Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനഞ്ച്

            ലാസറലിയെപ്പറ്റി കൂടതലറിയാതെ ഇനി മുന്നോട്ടു പോയിട്ടു കാര്യമില്ലെന്ന് സുദേവിനു തോന്നി.  അവന്‍ ഷാഹിനയുടെ കഥ കേള്‍ക്കാന്‍ തീരുമനിച്ചു.

       എന്‍റുമ്മച്ചി എന്തു സുന്ദരിയായിരുന്നെന്നോ… ഇപ്പോളെന്നാ മോശമാണോ…  ആ നിറം ഒട്ടും ചോര്‍ന്നു പോയിട്ടില്ല… ദേഹത്തിന്‍റെ മണം കുറഞ്ഞിട്ടുണ്ട്, എന്നല്ലാതെ.  ഞാന്‍ മൂന്നാമത്തെ വയസ്സു മുതല്‍ ഉമ്മച്ചിയെ കണ്ട ഓര്‍മ്മയുണ്ട്… അതിന് മുമ്പളള ഓര്‍മ്മകളൊന്നും തലയില്‍ നില നില്‍ക്കുന്നില്ല.  മൂന്നാമത്തെ വയസ്സു മുതല്‍ ഉമ്മച്ചിയുടെ ദേഹം നഗ്നമായിട്ടു കണ്ടിട്ടുണ്ട്.  എനിക്ക് എല്ലാവരെയും അറിയാമായിരുന്നു.  ഉമ്മച്ചിയുടെ മുറിയില്‍ എന്തിന്‍റെ എങ്കിലും മറയില്‍ ഒളിഞ്ഞരിക്കുമായിരുന്നു.  അവിടെയെത്തുന്നവര്‍ ഉമ്മച്ചിയെ നഗ്നയാക്കുന്നും അവര്‍ സ്വയം ആകുന്നതും … അക്കൂട്ടത്തില്‍ എന്‍റെ ബാപ്പച്ചിയുമുണ്ട്, രേഖയിലുള്ള ഉപ്പ ലാസറലിയുമുണ്ട്.  മറ്റുള്ളവരൊക്കെ പ്രശസ്തരാണ്.  നമ്മെ ഭരിച്ചിട്ടുള്ളവര്‍, ഭരിക്കുന്നവര്‍… വലിയ അധികാരമുള്ളവര്‍…. സമ്പന്നര്‍… ഞാന്‍ ലാസറലിയുടെ മകളല്ല… പക്ഷെ, ഞാന്‍ ഉമ്മച്ചിയെന്നു വിളിക്കുന്ന ലൈലയുടെ മകളാണ്.  എന്‍റെ യഥാര്‍ത്ഥ വാപ്പച്ചിയെ വ്യക്തമായിട്ടറിയാം. കാരണം അന്ന്  ഉമ്മച്ചിക്ക് അയാളേ പുരുഷനായിട്ടുണ്ടായിരുന്നുള്ളു.  അന്ന് ഞങ്ങളുടെ നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കഥയാണത്.  ഉമ്മച്ചിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് ലൈല എന്നല്ല, സെല്‍മ എന്നായിരുന്നു. മുസ്ലീംസ്ത്രീയായിരുന്നില്ല. ക്രിസ്ത്യാനിയായിരുന്നു.  കോടീശ്വനായ അയാളും ക്രിസ്ത്യാനിയാണണ്.  ഞാന്‍ മുസ്ലീമായി ജീവിക്കുന്നതു കൊണ്ടാണ് ഉമ്മച്ചിയെന്നും വാപ്പച്ചിയെന്നും വിളിക്കുന്നത്.  അയാളെ നേരിട്ട് ഒരിക്കല്‍ പോലും വിളിക്കാനുള്ള യോഗമുണ്ടായിട്ടില്ല, കേട്ടോ… ഉമ്മച്ചിയ്ക്ക പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോള്‍ അയലത്തുള്ള ഒരു ചേട്ടത്തിയാണ് അയാളെ പരിചയപ്പെടുത്തിയത്.  ഉമ്മച്ചിയും അയാളും അയലത്തു കാരുതന്നെ ആയിരുന്നു.  എങ്കിലും അയാള്‍ക്ക് പാവങ്ങളെയൊന്നും അറിയില്ലായിരുന്നു.  മാളികയില്‍ നിന്നും പുറത്തിറങ്ങി നടക്കാറൊന്നുമില്ല.  പോണതും വരണതും കാറില്‍ തന്നെ.     പോണതൊക്കെ വലിയ വലിയ കാര്യങ്ങള്‍ക്ക്.  രാജ്യത്തെ നയിക്കുന്ന കാര്യങ്ങള്‍ക്ക്.  അതുകൊണ്ട് അയാള്‍ക്ക് പാവങ്ങളെ നോക്കാനും പരിയപ്പെടാനും ഇടപഴകാനും സാധിച്ചില്ല, താല്പര്യവുമില്ലായിരുന്നിക്കാം. അയാളാണ് ഞങ്ങളുടെ അന്നത്തെ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ്.  അയാള്‍ക്ക് ഉമ്മച്ചി വോട്ടു ചെയ്തിട്ടില്ല.  ഉമ്മച്ചിയുടെ അപ്പനും അമ്മയും, എന്‍റെ വല്യപ്പനും വല്യമ്മച്ചിയും വോട്ടു ചെയ്തിട്ടുണ്ടാകും.  വല്യപ്പച്ചന്‍ അയാളുടെ പാര്‍ട്ടികാരനും അയാളുടെ തൊടിയിലെ പണിക്കാരനുമായിരുന്നു. തെങ്ങിന്‍റെ മൂടു കിളക്കാനും വാഴ നടാനുമൊക്കെ നടന്നിരുന്ന ആള്.  എന്നാലും ഉമ്മച്ചിയെ കൊണ്ട് അയലത്തെ ചേട്ടത്തി അയാളുടെ അടുത്ത് ചെന്നപ്പം അയാളുടെ കണ്ണകള്‍ വിടര്‍ന്ന കാഴ്ച കാണേണ്ടതു തന്നെ ആരുന്നെന്ന് അവര് പിന്നീട് പറഞ്ഞിട്ടുണ്ട്.  ഉമ്മച്ചിയുടെ സൗന്ദര്യത്തെ കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ അതിശയമായി പറയുന്നതാണ്.  അയാള്‍ക്ക് അന്ന് കല്യാണം കഴിഞ്ഞ് മക്കളുണ്ടായിരുന്നു.  അയാള്‍ക്ക് ഭാര്യയുടെ അടുത്തു നിന്നും സ്നേഹവും പരിചരണവും കിട്ടാത്തതു കൊണ്ടാണ് ഉമ്മച്ചിയുമായുള്ള ബന്ധമെന്നാണ് പറഞ്ഞിരുന്നത്.  ഉമ്മച്ചിയുടെ സ്നേഹവും മനം മയക്കുന്ന സൗന്ദര്യവും മത്തു പിടിപ്പുക്കുന്നതാണെന്ന് പറഞ്ഞിരുന്നു.  ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുമെന്നും ഉമ്മച്ചിയെ നിയപരമായിട്ട് വിവാഹം ചെയ്യുമെന്നം അയാള്‍ പറഞ്ഞിരുന്നു,  അതിനുള്ള കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും.  ഒത്തിരി സുഗന്ധങ്ങളും തുണിത്തരങ്ങളും ആഭരണങ്ങളും ഉമ്മച്ചിക്ക് കൊടുത്തു.  വലിയ ഹോട്ടലുകളില്‍ ഏസി മുറികളില്‍ താമസ്സിച്ച് സ്വാദേറിയ ഒത്തിരി ഭക്ഷണങ്ങള്‍ കഴിച്ചു.  കാലാകാലത്തു തന്നെ ഉമ്മച്ചി ഗര്‍ഭണിയായി.  ഞാനുണ്ടായി. വല്യപ്പച്ചന്‍ ഉമ്മച്ചിയെ പുറത്തിറക്കി വിട്ടൊന്നുമില്ല.  വല്യപ്പച്ചന് നാട്ടുകാരുമായിട്ടത്ര ബന്ധമൊന്നുമില്ലാതിരുന്നതു കൊണ്ട് നാട്ടുകഥകളും പാട്ടുകളുമൊന്നും അറിഞ്ഞതുമില്ല, കേട്ടതുമില്ല.  ഉമ്മച്ചിയെ പുറത്തിറക്കി വിടേണ്ട കാര്യവുമില്ലായിരുന്നു.  ഉമ്മച്ചിക്ക് സുഖമായി കഴിയാനുള്ളതെല്ലാം അയാള്‍ എത്തിച്ചു കൊണ്ടിരുന്നു.  അയാള്‍ ഒരിക്കലും വീട്ടില്‍ വന്നില്ല. കുഞ്ഞിനെ കണ്ടില്ല. അയാള്‍ക്ക് വരാന്‍ പറ്റിയ വീടായിരുന്നില്ല. അധികം കഴിയാതെ ഒരു വീടു വച്ചു തന്നു.  നല്ലൊരു വീട്. വല്യപ്പച്ചനും വല്യമ്മച്ചിയ്ക്കും മറ്റ് മക്കള്‍ക്കും അതൊക്കെ ഇഷ്ടമായി.  ആദ്യമൊക്കെ അയലത്തു കാരു തെറ്റ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അയാളുടെ ഭാര്യയെന്ന പോലെ കാണാന്‍ തുടങ്ങി.  ആക്കാലത്ത് ആരോ പള്ളിയില്‍ പരാതികൊടുത്ത് ഞങ്ങളുടെ കുടുംബത്തെ വിലക്കാന്‍ നോക്കിയിരുന്നു. പക്ഷെ, ആ ഇടവകയിലെ ഏറ്റവും ധനികനും നാട്ടുപ്രമാണിയും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന അയാള്‍ക്ക് എതിരെ പള്ളി ഒരു തീരുമാനവും എടുത്തില്ല.  കുറെ നാളു കഴിഞ്ഞപ്പോള്‍ ആ പരാതി തുരുമ്പു പിടിച്ചോ ചിതലു തിന്നോ പോയി.  പിന്നീട് വീട്ടിലേക്കുള്ള വരവുകള്‍ ഉമ്മച്ചിക്കുള്ളതു മാത്രമായിരുന്നില്ല.  എല്ലാവര്‍ക്കും ഇഷ്ടം പോലെ കഴിയാനുള്ളതായിരുന്നു.  അയാള്‍ ഒരിക്കലും വീട്ടില്‍ വന്നിരുന്നില്ലെന്നേയുള്ളൂ.  ഉമ്മച്ചിയെ എവിടേക്കെല്ലാമോ കൊണ്ടു പോയിരുന്നു.  പിന്നെ എന്തിന്‍റെയെല്ലാമോ കാരണങ്ങളാല്‍ സുന്നത്തുകളെല്ലാം കഴിച്ച് സെല്‍മ എന്ന എന്‍റുമ്മച്ചിയെ ലൈല ആക്കുകയായിരുന്നു. അങ്ങിനെ തന്നെ സുന്നത്തുക്കള്‍ കഴിഞ്ഞ് അലിയായ രാജയെക്കൊണ്ട് നിക്കാഹ് കഴിപ്പിക്കുകയായിരുന്നു. പിന്നീട് ഞാനും ഉമ്മച്ചിയും അലിയുടെ കൂടെ പുതിയ വീട്ടില്‍ താമസ്സിച്ചു. അന്നയാള്‍ അലിയും രാജയുമൊക്കെയായിരുന്നു.  ലാസറലിരാജയായതും ഡോ. ലാസറലിരാജയായതും പിന്നീടാണ്. ആ ബന്ധം ഉമ്മച്ചിക്കോ മറ്റ് ഞങ്ങള്‍ക്കാര്‍ക്കുമോ അല്ല ഗുണം ചെയ്തത്.  ലാസറലിക്കു മാത്രമായിരുന്നു.  ലാസറലിയുടെ ഉന്നതിയിലേക്കുള്ള പാലമായിരുന്നു എന്‍റെ യഥാര്‍ത്ഥ വാപ്പച്ചി.  അദ്ദേഹത്തന്‍റെ പേരിനിയും ഞാന്‍ പറഞ്ഞില്ല.  പറയാന്‍ കഴിയില്ല.  അതാണ് ഞങ്ങളുടെ എഗ്രിമെന്‍റ്. ലാസറലി ഉമ്മച്ചിയുടെ രേഖാ പരമായിട്ടുള്ള ഭര്‍ത്താവാണ്.  എന്‍റെ രേഖയിലില്ലാത്ത ആദ്യ ഭര്‍ത്തവും.  ഏതു രണ്ടാനച്ഛന്‍റെയും സ്വഭാവം തന്നെ ആയിരുന്നു അയാള്‍ക്കും.  അതില്‍ കൂടുതലൊന്നും അയാളില്‍ നിന്നും പ്രതീക്ഷിക്കാനും കഴിയില്ല.  അയാളുടെ ജീവിതം അങ്ങിനെയായിരുന്നു.  പക്ഷെ, അയാള്‍ക്ക് കുട്ടികളുണ്ടായില്ല.  ഉമ്മച്ചിയില്‍ മാത്രമല്ല, എന്നിലും.  ഞങ്ങള്‍ ലാസറലി രാജയുടെ, അയാള്‍ക്ക് പിന്നിലുള്ള ഗ്രൂപ്പിന്‍റെ ഉപകരണങ്ങള്‍ മാത്രമാണ്.  അലിഖിതമായ നിയമം പോലെയാണ് നടപ്പാക്കുന്നത്.  ഞാനൊരു തുറന്നു വച്ച പുസ്തകമാണ്.  കുത്തിക്കെട്ടുകളും പശ വച്ചൊട്ടിച്ചിരിക്കുന്നതും അടര്‍ന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. എല്ലാ കെട്ടുകളും വിടര്‍ന്ന് കഴിയും വരെ, അവസാനത്തെ ഒട്ടിപ്പും കൂടി വിട്ട് കിട്ടാന്‍ കാത്തിരിക്കുകയാണ,് ഞാന്‍.  മുടി അഴിച്ചിട്ട് കലി തുള്ളി പുറത്തേക്കോടിയിറങ്ങാന്‍…എനിക്കൊന്നിനെയും ഭയക്കേണ്ട കാര്യമില്ല.  അഴുകിയ ഈ ദേഹമല്ലാതെ എനിക്കൊന്നുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചു വേണമെങ്കിലും ഇത് ഉപയോഗിക്കാം… ലാസറലിയുടെ മുന്നില്‍ വച്ചോ… എന്‍റെ ഉമ്മച്ചിയുടെ, പൊതുജനത്തിന്‍റെ മുന്നില്‍ വച്ചോ…ഞാന്‍ വടയക്ഷിണിയെപ്പോലെ പുറത്തേക്ക് ഓടിയിറങ്ങി പൊതു ജനം കാണെ കലി തുള്ളി നില്‍ക്കുമ്പോള്‍ തകരാന്‍ പോകുന്നത് നമ്മുടെ രാഷ്ട്രീയത്തിന്‍റെ ഊതി വീര്‍പ്പിച്ചു വച്ചിരിക്കുന്ന മാന്യതയാണ്, സദാചാര ബോധമാണ്, പൈതൃകം എന്നഭിമാനിക്കുന്ന സംസ്കാരമാണ്….

       മദ്യത്തിന്‍റെ  അപാരമായ  കാന്തിക വലയത്തില്‍ പെട്ട് ഷാഹിനയ്ക്ക് തുടര്‍ന്ന് പറയാന്‍ കഴിയാതെ കുഴഞ്ഞ് സെറ്റിയിലമര്‍ന്നു.  മിഴി പൂട്ടാത്ത നയനങ്ങളും സശ്രദ്ധമായ കര്‍ണ്ണങ്ങളുമായി സുദേവ് ഇരിക്കുകയായിരുന്നു.  ഒറ്റയക്ഷരം പറയാനോ, എന്തെങ്കിലും ചോദിക്കാനോ കഴിയാതെ,  ഒന്നും പറയുകയോ, ചോദിക്കുകയോ ചെയ്യേണ്ട ആവശ്യവുമില്ലാതെ ഷാഹിനയുടെ ശീതീകരിച്ച ബഡ്റൂമില്‍ തന്നെ..  സമൂഹം കണ്ടാല്‍ വള്‍ഗറെന്നു പറയിപ്പിക്കും വിധത്തിലുള്ള വസ്ത്രധാരണങ്ങളും ഇരിപ്പുമാണ് അവള്‍ക്ക.്. അവളുടെ ഓരോ ഇരിപ്പും നടപ്പും കിടപ്പും പുരുഷനെ വശീകരിക്കുന്നതിനും ഏതു നേരത്തും സ്വീകരിക്കുന്നതിനും സന്നദ്ധയെന്ന് ദ്യോതിപ്പിക്കുന്ന വിധത്തിലുമാണ്.  സെറ്റിയില്‍ മലര്‍ന്ന് കിടന്നവള്‍ മയക്കത്തിലേക്ക് കടന്നപ്പോള്‍ സുദേവ് മുറിവിട്ടു പുറത്തു വന്നു.  സുദേവിന്‍റെ മനസ്സില്‍ ഒരു ചോദ്യം ഉരിത്തിരിഞ്ഞു വന്നു.  ഷാഹിന മക്കളെന്നു പരിചയപ്പെടുത്തിയ രണ്ടു കുട്ടികള്‍ അപ്പോള്‍ ആരുടേതാകാം…. ഒരു ബന്ധവും ഉത്തരവാദിത്വവും ബാദ്ധ്യതകളുമില്ലെന്ന് പറയുമ്പോള്‍ കുട്ടികള്‍ ആരുടെ ബാദ്ധ്യതയാകും….

       പുറത്ത് ശക്തിയായ വെയിലാണ്. മഴക്കാലം കഴിഞ്ഞുള്ള കന്നി വെയിലാണ്. പൊരിച്ചില്‍ അധികമാണ്. ഒരു പക്ഷെ, അധികമായതു കൊണ്ടാകണമെന്നില്ല, അടുത്ത നാളുകള്‍ വരെ ഈര്‍പ്പത്തിലും, കുളിര്‍മയിലും കഴിഞ്ഞിരുന്നതു കൊണ്ട് കടുത്ത പൊരിച്ചിലെന്ന് ദേഹത്തിന് തോന്നുന്നതാകാം.

       സുദേവ് മുറിയിലെത്തി, ഏസി ഓണ്‍ ചെയ് വച്ച് ഉച്ചയുറക്കത്തിലേക്ക് പ്രവേശിച്ചു.

       തികച്ചും ആകസ്മികമായ ജീവിതം, സുദേവിന്.  സാധാരണക്കാരനായ അച്ഛന്‍, സാധാരണക്കാരിയായ അമ്മ. ഒരു സാധാരണക്കാരന്‍റെ വീട്. ബന്ധുക്കള്‍, അയല്‍ക്കാര്‍.  പെയിന്‍റിംഗ് പണി കഴിഞ്ഞെത്തി ഇത്തിരി മദ്യവും ചോറും കറികളും ഒക്കെയായിട്ട കഴിഞ്ഞു വരവെ ആണ്, അച്ഛന്‍റെ മരണം.  ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനായിട്ട് അമ്മ ഒരു സെയില്‍സ് ഗേളാകുന്നു, കടയുടമയുമായിട്ട് ഇഷ്ടമാകുന്നു.  അവര്‍ ഒരുമിച്ച് ജീവിക്കുന്നു.  അവരുടെ ഇടയില്‍ പറയത്തക്ക ഹൃദയ ബന്ധങ്ങളൊന്നുമില്ലാതെ സുദേവ് കഴിഞ്ഞു വന്നു.  ഒരു സാധാരണ ഡിഗ്രിക്കാനായി, മറ്റു ജോലികളൊന്നും കിട്ടാതെ വന്നപ്പോള്‍ അച്ഛനെപ്പോലെ പെയിന്‍റിംഗ് തൊഴിലാളിയായി, വീടുകളെ ഭംഗിയാക്കുന്ന ജോലി.  വീടുകളെ ഭംഗിയാക്കുന്നതിനായിട്ടാണ് ചെയ്യുന്നത്,  അത് വീടിന്‍റെ ഉടമ പറയും പോലെ ചെയ്താല്‍ മതി. എങ്കിലും, ഒരു വീടിന്‍റ ഇന്നയിടത്ത് ഇന്ന നിറം കൊടുത്താല്‍ ഭംഗി കൂടും, അല്ലെങ്കില്‍ ഇന്നയിടത്ത് ഒരു വരയൊ കുറിയൊ കൊടുത്താല്‍ ശ്രദ്ധിക്കപ്പെടും എന്നുള്ള ഉള്‍ക്കാഴ്ചയില്‍ അവന്‍ മറ്റു പണിക്കാരില്‍ നിന്നും വ്യത്യസ്തമായി ജോലി ചെയ്തു വന്നു.   വൈകുന്നേരും കൂലി വാങ്ങും, പിരിയും.  പുക വലിക്കും, ചിലപ്പോള്‍ മദ്യം കഴിക്കും, വീട്ടില്‍ ഭക്ഷണമുണ്ടെങ്കില്‍ കഴിക്കും അല്ലെങ്കില്‍ ഏതെങ്കിലും ഹോട്ടലില്‍ നിന്നും കഴിക്കും.  നിത്യവും കുറച്ച് പണം അമ്മക്കു നല്‍കും.  അമ്മയോട് ഇതേവരെ വിശേഷങ്ങല്‍ തിരക്കിയിട്ടില്ല.  അവനെന്തങ്കിലും  വേണ്ടതുണ്ടോ എന്നമ്മ തിരക്കിയിട്ടില്ല.  വേണ്ടതൊന്നും അവന്‍ പറഞ്ഞിട്ടില്ല.  കുറച്ചു കഥകളെഴുതി, ചുറ്റും കണ്ടതുകള്‍ തന്നെ.  എഴുതി സ്വന്തമായൊരു ശൈലിയിലെത്തിയെന്ന് വായിച്ചവര്‍ വിലയിരുത്തി.  വായിച്ചവര്‍ സമാന്തര പ്രസിദ്ധീകരണം വായിക്കുന്നവര്‍ മാത്രമാണ്.  അതുകൊണ്ട് വളരെ കുറച്ച് പേരുടെയിടയില്‍ മാത്രം അറിയപ്പെട്ടു.  ഉള്‍ നാടുകളിലെ സാഹിത്യ കൂട്ടായ്മകളില്‍ പങ്കെടുത്തു.  അവിടെയെത്തുന്ന വിരലിലെണ്ണാവുന്ന ആളുകളെ കഥകള്‍ പറഞ്ഞു മയക്കി.  കഥയെഴുത്തും വായനയും ജീവിതത്തിന്‍റെ മുഖ്യ ഘടകങ്ങളായി.  എഴുത്തില്ലെങ്കില്‍ സുദേവ് ഇല്ലെന്നായി.  ഒരു സുഹൃത്തിന്‍റെ കനിവില്‍ സൈബര്‍ വായന തുടങ്ങുമ്പോള്‍ തന്നെ കഥകളുടെ സൈറ്റുണ്ടാക്കി.  അതിലെ കഥകള്‍ വായിച്ച് തെറി മെയില്‍ ചെയ്യുന്നവരും, നന്നെന്നു പറയുന്നവരും ഉണ്ടായി. 

       ഡോ. ലാസറലി രാജയെന്ന മഹാത്ഭുതം ജീവിതത്തിന്‍റെ വഴിത്തിരിവായത് തികച്ചും ആകസ്മികം. വര്‍ണ്ണപ്പൊലിമയുടെ ലോകത്ത് തിരക്കുകളുടെ തിരമാലപ്പാച്ചിലിനുള്ളില്‍ എത്തിപ്പെട്ടതു പോലെ ആയിരിക്കുന്നു.  വ്യത്യസ്തമായ ജീവിതങ്ങള്‍,  ജീവിത രീതികള്‍, കഥകള്‍, കഥനങ്ങള്‍…. പുതിയ അറിവുകള്‍, ധാരണകള്‍, ലോകത്തിന്‍റെ ചലനങ്ങള്‍, പ്രതിചലനങ്ങള്‍, ആവശ്യത്തിലേറെ നല്ല ഭക്ഷണങ്ങള്‍, വ്യത്യസ്തമായ മദ്യ രുചികള്‍…. ഇതിലെല്ലാം എത്തിപ്പടുന്നതിന്‍റെ തലേന്നാളു പോലും ഇങ്ങിനെയുള്ളിടത്ത് എത്തിപ്പെടുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് സുദേവ് ഓര്‍മ്മിച്ചു.  എന്താണ് ഇതിന്‍റെയെല്ലാം അര്‍ത്ഥം…കാരണം… അതോ കാരയണമില്ലായ്മയോ…കാരണത്തോടുകൂടിയതോ…. എങ്കില്‍ കാരണമെന്നതെന്തായിരിക്കാം…

       ഞെട്ടലോടെയാണ് ലതയുടെ ഫോണ്‍ കോള്‍ സുദേവ് സ്വീകരിച്ചത്.

       പ്രിയ കഥാകാരാ താങ്കള്‍ ഉറക്കത്തിലാണോ… അതോ ദിവാസ്വപ്നത്തിലോ, അതോ മുറിയടെ ജനാല തുറന്നിട്ട് പ്രകൃതിയെ കാണുകയാണോ… എന്തെങ്കിലും ആകട്ടെ, നിങ്ങള്‍ കല്ല്യാണി വല്യമ്മച്ചിയെ കാണാന്‍ ശരണാലയത്തില്‍ പോയിരുന്നല്ലേ…?

       ഉവ്വ്, അത് താങ്കളെങ്ങിനെ അറിഞ്ഞു….?

       ലാസറിടത്ത് ഓരോ മുക്കിലും മൂലയിലും ഞങ്ങളുടെ കണ്ണുണ്ട്.  ഞാന്‍ പറഞ്ഞില്ലെ വ്യക്തമായ ഒരു വീക്ഷണത്തിലാണ് ഞങ്ങള്‍ നീങ്ങുന്നതെന്ന്… നല്ലൊരു ലക്ഷ്യവുമുണ്ട്…..

       എന്നോട് വ്യക്തമായി പറഞ്ഞിട്ടില്ല..

       ഇല്ല, അതിന്‍റെ സമയമാകുമ്പോള്‍ പറയും..അങ്ങിനെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് കാണിക്കനുള്ളതൊക്കെ കാണുകയും ചെയ്യേണ്ടതാണ്… പക്ഷെ, പുറം കാഴ്ചകള്‍ മാത്രം കണ്ടാല്‍ പോരാ, ഉള്‍ക്കഴ്ചകള്‍ കൂടി കാണണം..  പുറം കാഴ്ചകളെ ആര്‍ക്കും സഹതാപം ഉണ്ടാക്കും പോലെ പറഞ്ഞ് കാണിക്കുന്നതിന്‍റെ ഉദ്ദേശങ്ങള്‍ അറിയണം…ശരണാലയങ്ങള്‍, അനാഥാലയങ്ങള്‍ ഒരു വന്‍കിട വ്യാപാരമാണ്, ആത്മീയ വ്യാപാരം പോലെ….

       നിങ്ങള്‍ അവിടെ പോയിട്ടുണ്ട്…?

       ഉണ്ട്…. നിങ്ങള്‍ ഒരു കാര്യം ഓര്‍മ്മിച്ചോ… നമ്മുടേത് ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്.  ഒരു സോഷ്യലിസ്റ്റ് രാജ്യത്ത് എന്തുകൊണ്ട് അനാഥരുണ്ടാകുന്നു.  അവഗണിക്കപ്പെടുന്നവരുണ്ടാകുന്നു.  ഉപേക്ഷിക്കപ്പെട്ടവരുണ്ടാകുന്നു… ഏതൊരു പൗരനും തുല്യനീതിയും ജീവിതസാഹചര്യങ്ങളുണ്ടാക്കുവാന്‍ ബാദ്ധ്യതപ്പെട്ടതല്ലേ സോഷ്യലിസ്റ്റ് ഭരണ സംവിധാനം… അതിന് വിമുഖത കാണിക്കുന്നവരെ നിയമത്തിന്‍റെ പരിധിക്കുള്ളല്‍ കൊണ്ടുവരുവാന്‍ കഴിയേണ്ടതല്ലേ… എന്തുകൊണ്ട് എല്ലാവര്‍ക്കും സാമ്പത്തിക നീതി ലഭിക്കുന്നില്ല… എന്തുകൊണ്ടാണ് ധനം ഒരു വിഭാഗത്തിന്‍റെ കൈകളില്‍ മാത്രം അടിഞ്ഞു കൂടുന്നത്.  അഴിമതി നടത്തിയും ധനം സ്വരുക്കൂട്ടാന്‍ കഴിയുന്നത്… ഞങ്ങള്‍  ചിന്തിക്കുന്നത് ജനാധിപത്യ ഭരണത്തിന്‍റെ അപാകതയായിട്ടാണ്.  സ്വാതന്ത്ര്യം കിട്ടിയശേഷം വന്നിട്ടുള്ള എല്ലാ ഭരണകൂടവും സമ്പന്ന വിഭാഗത്തിന്‍റെ കൂടെയാണ് നിലകൊണ്ടിട്ടുള്ളത്.  തുറന്നു പറയാം കോണ്‍ഗ്രസ്സും ഇടതുപക്ഷവും ബിജെപിയും ഒരേ തട്ടില്‍ നില്‍ക്കുന്നവരായിട്ടാണ് ഞങ്ങള്‍ കാണുന്നത്.  കോണ്‍ഗ്രസ്സും ബിജെപിയും അങ്ങിനെയെ നിലകൊള്ളുകയുള്ളൂവെന്ന് വേണമെങ്കില്‍ പറയാം.  ഇടതുപക്ഷമോ….  ഇടതുപക്ഷം മനുഷ്യപക്ഷത്ത് നില്‍ക്കുവരാണെന്നാണ് എഴുത്തുകള്‍ പറയുന്നത്.  ഇന്ത്യന്‍ അവസ്ഥ വച്ച് നോക്കിയാല്‍ അങ്ങിനെയാണോ… അല്ല… ഇവിടെ ഇടതുപക്ഷം വെറുമൊരു പക്ഷം മാത്രമാണ്.  അവരും സമ്പന്ന വിഭാഗത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്… ഞങ്ങള്‍ പറയുന്നത് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ചു തന്നെയാണ്.  അവരും സഹായിക്കുന്നത് കോര്‍പ്പറേറ്റുകളെയാണ്, കുത്തകകളെ…. ഇന്ത്യന്‍ അവസ്ഥ വച്ച് കോര്‍പ്പറേറ്റുകള്‍ സവര്‍ണ്ണ വിഭാഗമാണ്.  അധഃകൃതും ദളിതനും ഇന്നും സമ്പത്തിന് പുറത്താണ്, അധികാരത്തിന് പുറത്താണ്.  സംവരണവും ഇളവുകളും സ്വാതന്ത്ര്യം കിട്ടിയ അന്നു മുതല്‍ അനുവദിച്ചിത് ഇതിനു വേണ്ടി ആയിരുന്നോ…?  സംവരണവും ഇളവുകളും അനുവദിച്ചിരുന്നത് അധികാരത്തില്‍ അധഃകൃതനും എത്തി സോഷ്യലിസം പൂര്‍ണ്ണമാകുമെന്ന് സ്വപ്നം കണ്ടിട്ടാണ്.  ആസ്വപ്നങ്ങളൊന്നും യാഥാര്‍ത്ഥ്യമാകാതെ സവര്‍ണ്ണ മേധാവിത്വത്തിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം പൊയ്ക്കൊണ്ടിരിക്കുന്നത്.

       ലതയുടെ സംസാരം ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ സുദേവ് ചോദിച്ചു.

       നിങ്ങള്‍ ആരെന്നോ, എന്തെന്നോ എനിക്കറിയില്ല.  ലാസറലിയെ കുറിച്ച് പഠിച്ചു തുടങ്ങിയപ്പോള്‍ കുറെ കാര്യങ്ങള്‍ കാണിച്ചു തന്നു, ചില കഥകള്‍ പറഞ്ഞു തന്നു.  കേട്ടിടത്തോളം ശരിയാണെന്ന ധാരണയിലാണ് ഞാന്‍.  പക്ഷെ, ഇപ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നതിന്‍റെ സാരാംശം വ്യക്തമാകുന്നില്ല.  ലാസറലിയുമായിട്ടിതിനെ ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല.  നിങ്ങള്‍ക്ക് ഒരു കഴിഞ്ഞ കാഘട്ടത്തെ നക്സലേറ്റിന്‍റെ അല്ലെങ്കില്‍ ഇക്കാലത്തെ മാവോയിസ്റ്റിന്‍റെ ശൈലിയുണ്ടെന്നു തോന്നുന്നു….

       നക്സലേറ്റും മാവോയിസ്റ്റും… നക്സലേറ്റിനെ കുറിച്ച് ഞങ്ങക്ക് വായിച്ച അറിവേയുള്ളൂ… ആനുകാലിക എഴുത്തില്‍ നക്സലേറ്റ് സാഹിത്യം നല്ലൊരു വില്‍പ്പന ചരക്കാണെന്നറിയാം… പഴയ നക്സലേറ്റ് എഴുതുന്നതും, നക്സലേറ്റിനെ കുറിച്ച് എഴുതുന്നതും വായിക്കാന്‍ ആളുണ്ട്. പക്ഷെ, ഞങ്ങള്‍ ചിന്തിക്കുന്നത് ആവരുടെ ലക്ഷ്യത്തോടു യോജിക്കാം മാര്‍ഗ്ഗത്തോടു വിയോജക്കാമെന്നാണ്…. നവോന്ഥാനകാലഘട്ടത്ത് കമ്മ്യൂണിസ്റ്റുകാര്‍ സമൂഹത്തിന് ചെയ്ത നല്ല കാര്യങ്ങള്‍ മറക്കുന്നില്ല.  വേരൊരു രീതിയില്‍ പറഞ്ഞാല്‍ മലയാളിയുടെ സാംസ്കാരിക ഉന്നമനത്തിന് അവര്‍ വളരെ വ്യക്തമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്.  ചിന്തയില്‍ വിപ്ലവം തന്നെയാണ് തീര്‍ത്തത്.  പക്ഷെ, എഴുപതുകളില്‍ അവര്‍ മുന്നോട്ടു വച്ച വിപ്ലവ മാര്‍ഗ്ഗത്തോട് യോജിക്കാന്‍ കഴിയില്ല.  പിന്നെ മാവോയിസ്റ്റ്.  വടക്കേന്ത്യയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിട്ടാണ് അറിയുന്നത്.  അധഃകൃതനും ദളിതനും വേണ്ടി വാദിക്കുകയും പലതും ചെയ്യുന്നുമുണ്ട്. പക്ഷെ, മാധ്യമങ്ങളും ഭരണ സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നത് വിശ്വസനീയമല്ല.  ഈ അടുത്ത കാലത്ത് നടന്നിട്ടുള്ള പല പോലീസ് നടപനടികളും തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ളതാണ്.  സ്വതന്ത്രമായൊരു ചിന്ത സമൂഹത്തെ അറിയിക്കുന്നവരെയും… നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നവരെയും മനുഷ്യത്വപരമായിട്ടെഴുതുന്ന സമാന്തര പ്രസിദ്ധീകരണങ്ങളെയും അരാജകരെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി ഒതുക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയാണ്, ഭരണ സംവിധാനവും രാഷ്ട്രീയ പാര്‍ട്ടികളും…ഇപ്പോള്‍ ഞങ്ങള്‍ ചിന്തിക്കുന്നത് അതൊന്നുമല്ല.  ലാസറലിയെന്ന കോര്‍പ്പറേറ്റ് സംവിധാനത്തെക്കുറിച്ചാണ്.  അഴിമതിയിലൂടെ അവരുണ്ടാക്കുന്ന സ്വത്തുകാര്യങ്ങളെ സമൂഹത്തെ അറിയിക്കുക.  ആ കുത്തകയെ തന്നെ ഉന്മൂലനം ചെയ്യുക എന്നതാണ്.  ഇപ്പോള്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയ ചിന്തയിലല്ല.  ലാസറലിയില്‍ നിന്ന്, അയാളുടെ പാര്‍ട്ടണര്‍മാരില്‍ നിന്ന് ഞങ്ങള്‍ക്കുണ്ടായിട്ടുള്ള വേദനകള്‍ക്ക് പ്രതി ദുഃഖം കൊടുക്കുക എന്നതാണ്.  അതിന് സുദേവിന്‍റെ സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ല.  പക്ഷെ, സത്യാവസ്ഥ കണ്ടിട്ട് എഴുത്തുകാരനായ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ സമൂഹത്തിന് ഗുണം കിട്ടുമെന്ന് കരുതുന്നു.

       സുദേവിന് ഒന്നും പറയാന്‍ കഴിയുന്നില്ല.  തികച്ചും പ്രതിസന്ധികരമായ അവസ്ഥ.

       സുദേവിന് ബോറായെന്നു തോന്നുന്നു.  സത്യത്തില്‍ ഇപ്പോള്‍ ഇതു പറയാന്‍ വേണ്ടിയല്ല വിളിച്ചത്, ക്ഷമിക്കണം… നിങ്ങള്‍ക്കൊരു വിരുന്നുണ്ട്… ഭക്ഷണമല്ല, നല്ലൊരു കാഴ്ച…

       കാഴ്ചയോ…?

       യേസ്… ഒരു വീതം വയ്പിന്‍റെ കാഴ്ചയാണ്… ലാസറിടത്തു വച്ചാണ് നടക്കുന്നത്.  ലാസറലി മുന്നില്‍ നിന്ന് കളിച്ച്, തട്ടിച്ച് കൈക്കലാക്കിയ ധനം പങ്കു വയ്ക്കുന്ന കാഴ്ച.

       ആരാണത്…?

       ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല.  അതു നിങ്ങള്‍ നേരില്‍ കണ്ടാല്‍ മതി.  പക്ഷെ, അതിന് സുദേവിന്‍റെ വേഷം പറ്റില്ല. ആ വേഷത്തില്‍ അവിടെ കയറാന്‍ പറ്റില്ല.  എങ്ങിനെ വേണമെന്നും എപ്പോള്‍ കയറാന്‍ പറ്റുമെന്നും ഞാന്‍ അറിയിച്ചു കൊണ്ടിരിക്കം. 

       ഫോണ്‍ ഡിസ് കണക്റ്റ്  ചെയ്യുകയും സ്വിച്ച ഓഫ് ചെയ്യുകയും ചെയ്തിരിക്കുന്നു.

       സുദേവ് ആലസ്യത്തെ മനസ്സാലെ അകറ്റി, സൂഷ്മ ദര്‍ശിനികളെ സ്വമനസ്സാലെ സ്വീകരിച്ച് കണ്ണുകളില്‍, കാതുകളില്‍ അകക്കണ്ണില്‍ കൂടുതല്‍ വെളിച്ചം കൊടുത്ത് താമസ്സിക്കുന്നിടം വിട്ട് പുറത്തിറങ്ങി.  വെയിലാറിക്കഴിഞ്ഞിരിക്കുന്നു. കാവല്‍ പുരയുടെ അടുത്തെത്തിയപ്പോള്‍ പുതിയ സെക്യൂരിറ്റിക്കാരനെന്നു കണ്ട്  പേരും നാടും വീടും വീട്ടുകാരെയും കുറിച്ച് ചോദിച്ച് പാതയുടെ അരിക് പറ്റി നടന്നു.  പണ്ട് പൊള്ളിയാലോ ചെറിയ മുറിവു പറ്റിയാലോ അമ്മമാര് കയ്യാലകള്‍ക്ക് ചേര്‍ന്ന് കയ്യാലയില്‍ തന്നെ സൂക്ഷിച്ചു നോക്കി മുക്കുറ്റിയും തിരുതാളിയും കറുകയും കാട്ടു പടലും തേടി നടക്കും പോലെ. കുഞ്ഞരി പൂവുകള്‍ മോണ കാണിച്ച് ചിരിക്കുകയും തലയെടുപ്പുള്ള ഒരു റോസില്‍ ഇന്ന് വിരിഞ്ഞ മലര്‍ അഹങ്കാരത്തോടെ സൗന്ദര്യത്തെ കാണിക്കുകയും, നന്ദ്യാര്‍ വട്ട പൂക്കള്‍ കൂട്ടം കൂടി നിന്ന് വെടി പറയുന്നതിനിടയില്‍  അവനെ നോക്കി മന്ദഹസിക്കുകയും ചെയ്തു.

       തിരികെ മുറ്റത്തെത്തിയപ്പോള്‍ ലാസറിടത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ്, സമയം കഴിഞ്ഞ് അടച്ച് ജോലിക്കാര്‍ പിരിയുന്നതു കണ്ടു.  അവരുടെ കൂടെ മാനേജര്‍ ജോണ്‍സനെ കണ്ടില്ല.  അയാള്‍  മറ്റു വല്ല തിരക്കിലും പെട്ടിട്ടുണ്ടാകുമെന്ന് കരുതി.  ഓഫിസ് കെട്ടിടം കഴിഞ്ഞ് ലാസറിടത്തെ പ്രധാന വാസസ്ഥലത്തെത്തിയപ്പോള്‍ പോര്‍ച്ചില്‍ വിശ്രമിക്കുന്ന രണ്ടു കാറുകളല്ലാതെ ഒരനക്കവും കാണാനില്ല.  പോര്‍ച്ചില്‍ കൂടി കയറി വടക്കു വശത്തുള്ള മുറി മുഴുവന്‍ ഒന്ന് കണ്ണോടിച്ച് മടങ്ങി. ഓരം ചേര്‍ന്നു തന്നെ നടന്ന് പൂക്കളെ, ഇലകളെ, പുഴുക്കളെ, ശലഭങ്ങളെ കണ്ട്….

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനാല്

വീടും ബന്ധുജനങ്ങളും നഷ്ടപ്പെട്ട് ഒരഭയം എവിടെയുമില്ലാത്ത അലയുന്ന അശരണര്‍ക്ക് എക്കാലത്തും സഹായ ഹസ്തം നല്‍കി സ്വീകരിക്കുക. വിഭിന്ന ശേഷിയുള്ളവരെ പാര്‍പ്പിക്കുക. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധരെ വരെ അംഗങ്ങളാക്കുക.  അവരെയെല്ലാം ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിപാലിക്കുക.

       അംഗവൈകല്യം, ബുദ്ധിമാന്ദ്യം, മനോവൈകല്യം, കേള്‍വയില്ലായ്മ, കാഴ്ചയില്ലായ്മ എന്നിവയിലെല്ലാം അവശരായവര്‍ ഇവിയെടുണ്ട്.  സ്വന്തം പേരും സ്ഥലവും വീടുമൊന്നുമറിയാത്ത    വരുണ്ടിവരില്‍.  വ്യത്യസ്തമായ ഭാഷയും വേഷവും സംസ്കാരവും ആചാരാനുഷ്ടാങ്ങളും ഒന്നിക്കുന്നുണ്ട്.  സര്‍ക്കാരിന്‍റെ ഗ്രാന്‍റില്ലാത്ത ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ മനുഷ്യ സ്നേഹികളും ജീവകാരുണ്യ പ്രവര്‍ത്തകരും സഹായിച്ചാണ് നിര്‍വഹിക്കുന്നത്.

       മനുഷ്യന്‍റെ സ്നേഹ രാഹിത്യത്തെ കുറിച്ചും, അറ്റു പോയ ഹൃദയ ബന്ധങ്ങളെകുറിച്ചും ലൈംഗീകാതിക്രമങ്ങളെ കുറിച്ചും കൊടും ക്രൂരതകളെ കുറിച്ചും ഒറ്റപ്പെടലിന്‍റെ അഗാധ ദുഃഖത്തെ കുറിച്ചും എല്ലാം  മറക്കുന്ന ഭ്രന്തിന്‍റെ അവസ്ഥയെ കുറിച്ചും ഇവിടം നമ്മളെ ഓര്‍മ്മപ്പെടുന്നു.  നമ്മളിലെ വികല വീക്ഷണങ്ങളെ അപ്പാടെ അമൃതവല്‍ക്കരിക്കുന്നു, ഇവിടത്തെ അന്തരീക്ഷം.  നരകത്തില്‍ നിന്നും രക്ഷപെട്ടെത്തിയവരാണിവര്‍.  ഇനിയും അവര്‍ക്ക് ആ നരകത്തിലേക്ക് മടങ്ങേണ്ടിവരില്ലെന്നും വിശ്വസിക്കുന്നു.  ഇവിടെയുള്ള ഓരോരുത്തര്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്.  ഓരോരുത്തരും അനുഭവിച്ച വേദനകള്‍, യാതനകള്‍ നിറഞ്ഞ കഥകള്‍….

       കൊടും ചതിയുടെ ആഘാതത്തില്‍ നിന്നും മോചിച്ച് ധ്യാന നിമഗ്നരായിരിക്കുന്നവരാണ്, ചിലര്‍.  അമിത ലഹരിയില്‍ നിന്നം മോചിതരായി പുതിയ ഭാവനകള്‍ മെനഞ്ഞ് സ്വര്‍ണ്ണ ഗോപുരങ്ങള്‍ തീര്‍ക്കുന്നു, ചിലര്‍. കവിതകള്‍ ചൊല്ലിയും കഥകള്‍ പറഞ്ഞും സഹജീവികളെ സന്തോഷിപ്പിക്കുന്നു, ചിലര്‍. ചിത്രങ്ങള്‍ വരച്ച് കാണിച്ച് അതിന്‍റെ മായികമായ അര്‍ത്ഥതലങ്ങളിലേയ്ക്ക് കടന്നു ചെല്ലാന്‍ ക്ഷണിക്കുന്ന ഒരു ചിത്രകാരന്‍.  പ്രശസ്തിയുടെ മകുടത്തില്‍ കയറി നിന്ന് അഹങ്കരിച്ച ഒരു ക്രിക്കറ്റര്‍…. ഉന്നത ഉദ്ദ്യോഗസ്ഥരായിരുന്നവരും, പണ്ഡിതരും, പാമരരും, ഗായകനും, ഗിത്താറിസ്റ്റും, സിനിമ സംവിധായകനും….

       നിവേദിതയോടൊത്താണ് സുദേവ് കല്ല്യാണി വല്യമ്മച്ചിയെ പാര്‍പ്പിച്ചിരിക്കുന്ന കരുണാലയത്തില്‍ പോയത്.  മങ്കാവുടിയിലെ പ്രൈവറ്റ് ബസ്സ്റ്റാന്‍റില്‍ നിന്നും അര മണിക്കൂര്‍ ബസ് യാത്ര വേണ്ടി വന്നു, അവിടെയെത്താന്‍. ബസ്റ്റോപ്പില്‍ നിന്നും അഞ്ച് മിനിട്ട് നടന്ന് പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ നിവേദിതക്ക് അകാരണമായൊരു വിറയല്‍ തോന്നി.  അവള്‍ ആദ്യമായിട്ടാണിങ്ങിനെ ഒരിടത്ത് വരുന്നത്.  സുദേവും അങ്ങിനെതന്നെയായിരുന്നു.  പക്ഷെ, അവന് അതിയായ ആകാംക്ഷയാണ് തോന്നുന്നത്.  അവിടെയുള്ളവരെ കണ്ടാല്‍ എങ്ങിനെയാവും… അവരോട് എങ്ങിനെയാണ് പെരുമാറേണ്ടത്… എന്നെല്ലാം ചിന്തിച്ചു.

       അവര്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അന്വേഷണ വിഭാത്തിലെ പെണ്‍കുട്ടിയുടെ മുഖത്ത് ബഹുമാനത്തിന്‍റെ കിരണങ്ങള്‍ നിറഞ്ഞു.  അവള്‍ ഭവ്യതയില്‍ എഴുന്നേല്‍ക്കുകയും റജിസ്റ്ററില്‍ അവരുടെ വിവരങ്ങള്‍ ചേര്‍ത്ത് അകത്തേക്ക് പോകുന്നതിന് അനുവദിക്കുകയും ചെയ്തു.  അകത്തെ ഓരോയിടത്തും അവരെ കൊണ്ടു പോകുന്നതിന് ഒരു ഗൈഡ് കൂടെയെത്തി.  നന്നെ കറുത്ത, വെളുത്ത യൂണിഫോമിട്ട അവര്‍ക്കും സുദേവിനോടും നിവേദിതയോടും ബഹുമനമാണെന്ന് മുഖത്ത് വിരിഞ്ഞ ചിരിയില്‍ നിന്നും ഗ്രഹിക്കാം.

       ഓഫീസിലുള്ളവരെ കണ്ട്, സെക്രട്ടറിയെ കണ്ട്, അവര്‍ ആദ്യം കല്ല്യാണി വല്യമ്മച്ചിയെ കണ്ടു.  പിങ്ക് പൂക്കളുള്ള വെളുത്ത നൈറ്റിയില്‍ വല്യമ്മച്ചി കട്ടിലില്‍ കിടക്കുന്നു.  അതൊരാള്‍ക്ക് വേണ്ടിയുള്ള മുറിയാണ്.  അവരെ കണ്ടിട്ട് വല്യമ്മച്ചി എഴുന്നേറ്റില്ല.  കല്ല്യാണി വല്യമ്മച്ചിയുടെ ഓര്‍മ്മയില്‍ അവരില്ലെന്ന് നിവേദിതക്ക് മനസ്സിലായി.

       പിന്നീട് കുറെ ജീവിതങ്ങള്‍…

       ഗൈഡ് എല്ലാവരെയും പരിചയപ്പെടുത്തുകയും അവരുടെ കഥകള്‍ പറയുകയും ചെയ്തു കൊണ്ടിരുന്നു, ഇടയ്ക്ക് സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിന്‍റെ ബുദ്ധിമുട്ടുകളും സെക്രട്ടറി അനുഭവിക്കുന്ന വിഷമതകളും.  ചില മുറികളില്‍ വളരെപ്പേരും, മറ്റു ചില മുറികളില്‍ ഒറ്റയ്ക്കും താമസ്സിക്കുന്നവര്‍, ജയിലറയില്‍ കിടക്കും പോലെ രണ്ടു പേര്‍… അവര്‍ വിഭ്രാന്തിയില്‍  മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ് ഗൈഡ് ജയിലഴികളെ നിസ്സാരവല്‍ക്കരിച്ചു.

       ഭക്ഷണം ഒരുമിച്ചാണ്, അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും. പ്രാര്‍ത്ഥനകഴിഞ്ഞ് ഭക്ഷണപ്പുരയിലെത്തിയപ്പോള്‍ അവരെ കൂടാതെ ഇരുപതോളം സന്ദര്‍ശകരുണ്ടെന്ന് സുദേവ് കണക്കു കൂട്ടി.  അതില്‍ ഒരു പരിചിത മുഖവും.  ഭക്ഷണ മേശയില്‍ അടുത്തടത്തിരുന്നപ്പോള്‍ സുദേവ് നിവേദിതയോടു ചോദിച്ചു.

       എല്ലറ്റിനും ഒരു കച്ചവടക്കണ്ണില്ലേ…?

       അവള്‍ക്ക് മനസ്സിലാകാതെ സുദേവിനെ നോക്കി.

       സന്ദര്‍ശകരെ ദുരിതങ്ങള്‍ അറിയിച്ച്…

       പ്ലീസ്…

       നിവേദിതക്ക് ആ വീക്ഷണം ഇഷ്ടപ്പെട്ടില്ല.  അവളുടെ മുഖം കറുക്കുകയും നിശ്ശബ്ദയായിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.

       പിരിയുമ്പോള്‍ കുറെ ലഘുലേഖകള്‍ അന്വേഷണവിഭാഗത്തില്‍ നിന്നും അവര്‍ക്കു കിട്ടി.  ഒരു ലഘുലേഖയില്‍ അവരുടെ പേട്രണ്‍മാരുടെ ചിത്രങ്ങളോടുകൂടി വ്യക്തി വിവരങ്ങള്‍ കാണിച്ച് പരിചയപ്പെടുത്തുന്നുണ്ട്.  അവരുടെ ചീഫ് പേട്രണ്‍ സ്ഥാനത്ത് ഡോ. ലാസറലി രാജയുടെ ചിത്രം. 

       നിവേദിത ഒന്നു ഞെട്ടി.

       സുദേവ് അവളെ നോക്കി മന്ദഹസിച്ചു.

       ഗെറ്റുഗദര്‍ വേദിയില്‍ വച്ചു  കണ്ട,  ലാസറലിയുടെ നടനങ്ങളെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്….?  സുദേവ് ശബ്ദത്തില്ല ചോദിച്ചത്. അയാള്‍ നല്‍കിയ പാരിതോഷികങ്ങള്‍, വാഗ്ദാനം ചെയ്ത ധനം ഏതു പെട്ടിയിലായണ് വന്നു ചേരുന്നത്….?

***

       മടക്ക യാത്രയില്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ ജോണ്‍ വിളിച്ചു.

       സുദേവ്, നിങ്ങള്‍ പ്രധാന ദൗത്യത്തില്‍ നിന്നും അകന്നു പോകുകയാണ്.

       മനസ്സിലായില്ല.

       നിങ്ങളുടെ പ്രധാന ദൗത്യം എന്തെന്നറിയുമോ…. ആത്മകഥയെഴുത്ത്…

       അതിന്….?

       അനാഥരെ കണ്ടെടുക്കലും, അവരെ ശ്രുശ്രൂഷിക്കലും ശരണാലയത്തിലെത്തിക്കലുമല്ല..

       അതെന്‍റെ ദൗത്യത്തിന്‍റെ ഭാഗമാണെന്ന് കാണുന്നില്ല.  ഒരു മനുഷ്യനായതിന്‍റെ ഭാഗമാണ്… അതിനെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്ക് എന്താണധികാരം…..? ഈ ഫോണ്‍ വിളിക്കുന്ന താങ്കള്‍ ആരെന്നു വെളിപ്പെടുത്താന്‍ പോലും തയ്യാറാകാത്ത…..

       ആത്മകഥ കമ്മിറ്റി…..

       ഫോണ്‍ വിളിക്കുന്നത് കമ്മിറ്റിയല്ല… ഒരു വ്യക്തിയാണ്… ആ വ്യക്തി ആരെന്നാണ് ഞാന്‍ ചോദിച്ചത്… അതു വ്യക്തമാക്കാതെ എന്നോട് ആജ്ഞാപിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്…? ആത്മകഥയെഴുതാന്‍ ഡോ. ലാസറലിയാണെന്നെ ചുമതലപ്പടുത്തിയത്… അദ്ദേഹത്തിന്‍റെ അറിവോടുകൂടിയാണ് കല്ല്യാണി വല്യമ്മച്ചിയെ കണ്ടെത്തിയതും, മറ്റ് കാര്യങ്ങള്‍ ചെയ്തതും….

       ജോണ്‍ പെട്ടന്ന് ഫോണ്‍ ഡിസ്കണക്ട് ചെയ്തു.  തിരിച്ചു വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാക്കിയിരിക്കുന്നു.

       മങ്കാവുടി നഗരത്തില്‍ നിന്നും നിവേദിതയെ ബസ്സില്‍ കയറ്റി അയച്ച് സുദേവ് വാസയിടത്തെത്തിയപ്പോള്‍ സായാഹ്നമായി.  പനീര്‍ശെല്‍വം അവനെ കാത്തു നിന്നുരുന്നു.

       സാര്‍, പെരിയ സാര്‍ വിളിക്കതുക്കു ശൊല്ലിയാച്ച്….

       ഉം..

       സുദേവിന്‍റെ മുഖത്തെ കാഠിന്യം കണ്ട് പനീര്‍ശെല്‍വം ഉടനെ തന്നെ അവിടം വിട്ടു പോയി.

       മുറിയില്‍ കയറി ജനാലകളെ തുറന്നിട്ട് അവന്‍ പുകവലിച്ചു.  മനസ്സ് ലാഘവത്തിലേക്ക് വന്നതിനു ശേഷം ലാസറലിയെ വിളിച്ചു.

       സാര്‍…

       അവരുടെ സംസാരങ്ങളെ കണക്കിലെടുക്കണ്ട… പക്ഷെ, അവരെ പിണക്കുകയും വേണ്ട. എഴുതുന്നത് അവരെ കാണിച്ചു കൊള്ളാമെന്ന് ഞാനേറ്റിട്ടുള്ളതാ…

       കടവന്ത്രയില്‍ അവരുടെ ഫ്ളാറ്റില്‍ വയ്യ…

       വേണ്ട… വേറെയെവിടെ വേണെമെന്ന് അവര്‍ പറയും…

       ഏസ്….

       അനിതയുടെ ബംഗ്ലാവിലായിരുന്നു ആത്മകഥ വായന.  ഉച്ച ഭക്ഷണം കഴിഞ്ഞാണ് സുദേവ് എത്തിയത്.  ആദ്യ ദിനത്തിലേതുപോലെ തന്നെ അനിതയുടെ ജ്യൂസ് കഴിച്ചു കൊണ്ട് അവന്‍ ആത്മകഥയുടെ രണ്ടാമത്തെ അദ്ധ്യായം വായിച്ചു.  

       ഗ്രാമത്തിലും സ്കൂള്‍ ജീവിതത്തിലും മാത്രമല്ല കോളേജ് ജീവിതത്തിലും അച്ഛന്‍റെ നിഴല്‍ കൂടെയുണ്ടായിരുന്നു. കടകമ്പോളങ്ങള്‍ ഇരിക്കുന്നിടത്തു നിന്നും വളരെ അകന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തരിശ്ശായി കിടന്നിരുന്ന കുന്നിന്‍റെ മുകളിലാണ് സ്ക്കൂളുകളും കോളേജുകളും വന്നത്.  പട്ടണം ഇരിക്കുന്നിടത്തു നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കടുത്തേക്ക് വളര്‍ന്നാണ് ഇന്നത്തെ നഗരമുണ്ടായിട്ടുള്ളത്.  ആദ്യാക്ഷരം ഹൃയത്തിലേക്ക് എത്തിച്ചിരിന്ന കളരി ആശാന്മാരുണ്ടായിരുന്ന കാലം. അദ്ധ്യാപര്‍ക്കു ബഹുമാനമുണ്ടായിരുന്ന കാലം.  അച്ഛന്‍റെ നിഴലിന് കോളേജിലും പരിഗണന കിട്ടിയിരുന്നു.  ആ പരിഗണനയില്‍ ഇത്തിരി നെഗളിപ്പൊക്കെ ഉണ്ടായിരുന്നു.  പക്ഷെ, നെഗളിപ്പിനെ പുറത്തെടുത്തില്ല, അച്ഛന്‍ വഴി കിട്ടിയിരുന്ന ആദരവ് നഷ്ടമായിപ്പോയേക്കുമെന്ന ഭയം കൊണ്ട്. തന്നെയല്ല അദ്ധ്യാപകരിലേക്ക് മറ്റ് കുട്ടികള്‍ക്കുള്ള ബന്ധത്തിന്‍റെ മാധ്യമവുമായിരുന്നു.  അതുകൊണ്ടു തന്നെ ക്ലാസ്സിലെ നാരായണന്‍ നായരും വറുഗീസും ഏലിയാസും പൈലിയും കുമാരനും അന്നമ്മയും മറിയവും ഓമനയും അമ്മിണിയുമൊക്കെ ഒരാരാധനയോടെയാണ് നോക്കിയിരുന്നത്.  ആ ആരാധന ഇന്നത്തെപ്പോലെയുള്ള സുഹൃത്ത് ബന്ധമല്ല വളര്‍ത്തിക്കൊണ്ടു വന്നിരുന്നത്.  ഒരു മേല്‍ക്കോയ്മയുള്ള ബന്ധമായിരുന്നു.  ആ മേല്‍ക്കോയ്മ ബന്ധത്തില്‍ കുറച്ച അഭിമാനവും  ആസ്വാദനവും ഉണ്ടായിരുന്നു.  എല്ലാ വിഷയങ്ങളിലും ഒന്നാമന്‍, പ്രസംഗകന്‍,  സാഹിത്യകാരന്‍ ചിലപ്പോഴൊക്കെ ഗായകനും സംഘാടകനും ക്ലാസ് ലീഡറുമായിരുന്നു.  കൂടെ ചില നിശ്ശബ്ദ പ്രേമങ്ങളും.  അമ്മിണിയുടേയും അന്നമ്മയുടേയും കണ്‍കോണുകളില്‍ വിരിയുന്ന വികാരങ്ങള്‍ അങ്ങിനെയുള്ളാതായിരുന്നു.  പക്ഷെ, ഒന്നിലും മയങ്ങിയില്ല.  അന്നത്തെ മറ്റ് പ്രണയിതാക്കളെപ്പോലെ വാകമരച്ചുവട്ടില്‍ ആരും കാണാതെ മറഞ്ഞ് നിന്ന് സല്ലപിക്കുകയോ, പുസ്തകത്താളില്‍ മറച്ചു വച്ച് കത്തു കൊടുക്കുകയോ ചെയ്തില്ല.

       കോളേജില്‍ പോയിരുന്നത് നടന്നായിരുന്നു.  ടാര്‍ വിരിക്കാത്ത പഞ്ചായത്തു റോഡു വഴിയുള്ള നടത്തം രസകരമായിരുന്നു.  വേലി കെട്ടിത്തിരിച്ചിരിക്കുന്ന പറമ്പുകളില്‍ നിന്നും കപ്പയും ചേനയും ചേമ്പും നടുന്നതിനു വേണ്ടി കളയൊക്കെ ചെത്തി വെടിപ്പാക്കിയപ്പോള്‍ പുറത്താക്കപ്പെട്ട കാട്ടപ്പയുടേയും പടലിന്‍റേയും കുടുംബങ്ങള്‍ വേലിക്ക് പുറത്ത് റോഡരുകിലായിതുന്നു, താമസ്സം. അവരുടെ കുടുംബങ്ങള്‍ വളര്‍ന്ന് റോഡുകളെ കയ്യേറി നടക്കുവാന്‍ ഉതകുന്നയിടം രണ്ടടിയോ മൂന്നടിയോ മാത്രമായി ചുരുങ്ങിയിരുന്നു.  രാവിലെ പോലും അതു വഴി നടന്നു പോകുമ്പോള്‍ പെരുച്ചാഴിയും കീരിയും ചിലപ്പോള്‍ ചേരയും കുറുകെ നടന്നു പോകുന്നതു കാണാം.  കൂടെ ഉറ്റ സ്നേഹിതരാരെങ്കിലും കാണും.  രണ്ടോമൂന്നോ  ബുക്കുകളും ചോറ്റു പാത്രവും കൈയ്യിലുണ്ടാകും.  ഇന്നത്തെ പോലെ ഹോട്ടലുകളില്‍ നിന്നോ, കാന്‍റീനുകളില്‍ നിന്നെ ഭക്ഷണം കഴിച്ചിരുന്നില്ല.  അതിനുള്ള പണമൊന്നും പോക്കറ്റു മണിയായി കൊടുക്കാന്‍ കാര്‍ണവരുമാര്‍ക്ക് കഴിവില്ലായിരുന്നു.  ടാര്‍ വിരിച്ച മെയിന്‍ റോഡിലെത്തിയാല്‍ കാത്തു നില്ക്കും. മറ്റ് കൂട്ടുകാര്‍ വരാനല്ല.  തെക്കു നിന്ന് നടന്നു വരുന്ന മലയാളം പ്രൊഫസര്‍ നായരു സാറെത്താനാണ്.  അദ്ദേഹം ഖദറിന്‍റെ വസ്ത്രങ്ങളേ ധരിച്ചിരിന്നുള്ളൂ. മുണ്ട് മടക്കിക്കുത്തുകില്ല.  കയ്യില്‍ പുസ്തകങ്ങള്‍ കാണും. ചോറിന്‍റെ പൊതിയും.  വെറ്റില മുറുക്കി വായ ചുവന്നിരിക്കും.  ഇടക്കിടയ്ക്ക് റോഡിന്‍റെ വക്കത്ത് ചാറ് തുപ്പി പച്ചിലകളെ ചുവപ്പിയ്ക്കും. അദ്ദേഹത്തിന്‍റെ പിറകെ ചെറിയൊരു ജാഥ കാണും, പുസ്തകം മാറില്‍ അടുക്കിപ്പിടിച്ചിരിക്കുന്ന അനുസരണയുള്ള വിദ്യാര്‍ത്ഥികള്‍. ആണുങ്ങളും പെണ്ണുങ്ങളും.  അദ്ദേഹത്തിന്‍റെ കൂടെ നടക്കുന്നത് കഥകള്‍ കേള്‍ക്കാനാണ്. പുരാണത്തിലേതൊ പാഠ പുസ്തകത്തിലേയോ പഞ്ചതന്തം കഥളോ ഒന്നും അല്ല സാറു പറഞ്ഞിരുന്നത്.  ഗാന്ധിയുടെ കഥകളാണ്.  അക്കഥകള്‍ പറയുമ്പോള്‍ ഗാന്ധി മരിച്ചിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ രണ്ടു കൊല്ലം കൂടി ഉണ്ടായിരുന്നു.  ഞങ്ങള്‍ നായര്‍ സാറിനെ അടുത്ത ഗ്രാമത്തിന്‍റെ പേരോടുകൂടി ഗാന്ധിയെന്നു ചേര്‍ത്ത വിളിച്ചു.  അദ്ദേഹത്തെ വഴിയില്‍ കാണാത്ത ദിവസങ്ങളില്‍ അദ്ദേഹത്തോടു ചേരേണ്ടിയിരുന്ന കവല കഴിഞ്ഞുള്ള വളവ് തിരിഞ്ഞാല്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍റെ കൂടെ നടക്കാം. സില്‍ക്കു ജൂബ്ബയും കയ്യില്‍ അടുക്കിപ്പിടിച്ച പുസ്തകങ്ങളും കഷണ്ടി കയറിയ തലയും സദാ ചിരിക്കുന്ന മുഖവും.  അദ്ദേഹം പറഞ്ഞിരുന്നത് ഷേക്സ്പിയറെപ്പറ്റി, ഷെല്ലിയെപ്പറ്റി വേഡ്സ്വര്‍ത്തിനെപ്പറ്റിയൊക്കയായിരുന്നു.  അങ്ങിനെ ഞങ്ങള്‍ വിദേശിപ്പെണ്ണുങ്ങളുടെ സ്ത്രൈണതയും വെളുത്ത പുരുഷന്മാരുടെ കാവ്യാത്മകതയും അറിഞ്ഞ് നടന്നു.  ഇടക്ക് നടത്തില്‍ അല്പം വേഗത കുറച്ചാല്‍ തറനോക്കി നടക്കുന്ന കര്‍ത്താവു സാറിന്‍റെ കൂടെ ജി ശങ്കരകുറിപ്പിനെയും വൈലോപ്പിള്ളിയേയും ചങ്ങമ്പുഴയേയും അറിഞ്ഞ് കൊണ്ട് നടക്കാം.  ആരുടെ കൂടെ നടന്നാലും ഇടക്ക് മെയില്‍ റോഡ് വിട്ട് ഇടവഴി കയറി, പാടവരമ്പത്തു കൂടി നടന്ന് പൂക്കളെ കണ്ട് വെളുത്ത കൊറ്റികളുടെ കണക്കെടുത്ത് കണ്ടം കയറി കോളേജ് മലയുടെ അടിയിലെത്തി കുളത്തിന്‍റെ കരയിലൂടെ കുന്നു കയറി കോളേജ് അങ്കണത്തിലെത്തുമ്പോള്‍ ആദ്യ ബെല്ലടിച്ചിരിക്കും.  പിന്നെ ആരും ആരോടും യാത്ര പറയാതെ ക്ലാസ്സ് മുറിയകളിലെ വിശേഷണങ്ങളിലേക്ക് വ്യാപരിക്കും.

       ആദ്യ കവിത കോളേജ് സാഹിത്യവേദിയല്‍ അവതരിപ്പിച്ച രംഗം ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നുണ്ട്.  പൂവിനെ സൂചിയില്‍ കോര്‍ത്ത്  മാലയുണ്ടാക്കുന്ന ആശയമായിരുന്നു.  പൂക്കളെ സ്ത്രീകളായും സൂചിയെ അസ്വാതന്ത്ര്യമായും ആണ് ചിത്രീകരിച്ചിരുന്നത്.  കേകയില്‍ ദ്വിദീയാക്ഷരപ്രാസം വരുത്തി രചിച്ച കവിത കേള്‍ക്കാന്‍ അദ്ധ്യാപകരായിട്ട് ഒരാളേ ഉണ്ടായിരുന്നുള്ളൂ… ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്‍റിലെ അന്നത്തെ ഏറ്റവും ജൂനിയറായിരുന്ന രാമചന്ദ്രന്‍ സാര്‍.  വെളുത്ത സദാ ചിരിക്കുന്ന വട്ട മുഖമുള്ള രാമചന്ദ്രന്‍ സാര്‍ സുന്ദരനായിരുന്നു.  എല്ലാ മലയാള മാസം ഒന്നാം തീയതിയും അദ്ദേഹം വെളുത്ത മുണ്ടും ക്രീം ഷര്‍ട്ടും നെറ്റിയില്‍ ചന്ദനക്കുറിയുമായിട്ടാണ് വന്നിരുന്നത്.  അല്ലാത്ത ദിവസങ്ങളില്‍ പാന്‍റ്സും എതു നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചിരുന്നു.  അദ്ദേഹത്തെ കൂടാതെ കേള്‍ക്കാനുണ്ടായിരുന്നത് ആറു വിദ്യാര്‍ത്ഥികളാണ്.  എല്ലാ മുഖങ്ങളും ഇപ്പോള്‍ ഓര്‍മ്മയില്ല.  പക്ഷെ, നളിനിയെ മറക്കില്ല. അവള്‍ക്കന്ന് രാമചന്ദ്രന്‍ സാറിനോട് എന്തോ ഒരടുപ്പക്കൂടുതലുണ്ടായിരുന്നു.  അന്നത്തെ സാഹിത്യ സദസ്സിലെ ഒരാള്‍ മാത്രം ഇന്ന് എഴുത്തു ലോകത്ത് ഉണ്ട്, അറിയപ്പെടുന്ന കവിയാണ്.  നിരന്തരം അവാര്‍ഡുകള്‍ വാങ്ങിയും വിവാദങ്ങള്‍ മെനഞ്ഞും സ്വന്തം പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തും ജീവിതം ആസ്വദിക്കുന്നുമുണ്ട്.

***

       വിഭവ സമൃദ്ധമായ ഭക്ഷണം തന്നെയാണ്. പക്ഷെ, ആകാംക്ഷ സുദേവിനെ ആസ്വദിച്ച് ഭക്ഷിക്കാന്‍ അനുവദിക്കുന്നില്ല.

       വായിച്ചിടത്തോളം കഥയെനിക്കിഷ്ടമായി. ബാല്യവും, പഠനം പൂര്‍ത്തിയാക്കുന്ന യൗവനവും ആവശ്യത്തിലേറെ നന്നായിട്ടുണ്ട്.  ഇനി തൊഴിലില്‍ എത്തുന്നതും തൊഴിലിന്‍റെ വളര്‍ച്ചയും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.  യഥാര്‍ത്ഥത്തില്‍ ഈ ആത്മകഥയുടെ ആവശ്യം തന്നെ തൊഴിലിന്‍റെ, ഭാവി ജീവിതത്തിന്‍റെ കെട്ടുറപ്പിനു വേണ്ടിയാണ്.  അതിനുള്ള മാര്‍ഗ്ഗ രേഖകള്‍ യഥാസമയം എത്തിക്കൊണ്ടിരിക്കും.  പക്ഷെ, വിളിപ്പിച്ചത് അതു പറയുന്നതിനു വേണ്ടിയല്ല.  എന്‍റെ സാമ്രാജ്യത്തെ അപ്പാടെ തകര്‍ക്കുവാന്‍ കരുക്കള്‍ നീക്കുന്ന ഒരു വലിയ ശക്തി പുറത്തു നില്ക്കുന്നുണ്ട്.  സുദേവിന് അറിയാന്‍ ഇടയില്ല.  ഈ ബിസിനസ്സ് സാമ്രാജ്യം എന്‍റെ മാത്രം സ്വത്തല്ല.  ഇതിന് പിന്നില്‍ അമ്പതു പേരില്‍ കൂടുതല്‍ വ്യക്തികളുടെ ശക്തികളും ബുദ്ധികളും യുക്തികളും ഉണ്ട്.  അവര്‍ക്കും ശത്രുക്കളുണ്ട്.   ഇവിടെ എത്തിതെങ്ങിനെയൊക്കെയാണെന്ന് സുദേവിന് ഏകദേശ രൂപം കിട്ടിയിട്ടുണ്ടാകുമെന്ന് തോന്നുന്നു.  സുദേവ് ഒന്നറിയണം ശത്രുക്കളില്‍ എന്നോട് തോളോട് തോള് ചേര്‍ന്നു നിന്നു പ്രവര്‍ത്തിച്ച് അകന്നു പോയവരുമുണ്ട്.  അവര്‍ക്ക് പഴയ കഥകളൊക്കെ അറിയാം, സമൂഹത്തെ ധരിപ്പിക്കുകയും ചെയ്യും. നാളെ അക്കഥകള്‍ സമൂഹത്തില്‍ നിന്നും മാഞ്ഞു പോകുന്നതിനു കൂടിയാണ് ഈ ആത്മകഥ. അതിനു വേണ്ടിയാണ് സുദേവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടതും പ്രവര്‍ത്തിക്കുന്നതും.  ഒരു പക്ഷെ, ഇനി മുന്നോട്ടു പോകുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പലതിനും സുദേവ് ദൃക്സാക്ഷി കൂടി ആകാം.  ആകണമെന്നാണെന്‍റെ ആവശ്യം.  കാരണം, കൂടെ നില്‍ക്കുന്നവര്‍ കൂടി കുതികാലു വെട്ടി മതില്‍ ചാടി കടന്ന് മറഞ്ഞ് നില്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെയുള്ള എന്‍റെ പ്രതിരോധമാണ് ദൃക്സാക്ഷി.

       ഒരു പ്രഭാഷണം പോലെ നീണ്ടു പോകുന്ന സംഭാഷണം.

       അതിനിടയില്‍ ഭക്ഷണം.

       സ്വാദിഷ്ടമായ മസാലയുടേയും എരിവിന്‍റെയും പുളിയുടേയും ഉപ്പിന്‍റെയും മനം മയക്കുന്ന കൂടിച്ചേരലുകള്‍……. 

       ലൈലയും ഷാഹിനയും ഹണിയും കൂടുതല്‍ സുന്ദരികളായിരിക്കുകയും വശീകരണമുള്‍ക്കൊള്ളുന്ന സുഗന്ധ ദ്രവ്യങ്ങള്‍ പൂശുകയും ചെയ്തിരിക്കുന്നു…… 

       സുഗന്ധങ്ങളും ഭക്ഷണ മണങ്ങളും കൂടി കലരുമ്പോള്‍ മത്തു പിടിപ്പിക്കുന്നു…

       ആ മണങ്ങള്‍ക്ക് പിറകെ പോകാതിരിക്കാന്‍ സുദേവിന്‍റെ മനസ്സില്‍ ഉടക്കിയ ഒരു വാക്കാണ് ദൃക്സാക്ഷി.  ആ വാക്കിലെവിടയോ ഒരു അപായ സൂചനയുള്ളതു പോലെ… ലാസറലി അസാധാരണത്തമായതെന്തോ പ്രതീക്ഷിക്കുന്നതു പോലെ… ആ അസാധാരണ സംഭവത്തിന് സുദേവിന്‍റെ ദൃക്സാക്ഷിത്വം  ആഗ്രഹിക്കുന്നതു പോലെ.  ആവശ്യപ്പെടുന്നതു പോലെ.  ആ ദൃക്സാക്ഷിയെക്കൊണ്ട് എന്തെല്ലാമോ ഗുണമുള്ളതു പോലെ… ആദൃക്സാക്ഷിയെ ഒരു പ്രതിരോധമാക്കാന്‍ കഴിയുമെന്ന്  ലാസറലി കരുതുന്നതു പോലെ.  തുടര്‍ന്നു കേട്ടു  ഗ്രഹിച്ചപ്പോള്‍ ‘പോലെ’ എന്ന സംശയമല്ല ദൃക്സാക്ഷിയാകേണ്ടി വരുമെന്ന് സുദേവ് അറിഞ്ഞു.  ആദ്യം ദൃക്സാക്ഷി പിന്നീട് പ്രതിരോധം.  പ്രതിരോധം പിന്നീട് ടോര്‍പ്പിഡോ പോലെ ആയുധവുമാകാം.  ഉള്ളില്‍ ഒരു ഭയമുണ്ടോ എന്ന് സുദേവ് സ്വയം ചോദിച്ചു.  ഭയത്തിന്‍റെ ആവശ്യമുണ്ടോ, ഇല്ലെന്നു തോന്നുന്നു.  സുദേവിനെ മാത്രം കാത്തിരിക്കുന്ന ഒരു വ്യക്തിയോ, സഹതാപാര്‍ഹമായ ഒരു വസ്തുതയോ നിലവില്‍ ഉണ്ടോ…. ഇല്ലെന്നാണ് ഉത്തരം കിട്ടുന്നത്.  നിലവില്‍ രണ്ടു വ്യക്തികളാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. അമ്മയും നിവേദിതയും.  സുദേവിന്‍റെ ഇല്ലായ്മയില്‍ അവര്‍ ഒന്നു പതറുമെന്നത് യാഥാര്‍ത്ഥ്യമാണ്.  പക്ഷെ, അടുത്ത നിമിഷം പിടിച്ചുനിന്നു കൊള്ളും.  അവരുടെ കാലുകള്‍ക്ക് അതിനുള്ള ത്രാണിയുണ്ട്.  സുദേവ് ധൈര്യത്തിലേക്ക് വന്നു.

       ലൈലയെ, ഷാഹിനയെ, ഹണിമോളെ സുദേവ് ശ്രദ്ധിച്ചു.  അവരും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നില്ല.  അവരും ശ്രദ്ധിക്കുന്നത്  ലാസറലിയുടെ സംഭാഷണത്തെയാണ്.  അതിനുശേഷം ഉണ്ടാകുന്ന സുദേവിന്‍റെ പ്രതികരണങ്ങളെയാണ്.  ലാസറലി പറയുന്നതൊക്കെ സുദേവ് വേണ്ട രീതിയില്‍ ഗ്രഹിക്കുന്നുണ്ടോയെന്നും അതിനുള്ള പ്രതികരണങ്ങള്‍ തങ്ങള്‍ക്ക് അനുകൂലിച്ചുള്ളതാണോ എന്നും സുദേവിന്‍റെ മുഖത്തു നിന്നും അവര്‍ വായിച്ചെടുക്കുന്നുണ്ട്.

       ഭക്ഷണം കഴിഞ്ഞ് കൈകള്‍ കഴുകി വിസിറ്റിംഗ് റൂമിലെത്തി ഹണിമോളുടെ കൈയ്യിലെ ട്രേയില്‍ നിന്ന് മധുരം നുകര്‍ന്നതും അവരൊരുമിച്ചാണ്.  ലാസറലി അവിടെ നിന്നും പിരിഞ്ഞപ്പോള്‍ മറ്റുള്ളവരോട് കൂടുതല്‍ സംസാരിക്കാനും സംവദിക്കാനും ആവശ്യപ്പെട്ടപ്പോള്‍ സുദേവ് കൂടുതല്‍ ആശങ്കാകുലനായി.

***




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിമൂന്ന്

ഗെറ്റുഗദര്‍, സൗഹൃദ സംഗമം, കല്ല്യാണി വയറ്റാട്ടിയുടെ കൈകളിലൂടെ വെളിച്ചത്തിലേക്ക് വന്നവരുടെ …. അത്ഭുതപ്പെടുത്തിയ ആശയം. സുദേവിന് ആശ്ചര്യം വിട്ടാകലാന്‍ മണിക്കൂറുകളെടുത്തു. പുലര്‍ച്ചെ ജോഗിംഗിനിടയിലാണ് ലാസറലി വിളിച്ചു പറഞ്ഞത്.  പത്തു മണിക്ക് ഓഫീസിലെത്തി നേരില്‍ കാണെണമെന്ന്.  സുദേവ് എത്തിയപ്പോള്‍ ലാസറലി നീണ്ട ഒരു യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, കൂടെ പോകേണ്ടവരെക്കെ ഒരുങ്ങിയെത്തി, യാത്ര തുടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു.  സുദേവിന്‍റെ ആഗമനത്തെ കൂടിനിരുന്നവരൊക്കെ പ്രതീക്ഷിച്ചു നില്‍ക്കുന്നു.  പലരെയും നോക്കി സുദേവ ് പുഞ്ചിരിച്ചു. അനുവാദത്തോടെ ക്യാബിന്‍ തുറന്ന് അകത്തക്ക് ചെന്നു.

       നമുക്കൊരു ദെറ്റുഗദര്‍ വയ്ക്കണം… കല്ല്യാണി പെങ്ങളുടെ മക്കളുടെ…

       മക്കളുടെ…

       അവര്‍ക്കുണ്ടായ മക്കളുടെയല്ല.  അവരുടെ മക്കളൊന്നും ജീവിച്ചിരിപ്പില്ല.   അവരു വഴി പുറത്തു വന്ന മക്കളുടെ.. എത്ര പേരുണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ കല്ല്യാണിത്തള്ളയ്ക്കും അറിയില്ല.  നിങ്ങളുടെ സുഹൃത്ത് നിവേദിതയുടെ പത്രത്തില്‍ ഒരു ന്യൂസ് കൊടുക്കുക ഫോണ്‍ നമ്പറു വച്ച്, നടത്തുന്നത് നിവേദിതയുടെ പത്രക്കാരണെന്നു വേണം പുറത്തറിയാന്‍… ചെലവുകളെല്ലാം ഞാന്‍ വഹിച്ചു കൊള്ളാം… എവിടെ എങ്ങിനെ വേണമെന്ന് സുദേവിന് തീരുമാനിക്കാം… വിശദമായിട്ട് പിന്നീട് സംസാരിക്കാം… ഇന്നെനിക്ക് അത്യാവശ്യമായിട്ട് തലസ്ഥാനത്തെത്തണം…

       ഏസ്…

       ലാസറലി തിരക്കായിട്ട് പുറത്തേക്ക് പോയി.  അതിന് പിന്നാലെ, സുദേവ് തികച്ചും അന്യലോകത്ത് അകപ്പെട്ടതുപോലെ ക്യാബിന് പുറത്തു വന്നു.  പുറത്തെ ആരവങ്ങളൊക്കെ ഒഴിഞ്ഞ് ലാസറലിയുടെ അറ്റന്‍റര്‍  ഇല്ലെങ്കില്‍ ഇടനാഴി വിജനമാകുമായിരുന്നു.  അറ്റന്‍റര്‍ സുദേവിനെ നോക്കി ചിരിച്ചു.  ആ ചിരി പോലും സുദേവിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.  സുദേവ് ചരിത്രത്തിന്‍റെ ഒരു ഭാഗമാകാന്‍ പോകുകയാണ്.  ലോകത്ത് ആദ്യമായി നടക്കാന്‍ പോകുന്ന സംഗമം… വയറ്റാട്ടി മക്കളുടെ സംഗമം… എത്ര പേരുണ്ടാകാം… നൂറാകാം … ആയിരമാകാം… അതിലും കൂടുതലാകാം… നിവേദിതയുടെ സുഹൃത്തെഴുതിയ ഫീച്ചറിലെ അന്നമ്മ വല്യമ്മച്ചി നാലായിരം കുട്ടികളെയാണ് എടുത്തിട്ടുള്ളത്… കല്ല്യാണി വല്യമ്മച്ചിക്ക് അത്രയുമുണ്ടാകുമോ… ഉണ്ടാകാം… അറിയില്ല…. പക്ഷെ, എന്തിന് വേണ്ടിയാകാം ഇങ്ങിനെയൊരു സംഗമം…. ലാസറലിക്ക് ഉന്നങ്ങളുണ്ടാകാം… പത്രത്തിനും ഗുണകരമാകാം….നിവേദിതയുടെ പത്രം സസന്തോഷം സ്വീകരിയ്ക്കും.

       നിവേദിതയുടെ പത്രം കല്ല്യാണിയെന്ന അനാഥ, ഒറ്റപ്പെട്ട് ഒരു കുടിലില്‍ ദീനപ്പെട്ട് അവശയായി ഉറുമ്പരിച്ച് കിടക്കുന്നിടത്തു നിന്നും അയല്‍വാസിയായ സുകുമാരന്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെന്നും അത്യാവശ്യം അസുഖങ്ങളൊക്കെ മാറ്റി ഭക്ഷണം കഴിക്കാറാക്കി ശരണാലയത്തിലെത്തിച്ചുവെന്നുമാണ് വാര്‍ത്ത കൊടുത്തത്.  പല വാര്‍ത്തകളായിട്ട് ഏഴു ദിവസം കൊണ്ട്.  വാര്‍ഡ് കൗണ്‍സിലറുടെ ഒത്താശയും സഹകരണവും പുകഴ്ത്തി എഴുതി.  നിവേദിതയുടെ അതിരു കടന്ന ബുദ്ധിയായിരുന്നു അത്. നിവേദിതക്കും സുദേവിനും കിട്ടേണ്ടിയിരുന്നു ക്രെഡിറ്റ് അങ്ങിനെ സുകുമാരനെന്ന അയല്‍ വാസിയിലേയ്ക്കും വാര്‍ഡ് കൗണ്‍സിലറിലേക്കും മാറിപ്പോയി.  അങ്ങിനെ മാറിപ്പോയത് നന്നായെന്ന് സുദേവിന് തോന്നി.  അല്ലെങ്കിലും പിന്നീട് കല്ല്യാണിയുടെ കാര്യങ്ങള്‍ അന്വേഷിക്കേണ്ടി വരുമായിരുന്നു.  പക്ഷെ, ആരേയും അറിയിക്കാതെ അവര്‍ക്കു വന്ന എല്ലാ ചെലവുകള്‍ക്കും ലാസറലി പണമെത്തിച്ചു കൊണ്ടിരുന്നു.  കരുണാലയത്തില്‍ താമസ്സം തുടങ്ങിയപ്പോള്‍ നല്ലൊരു തുക സംഭാവനയായി അവിടെയുമെത്തി.  ആരു കൊടുക്കുന്നെന്ന് പുറത്ത് അറിയരുതെന്ന് ലാസറലി നിര്‍ബ്ബന്ധിച്ചു.  അവരുടെ കണക്കില്‍ സുദേവിന്‍റെയു സുകുമാരന്‍റെയും പോരുകള്‍ ചേര്‍ക്കപ്പെട്ടു. വാര്‍ത്തകള്‍ക്ക് ശേഷം നിവേദിതയുടെ പത്രം രണ്ടു ദിവസത്തെ ഫീച്ചര്‍ എഴുതി. 

***

       ആഴ്ചപ്പതിപ്പില്‍ നഗരത്തിലെ താരോദയം എന്ന ചെറുകഥയും പത്രത്തിലെ ഫീച്ചറും വന്നു കഴിഞ്ഞപ്പോഴാണ് നിവേദിതയുടെ സഹപ്രവര്‍ത്തകര്‍ക്കു പോലും അസാധാരണത്വം തോന്നിയത്. നിവേദിത കൊണ്ടുവന്ന ഫീച്ചര്‍ എല്ലാവര്‍ക്കും ഇഷ്ടമായി. കല്ല്യണി അമ്മച്ചിയെ അരക്ഷിതാവസ്ഥയില്‍ നിന്നും മോചിപ്പിക്കുകയും സുരക്ഷിതമായിട്ടൊരിടത്ത് എത്തിക്കകയും ചെയ്തതില്‍ നിവേദിതക്കുള്ള പങ്കും അവര്‍ അംഗീകരിച്ചു.  എന്നാല്‍ സാഗര്‍ എന്നൊരാള്‍ എഴുതിയ ചെറുകഥ, കല്ല്യാണി അമ്മച്ചിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് നഗരത്തില്‍ ഒരിക്കല്‍ ഉണ്ടായ താരോദയത്തെ കുറിച്ച് പറയുന്ന കഥ പ്രസിദ്ധീകരിച്ചത് നിവേദിത നിര്‍ബ്ബന്ധിച്ചിട്ടാണെന്ന് ഓര്‍ത്തപ്പോള്‍ സഹപ്രവര്‍ത്തകര്‍ നെറ്റി ചുളിച്ചു.

       ആരാണിയാള്‍….?

       നിവേദിത പറഞ്ഞു

       എനിക്കറിയില്ല,  ഒരു കഥ വന്നപ്പോള്‍ ആഴപ്പതിപ്പില്‍ കൊടുക്കുന്നത് നല്ലതാണെന്ന തോന്നി, അല്ലാതെ…

       നിന്‍റെ പുതിയ സുഹൃത്തു സുദേവ് എഴുതിയതാണോ…..?

       അറിയില്ല. നിങ്ങള്‍ക്കും അറിവുള്ളതല്ലെ, അയച്ച ആളുടെ വിലാസമില്ലാതെ, പോസ്റ്റലില്‍ വന്ന ഒരു കവറിലായിരുന്നു കഥ, ആദ്യം കണ്ടതും പൊട്ടിച്ചു വായിച്ചതും ഞാനല്ല. നിങ്ങളില്‍ ആരോ ആണ്.  പിന്നെ സുദേവിന് അങ്ങിനെ ചെയ്യേണ്ട കാര്യമില്ല.  സമാന്തര പ്രസിദ്ധീകണങ്ങളിലും വെബ് സൈറ്റിലും കഥകളെഴുതി തെളിഞ്ഞ ആളാണ്,  അയാള്‍ക്ക് പേരു മാറ്റി എഴുതുതേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

       എനിവെ, ആ കഥക്ക് നല്ല റസ്പോന്‍റ്സ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പത്രമോഫീസിലേക്ക് വിളിച്ച് അയാളുടെ വിലാസം ചോദിക്കുന്നവരെക്കൊണ്ട് എന്‍ക്വയറിയില്‍ പൊറുതി മുട്ടിയിരിക്കുയാണ്.

       അതിന്‍റെയിടക്കൊരു ഗെറ്റുഗദര്‍… മാനേജ്മെന്‍റ് സമ്മതിച്ചതാണ് അത്ഭുതം….

       ലാസറലിരാജ നമ്മുടെ ഒരു നല്ല ക്ലയന്‍റാണെന്നാണ,് ആഡ് വിഭാഗത്തില്‍ നിന്നറിഞ്ഞത്, പല പ്രധാന പരസ്യങ്ങള്‍ തരുന്നത് അയാളുടെ സ്ഥാപനമാണ്…

       റിയല്‍ ഇന്‍ററസ്റ്റഡ്…..

       ഇനി ലാസറലിരാജ തന്നെയാകുമോ…

       ഹേയ്… ഇത് സുദേവ് എഴുതിയതു തന്നെ, നടന്ന കഥകളൊക്കെയൊന്ന കൂട്ടി വായിച്ച് നോക്ക്. ലാസറലി എന്നൊരു ധനികന്‍ കേട്ടെഴുത്തിന് ആളെ വേണമെന്ന് പറഞ്ഞ് പരസ്യം കൊടുക്കുന്നു, ഇന്‍റര്‍വ്യൂ നടത്തുന്നു.  സുദേവ് ജോലി ഏറ്റെടുത്ത് ലാസറലിയുടെ ഗസ്റ്റ് ഹൗസില്‍ താമസ്സിക്കുന്നു.  ലാസറലിയെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു.  അതിനിടയില്‍ എഴുതിയൊരു ചെറുകഥ, സാഗര്‍ എന്നൊരു തൂലിക നാമത്തില്‍ പ്രസ്ദ്ധീകരിക്കുന്നു.

       ഇവിടെ തൂലിക നാമം ഉപയോഗിച്ചതെന്തിനെന്ന് ഒരു ചോദ്യമുണ്ട്…

       ഏസ്…. ആ ചോദ്യത്തെ നമുക്കവിടെ നിര്‍ത്താം.  ഇനിയും എഴുത്തുകള്‍ വരുമ്പോള്‍ അന്വേഷിക്കാം…

       എന്താണെങ്കിലും അക്കഥ വായനാ ലോകത്ത്  ചര്‍ച്ചാ വിഷയമായി. ഭാഷാ മേന്മയോ, നവീകരണ സ്വഭാവമോ, പുതിയതൊന്നു കൊണ്ടുവന്നുവെന്നോ, മാറിയ ചിന്ത ഉന്നയിക്കുന്നെന്നോ പറയാനാകില്ല.  വായനക്കാരുടെ പ്രതികരണം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്, സാഗറിന്‍റെ കഥകള്‍ ഇനിയും അവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

       മങ്കാവുടി ടൗണ്‍ ഹാളിലാണ് ഗെറ്റുഗദര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പത്രാധിപ സമിതിയിലെ സംഘാടക വിദഗ്ധന്‍ സിദ്ദിക് മുഹമ്മദാണ് കണ്‍വീനര്‍.  കണ്‍വീനര്‍ സിദ്ദിക്കാണെങ്കിലും എല്ലാറ്റിനും മുന്നില്‍ സുദേവാണ് ശ്രദ്ധിച്ചു കൊണ്ട് ഓടി നടക്കുന്നത്.  പത്രത്തില്‍ ന്യൂസ് മാത്രമല്ല, മുന്‍പേജില്‍ തന്നെ പരസ്യവും കൊടുത്തിരിക്കുന്നു.  കല്ല്യാണി വല്യമ്മച്ചിയുടെ മക്കളുടെ സംഗമം എന്നാണ് നാമക്കരണം.  പക്ഷെ, ക്ഷണം മക്കള്‍ക്ക് മാത്രല്ല. മക്കളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ സംഗമത്തിനോടു താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാമെന്ന് വായിച്ചെടുക്കാവുന്ന പരസ്യമാണ് കൊടുത്തിരിക്കുന്നത്.  മക്കളെന്ന പേരില്‍ തന്നെ റെജിസ്റ്റര്‍ ചെയ്തവര്‍ ഒരാഴ്ച കൊണ്ട് അഞ്ചൂറിന് മുകളിലായി.

       കല്ല്യാണി വല്ല്യമ്മച്ചിയെ ആദരിക്കല്‍, പാരിദോഷികങ്ങള്‍ കൊടുക്കല്‍, കലാപരിപാടികള്‍, ഭക്ഷണം ഇതാണ് അജണ്ടയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രത്യേക ക്ഷണിതാക്കളില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിനിമാ സൂപ്പര്‍ സ്റ്റാര്‍ വിനോദ്കുമാര്‍, സാഹിത്യനായകന്മാര്‍, സാംസ്കാരിക നായകന്മാര്‍…

       ഓഫീസ് കാര്യങ്ങള്‍ക്കായി പത്രമോഫീസിലെ ഒരു മുറിയായിരുന്നു ഉപയോഗിച്ചിരിന്നത്.  രണ്ടു നാള്‍ക്ക് മുമ്പ് അത് ടൗണ്‍ ഹാളിനോടനുബന്ധിച്ച മുറിയിലേക്ക് മാറ്റി സ്ഥാപിച്ചു.  സിദ്ദിക്കും നിയുക്തരായ മറ്റ് മൂന്നു പേരും നിവേദിതയും സുദേവും സ്ഥിരം സാന്നിദ്ധ്യമായി… എല്ലാവര്‍ക്കും സംപൂര്‍ണ്ണമായ നാലു നേരത്തെ ഭക്ഷണവും, ആവശ്യമുള്ളവര്‍ക്ക് ശരീരത്തിന് ചൂടുകൂട്ടാന്‍ മാത്രം മദ്യവും അനുവദിക്കപ്പെട്ടിരുന്നു.  സുദേവ് എല്ലാവര്‍ക്കു പ്രിയങ്കരനായി. ഇടക്കെപ്പോഴോ മദ്യം തലക്ക് പിടിച്ചിരുന്ന നേരത്ത് സിദ്ദിക്ക് പറഞ്ഞു.

       സുദേവ് കഥകളെഴുതിത്തരൂ നമ്മുടെ ആഴ്ചപ്പതിപ്പില്‍ പ്രസ്ദ്ധീകരിച്ചിരിക്കും.  ഇന്നത്തെ പല സിഥിരം എഴുത്തുകാരേക്കാള്‍ നല്ല കഥകള്‍ താങ്കള്‍ക്ക് എഴുതാനാകും.  വെബ് സൈറ്റിലെ എല്ലാ കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്….

       സുദേവ് ഒന്നു ചിരിച്ചു.  ആ ചിരിയില്‍ ഒരു വ്യംഗ്യമായ ഭാഷ അടങ്ങിയിരിക്കുന്നുണ്ടെന്ന് നിവേദിത തിരിച്ചറിയുന്നുണ്ട്.  മഹാമേരു പോലെ ഉത്തുംഗശൃംഗമായിരുന്നയിടമാണ് സുദേവിന് മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നത്.  അങ്ങിനെ തലകുനിക്കുന്നതിനുള്ളില്‍ മദ്യത്തിന്‍റെ അപാരമായ സ്വാധീനതയേയും അവള്‍ അറിയുന്നു.  അവളുടെ കഥകള്‍ പോലും വിമര്‍ശിച്ചു ചവറ്റു കുട്ടയിലേക്ക് തള്ളാനുള്ള സാഹചര്യം നോക്കിയിരിക്കുന്ന സിദ്ദിക്ക്, ഒരു പക്ഷെ, സുദേവിന്‍റെ ഒറ്റ കഥ പോലും വായിച്ചിരിക്കാനും ഇടയില്ലാത്ത സാഹചര്യത്തിലാണ് ഈ ഉറപ്പു കൊടുക്കല്‍.  നിവേദിതയുടെ കൃതികള്‍ കൂടുതലും വന്നിരിക്കുന്നത് മറ്റൊരു പ്രസിദ്ധീകരണത്തിലാണ്. അവര്‍ നടത്തിയ ഒരു കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിക്കൊണ്ടാണ് വായനക്കാരുടെ ഇടയില്‍ ശ്രദ്ധേയയായത്.  പിന്നീട് നീണ്ട വിടവു വന്നാല്‍ വായനക്കാര്‍ പത്രാധിപര്‍ക്ക് എഴുതി ചോദിക്കും നിവേദിത എവിടെ,  എഴുതാറില്ലെയെന്നൊക്കെ…  ആ ചോദ്യങ്ങള്‍ കൂടുമ്പോള്‍ അവര്‍ ഒരു കഥ ആവശ്യപ്പെടും കൊടുക്കും പ്രസിദ്ധീകരിക്കും.

       നിവേദിത വെറുതെ ചിരിച്ചു.

       ഒരു പക്ഷെ, ഇത് സുദേവിന്‍റെ വഴിത്തിരിവാകാം.  പിന്നീട് ഉറപ്പിച്ചു.  ഒരു പക്ഷെ, അല്ല, ഇത് സുദേവിന്‍റെ വഴിത്തിരിവാണ്.

       അടുത്ത നഗരങ്ങളില്‍ കൂടി സല്‍പ്പേര് കേള്‍പ്പിച്ചിട്ടുള്ള ബ്രൈറ്റ് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനാണ് പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ചുമതല.  അറിയപ്പെടുന്ന മിമിക്രിത്താരങ്ങളുടെ മിമിക്സ് പരേഡ്, പ്രശസ്തയായൊരു സിനിമാനടി നയിക്കുന്ന ഡാന്‍സ് ട്രൂപ്പിന്‍റെ നൃത്തനൃത്ത്യങ്ങള്‍,  ഒന്നു രണ്ടു സിനിമകളില്‍ പാടി ഭാവിയുണ്ടെന്ന് തെളിയിച്ച ഗായകന്‍ പങ്കെടുക്കുന്ന  ഗാനമേള, എല്ലാകൂടി മിക്സ് ചെയ്ത് രണ്ടു മണിക്കൂറാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.  മൂന്നു മണിക്ക് തുടങ്ങുന്ന പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ്  കലാ പരിപാടികള്‍ തുടങ്ങുകയും അതോടൊപ്പും  ഭക്ഷണം കഴിക്കുകയും ചെയ്യാമെന്ന സുദേവിന്‍റെ തീരുമാനം സംഘാടക സമിതി സമ്മതിക്കുകയായിരുന്നു.  ഇവന്‍റ് മാനേജ്മെന്ന് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തകര്‍ തലേന്ന് ഉച്ച കഴിഞ്ഞെത്തി സ്റ്റേജ് ക്രമീകരണങ്ങള്‍ തുടങ്ങി.

       സമയമടുക്കും തോറും വല്ലാത്തൊരു വിറയല്‍ നിവേദിതയെ ബാധിച്ചു.  ഒരു പൊതു പരിപാടിയില്‍ ആദ്യമായിട്ടാണവള്‍ മുന്നണി പ്രവര്‍ത്തകരില്‍ ഗണിക്കപ്പെടേണ്ട ഒരാളായിമാറുന്നത്.  സുദേവിന് വിറയലൊന്നും തോന്നുന്നില്ല. പക്ഷെ, ആകെ മരവിച്ച് നില്‍ക്കുന്നതു പോലെയുള്ള തോന്നലാണ്.  എവിടേക്കാണീ ഒഴുക്കെന്ന് അവര്‍ക്കു രണ്ടാള്‍ക്കും മനസ്സിലായില്ല.   ജീവിതത്തിലും ഇതുപോലെ തന്നെ. എല്ലാവരും കണക്കുകള്‍ കൂട്ടും. കൂട്ടുന്ന കണക്കുകളെ അപ്പാടെ മാറ്റി എഴുതിക്കൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകും. പലരും അതിനെ വിധിയെന്നു പറയും, സുദേവ് അതിനെ പ്രകൃതിയുടെ നിയമമെന്ന് ചിന്തിക്കും.  പ്രാര്‍ത്ഥനകള്‍ക്കോ, അര്‍ച്ചനകള്‍ക്കോ അതിനു മേല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നവന്‍ വിശ്വസിക്കുന്നു.  ദൈവമെന്നത് വെറുമൊരു വിശ്വാസം മാത്രം, നിജമല്ലാത്ത ഒരു വിശ്വാസം.  പലര്‍ക്കും ആ വിശ്വാസത്തില്‍ നിന്നും മനസ്സുഖം കിട്ടുന്നുണ്ടാകാം.  അതും ഒരു വിശ്വാസം മാത്രമാണ്.  ഒന്നും ഇല്ലായെന്നു ചിന്തിച്ചാല്‍ ഇല്ലായെന്നു തന്നെ കണ്ടാത്താന്‍ കഴിയും.  പലരും അങ്ങിനെ ചിന്തിക്കാറില്ല. ചിന്തിക്കാന്‍ കൂടി ഭയക്കുന്നു.  ആ ഭയമാണ് എല്ലറ്റിനും കാരണം, വിശ്വാസങ്ങള്‍ക്കും ആചരണങ്ങള്‍ക്കും.

       മോഹനമാക്കിയ മണ്ഡപത്തിന്‍റെ വലത്ത് വശത്ത് ഉയര്‍ന്ന പീഠത്തില്‍ കല്ല്യാണി വല്യമ്മച്ചിയെ ഇരുത്തി.  വല്യമ്മച്ചി അന്ന് ചെറ്റയില്‍ നിന്നും എറുമ്പുകള്‍ക്കിടയില്‍ നിന്നും പെറുക്കിയെടുത്തതു പോലെയല്ല. പണ്ട് ഇരുന്നതു പോലെയെന്നു പറയാന്‍ നിവേദിതക്ക് കഴിയില്ല, അവള്‍ സങ്കല്പിച്ചു നോക്കിയിട്ട് അന്നത്തെ പോലെയല്ല.  സുന്ദരിയായിരിക്കുന്നു.  വെളുത്തിരിക്കുന്നു.  വെളുത്തും ചെമ്പിച്ചും ഇടതൂര്‍ന്ന മുടി ഒതുക്കി, വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ്, കൈകളിലും കാലുകളിലും വെളുത്ത സോക്സ്ുകളിട്ട്, ബ്രൗണ്‍ നിറത്തിലുള്ള പാംഷൂ വിട്ട്, ചിരിച്ചു കൊണ്ടു മാത്രം….

       ഓഡിട്ടോറിയം നിറഞ്ഞു.  വിശേഷ വസ്ത്രങ്ങള്‍ അണിഞ്ഞവര്‍ മാത്രം വിരുന്നിനെത്തുന്നതു പോലെ, ഒരു ഗസലിന്‍റെ താളത്തില്‍, മധുരത്തില്‍ എല്ലാവരും ശാന്തരായി, പതിഞ്ഞു സംസാരിക്കുന്നവരായി…. എല്ലാവരെയും യഥാസ്ഥാനങ്ങളില്‍ ഇരുത്താനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇവന്‍റ് മാനേജ്മെന്‍റു കാരെ നോക്കി, സദസ്സിനെ നോക്കി മണ്ഡപത്തിന്‍റെ വലതു വശത്തു തന്നെ സുദേവ് ഉണ്ട്.  വല്യമ്മച്ചിയുടെ അടുത്ത തന്നെ നിവേദിതയുമുണ്ട്.  മണ്ഡപത്തിലെ കസേരകളെ ക്രമപ്പെടുത്തിക്കൊണ്ട് സിദ്ദിക്ക് മുഹമ്മദ്.

       ഇരു വശങ്ങളിലേയും കസേരകളില്‍ ഉപവിഷ്ടനായിരിക്കുന്ന സദസ്യരുടെ നടുവിലൂടെയുള്ള നടവഴിയെ അവാച്യമായൊരു ഹര്‍ഷത്തോടെയാണ് ഡോ. ലാസറലി രാജയും കുടുംബവുമെത്തിയത്.  അവരുടെ വസ്ത്രങ്ങളില്‍ എവിടെയെല്ലാം സ്വര്‍ണ നിറം ചാര്‍ത്താമോ അതെല്ലാം ചെയ്ത്, സ്വര്‍ണാഭരണങ്ങള്‍ എത്രയെങ്കിലും അണിയാമോ അത്രയും അണിഞ്ഞ് സ്ത്രീകളും, വിശിഷ്ടത എത്ര അധികമാകാമോ അത്രയും അധികമാക്കി വേഷഭൂഷാദികളുമായിട്ട് ലാസറലിയും ആണുങ്ങളും. മുന്‍ നിരയിലെ ഒഴിഞ്ഞു കിടന്നിരുന്ന ഇരിപ്പിടങ്ങളില്‍ അവരെ ആനയിച്ചിരുത്തി, വൈകാതെ സദസ്സിലേക്ക് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തി ചേര്‍ന്നു.  അവരുടെ ക്ഷണം നിരസ്സിക്കാതെ ലാസറലിയും വേദിയിലേക്കെത്തി.

       ചടങ്ങുകള്‍ തുടങ്ങുകയായി……

       മുഖ്യമന്ത്രിയുടെ ഔപചാരികമായ ഉത്ഘാടന പ്രസംഗം, ആരോഗ്യ മന്ത്രിയുടെ വക വല്യമ്മച്ചി ഇനിയും നൂറു കൊല്ലം കൂടി ജീവിച്ചിരിക്കട്ടെയെന്ന ആശംസാ പ്രസംഗം, സാഹിത്യനായകന്‍റെ , തന്നെ അത്ഭുതപ്പെടുത്തകയാണീ ഉദ്യമം എന്ന തുടങ്ങിയ പ്രസംഗത്തില്‍  മനുഷ്യന്‍ പിറന്ന് വീണയുടനെ ദേഹം വൃത്തിയാക്കുന്നതാണ് ആദ്യത്തെ സാംസ്കാരിക പ്രവര്‍ത്തനമെന്ന് അഭിപ്രായപ്പെടുകയും, അങ്ങിനെ ഒരു കാലഘട്ടത്തില്‍ ഒരു ദേശത്തിന്‍റെ മുഴുവന്‍ സാംസ്കാരിക ജീവിതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വല്യമ്മച്ചിയെ ആദരിക്കാന്‍ കരുതലോടെ നോക്കാന്‍ സന്മനസ് കാണിച്ച പുതിയ തലമുറയോട് നന്ദി പറയുകകയാണ് ഈ സമയമെന്ന് പറഞ്ഞ് നിറുത്തിയിടത്തു നിന്നും പിന്നീട് പ്രസംഗിച്ച കവിയും സാംസ്കാരിക പ്രവര്‍ത്തകനും ഒരേ വഴിയില്‍ കൂടി യാത്ര ചെയ്ത് നിര്‍ത്തിയയിടത്ത് വല്യമ്മച്ചിയെ ആദരിക്കുന്ന ചടങ്ങ് തുടങ്ങി.

       മുഖ്യമന്ത്രി പൊന്നാട അണിയിച്ചു.  ആരോഗ്യമന്ത്രി ആദ്യ പാരിതോഷികം കൊടുത്തു, തുടര്‍ന്ന് ലാസറലി വലതു കയ്യില്‍ മുത്തം കൊടുത്ത് ഒരു വൈരമാല അണിയിച്ചു.  ഒരു പണകിഴിയും കൊടുത്തു.  തുടര്‍ന്ന് കൈ മുത്തി പാരിതോഷികം കൊടുത്ത് വേദിയില്‍ നിന്നും ഓരോരുത്തരായി യാത്ര പറഞ്ഞ് ഭക്ഷണ ടേബിളിനോടടുത്തേക്ക് നീങ്ങി.  തിരക്കൊഴിഞ്ഞപ്പോള്‍ അമ്മച്ചിയെ വേദിയില്‍  നിന്നും അണിയറയിലേക്ക് നീക്കി ഭക്ഷണം കൊടുത്ത് ശരണാലയത്തിലെ തുണക്കാര്‍ കൊണ്ടുപോയി.

       ഇത് സുദേവ്, സുദേവിന്‍റെ സുഹൃത്ത് നിവേദിത. ഇവരാണ് വല്യമ്മച്ചി ഒറ്റപ്പെട്ടു കിടക്കുന്നിടത്തു നിന്നും കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചതും ശരണാലയത്തിലെത്തിച്ചതും, പത്രപ്രവര്‍ത്തകരാണ്.

       ലാസറലി, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സുദേവിനെയും നിവേദിതയേയും പരിചയപ്പെടുത്തിയത് അങ്ങിനെയാണ്.  ഭക്ഷണ ശേഷം പ്രധാന അതിഥികളെല്ലാം പിരിയുകയും കലയുടെ മേളനങ്ങള്‍ തുടങ്ങുകയും ചെയ്തു.

***

       ഉറങ്ങാന്‍ കഴിയാതെയായിരിക്കുന്നു സുദേവിന്.  കഴിഞ്ഞ രണ്ടമൂന്നു നാളുകള്‍ ഉറങ്ങാന്‍ സമയമില്ലായിരുന്നു.  ഇന്ന് ഇനിയും ഉറങ്ങാന്‍ ആറു മണിക്കൂര്‍ അവശേഷിക്കെ കഴിയാതെയും ആയിരിക്കുന്നു.  സംഘര്‍ഷഭരിതമായ മനസ്സ് ശാന്തമാകാതിരിക്കുന്നു.  മനസ്സ് നിറയെ ചോദ്യങ്ങള്‍ മാത്രം.

       എന്തിന് ഡോ. ലാസറലി രാജ ഇങ്ങിനെ ഒരു സംരംഭത്തിന് ഒരുങ്ങി.  ആത്മകഥയോ, ഓര്‍മ്മകുറിപ്പുകളോ ആയിരുന്നെങ്കില്‍ ഊഹിക്കാമായിരുന്നു.  കഴിഞ്ഞുപോയ കാലത്തെ പൊതുസമൂഹത്തില്‍ നിന്നും ഭാവിയില്‍ വരുന്ന സമൂഹത്തില്‍ നിന്നും ഒളിച്ചു വയ്ക്കുകയല്ല ഉദ്ദേശം. തന്‍റെ ജീവിത അനുഭവങ്ങളെ കണ്ടറിഞ്ഞ് കഥകളെഴുതുക എന്നതാണ് ആവശ്യം, ജീവിത അനുഭവങ്ങളെ സാഹചര്യങ്ങളെ അറിഞ്ഞ് സാങ്കല്പികമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് കഥ മെനയുക.  എന്താണിതിനുള്ള സാംഗത്യം.  അതും അനുഭവങ്ങളെ കേട്ട് എഴുതുകയല്ല.  അതിനായിട്ട് അവരുടെ ഇടത്തു തന്നെ പാര്‍പ്പിച്ച് എല്ലാവാതിലുകളും തുറന്നിട്ട് ഉള്ളിലേക്ക് കണ്ടുകൊള്ളുകയെന്ന് പറയാതെ പറഞ്ഞു കൊണ്ട്,  അപ്പോള്‍ പ്രതികൂലമായൊരു കഥയല്ലേ എഴുതാന്‍ കഴിയുക.  അല്ല, ഒരാള്‍ക്ക് ഒളിച്ചു വക്കേണ്ടതെല്ലാം പുറമെ ഒരാളെ കാണിച്ചിട്ട്, അതിനെ അധികരിച്ചെഴുതാന്‍ പറഞ്ഞാല്‍ രഹസ്യം ഒന്നുമില്ലാതെയാകില്ലെ.  അറിഞ്ഞിടത്തോളം, വളരെ കുറച്ചേ അറിഞ്ഞുള്ളൂവെങ്കിലും പുറത്തറിഞ്ഞാല്‍ ഇന്നായാലും ഭാവിയില്‍ ആയാലും ലാസറലിയെ സംബന്ധിച്ച് ചീത്തയാകാനേ തരമുള്ളൂ.  അദ്ദേഹത്തിന്‍റെ മാത്രം ജീവിതമല്ല, ഭാര്യയുടെ, മക്കളുടെ.

       തെരുവില്‍ നിന്നാണ് ലാസറലി ഉയര്‍ന്നു വന്നതെന്നാണ് അദ്ദേഹവും ബന്ധുക്കളും സുഹൃത്തുകക്കളും പറയുന്നത്. പക്ഷെ, എന്തായിരുന്നു അദ്ദേഹത്തിന്‍റെ ജോലിയെന്നോ, ബിസിനസ്സെന്നോ, എവിടെയായിരുന്നു തുടക്കമെന്നോ ആരും പറയുന്നില്ല.  ഇപ്പോള്‍ പലരുടേയും ബിനാമിയാണെന്നും, പലര്‍ക്കു വേണ്ടി പല ജോലികളും ബിസിനസ്സുകളും ചെയ്യുന്നുണ്ടെന്നും പറയുന്നുണ്ട്.  ലതയെന്ന ഫോണ്‍കാരന്‍ തരുന്ന അറിവുകള്‍ വച്ച് കേള്‍ക്കുന്ന കഥകളെല്ലാം ശരിയാണെന്നു തോന്നുന്നു. അവിടേക്കൊന്നും കഥയെഴുത്തോ ആത്മകഥയെഴുത്തോ എത്തിയിട്ടില്ല.  സുദേവിന്‍റെ ഇവിടത്തെ രണ്ടു മാസത്തെ ജീവിതത്തിനിടയില്‍ രണ്ടു കഥകള്‍ മാത്രമാണ് മെനഞ്ഞെഴുതാന്‍ കഴിഞ്ഞിട്ടുള്ളത്.  ഭ്രാന്തിയായ ജാനമ്മയും കുഞ്ഞാറുമേരിയെന്ന അവിഹിതവും ഒരേ വീക്ഷണ കോണില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന കഥ.  അതിനെ അദ്ദേഹം നിഷേധിച്ചു കളഞ്ഞു.  പക്ഷെ, പിന്നീടെഴുതിയ കല്ല്യണി എന്ന  നഗരത്തിലെ താരോദയം അദ്ദേഹവും വായനാ സമൂഹവും തൃപ്തിയോടെ സ്വീകരിച്ചു.  സാഗര്‍ എന്ന തൂലികാ നാമം സ്വീകരിച്ചതിലും അദ്ദേഹത്തിന് മതിപ്പുണ്ട്.  തുടര്‍ന്നാണ് ലക്ഷങ്ങള്‍ മുടക്കിയ സൗഹൃദ കൂട്ടായ്മ. എന്തിനു വേണ്ടിയായിരുന്നു അത്.  കല്ല്യാണി വല്യമ്മച്ചി ലാസറലിയെ തിരിച്ചറിയുക കൂടിയുണ്ടായില്ലെന്ന് തോന്നുന്നു.  അവരെടുത്ത മകനെന്ന വ്യാജേന ആദ്യ കൈ മുത്തി പാരിതോഷികം കൊടുത്തത് ലാസറലിയായിരുന്നു.  അതിനു മുമ്പ് കുടിലില്‍ നിന്നും അവശയായി കണ്ടെടുക്കുന്നതു മുതല്‍  എല്ലാ ചെലവുകളും അയാളു തന്നെ ചെയ്തു.  ഇനിയും എന്തും അയാള്‍ തന്നെ ചെയ്യുമെന്ന് വാഗ്ദാനം മാത്രമല്ല.  ഒരു പക്ഷെ, ആ വല്യമ്മ അവിടെ ജീവിച്ചിരിക്കുന്ന കാലത്തോളം, ആ ശരണാലയത്തിന്‍റെ എല്ലാ ചെലവുകളും ലാസറലി തന്നെ നിര്‍വ്വഹിക്കുകയും ചെയ്യുമായിരിക്കാം.

       ജനവാതില്‍ തുറന്ന് സുദേവ് സുഹൃത്തുക്കളെ തിരഞ്ഞു.  പ്ലാവ്, പേര എല്ലാവരും ഗാഢ നിദ്രയിലാണ്.  പലപ്പോഴും കരഞ്ഞ് പിഴിഞ്ഞ് ശല്യം ചെയ്തിരുന്ന ചീവീടുകള്‍ പോലുമില്ല കൂട്ടിരിക്കാന്‍.  മിന്നാമിങ്ങുകള്‍ കൂടി ഉറങ്ങുന്ന നേരം.  തെന്നല്‍ പേലും ഉണര്‍ന്നിരിക്കാത്ത നേരം.  ഇലകള്‍ നിശ്ചലമായി, ചില പൂക്കള്‍ മാത്രം കണ്‍ തുറന്നിരിക്കുന്നു. അവര്‍ക്ക് രാത്രി ഒഴിവാക്കാന്‍ പറ്റാത്തതു കൊണ്ടാകാം. നേരും പുരലരുന്നത് അവരെ കണ്ടും കൊണ്ടും ശ്വസിച്ചു കൊണ്ടും വേണമെന്ന് ചിന്തിച്ചിട്ടാകാം.  അണ്ണാറക്കണ്ണനെ, ഉപ്പന്‍ കാക്കയെ, കരികിലം പിട കുടുംബത്തെ കണ്ടിട്ട് ദിവസങ്ങളായിരിക്കുന്നു.   അന്ന് കാട്ടിലേക്കുള്ള വഴിയെ കുറുകെ നിന്ന കീരിയും കുടുംബവും മക്കളില്ലാതെ, ഭര്‍ത്താവും ഭാര്യയും മാത്രമായി ഒരിക്കല്‍ പ്ലാവിന്‍ ചുവട്ടില്‍ വന്ന് മുകളിലേക്ക് നോക്കി നിന്ന് കുശലം ചോദിച്ചു പോയതാണ്.  മാവിന്‍റെ തടി വഴി ആരോ ഒരാള്‍ മുകളിലേക്ക് കയറി വന്ന് ജനല്‍ പൊക്കമെത്തിയിരിക്കുന്നു. മുല്ലയല്ല.  ആരെന്ന് തിരിച്ചറിയാനാകുന്നില്ല, ഇരുട്ട്.  കാറ്റില്ലെങ്കിലും നേര്‍ത്തൊരു തണുപ്പ് ഉള്ളിലേക്ക് അരിച്ചു കയറുന്നുണ്ട്.  അത് സുഖം തരുന്നുണ്ട്.  ഫാനിനെ ഓഫ് ചെയ്ത് സുദേവ് കിടന്നു.

       പ്രകൃതിയുടെ സുഖലാളനയില്‍ സുദേവ് ഒന്നു മയങ്ങിതായിരുന്നു.  പെട്ടന്ന് അലാറം വച്ച് ഉണരുന്നതു പോലെ ഒരു സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.  സ്വപ്നത്തില്‍ ലാസറലി രാജ വന്ന് അവനോട് പറഞ്ഞു. ഞാന്‍ നിര്‍ഭയനാണ്, നിര്‍ഭയനാണ്, നിര്‍ഭയനാണ്. സ്വപ്നത്തില്‍ ലാസറലി നഗ്നനായിരുന്നു . അയാളുടെ രോമാവ്രതമായ അരോഗദൃഢഗാത്രവും ഉറച്ച പേശികളും സുദേവിനെ  അത്ഭുതപ്പെടുത്തി.  ഇത്ര പ്രായമായിട്ടും അയാളുടെ ഉന്മേഷവും ഉണര്‍വും അവനെ അമ്പരിപ്പുച്ചു.  പക്ഷെ, ലാസറലിയുടെ നഗ്നതയുടെ കേന്ദ്ര ബിന്ദു കാണാനില്ല.  അവിടെ മാത്രമൊരു പുക മറ കൊണ്ട് മൂടിയിരിക്കുന്നു.  സ്വപ്നത്തിലേക്ക് എവിടെ നിന്നോ നടന്നു കയറി വന്നിട്ട് നിരപ്പായ ഇടത്തെത്തി നിന്നു വിശ്രമിച്ച് മിനിട്ടുകള്‍ കഴിഞ്ഞ് മുഖത്തൊരു പുഞ്ചിരി വരുത്തി. സുദേവ്, ഞാന്‍ നിര്‍ഭയനാണ്, അതാണ് നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയെന്നു പറഞ്ഞ് പിന്‍തിരിഞ്ഞ് നടവഴിയിറങ്ങിപ്പോവുകയും ചെയ്തു.  അപ്പോള്‍ അയാളുടെ പൃഷ്ടവും മായയാല്‍ മറഞ്ഞിരുന്നു.

       ഡോ. ലാസറലി രാജ നിര്‍ഭയനാണ്.

       ഭയത്തില്‍ നിന്നാണ് ദൈവമുണ്ടായത്. ദൈവമാണ് സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നശിപ്പിക്കുന്നതും ചെയ്യുന്നത് എന്ന വിശ്വാസമുണ്ടായത്.  എല്ലാം അവന്‍റെ നിയന്ത്രണത്തിന്‍റെ കീഴിലാണെന്ന കണ്ടെത്തലുണ്ടായത്.  അവനോട് രമ്യതയില്‍ പോയില്ലെങ്കില്‍, അനിഷ്ടങ്ങള്‍ ഉണ്ടായാല്‍ ജീവിതം സുഖകരമാകില്ലെന്ന് വിശ്വസിച്ചു.  അതു കൊണ്ട് അവനെ സുഖിപ്പിക്കാന്‍ ഓരോന്നും ചെയ്യുണമെന്നു തോന്നി.  പ്രകീര്‍ത്തനങ്ങളും പുകഴ്ത്തലുകളും അങ്ങിനെ തുടങ്ങിയതാണ്. പിന്നീട് നിവേദനങ്ങളും നിവേദ്യ സമര്‍പ്പണങ്ങളുമായി പരിണമിച്ചു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പന്ത്രണ്ട്

ചാരുകസേരയില്‍ അവന്‍ കാലുകളെ നീട്ടി വച്ച് മയങ്ങി കിടന്നു. പിടയുന്ന മനസ്സിന്‍റെ നൊമ്പരങ്ങള്‍ ചെന്നി കുത്തു പോലെ അലോരസപ്പെടുത്തി കൊണ്ടിരിക്കുന്നു.

       സാര്‍…സാര്‍…

       കുമുദം അവന്‍റെ തോളത്ത് അമര്‍ത്തി കുലുക്കി വിളിച്ചു.  ആവളുടെ ദേഹത്തിന് മദിപ്പിക്കുന്നൊരു മണമുണ്ടെന്നവനറിഞ്ഞു.  കൈകള്‍ക്ക് വശ്യമായൊരു ഈര്‍പ്പമുണ്ടെന്നും.  ആ ഈര്‍പ്പം ദേഹത്തെ ഉണര്‍ത്തുന്നതായും അറിയുന്നു.

       അവന്‍ കണ്ണുകള്‍ തുറന്നു.

       ഉങ്കളുക്ക് ഏതാവത് സുഖമില്ലയാ… പൈത്യം പിടിച്ച മാതിരി ശൊല്ലതെന്നാ….?

       അവന്‍റെ തുറന്ന കണ്ണുകള്‍ക്ക് ഏറ്റവും അടുത്തു തന്നെ അവളുടെ മുഖം കാണാം.  അവള്‍ കുനിഞ്ഞ് അവന്‍റെ മുഖത്തോടടുത്തു നിന്നുമാണ് ചോദിക്കുന്നത്.

       ഓ.. വേണ്ട…

       അവന്‍ സ്വയം നിയന്ത്രണത്തിലേക്ക് ഒതുങ്ങി.  ഒരു നീണ്ട ജീവിതം ഇവളുമായി ബന്ധപ്പെട്ടു വേണ്ടിയിരിക്കുന്നു.  ഒരു പക്ഷെ, അതിന് ഈ ബന്ധം വിഘാതമാകാം.

       പനീര്‍ ശെല്‍വത്തിന് ഫോണ്‍ ഇരിക്കുമാ…?

       ഊം… ഇരിക്ക്…

       അവനെ കൂപ്പിട്…

       എന്നാ… ഹോസ്പിറ്റലില്‍ പോകണമാ…?

       ഹോസ്പറ്റലില്‍….. ഹേയ്… അല്ല… ങാ…. അതെ… അവനെ കൂപ്പിട്…

       പനീര്‍ശെല്‍വം എത്തിയപ്പഴേക്കും സുദേവ് യാത്രക്ക് ഒരുങ്ങി കഴിഞ്ഞു.  മദ്ധ്യാഹ്നത്തിലെ ചൂടില്‍ ലാസറിടം അടുത്ത ഏതാനും നാഴിക കഴിഞ്ഞാല്‍ മയക്കത്തിലേക്ക് പോകും.

       പനീര്‍  നമുക്കൊരു യാത്രയുണ്ട് ഒരു ഓട്ടോ വിളിക്ക്…

       ഓട്ടോയെതുക്ക് മാനേജരോട് ശൊന്നാല്‍ കാറു വിടുമേ…?

       കാറു വേണ്ട, ഓട്ടോ മതി… നമുക്കിന്ന് ഈ നാട്ടിലെ ഷാപ്പുകളില്‍ പോകണം…

       ഷാപ്പുകളില്‍… കള്ളു കിടിക്കതുക്ക്….?

       അതെ…..

       ഇങ്കെ അലമാരയില്‍ ഇരിക്കുമേ…?

       ആ കള്ളല്ല… നാടന്‍ കള്ള് കുടിക്കണം…

       ലാസറിടത്തിന് വടക്ക് ദിശയില്‍ പത്തു കിലോമീറ്ററെങ്കിലും ഓട്ടോ ഓടിക്കഴിഞ്ഞപ്പോള്‍ മലകള്‍ വിട്ട് നിരന്ന സ്ഥലങ്ങളെത്തി… പാടവും തെങ്ങില്‍ കൃഷിയിടങ്ങളും പരന്ന പച്ചപ്പും. മനസ്സിന് കണ്ണുകള്‍ക്ക് കുളിര്‍മയായി. പന നീരും തെങ്ങിന്‍ നീരും മാറി മാറി ഉള്ളിലേക്കെത്തിയപ്പോള്‍ സുദേവിന്‍റെ ദേഹം തണുത്തു.  കപ്പ പുഴുക്കിന്‍റെ മേലെ നാടന്‍ പരലുകളെ കുടംപുളിയിട്ട് വച്ച കറിയുടെ ചാറൊഴിച്ച് കഴിച്ചപ്പോള്‍ അനുഭവപ്പെടുന്ന സ്വാദില്‍ അവന്‍റെ മനസ്സ് നിറഞ്ഞു.  കള്ള് പതഞ്ഞ് സിരകളിലൂടെ ഒഴുകി നിറഞ്ഞപ്പോള്‍ ശാന്തമായി, ജ്വലിച്ചു നിന്നിരുന്ന ഉഷ്ണ നിറവുകള്‍…..

       പലകയാല്‍ മറച്ച ഓമേഞ്ഞ ഷാപ്പ്, ചെറുപ്പത്തില്‍ അച്ഛനോടൊത്ത് കയറിയ ഷാപ്പിലെ കപ്പയുടേയും കറിയുടേയും ഓര്‍മ്മകളെ വിളിച്ചുണര്‍ത്തുന്നു.  അച്ഛന്‍ വീണ്ടും മനസ്സില്‍ നിറഞ്ഞു വരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ഛനെ കുറിച്ച് ഓര്‍ക്കുന്നത്.  അടുത്തടുത്ത ടേബിളുകളിലെ പച്ചയായ മനുഷ്യരെ വീണ്ടും കണ്ടപ്പോള്‍ ആമോദം കൊള്ളുന്നു, അവന്‍റെ തിരതല്ലും കഥാഹൃദയം.  പക്ഷെ, ആരും ഒരു പാട്ടു പാടിയില്ല.  ഗൃഹാതുരത്വമാര്‍ന്ന പാട്ടുകളൊക്കെ അവര്‍ മറന്നു പോയിരിക്കുമെന്നവന്‍ ചിന്തിച്ചു.  ആധുനികമായ ചിന്തകളും അറിവുകളും ഉള്‍ നാടുകളിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.  അവര്‍ ഷാപ്പിലിരുന്നു പോലും പുതിയ കാര്യങ്ങള്‍ പറയുകയും പുതുഗാനങ്ങള്‍ പാടുകയും ചെയ്യുന്നു.

       അവര്‍ അവനെ മോബൈലില്‍ ഒരു നാടന്‍ പാട്ടു കേള്‍പ്പിച്ചു, കലാഭവന്‍ മണി പാടിയ ഗാനം.  പിന്നീട് ബ്ലൂടൂത്തില്‍ പ്രകമ്പിതമായൊരു ഗാനത്തിന്‍റെ സംഗീതം കേള്‍പ്പിച്ചു.  ആ സംഗീതത്തില്‍ തിമിര്‍ത്ത് നിറഞ്ഞു തുളുമ്പുന്ന സ്ത്രികളെ കാണിച്ചു.  നഗ്നമായ തുടകളും തുള്ളിത്തുളുമ്പുന്ന മാറിടങ്ങളും…

       അതിന്‍റെ ആസ്വാദനത്തില്‍ സ്വയം മുഴുകുന്ന അവരെ കയണ്ടപ്പോള്‍ സുദേവിന് വെറുപ്പു തോന്നി.  അവര്‍ ഷാപ്പിനെ വിട്ട് തോട്ടിറമ്പില്‍ കൂടി നടന്നു.  പണ്ട് കക്കയും ഞണ്ടും പിടിച്ചു നടന്നിരുന്ന തോട്ടിറമ്പിനെ ഓര്‍മ്മിപ്പിക്കുന്നു.  പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും അടിഞ്ഞു കൂടിയ.

തോട് ശോഷിച്ച് ചെളി പുരണ്ട പൂണൂലു പോലെ വളഞ്ഞ് കിടക്കുന്നു.  അവിടം വിട്ട് അവര്‍ ഓട്ടോയില്‍  ആ തോട് ചെന്ന് ചേരുന്ന പുഴ വക്കിലെത്തി.  പുഴയില്‍ കഴിഞ്ഞ മഴയില്‍ പെയ്ത വെള്ളം പൂര്‍ണ്ണമായും ഒഴുകി അകലാതെ നില്‍ക്കുന്നുണ്ട്.  പനിര്‍ശെല്‍വം പറഞ്ഞു. താഴെ അണ കെട്ടി നിര്‍ത്തിയിരിക്കുകയാണെന്ന്.  നിശ്ചലമായ വെള്ളം പുഴക്ക് പഴയൊരു പുഴയെടെ സൗകുമാര്യം നല്‍കുന്നുണ്ട്.

       അവര്‍ പുഴയുടെ കരയില്‍ ഓട്ടോയെ ഒളിച്ച് കിടക്കാന്‍ ഇടം കണ്ടെത്തി.  തോണിയില്‍ കയറി മറുകരയിലെത്തി.  അവിടെ നിന്നും സര്‍ക്കാര്‍ വക കാട് തുടങ്ങുകയാണ്.  പക്ഷെ, അവിടെയും പ്ലാസ്റ്റിക് കുപ്പികളും കവറുകളും മദ്യ കുപ്പികളും  ഭക്ഷണാവശിഷ്ടങ്ങളും അറപ്പുളവാക്കും വിധത്തില്‍ കിടക്കുന്നുണ്ട്.  ഇടുങ്ങിയൊരു നടപ്പാത അവരെ എവിടേക്കാണ് നയിക്കുന്നതെന്ന് സുദേവിന് അറിയില്ല.  ഷാപ്പ് നല്‍കിയ മത്തില്‍ അവന്‍ പൊങ്ങു തടിയെപ്പോലെ ഒഴുകി നടക്കുകയാണ്.  പുഴ കയറിയിട്ടും അവന്‍ പൊങ്ങി തന്നെ നില്‍ക്കുന്നതായി തോന്നി.  പനീറും ഓട്ടോക്കാരനും കുറച്ചൊക്കെ നിലത്ത് ചവുട്ടി നടന്നു.

       ഇടുങ്ങിയ പാത കൂടുതല്‍ ഇരുണ്ടു.  പാതയിലൂടെ  നടക്കുന്ന അവര്‍ക്ക് മുകളില്‍ പന്തല്‍ പോലെ ചോല.  ചോലയുടെ മുകളില്‍ വന്‍ മരങ്ങളുടെ മുകളില്‍ ഇരുള് പാകിത്തുടങ്ങിയിരിക്കുന്നു.  ഇരുള് തറയില്‍ കനത്തു തുടങ്ങിയ നേരം അവരൊരു കോളനിയിലെത്തി.  വട്ടത്തില്‍ എട്ടോ പത്തോ കുടിലുകള്‍ ഈറ്റയിലയാല്‍ മേല്‍ക്കൂര മേഞ്ഞിരിക്കുന്ന വീടുകള്‍ നിശ്ശബ്ദമാണ്.  കുടിലുകളില്‍ ആളുകളില്ലെന്നു തോന്നിച്ചു.

       ഹൂ…. പൂയ്…

       പനീര്‍ശെല്‍വം കൂവി.

       ഒരു വീടിന്‍റെ പിറകില്‍ നിന്നും ഒരു കറുത്ത തല, പിന്നീടത് ചാര നിറമാര്‍ന്ന ഇരുളില്‍ കറുത്തൊരു രൂപമായി തെളിഞ്ഞു.

       അണ്ണാ… പനീറാക്കും

       വീടിന്‍റെ മറവില്‍ നിന്നും ആയാള്‍ പുറത്തു വന്നു.  പിന്നീട് ഒരാളു കൂടി വന്നു.  പിന്നീടും ഒരാളു കൂടി….

       ആരെടായത്…?

       കഥയൊക്കെ എഴുതുന്ന ആളാക്കും….

       ഒരു കുടിലില്‍ വിളക്കു തെളിഞ്ഞു. മുന്നിലെ മറവാതില്‍ തുറന്ന് ഒരു സ്ത്രീ പുറത്തു വന്നു.  ആ കറുത്ത സുന്ദരിയുടെ വെളുത്ത പല്ലുകള്‍ സുദേവ് ഇരുളില്‍ തിളങ്ങുന്നതു കണ്ടു.

       വാങ്കോ സാര്‍…

       ചിരിക്കുന്ന സുന്ദരിക്ക് പിന്നാലെ അവര്‍ കുടിലിലേക്ക് കയറി.  ചെമ്മണ്ണ് മെഴുകിയ തറയില്‍ ചവട്ടിയപ്പോള്‍ സുദേവിന് ഇക്കിളിയായി.  ഒരുക്കി വച്ചരിക്കുന്ന ബെഞ്ചും ഡെസ്കും…. അതൊരു സ്ഥിരം സംവിധാനമാണെന്ന് തോന്നിച്ചു.

       പുറത്ത് പൂഹേയ് എന്ന് ശബ്ദം കേട്ടപ്പോള്‍ ആരെയോ വിളിച്ചതാണെന്ന് അവനു മനസ്സിലായി.  അവന്‍ പുറത്തിറങ്ങി നിന്നു.  അടുത്ത കുറെ മരങ്ങള്‍ക്കു പിറകില്‍ ഒരു വലിയ മരത്തിന് മുകളില്‍ ഒരു ചലനമുണ്ടാകുന്നത്,  ഇനിയും പൂര്‍ണ്ണമായും ഇരുളില്‍ മൂടാത്ത ആകാശ വെളിച്ചത്തില്‍ അവന് കാണാന്‍ കഴിഞ്ഞു.  മുകളില്‍ രൂപം കൊണ്ട ചലനം താഴേക്കിറങ്ങി. നിലത്തെ കരികിലയെ ചലിപ്പിച്ച് ശബ്ദമുണ്ടാക്കി, ഒരു കുടിലിന് പിറകില്‍ നിന്ന് കുടിലുകളുടെ നടുവിലേക്കിറങ്ങി വന്നു.  അയാളുടെ കൈയ്യില്‍ കയറില്‍ തൂങ്ങി നാലഞ്ചു കുപ്പികളുണ്ട്.

       വൃക്ഷ മുകളില്‍ ചലന മുണ്ടാക്കി കരികിലകളില്‍ ശബ്ദമുണ്ടാക്കി അവന്‍റെ മുന്നിലേക്കും പിന്നീട് കുടിലിനുള്ളിലെ ടേബിളില്‍ വന്നു ചേരുകയും ചെയ്ത കുപ്പികളിലൊന്നില്‍ നിന്ന് ഗ്ലാസ്സിലേക്ക് പകര്‍ന്ന ശുദ്ധമായ തെളിമയാര്‍ന്ന വെള്ളം അവന്‍റെ നാവിനെ തൊട്ട്, തൊണ്ടയെ തരിപ്പിച്ച് ഉള്ളിലേക്കിറങ്ങിയപ്പോള്‍ അവന്‍റെ ദേഹമൊന്ന് പ്രകമ്പനം കൊണ്ടു.

       മാനിറച്ചി… ശാപ്പിടുങ്കോ സാര്‍…

       മാനിറച്ചിയുടെ കുരുമുളക് ചേര്‍ത്ത സ്വാദ് ആവനിലേക്ക് ആഴ്ന്നിറങ്ങി… കണ്ണുകളെ നിറച്ചു. ശരീരത്തെ വിയര്‍പ്പിച്ചു.

       പനനീരും,

       കേര നീരും,

       ശുദ്ദമായ റാക്കും,

       കാട്ടിറച്ചിയും….

       ഓ… ദൈവമേ നിന്‍റെ വൈവിധ്യത….

       സാര്‍, ഇന്നേക്ക് ഇങ്കെ പടുക്കലാമാ……?

***

       ലതയുടെ ഫോണ്‍.

       സുദേവ്, താങ്കള്‍ എവിടെയാണ്… കളിഞ്ഞ രണ്ടു ദിവസമായിട്ട് ഞാന്‍ കേണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കുന്നു.  ഒന്നേ പരിധിക്ക് പുറത്ത്, അല്ലെങ്കില്‍ സ്വിച്ച്ഡ് ഓഫ്….

       അതെ, ആയിരുന്നു…. ശരീരം കൊണ്ട് പരിധിക്കകത്തു തന്നെയായിരുന്നു.  പക്ഷെ, മനസ്സിനെ പരിധിക്ക് പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു.  എഴുത്തുകാരന്‍ ചിലപ്പോഴൊക്കെ അങ്ങിനെയാണ്…

       ഓക്കെ… ഞാനതിനെ ചോദ്യം ചെയ്തതല്ല… ഒരു പ്രധാനകാര്യം അറിയിക്കാനുണ്ടായിരുന്നു.  ഇപ്പോള്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ സന്നദ്ധമായ മനസ്സുണ്ടോ.. താങ്കല്‍ക്ക്…

       പറഞ്ഞു നോക്കണം… അതിനെ സ്വീകരിക്കണമോ,  വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം..

       ശരി പറയാം.. കല്ല്യാണി വയറ്റാട്ടി ജീവിച്ചിരിക്കുന്നു.

       ഓ… ഷുവര്‍…?

       ഏസ്…

       സുദേവ് ത്രില്ലിലായി… പെട്ടന്ന് എവിടെ നിന്നെല്ലാമോ ഉേډഷം വന്ന് ശരീരത്തില്‍ നിറയുന്നതു പോലെ… ദൃശ്യ മാദ്ധ്യമത്തിലെ ഒരു പരസ്യത്തില്‍ കണ്ടതു പോലെ… ഒരു കുപ്പി ദ്രാവകം കുടിച്ചു കഴിയുമ്പോഴേക്കും സൂപ്പര്‍സ്റ്റാറിന് പത്തോ, ഇരുപതോ, നൂറോ പേരെ ഇടിച്ചു തെറിപ്പിക്കാന്‍ ശക്തി കിട്ടുന്നതു പോലെ….

       നഗരത്തിന്‍റെ ചേരി ഇന്നില്ല.  അവിടെയായിരുന്നു. ഈ നഗരത്തിന്‍റെ വസ്ത്രങ്ങളെ അലക്കി വെളുപ്പിച്ചിരുന്നവര്‍ കൂട്ടമായിട്ട് പാര്‍ത്തിരുന്നത്.  ചുമട്ടു തൊഴിലാളികളും ചെറു മോഷ്ടാക്കളും വേശ്യകളും കൂലി വേലക്കാരും കുടിലുകള്‍ കെട്ടി അന്തിയുറങ്ങിയിരുന്നത്.  അവര്‍ പാര്‍പ്പു തുടങ്ങുന്നതിന് മുമ്പ് കുറ്റിക്കാടുകളായിരുന്നു.  കമ്മ്യൂണിസ്റ്റു പച്ചകളും പുല്ലാന്തിച്ചെടികളും കാട്ടപ്പകളും നിറഞ്ഞ് അവിടവിടെ തലയുയര്‍ത്തി നിന്നിരുന്ന പേര് എടുക്കാത്ത എന്തെങ്കിലുമൊക്കെ മരങ്ങളും ഇടക്കിടക്ക് കായ്ക്കാത്ത പ്ലാവുകളും കായ്ക്കുന്ന നാടന്‍ മാവുകളും ആഞ്ഞിലി മരങ്ങളും….

       ഇവിടെ വന്ന് കയ്യേറി കൂര തല്ലക്കൂട്ടി പാര്‍ത്ത് പട്ടയം കിട്ടി സ്വന്തം വിലാസമുണ്ടാക്കി കഴിഞ്ഞിരുന്നവര്‍ ഇന്ന് എവിടേക്കെല്ലാമോ പിരിഞ്ഞു പോയിരിക്കുന്നു. അവിടമാകെ മനോഹരമായ വില്ലകളും മാളികകളും മതിലുകളും ഗെയിറ്റുകളും വന്ന് റോഡുകള്‍ വിജനമായിരിക്കുന്നു. ആ വിജനതയിലൂടെ അവര്‍ നടന്നു.  സുദേവും നിവേദിതയും.

       അവരുടെ വെറുമൊരു ഊഹമായിരുന്നു.  ആ വീട് ഇവിടെ തന്നയായിരിക്കണം.  എല്ലാം പോയിരിക്കന്നു.  പക്ഷെ, ഒരു വളവ് തിരിഞ്ഞിടത്ത് റോഡിന് വലതു വശത്ത് ഓടിട്ട്, പലകകള്‍ മറച്ച് ഒരു വീട്.  അതിന്‍റെ മേല്‍ക്കൂര ഒരു വശം തകര്‍ന്ന് നിലത്ത് വീണിരിക്കുന്നു.  മുറ്റമെന്നൊന്നില്ലാതെ കാട് പിടിച്ചിരിക്കുന്നു.  പുല്ലുകളെ വകഞ്ഞ് മാറ്റി വീടിന്‍റെ വരാന്തയില്‍ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാനായി എട്ടു പത്തു പൂച്ചകള്‍ കറുപ്പില്‍, വെളുപ്പില്‍ ചാരത്തില്‍ പുള്ളികളുമായിട്ട,് രണ്ടുമൂന്നു കുഞ്ഞുങ്ങളുമായിട്ട്, അകത്തു നിന്നും പുറത്തേക്കെത്തി.  എല്ലാം പട്ടിണിക്കോലങ്ങള്‍.

       ഈ വീട് കല്ല്യാണി വയറ്റാട്ടിയുടേതു തന്നെയാണ്.

       എങ്കില്‍ ഇതുമാത്രം എങ്ങിനെ നിലനിന്നു…. ഇതിനെ ഒഴിവാക്കി പിറകില്‍ മതില്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു. കാഴ്ചയില്‍ റോഡ് പുറമ്പോക്ക്.

       ഒരു പക്ഷെ, രേഖകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ വാങ്ങാന്‍ ആളില്ലാതെ വന്നതാകാം. 

       എന്താണെങ്കിലും ഇവിടെ ആള്‍ പാര്‍പ്പുണ്ട്.  അല്ലെങ്കില്‍ ഇടിഞ്ഞു പൊളിഞ്ഞ് പോകുമായിരുന്നു.  ഈ വീടിന്‍റെ ഗെയിറ്റ് ഇത്ര അടുത്തായ സ്ഥിതിക്ക് പഴുതു കിട്ടിയിരുന്നെങ്കില്‍ അവര്‍ ഇടിച്ചു നിരത്തിക്കളയുമായിരുന്നു.  ഒഴിവാക്കാന്‍ പറ്റാത്ത ആരോ ഇവിടെ കഴിയുന്നുണ്ടാകണം.

       യേസ്, എങ്കിലിത് കല്ല്യാണിത്തള്ള തന്നെയാകും.  ആള്‍ പാര്‍പ്പില്ലെങ്കില്‍ കൂട്ടമായിട്ട് പൂച്ച വാസമുണ്ടാകില്ല.

       ചാരിയിരുന്ന ചെറ്റ മറയെ തള്ളിയകറ്റി അവര്‍ അകത്തേക്ക് കയറി. അകത്തെ പുള്ളിക്കുത്തു വീണിരുന്ന ഇരുളിനെ, മാറ്റിയ വാതില്‍ മറ രണ്ടായി പിളര്‍ന്നു.  പിളര്‍ന്നു വന്ന വെളിച്ചത്തില്‍, തറയില്‍ ചുരുണ്ടു കിടക്കുന്നത് നഗ്നയായൊരു മനുഷ്യക്കോലം, സ്ത്രീയുടെ…

       നിവേദിതക്ക് നാണം തോന്നിയില്ല.  ആ കോലത്തിന് നാണം തോന്നും വിധത്തിലുള്ള ഒരു കോലവുമില്ല.  അതൊന്ന് ഞരങ്ങി, വെളിച്ചത്തിലേക്ക് കണ്‍പീലികളെ ഒന്നുചിമ്മി തുറന്നു.  വെളിച്ചത്തെ അഭിമുഖീകരിക്കാനാകാതെ പീലികള്‍ അടച്ചു.

       നിവേദിത അത്ഭുതത്തോടെ സുദേവിനെ നോക്കി.

       കല്ല്യാണി വയറ്റാട്ടിയാണ്. മരിച്ചിട്ടില്ല.

       സുദേവ് പുറത്തിറങ്ങി വിജനമായ റോഡിന്‍റെ കാണാന്‍ കഴിയുന്നിടം വരെ സഹായത്തിനായി നോക്കി നിന്നു.  നിവേദിത അവിടെ നിന്നും ലഭിച്ച കീറിയ തുണിയില്‍ അതിനെ പൊതിഞ്ഞു.

       യാദൃശ്ചികമായിട്ടതു വഴി വന്ന കാറിനെ സുദേവ് കൈകാണിച്ചു നിര്‍ത്തി.  ഡ്രൈവര്‍ സൈഡിലെത്തി, താഴ്ന്ന ഗ്ലാസ് വഴി  സഹായത്തിനായി അപേക്ഷിച്ചു.

       ഞാനൊരു പത്ര പ്രവര്‍ത്തകനാണ്… സഹ പ്രവര്‍ത്തകയുമുണ്ട്… ഈ വീട്ടില്‍ ഒരു തള്ള സുഖമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്നെന്നറിഞ്ഞ് വന്നതാണ്. ഹോസ്പിറ്റലില്‍ എത്തിക്കാന്‍ സഹായിച്ചാല്‍ മതി….

       ചെറു പുഞ്ചിരിയോടെ ഡോര്‍ ഗ്ലാസ് താഴ്ത്തിയ യാത്രക്കാരന്‍ അലോഹ്യ ഭാവം കാണിച്ചു ഗ്ലാസ് ഉയര്‍ത്താന്‍ ശ്രമിക്കവെ സുദേവ് പറഞ്ഞു.

       നോ… സഹായിക്കണം… ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ മതി. പിന്നെ നിങ്ങളെ ശല്യം ചെയ്യില്ല.

       ഒന്നു പോകാമോ… വേറെ പണിയില്ലാതെ…

       നോ… നിങ്ങള്‍ പോകില്ല… പോയാല്‍ നാളത്തെ ഫീച്ചറില്‍ നിങ്ങളുടെ പേരു വച്ചെഴുതും.  ഇല്ല ഹോസ്പറ്റലില്‍ എത്തിച്ചാല്‍ നിങ്ങള്‍ക്ക് സ്വസ്ഥമായിട്ട് പിരിയാം.

       നിവേദിത പുറത്തേക്ക് വന്നു.  അവള്‍ക്ക് അത്ഭുതം തോന്നി. അവള്‍ സുദേവില്‍ നിന്നും അത്രയ്ക്ക് പ്രതീക്ഷിച്ചില്ല.

       കാറിന്‍റെ പിന്‍ സീറ്റിലേക്ക് അതിനെ എടുത്തു കയറ്റിയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ ദുര്‍ഗന്ധത്തില്‍ യാത്രികന് മനം മറിച്ചിലുണ്ടാക്കി.  അയാള്‍ ഓക്കാനിക്കാന്‍ തുടങ്ങി, സുദേവ് ശ്രദ്ധിച്ചു.

       സോറി…

       ഗ്ലാസ്സുകള്‍ നാലും താഴ്ത്തി വച്ച് അവര്‍ അതിവേഗം നഗരത്തിന്‍റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ എത്തി.  കാഷ്വാലിറ്റിയും കടന്ന് തീവ്രപരിചരയണ വിഭാഗത്തിലേക്ക് മാറ്റികൊണ്ടു പോകുമ്പോഴും അയാള്‍ പിരിഞ്ഞു പോയിട്ടില്ലെന്ന് സുദേവ് ശ്രദ്ധിച്ചു.  ഹോസ്പിറ്റല്‍ പ്രവര്‍ത്തകരുടെ നിസ്സഹകരണം, സുദേവ് പത്രക്കാരന്‍റെ പേരില്‍ ഭീഷണി പരമായ സമീപനം പുറത്തെടുത്തപ്പോഴാണ് സുഗമമായത്.

       ആദ്യ പരിചരണം കഴിയും വരെ തീവ്രപരിചരണ വിഭാഗത്തിന്‍റെ മുന്നില്‍ സുദേവിനും നിവേദിതക്കും ഒപ്പം നിന്നിരുന്ന അയാള്‍ സുകുമാരനെന്ന് സ്വയം പരിചയപ്പെടുത്തി.  കല്ല്യാണിത്തള്ളയെപ്പറ്റി അയാള്‍ക്കറിയാവുന്ന കുറെ കാര്യങ്ങള്‍ പറഞ്ഞു.

       അവര്‍ക്ക് മക്കളാരുമില്ലെന്ന തോന്നുന്നു.  അയല്‍പക്കങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചാണ് കഴിഞ്ഞിരുന്നത്. വീട്ടിലും വരുമായിരുന്നു. നൂറു വയസ്സെങ്കിലും ആയിക്കാണും .  നടക്കുമ്പോള്‍ ഒരു വിറയലുണ്ടായിരുന്നു.  തീരെ വയ്യാതെ ആയിക്കാണും. സത്യമായിട്ടും നിങ്ങള്‍ നിര്‍ബ്ബന്ധിച്ചതു കൊണ്ടാണ് ഞാന്‍ വണ്ടിയില്‍ കയറ്റിയത്… അല്ലെങ്കില്‍ പണിയാകും…

       സുദേവ് പറഞ്ഞു.

       അവരെ അറിയുമോ… ഒരു സംസ്കാരത്തിന്‍റെ ഭാഗമാണ്, തിരുശേഷിപ്പ്.  നൂറുകണക്കിന് ജീവനുകളെ ഭൂമിയിലേക്ക്, പ്രകൃതിയിലേക്ക് കണ്ണുകള്‍ തുറപ്പിച്ച വയറ്റാട്ടിയായിരുന്നു. ഇവിടത്തെ കഴിഞ്ഞ തലമുറയ്ക്ക് അവരെ അറിയാം.

       കേട്ടിട്ടുണ്ട്… ഇവുടെയുണ്ടായിരുന്ന മറ്റു പലരും സ്ഥലം വിറ്റ് പോയപ്പോള്‍ അവര്‍ മാത്രം പോയില്ല… പേപ്പറുകള്‍ ശരിയല്ലാത്തതു കൊണ്ട് സ്ഥലം വില്‍ക്കാന്‍ കഴിഞ്ഞില്ല. റോഡ് പുറമ്പോക്കിലാണ് ആ സ്ഥലം….

       നഗരസഭയുടെ വാര്‍ഡ് കൗന്‍സിലര്‍ അവരെ തേടിയെത്തി, കൂടെ പരിവാരങ്ങളും.  ഇരു നിറത്തില്‍ ഇത്തിരി തടിച്ച സ്ത്രീക്ക് അസാധാരണമായെരു ആകര്‍ഷണീയതയുണ്ടെന്ന് സുദേവിനു തോന്നി.  വല്ലാത്ത വാചാലതയും.

       സുദേവ് അല്ലെ……?

       അതെ.

       വിളിക്കുമ്പോള്‍ ഞാന്‍ കുളിക്കുകയായിരുന്നു.  രാവിലെ വീട്ടില്‍ ഇത്തിരി ജോലിയണ്ടായിരുന്നു.  വീട് നോക്കിയിട്ടല്ലേ നാടു നോക്കാന്‍ പറ്റുവൊള്ളൂ… ഇനി എല്ലാം ഞാന്‍ നോക്കിക്കൊള്ളാം.  നേരത്തെ തന്നെ അവരെ ശരണാലയത്തില്‍ ആക്കിയേനെ, സമ്മതിക്കാത്തതു കൊണ്ടാണ്.  എന്‍റെ ഫാദര്‍ ഇന്‍ ലോയെ എടുത്തത് അവരാ… അങ്ങിനെയൊരു കടപ്പാടു കൂടിയുണ്ട്.. സുദേവിന് തിരക്കാണെങ്കില്‍ പോകാം…

       തീവ്ര പരിചരണ വാര്‍ഡിന്‍റെ ഗ്ലാസ് ജനാല വഴി കല്ല്യാണിത്തള്ളയെ ഒരിക്കല്‍ കൂടി കണ്ടിട്ട് സുദേവും നിവേദിതയും അവിടെ നിന്നും മടങ്ങി.

       നിവേദിത അടുത്ത നാളില്‍ വായിച്ച ഒരു ഫീച്ചറിനെക്കുറിച്ചാണ് ഓര്‍ത്തത്, നിവേദിതയുടെ സുഹൃത്ത് ബാബു ഇരുമല എഴുതിയത്. നാലായിരും പ്രസവങ്ങളെടുത്ത ജനപ്രിയ ഗൈനക്കോളജിസ്റ്റ്.  കല്ല്യാണിത്തള്ളയെപ്പോലെ ഒരു വയറ്റാട്ടി.  അവര്‍ക്ക് തൊണ്ണൂറു തികഞ്ഞതേ ഉള്ളൂ. കല്ല്യാണിത്തള്ള അതിനേക്കാള്‍ സീനിയറാണ്.

       അറിവും കഴിവും തന്‍റേടവും ഒപ്പം സ്നേഹവും സമന്വയിപ്പിച്ച മനസ്സിനുടമ.  വേപധു പൂണ്ട മനസ്സുകള്‍ക്ക് ആശ്വാസ വാക്കുകളുമായി ആവശ്യാനുസരണം ഓടിയെത്തുമായിരുന്നു… മതം സാമ്പത്തികം തുടങ്ങിയ വേര്‍തിരുവുകളില്ലാതെ… മോളെ എന്ന ഒറ്റ വിളിയില്‍ തന്നെ പ്രസവ വേദന അനുഭവിക്കുന്നവര്‍ക്ക് ലഭിച്ചിരുന്നത് ആശ്വാസം മാത്രമല്ല, വിശ്വാസം കൂടി ആയിരുന്നു.  സ്നേഹപൂര്‍വ്വമായ വാക്കുകള്‍ക്കും അനുനയിപ്പിച്ചുള്ള സംസാര രീതിക്കും  ആജ്ഞാനു ശക്തിയോടെയുള്ള പെരുമാറ്റത്തിനും മുന്നില്‍ എല്ലാവേദനകളേയും കടിച്ചമര്‍ത്തി ഏതും സ്ത്രീയും സുഖ പ്രസവത്തിന്‍റെ വരുതിയിലേക്ക് മയങ്ങി വീണിരുന്നു….

       നിവേദിതയിലെ സ്ത്രൈണതക്ക് ഒരുണര്‍വ്…. അവള്‍ സുദേവിനെ കടക്കണ്ണാല്‍ അണ്ടു. അവള്‍ക്ക് അവനോട് അസാധാരണമായൊരു ഇഷ്ടം തോന്നുന്നു.

       സുദേവ് ഈസ് എ ജെന്‍റില്‍ മാന്‍…..

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനൊന്ന്

വേഷ പ്രച്ഛന്നനായിട്ടു കൂടി രാവേറെ ആയിക്കഴിഞ്ഞപ്പോള്‍, ആള്‍ത്തിരക്ക് ഏറിക്കഴിഞ്ഞപ്പോള്‍ സുദേവിനെ ഒരു ഭീതി വിഴുങ്ങി തുടങ്ങി.  വ്യവസായ നഗരത്തിലെ ഒരു വന്‍കിട ബിസിനസ്സ്കാരനായിട്ടാണ്  സുദേവ് എന്ന അമ്പതുകാരന്‍ വന്നിട്ടുള്ളത്.  നര കയറിത്തുടങ്ങിയ മീശയില്‍, മുടിയില്‍ അവന്‍റെ യഥാര്‍ത്ഥ മുഖത്തെ മറച്ചു വച്ചിരിക്കുകയാണ്, ഒട്ടും തിരിച്ചറിയാതെ.  അവനെത്തുമ്പോള്‍ രാത്രി പത്തു മണി കഴിഞ്ഞിരുന്നു.  അപ്പോള്‍ തന്നെ മലയാളത്തുകരയുടെ നാനായിടത്തു നിന്നുമായി എത്തിയവരെക്കൊണ്ട് തിരക്കായിക്കഴിഞ്ഞിരുന്നു.  ലാസറിടത്തു നിന്നും നാലു മണിക്കൂര്‍ യാത്ര കഴിഞ്ഞാണ് അവനെത്തിയത്.  ലാസറിടത്തിന്‍റെ നഗരത്തിന് ഏറ്റവും അടുത്തുള്ള പട്ടണത്തില്‍ നിന്നാണ് ടാക്സി വിളിച്ചത്, പോകേണ്ടിടം അറിയിച്ചപ്പോള്‍ അവിടത്തിന്‍റെ പ്രത്യേകതയെക്കുറിച്ച ് ടാക്സി ഡ്രൈവര്‍ക്ക് ചെറിയൊരു അറിവുള്ളതു പോലെ സംസാരിച്ചു.  അയാള്‍ ചോദിച്ചു കളിക്കാനാണോ…..? ആണെന്നും അല്ലെന്നും സൂചിപ്പിക്കുന്നതു പോലെ മൂളുക മാത്രമാണ് ചെയ്തത്.  സാമാന്യം വലിയൊരു സൂട്ട് കേസും വിഐപി എന്നു തോന്നിക്കും വിധത്തിലുള്ള വസ്ത്ര ധാരണവും ആയാളെ കൊണ്ട് ചോദിപ്പിക്കുകയായിരുന്നു.  നഗരത്തിന്‍റെ തിരക്കുകളോ, ആള്‍പ്പാര്‍പ്പിന്‍റെ ഭംഗികളോയില്ലാത്ത ഒരു ഒഴിഞ്ഞ കോണിലായിരുന്നു മന്ദിരം.  കോട്ട പോലെ കെട്ടിയുയര്‍ത്തിയ മതില്‍, കനത്ത, സുരക്ഷിതമെന്ന് തോന്നിപ്പിക്കുന്ന ഗെയിറ്റ്, ഗെയിറ്റില്‍ ശക്തരായ കാവല്‍ക്കാര്‍.  അവരുടെ കൂര്‍ത്ത കണ്ണുകളും. എന്തു ചെയ്യുമെന്നു സൂചിപ്പിക്കുന്ന മുഖഭാവങ്ങളും…. ഗെയിറ്റ് കയറിക്കഴിഞ്ഞാല്‍ വിശാലമായ പാര്‍ക്കിംഗ് ഏരിയ, നൂറുകണക്കിന് വഹനങ്ങള്‍ക്ക് യഥേഷ്ടം വിശ്രമിക്കനുള്ള സ്ഥലം…. സുദേവ് എത്തുമ്പോള്‍ നിറഞ്ഞിട്ടില്ല.  പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ക്ക് വേണ്ടുന്ന ടിപ്പ് കൊടുത്ത് സൂട്ട് കേസും പേറി സുദേവ് പ്രധാന മന്ദിരത്തിലേക്ക് നടന്നു.  എല്ലാവരും അങ്ങിനെ തന്നെയായിരുന്നു.  സ്വന്തം വാഹനവും ഡ്രൈവറുമുള്ളവര്‍ സൂട്ട് കേസുകളെ ഡ്രൈവറുമാരെക്കൊണ്ട് ചുമപ്പിക്കുന്നുണ്ട്.  സുദേവിന്‍റെ ഡ്രൈവറും അതു വേണോയെന്ന് തെരക്കിയതായിരുന്നു.  വേണ്ടന്നും, ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും അറിയിച്ച്  മുന്നോട്ടു നീങ്ങി.

       മന്ദിരത്തിലെ വിശാലമായ ഹാളില്‍ കയറിയപ്പോള്‍ സുദേവിനെപ്പോലെ ഒറ്റകളില്ലെന്ന് അറിഞ്ഞു.  സ്നേഹിതരും, സെക്യൂരിറ്റുയമായിട്ടാണ് എല്ലാവരും എത്തിയിരിക്കുന്നത്.  പലരുടേയും കൂടെ രണ്ടും മൂന്നും സ്യൂട്ട് കേസുകളുമുണ്ട്.  സുഖമുള്ള ഇരിപ്പിടങ്ങള്‍, ഇരിപ്പിടങ്ങളില്‍ സ്നേഹിതരും സെക്യൂരിറ്റികളും ഒരുമിച്ചാണ് ഇരിക്കുന്നത്.  ചേരിതിരിഞ്ഞിരിക്കുമ്പോലെ, ഒരോ കൂട്ടങ്ങള്‍. സ്യൂട്ട് കേസുകളെ സൂക്ഷിക്കാനുള്ളതു കൊണ്ടാകാമെന്നവന്‍ കണക്കുകൂട്ടി.  അവന്‍ ഒറ്റയായതു കൊണ്ടാകാം പലരും ശ്രദ്ധിക്കുന്നതു കാണ്ടു.

       ഹാളില്‍ പലയിടങ്ങളിലും ഭിത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന എല്‍ ഈഡി ടിവി സെറ്റുകള്‍, സുഗന്ധം നിറഞ്ഞ അന്തരീക്ഷം, ഏസിയുടെ കുളിര്‍മയും.  ആയിരം പേര്‍ക്കെങ്കിലും തങ്ങനാവുന്നത്ര വലിപ്പമുള്ള ഹാള്‍… ഹാളിന്‍റെ വടക്കു കിഴക്കായി സ്റ്റേജ്.  റിയാലിറ്റി ഷോകളും ഡാന്‍സ് പ്രോഗ്രാമുകളും, സെലിബ്രിറ്റി ഷോകളും നടത്താനുതകും വിധത്തില്‍ ക്രമീകരണങ്ങളുള്ള സ്റ്റേജിന് അസാമാന്യ വലിപ്പവുമുണ്ട്.   സുദേവിന് അതെല്ലാം പുതുമയായിട്ടു തോന്നി.  വന്നവരെ കണ്ടു തുടങ്ങിയപ്പോള്‍ അത്ഭുതം കൊണ്ട് വിങ്ങി നിറഞ്ഞ് തുളുമ്പുന്നു, ഹൃദയം.  ഭരണ കര്‍ത്താക്കള്‍, ഇന്നത്തേയും ഇന്നലത്തേയും.  വലതു പക്ഷത്തിരിക്കുന്നവരും, ഇടതു പക്ഷത്തിരിക്കുന്നവരും.  ഭരണയന്ത്രം തിരിക്കുന്ന ബ്യൂറോക്രാറ്റുകള്‍, സുരക്ഷിതത്വം നോക്കുന്ന ഉന്നത പോലീസ് ഉദ്യോഗന്ഥര്‍, ജാതീയമായതും സാംസ്കാരികമായതുമായ സംഘടനകളുടെ നേതൃത്ത്വത്തില്‍ ഇരിക്കുന്നവര്‍,  പത്രമാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തപ്പെട്ടിട്ടുള്ള വ്യാപാരികള്‍, വ്യവസായികള്‍, പരസ്യപ്പെടുത്താത്ത  ധനികരെന്നു വിളിച്ചോതുന്ന ശരീരവും മുഖവുമുള്ളവര്‍….

       ഇന്ന് 2014 ജൂലായ് 13 ഞായറാഴ്ച രാത്രി 12.30ന് മരക്കാനയില്‍ കിക്കോഫ്.  ആരുടെ പേരിലാകും ഈ ദിനം ചരിത്രം രേഖപ്പെടുത്തുക… ആരുടെ കൈകളിലേക്കാണ് ആവേശത്തിന്‍റെ മധുചഷകം വന്നു ചേരുക… ആര്‍ക്കാണ്  മരക്കാനയുടെ മനസ്സ് കവരാനാകുക… ലയണല്‍ മെസ്സിയോ, തോമസ്സ് മുള്ളര്‍ക്കോ… അര്‍ജന്‍റീനയോ ജര്‍മ്മനിയോ…. ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ മരക്കാന തയ്യാറെടുത്തു കഴിഞ്ഞു.  20-ാം ലോക കപ്പിന്‍റെ ഫൈനല്‍.  ആറാം കിരീടം തേടി വന്ന ബ്രസീലിനെ ആറു ഗോള്‍ വ്യത്യാസത്തില്‍ തരിപ്പണമാക്കിയ ജര്‍മ്മനിക്കൊപ്പമാണ് പ്രവചനങ്ങളേറയും.  എന്നാല്‍, ആരാധകരുടെ ഇഷ്ട ടീമായ അര്‍ജന്‍റീന അത്രയെളുപ്പം വഴങ്ങി കൊടുക്കില്ല.  ലോക കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നുറപ്പാണ്.  ജര്‍മ്മനിയാണ് കളിക്കളത്തിലും കടലാസിലും ശക്തര്‍.  എന്നാല്‍, ജര്‍മ്മനിയോളം പോന്ന ഹോളണ്ടിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച അര്‍ജന്‍റീന എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിരിക്കുകയാണ്.  പെലെയ്ക്കും മറഡോണക്കുമോപ്പും സ്ഥാന പിടിക്കാന്‍ ലയണല്‍ മെസ്സിക്ക് ഇവിടെയൊരു ലോക കിരീടം വേണം.  മറ്റെവിടെയും നേടുത്തതു പോലെയല്ല.  ബ്രസീലിന്‍റെ മണ്ണില്‍ അര്‍ജന്‍റീനക്ക് ലോക കിരീടം.  അതിന് മാധുര്യം മേറും.  ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും സന്തുലിതമായ ടീമാണ് ജര്‍മ്മനി.  ബ്രസീലിനെതിരെ അവരുടെ വിശ്വരൂപം കണ്ടതാണ്.  ഫുട്ബോളിന്‍റെ അച്ചു തണ്ട് ലാറ്റിനമേരിക്കയില്‍ നിന്നു യൂറോപ്പിലേക്ക് മാറുന്നതിന്‍റെ സൂചനകളും കാണുന്നുണ്ട്.  ഹൃദയം കൊണ്ടല്ല, തലച്ചോറു കൊണ്ടാണ് അവര്‍ പന്തു കളിക്കുന്നത്.  ലാറ്റിനമേരിക്കയില്‍ യൂറോപ്പ് വാഴില്ലെന്ന ചരിത്രമാണ് അവരുടെ വഴി മുടക്കി നില്‍ക്കുന്നത്.  ജര്‍മ്മനി വരുമ്പോള്‍ ചരിത്രം വിഴിമാറുമോ…?

       എണ്‍പത്തിനാലു വര്‍ഷത്തെ ലോക കപ്പിന്‍റെ ചരിത്രത്തില്‍ ജര്‍മ്മനി-അര്‍ജന്‍റീന ഫൈനല്‍ ഇത് മൂന്നാം തവണ.  1986-ല്‍ മറഡോണയുടെ മാന്ത്രികത കൊണ്ട് അര്‍ജന്‍റീന ജര്‍മ്മനിയെ മലര്‍ത്തിയടിച്ചു.  1990-ല്‍ ജര്‍മ്മനി പകരം വീട്ടി.  ഇക്കുറി ആരു ജയിക്കും… ഇന്ന് ഉത്തരമാകും. 

       ഹാളിലെ ഭിത്തിയില്‍ സ്ഥാപിച്ചുരിക്കുന്ന ടിവികള്‍ ഓണായി കഴിഞ്ഞു.  മരക്കാന സ്റ്റേഡിയത്തില്‍ ജര്‍മ്മനിയുടേയും അര്‍ജന്‍റീനയുടേയും ആരാധകര്‍ നിറഞ്ഞു കഴിഞ്ഞു.  ഹാളിലെ ഇരുവിഭാഗക്കാര്‍ക്കും ആവേശമായിക്കഴിഞ്ഞു.  മത്സരം തുടങ്ങാന്‍ ഇനിയും മിനിട്ടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.  സ്റ്റേഡിയത്തില്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നവര്‍, ആഗോളമായി ടിവിക്കു മുന്നില്‍ ഇരിക്കുന്നവര്‍, ഈ ഹാളിലെടിവിയില്‍ മാത്രം കണ്ണു നട്ടിരിക്കുന്നവര്‍,  ഇവര്‍ക്കൊക്കെ അറിയേണ്ടത് ജര്‍മ്മിനിയാണോ, അര്‍ജന്‍റീനയാണോ…. എന്നതാണ്.

       ഹാളില്‍ നിറഞ്ഞിരിക്കുന്നവരുടെ എല്ലാം ശ്രദ്ധയെ തിരിച്ചെടുക്കാന്‍ വിധത്തിന് ഒരാള്‍ വാതില്‍ക്കലെത്തിയിരിക്കുന്നു.  എല്ലാ മുഖങ്ങളും അവിടേക്ക് തിരിഞ്ഞപ്പോള്‍ സുദേവും അവിടേക്ക് നോക്കി.  അവിടെ ഡോ. ലാസറലി രാജ.  സുസ്മേരവദനനായി വാതിക്കല്‍ നിന്ന് സ്റ്റേജിലേക്കുള്ള പാതയിലൂടെ ഇരുപുറങ്ങളിലും ഇരിക്കുന്നവരെ നോക്കി നമസ്കാരങ്ങളും ഹായ്കളും പറഞ്ഞ് പരിചാരവൃന്ദത്തോടെ കാവല്‍ക്കാരോടു കൂടി, ഗുമസ്തന്മാരോടു കൂടി സ്റ്റേജിലേക്ക് നടന്നു.

       പക്ഷെ, സുദേവിന് ലാസറലിയെ ഒഴിച്ച് മറ്റാരെയും തിരിച്ചറിയാനായില്ല.  അവന്‍ വസിക്കുന്നിടത്തെ പരിചാരകരോ, ജോലിക്കാരോ ആരും ഇപ്പോള്‍ കൂടെയില്ല.  മറ്റൊരു ലോകത്തു നിന്നും ആനയിക്കപ്പെടുന്ന ലാസറലിയാണ് അതെന്ന് തോന്നി.  തികഞ്ഞൊരു തട്ടിപ്പുകാരനായ ആള്‍ ദൈവത്തിന്‍റെ താരപരിവേഷമാണിപ്പോള്‍ മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്നത്.  ലാസറലിയും സംഘവും സ്റ്റേജില്‍ കയറി യഥാസ്ഥാനങ്ങളില്‍ ആസനസ്ഥരായി.  ഏവരുടേയും ശ്രദ്ധ കിട്ടത്തക്ക വിധത്തില്‍ ഉയര്‍ത്ത ഇരിപ്പിടത്തില്‍ ലാസറലി ഇരുന്നു.  ജന മദ്ധ്യത്തില്‍ സിംഹാസനത്തില്‍ രാജാവ് ഇരിക്കും പോലെ.

       പ്രധാന സംഘാടകരില്‍ ഒരാള്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ് ചെയുതു.

       നമ്മള്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്.  കളിയുടെ കിക്കാഫ് നടക്കാന്‍ പോവുകയാണ്.

       അപ്പോള്‍ ഭിത്തിയിലെ ടിവികളില്‍ ഒരു പന്തിനെ നടുവില്‍ വച്ച് ഇരു ടീമുകളിലേയും കളിക്കാര്‍ രണ്ടു വശങ്ങളില്‍ നിരന്ന് കിക്കോഫിനുള്ള  വിസിലിനെ കാക്കുന്നു.

       ഞാന്‍ അത്താണിക്കല്‍ പൗലോക്കാരന്‍ വറുഗീസ് മകന്‍ ജോണ്‍സന്‍ ജര്‍മ്മനിയുടെ പേരില്‍ ഒരു കോടി…..

       പൗലോക്കാരന്‍ വറുഗീസ് മകന്‍ ജോണ്‍സന്‍റെ കൂട്ടത്തില്‍ നിന്നും പരിചാരകന്‍ സൂട്ട് കേസുമായി സ്റ്റേജിലെത്തി ലാസറലിയുടെ ഗുമസ്തന്മാരെ ഏല്‍പിച്ച് ചീട്ടു വാങ്ങി മടങ്ങി. ഗുസ്തന്‍ അതു എണ്ണി തിട്ടപ്പെടുത്തി രേഖയാക്കി.

       ഞാന്‍ ചങ്കുവെട്ടിയില്‍ നിന്നും താളിക്കോട്ട് ഹസ്സന്‍ മകന്‍ അഷറഫ് അര്‍ജന്‍റീനക്കു വേണ്ടി ഒരു കോടി… അയാളുടെ പരിചാരകും ബാഗുമായി സ്റ്റേജിലെത്തി, ലാസറലിയുടെ ഗുമസ്തന്മാരെ ഏല്‍പ്പിച്ച് ചീട്ടു വാങ്ങി മടങ്ങി.  ഗുമസ്തര്‍ എണ്ണിത്തിട്ടപ്പെയുത്തി രേഖയാക്കി….

       ഞാന്‍ പാലായില്‍ നിന്നു മഞ്ഞയില്‍ തോമസ്സ് മകന്‍ ഫ്രന്‍സിസ് ജര്‍മ്മനിയുടെ പേരില്‍ രണ്ടുകോടി…

       ഞാന്‍ പുതുപ്പള്ളിയില്‍ നിന്ന് പരുത്തിവീട്ടില്‍….

       ഞാന്‍….

       ഞാന്‍….

       ഞാന്‍….

       ജര്‍മ്മനിക്കു വേണ്ടി….

       അര്‍ജന്‍റീനക്കു വേണ്ടി….

       തോമസ്സ് മുള്ളര്‍ക്കു വേണ്ടി…

       മെസ്സിക്കു വേണ്ടി….

       സുവര്‍ണ പാതുകം കൊളമ്പിയായുടെ ജയിംസ റോഡിഗസ്നു വേണ്ടി……

       ജയിംസ് റോഡിഗസ്സില്‍ നിന്നും തോമസ്സ് മുള്ളറിലേക്കും മെസ്സിയിലേക്കും മാറിപ്പോകുന്നതിനുവേണ്ടി….

       സ്വര്‍ണ്ണ പന്തിനു വേണ്ടി,

       അത് മെസ്സിക്ക് കിട്ടുന്നതിന്, തോമസ്സ് മുള്ളര്‍ക്ക് കിട്ടുന്നതിനു വേണ്ടി…

       വാതു വയ്പ്പുകള്‍…..

       പ്രാര്‍ത്ഥനകള്‍…

       കോടികള്‍ ലാസറലിയുടെ മദ്ധ്യസ്ഥതയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.  കള്ളപണവും, അനധികൃത സമ്പാദ്യങ്ങളും….

       എത്തിക്കുന്നവര്‍…

       ഭരണ കര്‍ത്താക്കള്‍, പ്രതിപക്ഷ അധികാരികള്‍, ഭരണ ചക്രം തിരിക്കുന്ന ഉദ്ദ്യോഗസ്ഥര്‍, ക്രമ സമാധാന പാലകര്‍……

       അവാച്യമായൊരു ശ്വസം മുട്ടലില്‍ സുദേവ് ഞെളിപിരി കൊണ്ടു.  അവിടെയിരുന്നിട്ടവന്‍റെ ദേഹം പോള്ളി വിറ കൊണ്ടു.  ശീതീകരിച്ച ആഗുഹയില്‍ നിന്നും, വെറുതെ ഒരു ധൈര്യത്തിനു വേണ്ടി കരുതിയിരുന്ന സൂട്ട് കേസ് കൈയ്യില്‍ നിന്ന് വിട്ട്, ബാഗെടുത്ത് തോളില്‍ തൂക്കി,  ആരും കാണുന്നില്ലെന് ഉറപ്പുണ്ടായ നിമിഷത്തില്‍ പുറത്തേക്ക് നടന്നു.

       പുറത്ത് ഭക്ഷണശാല,

       മദ്യശാല,

       തരുണികള്‍…

       കളി തുടങ്ങി 113-ാം മിനിട്ടില്‍ ജര്‍മ്മനിയുടെ മരിയ ഗോട്സെ, അതിനും പത്തും മിനിട്ട് മുമ്പു മാത്രം മറ്റൊരു കളിക്കാരന്‍റെ പകരം കളിക്കാരനായിട്ടിറങ്ങി നേടിയ ഒരേയൊരു ഗോളില്‍, ആ ഹാളില്‍ എത്തിച്ചേര്‍ന്നിരുന്നവരുടെയൊക്കെ വിധി നിര്‍ണ്ണയിക്കുകയായിരുന്നു.

       ചിലര്‍ക്ക് ചെങ്കോലും കിരീടവും നഷ്ടമായി,  ചിലര്‍ക്ക് പുതിയ കൊട്ടാരങ്ങളും കൊത്തളങ്ങളും കരസ്ഥമായി,  ഉടുതുണിക്ക് മറു തുണിയില്ലാത്തവരുണ്ടായി,  കോടീശ്വരന്മാരുണ്ടായി…

       അങ്ങിനെ…

       സുദേവ് കളി അവസാനിക്കും മുമ്പു തന്നെ മടങ്ങി, ഡ്രൈവര്‍ അവനെ കണ്ട് ദുഖിച്ചു.

       സാര്‍, പോയി അല്ലെ…?

       സുദേവ് ഒന്ന് ചിരിച്ചു.

       എന്ത്…?

       കിട്ടിയെങ്കില്‍ ബാഗെവിടെ….?

       ഞാന്‍ വതു വയ്പു കാരനായിരുന്നില്ല.

       പിന്നെ സൂട്ട് കേസ്…..?

       അത് ഉള്ളില്‍ കയറാനുള്ള പാസ്സായിരുന്നു.

***

       സുദേവ്, താങ്കള്‍ ഇന്നലെ കണ്ടത് കേരളം ഭരിക്കുന്നവരുടെ ഒരു മുഖമാണ്.  ഇതുപോലെ വ്യത്യസ്തമായ ഒരു പാടു മുഖങ്ങള്‍ കാണാനിരിക്കുന്നുണ്ട്, ലാസറലിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള കാര്യങ്ങള്‍….   ഇതുപോലെ, അല്ലെങ്കില്‍ ഇതിനേക്കാള്‍ തരംതാണ, വൃത്തിഹീനമായ, പ്രതിലോമ പ്രവര്‍ത്തികള്‍, അഴിമതികള്‍, നിയമലംഘനങ്ങള്‍, സ്വജന പക്ഷപാത പ്രവര്‍ത്തനങ്ങള്‍, ധൂര്‍ത്തുകള്‍…

       താങ്കള്‍ ലാസറലിയുടെ ആത്മകഥ കേട്ടെഴുതാന്‍ വന്നപ്പോള്‍ അയാളുടെ കുറെ യഥാര്‍ത്ഥ കഥകള്‍ നിങ്ങളെ അറിയിക്കണമെന്നേ ഞങ്ങള്‍ കരുതിയിരുന്നുള്ളൂ…. പക്ഷെ, ഇപ്പോള്‍ ആ വീക്ഷണത്തിന് മാറ്റം വന്നിരിക്കുന്നു. താങ്കള്‍ ഒരു മനുഷ്യപക്ഷ ചിന്താഗതിക്കാരനാണെന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് താങ്കള്‍ക്ക് പലതും ചെയ്യാന്‍ കഴിയും, ചെയ്യേണ്ടി വരും.   അങ്ങിനെ അല്ലെങ്കില്‍ ഇപ്പോള്‍ പറയണം, പറഞ്ഞാല്‍ ഈ ഫോണ്‍ കോളും ബന്ധവും ഇവിടെ വച്ച് അവസാനിക്കും…

       താങ്കള്‍ക്ക് ഇങ്ങിനെ ഒരു മെയില്‍ അയക്കണമെന്ന് ഇന്നലെ വരെ ഉദ്ദേശമില്ലായിരുന്നു.  കഴിഞ്ഞ ദിവസം കേന്ദ്ര തലസ്ഥാന നഗരിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ബിസിനസ്സ് വീക്കിലിയില്‍ വന്ന ഫീച്ചര്‍ ഞങ്ങളുടെ തീരുമാനങ്ങളെ അപ്പാടെ മാറ്റി മറിച്ചു. ഞങ്ങള്‍ ഉദ്ദേശിച്ചിരിന്നതിനേക്കാള്‍ മുന്തിയ കള്ളങ്ങള്‍ കൊണ്ട് ഒരു മഹത്തായ ചിത്രമാണവര്‍ ഒരുക്കാന്‍ പോകുന്നതെന്ന് ആ ഒരു ഫീച്ചര്‍ കൊണ്ട് വ്യക്തമായി.  അല്ലെങ്കില്‍ തുറന്നു തന്നെ പറയാം.  ഇപ്പോഴാണ് അവരുടെ ഉദ്ദേശങ്ങള്‍ വ്യക്തമായത്.  മനോഹരമായൊരു ആത്മകഥ, കൂടാതെ മലയാള സാഹിത്യ നഭസ്സില്‍ നല്ലൊരു കഥാകൃത്ത്. ഇതു രണ്ടുമവര്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, സ്വപ്നം കണ്ടുകൊണ്ടെന്ന് പറയാന്‍ പറ്റില്ല.  വ്യക്തമായി കരുക്കള്‍ നീക്കിക്കൊണ്ട്, ഒരു പിഴവും വരുത്താതെ, വരാതെ എതിരാളികളെ അടിയറവിലേക്ക് എത്തിക്കാന്‍ കഴിയും വിധം കണക്കുകള്‍ കൂട്ടിക്കൊണ്ട്.  ആ കണക്കുകള്‍ പ്രകാരം മാത്രം നീക്കങ്ങള്‍ നടത്തുകയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.  അതാണ് ഈ മെയിലിന് ഹേതു. അതുകൊണ്ട് ഇനിയും മെയിലുകള്‍ വരാം എന്നു കൂടി അറിയിക്കുന്നു..

       ഒരു പക്ഷെ, ലോക ചരിത്രത്തില്‍ തന്നെ താങ്കള്‍ക്ക് കിട്ടിയിരിക്കുന്നതു പോലെയുള്ള ഭാഗ്യം ആദ്യത്തേതാണ്.  ഭക്ഷണം. താമസ്സം. കൈ നിറയെ പണം.  ഒരു കേട്ടെഴുത്തുകാരനെന്ന നിലയില്‍ മറ്റാര്‍ക്കാണ് കിട്ടിയിട്ടുള്ളത്.

       ഡോ. ലാസറലി രാജ, കുഞ്ഞുമോനെന്നാണ് അയാളുടെ അമ്മ ഭ്രാന്തി ജാനല്ല വിളിച്ചിരുന്നത്.  രണ്ടാനമ്മയും ആദ്യ പെണ്ണുമായ  കുഞ്ഞാറുമേരി രാജനെന്നോ, രാജയെന്നോ ഒക്കെ തോന്നിയതു പോലെ വിളിച്ചു.  അയാള്‍ സ്വയം  ലാസറലി രാജ ആകുകയായിരുന്നു.  ആര് ഡോ.ലാസറലി രാജ ആക്കിയെന്നോ വിളിച്ചെന്നോ അറിയില്ല.  ഒരു പക്ഷെ, സ്വയം ആയതാകാം, വിളിച്ചതാകാം.  അയാളുടെ സര്‍വ്വ കലാശാല ജീവിതമായിരുന്നതിനാല്‍ ഡോക്ടര്‍ ബിരുദം ഏതു വിഭാഗത്തിലെന്നറിയില്ല.  ഇവിടെ ഏതെങ്കിലും യൂണിവേഴ്സ്സിറ്റി കല്പിച്ചു കൊടുത്തതാണോ, വില കൊടുത്തു വാങ്ങിയതാണോ എന്നറിയില്ല.  കഴിഞ്ഞ തവണത്തെ പത്മശ്രീ അവാര്‍ഡിന് തമിഴ് നാട്ടില്‍ നിന്നും ഒരു റെക്കമെന്‍റേഷന്‍ പോയിട്ടുണ്ടായിരുന്നു.  ഇപ്രാവശ്യം ലഭിക്കുമെന്നാണ് രഹസ്യമായ അറിവ്.  ആദ്യം ചെയ്ത ജോലി കുഞ്ഞാറുമേരിയുടെ കടയിലെ പാത്രം കഴുകലായിരുന്നു.  അവിടെ നിന്നും മുങ്ങിയിട്ട് പൊങ്ങിയപ്പോള്‍ കുഞ്ഞാറുമേരിയോടു പറഞ്ഞത് പന്നി മലത്തലും മുച്ചീട്ടു കളിയും കിലിക്കിക്കുത്തു കളിയുമായിരുന്നു ജോലിയെന്നാണ്.  ഉത്സവ പറമ്പുകളില്‍, അടുത്ത നഗരങ്ങളിലെ ചന്തകളില്‍ ഒക്കെ ആയിട്ട്.  ഇന്നച്ചനായിരുന്നു ഗുരു.  ഇന്നച്ചനെകുറിച്ച് മുച്ചീട്ടു കളിക്കാരന്‍ എന്നൊരു കഥ വെബില്‍ വായിക്കാന്‍ കിട്ടും.   സമ്പന്നന്‍, രാഷട്രീയ സാംസ്കാരിക, ഉദ്യോഗ കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവന്‍, കൊല്ലും കൊലയും ആശ്രിത വൃന്ദങ്ങളും സ്വന്തമായൊരു  സാമ്രാജ്യവും തീര്‍ത്തവന്‍….. അയാളെ കണ്ട് പഠിക്കുകയായിരുന്നു ഡോ. ലാസറലി രാജ.

       ഇനി പറയാന്‍ പോകുന്നതും ഒരു കഥയാണ്.  ഇനിയും ഇതു പോലെ പല കഥകളും ഞങ്ങള്‍ വഴി നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കും.  അതിനു മുമ്പ് ഞങ്ങളാരെന്ന് പരിചയപ്പെടുത്താം.  ഒരു റാഡിക്കല്‍ ഗ്രൂപ്പാണ്. ഡോ. ലാസറലി രാജയെന്ന മഹാത്മാവിന്‍റെ മഹത്തായ സേവനം കൊണ്ട് ജീവിതത്തില്‍ പോറലേല്‍ക്കേണ്ടി വന്നിട്ടുള്ള ഒരു പറ്റം ജീവിതങ്ങള്‍.  ഒരു ദിവസം ഒരു പൊട്ടിത്തെറിയായി ചിന്നിച്ചിതറി ഡോ. ലാസറലിയുടെ സാമ്രാജ്യം തകര്‍ത്ത് ആഘോഷിക്കാനാണ് കരുക്കള്‍ നീക്കുന്നത,് ഒരുങ്ങിക്കെണ്ടിരിക്കുന്നത്.  കൂടുതല്‍ വിവരണങ്ങള്‍ ഭാവിയിലാകാം.  ഇപ്പോള്‍ കഥ കേള്‍ക്കുക.

       വേലി പത്തലെന്നും വേലിയെന്നും കേട്ടിട്ടുണ്ടോ. ഒരു പക്ഷെ, താങ്കള്‍ കണ്ടിട്ടുണ്ടാകാം. ഇല്ലെങ്കില്‍  ഒന്ന് വിവരിക്കാം. മുള വെട്ടിയെടുത്ത് അതില്‍ വണ്ണം കൂടിയ ഭാഗത്തെ മൂന്നോ നാലലോ അടി നീളത്തില്‍ കഷണങ്ങളാക്കി സ്ഥലത്തിന്‍റെ അതിരുകളില്‍ നാട്ടി, മുള ശിഖരങ്ങള്‍ കൊണ്ട്, നാട്ടിയ പത്തലുകളെ പരസ്പരം ബന്ധിപ്പിച്ച് കെട്ടു കമ്പി ഇപയോഗിച്ച ബന്ധിപ്പിച്ചു നിര്‍ത്തുന്നതിനെയാണ് മുള്ളു വേലിയെന്നു പറയുന്നത്. പണ്ട് ഗ്രാമങ്ങളില്‍ മതിലുകള്‍ വരുന്നതിന് മുമ്പ് മുള്ളു വേലികളായിരുന്നു അതിരുകള്‍ തിരിച്ചിരുന്നത്.  എന്‍റെ അച്ഛന് വീതത്തില്‍ കിട്ടിയ ഒന്നരയേക്കര്‍ സ്ഥലത്തിന്‍റെ വടക്കേ അതിരില്‍ ഇപ്പോഴും പണ്ടു കെട്ടിയ ആ മുള്ളു വേലി നിലനിര്‍ത്തിയിട്ടുണ്ട്.  അതിന്‍റെ ഉറപ്പായിട്ട് തൊണ്ടിയും തേരകവുമൊക്കെ പടരുന്നുണ്ട്.  അല്ല, ഇപ്പോള്‍ പറയുന്ന വേലി ആ മുള്ളു വേലിയെ പറ്റിയല്ല.  ആധുനീക മുള്ളു വേലിയെപ്പറ്റിയാണ്.  ഒരാള്‍ പൊക്കത്തില്‍ കോണ്‍ക്രീറ്റ് കാലുകള്‍ നാട്ടി, മുള്ളുകള്‍ നിറഞ്ഞ കമ്പി വേലി കെട്ടിത്തിരിച്ചിരിക്കുന്ന ഒരു കോര്‍ട്ടേഴ്സ്. കേരളത്തിലെ ഒരു നഗരത്തിന്‍റെ ഓരത്ത് ഇത്തിരി ഉയര്‍ന്ന സ്ഥലത്താണ്.  കോര്‍ട്ടേഴ്സുകളില്‍ താമസ്സിക്കുന്നത്, ആ നഗരത്തിന്‍റെ ക്രമസമാധാനം പാലിക്കുന്നവരാണ്, പോലീസുകാര്‍.  ഏതാണ്ട് ഇരുപത്തി അഞ്ചോളം വീടുകളുണ്ട്.  സര്‍ക്കിള്‍ മുതല്‍ സ്വീപ്പര്‍ വരെ താമസ്സിക്കുന്നു.  അതില്‍ കൂടുതല്‍ പേര്‍ താമസ്സിക്കേണ്ടി വരുമ്പോള്‍ അവര്‍ സ്വയം അയലിടങ്ങളില്‍ വീടുകള്‍ വാടകക്കെടുത്തു താമസ്സിച്ചു കൊള്ളും.  എല്ലാം ഓടിട്ട വീടുകളാണ്.  എല്ലാ വീടുകള്‍ക്കും മുന്നില്‍ കൂടി ടാര്‍ വിരിച്ച പാതയുണ്ട്. ടാര്‍ വിരിച്ച വഴിയും ഓരോ വീട്ടിലേക്കും കയറുന്ന വഴിയും മുറ്റവും ഒഴിച്ചുള്ള ഇടങ്ങളെല്ലാം കാട് പിടിച്ചു കിടന്നിരുന്നു,  ഇരുപതു വര്‍ഷങ്ങള്‍ക്ക മുമ്പ്. പക്ഷെ, ഒരു വീടിന്‍റെ മാത്രം മുറ്റം കൂടാതെ മൂന്നു പുറങ്ങളും ചെത്തി വെടിപ്പാക്കി വഴുതനയും വെണ്ടയും പയറും കാന്താരി മുളകും പച്ച മുളകും നട്ടു വളര്‍ത്തിയിരുന്നു.  ഏതു കാലത്തും ഏതെങ്കിലുമൊക്കെ വിളവെടുക്കാന്‍ വിധം പാകമായി നില്ക്കുന്നതു കാണാമായിരുന്നു.  അത് എ എസ്ഐ സോമശേഖരന്‍റെ വീടാണ്.  അയാളുടെ ഭാര്യ സതിയും പതിനൊന്ന് വയസ്സുള്ള മകനുമാണ് അവിടെ താമസ്സിക്കുന്നത്. അയാള്‍ കൃത്യമായിട്ട് ഓഫീസില്‍ പോയി ഇടവേളകളില്‍ കൃഷി ചെയ്തു.  അയാളെ സഹായിക്കാന്‍ സതിയും കൂടുന്നു. അയാളുടെ രക്തത്തില്‍ കൃഷിയുടെ പാഠങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. നാട്ടില്‍ അച്ഛനും ചേട്ടന്മാര്‍ക്കുമൊപ്പം അയാളും കൃഷിക്കാരനായിരുന്നു.  അവിടെയും അവര്‍ കപ്പയും ചേനയും ചേമ്പും വഴുതനയും കാന്താരിയുമൊക്കെ വളര്‍ത്തിയാണ് ജീവിച്ചു വന്നിരുന്നത്.  സുഖവും സമാധാനവുമായി കഴിഞ്ഞിരുന്ന അയാളുടെ ജീവിതത്തെ ഉലച്ചു കളഞ്ഞൊരു കാര്യമുണ്ടായി, ഒരു കേസന്വേഷണം, അതൊരു കൊലപാതകമായിരുന്നു.  പന്നി മലര്‍ത്തു കേന്ദ്രത്തിലുണ്ടായ ഒരു വാക്കു തര്‍ക്കത്തില്‍ നിന്നുമണ്ടായത്.

       നേരം പുലര്‍ന്നപ്പോള്‍ കനാല്‍ക്കരയില്‍, കനാല്‍ക്കര മെറ്റല്‍ വിരിച്ച റോഡായിരിന്നു,  പഴയൊരു അമ്പാസിഡര്‍ കാറില്‍ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു കിടക്കുകയായിരുന്നു.  അത് അടുത്ത നഗരത്തിലെ ഒരു സ്വര്‍ണ്ണ വ്യാപാരി,  അയാള്‍ കടയടച്ചു കഴിഞ്ഞ് നിത്യവും ഈ രഹസ്യ കേന്ദ്രത്തില്‍ ചീട്ടു കളിക്കെത്തും.  ചീട്ടു കളിയാണ് പന്നി മലര്‍ത്ത്. ഒരു കുത്ത് ചീട്ട് കശക്കി രണ്ടായി പകുത്ത് മലര്‍ത്തി ഇട്ടു കൊണ്ടിരിക്കും.  അങ്ങിനെ മലര്‍ത്തിയിട്ടു കൊണ്ടിരിക്കുന്ന അമ്പത്താറു ചീട്ടില്‍ ഒന്ന് സെലക്ട് ചെയ്ത,് അത് ഇന്ന പകുതിയില്‍ വീഴുമെന്ന് പ്രഖാപിക്കുന്നു.  അതിനായി പണം വാതു വക്കുന്നു.  വീഴുന്നത് ശരിയാകുകയാണെങ്കില്‍ അയാള്‍ വിജയിയാകുന്നു.  അയാള്‍ക്ക് ഇരട്ടി തുക ലഭിക്കുന്നു.  ശരിയായില്ലെങ്കില്‍ വാതു വച്ച തുക കളിക്കാരനിലേക്ക് പോകുന്നു.  ആ കളിക്കാരന്‍ ലാസറലിയെന്ന കുഞ്ഞുമോനായിരുന്നു.  അയാള്‍ക്കൊപ്പം ഒരു സംഘം തന്നെ ഉണ്ടായിരുന്നു.  ഏ എസ്സ് ഐ സോമശേഖരന്‍റെ അന്വേ ഷണം എത്തി നിന്നത് ലാസറലിയിലായിരുന്നു.  വാതു വച്ച് ജയിച്ച് വലിയൊരു തുകയുമായി സ്വര്‍ണ്ണ വ്യാപാരി രാത്രി വളരെ ഇരുട്ടിക്കഴിഞ്ഞ് മടങ്ങവെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല നടത്തുകയായിരുന്നു.  പക്ഷെ, സോമശേഖരന്‍ ഏ എസ് ഐയുടെ കണ്ടെത്തലുകളെ നിയമത്തിന്‍റെ മുന്നിലെത്തിക്കാനായില്ല.  അയാള്‍ ഒരു ആക്സിഡന്‍റില്‍ മരിച്ചു.  അതിനെ കുറിച്ചും അന്വേഷണങ്ങള്‍  ഉണ്ടായി. ആ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആക്സിഡന്‍റു തന്നെയെന്ന് വ്യക്തമാക്കപ്പെട്ടു.  സോമശേഖരന്‍ എന്ന ഏ എസ് ഐയുടെ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും, അതിന് വണ്ടിയൊ, വണ്ടിയുടെ ഡ്രൈവറോ ഉത്തരവാദിയല്ലെന്നും വാദങ്ങളുന്നയിച്ച് കഥകളവസാനിച്ചു.  എങ്കിലും മരിച്ചന്‍റെ അവകാശികള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനിക്കാര്‍ നല്ലൊരു തുക നഷ്ട പരിഹാരം നല്‍കി.  ഗ്രാറ്റ്വിറ്റിയും പ്രോവിഡന്‍റ് ഫണ്ടും ലൈഫ് ഇന്‍ഷ്വറന്‍സുമൊക്കയായി നല്ലൊരു തുക ലഭിച്ചു. അവരുടെ മകന്‍ പ്രായപൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍ ജോലിയും  കൊടുത്തു.  സതിയും മകനും, മകന്‍റെ ഭാര്യും മക്കളും സന്തോഷത്തോടെ ജീവിക്കുന്നു.

       ഇക്കഥയും കഥാപാത്രങ്ങളും ശരിയായിരിക്കില്ല.  എന്നാണ് സുദേവിന് ആദ്യം തോന്നിയത്.  ഒരു പക്ഷെ, സത്യവുമായിരിക്കാം.  കഥാപാത്രങ്ങളും കഥ നടക്കുന്ന സ്ഥലവും സാങ്കല്പീകമായിരിക്കാം. സംഭവങ്ങള്‍ ശരിയുമായിരാക്കാം.  ലാസറലിയെക്കുറിച്ച് അറിയുന്നതൊന്നും ഒഴിവാക്കാന്‍ കഴിയാത്തതുകളാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്നത്.  ഒരിതിഹാസത്തിലെ തമോഗുണം അധികമാര്‍ന്നൊ പൂര്‍ണ്ണ കഥാപാത്രം. ഇതിഹാസങ്ങളില്‍ അധികവും അങ്ങിനെയുള്ള കഥാപാത്രങ്ങളാണ് കാണാന്‍ കഴിയുന്നത്.  ഒരു പക്ഷെ, നിത്യജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് ഇറങ്ങി അറിയാന്‍ ശ്രമിച്ചാല്‍, പഠിച്ചാല്‍ കാണാന്‍ കഴിയുന്നതും അപ്രകാരം തന്നെയായിരിക്കാം.  വന്നു, വന്ന് ഏതു ദിശയിലേക്ക് എഴുത്തിനെ നയിക്കണമെന്ന ചിന്ത സുദേവിന്‍റെ മനസ്സിനെ കലുഷമാക്കി തുടങ്ങിയിരിക്കുന്നു.  സത്ഗുണ സമ്പന്നനായ ദേവപ്രകൃതനായൊരു മനുഷ്യനെ അവതരിക്കുന്നൊരു ആത്മകഥ.  ആത്മകഥാകാരന്‍റെ തിക്താനുഭവങ്ങളെ മുന്‍ നിര്‍ത്തി കുറെ സ്വതന്ത്രമായ ചെറുകഥകള്‍, യഥാര്‍ത്ഥ ജീവിതത്തിന്‍റെ ഏടുകളില്‍ തികച്ചും രാക്ഷസീയമായ തമോഗുണപ്രദമായ ഭാവങ്ങളും. ഒരിക്കലും ഒരിടത്തും എത്തിപ്പെടാന്‍ കഴിയാതെ അലങ്കോലമായി തീര്‍ന്നിരിക്കുന്നു മനസ്സ്.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പത്ത്

അവല്‍ വിളയിച്ചതും പഴ നുറുക്കും ചായയും. കുമുദത്തിന്‍റെ നാലുമണി ഭക്ഷണത്തിന് മധുരം അധികമാണെന്ന് നിവേദിതക്ക് തോന്നി.  അവള്‍ മധുരത്തില്‍ സുദേവിനെ മയക്കി എടുക്കാന്‍ ശ്രമിക്കുന്നതാകാം.

       മധുരവും, എരുവും പുളിയും, കൈയ്പും, ചവര്‍പ്പും…

       കുമുദം ഇതെല്ലാമായി സുദേവിനെ…

       അവന്‍ ഭക്ഷണം കഴിക്കുമ്പോഴും ചിന്തയിലാണെന്ന് നിവേദിത കണ്ടു.

       ലത…. അയാള്‍ എന്തിനു വേണ്ടി ഇതെല്ലാം അന്വേഷിച്ചു കണ്ടെത്തുന്നു…. നമ്മളെ അറിയിക്കുന്നു…?

       ഉദ്ദേശങ്ങളുണ്ട്…

       ഉണ്ട്…. എന്തിന്‍റേയോ തയ്യാറെടുപ്പു പോലെയുണ്ട്…

       അതെ, പക്ഷെ… എനിക്ക് ഇനിയും ഇവിടെയിരുന്നാല്‍ വീട്ടിലെത്താന്‍ കഴിയില്ല…

       സുദേവ് ഫോണ്‍ ചെയ്ത് ഓട്ടോ വരുത്തി നിവേദിതയെ യാത്രയാക്കി.

       ഷഡൗണ്‍ ചെയ്യാതെ വച്ചിരുന്ന ലാപ്ടോപ്പില്‍ ലതയുടെ മെയിലിലെ മൂന്നാമത്തെ ഫയല്‍ തുറന്ന് വായിച്ചു.

       വളരെയിരുണ്ട്, മഴ പെയ്ത് തിമിര്‍ത്തിരുന്ന ഒരു രാത്രി. കുഞ്ഞാറു മേരിയുടെ ദേഹത്തേക്കൊട്ടി പുതപ്പിനടിയില്‍ അവന്‍ നല്ല ഉറക്കമായിരുന്നു.  ഓലമറയുടെ വിടവുകള്‍ വഴി തണുപ്പും കാറ്റിലെത്തുന്ന ഈര്‍പ്പവും കിടക്കുന്നിടത്തും ഉണ്ടായിരുന്നു.  മറ വാതില്‍ ആരോ ശക്തിയായി തള്ളുന്ന ശബ്ദവും മേരിയുടെ അലര്‍ച്ചയും കേട്ടിട്ടാണവന്‍ ഉണര്‍ന്നത്.

       തൊറക്കെടീ….മോളെ ചെറ്റ അല്ലെങ്കില്‍ ഞാന്‍ ചവുട്ടിപ്പൊളിക്കും…..

       ഫാ….മോനെ ധൈര്യമുണ്ടെങ്കില്‍ ചവുട്ടിപ്പെളിക്കെടാ… എന്‍റെ കയ്യില്‍ വാക്കത്തിയാണിരിക്കുന്നത്… നീ പിന്നെ കാലും കൊണ്ടു പോകില്ല…..

       വീണ്ടും ആക്രോശങ്ങളും പ്രതിയാക്രോശങ്ങളും കുറേക്കൂടി നടന്നു. മേരി വാക്കത്തി ഓങ്ങി വീടിനുള്ളിലും തെറി വാക്കുകളെക്കൊണ്ട് മഴ പെയ്യിച്ചു കൊണ്ട് ആരോ ഒരാള്‍ പുറത്തും നിന്നു കുറെ നേരും… ഒടുവില്‍ അയാള്‍ മടുത്ത്, ധൈര്യമില്ലാതെ മടങ്ങി.  മടുത്തപ്പോള്‍ ഒടുവിലായി പറഞ്ഞു.

       നീ ഞൊട്ടേം ഞോളേം വരാത്ത മൂക്കളയൊലിപ്പിക്കുന്ന ചെറുക്കനെ നെഞ്ചിക്കേറ്റി കെടത്തിക്കോടി….മോളെ…

       ഫാ… മോനെ അതെന്‍റെ ഇഷ്ടമാടാ…നീ നിന്‍റെ പാട്ടിനു പോടാ.. …മോനെ….

       മേരി പിന്നീടും ഏറെ നേരം മോനെ എന്നു വിളിച്ചു കൊണ്ടിരുന്നു.  ആ വാക്കിന് മുമ്പില്‍ പൂരിപ്പിച്ചു കൊണ്ടിരുന്ന പുതിയ വാക്കുകള്‍ കേട്ടിട്ട് രാജനൊന്നും തോന്നിയില്ല.  ഒരു പുതുമയും ഇല്ലാത്തതില്‍ ദുഖമുണ്ടാവുകയും ചെയ്തു.  എന്നാല്‍ ഞൊട്ടയും ഞോളയും… അവനെ ചിന്താകുലനാക്കി.  പക്ഷെ, മേരിയോടു ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു.  ചോദിച്ചാല്‍ അവളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹവും ഭക്ഷണവും നഷ്ടമാകുമോയെന്നു ഭയന്നു. 

       അവളുടെ സ്നേഹവും ഭക്ഷണവും ആവശ്യത്തിലേറെ കിട്ടിയിട്ടും ഒരു നാള്‍ അവന്‍ അവളെ വിട്ടു പോയി.  എവിടേക്കെന്ന് ഒരു സൂചനയും അവശേഷിപ്പായി വച്ചില്ല.  മേരി തളര്‍ന്നു പോയി. കുറെ നാള്‍, കട തുറക്കാതെ വെറുതെ കിടന്നു.  ചെറ്റമറ എന്നും കെട്ടി വച്ചിരുന്നു.  പകലും രാത്രിയും പലരും വന്നു വിളിച്ചിട്ടും അവള്‍ ഒരക്ഷരം പോലും മിണ്ടാന്‍ കൂട്ടാക്കിയുമില്ല.  കല്ല്യാണി അവളെ തെറി വിളിക്കുകയും പിരാകുകയും ചെയ്തു.  എന്നിട്ടും അവള്‍ക്കൊന്നും മറുപടി പറയാനില്ലായിരുന്നു.

       വീണ്ടും ഒരു മാസത്തോളം കഴിഞ്ഞ് ചെറ്റ മറ നീക്കി കടയില്‍ ചായയും അപ്പവും പുട്ടും ഉണ്ടാക്കി വച്ച് ആളുകളെ സ്വീകരിച്ചു തുടങ്ങിയപ്പോള്‍ അവളാകെ മാറിയിരുന്നു.  ദേഹം ചടച്ച്, ഉന്മേഷമില്ലാതെ, ഒരു  മുഖങ്ങളിയും സൂക്ഷ്മതയോടെ നോക്കാതെ….

       രണ്ടര വര്‍ഷം കഴിഞ്ഞു. കുഞ്ഞാറുമേരിയെന്ന പെണ്ണ് നാട്ടുകാരുടെ ഓര്‍മ്മയില്‍ നിന്നു തന്നെ മാഞ്ഞുപോയി. അവള്‍ ഒരു ചായക്കട മേരി മാത്രമായി.  നിശ്ശബ്ദയായിട്ട് ചായക്കട നടത്തുന്ന ഒറ്റക്ക് ജീവിക്കുന്ന ഒരു സാധു സ്ത്രീ.  പിന്നീട് ഉണ്ടായ ശക്തമായ മഴക്കാലത്തൊന്നും അവളുടെ ചെറ്റ ചവിട്ടിപ്പൊളിക്കുമെന്ന് പറഞ്ഞ് ആരും വന്നില്ല.  ഒരു ദിവസം രാജന്‍ വീണ്ടും വന്നു.  അവന്‍ കുറച്ച് പൊക്കം വച്ചിരുന്നു.  മൂക്കിന് താഴെ കറുത്ത വര പോലെ മീശ മുളച്ചിരുന്നു.  ഭക്ഷണം നന്നായി കഴിച്ചിരുന്ന ദേഹമായിരിക്കുന്നു.  കടയുടെ തിണ്ണയില്‍ കയറി മേരിയെ തന്നെ നോക്കി നില്‍ക്കുമ്പോഴാണ് അവള്‍ ശ്രദ്ധിച്ചത്.  കടയില്‍ രാവിലത്തെ കച്ചവടം കഴിഞ്ഞ് മേരി വിശ്രമിക്കുകയായിരുന്നു.  ബെഞ്ചിലിരുന്നു ഡെസ്കിലേക്ക് തല ചായ്ച്ച് വച്ച് മയങ്ങിപ്പോയിരുന്നു. തിണ്ണയില്‍ കയറി നിന്നിരുന്ന ആള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കൊണ്ടാണവള്‍ തലയുയര്‍ത്തി നോക്കിയത്. അവനെ കണ്ട്, അവള്‍ അമ്പരന്നു പോയി..  ഒന്നും മിണ്ടാതെ നോക്കിയിരുന്നു.  ഒരു പാടു നേരം.

       രാജാ…

       എന്നു വിളിച്ചപ്പോഴേക്കും കരഞ്ഞു പോയി.  നിയന്ത്രണം വിട്ട് ഡെസ്ക്കിനെ തള്ളിയകറ്റി അവനെ ദേഹത്തോടേ ചേര്‍ത്തു നിര്‍ത്തി.  അവന്‍ പൊക്കം വച്ച് തന്നേക്കാള്‍ ഉയരത്തിലെത്തിയിരിക്കുന്നെന്ന് കണ്ട്  സങ്കോചത്തോടെ വിട്ടകന്നു.

       ചായ കുടിക്കാനെത്തുന്നവരുടെ കണ്ണുകളിലൂടെ മേരി പിന്നീടും നന്നായി വന്നു.  ദേഹം കൊഴുക്കുകയും സ്നിഗ്ദത കൈ വരിക്കുകയും ചെയ്തു.  രാത്രികളില്‍ ചെറ്റ മറയെ തള്ളിത്തുറക്കാനായി ചിലരൊക്കെ വീണ്ടും നോക്കി.  മേരിയുടെ ആക്രോശങ്ങളും തെറിവാക്കുകളും രാത്രിയുടെ നിശ്ശബ്ദതയെ ഭജ്ജിക്കുന്നതു കേട്ട് കല്ല്യാണിത്തള്ള കലി കയറി തുള്ളി.  അധികനാള്‍ കഴിയാതെ തന്നെ മേരി ചായക്കട നിര്‍ത്തി.  രാജന്‍ അവളുടെ ഭര്‍ത്താവാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടു.  രാജന്‍റെ കൈകാലുകള്‍ വീണ്ടും മുഴുത്തു, നെഞ്ച് വിരിഞ്ഞു, പേശികള്‍ ഉരുണ്ടു കൂടി.  ആരോഗ്യവാനായ ഒരു ഒത്ത പുരുഷനിലേക്ക് വളര്‍ന്നു.

       കുഞ്ഞാറുമേരിയുടേയും ലാസറലിയുടേയും ജീവിതത്തെ ബന്ധിക്കുന്ന തുടര്‍ കണ്ണികളെ കിട്ടാതെ സുദേവ് ശക്തമായ മാനസീക സംഘര്‍ഷത്തലായി.  അവന്‍ താമസ്സിക്കുന്നിടം വിട്ട് പുറത്തേക്ക് നടന്നു.  ലാസറിടത്തിന്‍റെ പ്രധാന കവാടം കടന്ന് പുറത്തേക്ക്.

       ലാസറിടത്തിന്‍റെ പ്രധാന കവാടത്തിന്‍റെ മുന്നിലുള്ള ടാര്‍ വിരിച്ച പാതയിലൂടെ ഇടത്തോട്ട് നടന്നു.  വലത്തു നിന്നുമാണ് അന്ന് ഇന്‍റര്‍വ്യുവിന് നിവേദിതയുമായി വന്നത്.  എന്നു പറഞ്ഞാല്‍ വലത്തോട്ടു പോയാല്‍ പുറം ലോകവുമായുള്ള ബന്ധവും, ഇടത്തോട്ടു പോയാല്‍ വനം ലോകവുമായുള്ള ബന്ധവുമുണ്ടാകുമെന്നു തന്നെ.  ഇടത്തോട്ടുള്ള വഴിയെ കുറെ നടന്നപ്പോള്‍ തന്നെ വിജനതയുടെ ശബ്ദങ്ങളും മണങ്ങളും നിറങ്ങളും അനുഭവപ്പെട്ടു തുടങ്ങി.  കുറേക്കൂടി നടന്നപ്പോള്‍ ടാര്‍ വിരിച്ച വഴി ശോഷിച്ചു ശോഷിച്ച് തീര്‍ന്നു.  വെട്ടു വഴി വലത്തോട്ടു തിരിഞ്ഞ് പോയി.  എവിടേക്കെന്ന് സുദേവ് തിരക്കിയില്ല.  നേരെയും പിന്നീട് ഇടത്തോട്ടും നടപ്പു വഴികള്‍ മാത്രമായി. വനാന്തരത്തിലേക്കുള്ള വഴികളാണ് ഞങ്ങളെന്ന് ധ്വനിപ്പിക്കുമ്പോലെ ചീവീടുകളുടെ ഗാനം കേള്‍ക്കുന്നുണ്ട്.  ലാറസിടത്തേതു പോലെ ചെത്തി വെടിപ്പാക്കലും കരതലോടെ ചെടികള്‍ വച്ചു പിടിപ്പക്കലുമില്ലാത്ത യഥാര്‍ത്ഥ പ്രകൃതിയിടം.  യഥേഷ്ടം വളര്‍ന്നു നില്‍ക്കുന്ന ലതാദികള്‍, കുറ്റിച്ചെടികള്‍, നിലം പരണ്ടകള്‍, കാട്ടു വര്‍ഗ്ഗ മരങ്ങള്‍… അവകളിലൊക്കെ തോന്നിയ പോലെ ജീവിക്കുന്ന ജീവജാലങ്ങള്‍… നടപ്പു വഴിയിലൂടെ ആരെയും നോക്കാതെ, ആരെയും കേള്‍ക്കാതെ, ആരെയും മണക്കാതെ സുദേവ് സ്വയം വലിഞ്ഞ് വെറുതെ നടന്നു.  പെട്ടന്ന് കാടിന്‍റെ മണം വിട്ടൊരു ഗന്ധം അറിഞ്ഞിട്ടാകാം ഒരുത്തന്‍ വഴിയുടെ കുറുകെ ചാടിയിറങ്ങി നിന്നു.  ഞെട്ടലോടെ സുദേവ് അവനെ നോക്കി ഭയന്നു.  ഇനിയും തലമൂത്തു കഴിഞ്ഞിട്ടില്ലാത്ത ഒരു കുറുക്കന്‍ കുഞ്ഞായിരുന്നു.  അവനും അങ്കലാപ്പിലായി, പെട്ടന്ന് കുറ്റിക്കാട്ടിലേക്ക് ചാടിക്കയറി. സുദേവ് എത്ര ശ്രമിച്ചാലും ഗ്രസിക്കാനാകാത്ത അകലത്തില്‍ നിന്നു, അതിക്രമിച്ചു കയറരുതെന്ന താക്കീത് നല്‍കി സാവധാനം നടന്ന് മറഞ്ഞു.

       അതിക്രമിച്ച് കയറി അധികാരം സ്ഥാപിക്കുക.  സുദേവ് പെട്ടന്ന് അങ്ങിനെ ഒരാശയത്തെ കുറിച്ച് ചിന്തിച്ചു. അതിക്രമം കാണിക്കുന്നത് മനുഷ്യന്‍ മാത്രമല്ലെ…..

       ഇല്ലെടാ, ഞാനതിക്രമം കാണിക്കില്ല.  നിന്നെപ്പോലെയെനിക്കും ചെറിയ അവകാശമൊക്കെയുണ്ട് ഈ കാട്ടിലും. എന്ന് ചിന്തിച്ചു കൊണ്ട് സുദേവ് മുന്നോട്ടു നടന്നു. നടപ്പു വഴി കുറുകിയതു കൊണ്ട് അവന് ഒരു തൊട്ടാവാടിയെ ശല്യം ചെയ്യേണ്ടിവന്നു.  അവള്‍ പൂത്തു നിറഞ്ഞു നില്‍ക്കുകയാണ്, നിറ യൗവനത്തില്‍.  അവള്‍ സുദേവിനെ മോഹിപ്പിച്ചു.  മോഹം അവന്‍റെ ഉള്ളില്‍ തന്നെയിരുന്നാല്‍ മതിയെന്ന് മന്ത്രിച്ച് അവള്‍ മൗനിയായി.  മുഖം കൂര്‍പ്പിച്ച് മനോഹാരിതയെ ഉള്‍വലിച്ച് ഒതുങ്ങിനിന്നു.  അടുത്ത് നില്‍ക്കുന്നത് ശൂര്‍പ്പണേഖ, കൊടിത്തൂവയെന്ന ചൊറിയണമാണ്.  അവളെകണ്ട് സുദേവ്  ഒതുങ്ങി, ചാടിക്കടന്ന് ഇടതൂര്‍ന്ന കാട്ടില്‍ നിന്നും പുറത്തിറങ്ങി, വലിയൊരു പാറയിലെ വഴുക്കിനെ അതിജീവിച്ച് താഴേക്കിറങ്ങി അരുവിക്കരയിലെത്തിയപ്പോള്‍ മനസ്സ് ലാഘവം കൊണ്ടു.  അരുവിയിലെ തെളി നീരില്‍ ഓടിക്കളിക്കുന്ന പരള്‍ മീനുകളും , അടിത്തട്ടിലെ കല്ലേമുട്ടിയും അവനില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു..  നാട്ടിലെ പുഴ വറ്റി, തോടു വറ്റി പാടത്ത് കാടുകള്‍ കയറി മൂടിക്കഴിഞ്ഞപ്പോള്‍ കുളക്കോഴികളെയും കൊറ്റികളെയും മറന്നുവെന്ന് ഓര്‍മ്മിക്കുന്നു, സുദേവ്.  ഒറ്റക്കിരുന്ന് കുയില്‍ പാടുകയാണ്.  ഏറ്റു പാടേണ്ട പിടക്കുയില്‍ ഇര തേടി അകന്നതാകുമോ…. അതോ മറ്റൊരിണയോടൊത്ത് ഇക്കാടു വിട്ടു കാണുമോ…. അരുവിയിലേക്ക് തലകുത്തി നില്‍ക്കുന്ന തൊണ്ടിപ്പഴ മരത്തിലിരുന്ന അണ്ണാറക്കണ്ണന്‍ ചിലച്ചു.  അവന് ലാസറിടത്തെ അണ്ണാറക്കണ്ണന്‍റെ മുഖഛായ തോന്നിക്കുന്നു.  അതോ അവന്‍ തന്നെയാകുമോ… ആയിരിക്കാം.  അവന്‍ പരിചയഭാവം കാണിക്കുന്നില്ല.  എങ്കിലും ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.  രണ്ട് ഉപ്പന്‍ കാക്കകള്‍ നിശ്ശബ്ദരായി ആരെയോ തേടി നടക്കുന്നുണ്ട്. അകലേയ്ക്ക് ഒരു മഞ്ഞക്കിളി പറന്നു പോയി.

       അരുവിയിലെ തെളി നീരിന് നല്ല കുളിര്‍മയുണ്ട്.  പാദം നനച്ചപ്പോള്‍ ദേഹമാകെ കുളിരു കയറി.  ചെറിയൊരു വിറയലുണ്ടായി.  ആ വിറയല്‍ ദേഹത്തു നിന്നും വിട്ടു പോകും മുമ്പ് തന്നെ മറ്റൊരു ഭീതിയില്‍ സുദേവ് പനിച്ചു നിന്നു പോയി.  അരുവിക്ക് അക്കരയില്‍ അടിക്കാടുകളെ സാവധാനം ചവുട്ടിയമര്‍ത്തിക്കൊണ്ട്, വള്ളിപ്പടര്‍പ്പുകളെ അകറ്റിക്കൊണ്ട് അവള്‍ പുറത്തേക്ക് വന്നു.  അനുധാവനം ചെയ്ത് അവനും.  കൊഴുത്ത് സുന്ദരിയായൊരു ഗജ ശ്രേഷ്ട, ലേശം മഞ്ഞപ്പ് കയറിയ നീളമേറിയ കൊമ്പുള്ള  ഒരു ശ്രേഷ്ടനും.  കുറച്ച് മുമ്പ്, സുദേവ് അരുവിക്കരയില്‍ എത്തിയ നേരത്ത് തന്നെ അവരുടെ മദിപ്പിക്കുന്ന ഗന്ധം അക്കരയില്‍ നിന്നും കാറ്റ് എത്തിച്ചു നല്‍കിയതായിരുന്നു.  പക്ഷെ, അതെന്തെന്നു തിരിച്ചറിയാനുള്ള ജ്ഞാനമില്ലാതെ അവന്‍ അരുവിയിലേക്കിറങ്ങിയതായിരുന്നു.  ഇപ്പോഴും കാറ്റ് അവനടുത്തേക്കാണ് വരുന്നത്. സുദേവ് ഒരു നിമിഷം കൊണ്ട് അരുവിക്കരയിലെ ഒരു മര മുത്തശ്ശിയുടെ മറവിലേക്ക് മാറി നിന്നു.  ശ്രേഷ്ടയും ശ്രേഷ്ടനും അരുവിക്കരയിലൂടെ താഴേക്ക്  യാത്ര തുടര്‍ന്നു.  ഒരു പക്ഷെ, മയിലുകള്‍ താണ്ടിയാകാം അവരിവിടെ എത്തിയിരിക്കുന്നത്,  ഇനിയും മയിലുകള്‍ താണ്ടാം….

       ഗജ ദമ്പതികള്‍ സുദേവനില്‍ രതി മോഹം ഉണര്‍ത്തി വിട്ടു.  കാടിനെ വിട്ട് ലാസറിടത്തെത്തിയപ്പോള്‍  ഭക്ഷണം പാകം ചെയ്തു  ഡൈനിംഗ് ടേബിളില്‍ വിളമ്പി, അടച്ചു വച്ച് കുമുദം പൊയ്കഴിഞ്ഞിരുന്നു.  അവന്‍ ചലച്ചിത്രങ്ങളില്‍, പ്ലാനറ്റ് ജിയോഗ്രാഫിക്കല്‍ ചാനലുകളില്‍, നെറ്റില്‍ രതി കണ്ടു നടന്നു.  ഗജരാജന്‍റെ, മൃഗരാജന്‍റെ, ഉരഗങ്ങളുടെ, ഗഗന ചാരികളുടെ, ഷഡ്പദങ്ങളുടെ, ഗൗളികളുടെ, വ്യത്യസ്ഥ സസ്തനികളുടെ, വാനരന്‍റെ, നരന്‍റെ…  അധിക രതിയും സ്വവര്‍ഗ്ഗ രതിയും പ്രാകൃത രതിയും പ്രകൃതി വിരുദ്ധ രതിയും അതിക്രമ രതിയും ഉഭയകക്ഷി സമ്മത രതിയും ബലാല്‍ ഉള്ളതും അകാലത്തിലുള്ളതും അസമയത്തുള്ളതും, നരനില്‍ മാത്രമെന്നു കണ്ടു….

***

       നിവേദിത ജോലി ചെയ്യുന്ന പത്രത്തിന്‍റെ ആഴിചപ്പതിപ്പില്‍ സുദേവ് നഗരത്തിലെ താരോദയം എന്നൊരു കഥ സാഗര്‍ എന്ന തൂലികാ നാമത്തില്‍ എഴുതി.  ലാസറലിയുടെ കഥാസമാഹാരത്തിലെ  ആദ്യത്തെ കഥ ആയിരിക്കണമതെന്ന് തീരുമാനിച്ചു.  ലത പറഞ്ഞ കഥയിലെ കല്ല്യാണി എന്ന വയറ്റാട്ടിയുടെ പിറവിയെ സൂചിപ്പിക്കുന്നൊരു സാങ്കല്പിക കഥയാണത്.

       ഒരു ഗ്രാമം.

       ഗ്രമമാണോ…?

       തട്ടുതട്ടുകളായി തിരിച്ച മലപ്രദേശം. കുരുമുളകും കാപ്പിയും കൃഷികള്‍.  കാപ്പിപ്പൂവിന്‍റെ വശ്യമായ ഗന്ധവും കുരുമുളക് ഇലകളുടെ എരിവുള്ള ഗന്ധവും നിറഞ്ഞ ഭൂപ്രദേശം. വിളിച്ചാല്‍ വിളി കേള്‍ക്കില്ലാത്ത അകലത്തില്‍ പാര്‍പ്പിടങ്ങള്‍…. പുല്ലുമേഞ്ഞത്, അല്ലെങ്കില്‍ തെങ്ങോലയോ പനയോലയോ മേഞ്ഞ വീടുകള്‍…. നേരം പുലരുമ്പോള്‍ മുതല്‍ അന്തിയാകും വരെ കൊത്തും കിളയും വെട്ടലും കോതലുമായ ജോലികള്‍ ചെയ്യുന്നവര്‍….

       കല്ല്യാണിയെന്ന പെണ്ണിന്‍റെയും പണി ചെയ്ത് ഉറച്ച ദേഹമായിരുന്നു.  അച്ഛന്‍റെയും അമ്മയുടേയും അഞ്ചു പെണ്‍ മക്കളില്‍ മൂത്തവള്‍….

       നെഞ്ചോടു ചേര്‍ത്തു വയ്ക്കാന്‍ ഒരു മധുരിക്കുന്ന ഓര്‍മ്മകളും അവര്‍ക്കുണ്ടായിരുന്നുല്ല.  ഇക്കാണുന്നതെല്ലാം അക്കാണുന്നതെല്ലാം ആരോടും ചോദിച്ചാലും അസീസു റാവുത്തുറുടേതാണെന്ന് പറയുന്ന കുറെ കാപ്പിത്തോട്ടം കുരുമുളകു തോട്ടം, അതു കഴിഞ്ഞാല്‍ സായിപ്പന്മാര്‍ ഭരിക്കുന്ന തേയിലത്തോട്ടങ്ങള്‍. വെളിമ്പുറങ്ങള്‍ ഒരിടത്തും അവള്‍ കണ്ടില്ല. തേയില നുള്ളി ശേഖരിക്കുന്ന, വറുത്തെടുക്കുന്ന കമ്പനിയുടെ അവശേഷിപ്പുകള്‍ ഒഴുകി വരുന്ന തോടാണ് ആരുടേതുമല്ലാതെ കണ്ടിട്ടുള്ളു.  തോട്ടങ്ങളുടെയിടയിലൂടെയുള്ള നടപ്പു വഴി താണ്ടിയെത്തുന്ന റോഡ് അവസാനിക്കുന്നത് അവരുടെ സിറ്റിയിലാണ്.  അഞ്ചാം ക്ലാസു വരെയുള്ള പള്ളിക്കൂടവും വില്ലേജ് ഓഫീസും സാധനങ്ങള്‍ വാങ്ങാനുള്ള കടകളും അവിടെയാണ്.  എന്നാല്‍ തുണികള്‍ വാങ്ങാന്‍ കൊല്ലത്തിലൊരിക്കല്‍ പുഴ കടന്ന് ബസ്സ് കാത്തു നിന്നു തിക്കിത്തിരക്കി കയറി കുലുങ്ങി വിഷമിച്ച് പട്ടണത്തിലെത്തണം.  വര്‍ഷത്തിലൊരിക്കലേ ഉള്ളൂവെങ്കിലും അവള്‍ക്കും അനുജത്തിമാര്‍ക്കും അതൊരു ഹരമായിരുന്നു.  ഒരു പുള്ളിപ്പാവാടയും ഒരു ബ്ലൗസ്സുമാണ് ഒരു വര്‍ഷത്തേക്ക്.  പണിക്ക് പോകുമ്പോള്‍ കൈലി മുണ്ടും പഴകിയ ജമ്പറും ധരിക്കും.  അടി വസ്ത്രങ്ങളുടെ ആവശ്യമേയില്ലായിരുന്നു.  ഇല്ലാത്തതു കൊണ്ടു തന്നെ.  എഴുത്തു പഠിച്ചില്ല.  വായനയും അറിയില്ല.  അച്ഛനും അമ്മയും പറയുന്നതു കേട്ട് സംസാരിക്കാന്‍ പഠിച്ചു.  അവര്‍ പറഞ്ഞു കൊടുത്തു തന്നെ കണക്ക് കൂട്ടാനും കിഴിക്കാനും പഠിച്ചു. പലവ്യജ്ജന കടയിലും റേഷന്‍ കടയിലും അതിന്‍റെ ഉപയോഗമുണ്ടായിരുന്നതു കൊണ്ട്.  മുളക് തോട്ടത്തിലെ അടിക്കാടു വെട്ടി ചെത്തി വെടിപ്പാക്കാനോ, വളമിടുന്നതിനോ, കാപ്പിച്ചെടികള്‍ക്ക് പൂങ്കുല വരുന്നത് കണ്ട് സന്തോഷിക്കാനോ അവര്‍ക്ക് അക്ഷരം അറിയേണ്ടിയിരുന്നില്ല.  സന്ധ്യക്ക് തോട്ടില്‍ പോയി കൈലി മുണ്ട് മാറില്‍ കയറ്റി കെട്ടി കുളിക്കാനോ, മാസത്തിലൊരുക്കലുണ്ടാകുന്ന കുളിക്കോ അതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല.  സന്ധ്യക്ക് വിളക്ക് കൊളുത്തി വച്ച് കിഴക്കോട്ടു തിരിഞ്ഞിരുന്ന് രാമരാമ ചൊല്ലുന്നതിനോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഉത്സവത്തിന് അമ്പലത്തില്‍ പോകുമ്പോള്‍ പ്രതിഷ്ടക്കു മുന്നില്‍ കൈകൂപ്പി നിന്ന് അടുത്ത ഒരു വര്‍ഷത്തേക്കു വേണ്ടതൊക്കെ ഇനം തിരിച്ച് പറഞ്ഞ് ധരിപ്പിക്കാനോ എഴുത്തു പഠനം വേണ്ടിയിരുന്നില്ല.  അങ്ങിനെ വേണ്ടതൊക്കെ അമ്മ പറഞ്ഞ് പഠിപ്പിച്ചിരുന്നു.  അവള്‍ അനുജത്തി മാരെ പഠിപ്പിച്ചു കൊണ്ടുമിരുന്നു.

       ഒരു മുളക് വിളപ്പെടുപ്പുകാലം, നിലം ചെത്തി വെടിപ്പാക്കി, മൂത്തു പഴുത്തോ എന്ന കൂടെക്കൂടെ നോക്കി , പാകമായപ്പോള്‍ ഏണി ചാരി, പുറത്ത് മാറാപ്പു പോലെ കെട്ടിയിരിക്കുന്ന ചാക്കിലേക്ക് മുളക് തിരികള്‍ പറിച്ചിട്ടു കൊണ്ടിരിക്കുന്ന ഒരു നാള്‍….മുളകു തിരി നുള്ളുമ്പോള്‍ കൂടെ നുള്ളിപ്പോകുന്ന ഇല ഞെട്ടില്‍ നിന്നും ഉയരുന്ന എരിവുള്ള ഗന്ധം ആസ്വദിച്ച്…  ആ ആസ്വാദനത്തില്‍ നിന്നു കിട്ടുന്ന ഉന്മേഷത്തെ അനുഭവിച്ച് കൊണ്ട് തിരി നുള്ളവെ… മുളയേണിത്തണ്ടില്‍ പിടിച്ചു കൊണ്ട് ഒരു ചോദ്യം കേട്ടു.

       കല്ല്യാണി നീ വലുതായല്ലോടീ….?

       അവളൊന്നു ഞെട്ടി. മേലോട്ടു നോക്കി നില്‍ക്കുന്നു അസീസ് റാവുത്തറുടെ മകന്‍ മുസ്തഫ റാവുത്തറുടെ മകന്‍ അബു എന്ന അബു റാവുത്തര്‍.  അവള്‍ക്ക് സന്തോഷമായി.

       മോനെപ്പഴാ വന്നത്….?

       രാവിലെ….

       അബുവിനെ അവള്‍ എടുത്തു നടന്നിരുന്നതാണ്, ചെറുപ്പത്തിലെ.  വികൃതിയും വഴക്കാളിയുമായിരുന്ന അവനില്‍ നിന്നു രക്ഷപെടാന്‍ അവന്‍റുമ്മ അവന് കളിക്കാന്‍ കുഞ്ഞു കല്ല്യാണിയെയാണ് ഏര്‍പ്പാടാക്കി കൊടുത്തിരുന്നത്.  കളികളെന്നും വേദനിപ്പിക്കുന്നതിലെത്തി, കല്ല്യാണി കരഞ്ഞ് പിന്‍മാറുമ്പോള്‍ അബുവിന്‍റെ ഉമ്മ അവനെ അടിച്ച് ഓടിക്കുമായിരുന്നു.  അവന്‍ വലുതായി, സ്കൂള്‍ കഴിഞ്ഞു. അകലെ നഗരത്തിലെ കോളേജ് വാസം തുടങ്ങിയിട്ട് ഇപ്പോള്‍ മുന്നു കൊല്ലമായിയെന്നവള്‍ കണക്കു കൂട്ടി.  പക്ഷെ, അവന്‍ നീ വലുതായല്ലോടിയെന്നു പറഞ്ഞിന്‍റെ അര്‍ത്ഥം അവള്‍ക്ക് അത്ര കണ്ട് മനസ്സിലായില്ല.

        പിന്നെ, അവന്‍ കഥകള്‍ പറഞ്ഞു.  അവള്‍ കേള്‍ക്കാത്ത കഥകള്‍. അവള്‍ കേട്ടിട്ടുള്ളത് രാമന്‍റെയും സീതയുടേയും അര്‍ജുനന്‍റെയും പാഞ്ചാലിയുടെയും  കൃഷ്ണന്‍റെയും രാധയുടേയും കഥകളാണ്. കേട്ടത് അമ്പലത്തിലെ ഉത്സവത്തിന് ബാലയ്ക്ക് തിരശ്ശീലക്ക് പിന്നില്‍ നിന്നും ആരോ പറയുന്നതാണ്.  പിന്നെ അവരുടെ പ്രായക്കാര്‍ തോട്ടില്‍ കുളിക്കാനെത്തുമ്പോള്‍ പറഞ്ഞിട്ടുള്ള കഥകളാണ്.  അത് അവരുടെ ഇടയില്‍ ഉണ്ടായിട്ടുളളും ഉണ്ടാകുന്നതും ഉണ്ടാകാവുന്നതുമായ കഥകളാണ്.  പക്ഷെ, അവന്‍ പറയുന്നത് പ്രേമത്തിന്‍റെ, മോഹത്തിന്‍റെ  ബന്ധങ്ങളുടെ കഥകളാണ്.  അവള്‍ക്ക് അത് അത്രക്കങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.  പക്ഷെ, അവന്‍റെ വിരള്‍ സ്പര്‍ശനങ്ങള്‍, ചുണ്ടിന്‍റെ നനവ,് കണ്ണുകളുടെ തറഞ്ഞു കയറലുകള്‍.  അവളെ പുളകം കൊള്ളിക്കുകയും ഉള്ളില്‍ എന്തെല്ലാമോ കിടന്ന് പുറത്തുകടക്കാന്‍ വെമ്പല്‍ കൊള്ളും പോലെ തിളച്ചു മറിയുകയും ചെയ്യുന്നതായിട്ട് അറിഞ്ഞു.  കാപ്പിപ്പൂ വിരിഞ്ഞ് വരുമ്പോലെ ഒരു ആനന്ദം ദേഹത്തു കൂടി പടര്‍ന്നു കയറുന്നതു പോലെ, ഉണങ്ങിയ കാപ്പിക്കുരു വറയോട്ടിലിട്ട് ചൂടു തട്ടുമ്പോള്‍ പൊട്ടി വിടരുമ്പോലെ അടി വയറ്റില് എന്തോ കണ്‍ തുറക്കുന്നു. അവളെ മോഹിപ്പിച്ചും, ദാഹിപ്പിച്ചും പ്രകമ്പനം കൊള്ളിക്കുന്നു.

       പിന്നീടെന്നും അവന്‍റെ സ്പര്‍ശനങ്ങള്‍ക്കായി, ചുംബനങ്ങള്‍ക്കായി, നയന ലാളനകള്‍ക്കായി അവള്‍ മോഹിച്ചു കൊണ്ടിരുന്നു.  നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍, കിടക്കുമ്പോള്‍, ജോലി ചെയ്യുമ്പോള്‍ അതു മാത്രം ചിന്തിച്ചു കൊണ്ടിരുന്നു.  വീണ്ടും വീണ്ടും അവന്‍റെ സാമിപ്യം ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  ഉണ്ടായിക്കൊണ്ടിരുന്നു.  പിന്നെ, പിന്നെ അവന്‍ രോമ കൂപം വഴി ദേഹത്തിനുള്ളിലേക്ക് കയറിപ്പോകുകയാണെന്നും, തന്‍റെ മനസ്സില്‍, ഹൃദയത്തില്‍ രക്തത്തില്‍ തലച്ചോറിലെല്ലാം അവന്‍ നിറയുകയാണെന്നും അറിഞ്ഞു കൊണ്ടിരുന്നു.  പിന്നീട് നിത്യവും അതു തന്നെ വേണമെന്ന ് തോന്നി തുടങ്ങി.  തോന്നലുകള്‍ നടപ്പാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു, നടന്നു കൊണ്ടിരുന്നു.

       ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പഠനത്തിനായി പോയി.  അവനില്ലാതെയായപ്പോള്‍ അവള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങളെ അറിയുകയായി.  അനുഭവിക്കുകയായി, അടക്കാന്‍ കഴിയാതെയായി.  തളര്‍ച്ചയിലേക്ക് നിപതിച്ചു കൊണ്ടിരുന്നു.  ജോലിയോട്, എടുപ്പിനോട്, നടപ്പിനോട് ആസക്തിയില്ലാതെ, ഉറക്കത്തിനോട് കൂടുതല്‍ ആഭീമുഖ്യം കാണിച്ചു തുടങ്ങിയപ്പോള്‍ അവളുടെ അമ്മ ശ്രദ്ധിച്ചു തുടങ്ങി.  അവളുടെ കണ്‍കളിലെ  ആലസ്യത, സംസാരത്തിലെ അവ്യക്തത, ബോധത്തിന്‍റെ ഇരുളിമ, കവിളിലെ വിളര്‍ച്ച, ദേഹത്തിന്‍റെ നീര്‍കൊള്ളല്‍, അവളും അമ്മയെ സംശയത്തിന്‍റെ വഴിയെ കാണാല്‍ വിട്ടു.  അവര്‍ മകളെ വിവസ്ത്രയാക്കി പരിശോധിച്ചു.  അമ്മയുടെ കണ്ണുകള്‍ അവളിലെ മാറ്റങ്ങളെ അളന്നെടുത്ത് ഞെട്ടി വിറച്ചു.  ആരാണെന്നു എന്താണെന്നും, എന്താണ് ഉണ്ടായതെന്നും  ഒളിക്കാതെ തന്നെ അവള്‍ പറഞ്ഞു. അവള്‍ പറയുമ്പോള്‍ പറയുന്നതില്‍ ഒരങ്കലാപ്പും, തെറ്റാണെന്ന ധാരണയും ഭയവുമില്ലെന്നു കണ്ടപ്പോള്‍ അമ്മ കൂടുതല്‍ ഭയന്നു.

       പിന്നെ അവളെ പണിക്ക് പുറത്ത് വിട്ടില്ല. തോട്ടില്‍ കുളിക്കാന്‍ വിട്ടില്ല.  പണിക്ക് പോകുമ്പോഴും തോട്ടില്‍ കുളിക്കാന്‍ പോകുമ്പോഴും സ്നേഹിതകള്‍ തിരക്കിയപ്പോള്‍ അവള്‍ അനുജതത്തിയുടെ വീട്ടിലെന്നു അമ്മ പറഞ്ഞു.  സിറ്റിയില്‍ പലചരക്കു കടയില്‍ ചെന്നപ്പോള്‍ തിരക്കിയ സ്നേഹിതരോട് അനുജന്‍റെ വീട്ടിലെന്ന് അച്ഛനും പറഞ്ഞു.  വിളിച്ചാല്‍ വിളി കേള്‍ക്കില്ലാത്ത അകലത്തിലുള്ള വാസങ്ങള്‍ അവളെ വീട്ടിനുള്ളില്‍ ഒളിപ്പിക്കാന്‍ സൗകര്യവുമായി.  ബസ്സുകള്‍ കയറി, പുഴ താണ്ടി, കാടുകയറി തോടുവഴി നടന്ന് തോട്ടപ്പുഴുവിന്‍റെ കടി കൊണ്ട് എത്തുന്ന ഒരു ബന്ധവും അക്കാലത്തു വന്നതുമില്ല.

       മുളക്  വിളവെടുപ്പു കഴിഞ്ഞ്, കൊടിയുടെ ചുവടുകള്‍ വകഞ്ഞ് വളമിട്ടു കഴിഞ്ഞ് കാപ്പിച്ചെടികള്‍ പൂത്തു വിരിഞ്ഞ് കായ പഴുത്തു വിളവെടുപ്പ് കഴിഞ്ഞ്,  റാവുത്തരുടെ തന്നെ വെളിമ്പറമായി കിടന്നിരുന്ന പറമ്പില്‍ കൃഷി ചെയ്തിരുന്ന ഇഞ്ചിയുടേയും മഞ്ഞളിന്‍റെയും വിളവെടുക്കുന്നതിനുള്ള സമയമെത്തി. വിളവെടുപ്പിന് അമ്മയും അച്ഛനും പോയിരുന്ന  ഒരു ദിവസം ഉള്ളില്‍  നിന്നൊരു നോവ് അടിവയറ്റിലെത്തി ആദ്യം തുടകള്‍ വഴി ഇറങ്ങി മുട്ടും കഴിഞ്ഞ് കണങ്കാല്‍ കടന്ന് പാദത്തിലെത്തി പെരുവിരള്‍ തുമ്പില്‍ കുത്തിപ്പഴുത്ത വേദനയായി.  പിന്നെ പൊക്കിളിന് മുകളിലേക്ക് കയറി മാറിലെത്തി, ഹൃദയത്തെ തുരന്ന് ശ്വാസത്തെ തടസ്സപ്പെടുത്തി കണ്ഠത്തില്‍ വിക്കലുണ്ടാക്കി ശിരസ്സില്‍ കയറി അവളെ ബോധമറ്റു കിടത്തി.

       ദേഹത്തു നിന്നും എന്തെല്ലാമോ പൊട്ടിയൊലിച്ചു പോയിക്കഴിഞ്ഞ് വേദനകളെല്ലാം അകന്നു കഴിഞ്ഞ് അടിവയറ്റില്‍ ഒരു നീറ്റല്‍ മാത്രം നിലനില്‍ക്കെ അവളുണര്‍ന്നു.  ഉണര്‍ന്നപ്പോള്‍ കാല്‍ക്കല്‍…..

       അമ്മേ….

       അവള്‍ വാവിട്ടു കരഞ്ഞു.  അവളുടെ ഇളയ സഹോദരി പിറന്നപ്പോള്‍ അവള്‍ അമ്മയുടെ അടുത്തു നിന്ന് എല്ലാം കണ്ടിരുന്നു,  പേറെടുക്കാന്‍ വന്ന ചാച്ചിയമ്മയുടെ അടുത്തു നിന്നു വിളക്ക് പിടിച്ചു കൊണ്ട്.  അമ്മയുടെ കണ്‍ മിഴിക്കലുകള്‍, വാപിളര്‍പ്പുകള്‍, അലമുറകള്‍,  ഇരു വശങ്ങളിലും കൈ തല്ലലുകള്‍, അടിവയറിന്‍റെ പ്രകമ്പനങ്ങള്‍, കാലുകളുടെ കോച്ചിവലികള്‍…ചാച്ചിയമ്മ തടവിക്കൊണ്ടിരുന്നു.  തെറി വിളിച്ചു കൊണ്ടിരുന്നു. അച്ഛനെ പിരാകിക്കൊണ്ടിരുന്നു.  അച്ഛന്‍ പുറത്ത് വൊരുകിനെപ്പോലെ നടക്കുന്നുണ്ടെങ്കിലും ഒന്നും അറിയുന്നില്ലല്ലോയെന്ന് ദൈവത്തിനോട് പരാതി പറഞ്ഞു കൊണ്ടിരുന്നു.  ഉരുള്‍ പൊട്ടല്‍ പോലെ എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോള്‍, അമ്മ ശാന്തയായി കഴിഞ്ഞപ്പോള്‍, കുന്തിച്ചു നിര്‍ത്തിയിരുന്ന കാലുകള്‍ നിവര്‍ത്തി, കൈകള്‍ നിവര്‍ത്തി കണ്ണുകളടച്ച്, ഒരു കുടം കണ്ണീര്‍ കടകണ്ണിലൂടെ ഒഴുക്കി, തല ചരിച്ച് സ്വസ്ഥമായി കിടന്നപ്പോള്‍ കൂടെ കരയുന്നൊരു കുഞ്ഞുണ്ടായിരുന്നു,  കൂടാതെ…

       കുഞ്ഞിനെ ചാച്ചിയമ്മയെടുത്ത് തുടച്ചു വൃത്തിയാക്കി അവളെ കാണിച്ചതായിരുന്നു.

       അവളുടെ കുഞ്ഞ് കരഞ്ഞില്ല.  അവള്‍ അതിന്‍റെ വായ തുറന്ന നോക്കി, കണ്ണുകള്‍ മിഴിച്ചു നോക്കി, ചന്തിയില്‍ നുള്ളി നോക്കി, കരഞ്ഞില്ല. അവളും കരഞ്ഞില്ല.  അതിന്‍റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല.    അവള്‍ കാലുകള്‍ നീട്ടി വച്ച് കൈകള്‍ ഇരു പുറവും നീട്ടി തളര്‍ത്തിയിട്ട് ശാന്തമായി ഉറങ്ങി.  ആ ഉറക്കത്തിലും അവളുടെ മനസ്സില്‍, കഴിഞ്ഞ നിമിഷങ്ങളില്‍ അവളുടെ ശരീരത്തില്‍ വന്ന വ്യതിയാനങ്ങള്‍ തെളിഞ്ഞ് കണ്ടു കൊണ്ടിരുന്നു.  കൈകാലുകള്‍ വലിഞ്ഞ് മുറുകുന്നതും, എല്ലാ രക്തപ്രവാഹവും അടിവയറ്റിലേക്ക് ഓടിക്കൂടുന്നതും, വയറ്റില്‍ അമര്‍ത്തി തടവിക്കൊണ്ടിരുന്നപ്പോള്‍ എന്തെല്ലാമോ ദേഹത്തു നിന്നും ഒഴിഞ്ഞു പോകുന്നതും , പ്രകമ്പനം കൊണ്ട് ഉലഞ്ഞ് തുള്ളിയ ദേഹം സമാധാനം കൊള്ളുന്നതും മനസ്സ് ശാന്തമാകുന്നതും….

       ദേഹത്തിന്‍റെ നീറ്റലുകള്‍ അകന്നപ്പോള്‍ അവള്‍ വീട്ടു പണികള്‍ ചെയ്തു തുടങ്ങി, തോട്ടില്‍ കുളിക്കാന്‍ പോയിത്തുടങ്ങി.  വീണ്ടും എല്ലാം പഴയ രീതിയില്‍ തന്നെ തുടര്‍ന്നു.      

       പക്ഷെ,    അവളുടെ അച്ഛനും അമ്മയും വേവലാദി കൊണ്ടു.  അടുത്ത വെക്കേഷന്  അബു റാവുത്തര്‍ നാട്ടില്‍ വന്നാല്‍ കുരുമുളക് തോട്ടത്തിലൂടെ കാപ്പിത്തോട്ടത്തിലൂടെ സുഗന്ധങ്ങളും എരിവുകളും തേടി നടന്നാല്‍… അയാള്‍ക്ക് ഒരൊറ്റ വഴിയെ തെളിഞ്ഞുള്ളൂ… ഒരു നാള്‍ അയാള്‍ തോട്ടമിറങ്ങി, തോടിറങ്ങി, നടന്ന് ബസ്സില്‍ കയറിപ്പോയി.  മൂന്നു നാളുകള്‍ കഴിഞ്ഞ് മരുമകനുമായി തിരിച്ചു വന്നു.  കറുത്തു ചടച്ച് ഉയരം കൂടിയ ചെല്ലപ്പന്‍.  അടുത്ത നാളുകളില്‍ അകന്നു നിന്നിരുന്ന ചില ബന്ധുക്കള്‍ കൂടി വന്നു. കല്ല്യാണി ചിറ്റപ്പനെന്നും കൊച്ചമ്മയന്നും അമ്മാവനെന്നും അമ്മായിയെന്നും വിളിക്കുന്നവര്‍ അവരുടെ മക്കളും.  അടുത്തൊരു രാത്രി, പന്നിയിറച്ചി കൂട്ടിയ ഊണും, ആണുങ്ങള്‍ക്കൊക്കെ റബ്ബര്‍ തോട്ടത്തില്‍ വച്ച് രഹസ്യമായി വാറ്റിയ ചാരായവും കൊടുത്ത ദിവസം കല്ല്യാണിയെ അച്ഛന്‍ ചെല്ലപ്പന്‍റെ കൈയില്‍ പിടിച്ചു കൊടുത്തു.  നേരം പുലരും മുമ്പെ അവരെല്ലാവരും തോട്ടമിറങ്ങി, തോടു കയറി നടന്ന് ബസ്സ് കയറി നാനാ വഴിക്ക് ്പിരിഞ്ഞു പോയി.  ചെല്ലപ്പനും, അവന്‍റെ അമ്മ നാണിത്തള്ളയും കല്ല്യാണിയും നഗരത്തിലെത്തി കുന്നിനു മുകളിലെ റോഡു വക്കത്തെ പുറമ്പോക്കില്‍ കയ്യേറി കെട്ടിയ കൂരയില്‍ പാര്‍പ്പു തുടങ്ങി.  ഒറ്റ മുറി കൂരയില്‍ അടുപ്പിന് ഓരം ചേര്‍ന്ന് അമ്മയുറങ്ങി.  കൈലി മുണ്ടു കൊണ്ട് മുറിക്ക് കുറുകെ മറ കെട്ടി, അമ്മയില്ലാത്തിടത്ത് അവരും ഉറങ്ങി.  ഉറക്കത്തിന് മുമ്പ് കല്ല്യാണിയെ പൊള്ളിച്ചുണര്‍ത്തി തണുപ്പിക്കാന്‍ കഴിയാതെ ചെല്ലപ്പന്‍ ശ്വാസം മുട്ടി എഴുന്നേറ്റിരുന്ന് ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്ത് തിരിഞ്ഞു കിടന്ന് എന്നത്തേയും പോലെ ഉറങ്ങി..   അവള്‍ ഒരു പരാതിയും പറഞ്ഞില്ല.  ചെല്ലപ്പനെപ്പോലെ, അമ്മയെപ്പോലെ ഒരു അലക്കുകാരിയായി, നഗരത്തെ സംസ്കരിക്കാന്‍ തുടങ്ങി.

       ഒരു മാസം തികയും മുമ്പ് അടുത്ത കൂരയില്‍ നിന്നും പകലുയര്‍ന്ന അലമുറ കേട്ട് ഓടിയെത്തിയ കാര്‍ത്തു  മറ്റൊരു സംസ്കാരത്തിന്‍റെ പ്രണേതാവ് ആവുകയായിരുന്നു.  സ്വന്തം അനുഭവത്തില്‍ നിന്നും ചാച്ചിയമ്മയില്‍ നിന്നും സ്വീകരിച്ചു മനസ്സില്‍ സൂക്ഷിച്ചിരുന്ന വിദ്യ പ്രയോഗത്തിലാക്കുകയായിരുന്നു.  ആദ്യ കുഞ്ഞിനെ പുറത്തടുത്ത് തുടച്ച് വൃത്തിയാക്കി അച്ഛന്‍റെ കയ്യില്‍ വച്ചു കൊടുക്കുമ്പോള്‍ അയാള്‍ അവളുടെ മുഖത്തേക്കൊന്നു നോക്കി.  സുസ്മേരവദനയായി, ശാന്തയായി കണ്ട അവള്‍ അയാളെ അത്ഭുതപ്പെയുത്തി.  കുറച്ച മുമ്പ് തെറി വാക്കുകളെ കൊണ്ട്, വേദനയില്‍ പിടയുന്നവളെ അഭിഷേഘം ചെയ്തു കൊണ്ടിരുന്ന, പുറത്ത് വെരുകിനെപ്പോലെ നടന്നിരുന്ന അയാളെ പിരാകിക്കൊണ്ടിരുന്ന, ദൈവമേ ആണുങ്ങളെന്ന കാലമാടന്മാര്‍ ഇതൊന്നും അറിയുന്നല്ലല്ലോയെന്ന് ചോദിച്ചു കൊണ്ടിരുന്ന…..

       അതൊരു താരോദയമായിരുന്നു, നഗരത്തിലെ….

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഒൻപത്

            സുദേവ് മുറിയില്‍ നിവേദിതയെ തനിച്ചാക്കി വിസിറ്റിംഗ് റൂമില്‍ വന്ന് ടിവിയില്‍ സത്യന്‍  അന്തിക്കാടിന്‍റെ ഒരു ഇന്ത്യന്‍ പ്രണയകഥ കണ്ടിരുന്നു.

       നിവേദിത, ലത അയച്ച മെയിലിലെ രണ്ടാമത്തെ ഫയല്‍ ലാപ്ടോപ്പില്‍ വായിച്ചു, പ്രിന്‍റ് എടുത്തതില്‍ ചിലയിടത്തെ മങ്ങല്‍ വായനയുടെ സുഖത്തെ ഇല്ലാതാക്കുന്നതു കൊണ്ട്.

       അവന്‍ ഓല മറയുടെ കിഴിഞ്ഞുപോയ ഭാഗത്തു കൂടി അകത്തേക്ക് നോക്കി നിന്നു.  അകത്ത് നിന്നും വരുന്ന മണം അവനെ മത്തു പിടിപ്പിക്കുന്നുണ്ട്.  മണം കിഴിഞ്ഞുപോയ ഭഗത്തു കൂടി മാത്രമല്ല വരുന്നത്.  കിഴിഞ്ഞതു കൂടാതെ മണത്തിന് നൂഴ്ന്നിറങ്ങി വന്ന് അവനെ മൂടാന്‍ എന്തു മാത്രം തുളകളാണ് ഓല മറക്ക്.  ഓല മറ മാത്രമല്ല മണത്തിനെ പുറത്ത് വിടുന്നത് ഓല മേഞ്ഞിരിക്കുന്നതു പോലും മണത്തിന് പുറത്ത് കടക്കാന്‍ പാകത്തിനാണ്. കുന്നു കയറി ആദ്യമായിട്ടാണ് അവനിവിടെയെത്തിയത്.  എന്തിനെത്തിയെന്നോ,  പ്രേരിതമെന്തെന്നോ അവനറിയില്ല. കടത്തിണ്ണയില്‍, വെള്ളകീറിയപ്പോള്‍ എഴുന്നേറ്റിരുന്ന് കണ്ണ് തിരുമ്മിത്തുറന്ന് റോഡിലേക്ക് നോക്കിയിരിക്കവെ ആരോ വിളിച്ചെന്ന് തോന്നി, വെറുതെ നടന്നു.  എഴുന്നേറ്റാലുടന്‍ പോയിക്കൊണ്ടിരുന്നത് പ്രകാശ് ഹോട്ടലിന്‍റെ എച്ചില്‍ തൊട്ടിയുടെ അടുത്തേക്കാണ്.  തലേന്നാളത്തെ ഇലകളെല്ലാം വാരി വലിയ കുഴിയിലിട്ടിട്ടുണ്ടാകും.  ഇനിയും ഇല വീഴാന്‍ കുറേ സമയം കഴിയേണ്ടിയിരിക്കുന്നു.  വീണാലും രാവിലത്തെ ഇലയില്‍ ഒന്നും ബാക്കി കാണില്ല.  ഇഡ്ഡലിയും ദോശയും ചട്ടിണിയും കൂടിക്കഴിച്ചാല്‍ എന്ത് ബാക്കി വരാനാണ്.  ഏത്തപ്പഴം പുഴുങ്ങിയ തൊലിയുണ്ടെങ്കില്‍ വെറുതെ എടുത്തൊന്നു നക്കാം.  ഈയിടയായിട്ട് അവന് തൊട്ടിയിലെ അവശേഷിപ്പു കൊണ്ട് വയറു നിറയാതെ വന്നിരിക്കുന്നു.  ചന്തയിലും അങ്ങാടിയിലും കറങ്ങിത്തിരിഞ്ഞ് കൈ നീട്ടിത്തുടങ്ങിയിരിക്കുന്നു.  ചിലപ്പോള്‍ ആരെങ്കിലും ഒരു പൈസ, രണ്ടു പൈസയൊക്കെ കൊടുത്താലായി.

       വെറുതെ നടന്നതായിരുന്നു, കണ്ട വഴിയെ.  റോഡു വക്കത്തെ ഓലക്കുടിലിന്‍റെ തിണ്ണയില്‍ രണ്ടു ഡെസ്ക്കും, രണ്ടു ബെഞ്ചും കിടക്കുന്നതു കണ്ട് വെറുതെ നോക്കി നിന്നും.  വെറുതെ നോക്കി നില്‍ക്കവെ, ഒരാള്‍ നടന്നു വന്നു വെറുതെയെന്ന പോലെ ബെഞ്ചിലിരുന്നു.  അയാളെ കണ്ടാല്‍ മുഖം കഴുകിയതായും, വായില്‍ വെള്ളമൊഴിച്ചതായും തോന്നിയില്ല.  അവനും അതൊന്നും ചെയ്തിട്ടില്ല.  അതിന്‍റെ ഒന്നും ആവശ്യം അവന് അറിയുകയുമില്ല.  വന്ന് ബെഞ്ചിലിരുന്ന ആള്‍ക്ക് അറിയാമെന്ന കാര്യവും അവനറിയില്ല.  പക്ഷെ, അവന്‍ ഇതൊന്നുമായിരുന്നില്ല ചിന്തിച്ചത്.  അല്ല, അവന്‍ ഒന്നും ചിന്തിച്ചില്ല.  ചിന്തിക്കാന്‍ പാകത്തിന് അവന് പ്രായമായിട്ടില്ല.  പോരാത്തതിന് മുഖം കഴുകി വായില്‍ വെള്ളം കൊണ്ട്, ഉറക്കച്ചടവിനെ അകറ്റി ചിന്തിക്കാന്‍ പാകത്തിന് അവന്‍റ മനസ്സിനെ ആരും ഉണര്‍ത്തിയിട്ടില്ല.

       അങ്ങിനെ വെറുതെ നോക്കി നില്‍ക്കവെയാണ് മണം അവനെ മത്തു പിടിപ്പിക്കാനായിട്ട് പറന്നു വന്നത്.  പറന്നു വന്ന മണം അവനെ കൂച്ചു വിലങ്ങിട്ട് പിടിച്ചു വലിച്ച് കിഴിഞ്ഞുപോയ ഓല മറയുടെ വിടവിലൂടെ അകത്തേക്ക് നോക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.  അവിടെ ഒരു കുറ്റിയില്‍ പുട്ടു വേവുന്നു, ഒരടുപ്പില്‍, കല്ലില്‍ ദോശ വേകുന്നു.  അടുത്ത മേശയില്‍ തുറന്നു വച്ചിരിക്കുന്ന ചട്ടിയില്‍ ആവി പറത്തി കടലക്കറിയിരിക്കുന്നു.  അടുപ്പിനടുത്ത് ചട്ടുകവുമായി കുഞ്ഞാറുമേരി വേകുന്ന ദോശ മറിച്ചിടാനായി നില്‍ക്കുന്നു.  അവനെ  അവള്‍ കണ്ടില്ല.  കറുത്തിരുണ്ടിട്ടാണ് മേരി.  മുഖം കഴുകി മുടി കോതി മിനുക്കി കെട്ടി കൈലി മുണ്ടും ചട്ടയുമിട്ട് അവനേക്കാള്‍ ഇരട്ടി വലുപ്പത്തില്‍.  എന്തുകൊണ്ടോ അവന് അവളെ ഇഷ്ടമായി.  അവളെ നോക്കി മതിയായപ്പോള്‍ വീണ്ടും മേശയില്‍ വാഴയിലയില്‍ കുത്തി വച്ചിരിക്കുന്ന പുട്ടിലേക്കും, ചുട്ടു വച്ചിരിക്കുന്ന ദോശയിലേക്കും നോക്കി നിന്നു.  നാവില്‍ ഊറിയ വെള്ളം ഉള്ളിലേക്കിറക്കി.  അപ്പോള്‍ ഒരു ബഹളം കേട്ടു.  ആ ശബ്ദം കേട്ടിരിക്കാം മേരി പുറത്തേക്ക് നോക്കി.  ഓല കിഴിഞ്ഞ വഴിയെ, നേരും പരപാ വെളുത്തെങ്കിലും രണ്ടു കണ്ണുകള്‍ കണ്ട് അവളൊന്നു ഞെട്ടി.  ചട്ടുകത്തെ ബലത്തില്‍ പിടിച്ചു കൊണ്ട് അടിക്കാനോങ്ങി പറത്തേക്ക് വന്നു.

       നീയേതാടാ…?

       അവനൊനും മിണ്ടിയില്ല.  മിണ്ടാന്‍ വേണ്ടതായ ഒന്നും അവനില്‍ ഇല്ലായിരുന്നു.  അവന്‍ ആരാണെന്നോ, ഏതാണെന്നോ, എന്താണെന്നോ, എന്തിനാണെന്നോ മുമ്പ് ആരും ചോദിക്കുകയോ അവനെന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. തൊട്ടിയില്‍ ഇറങ്ങി നിന്ന് ഇലകളെ മറിച്ച് ശേഷിപ്പുകളെ തിരയുമ്പോള്‍ അവനെപ്പോലെ വന്ന് തൊട്ടിയില്‍ ചാടുന്ന പിള്ളേരോട് ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നിട്ടില്ല.  അവരും അവനോടൊന്നും ചേദിച്ചിട്ടില്ല.  അവിടെ ഉന്തും തള്ളും കലഹവും തെറി പറച്ചിലും മാത്രമേ ആവശ്യമുള്ളൂ.  അത് അവന്‍ നന്നയി പഠിച്ചു വച്ചിട്ടുമുണ്ട്. അവന്‍റെ ഇരട്ടിയുള്ള വരെ തൊട്ടിക്ക് പുറത്താക്കാനുള്ള ശേഷിയും അവനുണ്ട്.  അവന്‍ മേരിയെ നോക്കി വെറുതെ നിന്നും.

       അവള്‍ അവനെ കണ്ടു. ഇറുനിറത്തിലെ എട്ടു വയസ്സുകാരന്‍.  ഇരുന്നു നിരങ്ങി ചന്തി കീറിയ വള്ളി നിക്കര്‍, വെള്ളം കണ്ടിട്ട് മാസങ്ങള്‍ കഴിഞ്ഞുള്ള വര്‍ണ്ണത്തില്‍, മുട്ടിലും പാദങ്ങളിലും തലേന്നാള്‍ എച്ചില്‍ തൊട്ടിയില്‍ നിന്നും പറ്റിയ അവശിഷ്ടങ്ങള്‍, കൈമുട്ടുകളിലും കാല്‍ മുട്ടകളിലും ചെളി ഉരുണ്ടകൂടിയിട്ട് കൂടുതല്‍ ഇരുണ്ടിരിക്കുന്നു.  എണ്ണ മയമില്ലാതെ ചപ്രച്ച്, നീണ്ട് കാടു പിടിച്ചതു പോലെ മുടി.

       അവള്‍ ചട്ടുകം മേശമേല്‍ വച്ച് പുറത്തേക്ക് വന്നു.  തിണ്ണയില്‍ ആദ്യം എത്തിയ പറ്റുകാരനും അവനെ നോക്കിയിരുന്ന് ശ്വാസം വലിക്കുകയാണ്.   വിലിവിന്‍റെ അസുഖമുള്ളതു കൊണ്ട് കിട്ടാത്ത ശ്വാസത്തെ ആവതും ശക്തിയില്‍ വലിച്ച് കയറ്റി ആയാളുടെ കണ്ണുകള്‍ തുറിച്ചു പോയിരിക്കുന്നു.  എന്നിട്ടും ബീഡി പുക കൂടി വലിച്ചു കയറ്റി കൊണ്ടിരിക്കുന്നു.

       വാടാ…

       അവള്‍ വിളിച്ചു. മടിച്ചു മടിച്ച് അവന്‍ അവള്‍ക്കരുകിലേക്ക് വന്നു.

       നെക്കെന്നാ വേണം…?

       അവന്‍ ഒന്നും പറയാതെ കുത്തി വച്ചിരിക്കുന്ന പുട്ടിലേക്കും, ചുട്ടു വച്ചിരിക്കുന്ന ദോശയിലേക്കും നോക്കി നിന്നു.

       നീയാ തൊട്ടീന്ന് മൊഖോം വായും കഴുകിയേച്ചു വാ….

       അവന്‍ മുഖവും വായും കഴുകി തിണ്ണയിലെ ബെഞ്ചില്‍ കയറിയിരുന്നപ്പോള്‍ അവള്‍ പുട്ടും കടലക്കറിയും വാഴയിലക്കീറില്‍ അവനു മുന്നില്‍ വച്ചു കൊടുത്തു.  അവന്‍ തിന്നാതെ അത്ഭുതത്തോടെ അവളെയും ശ്വാസം വലിച്ച് വിഷമിക്കുന്ന അയാളെയും നോക്കി ഒരു നിമിഷമിരുന്നു.  പിന്നീട് കണ്ണും കാതും മൂക്കുമില്ലാത്തവനെപ്പോലെ തിന്നു തുടങ്ങി.  ആദ്യം കൊടുത്തതും രണ്ടാമതു കൊടുത്തതും മൂന്നാമതു കൊടുത്തതും തിന്നു തീര്‍ന്നപ്പോള്‍ അവന്‍ ക്ഷീണിതനായിപ്പോയി.  ബെഞ്ചില്‍ നിന്നും താഴെയിറങ്ങി കൈ കഴുകി വന്ന് ഒരു മൂലയില്‍ തൂണില്‍ ചാരിയിരുന്നു.  കടയിലേക്ക് ചായകുടിക്കാരും ബീഡി വലിക്കാരും വന്നും പോയുമിരുന്നു. അവനെക്കണ്ട് പലരും ചോദിച്ചു.

       ഇതേതാടി ഈ ചെറുക്കന്‍…?

       പക്ഷെ, ആരും അവനെ കുറ്റക്കാട്ടില്‍ മരിച്ചു കിടന്ന ഭ്രാന്തിയുടെ മകനെന്ന് പറഞ്ഞില്ല.  കാരണം അന്നത്തേക്കാള്‍ അവന്‍ വളര്‍ന്നിരുക്കുന്നു. ഭ്രാന്തിയുടെ ദേഹത്ത് പറ്റിയിരുന്ന സമയത്ത് അവന് പൂച്ചകുഞ്ഞിന്‍റ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.  ഭ്രാന്തിയില്‍ നിന്നും അടര്‍ന്നു മാറി എച്ചില്‍ തൊട്ടിയില്‍ കിടന്ന് ആഹരിച്ചും ആഹരിക്കാതെയും അടികൂടിയും വളര്‍ന്നിരിക്കുന്നു.  ഇപ്പോള്‍ അവന് എച്ചില്‍ തൊട്ടിയില്‍ നിന്നും കിട്ടുന്നതു കൊണ്ട് തികയാതെ വന്നിരിക്കുന്നു.  തീറ്റതേടി പുഴുക്കള്‍ ഇലകള്‍ തീര്‍ന്ന മരത്തില്‍ നിന്നും തളിര്‍ത്ത് നില്‍ക്കുന്ന അടുത്ത മരത്തിലേക്ക് ചേക്കേറും പോലെ അവന്‍ എച്ചില്‍ തൊട്ടി വിട്ട് പുറത്തേക്ക് വരികയായിരുന്നു.

       തൂണില്‍ ചാരിയിരിന്നു മടുത്തപ്പോള്‍ തറയില്‍ ചുരുണ്ടുകൂടി കിടന്നവനുറങ്ങി.

        പട്ടിക്കുട്ടി കിടക്കും പോലെയെന്ന് ആരോ പറഞ്ഞു.  പറഞ്ഞത് മേരിക്ക് ദഹിച്ചില്ല. പറഞ്ഞയാള്‍ സ്ഥിരും പറ്റുകാരനാണെന്ന് മാനിക്കാതെ, പോടാ….. മോനെയെന്ന് അവള്‍ പറയുകയും, അയാള്‍ നീ പെറ്റതാണേല്‍ ചൊമന്നോണ്ടു നടക്കുന്നതു കണ്ടില്ലല്ലോടിയെന്ന് ചോദിച്ച് കളിയാക്കുകയും,  ആരാടി ഇതിന്‍റെയൊടയോനെന്ന് ആക്രോശിക്കുകയും, അപ്പം നിനക്ക് ഞങ്ങളറിയാത്ത ഒരുത്തനുമായിട്ട് എടപാടുകളുണ്ടല്ലേയെന്ന് ആരോപിക്കുകയും ചെയ്ത് കടയില്‍ ബഹളമാവുകയും മേരി ചായ അടി നിര്‍ത്തി അടുപ്പിന്‍ ചുവട്ടില്‍ കുന്തക്കാലില്‍ പിണങ്ങിയിരിക്കുകയും ചെയ്തു.  രാവിലത്തെ ചായ കുടിക്കാനെത്തി, വെള്ളം പോലും കിട്ടാതെ വലഞ്ഞവര്‍ പറഞ്ഞവനും ചോദിച്ചവനും വേണ്ടി ക്ഷമ ചോദിക്കുകയും മദ്ധ്യ വയസ്സു കഴിഞ്ഞ ലോനപ്പന്‍ അവളുടെ ദേഹത്ത് തട്ടി സമാധാനിപ്പിക്കുകയും ചെയ്തു.  ഒന്നു തൊടാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മറ്റുള്ളവരും അറിയാന്‍ വേണ്ടി അയാളുടെ മുഖത്ത് പുഞ്ചിരിയായി തെളിക്കുകയും,     കണ്ടു നിന്നതില്‍ ഒരാള്‍ അവളെ രമ്യതയിലാക്കാന്‍ ലോനപ്പന്‍ ചെയ്തതു പോലെ ദേഹത്തൊന്നു തട്ടിക്കളയാമെന്ന് കരുതി അവളുടെ അടുത്തെത്തുകയും അയാളുടെ ദുരുദ്ദേശം അവള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞതു കൊണ്ട്  നടക്കാതെ വരികയും, അവള്‍ തണുക്കുകയും എഴുന്നേറ്റ,് പുറത്തിറങ്ങി കത്തിക്കൊണ്ടിരുന്ന  തീക്കൊള്ളി ഉള്ളിലേക്ക് തള്ളി വച്ച് വീണ്ടും ചായ അടിക്കാന്‍ തുടങ്ങുകയും ചെയ്തു.  വന്നവര്‍, വന്നവര്‍ ചായയും പുട്ടും ദോശയും കഴിച്ച് പിരിഞ്ഞ് വെയില്‍ കനത്ത് കടയില്‍ ആരുമില്ലാതായപ്പോള്‍ അവനെ വിളിച്ചുണര്‍ത്തി.

       നീയേതാടാ…പേരെന്നതാടാ…?

       അവന്‍ ഒന്നും പറഞ്ഞില്ല.  അപ്പോളവള്‍ ചായ കുടിക്കാന്‍ വന്ന ഒരാള്‍ പറഞ്ഞ കാര്യം ഓര്‍മ്മിച്ചു.  ഈ ചെറുക്കനെ ചന്തേലെ തെണ്ടിപ്പിള്ളേരും കൂടെ കണ്ടിട്ടൊണ്ട്.  ഏതോ നല്ല തന്തക്കും തള്ളക്കും ഒണ്ടായതാ നെറം കണ്ടില്ലേ… പെറ്റിട്ടേച്ചു പോയതായിരിക്കും… നീയെടുത്തോടി ഒരു തൊണയാകും… അവള്‍ക്കും അങ്ങിനെ തന്നെ തോന്നി.

       എടാ… നിന്നെ ഞാന്‍ രാജനെന്ന് വിളിക്കാം….

       അവനൊന്നു തലയാട്ടി.

       നീയിവിടെ നിന്നോ… തിന്നാനൊക്കെത്തരാം… എന്നെ സഹായിക്കണം.

       അവനൊന്നു മൂളി.

       മേരി തോട്ടില്‍ കുളിക്കാന്‍ പോയപ്പോള്‍ അവനെ കൂടെ കൊണ്ടു പോയി, അവള്‍ തുണി അലക്കുന്നതു വരെ കരയില്‍ തോടുകണ്ട്, തോടിന്‍റെ കര കണ്ട്, തോട്ടിലൂടെ യഥേഷ്ടം നീന്തി പോകുന്ന നീര്‍ക്കോലിയെ നോക്കി മന്ദഹസിച്ച്… നീര്‍ക്കോലിയെ കണ്ട് മുങ്ങാകുഴിയിട്ട് ഒളിച്ച മഞ്ഞത്തവളയെ കണ്ട് കയ്യടിച്ചിരുന്നു.  അവള്‍ കുളിക്കാന്‍ തോട്ടിലിറങ്ങിയപ്പോള്‍ അവനെകൂടെയിറക്കി.  അവന്‍റെ ചന്തി കീറിയ വള്ളി നിക്കര്‍ പറിച്ച് പൊന്തക്കാട്ടിലേക്കെറിഞ്ഞു അവനെ വെള്ളത്തില്‍ മുക്കിയെടുത്ത് അലക്കു കല്ലില്‍ ഇരുത്തി  ഇഞ്ചയും സോപ്പും ചേര്‍ത്തു തേച്ച് ചെളിയിളക്കി കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ക്കവനെ വല്ലാതെ ഇഷ്ടമായി, അവനും.

       അവനോതോ നല്ല വീട്ടില്‍ പിറന്നതു തന്നെ, ഇരിക്കട്ടെ ഒരുതുണയായാലോ….

       അന്നു തന്നെ ചന്തയില്‍ നിന്നും കുറവന്‍ കുട്ടപ്പന്‍റെ കയ്യില്‍ നിന്നും എട്ടണക്ക് രണ്ട് വള്ളി നിക്കറും പത്തണക്ക് രണ്ട് കുട്ടിയുടുപ്പും വാങ്ങി അവനെ ഇടുവിച്ചു. ഷര്‍ട്ടും നിക്കറും കൊണ്ടു വരും വരെ തോര്‍ത്ത ഉടുപ്പിച്ച് കടയുടെ തിണ്ണയില്‍ തന്നെ ഇരുത്തി.  ഷര്‍ട്ടും നിക്കറും ഇട്ടു കഴിഞ്ഞപ്പോള്‍ അവനോട് ഉറക്കും തൂങ്ങയിരിക്കാതെ കടയിലെ പണികള്‍ ചെയ്യാന്‍ പറഞ്ഞു.  അവനൊന്നും അറിയില്ലെങ്കിലും അവളുടെ മുണ്ടിന്‍റെ കോന്തലയില്‍ തൂങ്ങി അവളോടൊട്ടി നടന്നു.

       അന്തി മയങ്ങിയപ്പോള്‍ കടയിലെ പണികളൊക്കെ ഒതുക്കി, മുന്‍ വശം ഓലമറത്തട്ടി കൊണ്ട് അടച്ച് കയറു കെട്ടിക്കഴിഞ്ഞ് അവള്‍ സമാധാനമായിട്ട് അവന്‍റെ അടുത്ത് തൂണില്‍ ചാരിയിരുന്നു.  അവനെ ചേര്‍ത്തു പിടിച്ചു.

       നെനക്കെന്നെയിഷ്ടമായോ….?

       ഉം…

       അവന്‍ മൂളുക മാത്രമല്ല ചെയ്തത്, തേച്ചു കുളികഴിഞ്ഞപ്പോള്‍, ചെളിയെല്ലാമിളകിപ്പോയി തെളിഞ്ഞ മുഖം പൂപോലെ വിടര്‍ന്നു.

       രാത്രിയില്‍ കഞ്ഞിയും ഉണക്കമീന്‍ ചുട്ടതും ചമ്മന്തിയും കഴിച്ചു കഴിഞ്ഞപ്പേള്‍ അവന്‍ കൂടുതല്‍ ക്ഷീണിതനായി.  കടയുടെ ചായ്പില്‍ ചാക്കു വിരിച്ച്, മുകളില്‍ പായ വിരിച്ച് അവര്‍ കിടന്നു.  അവളുടെ ദേഹത്തോടൊട്ടി കിടന്നപ്പോള്‍ അവന്‍ അമ്മയെ ഓര്‍ത്തു. കടത്തിണ്ണയില്‍ അവനും അമ്മയും കിടന്നിരുന്നതിന്‍റെ ഓര്‍മ്മ.

       മേരിക്ക് വാത്സല്യം തോന്നിത്തുടങ്ങി.  ചേര്‍ത്തു കിടത്തിയിട്ടും മതിയാകാതെ ജെമ്പറിന്‍റെ പിന്നുകള്‍ വിടര്‍ത്തി മാറിലേക്ക് അവന്‍റെ മുഖത്തെ പൂഴ്ത്തി.

       കുച്ചോടാ… മോന്‍ പാലു കുച്ചോടാ… അമ്മേടെ ചക്കരയല്ലേ……

       ആ അമ്മയുടെ ചക്കരയായി രാജന്‍ അവിടെ കഴിഞ്ഞു.

***

       ഒര്‍ദ്ധരാത്രി കഴിഞ്ഞ നേരം. പകല്‍ മുഴുവന്‍ ശക്തിയായി മഴ പെയ്തു കൊണ്ടിരുന്നതിനാല്‍, തോര്‍ന്നിട്ടുണ്ടെങ്കിലും നല്ല തണുപ്പ് നില നില്‍ക്കുന്ന നേരം.  ഓല മറയുടെ ഓരോ തുളകള്‍ വഴിയും തണുപ്പ് അകത്തേക്ക് വന്ന് പുതപ്പിനടിയില്‍ രാജനെ ചേര്‍ത്ത്, കെട്ടിപ്പിച്ചു കിടന്നിട്ടും തണുപ്പ് ആറാതെ തുടരുന്ന സമയത്ത് മേരിയുടെ ചെറ്റ മറയെ തട്ടിക്കൊണ്ട് ഒരു വിളിയുയര്‍ന്നു.

       എടീ മേരീ… എഴുന്നേറ്റേ… എടീ മേരീ….

       തണുപ്പിന്‍റെ ആധിക്യത്തില്‍ ശക്തമായ ഉറക്കം മേരിയെ വിട്ട് പറന്നു കളിച്ചു കൊണ്ടിരുന്നതിനാല്‍, അവള്‍ വേഗത്തില്‍ തന്നെ കേട്ടു.  ആളെ തിരിച്ചറിയുകയും ചയ്തു.

       കല്ല്യാണിച്ചേച്ചി.

       മേരി ചെറുക്കനെ വിടര്‍ത്തി മാറ്റി പുതപ്പിനടിയില്‍ തന്നെ കിടത്തി തീപ്പെട്ടിയുരച്ച് മണ്ണെണ്ണ വിളക്ക് കത്തിച്ച് ചെറ്റ മറ നീക്കി കല്ല്യാണിത്തള്ളയെ നോക്കി.

       എന്നാ ചേച്ചി…

       കല്ല്യാണിത്തള്ള മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ചെറിയ ഒരു അരിക്കലാമ്പിന്‍റെ വെളിച്ചവും കൂട്ടായിട്ട്.  ആ വെളിച്ചത്തില്‍ കല്ല്യാണിത്തള്ളയുടെ മുഖം വക്രിച്ചത് മേരി കണ്ടു.  എന്തിനാണെന്നു മാത്രം വേഗം പിടികിട്ടിയില്ല.

       നശൂലം…. ജെമ്പറിന്‍റെ പിന്നു കുത്തെടി….

       ഓ…

       മേരി څഅയ്യേچ എന്നായിപ്പോയി.  അവള്‍ വിളക്ക് താഴെ വച്ച് കല്ല്യാണിത്തള്ളക്ക് മുഖം തിരിഞ്ഞു നിന്ന് ജെമ്പറിന്‍റെ  പിന്നു കുത്തി.

       നീയാ ചെറുക്കനേം നെഞ്ചത്തു കേറ്റി കെടത്തിയാ ഒറക്കം അല്ലേ… സൂക്ഷിച്ചേ… ചെറുക്കന്‍ ചൂടു പറ്റിയാല്‍ പിന്നെ എറങ്ങത്തില്ല….

       വേണ്ട… അവനെന്‍റെ മോനാ…

       ഓ…ഇപ്പം അങ്ങനൊക്കെ തോന്നും… ഓ… ഒക്കെ നെന്‍റെ ഇഷ്ടം…നീ കൂടെ വന്നേ..  എനിക്കൊരു കോളു വന്നിട്ടൊണ്ട്….

       ചേച്ചി ഞാന്‍…..

       കല്ല്യാണിത്തള്ളക്ക് മേരിയുടെ വിമ്മിട്ടം മനസ്സിലായി, നേരത്തെ അവള്‍ എപ്പോള്‍ വിളിച്ചാലും കൂടെവരുന്നതാണ്.  ശിഷ്യയാണോന്ന് ചെലരൊക്കെ ചോദിച്ചട്ടുമുണ്ട്.

       ഓ.. ചെറുക്കനെ കൂടെയെടുത്തോ….

       മേരി അവനെ വിളിച്ചുണര്‍ത്തി. തണുപ്പ് കൊണ്ടവന്‍ ഉരുണ്ടു പിരണ്ട് ഒഴിയും പോലെ കിടന്നതാണ്.  വീണ്ടും തട്ടി വിളിച്ചപ്പോള്‍ എഴുന്നേറ്റുവന്നു.  എടുക്കേണ്ട കാര്യമുണ്ടായില്ല മേരിക്ക്, അവന്‍ ഉഷാറായി കൂടെ നടന്നു.    കല്ലയാണിത്തള്ളയുടെ തിണ്ണയില്‍ അവരെ കാത്ത് രണ്ടു പേര്‍ നിന്നിരുന്നു.

       തോണിക്കലെ ഔസൂഞ്ഞും അനിയനുമാ… മേരിക്കറിയില്ലെ…. അനിയന്‍റെ പെണ്ണിനാ… ഔസൂഞ്ഞിന്‍റെ കെട്ടിയോളാണേലവിടില്ലതാനം… അതുകൊണ്ടാ നിന്നെ വിളിച്ചത്….

       ചൂട്ടു കത്തിച്ച് ഔസുഞ്ഞ് മുന്നിലും, മറ്റൊരു ചൂട്ടുമായി അനിയന്‍ തൊമ്മിച്ചന്‍ പിന്നലും നടന്നു.  ഒരാള്‍ പൊക്കത്തില്‍ രണ്ടു വശത്തും കയ്യാലകള്‍ വളര്‍ന്നു നില്‍ക്കുണ്ട്.  രണ്ടു കയ്യാലകളുടേയും ഇടയിലൂടെ രണ്ടടി വീതിയില്‍ നടപ്പു വഴിയും.  ചൂട്ടിന്‍റെ മിന്നലു കണ്ടിട്ട് കയ്യാല പുറത്ത് നില്‍ക്കുന്ന കാട്ടു ചെടികള്‍ക്ക് ദേഷ്യം വരുന്നതു പോലെ തോന്നി,  അവരുടെ ഉറക്കത്തെ കെടുത്തിയതില്‍.  ഒരു പെരുച്ചാഴി വന്ന് കയ്യാല മുകളില്‍ നിന്നു നോക്കിയിട്ട് പിന്‍ വലിഞ്ഞു കളഞ്ഞു.

       കല്ല്യാണിത്തള്ള എന്തോ മണത്തിട്ട് പറഞ്ഞു.

       ഇപ്പം ഒരുത്തന്‍ ഇതിലേ കടന്നു പോയതേ ഒള്ളൂ…

       ആരാ…?

       നല്ലയിനമാ…

       മേരി ഒന്ന് ഞെട്ടി. അവള്‍  രാജനെ ഒക്കത്തെടുത്തു വച്ചു.  അവന് കനം കൂടിയിരിക്കുന്നു.

       വേണ്ട, ഞാന്‍ നടക്കാം… അമ്മേടെ മുമ്പില്…

       അവന്‍ മേരിയുടെ മുന്നില്‍ കയറി ഉഷാറായി നടക്കുന്നതു കണ്ടപ്പോള്‍ മേരിക്ക് സന്തോഷമായി.  എവിടേക്ക് പോകുന്നതാണെന്ന് അവന് വല്ല ഊഹവുമുണ്ടാകുമോ…? കാണില്ല… അവളെവിടെയുണ്ടോ അവിടെ അവനുമുണ്ടാകും എന്നു മാത്രമേ ചിന്തിച്ചിട്ടുണ്ടാകുകയള്ളൂ.  അവന്‍ സ്നേഹമുള്ളവനാ…. അവനുള്ളപ്പോള്‍ അവള്‍ക്കെന്തിനും ധൈര്യമാണ്.. ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു, ആ ധൈര്യമുണ്ടായിട്ട്. അവള്‍ എപ്പോഴും ചിന്തിക്കുന്നതു പോലെ ചിന്തിച്ചു.  ഏതെങ്കിലും സ്നേഹമുള്ള അപ്പന്‍റെ മകനായിരിക്കും.  ഉടനെ മാറി ചിന്തിക്കും ആയിരുന്നെങ്കില്‍ എന്തിനാണ് അവനെ കളഞ്ഞത്…പുറത്ത് അറിയിക്കാന്‍ കഴിയാത്ത ബന്ധമായിരുന്നിരിക്കാം.  ആണെങ്കില്‍ പത്തുമാസം കഴിയുന്നതു വരെ എങ്ങിനെ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും……  ആര് പേറെടുത്തിട്ടുണ്ടാകും……  ഒരു പക്ഷെ, കല്ലാണിച്ചേച്ചിയാകാം … ഇവിടടുത്തെങ്ങും കല്ലാണിച്ചേച്ചിയെപ്പോലെ ഒരാളെപ്പറ്റി കേട്ടിട്ടില്ല.  വേറെയെവിടെ നിന്നെങ്കിലും കൊണ്ട വന്നു കളഞ്ഞിട്ട് പോയതായിരിക്കാം.  അല്ലേല്‍ വീട്ടില്‍ വച്ച് ഒളിച്ചു കാര്യം നടത്തിയിട്ട് കളഞ്ഞതുമാകാം…

       കല്ലാണിത്തള്ളയെ തള്ളേയെന്നും, തള്ളച്ചിയെന്നും, അടുപ്പമുള്ളവര്‍ ചേച്ചിയെന്നും വിളിച്ചു.  തള്ളയെന്നും തള്ളച്ചിയെന്നും വിളിക്കാനുള്ള പ്രായമൊന്നം അവര്‍ക്കായിട്ടില്ല.  അവരുടെ ജോലി അതായതു കൊണ്ടകാം അങ്ങിനെയൊരു വിളി.  വിളി അങ്ങിനെയൊക്കെ ആണെങ്കിലും ആരെങ്കിലും ആരെയെങ്കിലും പരിചയപ്പെടുത്തണമെങ്കില്‍ പതിച്ചിയെന്നു പറയും.  അവരു കേള്‍ക്കെയല്ല.  കേള്‍ക്കാതെ എന്തു വിളിച്ചാലും സ്നേഹം നഷ്ടപ്പെട്ടു പോകില്ലല്ലോ, എന്നൊരു ന്യായവാദം പലരും മനസ്സിലോര്‍ക്കും.  കാരണം അവരുടെ സ്നേഹം അങ്ങിനെ ആര്‍ക്കും അത്ര പെട്ടന്നു ഒഴിവാക്കാനോ, മറക്കാനോ കഴിയില്ല.  അത്രക്ക് പ്രതിസന്ധിയിലാണ് അവരുടെ സഹായം എല്ലാവര്‍ക്കും വേണ്ടി വരുന്നത്.  യാതൊരു മടിയും കൂടാതെ ഏതു സമയത്തും ഏതൊരാള്‍ക്കും ചെയ്തു കൊടുക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു പോന്നിരുന്നു.  അങ്ങിനെ ചെയ്തതിന്‍റെ പ്രതിഫലമായിട്ടണ് ഫ്രാന്‍സിസ് മുതലാളി പലകയടിച്ച് മറച്ച ഓടു മേഞ്ഞ വീട് വച്ചു കൊടുത്തത്.  അയാളുടെ ഭാര്യയെ ആദ്യ പ്രസവത്തിന് മരണത്തിന്‍റെ വായില്‍ നിന്നും വലിച്ചൂരിയെടുത്തത് കല്ലാണിത്തള്ളയുടെ കൈത്തഴക്കവും ദൈവാധീനവും ഒത്തതുകൊണ്ട് മാത്ര മാണെന്ന് അയാള്‍ ഏതു സഭയിലും പറഞ്ഞിരുന്നു.

       വീട്ടിലെത്തിയ ഉടന്‍ കല്ല്യണി ജോലി തുടങ്ങി.  വെള്ളം ചൂടാക്കാന്‍ വച്ചു.  വൃത്തിയായി കഴുകി ഉണക്കിയ നേര്യതു മുണ്ട് കഷണങ്ങളായി കീറി വച്ചു.  കട്ടില്‍ പിടിച്ച മുറിയടെ നടുവില്‍ ഇട്ടു.  മുറിയിലുള്ള മറ്റ് മേശ കസേരകളൊക്കെ പുറത്തേക്കിട്ടു….

       ഇവിടെ പെണ്ണുങ്ങളാരുമില്ലേ…?

       ഇല്ല.

       വിളിക്കാന്മേലേ…?

       അടുത്താരുമില്ല….

       അടുത്താരുമില്ലെന്ന് ഇരുട്ടായിരുന്നെങ്കിലും മേരിയും ശ്രദ്ധിച്ചു.  ഒരു കുന്നിന്‍റെ ചരുവിലാണ് വീട്.  വെട്ടു കല്ലില്‍ മണ്ണ് കുഴച്ച് പണിത് ഓടുമേഞ്ഞതാണെങ്കിലും വളരെ ചെറിയ വീടാണ്.  ചുറ്റും കപ്പ കൃഷിയേ കാണാനുള്ളൂ. കയറി വരും വഴിക്ക് കുറച്ച് ചേനയും ചേമ്പും വഴിയിലേക്ക് തലനീട്ടി നില്‍ക്കുന്നത് കണ്ടു.  എങ്കിലും,

       വേദന തൊടങ്ങിയെന്നു തോന്നുന്നു.

       പെണ്ണിനെ പലക കട്ടിലില്‍ കിടത്തി. തലക്കല്‍ കൈകള്‍ പിടിച്ച് മേരി നിന്നു.  വയറു തടവിക്കൊണ്ട് കല്ല്യാണി ഒരു പുതുജീവന്‍റെ ആഗമനത്തിനായി സഹായം ചെയ്തു കൊണ്ടിരുന്നു.  സ്റ്റൂളില്‍ മാറിയിരിക്കുന്ന അരിക്കലാമ്പിന്‍റെ വെളിച്ചത്തില്‍ ഒന്നും വ്യക്തമാകാതെ വന്നപ്പോള്‍ കല്ല്യാണി ചോദിച്ചു. 

       ഒരു വെളക്ക് കൂടി വേണം,  ആരാ ഒന്ന് കാണിച്ചു തരുക….?

       തൊമ്മിച്ചന്‍ ചാരിയിരുന്ന കതക് പാതി തുറന്ന് തല കാണിച്ചു.

       തൊമ്മിച്ചന്‍ വേണ്ട ആ ചെറുക്കനെയിങ്ങ് വിട്ടാ മതി….

       രാജന്‍ വിളക്കുമായി നിന്നു.  അവന്‍ ആദ്യമായിട്ടാണ് കട്ടില്‍ കാണുന്നത്.  ഡെസ്കും ബെഞ്ചും ഹോട്ടലില്‍ കണ്ടിട്ടുണ്ട്.  എച്ചില്‍ തൊട്ടിയില്‍ ഉരുണ്ടു മതിയായിക്കഴിയുമ്പോള്‍ ഹോട്ടലിന്‍റെ ജനാല വഴി അകത്തിരുന്നു ഭക്ഷണം കഴിക്കുന്നവരെ നോക്കി നില്‍ക്കുക വഴി കണ്ടിട്ടുള്ളതാണ്.  മേശയും കണ്ടിട്ടുണ്ട്.  ഇരുണ്ട മുറിയില്‍ മറ്റൊന്നും കാണാനില്ല, മൂന്നു പെണ്ണുങ്ങളെ അല്ലാതെ….

       കട്ടിലില്‍ കിടക്കുന്ന പെണ്ണിന്‍റെ അലമുറയിട്ടുള്ള കരച്ചിലും പിടച്ചിലും ഞെളിപിരി കൊള്ളലും മുക്കലുകളും…..  കല്ല്യാണിയുടെ ദേഷ്യപ്പെടലുകളും തെറിപറച്ചിലും കേട്ടു നിന്ന് അവന് ഭയമായി, ഭയന്നിട്ടും വിളക്ക് മാറാതെ, വെളിച്ചം പോകാതെ കാത്തു കൊണ്ടുനിന്നു.

       ള്ളേ….     ഒരു പുതു കരച്ചില്‍ …..

       വീണ്ടും, വീണ്ടും, വീണ്ടും അവന് അങ്ങിനെയുള്ള രാവുകളുണ്ടായി.  ഒരു ദിവസം മേരി കല്ല്യാണിത്തള്ളയോടു പറഞ്ഞു.

       ചേച്ചി ഇനി അവനെക്കൊണ്ട് വെളക്ക് പിടിപ്പിക്കണ്ട….

       കല്ല്യാണി സംശയ ഭാവത്തില്‍ മേരിയെ നോക്കി, രാജനെ നോക്കി.  അവന്‍ പിന്നെയും വളര്‍ന്നിരിക്കുന്നു. മേരിയുടെ പകുതിയുണ്ടായിരുന്ന അവന്‍ മേരിയുടെ മുക്കാല്‍ ആയിരിക്കുന്നു.

       മേരി പിന്നെയും പറഞ്ഞു.

        അവനിപ്പൊ എന്‍റെ കൂടെയല്ല കെടക്കുന്നത്….

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  എട്ട്

അമ്മയെ കാണണം.  വീട്ടില്‍ നിന്നും ഇറങ്ങി, ലാസറിടത്തില്‍ വാസം തുടങ്ങിയ ശേഷം ഒരിക്കല്‍ പോലും അമ്മയെ ഓര്‍മ്മിച്ചില്ല.  ഫോണില്‍ വിളിച്ചില്ല.  വീടിനെ കുറിച്ചോ, വീടുമായി ബന്ധപ്പട്ടിട്ടുള്ള, അല്ലെങ്കിലെന്തിന് സ്വന്തമായിട്ടുള്ള ഒന്നിനെ കുറിച്ചും ഒരിക്കല്‍ പോലും ഓര്‍മ്മിച്ചിട്ടില്ലെന്ന സത്യം സുദേവ് ഇപ്പോള്‍ ധരിക്കുന്നു.

       അമ്മ ജോലി ചെയ്യുന്ന റെഡിമെയ്ഡ് ഷോപ്പിലേക്കാണ് സുദേവ് ചെന്നത്.  ഷോപ്പിന്‍റെ ഉടമ, മുരുകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടയില്‍ സ്റ്റോക്ക് കുറവായിട്ട്, കച്ചവടമില്ലാതെ, അയാളെ നിരാശിതനെപ്പോലെയാണ് കാണുന്നത്.  സുദേവിന്  വിഷമം തോന്നി.  അമ്മ കടയില്‍ വരുന്നില്ലെന്നും കച്ചവടം കുറവായതു കൊണ്ടാണെന്നും കൂടി കേട്ടപ്പോള്‍ താപമായി.  മുമ്പൊരിക്കലും രണ്ടോ മൂന്നോവാക്കുകളില്‍ കൂടുതല്‍ അയാളോട് സംസാരിച്ചിട്ടില്ല.  അര മണിക്കൂറോളം അയാളുമായി സംസാരിച്ചിരുന്നു. അമ്മയെക്കുറിച്ച്, അയാളുടെ ഭാര്യയെ കുറിച്ച്, കുട്ടികളുടെ പഠനത്തെക്കുറിച്ച്….. ഭാര്യയുടേയും കുട്ടികളുടേയും പേരു വിവരങ്ങള്‍ കൂടി തിരക്കിയാണ് വീട്ടിലേക്ക് പോയത്.

       അമ്മ ഒരു മാസം കൊണ്ട് കൂടുതല്‍ പ്രായം ആയതു പോലെ. തല മുടിയിലുള്ളതിനേക്കാള്‍ നര ബാധിച്ചിരിക്കുന്നത് കണ്ണുകളിലാണ്. എല്ലാം നഷ്ടപ്പെട്ട്, ഒന്നിനെ കുറിച്ചും ചിന്തിക്കാനില്ലാത്ത ഒരാളെപ്പോലെ പതുങ്ങി നടക്കുന്നു.  എന്തു പറ്റിയെന്ന് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ മാറ്റിയും മറിച്ചും ചോദിച്ചിട്ടും ഒന്നുമില്ലന്നേ അമ്മ പറഞ്ഞതുള്ളൂ.

       അവന്‍ ഇപ്പോള്‍ ചെയ്യുന്ന് ജോലിയെ കുറിച്ച്, അതില്‍ നിന്നുണ്ടാകുന്ന വരുമാനത്തെകുറിച്ച്, ലാസറലിയെകുറിച്ച്, അയാളുടെ ജീവിതത്തെ കുറിച്ച്, കഥയെഴുതുന്നതിനെ കുറിച്ച,് നിവേദിതയെകുറിച്ച് വിശദമായി സംസാരിച്ചു. ഒരു മറുപടിയും പറയാതെ, ഒന്നു മൂളുകകൂടി ചെയ്യാതെ, അവന്‍റെ മുഖത്തു നിന്നും കണ്ണുകളെ പറിക്കാതെ നോക്കിയിരുന്നു അമ്മ.

       മുരുകന്‍ ചേട്ടന്‍ ഇപ്പോള്‍ വരാറില്ലേ…?

       ഇല്ല.

       എന്തേ…?

       അറിയില്ല.

       കടയില്‍ പോകാറില്ലേ…?

       ഇല്ല.

       എന്തേ…?

       കച്ചവടം തീരെ മോശം.

       കച്ചവടം ഇല്ലാത്തതു കൊണ്ടാകാം ഇങ്ങോട്ടു വരാത്തത്, ഞാന്‍ മുരുകന്‍ ചേട്ടനെ കണ്ടിരുന്നു, സംസാരിച്ചിരുന്നു.

       അമ്മയുടെ കണ്ണുകള്‍ വീണ്ടും വിടര്‍ന്നു.  ആ കണ്ണുകളില്‍ അവന്‍ മുമ്പൊരിക്കലും  കാണാത്ത സ്നേഹത്തിന്‍റെ ഉറവ, ഒരു തുള്ളി, രണ്ടു തുള്ളി ആയി കിനിഞ്ഞിറങ്ങി വരുന്നു.  അമ്മ എഴുന്നേറ്റ് സാവധാനം അവനടുത്തേക്ക്  വന്ന,് അവനെ ഗ്രഹിച്ചു.  അമ്മ മനസ്സില്‍ ഒതുക്കി നിര്‍ത്തിയിരുന്നതെല്ലാം, കണ്ണുനീരായി ഒഴകി അവന്‍റെ ശിരസ്സില്‍ വീണ് തലയെ കുതിര്‍ത്ത്, മുഖത്തുകൂടി താഴേക്കൊഴുകിയിറങ്ങി…

       അമ്മെ…. എന്തായിത് ഞാന്‍ അമ്മയെ വിട്ടു, ഉപേക്ഷിച്ചു പോയെന്നു കരുതിയോ… അമ്മ ചെയ്തതൊക്കെ തെറ്റാണെന്ന് കരുതിയോ… ഞാന്‍ അങ്ങിനെ വിചാരിക്കുന്നെന്ന് കരുതിയോ…അമ്മ കരുതിയതു പോലെ ഒന്നും ഞാന്‍ വിചാരിച്ചിട്ടില്ല.  അമ്മയെ വേണ്ടെന്നു വച്ചിട്ടുമില്ല.  ഒരിക്കലും അമ്മയെ വേണ്ടെന്നു വയ്ക്കുകയുമില്ല.  മുരുകന്‍ ചേട്ടനോടൊത്ത് ജീവിച്ചതിലോ ഇനിയും ജീവിക്കുന്നതിലോ, അമ്മയ്ക്കു സന്തോഷമെങ്കില്‍ ഞാനെതിരല്ല….

       അവനൊന്നും വാക്കുകള്‍ ഉപയോഗിച്ച് പറഞ്ഞില്ല.  അവന്‍റെ അമ്മയൊന്നും ചെവി കൊണ്ട് കേള്‍ക്കുകയും ചെയ്തില്ല.  അവന്‍റെ മനസ്സ് പറയുകയും അമ്മയുടെ മനസ്സ് എല്ലാം കേള്‍ക്കുകയും , ഗ്രഹിക്കുകയും ചെയ്തു.  അമ്മ കരഞ്ഞ് തോര്‍ന്നു കഴിഞ്ഞ്, കണ്ണീര്‍ അവന്‍റെ ശിരസ്സിനെയാകെ നനച്ച കഴിഞ്ഞപ്പോള്‍ അമ്മ ശാന്തപ്പെടുകയും  അവന്‍ സമാധാനപ്പെടുകയും ചെയ്തു.  അമ്മ നിലത്തിരുന്ന്, അവന്‍റെ  സമാധാനം കൊണ്ട് വിടര്‍ന്നിരുന്ന മുഖത്ത് നോക്കി  മന്ദഹസിച്ചു.  ആ മന്ദഹാസത്തെ സ്വീകരിച്ച്, ഉള്‍ക്കൊണ്ട് അവന്‍ കൂടുതല്‍ സന്തോഷിച്ചു.

       അവന്‍ അന്ന് മടങ്ങിയില്ല.  അമ്മയുടെ കരച്ചില്‍ കഴിഞ്ഞ്, ആ കണ്ണീരില്‍ അവന്‍റെ ശിരസ്സ് കഴുകി കഴിഞ്ഞ്, കടയില്‍ പോയി പല വ്യഞ്ജനങ്ങളും പച്ച കറിയും മീനും വാങ്ങി വന്ന്, ഭക്ഷണമുണ്ടാക്കന്‍, അമ്മയെ സഹായിച്ചു. രാത്രി അധികം വൈകാതെ ഭക്ഷണം കഴിച്ച് എല്ലാം മറന്ന് ഉറങ്ങി.  നേരം വളരെ വൈകി ഉണര്‍ന്ന്, കുളിച്ച് വൃത്തിയായി, അമ്മ നല്‍കിയ ഇഡ്ഢലിയും ചട്ട്ണിയും കഴിച്ച് യാത്രയായി.  ഒരു കുഞ്ഞ് പൊതി അമ്മയ്ക്കു നല്‍കി, അമ്മ അത് തുറന്ന് എണ്ണി നോക്കി, അയ്യായിരം രൂപയുണ്ടെന്ന് കണ്ട് അത്ഭുതം കൂറി.  അവന്‍ ഒന്നു മന്ദഹസിച്ചു.  കണ്ണുകളെ വെറുതെയൊന്ന് അടച്ചു കാണിച്ചു.

***

       നിവേദിത ആദ്യമായിട്ടാണ് ലാസറിടത്തെ ഗസ്റ്റ് ബംഗ്ലാവില്‍, സുദേവിന്‍റെ എഴുത്തുകളെ വായിക്കുകയും ഇനിയുള്ള യാത്രകളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതിനു വേണ്ടിയെത്തിയത്.  ജോലി കിട്ടിയത് സുദേവിനാണെങ്കിലും ചെയ്യുന്നത് രണ്ടു പേരും കൂടിയായിരിക്കുന്നു.  ഒരു പഠനമായിട്ടാണ് നിവേദിത കണ്ടിരിക്കുന്നത്.  അല്ലെങ്കില്‍ ഒഴിവാക്കാന്‍ കഴിയാത്തൊരു ബന്ധത്തിലകപ്പെട്ടതു പോലെ തോന്നുന്നതു കൊണ്ടുമാകാം.  അതെന്തു കൊണ്ടെന്ന് നിര്‍വ്വചിക്കാനാകുന്നില്ല.  ഒരിക്കല്‍ പോലും പരസ്പരം അങ്ങിനെയൊരു സൂചന ഉണ്ടായിട്ടില്ല.  സുദേവിന്‍റെ ഭാഗത്തു നിന്ന് ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല.  സുദേവ് ഒരു സുഹൃത്തിനെപ്പോലെ, ഒരു സഹപ്രവര്‍ത്തകയോട് ഇടപഴകുന്നതു പോലെയാണ് പെരുമാറുന്നത്.  പക്ഷെ, ഒരു മറവുമില്ലായ്മ അവളെ തെറ്റിദ്ധാരണയിലെത്തിച്ചിരിക്കുകയാണ്.  പത്രമോഫീസില്‍ ഇന്നവള്‍ക്കു ഓഫ് ഡേയാണ്.  ഓഫീസില്‍ പോകുന്നതു പോലെ തന്നെ വീട്ടില്‍ നിന്നും പുറപ്പെടുകയും നേരെ ലാസറിടത്തെത്തുകയും ചെയ്തു.  സുദേവ് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ടില്ലായിരുന്നു.  കുമുദത്തിന്‍റെ സാദാ ദോശയും ചട്ടിണിയും നിവേദിതക്ക് ഇഷ്ടമായി. ഇത്ര രാവിലെ ഒന്നു സൂചിപ്പിക്കുക കൂടി ചെയ്യാതെയുള്ള അവളുടെ സന്ദര്‍ശനം അവനെ ചിന്താകുലനാക്കി.  എത്ര ചിന്തിച്ചിട്ടും ഉത്തരം കണ്ടെത്തിയതുമില്ല.

       അവള്‍ കുറേ നേരം കുമുദത്തിന്‍റെ  കൂടെ അടുക്കളയില്‍ പണി കണ്ടു നിന്നു.  നിവേദിതക്ക് കുമുദത്തിന്‍റെ  കൈത്തഴക്കം ഇഷ്ടമായി.  അവളുടെ നോട്ടത്തില്‍ കുമുദത്തിന് എന്തോ പോലെ തോന്നി.               

       എന്നതാ  ഇപ്പടിയേ പാക്കത്…?

       കുമുദത്തിനെ കാണാന്‍…

       എന്നെ കാണതുക്കാ…. എതുക്ക്… ഞാനൊന്ന് കേക്കട്ടുമാ…?

       ഉം… കേക്ക്….

       സാറിന്‍റെ….. ലവറാ….?

       നിവേദിത ചിരിച്ചു.  കുമുദത്തിന് അപകടത്തിലകപ്പെട്ടതു പോലെതോന്നി.  ചിരിച്ചതല്ലാതെ നിവേദിത ഒന്നും പറഞ്ഞില്ല.  പറയാത്തതു കൊണ്ട് അവര്‍ക്ക് തമ്മില്‍ താല്പര്യമുണ്ടെന്ന് കുമുദം  തീരുമാനിച്ചു.  പറയാന്‍ മടി കൊണ്ട് പറയാത്തതാകാം…

       എന്തു പുണ്യം ചെയ്തിട്ടാണ് ഡോ. ലാസറലി രാജാക്ക് ഇത്രയും സ്നേഹമുള്ള അച്ഛനേയും അമ്മയേയും കിട്ടിയത്… അതോ മുന്‍ ജന്മ സുകൃതമോ…?

       പുണ്യം… മുന്‍ ജന്മം സുകൃതും… എന്താണ് നിവേദിത അതിനെപ്പറ്റി ചിന്തിക്കുന്നത്…?

       ഞാന്‍ ചിന്തിച്ചത് അതൊന്നുമല്ല… ഇത്രയും ധനികമായ ഒരു ബാല്യകാലം എവിടെ നിന്നും കിട്ടിയെന്നാണ്… എം. ടിയില്‍ നിന്നോ… ഓവിയില്‍ നിന്നോ.. തകഴിയില്‍ നിന്നോ….?

       എംടിയില്‍ നിന്നും തകഴിയില്‍ നിന്നുമല്ല… എന്‍റെ സ്വപനത്തില്‍ നിന്നാണ്.  അങ്ങിനെയുള്ളൊരു ബാല്യമെനിക്കുണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു പോയിട്ടുണ്ട്, ജീവിതത്തില്‍ പലപ്പോഴും…..

       ഏതൊരു ഇടത്തരം ഹിന്ദു മലയാളിയുടേയും സ്വപനം….

       അതെ… നിവേദിതയും അങ്ങിനെയൊക്കെ സ്വപനം കണ്ടിട്ടുണ്ടോ…  അതോ നിവേദിത അങ്ങിനെയുണ്ടായിരുന്നൊരു ജീവിതത്തില്‍ നിന്നും വന്ന ആളാണോ…?

       സ്വപ്നം കണ്ടിട്ടില്ല… അങ്ങിനെയൊരു ജീവിത സാഹചര്യത്തില്‍ നിന്നും വന്നതുമല്ല.  അച്ഛന്‍ ലോറി ഡ്രൈവറായിരുന്നു.  രണ്ടു പെണ്‍മക്കള്‍, ഞാനിളയതാണ്. രണ്ടു മക്കള്‍ക്കും നല്ല വിദ്യാഭ്യാസം കൊടുത്ത്, നല്ല ജോലിയിലെത്തിക്കണമെന്ന് മാത്രം ചിന്തിച്ചു.  അച്ഛന്‍റെ എല്ലാം നന്മകള്‍ക്കും പിറകില്‍ ശക്തിയായി തന്നെ അമ്മ നിന്നു.  മുത്ത മകള്‍ എംഎസ്സി രണ്ടാം വര്‍ഷം പഠനം നിര്‍ത്തി വിവാഹിതയായി. രണ്ടാമത്തവള്‍ ജേര്‍ണലിസം പോസ്റ്റുഗ്രാജ്വേറ്റുമായി… പക്ഷെ, അവരുടേയും ഞങ്ങളുടേയും ജീവിതം ഇതേ വരെ കരയ്ക്കടുത്തില്ല… അവര്‍ എന്നു പറഞ്ഞത് അച്ഛനും അമ്മയും, ഞങ്ങള്‍ മക്കളും. വിധിയെന്നാണെന്‍റെ വിശ്വാസം.  അമ്മ അര്‍ച്ചനകളും വഴിപാടുകളും പ്രാര്‍ത്ഥനകളും ആവശ്യത്തിലേറെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.  എല്ലാവര്‍ക്കും വേണ്ടി, നല്ല വരുമാനത്തിനും നല്ല ജീവിത നിലവാരത്തിലേക്ക് എത്തുന്നതിനും. അച്ഛനുണ്ട്, സുഖമിമല്ല.  മദ്യവും പുകയുമൊന്നുമില്ലാതെ മക്കളെ മാത്രം ശരണമെന്നു ജീവിച്ചിരുന്ന ഒരച്ഛന്‍… സ്നേഹിക്കാനും വിഷമിക്കാനും മാത്രമറിയാവുന്ന ഒരമ്മ… .

       അപ്പോള്‍ എന്നേക്കാള്‍ മെച്ചമാണ്… 

       അല്ല… വിവാഹം കഴിഞ്ഞിട്ടും ദുഖിക്കുന്ന മൂത്ത മകള്‍, വിവാഹിതയാകാത്ത രണ്ടാമത്തെ മകള്‍, അച്ഛന്‍റേയും അമ്മയുടേയും അവസ്ഥ ദുഃഖമാണ്…

       അവര്‍ സുദേവിന്‍റെ കിടപ്പു മുറിയിലാണ്.  ഏസി ഓണ്‍ ചെയ്ത് വാതില്‍ ചാരി.  നിവേദിതയ്ക്ക് കിടക്കണമെന്നു തോന്നി.  സ്വജീവിതത്തിന്‍റെ അരക്ഷിതാവസ്ഥയെ കുറിച്ച് പറഞ്ഞ് അന്തരീക്ഷത്തെ മലിനമാക്കിയെന്ന് ചിന്തിച്ചു, വിഷമിച്ചു. കണക്കു തെറ്റലുകളെ കുറിച്ചു തന്നെയാണ്  പിന്നീടും ചിന്തിച്ചത്.്.

       കതകില്‍ മുട്ടി, തുറന്ന് കുമുദം ചോദിച്ചു.

       സാര്‍ കുടിക്കതുക്ക് ജ്യൂസു വേണമാ… ചായ വേണമാ…?

       ഇപ്പോള്‍ വേണ്ട…

       കുമുദം കതക് അടച്ച് മടങ്ങിപ്പോയി.

       നിവേദിത കട്ടിലില്‍ എഴുന്നേറ്റിരുന്നു. സുദേവിന്‍റെ മുഖത്തെ വികാരങ്ങളെ വായിക്കാന്‍ ശ്രമിച്ചു.  അവന്‍റെ നിഷ്കളങ്കമായ ഭാവം അവള്‍ക്ക് ഇഷ്ടമായി.

       കുമുദം ഇപ്പോള്‍ വന്ന് ജ്യൂസ് വേണോ എന്നു ചോദിച്ചതെന്തിനെന്നറിയുമോ…?

       എന്തിനാ…?

       നമ്മള്‍ എന്തു ചെയ്യുന്നെന്നറിയാന്‍….

       ഏയ്…. അതൊന്നുമാകില്ല.

       ആണ്…

       ഉച്ചക്ക് കുമുദത്തിന്‍റെ വിഭവ സമൃദ്ധമായ ഭക്ഷണം ടേബിളില്‍ നിരന്നു.  മോരു കറി, അവിയല്‍, കാബേജ് തോരന്‍ പപ്പടം, മീന്‍ കറി…  മുടിചീകിയൊതുക്കി, മുഖം കഴുകി പൗഡറിട്ട്, സാരി അഴിച്ചുടുത്ത്, കുമുദം കൂടുതല്‍ സുന്ദരിയായിരിക്കുന്നു.  നിവേദിതക്ക് കൗതുകം തോന്നി.  അവളുടെ എണ്ണ കറുപ്പുള്ള ദേഹവും, ഉടയാത്ത ഒതുക്കവും ചേലൊത്ത മുഖവും മൂക്കു കുത്തിയും നന്നെ കറുത്ത കണ്ണുകളും…

       അവള്‍ അടുത്ത് നിന്നും വിളമ്പി തരുമ്പോള്‍ കൂടുതല്‍ കഴിക്കന്‍ തോന്നുന്നെന്ന് നിവേദിത അറിഞ്ഞു.  ഇവള്‍ ഊട്ടിയാല്‍ സുദേവ് സ്ഥിരമായി ഇവളുടെ ഭക്ഷണം കഴിക്കണമെന്ന് മോഹിച്ചു പോകുമെന്നോര്‍ത്ത് അസൂയപ്പെട്ടു.. നിവേദിത ചോദിച്ചു.

       ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയോ…?

       ഐക്കൂറമീനിന്‍റെ മാംസളമായ ഭാഗം കറി പാത്രത്തില്‍ നിന്നും തിരഞ്ഞെടുത്ത് ഊണു പാത്രത്തില്‍ വച്ച് നുള്ളിയെടുക്കുകയായിരുന്നു, സുദേവ്.

       ബാല പാഠങ്ങളോ…?

       എന്നോടു ചോദിച്ചില്ലേ… നേരത്തെ… സ്ത്രീയെപ്പറ്റി… സെക്സിനെപ്പറ്റി…

       കുമുദത്തിന്‍റെ നിറഞ്ഞ മാറിലെ വിവസ്ത്രമായ ഇടം, കണ്ണുകളാല്‍ സുദേവിനെ കാണിച്ചു കൊടുത്തു കൊണ്ട് അവള്‍ ചോദിച്ചു.

       ഇവിടെ നിന്നും ബാലപാഠങ്ങള്‍ പഠിക്കാവുന്നതേയുള്ളൂ… സമ്മതിച്ചിട്ടുണ്ടല്ലോ…

       സുദേവ്, നിവേദിതയുടെ വ്യംഗ്യത അദ്യം അറിഞ്ഞില്ല.  അറിഞ്ഞപ്പോള്‍ ഇളിഭ്യത തോന്നി.  അവളുടെ തെറ്റിദ്ധാരണ എങ്ങിനെ തിരുത്താനാകുമെന്ന് കൂലങ്കഷമായി ചിന്തിച്ചു.

***

       ലത മെയില്‍ ചെയ്തു കൊടുത്ത കഥ സുദേവ് നിവേദിതക്കു വേണ്ടി വായിച്ചു തുടങ്ങി.

       മങ്കാവുടിയിലെ അങ്ങാടി, തോടിന്‍റെ കരയ്ക്കാണ്. പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച് കുന്നുകളുടേയും മലകളുടേയും  താഴ്വാരത്തു കൂടി ഒഴുകി അറബിക്കടലില്‍ എത്തേണ്ട പുഴയില്‍ നിന്നും പിരിഞ്ഞൊഴുകിയാണ് തോട് തീര്‍ന്നത്.  കടലിലേക്ക് പോകുന്ന മൂവാറ്റുപുഴയില്‍ ചേരുന്നതിനായിട്ട്, പടിഞ്ഞാറോട്ടൊഴുകിയിരുന്നു തോട് ദിശ മാറി തെക്കോട്ട് ഒഴുകിയാണ് അങ്ങാടിയില്‍ യധേഷ്ടം വെള്ളമുണ്ടാകുന്നത്.  അങ്ങാടി വാസികള്‍ക്കും, പാര്‍ശ്വ വാസികള്‍ക്കും, കിണറുകളില്‍ തെളിനീരു കിട്ടുന്നതും,  കുളിക്കലും അലക്കലും നടത്തുന്നതും, അങ്ങാടി ചന്തയിലേക്ക് കൊണ്ടു വരുന്ന ഉരുക്കളെ കുളിപ്പിച്ചിരുന്നതും ഈതോട് ഉണ്ടായിരുന്നതു കൊണ്ടാണ്. കാളചന്ത കൂടുന്ന ദിവസം തോട്ടിലെ പലയിടങ്ങളിലും അഞ്ചോ പത്തോ ഉരുക്കളുടെ കൂട്ടങ്ങളെ കൊണ്ടുവന്ന് കുളിപ്പിക്കുകയും വായില്‍ വലിയ ഗോകര്‍ണ്ണം തിരുകി തൊണ്ണയിലേക്ക് വെള്ളം കോരിയൊഴിച്ച്  ഉരുക്കളുടെ വയറു നിറച്ച,് കരയ്ക്കു കയറ്റി നിര്‍ത്തി വെയിലു കൊള്ളിച്ച് വേപ്പെണ്ണ തേച്ച് മിനുക്കിയെടുക്കുന്ന ജോലി ഒരു സ്ഥിരം കാഴ്ചയായിരുന്നു.

       തോടിന്‍റെ ഇക്കരയെ അങ്ങാടിയെന്നും അക്കരയെ ചെമ്പൂരെന്നും വിളിച്ചു വന്നിരുന്നു അന്ന്.  ചെമ്പൂരും അങ്ങാടിയിലുമുണ്ടായിരുന്ന കടകള്‍ കൂടുതലും ഓടു മേഞ്ഞതായിരുന്നു. ബാക്കി ഓലമേഞ്ഞതും.  റോഡിനോട്    ചേര്‍ന്ന് കടകളും, കടകള്‍ക്ക് തൊട്ടു പിറകെ വാസഗൃഹങ്ങളും. വീടുകളില്ലാത്തിടങ്ങളെല്ലാം കാടുപിടിച്ചും കിടന്നിരിന്നു.  കടയുടെ വാതിലുകള്‍ ഷട്ടറുകളായിരുന്നില്ല.  നിരപ്പലകകളായിരുന്നു.  ചെമ്പൂരെ കടകളധികവും യാക്കോബായ ക്രിസ്ത്യാനികളുടേതും അങ്ങാടിയില്‍ കത്തോലിക്ക ക്രിസ്താനികളുയേതുമായിരുന്നു.  ചെമ്പൂരാണ് കട കാര്യങ്ങളെങ്കിലും യാക്കോബായക്കാരുടെ പള്ളി അങ്ങാടിയിലായിരുന്നു.  പട്ടണം വികസിച്ചപ്പോള്‍ സര്‍ക്കാരിന്‍റെ അധികാരം നടപ്പാക്കുന്ന ഓഫീസുകള്‍ വന്നപ്പോള്‍ കൂടുതലും ചെമ്പൂരാണ് സ്ഥാപിതമായത്.  അതു കൊണ്ട് അന്നൊക്കെ കത്തോലിക്കരു പറയുമായിരുന്നു,  അടുപ്പു കൂട്ടിയതുപോലെ മൂന്നു പള്ളികള്‍ ഞങ്ങള്‍ക്ക് തന്നിട്ട് വികസനമെല്ലാം അവരെടുത്തെന്ന്.  പക്ഷെ, ഇന്ന് പട്ടണം വികസിച്ച് നഗരമായപ്പോള്‍ അങ്ങാടിയെന്നും ചെമ്പൂരെന്നുമുള്ള പേരുകള്‍ വിസ്മരിക്കപ്പട്ടു.  പ്രശസ്തമായ മങ്കാവുടി എന്ന പേരിന് കീഴില്‍ രണ്ടു ദേശങ്ങളും അടക്കം ചെയ്യപ്പെട്ടു പോയി. 

       അന്നത്തെ ഒരേയൊരു  സിനിമാ കൊട്ടക അങ്ങാടിയുടെ ഹൃദയഭാഗത്തായിരുന്നു. ഓലമേഞ്ഞ കൊട്ടകയില്‍  മണല്‍ വിരിച്ച തറയും ബെഞ്ചുകളും ക്യാന്‍വാസ് ഇട്ട ചാരുകസേരയിലിരുന്നുമാണ് സിനിമ കണ്ടത്.  അങ്ങാടിക്കാരു മാത്രമല്ല, ചെമ്പൂരുകാരും അയല്‍ നാട്ടുകാരും. നീലക്കുയിലും ഒടയില്‍ നിന്നും കണ്ടത് സെന്‍റ് മേരീസ് എന്ന ആ കൊട്ടകയില്‍ നിന്നുമാണ്. അതിന്‍റെ വെളുത്ത തിരശ്ശീലയിലാണ് പരീക്കുട്ടിയും കറത്തമ്മയും വികാര തീവ്രതയില്‍ വിങ്ങിപ്പൊട്ടി കോള്‍മയിര്‍ കൊണ്ടതും, പളനിയോട് ദേഷ്യം കൊണ്ടതും.  അത് പളനിയുടെ ഭാഗം തെറ്റായിരുന്നതു കൊണ്ടല്ല, പരീക്കുട്ടി കൂടുതല്‍ ശരിയായിരുന്നതു കൊണ്ടുമല്ല, പ്രണയത്തേയും പ്രണയജീവിതത്തേയും ഹൃദയത്തോട് കൂടുതല്‍ ചേര്‍ത്തു വച്ചിരുന്ന മനുഷ്യ ജന്മങ്ങളായിരുന്നതു കൊണ്ടാണ്. പള്ളിയിലെ പെരുന്നാള്‍ യാക്കോബായ ക്രിസ്ത്യാനികളുടെ മാത്രമായിരുന്നില്ല.  ഹിന്ദുക്കളുടേയും കത്തോലിക്കരുയേടും മുസ്ലീമുകളുടേയും കൂടി ആയിരുന്നു.  മുത്തപ്പനെ വണങ്ങുകയെന്നാണ് പറഞ്ഞിരുന്നത്, ഏത്തപ്പഴപ്പെരുന്നാളെന്നും. ഏത്തപ്പഴം എങ്ങിനെ പെരുന്നാളിന്‍റെ മിത്തായി എന്നറിയില്ല.  പെരുന്നാളിന്‍റെ ദിവസങ്ങളില്‍ പള്ളി മുറ്റത്തെല്ലാം രണ്ടുമുക്കാലില്‍ മുളന്തണ്ട് കെട്ടി വച്ച് ഏത്തപ്പഴകുലകള്‍ ഞാത്തിയിട്ടിരിക്കുകയും തകൃതിയായി കച്ചവടം നടക്കുകയും ചെയ്തിരുന്നു.

       പ്രധാന സ്കൂളുകള്‍ മൂന്നും അങ്ങാടിയുടെ പാര്‍ശ്വഭാഗങ്ങളിലായിരുന്നു.  എന്നാല്‍ കോളേജ് ചെമ്പൂരായിരുന്നു.  അന്നു തന്നെ ആര്‍ട്ട്സ് കോളേജും എഞ്ചിനീയറിംഗ് കോളേജും ഇവിടെയുണ്ടായിരുന്നു.  ഒരു പക്ഷെ, വിദ്യാഭ്യാസത്തോടുള്ള ആസക്തി തന്നെയാകാം പിന്നീട് നഗരം വികസിച്ചപ്പോള്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രം തന്നെ ആയി മാറിയത്.  വീക്ഷണം വിപണന പരമായിരുന്നെങ്കിലും നഗര വികസനത്തിന് അത് വളരെ ഗുണം ചെയ്തിട്ടുണ്ട്.  പണ്ട് അങ്ങാടി, ഹൈറേഞ്ചില്‍ നിന്നും അയല്‍ നാടുകളില്‍ നിന്നുമൊക്കെ എത്തുന്ന സുഗന്ധ വ്യഞ്ചനങ്ങളുടേയും മലചരക്കുകളുടേയും പ്രധാന വിപണ കേന്ദ്രമായിരുന്നു.  കാളവണ്ടിലായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്. പക്ഷെ, ഇന്ന് നഗരത്തില്‍ ആ വ്യാപാരങ്ങള്‍ അപ്രത്യക്ഷമായിപ്പോയി.  ഒരു പക്ഷെ, വാഹന സൗകര്യങ്ങള്‍ കൂടിയപ്പോള്‍ സാമാനങ്ങള്‍ നേരിട്ട് കപ്പല്‍ ശാലയ്ക്കടുത്തേക്ക് തീങ്ങിയതാകാം. 

       അങ്ങാടിയിലെ പ്രധാന പാതയോരത്ത് തോട്ടില്‍ ഒരു കടവുണ്ടയിരുന്നു.  അങ്ങാടിയിലേയും അടുത്ത ദേശങ്ങളിലേയും വാസികളുടെ തുണികളൊക്കെ അലക്കി വെളുപ്പിച്ചിരുന്നത് ആ കടവിലായിരുന്നു.  അലക്കുകാര്‍ പാര്‍ത്തിരുന്നരുന്നത് അങ്ങാടിക്ക് പിറകിലെ കുന്നിലായിരുന്നു.  അവരുടെ വീടുകള്‍ അധികവും ഓലമേഞ്ഞതു തകരഷീറ്റ് മറച്ചതുമായിരുന്നു.  അല്ലെങ്കില്‍ വെട്ടുകല്ലില്‍ ചെളിചേര്‍ത്ത് പണിത് ഓടു മേഞ്ഞായിരുന്നു.  കടവില്‍ രാവിലെ തിരക്കായിരുന്നു, ആണുങ്ങളും പെണ്ണുങ്ങളും. പെണ്ണുങ്ങള്‍ തോര്‍ത്ത് ഉടുത്ത് മേല്‍കച്ച കെട്ടി കുളിക്കുന്നത് നല്ല കാഴ്ചയായിരുന്നു.  തോട്ടില്‍ കൈതക്കാട്ടിലേക്ക് തിരിഞ്ഞു നിന്നു അവര്‍ മേല്‍ക്കച്ച അഴിച്ചു മാറ്റി മറ്റൊന്ന് ധരിക്കുന്നതും തോര്‍ത്ത് മാറ്റിയുടുക്കുന്നതും കാണാമായിരുന്നു.

       അംബികാ ഹോട്ടലും പ്രകാശ് ഹോട്ടലുമായിരുന്നു പ്രധാന ഭക്ഷണശാലകള്‍.  രാവിലെ ഇഡ്ഡലിയും സാമ്പാറും ഉച്ചക്ക് ചോറും കറികളും മത്തിയോ, അയിലയോ വറുത്തതുമായിരുന്നു ഭക്ഷണങ്ങള്‍.  പൊറോട്ടയും ബീഫും കോഴിക്കറിയും ഒന്നും ഹോട്ടലുകളില്‍ പ്രധാന വിഭവങ്ങളായി മാറിയിരുന്നില്ല.  അംബിക ഹോട്ടലിന്‍റെയും പ്രകാശ് ഹോട്ടലിന്‍റെയും എച്ചില്‍ തൊട്ടികളിലെ പ്രധാന അഭയാര്‍ത്ഥികളായിരുന്നു ഭ്രാന്തിയും മകനും.  അത് അവരുടെ സന്തം മകനായിരുന്നില്ല.  കിട്ടിയ മകനായിരുന്നു.  കിട്ടുമ്പോള്‍ കണ്ണ് കീറി വരുന്നതേയുണ്ടായിരുന്നുള്ളൂ.  ഒരു ദിവസം ഉണര്‍ന്നപ്പോള്‍ അവളുടെ കിടപ്പിനടുത്ത് ദേഹത്തോടൊട്ടി കുഞ്ഞ് കിടക്കുകയായിരുന്നു.  അതിന്‍റെ തലേന്ന് രാത്രയില്‍ ഉണ്ടായത്. കുഞ്ഞ് കരഞ്ഞപ്പോള്‍ അവള്‍ ഭയന്ന് വിറച്ച് അതിനെ നോക്കിയിരുന്നു.  ആ ഇരുപ്പും നോട്ടവും, അവള്‍ കിടന്നിരുന്ന തിണ്ണയുള്ള കട തുറക്കാന്‍ എത്തിയ ഉടമസ്ഥന്‍റെ ഒച്ചയും ബഹളവും വഴിയാത്രക്കാരെ അവിടേക്ക് ആകര്‍ഷിച്ചു.  അവര്‍ വൃണം വന്ന് പുഴുത്ത് മണം പരത്തുന്ന പട്ടിയോടെന്ന പോലെ അവളെയും കുഞ്ഞിനെയും നോക്കി നിന്നു.  അവള്‍ക്ക് അവിടെ നിന്നും പോകാനാകാതെ വ്യക്തമാകാത്തതും ആക്രോശിക്കുന്നതുമായ ശബ്ദങ്ങള്‍ കേള്‍പ്പിച്ചു തുടങ്ങി.  അവള്‍ കൂടുതല്‍ ഭയന്നു.  തികച്ചും ചെകുത്താനും കടലിനും നടുക്ക് ആയതു പോലെ അവള്‍ പകച്ചു നിന്നു.  ഇടക്ക് എഴുന്നേറ്റ് ഓടാന്‍ പഴുതു നോക്കി.  അത് അറിഞ്ഞിട്ടെന്ന പോലെ അവിടെ കൂടി നിന്നവര്‍ അതിനെ എടുത്തിട്ടേ പോകാവൂ എന്ന് അസഭ്യ വാക്കുകള്‍ ചേര്‍ത്ത്  ആഞ്ഞാപിച്ചു തുടങ്ങി.  ഒരാള്‍ പാതയോരത്ത് കാടു പിടിച്ചു കിടന്നിരുന്ന സ്ഥലത്തെ തിരിച്ചിരുന്ന വേലിയില്‍ നിന്നൊരു പത്തലെടുത്ത് അവളെ തല്ലാനായി ഓങ്ങിക്കൊണ്ടിരുന്നു.  അവള്‍ക്കൊന്നും മനസ്സിലായില്ല.  അവളൊരു തെരുവ് സര്‍ക്കസ്സുകാരി പെണ്‍കുട്ടിയെപ്പോലെ ആയിരുന്നു.  ഉയരത്തില്‍ വലിച്ചു കെട്ടിയ വടത്തിലൂടെ ഒരു നീളം കൂടിയ കമ്പിനെ ബാലന്‍സ് ക്രമീകരിക്കാനായി പിടിച്ച് നടക്കുന്നുവെന്നേയുളുളൂ, ഭയന്ന്, അതും കാണികളേയും അവളുടെ കൂട്ടുകാരെ തന്നെയും.  അവള്‍ കിടന്നിരുന്ന ചാക്ക് വലിച്ചെടുത്ത് അടക്കി പിടിച്ചു. കുഞ്ഞ് വെളുത്തൊരു തുണിയില്‍ പൊതിഞ്ഞ് തിണ്ണയിലെ സിമന്‍റ് തറയില്‍ കിടന്നു.  എവിടെ നിന്നോ വന്ന കുറച്ച് ഉറുമ്പുകള്‍ പുതിയ മാംസത്തിന്‍റെ മണം അറിഞ്ഞ് വട്ടം കറങ്ങിക്കൊണ്ടിരുന്നു.  ആരോ പറഞ്ഞു ഇത് ഇവടെ കുഞ്ഞല്ല കേട്ടോ….  അത് കൂടി നിന്നവരെ കൂടുതല്‍ ചിന്താകുഴപ്പത്തിലാക്കി.  അപ്പോഴാണ് അവര്‍ക്ക് അവളെ കഴിഞ്ഞ നാളുകളില്‍ കണ്ട ഓര്‍മ്മ കിട്ടിയത്. ശരിയാണ്, അവളുടേതാകാന്‍ തരമില്ല.  അപ്പോള്‍ മറ്റൊരു പ്രശ്നം മുണ്ടാകുകയാണ് ചെയ്തത്.  അവളുടേതല്ലെങ്കില്‍, കുഞ്ഞിനെ കൊണ്ടുപോകാതെ അവള്‍ എഴുന്നേറ്റോടിയാല്‍ കടക്കാരന്‍ കൂടുതല്‍ അവതാളത്തിലായും.  കുഞ്ഞ് അലറിക്കരഞ്ഞു തുടങ്ങി, കണ്ണുകളടച്ചു പിടിച്ച്.  വേലിപ്പത്തലുകാരന്‍ അവളെ അടിക്കാനോങ്ങിക്കൊണ്ട് അലറി. എടുക്കെടി… …മോളെ…. അല്ലെങ്കില്‍ രണ്ടിനേം ഇവടിട്ട് തല്ലിക്കൊല്ലും…  അവള്‍ ദയനീയമായി കൂടിനിന്നിരുന്ന മുഖങ്ങളില്‍ നോക്കി.  അവളുടെ കണ്ണുകളില്‍ ഭയമാണ് കുലച്ചു നിന്നിരുന്നത്.  അവളാകുഞ്ഞിനെ തൊട്ടു, തീയില്‍ തൊടുന്നതു പോലെ, കൈ വലിച്ചു ആദ്യം, പിന്നീട് പെട്ടന്നെടുത്ത് നെഞ്ചോടു ചേര്‍ത്തു പിടിച്ചു.  കിടപ്പു ചാക്കും തുണി ഭാണ്ഡവും എടുത്ത് കൂട്ടി പിടിച്ച് പാതയിലിറങ്ങി ഓടിയകന്നു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം ഏഴ്

സര്‍ഗ വാസനയെ വിലപേശുക, സര്‍ഗ സൃഷ്ടിയെ ലേലം ചെയ്യുക, സൃഷ്ടാവിനെ അടിമയാക്കുക, ജുഗുപ്സാവഹമായ ജോലിക്ക് പ്രേരിപ്പിക്കുക, ഭീഷണിപ്പെടുത്തുക.

       നിവേദിത ജ്വലിച്ചുകൊണ്ടിരുന്നു.  കോഫീ ഹൗസിന്‍റെ പുറത്ത് വെയിലും ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. സുദേവ് ശ്രദ്ധിച്ചു. അവനുള്ളില്‍ ചിരിയാണ്.  പക്ഷെ, അത് പുറത്ത് കാണിച്ചില്ല.  നിവേദിതയുടെ വികാരങ്ങളും അവന് പഠന വിധേയമാക്കാമെന്നു തോന്നി.  അവന്‍ അവളുടെ മുഖത്തു നോക്കിയിരുന്നു.  നിവേദിത കൂടുതള്‍ സുന്ദരിയായിരിക്കുന്നു.  വല്ലാത്തൊരു ആകര്‍ഷണീയത, ഇഷ്ടക്കൂടുതല്‍ തോന്നിക്കുന്നു വശ്യത.  വെറുതെ അവന്‍, ഇന്‍റര്‍വ്യൂവിന് ഓട്ടോയില്‍ പോകുമ്പോള്‍ മുതല്‍ ഇപ്പോള്‍ വരെയുള്ള അവളുമായുള്ള ഇടപഴകലുകളെ മനസ്സില്‍ കണ്ടു. ഒന്നവന്‍ കണ്ടെത്തിയിരിക്കുന്നു. അന്ന് പിരിയുമ്പോള്‍ സ്നേഹിതരായി തുടരാമെന്നു നിവേദിത പറഞ്ഞപ്പോള്‍ പുച്ഛത്തോടെ നോക്കിയ സുദേവിന്‍റെ മനസ്സല്ല ഇപ്പോള്‍ അവള്‍ക്ക് മുന്നിലിരിക്കുന്ന സുദേവിനുള്ളതെന്ന് അവന്‍ തിരിച്ചറിയുന്നു.  എന്തിന്‍റെയും ഉത്തരം കിട്ടാത്തപ്പോള്‍ ചോദിക്കാനുള്ള ഒരു ഇടം, സ്ത്രീപുരുഷ ലൈംഗീകതയെപ്പറ്റിപ്പോലും ചോദിച്ചിരിക്കുന്നു.  അവള്‍ അറിയാവുന്നതെല്ലാം തുറന്നു പറയുകയും ചെയ്യുന്നു.  ഇപ്പോള്‍ ഒരു ചോദ്യം ചോദിക്കണമെന്ന തോന്നി.  എന്താണ് നിവേദിതയുമായുള്ള ബന്ധം…. അല്ലങ്കില്‍ അവളുമായുള്ള അടുപ്പത്തിന് എന്തു പേരാണ് വിളിക്കേണ്ടത്.  സ്നേഹിത, കാമുകി, സഹോദരി, വേണ്ട ഒന്നും ചോദിക്കേണ്ട വറുതെ ഒരു അടുപ്പം തുടരട്ടെ, അതിനുമൊരു സുഖമുണ്ടല്ലോ.

       തുടരാന്‍ തന്നെ തീരുമാനിച്ചു അല്ലെ….?

       അതെ, ഒരു ജോലിക്കാരന്‍ എന്ന നിലയില്‍, രണ്ടു വീഭാഗത്തിന്‍റെയും ആഗ്രഹപ്രകാരം ജോലി ചെയ്യുന്നതിനും കൂലി കൈപ്പറ്റുന്നതിനും തീരുമാനിച്ചു.  ഞാന്‍ വീടുകള്‍ പെയിന്‍റ് ചെയ്തു ജീവിക്കുന്ന ഒരാളാണ്, അതും സര്‍ഗ്ഗ സൃഷ്ടി തന്നെയാണ്.  മറ്റു പെയിന്‍റര്‍മാര്‍ ചെയ്യാത്ത എന്തെങ്കിലും ഒരു പ്രത്യേകത ഞാന്‍ എല്ലാ വീടുകളിലും ചെയ്തു വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ടു ആ വീട്ടുകാര്‍ എന്നെ ഓര്‍മ്മിക്കും.  കളര്‍ കോമ്പിനേഷനില്‍, സെലക്ഷനില്‍, പെയിന്‍റിംഗിനു ശേഷം ചുവര്‍ ചിത്രങ്ങള്‍ പതിപ്പിക്കുന്നതില്‍, മുറിയിലെ, സാമഗ്രഹികള്‍ ക്രമീകരിക്കുന്നതില്‍, ഏതിലെങ്കിലും.

       എന്നാല്‍ നമുക്ക് ഇറങ്ങാം… എനിക്കൊരു ഫീച്ചറിന്‍റെ പണികള്‍ തീര്‍ക്കാനുണ്ട്.

       അവള്‍ ബാഗെടുത്തു തോളിലിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ആ മുഖത്തെ ഭാവപ്പകര്‍ച്ച സുദേവ് ശ്രദ്ധിച്ചു.  സുദേവിന്‍റെ തീരുമാനത്തില്‍ അവള്‍ക്കൊട്ടും യോജിപ്പില്ലെന്ന് വ്യക്തമായിരിക്കുന്നു. പക്ഷെ, അവനതില്‍ വിഷമം തോന്നില്ല.  അവന്‍ ചിന്തിച്ചത്, അവള്‍ കൂടുതല്‍ ആലോചിക്കുമ്പോള്‍ കാര്യങ്ങല്‍ കൂടുതല്‍ വ്യക്തമാകുകയും അവന്‍റെ അഭിപ്രായത്തെ സ്വീകരിക്കുകയും ചെയ്യുമെന്നാണ്.

       അവന്‍റെ ആലോചന പോലെ, തീരുമാനം പോലെ അവളുടെ ചിന്തകള്‍ മാറിയെന്ന് അവന്  തോന്നിയില്ല, പിരിഞ്ഞതിനു ശേഷം രണ്ടു മണിക്കൂറിനുള്ളില്‍ വിളിച്ചപ്പോള്‍. പക്ഷെ, സ്വരത്തില്‍ അടുപ്പ കുറവ് കാണാനില്ലെന്നത് തീര്‍ച്ചയാക്കി.

       ഡെല്‍ഹിയില്‍ നിന്നിറങ്ങുന്ന ഒരു ബിസിനസ്സ്  മാസികയില്‍ ഡോ. ലാസറലിരാജയെപ്പറ്റിയൊരു എക്സ്ളൂസീവ് ഫീച്ചറുണ്ട്, കവര്‍ ഫോട്ടോയും അയാളുടേതാണ്.

       നിവേദിത കണ്ടൂ…?

       ഏസ്, ഇന്ന് പോസ്റ്റലില്‍ എത്തിയതാണ്, പത്രസ്ഥാപനത്തിന്,  തപാലുകള്‍ ആദ്യം എത്തുന്നത് എഡിറ്റോറിയല്‍ ഡെസ്കിലാണ്.  ഞാനല്ല കണ്ടത് സെലിനാണ്.  അവള്‍ ആശ്ചര്യത്തോടെ പറഞ്ഞു മാത്രമല്ല എഡിറ്റോറിയല്‍ ബോര്‍ഡിലെ എല്ലാവരും അതിനെ അത്ഭുതത്തോടെയാണ് കാണുന്നത്.  അവരുടെ ചര്‍ച്ചകള്‍ ചെന്നെത്തിയത്  ലാസറലി രാജയെ ആരെല്ലാമോ കൂടി ദൈവമാക്കാനുള്ള ഒരുമ്പാടാണെന്നാണ്.  ശരിയല്ലെ…?

       അവര്‍ക്ക് ലാസറലിയെ നേരത്ത അറിയുമോ…

       ഉവ്വ്, ഞങ്ങളുടെ ഒരു പരസ്യ കക്ഷിയാണ്.

       ഉം. എന്തു തോന്നുന്നു.  എന്താണ് ഫീച്ചര്‍ പറയുന്നത്…?

       ബിസിനസ്സ് ഐക്കണ്‍ ഓഫ് ദി ഇയറായിട്ട് അവര്‍ സെലക്റ്റ് ചെയ്തിരിക്കുന്നത് ലാസറലിയെയാണ്. പക്ഷെ, അതില്‍ ഒരൊറ്റ ബിസിനസ്സിനെ കുറിച്ചേ പറയുന്നുള്ളൂ.  കടപ്പക്കല്ലുകള്‍ വെട്ടിയെടുക്കുന്നതിനെ കുറിച്ച്.  കൂടാതെ ആഗോളമായി നിലവിലുള്ള ഒരു ബിസിനസ്സ് ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശമുണ്ട്.  ലാസറലി രാജ ഗ്രൂപ്പ് ഓഫ് കമ്പനീസ്.  മറ്റാരെയും കുറിച്ച് സൂചനകളില്ല.  പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാകുമ്പോള്‍ ചെയര്‍മാനെക്കുറിച്ചേ പറയുകയുള്ളൂ. മനോഹരമായൊരു ജീവചിരിത്ര കുറിപ്പുണ്ട്.

       ഓ…

       സിറോക്സ് കോപ്പിയുമായിട്ട് ഞാന്‍ നാളെ കാണാം.  ഇത്തിരി തിരക്കിലാണ്.  ഓക്കെ…?

       ഓക്കെ…

       ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യതതിനു ശേഷം അഞ്ചു മിനിട്ടു കഴിഞ്ഞ് നിവേദിത വീണ്ടും വിളിച്ചു.

       സോറി… തിരക്കു കൊണ്ടാണ്, ദേഷ്യമായില്ലോ…?

       ഇല്ല.  എന്തേ അങ്ങിനെ തോന്നാന്‍…?

       ഞാന്‍ രാവിലെ ദേഷ്യപ്പെട്ടു പോന്നു, ഇപ്പോഴും…

       എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി എനിക്ക് പിണങ്ങാന്‍ കഴിയുമോ… ഞാന്‍ ശബളം വാങ്ങുകയും എനിക്കു വേണ്ടി തല പുകയ്ക്കുകയും സംഘര്‍ഷമേല്‍ക്കുകയും ചെയ്യുന്ന  എന്‍റെ എത്രയും പ്രിയപ്പെട്ട സ്നേഹിതേ.  എനിക്ക് ദേഷ്യപ്പെടാന്‍ കഴിയുമോ…?

       ഫോണിന്‍റെ മറുതല കുറെ നേരം നിശ്ശബ്ദമായിരുന്നു, ശേഷം, വീണ്ടും തിരക്കാണെന്നു പറഞ്ഞ് ഡിസ്കണക്റ്റ് ചെയ്തു.  

       പിറ്റേന്ന് രാവിലെ അവരുടെ റെസ്റ്റോറന്‍റില്‍ എത്തി പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ട് സുദേവ് ഫീച്ചര്‍ വായിച്ചു.

       കടപ്പ കല്ലിന്‍റെ മനോഹാരിത, കടുപ്പം, നീണ്ടു നില്‍ക്കുന്നതിന്‍റെ വിശ്വാസ്യത രാജ്യാന്തര വിപണി, വില എന്നിവകളെ വിവരിച്ചു കൊണ്ടുള്ള ലേഖനം ഡോ. ലാസറലി രാജയുടെ ബുദ്ധി കൂര്‍മ്മത, സംഘടന വൈഭവം.  കീഴ് ജീവനക്കാരോടുള്ള മമത, അശ്രാന്ത പരിശ്രമം, ഒരു ദിവസത്തെ വിശ്രമ സമയത്തെ വരെ വര്‍ണ്ണിച്ചു കൊണ്ട് മുന്നേറി ഒടുവില്‍ മനോഹരമായൊരു ജീവിതരേഖയും.  കേരളത്തിലെ ഒരു ഗ്രാമത്തിന്‍റെ മനോഹാരിതയെ വാക്കുകളില്‍ ഒപ്പിയെടുത്ത് ചിത്രത്തില്‍ പ്രതിഷടിച്ചതു പോലൊരു സാങ്കല്‍പിക ദേശം, അവിടത്തെ എല്‍പി സ്ക്കൂള്‍ അദ്ധാപകനായിരുന്ന പത്മനാഭനെന്ന അച്ഛന്‍, രണ്ട നേരവും കുളിച്ച് കുറി തൊട്ട് മുടിയില്‍ തുളസിക്കതിര്‍ ചൂടി സെറ്റു മുണ്ടുടുത്ത് അമ്പലത്തില്‍ പോകുന്ന അമ്മയെന്ന ദേവു.  ഒരേയൊരു മകനായ രാജന്‍, കുഞ്ഞുമോനെന്ന ഓമനപ്പേരുകാരന്‍ നല്ല വിദ്യാഭ്യാസ ശേഷം ചെറുതായി തുടങ്ങിയ മെഴുകുതിരി നിര്‍മ്മാണം പടര്‍ന്ന് പന്തലിച്ച് വന്‍ ബിസിനസ്സ് ശൃംഖലയിലേക്കെത്തുന്നതിന്‍റെ വിവരണങ്ങള്‍.  മതേതരത്വവും സമത്വവും ചിന്തയിലാകെ നിറഞ്ഞു നിന്നിരുന്നതിനാല്‍ ബിസിനസ്സ് ഉയരത്തിലേക്ക് വന്നപ്പോള്‍ ലാസറലി രാജ എന്ന പേരു സ്വീകരിക്കുകയും മുസ്ലീം സ്ത്രീയെ വിവാഹം ചെയ്യുകയും, മൂന്നു പെണ്‍ മക്കളെ മൂന്നു മത വിശ്വാസങ്ങള്‍ക്ക് അനുസൃതമായി വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തു.  മൂത്ത മകളെ മുസ്ലീമും രണ്ടാമത്തെ മകളെ ക്രിസ്ത്യാനിയും വിവാഹം ചെയ്തു.  മൂന്നാമത്തെ മകള്‍ ഹിന്ദു ജീവിത ശൈലി തുടര്‍ന്നു പോരുന്നതിനാല്‍ ഹിന്ദു യുവാവിനെ തെരഞ്ഞു കൊണ്ടിരിക്കുന്നു.

       ആത്മകഥയുടെ ആദ്യ അദ്ധ്യായം അവര്‍ വായിച്ചു കേട്ടതിനു ശേഷമാണ് ഫീച്ചര്‍ എഴുതിച്ചിരിക്കുന്നത്. അച്ഛന്‍, അമ്മ, ഓമനപ്പേര്, ഗ്രാമത്തിന്‍റെ അന്തരീക്ഷം… ഇനി എങ്ങിനെ വേണമെന്നും പറഞ്ഞിരിക്കുന്നു.  നല്ല വിദ്യാഭ്യാസം… മെഴുകുതിരി നിര്‍മ്മാണത്തില്‍ നുന്നുള്ള തുടക്കം…. മതേതരത്വം…. ലാസറലി രാജയെന്ന് പേരു സ്വീകരണം…. മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കല്‍… മൂന്നു പെണ്‍മക്കള്‍, മൂന്നു മത വിസ്വാസം…. മക്കളുടെ വിവാഹങ്ങള്‍…. എല്ലാം അക്കമിട്ടു തന്നെ പരസ്യപ്പെടുത്തിയിരിക്കുന്നു.  ആത്മകഥയെഴുത്തുകാരന്‍ എങ്ങിനെ എഴുതി പുരോഗമിക്കണമെന്ന് വ്യക്തമാക്കുകയാണ്…

       ശരിയാണ്….

***

       വളരെ വ്യക്തമാണ്,   ലാസറലിയുടെ ജീവിത്തില്‍ ദുരൂഹതകളുണ്ട്. മറച്ചു വക്കപ്പെട്ടിട്ടുള്ള വ്യത്യസ്തമായ കഥകള്‍.  രണ്ടു ധ്രുവങ്ങളെ വ്യക്തമാക്കുന്ന പേരു വെളിപ്പെടുത്താത്ത രണ്ടു ഫോണ്‍ കോളുകളാണ് ഇപ്പോള്‍ അതു മായി ബന്ധപ്പെട്ടു കിട്ടിക്കൊണ്ടിരിക്കുന്നത്.  അതില്‍ ഒരു ഫോണ്‍കാരന്‍ പറയുന്നത് അയാള്‍, ലാസറലി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബിസിനസ്സ് ഗ്രൂപ്പിലെ ലാസറലിയെപ്പോലെ തന്നെയുള്ള ഒരു പാര്‍ട്ടണറാണെന്നാണ്.    ആത്മകഥ കമ്മിറ്റിക്കാരനാണെന്നാണ്.  അയാള്‍ക്ക് വേണ്ടത്  ലാസറലിയെ കുറിച്ചുള്ള മാന്യമായ ഒരു ആത്മകഥയാണ്.  രണ്ടാമത്തെ ഫോണ്‍കാരന്‍ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല.  അയാള്‍ വിളിച്ചിട്ട് പലതും അറിയിക്കാനുണ്ടെന്ന് പറഞ്ഞിരിക്കുന്നു.  സ്വരത്തില്‍ ഒരു ആജ്ഞയുടെ കാഠിന്യമുണ്ട്.  ഒരു റെബലിന്‍റെ  അകല്‍ച്ചയുണ്ട്.

       നിവേദിതയുടെ പത്രക്കാരിയെന്ന സ്വാധീനത്തില്‍ സൈബര്‍ സെല്ലില്‍ ബന്ധപ്പെട്ടിട്ടാണ്  ആ രണ്ടു ഫോണ്‍ നമ്പറുകളുടേയും വിലാസങ്ങള്‍ കണ്ടു പിടിച്ചത്.  ലാസറലിയുടെ പാര്‍ട്ടണര്‍ എന്നു പറയുന്ന  ആളുടെ വിലാസം ഇടുക്കിയിലെ ഒരു ജോണിന്‍റേതും, അടുത്ത നമ്പര്‍ തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയറുള്ള ഒരു ലതയുടേതുമാണ്.  ജോണിന്‍റേത് ഐഡിയയുടെ കണക്ഷനും ലതയുടേത് വൊഡാഫോണിന്‍റേതുമാണ്.  രണ്ടു ഫോണുകളും വിളിച്ചു കഴിഞ്ഞാല്‍ ഉടന്‍ സ്വിച്ച് ഓഫ് ചെയ്ത വയ്ക്കുകയാണ് പതിവ്.  തിരിച്ച് വിളിച്ചപ്പോഴൊന്നും കിട്ടിയിട്ടില്ല.  ജോണിന്‍റെ ഫോണ്‍ തലസ്ഥാന നഗരിയില്‍ നിന്നും കോട്ടയത്തു നിന്നും കൊല്ലത്തു നിന്നും മാറി മാറി വിളിച്ചിട്ടുണ്ട്.  എന്നാല്‍ ലതയുടെ വിളി വ്യവസായ നഗരിയില്‍ നിന്നാണ്.  സൈബര്‍ സെല്ലില്‍ രണ്ടു നമ്പര്‍ പേരുകളിലും ഔപചാരികമായ ഓരോ പരാതികള്‍ രേഖപ്പെടുത്തി വച്ചു.

       സുദേവ് തനിച്ചാണ് ഇടുക്കി പൈനാവിലെ ജോണിനെ തെരക്കിപ്പോയത്.  പൈനാവ് ഒരു ചെറിയ പട്ടണമാണ്.  ഇടുക്കി കളക്ടറേറ്റും മറ്റ് ജില്ലാ ഓഫീസുകളും അവിടെയാണ്.  പട്ടണത്തില്‍ നിന്നും തൊടുപുഴ വഴിക്ക് രണ്ടു കിലോമീറ്റര്‍ മാറിയാണ് ജോണിന്‍റെ വിലാസം കണ്ടെത്തിയത്. ഒറ്റപ്പെട്ട് റോഡ് സൈഡില്‍ തന്നെ, പുറം പോക്കിലെന്ന് തോന്നിക്കും വിധത്തിലൊരു ഓടിട്ട വീട്.  ഇനിയും തേപ്പ് പൂര്‍ത്തിയാക്കാത്ത വെട്ടു കല്ലില്‍ തീര്‍ത്തത്. മുറ്റത്ത് കയറിയപ്പോള്‍ വൃത്തി കുറഞ്ഞൊരു അന്തരീക്ഷം. വരാന്തയില്‍ മൂന്നു പട്ടികള്‍ പല പ്രായത്തില്‍, ഉറക്കത്തിലല്ലെങ്കില്‍ വിശ്രമത്തിലാണ്.  മുന്‍ വാതില്‍ അടഞ്ഞു കിടക്കുന്നു.   മുറ്റത്തെ പാദ ചലനം കേട്ട് മൂന്നു പട്ടികളും തലയുയര്‍ത്തി നോക്കി. മുറ്റത്ത് കയറുമ്പോള്‍ അവരെ കണ്ടില്ല. കണ്ടെങ്കില്‍ കയറില്ല. ഇപ്പോള്‍ തിരിച്ചിറങ്ങാനും കഴിയില്ല.  അടുത്ത ചലനത്തിന് അവരുടെ പ്രതികരണം ഉണ്ടാകാം. അനങ്ങാതെ നിന്ന് വിളിച്ചു.

       ജോണില്ലേ…?

       ആദ്യ വിളി കഴിഞ്ഞപ്പോള്‍, വരാന്തയില്‍ കിടന്നിരുന്നവര്‍ എഴുന്നേറ്റ് സാവധാനം റോഡിലേക്കുള്ള കടമ്പ കടന്ന്  പോയി.  അപ്പോള്‍ സമാധാനമായി, പൈനാവുകാരു പറയുന്നതു പോലെ അവരും വരുത്തന്മാരാണ്.

       പലപ്രാവശ്യം വിളിച്ചപ്പോള്‍ വീടിനുള്ളില്‍ നിന്നല്ല പിറകില്‍ നിന്നും ഒരു സ്ത്രീ വിളി കേട്ടു.

       ഓ… ഒണ്ട്… വരുവാ…

       നൈറ്റി ധരിച്ച്, യൗവനമകന്നു കൊണ്ടിരിക്കുന്നൊരു സ്ത്രീ പിന്നാമ്പുറത്തു നിന്നും മുന്നിലേക്ക് വന്നു.  അവള്‍ കൈ കഴുകി തുടച്ചിട്ടില്ല.  സുദേവിനെ കണ്ടപ്പോള്‍ അമ്പരന്നു.

       ജോണ്‍..?.

       ഇല്ല…  പണിക്കു പോയി….

       എവിടെ…?     

       ചുമടു പണിയാ… സിറ്റിയില്‍ കാണും… ആരാന്നാ… മനസ്സിലായില്ല…?

       ജോണിന്‍റെ ഒരു പഴയ പരിചയക്കാരനാ… ഇവിടെ വന്നപ്പോള്‍ ഒന്നു കണാമെന്നു തോന്നി…. സിറ്റിയിലെവിടെ തെരക്കിയാല്‍ കാണും….?

       ബസ്റ്റാന്‍റിന്‍റെ അടുത്ത്.  പേരെന്നതാ…?

       സുദേവ്…

       ജോണിന്‍റെ സ്നേഹിതരുടെ ഇടയില്‍ സുദേവ് എന്നൊരു പേരിനെ അവര്‍ തിരയുന്നതു പോലെ തോന്നിക്കുന്ന മുഖഭാവം.  മാറിയ മുഖഭാവം പറയുന്നത് സ്നേഹിതരുടെ കൂട്ടത്തില്‍ അങ്ങിനെ ഒരാളെ കാണുന്നില്ലായെന്നാണ്.

       എവിടന്നാ…?

       താഴെ, നാട്ടീന്നാ…. ശരി…എന്നാ…  ഒത്താല്‍ കണ്ടോളാം…

       സുദേവ് യാത്ര പറഞ്ഞ് കടമ്പയ്ക്കടുത്തെത്തി തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ അവനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.  ഇപ്പോള്‍ അവരുടെ മുഖഭാവം, ഇല്ല, ജോണിന് ഇങ്ങനെ ഒരു  സ്നേഹിതനില്ല.  എന്തായാലും കുഴപ്പമില്ല, അയാള്‍ ഉടനെ തന്നെ തിരിച്ചു പോയല്ലോ…

       ബസ്സ്റ്റാന്‍റ് പരിസരത്തെ നീലക്കുപ്പായക്കാരായ ചുമട്ടു തൊഴിലാളികളുടെ ഇടയില്‍ ജോണിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.  അയാളോടു സംസാരിക്കും മുമ്പു തന്നെ ഫോണ്‍ റിംഗ് ചെയ്തു നോക്കി സ്വിച്ചോഫാണ്.

       ജോണിന്‍റെ മുഖത്ത് സൂക്ഷിച്ചു നോക്കി സുദേവ് ചോദിച്ചു.

       ജോണ്‍ എന്താഫോണ്‍ സ്വിച്ചോഫ് ചെയ്തു വച്ചിരിക്കുന്നത്… ഞാന്‍ സുദേവാണ്…

       ജോണ്‍ ചെറുതായൊന്നമ്പരന്നു.

       എന്‍റെ ഫോണ്‍ ഓഫല്ല, സാറെ ഇപ്പോ അവള് വിളിച്ചു സാറവിടെ ചെന്നെന്നു പറഞ്ഞു അവളെ…എന്‍റെ പെണ്ണുംപിള്ള…

       സുദേവ് ചുരുക്കി ഒരു കഥ പറഞ്ഞു, സാഹിത്യകാരനാണെന്നും ആരോ കഥകള്‍ വായിച്ചിട്ട് ജോണിന്‍റെ പേരിലുള്ള ഫോണില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുന്നുമൊക്കെ വ്യക്തമാക്കികൊണ്ട്.  കഥ കേട്ടപ്പോള്‍ ജോണും കൂട്ടുകാരും തെല്ലൊന്നു ഭയന്നു.  കേസു കൊടുക്കുന്നില്ലെന്നും, എഴുത്തുകാരെ സംബന്ധിച്ച് ഇതൊന്നും പുത്തരിയല്ലെന്നും, എന്തു വന്നാലും ജോണിനെ ബുദ്ധിമുട്ടിക്കില്ലെന്നും ഫോണ്‍ നമ്പര്‍ സത്യമാണോയെന്നറിയാന്‍ വേണ്ടി മാത്രമാണെന്നും പറഞ്ഞ് ജോണിന്‍റെ യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍ വാങ്ങി ബസ് സ്റ്റാന്‍റിലെ കോഫി ഹൗസില്‍ നിന്നും ചായയും പഴബോളിയും കഴിച്ച് പിരിഞ്ഞു.  സുദേവ് ലാസറിടത്തിലെത്തും വരെ, ഭീതി കൊണ്ട ജോണിന്‍റെ കണ്ണുകള്‍ സുദേവിന്‍റെ  തലക്ക് പിന്നില്‍, കാറിന്‍റെ പിന്‍ ഗ്ലാസ്സിനും പുറത്ത് ഇരുന്ന് സഹയാത്ര ചെയ്യന്നതു പോലെ തോന്നി.

       ലതയെ കണ്ടെത്തിയത് നിവേദിതയോടൊത്താണ്.  തൃപ്രയാറ് ലതയെ വിവാഹം ചെയ്ത വീടാണ്.  അവിടെത്തെ വിലാസമാണ് ഇലക്ഷന്‍ ഐഡിയില്‍ ചേര്‍ത്തിരിക്കുന്നത്.  ആ ഇലക്ഷന്‍ ഐഡിയുടെ പ്രൂഫിലാണ് ഫോണ്‍ എടുത്തിരിക്കുന്നത്.  ആ ഐഡി വച്ച് ഇപ്പോള്‍ ലത ഉപോഗിക്കുന്നൊരു ഫോണുണ്ട്.  ലത ഇപ്പോള്‍ അയ്യന്തോള്‍ കളക്ടറേറ്റ് ക്വാര്‍ട്ടേഴ്സിലാണ് താമസ്സം, കളക്ടറേറ്റിലെ ക്ലാര്‍ക്കായതു കൊണ്ട്.  ഭര്‍ത്താവ് അവിടെ തന്നെ ആര്‍ടി ഓഫീസിലെ ക്ലാര്‍ക്കും.  രണ്ടു വയസ്സുള്ള മകന്‍ കൂടെയുള്ളതു കൊണ്ട് ഭര്‍ത്താവിന്‍റെ അമ്മയും കൂടെയുണ്ട്.  കളക്ടറേറ്റ് കോമ്പൗണ്ടിലെ കോഫി ഹൗസില്‍, ഒരു മേശക്ക് ഇരു പുറവും അവര്‍ നാലുപേരുമിരുന്ന് കഥ പറഞ്ഞു.  സുദേവ്, നിവേദിത, ലത, ഭര്‍ത്താവ് രാജേന്ദ്രനും.  നിവേദിതയെന്ന പത്രപ്രവര്‍ത്തകയെ ഭീഷണിപ്പടുത്തുന്നുവെന്നാണ് ലതയോടു പറഞ്ഞത്.  നമ്മള്‍ ഫോണെടുക്കുന്നതിനു വേണ്ടി കൊടുക്കുന്ന ഐഡി പ്രൂഫും ഫോട്ടോയും ഉപയോഗിച്ച് മോബൈല്‍ കമ്പനി ഏജന്‍റുമാര്‍ വേറെയും ഫോണ്‍ കണക്ഷനുകള്‍ എടുക്കുന്നു.  ആവശ്യക്കാര്‍ക്ക് കൊടുക്കുന്നു. ചെറിയ പ്രതിഫലം കിട്ടുന്നുണ്ടാകാം.  ചിലപ്പോള്‍ അവര്‍ ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടി ചെയ്യന്ന അതിബുദ്ധിയുമാകാം.  അങ്ങിനയുള്ള ബിനാമി നമ്പറുകള്‍ പലരും ഉപയോഗിക്കുന്നുണ്ട്.  അതില്‍ ചിലര്‍ തീവ്രവാദ ബന്ധമുള്ളരുമാകാം.  അങ്ങിനെ വരുമ്പോഴാണ് കുഴപ്പത്തില്‍ ചെന്ന് വീഴുന്നത്.  ഭീഷണിയുടെ പേരിലൊന്നും കേസിന് പോകുന്നില്ലെന്നും.  എന്തെങ്കിലും നടപടികള്‍ വേണ്ടി വന്നാല്‍ ലതയോടും രാജേന്ദ്രനോടും അഭിപ്രായം ചോദിച്ചിട്ടേ ചെയ്യുകയുള്ളൂവെന്നും അവരെ ധരിപ്പിച്ച് സുദേവിന്‍റെ വിലാസവും വ്യക്തി വിവരങ്ങളും നല്‍കി മടങ്ങി.

       രണ്ടു ഫോണുകളും ലാസറലിയുടെ പ്രതിപ്രവര്‍ത്തകരുടെ കൈകളില്‍ ഇരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി  പുതിയ നീക്കങ്ങളെ കുറിച്ച്  ചിന്തിച്ചു കൊണ്ടിരുന്നു യാത്രക്കിടയില്‍ നിവേദിത അവന്‍റെ കലുഷിത മനസ്സിന്‍റെ പ്രതിഫലനങ്ങള്‍ കണ്ട് ചെറുതായി മന്ദഹസിച്ചു. 

       എന്താ എല്ലാം വേണ്ടെന്നു വച്ച് മടങ്ങാമെന്നു തോന്നുന്നുണ്ടോ…?

       ഇല്ല..  വളരെ വ്യക്തമായ തീരുമാനത്തോടെ കാല്‍വയ്പുകളെ മുന്നോട്ടു പോകണമെന്നു തോന്നു.  ജോണ്‍ എന്ന ഫോണ്‍കാരന്‍ ആവശ്യപ്പെടുന്നതു പോലെ ലാസറലിയുടെ വളരെ നല്ല ഒരു ആത്മകഥയെഴുതണം.  ലത ഫോണ്‍ പറയുന്നതു പോലെ കുറെ കാഴ്ചകള്‍ കാണണം.  ലാസറലിയുടെ ആഗ്രഹ പ്രകാരം കുറെ ചെറുകഥകളെഴുതി സാഗറെന്ന എഴുത്തകാരനെ മലയള സാഹിത്യലോകത്ത് പ്രതിഷ്ടിക്കണം.  കഴിയുന്നത്ര പണം ഇവിടെ നിന്നും ഉണ്ടാക്കണം.  കഴിയുമെങ്കില്‍ സുദേവ് എന്ന എഴുത്തുകാരനെ പ്രധാന മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരെഴുത്തുകാരനാക്കി വളര്‍ത്തണം.

       ഹോ… വാ…. മനോഹരമായ സ്വപ്നം… എനിക്കും കൂടി സാമ്പത്തിക ഷെയര്‍ തന്നാല്‍ എന്തു സഹായത്തിനും ഞാനുണ്ടാകും …

       ഷുവര്‍…

       നിവേദിതയെ പത്രമോഫീസിന്‍റെ മുന്നില്‍ വിട്ട് ലാസറലിയിടത്തേക്ക് മടങ്ങും വഴിയാണ് ലതയുടെ ഫോണ്‍ എത്തിയത്.  ലതയെന്ന ഫോണ്‍ കോളുകാരന്‍റെ ശബ്ദം ജോണ്‍ എന്ന ഫോണ്‍കാരന്‍റേതു പോലെ മയമുള്ളതല്ല.  വശ്യവുമല്ല.  സൗകര്യമുണ്ടെങ്കില്‍ കേട്ടാല്‍ മതിയെന്നും തോന്നപ്പിക്കുന്ന ഈണമാണ്.  പക്ഷെ, കേല്‍ക്കുമ്പോള്‍ വിഷയത്തിന്‍റെ അവതരണം വ്യത്യസ്തത കൊണ്ട് ലതയുടെ സംസാരമാണ് നല്ലത്. വളച്ചു കെട്ടില്ലാതെ, മുഖവുരയില്ലാതെ വളരെ വേഗം തന്നെ കാര്യത്തിലേക്ക് കടക്കുന്നു.  ജോണ്‍ അങ്ങിനെയല്ല.  ഒരു സാധാരണ ഫോണ്‍ വിളിക്കാനരെപ്പോലെ വീട്ടു വിശേഷങ്ങളും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും കഴിഞ്ഞ് കാര്യത്തിലെത്തുമ്പോള്‍ നേരം വെളുക്കുമെന്നു തോന്നും.

       ലത പറഞ്ഞു.

       നിങ്ങള്‍ക്കൊരു മെയില്‍ അടച്ചിട്ടുണ്ട്, ഇന്നു തന്നെ വായിക്കണം.  അല്ല, അങ്ങിനെ പറഞ്ഞില്ലെങ്കില്‍ തന്നെ നിങ്ങള്‍ ഇന്നു തന്നെ വായിക്കുമെന്നെനിക്കറിയാം…

       മെയിലോ….

       ഏസ്, മെയിനു തന്നെ…

       എന്‍റെ മെയിലൈഡി നിങ്ങള്‍ക്കെങ്ങിനെ കിട്ടി…

       അതൊരു ബാലിശമായ ചോദ്യമായിപ്പോയി, നിങ്ങള്‍ക്ക് സ്വന്തമായി കഥകളുടെ ഒരു സൈറ്റുണ്ട്, ഫെയ്സ് ബുക്കില്‍ മെമ്പറാണ,് സജീവവുമാണ്.  ഫെയ്സ് ബുക്കില്‍ നിങ്ങളുടെ ഒരു ഫോളോവര്‍ ആണ് ഞാന്‍.  കൂടാതെ നിങ്ങളുടെ സൈറ്റിലെ എല്ലാ കഥകളും  ഞാന്‍ വായിച്ചിട്ടുണ്ട്, മെയില്‍ അയച്ചിരിക്കുന്നത് കഥാ സൈറ്റിലെ കമന്‍റ് ഓപ്ഷന്‍ വഴിയാണ്.

       ഓ… താങ്ക്യൂ…

       പക്ഷെ, നിങ്ങളുടെ കഥകളെപ്പറ്റി എനിക്ക് നല്ല അഭിപ്രായമില്ല.  എല്ലാ കഥകളിലും ഒരു അരാജക വീക്ഷണമുണ്ട്.. നിലവിലുള്ള ഒന്നിനോടും യോജിക്കാത്ത ഒരു ചിന്ത… എല്ലാറ്റിനെയും പുച്ഛിക്കുന്ന കാഴ്ചപ്പാട്… പല കഥകള്‍ക്കും ഞാന്‍ കമന്‍റും എഴുതിയിട്ടുണ്ട്…

       ഓ… താങ്ക്യൂ… എന്‍റെ കഥകള്‍ വായിച്ചിട്ട് വളരെ നല്ലതെന്ന് പറയുന്നവരെയേ എനിക്കിഷ്ടമാകൂ എന്നും, എല്ലാവരും പുകഴ്ത്തണമെന്നുമുള്ള മോഹമൊന്നും എനിക്കില്ല.  അങ്ങിനെ എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ ഒരു ക്രിയാത്മക എഴുത്തുകാരനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല.  പക്ഷെ, കമന്‍റ് ചെയ്യുപ്പോള്‍ ഫെയ്ക്ക് ഐഡിയില്‍ നിന്നും അയക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല…..

       ഫോണിലൂടേ ലത ചിരിക്കുന്നു.  അയാള്‍ പല പ്രാവശ്യം വിളിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ചിരിക്കുന്നതെന്ന് സുദേവ് ഓര്‍മ്മിച്ചു.

       ഞാന്‍ എനിക്ക് വഴന്ന കമന്‍റുകള്‍ ശ്രദ്ധിക്കാറുണ്ട്… മറുപടി കൊടുക്കാറുണ്ട്, വേണ്ടതെങ്കില്‍.. വിമര്‍ശിച്ച് എഴുതുന്നവരുടെ ഐഡികളെല്ലാം ഫെയ്ക്കായി പോകുന്നു.  അതുകൊണ്ട് പറഞ്ഞതാണ്.  ഈ അടുത്ത നാളില്‍ ഒരു കമന്‍റ് വന്നു, ചുരുക്കമിതാണ്. എന്‍റെ എഴുത്തുകള്‍ സമൂഹത്തെ വഴി തെറ്റിക്കുകയാണ്. കഥകളെല്ലാം മലം പോലെയാണ്, നല്ലകാര്യങ്ങള്‍ എഴുതുക എന്നൊക്കെ പറഞ്ഞുള്ള അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട്.  എനിക്കതില്‍ ഒന്നും തോന്നിയില്ല. ഒരു വായനക്കാരന്‍ വായിച്ചിട്ടു  തോന്നിയ അഭിപ്രായം പറഞ്ഞു.  എന്തഭിപ്രായം പറഞ്ഞു എന്നല്ല, ആയാള്‍ എന്‍റെ എഴുത്ത് വായിച്ചു എന്നതാണ് കാര്യം.  അതെന്നെ സന്തോഷിപ്പിക്കുന്നു..  ഗൂഗിളിന്‍റെ കണക്കുകള്‍ പറയുന്നത് എന്‍റെ സൈറ്റില്‍ നിത്യേന  പത്തു പേര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നാണ്.  അതൊരു നല്ല കാര്യമല്ലേ…?

       ലത ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

       സുദേവ് ഓട്ടോക്കാരനോട് തിരികെ പട്ടണത്തിലേക്ക് യാത്ര ചെയ്യാമെന്ന് പറഞ്ഞു.  താമസിക്കുന്നിടത്ത് ലാപ്ടോപ്പുണ്ട്,  പക്ഷെ, പ്രിന്‍ററില്ല.  ലത പറഞ്ഞ മെയില്‍ പ്രിന്‍റെടുക്കേണ്ടിയിരിക്കുന്നു.

       ടൗണിലേക്കുള്ള യാത്രക്കിടയില്‍ തന്നെ ഫോണില്‍ മെയില്‍ ചെക്ക് ചെയ്തു.  പ്ലീസ് ചെക്ക് ദി അറ്റാച്ച്ഡ് ഫയല്‍ എന്നെഴുതി ഒരു പി ഡി എഫ് ഫയല്‍ അറ്റാച്ച് ചെയ്തിരിക്കുന്നു

       ഏ ഫോര്‍ പേപ്പറില്‍ പതിനഞ്ച് പുറങ്ങളില്‍ പന്ത്രണ്ട് സൈസ് അക്ഷര വലിപ്പത്തില്‍ ഒരു കഥയാണ്….. 

       ഇന്‍റര്‍നെറ്റ് കഫെയില്‍ ഇരുന്നു തന്നെ അക്കഥ ഒരു പ്രാവശ്യം വായിച്ചു.  വായിച്ചു കഴിഞ്ഞപ്പോള്‍ ലാസറിടത്തേക്ക് ഉടനെ പോകാന്‍ തോന്നിയില്ല.  നഗരത്തിലൂടെ വെറുതെ നടന്നു.  കടകള്‍ കണ്ട്, പാതയോരത്തു കൂടി നടക്കുന്ന മനുഷ്യരെ ശ്രദ്ധിച്ച്, അപരിചിതരെങ്കിലും പലരെയും  നോക്കി ചിരിച്ച്, ചിലരെ വിഷ് ചെയ്ത്, ചില തുണിക്കടകളില്‍ കയറി തുണിത്തരങ്ങള്‍ നോക്കി. ഒരിടത്തു നിന്നും കസ്റ്റമേഴ്സിനു സൗജന്യമായി കൊടുക്കുന്ന കപ്പി വാങ്ങികുടിച്ച്, വസ്ത്രങ്ങള്‍ സെലക്ട് ചെയ്യാന്‍ ബുദ്ധിമുട്ടിയിരിക്കുന്ന സ്ത്രീകളെ കണ്ട്, അവരുടെ അംഗവടിവും, വിവസ്ത്രമായിരിക്കുന്ന ശരീര ഭാഗങ്ങളുടെ സൗന്ദര്യം കണ്ട്, ആസ്വദിച്ച്, തെരുവിലൂടെ നടന്ന് ദാഹം തോന്നിയപ്പോള്‍ ഒരു ശീതീകരിച്ച ജ്യൂസ് കടയില്‍ കയറി ആവശ്യത്തിലധികം സമയം ഇരുന്ന്, ഒരു മാംഗോ ജ്യൂസ് കഴിച്ച്, ദേഹത്ത് പൊടിഞ്ഞ വിയര്‍പ്പ് ആറിക്കഴിഞ്ഞ്, വീണ്ടും വീഥിയില്‍ ഇറങ്ങി നടന്ന് മാര്‍ക്കറ്റില്‍ കയറി പച്ചക്കറികള്‍ക്ക് വില പേശുന്നവരുടെ വാക്കുകള്‍ കേട്ട്, കച്ചവടക്കാരന്‍റെ മുഖത്ത് വിരിയുന്ന തെറി വാക്കുകള്‍ വായിച്ചെടുത്ത്, വീണ്ടും നടന്ന് നഗരത്തെ പിളര്‍ത്തിയൊഴുകുന്ന തോടിനെ നോക്കി നിന്ന്, ഒരു അലക്ക് കടവിലെത്തി, അലക്കുകാര്‍ തുണി അലക്കുന്നത് നോക്കി നിന്ന്, അവരില്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ നനഞ്ഞൊട്ടിയ ദേഹങ്ങള്‍ കണ്ട് , ഉച്ച കഴിഞ്ഞ് രണ്ടു മണി ആയപ്പോള്‍ ശീതീകരിച്ച റെസ്റ്റോറന്‍റില്‍ കയറി ഭക്ഷണം കഴിച്ച് അവരുടെ വിസിറ്റേഴ്സ് കോര്‍ണറില്‍, ചൈനീസ് സോഫയില്‍ ഇരുന്ന് മയങ്ങി…..

       ഏതാണ്ട് അര മണിക്കൂറോളം സുദേവ് അവിടെയിരുന്നു.  ശരീരവും, ശരീരത്തോടൊപ്പം മനസ്സും തണുത്തു. ഉണര്‍ന്നപ്പോള്‍ വിസിറ്റേഴ്സ് റൂമില്‍ മയക്കത്തിന് മുമ്പ് ഇരുന്നിരിന്ന ആരെയും കാണാനില്ല.  തണുത്ത മനസ്സില്‍ ലാസറിടവും നിവേദിതയും കുമുദവും  ജോണും ലതയും ഷാഹിനയും ഒന്നുമില്ലാതെ ശൂന്യമായിരിക്കുന്നു. 

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം ആറ്

ഫോണില്‍ വിളിച്ചിട്ടാണ് സുദേവ് കടവന്ത്രയിലുള്ള ഫ്ളാറ്റില്‍ ചെന്നത്.  അവന്‍ ലാസറലിരാജയുടെ ആത്മകഥയിലെ ആദ്യ അദ്ധ്യായം എഴുതിക്കഴിഞ്ഞ് ലാസറലിയെ അറിയിച്ചതിന്‍റെയന്ന് രാത്രയിലാണ് ഫോണ്‍ വന്നത്.

       സുദേവ് …താങ്ക്സ്… താങ്കള്‍ എഴുത്തില്‍ പ്രവേശിച്ചു കഴിഞ്ഞല്ലെ…ഗുഡ്… ഞങ്ങള്‍ക്ക് വായിച്ചു കേള്‍ക്കണം.. ഓരോ അദ്ധ്യായം കഴിയുമ്പോളും വായിച്ചു കേട്ട് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുന്നതാണ് തല്ലത്.  നാളെ അഞ്ചു മണിക്ക് നിങ്ങള്‍ കടവന്ത്രയിതെ ഫ്ളാറ്റിലെത്തണം.  ഞങ്ങള്‍ അവിടെ കാണും…

       ഞങ്ങള്‍….?

        ഓ… സോറി… ആത്മകഥ കമ്മിറ്റിക്കാര്… കഴിഞ്ഞ ദിവസം സുദേവിനെ വന്നു കണ്ടിരുന്നു…

       ലാസറലി അനുവദിച്ച കാറിലായിരുന്നു യാത്ര.  ഡ്രൈവര്‍ പുതിയ ആളാണ്, യാത്രയിലുടനീളം അയാള്‍ നിശ്ശബ്ദനായിരുന്നു, ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാക്കുകളില്‍ ഉത്തരം പറഞ്ഞെങ്കിലും.  പത്ര പരസ്യം കണ്ടിട്ട്  അപേക്ഷ അയക്കുകയായിരുന്നു, അയാള്‍.  ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു.  അയാള്‍ക്ക് വളരെ നേരത്തെ തന്നെ ലാസറലിരാജ ഗ്രൂപ്പ് ഓഫ് കമ്പനീസിനെഅറിയാമായിരുന്നു.  നല്ല ശബളവും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് കൊടുക്കുന്നവരെന്ന് കേട്ടിട്ടാണ് അപേക്ഷ അയച്ചത്.  പി എഫും, ഇ എസ് ഐയും ബോണസ്സും…

       അഞ്ചു മണി പൂര്‍ത്തിയാകാന്‍ അഞ്ചുമിനിട്ട് ബാക്കി നില്‍ക്കെ എല്‍ എ രാജാ (ലാസറലി രാജാ) പ്രോപ്പര്‍ട്ടീസിന്‍റെ പാര്‍ക്കിംഗ് അതിര്‍ത്തിക്കുള്ളില്‍ കാര്‍ കയറ്റി നിര്‍ത്തി.  വാച്ചമാന്‍റെ ചോദ്യങ്ങളും കര്‍ക്കശമായ സ്വരവും കണ്ണുകളിലെ തീഷ്ണതയും സുദേവിന് ഇഷ്ടമായി. ഫ്ളാറ്റ് മ്പര്‍ പതിമുന്നെന്ന് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് ബഹുമാനം വിരിഞ്ഞു.

       എത്താന്‍ പറഞ്ഞ് വിളിച്ച നമ്പരില്‍ ഫോണ്‍  ചെയ്തു.

       ഏസ്…. താങ്കള്‍ എവിടെയാണ്…?

       ഇവിടെ ഫ്ളാറ്റിന് താഴെയെത്തി…

       ഓക്കെ… വന്നോളൂ… സെക്യൂരിറ്റിയില്‍ ഡീറ്റെയില്‍സ് കൊടുത്തോളൂ…

       റെജിസ്റ്ററില്‍ സുദേവ്, ലാസറലിയിടത്തു നിന്നും വരുന്നതാണെന്ന് എഴുതിക്കണ്ടപ്പോള്‍ സെക്യൂരിറ്റി കൂടുതല്‍ അടുപ്പത്തിലായി…

       വാതില്‍ ബല്ലയടിച്ചയുടന്‍ തുറന്നു. അനിതയല്ല.  അനിതയേക്കാള്‍ പ്രായം കുറഞ്ഞൊരു സ്ത്രീ…

       പ്ലീസ്…കം….

       സിറ്റിംഗ് റൂമില്‍ മറ്റ് നാലു പേരു കൂടിയുണ്ട്, സെറ്റികളില്‍. അവര്‍ക്കു മുന്നില്‍ ടീപ്പോയില്‍ മദ്യക്കുപ്പികളും അനുസാരികളുമുണ്ട്.  മറ്റു മുറിയളിലും ആളുകളുണ്ടെന്ന് ശബ്ദങ്ങള്‍ കൊണ്ട്  സുദേവ് അറിഞ്ഞു. വാതില്‍ കടക്കാതെ നിന്ന്, അവന്‍ ചോദിച്ചു.

       വിനോദ്….?

       ഉണ്ട്…. കമോണ്‍ മാന്‍…

       അവള്‍ക്ക് മദ്യത്തിന്‍റെ മണം. മുറിയില്‍ മദ്യത്തിന്‍റെ സിഗരറ്റിന്‍റെയും ഗന്ധം നിറഞ്ഞു നില്‍ക്കുന്നു.  അവന്‍ വിളിച്ച നമ്പര്‍ ഡയല്‍ ചെയ്തു നോക്കി.  സ്വിച്ചോഫാണ്.  ഈ നമ്പറില്‍ നിന്നും സുദേവിനെ നേരത്തെയും വിളിച്ചിട്ടുണ്ട്.  ആത്മകഥയെഴുത്തിന്‍റെ പുരോഗതികള്‍ അറിയുന്നതിനു വേണ്ടി, ആത്മകഥ കമ്മിറ്റക്കാരെന്നു പറയുന്നവര്‍, ലാസറിടത്തു വന്ന് സുദേവിനെ കണ്ടു പോന്നതിനു ശേഷം. പലപ്പോഴും പേരു ചോദിച്ചിട്ട് വെളിപ്പടുത്തിയില്ല,  ആത്മകഥ കമ്മിറ്റിയെന്നു മാത്രം പറയും. അവര്‍ ഫോണ്‍ ഓഫ് ചെയ്തു കഴിഞ്ഞ് തിരിച്ചു വിളിച്ചാല്‍ കിട്ടില്ല.  സ്വിച്ചോഫു ചെയ്യുന്നു.  ഇവിടെ ഫ്ളാറ്റില്‍ എത്തി വിളിച്ചപ്പോള്‍ കിട്ടുകയും ചെയ്തതാണ്.  ആസമയം അവര്‍ സുദേവിനെ പ്രതീക്ഷിച്ചിരുന്നു. വന്നപ്പോള്‍ ഓഫാക്കിയിരിക്കുന്നു.

       വാതില്‍ തുറന്ന സ്ത്രീ അവനടുത്തു നിന്നു തന്നെ ഉറക്കെ വിളിച്ചു.

       വിനോദ്…

       ഏസ്…യേസ്… ഐ വില്‍…

       ത്രീഫോര്‍ത്തില്‍, മങ്ങിയ നീലനിറമുള്ള ടീ ഷര്‍ട്ടില്‍ വിനോദ് മുന്നിലെത്തിയപ്പോള്‍ സുദേവിന,് ലാസറലി രാജയുടെ ജോലി ഏറ്റെടുത്തതില്‍ ആദ്യമായി തെറ്റിപ്പോയെന്നു തോന്നി.

       സാര്‍… ഞാന്‍ എഴുതിയതു വായിച്ചു കേള്‍പ്പിക്കാന്‍ വന്നതാണ്…

       ഏസ്… ഏസ്… ഐനോ…. സാമുവലും അനിതയുമൊക്കെയിവിടെയുണ്ട്… ഇവരൊന്നും നമ്മുടെ ഗസ്റ്റുകളല്ല… യൂനോ… ഇറ്റ്സ്  എ റൂട്ടീന്‍ പ്രോഗ്രാം… കമോണ്‍…നമുക്ക് സ്ഥലമുണ്ടാക്കാം… യൂനോ സുദേവ്…. ഇത് നമ്മുടെ തന്നെ പ്രോപ്പര്‍ട്ടിയാണ്… ഈ ഫ്ളാറ്റ് മാത്രമേ നമ്മുടെ കൈയ്യിലുള്ളൂ… ഇത് മൂന്നു ഫ്ളാറ്റുകളുടെ ഏരിയ ഒന്നിച്ചാക്കിയതാണ്…. ഇഷ്ടം പോലെ സൗകര്യമുണ്ട്…. ഈ നിലയില്‍ വേറെ ഫ്ളാറ്റുകളില്ലാതാനും… നമ്മുടെ ആവശ്യത്തിന് പ്രത്യേകം കരുതി വച്ചതാണ്…

       ആളില്ലാത്ത മുറിയില്‍ സുദേവ് കേള്‍വിക്കാരെ കാത്ത് പത്തു മിനിട്ടിരുന്നു.  അനിത അവന് ജ്യൂസും സ്നാക്കസുമായിട്ടെത്തി കൂടെ വിനോദും സാമുവലും മറ്റു രണ്ടു പേരും.

       സുദേവ്… ഇദ്ദേഹം വിമര്‍ശകനാണ് ഡോ. ജോര്‍ജ് ജോഷി കല്ലുങ്കല്‍… ഇവന്‍ സ്ക്രിപ്റ്റ് റൈറ്റര്‍ മധു വാകത്താനം…

       മറ്റു മുറികളില്‍ നിന്നും ശബ്ദഘോഷങ്ങള്‍ എത്താതിരിക്കാന്‍ അവന്‍ വാതിലടച്ചു.  വാതിലടച്ചിട്ടും മുറിയാകെ മദ്യത്തിന്‍റെയും പുകയുടേയും ഗന്ധം ശ്വാസം മുട്ടിനില്‍ക്കുന്നുണ്ടെന്നവനു തോന്നി. അവകളെ പുറത്താക്കന്‍ തുറസ്സായിടത്തേക്ക് ജനലിലനെ തുറന്നു വച്ചു..  ഏസി ഓഫ് ചെയ്ത് സീലിംഗ് ഫാനും പെഡല്‍സ്റ്ററും ഓണാക്കി…..

       സുദേവ,് ഡോക്ടര്‍ ലാസറലി രാജയുടെ ആത്മകഥയിലെ ഒന്നാമത്തെ അദ്ധ്യായം ഇങ്ങിനെ വായിച്ചു തുടങ്ങി.

       തെളി നീരൊഴുകുന്ന അരുവി പോലെയായിരുന്നു ജീവിതം.  കാലവര്‍ഷത്തിനെ തുടര്‍ന്ന് തുലാ മഴയും കഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞ് കൊച്ചു കുഞ്ഞിന്‍റെ പുഞ്ചിരി പോലെ നിഷ്കളങ്കമായി കിടക്കുന്ന സമയത്തെ അരുവി പോലെ.  കണ്ണീരു പോലെ തെളിഞ്ഞിട്ട്.  യൂപി സ്ക്കൂള്‍ അദ്ധ്യാപകനായ അച്ഛന്‍ പത്മനാഭനോടൊത്ത് (അല്ല പത്മനാഭന്‍ നയര്‍ എന്നു തന്നെ വേണം.) പത്മനാഭന്‍ നായരോടൊത്ത് രാവിലെ തോട്ടില്‍ കുളിക്കാന്‍ പോകുന്നതിന്‍റെ ഓര്‍മ്മയാണ് ബാല്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമായി മനസ്സിലേക്കോടി വരുന്നത്.

       (പിന്നീട് അത് വായിച്ചപ്പോള്‍ നിവേദിത ഒരു കമന്‍റ് പറഞ്ഞു. അതെ ആകുമെങ്കില്‍ കുറഞ്ഞത് നായരെങ്കിലുമാകണം.  പണ്ടത്തേ പോലെയല്ല, ഇന്ന് നായര്‍ക്ക് നല്ലകാലമാണ്.  ശൂദ്രനായ നായര്‍ മുതല്‍ മുകളിലേക്ക് ക്ഷത്രിയനായ വര്‍മ്മയുടെ വീടുകളില്‍ നിന്നും ബാന്ധവം കിട്ടും ഇന്ന്.  കെ. ബാലകൃഷ്ണന്‍റെ ജാതി വര്‍ണ്ണങ്ങളെ കുറിച്ചുള്ള പുസ്തകത്തിലാണെന്നു തോന്നുന്നു കേളത്തിലെ ക്ഷത്രിയര്‍ സമ്പത്തു കൊണ്ടും കയ്യൂക്കു കൊണ്ടും കേമന്മാര്‍ ആയ നായന്മാരു തന്നെയാണെന്ന്  പറഞ്ഞിട്ടുള്ളത്.  അച്ഛന്‍ പത്മനാഭന്‍ നായര്‍ അപ്പോള്‍ മകനായിട്ട് രാജന്‍ മതി, കുഞ്ഞുമോനെന്ന പേരിനൊരു നപുംസക ഛായയുണ്ട്.  ആണ്‍ പെണ്‍ വ്യത്യാസത്തെ അല്ല ഞാന്‍ അര്‍ത്ഥമാക്കിയത,് ജാതി മത തിരിവിനെയാണ്.  ഓക്കെ… അതെന്തുമാകട്ടെ…)

       തലയിലും മുഖത്തും മുട്ടിനു താഴെ മുതല്‍ കാലിലും എണ്ണ തേച്ച് തോര്‍ത്ത് തോളില്‍ ഇട്ട്, ഇടതു കൈയ്യില്‍ ഉമിക്കരിയും ഈര്‍ക്കിലിയും വലതു കൈയ്യില്‍ സോപ്പു പെട്ടിയുമായി സുസ്മേരവദനനായി തോട്ടിലേക്കുള്ള യാത്ര.  അച്ഛന്‍റെ കൈയ്യില്‍ സോപ്പു പെട്ടിയുണ്ടാകില്ല. കാരണം രണ്ടു പേര്‍ക്കും കൂടി ഒന്നു മതിയല്ലോ. റോഡിന് അത്ര വീതിയൊന്നുമില്ല.  ഇപ്പോഴത്തെ അളവു വച്ചു പറഞ്ഞാല്‍ കഷ്ടിച്ച ് ഒരു കാറിന് പോകാനുള്ള വീതി.  ചെമന്ന മണ്ണാണ്, നന്നായി ഉറച്ചത്.  നല്ല വേനല്‍ക്കാലത്തു പോലും പൊടി പറക്കുകയില്ല.  എതിരെ വരുന്നവരെ നോക്കി മന്ദഹസിച്ച് ആവശ്യമുള്ളവരോടു കുശലം പറഞ്ഞ്, ചായക്കടയുടെ മുന്നിലെത്തി ഒരു നിമിഷം നിന്ന് കടയുടെ തിണ്ണയില്‍ ബഞ്ചില്‍ ഇരുന്ന് ചായ കുടിക്കുന്നവരോടു വിശേഷങ്ങള്‍ തിരക്കി, അടുത്ത പലചരക്കു കടയുടെ മുന്നിലോ, ചായക്കടയിലിരുന്നു തന്നെയോ ബീഡി വലിക്കുന്നവരെ നോക്കി ശാസനയുള്ള കണ്ണുകളൊന്ന് ചലിപ്പിച്ചുള്ള പോക്ക് എന്‍റെ അല്ല അച്ഛന്‍റെ…

       തോട്ടിലെ കണ്ണീര്‍പോലെ തെളിഞ്ഞ വെള്ളത്തില്‍ കുഞ്ഞു മീനുകള്‍ ഓടി നടക്കുന്നതു കാണാം. മുട്ടിനോളം, അരയോളം വെള്ളത്തിലായാലും അടിയില്‍ കിടക്കുന്ന വെള്ളാരം കല്ലുകളെ കാണാം.  ചിലപ്പോള്‍ കുഞ്ഞു തവളകള്‍ കുളി കഴിഞ്ഞ് കരയില്‍ കയറിയിരിക്കുന്നതും കാണാം.  തവള കുഞ്ഞുങ്ങളെ കണ്ട് മോഹിച്ച് പറന്നെത്തുന്ന കാക്കകളെ കാണാം.  തക്കം കിട്ടിയാല്‍ തവള കുഞ്ഞുങ്ങളെ കാക്ക റാഞ്ചി എടുത്ത് കൂട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൊണ്ടു പോകുന്നത് കാണാം.

       സ്ക്കൂളിലേക്ക് നടന്നു തന്നെയാണ് യാത്ര.  അച്ഛന് പിന്നാലെ ആണ്‍കുട്ടികള്‍ പിന്നെ പെണ്‍കുട്ടികള്‍. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ നടന്നാല്‍ പള്ളി വക സ്ക്കൂളിലെത്തും.  അവിടെ ഒന്നു മുതല്‍ പത്തു വരെ പഠനമുണ്ട്.  പള്ളി വക സ്ക്കൂളായിരുന്നതു കൊണ്ട് അച്ഛന് അവിടെ നിന്നും ഒരിടത്തേക്കും മാറ്റം കിട്ടി പോകേണ്ടി വന്നിട്ടില്ല.  രാവിലെ സ്ക്കൂളിലേക്കുള്ള പോക്ക് ആനന്ദകരം തന്നെയാണ്.  അച്ഛന് പിന്നാലെയുള്ള നടത്തത്തിനിടയില്‍ ആരും ഒന്നും മിണ്ടുകില്ല.  ആംഗ്യ ഭാഷയും കൂടുതലായിട്ട് നയന ഭാഷയുമാണ് ഉപയോഗിച്ചിരുന്നത്.  പെണ്‍കുട്ടികളുടെ മുഖത്താണെങ്കില്‍ സദാസമയം ഒരു കള്ളച്ചിരി വിടര്‍ന്നു നില്‍ക്കും.  അടക്കി നിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ ചിലര്‍ ചിരിച്ചു പോകും.  ശബ്ദം അച്ഛന്‍റെ കാതിലെത്തുമ്പോള്‍ ചോദിക്കും.

       ആര്‍ക്കാ അഞ്ച് ഡിയിലെ ലീനക്കാണോ പൊട്ടിപ്പോയത്…?

       അല്ല, ആറ് ബീയിലെ ഗീതക്കാ….           

       എന്നാ, എന്താണെങ്കില്‍ പറഞ്ഞോ, ഞങ്ങളും ചിരിക്കാം.  അല്ലേ ഏഴു ഡീയിലെ രാമകൃഷ്ണാ…

       പിന്നെ കഥ പറച്ചിലും ചിരിയുമാകും.  അച്ഛന്‍ അങ്ങിനെ കടുപിടുത്തക്കാരനായിരുന്നില്ല.  അതു കൊണ്ടു തന്നെ കുട്ടികള്‍ ഒരു സ്നേഹിതന്‍റെ അടുത്തിടപഴകുന്നതു പോലെയായിരുന്നു, അച്ഛന്‍റെ അടുത്ത്.  അതൊരു മലയാള അദ്ധ്യാപകന്‍റെ ലാളിത്യവും തനിമയുമായിരുന്നെന്ന് പിന്നീടെവിടയോ വായിച്ചതോര്‍ക്കുന്നു.

       ഒരു ചെറിയ കുന്ന് നിരത്തിയെടുത്താണ് സ്ക്കൂള്‍ പണിതിരിക്കുന്നത്.  എല്‍പി സ്ക്കൂളായി തുടങ്ങി, യൂപിയാക്കി, ഹൈസ്ക്കൂളായി പരിണമിച്ചതാണെന്ന് രേഖകള്‍. യൂപി ആയപ്പോള്‍ ഓടു മേഞ്ഞു.  ഹൈസ്ക്കൂളാക്കിയപ്പോള്‍, ഹൈസ്ക്കൂളിനു വേണ്ടി വേറിട്ടൊരു കെട്ടിടം പണിഞ്ഞു, രണ്ടു നിലയില്‍ വാര്‍ക്ക.  ഹൈസ്ക്കൂളായിരുന്നെങ്കിലും ഹെഡ്മാസ്റ്റര്‍ കഴിഞ്ഞാല്‍ അച്ഛനായിരുന്നു സ്ക്കൂളിലെ അധികാരി.  ചൂരല്‍ വടിയും പിറകില്‍ കരുതി സ്ക്കൂള്‍ വരാന്തയിലൂടെ കരയുന്ന ചെരിപ്പുമായി വരുന്ന ഹെഡ്മാസ്റ്ററെ കണ്ടാല്‍ ക്ലാസ് റുമുകള്‍ നിശ്ശബ്ദമാകും.  അപകട മരണ വീടു പോലെ.  സുസ്മേര വദനനായി പൂച്ചുയുടെ നടത്തം പോലെ വരാന്തയിലൂടെ നടന്നു വരുന്ന അച്ഛനെ കണ്ടാല്‍ കുട്ടികള്‍ ഒരു വന്ദനം കൊടുത്ത് ക്ലാസില്‍ കയറിയിരിക്കും.  കുട്ടികളുടെ എന്തിനും ഏതിനും അച്ഛനുണ്ടാകും.  മറ്റേതോ സ്ക്കൂളില്‍ നിന്നും സ്ഥലം മാറി വന്ന ദേവന്‍ എന്ന പടം വരക്കാരനെ യുവജനോത്സവത്തിനു കൊണ്ടുപോയി സംസ്ഥാനത്തു തന്നെ ഒന്നാമനാക്കിയത് അച്ഛനായിരുന്നു.  ദേവന്‍ പത്താം ക്ലാസ്സു കഴിഞ്ഞ് പോകും വരെയുള്ള മൂന്നു വര്‍ഷക്കാലം പത്രത്തില്‍ സ്ക്കൂളിന്‍റെ പേരു വന്നു.  മൂന്നാമത്തെ വര്‍ഷം ദേവനോടൊത്ത് അച്ഛന്‍റെ ഫോട്ടോ വരികയും ചെയ്തിരുന്നു.

       അമ്മ കഥകളുടെ ഒരു നിധി ശേഖരമായിരുന്നു.  എനിക്കോര്‍മ്മ വച്ച നാള്‍ മുതള്‍ മാറോട് ചേര്‍ത്തു കിടത്തി മര്‍മ്മരമായിട്ടമ്മ കഥകളായി മനസ്സിലേക്ക്, ആത്മാവിലേക്ക് കയറി വരികയായിരുന്നു. ഒറ്റ മകനായിരുന്നതു കൊണ്ടാകാം അകറ്റാന്‍ കഴിയാത്ത അത്ര അടുപ്പമായിരുന്നു അമ്മയ്ക്ക്.

       പഞ്ചതന്ത്രം കഥകളും വിക്രമാദിത്യ കഥകളും, ജാതക കഥകളും സാരോപദേശ കഥകളും  ബൈബിള്‍ കഥകളും.

       ആമയും മുയലും  ആലീബാബയും നാല്പത്തി ഒന്ന് കള്ളന്മാരും വിക്രമാദിത്യനും വേതാളവും ബുദ്ധനും ബിംബിസാരനും സീതയും രാമനും പാഞ്ചാലിയും ഭീമനും കൃഷ്ണനും രാധയും….

       ഏതു കഥയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല, കഥകളുടെ ഉള്‍ക്കാമ്പു കൊണ്ടല്ല, അമ്മയുടെ സ്വരമാധുരി കൊണ്ടും വശ്യത കൊണ്ടും പറയുന്ന ശൈലി കൊണ്ടുമാണങ്ങിനെ ആയത്.  അമ്മ പറയുന്നൊരു രാജകുമാരന്‍റെ കഥയുണ്ട്, പിന്നീടെങ്ങും വായിക്കാത്ത കഥ. ഒരു പക്ഷെ, അതമ്മ തന്നെ ഉണ്ടാക്കിയതായിരുന്നിരിക്കണം.  പണ്ട്, പണ്ട്, കേദാരം എന്ന ദേശത്ത് കേദാരനാഥന്‍ എന്നൊരു രാജാവ് വാണിരുന്നു.  സുന്ദരനും സുഭാഷിതനുമായിരുന്ന അദ്ദേഹത്തിന് സുന്ദരിയും സുശീലയുമായ ഭാര്യയുണ്ടായുരിന്നു.  അദ്ദേഹത്തിന് ഒരു ഭാര്യ അല്ല ഉണ്ടായിരുന്നത്.  അതില്‍  ഏറ്റവും സുന്ദരിയുടെ കഥയാണിത്.  ശക്തരായ പല രാജാക്കന്മാര്‍ക്കും പുഷ്പക വിമാനങ്ങള്‍ ഉണ്ടായിരുന്നു.  അതില്‍ ഏറ്റവും സുന്ദരമായിരുന്ന വിമാനം നമ്മുടെ കഥയിലെ രാജാവിനായിരുന്നു.  അതിനെ അറുപത്തിനാലു തരം പൂക്കളെക്കൊണ്ട് അലങ്കരിച്ചിരിന്നു.  അറുപത്തിനാലു തരം പൂക്കള്‍ക്കും അറുപത്തിനാലു നിറങ്ങളായിരുന്നു.  അതിനൊക്കെ വ്യത്യസ്തമായ മണങ്ങളുമായിരുന്നു.  അറുപത്തിനാലു തരം സുഗന്ധങ്ങള്‍.  മാനത്തു കൂടി വിമാനം യാത്ര ചെയ്യുമ്പോള്‍ ആ മണങ്ങളെല്ലാം ഭൂമിയിലെത്തി ജനങ്ങളെ ഉണര്‍ത്തി മത്തരാക്കുമായിരുന്നു.  അതു കൊണ്ടു തന്നെ ഇതര രാജാക്കന്മാര്‍ക്കു മാത്രമല്ല സാധാരണ ധനികര്‍ക്കും രാജാവിനോട് അസൂയ ഉണ്ടായിരുന്നു.  അങ്ങിനെ യാത്ര ചെയ്തു കൊണ്ടിരിയ്ക്കെ വനാന്തരത്തിലൊരു പൊയ്കയില്‍ കുളിച്ചു  കൊണ്ടിരുന്ന ഒരു താപസ കുമാരിയെ രാജാവ് കാണാനിടയായി.  അവളുടെ സൗന്ദര്യം അവര്‍ണ്ണനീയമായിരുന്നു, നടനം രംഭതിലോത്തമമാരേക്കാള്‍ ശ്രേഷ്ടമായിരുന്നു.  ആകാരം പാഞ്ചാലിയെ വെല്ലുന്നതായിരുന്നു. ഭാഷണം സീതക്കു തുല്യമായിരുന്നു.  അഭിമാനം പാര്‍വ്വതിയെ തോല്പിക്കുന്നതായിരുന്നു.  സ്നാനം കഴിഞ്ഞ് കയറി തപോവനത്തിലേയ്ക്ക് ആനയിക്കപ്പെട്ട കന്യകയുടെ പിന്നാലെ രാജാവും തപോവനത്തിയെത്തി.  താപസനെ കണ്ടു. കന്യകയെ വിവാഹം ചെയ്തു തരണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ, അദ്ദേഹത്തിന് വേണ്ടിയിരുന്നത് കുബേരനേക്കാള്‍ ധനികനും, ഇന്ദ്രനേക്കാള്‍ സുന്ദരനും ശിവനേക്കാള്‍ ശക്തനും മനുവിനേക്കാള്‍ ജ്ഞാനിയുമായ ഒരു രാജാവിനെ ആയിരുന്നു.  ആവശ്യങ്ങളുടെ കഥകേട്ടു കഴിഞ്ഞപ്പോള്‍ രാജാവിന് ഒരു തമാശയായിട്ടാണ് തോന്നിയത്.  ഇവരെയൊക്കെ വരുത്തണമെന്നും അവരോടൊക്കെ മത്സരിച്ച് ജയിക്കുമെന്നും രാജാവ് പറഞ്ഞു.  താപസന്‍റെ അഭ്യര്‍ത്ഥന കേട്ട് കുബരനും ഇന്ദ്രനും ശിവനും മനുവും എത്തിച്ചേര്‍ന്നു.  അളന്നു നോക്കേണ്ടത് അളന്നു നോക്കി, ഉരച്ചു നോക്കേണ്ട് ഉരച്ചു നോക്കി, തൂക്കി നോക്കേണ്ട് തൂക്കി നോക്കി, കണ്ട് മനക്കണക്കില്‍ അറിയേണ്ട് അങ്ങിനെ അറിഞ്ഞ് രാജാവു തന്നെ മുമ്പനെന്നറിഞ്ഞ് താപസന്‍ കുമാരിയെ  വിവാഹം ചോയ്തു കൊടുത്തു.  ഇന്ദ്രനും കുബേരനും, ശിവനും മനുവും എണ്ണിയാലൊടുങ്ങാത്ത, അളന്നാല്‍ തീരാത്ത, തൂക്കിയാല്‍ എത്താത്ത അത്ര സമ്മാനങ്ങളും വരങ്ങളും കൊടുത്ത് അവരെ പുഷ്പക വിമാനത്തില്‍ ദേശാടനത്തിനയച്ചു.

       സ്ക്കൂളില്‍ പോയി വരുന്ന സമയത്ത് അമ്മയുടെ പാലു കുടിക്കുമായിരുന്നു.  അമ്മയ്ക്ക് വേദനിച്ചും ഇക്കിളിപ്പെട്ടും തുടങ്ങിയപ്പോള്‍ ചെന്നി നായകം തേച്ചാണ് കുടി നിര്‍ത്തിയത്.  സ്ക്കൂളില്‍ പോയിത്തുടങ്ങി, പുതിയ കൂട്ടുകളും അറിവുകളും കിട്ടിയപ്പോള്‍ അമ്മയോടു ചോദിച്ചു, എനിക്ക് മാത്രമെന്താണ് അനുജനും അനുജത്തിയും ഇല്ലാത്തതെന്ന്.  അമ്മ പറഞ്ഞു, അമ്മയുടെ സ്നേഹം മുഴുവന്‍ എന്‍റെ മോനുമാത്രം തരുന്നതിനു വേണ്ടിയാണെന്ന്, അനുജനും അനുജത്തിയും ഉണ്ടായാല്‍ അവര്‍ക്കു കൂടി കൊടുക്കേണ്ടി വരില്ലേയെന്ന്.  ശരിയാണെന്നു തോന്നി.  അച്ഛനോടു ചോദിച്ചപ്പോള്‍ അച്ഛനും അങ്ങിനെ തന്നെയാണ് ചിന്തിക്കുന്നതെന്നു പറഞ്ഞു.

       സെറ്റു മുണ്ടും നേര്യതും വിടര്‍ത്തിയിട്ട മുടിയും തുളസ്സിക്കതിരും അങ്ങിനയേ അമ്മയെ കണ്ട ഓര്‍മ്മയുള്ളൂ…. അല്ല, അമ്മ അങ്ങിനെ മാത്രമേയിരിക്കാറുള്ളൂ.  സദാ പുഞ്ചിരി വിടര്‍ന്നിരിക്കുന്ന മുഖവും. മുറ്റത്തെ തുളസിക്കു വെള്ളമൊഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പിറു പിറുക്കുന്നത് കേള്‍ക്കമായിരുന്നു.  അമ്മ പറഞ്ഞത് തുളസിയോടു സംസാരിക്കുന്നതാണെന്നാണ്.  അമ്മ തുളസിയോടു മാത്രമല്ല എല്ലാ ചെടികളോടും സംസാരിക്കുമായിരുന്നു.  അമ്മ സംസാരിക്കുമ്പോള്‍ ചെടികള്‍  ചെവി കൂര്‍പ്പിച്ചു നില്‍ക്കുന്നതു കാണാം.  അവര്‍ക്ക് സ്നേഹം കൊടുത്താല്‍ കൂടുതല്‍ പൂക്കള്‍ തരുമെന്നാണ് അമ്മയുടെ വിശ്വാസം.  അമ്മ കറമ്പി പശുവിനോടും മകളോടും അങ്ങിനെ സംസാരിക്കുന്നതു കേള്‍ക്കാം.  അവരോട് സംസാരിക്കുക മാത്രമല്ല.  തൊഴുത്ത് വൃത്തിയാക്കുമ്പോള്‍ പശുക്കളെ കുളിപ്പിക്കുമ്പോള്‍ പാട്ടുകള്‍ പാടുകയും ചെയ്യും.  പാട്ടുകള്‍ കേട്ടാല്‍ അവര്‍, പശുക്കള്‍ കൂടുതല്‍ പാലു തരുമെന്നാണ് അമ്മയുടെ വാദം.  വീടിന് പിറകില്‍ അധിക സ്ഥലമൊന്നുമില്ലായിരുന്നു, ഉള്ളിടത്ത് പത്തു മുപ്പത് കപ്പ, ചേന ചേമ്പ്, പയറ് വഴുതന ഒക്കെ വളര്‍ത്തിയിരുന്നു.  അവരുടെയൊക്കെ ചുവട്ടിലൂടെ അച്ഛനും നടക്കുമായിരുന്നു.  അതു കണ്ട് നടന്നപ്പോഴാണ് അവരുടെ സ്നേഹ ഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.  അവര്‍ കരുതിയിരുന്നത് എനിക്ക് മനസ്സിലാകില്ലെന്നാണ്.  അവരൊരിക്കല്‍ അമ്മയുടെ സൗന്ദര്യത്തെ പറഞ്ഞ് അസൂയപ്പെടുന്നതു കണ്ടു.  ഞാന്‍  അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള്‍ അവര്‍ തല്ലു തരുമെന്നു പറഞ്ഞു.  എന്‍റെ ദേഹം കുളിര്‍മ കൊണ്ടു.  പറമ്പില്‍  വളരുന്ന കൃഷിയിനങ്ങള്‍ക്കൂടി അമ്മയെ എന്തു മാത്രം ഇഷ്ടമാണ്.

       വായിച്ച ശേഷം വളരെ നിര്‍ബ്ബന്ധിച്ചിട്ടും അവരുടെ ഭക്ഷണവും പുകയും പാട്ടും നൃത്തവും സ്വീകരിക്കാതെ സുദേവ് ലാസറിടത്തേക്ക് മടങ്ങി.

                                         ***

       സുദേവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല.  മനസ്സില്‍ നിറയെ കാഴ്ചകളാണ്, കഴിഞ്ഞ രണ്ടു മണിക്കൂറകള്‍ കൊണ്ട് കിട്ടിയത്. 

       എത്തിപ്പെട്ടത് മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ഇടത്താവളത്തിലായിരുന്നു.  പലരും പറഞ്ഞു കേട്ട കഥകള്‍ നേരിട്ട് കാണാന്‍ കളിഞ്ഞിരിക്കുന്നു…. അടുത്ത നാളില്‍ പത്ര-ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്ന കഥ, സിനിമാ പ്രവര്‍ത്തകരുടെ മയക്കു മരുന്നുമായുള്ള ബന്ധം…. കാറിടിച്ച് സെക്യൂരിറ്റിക്കാരനെ കൊന്ന കഥ… ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന വിപണനവും ഉപയോഗവും വളരെ അധികമായിരിക്കുന്നു.  ന്യൂ ജനറേഷന്‍ ചിന്തകളും  മാര്‍ഗ്ഗങ്ങളും ലക്ഷ്യങ്ങളും മാറിയിരിക്കുന്നു. കഴിഞ്ഞ തലമുറകള്‍ ന്യൂ ജനറേഷന്‍ ആയിരുന്ന കാലഘട്ടങ്ങളേക്കാള്‍ ജുഹുപ്സാവഹവും മലീമസവുമായിരിക്കുന്നു.

       പുലര്‍കാലത്തിന്‍റെ സുഖാലസ്യത്തില്‍ മനസ്സും ശരീരവും തണുത്തപ്പോള്‍ സുദേവ് ഒന്നു മയങ്ങി.  ആ മയക്കത്തിനെ നിഷ്കരുണം നശിപ്പിച്ചു കൊണ്ട്  മൊബൈല്‍ വിളിച്ചു.

       കണ്ണുകള്‍ തുറക്കാതെ കിടക്കയില്‍ തന്നെ കരുതിയിരുന്ന ഫോണെടുത്ത് ചെവിയോടടുപ്പിച്ചു..

       സുദേവ് നിങ്ങള്‍ ഇന്നലെ  നന്നായി ഉറങ്ങിയില്ല, വെളുപ്പാന്‍ കാലത്തിന് മുമ്പ് എപ്പോഴോ കിട്ടിയ മയക്കത്തില്‍ സ്വപ്നം കണ്ടുണര്‍ന്നു, വീണ്ടും ഇപ്പോള്‍ ഒരു മയക്കത്തില്‍ അമരാന്‍ ശ്രമിക്കുകയോ, ശ്രമിക്കാതെ തന്നെ മയക്കത്തിലേക്ക് കടക്കുകയോ ചെയ്യുകയുമായിരുന്നു, അല്ലേ…?

       നിങ്ങളാരാണ്….?

       ഏസ്, ആ ചോദ്യമേ നിങ്ങള്‍ ആദ്യം ചോദിക്കുകയുള്ളൂവെന്ന ് എനിക്കറിയാം.  പക്ഷെ, ഞാന്‍ പ്രതീക്ഷിച്ചതു പോലെ ദേഷ്യം ചോദ്യത്തില്‍ കണ്ടില്ല.  അതെന്നെ ചെറുതായെന്ന് അത്ഭുതപ്പെടുത്തുന്നുണ്ട്. അതെന്തുമാകട്ടെ. നിങ്ങളെ ഉറക്കാതിരിക്കാന്‍ വേണ്ടി തന്നെയാണ് ഇപ്പോള്‍ വിളിച്ചത്. 

       നിങ്ങള്‍ ആരാണ്… എന്താണ് വേണ്ടത്…?

       ഞാന്‍ ആരാണെന്നത് പ്രസക്തമാണ്. പക്ഷെ, ഇപ്പോള്‍ അത് വെളിപ്പെടുത്താന്‍ കഴിയില്ല. എന്താണ് വേണ്ടതെന്ന്,  അതത് സമയങ്ങളില്‍ നിങ്ങളോട് പറഞ്ഞു കൊണ്ടിരിക്കും.  വഴികള്‍ നിങ്ങള്‍ക്ക് കാണിച്ചു തന്നു കൊണ്ടിരിക്കും.  വളരെ ചുരുക്കത്തില്‍ നിങ്ങളോട് പറയാം. ലാസറലി രാജയെ കേട്ടഴുതാന്‍ നിങ്ങളെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ മാത്രം തീരുമാനമല്ല.  അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് പത്തു ശതമാനം പരിഗണനയേ കൊടുത്തിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ ബിസിനസ്സ് സാമ്രാജ്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അമ്പതുപോരുടെ തീരുമാനമാണ്.  അന്ന് അവസാന ഇന്‍റര്‍വ്യൂവിന് വന്നതില്‍ പെര്‍ഫോമെന്‍സ്സില്‍ നിങ്ങളായിരുന്നു ഏറ്റവും പിന്നില്‍.  നിവേദിതക്കും താഴെ. പക്ഷെ, സെലക്റ്റ് ചെയ്തത് നിങ്ങളെ, അതിന് ഒറ്റ കാരണമേയുള്ളൂ. നിങ്ങളുടെ കൈകളില്‍ കെട്ടുകളില്ല. പിന്നില്‍ കൈകളില്ല.  മനസ്സിലായെന്നു കരുതുന്നു.  ഇല്ലെങ്കില്‍ പറയാം, ജോലി സംബന്ധമായ ബന്ധങ്ങള്‍, ഫാമിലി പരമായ ബന്ധുക്കള്‍, സാമ്പത്തീകമായ ശക്തി. വ്യക്തമായിക്കാണും.  നിങ്ങള്‍ക്ക് അഡ്രസ്സ് ചെയത് പറയാനൊരു തെഴിലില്ല.  ധനമില്ല. ബന്ധുക്കള്‍ നിര്‍ധനരും.  അതു കൊണ്ടു തന്നെ നിങ്ങള്‍  ലാസറലി പറയുന്നതു കേള്‍ക്കും. കേള്‍ക്കും എന്ന് ഞാല്‍ പറഞ്ഞത് വളരെ ശക്തമായിട്ടുതന്നെ കാണുക,  എല്ലാവിധ അര്‍ത്ഥങ്ങളോടെയും മാനങ്ങളോടെയും.  അയ്യായിരം കോടിയോളം രൂപയുടെ പരസ്യപ്പെടുത്തിയ ആസ്തിയുള്ള ബിസിനസ്സ് ഗ്രൂപ്പിന്‍റെ തീരുമാനമാണത,് വെറും വാക്കല്ല.

       ഇടയ്ക്ക് അയാള്‍ സംസാരം നിര്‍ത്തിയപ്പോള്‍ സുദേവ് സമയം നോക്കി.  നേരം വെളുക്കുന്ന ആറു മണി. പുറത്ത് കാക്കകള്‍ കരയുന്ന ശബ്ദം, അതിനിടയില്‍ തന്‍റെ സ്നേഹിതരുടെ ശബ്ദങ്ങളും കേള്‍ക്കുന്നുണ്ടോയെന്ന് വറുതെ ചെവി കൂര്‍പ്പിച്ചു.  ഫോണ്‍ വിളി നല്‍കിയ വിഹ്വലമായ ചിന്തയിലേക്ക് കടക്കും മുമ്പുണ്ടായ ചെറിയ ഒരു ആലോചനയാണ്.  അത് കഴിഞ്ഞയുടനെ ഫോണ്‍ വിളിയുമായിട്ടുള്ള ചിന്തയിലേക്ക് മനസ്സ് കടന്നു. ചിന്ത അങ്ങിനെ കാര്യമായിട്ട് മുമ്പോട്ടു പോയില്ല.  അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.

       അവര്‍ ലാസറലിയോട് ആവശ്യപ്പെട്ടത് അദ്ദേഹത്തിന്‍റെ ഒരു ജീവചരിത്രം എഴുതിക്കാനാണ്, യഥാര്‍ത്ഥ ചരിത്രമല്ല, അതു വെറും ചവറും ചീഞ്ഞതും പുളിച്ചതുമാണ്.  ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന തലമുറയില്‍ പെട്ടവര്‍ക്ക് അറിയാവുന്നതുമാണ്.  അറിയുന്നതിനെ മാറ്റിയെടുക്കാന്‍ കഴിയില്ല.  പക്ഷെ, അറിയാത്തവരെ അറിയിക്കേണ്ട കാര്യമില്ല.  അറിയിച്ചിട്ടു കാര്യവുമില്ല.  അറിയുക്കുന്നത് കൂടെ നില്‍ക്കുന്നവര്‍ക്ക് മോശമായിത്തീരുകയും ചെയ്യും.  ഡോ. ലാസറലിയെ സംബന്ധിച്ച് ഏതായാലും പ്രശ്നമല്ല, പ്രശ്നമാക്കിയിട്ടു കാര്യവുമില്ല.  പക്ഷെ, മറ്റുള്ളവരെ സംബന്ധിച്ച് അത് കാര്യമാണ്.  ഇത്ര വിപുലമായ ഒരു ബിസിലസ്സ് ശൃംഖലയുടെ എം ഡി, നേതാവ് അങ്ങിനെയൊരു സാഹചര്യത്തില്‍ നിന്നും തരം താണ രീതികളിലൂടെ വന്ന ആളെന്ന് പറയുന്നതില്‍ ഒരു അലോരസം ഉണ്ട്.  അതൊഴിവാക്കാന്‍ വേണ്ടി  മനോഹരമായൊരു ജീവചരിത്രം എഴുതുക.  പക്ഷെ, അതിന് അദ്ദേഹം തയ്യാറായില്ല.  അതു കൊണ്ടാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ കേട്ട്, കണ്ട്, അറിഞ്ഞ് സ്വതന്ത്രമായ തികച്ചും വ്യത്യസ്തമായ വീക്ഷണത്തില്‍ കുറെ കഥകളെഴുതുക എന്ന അനുനയത്തില്‍ എത്തിയത്.  അതിന്‍റെ കൂടെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഒരു ജീവചരിത്രവും എഴുതുക.  ജീവചരിത്രമെന്ന് അവരുദ്ദേശിക്കുന്നത് ആത്മകഥയാണ്.  മനോഹരമായ ഒരു ആത്മകഥ.  കഥകളെല്ലാം തൂലിക നാമത്തില്‍ പ്രസിദ്ധീകരിച്ച് ഒടുവില്‍ ആത്മകഥ പ്രകാശനം ചോയ്യുന്നതോടു കൂടി തൂലിക നാമത്തില്‍ നിന്ന് പുറത്ത് വന്ന് കഥകളും ഡോ. ലാസറലി രാജ എഴുതിയതാണെന്ന് പുറം ലോകത്തെ അറിയിക്കുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത്.  ലാസറലിയുടെ ജിവിതത്തിലെ കുറിച്ച് സത്യങ്ങള്‍ നിങ്ങളെ കാണിച്ചു തരും. കുറച്ച് മാത്രം.  അതുകള്‍ വച്ച് കഥകളെഴുതാം, അതോടൊപ്പും ആത്മകഥയും.

       ഞാന്‍ സാധിക്കില്ല, എന്നു പറഞ്ഞാല്‍….

       ശാന്തമായ സ്വരത്തിലാണ് സുദേവ് പറഞ്ഞത്. അവന്‍റെ മാനസ്സിക-ശാരിരിക നില, ആ സമയം അതിന്‍റെയൊക്കെ അവസ്ഥ വച്ച് അങ്ങിനെ അല്ല പ്രതികരിക്കേണ്ടിയിരുന്നത്.  ഫാ… മോനേ… നീയാരാ അതു പറയാനെന്നോ… വര്‍ദ്ധിച്ച ദേഷ്യത്തില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ആണ് വേണ്ടിയിരുന്നത്.  പക്ഷെ, അങ്ങിനെ ആകാതിരുന്നതില്‍ തെല്ലൊരു അമ്പരപ്പ് ഉണ്ടായിട്ടും അയാള്‍ അത് പുറത്ത് കാണിക്കാതെ, അറിയിക്കാതെ പറഞ്ഞു.

       സാധിക്കില്ല എന്നു തീരുമാനിച്ചാല്‍ നിങ്ങള്‍ ചെയ്തതെല്ലാം ഉപേക്ഷിച്ചിട്ടു തിരിച്ചു പോകണം.  പിന്നീട് ഒന്നും ചെയ്യാതെ, ലാസറലിയെ കുറിച്ച് ചിന്തിക്കുക കൂടി ചെയ്യായെ നാട്ടിലെത്തി വീടുകളുടെ പെയിന്‍റ്പണി ചെയ്ത് ജീവിക്കണം. അവര്‍ തിരിഞ്ഞു നോക്കില്ല.  പറയുന്നതനുസരിക്കാതെ അവര്‍ക്കെതിരെ കാര്യങ്ങള്‍ നീക്കുമെങ്കില്‍ വളരെ നിസ്സാരമായിട്ട് ഈ ദൗത്യത്തില്‍ നിന്നും നിങ്ങളെ എടുത്തു മാറ്റും. മാറാന്‍ തയ്യാറായില്ലയെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും.  എന്നിട്ടും ശല്യം തുടര്‍ന്നാള്‍ ഇത്രയും ആസ്തിയുള്ള, ആവശ്യത്തില്‍ കൂടുതല്‍ അധികാരസ്ഥാനങ്ങളില്‍ പിടപാടുകളുള്ള അവര്‍ക്ക് ഇന്നത്തെ മാറിയ ജീവിതസാഹചര്യത്തില്‍ നിങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അത്രയ്ക്ക് തല പുകക്കേണ്ട കാര്യമൊന്നുമില്ല.  എന്നാല്‍ നേരെ തിരച്ച് ചിന്തിച്ചാല്‍ പ്രവര്‍ത്തിച്ചാല്‍ താങ്കള്‍ക്ക് സ്വപ്നം കൂടി കാണാന്‍ കഴിയാത്ത സമ്പത്ത് വന്നു ചേരുകയും ചെയ്യും. ഇത് പറയാനല്ല ഞാന്‍ വിളിച്ചത്.  നിങ്ങള്‍ ചെയ്യുന്നത് നീതിയുക്തമാണോ എന്ന് ചിന്തിക്കണം. ഈ സമൂഹത്തിന്‍റെ സാംസ്കാരികമായ, ജനാധിപത്യപരമായ, സാമ്പത്തീകമായ ഇടങ്ങളില്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയണം. ആ അറിവു വച്ചു കൊണ്ട് നിങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയും.  അതു ചെയ്യണമെന്നാണ് എന്‍റെ ആവശ്യം.

       ആവശ്യപ്പെടാന്‍ നിങ്ങള്‍ ആരാണെന്ന് ഞാന്‍ ആദ്യമേ ചോദിച്ചതാണ്….

       അത് പറയാന്‍ മാത്രമുള്ള ബന്ധം നമ്മള്‍ തമ്മില്‍ ഇപ്പോള്‍ ഇല്ല.  ആകുമ്പോള്‍ അറിയിക്കുകതന്നെ ചെയ്യും.

       എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്…..?

       അതെല്ലാം കാലാങ്ങളില്‍ അറിയിച്ചു കൊണ്ടിരിക്കും….

       ഞാനെന്താണ് ചെയ്യേണ്ടത്….?

       ഇപ്പോള്‍ ഞാന്‍ കാണാന്‍ പറയുന്നതെല്ലാം കാണുക, കേള്‍ക്കാന്‍ പറയുന്നതെല്ലാം കേള്‍ക്കുക, അറിയാന്‍ പറയുന്നതെല്ലാം അറിയുക… ഒന്നും സൗജന്യമായിട്ടു വേണ്ട… കാര്യങ്ങളുടെ പുരോഗതിയനുസരിച്ച് നിങ്ങളുടെ അക്കൗണ്ട് നമ്പറില്‍ പ്രതിഫലം ചോര്‍ത്തു കൊണ്ടിരിയ്ക്കും…

       ഓ… വാട്ടെ ഹൊറിബിള്‍ ജോബ് എന്നാണ് സുദേവിന്‍റെ മനസ്സ് പറഞ്ഞത്.  വേറെ എന്തു പറഞ്ഞാലും യോജിക്കില്ലായെന്നത് സൂക്ഷം.  സുദേവ് അയാള്‍ക്ക് മറുപടി കൊടുത്തില്ല.  തുടര്‍ന്നും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.  അപ്പോഴൊക്കെ അവന്‍ ഒരു കാര്യം മാത്രം ചിന്തിച്ചു.

       പണ്ട് രാജാക്കന്മാര്‍ പ്രകീര്‍ത്തിച്ച് എഴുതാന്‍ കവികളെ കൂടെ താമസ്സിപ്പിച്ചിരുന്നു.  അവര്‍ക്കു ചെല്ലും ചെലവും കൊടുത്തിരുന്നു.  കാളിദാസനും വാല്‍മീകിയും അങ്ങിനയുള്ളവരായിരുന്നു.  വ്യാസന്‍റെ വിദ്യാഭ്യാസ കുലവും അങ്ങിനെയുള്ളതായിരുന്നു.  ഒരു രാജാവെഴുതാന്‍ പറഞ്ഞെഴുതിവരുമ്പോള്‍ മറ്റൊരു രാജാവ് കൂടുതല്‍ പ്രതിഫലം കൊടുത്ത് മാറ്റി എഴുതിച്ചിട്ടുണ്ടാകാം. എത്രയെല്ലാം മാറ്റലുകളും മറിക്കലുകളും തിരുത്തിയെഴുത്തുകളും ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും കഴിഞ്ഞിട്ടാകാം ഇതിഹാസങ്ങളും പുരാണങ്ങളും നമ്മുടെ കൈകൈളില്‍ എത്തിയിട്ടുണ്ടാവുക…..

@@@@@