം നിലനിർത്തുന്നു.

പക്ഷെ, മൺകലം തീർക്കുന്നത്‌ നെരുപ്പോടിനു വേണ്ടിയല്ല. അരിയും കറിയും വേവിച്ചെടുക്കുന്നതാണ്‌ കർമ്മം. ഈ നിയോഗത്തിൽ പെട്ടില്ലായിരുന്നെങ്കിൽ ഏതെങ്കിലും കൊട്ടാരത്തിലെ അല്ലെങ്കിൽ ബംഗ്ലാവിലെ അടുക്കളയിൽ അവിയലും സാമ്പാറും ഇറച്ചിയും മീനും വേവിക്കുന്ന അരുമയാകുമായിരുന്നു. നിത്യവും തേച്ചു മിനുക്കി വെള്ളം തുവർത്തി സൂക്ഷിക്കപ്പെടുന്ന പ്രിയപ്പെട്ടവൾ. ഒരുപാട്‌ രുചികളും മണങ്ങളും അനുഭവിച്ച്‌ ലോകത്തിന്റെ സ്വഭാവ വ്യത്യാസങ്ങളും അറിയുമായിരുന്നു.

ഒരിക്കൽ അവളെ മോഹിച്ച്‌ ഒരാൾ വന്നതാണ്‌. പൊന്നു പോലെ നോക്കിക്കൊള്ളാമെന്ന്‌ വാക്കു കൊടുക്കുകയും ചെയ്തു. വിട്ടു കൊടുത്തില്ല, കൈവശക്കാരൻ. നിത്യവും സമ്മർദ്ദത്തിലകപ്പെട്ട്‌ വെന്ത്‌ ഉടൽ ഭാഗങ്ങൾ വെണ്ണീറായിക്കൊണ്ടിരുന്നിട്ടും വിണ്ടുകീറി സ്വയം അടങ്ങാൻ കൂട്ടാക്കിയില്ല, അവളും……

വെടിച്ച്‌ തുളകൾ വീണ്‌
ഇരിക്കുന്നിടം മലിനമായിത്തുടങ്ങിയപ്പോൾ അശ്രീകരമെന്ന വാക്കോടുകുടി മതിൽ ഭിത്തിയിലെ കരിങ്കല്ലിലേക്കെറിയപ്പെട്ട്‌ തകർന്ന് അസ്തിത്വമില്ലാതായപ്പോൾ
ആരോ ചോദിച്ചു വിഡ്ഡിത്തമായിരുന്നോ ജീവിതമെന്ന്‌. മറുപടി കൊടുക്കാതെ പാത്രം കഴുകുന്നിടത്തെ ചാര സംഭരണിയായി ശിഷ്ടകാലം ജീവിക്കാമെന്ന്‌ കരുതി…

@@@@@@@




കൂടിക്കാഴ്ച

നരച്ച ഉച്ച നേരത്താണവൾ വന്നത്‌. അയാൾ ചാരു കസേരയിൾ മയക്കത്തിലായിരുന്നു. കരിയിലയിൽ പാദങ്ങൾ പതിച്ചപ്പോൾ ഉണ്ടായ ശബ്ദം തന്നെ അയാളെ ഉണർത്തി. വർഷങ്ങൾക്കു ശേഷം ബാല്യകാല സഖിയെ കണ്ടപ്പോൾ മനസ്സ്‌ വല്ലാതെ പിടഞ്ഞു. അവളോടൊത്തു മോഹിച്ച ജീവിതം തട്ടിപ്പറിച്ച്‌ കൊണ്ടു പോയതായിരുന്നു. ഓടിയിറങ്ങിച്ചെന്ന്‌ സ്വികരിക്കണമെന്ന്‌ തോന്നിയതാണ്‌, തളർന്ന വലതുകാൽ അതിന്‌ സമ്മതിക്കാത്തതിൽ ദുഃഖിച്ചു.

ഓടി വന്ന്‌ സ്വീകരിക്കേണ്ടതാണ്‌, കാല്‌ സമ്മതിക്കുന്നില്ല….വാ….കയറി
വാ…..

അയാൾ ക്ഷണിച്ചു.

ഒരു കാലത്ത്‌ നിറച്ച്‌ ആളുകളുണ്ടായിരുന്ന വിട്……മുറ്റം മെഴുകി കറ്റ മെതിക്കാൻ പാകത്തിന്‌ വൃത്തിയാക്കിയിട്ടിരിക്കും, സദാസമയവും ഒച്ചയും ബഹളവും ചിരിയും കളിയും കുട്ടിക്കരച്ചിലുകളും കേട്ടിരുന്നു……വെള്ളപ്പുശി, പെയന്റടിച്ച്‌ എന്നും പുതിയതുപോലെ നിന്ന്‌ വീട്‌ കഥകൾ പറഞ്ഞിരുന്നു…

അവൾ നാലുപാടും നോക്കി…

വെള്ളയിളകി ചെങ്കല്ല്‌ കാണുന്ന ഭിത്തി…… നിറം മങ്ങി കറുത്തിരിക്കുന്ന ജനാലകൾ, വാതിലുകൾ …. മുറ്റം പുല്ലുകയറി, ഇലകള്‍ വീണു നിറഞ്ഞ്‌…..

അയാളും കാണുകയാണ്‌,

അവളും മാറിയിരുക്കുന്നു, ചടച്ചു പോയി….വസ്ത്രങ്ങളും നിറം മങ്ങിയതാണ്‌, കൺ തടത്തിൽ കറുപ്പ്‌ കയറിയിരിക്കുന്നു, കറുകറുത്ത്‌ സമൃദ്ധമായിരുന്ന മൂടി കൊഴിഞ്ഞകന്ന്‌ തുത്തുകുണുക്കി പക്ഷിയുടെ വാലു പോലെ കുറച്ച്… ഉള്ളതിൽ കുടുതലും വെളുത്തുമിരിക്കുന്നു…..

അവൾ ഓർമ്മിച്ചു,

ആ കാലുകൾ തീർത്തിരുന്ന മാന്ത്രികത… ഗോൾ വലയത്തിലേക്ക്‌ പറത്തിയിരുന്നു……

ഞാൻ വന്നത്‌ ഒരു കേസു കൊടുക്കാൻ പാങ്ങുണ്ടോന്നു നോക്കിയാണ്‌…

അവൾ വരാന്തയിൽ കയറി നിന്ന്‌ പറഞ്ഞു.

അയാൾ ഒന്നും മനസ്സിലാകാതെ മിഴിച്ചിരിക്കെ
അവൾ വീണ്ടും പറഞ്ഞു.

പണ്ട്‌ മാറിലെ മറുകിൽ നാവു കൊണ്ട്‌ നനച്ചിട്ടില്ലേ….. ഇടതു ചെവിക്ക്‌ താഴെയുള്ള പാലുണ്ണി കടിച്ചെടുത്തില്ലേ……..

പിന്നെ അവൾ ചിരിച്ചു, കൌമാരക്കാരിയുടേതുപോലെ മനോഹരമായ, നാണപ്പുക്കളുള്ള ചിരി….. കുടെ അയാളും…

ഇവിടെ ആരുമില്ല ?

ഇല്ല… പറക്കമുറ്റി, പറന്നകന്നു…

ഭാര്യ…?

കുടൊഴിഞ്ഞു പോയി……

എങ്കിൾ ഞാനും കുടെ ചേക്കേറട്ടെ…. വെറും കയ്യുമായി മടങ്ങിച്ചെന്നാൽ അവിടെ കയറ്റുമെന്ന്‌ തോന്നുന്നില്ല….

അയാളുടെ വെളുപ്പു കയറിയ കണ്ണുകൾ വിടർന്നു,

നരച്ച സുര്യൻ ഒന്നു പുഞ്ചിരിച്ചു,

മുറ്റത്ത്‌ ചിക്കിച്ചിനക്കി നിന്നിരുന്ന പുവനരുകിലേക്ക്‌ പിടയെത്തുന്നു.

@@@@@@




അമ്മയ്ക്കൊരു പാരിതോഷികം

“ഹലോ… സുനിതാ മാഡമല്ലേ….. വൃദ്ധ കരുണാലയത്തിലെ… മാം ഞാൻ പത്മിനിയമ്മയുടെ മകൻ ശരത്‌…. യേസ്‌… അമ്മയ്ക്ക്‌ സുഖമല്ലേ… അമ്മയുടെ ബെർത്ത് ഡേയാണിന്ന്‌, അമ്മയ്ക്കത്‌ ഓർമ്മ കാണില്ല, എന്റെ ആയിരുന്നെങ്കിൽ മറക്കില്ല… നോ.. നോ…എഴുപതായി… വേണ്ട കൊടുക്കണ്ട, തിരക്കാണ്‌, സമയമില്ലെന്ന്‌ പറഞ്ഞാൽ മതി… കൊടുത്താൽ അതുമിതും പറഞ്ഞ്‌ അമ്മ സമയം കളയും… യേസ്‌…കഴിഞ്ഞ ബെർത്ത് ഡേയ്ക്ക്‌ ഞങ്ങളെല്ലാവരും കൂടി വന്ന്‌ കണ്ടതാണ്‌… അമ്മയോട്‌ പറയണം ഗണപതിയമ്പലത്തിലൊരു

പുഷ്പാജ്ഞലി കഴിപ്പിച്ചെന്ന്‌… കൂടാതെ അമ്മയ്ക്കു വേണ്ടി കൊച്ചി എഫ്‌ എമ്മിൽ ഒരു സോങ്ങ്‌ ഡെഡിയ്ക്കേറ്റ്    ചെയ്യുന്നുണ്ടെന്ന്‌…. “സംഭവാമി യുഗേ,
യുഗേ…” എന്ന മലയാളം ഫിലിമിലെ “അമ്മയല്ലാതൊരു ദൈവമുണ്ടോ…” എന്ന സോങ്ങാണ്‌… യേസ്‌, ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടു മുതലാണ്‌ എസെമ്മസ്സ്‌ വെള്ളിത്തിര… അപ്പോൾ റേഡിയോ ഒന്നു വച്ചു കൊടുക്കണം… എല്ലാവരും കേൾക്കട്ടെ….താങ്ക് യു… തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കൂന്നുണ്ട്‌… പിന്നെ പ്രിയ, പ്രത്യേകം അന്വേഷിച്ചതായി പറയണം. അതെ മരുമകളാണ്‌…തനുമോളും … യേസ്‌, കൊച്ചു മകളാണ്‌… ഓ, സോറി… വരാൻ തീരെ സമയമില്ലാത്തതു കൊണ്ടാണ്‌. യേസ്‌, ഓകെ…. ശരിയാണ്‌, പത്തു കിലോമീറ്ററേയുള്ളൂ…. എങ്കിലും………

@@@@@@@@




ആറ് കഥകൾ

കഥയും കവിതയും

കവിത റം ആകുന്നു, കഥ വിസ്കിയും. കവിത ബോധത്തിൽ കയറി വിസ്ഫോടനം തീർത്ത് ദേഹമാകെ പടർന്ന് വിയർപ്പിച്ച്‌ അഴുക്കുകളെ അകറ്റുന്നു. കഥ മനസ്സിൽ കയറി എരിച്ചെരിച്ച് ദേഹത്തെ
വിറപ്പിച്ച്‌ മലങ്ങളെ പുറത്താക്കുന്നു. എനിക്കിഷ്ടം കോക്ക്ടെയിലാണ്‌, തികഞ്ഞ മന്ദത. സമൂഹത്തിന്റെ കരിമുഖം കണ്ടിട്ടെന്റെ ചേതന അറ്റു പോകാത്തത്‌ അതുകൊണ്ടാണ്‌.

ഭാര്യയും കാമുകിയും

ഭാര്യയെ ഞാൻ നെരുപ്പോടാക്കി കിടപ്പു മുറിയുടെ മുലക്ക്‌ വച്ചിരിക്കുകയാണ്‌, കാമുകിയെ ആഴിയാക്കി കിടപ്പറക്ക്‌ പുറത്തും.

പോക്കറ്റ്

പോക്കറ്റുകൾ പണം സൂക്ഷിക്കുന്നിടം മാത്രമല്ല. നവമതങ്ങളെ കനലിലിട്ട്‌ പഴുപ്പിച്ച്‌,
അടിച്ച്‌ പതം വരുത്തി ചൂരികകളാക്കുന്ന ആലകൾ കൂടിയാണ്‌. അങ്ങിനെയുള്ള ഒളിപ്പോക്കറ്റുകളിൽ നിന്നുമാണ്‌ ക്ഷുഭിത യൌവനങ്ങൾ പരുവപ്പെട്ട്‌ പുറത്ത്‌ വന്ന്‌ മലയാളക്കരയാകെ പടർന്നത്.

കടം

കടം കൊണ്ടവൻ കണക്കുകൾ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ഗണിച്ചും ചിത്തഭ്രമം കൊണ്ടു. കണക്കുകൾ കാണാച്ചുഴിയിലേക്ക്‌ ചൂഴ്ന്നു പോയി. കടം കൊടുപ്പവൻ കാണാച്ചുഴികൾ തേടി നടന്ന്‌ ഉന്മാദിയായി, കണ്ട ചുഴിലിലേക്ക്‌ ഇറങ്ങിപ്പോയി.

പെണ്ണ്

പെണ്ണേ, നിന്നെ അന്ന്‌ മധുരാ നഗരിയിൽ വച്ചു (കണ്ണകി) കണ്ടപ്പോഴും, ഇവിടെ ആലപ്പുഴയിൽ വച്ചു (മുലക്കരത്തെ പ്രതിഷേധിച്ച്‌ മാറ്‌ മുറിച്ച്‌ വലിച്ചെറിഞ്ഞവൾ) കണ്ടപ്പോഴും, അങ്ങ്‌ ആസ്സാം ബോർഡറിലെ പട്ടാള ക്യാമ്പിലേക്ക്‌ നഗ്നയായി (സ്വന്തം കാവൽക്കാരനാൽ, പട്ടാളക്കാരനാർ ബലാത്സംഗ ചെയ്യപ്പെട്ടവർ) മാർച്ചു ചെയ്തപ്പോഴും, ഇവിടെ കൊച്ചിയിലെ മറൈൻഡ്രൈവിൽ ചുംബന പ്രതിഷേധം നടത്തിയപ്പോഴും,
മഹാരാജാസ്സിൽ പരസ്യാലിംഗനം ചെയ്തപ്പോഴും ആകാശം മുട്ടെ നിൽക്കുന്ന ഫ്ലക്സിൽ

അടിവസ്ത്രങ്ങളുടെ പരസ്യമാകുമ്പോഴും പുരക്കുള്ളിലെ വിഡ്ഡിപ്പെട്ടിയിൽ നീലച്ചിത്രമായി നർത്തനം ചെയ്യുമ്പോഴും ഞാൻ ഒറ്റക്കാര്യമേ ശ്രദ്ധിച്ചുള്ളു, ഇതിനൊക്കെ ശേഷം അറുത്തു വിൽക്കുമ്പോൾ എത്ര റാത്തല്‍ മാംസം കിട്ടുമെന്ന്‌. കാരണം ഞാൻ ഒരു പാവം കച്ചവടക്കാരനും നീ ഒരു ‘സാധനവും’ ആകുന്നു.

സദാചാര പോലിസ്

കൊന്നും തിന്നും മതി വന്നിട്ടല്ല, ഒരുൾ ഭയം,
അടുത്ത ഇരയാകുമോയെന്ന്‌. കയ്യൂക്കു കൊണ്ട്‌ ഒരു ദേശീയ പാർട്ടിയുടെ പ്രദേശിക നേതാവായി. ഇപ്പോൾ സ്വസ്ഥം. നാൽക്കവലയിൽ നിന്ന്‌ സദാചാരം പറയാം, അമ്മയുടെ പുരയിലും, പെങ്ങളുടെ മറക്കുള്ളിലും ഒളിഞ്ഞു നോക്കാം, സദാചാരം നടപ്പാക്കാം. തീറ്റക്കൊരു കുറവുമില്ല, ഉൾഭയമില്ല, സുഖം, സമാധാനം.

@@@@@@@




ചാവേറുകൾ

ചാവേറുകൾ
ചിന്തിക്കുന്നു,ഞാനെന്റെ വയറിന്‌, കുടുംബത്തിന്‌, വിശ്വാസത്തിന്‌, വേണ്ടിയാണ്‌ ചാവേറാകുന്നതെന്ന്‌.

അയാൾ ആർത്തലച്ച്‌ അണയുകയാണുണ്ടായത്‌, ഈയ്യാമ്പാറ്റയെപ്പോലെ ജ്വാലയിലേക്ക്‌…..തണുപ്പത്ത്‌ ചൂടു നല്‍കി സാന്ത്വനപ്പെടുത്തുന്ന തീക്കരുകിലേക്ക്‌, അല്ലെങ്കിൽ ഭക്ഷണത്തെ വേവിച്ച്‌ സ്വാദ്‌ കൂട്ടുന്ന അഗ്നിക്ക്‌ സമീപത്തേക്കെന്ന പിഴവ്‌ ധാരണയോടെ.  ജീവി വർഗ്ഗത്തിൽ മനുഷ്യൻമാത്രമാണ്ഇങ്ങിനെവിഡ്ഢികളാകുന്നുള്ളു,ആക്കപ്പെടുന്നുള്ളൂ…..നയിക്കപ്പെടുന്നുള്ളൂ…… ജനമദ്ധ്യത്തിൽ
കയറി ഭും…..എന്ന ശബ്ദത്തോടെ തീഗോളമായി, ചിന്നിച്ചിതറി പറക്കുന്നത്‌ദൃശ്യമാധ്യമങ്ങളിൽ
കണ്ടപ്പോൾ അയാളുടെ അച്ഛനോ അമ്മയോ ഭാര്യയോ മകനോ അറിഞ്ഞില്ല, തങ്ങളുടെരക്തവുംമാംസവുമാണ്പറന്നുകളിക്കുന്നതെന്ന്…….ചാക്കിൽപെറുക്കിക്കൂട്ടിയ ശരീരാവശിഷ്ടങ്ങൾ അനുകുലികൾക്ക് കാഴ്ചയായി വച്ചിരിക്കുന്നിടത്തേക്ക്‌ നേതാവ്‌ വന്ന്‌ സല്യൂട്ട്‌ചെയ്ത് ചാവേറായവന്റെ മകന്റെ തോളത്ത്‌ തട്ടി സമാധാനിപ്പിച്ച്‌പുതിയൊരു ചാവേറാകണമന്നും കുല സ്നേഹിയാകണമെന്നും ആശംസിച്ചു. പതിനാറുകാരൻ മകന്റെ മനസ്സ്‌; മുഖം വികാര വിജ്യംഭിതമായി, അവന്‍ നേതാവിനോട്‌ തിരിച്ചു ചോദിച്ചു.

അങ്ങയുടെ മകനെന്നാണ്‌ ചാവേറാകുന്നത്‌…

കേട്ടവർ, നേതാവ്‌ ഒന്നു വിറച്ചു, പിന്നീട്‌ നേതാവിന്‌ പനിബാധിച്ചു, മുഖത്ത്‌ ഒരു ഗൂഡഃ ചിരി വന്നു.

അനന്തരം അവനെ കുലദ്രോഹിയെന്ന്‌ മുദ്ര ചാർത്തി, ചാപ്പ

കുത്തി തെരുവിലൂടെ നടത്തി, കുലസ്നേഹികൾക്ക് കാണാനായി തൂക്കിലേറ്റി.

൭൭൭൭൭




ഭക്ഷണമോഹം

ആദ്യം ചോദിച്ചത്‌ മൂന്നു കവി സുഹൃത്തക്കളോടാണ്‌. മൂന്നു പേരും വ്യത്യസ്തർ. പ്രായംകൊണ്ടും മതങ്ങള്‍ കൊണ്ടും. ഒന്നാമൻ ജി,
വൈലോപ്പിള്ളി, ചങ്ങമ്പുഴ എന്നിവരുടെ ചാർച്ചക്കാരൻ, മിശ്രഭുക്ക്‌. അതും വളരെ അത്യാവശ്യ ഇടങ്ങളിൽ, ഒഴിച്ചു കൂട്ടാൻ വയ്യാത്ത സാഹചര്യങ്ങളിൽ മാത്രം മാംസം കഴിക്കും. കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കും, ബാറ്റായുടെ  ചെരിപ്പു മാത്രം
ഉപയോഗിക്കും. രണ്ടാമൻ ആശയഗംഭീരൻ, കടുത്ത പദങ്ങളെ തേടി നടന്ന്‌ കണ്ടെത്തി കവിതയിൽ പ്രയോഗിച്ച്‌ ചിന്തിപ്പിക്കും. അയ്യപ്പന്റെ പിൻ ഗാമിയെന്ന് സ്വയം പരിചയപ്പെടുത്തും. അയ്യപ്പനെ എതിർത്ത്
സംസാരിക്കുന്നവരെ ധ്വംസിക്കാൻ പല്ലുകൾ നീട്ടും. എങ്കിലും സസ്യഭുക്കാണ്‌, ഏതു വസ്ത്രവും ധരിക്കും. മൂന്നാമൻ തികഞ്ഞ ഒരു പുത്തൻ കൂറ്റുകാരന്‍. ചെറിയ ഷർട്ടും വേയ്സ്റ്റ്‌ദൃശ്യമാക്കും വിധം പാന്റ്സും നിറം ചെയ്ത മുടിയും. ഒരു പുത്തൻ കൂറ്റുകാരുടെ കവി കൂട്ടായ്മയിൽ അംഗവും മറ്റും….മറ്റും…..

ചോദ്യം, മലയാളികളിൾ മനുഷ്യ മാംസം ഭുജിച്ചിട്ടുള്ളവർ കാണുമോ…? മലയാളക്കരയിൽ മനുഷ്യ മാംസം പാകം ചെയ്തും കൊടുക്കുന്നിടം കാണുമോ……..?

ഉദ്ദേശിച്ചിരുന്നതു പോലെ ആദ്യ നിമിഷങ്ങളെ നിശ്ശബ്ദമാവുകയോ, ആശ്ചര്യത്തോടെ സുഹൃത്തുക്കൽ എന്റെ മുഖത്ത്‌ നോക്കിയിരിക്കുകയോ
ചെയ്തില്ല. നേരെ ചിരികൾ തുടങ്ങി, കൊഴുത്തു. ‘പച്ച’ ആയിരുന്നിട്ടും കൊഴുത്തു, എന്നു പറഞ്ഞാല്‍, അതാണ്‌ അത്ഭുതം. ചർച്ചയിൽ അടുത്തനാളിൽ വായിച്ച ഒരു മലയാള നോവലിലെ മനുഷ്യ മാംസ ഭക്ഷണത്തെക്കുറിച്ചുള്ള
പരാമർശങ്ങൾ വന്നു, ഏതോ ഒരു ഹോളിവുഡ്‌ സിനിമയിൽ കണ്ട,
ഒരു പടുകിളവൻ ചെറുപ്പക്കാ

രികളെ തട്ടിക്കൊണ്ടു പോയി,
ഏകാന്തമായൊരിടത്തെ തകർന്നു കിടക്കുന്ന കെട്ടിടത്തിൽ എത്തിച്ച്‌, തയ്യാറാക്കി വച്ചിരിക്കുന്ന പാചക സംവിധാനങ്ങൾ ഉപയോഗിച്ച്‌ വേവിച്ചു കഴിക്കുന്ന രംഗങ്ങളും ചർച്ചയിൽ എത്തി. എന്താണ്  മനുഷ്യമാംസം വേവുമ്പോളുണ്ടാകുന്ന ഗന്ധം, അതിന്‌ ഏതു മസാലക്കൂട്ടാണ്‌ ഉപയോഗിക്കുന്നത്‌, സ്വന്തമായൊരു മസാലക്കൂട്ട്‌ വിപണിയിൽ ഇല്ലാത്ത സ്ഥിതിക്ക്‌ കോഴി,
പോത്ത്‌, പന്നി മുതലായവകൾക്ക് ഉപയോഗിക്കുന്നതിൽ ഏതെങ്കിലും മതിയാകുമോ, അതോ പഴയരീതിയിൽ മസാല ഉണ്ടാക്കിയെടുത്താൽ മതിയോ……..

തുടങ്ങിയ ചർച്ചകളിലേക്ക്‌ നീങ്ങി വീണ്ടുംകൊഴുത്തു. ചർച്ചകൾ കൊഴുത്തു, കൊഴുത്ത്‌ ഒരു തരം ദിവാ സ്വപ്നത്തില്‍ എല്ലാവരും എത്തി. മസാല ചേർത്ത് വേവുന്ന മാംസത്തിന്റെ ഗന്ധവും രുചിയും നാവിലേക്കും നാസികയിലേക്കും കയറി വരുന്നതുപോലെ തോന്നി ത്തുടങ്ങിയപ്പോൾ ആരോ ചോദിച്ചു. കൂടുതൾ

രുചിയുള്ള മനുഷ്യമാംസം സുന്ദരിയായ, ആകാര വടിവുള്ള യുവതിയുടേതായിരിക്കില്ലെ, മാറിടത്തിനും തുടകൾക്കും രുചിയേറിയിരിക്കില്ലെ…..അത്‌
പിന്നെ തർക്കമായി, ഒടുവില്‍ യോജിപ്പിലെത്തി. കരൾ വരട്ടിയാൽ ആടിന്റെ കരളിനേക്കാൾ രുചിയായിരിക്കുമെന്ന്‌ ഒരാൾ,
പതിരും തലച്ചോറും തോരനാക്കുന്നതാണ്‌ കൂടുതൽ നല്ലതെന്ന്‌ മറ്റൊരാൾ, ഹൃദയം മുറിക്കാതെ തന്തൂരിയാക്കണമെന്ന്‌ അ ടുത്തയാൾ…ഒടുവിൽ ത൪ക്കിച്ചും യോജിച്ചും യോജിക്കാതെയും ക്ഷീണിതരായിക്കഴിഞ്ഞ്‌ പിരിയാമെന്ന്‌ പറയുമ്പോൾ മൂന്നു പേരും ഒരുമിച്ച്‌ മൊഴിഞ്ഞു. കഴിച്ചവരു കാണുമായിരിക്കാം…. പാകം ചെയ്തു കൊടുക്കുന്നിടം കാണുമായിരിക്കാം…

കാണുമായിരിക്കാമെന്ന മൊഴി എന്നെ അടങ്ങിയിരിക്കാൻ സമ്മതിച്ചില്ല, അത്രയ്ക്കുണ്ട്‌ ഭക്ഷണമോഹം. ഉണ്ടെങ്കിൽ എന്തുകൊണ്ട്‌ ആയിക്കൂടാ… ജീവിതത്തെ തന്നെ രമിക്കുകയാ

യിരുന്നില്ലേ ഇതേവരെ… ആവശ്യത്തിലേറെ മദ്യവും പുകയും മരുന്നും മാംസവും ഭോഗവും ആയിട്ട്‌… അതുകൊണ്ട്‌ മലയാളക്കരയിൽ കിട്ടുമെങ്കില്‍ അനുഭവിക്കണം…

അനുഭവിക്കണമെന്ന മോഹവുമായിട്ട്‌ ഫെയ്സ്‌ ബുക്കെന്ന തുറന്ന കമ്പോളത്തിൽ കറുത്ത ബോർഡിൽ വെളുത്ത ലിപികളിൽ ഇമേജായിട്ട്‌ “ചോദ്യം” പോസ്റ്റ്‌ ചെയ്തു. ഇതിനു മുമ്പും വ്യത്യസ്തമായ ചോദ്യങ്ങൽ പോസ്റ്റു ചെയ്ത അനുഭവവുമുണ്ട്‌. വ്യത്യസ്തത എന്നത്‌ എന്റെ അവകാശ വാദമാണ്‌, സുഹൃത്തുക്കൾ ‘തലതിരിഞ്ഞത്‌‘ എന്നാണ്‌ പറയുന്നത്‌.

ഒരു ഉദാഹരണം പറയാം.

ആഗോളമായിട്ട്‌ ഏറ്റവും അധികം വായിക്കപ്പെടുന്നത്‌ ബൈബിളാണ്‌, മലയാളത്തിൽ രാമായണവും. മഹത്തായ സാഹിത്യ സൃഷ്ടികളെന്ന നിലയിൽ കാണുന്നവർ, വായനക്കാരിൽ എത്ര പേരുണ്ടാകും… പ്രതികരണങ്ങളെക്കൊണ്ട്‌ ഉറക്കം പോലും നഷ്ടമായി മൂന്നു നാലു ദിവസങ്ങളിൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാം അടങ്ങി. ഒരു മലയാളിയും അവന്റെ സ്വത്വത്തിൽ നിന്നും പുറത്തു കടക്കുന്നില്ല എന്നു സാരം. ആദ്യം ബഹളമുണ്ടാക്കുകയും അടുത്ത നിമിഷം ഒത്തുതീർപ്പി ലെത്തുകയും, ചിയേഴ്‌സ്‌ പറയുകയും ചെയ്യും.

പക്ഷെ, ഈ ചോദ്യത്തിന്‌ ആദ്യ നാളുകളിൾ ലൈക്കുകളില്ല, അഭിപ്രായങ്ങളില്ല, പങ്കു വക്കലുകളില്ല….. ഭയന്നിട്ടാകാമെന്നു കരുതിയിരിക്കുമ്പോൾ ഫോട്ടോയും വ്യക്തമായൊരു ജീവിത രേഖയുമില്ലാത്ത ഒരാൾ ഒരു കമന്റ്‌ പോസ്റ്റുചെയ്തു… കമന്റെന്നു പറയാൻ പറ്റില്ല, ഒരു ചോദ്യമാണ്‌.

ഉണ്ടാകുമോ… ഉണ്ടെങ്കിൽ…

അതൊരു വെറും പ്രതികരണമല്ല. ഫെയ്സ്‌ ബുക്കിലൂടെ പല വില്പനകളും നടക്കുന്നതിന്റെ ആദ്യ പടിയാണ്‌. താല്പര്യമെങ്കിൽ
ചാറ്റു ചെയ്യാം കാര്യങ്ങളിലേക്ക്‌ കടക്കാം കച്ചവടങ്ങൾ നടത്താം… അതിനെ പ്രതികരിച്ചില്ല…. ഉണ്ടാകുമോ എന്ന ചോദ്യത്തിന്‌ ഉണ്ടെന്നോ, ഇല്ലെന്നോ മറുപടിയാണ്‌ ഞാൻ പ്രതീക്ഷിച്ചത്‌. പിന്നീട്‌ ലൈക്കുകളും, അഭിപ്രയങ്ങളും, പങ്കുവക്കലുകളും ഉണ്ടായി, പക്ഷെ, ഒന്നു പോലും ഉദ്ദേശിച്ചതു പോലെ ആയില്ല. ചില നേരങ്ങളിൽ മുള പൊട്ടുകയും തളിരിടുകയും പൂക്കുകയും ചെയ്തെന്ന്‌ തോന്നിച്ചതാണ്‌. പൂവിനു കീഴെ ഒരു കായും വിരിഞ്ഞില്ല, പൂവായി തന്നെ കൊഴി

ഞ്ഞു. ഒരാഴ്ച കൊണ്ട് ഗന്ധങ്ങളും പൊടിപടലങ്ങളും ആറിത്തണുത്ത്‌ ഒടുങ്ങിയിരിക്കെ, തിരക്കിലൂടെ നടക്കുമ്പോൾ രണ്ട്‌ കണ്ണുകൾ പിൻതുടരുന്നതു പോലെ ഒരു തോന്നൽ. വെറുതെ ഒരു തോന്നല്‍ മാത്രമാണെന്നു കരുതി അവഗണിച്ചപ്പോൾ അകന്ന ബന്ധുക്കളുടെ അടുത്ത്‌, കവി സുഹൃത്തുക്കളല്ലാത്ത സ്നേഹിതരുടെ അടുത്ത്‌ നിയമപാലകരുടെ അന്വേഷണങ്ങൾ ഉണ്ടായി. അനധികൃതമായ ചലനങ്ങൾ, സ്വഭാവ വൈചിത്ര്യങ്ങൾ, ബന്ധങ്ങൾ, ഉണ്ടായാൽ രാഷ്ട്ര സുരക്ഷയെ കരുതി, നന്മയെക്കരുതി അറിയിക്കണമെന്നും, അറിയിക്കാതിരുന്നാല്‍

രാജ്യദ്രോഹമായി കരുതി നടപടിയെടുക്കുമെന്ന്‌ ധരിപ്പിക്കുയും ചെയ്തു. വേലിയിലിരുന്ന പാമ്പിനെ
സ്വയം സ്വീകരിക്കുന്ന അവസ്ഥ. ആ അവസ്ഥയെ ന്യായീകരിച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും ഇങ്ങിനെയൊക്കെ സംഭവിക്കാമെന്ന വിചാരിച്ച്‌ സമാധാനം കൊള്ളുകയും ചെയ്തിരിക്കെ, ഒരു സന്ധ്യാ നേരത്ത്‌, നഗരത്തിലേക്കുളള പാതയിൽ, വിഐപി കോളനി ഭാഗത്ത്‌ വച്ച്‌ ആളൊഴിഞ്ഞിടത്തു നിന്നും അപഹരിക്കപ്പെട്ടു. വാഹനത്തിൽ പിൻ തുടർന്ന് രണ്ട്‌ കണ്ണുകൾ മാത്രമായിരുന്നില്ല, മറ്റ്‌ ആറു കണ്ണുകൾ കൂടിയുണ്ടായിരുന്നു. അവർക്ക് അമിത ഭക്ഷണത്തിന്റെ ദേഹവും അമിത മദ്യത്തിന്റെ, പുകയുടെ മണവും, ചിന്തയുമുണ്ടായിരുന്നു.  ഉണ്ടെങ്കില്‍ മനുഷ്യമാംസ ഭക്ഷണം അവർക്കു കൂടി വേണമെന്നായിരുന്നു ആവശ്യം. അനുനയത്തിൽ, പിന്നെ അനുനയം വിട്ട ഭാഷയിൽ, ഒടുവില്‍ ദണണ്ഡനത്തിൽ, ചോദ്യം ചെയ്ത കൊണ്ടിരിക്കു മ്പോഴും വാഹനം നഗരം ചുറ്റിക്കൊണ്ടിരുന്നു. കിട്ടിയാൽ കഴിക്കാമെന്ന മോഹം കൊണ്ടു മാത്രമാണ്‌ ഫെയ്സ്ബുക്കിൽ ങ്ങിനെ ഒരുസാഹസം കാണിച്ചതെന്ന്‌ പറഞ്ഞ്‌, പറഞ്ഞ്‌…ദണ്ഡനങ്ങളെ ഏറ്റ്‌, വീണ്ടും വീണ്ടും ഏറ്റ്‌…രക്തവും മൂത്രവും മലവും വിസർജ്ജിക്കപ്പെട്ട്‌, പാതയോരത്ത്‌ ഉപേക്ഷിക്കപ്പെട്ട്‌ കിടക്കവെ, കണ്ടെത്തിയ കവി സുഹൃത്തുക്കൾ ഹോസ്പറ്റലിലേക്കെടുക്കും നേരം ചെവിയിൽ മർമ്മരം പോലെ ചോദിച്ചു. എവിടെയെങ്കിലും കിട്ടുമോ……..?

@@@@@