വര്‍ത്തമാന കാലത്തേയ്ക്ക്
മുകളിലത്തെ നിലയിലെ, പാർട്ടി ഓഫീസിന്റെ വിശാലമായഹാളിൽ പ്രവർത്തകർ കസേരകളിൽ
സന്നിഹിതരായിരിക്കുന്നു. അദ്ധ്യക്ഷൻ, മറ്റു പ്രാസംഗീകർ എല്ലാം
തയ്യാറായിരിയ്ക്കുന്നു. യോഗനടപടികളിലേയ്ക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ട് ഒരു
സംഘാടകൻ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ് സഖാവ്പീറ്റർ വാതിൽക്കൽ തല കാണിച്ചത്.
അപ്പോൾ എല്ലാ ശ്രദ്ധകളും അയാളിലേയ്ക്ക്
തിരിഞ്ഞു. അവരുടെ മുഖങ്ങളിലെല്ലാം അവഹേളനത്തിന്റെ രസം തെളിഞ്ഞുവരികയാണ്.
സ.പീറ്റർ നടന്ന് വന്ന് ഒഴിഞ്ഞു
കിടക്കുന്ന
കസേരയിൽ ഇരിയ്ക്കുന്നു. അല്പസമയം ശ്രദ്ധ വികേന്ദ്രീകരിച്ചുപോയ സദസ്യർ സ്വയം നിയന്ത്രിതരായി പ്രാസംഗീകനിലേയ്ക്ക് തിരിച്ചുവന്നു.
സഖാക്കളെ, അപ്രതീക്ഷിതമായ ഒരു
സാഹചര്യത്തിലാണ് നമ്മൾ വന്നു പെട്ടിരിക്കുന്നത്. തികച്ചും കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങൾ നമ്മളിലേയ്ക്ക്‌വന്നിരിക്കുകയാണ്.
ചരിത്രത്തിൽ ഒരഞ്ചുവർഷം നമ്മൾ ഭരിച്ചാൽ
അടുത്ത അഞ്ചുവർഷം സംയുക്തകക്ഷിയുടെ ഊഴമായിട്ടാണ്
വന്നിട്ടുള്ളത്.പക്ഷെ, ഇപ്രാവശ്യം ആ ചരിത്രത്തെ മാറ്റിയെഴുതണമെന്ന് നമ്മൾ ആഗ്രഹിക്കുകയും അതിനായിട്ട്
പ്രവർത്തിക്കുകയും ജനക്ഷേമപരമായിട്ട് അധികാരം പങ്കുവയ്ക്കലും വിശകലന ക്രമീകരണം നടപ്പിലാക്കുകയും ചെയ്തിരുന്നതാണ്.
അതു വഴി ഒട്ടനവധി ആനുകൂല്യങ്ങൾ
ജനങ്ങൾക്ക് കൊടുക്കുകയും ചെയ്തതാണ്.
എന്നിട്ടും ഈ പരാജയകാരണം സ്വയം
വിമർശനമാക്കികൊണ്ട് എല്ലാ സഖാക്കളും ചർച്ചയിൽ
പങ്കുകൊണ്ട് ….
സ.പീറ്ററുടെ കണ്ണുകളിൽ, തുറന്നിട്ട ജനാല വഴികാണുന്ന മീൻ ചന്തയുടെ കാഴ്ചകളാണ്. ഉണക്ക മീൻ
വിൽക്കുന്നതിനും, പച്ചക്കറി വിൽക്കുന്നതിനും, ആടുമാടുകളെ ഇറച്ചിയാക്കി
വിൽക്കുന്നതിനുംഒരൊറ്റ ചന്തയാണ്
മങ്കാവുടിയിൽ
നിലവിലുള്ളത്. എല്ലാറ്റിനും കൂടി
ഒരൊറ്റ വഴിയും. ആ വഴി കടന്നുവരുന്നത്
മങ്കാവുടിയിലെ പ്രധാന ബസ്സ് സ്റ്റേഷന്റെ കവാടത്തിലൂടെയും.
അന്തിക്കച്ചവടത്തിന്റെ തിരക്കാണവിടെ, അതിന്റേതായ ആക്രോശങ്ങളും,
ആരവങ്ങളും, വിലപേശലുകളും, വിലതാഴ്ത്തലുകളും……..
അപ്പോഴാണ് പീറ്ററുടെ കണ്ണുകൾ നിശ്ചലമായിനിന്നത്.
അവിടെ നിന്നും കണ്ണുകളെ മറ്റ് കാഴ്ചകളിലേക്ക് കൊണ്ടുപോകാൻ കഴിയാത്തവിധം
ചൂണ്ടലിൽ കൊരുത്ത മീനിനെപ്പോലെ കുടുങ്ങിപ്പോയി.
അവൾ മാർക്കറ്റിൽ പുതുതായിട്ടെത്തിയതാണ്,
വെളുത്തിട്ടാണ്, നല്ല ഉടൽ, നല്ല വടിവ്, ആവശ്യത്തിന്,
അല്ലെങ്കില്‍ ഉടലിന് യോജിച്ച അവയവങ്ങളാണ്.
പുകയിലമണമില്ലെന്ന് കേഴ്വിയും. ക്ലോസപ്പിന്റ ഉഛ്വാസമാണുതാനും. പക്ഷെ, ദല്ലാളിനെ കണ്ടെത്താനായില്ല.
തെരഞ്ഞെടുപ്പിന്റെ
തെരക്കായിരുന്നു, പീറ്ററിന്.
അവളുടെ വാക്കുകൾക്ക് തേനിന്റെ
ചുവയാണന്ന് പറയുന്നു. വാക്കുകളിൾ ആവശ്യത്തിന്
കവിതയും. പക്ഷെ, ലേശം റം വേണമത്രെ. മദ്യ ശേഷം ഒന്നുരണ്ടുകവിൾ പുകയും. പുക ഇണയുടെ ചുണ്ടിൽ കൊളുത്തിയ
സിഗററ്റിൽ നിന്നും വേണമെന്ന് വാശിയും. മദ്യവും പുകയുമില്ലാത്ത ആണുങ്ങളോട് പഥ്യമല്ലെന്നും.
പീറ്ററിന്റെ ഓർമ്മകൾ പിറകോട്ടു
പോവുകയാണ്. കൌമാരം വിട്ടകാലം. ജിജ്ഞാസ കൊടുമ്പിരി കൊണ്ട്,
അന്വേഷണങ്ങളും, പരീക്ഷണങ്ങളും നടത്തിയിരുന്ന
പ്രായം.
എന്തുസാഹസവും ചെയ്യാൻ ഉശിരുണ്ടായിരുന്ന സമയം.
ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു വന്ന ഒരു ദിവസം അറിയാൻ
തന്നെ തിരുമാനിച്ചു.
പുസ്തകത്തിൽ നിന്നും പഠിച്ച ശാസ്ത്രസത്യങ്ങളെ അറിയാൻ, സ്ത്രീ ശരീരത്തിന്റെ കാമ്പുകളെത്തേടി……..തുണയായിട്ടൊരുസുഹൃത്തുമുണ്ടായിരുന്നു. അന്നീ
മാർക്കറ്റ് കോൺക്രീറ്റ്
മേൽക്കൂരയുടേതോ, ഹോളോബ്രിക്സ് മറച്ച് തറ പ്ലാസ്റ്ററു ചെയ്തതോആയിരുന്നില്ല. ഓലമേച്ചിലുള്ള,സർക്കാർ എൽ.പി. സ്‌ക്കുളു പോലുള്ള ഒരു ഓല ഷെഡ്ഡ് .തറയിൽ ചാണകം പോലും
മെഴുകിയിരുന്നില്ല. നടന്നും, നിന്നും, ഇരുന്നും തറഞ്ഞ
മണ്ണ് മിനുസമാർന്നിരുന്നു.
ആ മണ്ണിൽ ഒരു വിരിപ്പ് പോലുമില്ലാതെ…
“സഖാവ്‌പീറ്റർ”
അദ്ധ്യക്ഷന്റെ കനത്ത ശബ്ദം, ഉച്ചഭാഷിണിയില്ലെങ്കിലും മുറിയാകെ മുഴങ്ങി,
മുഴക്കം അലകളായി,
നിമിഷങ്ങളോളം നിലനിൽക്കുകയും ചെയ്തു.
പീറ്റർ ഓർമ്മകളുടെ മധുരത്തില്‍
നിന്നും വർത്തമാനത്തിന്റെ കയ്പുകളിലേയ്ക്കിറങ്ങിവന്നു. ഞെട്ടിയില്ല. കാരണം ഇതൊരു
ആദ്യാനുഭവമല്ലാത്തതു കൊണ്ട്. പീറ്റർ എഴുന്നേറ്റു നിന്നു.
“അതെ, ഞാൻ
സഖാവ് പീറ്റർ തന്നെ……. സഖാവ് ഔസേപ്പിന്റെ മകൻ, സ. കൃഷ്ണന്റെ
മരുമകൻ.”
“സഖാവെ… ഇപ്പോൾ കുടുംബ ചരിത്രം അല്ലാ ചോദ്യ വിഷയം, സഖാവിന്റെ ബ്രാഞ്ചിന്റെ പരിധിയില്‍ വരുന്ന വാർഡിൽ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി
ജയിച്ചു വന്നതിന്റെ കാരണങ്ങളാണ് ചോദിച്ചത്.”
“അതെ സഖാവെ………. ഞാനതിലേയ്ക്കുതന്നെയാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. പക്ഷെ, അതിനുമുമ്പ്, ആക്രോശിക്കുന്നവരോടും കുറ്റം
ചാർത്തുന്നവരോടും ശക്തികുറച്ച് സൌമ്യതയിൽ വേണം ചെയ്യാനെന്ന്
പറയുകയാണ്. കാരണം, അല്ലെങ്കിൽ പലതും ഞാൻ
ചികഞ്ഞെന്നു വരും.”
“സഖാവെ……സഖാവിനോട് ആവശ്യപ്പെട്ടതു മാത്രം പറയാനാണ് പറഞ്ഞത്…”
“അതുതന്നെയാണ്
സഖാവെ പറയാൻ പോകുന്നത്. അല്ലാതെ ഞാനിവിടെ
അനാവശ്യം പറയാനോ കാണിക്കാനോ പോകുന്നില്ല. ആവശ്യത്തിലേയ്ക്ക് വരാനുള്ള മുഖവുര പറയാതെങ്ങനെ……”
അങ്ങിനെ സ.പീറ്റർ മുഖവുരയും
അവതാരികയും കഴിഞ്ഞ് കാര്യത്തിലേയ്ക്ക് കടക്കുകയും കാര്യകാരണ സഹിതം സാഹചര്യങ്ങളെ വിശദമായിട്ട് അവതരിപ്പിക്കുകയും സ്വയം
വിമർശന പരമായിട്ട് കാര്യങ്ങളെ സമീപിക്കുകയും
സ്വകർത്തവ്യം പോലെ കൃത്യനിർവ്വഹണം
ഏറ്റെടുക്കുകയും ചെയ്തിരിക്കുക യാണ്.
അപ്പോൾ ഇവിടെ വളരെ
പ്രസക്തമായൊരു കാര്യം ഉടലെടുത്തിരിക്കുകയാണ്. എന്താണ് സ.പീറ്റർ ഏറ്റെടുത്തിരിക്കുന്ന കൃത്യമെന്നത്. ഇവിടം മുതലാണ് സതീശൻ
നാം കേൾക്കുന്ന, അറിയുന്ന കഥയിലേയ്ക്ക്
കയറി വരുന്നത്. എങ്ങിനെ അവൻ
കഥയിൽ പ്രവേശിച്ചു എന്ന് ചോദിച്ചു പോകാവുന്നതാണ്.
അതൊരു ചരിത്ര മുഹൂർത്തമാണ്.
മങ്കാവുടി നഗരസഭയിലേക്ക് ചരിത്രത്തിലാദ്യമായിട്ടൊരു സ്വതന്ത്ര
സ്ഥാനാർത്ഥി ജയിച്ചു വന്നിരിക്കുകയാണ്. ഒരു രാഷ്ട്രീയ
മുന്നണിയുടേയും പിന്തുണയില്ലാതെ; ഒരു മതത്തിന്റേയും ജാതിയുടേയും മുദ്ര കുത്തപ്പെട്ട വോട്ടുകളില്ലാതെ.
ഞാനെന്റെ പത്താമത്തെ വയസ്സിലാണ്
സതീശനെ കണ്ടത്. അവൻ പേറ്റുമുറിയിൽ,
അമ്മയുടെ മാറോട് ചേർന്നു കിടന്ന് ഉറക്കമായിരുന്നു.
തല മാത്രമേ പുറത്തു കാണാനുണ്ടായിരുന്നുള്ളു, ബാക്കി, ഉടലാകെ വെളുത്ത
തുണിയിൽ പൊതിഞ്ഞിരുന്നു. അതൊരു ഇടുങ്ങിയ
മുറിയായിരുന്നു. തുറന്നു കിടന്നിരുന്ന ജനാല
വഴി വെളിച്ചം എത്തിയിരുന്നു. ആ മുറിയിലെത്തിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് അവനെ ആയിരുന്നില്ല.
അവന്റെ ചുവന്ന ചുണ്ടുകൾ മുട്ടിയിരുന്ന,
അവന്റെ അമ്മയുടെ വെളുത്ത മുലകളായിരുന്നു.
മാറിടമാകെ അനാവൃമാക്കി പാല്‍ കൊടുത്ത്, അതിന്റെ
ആസ്വാദനത്തിൽ അവർ മയങ്ങിപ്പോയിരുന്നു. അന്നെനിയ്ക്ക് തോന്നിയത് ഒരു സ്ത്രീയോടുള്ള
വികാരമായിരുന്നില്ല. അമ്മയുടെ അസുഖം മൂലം
എനിക്ക് അകാലത്തിൽ നിഷേധിയ്ക്കപ്പെട്ട ആ
അമൃത് കിട്ടിയിരുന്നെങ്കിൽ എന്ന മോഹമായിരുന്നു.
ഇപ്പോൾ ന്യായമായും ഒരു
ചോദ്യം ഉന്നയിക്കാവുന്നതാണ്. ഇക്കഥയിൽ പലയിടങ്ങളിലും
കാണുന്ന ഞങ്ങൾ അല്ലെങ്കിൽ ഞാൻ
ആരാണെന്ന് ആ ചോദ്യം യുക്തവുമാണ്. സാധാരണ കഥയിൽ കാണാറുള്ള,
ഞാനും ഞങ്ങളും അക്കഥയിലെ വ്യക്തമായ
കഥാപാത്രങ്ങളായിരിയ്ക്കും. പക്ഷെ, ഇക്കഥയിൽ അവർ
കഥാപാത്രങ്ങളല്ല. കഥകൾ അറിയുന്നവർ മാത്രമായിരിയ്ക്കും.
ഈ ഞങ്ങളിലുള്ള ഒരു
ഞാൻ ആരാണെന്ന് പരിചയപ്പെടുത്താം; ഒരു ഉദാഹരണമെന്ന
നിലയിൽ, ഞാനൊരു വ്യക്തിയാണ്. മങ്കാവുടിയിലെ മണ്ണും
മണവും വിണ്ണും ഗുണവും ഉൾക്കൊണ്ട
ഒരു
മങ്കാവുടിക്കാരൻ.
അധികം പൊക്കമില്ല; അധികം വണ്ണമില്ല, വെളുത്ത
നിറമില്ല, ചിരിയ്ക്കുന്നൊരു മുഖമില്ല…………
എന്റെ കോളേജ് ജീവിത കാലത്ത് സഹപാഠിയായിരുന്ന,
സെറിൻ എന്ന പെണ്‍കുട്ടി കൂടെ
കൂടെ ചോദിയ്ക്കുമായിരുന്നു, ആഴ്ചയിൽ അഞ്ചു
പ്രാവശ്യമെങ്കിലും.
“വൈ ആർ യൂ ഗ്ലൂമി?”
അവളുടെ സ്ക്കുൾ ജിവിതം
ഒരു ഇംഗ്ലീഷ്മീഡിയം ബോർഡിംഗിൽ
ആയിരുന്നു. അവൾ വെളുത്ത സുന്ദരിയും ഒരു പറ്റം
ആരാധകരുള്ളവളുമായിരുന്നു.
പക്ഷെ, മങ്കാവുടിയിലെ, കൊണ്ടിപ്പാടത്തെ എന്റെ
സ്നേഹിതർ അങ്ങിനെയല്ല ചോദിച്ചിരുന്നത്.
“എന്നാടാ
ഒരു മൂഡില്ലാത്തെ ?” എന്നായിരുന്നു.
ആർക്കായാലും എന്റെ മറുപടി
ഒരുചിരി മാത്രമായിരിയ്ക്കും.
ഞാൻ ചിരിക്കുക എന്നുപറഞ്ഞാൽ ചുണ്ടുകൾ
അകന്ന് പല്ലുകൾ പുറത്ത്കാണിക്കുകമാത്രം ചെയ്യും. കവികൾ
പറയും പോലെ എന്റെ കണ്ണുകളിലേയ്ക്കോ കവിളുകളിലേയ്ക്കോ ചിരി ഒരിയ്ക്കലും പകർന്നു ചെല്ലാറില്ല.
അതെന്തുകൊണ്ടാണെന്നോ?
ഞാൻ കൊണ്ടിപ്പാടത്തുകാരനായതു കൊണ്ട്.
എന്താണീ കൊണ്ടിപ്പാടം എന്നായി
ചോദ്യം അല്ലേ? പറയാം. ഞാൻ പറഞ്ഞു തുടങ്ങിയത്
സതീശനെക്കുറിച്ച് എനിയ്ക്ക് അറിയാവുന്ന കാര്യങ്ങൾ
നിങ്ങളെ അറിയിക്കാനാണ്. പക്ഷെ, സംസാരിച്ച് വഴിതെറ്റിയിട്ടൊന്നുമില്ല. കാരണം നിങ്ങൾ ആദ്യം
കൊണ്ടിപ്പാടത്തെപ്പറ്റി അറിയണം.
കൊണ്ടിപ്പാടം ഇന്ന് മങ്കാവുടി നഗരസഭയുടെ
പരിധിയിലുള്ള ഒരു ദേശമാണ്. കിഴക്കൻ മങ്കാവുടിയും,
ശ്രീപുരവും കൂളൻ മലയും കുയിലൻ
കുന്നും
ഒക്കെ അതേ പോലുള്ള ഓരോ
ദേശങ്ങളാണ്. നഗരസഭയുടെ രേഖകളെ അധികരിച്ചു പറഞ്ഞാൽ വാർഡുകളാണ്.
ഈ മങ്കാവുടി വിട്ട് ഏതു മലയാളത്തു
കരയിലും
എത്തിയിട്ട് എന്നോട് ആരെന്നു
തെരക്കിയാൽ മങ്കാവുടിക്കാരനെന്നു പറയും. എന്നാൽ മങ്കാവുടിയിലാരെങ്കിലുമാണ് ചോദിക്കുന്നതെന്നാൽ
കൊണ്ടിപ്പാടത്തുകാരനെന്നാവും ഉത്തരം. പക്ഷെ, മങ്കാവുടിക്കാരനെന്നു പറയുന്ന സമയത്തുണ്ടാകുന്ന
ഹുങ്ക് കൊണ്ടിപ്പാടത്തുകാരനെന്നു പറയുമ്പോൾ കാണുകയില്ല. എന്തുകൊണ്ടെന്നല്ലെ.
കൊണ്ടിപ്പാടത്തിന് ആ പേരു വീണത്, കൊള്ളക്കാരുടെ തെരുവ് അല്ലെങ്കിൽ
വേശ്യകളുടെ തെരുവ് എന്ന അർത്ഥത്തിലാണോ
എന്നെനിക്കറിയില്ല. അല്ലെന്നാണ് എന്റെ പക്ഷം. കാരണം
ചരിത്രത്തിൽ ഈ രണ്ടു തെരുവുകളായുരുന്നതിന്
തെളിവുകളില്ല. എന്നാൽ ഇവിടെ കള്ളന്മാരും
വേശ്യകളും കുടി പാർത്തിട്ടുണ്ട്. അവരെത്തിയത്. മങ്കാവുടി നഗരസഭ
രൂപം കൊണ്ട് വികസിച്ചുകൊണ്ടിരുന്ന പ്പോൾ
പലയിടങ്ങളിൽ നിന്നെത്തി ചുളളിക്കാട്ടിൽ കൊള്ളാതെ
വന്നപ്പോൾ കൂളൻ മലയിലും കൊണ്ടിപ്പാടത്തും എത്തിപ്പെടുകയായിരുന്നു. നഗരം വീണ്ടും വികസിച്ചപ്പോൾ
അവരെ കൂടാതെ മറ്റു പലരും, പല ജാതി
യും മതവും നിറങ്ങളുമായിട്ടെത്തിച്ചേർന്നു.
ഇന്ന് ശ്രീപുരത്തും കൊള്ളാതെ
വന്നിട്ടുളള സംസ്ക്കാരസമ്പന്നരും ഇവിടേയ്ക്ക്
കുടിയേറിക്കൊണ്ടിരിയ്ക്കുന്നു. ഞാൻ സംസ്ക്കാരസമ്പരെന്ന്
പറഞ്ഞിരിയ്ക്കുന്നത് അത്യാവശ്യം വിദ്യാഭ്യാസം യോഗ്യതയുളളവരെയും സാമാന്യം
നല്ല സാമ്പത്തികശേഷിയുളളവരെയുമാണ്; അല്ലാതെ
ശാസ്ത്രീയ
വിശകലനത്തിലുള്ള സംസ്ക്കാരസമ്പന്നരെയല്ല.
കഥകളെന്തൊക്കെയാണെങ്കിലും മങ്കാവുടിയിൽ,
ചുളളിക്കാട്ടുകാരെന്നോ, കൂളൻ മലക്കാരെന്നോ, കൊണ്ടിപ്പാടത്തുകാരെന്നോപറഞ്ഞാൽ മൂന്നാംതരത്തിൽ അല്ലെങ്കിൽ
നാലാംതരത്തിൽ പെട്ട പൌരന്മാരെന്ന അർത്ഥത്തിലാണ്
മറ്റുളളവർ കാണുന്നത്. അതുകൊണ്ടെനിക്ക്
കൊണ്ടിപ്പാടത്തുകാരനെന്നു പറയാൻ മടിയായിരുന്നു.
കഴിയുമെങ്കിൽ, ചോദ്യ കർത്താവിനെന്നെ
ശരിയ്ക്കുമറിയില്ലെങ്കിൽ ശ്രീപുരത്തുകാരനെന്നേ
പറയുകയുള്ളൂ.
ഇനിയും സതീശനെക്കുറിച്ച് ഞാൻ കേട്ടിട്ടുളള
കഥയിലേയ്ക്ക് വരാം.
നാൽപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു മങ്കാവുടി പകുതി കച്ചേരിയിൽ മാസപ്പടിയായിട്ട്
തെക്കു നിന്ന് കേശുക്കുറുപ്പ് എത്തിയത്. മങ്കാവുടിക്ക് തെക്കുള്ള ചെറുപട്ടണത്തിൽ നിന്നും ദിവസത്തിൽ നാലുനേരം ബസ്സ് വരാറുണ്ടായിരുന്നു.
അത്
ഫോർഡ് കമ്പനിക്കാരുടെ വണ്ടിയായിരുന്നു. മുമ്പോട്ടു മൂക്കുപ്പോലെ നീണ്ടു നില്‍ക്കുന്ന ബോണറ്റുമായിട്ട്.
കേശുക്കുറുപ്പ്, ബസ്സ്റ്റാന്റിൽ ഇറങ്ങുമ്പോഴോ
അതിനുശേഷം അയാൾ മരിക്കും വരെയോ
അയാളോട് ആരും എന്നാവകയിലെ കുറപ്പാണെന്ന്
ചോദിച്ചില്ല. അയാൾ പറഞ്ഞുമില്ല. മരിക്കും
വരെ
അയാളൊരു കേശുക്കുറുപ്പായിട്ട് ജീവിച്ചു എന്നത് അയാളുടെ
ആത്മകഥ. അന്ന് അയാൾ ബസ്സ് ഇറങ്ങുമ്പോൾ സാധനങ്ങൾ
പൊതിഞ്ഞ് പിടിച്ചിരുന്നത് തുണിസഞ്ചിയിലായിരുന്നു. അയാൾ ഓഫീസിലെത്തുമ്പോൾ, കച്ചേരിയിൽ മറ്റു
രണ്ടാളുകൾ കൂടി ഉണ്ടായിരുന്ന ജോലിക്കാരായിട്ട്.
ദാമോദരൻ നായരെന്ന ഓഫീസറും വേലായുധൻ പിളളയെന്ന ഗുമസ്ഥനും.
ആറുമാസക്കാലം കേശുക്കുറുപ്പ് ഉറങ്ങിയത് പകുതികച്ചേരിയുടെ ഒറ്റമുറി ഓഫീസിൽ തന്നെയാണ്. പകൽ സമയത്ത് ഓഫീസറുടെയും ഗുമസ്ഥന്റേയും
എഴുത്തുമേശകൾ രാത്രിയിൽ കേശുക്കുറുപ്പിന്റെ കട്ടിലായി
പരിണമിച്ചിരുന്നു. അയാളുടെ ഭവ്യതയും നയചാതുരിയും
ഓഫീസറെ രസിപ്പിയ്ക്കുകയും കൂടി
ചെയ്തപ്പോൾ താമസ്സത്തിന് വിഘ്ന വുണ്ടായില്ല.
പക്ഷെ, അംബിക, ഹോട്ടലിനെ ആശ്രയിച്ചുള്ള
ആഹാരക്രമീകരണങ്ങൾ അയാളെ തളർത്തിക്കളഞ്ഞു. ആരോഗ്യപരമായും സാമ്പത്തീകമായും. അതിനൊരു മുട്ടുയുക്തിയേ അയാൾ കണ്ടുള്ളു. ഭാര്യ ഭാനുവിനെ മങ്കാവുടിയിലെത്തിയ്ക്കുക. വരാനും എത്തിയ്ക്കാനും
കഴിയുന്ന കാര്യമാണ്. പക്ഷെ, ഒത്തുള്ളൊരു
താമസ്സം
അയാളുടെ ബോധത്തിലൊരു ചോദ്യച്ഛിന്നമായി,
പിന്നെ ആചോദ്യ ഛിന്നം തന്നെ
ഒരു വേദനയായി മാസങ്ങൾ കിടന്നിഴഞ്ഞു.
അയാളുടെ മുഖത്ത് വീണ്ടും അസ്വസ്ഥതയുടെ
വരകൾ ഏറുകയും പിറുപിറുപ്പുകൾ കൂടുകയും
ചെയ്തപ്പോൾ ഓഫീസർ ദാമോദരൻ നായർ
ഉപാധികണ്ടെത്തുകയായിരുന്നു. പകുതി കച്ചേരിയുടെ
അധികാരപരിധിയിൽ
വാഴുന്ന ഏറ്റവും വലിയ ഭൂവുടമയായ
കണ്ടത്തിൽ കുഞ്ഞിതൊമ്മൻ മുതലാളിയെ
കണ്ട് സങ്കടം ബോധിപ്പിയ്ക്കുകയെന്നത്. സങ്കട ഹർജിയുമായിട്ട്
ദാമോദരൻ നായർ കേശുക്കുറുപ്പിനെ മാത്രം
പറഞ്ഞുവിട്ടില്ല. ഗുമസ്ഥൻ വേലായുധൻ പിള്ളയെ
കൂട്ടിവിട്ടു അവതരണത്തിനുള്ള നാലഞ്ചു
പഠനക്ലാസ്സുകൾ കൊടുക്കുകയും ചെയ്തിരുന്ന
ഓഫീസർ.
ഹർജി അംഗീകരിയ്ക്കപ്പെട്ടു, കുഞ്ഞിതൊമ്മൻ മുതലാളി
വക വലിയപാടമെന്ന പാഠശേഖരത്തിന്റെ മറുകരയിലുള്ള പുരയിടത്തിൽ കൂരകെട്ടി
പാർക്കുവാനുള്ള അനുമതിയും കിട്ടി.
അനുമതിയുടെ കൂടെ തൂണിനും കഴുക്കോലിലും
വാരിയ്ക്കുമായിട്ട് പ്രായപൂർത്തിയായ കുറെ
കമുകുകളും, മേച്ചിലായിട്ട്, കന്നിനും കാളക്കും തീറ്റയായിട്ട്
നനയാതെ സുക്ഷിച്ചിരുന്ന കുറെ
വൈക്കോലും കിട്ടി, മൂന്നുനാലു സഹായികളും. കൂരകെട്ടിമേഞ്ഞ് തെങ്ങോല
മെടഞ്ഞ് മറയാക്കി ഭാര്യയുമൊത്ത് പാർപ്പും തുടങ്ങി.
കേശുകുറുപ്പിന്റെ കുടുംബം രണ്ടു പേരെക്കൊണ്ട്
തീരുന്നതായിരുന്നില്ല. അച്ഛനും അമ്മയും സഹോദരങ്ങളും
കുടിയുള്ളതായിരുന്നു. അവരെല്ലാവരും കൂടി
മങ്കാവുടിയിലെത്തിയപ്പോൾ കേശുക്കുറുപ്പിന്റെ കൂര നാലുപാടും
വികസിച്ചു. ചുറ്റും വരാന്തകെട്ടി മറയ്ക്കുകയും കൂടാതൊരു
ചാവടിക്കൂട്ടിച്ചേർക്കുകയും ചെയ്തു.
പക്ഷെ, ഈവികസനം കുഞ്ഞിത്തൊമ്മൻ മുതലാളിയെ
അസ്വസ്ഥനാക്കി. സൂചി കടന്നുപോകാനുള്ള ഒരു
തുളയായിരുന്നു. കേശുക്കുറുപ്പ് അതുവഴി തൂമ്പകൈ
തന്നെ കടത്തിയിരിക്കുന്നു.
നാടാകെ പുതിയ പുതിയ
അവകാശങ്ങൾ നേടാനായിട്ട് നിയമങ്ങൾ ഉണ്ടാക്കുകയും,
നിയമങ്ങൾ നടപ്പിലായികിട്ടാനായി സമരമുറകൾ
പുതുതായി ആവിഷ്ക്കരിയ്ക്കപ്പെടുകയും ചെയ്തിരുന്ന കാലഘട്ടം.
കുഞ്ഞിത്തൊമ്മൻ മുതലാളി അസ്വസ്ഥതപ്പെട്ടതിനെ കുറ്റപ്പെടുത്താനോ,
സ്വാർത്ഥതയെന്ന് പറഞ്ഞിട്ടോ
കാര്യമില്ല.
ഉടമ്പടിയുമായിട്ടെത്തിയതോ, ഓഫീസർ ദാമോദരൻ
നായരും ഗുമസ്ഥൻ വേലായുധൻ
പിള്ളയും
തന്നെ. ഒത്തുതീർപ്പായി, കേശുക്കുറുപ്പിന്റെ അച്ഛന് നാട്ടിലുള്ള
ഒരു തുണ്ട്
കിടപ്പിടം വിറ്റുകിട്ടുന്ന പണവും
കേശുക്കുറുപ്പിന് ആറുമാസം കിട്ടുന്ന ശമ്പളവും
കൊടുത്ത് പാർക്കുന്ന കൂരയും ചുറ്റുവട്ടത്തുള്ള പത്ത് സെന്റ് സ്ഥലവും
മറച്ചുകെട്ടിയെടുക്കാം, ഒരു ചെറിയ
ഒഴുകുറിയുണ്ട്, ആറുമാസത്തെ ശമ്പളം രണ്ടുകൊല്ലം കൊണ്ട് കൊടുത്തുതീർത്താൽ മതി എന്നത്.
പക്ഷെ, കേശുകുറുപ്പിന്റെ സാമ്പത്തീകസന്തുലിതാവസ്ഥ തകരുന്നത് അവിടം മുതലാണ്. സർക്കാരുവകയായി ലഭിക്കുന്ന
വരുമാനംകൊണ്ട് ബൃഹത്തായൊരു കുടുംബം
പുലർത്താൻ കഴിയാതെവന്നു. അതിനൊരു പ്രതിവിധിയെന്നോണം, അല്ലെങ്കിലൊരു താങ്ങു പോലെയാണ്
കേശുക്കുറുപ്പിന്റെ അച്ഛൻ വേലുക്കുറുപ്പ്, വേലു ആശാനായത്.
ചാവടിയിൽ നിന്ന് അലവലാതി സാധനങ്ങളൊക്കെ
നീക്കി അമ്മിക്കല്ലുരച്ച് തറ നന്നേ മിനുസമാക്കി,
കണ്ണാടി മിനുങ്ങും പോലെ ചാണകം
മെഴുകി ഉണക്കി……..
കേശുക്കുറുപ്പിന്റെ അമ്മ കുട്ടിപ്പായകൾ
നെയ്തുണ്ടാക്കി, ആ പായകൾ ചാവടിയിൽ
നിരത്തി, പായയ്ക്ക് മുന്നിൽ മങ്കാവുടി പുഴയിൽ നിന്നും വാരി
അരിച്ചെടുത്ത പഞ്ചസാര മണൽ നിരത്തി, ആ മണലിൽ
അക്ഷരങ്ങൾ വിരിഞ്ഞു.
അക്ഷരങ്ങൾ വിരിയിച്ച വിരലുകൾ
കുഞ്ഞിത്തൊമ്മൻ മുതലാളിയുടെയും പുത്തൻകൂറ്റെ
അന്തോണി മുതലാളിയുടെയും നാട്ടുപ്രമാണി
കൃഷ്ണൻ നായരുടെയുംമൊക്കെ ചെറുമക്കളൂടേതായിരുന്നു.
മങ്കാവുടി മക്കളുടെ മനസ്സുകളിൽ വേലു
ആശാൻ ക്ഷരമില്ലാത്തവനായി, സങ്കലനങ്ങളും പെരുക്കങ്ങളുമായി പടർന്നു കയറി…….
വേലു ആശാനൊരു നിയോഗമാണെന്നാണ് മങ്കാവുടിക്കാർ പറയുന്നത്.
പക്ഷെ, കേശുക്കുറുപ്പിന് രണ്ടുമൂന്നു മക്കൾ
പിറക്കുകയും അനുജൻ സുകുമാരൻ വിവാഹം
കഴിയ്ക്കുകയും ചെയ്തപ്പോൾ വീണ്ടും അന്തിയുറക്കം
ഒരു പ്രശ്നമായി പരിണമിച്ചു. അതിനുള്ള പ്രതിവിധിയായിട്ടാണ്
സുകുമാരൻ
തന്റെ ആഹാരത്തൊഴിലായ തയ്യൽ
യന്ത്രവുമായിട്ട് കൊണ്ടിപ്പാടത്തേയ്ക്ക് കുടിയേറിയത്.
@@@@@