അദ്ധ്യായം പതിനേഴ്‌

ജീവിതത്തിന്റെ നട്ടുച്ചയിലാണ്‌
ഫിലോ ഗുരുവിന്റെ വീട്ടിലെത്തിയത്‌. അവളെ എലീസയുടെ അപ്പന്‍, മകളുടെ സഹായത്തിന്‌ എത്തിച്ചതാണ്‌. പട്ടിണിയില്‍ കഴിഞ്ഞിരുന്ന
കുടുംബത്തിന്‌ ഒരു സഹായമാകുമെന്നു കരുതി.

താളം തെറ്റിയ മനസ്സുമായി, മരുന്നുകളുടെ യാന്ത്രികശക്തിക്കടിമപ്പെട്ട്‌ തളര്‍ന്ന്‌, ഉറങ്ങണമെന്ന ഒരേയൊരു മോഹവുമായി എന്നും ഉണരുന്ന എലീസയ്ക്കും താല്‍പര്യമായി.

ഗുരുവിന്‌ സന്തോഷമായി.

ഫിലോ വേലക്കാരി മാത്രമല്ലാതായത്‌
മനംപൂര്‍വ്വമായിരുന്നില്ല. ജോലി ചെയ്തു ക്ഷീണിതനായെത്തുന്ന ഗുരുവിനെ ശുശ്രൂഷിയ്ക്കുവാന്‍
ഏലീസയാല്‍ കഴിഞ്ഞില്ല. അതെല്ലാം ഫിലോ ചെയ്യേണ്ടി വന്നു. ഫിലോയുടെ വീട്ടിലെ
പരിതസ്ഥിതികള്‍ വച്ച്‌ ഒരു വേലക്കാരിയുടെ വരുമാനം മാത്രമായിരുന്നില്ല അവർ
പ്രതീക്ഷിച്ചിരുന്നത്. അക്കാര്യം മനസ്സിലാക്കിയ ഗുരു കൂടുതൽ സഹായങ്ങൾ ചെയ്യാൻ
തയ്യാറയി.

ഗുരുവിന് രാത്രിയിൽ ജോലി
ചെയ്യേണ്ടിവരുമ്പോൾ കുടിക്കാനുള്ള ചുക്കുവെള്ളം കൊടുക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കും……

പലപ്പോഴും തെറ്റാണെന്ന്‌
തോന്നി,
ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായിട്ട്‌ ആഗ്രഹിച്ചു, എന്നിട്ടും, അയാളുടെ ദാഹിക്കുന്ന കണ്ണുകളും, ആവശ്യം തോന്നിക്കുന്ന മുഖവും അവളെക്കൊണ്ട്‌ വീണ്ടുംവീണ്ടും ചെയ്യിച്ചു. ഒരിക്കല്‍
പിടിക്കപ്പെടുമെന്നും അന്ന്‌ എല്ലാം നഷ്ടപ്പെട്ട്‌ പോകേണ്ടി വരുമെന്നും പലപ്പോഴും
ചിന്തിച്ചു. പക്ഷെ, സത്യം പുറത്തായപ്പോള്‍ എലീസ പുഞ്ചിരിയോടെ
സ്വീകരിക്കുന്നതാണ്‌ കണ്ടത്‌.

തുടര്‍ന്നുണ്ടായ പ്രതികരണം തൂല്യമായ
പദവി എടുക്കാന്‍ മൌനാനുവാദം കൊടുക്കുന്ന വിധത്തിലായിരുന്നു. എന്നിട്ടും അവള്‍
വേദനിച്ചു. പലപ്പോഴും കരഞ്ഞു. പക്ഷെ, ഗുരുവിനെ കാണുമ്പോൾ
ദുഖം മറന്ന് തന്റെ കർത്തവ്യം ചെയ്യുന്നതുപോലെ വേണ്ടതെല്ലാം ചെയ്യുന്നു

ഗുരു ഇത്രമാത്രം വേദനിച്ച ഒരു
ദിവസം അവളുടെ ജീവിതത്തിലില്ലായിരുന്നു. അയാളുടെ മുഖം ഈറനിൽ ഒപ്പിയെടുക്കാൻ അവൾ
രാത്രിയിൽ തണുത്ത് വെള്ളത്തിൽ കുളിച്ചു.  ഈറനായ മുടി വിടര്‍ത്തിയിട്ടു. വൃത്തിയായി
വസ്ത്രം ധരിച്ചു. പുവു ചൂടി… കട്ടിലില്‍ അയാളുടെ മാറില്‍ കവിള്‍ ചേര്‍ത്തു. രോമാവൃതമായ
മാറില്‍ വിരലോടിച്ചു.

പക്ഷെ, അയാള്‍ ചിന്താലോകം വിട്ട്‌ താഴേയ്ക്കെത്തിയില്ല. വികാരം കൊണ്ടില്ല.

പ്രവിശ്യയാകെ പ്രകോപിതമായ
അന്തരീക്ഷം സംജാതമായിരിക്കുന്നു. പലയിടത്തും പേപ്പര്‍ കത്തിയ്ക്കല്‍, വര്‍ഗ്ഗീയവാദികളുടെ പ്രകടനങ്ങള്‍…ചില വര്‍ഗ്ഗീയ സംഘടനകളുടെ ബന്ദുകള്‍…….
ഹര്‍ത്താലുകള്‍… പ്രസ്താവനകള്‍… മൈതാനപ്രസംഗങ്ങള്‍… ഒന്നാംകിടക്കാര്‍ ഒന്നും
കണ്ടില്ലെന്നും. കേട്ടില്ലെന്നും നടിച്ചു. പക്ഷെ, ഇടതുപാര്‍ട്ടികളുടെ
പത്രങ്ങളും ചില സ്വതന്ത്ര പത്രങ്ങളും തികച്ചും വ്യക്തമായ പിന്തുണയാണ്‌
കാണിയ്ക്കുന്നത്‌.

ഭൂരിപക്ഷം സത്യത്തിന്റെ കൂടെ
ആണെന്നതാണ്‌ സത്യം.

പക്ഷെ, ന്യൂനപക്ഷമാണിവിടെ ശക്തര്‍, സാമ്പത്തികമായി…കുത്സിതമായ
പ്രവർത്തനങ്ങളിൽ, അക്രമങ്ങളിൽ…..

പ്രവിശ്യയിലെ വടക്കന്‍
ജില്ലയില്‍ വച്ച്‌ രാമന്‍ ആക്രമിയ്ക്കപ്പെട്ടു, ഗുരു കൂടുതല്‍
ക്ഷുഭിതനായി.

കമ്മ്യൂണില്‍തന്നെയും എതിര്‍വചനങ്ങള്‍
ഉണ്ടായിരിക്കുന്നു. പ്രചരണം നിര്‍ത്തി രാമന്‍ തിരിച്ചെത്തി,  കെട്ടിവയ്ക്കലുകളും ബാന്റേജുകളും
ആയിട്ട്‌.

പട്ടണത്തിലൂടെ ശിക്ഷണമുള്ള
വര്‍ഗ്ഗീയ സംഘടനകളുടെ വാളന്റിയർമാർ നടത്തിയ മാർച്ചിൽ നിന്നും പത്രസ്ഥാപനത്തിനു
നേരെ കല്ലേറ് നടന്നു. പടിയ്ക്കല്‍ കാവല്‍ നിന്നിരുന്ന ഗുര്‍ഖയ്ക്ക്‌ അപകടം പറ്റി.

കമ്മ്യൂണില്‍ ഒരു
പൊതുസമ്മേളനം അത്യാവശ്യമായിരിക്കുന്നെന്ന്‌ ഗുരുവിന്‌ തോന്നി. കമ്മ്യൂണിലെ എല്ലാ
ജീവനക്കാരും അവരുടെ കുടുംബവും പങ്കെടുക്കാനായിരുന്നു ക്ഷണം. പക്ഷെ, പങ്കെടുത്തവര്‍ ജീവനക്കാരും അപൂര്‍വ്വം കുടുംബങ്ങളും മാത്രമായിരുന്നു.
ജീവനക്കാര്‍ക്ക്‌ എല്ലാവര്‍ക്കും തന്നെ കുടുംബമുണ്ടായത്‌ കമ്മ്യൂണിന്‌ പുറത്ത്‌
താമസം തുടങ്ങിയതില്‍ പിന്നെയാണ്‌.

ജീവനക്കാര്‍ക്ക്‌ പലര്‍ക്കും
കമ്മ്യൂണിനോട്‌ ഉണ്ടായിരുന്ന താല്പര്യത്തിന്‌ വ്യതിയാനം സംഭവിച്ചിരിയ്ക്കുന്നെന്ന്‌
ഗുരു മനസ്സിലാക്കി. പലരും ഒരു ജോലിസ്ഥലം മാതമായിട്ട കണ്ടുതുടങ്ങിയിരിക്കുന്നു. ഉപജീവനമാര്‍ഗ്ഗം
മാത്രമായിരിക്കുന്നു.

അവരെ എല്ലാവരെയും തന്നെ
അവിടവിടങ്ങളില്‍നിന്നും പെറുക്കിയെടൂക്കുമ്പോള്‍, കമ്മ്യൂൺ തീര്‍ത്തും എല്ലാവരെയും ഒരു മതിലിനുള്ളില്‍
പാര്‍പ്പിക്കുമ്പോള്‍ ഗുരുവിന്റെ സ്വപ്നം അതായിരുന്നില്ല.

പക്ഷെ, ഗുരു മനസ്സിലാക്കുന്നു, മനുഷ്യര്‍ സൌകര്യങ്ങള്‍
കൂടുമ്പോള്‍ സുഖങ്ങള്‍ തേടിപ്പോകുന്നു; നേടാനായ സുഖങ്ങള്‍
പിന്നീട ഒരിക്കലും നഷ്ടമാകരുതെ ആഗ്രഹിക്കുന്നു. നഷ്ടമാകുമെന്ന്‌ തോന്നുന്നെങ്കില്‍
മൂലവേരുകൂടി പിഴുതെറിയുവാന്‍ തയ്യാറാകുന്നു.

മനുഷ്യന്റെ മുല്യച്യുതി…..

അതാണ്‌ കമ്മ്യൂണിലെ
താമസഗേഹങ്ങള്‍ ഒഴിഞ്ഞു കിടക്കുവാൻ കാരണം.

അദ്ധ്യക്ഷപ്രസംഗത്തില്‍ ഗുരു
പറഞ്ഞു,

“ഞാന്‍ ക്ഷണിച്ചത്‌
കമ്മ്യൂണുമായി ബന്ധപ്പെട്ട എല്ലരെയും പങ്കെടുപ്പിക്കാനുള്ള ആഗ്രഹത്തോടെയാണ്‌.
പക്ഷെ,
ഇവിടെ പ്രവര്‍ത്തി എടുക്കുന്നവര്‍ മാത്രമാണ്‌
പങ്കെടുത്തിരിക്കുന്നത്‌. നാം കമ്മ്യൂണ്‍ തീര്‍ക്കുമ്പോള്‍ എനിക്കൊരു
സ്വപ്നമുണ്ടായിരുന്നു. കമ്മ്യൂണില്‍ എല്ലാവരും ഒരു ഗൃഹത്തിലേതുപോലെ കഴിയണമെന്നത്. പക്ഷെ, ഇപ്പോള്‍ പലര്‍ക്കും ഇതൊരു പ്രവര്‍ത്തിസ്ഥാപനം മാത്രമായി കഴിഞ്ഞിരിക്കുന്നു.
പ്രവൃത്തി എടുക്കുക, അതിന്‌ പ്രതിഫലം പറ്റുക അത്രമാത്രം….മറ്റ്‌
യാതൊരു ബന്ധവുമില്ലായെന്ന രീതിയില്‍ പെരുമാറുന്നു….”

ഒരു സഹപത്രാധിപർ പ്രസംഗിച്ചു.

“….ഗുരു പറഞ്ഞത്
സത്യമാണ്….. അതിന് കാരണങ്ങളുണ്ട്. ഈ കമ്മ്യൂൺ മാത്രമാണ്‌ ലോകമെന്ന്‌ തെറ്റിദ്ധരിച്ചിരിക്കുന്നത്‌ ശരിയല്ല.
മനുഷ്യസംസ്കാരം വളര്‍ന്നത്‌ സമൂഹജീവിതത്തില്‍ നിന്നാണ്. നല്ലനല്ല സംസ്കാരമുള്ള
സമൂഹത്തിലേയ്ക്ക്‌ അല്ലാത്ത സമൂഹങ്ങൾ ലയിക്കണം.അപ്പോള്‍ പുതിയ പല രൂപങ്ങളും
ഭാവങ്ങളും ഉണ്ടാകുന്നു. പുതിയപുതിയ ആശയങ്ങള്‍, ബന്ധങ്ങള്‍…..അങ്ങനെ
ഉന്നതിയിലേക്ക്

കയറണം…”

ജോസഫ്‌ കണക്കുകള്‍ നിരത്തി
സംസാരിച്ചു.

“കമ്മ്യൂണിന്റെ തെറ്റുകുറ്റങ്ങളോ
നന്മതിന്മകളോ അല്ല ഇവിടെ ചര്‍ച്ചാവിഷയം. നമ്മുടെ പ്രതസ്ഥാപനത്തിന്റെ നിലനില്പാണ്‌.
പത്രം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായിരിക്കുന്നു. ബിസിനസ്സ്‌ കുറഞ്ഞ് പ്രവര്‍ത്തകര്‍ക്ക്‌
ശമ്പളം കൊടുക്കുന്നതിനുവരെ ബുദ്ധിമുട്ടിലേക്ക് നീങ്ങവെയാണ്‌ നാം പൂതിയ ബിസിനസ്സ്‌
തന്ത്രം ആവിഷ്ക്കരിച്ചത്‌.”

(സദസ്സില്‍ ബഹളം, സദസ്യര്‍ ക്ഷുഭിതരാകുംപോലെ….)

“….അതിനാല്‍ നമുക്കിപ്പോള്‍
മൂന്നിരട്ടിയോളം പ്രചരണം

നേടിയെടുക്കാന്‍
കഴിഞ്ഞു…..ഒരു രണ്ടാംകിട പത്രത്തിന്റെ തുല്യതയില്‍ എത്തിക്കഴിഞ്ഞു…..”

സദസ്സില്‍ ശബ്ദഘോഷങ്ങള്‍
ഇരട്ടിച്ചു. ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ ആരവം ഉയര്‍ന്നു.

ഗുരു എഴുന്നേറ്റു.

“നിങ്ങള്‍ ബഹളമുണ്ടാക്കാതെ
പറയുന്നത്‌ കേള്‍ക്കണം…”

“ഞങ്ങൾക്ക് കേൾക്കണ്ട….”

സദസ്യർ ഒന്നടങ്കം വിളിച്ചു
പറഞ്ഞു.

“എങ്കിൽ
താല്പര്യമില്ലാത്തവർക്ക് പുറത്തുപോകാം…..”

ഗുരു കസേരയില്‍ ഇരുന്നു.

സദസ്യര്‍ കൂട്ടംകൂട്ടമായി സദസ്സ്
വിട്ടു. റ്

ഒടുവിൽ……

ഗുരു ചുറ്റും നോക്കി.

സമ്മേളനഹാള്‍ ശൂന്യമായി.
സ്റ്റേജില്‍ ഗുരു, ജോസഫ്‌,

കൃഷ്ണ…

“കൃഷ്ണേ….നമ്മള്‍ തോല്‍ക്കുകയാണോ
?”

“പക്ഷെ, ഇനിയും പിന്‍തിരിയാനാവില്ല……. പിന്‍തിരിഞ്ഞാല്‍ പലരും നമ്മോടൊപ്പം
കാണുകയില്ല. സദസ്യര്‍ക്ക്‌ പിരിഞ്ഞു പോകാം… അവർക്ക്
അനുഭവങ്ങളില്ല……അനുഭവിച്ചിട്ടുള്ളതും കഥാപാത്രങ്ങളും നമ്മള്‍
സ്റ്റേജിലിരിക്കുന്നവരാണ്‌. സദസ്യര്‍ക്ക്‌ ആസ്വാദനം എന്ന ഒറ്റ കര്‍ത്തവ്യമേ ഉള്ളു,
ഇഷ്ടമായില്ലെങ്കില്‍ തഴയാം, അടുത്ത വേദി
തേടിപ്പോകാം. ഇഷ്ടപ്പെട്ടാലോ നല്ലതെന്നു പറഞ്ഞ്‌

സദസ്സ്‌ വിട്ടുപോകാം. പക്ഷെ, ആട്ടക്കാര്‍ക്കോ?”

ഗുരു ഒരിക്കല്‍ക്കൂടി
കൃഷ്ണയില്‍ പാഞ്ചാലിയുടെ ദൃഢനിശ്ച

യവും തന്റേടവും കണ്ടു……

ഓഫീസ് മുറിയുടെ തുറന്നുകിടന്ന
ജനാലവഴി ഗേറ്റ്‌ കടന്നുവരുന്ന അപരിചിതമായ കാര്‍ ,ശദ്ധിച്ചു.

വിദേശനിര്‍മ്മിതമായ, ശീതീകരിച്ച…

യൂണിഫോംധാരിയായ ഡ്രൈവര്‍
തുറന്നു കൊടുത്ത പിന്‍വാതിലിലൂടെ ഉസ്മാന്‍ ഇറങ്ങി… മുന്‍വാതിലിലൂടെ അശ്വനി
പ്രസാദും…

ഗുരു അവരെ തിരിച്ചറിഞ്ഞു.
എവിടെ നിന്നോ കൃഷ്ണ ഗുരുവിന്റെ ക്യബിനിൽ എത്തി.

“ഗുരു അവരാണ്, ഉസ്മാനു അശ്വനി പ്രസാദും….”

“ഭീഷണീയാകാം….”

ഗുരു കസേരയിൽ നിവർന്നിരുന്നു, ആയുധാഭ്യസി ചുവട് ശരിയാക്കും പോലെ. കൃഷ്ണ ഗുരുവിന്
പിറകിൽ സ്റ്റെനോയുടെ കസേരയിൽ പേപ്പറുകൾ മറിച്ചു കൊണ്ടിരുന്നു.

പ്യൂൺ വാതിൽ തള്ളിത്തുറന്ന്
തല ഉള്ളിൽ കാണിച്ചു.

“വരാൻ പറയൂ….”

ഉസ്മാൻ പിറകെ അശ്വനിയും
പ്രവേശിച്ചു.

“ഇരിക്കൂ….”

“മനസ്സിലായെന്നു
കരുതുന്നു….”

വടക്കൻ മലബാറുകാരന്റെ സംഭാഷണ
ശൈലിയിൽ വന്ന വ്യത്യാസം ഗുരു ശ്രദ്ധിച്ചു.

“ഉവ്വ്…
ഉസ്മാൻ….അശ്വനിപ്രസാദ്…. എന്താണ് സന്ദർശനോദ്ദേശ്യം….?”

“മുഖവുര എനിക്ക് ഇഷ്ടമില്ല്.
കുറച്ച് വാക്കുകൾ കൂടുതൽ പ്രവർത്തി അതാണ് താല്പര്യം…..”

“പറഞ്ഞോളൂ…..”

“ഭഗവാനെപ്പറ്റിയുള്ള വാർത്തകൾ
നിർത്തുക.”

“അല്ലെങ്കിൽ ഭസ്മമാക്കുമെന്ന്
അല്ലേ?   തന്റെ ഭഗവാൻ, ഭാസ്കരന്നായർ, അയാളോട് പറഞ്ഞേക്ക് ഞാൻ ഗുരുവെന്ന ജോൺ
ജോസഫ് ആണെന്ന്.  അയാൾ കളിക്കുന്നതിലും
വൃത്തികെട്ട കളി എനിക്കും അറിയാമെന്ന്…..”

“സ്റ്റോപ്പിറ്റ്….”

അശ്വനി അലറി.

“വീട്ടിൽ കയറി വന്ന്
പെടിപ്പിക്കാതെടോ…. നിങ്ങളിവിടെ നിന്ന് പുറത്ത് പോണത് എന്റെ ഔദാര്യം
കൊണ്ടാണെന്ന് കരുതിയാൽ മതി…..”

കസേര പിറകോട്ട് തള്ളിമറിച്ച്
ഉസ്മാൻ ചടി എഴുന്നേറ്റ് പേപിടിച്ച നായയെപ്പോലെ പുറത്തെക്കോടി.

ഗുരു ചിരിച്ചു, ആര്‍ത്തലച്ച്‌.

ചിരി നിര്‍ത്താതെ വന്നപ്പോള്‍
കൃഷ്ണ അയാളെ തോളില്‍ തട്ടി വിളിച്ചു.

“ഗുരു…..”

“ഇനി എനിക്കി
ഭയമില്ല…..കൃഷ്ണേ, ഇന്നലെവരെ കമ്മ്യൂണിന്റെ സമ്മേളനം
വിളിയ്ക്കുംവരെ ഓരോ കമ്മ്യൂൺ ജീവികളുടെയും ഭാവിയെപ്പറ്റി
ഓര്‍ക്കേണ്ടതുണ്ടായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല….എനിക്ക്‌, നിനക്ക്‌, സിദ്ധന്, ഫിലോയ്ക്ക്‌,
എലീസയ്ക്ക്‌ എന്തു സ്വപ്നങ്ങളാണുള്ളത്‌ ? എന്തു
ഭാവിയാണുള്ളത്‌ ? നമുക്കൊരൊറ്റ ലക്ഷ്യമേയുള്ളു. ഈ യുദ്ധം.
ഇത്‌ ഭഗവാന്‍ എന്ന ഭാസ്കരന്‍നായരോടല്ല. കപടവർഗ്ഗത്തോടാണ്,  രണ്ടു വിശ്വാസങ്ങൾ
തമ്മിലാണ്…….”

ഗുരുവിന്റെ സംതൃപ്തമായ മുഖം കണ്ട്‌ കൃഷ്ണ
സംശയിച്ചിരുന്നു.

@@@@@




അദ്ധ്യായം പതിനാറ്‌

ഒരു വേനല്‍ക്കാലമായിരുന്നു.

ശ്രാമത്തില്‍നിന്നും
കാണാമായിരുന്നു. തെക്കന്‍മല കയറിവരികയാണ്‌. ഗ്രാമസിറ്റിയിലും വീട്ടുമുറ്റങ്ങളിലും
ഗ്രാമക്കാര്‍ നോക്കി നിന്നു. അന്ന്‌ ഗ്രാമത്തിലെ ആണുങ്ങള്‍ പണിയ്ക്കു പോയില്ല. കൂട്ടികള്‍
എഴുത്താശ്ശാന്റെ അടുത്തുപോയില്ല. അവരുടെ അടുപ്പുകളില്‍ തീ പുകഞ്ഞില്ല.

മല കയറിവരുന്ന ഭീകരമായ ഒരു
ദുരന്തം ഏറ്റു വാങ്ങാനായി അവര്‍ ഒരുങ്ങിയിരുന്നു.

നാലഞ്ചുവര്‍ഷക്കാലംകൊണ്ട്‌, വീട്ടുകാരെ മറന്ന്‌, ജന്മസ്ഥലങ്ങള്‍ മറന്ന്‌, സുഖങ്ങള്‍ വെടിഞ്ഞ്‌, കൊടുംകാട്ടില്‍, പ്രകൃതിയോട് മല്ലടിച്ച്‌, ക്രൂരജന്തുക്കളോട്‌
യുദ്ധംചെയ്ത്‌, വെയിലത്തും മഴയത്തും,  അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട്‌
തകര്‍ക്കപ്പെടാന്‍ പോകുകയാണ്‌. കൂടിയൊഴിപ്പിക്കപ്പെടുകയാണ്‌.

ഗ്രാമത്തിന്റെ പ്രശാന്തതയിലേയ്ക്ക്‌
ക്രുരമായൊരു അട്ടഹാസവുമായിട്ട്‌ രാക്ഷസന്‍ കടന്നുവരും പോലെ……….

നീല വാനുകളും ജീപ്പുകളും….

ദൈവമേ…..!

കർത്താവേ……!

അള്ളാഹുവേ……!

എവിടെയും ദീനമായ തേങ്ങലുകള്‍
ഉയര്‍ന്നുകൊണ്ടടേയിരുന്നു.കാർമേഘം ആകാശത്ത്‌ ഉരുണ്ടുകൂടി, സൂര്യനെ മറച്ച്‌, ഗ്രാമത്തിന്റെ മുഖത്ത്‌ കരുവാളിപ്പായി
നിന്നു.

അവരുടെ കുട്ടികള്‍
വിശന്നിട്ടും കരഞ്ഞില്ല. ദാഹിച്ചിട്ടും കുടിച്ചില്ല. ഏവരും ധ്യാനനിമഗ്നരായി
കാത്തിരുന്നു.

പൊടുന്നനെ ഒരു ശബ്ദം അവര്‍
കേട്ടു.

വെടിയുടെ ശബ്ദം.

ആ ശബ്ദം അവരുടെ സിരകളില്‍
ഉറങ്ങിക്കിടന്നിരുന്ന രക്തത്തെ ചൂടുപിടിപ്പിച്ച്‌ രക്തധമനികളിലൂടെ ഒഴുകി പടര്‍ന്നു.
ആരവം ശക്തമായി. ഗ്രാമത്തിന്റെ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായിട്ട വെടിയൊച്ച
കേട്ടിടത്തേയ്ക്ക്‌ അണഞ്ഞുകൊണ്ടിരുന്നു.

അവര്‍, ഗ്രാമക്കാര്‍ കണ്ടു.

ചെമ്മണ്‍പാതയില്‍ അവരുടെ
എഴുത്താശ്ലാന്‍ കാലില്‍നിന്നും രക്തം വാര്‍ന്നൊലിച്ച്‌, വെയിലേറ്റ്‌, പൊടിപടലങ്ങളേറ്റ്‌, നിലത്ത്‌ മലര്‍ന്നുകിടക്കുന്നു, വഴി തടഞ്ഞുകൊണ്ട്‌.
അവര്‍ക്കു പരിചയമില്ലാത്ത പന്ത്രണ്ടു ചെറുപ്പക്കാരും.

പോലീസുകാര്‍ തടയപ്പെട്ടു.

ഗ്രാമക്കാര്‍ മലവെള്ളംപോലെ
ഒഴുകിപ്പടര്‍ന്നു.

എഴുത്താശ്ശാന്‍ എഴുന്നേറ്റു നിന്നു.

“എന്റെ ഗ്രാമക്കാരെ, നിങ്ങൾ സമാധാനപ്പെടുവിൻ. അവിവേകമായിട്ട് ഒന്നും ചെയ്യാതിരിക്കുവിൻ,
അവർ നമ്മുടെ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുകയില്ല.
പ്രവേശിക്കണമെങ്കിൽ എന്റെ ഉടൽ ഈ പൊടിമണ്ണിൽ പിടഞ്ഞു പിടഞ്ഞ് ഒടുങ്ങണം.  അതിനുശേഷം നിങ്ങൾ രോഷം കൊണ്ടാൽ മതി.  അതുവരെ നിങ്ങൾ സമാധാനം പാലിക്കുവിൻ….”

“ജയ്, ജയ് ഭാസ്കരൻ മാഷ്….ജയ്, ജയ് എഴുത്താശ്ശാൻ….”

ഗ്രാമക്കാര്‍
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

വെയില്‍ മൂത്തു.

പോലീസ്‌ വണ്ടികള്‍
തിരിഞ്ഞപ്പോള്‍ ഗ്രാമക്കാര്‍ തുള്ളിച്ചാടി.

അവിടെനിന്നും ആരോഹണം
തുടങ്ങുകയായിരുന്നു.

ഒരു സ്വപ്നത്തിലെന്നതുപോലെ, ഒരു പ്രതീക്ഷയുമില്ലാതിരുന്നപ്പോള്‍, ഏതേ അജ്ഞാത
നിയന്താവിന്റെ ചെയ്തികൾ പോലെ ഒരു യാത്ര….

പാത മുന്നിൽ തെളിഞ്ഞു
കിടക്കുകയായിരുന്നു.പാതയിലെ കൊടിതോരണത്തിൽ മുങ്ങിപ്പോയെന്നത് സത്യമാണ്.
പിന്നിലേക്കും വശങ്ങളിലെക്കും നോക്കിയില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല.
സുഖത്തിന്റെ സമൃദ്ധിയിൽ, പേരിൽ, പ്രശസ്തിയിൽ
അന്ധമായ യാത്ര….

ഭഗവാൻ……

ആ വിളികേട്ട്‌ രോമാഞ്ചംകൊണ്ട്‌, ഹൃദയം വിങ്ങിപ്പൊട്ടി.

ജന്മം രാജകീയ സുഖങ്ങള്‍
നേടാനുള്ളതാണെന്നു കരുതി. എല്ലാ ബന്ധങ്ങളും മറന്നു. തെറ്റുകളും ഉണ്ടായിട്ടുണ്ട്‌. പക്ഷെ, ഇപ്പോള്‍ എല്ലാം മിഥ്യയാണെന്ന്‌ തോന്നിപ്പോകുന്നു. അന്ന് തകർത്തെറിഞ്ഞ
വിശ്വാസങ്ങൾ വീണ്ടും ഓർമ്മിക്കുവാൻ ഇടയായിരിക്കുന്നു.  എവിടെയെല്ലാമോ തന്റെ ശ്രേയസ്സിനെതിരെ യുദ്ധം
തുടങ്ങിയിരിക്കുന്നു.

മിത്രപാളയങ്ങളിലും, ശത്രു പാളയങ്ങളിലും ഒരുപോലെ.

ആര് ശത്രു, ആർ മിത്രം എന്ന്‌ അറിയാന്‍ കഴിയാത്തതുപോലെ ശാന്തിഗ്രാമം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ശാന്തിഗ്രാമത്തിന്റെ ഭരണത്തിൽ തന്നെ പാരലല്‍ ആയിട്ട്‌ ഒരു സംവിധാനം നടക്കുന്നുല്ലെയെന്ന്
തോന്നിപ്പോകുന്നു.

ഒരു പ്രതിനായകനുണ്ടായിരിക്കുകയാണോ
?

എല്ലാം അപ്രതീക്ഷിതമായ
സംഭവവികാസങ്ങളായിരുന്നു. തത്വചിന്തയില്‍ ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായിട്ട്‌
തറവാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ എവിടെയെങ്കിലും അദ്ധ്യാപകനായി ചേരാന്‍ കൊതിച്ചു. കാര്‍ത്തികയെന്ന
മുറപ്പെണ്ണിനോടൊത്ത്‌ , സ്വസ്ഥമായൊരു ജീവിതം കൊതിച്ചു. പക്ഷെ,
തറവാട്ടിലെ താന്തോന്നിയായ ഏട്ടന്റെ ഭരണം……..അതിനൊത്ത്‌ തുള്ളാന്‍
കാര്യക്കാരനും കൂറെ വേലക്കാരും. വേദനയോടെ എല്ലാം സഹിച്ചിരുന്ന അമ്മയും
പെങ്ങന്മാരും. തറവാട്‌ വിട്ട്‌ അലഞ്ഞുനടന്നു, ആഴ്ചകളോളം,
മാസങ്ങളോളം വീട്ടില്‍ കയറാതെ വളരെ അകലെ എവിടെയെങ്കിലുമൊക്കെ
അന്തിയുറങ്ങി.

അദ്ധാനിക്കുന്നവന്റെയും. ഭാരം
ചുമക്കുന്നവന്റെയും വേദനകള്‍ കണ്ട്‌ കരള്‍ നൊന്തു. അദ്ധ്വാനിക്കുന്നവനും ഭാരം
ചുമക്കുന്നവനും അത്താണിയാവാന്‍ കൊതിച്ചു. അവരെ സംഘടിപ്പിയ്ക്കുന്ന
പ്രത്യയശാസ്ത്രത്തോട്‌ താല്പര്യം തോന്നി.

ആ തോന്നല്‍ പുതിയൊരു
പന്ഥാവായിരുന്നു. പുതിയ പ്രവര്‍ത്തി മേഖലകൾ….

അദ്ധ്യാപകവ്യത്തിയോടു തോന്നിയ
കമ്പം കുറഞ്ഞു. തത്വചിന്ത രാഷ്ട്രീയത്തിലായി. കൂര്‍മ്മമായ ബുദ്ധിയില്‍ പുതിയപുതിയ
ആവിഷ്കരണങ്ങള്‍ നടത്തി.

പക്ഷെ, പുതിയ ആവിഷ്കരണം പ്രസ്ഥാനത്തിനുള്ളിലെ സ്ഥാനകയറ്റത്തേക്കാള്‍ വിരോധം
വരുത്തിവച്ചു.

അയിടയ്ക്ക്‌, ഇഷ്ടപ്പെട്ട പെണ്ണോകൂടി, കാര്‍ത്തികയോടുകൂടി ആരുടെയും
അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ ജീവിച്ചു. അതിലും പുതിയ മാനങ്ങള്‍ കണ്ടെത്തി.

എവിടെയും ഉറച്ചുനിന്നില്ല.
പുതിയപുതിയ ചിന്തകള്‍, പുതിയ പുതിയ തീരുമാനങ്ങള്‍…….

പുതിയപുതിയ പാതകള്‍…….

പുതിയപുതിയ സാഹചര്യങ്ങള്‍…….

ഒടുവില്‍ ശാന്തിഗ്രാമത്തില്‍
തളയ്ക്കപ്പെട്ടു.

ആരെല്ലാമോ ചതുരംഗം കളിച്ചു.

ചതുരംഗ പലകയിലെ മന്ത്രിയായി
വിലസി.

അവര്‍ പേര്‍ വിളിച്ചു.

ഭഗവാന്‍ !

ബോധിച്ചു.

ചതുരംഗം ചെസ്സായി….

ചെസ്സ്‌ബോര്‍ഡിലെ മന്ത്രി……

സര്‍വ്വ
സൈന്യാധിപനായ…….സഹസ്രങ്ങളോളം കാലുകളും കൈകളുമുള്ള, സർവ്വനിയന്താവായ മന്ത്രി….

രാജകീയമായ പ്രൌഢി…

കോട്ടയും, കൊത്തളങ്ങളും…ആടയാഭരണങ്ങളും…. പരിചാരകരും……..

യശസ്സും, ആരാധകരും…….

ഗ്രാമത്തില്‍നിന്നും, പട്ടണത്തിലേയ്ക്കും, പട്ടണങ്ങളില്‍നിന്നും
നഗരങ്ങളിലേയ്ക്കും, നഗരങ്ങളില്‍നിന്നും മറ്റു പ്രവിശ്യകളിലേയ്ക്കും, മറ്റ് രാഷ്ട്രങ്ങളിലേക്കും പകർന്നൊഴുകിയ പ്രശസ്തി……

അവിടെനിന്നെല്ലാം കാല്‍ക്കലേയിക്ക്‌
ഒഴുകിയെത്തിയ ഐശ്വര്യം……

പക്ഷെ, ഈ കളിയ്ക്ക്‌ പിന്നില്‍നിന്നിരുന്നത്‌, കളികണ്ട്‌ ആസ്വദിക്കുകയും,
ലാഭനഷ്ടങ്ങള്‍ കൊയ്യുകയും ചെയ്തിരുന്ന മറ്റൊരു വര്‍ഗ്ഗത്തെ
വിസ്മരിച്ചുകളഞ്ഞു.

ആ വിസ്മരിച്ചു കളഞ്ഞിരുന്ന
ശക്തി. കൂടുതല്‍ കൂടുതല്‍ ശക്തരായിക്കൊണ്ടിരിക്കുകയും ചെസ്സ്ബോര്‍ഡിലെ ഒരു കരുവിന്‌
ഈഹിക്കാന്‍ കഴിയാത്തത്ര വികസിക്കുകയും ചെയ്തിരിക്കുന്നു.

അവര്‍ പ്രവിശ്യയിലെ ഉന്നതരും.

രാജ്യത്തെ ഉന്നതരും,

രാജ്യാന്തരങ്ങളിലെ ഉന്നതരും
വരെ ആയിരിക്കുന്നു.

അവര്‍ക്ക്‌ ഇന്നുവേണ്ടത്‌
ചെസ്സ്‌ബോര്‍ഡിലെ പ്രഗത്ഭനായ കരുവിനെയല്ല. പണ്ട്‌ ആ കരു കളിച്ചുകാണിച്ച
വൈദഗ്ദ്ധ്യത്തെ ചിത്രങ്ങളാക്കി, ഒരു മിത്താക്കി, കാവ്യങ്ങളാക്കി, കഥകളാക്കി മാറ്റുകയാണ്‌. ആ മിത്തിലെ
കഥാനായകനെ ശിലയാക്കി, ശിലയെ പൂവിട്ടു പൂജിയ്ക്കുകയാണ്‌
വേണ്ടത്‌.

ഭഗവാന്‍ ശയനമുറിയില്‍, നിലക്കണ്ണാടിയ്ക്കു മുന്നില്‍ ഒറ്റമുണ്ട്‌ മാത്രമുടുത്ത്‌ സ്വരൂപം
കണ്ടുനിന്നു. പിന്നീട്‌ മുറിയില്‍, അയകളില്‍, ഹാംഗറില്‍ തൂങ്ങിക്കിടന്ന വസ്ത്രാലങ്കാരങ്ങള്‍ ശ്രദ്ധിച്ചു.

വലിയ അലമാര തുറന്ന്‌
ആഭരണങ്ങള്‍ കണ്ടു.

എല്ലാം വേറിട്ടു നില്‍ക്കുന്നു.

സ്വന്തമായിട്ട്‌ ഒരു ദേഹവും
ദേഹം ധരിക്കുന്ന ദേഹിയും………

ഭഗവാന്‍ മുഖംപൊത്തി….

തളര്‍ന്ന്‌ കസേരയില്‍ രുന്നു.

ഒരു നിമിഷം,

മനസ്സിന്റെ അഗാധതയില്‍
എവിടെനിന്നോ ഒരു മോഹം കൂടി മുളപൊട്ടി, നാമ്പ്‌ ഉയര്‍ന്ന്‌
ഉപരിതലത്തിലേയ്ക്കു വന്നു.

പലായനം,

ഇവിടെനിന്ന്‌, സ്വന്തമായിട്ടുള്ളതെല്ലാം നിറഞ്ഞ. മജ്ജയും മാംസവും, രക്തവും
വിയര്‍പ്പും മുടക്കിയ, ഈ ശാദ്വലഭൂമിയില്‍നിന്നും.

ഇപ്പോഴും ശാദ്വലമാണോ?

ആണെന്നോ അല്ലെന്നോ
കണ്ടെത്താനാവുന്നില്ല. അതായിരുന്നില്ലെ പരാജയം?

ചുറ്റുമുള്ളതിനെ തരം
തിരിച്ചറിയാനാവുന്നില്ല. കാണുന്നതൊന്നും സത്യമല്ല. എല്ലാം പൊയ്മുഖങ്ങളാല്‍, പായലിന്നാല്‍ മൂടപ്പെട്ട് പ്രഭ മങ്ങിയിരിയ്ക്കുന്നു.

പ്രഭാമയമാക്കാന്‍ ഇനിയും
തന്നാലാവുമോ ?

ഭഗവാന്‍ എന്നത്‌
എന്തായിരുന്നു ? അതിന്റെ സത്യാവസ്ഥ എന്തായിരുന്നു ?

ഒന്നും വ്യക്തമാകുന്നില്ല.

ഒന്നും.

കതകില്‍ മന്ത്രണംപോലെ ഒരു മൂട്ടല്‍.

കതക് പാളികൾ മെല്ലെ തുറന്ന്
പരിചാരിക വന്നു. അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന പൂക്കളിൽ നിന്നും ഗന്ധം മുറിയിൽ
നിറഞ്ഞു.

ആ സുഗന്ധവും ഭഗവാനെ ശ്വാസം
മുട്ടിച്ചു.

അവളുടെ മുഖത്തെ പ്രസന്നതയില്‍
മുറിയും പ്രസന്നമായി. പക്ഷെ, ഭഗവാൻ മുഖമുയർത്തിയില്ല. അവളുടെ
മുഖം കണ്ടില്ല.

“ഭഗവാൻ…. ദർശനത്തിനായി
അന്നപൂർണദേവിയെത്തിയിട്ടുണ്ട്……”

ഭഗവാൻ തലയുയർത്തി.

“എന്തിനാകം…?”

“അറിയില്ല…. മുഖം
ക്ഷോഭിച്ചതുപോലെ ചുവന്നു തുടുത്തിട്ടുണ്ട്.”

“ദർശന മുറിയിൽ ഇരിക്കാൻ
ആവശ്യപ്പെട്…. ഞാനെത്താം…..”

അവള്‍ നടന്നു.

ഭഗവാന്‍ വീണ്ടും നിലക്കണ്ണാടി
നോക്കി.

ആടയാഭരണങ്ങള്‍ അണിയണോ ?

വേണ്ടയെന്ന്‌ തോന്നി.

മുറിവിട്ട്‌ പുറത്തുവരുമ്പോള്‍
പരിചാരകര്‍ അമ്പരന്നു നില്‍ക്കുന്നത്‌ ഭഗവാന്‍ കണ്ടു.

കാവി ഒറ്റമുണ്ടുടുത്ത്‌, കാവി നേര്യത്‌ പുതച്ച്‌ ഭഗവാന്‍ ഇടനാഴിയിലൂടെ ദര്‍ശനമുറിയിലേയ്ക്ക്‌
നടന്നു. ഭഗവാന്റെ കാലടി ശബ്ദം കേട്ട് അന്നപൂർണദേവി എഴുന്നേറ്റു നിന്നു വണങ്ങി.
ഭഗവാൻ ആസനസ്ഥനായി.

 ദേവി ഭഗവാന് അഭിമുഖമായി ഇരുന്നു.

ദര്‍ശന മുറിയുടെ വാതിലടച്ച്‌
പരിചാരകര്‍ പുറത്തുപോയി.

“അങ്ങേയ്ക്ക്‌ എന്നോട്‌
കോപമരുത്‌’

ഭഗവാന്‍ അവളെ ശ്രദ്ധിച്ചു.
അമ്മയെക്കാള്‍ സുന്ദരിയായ മകൾ….വശ്യമായ ചലനങ്ങൾ….ചടുലമായ സംസാരം. ദേവദാസിയാകും
മുമ്പ്‌ അനുഗഹം വാങ്ങാനെത്തിയപ്പോഴാണ്‌ അവസാനമായി കണ്ടത്‌. അന്നത്തേക്കാള്‍
സുന്ദരിയായിരിയ്ക്കുന്നു. പക്വത വന്നിരിക്കുന്നു.

“അങ്ങ്‌ ഞങ്ങളോട്‌ ഇവിടം
വിട്ടുപോകുവാന്‍ പറയരുത്….ഞങ്ങൾക്കതാവില്ല….”

ഭഗവാൻ കണ്ടു, അവളുടെ കണ്ണുകൾ ജലമണിയുന്നു.

“ഞങ്ങള്‍ ദേവദാസികളാണ്‌, ശാന്തിഗ്രാമത്തില്‍, പക്ഷെ പുറത്തു പോയാല്‍
ആരാകുമെന്നറിയാമോ….. അഭിസാരികമാരാകും. എല്ലാം അറിയുന്ന അങ്ങുകൂടി അങ്ങിനെ
പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ ആശ്രയമാരാണ്‌’

ഭഗവാന്‍ നിശബ്ദനായിരുന്നു.

നേര്‍ത്ത ഒരു മന്ത്രണംപോലുള്ള, ഭഗവാന് മാത്രം കഷ്ടിച്ചു കേള്‍ക്കാന്‍ വിധത്തിലുള്ള അവളുടെ സ്വരവും പെരുമ്പറ
കൊട്ടുമാറ്‌ ചെവികളില്‍ ആര്‍ത്തലയ്ക്കുകയും ചെയ്തു. എന്നിട്ടും നിലയ്ക്കാതെ ചെവികളെ
തുരന്ന്‌ ഉള്ളില്‍ ഹൃദയഭിത്തികളില്‍ ആഞ്ഞടിക്കുകയും ചെയ്യുകയാണെന്ന്‌ ഭഗവാനു
തോന്നി.

ഭഗവാന്‍ ഞെട്ടിവിറച്ചു.

മുഖം ഭയചകിതമായി.

“ദയവായി….ഞങ്ങളെ പോകാന്‍ വിടരുത്‌… നഗരങ്ങളിലെ തെരുവുകളില്‍ അലയാനായി…ഓട കളില്‍
അന്തിയുറങ്ങാനായി വിടരുത്‌…ഇവിടെ ഈ ഗ്രാമത്തിന്റെ മണ്ണില്‍ ഞങ്ങളെ ഒടുങ്ങാന്‍
അനുവദിയ്ക്കൂ…..”

അവള്‍ ഉരിപ്പിടത്തില്‍
നിന്നെഴുന്നേറ്റ്‌ ഭഗവാന്റെ മുന്നില്‍ പ്രണമിച്ചു.

അവളെ ഗ്രഹിച്ച്‌ ഭഗവാന്‍
മാറില്‍ ചേര്‍ത്തുനിര്‍ത്തി……

കൊച്ചുകുഞ്ഞിനെപ്പോലെ അവള്‍
തേങ്ങിക്കരഞ്ഞു.

സര്‍വ്വംസഹനായി ഭഗവാന്‍ അവളെ
തലോടി…

പ്രവിശ്യയിലെ ജീവിതത്തില്‍
വിസ്‌ ഫോടനാത്മകമായൊരു ചലനം സൃഷ്ടിച്ചിരിക്കുന്ന കമ്മ്യൂൺ ദിനപ്രതം. എവിടെയും ചര്‍ച്ചാ വിഷയമാക്കപ്പെട്ട്, വിമര്‍ശിക്കപ്പെട്ട്‌, അതിന്റെ യാത്ര തുടരുന്നു,
പത്രലോകമാകെ, സാംസ്കാരിക മണ്ഡലമാകെ നിറയുന്ന
നാമമായി ഗുരു വളര്‍ന്നിരിയ്ക്കുന്നു. കൃഷ്ണയെ, സിദ്ധാര്‍ത്ഥനെ
ആരാധനയോടെ കാണുന്നവര്‍ പ്രവിശ്യയില്‍ നിറഞ്ഞിരിക്കുന്നു.

പക്ഷെ,

സാധാരണ ജനതയുടെ മനസ്സുകളില്‍
അവ്യക്തമായ കുറെ ചിത്രങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരിക്കുന്നത്‌. അവരുടെ ജീവിതത്തെ ബാധിക്കാത്ത
എന്തെല്ലാമോ ഉന്നതങ്ങളില്‍ നടക്കുന്നുണ്ടെന്നുമാത്രം ധച്ചിരിക്കുന്നു.

കൃഷ്ണയുടെ മനസ്സ്‌ വിരിഞ്ഞിരിക്കുന്നു.

അവളുടെ പേന തുമ്പില്‍നിന്നും
ഒഴുകിയിറങ്ങുന്ന മഷി തീര്‍ക്കുന്ന അക്ഷരങ്ങള്‍ക്ക്‌ ചടുലതയും വാചാലതയും ഏറിയിരിക്കുന്നു.

അവള്‍ തറയില്‍, ഒറ്റപ്പായ വിരിച്ചു കിടന്ന്‌ മയങ്ങി.

@@@@@@@




അദ്ധ്യായം പതിനഞ്ച്‌

അനിയന്ത്രിതമായ, അവിശ്വസനീയമായ വേഗത്തിലുള്ള ആരോഹണമായിരുന്നു. അത്യുന്നതങ്ങളിലെ
സമതലത്തിലെത്തിപ്പെട്ടപ്പോള്‍ എന്തുമാത്രം സന്തോഷിക്കേണ്ടതായിരുന്നു.
വിശ്വസിയ്ക്കാമോ എന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുകൂടിയുണ്ട്‌.

എല്ലാറ്റിനും ഗുരുവിന്റെ
പിന്തുണയും ഉണ്ടായിരുന്നു. ശക്തമായൊരു മതിലുപോലെ, അചഞ്ചലയായി,
പിന്നില്‍ ഉറച്ചുനിന്നു, ഗുരു. വിദേശത്തു ജോലി
ചെയ്യുന്ന അച്ഛനമ്മമാര്‍, സഹോദരങ്ങള്‍. അവരുടെ ഒരേയൊരു മകള്‍;
സഹോദരി. എന്നിട്ടും ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ എല്ലാവരും
പങ്കെടുത്ത ആര്‍ഭാടപൂര്‍വ്വമായ വിവാഹം തന്നെയായിരുന്നു; രണ്ടുപേരുടെയും
വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ യുക്തമെന്നും യോജിക്കുമെന്നും
കരുതിയത്‌ ആചരിച്ചും അനുഷ്ഠിച്ചും.

സിദ്ധാര്‍ത്ഥനും നാന്‍സിയും.

അവര്‍ കമ്മ്യൂണിനു പുറത്ത്‌
നാന്‍സിയുടെ അച്ഛന്‍ നല്‍കിയ വീട്ടില്‍ത്തന്നെ ജീവിതം തുടങ്ങുകയും ചെയ്തു.

പക്ഷെ,

ഏതോ ഒരു സന്ധ്യയില്‍, ഏതോ ഒരു നിമിഷത്തില്‍, ടെറസ്സില്‍ അസ്തമനം
കണ്ടുനിന്ന നാന്‍സി കസേരയില്‍ മയങ്ങിക്കിടന്നിരുന്ന അവനരുകില്‍ എത്തി പറഞ്ഞു.

“എനിക്ക്‌
മടുത്തു…”

ഞെട്ടലോടെ അവനുണര്‍ന്നു.
പലപ്പോഴും അവളുടെ പെരുമാറ്റത്തില്‍നിന്നും തോന്നിച്ചിട്ടുള്ള ഒരു സത്യം; പലപ്പോഴും അവളോട്‌ ചോദിക്കണമെന്ന്‌ ആഗ്രഹിച്ച ഒരു സത്യം അവള്‍ അവനോട്‌
പറഞ്ഞിരിയ്ക്കുന്നു.

“സിദ്ധാര്‍ത്ഥന്‍,
നിങ്ങളെ എനിക്ക്‌ മടുത്തു……നിങ്ങളുടെ ജീവിതചര്യകള്‍….പാതകള്‍……..നാട്യങ്ങള്‍….എനിക്ക്
മടുത്തു……നിങ്ങള്‍ തീര്‍ത്തിരിയ്ക്കുന്ന ഈ മതില്‍….. എനിയ്ക്കിതിനുള്ളില്‍
നില്‍ക്കാനാവില്ല….എന്നെ പോകാനനുവദിയ്ക്കൂ…..”

“നാൻസി….?”

നാന്‍സി അവന്റെ മുഖത്ത്‌
നോക്കിയില്ല. നോക്കിയാല്‍ അവളുടെ ഉറച്ച തീരുമാനങ്ങള്‍ മണല്‍ക്കൊട്ടാരംപോലെ അടര്‍ന്നു
വീഴുമെന്ന റിയാമായിരുന്നു. അവള്‍ അവന് മുഖം കൊടുക്കാതെ അകലങ്ങളിലെവിടെയോ എന്തിനെയോ
പ്രതീക്ഷിച്ചു നോക്കിയിരുന്നു.

എന്നിട്ടും ഒരുക്കമായിരുന്നു.
എല്ലാ വിശ്വാസങ്ങളും, എല്ലാ ചട്ടങ്ങളും ത്യജിയ്ക്കാന്‍,
കമ്മ്യൂൺ വിട്ടു പോകാന്‍വരെ……പക്ഷെ അവള്‍ അതിലൊന്നും
ഒതുങ്ങി നിന്നില്ല. രണ്ടു ധുവങ്ങളിലെ വ്യക്തികളെപ്പോലെ അവര്‍ വ്യത്യസ്തരായിരുന്നു; ഉടുപ്പില്‍, എടുപ്പില്‍, നടപ്പില്‍………

ദിനചര്യയില്‍, ആഹാരരീതിയില്‍…..

സ്വപ്നാത്മകമായൊരു ലോകത്ത്‌, നാന്‍സി പറന്നുനടന്നു. അവള്‍ക്കൊരിയ്ക്കലും ഭൂമിയില്‍ ഇറങ്ങാനോ. ഭൂമിയിലെ
താഴേയ്ക്കിടയിലുള്ള ജീനുകളെ കാണാനോ, കണ്ടറിയാനോ കഴിഞ്ഞില്ല.
പക്ഷെ, സിദ്ധാര്‍ത്ഥന്‍ താഴേയ്ക്കിടയിലെ ജീനുകളില്‍നിന്നും,
ജീവിതത്തില്‍നിന്നും ഉയര്‍ന്നെത്താന്‍ ഒരുക്കമായിരുന്നു.

പക്ഷെ,

നാന്‍സി അതും
ഇഷ്ടപ്പെട്ടില്ല. അവള്‍ അവനെ വെറുത്തു. അവന്‍ അവള്‍ക്കനുയോജ്യനല്ലെ കണ്ടെത്തി, തീരുമാനിച്ചു.

കല്‍പടവുകള്‍ കയറവെ, ഉന്നതിയിലെത്തേണ്ട നിമിഷങ്ങള്‍ അടുക്കവെ, കയ്യിൽ
എല്ലാ സമ്പത്തുക്കളും സൂക്ഷിച്ചിരുന്ന ചില്ലുഗ്ലാസ് കയ്യിൽനിന്നും വഴുതി വീണ്
പടവുക്ലിൽ തട്ടിയുടഞ്ഞ്,സൂക്ഷിച്ചിരുന്ന മുത്തുകളും
പവിഴങ്ങളും പടവുകള്‍ വഴി തട്ടിമുട്ടി അടിത്തട്ടിലേയ്ക്ക്‌ തെറിച്ചു വീഴുന്നത്‌
സിദ്ധാര്‍ത്ഥന്‍ നോക്കിനിന്നു.

തേങ്ങിപ്പോയി…….

അവന്‍ തകർന്ന ചില്ലുഗ്ലാസ്‌
ചീളുകളും,
മുത്തുകളും, പവിഴങ്ങളും പെറുക്കിക്കൂട്ടാന്‍
തെല്ലൊന്ന്‌ നില്‍ക്കുമ്പോഴേയ്ക്കും, അവന്റെ ഇടതുകയ്യില്‍ പിടിച്ച്‌,
അവന്റെ തണലില്‍, കരുത്തില്‍ പടികള്‍ കയറി വന്നിരുന്ന
നാന്‍സി അവനെ വിട്ട കൂട്ടങ്ങളോടൊത്ത്‌ വീണ്ടും ഉന്നതിയിലേയ്ക്ക്‌ പടവുകള്‍
കയറിക്കഴിഞ്ഞിരിയ്ക്കുന്നു.

കോടതിയില്‍ ഒരൊറ്റ ആവശ്യമേ
ഉന്നയിച്ചുള്ളു. മകന്‍ വിവേകിനെ കാണാനുള്ള അവകാശം. പക്ഷെ, അതുംകൂടി, ഒരു നിയമത്തിനും തടുക്കാനാവാത്ത വിധം,
വിജയിക്കാനാകാത്ത വിധം അവള്‍ നേടിയെടുത്തിരിയ്ക്കുന്നു.

മുറിയുടെ ജനാല തുറന്ന്‌
സിദ്ധാര്‍ത്ഥന്‍ കിഴക്കോട്ട്‌ നോക്കി കട്ടിലില്‍ കിടന്നു. കിഴക്ക്‌ കാറ്‌
കൊണ്ടിരിയ്ക്കുന്നു. ഇരുള്‍ കയറുന്നു. രാത്രി പിറക്കുന്നു.

മഴയുണ്ടാകുമെന്ന്‌ മാനം
പറയുന്നു.

സിദ്ധാര്‍ത്ഥന്‍ പ്രതീക്ഷയോടെ
ചിന്തിച്ചുപോകുന്നു. ഈ മഴ കഴിഞ്ഞ്‌ അന്തരീക്ഷം തെളിഞ്ഞ്‌ കഴിഞ്ഞ്‌, മഴവെള്ളമെല്ലാം ഒഴുകി അകന്നു കഴിഞ്ഞ്‌ ശുദ്ധവും ശുഭ്രവുമായൊരു
ഭൂപ്രദേശത്ത്‌ കഴിയാനാവുമോ ?

ആവോ !

പ്രവിശ്യയിലെ എല്ലാ പ്രമുഖ പത്രങ്ങളുടെയും
പ്രതിനിധികള്‍…ഒന്നാംകിടയെന്നും രണ്ടാംകിടയെന്നും വ്യത്യാസമില്ലാതെ… മുഖ്യമന്ത്രിയാണ്‌
വിളിച്ചുകൂട്ടിയത്‌.

പക്ഷെ എത്തിയിരിയ്ക്കുന്ന
പ്രതിനിധികളില്‍ ഒന്നാംകിടക്കാരുടെ പ്രതിനിധികള്‍ മാത്രവും രണ്ടാംനിരക്കാരുടെ സഹ പത്രാധിപന്മാരും
മൂന്നാംകിടക്കാരുടെയും നാലാംകിടക്കാരുടെയും പ്രധാന പത്രാധിപന്മാരുമാണെന്നു മാത്രം.
അന്തസ്സും ആഭിജാത്യവും നോക്കിയാണത്രെ ഇങ്ങനെയുള്ള സമ്മേളനങ്ങളില്‍
പങ്കെടുക്കുന്നത്‌. നാലാംകിട പത്രാധിപന്റെ ഒപ്പം ഒന്നാംകിട പത്രാധിപന്മാര്‍
പങ്കെടുത്താല്‍ അയിത്തമാകുമത്രെ.

ഗുരു ലിമിറ്റഡ്‌ സ്റ്റോപ്പ്‌
ഫാസ്റ്റ്‌ പാസഞ്ചറിലാണ്‌ എത്തിയത്‌. ഒന്നാംകിടക്കാരും രണ്ടാംകിടക്കാരും പത്രമോഫീസ്‌
കാറുകളിലും സ്വന്തം കാറുകളിലുമൊക്കെയായിരുന്നു.

മുഖ്യമന്ത്രി പ്രസംഗിച്ചു.

“പത്രസ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യാനുള്ളതല്ല. പ്രത്യേകിച്ച് മതേതര രാജ്യമായ, അവികസിതമായ
നമ്മുടെ രാഷ്ട്രത്ത്‌, പുരോമനപരമായിട്ട്, ആവശ്യമായിട്ട്‌ എന്തെല്ലാമാണ്‌ ചെയ്യാനുള്ളത്‌, പക്ഷെ,

ഇവിടെ ചില പത്രക്കാര്‍ ഒരു പ്രത്യേക
വ്യക്തിയെ, വിശ്വാസത്തെ ധ്വംസനം ചെയ്യുത്തക്ക വിധത്തില്‍ വാര്‍ത്തകളും
ഫീച്ചറുകളും പ്രസിദ്ധീകരിക്കുന്നത്‌ ശരിയല്ലെന്ന്‌ അറിയിക്കാനും, അതിനെതിരെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാനും കൂടിയാണ്‌ ഈ സമ്മേളനം
വിളിച്ചുകൂട്ടിയിരിക്കുന്നത്‌….”

“ഞാന്‍
സൂചിപ്പിക്കുന്നത്‌ ഭഗവാന്‍ സച്ചിദാനന്ദനെക്കുറിച്ചാണ്. അദ്ദേഹം ജനക്ഷേമകരമായ
പലവിധ പ്രവര്‍ത്തനങ്ങളാല്‍ നമ്മുടെ പ്രവിശ്യയുടെ ഹൃദയത്തിന്റെ തന്നെ വിശ്വാസം
നേടിയ ആളാണ്. രാഷ്ട്രത്തിന്റെ തന്നെ, പല
വിദേശരാഷ്ട്രത്തിന്റെ തന്നെ വിശ്വാസമാര്‍ജ്ജിച്ച ദേഹമാണ്‌. അദ്ദേഹത്തെപ്പറ്റി
സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും
ചെയ്യുന്നത്‌ രാഷ്ട്രനീതിയല്ല. സ്വതന്ത്രമായൊരു പത്രപ്രവര്‍ത്തനമല്ല എന്നാണ്‌ എനിക്ക്
പറയാനുള്ളത്‌… അത്‌ ഇനിയും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനു
നടപടികള്‍ സ്വീകരിക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ പത്രസ്വാതന്ത്ര്യന്ത്യത്തെ
നശിപ്പിച്ചെന്നും പൌരസ്വാതന്ത്ര്യം ഹനിച്ചെന്നും പറഞ്ഞ്‌ മുറവിളി കൂട്ടേണ്ട
കാര്യമില്ലെന്നുകൂടി അറിയിക്കുനാഗ്രഹിക്കുകയാണ്‌. “

മുഖ്യന്ത്രിയുടെ പ്രസ്താവന
കഴിഞ്ഞ്‌ ഇരിക്കുമ്പോള്‍ സമ്മേളനഹാള്‍ ശബ്ദമുഖരിതമായി.

ഗുരു ശ്രദ്ധിച്ചു.

പത്രപ്രതിനിധികളുടെ
അഭിപ്രായങ്ങള്‍, ശക്തമായ വാദങ്ങള്‍. ചെറുചെറുപ്രസംഗങ്ങള്‍, പ്രസ്താവനകള്‍…… ഒന്നാംകിടക്കാര്‍ നിറമില്ലാത്തവരായിരുന്നപ്പോള്‍ ചില
ജാതിമത പത്രക്കാര്‍ മുഖ്യമന്ത്രിയെ അനുകൂലിയ്ക്കുകയും പത്രലോകത്തെ അവര്‍ണ്ണരെന്നു
ഗണിക്കപ്പെട്ടിട്ടുള്ളവരും ചില രാഷ്രീയ പാര്‍ട്ടികളുടെ പത്രങ്ങളും മുഖ്യമന്ത്രിയെ
കര്‍ശനമായി വിമര്‍ശിക്കുകയു

ചെയ്തു.  അവരില്‍ പലരും ഗുരുവിന്റെ പ്രതത്തിലെ വാര്‍ത്തകളും
ഫീച്ചറുകളും സത്യങ്ങളാണെന്നും, ആ സത്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്നും
വ്യക്തമാക്കി.

ഗുരു മനസ്സില്‍ വോട്ടെടുപ്പു
നടത്തി. അറുപതു ശതമാനത്തിലേറെ ഗുരുവിന്റെ അനുയായികളാണെന്നറിഞ്ഞു.

ഒടുവില്‍ ഗുരുവിന്റെ
ഘനഗംഭീരമായ സ്വരം സമ്മേളന ഹാളില്‍ മുഴങ്ങി.

“ഇവിടെ ഈ
സമ്മേളനത്തിന്‌ പങ്കെടുത്തിരിയ്ക്കുന്നതില്‍ അറുപതു ശതമാനം പ്രതിനിധികള്‍ക്കും
ശരിയാണെന്ന്‌ തോന്നുന്ന കാര്യങ്ങളാണ്‌ എന്റെ പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍…….അതിന്റെ
നിജസ്ഥിതിയും, ഒരുപക്ഷെ, നമ്മുടെ
കഥാനായകന്‍ ഭഗവാന്‍ സച്ചിദാനന്ദനെത്തന്നെ ബഹു. മുഖ്യമന്ത്രിയ്ക്ക്‌ അറിവുള്ള
ആളുമാകാം. എന്നിട്ടും ഒരു പ്രവിശ്യയിലെ ക്രമസമാധാനം തകരുന്നെന്നു കണ്ടാല്‍ അതിനെ
തടയേണ്ടത്‌ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്‌. പക്ഷെ ആകര്‍ത്തവ്യം, അദ്ദേഹത്തിന്റെ ജനതയെ, അദ്ദേഹത്തിനെ തെരഞ്ഞെടുത്ത്‌,
ഈ സ്ഥാനത്തെത്തിച്ച അദ്ദേഹത്തില്‍നിന്നും നന്മകിട്ടുമെന്നും പ്രതീക്ഷിക്കുന്ന
ഒരു വലിയ, സാധാരണ ജനതയെ വഞ്ചിക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്നതാകരുതെന്ന്‌
എനിക്ക്‌ അഭ്യര്‍ത്ഥനയുണ്ട്‌. ഞാന്‍ചെയ്യുന്നത്‌ നന്മയാണെന്നാണ്‌ എന്റെ വിശ്വാസം.
എനിക്കറിയാവുന്ന ഒരു സത്യം എന്നെ കേള്‍ക്കുന്നവരെ അറിയിക്കുന്നു. അത്‌
സത്യമല്ലായെന്ന്‌ അന്വേഷിച്ച്‌ ബോദ്ധ്യമായാല്‍ സര്‍ക്കാരിന്‌ എന്റെപേരില്‍ നടപടിയെടുക്കാം.
അല്ലാതെ പരപ്രേരണയാല്‍ നിജസ്ഥിതിയ്ക്ക്‌ വിരുദ്ധമായി നടപടിയെടുക്കാന്‍
ശ്രമിക്കുന്നത്‌ പത്രസ്വാതന്ത്ര്യ ഹത്യയും ജനാധിപത്യ വിശ്വാസഹത്യയും ആകും. അങ്ങനെ
ഒരു ദുഷ്കര്‍മ്മം

എന്റെ ഒരു പഴയകാല സുഹൃത്ത്‌
കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടാകില്ലെന്നു കരുതുന്നു.”

സമ്മേളനഹാള്‍ കരഘോഷത്താല്‍
മുഖരിതമായി…..

ഗുരു മുഖ്യമന്ത്രിയുടെ മുഖം
ശ്രദ്ധിച്ചു.

വിളറിവെളുത്ത്‌, മരവിച്ച്‌…..ഗുരുവിന്റെ മുഖത്ത്‌ പുഞ്ചിരി വിടര്‍ന്നു.

@@@@@@@@




അദ്ധ്യായം പതിനാല്

സുബ്ബമ്മ അവന് വേദനിക്കുന്ന
ഓര്‍മ്മകളെ ചികഞ്ഞ്‌ പൊട്ടിക്കാന്‍ കാരണമാവുകയായിരുന്നു.

അവളുടെ വലിയ കണ്ണുകള്‍, മനസ്സിന്റെ കോണില്‍ ഒളിച്ചിരുന്നിട്ട് ഇടയ്ക്കിടയ്ക്ക്‌ പ്രത്യക്ഷപ്പെടുന്നു.ഈ
പ്രഹേളികയുടെ അര്‍ത്ഥമെന്താണ്‌ ?

ജീവിതമൊരു
പ്രഹേളികയാണെങ്കിൽ…..?

ആണോ?

ആണെന്നോ, അല്ലെന്നോ പറയാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.  അനാദിയും അനന്തവുമായ, അവര്‍ണ്ണവും
അവാച്യവുമായ സനാതനമായ ഒരേയൊരു സത്യത്തില്‍ നിന്നും അനന്തകോടി പ്രപഞ്ചസത്യങ്ങളായി,
വസ്തുക്കളായി പരിണമിയ്ക്കപ്പെട്ട്‌, ഉടലെടുക്കപ്പെട്ട്,
ഉരുത്തിരിയപ്പെട്ട്‌ കിടക്കുന്ന, പരമമായ
സത്യത്തിന്റെ,

ഒരംശമായ,

ഒരു ബിന്ദുവായ,

ഞാന്‍,

സിദ്ധാര്‍ത്ഥന്‍

എന്താണ്‌……….

എന്തിനാണ്‌ ഉടലെടുത്തത്‌?

എന്താണെന്റെ ധര്‍മ്മം?

എന്തായിരിക്കണം എന്നുടെ കര്‍മ്മം?

പരമമായ ആ സത്യം ഏകകോശമായൊരു
ജീവിയെന്നു സങ്കൽപ്പിച്ചാൽ……

ഈ കാണൂന്നതെല്ലാം,

ഈ രുചിക്കുന്നതെല്ലാം,

അതു തന്നെയല്ലെ, അതു മാത്രമല്ലെ, ഓരോ പൊടിപ്പുകളും ആതിന്റെ കൈകാൽ
നീട്ടലുകളല്ലെ?

അമീബയെപ്പോലെ…….

എങ്കില്‍ എന്റെ ശത്രുക്കളെവിടെ
?

എന്നില്‍നിന്നും വേറിട്ടൊരു
വസ്തുത ഉണ്ടാകുന്നതെങ്ങിനെ ? ഈ കാണുന്നതിലെല്ലാം ഞാനും
ഉണ്ടെന്നതല്ലേ സത്യം?

അതാണ് സത്യമെങ്കിൽ,

അതു മാത്രമാണ്‌ സത്യമെങ്കില്‍
എന്റെ കര്‍മ്മങ്ങള്‍ തെറ്റിയില്ലെ……?

എങ്കില്‍,

എനിക്ക്‌ ഗുരുവെന്നൊരു
മിത്രവും ഭഗവാനെന്നൊരു ശത്രുവും ഉണ്ടാകാന്‍ പാടില്ല. അല്ലെങ്കില്‍ ഗുരുവും ഭഗവാനും
ഞാന്‍ തന്നെയല്ലെ. എന്റെ രണ്ടു ഭാവങ്ങള്‍ മാത്രം ? ഞാന്‍ എന്ന
അസ്തിത്വം ഇടതുവശത്തെ കൈകാലുകളോട് സൌഖ്യം ചേര്‍ന്ന്‌ വലതു കൈകാലുകളോട യുദ്ധം
ചെയ്യുന്നതു പോലെ…….

ഇതില്‍ ഏതാണ്‌ സത്യം ?

ഏതാണ്‌ മിഥ്യ?

ഏതാണ്‌ നന്മ ?

ഏതാണ്‌ എന്റെ ധര്‍മ്മം ?

ഏതാണ്‌ അധര്‍മ്മം ?

ദേവി ചൈതന്യമയി അനാഥാലയത്തിന്റെ
ഓഫീസ് മുറിയ സ്വന്തം കസേരിയില്‍ മരവിച്ചിരുന്നു. എത്ര സമയം ഇരിന്നിട്ടുണ്ടാകും
എന്നു കൂടി അറിയനകുന്നില്ല. സെലീന വിളിച്ചാണ് ഉണർത്തിയത്.  സാധാരണ ചെയ്യുന്നതുപോലെ സന്ദർശകൻ എത്തിയയുടൻ
അവൾ പുറത്തു പോയി.  സന്ദർശകർക്ക്
രഹസ്യമായിട്ട് പലതും സംസാരിക്കനുണ്ടാകും.ഇല്ലെങ്കിലും അത്രയും സമയം അവൾക്ക്
വരാന്തയിലൂടെ സ്വതന്ത്രമായി സ്വപ്നങ്ങള്‍ കണ്ട്‌ ഉലാത്താം. അല്ലെങ്കില്‍, ഇനിയും കാണാനിരിയ്ക്കുന്ന സന്ദര്‍ശകരോട്‌ കുശലം പറയാം.

രണ്ടുമൂന്നു പ്രാവശ്യം ശ്രമിച്ചതിനുശേഷമാണ്‌
ദേവി അവന് സന്ദര്‍ശനാനുമതി നല്‍കിയത്‌. അവന്റെ സന്ദര്‍ശനോദ്ദേശ്യമാണ് ദീര്‍ഘിപ്പിക്കാന്‍
കാരണം.

വിസിറ്റിംഗ്‌ കാര്‍ഡില്‍
അവനെഴുതി “സത്യാന്വേഷണം.”

സംഭാവന കൊടുക്കാന്‍, ഏതെങ്കിലും അനാഥരെ കാണാൻ, സ്പോണ്‍സര്‍ ചെയ്യാന്‍,
അങ്ങനെ എന്തെങ്കിലും ആയിരുന്നെ ആദ്യ ദിവസം തന്നെ
അനുവദിക്കുമായിരുന്നു.

സിദ്ധാര്‍ത്ഥന്‍ ദേവിയുടെ
മുറിയില്‍ കയറിയപ്പോള്‍ സെലീനത്തേയ്ക്ക്‌ പോവുകയും ചെയ്തു.

ദേവിയുടെ മുഖത്ത്‌
തങ്ങിനിന്നിരുന്ന ശാന്തിയും സ്വസ്ഥതയും അവനെ ആകര്‍ഷിച്ചു. സദാ മുഖത്ത്‌ നിലനില്‍ക്കുന്ന
പുഞ്ചിരി കൂടുതല്‍ ശ്രദ്ധേയമാണ്‌.

“ഞാന്‍ സിദ്ധാര്‍ത്ഥന്‍,
ഒരന്വേഷകനാണ്‌”.

“ഇരിക്കു.”

വിനീതമായ സ്വരം.

അവന്‍ ഇരിക്കുമ്പോള്‍
ദേവിയുടെ കണ്ണുകളില്‍ നിന്ന്‌ കണ്ണുകള്‍ അകന്നു പോകാതിരിക്കാന്‍ ശ്രമിച്ചു.

“സതീദേവി… ഇത്ര
ചെറുപ്പത്തിലെ തന്നെ സന്യാസിനി

ആകാനും ഇങ്ങനെ ഒരു
സ്ഥാപനത്തില്‍ എത്താനും കാരണം തീരുമാനങ്ങള്‍ കൊണ്ടാണോ ?”

“ഇപ്പോള്‍ ഞാന്‍
സതീദേവിയല്ല. ദേവി ചൈതന്യമയിയാണ്”

“ആയിരിക്കാം,
എങ്കിലും, വേരുകള്‍ പിഴുതെറിയാന്‍ കഴ്‌

ല്ലല്ലോ!”

“താങ്കള്‍ അനാവശ്യമായ
കാര്യങ്ങളാണ്‌ ചോദിക്കുന്നത്‌.

ഒരു പത്രക്കാരനെപ്പോലെ
പെരുമാറുന്നു”

“അങ്ങിനെയൊന്നുമില്ല,
ദേവി. ജീവിക്കാനായി എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി നടക്കുന്ന
ഒരു സാധു”.

“പക്ഷെ നിങ്ങളുടെ
ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ എന്നാലാവില്ല. ഞാന്‍ ഇവിടത്തെ നിയമത്തിന്‌
കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാത്വികയാണ്‌’.

അവന്‍ ദേവിയെ കൂടുതലായി
ശ്രദ്ധിക്കുകയായിരുന്നു. മെലിഞ്ഞ ഉടല്‍, വെളുത്ത നിറം,
കറുത്ത്‌ പ്രകാശിതമായ കണ്ണുകള്‍, ചുരുണ്ട്‌ നീണ്ട
മുടി, പ്രസന്നമായ മുഖം. സാത്വികമായ ഭാവംതന്നെ.

അതിനേക്കാളേറെ നിരാശ്രയയായ
ഒരു പാവം പെണ്‍കുട്ടിയുടെ ഭാവമാണോ ?

പ്രായം ഇരുപതുകളുടെ
മദ്ധ്യവും.

നഗ്നമായ കഴുത്ത്‌, കാതുകള്‍, കളഭച്ചാര്‍ത്ത്‌.

ദേവി അവനെ ശ്രദ്ധിച്ചില്ല.

പക്ഷെ അവനോട്‌ പോകാന്‍ കല്‍പിച്ചില്ല.

ദേവിക്ക്‌ താല്‍പര്യമില്ലാത്ത
സന്ദര്‍ശകരോട് പുറത്തു പോകാന്‍ ആവശ്യപ്പെടാറുണ്ട്‌. എന്നിട്ടും
പോകാത്തവരുണ്ടെങ്കില്‍ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കാറുള്ള നീതിപാലകര്‍
സഹായത്തിനെത്താറുണ്ട്‌.

അവനിലുള്ള എന്തോ
പ്രത്യേകതയില്‍ ദേവി ആകര്‍ഷിക്കപ്പെട്ടെന്നു തോന്നുന്നു.

ദേവി നിശബ്ദയായിരുന്നു.

“ദേവി
നിത്യചൈതന്യമയി……….ആ പേര് അന്വര്‍ത്ഥമാണ്‌’.

ദേവി മുഖമുയര്‍ത്തി, സംശയാസ്പദമായ മുഖം.

“ദേവിക്ക്‌ സാത്വികമായ
ചൈതന്യമുണ്ട്‌”

ദേവിയുടെ മുഖം വിവര്‍ണ്ണമായി, ഗുരുവിന്‌ മുന്നിലിരിയ്ക്കുന്ന ശിഷ്യയെപ്പോലെ അവന്റെ മുഖത്ത്‌
നോക്കിയിരുന്നു.

“പക്ഷെ സ്വന്തം
വേരുകളെ മൂടിവയ്ക്കാനാവില്ല. കാരണം ഒരു വൃക്ഷം വളര്‍ന്നു വലുതാവണമെങ്കില്‍
വേരുകളത്യാവശ്യമാണ്‌. അത്‌ മണ്ണിനടിയില്‍ ആണെന്നും എല്ലാവര്‍ക്കും അറിയാം. പലരും,
വ്യക്ഷം തന്നെ ആ കാര്യം ശശദ്ധിക്കാറില്ല. പക്ഷെ ഇവിടെ ദേവിയുടെ
വേരുകള്‍, ദേവിക്ക്‌ അറിയാത്തതാകാം, ഞാന്‍
കണ്ടെത്തിയിരിയ്ക്കുന്നു”.

അവന്‍ ദേവിയുടെ മുഖത്ത്‌ ശ്രദ്ധിച്ചു.
അവാച്യമായ എന്തെല്ലാമോ വികാരങ്ങൾ……..

രസങ്ങൾ…..

വികാരങ്ങൾ……

ദേവിക്ക്‌
മിണ്ടാനാകുന്നില്ലെന്ന്‌ തോന്നി.

“ദേവി, ഭഗവാന്‍ സച്ചിദാനന്ദന്റെ മകളാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ, ദേവിയുടെ അമ്മ, സച്ചിദാനന്ദന്റെ, അല്ലെ ഭാസ്കരന്‍ നായരുടെ മുറപ്പെണ്ണായ കാര്‍ത്തികയാണെന്നു പറഞ്ഞാൽ
അമ്പരക്കുമോ….?”

കണ്ണുകൾ തുറന്ന് നിശ്ചലയായി
ദേവി  ഇരുന്നുപോയി.

അകലെ, അകലെ,

എവിടയോ നിന്ന്…..

ദേവദൂതന്‍ എത്തിച്ചേര്‍ന്നതുപോലെ, കാതങ്ങള്‍ അകലെ എടെനിന്നോ ഒരശരീരി കേള്‍ക്കുംപോലെ….

എന്താണിത്…..?

എന്തിനാണിത്…..?

ഒന്നും
നിർവ്വചിക്കാനാവുന്നില്ല, ഒന്നിലും എത്തിച്ചേരാനാകുന്നില്ല.

ദേവിയുടെ കണ്ണുകള്‍
നിറയുന്നതും ചുണ്ടുകള്‍ വിതുമ്പുന്നതും അവന്‍ കണ്ടു.

മുഖം കൂടുതല്‍
വികസിതമാവുകയാണ്‌.

“ദേവി”

അവന്‍ മൃദുവായി വിളിച്ചു.

ദേവി മുഖം കൈകളാല്‍ മൂടി.

കരയുന്ന ശബ്ദം
പുറത്തുവരാതിരിക്കാന്‍ ബന്ധപ്പെട്ടു.

അവന്‍ എഴുന്നേറ്റ്‌
ദേവിയ്ക്കടുത്തു നിന്നു.

“ദേവി, ഞാന്‍ പറഞ്ഞത്‌ തെറ്റാണെങ്കില്‍ ക്ഷമിയ്ക്കു………ഞൻ പോകുന്നു”.

അവന്‍ മുറിവിട്ട നടക്കുമ്പോള്‍
ദേവി തലയുയര്‍ത്തി. അ

പോകരുതെന്ന്‌ പറയാന്‍
ആഗ്രഹിച്ചു.

പക്ഷെ, പറയാനാകാതെ മരവിച്ചിരുന്നു.

സിദ്ധാര്‍ത്ഥന്‍ വന്നു
മടങ്ങിയിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിരിക്കന്നു എന്നിട്ടും ദേവി ഭൂതലത്തിലേയ്ക്കൂ പൂര്‍ണ്ണമായും
എത്തിയിട്ടില്ല.

ആനന്ദകരമായ ഒരു ആന്ദോളനം. അവാച്യമായ
അനുഭൂതിയില്‍ അകപ്പെട്ട്‌, ലോകം മറന്ന്‌, ശരീരം
മറന്ന്‌,

മേഘപാളികളിലൂടെ, ഭാരമില്ലാതെ, അപ്പൂപ്പന്‍താടി പോലെ, പറന്ന്‌, പറന്ന്‌…..

ദേവി……..

ഒരിയ്ക്കലും
പ്രതീക്ഷിക്കാത്തതായിരുന്നു.

എവിടെനിന്നോ പൊട്ടിവീണതുപോലെ, ഒരു മായാജാല പ്രകടനംപോലെ, അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ
തന്റെ അച്ഛനും അമ്മയും ഇന്നവരാണെന്ന്‌ അറിയുന്നു, ദൈവമേ
എന്താണിതെല്ലാം…….

ജന്മമെടുത്തു ഇരുപത്തിയെട്ടു
തികയുംമുമ്പേ അമ്മയെ വിട്ടുപിരിഞ്ഞ്‌ അനാഥായത്തില്‍…. അനാഥാലയത്തിന്റെ അധിപയായ
മദര്‍ സുപ്പീരിയറിനോട്‌ പലപ്പോഴും ചോദിച്ചിട്ടുള്ളതായിരുന്നു.

എന്തെങ്കിലും ഒരു തെളിവ്‌,

ഇല്ല.

ആകെയുള്ളത്‌ അനാഥാ
ലയത്തിലെത്തിച്ച വ്യക്തിയാണ്‌. അയാള്‍ സ്പോണ്‍സറാണത്രെ. എല്ലാ ചെലവുകളും കൃത്യമായി
എത്തിക്കുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം വന്നു കാണുന്നു. തിരിച്ചറിവായപ്പോള്‍
മദര്‍ പറഞ്ഞു. അയാള്‍ ഭഗവാനാണെന്ന്‌, ലോകമെല്ലാം
ബഹുമാനിക്കുന്ന ആളാണെന്ന്‌……

പക്ഷെ, അയാളുടെ സന്ദര്‍ശനങ്ങള്‍ക്ക്‌ ഒട്ടും പ്രാധാന്യം കൊടുത്തില്ല, താല്പര്യം കാണിച്ചില്ല.

ഇരുപത്തി രണ്ടാമത്തെ
പിറന്നാളിന്റെ അന്ന്‌ അയാള്‍, അവളോട്‌ ഒപ്പം
വരുവാനാവാശ്യപ്പെട്ടു. മദറിന്റെയും മറ്റ്‌ അന്തേവാസികളുടെയുംആഗ്രഹവും അതു തന്നെയായിരുന്നു.
അയാളോടൊപ്പം പോന്നു.

എത്തിപ്പെട്ടതോ ?

വര്‍ണ്ണപ്പൊലിമയില്‍,

ശബ്ദകൂടാരത്തില്‍, സുഖത്തിന്റെ പറുദീസയില്‍….. സതീദേവി എന്ന പേരു മാറി, നിത്യചൈതന്യമയിയായി.

ഇവിടെയും പ്രധാന പ്രവർത്തി
അനാഥരെ ശ്രുശ്രൂഷിക്കലാണ്‌. പക്ഷെ, ഇവിടത്തെ
അനാഥര്‍ക്ക്‌ മറ്റെന്തെല്ലാമോ വ്യതിയാനങ്ങൾ കാണാം. ഈ ലോകം അവള്‍ക്ക്‌
മനസ്സിലാക്കാന്‍ ആവുന്നില്ല. എന്തിന്റെയെല്ലാമോ പ്രേരണയാല്‍ യാന്ത്രികമായി
നീങ്ങുന്ന ഒരു മാസ്മരികമായ ഒരു വലയത്തില്‍ അകപ്പെട്ടതുപോലെ എത്തുന്ന       മനുഷ്യര്‍….. എന്തെല്ലാമോ ആചാരങ്ങള്‍…..അനുഷ്ഠാനങ്ങൾ
നടക്കുന്നു. ധാരാളമായിട്ട്‌ പണം ചെലവഴിയ്ക്കുന്നു.. എന്തെല്ലാമോ ചെയ്യുന്നു. ആരും
സത്യമറിയുന്നില്ല. ആരും അറിയാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴും ഇവിടെനിന്നും
പുറത്തുപോകാനാണ്‌ തോന്നിയിട്ടുള്ളത്‌. പക്ഷെ, എങ്ങോട്ട്‌,
എങ്ങിനെ എന്ന ചോദ്യത്തിനു മുന്നില്‍ മരവിച്ച്‌ നിന്നുപോകുന്നു.

പക്ഷെ, ഇവിടെ എത്തിയിട്ടും, ഭഗവാനോട്‌ ഒട്ടും താല്പര്യം
തോന്നിയിട്ടില്ല. അയാളെക്കുറിച്ചുള്ള മിത്തുകള്‍ കേട്ടിട്ടും യാതൊന്നും തോന്നിയിട്ടില്ല.
ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യുന്നു. സ്വകാര്യ സ്വപ്നങ്ങളില്‍ മുഴുകുന്നു. ശാന്തിപുഴയുടെ
തീരത്തുകൂടി അലയുന്നു. പക്ഷികളോട്‌, സസ്യലതാദികളോട്‌
കിന്നാരം പറഞ്ഞ്‌, തൊട്ടു തലോടി ……

സായാഹ്നത്തില്‍ കിട്ടുന്ന ആ
രണ്ടു മണിക്കൂറുകളാണ്‌ ജീ

വിതത്തില്‍ ആകെയുള്ള സുഖം. പിന്നില്‍
ഒരു വ്യക്തമായ കഥയില്ല. മുന്നോട്ട്‌ വ്യക്തമായൊരു പാതയില്ല. പിന്നെ ജീവിതത്തിന്‌
എന്താണ്‌ അര്‍ത്ഥം?

ദേവി…..

ദേവവ്രതന്റെ ശബ്ദമാണ്.

അവള്‍ തിരിഞ്ഞുനോക്കി.

ശാന്തിപുഴ ശക്തിയായി
ഒഴുകിക്കൊണ്ടേയിരിക്കുകയാണ്‌. എങ്കിലും അന്തരീക്ഷം ശുദ്ധവും ശുഭ്രവുമാണ്‌. ഇവിടെ
അവള്‍ ദേവവ്രതനെ ഒരിയ്ക്കലും പ്രതീക്ഷിച്ചിട്ടില്ല….. പക്ഷെ, ശാന്തിഗ്രാമത്തിലെ ജീവിതത്തിനിടയില്‍ ലേശമെങ്കിലും അടുപ്പം തോന്നിയ വ്യക്തി
ദേവവ്രതനാണ്‌.

പ്രധാന ആചാര്യന്റെ പ്രധാന
ശിഷ്യന്‍.

അടുത്ത പധാന ആചാര്യന്‍.

അവള്‍ക്ക്‌ തോന്നിയിട്ടുള്ള
അടുപ്പം,
വെറും താല്പര്യം മാത്രമാണെന്നും അതില്‍ക്കൂടുതല്‍ ഒരു ബന്ധവും
അതിലില്ലെന്നും പലപ്പോഴും ചിന്തിച്ച്‌ കണ്ടെത്തിയിട്ടുണ്ട്‌.

പക്ഷെ, അയാളില്‍ എന്തെങ്കിലും ഇല്ലേ ?

ഉണ്ടെന്ന്‌ പലപ്പോഴും
തോന്നിയിട്ടുണ്ട്‌.

ഉണ്ടെങ്കില്‍ത്തന്നെ അതില്‍
അവള്‍ക്ക്‌ താലപര്യമില്ലെന്ന്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എന്നിട്ടും
തിരക്കുകുറഞ്ഞ സായാഹ്നങ്ങളില്‍, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ, ദേവവ്രതന്‍ ദേവിയെ തേടിയെത്തുന്നു.

ഈ പുതിയ അറിവ് സത്യമാണെന്ന്‌
എന്താണ്‌ തെളിവ്‌?

ആദ്യമായി കണ്ട ഒരു
ചെറുപ്പക്കാരന്‍, വെറുതെ പറഞ്ഞൊരു ജല്‍പ്പനമാവില്ലേ? ആവില്ലെന്നാണ്‌ അവള്‍ക്ക്‌ വ്യക്തമായി തോന്നുന്നത്‌. അതുവഴി വളരെ
പ്രാവശ്യത്തെ സന്ദര്‍ശനത്തിനു ശേഷവും ദേവവ്രതനോടു തോന്നാത്ത ഒരു അടുപ്പം പുതിയ
സന്ദര്‍ശകനോട് തോന്നിപ്പോകുന്നു. ഒരു അടുപ്പം, അയാള്‍
പറഞ്ഞത്‌ സത്യമാണെന്ന്‌ വിശ്വസിപ്പിക്കുന്നു.

“ദേവി……അശ്വനി
പ്രസാദ്‌ കാത്തുനില്‍ക്കുന്നു…”

സെലീനയാണ്.

“ഉം….”

“വരാൻ പറയട്ടെ…?”

“ഉവ്വ്…”

ഡോര്‍ കര്‍ട്ടന്‍ വിടര്‍ത്തി
അശ്വനി പ്രസാദ്‌ എത്തി.

ഉപചാരത്തില്‍ അയാള്‍ വണങ്ങി.

“ദേവി, ഞാന്‍ അയാളെപ്പറ്റി അന്വേഷിച്ചു, ഉടനെ പിടികൂടാനാവുമെന്നു
തോന്നുന്നു. മാനസികനില തെറ്റിയ പെരുമാറ്റങ്ങളാണ്. എത്തിയിട്ട്‌ ആഴ്ചകളായി…ഏതോ
റസ്റ്റോറന്റിലാണ്‌ താമസം. വിവരം ഭഗവാനെ അറിയിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌…….”

ദേവി മറുപടി പറഞ്ഞില്ല.
അശ്വനി പ്രസാദ്‌ വണങ്ങി, മടങ്ങി.

നീർക്കുമിളപോലെ……തറയില്‍
വീണുടയുന്ന ഗ്ലാസ്സുപോലെ….സ്വപ്നങ്ങള്‍ വീണുടയുന്നത്‌ ദേവി കണ്ടു……..

കണ്ണുകളടച്ച്‌, കസാലയില്‍ ചാരി ദേവിയിരുന്നു.

@@@@@




അദ്ധ്യായം പതിമുന്ന്‌

മേടമാസത്തിലെ ആയില്യം നാളില്‍
പതിനൊന്നാമിടത്ത്‌ വ്യാഴം നില്‍ക്കേ, ഗജകേസരി യോഗവുമായി
ഭഗവാന്‍ ജന്മമെടുത്തു. നീണ്ട കൈകാലുകളും മോഹനമായ രൂപവും തേജസ്സുറ്റ കണ്ണു

കളും കാഴ്ചക്കാരെ
കൊതിപ്പിച്ചു. ജന്മത്തില്‍ത്തന്നെ കുട്ടിയുടെ നെറ്റിയിലും മാറിലും കൈകളിലും വിഭൂതി
പൂശിയ അടയാളങ്ങള്‍ കാണാനുണ്ടായിരുന്നുവത്രെ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുട്ടി
കൈകാലിട്ടടിക്കുകയും, കരയുന്നതിനു പകരം കാഴ്ചക്കാരെ നോക്കി
പുഞ്ചിരിക്കുകയും ചെയ്തുവത്രെ.

ചുരുട്ടിപ്പിടിച്ചിരുന്ന
കുഞ്ഞുവിരലുകള്‍ നിവര്‍ത്തി ഏതോ ഒരു കാര്‍ണവര്‍ പറഞ്ഞുവത്രെ.

“കുട്ടിയുടേത്‌ ആത്മീയ
ഹസ്തമാണ്‌. അതിന്റെ ലക്ഷണം സത്യാന്വേഷിയാകുമെന്നാണ്‌; ഭഗവാനെ
അന്വേഷിക്കുമെന്ന്‌. അല്ലെങ്കില്‍ ഭഗവാനിലേയ്ക്ക്‌ താല്പര്യം കൂടുമെന്ന്‌”.

ജാതകം തയ്യാറാക്കാനേറ്റ
ജോത്സ്യരു പറഞ്ഞു.

“ഈ ജാതകം എന്നാല്‍ തീര്‍ക്കാനാവില്ല.
ഏതോ അദൃശ്യ ശക്തികള്‍ എന്നെ തടയുന്നു. കാരണം കൂട്ടിയെപ്പറ്റി മുന്‍കൂട്ടി ആരും
അറിരുതെന്ന്‌ ഏതോ ശക്തി ആഗ്രഹിക്കുന്നുവെന്നു വേണം കരുതാന്‍. എന്നാലും ഒരു കാര്യം
പറയാം. ഈ കുട്ടി അസാമാന്യനാണ്‌, ലോക പ്രശസ്തനാകും. അനേകംപേര്‍
ആ മൊഴി കേള്‍ക്കാന്‍ കാത്തിരിയ്ക്കും. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും”.

ഇന്ന്‌ മീനമാസത്തിലെ ആയില്യം
നാള്‍. ഇന്ന്‌ ഭഗവാന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങുന്നു. ഇരുപത്തിയേഴു
നാളുകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. മീനമാസത്തിലെ ആയില്യം നാളുമുതല്‍ മേടമാസത്തിലെ
പൂയം നാളുവരെ നീണ്ടുനില്‍ക്കുന്നു. പൂയം നാള്‍ അവസാനിച്ച്‌ ആയില്യം തുടങ്ങുമ്പോള്‍
ആഘോഷങ്ങള്‍ അവസാനിച്ച്‌ ഭഗവാന്‍ ചർചക്കാർക്കും ഊരാണ്മക്കാർക്കും സമ്മാനങ്ങൾ
കൊടുത്ത് അനുഗ്രഹങ്ങൾ കൊടുത്ത് ഊരാണ്മ പണങ്ങൾ കൊടുത്ത് ആഘോഷങ്ങൾ അവസാനിക്കുന്നു.

ബ്രഹ്മമുഹൂർത്തത്തിന്റെ
അറിയിപ്പുപോലെ കോഴി കൂവുന്നു. പക്ഷികള്‍ ചിലയ്ക്കുന്നു.

സസ്യലതാദികളില്‍നിന്ന്‌,

അദൃശ്യമായ എവിടെനിന്നെല്ലാമോ,

ദൃശ്യമായ എവിടെനിന്നെല്ലാമോ
ബ്രഹ്മമുഹൂര്‍ത്ത മുണര്‍വ്വിന്റെ താളാത്മകമായ, ലയസാന്ദ്രമായ
ശബ്ദങ്ങള്‍ കേള്‍ക്കുന്നു.

ശാന്തിനിലയത്തിലെ
ഉച്ചഭാഷിണിയില്‍ നിന്നും കീര്‍ത്തനം ഒഴുകി പ്രശാന്തമായ അന്തരീക്ഷത്തില്‍
ലയിക്കുന്നു.

അന്തരീക്ഷത്തി നിന്നും മനുഷ്യഹൃദങ്ങളിലേക്ക്
ഒഴുകിയെത്തുന്നു.

“ഓം ബ്രഹ്മം പൂര്‍ണ്ണമാണ്‌,
ഈ പ്രപഞ്ചം പൂര്‍ണ്ണമാണ്‌. പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്നും പൂർണ്ണപ്രപഞ്ചം
ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താലും പൂര്‍ണ്ണംതന്നെ അവശേഷിക്കുന്നു.

ഓം….. ശാന്തി. ശാന്തി. ശാന്തി……

ഭഗവാന്‍ നിത്യകർമ്മങ്ങൾ കഴിഞ്ഞെത്തിയപ്പോള്‍ മുഖം

വടിയ്ക്കാന്‍ ക്ഷൌരക്കാരന്‍
കത്തിയ്ക്ക്‌ മൂര്‍ച്ചകൂട്ടി കാത്തുനിന്നിരുന്നു. 
ദേഹത്ത്‌ പുരട്ടാന്‍ കുഴമ്പും, തലയില്‍ തേയ്ക്കാന്‍
കാച്ചെണ്ണയും പ്രത്യേകം വസ്തികളില്‍ തയ്യാറാക്കി വച്ചിരിക്കുന്നു.

ഇഞ്ച, അത്യാവശ്യം സോപ്പ്‌……

മറ്റെല്ലാം……

അംഗരക്ഷകരും മറ്റു
പരിവാരങ്ങളും ശാന്തിപുഴയിലേക്ക്

നീങ്ങുന്നു.

മുന്നില്‍ കുഴമ്പില്‍, എണ്ണയില്‍ മുങ്ങി ഭഗവാനും.

ഇന്നലെ ഭഗവാന് വ്രതമായിരുന്നു, ഉപവാസമായിരുന്നു.

നീരാട്ടുകഴിഞ്ഞ്‌ എത്തി ക്ഷേത്രത്തില്‍
സാഷ്ടാംഗ പ്രണാമം…….

ധ്യാനം.

കഴിഞ്ഞ്‌ എഴുന്നേല്‍ക്കുന്ന
ഭഗവാന്റെ കൂട്ടിപ്പിടിച്ച രണ്ടു കൈകളിലും പുജാരി നേദിച്ച ഇളനീര്‍ പകര്‍ന്നുകൊടുത്ത്‌
ഉപവാസം അവസാനിപ്പിക്കുന്നു.

തുടര്‍ന്ന്‌ എട്ടുമണിവരെ
ഭഗവാന് വിശ്രമമാണ്‌.

എട്ടുമണിയ്ക്കു ശേഷം ഘോഷയാത്ര
തുടങ്ങുന്നു.

വിഷ്ണുക്ഷ്രേതത്തിങ്കല്‍
നിന്നും…………

അശ്വാരൂഢനായി, ആയുധധാരിയായി ദളപതി…..

പിന്നിൽ മൂന്നു അശ്വങ്ങളെ
പൂട്ടിയ രഥത്തിൽ വിശിഷ്ടമായ ആസനത്തിൽ ഭഗവാൻ…….

രഥത്തില്‍ത്തന്നെ പ്രത്യേകം
തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ പ്രധാന ആചാര്യനും മാതാവ് പാര്‍വ്വതിദേവിയും.

ഒറ്റ കുതിരയെ പൂട്ടിയ
രഥത്തില്‍ ദേവി നിത്യചൈതന്യമയി…….

തുടര്‍ന്ന്‌ കാല്‍നടയായി……..

ദേവ്രവതന്റെ നേതൃത്വത്തില്‍
ബ്രഹ്മചാരികള്‍, അശ്വനിയുടെ നേതൃത്വത്തില്‍ നീതിപാലകര്‍, ആടയാഭരണങ്ങളാല്‍, വസ്ത്രങ്ങളാല്‍ അലംകൃതരായ
ദാസികൾ…….

അവര്‍ തലയില്‍
ചൂടിയിരിക്കുന്ന പൂക്കളുടെ ഗന്ധം പരന്നൊഴുകുന്നു.

അവര്‍ക്കും പിന്നില്‍
ആരാധകവൃന്ദം.

സംഗീതസാന്ദ്രമായി
താളാത്മകമായി അവരുടെ ചുണ്ടുകള്‍ ജപിയ്ക്കുന്നു.

“ഓം സച്ചിദാനന്ദായ നമ:

ഓം സച്ചിദാനന്ദായ നമ:”

പെട്ടെന്ന്‌ സിദ്ധാര്‍ത്ഥന്റെ
കണ്ണുകളില്‍ അവള്‍ പെടുകയായിരുന്നു.

സുബ്ബമ്മ.

പട്ടണത്തിലെ ആദ്യദിവസം
അവളേകിയ ഒരു വിളറിപിടിച്ച ഓര്‍മ്മ മാത്രമേ അവളെക്കുറിച്ചുള്ളൂ. പലപ്പോഴും അവള്‍
മടങ്ങിയിട്ടില്ലല്ലോ എന്ന്‌ അടുത്ത മുറിയില്‍ നിന്നു കിട്ടുന്ന ശബ്ദത്തില്‍നിന്നും
അറിയാറുണ്ടായിരുന്നു.

എങ്കിലും പിന്നീടൊരിയ്ക്കലും
ശ്രദ്ധിയ്ക്കണമെന്ന്‌ തോന്നിയിട്ടില്ല.

ഇപ്പോൾ വീണ്ടും…..

അവള്‍ കഥാപാത്രമാവുകയാണോ ? ഭഗവാനില്‍നിന്നും

അവളിലൂടെയും ഒരു കഥയുണ്ടാവുമോ
?

അറിഞ്ഞവര്‍ക്കും കേട്ടവര്‍ക്കുമെല്ലാം
ഭഗവാനുമായി ബന്ധിച്ചൊരു കഥയുണ്ടായിരുന്നു.

അന്വേഷണം പ്രത്യേക തലങ്ങളിലേയ്ക്ക്‌
തിരിയുന്നത

തോന്നി സിദ്ധന്.

എങ്കില്‍ ഈ പാലക്കാട്ടുകാരി
ഭഗവാന്റെ ആരാകാം ?

ആരാകും ദാസിപട്ടം കൊടുക്കാന്‍
പ്രേരിപ്പിച്ചത്‌. ?

അവളുടെ പാട്ടിയും സഹോദരനും
എവിടെയാകാം ?

സിദ്ധന്‍ കാഴ്ചക്കാരുടെ
ഇടയില്‍നിന്നും ഘോഷയാത്രയിൽ, ആരാധകര്‍ക്കിടയില്‍ ചേര്‍ന്നു.

വളരെ വൈകി മാത്രമേ സിദ്ധന്
അവളുടെ ദാസിപുരയിൽ എത്താനായുള്ളൂ…..

വളരെയേറെ ദാസിപുരകള്‍, ദാസികളായി കഴിഞ്ഞ്‌ പഴയ പേരുകള്‍ മാറ്റപ്പെടുന്നു, അവർക്ക്
പുതിയ മേല്‍വിലാസവും ഉണ്ടാകുന്നു.

അങ്ങിനെ മാറ്റപ്പെട്ടിരുന്നത്
കൊണ്ട് സുബ്ബമ്മയുടെ പുതിയ വിലാസം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടിവന്നു.

അതൊരു ഇരുളടഞ്ഞ പുരയാണ്‌.

വിശാലമായ ഹാളില്‍
സംഗീതക്കച്ചേരിയും നൃത്തവും നട

കൊണ്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍
വരാന്തയിലെ ഇരുളിലൂടെ ഒരു പെണ്‍കുട്ടിയാൽ നയിക്കപ്പെടുകയാണ്‌.

വരാന്തയില്‍ അവിടവിടെ വാതില്‍
പഴുതുകളിലൂടെയും ജനപഴുതുകളിലൂടെയും വെളിച്ചം വീണുകിടക്കുന്നു. നയിക്കുന്ന പെണ്‍കുട്ടിയുടെ
തലയില്‍ ചൂടിയിരുന്ന പൂ

യില്‍നിന്നും മണമെത്തി അവനെ
പൊതിയുന്നത്‌ അവനറിഞ്ഞു.

അവള്‍ അവനോട് നില്‍ക്കാന്‍
ആംഗ്യം കാണിച്ചു.

അവന്‍ നിന്നപ്പോള്‍ അവള്‍
വരാന്തയിലൂടെ അകന്നകന്നു പോയി. കുറച്ചകലെ തുറന്നുകിടന്നിരുന്ന മുറിയുടെ വാതില്‍വഴി
മറഞ്ഞു. ആധുനിക ഇരിപ്പിടങ്ങളുള്ള മുറി. അവന്‍ പുറത്തുതന്നെ നിന്നു. പെണ്‍കുട്ടി
ഇറങ്ങിവന്നു.

“ഇന്നു കാണാൻ കഴിയില്ല…”

“എനിയ്ക്കൊന്നു
കണ്ടാല്‍ മതി”

“കാണാനാവില്ല, ഒരു വിശിഷ്ടാതിഥിയുണ്ട്‌”

“ആരാണ്‌ ?”

“ക്ഷമിക്കണം സാര്‍…………..
എനിയ്ക്കറിയില്ല”

അവള്‍ പെട്ടെന്ന്‌
മുറിയിലേയ്ക്ക്‌ കയറി.

“ഒരു
നിമിഷം……എനിയ്ക്കൊന്നു കണ്ടാല്‍ മാത്രം മതി……..”

അവന്റെ സ്വരം ലേശം ഉറച്ചു.

പെണ്‍കുട്ടി തിരിഞ്ഞുനിന്നു.
സംശയത്തോടെ അവനെ നോക്കി.

“നില്‍ക്കു.
ഞാനൊരിക്കല്‍ക്കൂടി ശ്രമിയ്ക്കാം…”

അവള്‍ പോയി മറ്റൊരു സ്ത്രീയെക്കൂടി
കൂട്ടിയാണ്‌ വന്നത്‌.

“താങ്കള്‍ ആരാണ്‌ ?
എന്തുവേണം ?”

“സുബ്ബമ്മ ഇവിടെയുണ്ട്‌.
എനിയ്ക്കു കാണണം”.

“ഇന്നു കാണാനാവില്ല. അവള്‍
സ്വാമി ദേവ്രവതന്റെ ആതിഥേയയാണ്‌”

സിദ്ധാര്‍ത്ഥന് ഞെട്ടല്‍
അനുഭവപ്പെട്ടില്ല……..അവന്റെ നിഗമനങ്ങള്‍ ശരിയാകുന്നതു പോലെ തോന്നി.

സുബ്ബമ്മ കഥാപാത്രമാവുകയാണ്‌.

അവളുടെ വലിയ
കണ്ണുകളും……….നേരിയ കറുപ്പു കലര്‍ന്ന നിറവും……….

അതെ,

അവള്‍ സുന്ദരിയായ ദേവദാസി
തന്നെ.

ഇരുണ്ട വരാന്തയിലൂടെ തിരിച്ചു
നടക്കുമ്പോള്‍ അവന്‍ ശ്രദ്ധിച്ചു. വാതില്‍ പഴുതുകളിലൂടെ വീണിരുന്ന പല വെളിച്ച
തുണ്ടുകളും മാഞ്ഞിരിയ്ക്കുന്നു.

@@@@@@




അദ്ധ്യായം പന്ത്രണ്ട്‌

വളരെ ഇരുണ്ട ഒരു
രാത്രിയായിരുന്നു.  ഹോസ്പിറ്റൽ പേവാർഡിലെ
മുറിയിൽ,
അവൾക്ക് ബോധം തെളിഞ്ഞ് വരുന്നതേയുള്ളു.

കിടക്കയ്ക്ക്‌
ഉരുവശത്തുമായിട്ട്‌ ഗുരു, ജോസഫ്‌, അബു,
രാമൻ……..

അവളുടെ അര്‍ജ്ജുനന്‍ മാത്രം
എത്തിയില്ല. വിശു.

പ്രവിശ്യ, പാര്‍ട്ടിനേതാവ്‌ ഗുരുവാണെങ്കിലും, പ്രശസ്തനും,പ്രവിശ്യയുടെ ഭരണയന്ത്രത്തിന്‌ തലവേദനയായതും, നീതിപാലകര്‍
തിരയുന്നതും വിശുവിനെ ആയിരുന്നു.

അവനെതിരെ പല കേസുകളും ചാര്‍ത്തപ്പെട്ട
അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്നു, പോലീസ്‌
തെരഞ്ഞുകൊണ്ടിരിയ്ക്കുന്നു.

അതിനാല്‍ അവന്‍
വേഷപ്രച്ഛന്നനായി രാവുകളില്‍ സഞ്ചരിക്കുന്നു.

അരണ്ട വെളിച്ചംപോലെ ബോധം
തെളിഞ്ഞുവരുന്നു.

അവള്‍ ചുറ്റും നോക്കി.

“വിശു”

പിറുപിറുത്തു.

“അവന്‍ എത്തും. കൃഷ്ണ
വിശ്രമിയ്ക്കു. അവനെ അറിയിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്……”

“എവിടെയാണ്”

ആന്റണിയുടെ ഷെൽട്ടറിൽ…”

“എനിക്ക് കാണണം…”

കൃഷ്ണയുടെ കണ്ണുകള്‍
നിറഞ്ഞുവന്നു. അവളുടെ കൈ മടി

വില്‍ എടുത്തുവച്ച്‌ സാവധാനം
തടവി ഗുരു.

ഗുരുവിന്റെ സാന്ത്വനത്തില്‍
അവള്‍ വീണ്ടും മയങ്ങി തുടങ്ങിയപ്പോഴാണ്‌ വിശുവെത്തിയത്‌.

വര്‍ണ്ണശബളമായ വേഷത്തില്‍
കറുത്ത കണ്ണട വച്ചു കഴിഞ്ഞപ്പോള്‍ വിശുവിനെ വേഗം തിരിച്ചറിയില്ല.

അവനോടൊത്ത്‌ വന്നവര്‍ വാതില്‍ക്കല്‍
കാവല്‍നിന്നു.

മുറിയില്‍ കയറി വിശു
വാതിലടച്ചു.

“ഗുരു എന്തായിത്‌? “

വിഹ്വലമായ അവന്റെ മുഖം.

അവൻ കട്ടിലിന്നരുകിൽ, അവളുടെ തലയ്ക്കൽ…… അവളുടെ കവിളിൽ വിരൽ ചേർത്തു…. മെല്ലെ തടവി…..

അവൾ കണ്ണു തുറന്നു.

“വിശൂ……”

“എന്തേ കൃഷ്ണേ ?”

“ക്ഷമിയ്ക്കൂ…. ഞാന്‍
ചെയ്തത്‌ തെറ്റാണെങ്കില്‍…”

അവന്റെ ക്ഷമ
നശിച്ചുകൊണ്ടിരുന്നു.

“എന്താണ്‌ ആരും ഒന്നും
മിണ്ടാത്തത്‌ ?”

ഗുരു ശാന്തമായ സ്വരത്തില്‍
പറഞ്ഞു.

“വിശു സമാധാനമായിരിക്കണം.
തെറ്റ്‌ ആരുടേതാണെന്നൊന്നും പറയാനാവില്ല. സാഹചര്യമാണെല്ലാം. ഈ വിപത്ത്‌ നമ്മുടെ
എല്ലാവരുടേതുമാണെന്ന്‌ കരുതി സമാധാനിക്കണം”.

“ഗുരു”

അവന്റെ മുഖത്തെ ഭാവംകണ്ട്‌
എല്ലാവരും തളര്‍ന്നുപോയി. ഗുരു പോലും നിസ്സഹായനായി.

“അബോർഷൻ വേണ്ടി വന്നു.”

“ആര്…. ഏതു നായിന്റെ
മോനാണ്…..?’

അവന്‍ വിറച്ചുനിന്നു.

പൈശാചികമായ മുഖം കണ്ട്‌
ഗുരുവിന്റെ ഹൃദയംപോല

സ്തംഭിച്ചതായി തോന്നി.

“വിശു, പ്ലീസ്‌…………… ആരെന്ന്‌ ചോദിക്കരുത്‌…….”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും
അവള്‍ക്ക്‌ മരിച്ചിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹം തോന്നി.

കണ്ണുകള്‍ ഇറുക്കി അടച്ചു
കിടന്നു.

“ബാസ്റ്റാര്‍ഡ്സ്‌…….”

ചെന്നായെപ്പോലെ ചീറിക്കൊണ്ട്‌
അവന്‍ പുറത്തേയ്ക്ക്‌ പോകുമ്പോള്‍ ആര്‍ക്കും അവനെ നോക്കാന്‍കൂടി കഴിഞ്ഞില്ല.

പിന്നീട്‌ അവനെ കണ്ടിട്ടില്ല.
|

എപ്പോള്‍ കൃഷ്ണ
ഏകയായിരിക്കുമ്പോഴും മനസ്സിലേയ്ക്ക്‌ ഓടിയെത്തുന്നത്‌ ഒരൊറ്റ മുഖമാണ്‌, വിശുവിന്റെ. പക്ഷെ, അവള്‍ ആഗഹിച്ചതുപോലെ അവൻ മാത്രം
അവളുടെ ജീവിതത്തിലേയ്ക്ക്‌ കടന്നു വന്നില്ല.

അവളുടെ വാതില്‍ക്കല്‍
മുട്ടിയില്ല.

അവള്‍ക്കതില്‍ ദു.ഖമുണ്ടോ ?

ചിലപ്പോള്‍ മാത്രം കൃഷ്ണ
അത്രടംവരെ ചിന്തിക്കാറുണ്ട്‌.

ഒരിയ്ക്കല്‍,

ഒരിയ്ക്കല്‍ മാത്രം ഉത്തരവും
കണ്ടെത്തി.

ഉണ്ട്‌.

ആ ഉത്തരം കിട്ടിക്കഴിഞ്ഞ്‌
ചില രാവുകളില്‍,

പത്രമോഫീസിലെ ജോലി
കഴിഞ്ഞെത്തി മേല്‍ കഴുകി കിടക്കവെ, കിടന്ന്‌ കഴിഞ്ഞ്‌,
ഉറക്കം കിട്ടുന്നതുവരെ ഉള്ള സമയത്ത്‌……

കണ്ണീർ വാർത്ത്……

അവനോടൊത്ത്‌ ഒരു സുഖമായ
ജീവിതം.

രണ്ടുപേരും ഡോക്ടര്‍മാരായിട്ട്‌.

നോ….നോ….

പാടില്ല………… ഇനിയും
സ്വപനങ്ങള്‍ പാടില്ല.

വിപ്ലവത്തിന്റെ തീജ്വാലകള്‍
അംബരചുംബികളായിക്കൊണ്ടിക്കെ, യുദ്ധക്കളത്തിലെ യോദ്ധാവിന്‌
മൂര്‍ച്ചയുള്ള ആയുധങ്ങളും, മനസ്ഥൈര്യവും
എത്തിച്ചുകൊടുക്കേണ്ട കുലശ്രേഷ്ഠയായ വനിത സ്വപ്നംകണ്ട്‌ മയങ്ങാന്‍ പാടില്ല.

മധുരസ്വപ്നങ്ങള്‍ നുണയാന്‍
പാടില്ല.

അവള്‍ കടുത്ത രസങ്ങള്‍
കഴിച്ച്‌,
വികാരങ്ങളെ നിയന്ത്രിച്ച്‌, ഉറമൊഴിഞ്ഞ്‌
കാത്തിരിക്കണം.

കൃഷ്ണ എഴുതി.

സിദ്ധാര്‍ത്ഥന്റെ റിപ്പോര്‍ട്ടുകളില്‍നിന്നും
ആശയമുള്‍ക്കൊണ്ട്,

യൌവ്വനാരംഭത്തിൽ മറിയയേയും
കൂട്ടി ഓസേഫ്‌ മലയോരത്ത്‌ എത്തിയതാണ്….

കഴിയുംപോലെ സര്‍ക്കാര്‍ വനം
കയ്യേറി,
കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിചെയ്തു. കൃഷിയിടങ്ങളുടെ നടുവില്‍
വെട്ടികിട്ടിയ മരങ്ങളാല്‍ വീടുവച്ച്‌ കരിമ്പനയോലയാല്‍ മേല്‍ക്കൂര മേഞ്ഞ്‌, അതിനുള്ളില്‍ നാട്ടില്‍ കഴിയുന്ന അപ്പനമ്മമാരെ, സഹോദരങ്ങളെ
മറന്ന്, നാടു മറന്ന് ജീവിച്ചു.പകലന്തിയോളം പണിയെടുത്തു.മറിയ
ഉണ്ടാക്കുന്ന ആഹാരം രുചിയോടെ ഭക്ഷിച്ചു. മറിയയോടൊത്തു ഉറങ്ങി.

ഔസേഫിന്‌ ആകെ ഉണ്ടായിരുന്ന
ഒരേയൊരു സന്തോഷവും സമാധാനവും മറിയ ആയിരുന്നു, മറിയക്ക് ഔസേഫും.

രാത്രികളില്‍, കാട്ടാനകളും മറ്റ്‌ കാട്ടുമൃഗങ്ങളും കൂടിലിനടുത്തു കൂടി മരണവിളിയെടുത്തു
നടന്നിട്ടുണ്ട്‌. കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്‌. പക്ഷെ തോറ്റ്‌
നാട്ടിലേക്കോടിയില്ല.

എല്ലാം തൃണവല്‍ഗണിച്ച്‌, വട്ടമുഖവും കൊച്ചു കണ്ണുകളുമുള്ള മറിയ, ഔസേഫിന്‌
വര്‍ഷത്തില്‍ ചൂടും, വേനല്‍ക്കാലത്തില്‍ തണുപ്പും നല്‍കി.

ഔസേഫ്‌ മറിയത്തിനും.

ഭയം ഏറുമ്പോള്‍ അവള്‍ കര്‍ത്താവിനെ
വിളിച്ചു.

ഈ മണ്ണിന്റെ, ഈ ജീവജാലങ്ങളുടെയെല്ലാം ഒടയോന്‍ കര്‍ത്താവല്ലെ.ആ കര്‍ത്താവിന്റെ ഇടത്തില്‍
എവിടെയും പാര്‍ക്കാൻ ഏതു പാറ്റയ്ക്കും പുഴുവിനുംവരെ അവകാശമില്ലേ………..പിന്നെ
എങ്ങോട്ടു പോകാന്‍ ?

ഔസേഫ്‌ മനസ്സില്‍
വിചാരിക്കും.

ആ അറിവ് മറിയത്തിനും പകര്‍ന്നുകൊടുക്കും.
അപ്പോള്‍

ളുടെ ഭയങ്ങള്‍ അകലും. ഭയം
മറന്ന്‌ അവള്‍ ഔസേഫില്‍ ഇഴുകിച്ചേരും. ഇഴുകിച്ചേര്‍ന്ന്‌ ഉണര്‍ന്നു കഴിയുമ്പോള്‍
രാവിന്റെ എല്ലാ ഭീകരതകളും അകന്ന്‌ കിഴക്ക്‌ മലകള്‍ക്ക് അപ്പുറത്തു നിന്നും. കടലുകൾക്കും
അപ്പുറത്തുനിന്നും, അവര്‍ക്ക്‌ ധൈര്യവുമായി പകലിന്റെ
രാജാവ്‌ എഴുന്നള്ളും

ഔസേഫും മറിയയും
മാത്രമായിരുന്നില്ല.

ജോണും ഏലിയും.

പരമേശ്വരനും, പാര്‍വ്വതിയും.

മറ്റു പലരും.

അവിടെ ഒരു ഗ്രാമം രൂപം
കൊള്ളുകയായിരുന്നു.

അവര്‍ക്കുവേണ്ടി
പലവ്യഞ്ജനക്കടയും ചായക്കടയും ഉണ്ടയി. സാമാനങ്ങള്‍ അടുത്ത ഗ്രാമത്തില്‍ നിന്നെത്തിക്കാന്‍
കാളവണ്ടിയുമായി…..  കാളവണ്ടികളായി…..കാളവണ്ടികളിൽ അടുത്ത പട്ടണവുമായി അവർ ബന്ധപ്പെട്ടു. അവിടെ ഒരു
സമൂഹമുണ്ടായി.

സമൂഹത്തിന്റെ ചിട്ടകളുണ്ടായി.

ജാതി മറന്ന്‌, മതം മറന്ന്‌, സഹകരണത്തിന്റെ, സഹായത്തിന്റെ, ഒത്തൊരുമയുടെ ഒരു ജീവിത വീക്ഷണമുണ്ടായി. പക്ഷെ, അവര്‍ക്കുണ്ടായ
കുട്ടികളെ പഠിപ്പിക്കാന്‍ അവരാലായില്ല. അവര്‍ക്കറിയാമായിരുന്നത്‌ കൃഷിയിറക്കാനും,
വിളകൊയ്യാനും ചന്തയില്‍ കൊണ്ടുപോയി വിറ്റ്‌ മറ്റ്‌ ആഹാരസാധനങ്ങള്‍
സംഘടിപ്പിക്കാനും ആഹാരം കഴിയ്ക്കാനും, ഇണചേരാനും, ഉറങ്ങാനുമായിരുന്നു.

ആ ദു:ഖം കടുത്ത ഒരു വേദനയായി
ഗ്രാമത്തിന്റെ ഹൃദയ

വിമ്മിട്ടമായി തങ്ങിനിന്നു.

അങ്ങനെ കഴിയവെ,

ഒരുനാള്‍,

എവിടെനിന്നോ അയാള്‍
ഗ്രാമത്തിലെത്തി.

ചടച്ച്‌ തീക്ഷ്ണമായ കണ്ണുകളും
നീണ്ട്‌ കൈകാലുകളും

അയാളെ മറ്റുള്ളവരില്‍നിന്നും
ഒറ്റപ്പെടുത്തി.അയാളുടെ കൈകളിൽ തൂമ്പ പിടിച്ച തഴമ്പില്ലായിരുന്നു. കാലുകളിൽ
തൂമ്പകൊണ്ട് മുറിഞ്ഞുണങ്ങിയ പാടുകളില്ലായിരുന്നു. തോളത്ത് തൂങ്ങിയ സഞ്ചിയിൽ കുറെ
പത്രങ്ങൾ,
ലഘുലേഖകൾ, കത്തുകൾ…..

ദിവസങ്ങളോളം അയാള്‍
ഗ്രാമത്തിലെ ചായപ്പീടികയുടെ തിണ്ണയിൽ പട്ടിണി കിടന്നു, പക്ഷെ യാചിച്ചില്ല.

ഗ്രാമത്തിലെ എല്ലാവരുംതന്നെ
അയാളെ ശ്രദ്ധിക്കുന്നുണ്ടായിന്നു. പക്ഷെ ഒരക്ഷരം മിണ്ടിയില്ല.

ഒരു സന്ധ്യയ്ക്ക്‌ സ്വയം
വാറ്റിയ ചാരായത്തിന്റെ ലഹരി മൂത്ത കണ്ടച്ചോന്‍ അയാളോട്‌ തെരക്കി.

“താനാരാ, എന്തിനാ ഇവിടെ വന്നു കിടക്കുന്നത്‌ ? ഇവടെക്കെടന്ന്
ചത്താല്‍ ഞങ്ങള്‍ക്ക്‌ ശല്യമാകൂമല്ലോ?”

അയാള്‍ മിണ്ടിയില്ല.

തളര്‍ന്ന്‌, കടയുടെ ഭിത്തിയില്‍ ചാരിയിരുന്നു പരിക്ഷീണിതനായ് അയാള്‍ക്ക്‌ ഒന്നും
പറയാന്‍ കഴിഞ്ഞിരുന്നില്ല.

“ ചോതിച്ചതു കേട്ടില്ലെടാ ?”

ഗ്രാമക്കാര്‍ ചുറ്റും കൂടി.

കണ്ടന്‍ചോന്‍ അയാളുടെ തലയില്‍
ശക്തിയായി കൂലുക്കിയപ്പോൾ അയാള്‍ കണ്ണുകള്‍ തുറന്നു. ചുവന്ന്‌ ചോരച്ച്‌ തീക്ഷ്ണമായ
കണ്ണുകള്‍ക്ക്‌ മുന്നില്‍ ഗ്രാമക്കാര്‍

പതറി നിന്നു.

“ഞാനും ഈ നാടിന്റെ അവകാശിയാണ്‌…..”

അയാളുടെ സ്വരം കനത്തതും
സ്പഷ്ടവുമായിരുന്നു.

“ഭാ!….. ഒരവകാശി….”

കണ്ടന്‍ചോന്‍ ആട്ടി ത്തുപ്പി.

ഗ്രാമക്കാര്‍ കണ്ടുനിന്നു.

സവധാനം അയാള്‍ എഴുന്നേറ്റു
നിന്നു. മെലിഞ്ഞുനീണ്ട അയാളുടെ വലതുകരം ശക്തിയായി കുണ്ടന്‍ചോന്റെ കരണത്തൂ പതിച്ചു.

ആ ശക്തിയില്‍ കണ്ടന്‍ചോന്‍
നിലത്തുവീണു.

ഗ്രാമക്കാര്‍ നിശബ്ദരായി
നിന്നു.

കൂടണയുന്ന പക്ഷികളുടെ ആരവം
കേള്‍ക്കാറായി. പുഴയില്‍ വെള്ളം ഇരമ്പിയൊഴുകുന്ന ശബ്ദം കേള്‍ക്കാറായി.

ഒരു നിമിഷം,

കണ്ടന്‍ചോന്‍ എഴുന്നേല്‍ക്കുന്നതവര്‍
കണ്ടു. മദ്യത്തില്‍ കുതിര്‍ന്ന ചിരി കേട്ടു. അയാള്‍ അപരിചിതന്റെ തോളില്‍ കയ്യിട്ട്‌
പീടികയില്‍ കയറി, ചായക്കടയില്‍നിന്നും അയാള്‍ക്ക്‌
കഴിയ്ക്കാവുന്നത്ര ആഹാരം വാങ്ങിക്കൊടുത്തു. അയാളും ഗാമത്തിലൊരുവനാകുന്നത്‌
എല്ലാവരും നോക്കി നിന്നു.

@@@@@@




അദ്ധ്യായം പതിനൊന്ന്‌

രവി നല്‍കിയ സൂചനകള്‍
വച്ചുകൊണ്ടാണ്‌ വിശ്വനാഥനെ തെഞ്ഞത്‌. രവി, വിശുവിനെ
ഗ്രാമത്തില്‍ പലപ്പോഴും കണ്ടിരുന്നു. പക്ഷെ കാണാതായിട്ട് വളരെ
നാളുകളായിരിക്കുന്ന്.

പക്ഷെ, സെലീന പിടിതരാതെ അകന്ന് നിൽക്കുകയാണുണ്ടായത്. വിശ്വനാഥന്റെ അകന്നൊരു
ബന്ധുവായിട്ടാണ് അവളെ സമീപിച്ചത്. അവളുടെഓഫീസിൽ, വീട്ടിൽ പല
ദിവസ്സങ്ങളിൽ കയറിയിറങ്ങി.

അടുത്തപ്പോള്‍, ഗ്രാമത്തിന്റെ ഉന്നതമായൊരു റസ്റ്റോറന്റിൽ ഇരുണ്ട വെളിച്ചത്തിനു കീഴെ,
മേശയ്ക്കിരുപുറവും ഇരുന്ന്‌ അവള്‍ അവനായി ഹൃദയം തുറന്നു കൊടുത്തു.

“എനിയ്ക്കും
സ്വപ്നങ്ങളുണ്ടായിരുന്നു സിദ്ധന്‍”.

അവളുടെ കണ്ണുകള്‍ നിറയുകയും
കവിളുകള്‍ ചുവക്കുകയ

ചെയ്തു.

“ഒരു സാധാരണ പെണ്ണിന്റെ
മോഹങ്ങള്‍. പക്ഷെ എന്നെ വിവാഹംചെയ്തു ഗ്രാമത്തിനു പുറത്തു കൊണ്ടുപോകാന്‍ ആരുമെത്തിയില്ല.”

അവളുടെ കണ്ണുകളില്‍
ഉടക്കിനിന്ന കണ്ണുകളെ അവന്‍ പിന്‍വച്ചില്ല. അവളുടെ കണ്ണുകളില്‍ എല്ലാ
ഗ്രാമക്കാരുടെയും നയനങ്ങളിൽ കാണുന്ന വിഷാദങ്ങളാണെന്ന്‌ സിദ്ധന്‍ കണ്ടറിഞ്ഞു; എല്ലാ ഗ്രാമ

ക്കാരികളുടെയും വിഷാദത്തിന്‌
ഒരൊറ്റ നിറമാണ്‌. ഒരൊറ്റ രസവും.

“ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്‌
ഒരു തീരാശാപമുണ്ട്‌, വിവാഹം ചെയ്ത്‌, കൂടുംബമായിട്ട്‌, കൂട്ടികളുമായിട്ട്‌ ജീവിയ്ക്കാന്‍
കഴിയുകയില്ല. ആരോ ശപിച്ച്‌ അവരുടെ മാര്‍ഗ്ഗം അടച്ചുകളഞ്ഞു”.

മേശമേല്‍ ആശ്രയമറ്റിരുന്ന
അവളുടെ കൈകളെ സിദ്ധാര്‍ത്ഥന്‍ കൂട്ടിപ്പിടിച്ചു. വിറകൊണ്ടിരുന്ന ആ കൈകളില്‍നിന്നും
വിറയല്‍ അകലുന്നതും, അഭയം കണ്ടെത്തിയപ്പോള്‍, സൂരക്ഷിതമാണെന്നറിയുമ്പോൾ ഉണ്ടാകുന്ന ധൈര്യം കൈകളിലേയ്ക്കു പകരുന്നത്‌ അവനറിഞ്ഞു.
അവളുടെ കണ്ണുകള്‍ അവനനോട്‌ എന്തെല്ലാമോ ചോദിച്ചു കൊണ്ടിരുന്നു.

അവളുടെ ബഡ്റുമില്‍ വച്ചാണ്‌
വിശുവിന്റെ കഥ പറഞ്ഞത്‌.

പാര്‍ട്ടി എന്ന പ്രഹേളിക, പ്രഹേളിക തീര്‍ത്ത്‌ അതിനു നടുവില്‍ എട്ടുകാലികളെപ്പോലെ, വികൃതമായൊരു രൂപവും, മാരകമായ വിഷവുമായി
പതിയിരിയ്ക്കുന്ന നേതാക്കള്‍.

സര്‍വ്വവും ത്യജിച്ച്‌, പ്രഹേളികയ്ക്ക്‌ അര്‍ത്ഥം കണ്ടെത്താന്‍ യത്നിക്കുന്ന, മായയാല്‍ കണ്ണ്‌ മൂടപ്പെട്ട അനുയായികള്‍…..

വിശ്വനാഥിനെ
ഒറ്റിക്കൊടുക്കുകയായിരുന്നു; പാര്‍ട്ടിയുടെ

സംസ്ഥാന കമ്മറ്റി
അംഗമായിരുന്ന ഭാസ്കരന്‍മാഷ്‌ എന്ന ഇന്നത്തെ ഭഗവാൻ.

അന്യനാട്ടിലെ പോലീസ്‌
കസ്റ്റഡിയില്‍, തെളിയിക്കപ്പെടാത്ത അനേകം കേസുകളില്‍
പ്രതിയാക്കപ്പെട്ട്‌, വിചാരണ ചെയ്യപ്പെട്ട്‌, ജയിലറകളില്‍ കഴിയേണ്ടിവന്ന ഒരു സംവത്സരക്കാലം…..

നല്ല നടപ്പിന്റെ പേരില്‍, ആരുടെയെല്ലാമോ കാരുണ്യത്തില്‍, പുറത്തു വന്ന
വിശ്വനാഥിന്‌ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂു, പ്രതികാരം.

അതിനായി ഈ ഗ്രാമത്തില്‍…….

അലഞ്ഞു വാടിയ മുഖം, താടിരോമങ്ങള്‍ നീണ്ട്‌, പൊടിയും വിയര്‍പ്പും പറ്റി
ഇരുണ്ട്‌, മെലിഞ്ഞ്‌ ആരോഗ്യം നഷ്ടപ്പെട്ട്‌, വൃത്തിയില്ലാത്ത വസ്ത്രങ്ങളുമായിട്ട്‌……

ശാന്തിഗ്രാമത്തിലെ
അനാഥാലയത്തില്‍ ഭിക്ഷക്കാർക്ക്‌ സൌജന്യ ഭക്ഷണം
കൊടുക്കുന്നിടത്ത്‌ പലനാളുകള്‍ കണ്ടപ്പോഴാണ്‌ ഒരു ആകര്‍ഷണം തോന്നി വിളിപ്പിച്ചത്‌.

ആ സൌഹൃദം വളര്‍ന്നു.

ആണ്‍തുണയില്ലാത്ത വീട്ടില്‍
ഒഴിഞ്ഞുകിടക്കുന്ന വരാന്തയിൽ അയാള്‍ അന്തിയുറങ്ങി………………

രഹസ്യമായിട്ട്‌ അയാളെ
വീക്ഷിച്ചപ്പോഴാണ്‌ അസ രണമായെത്തെല്ലാമോ ഉണ്ടെന്ന്‌ അറിഞ്ഞത്‌. ആ വീക്ഷണം
അടുപ്പമായി, അടുപ്പം വളര്‍ന്നപ്പോള്‍ പരസ്പരം അറിഞ്ഞപ്പോള്‍ ഒരേ
ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്ന രണ്ടു വ്യക്തികളുടെ ബന്ധമായി വളര്‍ന്നു.

ആങ്ങിനെ ഒരുമിച്ച് ജീവിച്ചു
അഞ്ചോ ആറോ മാസം…….

“എന്റെ വിശുവിനെ അവർ……”

അവൾ പൊട്ടിക്കരഞ്ഞ്, സിദ്ധാർത്ഥന്റെ മാറിൽ പറ്റിച്ചേർന്നു നിന്നു.  അവന്റെ കൈ സാന്ത്വനമായി അവളുടെ മുടിയിഴകളിൽ
അരിച്ചു നടന്നി.

“മോനേ, നീയേതാ…………. എന്തിനാ ഇവിടെ കൂടെ കൂടെ വരണത്‌……..എനിയ്ക്കൊരു
തൊണ അവളു മാത്രമാ……”

“അതിനെ കൂടി കൊലയ്ക്കു
കൊടുക്കരുത്‌…”

സെലീനയുടെ വല്ല്യമ്മച്ചിയുടെ
കണ്ണീരിൽ കുതിർന്ന കണ്ണുകൾ…….

“കൊച്ചേ നിങ്ക്കറിയോ…..
എനിക്ക് ഒറ്റ മോനേ ഒണ്ടായിരുന്നുള്ളൂ…. സെലീന കൊച്ചിന്റെ അപ്പൻ ജോൺ.  അവൻ കെട്ടി മൂന്നു മാസം തെകയും മുമ്പെ എവിടേ
കുടിയേറിയത….ഇപ്പം ഇവൾക്ക് വയസ്സ്‌ മുപ്പതായി…”

കണ്ണിന് കാഴ്ച കുറഞ്ഞ് ചെവി
പതുക്കെയായി, വളഞ്ഞ് നടക്കുന്ന് വല്ല്യമ്മചിയെ അവനെ ദയനീയമായി
നോക്കിയിരുന്നു.

“അവടപ്പനെം, അമ്മേം കൊന്നതെ ആ കാലമാടനാ…..ഭഗവാൻ…..നിക്കറിയോ….. അയാൾക്ക് ഒത്തിരി
സിൽബന്ധിക്കാരുണ്ട്…..എന്തിനും പോന്നോര്…. എന്തും ചെയ്യാന്‍ മടിക്കാത്തോര്‍……നീ
എന്റെ കൊച്ചിനേം………”

“വല്ല്യമ്മേ ഞാന്‍
അങ്ങനെയുള്ള ആളല്ല”.

“പിന്നെ നീയവളെ കെട്ടുവോ
?”

“കഴിഞ്ഞ കൊല്ലം ഒരുത്തന്‍
വന്നു,
കൊറെ നാളുകൂടെ കഴിഞ്ഞ്‌……….. ഇട്ടേച്ചുപോയിട്ട
ഒരറിവുമില്ല…”

അവന്‍ സ്തംഭിച്ചിരുന്നു.

“നീ നിന്റെ പാടു നോക്കി
പോ……. ഞങ്ങളെങ്ങനേലും കഴിഞ്ഞോട്ടെ. എത്ര പറഞ്ഞാലും അവള്‍ ഇവടന്ന്‌ പോകത്തില്ല.
അല്ലേല്‍ എവിടേലും പോകാരുന്നു”.

“ഞാന്‍ കൂട്ടിക്കൊണ്ടുപോയാല്‍
വല്ല്യമ്മ വരുമോ?”

“വരാം. നിനക്കവളെ കെട്ടാമോ? ഇല്ലെടാ, നെനക്കതിന്‌ കഴിയൂല്ല. അതിനൊട്ട് അവന്മാര്‍
സമ്മതിയ്ക്കുകേമില്ല. പെണ്ണുങ്ങളിവിടെ നിന്നാലേ അവന്മാരുടെ കച്ചോടം
നടക്കത്തൊള്ളൂ….. നാട്ടീന്നെല്ലാം ആണുങ്ങള്‍ കാശുമായിട്ട്‌ എത്തണ്ടേ….”

സിദ്ധാര്‍ത്ഥന്‍
ഉരുട്ടിലേക്കിറങ്ങി നടന്നു. ഗ്രാമത്തിലെ പ്രധാന വീഥിയിലെത്തിയപ്പോള്‍ സ്ട്രീറ്റ്‌
ലൈറ്റിന്റെ പ്രകാശം കിട്ടി.

രാവേറെ എത്തിയിട്ടും സിദ്ധാര്‍ത്ഥന്‍
ഗ്രാമത്തിലൂടെ അലയുക തന്നെയാണ്‌. റൂമിലെത്തി വിശ്രമിക്കണമെന്നോ, ആഹാരം കഴിയ്ക്കണമെന്നോ തോന്നിയില്ല. ചിലപ്പോള്‍ അവന്‍ താന്‍ സിദ്ധാര്‍ത്ഥനല്ല

വിശ്വനാഥനാണെന്ന തോന്നലുണ്ടാകുന്നു.
എന്താണിതിനു കാരണമെന്ന്‌ എത്രയോ പ്രാവശ്യം ചിന്തിച്ചിരിക്കുന്നു. അടുത്ത
നിമിഷംതന്നെ സെലീനയുടെ സ്വരം കാതുകളിലെത്തുന്നു. സിദ്ധാര്‍ത്ഥനില്‍നിന്നും പരിണമിച്ച്‌
വിശ്വനാഥനാകുന്നു.

പിന്നെ മനസ്സാകെ കൃഷ്ണയുടെ
മുഖം.

ജീവിതയാത്രയില്‍ എന്നും വിരല്‍തുമ്പില്‍
തുങ്ങി……………..

സ്നേഹമായി,

മോഹമായി,

കുളിരായി,

ചൂടായി,

ചൈതന്യമായി
കൂടെയുണ്ടാകുമെന്നും മോഹിച്ച, കൃഷ്ണവേണി.

ഇരുപതുകളുടെ തുടക്കത്തിലാണവളെ
കണ്ടെത്തിയത്‌. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ സ്റ്റുഡന്റായിട്ട്‌.

അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു.

എത്രയോ നാളത്തെ നിര്‍ബന്ധത്തിനു
വഴങ്ങിയാണവള്‍ കോഫിഹൌസില്‍ ഒരു ചായ കുടിക്കാനെത്തിയത്‌.

കോഫീഹൌസിലെ നേര്‍ത്ത ഇരുളില്‍, പരിശ്രമത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു.
പിറുപിറുക്കുന്നുണ്ടയിരുന്നു.

“വിശു ആരേലും കാണുമോ ?”

“ആരാ……..നിന്റെ അച്ഛന്‍
ഡോക്ടര്‍ ബാലഗോപാലന്‍ ചായകുടിയ്ക്കാന്‍ ഇവിടെയാണോ വരുന്നത്‌ ?” “ഓ…..പ്ലീസ്‌……വിശു…”

മേശയ്ക്കിരുവശവും ഇരുന്നു.

നേര്‍ത്ത ഇരുട്ടാണ്‌.
വ്യക്തമായിട്ടൊന്നും കാണാനാവുന്നില്ല.

“എന്തിനാ വിളിച്ചത്‌ ?*

“വെറുതെ ഒന്നു കാണാന്‍.“

“ഈ ഇരുട്ടത്തോ, പുറത്ത്‌ എവിടെനിന്നാലും എന്നെ

കാണാമായിരുന്നല്ലോ ?”

പെട്ടെന്ന്‌ വിശു
ചിരിച്ചുപോയി.

“പ്ലീസ്‌ ഒന്നു നിര്‍ത്ത്‌…….
അല്ലെങ്കില്‍ ഞാനിപ്പം പോകും”.

പെട്ടെന്ന്‌ അവന്‍ വിഷമം
തോന്നി.

“സോറി … ഞാൻ….”

“എന്തിനാ വിളിച്ചതെന്ന്
പറയ്….”

“എനിക്കിഷ്ടമാണെന്ന്
പറയാൻ…..”

“അതെനിയ്ക്കറിയാമല്ലോ”.

“എങ്കിലും വല്ലപ്പോഴും
പറയുമ്പോള്‍ ഒരു സുഖം കിട്ടുന്നുണ്ട്‌.”

“വേണ്ട…………. ആ
സൂഖങ്ങളൊന്നും ഇപ്പോള്‍ കിട്ടണ്ട……..എല്ലാ ആഗ്രഹങ്ങളും മനസ്സില്‍
സൂക്ഷിച്ചിട്ട്‌ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി…”

“കാപ്പി കഴിയ്ക്കു…”

അവള്‍ ഒരിറക്ക്‌ കാപ്പി
കൂടിച്ചു.

“എന്തുപറ്റി ?”

” പൊള്ളിപ്പോയി”

അവന്‍ ചിരിച്ചു.

“ധൃതി കൂട്ടിയിട്ടല്ലേ ?”

“പ്ലീസ്‌……വിശു…..എനിയ്ക്കു
പേടിയാ…….”

“ഉവ്വ്…….. എനിക്കറിയാം, അതുകൊണ്ടല്ലേ വിളിച്ചു കൊണ്ടു വന്നത്‌?”

“വേണ്ട വിശു……എന്റെ പേടിയൊന്നും
മാറ്റണ്ട……എനിയ്ക്കിഷ്ടം ഒതുങ്ങി, ശാന്തമായിട്ട്‌ ഒരു
ജീവിതമാണ്‌. ഏതെങ്കിലും ഒരു ഗ്രാമത്തില്‍ സ്വസ്ഥമായിട്ട്‌… അതിന്റെ
സുഖം…….അതാണെന്റെ സ്വപ്നം”.

“ഡോക്ടറായിക്കഴിഞ്ഞാല്‍
ഗ്രാമത്തില്‍ മാത്രമായിട്ട് ജീവിക്കാനാകുമോ ?”

“അതിനല്ലേ ഞാന്‍ വിശുവിനെ
കണ്ടെത്തിയത്‌ ?, ഡോക്ടറായാലും ഞാന്‍ വീട്ടിലിരിയ്ക്കും…….വിശു
ജോലിയ്ക്കു പോകും”.

“ഓഹോ, അതുകൊള്ളാം”.

പെട്ടെന്ന്‌ വളരെ പെട്ടെന്ന്‌, കൃഷ്ണയുടെ മുഖം മങ്ങിപ്പോയിരിക്കുന്നു. തെളിഞ്ഞുവരുന്ന മുഖം ആരുടേതാണ്‌,
തെളിഞ്ഞ്‌ തെളിഞ്ഞ്‌ വ്യക്തമാകുന്നു.

“ദയവായി ഏട്ടനിവിടെ വരരുത്‌……..എന്റെ
ജീവിതം കൂടി തകര്‍ക്കരുത്‌……ഏട്ടനിവിടെ വരുന്നത്‌ അദ്ദേഹത്തിനിഷ്ടമല്ല…”

“വിനു…..”.

വിശു വിനുവിന്റെ മുഖത്തെ
ദീനമായ ഭാവം കണ്ട്‌ വേദനിച്ചു.

“എന്റെ വിനു, ഏട്ടനോട ക്ഷമിക്കു….ഒന്നു കാണണമെന്നു തോന്നി”.

ഒളിവില്‍ പാര്‍ക്കുന്ന
കാലഘട്ടമായിരുന്നു. നേരെ തറവാട്ടിലേയ്ക്ക്‌ കയറിച്ചെല്ലാനായില്ലായിരുന്നു.
തറവാടിന്റെ നിഴലുകളില്‍ പോലീസുകാര്‍ പതിയിരുന്നിരുന്നു.

“നിന്റെ മോനെ ഒന്നു കാണാന്‍
സമ്മതിയ്ക്കുമോ….. ഒരു

പ്രാവശ്യം മതി……”.

“നിങ്ങളോടു പോകാനാ പറഞ്ഞത്‌.
നിങ്ങളെപ്പോലെ ഒരു സഹോദരനെ എനിയ്ക്കാവശ്യമില്ല. എന്നെ ജീവിയ്ക്കാന്‍ വിട്……”

പൊടുന്നനെ വിനുവിന്റെ മുഖത്ത്‌
പ്രായാധിക്യം വരുന്നു. വിനു അമ്മയായി.

കൂരിരുട്ടില്‍…….

അമ്മയെയും, അച്ഛനെയും കാണാന്‍ ഉള്ള ആഗ്രഹം ഏറിയ ഒരു നാള്‍.

പോലീസുകാര്‍ക്ക്‌
നഗരത്തിലെത്തുന്നവിശിഷ്ട വ്യക്തിയെ സ്വീകരിക്കാനുള്ളതുകൊണ്ട്‌ തറവാട്ടില്‍
കാവലില്ലായിരുന്നു.

അര്‍ദ്ധരാതി കഴിഞ്ഞിരുന്നു.
വീടിനുള്ളില്‍ ഒറ്റ ലൈറ്റുപോലും തെളിഞ്ഞിട്ടില്ല.

മുടിഞ്ഞ കോട്ടപോലെ,

ഭീതിതമായിട്ട്……

തെക്കുവശത്തെ കതകിനടുത്തു
നിന്നു. അച്ഛന്റെയും അമ്മയുടെയും കിടപ്പുമുറി അവിടെയാണ്‌.

“അമ്മെ…..അമ്മെ….”

വളരെ വിളിച്ചപ്പോഴാണ്‌ വിളി
കേട്ടത്‌.

വിളി കേട്ടത്‌
അമ്മയായിരുന്നില്ല.

വാല്യക്കാരിയാണ്‌.

“ആരാണ്‌ ?”

ഉള്ളില്‍ വിളക്കു തെളിഞ്ഞു.
ജനാല തുറന്നു.

ജനാലയിലൂടെ വിശു അവളുടെ മുഖം
കണ്ടു.

പേടിച്ച മുഖം.

അവള്‍ കതകു തുറന്നു. അവന്‍
അകത്തു കയറിയ ഉടനെ

അടച്ചു. അടഞ്ഞ കതകില്‍
ചാരിനിന്ന്‌ അവള്‍ കിതയ്ക്കുന്നു.

“എങ്ങനെയാണ്‌ വന്നത്‌ ?”

അവളുടെ സ്വരത്തില്‍പ്പോലും
വിറയല്‍.

അമ്മയുടെ മുറിയില്‍
കട്ടിലിന്നരുകില്‍ നിന്നു.

അമ്മ ഉറക്കം തന്നെയാണ്‌.
വളരെനാള്‍ കുളിക്കാതെ തലമുടി അലങ്കോലമായിരിക്കുന്നു. ക്ഷീണിച്ച മുഖം.

“അവര്‍ കണ്ടില്ലെ ?”

“ആര്‌ ?”

“പോലീസുകാര്‍ ?”

“ഇന്ന്‌ ഇല്ലാത്തതാകും…..
എന്നും കാവലുണ്ട്‌.. പ്രതേയകിച്ച്‌ രാത്രികളില്‍”

“അച്ഛന്‍ ?”

“അവര്‍ ചോദ്യംചെയ്യാന്‍
കൊണ്ടുപോയി. മുമ്പൊരിക്കലും

കൊണ്ടു പോയിരുന്നു…”

വിശുവിന്‌ അവിടെ നില്‍ക്കാനായില്ല.

ഇരുളിലൂടെ ഓടി,  തോട്ടിറമ്പിലൂടെ, വയൽ വരമ്പിലൂടെ……എവിടെ നിന്നെല്ലാമോ പോലീസ് വിസിൽ ഊതുന്ന ശബ്ദം കേട്ടു
കൊണ്ടിരുന്നു.

എവിടയോ ശക്തിയായി കാലു
തട്ടിയിരിക്കുന്ന്യ്. സിദ്ധാർഥൻ യാഥാർത്ഥത്തിലേക്കിറങ്ങി വന്നു. കാൽ തട്ടി
നിന്നിരിക്കുന്നത് മൈക്കുട്ടിയിലാണ്, ഗ്രമം വിട്ട് വളരെ
അകലെവരെ നടന്നിരിക്കുന്നു.  എപ്പോഴോ മഴ
പെയ്തു തുടങ്ങിയിരുന്നു.  ചറ്റൽ മഴ,  ആകെ
നനഞ്ഞൊലിച്ചിരിക്കുന്നു.

റൂമിലെത്തി ആദ്യം ഫോണ്‍
ചെയ്യുകയാണ്‌ ചെയ്തത്‌.

“ഹലോ ….. !
കൃഷ്ണാ…….സിദ്ധനാണ്‌, വിശേഷങ്ങള്‍ ?”

“നല്ലതാണ്‌ സിദ്ധാ…….ന്യൂ
ന്യൂസ്‌….?”

“ഷുവര്‍…….. ഒരു പൂതിയ
കഥാപാഠ്രതം സെലീനാ ജോൺ, നിത്യചൈതന്യമയിയുടെ പി എ. ഇവരോടൊപ്പമാണ്‌
വിശ്വനാഥ്‌ താമസിച്ചിരുന്നത്‌”.

“എന്നിട്ട്‌?”

“അഞ്ചോ ആറോ മാസമായി അയാള്‍
അപ്രത്യക്ഷനായിരിക്കുന്നു”.

“വാട്ട യു മീന്‍ ?”

“അതു വ്യക്തമായിട്ടില്ല.
അയാള്‍ ഗ്രാമത്തില്‍ എത്തിയത്‌ ഭഗവാനോട് പ്രതികാരം ചെയ്യുന്നതിനായിരുന്നു…..”

“സെലീന എങ്ങനെ ?”

“റിയലി പെക്യൂലിയര്‍
ക്യാരക്ടര്‍. റിപ്പോര്‍ട്ട്‌ നാളെ അയയ്ക്കും.ഞാന്‍ ഉപ്പോ എത്തിയതേ ഉള്ളു. ഇവിടെ
നല്ല മഴയാണ്‌, നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. വിളിച്ചിട്ടാകാം
കുളിയൊക്കെയെന്നു കരുതി…”

കൃഷ്ണ മൌനിയായിരിക്കുന്നു.
സിദ്ധാര്‍ത്ഥന് മനസ്സിലായി,

കൃഷ്ണ ഉള്‍വലിഞ്ഞിരിക്കുന്നു.

“കൃഷ്ണേ……”

“യേസ്….”

“ഞാന്‍ വേദനിപ്പിച്ചോ ?”

“ഇല്ല…… പക്ഷെ, എനിക്ക്‌ ഒരിക്കല്‍, ഒരു പപാവശ്യം കാണണം”.

“യേസ്‌, ഞാന്‍ സിന്‍സിയറായിട്ടുതന്നെ തെരക്കാം”.

കൃഷ്ണ ഫോണ്‍ ഡിസ്കണക്ട്‌
ചെയ്തിരിക്കുന്നു.

അവള്‍ ദുഖിക്കുന്നു. അവളുടെ
മനസ്സ്‌ കേഴുന്നത്‌, ഇവിടെ ഈ മുറിയില്‍ ഇരുന്നാല്‍ക്കൂടി
അവന്‍ അറിയാന്‍ കഴിയുന്നു.

@@@@@@@@




അദ്ധ്യായം പത്ത്

ഇന്ന്‌ ആദ്യദിവസമായിരുന്നു.

പകല്‍ മുഴുവന്‍ തിരക്കുതന്നെ.
ഫോണ്‍ ചെയ്തു മടുക്കുക തന്നെ ചെയ്തു.

– പ്രത്രമോഫീസല്ലേ…………..

-ഫീച്ചറിലെ കാര്യങ്ങള്‍
സത്യമാണോ?

– സാര്‍ ഫീച്ചര്‍ ശരിയാണോ ?

– ഹലോ, ഗുരുവല്ല ?

-ഫീച്ചറിനെപ്പറ്റി
ചോദിക്കാനാണ്‌.

_ഹലോ, ഇതു സത്യമാണെങ്കില്‍ മനുഷ്യര്‍ പിന്നെ എന്തില്‍ വിശ്വസിക്കും?

_ഹലോ, ഇങ്ങനെ എഴുതാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു?

_നിങ്ങള്‍ക്ക്‌ ഈ വാര്‍ത്തകളൊക്കെ
എവിടന്നു കിട്ടുന്നു.

– നിങ്ങള്‍ക്ക്‌ ഇപ്പോഴും
ചാരസംഘടനയുണ്ടോ ?

_താങ്കള്‍ പഴയ
നക്സലേറ്റല്ലേ……………… വീണ്ടും വിപ്ലവം സൃഷ്ടിക്കാനുള്ള പുറപ്പാടാണോ?

-മിസ്റ്റര്‍, നിങ്ങള്‍ വേണ്ടാത്ത വഴിയെയാണ്‌ സഞ്ചരിക്കുന്നത്‌.

പക്ഷെ, വന്ന കോളുകള്‍ക്കൊന്നും ശരിയായ മറുപടി കൊടുത്തില്ല. ചിലരോടൊക്കെ പറഞ്ഞു,
തുടര്‍ന്നുവരുന്ന ലേഖനങ്ങള്‍ വായിക്കുക, അതിനുശേഷം
തീരുമാനമാകാമെന്ന്‌.

കൃഷ്ണ അടുത്ത
ദിവസത്തേയ്ക്കുള്ള ഫീച്ചര്‍ തയ്യാറാക്കി ഗുരുവിന സമര്‍പ്പിച്ചു.

വായിച്ചുകഴിഞ്ഞപ്പോള്‍
ഗുരുവിന്റെ കണ്ണുകള്‍ തെളിഞ്ഞതായി തോന്നി.

“കൃഷ്ണേ…..നമ്മുടെ അസ്ത്രം
കുറിക്കു കൊള്ളുന്നുണ്ട്‌.രാമൻ വിളിച്ചോ?”

“ഇല്ല.”

“വിളിച്ചാല്‍
കരുതിയിരിയ്ക്കാന്‍ പറയൂ. പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള ഒരുമ്പാടുണ്ടെങ്കില്‍
തിരിച്ചെത്താന്‍ പറയൂ”.

വിടര്‍ത്തി പിടിച്ച
കടലാസുമായി ജോസഫ്‌ എത്തി.

“ഗുരു കണ്ടോ, എറണാകുളം, തൃശ്ശൂര്‍ ഡിസ്ട്രിക്റ്റുകള്‍ ഡബിള്‍ ചെയ്തിരിക്കുന്നു”.

“അവിടെനിന്നും കഴിയുന്നത്ര ഡെപ്പോസിറ്റ്‌
കളക്ട്‌ ചെയ്യാനും വൺ ഇയര്‍ സബ്സ്ക്രിപ്ഷന്‍ ശേഖരിക്കാനും പറയൂ…….എറണാകുളം മി.
കൃഷ്ണ ഷേണായ്‌ തന്നെ അല്ലേ?”

“അതെ”.

“തൃശ്ശൂര്‍”.

“ലോനപ്പന്‍”.

“രണ്ടുപേര്‍ക്കും നിര്‍ദ്ദേശം
കൊടുക്കൂ”.

ക്യാബിനില്‍ ഗുരു തന്നെ
ആയപ്പോള്‍ സിഗററ്റിന്‌ തീ കൊളുത്തി, പുക ആഞ്ഞുവലിച്ച്‌
പുറത്തേയ്ക്ക്‌ ഈതി കണ്ണുകളടച്ച്‌ ഇരുന്നു.

വീണ്ടും ഫോണ്‍.

അറ്റന്റു ചെയ്തപ്പോള്‍
പരിചിതമായ ഒരു സ്വരം.

ഓര്‍മ്മകളില്‍ തെരഞ്ഞുനോക്കി.
പക്ഷെ,
വളരെ അകലെനിന്നും, അടുത്ത നാളുകളിലൊന്നും കേള്‍ക്കാത്തതുമായ
സ്വരം.

“നിനക്ക് മനസ്സിലായില്ലേ?”

“സോറി……… ഇല്ല.”

“എടാ, ഭരണങ്ങാനത്തുകാരന്‍ കുരിശിങ്കല്‍ ജോസഫ്‌ ശരിയാരെ നീ ഓര്‍മ്മിക്കുന്നോ…………
നിന്റെ അപ്പന്‍………… അയാളുടെ ഒരുമകനാ, ഞാന്‍, മത്തായി ജോസഫ്‌”.

“ഞാനെന്തു ചെയ്യണം ഈ വൈകിയ
വേളയില്‍?”

“വൈകിയ വേളയിലോ?”

“അതെ, എന്റെ ജീവിതത്തിന്റെ വൈകിയ വേളയാണ്‌”.

“നിന്റെ പ്രത്രത്തില്‍ ഒരു
ഫീച്ചര്‍ അടിച്ചുവിടുന്നുണ്ടല്ലോ…………… അതു നിര്‍ത്തണം”.

“മനസ്സിലായില്ല”.

“എന്തു മനസ്സിലായില്ലെന്ന്‌…?”.

“നിര്‍ത്താന്‍ ആവശ്യപ്പെടാന്‍
താങ്കള്‍ക്കുള്ള യോഗ്യത”.

“ഞാന്‍ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ
ഒരു സൂപ്രണ്ടാണ്‌”.

“സാദ്ധ്യമല്ല”.

ഗുരു ഫോണ്‍ ഡിസ്കണക്റ്റു
ചെയ്തൂ.

വലിയൊരു വൃക്ഷം.

വൃക്ഷം തളിര്‍ത്തു പൂത്തു
തുടങ്ങിയിരിക്കുന്നു.

വൃക്ഷ ശിഖരങ്ങളില്‍നിന്നും
സ്വയം തീര്‍ത്ത നൂലുകളില്‍ താഴേയ്ക്ക്‌, മണ്ണിലേയ്ക്ക്‌
ഇറങ്ങിവരുന്ന പുഴുക്കള്‍………..

പുഴുക്കള്‍ക്ക്‌ മുഖം
വയ്ക്കുകയാണ്‌.

ആ മുഖങ്ങള്‍ ചേട്ടന്മാരുടെയും
പെങ്ങന്മാരുടേതുമായിമാറി.

സഹോദരങ്ങളെ എപ്പോഴെങ്കിലും
ഓര്‍മ്മിക്കേണ്ടിവരുമ്പോള്‍ ആദ്യം ഓര്‍മ്മിക്കുന്നത്‌ പുഴുക്കളെയാണ്‌, അല്ലെങ്കില്‍ പുഴുക്കളെ കണ്ടാല്‍ തുടര്‍ന്നു സഹോദരങ്ങളുടെ മുഖങ്ങള്‍
തെളിഞ്ഞുവരും.

ലോകത്ത്‌ ഗുരുവിന്‌ ഇഷ്ടമില്ലാത്ത
ഒരൊറ്റ ജീവിയേ ഉള്ളൂ.

ചൊറിയൻ പുഴു.

അതിന്റെ വികൃതമായ ഘടന, വികൃതമായ ചലനങ്ങള്‍………….

എഴുന്നുനില്‍ക്കുന്ന രോമങ്ങള്‍………….

ശരീരത്തിലെവിടെയെങ്കിലും സ്പര്‍ശിക്കപ്പെട്ടു
പോയാല്‍ ചൊറിഞ്ഞുതടിയ്ക്കല്‍………………

ഗുരു മനസ്സില്‍ കരുതി, എന്റെ ജന്മശത്രു പുഴുക്കളാണ്‌.

ഭരണങ്ങാനം പള്ളിയില്‍നിന്നും
പതിനഞ്ച്‌ മിനിട്ട്‌ നടന്നാല്‍ കുരിശിങ്കല്‍ ജോസഫ്‌ ശാരിയാരുടെ വീട്ടിലെത്തും. പത്തു
പതിനാറു ഏക്കര്‍ സ്ഥലം. സ്ഥലത്തിനു നടുക്ക്‌ വിശാലമായ, ഓടുമേഞ്ഞ വീട്. വീടിനുള്ളില്‍, സ്വീകരണമുറിയില്‍
നിന്നും അടുക്കളയിലേയ്ക്ക്‌ ഒരു ഇടനാഴി, ഇടനാഴിക്കിരുവശവും
മുറികള്‍, എട്ടെണ്ണം. പിള്ളേര് പ്രായമായപ്പോള്‍
വീടിനുമുന്നില്‍ ഗസ്റ്റ്ഹൌസ്‌ പണിതു; അതിന്റെ മേച്ചില്‍ ഓട്
വേണ്ടയെന്നു വച്ചു. കോണ്‍ക്രീറ്റാക്കി.

മക്കള്‍, ആറ്‌ ആണുങ്ങളും, അഞ്ചു പെണ്ണുങ്ങളും.

പതിനൊന്നാമത്തവന്‍ ജോണ്‍
ജോസഫിനെ പ്രസവിച്ചയുടന്‍ അന്നാമ്മ യാത്ര പറഞ്ഞു. പിന്നെ ജോണ്‍ ജോസഫിന്റെ ഒരേയൊരു
ആശ്രയം അപ്പനായി

രുന്നു. സഹോദരങ്ങള്‍ അയാളെ
വെറുത്തു. രഹസ്യമായിട്ട്‌ അവര്‍ വിളിക്കുമായിരുന്നു.

“അമ്മയ്ക്ക്‌
പെട്ടിയുമായി വന്നവന്‍” എന്ന്‌.

ജോണ്‍ അമ്മിഞ്ഞപ്പാലു
കൂടിച്ചിട്ടില്ല; കുപ്പിപ്പാലു കൂടിച്ചു.

വേലക്കാരി കൊച്ചൊറോത അവനെ
കുളിപ്പിക്കാനും, തീറ്റാനും, കുടിപ്പിക്കാനും
നിഷ്കരുണം അവനോടൊപ്പം ഉണ്ടായിരുന്നു.

അവനും വലുതായി.

അമ്മയുടെ പാലു കുടിച്ചില്ലെങ്കിലും
അപ്പനെപ്പോലെ ആറടി ഉയരത്തില്‍, ഒത്ത തടിയുമായി.

ജോസഫ്‌ ശൌരിയാര്‍ക്കു മക്കള്‍
മണ്ണില്‍ പണിയെടുക്കുന്നത്‌ ഇഷ്ടമായിരുന്നില്ല.

അവര്‍ പഠിക്കണം, പഠിച്ച്‌ പഠിച്ച്‌ വലിയവരാകണം, എന്നെപ്പോലെ മണ്ണില്‍
കിടന്ന്‌ ബുദ്ധിമുട്ടരുത്‌.

അവരെല്ലാം പഠിച്ചു.

ഐ.എ.എസ്‌., ഐ.പി.എസ്‌., ഡോക്ടര്‍, എഞ്ചിനീയര്‍
എല്ലാമായി.

ജോണ്‍ അവരില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു.
പഠിത്തം കഴിഞ്ഞെത്തിയാല്‍ അപ്പനോടൊപ്പം പറമ്പില്‍ പണിയെടുത്തു, കൃഷിയിടങ്ങളില്‍ അലഞ്ഞുനടന്നു, മരങ്ങളോടും
ചെടികളോടും കിന്നാരം പറഞ്ഞു.

പ്രകൃതിയോട് കൂടുതല്‍
അടുത്തു.

എന്നിട്ടും അവന്റെ ഈഴം
എത്തിയപ്പോള്‍ അപ്പന്‍ മറ്റു മക്കളോട്‌ ചോദിച്ചു.

ജോണ്‍
വക്കീലാവട്ടെ……….. നമുക്കൊരു വക്കീലിന്റെ കുറവുണ്ട്….എന്താ…?”

“ആകട്ടെ…..” അവരെല്ലാ, സമ്മതിച്ചു.

ജോണ്‍ ജോസഫ്‌ വക്കീലാകാന്‍
തലസ്ഥാന നഗരിയില്‍ കുടിയേറി. അയാള്‍ വക്കീലായി, പക്ഷെ അപ്പന്റെ ആഗ്രഹംപോലെ
കോടതിയില്‍ പോയില്ല. കോടതിയ്ക്കു വെളിയില്‍ ചൂഷണം ചെയ്യപ്പെടുന്നവന് നീതി
കിട്ടാനുള്ള മാര്‍ഗ്ഗം പഠിപ്പിക്കാന്‍ പോയി.

അനന്തമായ വിഹായസ്സിന്‌ കീഴില്‍
എല്ലാം തുല്യമാണെന്നും, എല്ലാം തുല്യമായി
വീതിക്കപ്പെടണമെന്നും, അതിനായിട്ട് ചൂഷകരുടെ സര്‍ക്കാര്‍
കെട്ടിപ്പടുക്കേണ്ടതായ ആവശ്യകുതയെക്കുറിച്ച്‌ രഹസ്യമായി പഠിപ്പിച്ചു.

ഇരുളില്‍ സഞ്ചരിക്കുന്നവനായി.

അപ്പന്റെ അന്ത്യനാളുകളില്‍
അയാള്‍ക്ക്‌ അപ്പനെ കാണണമെന്നും, അപ്പന്‌ അയാളെ കാണണമെന്നും
ആഗ്രഹമുണ്ടായിരുന്നു.

അക്കാര്യം അയാളുടെ രഹസ്യ
ചാരന്മാര്‍ മുഖാന്തിരം അപ്പനുമായി ആശയവിനിമയം ചെയ്തു.

പക്ഷെ അവിടെ ചേട്ടന്റെ
പോലീസുകാര്‍ വലയുമായി കാത്തു നിന്നു.

അതിനാല്‍ അപ്പനെ മരണശേഷവും
കാണാനായില്ല; ഒളിസങ്കേതങ്ങളിലിരുന്ന്‌ അപ്പനെ സ്വപ്നം കണ്ടു.

അപ്പന്റെ കാലശേഷം ഒരൊറ്റ
വിചാരമേ ജോണ്‍ ജോസഫിന്‌ ഉണ്ടായിരുന്നുള്ളു.

പാര്‍ട്ടി.

ജീവിതം പാര്‍ട്ടിയ്ക്കായി
മാറ്റിവയ്ക്കപ്പെട്ടു.

മൃദുലവികാരങ്ങള്‍വരെ
ഉണ്ടാവാതെയായി. മനസ്സ്‌ കഠിനമായി.

ബുദ്ധിയില്‍ ഒരൊറ്റ വെളിച്ചം
മാത്രം നിറഞ്ഞുനിന്നു.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌
യോദ്ധാവായി!.

പക്ഷെ, എല്ലാം നിരര്‍ത്ഥങ്ങളാവുകയും, കാണുകയും കേള്‍ക്കുകയും
ചെയ്തതെല്ലാം കപടങ്ങളാണെന്നറിയുകയും ചെയ്തപ്പോള്‍ തകര്‍ന്നു പോയി.

നിരാലംബനായി,നിസ്സഹായനായി,നോക്കിനില്‍ക്കുമ്പോള്‍ അയാളുടെ
ചിറകിനുള്ളില്‍ അഭയവും തേടി പിന്നെയും പലരുമെത്തി.

ഗുരു കോളിംഗ്‌ ബെല്ലില്‍
വിരലമര്‍ത്തി.

ക്യാബിനിലെത്തിയ അറ്റന്ററോട്‌
കൃഷ്ണയെ വിളിക്കാനാവശ്യപ്പെട്ടു.

കസാലയില്‍ കണ്ണുകളടച്ച്‌
കിടന്നു.

വാതിലടഞ്ഞ ശബ്ദമുണ്ടായിട്ടും, കൃഷ്ണ കസാലയ്ക്കരുകില്‍ അയാളെ ഉരുമിനിന്നിട്ടും അയാളറിഞ്ഞില്ല.

അവള്‍ മെല്ലെ വിളിച്ചു.

അയാള്‍ കണ്ണുകള്‍ തുറന്നു. ആ
കണ്ണുകളില്‍ ഉരുണ്ടുകൂടിയ വിഷാദത്തിന്റെ സാന്ദ്രത അവള്‍ക്ക്‌ ഗ്രഹിക്കാനാവും.
പക്ഷെ അവള്‍ അവളുടേതായ ലോകത്ത്‌, സ്വപ്നങ്ങളുടെ ലോകത്ത്…….

യുദ്ധക്കളത്തിൽ…..യോദ്ധാവിന്റെ
മുന്നേറ്റമറിയാൻ കാത്തിരിക്കുകയായിരുന്നു.

“എന്നോടോത്തു വരൂ…..”

അയാളുടെ ശാന്തമായ സ്വരം.

ഒരു നിമിഷം അവള്‍ ഗുരുവിന്റെ
മുഖത്ത്‌ നോക്കിനിന്നു. ശേഷംഅവള്‍ അയാള്‍ക്കെതിരെ കസേരയില്‍ ഇരുന്നു. മുഖം
താഴ്ത്തി,
മേശമേല്‍ ഇരുന്ന ലെറ്റര്‍ പാഡില്‍ പേനകൊണ്ട്‌ വരച്ചുകൊണ്ടിരുന്നു.
നിമിഷങ്ങളോളം.

“ഞാന്‍ യുദ്ധക്കളത്തിലാണ്‌, ഇനിയും യോദ്ധാവ് തിരിച്ചെത്തിയിട്ടേ എനിക്ക് ഉറങ്ങാനകൂ……”

 പെട്ടെന്നവള്‍ ക്യാബിന്‌ പുറത്തേയ്ക്ക്‌ നടന്നൂ.

സിദ്ധാര്‍ത്ഥന്‍ വിളിച്ചു.

“ഗുരു ഇവിടം പറുദീസയാണ്‌.
സമ്പന്നരുടെ സുഖവാസക്രേന്ദ്രം. അതിനവര്‍ ഭഗവാന്റെ മേല്‍വിലാസം വച്ചിരിക്കൂന്നുവെന്നു
മാത്രം. ഞാന്‍ സത്യങ്ങള്‍ തിരയുകയാണ്‌. അപ്രതീക്ഷിതമായി പലതും അറിയാനും
ഗ്രഹിക്കാനുമാകും. പല മുഖങ്ങളും വ്യക്തമാക്കപ്പെടും. വളരെയേറെ കഥാപാത്രങ്ങളുണ്ട്‌…………..
വളരെയേറെ കഥകളും”.

“റിപ്പോര്‍ട്ടുകളെല്ലാം
കൃഷ്ണയ്ക്ക്‌ കൊടുത്തില്ലേ യ

“ഉവ്വ്‌..”

“കഴിയുന്നത്ര വേഗം ജോലി തീര്‍ത്തെത്തുക.”

“കഴിയുകയില്ല ഗുരു……ഇവിടെ
തുടങ്ങുന്നതേയുള്ളൂ…… ഒരു ഭഗവാന്റെ ജന്മമേ ആയിട്ടുള്ളു. അതു പൂര്‍ണ്ണതയിലെത്തണമെങ്കില്‍
ഇനിയും പല നാടകങ്ങളും നടക്കണം…….”

“എനിവെ….. നീ വളരെ കരുതലോടെ
ഇരിക്കൂ…”

“ഓകെ…. ഗുരു”.

വീട്ടിലെ സ്വീകരണമുറിയില്‍നിന്നും
ബഡ്റുമിലേയ്ക്ക്‌ ഗുരു കടന്നു.

അടുപ്പിച്ചിട്ട രണ്ടു
കട്ടിലുകള്‍.

ഒന്നില്‍ ഇടതുവശം
ചരിഞ്ഞുകിടന്നു എലീസ ശാന്തമായി ഉറങ്ങുന്നു. മരുന്നിന്റെ ശക്തിയുള്ള, അഗാധമായ നിര.

ബഡ്റും ലൈറ്റിന്റെ മങ്ങിയ ,പകാശം ഗുരുവിനെ വീണ്ടും

ഉണര്‍ത്തുന്നു. ബഡ്റും വിട്ട്‌
അയാള്‍ അവളുടെ മുറി തേടിയെത്തി. തുറന്നുകിടക്കുന്ന കതകിലൂടെ അവള്‍ കിടക്കുന്നതു
കാണാം. വളരെ ശബ്ദം താഴ്ത്തിയാണ്‌ വിളിച്ചത്‌. എന്നിട്ടും അവള്‍ ഉണര്‍ന്നു.
കട്ടിലില്‍ എഴുന്നേറ്റിരുന്നു. കട്ടിലിനരുകില്‍, അവളോട.
മുടിയില്‍. ഗളത്തില്‍, കവിളില്‍ തലോടി.

മുഖം കൈകളിലെടുത്ത്‌
കണ്ണുകളില്‍ നോക്കി.

അവള്‍ വികാരവതിയായിരുന്നില്ല.

മുഖം ശോകവും, കണ്ണുകള്‍ മുകവുമാണ്‌.

അയാളുടെ കണ്ണുകള്‍
സ്വപിനങ്ങളില്ലാത്ത ഒരു ഉറക്കം കിട്ടുന്നതിനുവേണ്ടി വേദനകളില്‍നിന്നും മനസ്സിനെ
വേര്‍പെടുത്തുന്നതിനുവേണ്ടി ഒരു തളര്‍ച്ചയെ ദാനം ചെയ്യാന്‍ യാചിച്ചു.

അവള്‍ കട്ടിലില്‍
നിന്നെഴുന്നേറ്റ്‌ ബാത്ത്റുമിലേയ്ക്ക്‌ നടന്നു.

@@@@@@@




അദ്ധ്യായം ഒമ്പത്‌

കൊച്ചുകൊച്ചു മോഹങ്ങളേ
ഉണ്ടായിരുന്നുള്ളു.

സ്നേഹസമ്പന്നനായ, സംസ്കാര സമ്പന്നനായ ഭർത്താവ്, സ്വന്തം
അദ്ധാാനംകൊണ്ട്‌ ജീവിക്കുന്നതില്‍ തല്‍പരനായിരിക്കണം. ജോലി എന്തുമാകാം.

ഒരു കൊച്ചുവീട്‌.

അത്യാവശ്യം സൌകര്യങ്ങള്‍ മതി, ഒരു സാധാരണ കുടുംബത്തിനു വേണ്ടത്‌.

നാലുപുറവും മുറ്റം വേണം, മുറ്റത്തിന്റെ ഓരത്ത്‌ ചെടികള്‍ നട്ടു വളര്‍ത്തണം. എന്നും ആ
ചെടിച്ചുവട്ടില്‍ കഴിഞ്ഞു കൂടാന്‍ കുറെ സമയം കുണ്ടെത്തണം.

രണ്ടു കൂട്ടികള്‍,

ഒരാണും ഒരു പെണ്ണും.

ഭര്‍ത്താവിനെ, കുട്ടികളെ പരിചരിച്ച്‌, പട്ടിണിയായാലും
പരിവട്ടമായാലും സംതൃപ്തിയോടെ ജീവിക്കണം.

ഒരു സാധാരണ പെണ്‍കുട്ടിയുടെ
മോഹം.

പക്ഷെ,

അന്നപൂര്‍ണ്ണദേവി
ദേവദാസിയാണത്രെ !

അവള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍, ഉടുക്കാന്‍ പട്ടുചേലയുൻ അണിയാന്‍ ആഭരണങ്ങളും, കിടക്കാന്‍
പുതിയ മുറിയും ഒരുക്കിയപ്പോള്‍ അമ്മ, പാര്‍വ്വതി ദേവിയോടു
പറഞ്ഞു.

“എനിക്കിതൊന്നും
വേണ്ടമ്മേ………ഒരു സാധാരണ പെണ്ണിനെപ്പോലെ ജീവിക്കാന്‍ വിട്, എനിക്കിവിടുത്തെ സുഖങ്ങളും സമ്പത്തുക്കളും വേണ്ട. ഈ ലോകത്ത്‌ ഏതെങ്കിലും
ഒരു മുക്കില്‍ ഒരു സാധാരണ പെണ്ണായിട്ട്‌, ഒരു ഭാര്യയായിട്ട്,
അമ്മയായിട്ട്‌ കഴിഞ്ഞുകൊള്ളാം. ഈ സുഖങ്ങള്‍ മോഹിച്ച്‌, സമ്പത്ത്‌ കൊതിച്ച്‌, എത്രയോ സ്ത്രീകള്‍ നടക്കുന്നു.
അവരിലൊരാള്‍ക്ക്‌ എന്റെയിടം കൊടുത്തുകൊള്ളു”.

പെട്ടെന്ന്‌ പാര്‍വ്വതി
ദേവിയുടെ മുഖം ചുവന്നുതുടുത്തു, കണ്ണുകള്‍ തുറിച്ചു. ദേഹമാസകലം
വിറപൂണ്ടു. ചേല ഉറപ്പിച്ചുകുത്തി.

ഭദ്രകാളിയെപ്പോലെ
തുള്ളിവിറച്ചു.

“കൂലടേ, നീ എന്തുപറഞ്ഞു….. ദൈവത്തിന്‌
നിരക്കാത്തത്‌ പറയാതെടി മുശ്ശേട്ടേ…. നിനക്കറിയോ…..എനിക്കുശേഷം നീയാണമ്മ,
ഈ ദേശത്തിന്റെ, ശാന്തിഗ്രാമത്തിലെ പ്രഥമവനിത.
ലക്ഷക്കണക്കിനുള്ള സ്വത്തുക്കളുടെയും, ഇനിയുണ്ടാകാനിരിക്കുന്ന
സ്വത്തുക്കളുടെയും അധിപ. പോരാത്തതിന്‌ ലക്ഷോപലക്ഷം ആരാധകരുടെ ആരാധനാ മൂര്‍ത്തി……”

പാര്‍വ്വതി ദേവിയുടെ
തുള്ളലില്‍ കരിവീട്ടിയില്‍ തീര്‍ത്ത്‌ ഭിത്തിയും വാതിലുകളും വിറച്ചു. അവരുടെ ശരീരം
വിയര്‍ത്തു.

വിയര്‍പ്പിന്റ ഗന്ധം, ജനാലവഴി കടന്നുവന്ന മന്ദമാരുതന്‍ ഏറ്റുവാങ്ങി മുറിയില്‍ നിറച്ച്‌
പുറത്തേയ്ക്കൊഴുകി.

അന്നപൂര്‍ണ്ണ ഭയന്ന്‌
കട്ടിലില്‍ പറ്റിച്ചേര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തൊണ്ടയില്‍
ശബ്ദം തടഞ്ഞുനിന്നു.

“നിനക്കറിയോ……….
അടുത്തമാസം ഒന്നാം തീയതി മുതല്‍ നിനക്കായി തറയില്‍, ആരാധകര്‍
പൂക്കളര്‍പ്പിക്കാന്‍ തുടങ്ങും. ഇപ്പോഴേ നിന്നോട്‌ അവര്‍ക്കുള്ള മനോഭാവം
നിനക്കറിയോ……….. ഞാന്‍പോലും കൊതിച്ചുപോകുന്നു. എല്ലാം നീയായിട്ട്‌ കളഞ്ഞു കുളിക്കരുത്”.

അവള്‍ മുഖംപൊത്തി
വിങ്ങിവിങ്ങി കരഞ്ഞു.

പാര്‍വ്വതി ദേവി
പുറത്തേയ്ക്ക്‌ ഇറങ്ങിപ്പോയി. പാദ പതനങ്ങളുടെ ശബ്ദത്തില്‍ പോലും അവളുടെ ഹൃദയം വിറപൂണ്ടു.

ആ രാവ്‌,

അവള്‍ എന്നും ഓാര്‍മ്മിയ്ക്കുന്നു; ആരും കാണാതെ അതോര്‍ത്ത് കരയുന്നു.

പിറ്റേന്ന്‌ അവള്‍ വിളംബരം
ചെയ്യപ്പെടേണ്ടതായിരുന്നു.

മൂന്നുനാള്‍ വതം നോറ്റ്‌,

തലേന്നാള്‍ ഒരിക്കലുണ്ട്‌,

കുഴമ്പ്‌ തേച്ച്‌, മഞ്ഞള്‍ തേച്ച്‌, ഇഞ്ച തേച്ച്‌ കുളിച്ച്‌,

ഈറന്‍ വിടര്‍ത്തിയിട്ട്,

ചുവന്ന ചേല ചുറ്റി,

സിന്ദൂരകുറിയിട്ട്,

സീമന്തരേഖയിലും കുറിതൊട്ട്,

താലമേന്തി,

ഏഴു തോഴിമാരോടൊപ്പം,

സൂര്യനുദിച്ച്‌, രശ്മിയ്ക്ക്‌ ശക്തിയേറുംമുമ്പ്‌, ദാസി പൂരയില്‍ നിന്നും
നടന്ന്‌ ശാന്തിനിലയത്തിലെത്തണം.

വഴിനിറയെ
കാഴ്ചക്കാരുണ്ടായിരിക്കും,

എല്ലാ കണ്ണുകളിലും
അവളായിരിക്കും.

ശാന്തിനിലയത്തിലെ
വിഷ്ണുക്ഷ്രേതത്തില്‍ ദര്‍ശനം.

പൂജാരിയുടെ പ്രത്യേക പൂജ.

പൂജ കഴിഞ്ഞ്‌, നിവര്‍ന്നുനില്‍ക്കുന്ന പുഞ്ചിരിക്കുന്ന പൂജാ

രിയ്ക്കു ദക്ഷിണ.

എന്തുമാകാം.

ദക്ഷിണ കഴിഞ്ഞ്‌
ക്ഷ്രേതത്തില്‍ പടിഞ്ഞാറു മാറിയുള്ള ദാസിത്തറയില്‍ കയറി നില്‍ക്കണം.

എവിടെനിന്നോ വെളിച്ചപ്പാട്‌
ഉറഞ്ഞ്‌ തുള്ളിയെത്തും.

മിനിട്ടുകളോളം തറയ്ക്കു ചുറ്റും
നിന്ന്‌ തുള്ളി വിറയ്ക്കും.

“ഇവള്‍ ഇന്നുമുതല്‍ ദാസിയാണ്‌, ദൈവത്തിന്റെ ദാസി………സുഖവും ദു:ഖവും, മോഹവും
വിമോഹവും, മനസ്സും ശരീരവും, അവള്‍ക്കുള്ളതെല്ലാം
ദൈവത്തിങ്കല്‍ സമര്‍പ്പിക്കുന്നു…….”

വിളംബരം കഴിഞ്ഞ്‌
വെളിച്ചപ്പാട്‌ തുള്ളി ക്ഷ്രേതനടയില്‍ തളര്‍ന്നു വീഴവേ,

നോക്കി നില്‍ക്കുന്ന ആരാധകര്‍
ദാസി തറയില്‍, അവളുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയായി.

അവള്‍ ദാസിയാകുന്നു.

പിന്നീടെന്നും തറയില്‍
പുക്കള്‍ അര്‍പ്പിക്കപ്പെടും, പരിചാരകര്‍ പുക്കള്‍
ദാസിപുരകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും.

ആ രാവില്‍ ആണ്‌ അവള്‍ ഗ്രാമം
വിട്ടുപോയത്‌.

അവളോടൊത്ത്‌
കൂട്ടുകാരനുമുണ്ടായിരുന്നു.

അവള്‍ക്ക്‌ ജീവിതം വാഗ്ദാനം
ചെയ്ത ചെറുപ്പക്കാരന്‍…………

അവള്‍ക്ക്‌ മോഹങ്ങളും
സ്വപ്നങ്ങളും നല്‍കിയവന്‍…….

അവന്‍ ശക്തനും
തന്റേടിയുമായിരുന്നു……………..

അവന്റെ ദൃഢമായ പേശികളുള്ള
ഉടല്‍,
ഗൌരവം മുറ്റിയ മുഖം,

രാത്രിയായതിനാല്‍ അടുത്ത
പട്ടണം വിടാനൊത്തില്ല. പട്ടണത്തിലെ മാന്യമായ ഹോട്ടല്‍ അന്തിയുറങ്ങാന്‍
തെരഞ്ഞെടുത്തു.

വിശാലമായ മുറിയില്‍, സാവധാനം കറങ്ങുന്ന ഫാനില്‍നിന്നും ലഭിക്കുന്ന ചെറിയ തണുത്ത കാറ്റില്‍ അവള്‍
മയങ്ങി.

അവന്റെ മാറില്‍ മുഖവും
പൂഴ്ത്തിയാണ്‌ കിടന്നത്‌.

മുറിയുടെ ഭിത്തിയില്‍
പുശിയിരുന്ന നീലച്ചായവും, കത്തിനി ന്നിരൂന്ന നീലച്ച
ബെഡ്റുംലൈറ്റും അവള്‍ക്ക്‌ സമാധാനമേകി.

അവന്റെ കൈ അവളുടെ പുറത്ത്‌
സാവധാനം താളം പിടിച്ചു കൊണ്ടിരുന്നു. അവള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു.

രാവേറെയെത്തും മുമ്പ് വാതില്‍ക്കല്‍
മുട്ടുന്ന ശബ്ദം.

അവര്‍ ഞെട്ടിയുണേന്നു.

നീലവെളിച്ചത്തെ നശ്ശിപ്പിച്ചു
കൊണ്ട് മുറിയില്‍ ബള്‍ബ്‌

തെളിഞ്ഞു. ഒരു നിമിഷംകൊണ്ട്‌
എല്ലാം നഷ്ടപ്പെട്ടതായി തോന്നി.

കതക് തുറന്ന് ആദ്യമത്തിയത്
നഗരത്തിലെ പോലീസുകാരാണ്.

തുടര്‍ന്ന്‌, അശ്വനി പ്രസാദ്‌.

അശ്വനി പ്രസാദിന്റെ സ്നേഹിതര്‍, സഹപ്രവര്‍ത്തകര്‍…………..

പോലീസുകാര്‍ നോക്കിനില്‍ക്കേ, അശ്വനി പ്രസാദ്‌ അവളുടെ കൂട്ടുകാരനെ ആക്രമിച്ചു.

അവന്‍ പ്രതിഷേധിച്ചു
നിന്നതാണ്‌.

പക്ഷെ,

മൂക്കിലൂടെ, ചെവികളിലൂടെ രക്തമൊഴുകി, തളര്‍ന്ന്‌ ഭിത്തിയില്‍ ചേര്‍ന്ന്‌
അവന്‍ ഇരുന്നപ്പോള്‍ അവള്‍ ബോധമറ്റുവീണു.

കിളികളുടെ ആരവം കേട്ടുകൊണ്ട്‌
അവള്‍ ഉണര്‍ന്നു, കണ്ണുകള്‍ തുറന്നപ്പോള്‍ പ്രശാന്തമായ
നീലാകാശം കാണായി……….

വനാന്തരത്തിലെവിടെയോ മണ്ണില്‍
വിരിച്ച വിരിപ്പില്‍ കിടക്കുകയാണെന്നറിഞ്ഞു.

അവളുടെ ഉടലില്‍ ആകെ വേദനയും
നീറ്റലും അനുഭവപ്പെട്ടു കൊണ്ടിരുന്നു.

അവള്‍ ചുറ്റും നോക്കി.

മരങ്ങളിൽ ചാരിയിരുന്ന്
ഉറങ്ങുന്ന കാവൽക്കാരെ കണ്ടു.

കൂടാതെ,

അശ്വനിപ്രസാദ്,

ദേവവ്രതൻ,

പിന്നീടും അവള്‍ കണ്ടിട്ടുള്ള
കുറെ മുഖങ്ങള്‍…………

അവള്‍ എഴുന്നേല്‍ക്കാന്‍
ശ്രമിച്ചു.

ദേഹത്തിട്ടിരുന്ന
പുതപ്പിനുള്ളില്‍ അവള്‍ നഗ്നയായിരുന്നു.

പെട്ടെന്ന്‌ അവള്‍ക്ക്‌ ഒരു
സത്യം അറിവായി; അവളുടെ രഹസ്യങ്ങളെല്ലാം അവര്‍ ചോര്‍ത്തിയെടുത്തെന്ന്‌.

ഒരു നിമിഷം അവള്‍
സ്തംഭിതയായി. അതിനുശേഷം ഭൂതമിളകിയതുപോലെ, പെട്ടെന്നു കിട്ടിയ
ഏതോ ഒരു ആവേശത്തില്‍ അലറിക്കൊണ്ട്‌ അവള്‍ എഴുന്നേറ്റു.

നിറഞ്ഞ വെളിച്ചത്തില്‍, നഗ്നയായി, മുടി വിടര്‍ത്തിയിട്ട്‌, അലമുരയിട്ടു….

അശ്വനി പ്രസാദ്‌, ദേവ്രവതന്‍, കാവല്‍ക്കാര്‍ അമ്പരന്ന ഭയന്നിരുന്നു. കയ്യില്‍
കിട്ടിയ കല്ലുമായി അവള്‍ അശ്വനിയുടെ നേര്‍ക്ക്‌ ആര്‍ത്തലച്ചുവന്നു. അയാളുടെ
നെറ്റിയില്‍, മുഖത്ത്‌, തലയില്‍
ആഞ്ഞടിച്ചു, രക്തം ശക്തിയായി കുത്തിയൊലിച്ചു.

അവള്‍ വീണ്ടും അബോധാവസ്ഥയില്‍
അമര്‍ന്നു.

എന്നിട്ടും അവള്‍
ദേവദാസിയായി.

അനേകായിരങ്ങള്‍ നോക്കിനിന്നു.

ശാന്തിഗ്രാമത്തില്‍നിന്നു
ഐശ്വര്യം ചോര്‍ന്നു പോകാതിരിക്കാന്‍ അവിടേയ്ക്ക്‌ എല്ലായിടത്തുനിന്നും ഐശ്വര്യം
ഒഴുകിയെത്താന്‍……

ശാന്തിനിലയത്തിലെ
ബ്രഹ്മചാരികള്‍ സമനില തെറ്റി ഗൃഹസ്ഥാശ്രമികളാകാതിരിക്കാന്‍……………

ശാന്തിനിലയത്തിലെ
വിഷ്ണുക്ഷ്രേതത്തിലെ പൂജാരിയുടെ

ബ്രഹ്മജ്ഞാനം നിലനില്‍ക്കാന്‍…………..

ശാന്തിപുഴയില്‍
തെളിനീരൊഴുക്കാന്‍……….

ലക്ഷോപലക്ഷങ്ങള്‍ ഭഗവാന്‍ സച്ചിദാനന്ദനില്‍
പ്രണമിക്കാൻ…..

അവള്‍കൂടി
ദേവദാസിയായി…………………

അവളുടെ ആദ്യ ഇര ഊരാന്മക്കാരനായ
ഒരു വൈദ്യശിരോമണിയായിരുന്നു.

മദ്ധ്യവയസ്കന്‍.

ജര്‍മ്മന്‍ നിര്‍മ്മിതമായ
ബെന്‍സ്കാറില്‍ എത്തി, മുറുക്കാന്‍ ചെല്ലം തൂക്കി പടിപ്പുര
കയറിയെത്തിയപ്പോഴേ അന്നപൂര്‍ണ്ണ അയാളുടെ ചിരി കേട്ടു.

മുറുക്കാനില്‍ കുഴഞ്ഞ ചിരി.

സ്വീകരിക്കാനായി പാര്‍വ്വതി
ദേവിതന്നെ താഴേക്കെഴുന്നള്ളി.

സില്‍ക്ക്‌ ജുബ്ബയ്ക്കുള്ളില്‍
കൊഴുത്തുതടിച്ച ശരീരം, ഗോവണി കയറുമ്പോള്‍ തുള്ളിക്കളിച്ചു.

അപ്പോഴും അയാള്‍
ചിരിക്കുകയായിരുന്നു.

അയാളെ അനുഗമിച്ച്‌ പാര്‍വ്വതി
ദേവിയും ചിരിച്ചു.

അന്നപൂര്‍ണ്ണയുടെ ഉറക്കറയുടെ
മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു.

“അമ്മ
മടങ്ങിക്കൊള്ളു………”

അയാള്‍ വീണ്ടും ചിരിച്ചു.
ശൃംഗാരം തുളുമ്പിയ ചിരികേട്ടു, അന്നപൂര്‍ണ്ണ കട്ടിലില്‍
ഇളകിയിരുന്നു. അവള്‍ അണിഞ്ഞിരുന്ന വളകള്‍ ചിരിച്ചു.

കതക്‌ തുറന്ന്‌ അകത്തെത്തിയ
വൈദ്യര്‍ വായ്പിളര്‍ന്നു നിന്നു.

കനകുവിഭൂഷയായി, ചുവന്ന പട്ടുചേലയില്‍ പൊതിഞ്ഞ്‌, സരസ്വതിദേവി
എഴുന്നള്ളിയതുപോലെ………

മൈലാഞ്ചി ചിത്രങ്ങളുള്ള
കൈകാലുകള്‍,

പൂ ചൂടിയ കാർകൂന്തൽ,

ആപ്പിൾ പഴം പോലെ കവിളുകൾ,

തൊണ്ടിപ്പഴം പോലെ ചുണ്ടുകൾ,

മാറിടം,

ജംഘനം.

വൈദ്യര്‍ മായയില്‍
മുങ്ങിയതുപോലെ, അന്ധനെപ്പോലെ നടന്ന്‌ കട്ടിലിനടുത്തെത്തി.

കട്ടില്‍ കാലില്‍
പിടിച്ചുപിടിച്ച്‌, സാവധാനം ശബ്ദമുണ്ടാക്കാതെ കട്ടിലില്‍
ഇരുന്നു.

അവള്‍ ചിരിച്ചു.

അയാളും.

തുപ്പല്‍ ചിതറി.

അവള്‍ കോളാമ്പി
പിടിച്ചുകൊടുത്തു. കിണ്ടിയില്‍നിന്ന്‌ വെള്ളം അയാളുടെ വായില്‍ വീഴ്ത്തി കൊടുത്തു.

വായ ശുദ്ധിയാക്കി അയാള്‍
ചോദിച്ചു.

“ഞാന്‍ സത്യലോകത്തു
തന്നെയല്ലേ”.

“അതെ, തീര്‍ച്ചയായും. അങ്ങ്‌ ഇവിടെ എന്റെ സവിധത്തില്‍ തന്നെ.
മരിച്ചിട്ടൊന്നുമില്ല.

അയാള്‍ക്ക്‌ അവളെ ബോധിച്ചു.

“സൌന്ദര്യം പോലെതന്നെ
വാക്കിലും മധുരമുണ്ട്‌”.

“ഉണ്ടല്ലോ.
രുചിച്ചുനോക്കിയാലും”.

അവളുടെ ചുണ്ടുകള്‍
അടുത്തുവരുന്നത്‌ അയാള്‍ കണ്ടു.

“എനിക്ക്‌ ശ്വാസം മുട്ടുന്നു.
ദേവി ധൃതി കൂട്ടരുത്‌”.

അവള്‍ അകന്നിരുന്നു.

“എനിക്ക്‌ കുറച്ചുസമയം
കണ്ടിരിക്കാന്‍ ദേവി അനുവദിയ്ക്കണം”.

“കണ്ടോളു. കണ്ടുകഴിഞ്ഞ്‌
എന്നെയും കാണാന്‍ അനുവദി

ക്കണം. അല്ലാതെ ധൃതിയില്‍
പോകരുത്‌”.

“ഇല്ലില്ല. ദേവിയുടെ
ഇഷ്ടംപോലെയാവാം”.

അയാള്‍ ചിരിച്ചു, കട്ടിലില്‍ ഇരുന്നു, കുംഭ കുലുങ്ങി.

രാവേറെ ചെല്ലുംമുമ്പ്‌
അന്നപൂര്‍ണ്ണയുടെ ഉറക്കറയില്‍ നിന്നും

ദീനമായൊരു രോദനം കേട്ടു.

വൈദ്യരാണ്‌ കരഞ്ഞത്‌.

അന്തഃപുര നിവാസികള്‍
ഉറക്കറയില്‍നിന്നും ഓടിയെത്തി, അവരോടൊത്തു ശയിച്ചിരുന്ന
ശാന്തിനിലയ നിവാസികളും………..

അവരെത്തുമ്പോള്‍ വൈദ്യര്‍
മുറിയില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു. അയാളുടെ ചിണ്ടിൽ നിന്നും രക്തം ഒലിച്ച്
സിൽക്ക് ജുബ്ബ നനഞ്ഞിരുന്നു.

മുറിയില്‍നിന്നും അന്നപൂര്‍ണ്ണ
ചിരിക്കുന്നതും കേട്ടു.

ദേവി അന്നപൂര്‍ണ്ണ
അത്ഭുതപ്പെട്ടുപോയി. കഴിഞ്ഞ മൂന്നു രാവുകള്‍ ഭീമമായ തുകകള്‍ കാണിയ്ക്ക വച്ച വൃഥാ
നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരനെ ഓര്‍ക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കുമോ?

അടുത്തടുത്ത മൂന്നു രാവുകള്‍
സിദ്ധാര്‍ത്ഥനായിരുന്നു, അവളുടെ അതിഥി. അവളുടെ അനുഭവത്തില്‍
ഇന്നേവരെ വന്നിട്ടുള്ള എല്ലാ ഇരകുളും പിശാചുക്കളായിരുന്നു. അവരുടെയൊക്കെ പൈശാചിക ഭാവങ്ങള്‍ക്കും
പെരുമാറ്റങ്ങള്‍ക്ക് ഒരു നിറമേ ഉണ്ടായിരൂന്നുള്ളു.

ഭയത്തേക്കാളേറെ വെറുപ്പാണവള്‍ക്ക്, എല്ലാറ്റിനോടും…

എന്നിട്ടും,

കുളി കഴിഞ്ഞ്‌ ചേല ചുറ്റി, സുഗന്ധങ്ങള്‍ പൂശി, വെറ്റില ചവച്ച്‌ ആലസ്യമാണ്ടിരിക്കവെയാണ്‌,
ആ ചെറുപ്പക്കാരന്‍ വന്നത്‌.

സാവധാനം കതകു തുറന്ന്‌, അകത്തു കയറി, അടച്ചു കുറ്റിയിട്ട്, അവന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു.

അടുത്തേയ്ക്ക്‌ വരേണ്ടുന്ന
സമയം അധികമായപ്പോഴാണ്‌ അന്നപൂര്‍ണ്ണ ശ്രദ്ധിച്ചത്‌.

അയാള്‍ അവളെ നോക്കി ചിരിച്ചു.
അവള്‍ ചിരിച്ചില്ല. ഒരത്ഭുതം കാണുന്നതു പോലെ വെറുതെയിരുന്നു.

അവന്‍ നടന്നുവന്ന്‌, അടുത്ത കസാലയില്‍ രുന്നു.

നിശബ്ദമായുള്ള ആ ഇരുപ്പ്‌ ഒരു
മണിക്കൂര്‍ നീണ്ടുപോയി.

“നിങ്ങള്‍ ആരാണ്‌? എന്തിനാണിവിടെ വന്നത്‌?”.

അങ്ങനെ ചോദിക്കാനാണ്‌
തോന്നിയത്‌. എന്തുകൊണ്‌ ആതോന്നലുണ്ടായി എന്ന്‌ പിന്നീട എത്ര ചിന്തിച്ചിട്ടും
ഉത്തരം കിട്ടിയില്ല.

“ഞാന്‍ സിദ്ധാര്‍ത്ഥന്‍.
നിന്നെ കാണാന്‍, സംസാരിക്കാന്‍, അറിയാന്‍
വന്നു”.

“ങേ !”

ഇളിഭ്യനാക്കാനുള്ള ഒരു ചിരിയാണുണ്ടായത്‌.
പക്ഷെ ഇടയ്ക്കു വച്ച് നിലച്ചുപോയി.

അവന്റെ മുഖത്ത്‌, കണ്ണുകളില്‍ കാണുന്ന ഭാവമെന്താണ്‌, വികാരമെന്താണ്…?

അവൾ കാണാത, അറിയാത്ത്, എന്തല്ലാമൊ……

അവള്‍ കാണാത്ത, അറിയാത്ത, എന്തെല്ലാമോ, ലോകത്ത്‌
ഉണ്ടെന്ന്‌ തോന്നലുണ്ടായിരിക്കുന്നു.

അവള്‍ നിശബ്ദം ഇരുന്നു, അവനും.

മുറിയുടെ നിശബ്ദതയില്‍ രണ്ട്‌
ശ്വാസോഛ്ച്വാസ രാഗങ്ങള്‍ അലകളുയര്‍ത്തിക്കൊണ്ടിരുന്നു. ആ രാഗങ്ങള്‍ പുണരുകയും
ഇഴുകിച്ചേരുകയും ഒന്നാവുകയും മുറിയാകെ നിറയുകയും പുറത്തേയ്ക്കൊഴുകി പാരാകെ
പടരുകയും ചെയ്തു.

അവള്‍ക്കത്‌ മനസ്സിലാവുകയും
ചെയ്തു.

അങ്ങനെ മുന്നാമത്തെ രാത്രിയും
അര്‍ദ്ധരാവും കഴിഞ്ഞിരിക്കുന്നു.

അവന്‍ കസാലയില്‍ കിടന്ന്‌
മയങ്ങിപ്പോയിരിക്കുന്നു. അവള്‍കസാലയ്ക്ക്‌ പിറകിലെത്തി. കുനിഞ്ഞ്‌ അവന്റെ
ശിരസ്സില്‍ ചുണ്ടമര്‍ത്തി.

അവനുണര്‍ന്നു.

“അങ്ങേയ്ക്ക്‌ എന്താണ്‌
അറിയേണ്ടത്‌?”

ഒരു നിമിഷം, അവനോട്‌ ഏറ്റവും അടുത്തിരിയ്ക്കുന്ന അവളുടെ കണ്ണുകളെ ഉറ്റുനോക്കി.

“നിന്നെ, അന്നപൂര്‍ണ്ണയെ………”

പിന്നെ അവള്‍ പറഞ്ഞു, അവളുടെ കഥ.

@@@@@@@@@




അദ്ധ്യായം ഏട്ട്‌

വെളുക്കാന്‍ ഇനിയും മൂന്നോ
നാലോ മണിക്കൂറുകള്‍ മാത്രം. കൃഷ്ണ ക്വാര്‍ട്ടേഴ്‌സിലേക്കു നടന്നു. മാര്‍ക്കറ്റിംഗ്‌
മാനേജരുടെ മുറിയില്‍ വെളിച്ചം അണഞ്ഞിട്ടില്ലെന്ന്‌ അവള്‍ ശ്രദ്ധിച്ചു.

ചാരിക്കിടന്ന കതകു തുറന്ന്‌
അകത്തു ചെന്നു. ജോസഫ്‌ തിരക്കിലാണ്‌.

“എന്തേ കൃഷ്ണേ ?”

“ജോസഫിന്‌
ഇറങ്ങാറായില്ലേ ?”

” ആയിരിക്കുന്നു. ഒരു
കത്തുകൂടി”

അയാള്‍ കത്തെഴുതി തീര്‍ത്തു.
കവറില്‍ അഡ്രസ്സെഴുതി മേലെ, മേലെ അടുക്കിവച്ചിരിക്കുന്ന കവറുകളുടെ
കൂട്ടത്തിനുമുകളില്‍ സ്ഥാപിച്ചു.

“യേസ്‌. പോകാം”.

അയാള്‍ യാത്രയായി, അവള്‍ക്കൊപ്പം.

” മാര്‍ക്കറ്റിംഗ്‌
റിപ്പോര്‍ട്ടുകളെങ്ങിനെ ?”

“വളരെ ഇംപ്രൂവ്‌
ചെയ്തു. നമ്മുടെ സ്വപ്നങ്ങള്‍ സഫലമാകും കൃഷ്ണേ…..”.

അവളുടെ ചുണ്ടില്‍ നേര്‍ത്തൊരു
ചിരി വിടര്‍ന്നു. ഉറക്കാലസ്യത്തില്‍ മയങ്ങിയ മുഖം പ്രസന്നമാകുന്നു.

“രാമന്‍ എവിടെ ?”

“വടക്ക്‌ മലബാറില്‍.
ഇന്ന്‌ ഫോണ്‍ ഉണ്ടായിരുന്നു. പ്രചരണവാഹനങ്ങളോടൊത്ത്‌ പ്രത്യേക ലേഖകരുമുണ്ട്‌.
വീടുവീടാന്തരം പ്രതിനിധികളും”.

മുറ്റത്ത്‌ പത്രക്കെട്ടുകള്‍
കയറ്റുന്ന വാനിനെ മറികടന്ന്‌ അവര്‍ നടന്നു.

കൃഷ്ണയുടെ ക്വാര്‍ട്ടേഴ്‌സിന്റെ
വാതില്‍ക്കല്‍ അവര്‍ നിന്നു.

ക്വാര്‍ട്ടേഴ്‌സിന്റെ
മുമ്പില്‍ തെളിഞ്ഞുനിന്നിരുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ ജോസഫ്‌ കൃഷ്ണയുടെ മുഖം
കണ്ടു. അയാള്‍ ഒരു നിമിഷം നോക്കി നിന്നു.

“ഗുഡ്നൈറ്റ്‌, ജോസഫ്‌”.

അവള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌
നടന്ന്‌ വരാന്തയില്‍ കയറുംവരെ ജോസഫ്‌ നോക്കിനിന്നു.

വളരെ വൈകാതെ പ്രസ്സിലെയും ഓഫീസിലെയും
വിളക്കുകളണഞ്ഞു. ജോസഫിന്റെ ക്വാര്‍ട്ടേഴ്‌സിലെ വിളക്കുകളും.

അവള്‍ കുളിച്ചീറന്‍ മാറി, മുറിയില്‍, കട്ടിലില്‍ കിടന്നു.

ഉറക്കം അവളില്‍നിന്നും
അകന്നുനിന്നു.

അവള്‍ അവന്റെ ഫോട്ടോയില്‍
നോക്കി കിടന്നു. മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരേയൊരു ഫോട്ടോ……………..
പണ്ട്‌ മുറിയില്‍ സൂക്ഷിക്കാന്‍ വേറെയും ഫോട്ടോകള്‍ ഉണ്ടായിരുന്നു.

കാറല്‍ മാര്‍ക്സിന്റെ, എംഗല്‍സിന്റെ, മാവോയുടെ………

അതിനുമുമ്പ്‌ ദൈവങ്ങളുടെയും, അച്ഛനമ്മമാരുടെയും, സഹോങ്ങളുടെയും, കൂട്ടുകാരുടെയും…………….

ഇപ്പോള്‍ ചുരുങ്ങി ഒരാളില്‍
എത്തി.

വിശ്വനാഥ്‌………….

അവളുടെ അര്‍ജ്ജുനന്‍.

അവന്‍ നയിക്കുന്ന യുദ്ധം.

ആ യുദ്ധത്തിനാണ്‌
കാത്തിരുന്നത്‌. അല്ലെങ്കില്‍ അങ്ങനെയൊരു യുദ്ധത്തിനുവേണ്ടി മാത്രമാണ്‌
ജീവിക്കുന്നതുതന്നെ.

പക്ഷെ അവന്‍ മാത്രമെവിടെയാണ്‌
?

അവളെ ഈ കൂടാരത്തിലേയ്ക്ക്‌,

അല്ലെങ്കില്‍ ഈ അഞ്ചുപേരുടെ
ജീവിതത്തിലേയ്ക്ക്‌ വിളിച്ചിറക്കി കൊണ്ടുവന്നത്‌ അവനാണ്‌.

അവന്റെ ആശയത്തില്‍, അവന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം നടപ്പില്‍ വരുത്തേണ്ട ആവശ്യകതയില്‍
അവള്‍ക്ക്‌ താല്പര്യം തോന്നി.

അന്നവള്‍ക്ക്‌ പ്രായപൂര്‍ത്തി
ആയതേയുള്ളൂ.

ക്ലാസ്സ്മുറിയില്‍,

വീട്ടില്‍,

പക്വതവന്ന കുട്ടിയെപ്പോലെ, തന്റേടിയായ ഗൃഹസ്ഥയെപ്പോലെ, തിളങ്ങിനിന്ന അവള്‍ക്ക്‌
അവന്റെ ആശയങ്ങള്‍ നിമിഷങ്ങൾകൊണ്ട്‌ ഗ്രഹിക്കാന്‍ കഴിഞ്ഞു.

ആ ഗ്രഹണശക്തിയാണ്‌ അവളെ
ഇതിലേയ്ക്കാകര്‍ഷിച്ചത്‌.

അവനെ അവളിലേയ്ക്ക്‌ ആകര്‍ഷിച്ചതും.

ആകര്‍ഷണത്തിന്റെ തുടക്കത്തില്‍
അവന്റെ ചൊടിയില്‍, ബുദ്ധിയില്‍, സംഘടനാവൈഭവത്തിലുള്ള
ആരാധനയായിരുന്നു.

ആരാധനയെ അവന്‍ ഫലവത്തായ മാര്‍ഗ്ഗമാക്കി.
അവളിലൂടെ, അവളുടെ സ്നേഹിതകളിലേയ്ക്കും, അതുവഴി
വീട്ടിലിരിക്കുന്ന അമ്മമാരിലേയ്ക്കും, അമ്മമാരില്‍നിന്നും
അദ്ധ്വാനിക്കുന്ന ജനഹൃദയങ്ങളിലേയ്ക്കും പകര്‍ന്ന്‌, അവന്‍ വിശ്വസിക്കുന്ന
പ്രത്യശാസ്ത്രത്തിന്‌ പിറകില്‍ ജനലക്ഷങ്ങളെ അണിനിരത്താനാകും എന്നായിരുന്നു ധാരണ.

ആ ധാരണ തെറ്റായിരുന്നില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ അപ്രകാരമുള്ള ഒരു
സമീപനത്തിലൂടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന്‌ ഒരു പറ്റം ചെറുപ്പക്കാര്‍
വിശ്വസിച്ചിരുന്നു.

പക്ഷെ, ആ ധാരണയെ, സത്യാവസ്ഥയെ അംഗീകരിക്കാന്‍ നേതൃത്വം
തയ്യാറായില്ല. അവര്‍ അക്രമാസക്തമായ ഒറ്റതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും
അതുവഴി ജനഹൃദയങ്ങളെ സ്വാധീനിക്കാനും ശ്രമിച്ചു. ആ ശ്രമം അപ്പാടെ പരാജയപ്പെട്ടു.

അവിടവിടെ ഉന്മൂലനങ്ങളെന്ന
പേരില്‍ മരണങ്ങള്‍ ഉണ്ടായപ്പോഴും രക്തക്കറകൾ പറ്റിപ്പിടിച്ചപ്പോഴും താല്പര്യം  തോന്നിയവര്‍കൂടി, താല്പര്യം
തോന്നിയ കാര്യംകൂടി മറച്ചുവയ്ക്കാനും, ആശയങ്ങളില്‍നിന്നും
വ്യതിചലിക്കാനും തുടങ്ങി.

പ്രവര്‍ത്തകര്‍പോലും
പുറത്തുപോയി,

രൂപവും ഭാവവും മാറി,

മറ്റു പാര്‍ട്ടി പ്രവര്‍ത്തകരായി,

ബിസ്സിനസ്സുകാരായി,

മതപ്രവര്‍ത്തകരായി.

മുദ്രകുത്തപ്പെട്ടവര്‍മാത്രം
ഒന്നും ചെയ്യാനാവാതെ നിറഞ്ഞ വെളിച്ചത്തില്‍ കണ്ണുകള്‍ മഞ്ഞളിച്ചുനിന്നു.

അവരുടെ ജീവിതങ്ങളും
മരവിച്ചുനിന്നു. ഒരു നേരത്തെ ആഹാരത്തിനുപോലും യാചിച്ചു.

പിച്ചുകൊടുക്കാനോ,അവരെ സാന്ത്വനമായൊന്നു നോക്കാൻ കൂടിയോ ആരുമുണ്ടായിരുന്നില്ല. പലപ്പോഴും
വികൃതികള്‍ അവരുടെ പിച്ചചട്ടിയില്‍ മണ്ണു വാരിയിടുകയും ചെയ്തു.

ആ കാലഘട്ടത്തിലാണ്‌ വിശു
നഷ്ടപ്പെട്ട്‌ അവള്‍ ഗുരുവിനോടൊപ്പം പുറത്തു വന്നത്‌.

പക്ഷെ, അവള്‍ തകര്‍ന്നു കഴിഞ്ഞിരുന്നു.

എല്ലാം നഷ്ടപ്പെട്ട്‌
ആശ്രയിയ്ക്കാനോ അവകാശപ്പെടാനോ ഒന്നുമില്ലാതെ, പാഞ്ചാലിയെപ്പോലെ
പൊതുജനസമക്ഷം വസ്ത്രാക്ഷേപം ചെയ്യപ്പെട്ട്‌, മുടിക്കെട്ടില്‍
പിടിച്ചുലയ്ക്കപ്പെട്ട, വേദനയേല്‍ക്കേണ്ടി വന്ന ഒരു പാവം
പെണ്ണായി. ഒരിറ്റു സ്നേഹത്തിനായി, ഒരു സാന്ത്വന വാക്കിനായി
ദാഹിച്ച്‌……….

പക്ഷെ,

ആകാശത്ത്‌,

മേഘപാളികള്‍ക്കിടയില്‍ നോക്കി
അവള്‍ കിടന്നു,

അവള്‍ക്കാകെ ആശ്രയമായിരുന്ന
പൊടിമണ്ണില്‍……….

മേഘപാളികളുടെ ഇടയില്‍
നിന്നെവിടെനിന്നെങ്കിലും കൃഷ്ണന്‍ അവള്‍ക്കാശ്രയമായെത്തുമെന്നു കരുതി.

അവളുടെ മനസ്സ്‌ ദീനമായി കേണുകൊണ്ടിരുന്നു.
ആ വിളികേട്ട്‌ മേഘപാളികള്‍ക്കുള്ളില്‍നിന്നും, ആകാശനൌകയില്‍
എത്തിയത്‌ കൃഷ്ണനായിരുന്നില്ല.

എല്ലാം സഹിക്കാനും, അറിയാനും ശക്തനായ, ധര്‍മ്മ വിശാരദനായ,

മഹാമനസ്കനായ,

അതിനേക്കാളുപരി, ശക്തന്മാരായ സഹോദരന്മാരുള്ള ധര്‍മ്മപുരതരായിരുന്നു.

നീണ്ടുനിവര്‍ന്ന ആജാനുബാഹുവായ
ഗുരുവെന്ന്‌ വിളിയ്ക്കപ്പെടുന്ന ജോണ്‍ ജോസഫ്‌.

അദ്ദേഹത്തിനു പിറകില്‍
ഭീമസേനനായി അബുവും, നകുലസഹദേവന്മാരായി രാമനും, ജോസഫും ഉണ്ടായിരുന്നു.

പക്ഷെ, അവളുടെ വില്ലാളിവീരനായ,

കാമസ്വരൂപനായ,

അവളെ കൊതിപ്പിച്ച, അര്‍ജ്ജുനന്‍ ഇല്ലായിരുന്നു.

അവള്‍ക്കായി നീട്ടിയ
ഗുരുവിന്റെ കൈകളില്‍ ആശ്രയം

കണ്ടെത്തി.

ആ മാറില്‍ പറ്റിച്ചേര്‍ന്നു.

കരഞ്ഞു.

അവള്‍ വെറുമൊരു പെണ്ണായി.

അവരുടെ ജീവിതങ്ങളിലേയ്ക്ക്‌
വെറുമൊരു പെണ്ണായിട്ടൊഴുകിയിറങ്ങി.

അവളോടൊത്തുള്ള ഈഴവും കാത്ത്‌
സംതൃപ്തിയോടെ അവര്‍ കാത്തിരിക്കുകതന്നെ ചെയ്തു.

ആ നാളുകളില്‍ അവള്‍ സന്തുഷ്ടയായി.

ഗുരു കമ്മ്യൂൺ തീര്‍ത്തപ്പോഴും, പ്രതസ്ഥാപനം തുടങ്ങിയ

പ്പോഴും, കമ്മ്യൂണില്‍, പത്രസ്ഥാപനത്തില്‍, ഗുരുവിനേക്കാള്‍ സ്വാധീനം അവള്‍ക്കായി.

ആ മതില്‍ക്കെട്ടിനുള്ളില്‍, മറ്റു തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ അവള്‍ അന്തിയുറങ്ങി. അവള്‍ക്കടുത്ത
മുറിയില്‍, ഈഴത്തിനുള്ള മണിയടി കാത്ത്‌ ഭീമനകുല സഹദേവന്മാരും
പാര്‍ത്തു.

കൃഷ്ണ കട്ടിലില്‍നിന്നെഴുന്നേറ്റു.

ജനാല തുറന്നു.

വെളുത്തുകഴിഞ്ഞു.

മുറ്റത്ത്‌
കാക്കകളെത്തിക്കഴിഞ്ഞു.

ഉറക്ക മൊഴിപ്പിന്റെ കാഠിന്യം
അവളുടെ കണ്ണുകളെ വേദനപ്പെടുത്തി.

എന്നിട്ടും അവള്‍ക്കുറക്കം കിട്ടിയില്ല.

കമ്മ്യൂണില്‍ സിദ്ധാര്‍ത്ഥനെ
ഏറ്റവും അധികം ആകര്‍ഷിച്ച വ്യക്തിയും കൃഷ്ണ തന്നെയാണ്‌. കണ്ടുമുട്ടി അധികനാള്‍
കഴിയും മുമ്പ്തന്നെ ആ ബന്ധം ദൃഢമായി. രണ്ടു കളിത്തോഴര്‍ക്കുണ്ടാകുന്ന ദൃഢതയും, അവകാശ-അധികാരങ്ങളും വ്യക്തമാകുകയും ചെയ്തു.

എന്തിനെപ്പറ്റി ചര്‍ച്ച
ചെയ്യുമ്പോഴും തീരുമാനമെടുക്കുമ്പോഴുംഅവര്‍ ഒരുമിച്ചുനിന്നു.

ആ യോജിപ്പായിരുന്നിരിക്കണം
ആദ്യകാലങ്ങളില്‍ കമ്മ്യൂണില്‍ അസുഖകരമായ വാര്‍ത്ത പരന്നതും അവളുടെ ജീവിതപങ്കാളികള്‍ക്ക്‌
സംശയത്തിനിടയാക്കിയതും.

സിദ്ധാര്‍ത്ഥനുമായുള്ള സഹവാസം
അവള്‍ക്ക്‌ ശീതളിമ

യാര്‍ന്നതും സമാധാനപരവുമായൊരു
മാനസ്സികാവസ്ഥ സംജാതമാക്കപ്പെടുന്നുണ്ടെന്ന്‌ കൃഷ്ണ അറിഞ്ഞിരുന്നു.
അവനോടൊത്തിരിക്കുമ്പോള്‍, നടക്കുമ്പോള്‍, സംസാരിക്കുമ്പോള്‍,
മനസ്സ്‌ ശാന്തവും ശരീരം സ്വസ്ഥവുമാകുന്നു.

അവളുടെ ജീവിതപങ്കാളികളെ
ഓരോരുത്തരേയും ആ മാനദണ്ഡത്തില്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്‌. അവരുമായുള്ള ബന്ധം
ശാരീരികമായൊരു ആവശ്യം നിറവേറ്റുംപോലെയോ, ആഹാരം
കഴിക്കുന്നതിന്റെ സംതൃപ്തിയോ ആണ്‌ കിട്ടുന്നത്‌.

എന്നിട്ടും അവള്‍ അവരില്‍നിന്നകലുകയോ, സിദ്ധാര്‍ത്ഥനുമായിട്ട്‌ പൂര്‍ണ്ണമായും അടുക്കുവാന്‍ ശ്രമിക്കുകയോ
ചെയ്തിട്ടില്ല.

സിദ്ധാര്‍ത്ഥന്റെ ജീവിതത്തിലേയ്ക്ക്‌
നാന്‍സി കടന്നുവന്നപ്പോള്‍ അവള്‍ക്ക്‌ സാധാരണ സ്ത്രീകള്‍ക്കുണ്ടാകാറുള്ള വിഷമങ്ങളോ, മനം മറിച്ചിലോ ഉണ്ടായതുമില്ല.

എന്നിട്ടും ഇപ്പോള്‍ അവന്‍
അകലെയായപ്പോള്‍ അപകടം നിറഞ്ഞ ഒരു ഉദ്യമത്തില്‍ എത്തിയപ്പോള്‍ അകാരണമായൊരു ഭീതി
മനസ്സിനെയാകെ മുടിനില്‍ക്കുന്നു. ആ കര്‍ത്തവ്യം അവന്‍ സ്വയം ഏറ്റെടുത്തപ്പോള്‍
ഏറ്റവും അധികം സന്തോഷിച്ചത്‌ താനായിരുന്നില്ലേ !

എന്നിട്ടും അവന്‍ യാത്ര
പറഞ്ഞിറങ്ങിയപ്പോള്‍ ഉണ്ടായ ഒരുഉള്‍ക്കിടിലം, പഴമക്കാര്‍
പറയുംപോലെ, കൂമ്പിനൊരു വിറയല്‍……………

അവന്റെ ഫോണ്‍ എത്താന്‍
വൈകിയാലുള്ള വേവലാതി…………… ന്യൂസുമായി ജീപ്പെത്തുമ്പോള്‍ അവരെ കാണാനുള്ള
വെമ്പൽ…..

കൃഷ്ണ, നിനക്കെന്തുപറ്റി ?

എത്രപ്രാവശ്യം
ചോദിച്ചിരിക്കുന്നു. ഉത്തരം കണ്ടെത്താന്‍

കൃഷ്ണയ്ക്ക്‌ ആകുന്നില്ല.
എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണിവിടെ എത്തിയത്‌ ! എന്തെല്ലാം കണ്ടു, കേട്ടു, അനുഭവിച്ചു!

മൂന്നോ നാലോ സ്ത്രീജനങ്ങള്‍ക്ക്‌
അറിയാന്‍ കഴിയുന്നത്ര അനുഭവങ്ങൾ…..

പാഞ്ചാലിയെപ്പോലെ……..

ഒരു ഇതിഹാസത്തിന്റെ തന്നെ കേന്ദ്രകഥാപാത്രമായി………..
വേദന ഉള്‍ക്കൊണ്ട്‌, ഒരു യുദ്ധത്തിനുതന്നെ കേന്ദ്രകാരണമായി
പരിണമിച്ച്‌, ശപഥംചെയ്തു, ദൃഢമായി ആ
ശപഥത്തിലേയ്ക്ക്‌ യാത ചെയ്തു, ആ യാത്രപോലുമൊരു തപസ്സാക്കി
മാറ്റിയ………….

പാഞ്ചാലി……………………….

കൃഷ്ണയുടെ കണ്ണുകള്‍
നിറയുകയാണോ?

അവള്‍ സാരിയുടെ കോന്തലകൊണ്ട്‌
കണ്ണുകള്‍ തുടച്ചു.

കൃഷ്ണ വരാന്തയില്‍ ഇറങ്ങി.
കമ്മ്യൂൺ നിത്യവ്യത്തിയിലേയ്ക്ക്‌ എത്തിക്കഴിഞ്ഞിരിക്കുന്നു. അടുത്തടുത്ത
വീടുകളിലെ ബഹളങ്ങളും ശബ്ദങ്ങളും അവള്‍ ശ്രദ്ധിച്ചു. അവിടത്തെയൊക്കെ ഗൃഹത്തിന്റെ അന്തരീക്ഷങ്ങളും.

തുടര്‍ന്ന്‌
മുറ്റത്തിറങ്ങിനിന്ന്‌ അനക്കങ്ങളോ ബഹളങ്ങളോ ഇല്ലാതെ, മൂകമായി,
നിശ്ചേഷ്ടമായി, നിര്‍വ്വികാരമായി നില്‍ക്കുന്ന
സ്വന്തം ക്വാര്‍ട്ടേഴസിനെ ശ്രദ്ധിച്ചു.

കൃഷ്ണ ദീര്‍ഘമായി
നിശ്വസിച്ചു.

@@@@@@