അദ്ധ്യായം പന്ത്രണ്ട്‌

വളരെ ഇരുണ്ട ഒരു
രാത്രിയായിരുന്നു.  ഹോസ്പിറ്റൽ പേവാർഡിലെ
മുറിയിൽ,
അവൾക്ക് ബോധം തെളിഞ്ഞ് വരുന്നതേയുള്ളു.

കിടക്കയ്ക്ക്‌
ഉരുവശത്തുമായിട്ട്‌ ഗുരു, ജോസഫ്‌, അബു,
രാമൻ……..

അവളുടെ അര്‍ജ്ജുനന്‍ മാത്രം
എത്തിയില്ല. വിശു.

പ്രവിശ്യ, പാര്‍ട്ടിനേതാവ്‌ ഗുരുവാണെങ്കിലും, പ്രശസ്തനും,പ്രവിശ്യയുടെ ഭരണയന്ത്രത്തിന്‌ തലവേദനയായതും, നീതിപാലകര്‍
തിരയുന്നതും വിശുവിനെ ആയിരുന്നു.

അവനെതിരെ പല കേസുകളും ചാര്‍ത്തപ്പെട്ട
അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്നു, പോലീസ്‌
തെരഞ്ഞുകൊണ്ടിരിയ്ക്കുന്നു.

അതിനാല്‍ അവന്‍
വേഷപ്രച്ഛന്നനായി രാവുകളില്‍ സഞ്ചരിക്കുന്നു.

അരണ്ട വെളിച്ചംപോലെ ബോധം
തെളിഞ്ഞുവരുന്നു.

അവള്‍ ചുറ്റും നോക്കി.

“വിശു”

പിറുപിറുത്തു.

“അവന്‍ എത്തും. കൃഷ്ണ
വിശ്രമിയ്ക്കു. അവനെ അറിയിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്……”

“എവിടെയാണ്”

ആന്റണിയുടെ ഷെൽട്ടറിൽ…”

“എനിക്ക് കാണണം…”

കൃഷ്ണയുടെ കണ്ണുകള്‍
നിറഞ്ഞുവന്നു. അവളുടെ കൈ മടി

വില്‍ എടുത്തുവച്ച്‌ സാവധാനം
തടവി ഗുരു.

ഗുരുവിന്റെ സാന്ത്വനത്തില്‍
അവള്‍ വീണ്ടും മയങ്ങി തുടങ്ങിയപ്പോഴാണ്‌ വിശുവെത്തിയത്‌.

വര്‍ണ്ണശബളമായ വേഷത്തില്‍
കറുത്ത കണ്ണട വച്ചു കഴിഞ്ഞപ്പോള്‍ വിശുവിനെ വേഗം തിരിച്ചറിയില്ല.

അവനോടൊത്ത്‌ വന്നവര്‍ വാതില്‍ക്കല്‍
കാവല്‍നിന്നു.

മുറിയില്‍ കയറി വിശു
വാതിലടച്ചു.

“ഗുരു എന്തായിത്‌? “

വിഹ്വലമായ അവന്റെ മുഖം.

അവൻ കട്ടിലിന്നരുകിൽ, അവളുടെ തലയ്ക്കൽ…… അവളുടെ കവിളിൽ വിരൽ ചേർത്തു…. മെല്ലെ തടവി…..

അവൾ കണ്ണു തുറന്നു.

“വിശൂ……”

“എന്തേ കൃഷ്ണേ ?”

“ക്ഷമിയ്ക്കൂ…. ഞാന്‍
ചെയ്തത്‌ തെറ്റാണെങ്കില്‍…”

അവന്റെ ക്ഷമ
നശിച്ചുകൊണ്ടിരുന്നു.

“എന്താണ്‌ ആരും ഒന്നും
മിണ്ടാത്തത്‌ ?”

ഗുരു ശാന്തമായ സ്വരത്തില്‍
പറഞ്ഞു.

“വിശു സമാധാനമായിരിക്കണം.
തെറ്റ്‌ ആരുടേതാണെന്നൊന്നും പറയാനാവില്ല. സാഹചര്യമാണെല്ലാം. ഈ വിപത്ത്‌ നമ്മുടെ
എല്ലാവരുടേതുമാണെന്ന്‌ കരുതി സമാധാനിക്കണം”.

“ഗുരു”

അവന്റെ മുഖത്തെ ഭാവംകണ്ട്‌
എല്ലാവരും തളര്‍ന്നുപോയി. ഗുരു പോലും നിസ്സഹായനായി.

“അബോർഷൻ വേണ്ടി വന്നു.”

“ആര്…. ഏതു നായിന്റെ
മോനാണ്…..?’

അവന്‍ വിറച്ചുനിന്നു.

പൈശാചികമായ മുഖം കണ്ട്‌
ഗുരുവിന്റെ ഹൃദയംപോല

സ്തംഭിച്ചതായി തോന്നി.

“വിശു, പ്ലീസ്‌…………… ആരെന്ന്‌ ചോദിക്കരുത്‌…….”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും
അവള്‍ക്ക്‌ മരിച്ചിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹം തോന്നി.

കണ്ണുകള്‍ ഇറുക്കി അടച്ചു
കിടന്നു.

“ബാസ്റ്റാര്‍ഡ്സ്‌…….”

ചെന്നായെപ്പോലെ ചീറിക്കൊണ്ട്‌
അവന്‍ പുറത്തേയ്ക്ക്‌ പോകുമ്പോള്‍ ആര്‍ക്കും അവനെ നോക്കാന്‍കൂടി കഴിഞ്ഞില്ല.

പിന്നീട്‌ അവനെ കണ്ടിട്ടില്ല.
|

എപ്പോള്‍ കൃഷ്ണ
ഏകയായിരിക്കുമ്പോഴും മനസ്സിലേയ്ക്ക്‌ ഓടിയെത്തുന്നത്‌ ഒരൊറ്റ മുഖമാണ്‌, വിശുവിന്റെ. പക്ഷെ, അവള്‍ ആഗഹിച്ചതുപോലെ അവൻ മാത്രം
അവളുടെ ജീവിതത്തിലേയ്ക്ക്‌ കടന്നു വന്നില്ല.

അവളുടെ വാതില്‍ക്കല്‍
മുട്ടിയില്ല.

അവള്‍ക്കതില്‍ ദു.ഖമുണ്ടോ ?

ചിലപ്പോള്‍ മാത്രം കൃഷ്ണ
അത്രടംവരെ ചിന്തിക്കാറുണ്ട്‌.

ഒരിയ്ക്കല്‍,

ഒരിയ്ക്കല്‍ മാത്രം ഉത്തരവും
കണ്ടെത്തി.

ഉണ്ട്‌.

ആ ഉത്തരം കിട്ടിക്കഴിഞ്ഞ്‌
ചില രാവുകളില്‍,

പത്രമോഫീസിലെ ജോലി
കഴിഞ്ഞെത്തി മേല്‍ കഴുകി കിടക്കവെ, കിടന്ന്‌ കഴിഞ്ഞ്‌,
ഉറക്കം കിട്ടുന്നതുവരെ ഉള്ള സമയത്ത്‌……

കണ്ണീർ വാർത്ത്……

അവനോടൊത്ത്‌ ഒരു സുഖമായ
ജീവിതം.

രണ്ടുപേരും ഡോക്ടര്‍മാരായിട്ട്‌.

നോ….നോ….

പാടില്ല………… ഇനിയും
സ്വപനങ്ങള്‍ പാടില്ല.

വിപ്ലവത്തിന്റെ തീജ്വാലകള്‍
അംബരചുംബികളായിക്കൊണ്ടിക്കെ, യുദ്ധക്കളത്തിലെ യോദ്ധാവിന്‌
മൂര്‍ച്ചയുള്ള ആയുധങ്ങളും, മനസ്ഥൈര്യവും
എത്തിച്ചുകൊടുക്കേണ്ട കുലശ്രേഷ്ഠയായ വനിത സ്വപ്നംകണ്ട്‌ മയങ്ങാന്‍ പാടില്ല.

മധുരസ്വപ്നങ്ങള്‍ നുണയാന്‍
പാടില്ല.

അവള്‍ കടുത്ത രസങ്ങള്‍
കഴിച്ച്‌,
വികാരങ്ങളെ നിയന്ത്രിച്ച്‌, ഉറമൊഴിഞ്ഞ്‌
കാത്തിരിക്കണം.

കൃഷ്ണ എഴുതി.

സിദ്ധാര്‍ത്ഥന്റെ റിപ്പോര്‍ട്ടുകളില്‍നിന്നും
ആശയമുള്‍ക്കൊണ്ട്,

യൌവ്വനാരംഭത്തിൽ മറിയയേയും
കൂട്ടി ഓസേഫ്‌ മലയോരത്ത്‌ എത്തിയതാണ്….

കഴിയുംപോലെ സര്‍ക്കാര്‍ വനം
കയ്യേറി,
കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിചെയ്തു. കൃഷിയിടങ്ങളുടെ നടുവില്‍
വെട്ടികിട്ടിയ മരങ്ങളാല്‍ വീടുവച്ച്‌ കരിമ്പനയോലയാല്‍ മേല്‍ക്കൂര മേഞ്ഞ്‌, അതിനുള്ളില്‍ നാട്ടില്‍ കഴിയുന്ന അപ്പനമ്മമാരെ, സഹോദരങ്ങളെ
മറന്ന്, നാടു മറന്ന് ജീവിച്ചു.പകലന്തിയോളം പണിയെടുത്തു.മറിയ
ഉണ്ടാക്കുന്ന ആഹാരം രുചിയോടെ ഭക്ഷിച്ചു. മറിയയോടൊത്തു ഉറങ്ങി.

ഔസേഫിന്‌ ആകെ ഉണ്ടായിരുന്ന
ഒരേയൊരു സന്തോഷവും സമാധാനവും മറിയ ആയിരുന്നു, മറിയക്ക് ഔസേഫും.

രാത്രികളില്‍, കാട്ടാനകളും മറ്റ്‌ കാട്ടുമൃഗങ്ങളും കൂടിലിനടുത്തു കൂടി മരണവിളിയെടുത്തു
നടന്നിട്ടുണ്ട്‌. കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്‌. പക്ഷെ തോറ്റ്‌
നാട്ടിലേക്കോടിയില്ല.

എല്ലാം തൃണവല്‍ഗണിച്ച്‌, വട്ടമുഖവും കൊച്ചു കണ്ണുകളുമുള്ള മറിയ, ഔസേഫിന്‌
വര്‍ഷത്തില്‍ ചൂടും, വേനല്‍ക്കാലത്തില്‍ തണുപ്പും നല്‍കി.

ഔസേഫ്‌ മറിയത്തിനും.

ഭയം ഏറുമ്പോള്‍ അവള്‍ കര്‍ത്താവിനെ
വിളിച്ചു.

ഈ മണ്ണിന്റെ, ഈ ജീവജാലങ്ങളുടെയെല്ലാം ഒടയോന്‍ കര്‍ത്താവല്ലെ.ആ കര്‍ത്താവിന്റെ ഇടത്തില്‍
എവിടെയും പാര്‍ക്കാൻ ഏതു പാറ്റയ്ക്കും പുഴുവിനുംവരെ അവകാശമില്ലേ………..പിന്നെ
എങ്ങോട്ടു പോകാന്‍ ?

ഔസേഫ്‌ മനസ്സില്‍
വിചാരിക്കും.

ആ അറിവ് മറിയത്തിനും പകര്‍ന്നുകൊടുക്കും.
അപ്പോള്‍

ളുടെ ഭയങ്ങള്‍ അകലും. ഭയം
മറന്ന്‌ അവള്‍ ഔസേഫില്‍ ഇഴുകിച്ചേരും. ഇഴുകിച്ചേര്‍ന്ന്‌ ഉണര്‍ന്നു കഴിയുമ്പോള്‍
രാവിന്റെ എല്ലാ ഭീകരതകളും അകന്ന്‌ കിഴക്ക്‌ മലകള്‍ക്ക് അപ്പുറത്തു നിന്നും. കടലുകൾക്കും
അപ്പുറത്തുനിന്നും, അവര്‍ക്ക്‌ ധൈര്യവുമായി പകലിന്റെ
രാജാവ്‌ എഴുന്നള്ളും

ഔസേഫും മറിയയും
മാത്രമായിരുന്നില്ല.

ജോണും ഏലിയും.

പരമേശ്വരനും, പാര്‍വ്വതിയും.

മറ്റു പലരും.

അവിടെ ഒരു ഗ്രാമം രൂപം
കൊള്ളുകയായിരുന്നു.

അവര്‍ക്കുവേണ്ടി
പലവ്യഞ്ജനക്കടയും ചായക്കടയും ഉണ്ടയി. സാമാനങ്ങള്‍ അടുത്ത ഗ്രാമത്തില്‍ നിന്നെത്തിക്കാന്‍
കാളവണ്ടിയുമായി…..  കാളവണ്ടികളായി…..കാളവണ്ടികളിൽ അടുത്ത പട്ടണവുമായി അവർ ബന്ധപ്പെട്ടു. അവിടെ ഒരു
സമൂഹമുണ്ടായി.

സമൂഹത്തിന്റെ ചിട്ടകളുണ്ടായി.

ജാതി മറന്ന്‌, മതം മറന്ന്‌, സഹകരണത്തിന്റെ, സഹായത്തിന്റെ, ഒത്തൊരുമയുടെ ഒരു ജീവിത വീക്ഷണമുണ്ടായി. പക്ഷെ, അവര്‍ക്കുണ്ടായ
കുട്ടികളെ പഠിപ്പിക്കാന്‍ അവരാലായില്ല. അവര്‍ക്കറിയാമായിരുന്നത്‌ കൃഷിയിറക്കാനും,
വിളകൊയ്യാനും ചന്തയില്‍ കൊണ്ടുപോയി വിറ്റ്‌ മറ്റ്‌ ആഹാരസാധനങ്ങള്‍
സംഘടിപ്പിക്കാനും ആഹാരം കഴിയ്ക്കാനും, ഇണചേരാനും, ഉറങ്ങാനുമായിരുന്നു.

ആ ദു:ഖം കടുത്ത ഒരു വേദനയായി
ഗ്രാമത്തിന്റെ ഹൃദയ

വിമ്മിട്ടമായി തങ്ങിനിന്നു.

അങ്ങനെ കഴിയവെ,

ഒരുനാള്‍,

എവിടെനിന്നോ അയാള്‍
ഗ്രാമത്തിലെത്തി.

ചടച്ച്‌ തീക്ഷ്ണമായ കണ്ണുകളും
നീണ്ട്‌ കൈകാലുകളും

അയാളെ മറ്റുള്ളവരില്‍നിന്നും
ഒറ്റപ്പെടുത്തി.അയാളുടെ കൈകളിൽ തൂമ്പ പിടിച്ച തഴമ്പില്ലായിരുന്നു. കാലുകളിൽ
തൂമ്പകൊണ്ട് മുറിഞ്ഞുണങ്ങിയ പാടുകളില്ലായിരുന്നു. തോളത്ത് തൂങ്ങിയ സഞ്ചിയിൽ കുറെ
പത്രങ്ങൾ,
ലഘുലേഖകൾ, കത്തുകൾ…..

ദിവസങ്ങളോളം അയാള്‍
ഗ്രാമത്തിലെ ചായപ്പീടികയുടെ തിണ്ണയിൽ പട്ടിണി കിടന്നു, പക്ഷെ യാചിച്ചില്ല.

ഗ്രാമത്തിലെ എല്ലാവരുംതന്നെ
അയാളെ ശ്രദ്ധിക്കുന്നുണ്ടായിന്നു. പക്ഷെ ഒരക്ഷരം മിണ്ടിയില്ല.

ഒരു സന്ധ്യയ്ക്ക്‌ സ്വയം
വാറ്റിയ ചാരായത്തിന്റെ ലഹരി മൂത്ത കണ്ടച്ചോന്‍ അയാളോട്‌ തെരക്കി.

“താനാരാ, എന്തിനാ ഇവിടെ വന്നു കിടക്കുന്നത്‌ ? ഇവടെക്കെടന്ന്
ചത്താല്‍ ഞങ്ങള്‍ക്ക്‌ ശല്യമാകൂമല്ലോ?”

അയാള്‍ മിണ്ടിയില്ല.

തളര്‍ന്ന്‌, കടയുടെ ഭിത്തിയില്‍ ചാരിയിരുന്നു പരിക്ഷീണിതനായ് അയാള്‍ക്ക്‌ ഒന്നും
പറയാന്‍ കഴിഞ്ഞിരുന്നില്ല.

“ ചോതിച്ചതു കേട്ടില്ലെടാ ?”

ഗ്രാമക്കാര്‍ ചുറ്റും കൂടി.

കണ്ടന്‍ചോന്‍ അയാളുടെ തലയില്‍
ശക്തിയായി കൂലുക്കിയപ്പോൾ അയാള്‍ കണ്ണുകള്‍ തുറന്നു. ചുവന്ന്‌ ചോരച്ച്‌ തീക്ഷ്ണമായ
കണ്ണുകള്‍ക്ക്‌ മുന്നില്‍ ഗ്രാമക്കാര്‍

പതറി നിന്നു.

“ഞാനും ഈ നാടിന്റെ അവകാശിയാണ്‌…..”

അയാളുടെ സ്വരം കനത്തതും
സ്പഷ്ടവുമായിരുന്നു.

“ഭാ!….. ഒരവകാശി….”

കണ്ടന്‍ചോന്‍ ആട്ടി ത്തുപ്പി.

ഗ്രാമക്കാര്‍ കണ്ടുനിന്നു.

സവധാനം അയാള്‍ എഴുന്നേറ്റു
നിന്നു. മെലിഞ്ഞുനീണ്ട അയാളുടെ വലതുകരം ശക്തിയായി കുണ്ടന്‍ചോന്റെ കരണത്തൂ പതിച്ചു.

ആ ശക്തിയില്‍ കണ്ടന്‍ചോന്‍
നിലത്തുവീണു.

ഗ്രാമക്കാര്‍ നിശബ്ദരായി
നിന്നു.

കൂടണയുന്ന പക്ഷികളുടെ ആരവം
കേള്‍ക്കാറായി. പുഴയില്‍ വെള്ളം ഇരമ്പിയൊഴുകുന്ന ശബ്ദം കേള്‍ക്കാറായി.

ഒരു നിമിഷം,

കണ്ടന്‍ചോന്‍ എഴുന്നേല്‍ക്കുന്നതവര്‍
കണ്ടു. മദ്യത്തില്‍ കുതിര്‍ന്ന ചിരി കേട്ടു. അയാള്‍ അപരിചിതന്റെ തോളില്‍ കയ്യിട്ട്‌
പീടികയില്‍ കയറി, ചായക്കടയില്‍നിന്നും അയാള്‍ക്ക്‌
കഴിയ്ക്കാവുന്നത്ര ആഹാരം വാങ്ങിക്കൊടുത്തു. അയാളും ഗാമത്തിലൊരുവനാകുന്നത്‌
എല്ലാവരും നോക്കി നിന്നു.

@@@@@@
പരിദേവനങ്ങളും സ്മാര്‍ത്ത വിചാരവും

പലരും സതീശനെ അന്വേഷിച്ചു
തുടങ്ങിയപ്പോഴാണ്‌ അവൻ സ്ഥലത്തില്ലെന്ന്‌ എല്ലാവരും അറിയുന്നത്‌.
വീട്ടുകാരറിയാതെ, നാട്ടുകാരറിയാതെ, ആർക്കും
വേണ്ടിയല്ലാതെ
ഒരു ദിവസം മുഴുവൻ വാർഡിൽ
നിന്നും
വിട്ടു നിന്നപ്പോഴാണ്‌ അന്വേഷിയ്ക്കേണ്ടി വന്നത്‌. ആർക്കും
അറിയില്ലെങ്കിലും പീറ്ററിന്‌ അറിയില്ലെന്ന്‌ പറഞ്ഞ്‌ ഒഴിയാൻ കഴിയില്ലല്ലോ!
സഹകരണ പാർട്ടിയുടെ പിന്തുണയോടുകൂടി സതീശൻ
നഗരസഭയുടെ അദ്ധ്യക്ഷനായി സത്യപ്രതിജ്ഞ
ചെയ്യുവാൻ ഇനിയും നാളുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു.

ആദ്യം സംയുക്ത
കക്ഷിയുടെ
പിന്തുണയോടുകൂടി ചെയർമാനാകുമെന്നാണ്‌ കേട്ടിരുന്നത്‌. പിന്നീട്‌ കാറ്റ്‌ മാറി വീശുകയായിരുന്നു.
കാറ്റിനെ മാറ്റിയത്‌ പീറ്ററാണെന്ന്‌ നാടാകെ പരന്നു. അതിന്‌ ശേഷം
പീറ്ററിന്റെ നടത്തയ്ക്ക്‌ കുറച്ചുകൂടി തലയെടുപ്പ്‌
കണ്ടിരുന്നു. നെഞ്ച്‌ കുറച്ചുകൂടി മുന്നോട്ടു
തള്ളി പിടിച്ചിരുന്നു.

അതിനിടയ്ക്ക്‌ ലേശം വാക്കു തർക്കങ്ങളും കയ്യേറ്റങ്ങളും നടക്കാതിരുന്നില്ല. വിമോചക മുന്നണിക്കാർ, സതീശൻ മങ്കാവുടിയിൽ
ജനിച്ചു വളർന്നതാണെന്നും മങ്കാവുടി
വിമോചനത്തിനു വേണ്ടി അവതരിച്ച ദിവ്യനാണെന്നുമുള്ള അവകാശവാദവുമായിട്ട്‌
രംഗത്തെത്തുകയും പീറ്ററുമായിട്ട്‌ ഏറ്റുമുട്ടലിന്‌ ശ്രമിയ്ക്കുകയും ചെയ്തതിന്റെ
പേരിൽ സഹകരണ പാർട്ടിവക ചുമട്ടുതൊഴിലാളികൾ ആണ്‌
കയ്യും കലാശവും ഉപയോഗിച്ചത്‌. അത്‌ അവിടം കൊണ്ട്‌ അവസാനിച്ചു. കാരണം,
വടക്കൻ മലയാളത്തുകാരെപ്പോലെ ചോരയിൽ
അങ്കക്കലിയും കോഴിപ്പോരും ഇല്ലാതിരുന്നതാണ്‌.
നാലഞ്ചുനാൾ രക്തസാക്ഷികളെ പ്രതീക്ഷിച്ച്‌,
മങ്കാവുടിക്കടുത്ത നാട്ടുകാർ ടീ.വി വാർത്തകൾ ശ്രദ്ധിയ്ക്കുകയും പത്രങ്ങളിൽ ചുഴിഞ്ഞു നോക്കിയതും മിച്ചം.

പീറ്ററിന്‌ പോലും അറിയില്ലെന്ന്‌
വന്നപ്പോഴാണ്‌ വാർഡാകെ, പിന്നീട്‌ മങ്കാവുടിയാകെ സംശയങ്ങളെ കൊണ്ടും ചോദ്യങ്ങളെ കൊണ്ടും നിറഞ്ഞത്‌. സംശയങ്ങൾക്ക് നിവാരണങ്ങളോ
ചോദ്യങ്ങൾക്ക് ഉത്തരങ്ങളോ എവിടെ നിന്നും ലഭിയാക്കാതെ
മണിക്കൂറുകൾ കഴിഞ്ഞു പോയി. ആരോ ഒരാള്‍ പറഞ്ഞു
സതീശന്റെ കട താഴിട്ട്‌ പൂട്ടിയിട്ടുണ്ടോ
എന്നു നോക്കാൻ. ഇല്ലെന്നു
കണ്ടപ്പോൾ ഷട്ടർ ഉയർത്തി നോക്കുകയായിരുന്നു.

സതീശൻ ഫാനിൽ, പ്ലാസ്റ്റിക്ക്‌ ചരടിൽ തൂങ്ങി…….

പോസ്റ്റുമോർട്ടം റിപ്പോർട്ട്
ചരടിൽ തൂങ്ങി ശ്വാസം മുട്ടിത്തന്നെയാണ്‌
മരിച്ചതെന്ന്‌ സ്ഥിരീകരിച്ചു. ശരീരത്തിന്‌ മറ്റു ചതവുകളോ, മുറിവുകളോ, ഒന്നുമില്ലെന്നും,
വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണമില്ലെന്നും നോട്ടു ചെയ്യപ്പെട്ട്‌ വിദഗ്ധ പരീക്ഷണങ്ങൾക്കായിട്ട്‌
ആന്തരാവയവങ്ങൾ നീക്കി
ശരീരം മറവു ചെയ്യുന്നതിനായിട്ട്‌ ബന്ധുക്കൾക്ക് വിട്ടു
കിട്ടി.

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത്‌
പീറ്റർ മാത്രമാണ്‌. ശവസംസ്ക്കാരത്തിനു
ശേഷമുള്ള
അനുശോചന സമ്മേളനത്തിൽ അയാളത്‌ സമൂഹത്തെ
അറിയിക്കുകയും ചെയ്തു.
കക്ഷി രാഷ്ട്രീയത്തിന്നതീതമായി സംയുക്തകക്ഷിക്കാരും സഹകരണപാർട്ടിക്കാരും വിമോചകമുന്നണിക്കാരും പങ്കെടുത്ത
ഒരു യോഗമായിരുന്നത്‌. അവറാച്ചൻ സ്റ്റേജിൽ മൂകനായിട്ടിരിയ്ക്കുക മാത്രമാണ്‌ ചെയ്തത്‌. ഒരൊറ്റ വാക്കുപോലും
പറയാതെ അയാൾ യോഗശേഷം സ്റ്റേജ്
വിടുകയും ചെയ്തു. അത്‌ ഞങ്ങളെ സംശയത്തിന്റെ
വാതിൽക്കൽ എത്തിച്ചു. ഞങ്ങളുടെ
കണ്ണുകളും കാതുകളും അയാളെ ചുറ്റിപ്പറ്റി
നിന്നിരുന്നു ആഴ്ചകളോളം. പക്ഷെ, യാതൊന്നും കിട്ടിയില്ല.
എങ്കിലും ഞങ്ങൾ, ഞങ്ങൾ മാത്രം
അയാളെ സംശയിച്ചു കൊണ്ടിരുന്നു.

ഇത്‌ സ്വന്തം ചിന്തയാലും
തീരുമാനത്താലുമാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. അതിൽ ആർക്കും
ഒരു പങ്കുമില്ലാത്തതാണ്‌. ഞാൻ ആരുമായിട്ട്‌
യാതൊരു വിധ കൊടുക്കലു വാങ്ങലുകളോ
സാമ്പത്തിക ബാദ്ധ്യതകളോ തീർപ്പാക്കാതെയിരുന്നിട്ടുമില്ല…

മൃതദേഹത്തോടുകൂടി കണ്ട
പ്രസ്തുത കുറിപ്പിന്റെ ബലത്തിൽ പോലീസും
എല്ലാ കാര്യങ്ങളും അവസാനിപ്പിയ്ക്കുക ആയിരുന്നു.

പിന്നെന്തിന്‌ ഞങ്ങൾ മാത്രം
സംശയിയ്ക്കുന്നുവെന്ന്‌ തോന്നാം. സതീശനെ സംബന്ധിച്ച്‌
നിലവിലുള്ള സാഹചര്യങ്ങൾ വച്ച്‌ നോക്കുമ്പോൾ
ഈ നേരത്ത്‌ അങ്ങിനെ ചെയ്യേണ്ട ഒരു കാര്യവും ഞങ്ങൾ കാണുന്നില്ല.

സതീശന്റെ കുറിപ്പു പുസ്തകത്തിൽ
ചുവന്ന മഷിയിലെഴുതിയിരിയ്ക്കുന്നത്‌ ഇതു മാത്രമാണ്‌,
മറ്റെല്ലാ എഴുത്തുകളും നീലമഷിയിലും.
ഇതുമാത്രം ചുമന്നത്‌ ആയതു യാദൃശ്ചികമാണെന്ന്‌
തോന്നുന്നില്ല. അതുവായിച്ചാൽ അതിന്റെ
പ്രാധാന്യം വ്യക്തമാകുകയും ചെയ്യും.

സരിത ഒരിയ്ക്കലും എന്റെ
ഹൃദയകവാടം കടന്ന്‌ ഉള്ളിൽ വന്നിട്ടില്ല.
ഞാൻ മലർക്കെ തുറന്നു വച്ചിരിയ്ക്കയായിരുന്നു. പക്ഷെ, ഇവിടെ കയറാ ഗുരുവായൂർ
ക്ഷേത്രത്തിലേതു
പോലെ
നീണ്ട ക്യൂവിലെ വിഘ്നങ്ങളോ, തന്ത്രികളുടെ അയിത്താചാര പ്രശ്നങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഒന്നുമില്ലായിരുന്നു.

എന്നിട്ടും അവളൊരു സാധാരണ
ഭക്തയെപ്പോലെ ശ്രീകോവിലിനു മുന്നിൽ ദീപാരാധനയ്ക്കുള്ള നടതുറക്കുന്നതും കാത്തു നിൽക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
അവൾക്ക് ജീവിതത്തെക്കുറിച്ച്‌, ജീവികളെ കുറിച്ചോ, ജീവചൈതന്യത്തെകുറിച്ചോ ഒന്നുമറിയില്ല. സ്നേഹമെന്തെന്നോ
സ്‌നേഹത്തിന്റെ
ഗന്ധങ്ങളെന്തെന്നോ മാധുര്യമെന്തെന്നോഅന്യമാണ്.യഥാർത്ഥത്തിൽ
അവൾ ഗ്രാമത്തിൽ
വളർന്ന ഒരണു കുടുബത്തിലെ ഒരംഗം
മാത്രമാണ്. സമൂഹത്തിലെ സംസ്ക്കാര സമ്പന്നരെന്ന്‌ അറിയപ്പെടുന്ന ഉദ്യോഗസ്ഥരായ
അച്ഛനും
അമ്മയ്ക്കും ഉണ്ടായ ഒരേ ഒരു
മകൾ.
അതും അവർ അദ്ധ്യാപകരായിരുന്നതിനാൽ ബഹുമാനത്തോടെ ഇടപഴകുന്ന വരെ മാത്രമേ അവൾ
കണ്ടിരുന്നുള്ളു.

അവളുടെ വീടിനടുത്തു
തന്നെ, അവളുടെ
ബന്ധുക്കൾ തന്നെ വേദനിയ്ക്കുകയും വിഷമിയ്ക്കുകയും ചെയ്ത്‌ ജീവീതം തള്ളി നീക്കുന്നത്‌ അവളുടെ കണ്ണുകളിൽ
പെട്ടിട്ടുണ്ടാവില്ല.
എന്നിരിയ്ക്കിലും അവൾക്ക് സർവ്വകലാശാലയിൽ
നിന്നും
എഴുതികൊടുത്തൊരു ഡിഗ്രിസർട്ടിഫിക്കറ്റുണ്ട്‌, പ്രായോഗീക ജീവീതത്തിലെ
ആദ്യക്ഷരങ്ങൾ പോലും അറിയില്ലെങ്കിലും. ശാരീരീക ബന്ധം
പോലും ശരീരത്തിന്റെ ഒരാവശ്യത്തിൽ
കഴിഞ്ഞ്‌ മാനസ്സീകമായ വികാരതലത്തിലെത്തിയ്ക്കാൻ
ഇതേവരെ കഴിഞ്ഞിട്ടില്ല.

ഇപ്പോഴാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌…….രാധേച്ചി വളരെ വ്യക്തമായൊരു ഓയിൽ
പെയിന്റാണ്‌. സരിതയോ ശൈത്യത്തിലെ വെളുപ്പാൻ
കാലത്തെ മൂടൽ മഞ്ഞുപാളികളിലൂടെ കുറച്ചകലെ
കാണുന്നൊരു
നിഴൽ രൂപമാണ്‌ ……….

ഞങ്ങളുടെ പ്രതീക്ഷപോലെ അവൾ
കരയുകയുണ്ടായില്ല. സ്വതവേ അരുണാഭമായിരുന്ന കവിൾ
കുറച്ചുകൂടി ചുവക്കുക മാത്രമേ
ചെയ്തുള്ളൂ. കണ്ണുകൾക്ക് മൂർച്ച കൂടുകയും.

“സരിതയ്ക്ക്‌ എന്തു തോന്നുന്നു?”

“ഒന്നും തോന്നുന്നില്ല.”

“സതീശൻ എഴുതിയിരിയ്ക്കുന്നത്‌ നുണയായിട്ട്‌ തോന്നുന്നുണ്ടോ.?”

“ഇല്ല.”
“എന്തുകൊണ്ട്‌?”
“എനിയ്ക്കതിനെപ്പറ്റി അറിയില്ല.”

“നിങ്ങളുടെ ജീവീതം സുഖകരമായിരുന്നെന്നാണോ പറയുന്നത്?”
“എന്റെനോട്ടത്തിൽ.”
“നോട്ടത്തിൽഎന്നുപറഞ്ഞാൽ”
“എന്റെ ജീവീത വീക്ഷണത്തിൽ.”

“നിങ്ങളുടെ വീക്ഷണത്തിലുള്ള ജീവീതമാണ് നയിച്ചിരുന്നതെന്ന്‌സാരം.”
“അതെ.”

“അതിനർത്ഥം നിങ്ങളുടെ വീക്ഷണത്തിൽ
സ്‌നേഹത്തിന്‌ സ്ഥാനമില്ലെന്നാണോ?”
“എന്താണ്‌ നിങ്ങൾ ഉദ്ദേശിയ്ക്കുന്ന ഈ സ്നേഹം?”

“മാനസ്സീകമായൊരു ആകർഷണമാണ്‌ സ്നേഹമെന്നാണ്‌
ഞങ്ങളുടെധാരണ.ആകർഷിയ്ക്കപ്പെട്ടുകഴിഞ്ഞാൽസ്വാർത്ഥതയില്ലാതാകുന്നു. സ്വാർത്ഥത നിശ്ശേഷം
നീങ്ങിക്കഴിയുമ്പോൾ ആകർഷിയ്ക്കപ്പെട്ട വ്യക്തിത്വങ്ങൾ ഒന്നായിത്തീരുന്നു.”

“ഞാനതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. ഞാൻ എനിയ്ക്കറിയാവുന്ന വിധത്തിൽ സ്‌നേഹിച്ചിട്ടുണ്ട്‌, ജീവിച്ചിട്ടുണ്ട്‌. ഇനിയും അഭിമാനത്തോടടെ
തന്നെ അദ്ദേഹത്തിന്റെ കുട്ടിയെ പ്രസവിച്ച്‌
വളർത്തുവാൻ തന്നെയാണ്‌ ഉദ്ദേശിയ്ക്കുന്നതും”.
യഥാർത്ഥത്തിൽ അപ്പോൾ മാത്രമാണ്‌ സരിത ഗർഭിണിയാണെന്നും,
അടിവയറിന്‌ തടിപ്പുണ്ടെന്നറിയുന്നതും.

“നിങ്ങൾ പറയുന്നതിൽ നിന്നും
മനസ്സിലാകുന്നത്‌, സതീശൻ ഭർത്താവായിരുന്നതിൽ അഭിമാനം
കൊള്ളുന്നു എന്നാണ്‌.”
“അതെ ഞാനഭിമാനം കൊള്ളുന്നു. ഈ നാടിനു
വേണ്ടി, നാട്ടുകാർക്കു വേണ്ടി അദ്ദേഹം പലതും ചെയ്തിട്ടു ണ്ടെന്നതിൽ…….”

ഞങ്ങൾക്ക് ആർത്തു ചിരിയ്ക്കാനാണ്‌
തോന്നിയത്, മനുഷ്യന്റെ നാട്യവും സ്വാർത്ഥതയും ഓർത്ത്.
സരിത ഭർത്താവിന്റെ മരണ
ശേഷവും അയാളിലെ ഭൌതീകമായ നേട്ടങ്ങളാണ്‌
കാംക്ഷിയ്ക്കുന്നത്‌.

ഇവൾ സരിത….

ഒരു സാധാരണ പെണ്ണ്‌,

ഇരുപത്തിയേഴു വയസ്സ്‌, ഇരു
നിറം, കറുത്ത്‌ ഉള്ളുള്ള, നിതംബം മൂടിക്കിടക്കുന്ന
മുടി, വീതി
കുറഞ്ഞ നെറ്റി, പകുത്ത്‌ ചീകി സീമന്ത
രേഖയിൽ എന്നോ തൊട്ട സിന്ദൂരച്ചുവപ്പ്‌,
അല്പം ചാരനിറമുള്ള കണ്ണുകൾ, ഭംഗിയാർന്ന നാസിക, നനവാർന്ന
ചുണ്ടുകൾ, തുടുത്ത കവിളുകൾ, സമൃദ്ധമായ മാറിടം, ഒതുങ്ങിയ
അരക്കെട്ട്‌, ജംഘനം, നിതംബം, തുടകൾ, നാച്ചുറൽ കളർ
നെയിൽ പോളീഷിൽ തിളങ്ങുന്ന നഖമുള്ള
പാദങ്ങൾ, അഞ്ചടി മൂന്നിഞ്ച്‌ ഉയരം…

മനസ്സിലിട്ട്‌ ലാളിച്ചാൽ മോഹമുണർത്തുന്ന പെണ്ണ്‌…

ഇപ്പോൾ പറഞ്ഞത്‌ നമ്മൾ, പുരുഷന്മാരുടെ വീക്ഷണങ്ങളും
അഭിപ്രായങ്ങളുമാണ്‌. സ്ത്രീയെ ഭോഗവസ്തുവായിട്ടാണല്ലോ നമുക്ക്‌ കാണാൻ
കഴിയുന്നത്‌.

ഏതു ജീവജാലത്തിന്റെ സംസ്ക്കാരത്തിലാണ്‌
സ്ത്രീ പുരുഷന്റെ ഭോഗവസ്തു
അല്ലാത്തത്‌…………. പ്രകൃതിയിൽ നാം കാണുന്ന മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും സ്ത്രീപുരുഷ
ബന്ധം സൂക്ഷിയ്ക്കുന്നത്‌ ഭോഗത്തിലൂടെയാണ്‌. അവരുടെ അടുപ്പവും
അതിനു വേണ്ടി
മാത്രമാണ്‌.

വേണ്ട, ആരും നെറ്റി
ചുളിയ്ക്കേണ്ട, ഞങ്ങൾ ഒരു വിവാദത്തിനായിട്ട്‌
പറഞ്ഞതല്ല. ഞങ്ങൾ
കാണുന്ന പ്രകൃതി നിയമത്തെക്കുറിച്ച്‌ പറഞ്ഞുവെന്നു മാത്രം. എങ്കിലും
ഒന്നു ചോദിച്ചുകൊള്ളട്ടെ, ഭോഗത്തിന്റെ തൃഷ്ണയില്ലെങ്കിൽ, അവാച്യമായ അനുഭൂതിയില്ലെങ്കിൽ സ്ത്രീയെന്നും പുരുഷനെന്നും തിരുവുകൾ
ഉണ്ടാകുമോ ? ഉണ്ടായാൽ തന്നെ പരസ്പരം
തിരിച്ചറിയുമോ……………?
ആകർഷിക്കപ്പെടുമോ, കാന്തത്താലെന്ന പോലെ ബന്ധിക്കപ്പെടുമോ?

നാം കാണുന്ന ബന്ധങ്ങള്‍ ഉണ്ടാകുമോ?

അറിയുന്ന സംസ്ക്കാരങ്ങൾ ഉണ്ടാകുമോ?

ഇല്ല.

അതെ ഞങ്ങളുടെ അറിവ്‌, കണ്ടെത്തലുകൾ
നാളെ മാറിയെന്നിരിയ്ക്കാം. ചിന്തിയ്ക്കുന്ന ഒരു
വൃക്തിയ്ക്കും തന്റെ അറിവുകളെ പിടിച്ചു
നിർത്താനാവില്ല. സ്ഥിരീകരിച്ചു നിർത്താൻ
കഴിയുമെന്നു കരുതിയാണ്‌ നമ്മൾ കമ്മ്യൂണിസത്തിൽ വിശ്വാസമർപ്പിച്ചത്‌. എത്രയെത്ര മതങ്ങളും വിശ്വാസങ്ങളും
കഴിഞ്ഞായിരുന്നു അവിടെ എത്തിപ്പെട്ടത്‌,
എന്നിട്ടോ………………… നാം പരിണമിയ്ക്കപ്പെടുകയാണ്‌.

എന്നിരിയ്ക്കിലും ഇനിയും
വിശ്വാസപ്രമാണങ്ങൾ വേണ്ടിയിരിയ്ക്കുന്നു. അതു നമ്മൾ
ഒന്നിച്ചു നില്ക്കുന്നതിനു വേണ്ടി, സമൂഹമായി
വർത്തിയ്ക്കുന്നതിനു വേണ്ടിയാണ്‌. വിശ്വാസങ്ങൾ നമ്മളെ
ബന്ധിച്ചു നിർത്തുന്ന പാശങ്ങളാണ്‌.

പക്ഷെ, ഇവിടെ നമ്മൾ
നിൽക്കുന്നത്‌ സതീശനെ കുറിച്ച്‌ അറിയുന്നതിനായിട്ടാണ്‌. മുന്നിൽ
സരിതയെ നിർത്തിയിരിയ്ക്കുന്നത്‌ വിചാരണ ചെയ്യുന്നതിനാണ്‌……
“സരിതെ, അന്ന്‌ സതീശൻ എപ്പേഴാണ്‌ വന്നത്‌?″
“രാത്രി പന്ത്രണ്ടുമണിയായി കാണും.”
“അതുവരെ എന്തെടുക്കുവാരുന്നെന്ന്‌ നിങ്ങൾ ചേദിച്ചില്ലെ?″
“ചോദിച്ചു.”
“ഉത്തരംപറഞ്ഞില്ലേ?”
“ഇല്ല”
“എന്തുകൊണ്ട്‌?″
“അത്‌
അങ്ങോട്ട്‌ തന്നെ ചോദിയ്ക്കണം…….”

“ഉവ്വ്….അതു ഞങ്ങക്കറിയാം.
പക്ഷെ, സരിതയ്ക്ക്‌ പറയാനുള്ളത്‌ കേൾക്കാനാണ്‌ ചേദിച്ചത്‌.”

“എനിയ്ക്കൊന്നും പറയാനില്ല.”

“കിടക്കും മുമ്പ്‌ സതീശന്‍ ഈണു കഴിച്ചോ?”

“ഇല്ല.”

“എന്നാ കാരണം?”

“കഴിച്ചിട്ടാവന്നതെന്നുപറഞ്ഞു.”
“എവിടന്നാണെന്ന്‌ തെരക്കിയില്ലേ…?”
“ഇല്ല.”

“അതെന്നാ തെരക്കാതിരുന്നെ ?”

“രാത്രി വൈകിവരുമ്പോ കൂടെയുള്ളവരുമൊത്ത്‌
ആഹാരം കഴിച്ചിട്ടേ വരാറുള്ളു.”

“ഒന്നും കഴിയ്ക്കുന്നില്ലേയെന്നു ചോദിച്ചില്ലേ……?”

“ഇല്ല.”

“വൈകിയെത്തിയതിലുള്ള ദേഷ്യത്തിൽ
സരിത കതക്‌ തുറന്നു
കൊടുത്തിട്ട്‌ തുള്ളി
വിറച്ച്‌ കട്ടിലിൽ പോയി കിടന്നു എന്നതല്ലേ
നേര്‌……?”
സരിത രുദ്രയെപ്പോലെ കണ്ണുകൾ
ചുവപ്പിച്ചു. കാണുന്ന ആർക്കും ചിരിയ്ക്കാനേ
തോന്നുകയുള്ളൂ.

“പിന്നെ എപ്പോഴാണ്‌ സതീശന്‍ കട്ടിലിൽ
നിന്നും
എഴുന്നേറ്റു പോയത്‌?”
“എനിയ്ക്കറിയില്ല. ഞാനൊറക്കമാർന്നു.”’

രാധേച്ചി ഓർമ്മിച്ചു.

“അവൻ അപ്പോ യാത്ര
പറയാൻ വന്നതാരുന്നുല്ലേ… മിനിയാന്ന്‌ രാത്രീല്‌…“

രാത്രിയിൽ, സരിത ഉറങ്ങികിടക്കുമ്പേൾ അവൻ എഴുന്നേറ്റ്‌ ആദ്യം ചെന്നിരിയ്ക്കുന്നത്‌
രാധയുടെ അടുത്തായിരുന്നു. വാർത്ത കേട്ടപ്പോൾ രാധ
പശുവിന്‌ കാടിയും കാലിത്തീറ്റയും കൂട്ടി കലർത്തി കൊടുത്തു
കൊണ്ടിരിയ്ക്കുകയായിരുന്നു.
ചരുവത്തിലെ വെള്ളത്തിൽ നിന്നും കൈ എടുത്തു
എഴുന്നേറ്റ രാധ പശുവിന്റെ കാൽക്കൽ
തന്നെ വീഴുകയായിരുന്നു.

മൂന്നുനാൾ ആശുപത്രിയിൽ കിടക്കയിൽ
ബോധമില്ലാതെ കിടന്നു. ബോധമുണർന്നപ്പോൾ
കരഞ്ഞു,
നിശ്ശബ്ദമായിട്ട്‌. അലമുറയിടാൻ അവൾക്ക് സതീശനുമായിട്ട്‌
നിയമപരമായ
ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ………… അയൽ വാസികളും സതീശന്റെ ബന്ധുക്കളും
ചേദ്യങ്ങൾ
ചോദിച്ച്‌ ക്രുശിയ്ക്കുകയും ചെയ്യാം.

നിശ്ശബ്ദമായി തേങ്ങി,
തേങ്ങി നാലഞ്ചു നാളുകൾ ഉറങ്ങിയപ്പേൾ
രാധയുടെ മനസ്സ്‌ ശാന്തമായി വന്നു.

“രാധേച്ചി, അവനെപ്പോഴാ വന്നതെന്നറിയുമോ?”

“രാത്രി വളരെ ഇരുട്ടീട്ടാ…..”

“എന്നാലും……?”

“കറുത്ത പക്ഷമല്ലാർന്നോ….മാനത്ത്‌ ചന്ദ്രനെത്തും വരെ അവൻ കാത്തിരിക്ക്വാർന്നു…..”

“അവന്റെ മുഖം മ്ലാനമാരുന്നോ
?”

“ആരുന്നു……………… അവൻ മുഖം എന്റെ മടിയില്‍ പൂഴ്ത്തി
തേങ്ങീർന്നു……”

“എന്നിട്ടും ചേച്ചിക്കൊന്നും തോന്നില്ലേ…?’

“ഇല്ല……… അവനങ്ങനാർന്നു………… വേദനിയ്ക്കു മ്പോൾ………. എന്റെ അടുത്ത്‌ വന്ന്‌ അങ്ങനെ
ചെയ്യുവാരുന്നു………….. ചെറുപ്പത്തിലും അവന്റമ്മച്ചിയും അച്ഛനും തല്ലുമ്പോളും അങ്ങനാരുന്നു…”

“പക്ഷെ, ഇന്നു സതീശൻ
അന്നത്തെ കൊച്ചുകുട്ടിയാർന്നില്ല…………ഉവ്വോ?”

“അതുനിങ്ങക്കാണ്‌ എനിയ്ക്കവൻ കൊച്ചുകുട്ടി തന്നെയാർന്നു എന്നും……… എന്റെ സ്നേഹത്തിനായി, ലാളനയ്ക്കായി, എന്റെ തലോടലിനായി
അവനെത്ര നേരം വേണേലും
കാത്തിരിക്ക്വാർന്നു…….”
“എന്നിട്ട്‌ ചേച്ചിയ്ക്കു പോലും അവന്റെ ഉള്ളം കാണാനായില്ല…” ”
“ഇല്ല…ആയില്ല…അവന്റെ കൺ കോണിലൊരു
കലക്കം വന്നാ, അവന്റെ കാലേലൊരു
പോറലുവന്നാ എനിക്കറിയാർന്നു…പക്ഷെ,അന്ന്‌…”
രാധേച്ചി കൈകളിൽ മുഖം പൂഴ്ത്തി…

സുകുമാരന്‌ യാതൊരു വിധ
ചോദ്യങ്ങളും ഉത്തരങ്ങളുമില്ലായിരുന്നു. അയാൾ സാധാരണ പോലെ തന്നെ ടീ.വിയുടെ
മുന്നിലിരുന്നു. സതീശൻ സ്റ്റോക്കു ചെയ്ത് ഇനിയും തീർന്നിട്ടില്ലാത്തതു കാരണം, അവകളെ ഉപയോഗിച്ചു
കൊണ്ടുമിരുന്നു. എന്നാൽ ടി.വി ഓൺ ചെയ്തിരുന്നില്ല.
അഞ്ചെട്ടുദിവസങ്ങൾ കൊണ്ടുതന്നെ തുടയ്ക്കാതെയും കവർ കൊണ്ടുമൂടാതെയും ഇരുന്നതിനാൽ പൊടിയും മാറാലയും
പിടിച്ച്‌ സ്ക്രീനിൽ നരച്ച നിറം വീണിരിയ്ക്കുന്നു.

സതീശൻ പോയിക്കഴിഞ്ഞ്
പത്തുദിവസങ്ങൾ
പിന്നിട്ടപ്പോൾ സുകുമാരൻ തയ്യൽ കട തുറന്നു. അലവലാതിയായി
കിടന്നിരുന്ന വെട്ടു പീസുകളും സതീശൻ
എഴുതിയിരുന്ന അളവു ബുക്കുകളും
പൊടിപടലങ്ങളും
മാറാലയും പുറത്താക്കി വൈറ്റ്‌ വാഷ്‌ ചെയ്ത്‌ അയാൾ
ജോലിയിൽ പ്രവേശിച്ചു. സതീശന്റെ സ്നേഹിതരായ
ഞങ്ങൾ കാഴ്ചക്കാരായി നോക്കി നിന്നു.
അയാളോട്‌ സഹായം വേണോ എന്നു ചോദിയ്ക്കാൻ പൊലും
മനക്കരുത്ത്‌ ഞങ്ങൾക്കില്ലായിരുന്നു.

സതീശന്റെ അമ്മ അപ്രതീക്ഷതമായികിട്ടിയ ആഘാതത്തിൽ നിന്നും മോചിതയാകാതെ
ദിവസത്തിന്റെ ഏറിയസമയവും മുറ്റത്തേയ്ക്കിറങ്ങുന്ന ഉമ്മറനടയിൽ
വഴിയിലേയ്ക്കു
നോക്കിയിരിയ്ക്കുന്നു. അവർക്ക് വിശ്വസിയ്ക്കാൻ കഴിയുന്നില്ല
സതീശൻ അവിടം വിട്ടു പോയിക്കഴിഞ്ഞിരിയ്ക്കുന്നുവെന്ന്‌. ഇപ്പോഴും അവിടെയെല്ലാം അവൻ
നിറഞ്ഞു നിൽക്കുന്നുവെന്നു അവരറിയുന്നു. കൂടുതലായിട്ട്‌ അവർക്കൊന്നും അറിയുകില്ല. സതീശന്റെ ശ്രാദ്ധമൂട്ടു കഴിഞ്ഞ്‌
പിറ്റേന്ന്‌നേരം പുലർന്നപ്പോൾ തന്നെ
സരിത അവളുടെ അച്ഛന്റെയും അമ്മയുടേയും
കൂടെ പടിയിറങ്ങിയപ്പോഴും അവരൊന്നും പറഞ്ഞില്ല. അവർക്കൊന്നും
പറയാനില്ലായിരുന്നു.

പക്ഷെ, ഞങ്ങൾ, നാട്ടുകാർക്ക് പലതും
പറായാനുണ്ടായിരുന്നു. സരിതയോടു നേരിട്ടും അല്ലാതെയും
പറയുകയും ചെയ്തതാണ്, നാട്ടിലാകെ ചർച്ച ചെയ്യപ്പെടുകയും ചെയ്തതാണ്‌. എന്നിട്ടും അവൾ പോയി.

വീട്ടീലെ പ്രാരാബ്ദങ്ങളും പരാതികളും
പറഞ്ഞ്‌ കുറെ നേരം കരഞ്ഞു നിന്നതിനുശേഷം
പെൺ മക്കളും ഭർത്താക്കന്മാരും ചെറുമക്കളും
പടിയിറങ്ങുന്നതും വിമല കണ്ടിരുന്നു.

അന്ന്‌ ഒരുപാടു
നേരം വിമല
ആ നടക്കല്ലിൽ തന്നെയിരുന്നു. യാതൊരു മണങ്ങളും അറിയാതെ… യാതൊരു ശബ്ദങ്ങളും
കേൾക്കാതെ…

വെയിലാറുകയാണ്‌, പടിഞ്ഞാറുനിന്ന്‌ മഞ്ഞപ്പ്‌ പാരിൽ നിറയുകയാണ്‌…

മഞ്ഞ വെയിൽ നേരെ
കണ്ണുകളിൽ തറച്ചു തുടങ്ങിയപ്പോൾ അവർ
ഒന്നു തലയനക്കി….

ആരുടേയോ ഒപ്പം പുറത്തേയ്ക്കു
പോയ സുകുമാരൻ തിരിച്ചെത്തിയിരുന്നില്ല. വീടിന്റെ ഉള്ളിൽ
ഒരനക്കം, എന്തോ വേവുന്നതിന്റെ മണം…

അവർ തിരിഞ്ഞ്‌ വീടിന്റെ ഉള്ളിലേയ്ക്ക്‌
നോക്കി, എല്ലാ വാതിലുകളും ജനലുകളും തുറന്നു കിടക്കുന്നു…

കാൽ മുട്ടിൽ കൈകുത്തി
എഴുന്നേറ്റ്‌ വരാന്തയിലേയ്ക്ക്‌ കയറുമ്പോഴാണ്‌ അകത്തു നിന്നും രാധ
വരുന്നത്‌ കണ്ടത്‌. അവൾ അടുത്തെത്തി വിമലയുടെ
മുന്നിൽ, കണ്ണുകളിൽ നോക്കി നിന്നു.

“അമ്മേ….ഞാമ്പോണില്ലാട്ടോ… ഞാനുണ്ടാകും അമ്മയ്ക്ക്‌…”
വിമല അവളെ ശക്തിയായി തന്നിലേയ്ക്കടുപ്പിച്ചു.

“എന്റെ മോന്‍ എന്തിനാ ചെയ്തതെന്ന്‌
മോക്കറിയ്യോ….?”

“ഇല്ലാ…എനിയ്ക്കൊന്നുമറിയില്ല.”

അവളെ ചേർത്ത് നിർത്തിയപ്പോൾ
സതീശന്റെ ഗന്ധം വിമല അറിയുന്നതു പോലെ…. രാധയുടെ കണ്ണുകളിൽ
സതീശന്റെ കണ്ണുകളെ കണ്ടതു പോലെ….അത്‌ അവളുടെ ശബ്ദം
അല്ലാത്തതു പോലെ… രാധയല്ലായിത്‌ സതീശനാണ്‌….എന്ന്‌ വിമലയുടെ മനം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു.

വിമല കരയുകയാണ്‌……

രാധയും…

വിമലയ്ക്കറിയും രാധ മാത്രമേ
അവനെ നേഹിച്ചിരുന്നുള്ളുവെന്ന്‌, ഒന്നും ആവശ്യപ്പെടാതെ………

തികച്ചും യാദൃശ്ചികമായൊരു ദിവസം
മങ്കാവുടിയിൽ നിന്നും ഒരു വാർത്ത
കൊണ്ടിപ്പാടത്തെത്തി. കൊണ്ടിപ്പാടത്തുകാരതിന്റെ വിശദാംശങ്ങൾ
അറിയുമ്പോഴേയ്ക്കും പത്രങ്ങളും റേഡിയോകളും ടീ.വികളും
അത്‌
ലോകരെ അറിയിച്ചു, അവർക്ക് അതൊരു
ഉത്സവമായി…

അതൊരു സ്മാർത്ത വിചാരത്തിന്റെ
കഥയായിരുന്നു. സ്മാർത്ത വിചാരം അരങ്ങേറിയിരിയ്ക്കുന്നത്‌ സതീശൻ മരിയ്ക്കുന്നതിന്റെ രണ്ടു
ദിവസം മുമ്പായിരുന്നു.

നഗരത്തിലെ ഒരു നല്ല
ഹോട്ടൽ മുറിയിലേയ്ക്ക്‌ വേണ്ടപ്പെട്ട ചിലർ
സതീശനെ വിളിച്ചു വരുത്തുകയായിരുന്നു. അവനെത്തുമ്പോൾ വിളിച്ചു
വരുത്തിയവർ കൂടാതെ നഗരം ഭരിയ്ക്കുന്ന പോലീസുദ്യോഗസ്ഥരും പ്രമുഖ പത്രങ്ങളുടെ പ്രതിനിധികളും
ഒരു സ്ത്രീയും, അവരുടെ സ്‌ക്കൂൾ
യൂണിഫോമിട്ട ഒരു പെൺകുട്ടിയും, അവരുടെ സംരക്ഷകനാണെന്ന്‌
തോന്നിയ്ക്കുന്ന ക്രൂരമുഖമുള്ള ഒരു
മദ്ധ്യവയസ്ക്കനുമുണ്ടായിരുന്നു.

അവരെല്ലാം സതീശനെ പ്രതീക്ഷിയ്ക്കുകയായിരുന്നു. എന്നു പറഞ്ഞാൽ അവരെല്ലാം സ്വീകരണത്തിന്‌ തയ്യാറായി നിൽക്കുകയായിരുന്നു.

അത്യാവശ്യം മുഖവുരയും പരിചയപ്പെടുത്തലുകളും ഒരു ഗ്ലാസ്സ്‌ നാരങ്ങാനീരും കുടിച്ചു
കഴിഞ്ഞപ്പോൾ പ്രധാന പോലീസുദ്യോഗസ്ഥൻ കാര്യത്തിലേയ്ക്ക്‌
വന്നു.
സതീശാ……ഇതൊരു
പീഡനക്കേസാ…താനും അതിലൊണ്ടെന്നാ ഈ പെങ്കൊച്ചുപറയുന്നെ………
ഐസ്സ്‌ ഇട്ട്‌ തണുപ്പിച്ച ജൂസ്സ്‌ അവന്റെ ഉള്ളിൽ
കിടന്ന്‌ തിളച്ചു മറിഞ്ഞിട്ടുണ്ടാകണം, ഞെട്ടലിൽ വർദ്ധിച്ച
ശരീര താപം കൊണ്ട്‌.

നിന്റെ ശരീരത്തിന്റെ പലയിടങ്ങളിലുമുള്ള അടയാളങ്ങളൊക്കെ അക്കൊച്ച്‌ ഓർത്ത് വച്ചിട്ടൊണ്ടാരുന്നു.
നീയൊരു ദെവസം മുങ്ങിയില്ലെ…… ഇലക്ഷൻ കഴിഞ്ഞ ഒടനെ. അന്ന്‌ ഇവടെ കൂടെ
ആയിരുന്നുവല്ലെ……….. ഈ നിൽക്കുന്ന
വർക്കിക്കുഞ്ഞിന്റെ റബ്ബർ എസ്റ്ററേറ്റിലുളള ബംഗ്ലാവിലാരുന്നു

അല്ലെ…… വർക്കിക്കുഞ്ഞ്‌ ഏർപ്പാടാക്കിയതു കൊണ്ട്‌ കൊഴപ്പമില്ലെന്നും കരുതീയല്ലെ…..

സതീശൻ അവിടെ ഉണ്ടായിരുന്ന
എല്ലാമുഖങ്ങളും മാറിമാറി നോക്കി. അവരെല്ലാവരും കൂടി
ഒരുക്കിയ കുരുക്കും കണ്ടറിഞ്ഞു.

സതീശാ……. നിങ്ങളൊന്നു കൊണ്ടും വെഷമിയ്ക്കണ്ട……. നീ മാത്രമൊന്നുമല്ല ഈ കേസിലൊളളത്‌.
ഈ നിൽക്കുന്ന വർക്കിക്കുഞ്ഞും ഔസേപ്പും
പിന്നെ ആ പെങ്കൊച്ചിനെ
പഠിപ്പിയ്ക്കുന്ന രണ്ടുസാറന്മാരും ഒക്കെയൊണ്ട്‌…… നമുക്ക്‌ വേണ്ടതു പോലെയൊക്കെ ചെയ്യാം……

പക്ഷെ, നീ ഒരു
കാര്യം ചെയ്യണം. ചെയർമാനാകാനുള്ള ആഗ്രഹമൊക്കെ
കളഞ്ഞ്‌ ഇവരുടെ കൂടെ അങ്ങ്‌ ചേർന്നോ….. ബാക്കി ഒക്കെ ഞങ്ങള്‌ ശരിയാക്കിക്കൊളളാം……..

ഇപ്പോൾ ഞങ്ങളോർമ്മിയ്ക്കുന്നത്‌ സതീശന്റെ കുറിപ്പ്‌ പുസ്തകത്തിലെ
ശ്രദ്ധിയ്ക്കാതെ വിട്ടു കളഞ്ഞ വാക്കുകളെയാണ്‌.

“ഞാനെന്നും ഒറ്റപ്പെട്ടവനാണെന്ന ബോധമാണ്‌ മനസ്സിൽ
നിറഞ്ഞു നിൽക്കുന്നത്‌, ഒരു ദൈവത്തേയും
ഭജിയ്ക്കാതെ, ഒരു ഇസത്തെയും ഭുജിയ്ക്കാതെ,
ഒരു രാഷ്ട്രീയപ്പാർട്ടിയേയും ചുമക്കാതെ, ഒരു
ജാതിക്കോമരത്തിന്റെയും തുണ വാങ്ങാതെ, ഒന്നിനോടും
ചായ്‌വില്ലാതെ , അടുത്ത ഒരു സുഹൃത്തു പോലുമില്ലാതെ….”

@@@@@
രാധയ്ക്ക്‌ പറയാനുള്ളത്‌

രാധ – നമുക്കറിയാം, ആയിരമായിരം സംവത്സരങ്ങൾക്ക് മുമ്പുണ്ടായ ഒരു പേര്‌. എന്നിട്ടും ഇന്നും ആ പേരിന്‌ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു.

ഇല്ലേ ?

എന്തുകൊണ്ടാണത് ?

രാധ പ്രേമത്തിന്റെ മാത്രം കാര്യമല്ല, കാമത്തിന്റേതു കൂടി ആണെന്ന്‌ ഞങ്ങൾ പറയും. അതുകൊണ്ടാണ്‌ ഇന്നും മങ്ങാത്ത ചിത്രമായി തുടരുന്നത്‌. അല്ലെങ്കിൽ ഇന്നത്തെ കാലാവസ്ഥയിൽ
പിടിച്ചു നിൽക്കാനാവില്ലായിരുന്നു.

പ്രേമിച്ച്‌, വശീകരിച്ച്‌, വീട്ടിൽ നിന്നും വിളിച്ചിറക്കി സ്വീകരിച്ച്‌ സ്വന്തം പെണ്ണിനെ വിൽക്കുന്നവരുടെ കാലമാണിത്‌. സ്വന്തം പെണ്ണ്‌ എന്നത്‌ തെറ്റായ പ്രയോഗമാണ്‌, ക്ഷമിയ്ക്കുക. സാഹചര്യത്തിന്റെ മുറുക്കത്തിന്‌ അങ്ങിനെ ഒരു പ്രയോഗം ആവശ്യമാണ്‌.

അതെങ്ങിനെയെങ്കിലുമായിക്കൊള്ളട്ടെ നമുക്ക്‌ അറിയേണ്ടത്‌ രാധയേയും രാധയിലൂടെ സതീശനെയുമാണ്‌.

അത്തെ, രാധ പ്രേമത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്‌……. ഒരു പക്ഷെ, സീരിയൽ നിർമ്മാതാക്കളും സീരിയൽ കണ്ട്‌ കണ്ണുകളും മനസ്സുകളും ഇരുട്ടിലാക്കിയവരും എതിർക്കുമായിരിയ്ക്കാം. അവർക്ക് രാധയുടെ പ്രേമം അലൌകീകമാണ്‌.

ലൌകീകമോ……..

അലൌകീകമോ…..

ഈ രണ്ടുമല്ല നമ്മുടെ പ്രശ്നം, രാധയുടേയും സതീശന്റെയും ബന്ധമാണ്‌. അവർ തമ്മിലുണ്ടായിരുന്നത്‌ അലൌകീകമല്ലെന്ന്‌ ഞങ്ങൾ തീർത്തു പറയും.

“അവനെന്റെ വിരലിൽ തൂങ്ങിയാണ്‌ ആദ്യം എണീറ്റത്‌. എനിയ്ക്കന്ന്‌ വയസ്സ്‌ ഏഴാ……… അവൻ മുട്ടുകുത്തി നടന്ന്‌ മുട്ടിലാകെ തറയിൽ മെഴുകിയ ചാണകത്തിന്റെ കൂടെ ചേർക്കുന്ന കരീം പറ്റീർന്നു.

എന്റെ വെരളേല്‍ പിടിച്ചെണീറ്റപ്പോ അവന്റെ മൊഖം കാണേണ്ടതാർന്നു. എന്നാ സന്തോഷം………“

രാധയുടെ കണ്ണുകള്‍ നിറയുകയാണ്‌. ഇന്നലെയുടെ സമൃദ്ധമായ ചുരുണ്ടമുടികൾക്കുള്ളിൽ നരച്ചയിഴകൾ തെളിഞ്ഞ്‌ കണ്ടു തുടങ്ങിയിരിയ്ക്കുന്നു. നരച്ചയിഴകൾ വെള്ളി നൂലുകളെപ്പോലെയാണ്‌, എഴുന്നു നിൾക്കുന്നു, ബലം കൂടിയതു പോലെ………

അടർന്നു വീണ കണ്ണുനീർ കവിളിലൂടെ ഒഴുകിയിട്ടും അവളത്‌ തുടച്ചുകളയുന്നില്ല. കവിളിന്റെ ശോണിമയ്ക്ക്‌ മങ്ങലുണ്ട്.അവൾ ഞങ്ങളുടെ സാമിപ്യം മറന്നതുപോലെ, ഒരു പക്ഷെ, സതീശനെ ഉൾക്കണ്ണാൽ കാണുകയാവും.

നഗ്നനായി, അരയിലൊരു വെള്ളി അരഞ്ഞാണവുമായി, ഉറക്കെ കരഞ്ഞു കൊണ്ട്‌, ഇറയത്തു കൂടി മുട്ടിൽ ഇഴയുന്ന കുഞ്ഞിനെ………

അവളെ കണ്ട ഉടൻ അവൻ കരച്ചിൽ നിർത്തിയിരിയ്ക്കുന്നു. പല്ലു മുളയ്ക്കാത്ത മോണ കാണിച്ച്‌ ചിരിയ്ക്കുന്നു. എന്നാലും കണ്ണുകൾ നിറഞ്ഞു തന്നെയിരിയ്ക്കുന്നു, പീലികളൊന്നടഞ്ഞാൽ തുള്ളികളായി നിലത്തുവീഴാറായിട്ട്‌……

“സ്ക്കൂളിപ്പോകുമ്പോ അവന്റെ പുസ്തകോം സഞ്ചീം ഞാനാപിടിച്ചിരുന്നെ ഒന്നാം ക്ലാസ്സിൽ
പഠിയ്ക്കുമ്പോഴും അവന് ചോറു വാരി ഉണ്ണാനറിയില്ലാരുന്നു. ഞാനെന്റെ
ക്ലാസ്സിൾ കൊണ്ടുപോയിരുത്തിയാ ചോറു വാരിക്കൊടുത്തിരുന്നെ. അവന്റെ അമ്മേക്കാൾ ഇഷ്ടം എന്നോടാർന്നു, രാത്രീം അവനെന്റെ കൂടെയാ ഒറങ്ങീർന്നെ……”

“ഒരു പൊതപ്പിനുള്ളിൽ കെട്ടിപ്പിടിച്ച്‌…….. അവനന്നൊക്കെ വലിയ പേടിയാർന്നു…….. !”

“അവന്റെ ഓരോമുടിയും ഓരോ നഖവും വളർന്നു വരുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌….. അവന്റെ നെഞ്ചിന്റെ മിടിപ്പിന്റെ എണ്ണം പോലും എനിയ്ക്കറിയാർന്നു………… അവനൊന്നു വേഗത കൂട്ടി നടന്നാൽ നെഞ്ചിടിപ്പ്‌ കൂടുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്‌.”

“അവനോരോ ദെവസോം ഓരോ മുടി നാരിന്റെത്ര വലുതാകുന്നത്‌ ഞാങ്കണ്ടിട്ടൊണ്ട്. അവൻ വലുതായിക്കഴിഞ്ഞപ്പൊ കൂടെ കെടത്തണ്ടാന്ന്‌ പറഞ്ഞ്‌ മാറ്റി കെടത്തിയപ്പം കൊറേ നാളത്തേയ്ക്ക്‌
എനിക്ക്‌ ഒറങ്ങാനേ കഴിഞ്ഞില്ലാർന്നു. അപ്പോഴാണ്‌ അവനെന്റെ ശരീരത്തിന്റെ ഭാഗാമാരുന്നെന്ന്‌ തോന്നീത്‌. ഞാനെവിടയോ വായിച്ചിട്ടൊണ്ട്‌, അർദ്ധ്ഹനാരീശ്വരനെപ്പറ്റി, അതേപോലെ ഞാനും അവനും പകുതി പകുതിയായി നിൽക്കുന്നത്‌ ഞാൻ മനസ്സില്‍ കണ്ടിട്ടൊണ്ട്‌”

എന്റെ മനസ്സിൽ കണ്ടിട്ടൊള്ളത്‌ പലപ്പോഴും സ്വപ്നത്തിലും കണ്ടിട്ടൊണ്ട്‌. സ്വപ്നത്തിലെ രാധയ്ക്കും സതീശനും ഞങ്ങടെ നെറമല്ലാട്ടോ…..കഥകളിലെ ദേവന്മാരുടെ നെറമാണ്‌. ഞങ്ങള്‌ ദേവീദേവന്മാരായിക്കഴിഞ്ഞുന്ന്‌ അവൻ ചെലപ്പോഴൊക്കെ പറയുമായിരുന്നു…”

“കാലാവസ്ഥയിലെ ചെറിയൊരു മാറ്റം പോലും അവനെ ജലദോഷം പിടിപ്പിയ്ക്കും…… അവൻ പറയുമാരുന്നു പ്രകൃതിയുമായിട്ട്‌ കൂടുതൽ അടുത്തിട്ടാണെന്ന്‌. വീണ്ടും വീണ്ടും അടുക്കാൻ വേണ്ടി ആരുന്നത്രെ അവൻ ധ്യാനം ചെയ്തിരുന്നത്‌…..അവന്റെ ധ്യാനത്തക്കോൾ എനിയ്ക്കിഷ്ടം
അമ്പലത്തിൽപ്പോയി കണ്ണടച്ചു തൊഴുതു നിൽക്കുന്നതാണ്‌.”

“ഒരു ദെവസം തൊഴുതു നിൽക്കുമ്പം, അടഞ്ഞിരുന്ന കണ്ണിനുള്ളിൽ പീലിചൂടി കുഴലു വിളിച്ച്‌ ഒരു കണ്ണൻ വന്നു. ഞാനാമൊഖം സൂക്ഷിച്ചു നോക്കി…… അത്‌ സതീശനായിരുന്നു………“

“പത്താം ക്ലാസ്സ്‌ പാസ്സായി കഴിഞ്ഞിട്ടാ ഞാൻ പഠിത്തം നിർത്തീത്‌. പിന്നത്തെ ഞങ്ങടെ കണ്ടുമുട്ടല്‍ അവധി ദിവസങ്ങളിൽ കാട്ടിലൂടെയും പടലിലൂടെയുമായി……… അന്ന്‌ തെക്കേ മല മുഴുവൻ കാടുകേറി കെടക്കുവല്ലാർന്നോ……. അമ്മയുടെ പശു വളർത്തലിന്‌ സഹായമായിട്ട്‌, പുല്ലറുക്കാനായിട്ട്‌ മല കയറി നടന്നു. അവനെനിയ്ക്ക്‌ കൂട്ടാർന്നു…..”

“പക്ഷികളെ കണ്ട്‌, അവ ഒണ്ടാക്കിയിരിയ്ക്കുന്ന കൂടുകൾ കണ്ട്‌, കായകൾ പറിച്ചു തിന്ന്‌, കഥകൾ പറഞ്ഞ്‌……..അവൻ മറ്റു കൂട്ടുകാരാരുമില്ലായിരുന്നു. പക്ഷെ, പിന്നീടവന്‍ അതിൽ വലിയ വിഷമമായിരുന്നു. വിങ്ങുന്ന മനസ്സിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു കൂട്ടുകാരൻ വേണ്ടിരുന്നു എന്ന്‌ പലപ്പോഴും പറഞ്ഞിട്ടൊണ്ട്‌. അപ്പോളൊക്കെ എന്നോട്‌ എന്തും പറയുമായിരുന്നു. പക്ഷെ, ആണുങ്ങളോടു മാത്രം പറയേണ്ട അവരിർ നിന്നും
മാത്രം അറിയേണ്ട കാര്യങ്ങളുണ്ടെന്നവൻ പറഞ്ഞിരുന്നു. അതും എന്നോടുപറഞ്ഞ്‌ സമാധാനിച്ചോളാൻ ഞാമ്പറഞ്ഞിട്ടുണ്ട്‌……….. പക്ഷെ, അവൻ പറഞ്ഞിട്ടില്ല… ”

രാധ കരയുകയാണ്‌, സാരിത്തലപ്പിൽ മുഖം പൂഴ്ത്തി. ഞങ്ങൾക്കവളെ സാന്ത്വനപ്പെടുത്തണമെന്ന്‌ തോന്നിയില്ല. കാരണം കരയുമ്പോൾ മനസ്സിന്റെ ഭാരം കുറയുമെന്ന്‌ കേട്ടിട്ടുണ്ട്‌.

വിണ്ടും അവരുടെ കഥകൾ കേൾക്കാനായിട്ട്‌ ഞങ്ങൾ കാത്തിരുന്നു.

രാധ പറഞ്ഞ കഥകളൊക്കെ ഞങ്ങൾ മൂളി കേട്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. അക്കഥകളൊക്കെ
സത്യങ്ങളായതുകൊണ്ടോ ഞങ്ങളത്‌ വിശ്വസിച്ചതു കൊണ്ടോ ആയിരുന്നില്ല. കഥകൾ കേൾക്കുക എന്ന ഒരൊറ്റ വികാരമേ അതിനുള്ളൂ. അവൾ പറഞ്ഞതു കൂടാതെ പല കഥകളും നാട്ടിൽ പറയാറുണ്ട്‌, അതുകളും സത്യമാണെന്ന്‌ ഞങ്ങൾ കരുതുന്നില്ല.

നാട്ടിലുള്ള ഒരു കഥ കേൾക്കണോ…?

അന്ന്‌ സതീശന്‌ പത്തു വയസ്സ്‌, രാധയ്ക്ക്‌ പതിനേഴും………

അവൾ സുന്ദരി ആയിരുന്നു. വൃത്തിയും വെടിപ്പുമുള്ള പെൺകുട്ടി. മുടി പിന്നില്‍ പിന്നിയിട്ട്‌ തുളസിക്കതിർ ചൂടി, മെറുൺ നിറത്തിലുള്ള പൊട്ടുകുത്തി……

അവളുടെ ചുണ്ടുകളിൽ എപ്പോഴും പു ഞ്ചിരി തങ്ങി നിന്നിരുന്നു. കണ്ണുകളിൽ എപ്പോഴും ഒരു കവിത കണ്ടിരുന്നു, മനസ്സിലെപ്പോഴും പറയാൻ വെമ്പിനിന്നിരുന്നൊരു കഥയുണ്ടായിരുന്നു.

അവൾ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തിരുന്നു.

അയൽ പക്കത്തെ കൊച്ചുകുട്ടികൾ അവളുടെ കഥകൾ കേൾക്കാനായി നിത്യേന തേടിയെത്തിയിരുന്നു. കഥകളെല്ലാം രാജാവിന്റെയും രാജ്ഞിയുടെയും രാജകുമാരന്റെയും
രാജകുമാരിയുടെയും ആയിരിയ്ക്കും. എന്നാൽ എന്നും പുതിയ കഥകൾ ആയിരിയ്ക്കും പറഞ്ഞു പറഞ്ഞ്‌ എല്ലാം ശുഭമായിത്തീരുകയും ചെയ്തിരുന്നു.

അന്നൊരു രാത്രി.

മകരമാസത്തിലായിരുന്നു പുതപ്പിനു പോലും തണുപ്പിനെ ചെറുക്കാൻ കഴിഞ്ഞില്ല, അന്ന്‌ സതീശൻ അവളുടെ ദേഹത്തോട്‌ ഒട്ടി ചേർന്നാണ്‌ കിടന്നിരുന്നത്‌. അവന്റെ ദേഹത്തിന്റെ ചൂട്‌, ആസ്വാദ്യത അവളറിഞ്ഞു കൊണ്ടിരുന്നു. ഏതോ ഒരു സമയം അവന്റെ വിരലുകൾ അവളുടെ ദേഹത്തു കൂടി ഇഴഞ്ഞു നടന്നു. ആദ്യം ഈർഷ്യത, എങ്കിലും തടുത്തില്ല.

പിന്നെ…….

അവന്റെ കൈയ്ക്ക്‌ വിറയലുണ്ട്‌. തെറ്റാണ്‌ ചെയ്യുന്നതെന്നറിഞ്ഞിട്ട്‌, ഭയന്നതു പോലെ. ബ്ലൌസ്സിന്റെ ഹുക്കുകൾ അഴിച്ചിരിയ്ക്കുന്നു. ഇപ്പോ അവന്റെ മുഖത്ത്‌ കള്ള ലക്ഷണമായിരിയ്ക്കുമെന്ന്‌ അവളൂഹിച്ചു. അവളറിയുന്നുണ്ടോയെന്നു ശ്രദ്ധിച്ച്‌ വിരലുകൾ അനക്കാതെ
വച്ചിരിയ്ക്കുന്നു.

അനാവൃതമാക്കിയുള്ള തടവൽ…….

വിരലുകൾ വീണ്ടും താഴേയ്ക്ക്‌ സാവധാനം………… അതിനുശേഷം സതീശന് രാധയുടെ അത്രയും ഉയരം വന്നിട്ടുണ്ടെന്ന്‌ വീട്ടുകാർ കണ്ടെത്തുകയും അവരെ ഒരുമിച്ച്‌ കിടക്കുന്നതിനെ വിലക്കുകയും ചെയ്തു.

ഞങ്ങളിന്നും ഓർമ്മിയ്ക്കുന്നു രാധയുടെ വിവാഹം. അവളെ വിവാഹം ചെയ്തത്‌ ഒരു രവീന്ദ്രൻ നായരായിരുന്നു. നല്ല ഉയരവും ഒത്ത ശരീരവും ഉണ്ടായിരുന്നു അയാൾക്ക്. അയാൾ ഒരു പട്ടാളക്കാരനായിരുന്നു. പട്ടാളക്കാർക്ക് യോജിച്ച മീശയുമുണ്ടായിരുന്നു.

രാധയുടെ അച്ഛനും അമ്മയ്ക്കും അവൾ ഒറ്റ മകളായിരുന്നു. ആ ഒറ്റ മകളെ പുലർത്താൻ കൂടി അവർ വളരെ ബുദ്ധിമുട്ടിയിരുന്നു വെന്ന്‌ നാട്ടുകാർക്കൊക്കെ അറിയാമായിരുന്നു.

രാധയുടെ അച്ഛൻ കൂലിപ്പണി ചെയ്തും അമ്മ പശുവിനെ വളർത്തി പാലുവിറ്റും അവൾക്ക് വിവാഹത്തിന്‌ അഞ്ചു പവൻ സ്വർണ്ണവും അയ്യായിരം രൂപ സ്ത്രീധനവും കൊടുത്തിരുന്നുവെന്ന്‌ കഥയുമുണ്ടായിരുന്നു.

രവീന്ദ്രൻ നായർ പേരു പോലെ ശോഭിച്ചില്ല. അയാൾക്ക് രാത്രിയോടായിരുന്നു കൂടുതല്‍ അടുപ്പം. ഈ മഹാരാജ്യത്തെ ശത്രുക്കളിൽ
നിന്നും രക്ഷിയ്ക്കാനായിട്ട്‌ അതിർത്തി വേലിയ്ക്കരുകിൽ തോക്കും പിടിച്ച്‌ വെയിലും കൊണ്ട്‌ നിന്നാണ്‌ കറുത്തതെന്ന്‌ അയാൾ. അതല്ല, അവന്റെ അച്ഛന്റെ
നിറമാണെന്ന്‌ അമ്മ. അമ്മ നന്നായി വെളുത്തിട്ടാണ്‌. അവരെ ഞങ്ങൾ കണ്ടിട്ടുണ്ട്‌. അച്ഛനെ കാണാൻ കഴിഞ്ഞിട്ടില്ല. അയാൾ മരിച്ച്‌ പത്തു വർഷം കഴിഞ്ഞാണ്‌ രവീന്ദ്രന്റെ വിവാഹം നടന്നത്‌.

അന്ന്‌ രാധയ്ക്ക്‌ പത്തൊമ്പത്‌ വയസ്സായിരുന്നു. അവൾ വിവാഹത്തിന്‌ സെറ്റു സാരിയും ചുവന്ന ബ്ലൂൌസ്സുമായിരുന്നു ധരിച്ചിരുന്നത്‌. അച്ഛൻ കൊടുത്ത മാലയുടെ കൂടെ രവീന്ദ്രൻ
നായർ കെട്ടിയ താലിയും കൂടി നിറവെളിച്ചത്തില്‍ തിളങ്ങുന്നതു കൊണ്ടിപ്പാടത്തെ പെണ്ണുങ്ങൾ നോക്കിനിന്നു. പക്ഷെ,
ആണുങ്ങൾ അവളുടെ മുഖത്തുനിന്നും കണ്ണുകളെ അകറ്റിയില്ല. അവർക്ക് രാധയെ ആദ്യമായിട്ട്‌ കാണുന്നതായിട്ടാണ്‌ തോന്നിയത്‌. ഈ നാട്ടിൽ നിന്നും അവളെ പറഞ്ഞു വിടുന്നതിൽ ഖേദവും തോന്നിയിരുന്നു.

അവൻ എഴുതിയിരിയ്ക്കുന്ന കുറിപ്പിൽ ഒരിടത്ത്‌ വായിച്ചു.

നട്ടുച്ചയായിരുന്നു അത്‌, ആഴ്ചയേതെന്ന്‌ ഓർമ്മയില്ല. ചുറ്റും വള്ളിപ്പടർപ്പുകൾ നിറഞ്ഞിരിയ്ക്കുന്നു. ഞങ്ങളുരണ്ടാളും മാത്രം. മുമ്പും അവിടെപ്പോയി ഞങ്ങളിരിയ്ക്കാറുണ്ടായിരുന്നു.
പന്തലിച്ച മാവിന്റെ ചുവട്ടില്‍ നന്നായിട്ട്‌ തണലുണ്ട്‌. അവിടെയിരുന്ന്‌ ഞങ്ങളെത്രയോ കഥകൾ പറഞ്ഞിരിയ്ക്കുന്നു, നാട്ടിലെയും പുസ്തകത്തിലെയും സിനിമയിലേയും.

അവിടെ അങ്ങിനെയിരിയ്ക്കുന്നത്‌ ഞങ്ങളുടെ ശരീരങ്ങൾ പരസ്പരം സ്പർശിച്ചു കൊണ്ടുതന്നെയാവും. കൈകളും കാലുകളും. ഒരു പക്ഷെ, ശരീരവും വളരെ അടുത്തടുത്ത്‌.

പക്ഷെ. അതൊരിയ്ക്കലും ഒരു പെണ്ണും ആണും തമ്മിലുള്ള സ്പർശനമായിട്ട്‌ തോന്നിയിരുന്നില്ല.

അന്ന്,

വിരലുകൾക്ക് അറിയപ്പെടാത്തൊരു സ്പർശനശക്തി കിട്ടിയതുപോലെ…….മെല്ലെ മെല്ലെ കാലുകളിലെ രോമത്തിലൂടെ എന്തോ അരിച്ചരിച്ച്‌ കയറും പോലെ……………

ശരീരത്തിൽ എവിടെയെല്ലാമോ അടങ്ങി നിന്നിരുന്ന ശക്തി, താപം ഉണരുന്നതു പോലെ………

ഞങ്ങൾ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു, ആ കണ്ണുകൾ……………………

കണ്ണുകളിൾ ഒരു സമുദ്രം തന്നെ ആർത്തലയ്ക്കുന്നതു പോലെ… ..

ഒരു നിമിഷം ദേഹമൊന്ന്‌ ഞെട്ടിപിടഞ്ഞ്‌ കുളിരുകോരും പോലെ……………..

പിന്നെ, പരസ്പരം ശരീരത്തോട്‌ ഒട്ടിച്ചേരുകയായിരുന്നു. തടുക്കാൻ കഴിയാത്ത വേഗത്തിൽ……

ചേച്ചിയുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു……….
ആ ചുണ്ടുകളുടെ മധുരം………………

നാവിന്റെഈർപ്പം….. ..
ദേഹത്തിന്റെ ചൂട്‌………

ശരീരമാകെ കത്തിപ്പടരുകയായിരുന്നു.

ഹുക്കുകൾ ഊരി മാറിടം അനാവൃതമായപ്പോൾ………
അടിവസ്ത്രങ്ങൾ അഴിഞ്ഞുവീണപ്പോൾ………….
നിറഞ്ഞവെളിച്ചത്തിൽ ആദ്യമായി നഗ്നയായൊരു സ്ത്രീയെ കാണുകയായിരുന്നു.
വെണ്ണക്കൽ ശില്പം പോലെ…………………

പക്ഷെ,

പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌ ശരീരത്തിൽ നിന്നും എല്ലാം ഊഴ്‌ന്നിറങ്ങിപ്പോകുന്ന പോലെ……

കൈകൾ………….

ബോധമാകെഅശക്തമായിരിയ്ക്കുന്നു………
അകന്ന്‌ ആ മനോഹരമായ ദൃശ്യം കണ്ടിരുന്നപ്പോൾ,
ആ കണ്ണുകൾ തുറന്നു, ആ കണ്ണുകളിൽ, ചുണ്ടുകളിൽ, കൈകളിൽ ക്ഷണമായിരുന്നു.

പക്ഷെ………

ഈ കുറിപ്പിൽ കാലത്തിന്റെ സൂചനകളില്ല. തെക്കൻ മലയിൽ കാടും പടലും ഉണ്ടായിരുന്ന കാലത്തായിരുന്നു. സതീശനും രാധയ്ക്കും ആ കാടും പടലും അധികനാൾ സൂക്ഷിയ്ക്കാൻ കഴിഞ്ഞില്ല. അവിടെയെല്ലാം ജനസമൂഹങ്ങളാകുകയും കൃഷിയിടങ്ങളായി പരിണമിയ്ക്കുകയും ചെയ്തു.

കുറിപ്പിൽ മറ്റൊരിടത്ത്‌ സതീശൻ എഴുതി, വിളക്കണച്ച്‌ സരിതയോടു ചേർന്നു കിടക്കുമ്പോൾ കൂടെയുള്ളത് രാധേച്ചിയായിട്ടാണ്‌ തോന്നുന്നത്‌, കത്തി നിൽക്കുന്ന സൂര്യവെളിച്ചത്തിൽ വെണ്ണക്കൽ
ശില്പം പോലെ…………

പിന്നെ ശരീരത്തിലൂടെ അഗ്നി പടരുകയായി………

കൈകാലുകൾ ദൃഢമാവുകയായി……….

സിരകൾ ഉജ്ജ്വലമാവുകയായി………

പങ്കജത്തിന്റെ അടുത്തും അങ്ങിനെ തന്നെ ആയിരുന്നു. എന്നാൽ രാധേച്ചിയുടെ മുമ്പിൽ ഉണ്ടാകുന്ന രാസപരിണാമത്തെ എന്താണ്‌ വിളിയ്ക്കേണ്ടത്‌, എല്ലാം സ്വാതന്ത്ര്യങ്ങളുമുണ്ടായിട്ടും………

വീണ്ടും ഒരിടത്ത്‌ സതീശന്‍ എഴുതി;

വളരെ നാളുകൾക്ക് ശേഷമാണ്‌ രാധേച്ചിയെ കണ്ടത്‌. മനപ്പൂർവ്വം മാറി നടക്കുകയായിരുന്നു. എന്തിനായിരുന്നെന്ന്‌ എനിയ്ക്കറിയില്ല. കണ്ടപ്പോൾ ചേച്ചി വിങ്ങിക്കരയുകയായിരുന്നു. അതുകണ്ടു നില്ക്കാനായില്ല. ശരീരത്തോട്‌ ചേർത്ത് അമർത്തി നിർത്തിയപ്പോൾ കരച്ചിൽ അടങ്ങി വന്നു. തേങ്ങൽ മാത്രമായി. ആ ഹ്യദയത്തിന്റെ മിടിപ്പ്‌ എന്റെ നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു. പിന്നെ കൈകൾ അയഞ്ഞു വന്നു. ദേഹങ്ങൾ അടർന്ന്, അകന്ന്‌ ചേച്ചി കട്ടിലിൽ ഇരുന്നു. കട്ടിലിൽ കിടന്ന്‌ ആ മടിയിൽ

തലചായ്ച്ചപ്പോൾ സമാധാനമായി, മനസ്സ്‌ ശാന്തമായി. ചേച്ചിയുടെ വിരലുകൾ തലയിലൂടെ പരതി നടന്നു കൊണ്ടിരുന്നു. മുഖം ആനന്ദദായകമായ ഒരനുഭൂതിയിൽ
അകപ്പെട്ടതു പോലെ………… കണ്ണുകളടച്ച്‌ ധ്യാനിയ്ക്കും പോലെ.. ..

എന്റെ മനസ്സ്‌ നിശ്ചലമായിരുന്നു, അവിടെ ഒരൊറ്റ രൂപം മാത്രം നിറഞ്ഞു നില്ക്കുകയായിരുന്നു.

രാധേച്ചിയുടെ………

മനസ്സ്‌ വീണ്ടും വീണ്ടും ശാന്തമായി, നിശ്ചലമായി…

അർദ്ധസുഷുപ്തിയായി……….

ചേച്ചിയുടെ ഉടൽ ഒന്നു പിടഞ്ഞതു പോലെ തോന്നി, അപ്പോഴാണ്‌ ഉണർന്നത്‌.

ചേച്ചി ഉലഞ്ഞ്‌ വിയർത്തിരിയ്ക്കുന്നു.

എന്താണത്‌……

എനിയ്ക്കറിയില്ല.

എന്തെല്ലാം സത്യങ്ങളാണ്‌ ഈ ദേഹത്തിനുള്ളിൽ…..

ഈ പ്രപഞ്ചത്തിനുള്ളിൽ……..

ഒന്നും അറിയില്ല.

എല്ലാവരുടേയും സ്ഥിതി അങ്ങിനെ തന്നെയാവാം, ഒന്നും അറിയില്ലാത്ത അവസ്ഥ. എല്ലാവരും തെളിയ്ക്കും വഴിയിലൂടെ നടക്കുന്നവരാകാം. ഭാവങ്ങൾ അങ്ങിനെയൊന്നുംമല്ലെങ്കിലും.

എന്താകിലും എനിയ്ക്ക്‌ ഈ രാധയെന്ന പെണ്ണ്‌ ആരാണ്‌ ?

പല പേജുകൾക്ക് ശേഷമൊരിടത്ത്‌, ഒരു പക്ഷെ, വളരെ നാളുകൾക്ക് ശേഷം, മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾക്ക് ശേഷമെഴുതിയ കുറിപ്പാകാം.

സംശയം വേണ്ട, ഞങ്ങൾ വായിയ്ക്കുന്ന ഈ കുറിപ്പു പുസ്തകത്തിന്‌ ഏതാണ്ട്‌ പത്തിരുപത്‌ വർഷത്തെ പഴക്കമുണ്ടെന്നുതോന്നുന്നു.
വായിയ്ക്കാം…

രവീന്ദ്രൻ നായർ എന്നെ വിളിപ്പിച്ചപ്പോൾ മനസ്സാകെ വിങ്ങിക്കൊണ്ടിരുന്നു. അയാളൊരിയ്ക്കലും
ഞാനും രാധേച്ചിയും ഒരുമിച്ചിരിയ്ക്കുന്നത്‌ കണ്ടിട്ടില്ലെങ്കിലും, അക്കഥകളൊക്കെ തീർച്ചയായും
ഇതിനകം അറിയുകയും മനസ്സിലാക്കുകയും ചെയ്തിരിയ്ക്കണം.

എന്നാൽ ഞങ്ങളു തമ്മിലുള്ള ബന്ധമെന്തെന്ന്‌ ചോദിച്ചാൽ എനിയ്ക്കെന്താണ്‌ മറുപടി കൊടുക്കാന്‍ കഴിയുക ?

കാമുകിയെന്നോ ?

ജ്യേഷ്ഠത്തിയെന്നോ ?

വെപ്പാട്ടിയെന്നോ ?

സത്യത്തിൾ ഇതിലേതെങ്കിലുമാണോ………..

രവീന്ദ്രൻ നായരുടെ കട്ടിലിനു താഴെ നിമിഷങ്ങളോളം തലകുനിച്ചു നിന്നിട്ടും അയാൾ മിണ്ടാതിരുന്നപ്പോഴാണ്‌ ആ മുഖത്ത്‌ നോക്കിയത്‌. ഇപ്പോഴും അവിടെ ഒരു പട്ടാളക്കാരന്റെ ഗാരവവും നിശ്ചയ ധാർഷ്ട്യവുമുണ്ട്‌. മീശമുകളിലേയ്ക്ക്‌ പിരിച്ചു തന്നെയാണ്‌ വച്ചിരിയ്ക്കുന്നത്‌. നെഞ്ചു വരെ പുതപ്പു കൊണ്ട്‌ മൂടി……………

അയാളുടേത്‌ വിങ്ങുന്ന സ്വരമായിരുന്നു.

എന്റെ, രാധയെ ഉപേക്ഷിക്കരുത്‌, അവൾക്ക് വേറെ ആരുമില്ല…………………

സത്യത്തി; അപ്പോൾ മാത്രമാണ്‌ ഞാൻ രവീന്ദ്രൻ നായരുടെ നിസ്സഹമായ അവസ്ഥയെ ഓർമ്മിച്ചത്‌.

ക്ഷമിയ്ക്കണം, രവീന്ദ്രൻ നായരുടെ നിസ്സഹമായ അവസ്ഥയെന്തെന്ന്‌ പറയാൻ മറന്നിരിയ്ക്കുന്നു. നമ്മുടെ മഹാരാജ്യത്തിന്റെ അതിർത്തി വേലിയ്ക്കരുകിൽ തോക്കു പിടിച്ച്‌ നില്‍ക്കുകയായിരുന്നു അയാൾക്ക് ജോലി എന്ന്‌ സൂചിപ്പിച്ചിരുന്നു. അന്നൊരു ദിവസം അയാൾ ക്ലീൻ ഷേവ്ചെയ്ത്‌ കാട്ടരുവിയിൽ കുളിച്ച്‌, തുടച്ച്‌ മിനുക്കിയ തോക്കുമായിട്ട്‌ പകൽ ഡ്യയൂട്ടിക്കാരനെ വിശ്രമിയ്ക്കാൻ വിട്ട്‌ രാത്രിയിൽ ഡ്യൂട്ടി ചെയ്യുക ആയിരുന്നു.
രാത്രി മയങ്ങി തുടങ്ങിയിരുന്നതേയുള്ളൂ. ഒരു സംഘം തീയധ്രവാദികൾ ചെന്നായ്ക്കളെപ്പോലെ ഇരച്ചു
കയറുകയായിരുന്നു. ബയണറ്റു കൊണ്ടു കുത്തിയും കിട്ടിയ ലാക്കിന്‌ വെടിവെച്ചു അഞ്ചു പേരെ കൊന്നു മലർത്തി. അപ്പോൾ നാഭി തുരന്ന്‌ നട്ടെല്ലു തകർന്ന്, സുഷ്മന ചിതറിച്ചൊരു ബുള്ളറ്റ്‌ കടന്നു പോകുന്നതയാൾ അറിഞ്ഞു. പിന്നീട്‌ അറിവുണ്ടായപ്പോൾ അര മുതൽ താഴേയ്ക്ക്‌ ഒരിയ്ക്കലും ശക്തി ആർജ്ജിയ്ക്കാനാവാതെ തളർന്ന്………..

“അവരുമിവരുമൊക്കെ തന്നതായിട്ടും പട്ടാളത്തീന്ന്‌കിട്ടിയതാ യിട്ടും നല്ലൊരു തുക ഞാൻ രാധേടെ പേരിൽ ബാങ്കിലിട്ടിട്ടൊണ്ട്‌. പെൻഷനും കൂടിയാകുമ്പോ ഒരു മുട്ടുമില്ലാതെ ഞാൻ ചത്താലും അവൾക്ക്‌ കഴിയാം. എന്നാലും അവളെ നോക്കാൻ ഒരാള്‌…… ഒരു മോനെ അവക്ക്‌ കൊടുക്കാമ്മേലെ”

ഞാൻ കേട്ടതിനെ എനിക്ക്‌ വിശ്വസിയ്ക്കാനായില്ല. ലോകത്ത്‌ ഒരു പുരുഷനും, ഒരു ഭർത്താവും ഇങ്ങിനെ ചിന്തിയ്ക്കുമെന്ന്‌ ഞാൻ കരുതിയിരുന്നില്ല.

“എന്റെ മലോം മൂത്രോം എടുത്ത്‌ അവള്‍ വലഞ്ഞു. അവക്കും ഒരു സന്തോഷമൊക്കെ വേണ്ടെ…….. ഒരിയ്ക്കലും നീ അങ്ങിനെ അല്ലെന്നെനിയ്ക്കറിയാം……… ഞാൻ പെണ്ണിനെ ശരിയ്ക്കും
അറിഞ്ഞോനാ……… അവളുടെ ദേഹം അത്രയ്ക്ക്‌ ശുദ്ധമാണെന്നെനിയ്ക്കറിയാം….. അതോണ്ട്‌ ഇതൊരു അപേക്ഷയായി കൂട്ടിയാമത്….”

ഒന്നും പറയാതെ ആ മുഖത്ത്‌ നോക്കിനില്ക്കാനല്ലാതെ എനിയ്ക്കെന്തു കഴിയും, ഞാൻ നോക്കി നിന്നു……….

അപ്പോൾ അയാളൊരു പട്ടാളക്കാരനല്ല, രവീന്ദ്രൻ നായരുമല്ല. കേവലനായൊരു മനുഷ്യൻ, ഹൃദയമുള്ളൊരു മനുഷ്യൻ.

ഒരാഴ്ച അക്കഥ ഞാൻ മനസ്സിൽ കൊണ്ടുനടന്നു. ശേഷം, രാധേച്ചിയോടു പറഞ്ഞു. ഒരു നിമിഷം രാധേച്ചി എന്റെ കണ്ണുകളിൽ നോക്കിയിരുന്നു. വളരെ സാവധാനം വലതുകൈ എന്റെ തോളത്ത്‌ വച്ചു പിന്നീട്‌ അടക്കാനാവാത്ത വേഗത്തിൽ കെട്ടിപ്പിടിയ്ക്കുക ആയിരുന്നു, പൊട്ടികരയുകയായിരുന്നു.
കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞുകൊണ്ടിരുന്നു.

“നീ എന്റെ മോനാ…………… എനിയ്ക്ക്‌ നിന്നെ മതി…… നീ എന്റെ മോനാ……….. അല്ലേ………… അല്ലെ……“
അപ്പോൾ വളരെ പെട്ടെന്ന്‌ എനിയ്ക്കൊരു സത്യം അറിയാൻ കഴിഞ്ഞിരിയ്ക്കുന്നു.

രാധേച്ചി എന്റെ കാമുകിയല്ലെന്ന്‌………….. എന്റെ പെണ്ണല്ലെന്ന്‌……….. ഞാനവരെ ആരാധിയ്ക്കുക യായിരുന്നെന്ന്‌…………

എന്റെ ചേതനയായിട്ട്‌…….. എന്നിലെ സകലവികാരങ്ങളുമായിട്ട്‌……………… ഉണർവ്വായിട്ട്‌……. ഉ ന്മേഷമായിട്ട്‌………
സരിതയുമായിട്ടുള്ള ശാരീരീക ബന്ധത്തിനു
പോലും ആ ദേഹം പ്രചോദനമായികൊണ്ട്‌…….
രാധേച്ചി………….
മെല്ലെ മനസ്സിലേയ്ക്ക്‌ ഒരു തെന്നൽ കയറി വരും പോലെ……….മനസ്സിന്റെ വാതായനങ്ങൾ
വഴി, മെല്ലെയായിരുന്ന തെന്നൽ സാമാന്യം വേഗത്തിൽ ഉള്ളിൽ കയറി നിറയും പോലെ……. മനസ്സ്‌ നിറയെ കുളിർമയായിരിയ്ക്കുന്നു.
ആ കുളിർമ ആനന്ദമായി, അവാച്യമായി,

ഹാ…!

പക്ഷെ, ഞങ്ങൾ, കൊണ്ടിപ്പാടത്തുകാർ അതൊന്നും വിശ്വസിച്ചില്ല. ഞങ്ങൾക്ക് മുമ്പുള്ള ഈ ലോകരാരും അങ്ങിനെയൊരു ബന്ധത്തെ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ. നമ്മൾ,
കൊണ്ടിപ്പാടത്തുകാരുമാത്രമല്ല, മങ്കാവുടിക്കാരും മാത്രമല്ല, ഈലോകരു മുഴുവൻ രാധയേയും കൃഷ്ണനെയും പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌, നിർവ്വചിച്ചു കൊണ്ടിരിയ്ക്കുന്നത്‌.

@@@@@@
സരിതയുടെ സാമുഹ്യ പാഠങ്ങള്‍

നെരിപ്പോടെന്നാണ്‌ ഞങ്ങൾ രഹസ്യമായിട്ട്‌ അവളെ വിളിയ്ക്കുന്നത്‌. എന്തുകൊണ്ടങ്ങിനെ ഒരു
പേരു വിളിയ്ക്കുന്നു എന്നു ചോദിച്ചാൽ മറുപടിയൊന്നും പറയാനില്ല. നെരിപ്പോടു പോലെ എരിഞ്ഞടങ്ങുന്നൊരു സ്ത്രീജന്മമാണോയെന്നു ചോദിച്ചാൽ അല്ലാ എന്നേ പറയാൻ കഴിയൂ, കാരണം ജോണിയുടെ ഭാര്യ ജിൻസിയുടെയോ, രാധാകൃഷ്ണന്റെ ഭാര്യ ഭാനുവിന്റെയോ യാതൊരുവിധ അനുഭവങ്ങളും അവൾക്കില്ല.

ജിൻസിയുടെയും ഭാനുവിന്റെയും അനുഭവങ്ങളെന്തൊക്കെയെന്നല്ലേ. ജിൻസി ഇവിടെ വിവാഹം ചെയ്തെത്തുകയായിരുന്നു. ഏതാണ്ട്‌ പതിനൊന്നു വേഷങ്ങൾക്ക് മുമ്പ്‌, വെളുത്ത്‌ സുന്ദരിയായ അവളെ
അറവുകാരനായ ജോണി വിവാഹം ചെയ്തത്‌ ഞങ്ങാൾക്ക് ഒട്ടും പിടിച്ചില്ല. അവനെന്നും വെളുപ്പാം കാലത്ത്‌ മൂന്നു മണിയ്ക്ക്‌ ഉണേന്ന് ടൌണിലെ ചന്തയിൽ പോകും. അവന്റെ പ്രവൃത്തി തുടങ്ങുന്നത്‌ മൂന്നുമണിയ്ക്ക്‌ വെളുപ്പിനെ ആണ്‌. ഹോട്ടലുകളിൽ രാവിലെ പൊറോട്ട കഴിയ്ക്കാനെത്തുന്ന വർക്ക് കറി ഉണ്ടാക്കി കൊടുക്കണമെങ്കിൽ അവൻ അപ്പോൾ മുതൽ പണിയെടുക്കേണ്ടി വരുന്നു. നിത്യവും പത്തു പോത്തുകളെ എങ്കിലും അവൻ കൊല്ലാറുണ്ടെന്നാണ്‌ അറിവ്‌.

വെളുപ്പിനെ മൂന്നുമണി മുതൽ കെട്ടി തൂക്കുന്ന പോത്തിന്റെ മാംസ തുണ്ടം അറുത്തെടുത്ത്‌ വിറ്റു കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോ സന്ധ്യ കഴിഞ്ഞിരിക്കും.

അവൻ മടങ്ങി വരുമ്പോൾ, അവന്‌ ചുറ്റും പറ്റിപ്പിടിച്ചെത്തുന്ന കാറ്റിനും പച്ച മാംസത്തിന്റെ ഗന്ധമായിരിയ്ക്കും ഉണങ്ങിയ രക്തം ദേഹത്ത്‌ പലയിടത്തും പറ്റിപ്പിടിച്ചിരിയ്ക്കും. വന്നാലുടൻ ജിൻസി ചൂടുവെള്ളം കോരി ഒഴിച്ച്‌ കുളിപ്പിക്കും. വിവാഹത്തിന്‌ മുമ്പ്‌ അങ്ങനെ ഒരു പതിവ്‌ ഉണ്ടായിരുന്നില്ല. ഒത്താൽ സന്ധ്യയ്ക്ക്‌ മുമ്പെത്തുന്ന ദിവസങ്ങളിൽ മാത്രമേ കുളി ഉണ്ടായിരുന്നൊളളു. പിന്നീട്‌ പോത്തിറച്ചി കൂട്ടി സുഭിക്ഷമായ ഈണ്‌, ഉറക്കം. ദു:ഖവെളളിയാഴ്ച ഒഴിച്ചുളള ഒറ്റ ദിവസവും ജോണിനെ കൊണ്ടിപ്പാടത്ത്‌ പകൽ കാണാറില്ല. ജിൻസിയും അങ്ങിനെ തന്നെയായി. സാവാധാനം അവളുടെ ശരീരം കറുത്തു കറുത്തു വന്നു, തടിച്ചും അവൾ ഒരു എരുമയായി മാറി. അവർക്കുണ്ടായ നാല്‍ ആൺ മക്കൾ പോത്തുംകുട്ടികളെപ്പോലെ മിണ്ടാപ്രാണികളായി റോഡിന്റെ ഓരം ചേർന്നു നടന്നു. ഏറിയ നേരവും തോട്ടിലെ വെളളത്തിൽ മുങ്ങിക്കിടക്കുന്നതും കാണാം.

വളരെ വ്യത്യസ്ഥമായ അനുഭവമാണ്‌ ഭാനുവിന്റേത്‌. അവളെ രാധാകൃഷ്ണൻ ഇവിടെ വന്ന്‌ വിവാഹം ചെയ്യുകയായിരുന്നു. അവൻ ഒരു കോണ്‍ട്രാക്ടറുടെ വിശ്വസ്ഥനായ പണിക്കാരനായിട്ടെത്തിച്ചേരുകയായിരുന്നു. ഭാനു ഒരു പ്രേമത്തിന്റെ പരാജയത്തിൽ മനം നൊന്ത്‌
നിരാശ ഗാനം പാടിനടന്നിരുന്ന സമയവും. പ്രേമ പരാജയത്തോടൊപ്പം അവൾ ബ്രേസിയർ കമ്പനിയിലെ
പണിയും വേണ്ടന്നു വച്ച്‌ വീട്ടിൽ ചടഞ്ഞു കൂടി. വീടുകൾക്ക് വെള്ള പൂശിയും കൊച്ചു കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തും കിട്ടുന്നതു കൊണ്ട്‌ നാലു മക്കളെ പുലർത്താൻ പാടുപെടുകയായിരുന്നു അവളുടെ അച്ഛനും അമ്മയും. അതുകൊണ്ടു അവളുടെ കഥകളൊക്കെ
അറിഞ്ഞിട്ടും അനുനയത്തിൽ വിവാഹം ചെയ്യാനെത്തിയ രാധാകൃഷ്ണനെ അവർക്കിഷ്ടമായി.

പക്ഷെ, ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചെത്തി ആദ്യകാമുകന്റെ ശാരീരിക കഴിവുകളെക്കുറിച്ചും,
അവയവ ദൃഢതകളെപ്പറ്റിയും ചോദിച്ച്‌ മുടിയ്ക്ക്‌ പിടിച്ച്‌ വേദനിപ്പിയ്ക്കുകയും മോഹങ്ങളെ അപ്പാടെ
തല്ലിക്കെടുത്തികൊണ്ട്‌ മണിയറയിൽ തന്നെ ഛദ്ദിച്ചുകിടക്കുകയും ചെയ്തപ്പോൾ അവളറിഞ്ഞു തന്റെ
ജീവിതം നായ നക്കിയെന്ന്‌.

പിന്നീടുളള പല ദിവസങ്ങളിലും ചിറിയിൽ നായ നക്കാതിരിയാക്കാൻ രാധകൃഷ്ണനെ ഓടവക്കുകളിൽ നിന്നും എടുത്തുകൊണ്ടുവന്ന്‌ മണിയറയിൽ കിടത്തിയിരുന്നതും അവളു തന്നെ ആയിരുന്നു. ഒരു പെൺകുഞ്ഞ്‌ പിറന്നു കഴിഞ്ഞപ്പോൾ മകളുടെ പിതൃത്വം കാമുകനിൽ ഭാരമേൽപ്പിച്ച്‌
അവൻ എവിടേയ്ക്കോപ്പോവുകയും ചെയ്തു. ഭാനു ഇപ്പോഴും ബ്രേസിയർ കമ്പനിക്കാരന്റെ മിഷ്യൻ ചവുട്ടി രാവുകളും പകലുകളും താണ്ടുന്നു.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്‌ എന്നും പറഞ്ഞാൽ നല്ലൊരു ജീവിതമല്ലെ, അല്ലെങ്കിൽ ആയിക്കൂടെ സരിതയ്ക്കെന്ന്‌ നിങ്ങൾക്ക് തോന്നാം. അങ്ങിനെ തോന്നുന്നതിൽ തെറ്റില്ല. ഏതൊരു ശുഭാപ്തി വിശ്വാസിയ്ക്കും അങ്ങിനെയെ തോന്നാൻ കഴിയൂ.

വരട്ടെ, പക്ഷെയ്ക്ക്‌ ഉത്തരം പറയും മുമ്പു തന്നെ നമുക്ക്‌ സരിതയുടെ പൂർവ്വ ജീവിതകാലമൊന്ന്‌ ചികഞ്ഞു നോക്കേണ്ടിയിരിയ്ക്കുന്നു.

കാരണമുണ്ട്‌. നമ്മുടെ സമൂഹത്തിൽ അപൂർവ്വമായൊരു ജാതി സമുദായത്തിലെ അംഗമെന്ന നിലയിൽ അവളുടെ മാനസ്സീക വ്യാപാരങ്ങൾക്ക് പ്രത്യേകതകളുണ്ടെന്നാണ് ഞങ്ങൾ കാണുന്നത്‌.

അവളുടെ അച്ഛൻ സ്ക്കൂൾ വാദ്ധ്യാർ.

അവളുടെ അമ്മ സ്‌ക്കൂൾ വാദ്ധ്യാർ.

രണ്ടു പേരും പത്താം ക്ലാസ്സു കഴിഞ്ഞ ടി ടി. സി. ക്കാർ. ടി. ടി. സി. കഴിഞ്ഞ്‌ സർക്കാർ സർവ്വീസ്സിൽ അദ്ധ്യാപക നായപ്പോൾ അവളുടെ അച്ഛന്‌ ഒരു മോഹമുണ്ടായി, സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന സ്ത്രീയെ മാത്രമേ വിവാഹം ചെയ്യു എന്ന്‌. സർക്കാരു ജോലിക്കാരന്‍ സർക്കാരുജോലിക്കാരിയെ
വിവാഹം ചെയ്യുന്ന ഫാഷൻ ഉടലെടുത്ത കാലഘട്ടമായിരുന്ന് അത്‌. അതിനായിട്ടയാൾ ഒരുപാടു കാലം കാത്തിരുന്നു, തെരഞ്ഞു കൊണ്ടിരുന്നു. അയാളുടെ പെങ്ങളുമാരും അനുജന്മാരും വിവാഹം കഴിഞ്ഞ്‌ കുട്ടികളുമായി വാണരുളി ത്തുടങ്ങിയിട്ട്‌ വർഷങ്ങൾ തന്നെ പിന്നിട്ടു.  പലരും അയാളുടെ ഭാവി അവകാശിയാക്കപ്പെടുമെന്ന്‌ സ്വപ്നങ്ങളും കണ്ടു തുടങ്ങിയിരുന്നു.

ഒടുവിൽ പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ബസ്സ്‌ യാത്ര ചെയ്യേണ്ടി വരുന്ന ഒരിടത്തൊരു എൽ. പി. സ്ക്കൂളിലെ ടീച്ചറെ അയാൾ കണ്ടെത്തി, അപ്പോൾ വയസ്സ്‌ നാല്പത്തിയഞ്ച്, ടീച്ചർക്ക് നാല്പത്തിനാലര.

അര വയസ്സിന്റെ ഇളപ്പമുണ്ടെന്ന സാമാധാനത്തിൽ വിവാഹം നടന്നു; നടന്ന ശേഷമുള്ള വിരുന്നുകളിലെ തമാശകളിൽ ഒന്നിൽ ഒരു മുത്തശ്ശിയുടെ നാവിൽ നിന്നു ഉതിർന്നു വീണ
മുത്തുമണികളിൽ അവർ സ്‌ക്കുളിൽ ചേർന്നത്‌ ആറു വയസ്സിലായിരുന്നെന്നും അന്ന്‌ അഞ്ചു വയസ്സാണ്‌
രേഖയിലെഴുതിയതെന്നും കണ്ടെത്തി.

അയാൾ കണക്കുകൂട്ടി, പത്താംക്ലാസ്സുവരെ അയാൾ കണക്കിൽ ക്ലാസ്സിലെ ഒന്നാമനായിരുന്നു. സ്ക്കൂൾ ടീച്ചേഴ്‌സിന്റ ശമ്പളക്കണക്കെഴുതുന്നതും അയാളായതു കൊണ്ട്‌ കണക്കുകൂട്ടൽ തെറ്റിയതുമില്ല.

അയാൾ കൂട്ടിയെഴുതി. അയൽ പക്കത്തെ സ്‌ക്കൂളിന്റെ നിലനിൽപ്പിനു വേണ്ടി നാലര വയസ്സുണ്ടായിരുന്ന തന്നെ അഞ്ച്‌ വയസ്സെന്ന്‌ കാണിച്ച്‌ സ്ക്കൂളിചേർത്ത സ്ഥിതിയ്ക്ക്‌
വ്യത്യാസം……………

രണ്ടു വയസ്സ്‌.

എന്താകിലും ഒരു വർഷം കഴിഞ്ഞപ്പോൾ സരിത പിറന്നു. വീണ്ടും ഒരനുജനെയോ, അനുജത്തിയെയോ കിട്ടാനിടയില്ലാത്ത വിധത്തിലൊരു ഓപ്പറേഷന്‌ അമ്മയെ വിധേയയാക്കി കൊണ്ട്‌………

അറിവുകൾ തുടങ്ങിയ നാൾ മുതൽ അവൾ ഒരു കാര്യം അറിഞ്ഞു തുടങ്ങി, തന്റെ ബന്ധുക്കളെല്ലാം കൂലിപ്പണിക്കാരോ, കലപ്പണിക്കാരോ, മരപ്പണിക്കാരോ അവരെ സഹായിക്കുന്നവരോ ആണെന്നും, തന്റെ അച്ഛനും അമ്മയും മാത്രമേ സർക്കാരു ജോലിക്കാരായിട്ടുള്ളുവെന്നും. ആ അറിവ്‌ അവളുടെ തലച്ചോറിൽ കട്ട പിടിച്ച രക്തം പോലെയാണ്‌. തലച്ചോറിൽ രക്തം കട്ടപിടിച്ചാൽ ശരീരത്തിന്റെ ഏങ്കിലുമൊക്കെ ഭാഗങ്ങൾ തളർന്നു പോകുകയുമാണ്‌ സാധാരണ ഉണ്ടാവുക. അവളുടെ കാര്യത്തിൽ ബോധശത്തിന്റെ ഒരു ഭാഗം തളർന്നു പോയതു പോലെ ആയി.

അവൾ കരുതി, അവളേതോ രാഞ്ജിയുടെ മണിയറയിലെ കുറിഞ്ഞിപ്പൂച്ചയാണെന്ന്‌ എല്ലാവിധ ഗർവ്വുകളോടും കൂടി ധിക്കാരത്തോടും കൂടി വളർന്നു വന്നു.

അന്തഃപുരത്തിന്‌ പുറത്തുള്ള ചാവാലി പൂച്ചകളെപ്പോലെ ആയിരുന്നില്ല അവൾ. അവൾക്ക് വൃത്തികെട്ട എലിയെയോ, ചീഞ്ഞ ഉണക്ക മത്സ്യമോ തിന്നേണ്ടിയിരുന്നില്ല. പാലും വിശിഷ്ടഭോജ്യങ്ങളും ആട്ടിൻ മാംസവും, കോഴി മാംസവും, പൊരിച്ച മീനും നിത്യേന കഴിക്കാൻ പറ്റിയിരുന്നു.

അവൾ വിദ്യാഭ്യാസം കഴിഞ്ഞ്‌ പ്രത്യേക ജോലിയൊന്നുമില്ലാതെ ഉടുത്തൊരുങ്ങി വീട്ടിലിരിയ്ക്കുന്ന കാലം, അവളുടെ പ്രായത്തിലുള്ള ബന്ധുക്കളായ പെൺകുട്ടികളൊക്കെ വിവാഹം ചെയ്ത്‌ പോകുകയും കുട്ടികളുണ്ടാവുകയും ജീവിതം തിരക്കേറുകയും ചെയ്തിരുന്നു. എന്നിട്ടും സരിത ഒരു സ്വപ്നംപോലും കാണാതെ പകൽ സമയത്തും കിടന്നുറങ്ങി.

അങ്ങിനെയൊരു ഉച്ച സമയത്ത്‌ സതീശൻ കല്ല്യാണ ബ്രോക്കറുടെ കൂട്ടത്തിൽ അവളുടെ വീട്ടിലെത്തി. കല്ല്യാണ ബ്രോക്കർ അവന്റെ തന്നെ ബന്ധുവാണെന്നിരിയ്ക്കെ ഒരു സുഹൃത്തിനെ കൂട്ടി അപ്രകാരമുള്ള ഒരു ചടങ്ങിന്‌ പോകണമെന്ന്‌ ആഗ്രഹിച്ചിരുന്നു. പക്ഷെ, അതിനായിട്ടൊരു തിരച്ചിൽ നടത്തിയപ്പോഴാണ്‌ അത്രയും അടുപ്പമുള്ള ഒരു സുഹൃത്ത്‌ തനിക്കില്ലെന്ന്‌ അറിയുന്നത്‌. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന്‌ നിങ്ങൾക്ക് തോന്നാം. അതിന്‌ ഉത്തരം തരാൻ സതീശന്‌ മാത്രമേ കഴിയുകയുള്ളൂ. അക്കാര്യം ഇപ്പോൾ നമുക്ക്‌ മറക്കാം. നമ്മൾ സതീശന്റെയും, സരിതയുടെയും സംഭാഷണം കേൾക്കാൻ പോവുകയാണ്‌.
“പേര്‌ ?”

“സരിത.”

“എന്റെ പേര്…..”

“പറയണ്ട എനിയ്ക്കറിയാം.”

“ബ്രോക്കറു പറഞ്ഞു. ?”

“‌അതെ.”

“‌അയാളെന്നോടു പറഞ്ഞാരുന്നു. പക്ഷെ, ഞാനങ്ങു മറന്നുപോയി.”

 • “എവിടാപഠിച്ചത്‌?”
  “വിമൻസ് കോളേജില്‍.”
 • “അതെന്നാ?”

“ആണുങ്ങടെ ശല്യം സഹിയ്ക്കാഞ്ഞാ…”

“‌ഓഹോ……!?”

അവൻ സരിതയെ ശ്രദ്ധിച്ചു. അവൾ അലക്ഷ്യമായിട്ട്‌, ഇഷ്ടപ്പെടാത്തതു പോലെ, തുറന്നുകിടന്നിരുന്ന ജനാലവഴി പുറത്തേയ്ക്ക്‌ നോക്കി നിൽക്കുകയായിരുന്നു.

“ആണുങ്ങളെ ഇഷ്ടമല്ലാന്നാണോ ?”

അവളൊന്നും പറയാതെ മുഖമൊന്ന്‌ വെട്ടിച്ച്‌ അവനെ നോക്കിയിട്ട്‌ വീണ്ടും പുറത്തേയ്ക്ക്‌ നോക്കി നിന്നു. സാധാരണ പെൺകുട്ടികൾ ഇപ്രകാരമാകാൻ തരമില്ല. അവരുടെ മുഖത്ത്‌
എല്ലായിപ്പോഴും ആകാംക്ഷയായിരിയ്ക്കും. മനസ്സ്‌, ഹൃദയം സദാ പിടഞ്ഞു കൊണ്ടിരിയ്ക്കും, മുന്നിലിരിയ്ക്കുന്ന ചെറുപ്പക്കാരൻ ഒരു പക്ഷെ, തന്റെ ഭർത്താവായിപ്പോയെങ്കിലോ എന്നോർത്ത്, ഒറ്റ
നോട്ടത്തിൽ അയാളെപ്പറ്റി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു കൊണ്ടിരിയ്ക്കും. അവനൊരു മദ്യപാനിയും പുകവലിക്കാരനും ആകരുതേയെന്ന് പ്രാർത്ഥിച്ചു കൊണ്ടിരിയ്ക്കും.

പക്ഷെ, സരിത അങ്ങിനെ ഒന്നും ചിന്തിച്ചിരുന്നിരിയ്ക്കില്ല. ഒരു പക്ഷെ, അവഥ ചിന്തിച്ചിരുന്നത്‌, ഇയാൾ എത്രയും വേഗം ഒന്നുപോയിരുന്നെങ്കിൽ എന്നായിരുന്നിരിയ്ക്കണം.

ഇടയ്ക്ക്‌ കുറച്ച്‌ മൌനം വന്നപ്പോൾ അവൾക്ക് അസഹ്യതയായി.

“കഴിഞ്ഞോ?”
 “ഇല്ല.”
“എന്നാചോദിയ്ക്ക്‌.”
“വായനയുണ്ടോ?”
“എന്തുവായന?”
“പുസ്തകം, വീക്കിലി.”

“ഇല്ല.”
“പത്രം?”
 “ഇല്ല”
:ടിവിയിൽവാർത്തകേൾക്കുമോ?”
“ഇല്ല. സീരിയലുകാണും ക്രിക്കറ്റുകാണും.”

“എന്നാ ചോദ്യം നിർത്തുന്നു. ”

സതീശൻ എഴുന്നേറ്റു. അവൾ മുഖം വെട്ടിച്ച്‌ വാതിൽ കർട്ടനെ ദേഷ്യത്തോടെ അകറ്റി അകത്തേയ്ക്കു പോയി.

ഇറങ്ങി നടക്കവെ സതീശൻ ബ്രോക്കറോടു പറഞ്ഞു.അവൾക്ക് കളക്ടറോ ഡോക്ടറോ മറ്റോ ആണ്‌ നോട്ടം.

എന്നിട്ടും ഒരു മാസം തികയും മുമ്പ്‌ ബ്രോക്കർ സതീശനെ അന്വേഷിച്ചെത്തി. സരിതയുടെ ഫോട്ടോയും സമ്മത പതവുമായിട്ട്‌.

യഥാർത്ഥത്തിൽ, സതീശൻ ആ ബന്ധം വേണ്ടായെന്നു വയ്ക്കുകയായിരുന്നു നല്ലത്‌. കാരണം യാഥാർഥ്യങ്ങളുമായി യോജിയ്ക്കാൻ കഴിയാത്തൊരു പെൺകുട്ടിയോടു കൂടിയുള്ള ജീവിതം അരോചകമേ ആവുകയുള്ളുയെന്നതു കൊണ്ട്‌.

പക്ഷെ, ആത്മാർത്ഥമായൊരു അന്വേഷണം നടത്താനോ, അവനൊരു ജീവിത സഖിയെ കണ്ടെത്തിക്കൊടുക്കാനോ താല്പര്യമുള്ള ഒരാളിന്റെ അഭാവം അവനെ തളത്തി, ഒരു നല്ല
സുഹൃത്തിന്റെ ഇല്ലായ്മ പൂർണ്ണമായും മനസ്സിലായി. അലക്ഷ്യരായിരുന്നു അച്ഛനും അമ്മയും.

പരിണതം സതീശൺ സരിതയെ വിവാഹം ചെയ്തു.

തികച്ചും യാദൃശ്ചികമായിട്ടാണ്‌ സതീശനെഴുതിയ കുറിപ്പുകൾ അടങ്ങിയ ഒരു ബുക്ക്‌ ഞങ്ങളുടെ കൈയിൽ കിട്ടിയത്‌. വേണമെങ്കിലതിനെ ഡയറി എന്നു പറയാം. പക്ഷെ, തീയതി പ്രകാരം കൃത്യമായിട്ടെഴുതിയിട്ടുള്ളതല്ല. വസ്ത്രങ്ങളുടെ അളവുകളെഴുതി വയ്ക്കുന്ന ബുക്കിന്റെ മറുപുറത്ത്‌
നിന്നും വെറുതെ തീയതിയോ മറ്റ്‌ കാലനിശ്ചയങ്ങളോ ഇല്ലാത്തക്കുറിപ്പുകൾ……

സതീശന്റെ അച്ഛൻ പ്രവൃത്തിയിൽ നിന്നും വിരമിച്ചിട്ടുള്ള വനവാസം പെട്ടെന്ന്‌ അവസാനിപ്പിച്ച്‌,
വീണ്ടും സ്വന്തം തൊഴിലായ തയ്യലിലേയ്ക്ക്‌ മടങ്ങി വരികയും താൻ ആദ്യം നടത്തിയിരുന്ന, പിന്നീട്‌ മകൻ തുടർന്നു വന്നിരുന്ന തയ്യല്‍കടയുടെ സാരഥ്യം വീണ്ടും ഏറ്റെടുക്കുകയും ചെയ്തു കൊണ്ട്‌ കട വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ട്‌ വെയ്സ്റ്റ്‌ എന്ന പേരിൽ പുറത്തെറിഞ്ഞ വെട്ടു തുണികൾക്കും കടലാസു തുണ്ടുകൾക്കും ഇടയിൽ ഒളിഞ്ഞു കിടക്കുകയായിരുന്നു, ഈ കുറിപ്പു പുസ്തകം.

എടുത്ത്‌ തുറന്നപ്പോഴാണ്‌ അത്ഭുതങ്ങൾ പിറന്നു തുടങ്ങിയത്‌.

ആദ്യരാത്രി.

എന്റെയും സരിതയുടെയും.

ഏതൊരു സാധാരണ മനുഷ്യന്റെയും ജീവിതത്തിൽ    ഉണ്ടാകുന്ന, വളരെ വിലപ്പെട്ട, ഓർമ്മയിൽ നിൽക്കുന്ന ഒരു രാത്രി…………….

പുരുഷനും, സ്ത്രീയും ഒരു പക്ഷെ, ആദ്യരാവിന് മുമ്പു തന്നെ ലൈഗീകബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാകാം. പക്ഷെ, അത്‌ നൈമീഷികമായൊരു വികാരത്തിന്‌ അടിമപ്പെട്ട്‌ ചെയ്യുന്നൊരു ശാരീരികമായ കർത്തവ്യം മാത്രമായിരിയ്ക്കും. എന്നാൽ വിവാഹശേഷം എല്ലാവരുടെയും സമ്മതത്തോടെയുള്ള ബന്ധം, അതിന്റെ വൈകാരികത ഒന്നു വേറെ തന്നെയാണ്‌. യാതൊരു വിധ വിലക്കുകളുമില്ലാതെ, വിമ്മിട്ടങ്ങളുമില്ലാതെ, എല്ലാചരാചരങ്ങളും, എല്ലാ സുഗന്ധങ്ങളും, എല്ലാ തെന്നലുകളും അനുവാദം തന്നിരിയ്ക്കുന്നതിനാൽ മനസ്സിന്‌ യാതൊരു വിധ കനവുമില്ല. മനസ്സ്‌ എത്ര മൃദുലമായിരിയ്ക്കുന്നു.

ഞാനെത്തുമ്പോൾ അവൾ കട്ടിലിന്റെ ഒരു മൂലയിൽ പതുങ്ങിയിരിയ്ക്കുകയായിരുന്നു. അപ്പോൾ എനിയ്ക്ക്‌ തോന്നിയത്‌ അവൾ, വലിയ എലിപ്പെട്ടിയിലകപ്പെട്ട ഒരു കുഞ്ഞെലിയാണെന്നാണ്‌.

ഞാൻ ഉള്ളിൽ കയറി കതകിന്റെ കുറ്റിയിട്ടത്‌ അവൾ കേട്ടിരിയ്ക്കണം. പക്ഷെ, അടുത്തെത്തി
അവളുടെ ദേഹത്ത്‌ സ്പർശ്ശിച്ചപ്പോൾ വല്ലാതെ ഞെട്ടിയിരിയ്ക്കുന്നു. ഞാൻ ക്ഷമചോദിച്ചിട്ടും അവൾക്ക് രസിച്ചില്ല, സഹിച്ചില്ല.

“യൂ” എന്നു പറഞ്ഞതു മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. തുടർന്ന് പറഞ്ഞത്‌ തെറിയായിരിയ്ക്കാം. എന്താകിലും തുടർന്ന് മനസ്സിലേയ്ക്ക്‌ നോക്കുമ്പോൾ അവിടെ ആഴത്തിലൊരു മുറിവു കാണാറായി. എന്നിട്ടും മുറിവിനെ കണക്കാക്കാതെ ജീവിതത്തിന്റെ മധുരതരമായ യാഥാർത്ഥ്യത്തിലേയ്ക്ക്‌ ഞാൻ ഇറങ്ങി വരിക തന്നെ ചെയ്തു. യാഥാസ്ഥിതികമായൊരു നടപടിയാണെങ്കിലും, അമ്മ തന്ന ഒരു ഗ്ലാസ്സ്‌ പാലിൽ കുറച്ച്‌ കുടിച്ച്‌ അവൾക്ക് കൊടുക്കുമ്പോൾ ഹൃദയത്തിന്റെ വാതിൽ അവൾക്കായി തുറന്നിടുന്നു എന്നാണ്‌ ഞാൻ ചിന്തിച്ചിരുന്നത്‌. പക്ഷെ, അവൾ അതു നിരസിയ്ക്കുമ്പോൾ എന്താണ്‌ മനസ്സിലാക്കേണ്ടത്‌…………….

ഞാനൊന്നും മനസ്സിലാക്കിക്കാനോ, വിശദീകരിയ്ക്കാനോ ശ്രമിച്ചില്ല. കാരണം എന്തു വിശദീകരണമായാലും കണ്ടെത്തലുകളായാലും ആ സമയത്ത് അവൾ പ്രതികൂലമായിട്ടേ കാണൂ എന്ന്‌ കരുതി, വളരെ അനുനയത്തോടു കൂടി കിടന്നു കൊള്ളാനും വിശ്രമിച്ചു കൊള്ളാനും പറഞ്ഞു.

അവൾ കിടന്നു കട്ടിലിന്റെ ഓരം ചേർന്ന്, കട്ടിലിന്റെ കാൽ ഭാഗമേ വേണ്ടിയിരുന്നുള്ളൂ അവൾക്ക്.

ഇപ്പോൾ ഞാൻ വീണ്ടുമെന്റെ മനസ്സിനെ കാണുകയാണ്‌, ആദ്യമുണ്ടായ മുറിവിൽ നിന്നും ചോര വാർന്നൊലിച്ചു കൊണ്ടിരിയ്ക്കുന്നു.

നമുക്കൊരു കാര്യം വ്യക്തമാവുകയാണ്‌. ആദ്യരാത്രിയിൽ തന്നെ സതീശന്റെ വിവാഹ ജീവിതത്തിലെ അലോരസങ്ങൾ തുടങ്ങിയെന്ന്‌. പക്ഷെ,ഒരിയ്ക്കൽ പോലും പൊതു ജനം ആ സത്യം ഗ്രഹിച്ചിരുന്നില്ല എന്നതും.

സരിതയുടെ കഥയോട്‌ ചേർത്തു വച്ചു പറയാൺ പാകത്തിന്‌ കൊണ്ടിപ്പാടത്തുകാർക്ക് ഒരു കഥയേ വേറെയുള്ളൂ. ഒരു പക്ഷെ, മങ്കാവുടിക്കാരെ മൊത്തത്തിൽ നോക്കിയാൽ മറ്റു പല കഥകളും കാണുമായിരിയ്ക്കാം. എന്നാൽ കൊണ്ടിപ്പാടത്തുകാർക്ക് നിർമ്മല തോമസ്സിന്റെ കഥ മാത്രമേ ഉണ്ടായിട്ടുള്ളൂ…………

നിർമ്മല തോമസ്സ്‌.

അവൾ എന്നാൽ കൊണ്ടിപ്പാടത്തുകാരി ആയിരുന്നില്ല. മങ്കാവുടിക്കാരിയായിരുന്നു. അവളുടെ ബാല്യം എങ്ങിനെ ആയിരുന്നു എന്നറിയില്ല. കാരണം ഇപ്പോൾ ഇക്കഥ പറയുന്ന ഞാൺ ബാല്യത്തിൽ ശ്രീപുരം എൽ.പി. സ്ക്കൂളിലായിരുന്നു പഠിച്ചിരുന്നത്‌. അന്ന്‌ കൊണ്ടിപ്പാടത്തുകാരും ശ്രീപുരത്തുകാരും പ്രീ പ്രൈമറി വിദ്യാഭ്യാസം ശ്രീപുരം എൽ.പി.സ്ക്കൂളിൽ തന്നെയാണ്‌ നടത്തിയിരുന്നത്‌. അതുമാത്രമല്ല, അന്നു മങ്കാവുടിയിൽ തന്നെയോ അയൽ പക്കത്തെ പഞ്ചായത്തുകളിലോ ഇംഗ്ലീഷ്‌ മീഡിയം സ്ക്കൂളുകളോ, കിന്റർ ഗാർഡനുകളോ, എൽ.കെ.ജികളോ നിലവിലില്ലായിരുന്നു.

കൊണ്ടിപ്പാടത്തുള്ള ആശാന്മാർ നിലത്തു മണൽ നിരത്തി അതിനു പിന്നിൽ പായിൽ കുട്ടികളെ ഇരുത്തി ചൂണ്ടാണി വിരൽ തുമ്പ്‌ പൊട്ടിച്ചോരവരും വരെ അമർത്തി എഴുതിച്ച്‌ ഹരിശ്രീ പഠിപ്പിയ്ക്കുമായിരുന്നു.

പക്ഷെ, നിർമ്മല തോമസ്‌ ബാല്യത്തിൽ ഈട്ടിയിലെ തണുപ്പത്ത്‌ കമ്പിളി ഉടുപ്പും തൊപ്പിയുമായിട്ട്‌ ഏതോ സായിപ്പ്‌ നടത്തുന്ന സ്‌ക്കൂളില്‍ എൽ.കെ.ജിയും, യു.കെ.ജി.യും ഫസ്റ്റും സെക്കന്റും തേഡും ഫോർത്തും സ്റ്റാന്റേർഡുകൾ കഴിഞ്ഞിട്ടാണ്‌ അപ്പർ പ്രൈമറിയെന്ന കുരിശും പേറി മങ്കാവുടിയിലെ
പള്ളിക്കാരുടെ സ്‌ക്കൂളിലെത്തിയത്‌. ഞങ്ങളുടെ സ്‌ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു. പക്ഷെ, ഒരു ക്ലാസ്സിലും അവരെ ഒരുമിച്ചിരുത്തിയില്ല. അദ്ധ്യാപകരുടെ റൂമിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണിരിയ്ക്കുന്നത്‌, എങ്കിലും ക്ലാസ്സുകളിൽ ഒരുമിച്ചിരുത്താൻ മാനേജ്മെന്റിന്‌
ധൈര്യം വന്നില്ല. അതുകൊണ്ടു തന്നെ സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള പെരുമാറ്റം കാണാനായിട്ട് ഞങ്ങൾ അദ്ധ്യാപകരുടെ വിശ്രമമുറിയുടെ പാതി അടഞ്ഞു കിടന്നിരുന്ന ജനാലവഴി ഒളിഞ്ഞുനോക്കിയിട്ടുണ്ട്‌. ശരീര താപം വർദ്ധിപ്പിയ്ക്കും വിധത്തിലുള്ള പല കാഴ്ചകളും കണ്ടിട്ടുണ്ട്‌. കണ്ടതെല്ലാം ഭിത്തികളിൽ പടങ്ങളായും സാഹിത്യമായും പ്രദർശിപ്പിച്ചിട്ടുമുണ്ട്‌.

ഞങ്ങളുടെ സ്‌ക്കൂൾ യാക്കോബായക്കാരുടെതായിരുന്നു. എന്നാൽ കത്തോലിക്കരുടേതായി മങ്കാവുടിയിൽ തന്നെ സ്ക്കൂളുണ്ടായിരുന്നു, ഇന്നുമുണ്ട്‌. പക്ഷെ, അവർ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു സ്ക്കൂളിൽ പഠിപ്പിച്ചില്ല, രണ്ടു സ്ക്കൂളുകളിൽ കിലോമീറ്ററുകളുടെ
അകലത്തിലായിരുന്നു. ആൺകുട്ടികളുടെ സ്ക്കൂളിൽ അദ്ധ്യാപകരും പെൺകുട്ടികളുടെ സ്ക്കൂളിൽ
കന്യാസ്ത്രീകളായ അദ്ധ്യാപികമാരും പഠിപ്പിയ്ക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസങ്ങളും സംയോജന ഗുണങ്ങളും അവർക്ക് വ്യക്തമായിട്ട്‌ അറിയാമെന്നു വേണം ധരിയ്ക്കാൻ.

പക്ഷെ, അതുകൊണ്ട്‌ ദോഷങ്ങളുണ്ടായിരുന്നത്‌ വിദ്യാർത്ഥികൾക്ക് തന്നെയാണ്‌. അവിടത്തെ കുട്ടികൾക്ക് ചുവരെഴുത്തിനുള്ള കഥകളും ചിത്രങ്ങളും തേടി അയൽ പക്കങ്ങളിലെ മുറികളിൽ ഒളിഞ്ഞുനോക്കേണ്ടി
വന്നു.

അവൾ നിർമ്മല പറഞ്ഞിട്ടുണ്ട്‌ ഈട്ടിയിലെ സ്‌ക്കൂളിൽ ഒരു ബഞ്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നാണ്‌ പഠിച്ചിരുന്നതെന്ന്‌ അവളുടെ കളിക്കൂട്ടുകാരൻ റോബിൻ മൂത്രമൊഴിയ്ക്കുമ്പോൾ കണ്ടിട്ടുണ്ടെന്ന്‌…………

അതുകൊണ്ട്‌ അവൾക്കിവിടെ മിക്സഡ്‌ ക്ലാസ്സ്‌ കിട്ടാതിരുന്നതിൽ വിഷമമുണ്ടായിരുന്നു. ആ വിഷമം തീർത്തിരുന്നത്‌ ഇന്റർവെൽ വേളയിൽ ആൺകുട്ടികളുടെ ഏരിയായിൽ എത്തി എന്നെയും രാജുവിനേയും കൂട്ടി ഫുഡ്ബോൾ കോർട്ടിലെ കശുമാവിന്റെ തണലിൽ ഇരുന്ന്‌ കഥകൾ പറയുമ്പോഴായിരുന്നു. അന്നവളുടെ അച്ഛൻ മങ്കാവുടിക്കടുത്തുള്ള നഗരത്തിലെ മജിസ്‌ട്രേറ്റായിരുന്നു.
മങ്കാവുടിക്കാരുടേയും അയലത്തെ പഞ്ചായത്തുകാരുടേയും അതിനടുത്ത ചെറു നഗരങ്ങളുടേയും കേസുകൾ കേൾക്കുന്നതും വിധികൾ പറയുന്നതും അദ്ദേഹമായിരുന്നു.

പക്ഷെ, അപ്പർ പ്രൈമറി കഴിയുമ്പോഴേയ്ക്കും നിർമ്മല തോമസ്സിന്റെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഞാനും രാജുവും അതിനെപറ്റി ചർച്ച ചെയ്യുകയും, വഴക്കാകുകയും ചെയ്തിരുന്നു. നിഷ്ക്കളങ്കയായ തുറന്ന മനസ്സുള്ള പെൺകുട്ടിയാണെന്നായിരുന്നു എന്റെ വാദം. പക്ഷെ, രാജു നിഷ്കളങ്കതയിലും തുറന്ന മനസ്സിലും അത്ര വിശ്വാസമില്ലാത്തവനായിരുന്നു. എന്റെ നിലപാട്‌ എന്റെ മാത്രമായിരുന്നില്ല. അവൾ എന്നോടൊത്ത്‌ വീട്ടിൽ വന്ന്‌ അമ്മ കൊടുക്കുന്ന കപ്പ പുഴുക്കും മറ്റും ആർത്തിയോടെ തിന്നുന്ന തുകണ്ടിട്ട്‌ അമ്മയും മറ്റുവീട്ടിലുളളവരും പറയുമായിരുന്നു.

ഒരു ജാപ്പനീസ്‌ പാവക്കുട്ടിയുടേതുപോലെ ഓമനത്വമുള്ള മുഖമായിരുന്നു അവൾക്ക്, ഫ്രോക്കിട്ട്‌
തുള്ളിച്ചാടി നടക്കുമ്പോൾ, കിലുകിലാന്ന്‌ ചിരിയ്ക്കുമ്പോൾ എന്റെ കണ്ടെത്തലുകളായിരുന്നു ശരിയെന്ന്‌
സമർത്ഥിച്ചിട്ടുണ്ട്‌.

പക്ഷെ, അപ്പർ പ്രൈമറി വെക്കേഷൻ കഴിഞ്ഞ്‌ ഹൈസ്ക്കൂളിലേയ്ക്കുളള പ്രവേശനത്തോടുകൂടിയാണ്‌ അവൾ മാറിയത്‌. സ്ക്കൂൾ തുറന്ന്‌ അവൾ വന്നപ്പോൾ കണ്ണട വച്ചിരുന്നു, കട്ടികൂടിയ ഗ്ലാസ്സു വച്ചത്‌. കവിളുകൾ ഒട്ടിയിരുന്നു. കൺ തടത്തിൽ കറുപ്പ്‌ കയറിയിരുന്നു. ദേഹത്തെ സ്നേഹമയം നഷ്ടപ്പെട്ട്‌, തൊലി വരണ്ട്‌ ചെതമ്പലുകൾ ഉരുണ്ടു കൂടുന്നത്‌ കാണാമായിരുന്നു.

സഹസ്രയോഗ പ്രകാരമുളള ഹൃതങ്ങളും സ്നേഹ ലേപനങ്ങളും കിട്ടാനുണ്ടെന്ന്‌ അമ്മ അവൾക്ക് പറഞ്ഞു കൊടുത്തു. പക്ഷെ, അതുകളെ അവൾ സ്വീകരിയ്ക്കുക ഉണ്ടായില്ല. കട്ടിക്കണ്ണടയ്ക്ക്‌ പിറകിലെ രൂക്ഷമായ ഭാവം, അഗാധമായ ആഴം ഞങ്ങളെ അകറ്റി. അകറ്റിക്കൊണ്ടിരുന്നു, ഒരോ ദിവസവും കുറേശ്ശെയായിട്ട്‌.

ഇടയ്ക്കൊക്കെ വഴിയിൽ വച്ചു കാണുമ്പോൾ ആ കണ്ണുകളിൽ ഞാൺ നോക്കിയിരുന്നു, അവൾ കൂടുതൽ ആഴങ്ങളെ പ്രാപിച്ചു കൊണ്ടിരുന്നു. ദേഹത്തെ സ്നേഹമയം കൂടുതൽ കൂടുതൽ ചോർന്നു പോവുകയും ചെതമ്പലുകൾ വലുതാവുകയും ചെയ്തു.

ഞാൺ കാരണം തിരക്കാതിരുന്നില്ല. അച്ഛന്റെ വേലക്കാരിയുമൊത്തുള്ള സഹശയനവും വേലക്കാരിയുടെ പദവിയിൽ വന്ന മാറ്റവും അമ്മ വേലക്കാരി ആക്കപ്പെട്ടതുമായിരുന്നു കാരണങ്ങൾ. പക്ഷെ, അക്കഥകൾ കേട്ടിട്ട്‌ ഞാൻ മൂക്കത്ത്‌ വിരൾ വയ്ക്കുകയോ വായതുറനന്നിരുന്ന് കഥ കേൾക്കുകയോ ചെയ്തില്ല. കാരണം ഞാം കൊണ്ടിപ്പാടത്തുകാരനാണ്‌. എനിക്ക്‌ ചുറ്റും
നിത്യേനയുള്ള സംഭവങ്ങളായിരുന്നു, അതുകളെല്ലാം. അതുകൊണ്ട്‌ ഞാനവളെസാന്ത്വനപ്പെടുത്താൻ
ശ്രമിയ്ക്കാതിരുന്നില്ല. പക്ഷെ, എന്റെ സാന്ത്വനവാക്കുകളോ കാര്യങ്ങളോ അവൾക്ക് ഗ്രഹിയ്ക്കാനായില്ല.

നിർമ്മല തോമസ്സ്‌ ഇന്ന്‌ അറിയപ്പെടുന്ന ഫെമിനിസ്റ്റാണ്‌ സാമൂഹ്യപ്രവർത്തകയാണ്‌. അവളെ കാണുമ്പോൾ ഞാൻ സാറാ ജോസഫിനെ ഓർമ്മിയ്ക്കുന്നു.

അലാഹയുടെ പെൺമക്കൾ വായിച്ചപ്പോഴുണ്ടായ മാനസ്സീക പിരിമുറുക്കവും ശ്വാസം മുട്ടലുണ്ടാക്കുന്നു……………………

എന്നാൽ ഞങ്ങൾ കൊണ്ടിപ്പാടത്തുകാർ മൊത്തത്തിൽ ഇന്നും ചോദിയ്ക്കും.

“എന്നാടാ ഈ ഫെമിനിസ്റ്റെന്നു പറഞ്ഞാൽ…?”

@@@@@
അമ്മ

ഇത്‌
മാലതി,
സതീശന്റെ അമ്മ.

അമ്പത്തിയഞ്ച്‌
വയസ്സ്‌,
വെളുത്തനിറം,
വട്ടമുഖം,
മലയാളം മാത്രം അറിയും.

കാരണം പഴയ രണ്ടാംക്ലാസ്സുവരെയാണ്‌
വിദ്യാഭ്യാസം.
നാരായണന്റെ മകൾക്ക് അതിൽ
കൂടുതൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലായിരുന്നു.
അവരുടെ ചെറുപ്പക്കാലത്ത്‌
പെൺ കുട്ടികൾ സ്വപ്നം കാണാറില്ലായിരുന്നു.
സ്വപ്നങ്ങൾ കാണുന്നവരാണല്ലോ സ്ക്കൂളദ്ധ്യാപികയാവണം,
സർക്കാർ ഗുമസ്ഥ ആകണമെന്നൊക്കെ പറഞ്ഞിരുന്നുള്ളു.
മറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വപ്നങ്ങൾ കണ്ടിട്ടും കാര്യമില്ലായിരുന്നു.

മലയാളത്തുനാടിന്റെ
തെക്കുക്കിഴക്കൻ മലഞ്ചെരുവിൽ റബ്ബർ
രാജാക്കന്മാരുടെ നാട്ടിലാണ്‌
മാലതി പിറന്നു വളർന്നത്‌.
റബ്ബർ രാജാക്കന്മാരെന്ന വിശേഷണം ഇന്നത്തെ കാലാവസ്ഥയ്ക്ക്‌
ഭൂഷണമല്ലെങ്കിലും യോജ്യമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
പുതുപുത്തൻ മാരുതിക്കാറിൽ സ്ക്കോച്ചു
വിസ്ക്കിയുടെ ഫുൾബോട്ടിലുമായി,
റബ്ബർ കറപുരണ്ട വസ്ത്രങ്ങളുമായി റബ്ബർ
ചണ്ടി ചീഞ്ഞമണവുമായി
പാലാ, പൊൻകുന്നം പട്ടണങ്ങളിൽ
കണ്ടിരുന്ന ചെറുപ്പക്കാരെ നമ്മൾ മറന്നിട്ടില്ല.
അതുകൊണ്ട്‌
അവർ
ആനകൊട്ടിലിന് തന്നെ കഴിയട്ടെ.

അവിടെ മാലതിയുടെ വംശക്കാർ വളരെ
പേരുണ്ട്‌. മാലതിയുടെ അച്ഛൻ
നാരായണൻ,
നാരായണന്റെ ജേഷ്ഠാനുജന്മാർ, മുത്തശ്ശൂന്മാരും,
മുത്തശ്ശിമാരും,
അമ്മാവന്മാരും,
അമ്മായിമാരും,
കൊച്ചച്ഛന്മാരും,
കൊച്ഛമ്മമാരും,
മക്കളും മരുമക്കളു മൊക്കെയായിട്ട്‌……..

പക്ഷെ,
അവരൊന്നും റബ്ബർ മുതലാളിമാരല്ല.
റബ്ബർ മുതലാളികൾ,
ക്രിസ്ത്യാനികളും,
മുസ്ലീമുകളും അല്പം ചില നായന്മാരുമൊക്കെയാണ്‌.

എങ്കിൽ ഇവരാരെന്ന്‌
അറിയേണ്ടിയിരിയ്ക്കുന്നു.
തൊഴിലുകൊണ്ടു നോക്കാമെന്നുവച്ചാലോ കൃഷിപ്പണിക്കാർ,
കൽപ്പണിക്കാര്‍,
കയ്യാലകെട്ടുകാർ,
റബ്ബർ വെട്ടുകാർ,
മരപ്പണിക്കാർ………..

അവരോടു ചോദിയ്ക്കാമെന്നുവച്ചാലോ…………

ങാ…… ഞങ്ങളെവിടപ്പാ…
ഞങ്ങളിങ്ങനെയൊക്കെ ജീവിച്ചു
പോട്ടെ………………

പൊയ്ക്കോട്ടെ,
പോകണ്ട എന്നൊന്നും ഞങ്ങൾ പറയുന്നില്ല.
ഞങ്ങൾക്ക് അറിയേണ്ടത്‌,
നിങ്ങൾക്കും അറിയേണ്ടത്‌
ദൈവം മനുസ്മൃതിവഴി ഉണ്ടാക്കി വച്ചിരിയ്ക്കുന്ന തെന്നു പറയുന്നത്‌,
സാക്ഷാൽ കാണപ്പെട്ട ദൈവങ്ങളായ ബ്രാഹ്മണർ തരം തിരിച്ചു
കൊടുത്തിട്ടുള്ള വർണ്ണ വ്യവസ്ഥയിൽ,
ജാതീ വ്യവസ്ഥയിൽ എവിടെ നിൽക്കുന്നു എന്നതാണ്‌.

ബ്രാഹ്മാവിന്റെ മുഖത്തുനിന്നും ചാടിയവനോ
?

ബാഹുക്കളിൽ നിന്നും ഈർന്നിറങ്ങിയതോ?

ഉദരം പിളർന്നു
വന്നവനോ?

അതോ പാദം ഉരഞ്ഞു
പൊട്ടി പിറന്നവനോ ?

അതുമല്ലെങ്കിൽ ആദിവാസിയായ ദ്രാവിഡനോ
?

ഉത്തരമില്ല,
ഒന്നിനും.

കാരണം അവർക്കറിയില്ല.
ഈ ബ്രഹ്മാവാരെന്ന്‌,
മനുവാരെന്ന്,
മനുവുണ്ടാക്കിയ മനുസ്മൃതിയെന്തെന്ന്‌……

(മേൽ സൂചനകളിലെ ഹാസ്യം ഞങ്ങളുടെ വകയാണ്‌.
ആ ഹാസ്യത്തെ ചകങ്കുറപ്പുള്ളവർക്ക് സഹിയ്ക്കാം,
സഹിക്കാതെയിരിയ്ക്കാം,
ഞങ്ങളോട്‌
യുദ്ധം പ്രഖ്യാപിയ്ക്കാം.
)

ഞങ്ങൾ കൊണ്ടിപ്പാടത്തുകാരുടെ അന്വേഷണം എങ്ങും എത്തിയില്ല.
അതിനാൽ സതീശൻ പ്രായപുർത്തിയാകുന്നതു വരെ മേൽ ചോദ്യങ്ങൾക്ക്
ഉത്തരം കണ്ടെത്താനാകാതെ മനസ്സ് പുഴുത്തു
കഴിഞ്ഞു കൂടി.
സതീശൻ പ്രായപൂർത്തിയായി
കഴിഞ്ഞപ്പോൾ അവനെ ചോദ്യം
ചെയ്ത്‌
ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.ഒടുവിൽ ചരിത്ര
രേഖകളില്ലാത്ത ചരിത്ര
കഥ അവൻ ഞങ്ങളോടു
പറഞ്ഞു………….

ഞാൻ വിൽക്കുറുപ്പ്‌,
വിൽക്കുറുപ്പ്‌
ഒരു ഗോത്രമായിരുന്നു.
ദ്രാവിഡഗോത്രം.
വില്ല് ഒരു വാദ്യോപകരണമാക്കി സ്വയം പാട്ടുകൾ പാടി,
മറ്റു ഗോത്രക്കാരിൽ
നിന്നും അവർ
വ്യത്യസ്തത കാണിച്ചിരുന്നു.

നമ്പൂതിരിമാരുടെ
അധിനിവേശത്തിന് ശേഷമെന്നെങ്കിലുമായിരിയ്ക്കണം
വിൽക്കുപ്പ്‌
എന്ന നാമം ഉണ്ടായത്‌.
നാമകരണങ്ങളൊക്കെ നടത്താൻ അക്കാലത്ത്
വകതിരുവുണ്ടായിരുന്നത്‌ അവർക്ക് മാത്രമായിരുന്നല്ലോ! അല്ലെങ്കിൽ
ആവശ്യക്കാരും അവരു
മാത്രമായിരുന്നു. നമ്പൂരിമാരേക്കാൾ മുമ്പിവിടെ
റോമാക്കാർ വഴി ക്രിസ്ത്യാനികളും അറബികൾ വഴി മുസ്ലീങ്ങളും എത്തിയിരുന്നു.
പക്ഷെ,
അവർ
സ്ഥിരതാമസ്സുക്കാരായിട്ടെത്തിയവരായിരുന്നില്ല.
അവർക്ക് വേണ്ടിയിരുന്നത്‌
സുഗന്ധ ദ്രവ്യങ്ങളും മലഞ്ചരക്കുകളും മാത്രമായിരുന്നു,
അവരുടെ ഓരോ സങ്കരവർഗ്ഗങ്ങൾ ഇവിടെ ഉടലെടുത്തു എന്നിരിയ്ക്കിലും.

നമ്പൂരിമാരുടെ വരവിനു ശേഷമാണീ നാട്ടിൽ വിപുലമായ കൃഷികളുണ്ടായതും വിളവെടുപ്പുണ്ടായിട്ടുള്ളതും. അതിന്‌ മുമ്പ്‌ കാട്ടുഫലങ്ങൾ
തിന്നും,
കാട്ടുജീവികളെയും മത്സ്യവും തിന്ന്‌
കഴിഞ്ഞിരുന്ന വരായിരുന്നു അധികവും.
അത്യാവശ്യം കൃഷികൾ
ചെയ്തിരുന്ന വർഗ്ഗക്കാർ ഉണ്ടായിരുന്നില്ല
എന്നു പറയുന്നില്ല.
ഈ മലയാള
രാജ്യത്തിന്റെ ഏറിയ പങ്കും വലിയ
മലകളും അഗാധ
ഗർത്തങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ
വനാന്തരങ്ങളായിരുന്നു.

അപ്രകാരമുള്ള ദൂസാഹചര്യത്തിൽ എവിടെയോ
പാർത്തിരുന്ന ഒരു ചെറിയ
സമൂഹമായിരുന്നു എന്റെ കുലം,
വിൽക്കുറുപ്പ്‌.
ജീവിത രീതികളും കുടുംബ
ക്രമങ്ങളും ആഹാര രീതികളും വച്ചു നോക്കുമ്പോൾ
മദ്ധ്യഭൂപ്രക്യതിയുള്ളിടത്തെ വിടെയെങ്കിലും ആകാനെ നിവ്യത്തിയുള്ളൂ.

അക്കാലത്ത്‌
നായാടി നടന്നിരുന്ന നായന്മാരും എന്തദ്ധ്വാനവും ചെയ്തു പുലരാൻ തയ്യാറായിരുന്ന ഈഴവരും പാടത്ത്‌
കൃഷി ചെയ്തിരുന്ന പുലയരും കൂട
കെട്ടും മറ്റുമായി നടന്നിരുന്ന പാണരും
കർമ്മ കലാ
പ്രവർത്തനങ്ങൾ ചെയ്തിരുന്ന കർമ്മാളരും
പറയനും കണിയാനും ഓരോ ഗോത്രക്കാരായിരുന്നു.
നമ്പൂരിമാരുടെ അധിനിവേശ ശേഷം അദ്ധ്വാനിയ്ക്കാൻ മടിയായിരുന്ന അവർക്ക് പുലരണമെങ്കിൽ മറ്റുള്ളവരുടെ സഹായം
വേണ്ടിയിരുന്നു. അതിനായവർ ബുദ്ധിയും, തന്ത്രവും, മന്ത്രവും,
വിദ്യയും ആയുധങ്ങളാക്കി.
ഓരോ ഗോത്രക്കാരെക്കൊണ്ടും ഓരോ
പ്രവർത്തികൾ ചെയ്യിച്ചു. പക്ഷെ, ഇവിടെ
വിൽക്കുറുപ്പിന്റെ പ്രവർത്തിയെന്തെന്ന്‌
തിട്ടമില്ല. എന്താകിലും
ഓരോ ഗോത്രക്കാരെ ഏൽപ്പിച്ചിരുന്ന ജോലി അവരല്ലാതെ മറ്റാരും ചെയ്തിരുന്നില്ല. ചെയ്യാൻ
അനുവദിച്ചിരുന്നില്ല.
അനുവാദം കൊടുക്കാതിരുന്നത്‌
നമ്പൂരിമാർ മാത്രമായിരുന്നില്ല.
ഓരോരോ ഗോത്രക്കാരും പരസ്പരം ശത്രുക്കളും നേരിൽ കണ്ടാൽ ആക്രമിയ്ക്കുന്നവരും
, കൊല്ലുന്നവരും ആയിരുന്നു.
അപ്പോൾ ഒരാളുടെ പ്രവർത്തി
മറ്റൊരാൾ ചെയ്യാൻ സമ്മതിയ്ക്കുന്നത്‌ അസംഭവ്യമായിരുന്നു,
ഈ ശത്രുതാ മനോഭാവമാണ്‌
പിന്നീട്‌
അയിത്തമായി മാറിയത്‌.
തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും
ദൃഷ്ടിയിൾ പെട്ടാൽ ദോഷമുളളവരുമായിട്ട്‌ പരിണമിച്ചത്‌.

നമ്പൂരിമാർ അടക്കിവച്ചിരുന്ന വിദ്യ നായന്മാരിലേയ്ക്കും,
നായന്മാരിൽ നിന്ന്‌
ഈഴവരിലേയ്ക്കും
മറ്റ്‌
ജാതി സമൂഹങ്ങളിലേയ്ക്കും പകർന്ന് വന്നപ്പോൾ,
അവരെല്ലാം അറിവുള്ളവരായി തീർന്നപ്പോൾ തങ്ങളെല്ലാം തികഞ്ഞ അന്ധകാരത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്ന്‌
ഗ്രഹിയ്ക്കുകയും,
ആ അറിവ്‌
മോചനത്തിന്റെ ശബ്ദ ഘോഷമായി മാറുകയും ചെയ്തു.
പിന്നീട്‌
എല്ലാ അധഃകൃതനും
സങ്കലിയ്ക്കുകയും മറ്റുള്ള ഗോത്രക്കാരും തങ്ങളെപ്പോലെ മനുഷ്യരാണെന്നും അവരുമായി
കൂടിക്കഴിയുന്നതിൽ തെറ്റില്ലെന്നും, ജോലികൾ
ചെയ്യുന്നതിൽ തെറ്റില്ലെന്നും കണ്ടെത്തുകയും ചെയ്തു.

ഈ സാഹചര്യത്തിൽ വിൽക്കുറുപ്പ്‌
ഗോത്രത്തിലെ വാസികളും തൊഴിലു
തേടി, പുതിയ വാസസ്ഥലങ്ങൾ തേടി ഗോത്രത്തിന്റെ സാങ്കല്പിക ചുവരുകൾക്ക് പുറത്തേയ്ക്ക്‌
വന്നിട്ടുണ്ടാകണം.
ഒരു തൊഴിലിലും വിദഗ്ധരല്ലായിരുന്ന അവർ പലരുടേയും സഹായികളായി പരിണമിയ്ക്കുകയായിരുന്നു.
അങ്ങിനെ അവർ പല പല സംസ്ക്കാരങ്ങളുമായി
സങ്കലിയ്ക്കുകയായിരുന്നു.
പിന്നീടവർ ആയോധന കല പഠിപ്പിയ്ക്കുന്നവരും അക്ഷരവിദ്യ പഠിപ്പിയ്ക്കുന്നവരും കർമ്മ കലകൾ ചെയ്യുന്നവരും മറ്റു പല
തൊഴിലുകൾ ചെയ്യുന്നവരുമായി പരിണമിയ്ക്കുകയായിരുന്നു.
അതുവഴി അവർക്ക് മൂല്യച്ച്യുതിയുണ്ടായിട്ടുണ്ട്‌.
ഇന്നും പഴയ ഗോത്രത്തിന്റെ ആരാധനയെ പുണരുന്നവരുമുണ്ട്‌,
ആധുനീക ചിന്താഗതിക്കാരുമുണ്ട്‌………….

നമ്മൾ വീണ്ടും മാലതിച്ചേച്ചിയിലേയ്ക്കു വരികയാണ്‌.
ഈ ചേച്ചി വിളിയുണ്ടല്ലോ ഞങ്ങളുടെ നാട്ടിലെ ഒരു സ്റ്റൈലാണ്‌.
നൂറു വയസ്സു കഴിഞ്ഞ മുത്തശ്ലിയെയും പത്തു
വയസ്സുകാരൻ ചേച്ചിയെന്നു വിളിക്കുന്നത്‌
കേൾക്കാം.
അതിന്റെ ഓചിത്യമൊന്നും ഞങ്ങൾക്ക് ബാധകമല്ല, അരോചകമാണെങ്കിലും.

സുകുമാരന്റെ ഭാര്യ മാലതി.

അവർ അമ്പലത്തിൽ പോയിട്ടു
വരികയാണ്‌. സെറ്റു മുണ്ട്‌, കസവുകര, ചുവന്ന
ബ്ലൌസ്സ്‌,
ചന്ദനക്കുറി വലതു
കൈയ്യിൽ ഇലയിൽ പ്രസാദം………..അവർ
അത്ര സുന്ദരിയൊന്നുമല്ല.
എങ്കിലും,
കാണാൻ തെറ്റില്ല.
അമ്പലത്തിൽ പോയി
തുടങ്ങിയിട്ട്‌ അധികം നാളുകളായിട്ടില്ല.
വീട്ടിൽ സതീശന്റെ ഭരണം നടന്നു തുടങ്ങിയതിൽ പിന്നീടാണ്‌.

സുകുമാരൻ ഒരു യുക്തിവാദിയായിരുന്നു.
എ.ടി.കോവുറിന്റെ
ലേഖനങ്ങളും,
ഇടമറുകിന്റെ പുസ്തകങ്ങളും,
ഏതോ ഒരു ജോസഫിന്റെ പ്രതാധിപത്യത്തിൽ ഇറങ്ങിയിരുന്ന യുക്തിവാദി
മാസികയും വായിച്ചിട്ടുള്ളതിന്റെ
വെളിച്ചത്തിലാണ്‌
അങ്ങിനെ സംഭവിച്ചിരുന്നത്‌.
അയാളുടെ കാഴ്ച്ചപ്പാടിൽ എല്ലാം പ്രകൃതിയിൽ പിറക്കുകയും അവസാനിയ്ക്കുകയും വിലയം കൊള്ളുകയുമാണ്‌.

പ്രകൃതിയുടെ ചേഷ്ടകളാൽ പിറക്കുന്നു.
കുറെ നാൾ പ്രകൃതിയുടെ ചേഷ്ടകൾ കാണിയ്ക്കുന്നു.
ഒടുവിൽ പ്രകൃതിയുടെ ചേഷ്ടകളിൽ തന്നെ ഒടുങ്ങുന്നു.

ഒരു ബുദ്ധിയിൽ ശരിയല്ലേ
?

അതെ!

അപ്പോൾ ഒരു ക്ഷേത്ര
പ്രതിഷ്ഠയ്ക്കുമുന്നിൽ, ഒരു പള്ളിയിലെ
അൾത്താരയ്ക്കുമുന്നിൽ,
ഒരു മസ്ജിത്തിനുള്ളിൽ ആണ്‌
എല്ലാം അടങ്ങുന്നതെന്ന്‌
വിശ്വസിച്ചാലോ
?

ഞങ്ങൾ അറിയുന്നു,
നമുക്ക് ചുറ്റുമുള്ള വിശ്വാസികളിൽ തൊണ്ണൂറു ശതമാനവും അങ്ങിനെ തന്നെയാണെന്ന്‌,
ബാക്കിയുള്ള പത്തു
ശതമാനം ശക്തിഹീനരായതു കൊണ്ട്‌ ഒന്നും അറിയാത്തവരെപ്പോലെ,
കാണാത്തവരെപ്പോലെ,
കേൾക്കാത്തവരെപ്പോലെ,
ഉണ്ടും ഉറങ്ങിയും ഭോഗിച്ചും കഴിഞ്ഞു കൂടുന്നു.
തീർന്നില്ലേ,
അത്ര അല്ലെ ഉള്ളൂ
ജീവിതം
?

ചിരി വരുന്നുണ്ടോ,
വിളമ്പിയ വിഡ്ഡിത്തം ഓർത്തിട്ടാണോ,
എങ്കിൽ തെറ്റിയത്‌
നിങ്ങൾക്കാണ്‌………….. നിങ്ങൾ അറിഞ്ഞതു മാത്രമാണ്‌
അറിവെന്ന്‌
കരുതുന്നെങ്കിൽ,
നിങ്ങളാണ്‌ മൌാലീകവാദികളും
തീവ്രവാദികളും,
ക്രിമിനലുകളുമാകുന്നത്‌……

എല്ലാറ്റിനെയും ഒരേ അളവിൽ അടുപ്പിച്ചും അകറ്റിയും നിർത്താൻ കഴിയുന്നതു
കൊണ്ടാണ്‌ ഞങ്ങൾക്ക് പകൽ
നന്നായി ഭക്ഷണം കഴിയ്ക്കാൻ കഴിയുന്നതു;
പുലർച്ചയ്ക്ക്‌
നന്നായിട്ട്‌ ശോധന കിട്ടുന്നതും………………..

സാമാന്യ വിദ്യാഭ്യാസവും വളരെ വായനയും കുറച്ചധികം ചിന്തയുമായിട്ട്‌
തയ്യൽക്കാരനായിട്ട്‌
സതീശൻ കടന്നു
വരികയും അച്ഛനെ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടിവിയുടെ
മുന്നിൽ ഇരുത്തുകയും, ആവശ്യത്തിന്‌
ബീഡിയും അത്യാവശ്യം മദ്യവും എത്തിച്ചുകൊടുക്കുകയും ചെയ്തപ്പോൾ മാലതി
ചേച്ചിയ്ക്ക്‌
അമ്പലത്തിൽ പോകാമെന്ന സ്ഥിതിവിശേഷത്തിലെത്തി…………..

അതും നിത്യേനയൊന്നുമില്ല.
അസൌകര്യങ്ങളി
ല്ലാത്തപ്പോൾ പോകുന്നു.
അയല്‍പക്കത്തുള്ള
ഗണപതിയെ ഭജിയ്ക്കുന്നു.
വഴിപാടായിട്ട്‌
രണ്ടോ മൂന്നോ
നാണയം കൊടുക്കുന്നു,
പ്രസാദം കൈപ്പറ്റിപ്പോരുന്നു.

ചുരുക്കി പറഞ്ഞാൽ അത്ര വലിയ അല്ലലൊന്നുമില്ലാത്ത ജീവിതം അവർക്കിന്ന്‌
കിട്ടുന്നുണ്ട്‌.
പക്ഷെ,
ഒരാഗ്രഹം കൂടി ബാക്കി
നിൽപ്പുണ്ട്‌, സതീശന്റെ മകനെ
എളിയിൽ വച്ചു
നടക്കണം. ആ കുഞ്ഞിന്റെ അപ്പിയും
മൂത്രവും കൂടി വീട്ടിൽ ഉടുക്കുന്ന കൈലിമുണ്ടിൽ പറ്റിക്കണം…….

ഈ ആഗ്രഹം അവർ ഗണപതിയോട്‌
പറഞ്ഞിട്ടുണ്ട്‌,
പെട്ടിയിൽ സൂക്ഷിയ്ക്കുന്ന സരസ്വതിയുടെ പടത്തോടും പറഞ്ഞിട്ടുണ്ട്‌…………. സതീശന്റെ ഭാര്യ
സരിതയോടും പറഞ്ഞിട്ടുണ്ട്‌……..

മാലതിയ്ക്ക്‌
എല്ലാകാര്യത്തിലും സംശയവും ഭയവുമാണ്‌.
ഒരു കാര്യവും അവർ വിചാരിയ്ക്കുന്നതുപോലെയോ സ്വപ്നം കാണുന്നതുപോലെയോ നടന്നിട്ടില്ല.
അവർക്ക് എഴുത്തും
വായനയും അത്ര ഭംഗിയായിട്ടറിയുകയില്ലെങ്കിലും,
ഉദ്ദണ്ഡന്റെ കഥ കാർട്ടൂണായിട്ട്‌
മലയാളമനോരമ ആകഴ്ച്ചപതിപ്പിൽ വന്നിരുന്ന കാലത്ത്‌,
അതിൽ അച്ചടിച്ചു
വന്നിരുന്ന നോവലുകളും കഥകളും വായിയ്ക്കാറുണ്ടായിരുന്നു.
പക്ഷെ,
അതിലെ വരികൾ സാധാരണ പെൺകുട്ടികൾക്ക് നൽകിയിരുന്ന പ്രകമ്പനാവസ്ഥ അവർക്ക് ലഭിച്ചിരുന്നില്ല.
അതുകൊണ്ട്‌
യാതൊരുവിധ ഗുണഗണങ്ങളുമില്ലാതിരുന്ന,
കഷ്ടിയായുണ്ടായിരുന്ന വായനയും എന്നത്തേയ്ക്കുമായി നിർത്തി.

പക്ഷെ,
സമൂഹത്തിലേയ്ക്കവർ കണ്ണുകളും കാതുകളും തുറന്നു
തന്നെ വച്ചിരുന്നു. അയൽ പക്കങ്ങളിലെ സ്ത്രീകളിൽ
നിന്നും കിട്ടുന്ന വാർത്തകളെ അറിവുകളാക്കി മാറ്റിക്കൊണ്ടിരുന്നു.
അതുകൊണ്ടാണ്‌
സതീശന്റെ പതിനെട്ടാമത്തെ വയസ്സിൽ,
അവന്റെ ക്ലാസ്സിൽ പഠിയ്ക്കുന്ന ഒരു പെൺകുട്ടിയുമായിട്ട്‌
സ്‌നേഹമാണെന്നറിഞ്ഞപ്പോൾ അവരുടെ മനസ്സ്‌
പിടഞ്ഞത്‌.
ക്ഷേത്രത്തിൽ പോയിരുന്നില്ലെങ്കിലും
നിത്യേനയെന്നോണം, തുണിപ്പെട്ടിയുടെ അടിയിൽ
സൂക്ഷിയ്ക്കുന്ന
സരസ്വതിയുടെ ഫോട്ടോ എടുത്തു വച്ച്‌,
വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിലെല്ലാം പ്രാർത്ഥിയ്ക്കാറുണ്ടായിരുന്നത്‌.

ഒരു ആൺകുട്ടിയ്ക്ക്‌
പെൺകുട്ടിയോട്‌
സ്നേഹം തോന്നിയ വിവരം അറിയുന്ന ആൺകുട്ടിയുടെ അമ്മ പ്രാർത്ഥിയ്ക്കുന്നത്‌
ആ പെൺകുട്ടിയെ തന്നെ തന്റെ മകന ഭാര്യയായികിട്ടണമേ
എന്നായിരിയ്ക്കുമെന്നാകാം നിങ്ങൾ ഇപ്പോൾ കരുതുന്നത്‌.
എന്നാൽ സതീശന്റെ കാര്യത്തിൽ അങ്ങിനെ ആയിരുന്നില്ല.

ആ പെൺകുട്ടിയൊരു
റോമൻ കത്തോലിയ്ക്കയായിരുന്നതു കൊണ്ട്‌, അവരുടെ ഉന്നതസ്ഥാനീയതകൊണ്ട്‌
ആ പെൺകുട്ടിയെ മകൻ മറന്നു
പോകണമേ എന്നാണ്‌ പ്രാർത്ഥിച്ചിരുന്നത്‌. അതും
ഭയം കൊണ്ടുമായിരുന്നു. ഭയത്തിന്‌ നിദാനം
അവരുടെ ചെറുപ്പത്തിൽ സ്വന്തം നാട്ടിലുണ്ടായ ഒരു സംഭവമാണ്‌.

അക്കാലം,
മാലതിയുടെ അച്ഛന്‌
അമ്പതു വയസ്സ്‌
പ്രായം കാണും,
അവർക്ക് പത്തും.

അന്ന്‌
അത്തില് മേത്തരുടെ അഞ്ചുവയസ്സുകാരൻ മകനും,
ബേബിച്ചന്റെ നാലു വയസ്സുകാരി മകളും മാലതിയുടെ അച്ഛനെ ‘നാരായണൻ’ എന്നേ വിളിയ്ക്കുകയുള്ളായിരുന്നു.
അവരുടെ അച്ഛനെ മാത്രമല്ല,
വലിയച്ഛനെയും കൊച്ചച്ഛന്മാരെയും പേരേ വിളിയ്ക്കാറുള്ളായിരുന്നു.അത്തില്‌ മേത്തരുടെയും
ബേബിച്ചായന്റെയും പറമ്പിലെ പണിയ്ക്കാരായിരുന്നു മാലതിയുടെ കാരണവന്മാർ.
അന്നൊക്കെ പേരു
വിളിയ്ക്കുന്നതു
തന്നെ ബഹുമാനമായിട്ടാണവർ കരുതിയിരുന്നത്‌.

അക്കാലത്താണ്‌
അവളുടെ അച്ഛന്റെ അമ്മാവന്റെ ഒരു മകൻ,
റബ്ബർ വെട്ടുകാരൻ,
അയാളുടെ മുതലാളിയായിരുന്ന ഇച്ചായന്റെ മകളെ സ്‌നേഹിച്ചു പോയത്‌.
അയാൾ സുമുഖനും
ആരോഗദൃഢഗാത്രനും
സംസാരദൂഷ്യങ്ങൾ ഇല്ലാത്തവനുമായിരുന്നു, പെൺകുട്ടി
സുന്ദരിയും,
ആകാരസൌഷ്ഠവമുള്ളവളുമായിരുന്നു.
അവർ പരസ്പരം ആകർഷിച്ചത്‌
പ്രകൃതി നിയമങ്ങർക്ക് നിരക്കുന്നതുമായിരുന്നു.

സ്‌നേഹിക്കുന്നത്‌
അത്ര വലിയപാതകമാണെന്ന്‌
ഞങ്ങളും കരുതുന്നില്ല, നിങ്ങളും അങ്ങിനെ തന്നെ ആവും.

പക്ഷെ,
ആ ഇച്ചായൻ ചെയ്തത്‌
കാറ്റുണ്ടായി ഒടിഞ്ഞു
വീഴുന്ന റബ്ബർ കൊള്ളികൾ കൊത്തി നുറുക്കാനുപയോഗിച്ചിരുന്ന കോടോലി
കൊണ്ട്‌ അവനെ കൊത്തിക്കീറുകയായിരുന്നു.

അന്ന്‌
കൊച്ചു മാലതിയും അമ്മയോടൊപ്പം റബ്ബർ
തോട്ടത്തിൽ കിടന്നിരുന്ന അവനെ
കാണാൻ പോയിരുന്നു.
സ്‌നേഹത്തിന്‌ ഇത്രമാത്രം
ക്രൂരമായൊരു മുഖമുണ്ടെന്ന്‌
മാലതി ആദ്യമായി കണ്ടു. പിന്നീട്‌
മനോരമ ആഴ്ച്ചപതിപ്പിലും അങ്ങിനെ ചിലതൊക്കെ വായിയ്ക്കുകയും ചെയ്തിട്ടുണ്ട്‌.

പക്ഷെ,
സതീശന്റെ ആ ബന്ധം കമ്പ്‌
നട്ടുപിടിപ്പിയ്ക്കുന്ന ഒരു ചെമ്പരത്തിച്ചെടിയുടെ അനുഭവമായിരുന്നു.
കമ്പുനട്ട്‌
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചെറിയൊരു പൊടിപ്പുണ്ടായിയെന്നേയുള്ളൂ.
വീണ്ടും രണ്ടു ദിവസം
കൂടി കഴിഞ്ഞപ്പോൾ മണ്ണിലേയ്ക്കു
വേരിറങ്ങാത്തതിന്റെ പേരിൽ കരിഞ്ഞു
പോയി.

സഖാവ് പീറ്റർ വന്നു
പോയതിനു ശേഷം നാട്ടിലുണ്ടായിട്ടുള്ള
സംസാരങ്ങളും ആലോചനായോഗങ്ങളുടെ റിപ്പോർട്ടുകളും കേട്ട്‌
മാലതി ചേച്ചി പുളകം
കൊണ്ടിരിയ്ക്കുകയാണ്‌.
അവരുടെ മനസ്സ്‌
എന്തിന്റെയെല്ലാമോ അടിമയായി കഴിഞ്ഞു
വരികയായിരുന്നു. ബാല്യത്തിൽ അത്തില് മേത്തരുടെയും
ബേബിച്ചായന്റെയും പ്രതിഭയ്ക്കു
മുന്നിൽ, യാൌാവനത്തിൽ ഭർത്താവിന്റെ ധാർഷ്ട്യത്തിനു മുന്നിൽ കൂടാതെ എല്ലായ്പ്പോഴും തുണിപ്പെട്ടിയിൽ ഒളിച്ചു
വെച്ചിരുന്ന സരസ്വതിയുടെ പടത്തിനു മുന്നിൽ,
സതീശൻ പ്രായ
പൂർത്തിയായിക്കഴിഞ്ഞ്‌ ക്ഷേത്രത്തിലെ ഗണപതിയ്ക്ക്‌
മുന്നിൽ…….

ഇപ്പോൾ എല്ലാനേരവും അവളുടെ മനസ്സിൽ മകന്റെ മുഖം തെളിഞ്ഞു
നിൽക്കുകയാണ്‌. എല്ലാറ്റിനും മുന്നിൽ, എല്ലാവർക്കും
മുന്നിൽ തലയെടുപ്പോടു
കൂടി നിൽക്കാൻ പോകുന്നു
തന്റെ മകൻ…..

എങ്ങിനെ തലയുയർത്തി
നിൽക്കാതിരിയ്ക്കും! ഇത്രയും കാലം
തല തന്നെ ഉണ്ടെന്നു
തോന്നിയിരുന്നില്ലല്ലോ!

ഇനിയും ബഹുമാനിയ്ക്കാൻ,
മകന്റെ പേരിലാണെങ്കിലും,
ഇച്ചായന്മാരും,
മേത്തന്മാരും,
പൂജാരിമാരും,
കാര്യസ്ഥന്മാരും ക്യു
നിൽക്കുകയാവും.

അവന്റെ ചിരിയ്ക്കുന്ന മുഖം,
ആ ചിരിയിൽ മേലാള
വർഗ്ഗത്തിനോടൊരു പുച്ഛരസമുണ്ടെങ്കിലും വല്ലാത്തൊരു
വശ്യത തന്നെയാണ്‌.
അവന്റെ കണ്ണുകൾക്ക് വല്ലാത്തൊരു
ആകര്‍ഷണീയത തന്നെയാണ്.

എന്റെ മോനാണവൻ…………….

സെറ്റുമുണ്ടിന്റെ
കര പാദം വരെ നേരെയാണോ
നിൽക്കുന്നതെന്നു നോക്കി തോളത്തിട്ടിരിയ്ക്കുന്ന നേര്യത്‌ ഭംഗിയാർന്നു തന്നെയാണോ കിടക്കുന്നതെന്നു
നോക്കി, തല ലേശം
ഉയർത്തിപ്പിടിച്ച് ടാർ റോഡ്‌
വിട്ട്‌ വെട്ടുവഴിയിലൂടെ
നടന്നു. വഴിയിലൂടെ
കടന്നു പോകുന്നവർ അവരെ നോക്കി
ആദരവോടെ പുഞ്ചിരിയ്ക്കുന്നതും ശ്രദ്ധിച്ചു.

@@@@@
അച്ഛന്‍

അവറാച്ചൻ അടങ്ങിയിരിയ്ക്കില്ലെന്ന്‌
പീറ്ററിന്‌
മറ്റരേക്കാളും വ്യക്തമായിട്ട്‌
അറിയാമായിരുന്നു. എങ്കിലും പീറ്റർ സതീശനെത്തേടിയെത്തുന്നതിന്റെ രണ്ടു
നാൾ മുമ്പുള്ള രാത്രിയിലാണ്‌. അവനെ
തട്ടിക്കൊണ്ടു പോകുന്നത്‌.
നേരം വെളുക്കും മുമ്പു
തന്നെ മടങ്ങിയെത്തിയെങ്കിലുംസതീശന്റെ
നേർ ബുദ്ധിയിലൊരു കൊള്ളിയാനായി മിന്നി നിൽക്കുന്നുണ്ടാകും.

സന്ധ്യയ്ക്ക്‌
സ.പീറ്ററും
സ.സുരേന്ദ്രനും
എത്തുമ്പോൾ സുകുമാരൻ ടി.വി.കാണുകയായിരുന്നു.

സുകുമാരൻ,
സതീശന്റെ അച്ഛൻ,
അറുപതു വയസ്സ്‌,
സ്വയം നടത്തിയിരുന്ന തയ്യൽക്കടയിൽ നിന്നും പെൻഷൻ പറ്റി വീട്ടിലിരിയ്ക്കുന്നു.
ആഒഴിവിലേയ്ക്കാണ്
സതീശൻ നിയമിതനായത്‌. ഒരു
തയ്യൽക്കാരൻ എന്ന നിലയിൽ,
അതും തയ്യൽക്കട സ്വന്തമായിട്ടുള്ള സ്ഥിതിയിൽ അറുപതു വയസ്സിൽ
പെൻഷൻ പറ്റേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന്‌
നിങ്ങൾക്ക് തോന്നുന്നുണ്ടാകാം.
ശരിയാണ്‌,
പക്ഷെ,
അയാൾക്ക് വാതത്തിന്റെ അസുഖം കലശലായിട്ട്‌
അനുഭവപ്പെടുകയും,
വലതു കൈക്കും,
കാലിനും സൂചി
കുത്തുന്നതു പോലെ വേദന തോന്നുകയും
ചെയ്ത സ്ഥിതിയ്ക്ക്‌
വിശ്രമ ജീവീതത്തിലേയ്ക്ക്‌
പ്രവേശിക്കുകയുമാണുണ്ടായത്‌.

കൂടാതെ നാലു
മക്കളിൽ മൂന്നു പെൺ മക്കളെയും, നാട്ടു
സംസാര ശൈലിയിൽ പറഞ്ഞാൽ,
നല്ലനിലയിൽ വിവാഹവും ചെയ്തുവിട്ടു.
അതിൽ രണ്ടു
പേർക്ക് സർക്കാരുദ്യോഗം ഉള്ളതു കൊണ്ട്‌സർക്കാരുദ്യോഗസ്ഥരു തന്നെ വേട്ടു.
പഠിക്കാൻ ഇത്തിരി
മോശമായിരുന്നു രണ്ടാമത്തെ
പെൺ കുട്ടിയെങ്കിലും അവൾ അതിസുന്ദരിയായിരുന്നതിനാല്‍
അധികം കൊടുക്കലു വാങ്ങലുകളില്ലാതെ ഒരു ബിസിനസ്സുകാരനും കല്യാണം ചെയ്തു.

പഠിച്ചിട്ടും ജോലി ഒന്നും കിട്ടിയില്ലെങ്കിലും ഒരേയൊരു മകൻ,
സതീശൻ നല്ലൊരു തയ്യൽക്കാരനും നാട്ടിൽ സമ്മതനും,
സംസ്ക്കാരസമ്പന്നനുമൊക്കെയായ സ്ഥിതിയ്ക്ക്‌
വിശ്രമിക്കുന്നതിൽ തെറ്റില്ലെന്ന്‌
അയാൾ വിചാരിയ്ക്കുകയും ചെയ്തു അത്ര
തന്നെ.

ഇവിടെ ഒരു വിദ്വേഷം തോന്നാം.
സമ്മതനും,
സംസ്ക്കാര സമ്പന്നനും എന്ന വാക്കുകളിൽ.
എന്നാൽ അത്‌
ഞങ്ങളുടെ അറിവില്ലായ്മയിൽ നിന്നും വന്നിട്ടുള്ളതല്ല.
പങ്കജത്തിന്റെ കഥ നാട്ടിൽ
പാട്ടാകും മുമ്പു തന്നെ ഒതുക്കി തീർത്തിട്ടുള്ളതും,
ആണുങ്ങളായാൽ ഇത്തിരി ഇടപാടുകളൊക്കെയാകാമെന്ന്‌
കൊണ്ടിപ്പാടത്തുകാർ വിശ്വസിക്കുന്നതു
കൊണ്ടും കൂടിയാണ്‌. വളരെ പ്രധാനപ്പെട്ട
ഒരു കാര്യം വിട്ടിരിക്കുന്നു,
പെൻഷൻ വിശദീകരണം.
മൂന്നു നേരത്തെ ഭക്ഷണവും എണ്ണയും സോപ്പും മാത്രമല്ല വ്യവസ്ഥയിലുള്ളത്‌. ഉച്ചഭകഷണത്തിനു മുമ്പും അത്താഴത്തിനു പിമ്പും പാകത്തിന്‌
സുരയും കൂടിയുണ്ട്‌.
എന്താകണമെന്ന്‌
നിർബന്ധങ്ങളില്ല.
കള്ളാകാം,
ഇന്ത്യൻ
നിർമ്മിത വിദേശമദ്യമാകാം,
പട്ടയാകാം, അല്ലെങ്കിൽ
മീഥൈൽ ആക്കഹോളിൽ പാകത്തിന്‌
വെള്ളം ചേർത്തതുമാകാം.

കൊണ്ടിപ്പാടത്തിപ്പോൾ ഷാപ്പില്ല.
ഇട്ട്യാതിച്ചോൻ മരിക്കുകയും,
അയലത്തെ സ്ത്രീജനങ്ങൾ സമരം ചെയ്യുകയും ചെയ്തപ്പോൾ ഷാപ്പിനുള്ള ലൈസൻസ് നഷ്ടമായി.
എങ്കിലും ഷാപ്പിരുന്ന വീട്ടിൽ
കമലുവും കുമാരനും താമസ്സിക്കുന്നുണ്ട്‌.
കുട്ടപ്പൻ എവിടെയോ നാടുവിട്ടു
പോയി.

അയാളെവിടേലും കപ്പേം കറിം വച്ചു ജീവിക്കുന്നൊണ്ടാരിക്കുമെന്ന്‌
ഞങ്ങൾ അയാളെകുറിച്ച്‌
ഓർമ്മിക്കുമ്പോഴൊക്കെ പറയും.
കുമാരൻ ഇപ്പോഴും കൂലിപ്പണിക്കാരൻ തന്നെ.
കമലുവിന്റെ
തല നരയ്ക്കുകയും ശരീരം ഉടയുകയും രണ്ടു
മക്കളുണ്ടാകുകയും ചെയ്തു. ഇന്നവൾ
പരോപകാരിയാണ്‌,
ജനപ്രിയയാണ്‌
അതുകൊണ്ട്‌
അവളുടെ ചിട്ടി വ്യവസായം മുന്നോട്ടു
തന്നെയാണ്‌.

കള്ളില്ലാത്തതുകൊണ്ട്‌
വിദേശമദ്യമാണ്‌
സുകുമാരന്‌
പ്രിയം.
അതും വീട്ടിൽ കൊണ്ടു
വന്ന് വച്ചുമാത്രം കഴിയ്ക്കും. വല്ലപ്പോഴും
ഒരു രസത്തിന്‌,
ഒരു രൂചിമാറ്റത്തിനാണ്‌
നാടൻ പട്ടയും
പരദേശി ആൾക്കഹോളും കഴിയ്ക്കുന്നത്‌. എങ്കിലും
ഇന്നേവരെ ഞാറയ്ക്കലുണ്ടായതു
പോലെ കണ്ണിനു മങ്ങലുണ്ടാകുകയോ
കല്ലുവാതുൽക്കൽ ഉണ്ടായതു
പോലെ മരിയ്ക്കാൻ വരികയോ
ചെയ്തിട്ടില്ല.

സഖാക്കളുടെ അപ്പോഴത്തെ സന്ദർശനം സുകുമാരന് അത്രയ്ക്ക്‌
ഇഷ്ടമായിട്ടില്ല.
ടിവിയിൽ ഒരു സീരിയലിന്റെ കൊഴുപ്പേറിയ സീനുകൽ കണ്ടു
കൊണ്ടിരിയ്ക്കുകയായിരുന്നു. കഥ പഴയതു തന്നെയാണ്‌,
വ്യത്യസ്ഥമതക്കാരായ കാമുകീ കാമുകന്മാർ,
യോജിക്കാൻ കഴിയാത്ത അത്ര അകലമുള്ള സാമ്പത്തീക
നിലവാരങ്ങൾ, കൂടാതെ സംവരണം
വഴി ഭരണഘടന
തന്നെ നിലനിർത്തി കൊണ്ടിരിയ്ക്കുന്ന
ജാതീയമായ അന്തരവും,
സംശയം തോന്നിയോ?
ഇവിടെ കാമുകൻ സവർണ്ണനായ സിറിയൻ
ക്രിസ്ത്യാനിയും കാമുകി അവർണ്ണയായ കാക്കാലത്തിയും,
സാമ്പത്തീകമായും ജാതീയമായും കാമുകി
അവർണ്ണയാണെങ്കിലും ശാരീരികമായിട്ട്‌ പണ്ടു
വെളിച്ചം കയറാത്ത അന്തപുരങ്ങളിൽ
വാണിരുന്ന തമ്പുരാട്ടികുട്ടിയെ പ്പോലുണ്ട്‌.
കാമുകനാണെങ്കിലോ ഒരു വേട ചെറുക്കനെ പ്പോലെയും.

എന്താകിലും രണ്ടാളും ബന്ധനസ്ഥരായി കഴിയുകയായിരുന്നു.
തികച്ചും യാദൃശ്ചികമായിട്ട്‌
കെട്ടുകളിൽ നിന്നും വഴുതി ഏകാന്തമായൊരു പ്രദേശത്ത്‌
വച്ച്‌
സന്ധിക്കുന്നതാണ്‌
സീൻ.

കെട്ടിപ്പിടിയ്ക്കലും ഉമ്മവയ്ക്കലും,
സീല്‍ക്കാരങ്ങളും
ചിളുങ്ങലുകളും………. കൂടാതെ ഇടയ്ക്കിടയ്ക്ക്‌
വരുന്ന പരസ്യങ്ങളിലെ വെളുത്ത മോഹനമായ തുടകളും,
വിരിഞ്ഞ ജംഘനങ്ങളും,
തടിച്ച നിതംബങ്ങളും,
ഒതുങ്ങിയ അരക്കെട്ടുകളും,
ചലിക്കുന്ന പൊക്കിള്‍
ചുഴികളും,
സമൃദ്ധമായ മാറിടങ്ങളും………

എന്നിട്ടും സുകുമാരൻ അവർക്ക് ചെവി
കൊടുത്തു. അടുത്തടുത്തിരുന്ന്‌ ടി.വി കാണുന്ന
സതീശന്റെ അമ്മ വിമലയ്ക്കും ഭാര്യസരിതയ്ക്കും മുഷിവുണ്ടാകാതിരിയ്ക്കാൻ
പാകത്തിന്‌ ശബ്ദം താഴ്ത്തി സംസാരിച്ചു.

പീറ്റർ പറഞ്ഞു.

“ഞങ്ങൾ സതീശനെ ക്ഷണിയ്ക്കാന്‍
വന്നതാണ്‌.

“ക്ഷണിയ്ക്കാനോ
?”

“അതെ,
സഹകരണ പാർട്ടിയിലേയ്ക്ക്‌,
നഗരസഭയുടെ ഭരണം ഇപ്രാവശ്യം നമുക്ക്‌, സഹകരണ പാർട്ടിക്ക്‌
വേണം.”

“മനസ്സിലായില്ല.”

“എന്നാ മനസ്സിലാകാത്തേ?”

“അവനതിന്‌
സ്വതന്ത്ര നായിട്ടല്ലെ ജനിച്ചത്‌.
?”

“ആയിക്കോട്ടെ……സ്വതന്ത്രനായിതന്നെനിന്നോട്ടെ……പക്ഷെ,
നമ്മുടെ പാർട്ടിയെ ഒന്നു പിന്താങ്ങണം.
നഗരസഭയിലേയ്ക്ക്‌
ഇരുപത്തൊന്ന്‌
സീറ്റാ…… ചേട്ടനറിയാല്ലോ……
സംയുക്ത കക്ഷിക്ക്‌
പത്തും,
നമുക്ക്‌
പത്തും,
സതീശൻ സ്വതന്ത്രനും,
അവൻ പാർട്ടിയെ പിൻ
തുണച്ചാൽ പാർട്ടി ഭരിയ്ക്കും……”

“അതിന്റെആവശ്യമുണ്ടോ?”
“ഒണ്ടല്ലോ…… അല്ലെങ്കിൽ സംയുക്തന്മാര്‌
അവനെ പാട്ടിലാക്കിക്കളയും……… ഒരിയ്ക്കൽ അവരുടെ വലയിൽ
വീണുപോയാൽ അവനെന്നെന്നേയ്ക്കും ആ കുഴിയിൽ തന്നെ
കെടക്കും.”
“നിങ്ങളവനോട്‌സംസാരിച്ചോ?”
“ഇല്ല…ആദ്യം ചേട്ടനോട്‌
പറയാമെന്ന്‌
കരുതി.
ചേട്ടനാണേൽപാർട്ടി
അനുഭാവിയാണല്ലോ………
“എന്നാരുപറഞ്ഞു?”
“ചേട്ടൻ പറഞ്ഞു”

“അതെ ചേട്ടൻ പണ്ട്‌
കമ്മ്യുണിസ്റ്റായിരുന്നു…… അല്ലാതെ നിങ്ങളുടെ
പാർട്ടി അനുഭാവിയൊന്നുമായിരുന്നില്ല.”

അയാൾ സുകുമാരനും സതീശനെപ്പോലെ
തന്നെയായിരുന്നു. ചെറുപ്രായത്തിൽ അയാൾക്കും
എക്സറേ കണ്ണുകളായിരുന്നു.
ആളിനെ കണ്ടാൽ മതി ആ കണ്ണുകളിൽ അംഗവടിവുകളും
ത്രീമാനങ്ങളും വ്യക്തമായി
കൊള്ളും. ഒറ്റനോട്ടം കഴിഞ്ഞ്‌ ബ്ലൌസ്സുപോലും
തയ്ച്ചുകൊടുത്താൽ പിന്നീടൊരു മിനുക്കുപണി വേണ്ടി
വന്നിട്ടില്ല.

ഒരു ചെറിയ മഴ പെയ്താൽ മതി തോടു
നിറഞ്ഞൊഴുകുമായിരുന്നു. തോടിനിരുവശങ്ങളിലും മുണ്ടകനും
ഇട്ടിക്കണ്ടപ്പനും വിളഞ്ഞു
നിൽക്കുന്നതു കാണാൻ നല്ല രസമായിരുന്നു.
ഉയർന്ന ഇടങ്ങളിലെല്ലാം കപ്പയും ചേനയും ചേമ്പും,
ഇത്തിരി ചോലയുള്ളിടത്തെല്ലാം കാച്ചിലും കൃഷികളായിരുന്നു.
ആറുമാസം വെളുത്ത തണ്ടിനേക്കാൾ സിലോൺ കപ്പയ്ക്കായിരുന്നു
വിളവു കൂടുതൽ. പിന്നെ കുറച്ച്‌ മാവുണ്ട്‌, പ്ലാവുണ്ട്‌,
ആഞ്ഞിലിയുണ്ട്‌.
പാടത്തോട്
ചേന്ന് കുറച്ച്‌ തെങ്ങുകളും.

തെക്കൻ മല മുന്നൂറ്റി ശിഷ്ടം ഏക്കറുണ്ടായിരുന്നു.
വടക്കേത്‌
എഴുപത്തഞ്ചേക്കറും.
തെക്കൻ മല മുഴുവൻ രാമൻ നായർക്ക് തമ്പ്രാനിൽ
നിന്നും തായ് വഴിയായി കിട്ടിയതായിരുന്നു.
വടക്കൻ മല നാലോ അഞ്ചോ റോമൻ ക്രിസ്ത്യാനികൾ വളഞ്ഞെടുക്കുകയായിരുന്നു.
തെക്കൻ മല കരം
തീരുവയായി കിട്ടിയിരുന്ന പണ്ടാരപ്പാട്ടവും,
വടക്കൻ തരിശായ സർക്കാരുവക
ഭൂമിയുമായിരുന്നു.

വടക്കൻ മലയുടെ തെക്കേ
ചരുവിൽ തുച്ചമായ വിലയ്ക്ക്‌ ഇരുപതു സെന്റ്‌
സ്ഥലം വാങ്ങി കുടിലു
കെട്ടിയാണ്‌ സുകുമാരനും മാലതിയും
താമസ്സം തുടങ്ങിയത്‌.
കുടിലിന്റെ മേച്ചിൽ
വൈക്കോലായിരുന്നു. ചുമരുകൾ ചെത്തി തേയ്ക്കാത്ത
വെട്ടുകല്ലുകളും,
വാതിലുകളും,
ജനലുകളും,
കറുത്തവാവിന്റെ അന്ന്‌
വെട്ടി ഇരുപത്തിയൊന്നു ദിവസം തോട്ടിലെ വെള്ളത്തിൽ താഴ്ത്തിയിട്ട്‌
ചീയിച്ചെടുത്ത്‌
ഉണക്കിയ മാവിൻ പലകകളായിരുന്നു.

ആ കുടിലുകെട്ടാനായിട്ട്‌
സുകുമാരനെ സഹായിച്ചത്‌
രാമൻ നായരുടെ പുരയിടത്തിൽ കുടിലു
കെട്ടിപ്പാർത്ത് കൃഷി ചെയ്തിരുന്ന പുലയനും
മുറവും പനമ്പും നെയ്തു കൊടുത്തിരുന്ന
പറയനും രാമൻ നായരുടെ വീട്‌ പണിതു കൊടുത്ത
കല്ലാശ്ലാരിയും വാതിലുകളും ജനലുകളും ഉണ്ടാക്കിക്കൊടുത്ത മരാശ്ശാരിയും ആയിരുന്നു.

പാടില്ല.
ക്ഷോഭം പാടില്ല.
ജാതി ചോദിക്കാൻ പാടില്ല,
പറയാൻ പാടില്ല എന്നത്‌
ഇന്നൊരു പഴമൊഴി മാത്രമാണ്‌.
ഇന്ന്‌
നമുക്ക്‌
ജാതി തിരിഞ്ഞ്‌
പ്രവർത്തിയ്ക്കാം.
ഇതിനു വേണ്ടിയാണ്‌
ജാതി തിരിഞ്ഞ്‌ സംഘടിയ്ക്കുന്നത്‌.
കൊട്ടിഘോഷങ്ങളും സമ്മേളനങ്ങളും സമൂഹ സദ്യകളും നടത്തുന്നത്‌.
ഒരിയ്ക്കലും ജാതിതിരിവുകൾ നശിയ്ക്കാതിരിയ്ക്കാൻ കൂടിയാണ്
നമ്മൾ ഭരണഘടനയിൽ തന്നെ വകുപ്പുണ്ടാക്കി സംവരണം നടപ്പിലാക്കിയിരിയ്ക്കുന്നത്.
അതിന്റെ ഗുണങ്ങൾ നേടാമെങ്കിൽ ജാതി പറഞ്ഞാലെന്ത്‌, ജാതി തിരിഞ്ഞാലെന്ത്‌ ? കൈയ്യുക്കു കുറഞ്ഞ
ജാതികളെ തച്ചാലെന്ത്‌?

എതിർക്കുവനാര്‌
ബുദ്ധിജീവിയോ,
ഇടതുപക്ഷക്കാരനോ,
മനുഷ്യ സ്നേഹിയോ
?

ആരൊക്കെ എതിർത്താലും അനുകൂലിച്ചാലും ഇവിടെ ജീവിയ്ക്കുന്നു,
ക്രിസ്ത്യാനിയും,
മുസല്‍മാനും, നായരും, ഈഴവനും, കൊല്ലനും, ആശാരിയും, കല്ലാശ്ലാരിയും,
പറയനും പുലയനും,
അവർക്കിടയിൽ എൻ.എസ്സ്‌.എസ്സും
എസ്‌,എൻ.ഡി.പി
യും വിശ്വകർമ്മനും പിന്നെ പിന്നോക്ക
വിഭാഗക്കാരും, കോൺഗ്രസ്സുകാരും, കമ്മ്യുണിസ്റ്റുകാരും,
ബി.ജെ.പി
ക്കാരും ആറ്.എസ്‌.എസ്‌കാരും
ഒക്കെയായി പലപല
വർങ്ങളിൽ, രൂപങ്ങളിൽ, ഭാവങ്ങളിൽ………

പീറ്റർ പറഞ്ഞു:  “ഞാനൊരു നാട്ടുനടപ്പനുസരിച്ച്‌
ചേട്ടനോട്‌
പറഞ്ഞതാണ്‌.
ചേട്ടനോട്‌ പറഞ്ഞില്ലെങ്കിലും
ഞാൻ പറഞ്ഞാൽ അവൻ കേൾക്കും…“
പീറ്ററിന്റെ സ്വരത്തിൽ ഒളിഞ്ഞിരിയ്ക്കുന്ന ഭീഷണിയുടെ നിറം സുകുമാരൻ കണ്ടെത്തി.

“എന്നാ പീറ്റർക്കൊരുനെറം മാറ്റം… സുകുമാരൻ കണ്ട
അത്രേം ചൊമന്ന
കമ്മ്യുണിസ്റ്റുകാരെയൊന്നും പീറ്റർ
കണ്ടിട്ടില്ല.
നിങ്ങളിലൊക്കെ എന്തോരം കമ്മ്യുണിസ്സും ഒണ്ടെന്നും, അതിലെന്തോരം
വെള്ളം ചേർത്തിട്ടൊണ്ടെന്നും സുകുമാരനെ പഠിപ്പിയ്ക്കണ്ടാ…”

“ചേട്ടനെ പഠിപ്പിയ്ക്കാനൊന്നും വന്നതല്ല… ചേട്ടൻ കണ്ടോ………
സതീശൻ സഹകരണ
പാർട്ടിയെ പിൻ തുണച്ചുകൊണ്ട മങ്കാവുടി
നഗരസഭ ഇത്തവണ സഹകരണ
പാർട്ടി ഭരിയ്ക്കും. ”

അതിൽ അനധികൃതമായിട്ടെന്തോ ഉണ്ടെന്ന്‌
സുകുമാരന്‌
തോന്നി.
ആ തോന്നൽ ശരിയാണ്‌.
അത്‌
നമുക്ക്‌
അറിയാവുന്നതും,
സുകുമാരനോ അതുപോലെ കൊണ്ടിപ്പാടത്തെ ഭൂരിപക്ഷത്തിനോ
അറിയില്ലാത്തതുമാണ്‌ പങ്കജമെന്ന കഥ. പങ്കജമെന്ന
പ്രതിഭാസത്തെ ഒതുക്കി
തീർത്തതിന്റെ പേരിൽ പീറ്റർ സതീശനെ
കുടുക്കി നിർത്തിയിരിയ്ക്കുകയായിരുന്നെന്ന്‌
സാരം.
സാധാരണ പീറ്റർ
ചെയ്യാറുള്ളതു പോലെ ചെയ്യുന്ന പ്രവർത്തിയുടെ കൂലി,
സതീശന്റെ കാര്യത്തിൽ അപ്പോൾ
തന്നെ
വാങ്ങിയിട്ടില്ലായിരുന്നു.
പ്രതിഫലം വാങ്ങാതിരുന്ന സ്ഥിതിയ്ക്ക്‌
സതീശന്റെ അരയിൽ ഒരു
കുടുക്കുണ്ടെന്നും, ആ ചരടിൽ പിടിച്ച്‌ ചാടിച്ചാൽ
അവൻ ചാടിക്കളിച്ചു
കൊള്ളുമെന്നും സഖാവ്‌ പീറ്റർ
കരുതിയിരിയ്ക്കുന്നു.

പക്ഷെ,
അക്കഥകളൊന്നും അറിയില്ലാത്ത സുകുമാരൻ ലേശം നെഗളിപ്പോടെ കസേരയിൽ
ഞെളിഞ്ഞിരുന്നു, പീറ്ററും സ്നേഹിതനും
വിട പറയുമ്പോൾ.

സുകുമാരൻ ടീ.വിയിലേയ്ക്ക്‌
മടങ്ങുമ്പോൾ പൈങ്കിളി സീരിയൽ കഴിയുകയും മദാലസമായ പരസ്യങ്ങൾ തൽക്കാലം മാറിനില്ക്കുകയും വാർത്ത തുടങ്ങുകയും വാർത്തക്കിടയിൽ ഷെയർ
വില്പനയുടേയും റിയൽ എസ്സ്റേറ്റുകാരുടെയും പരസ്യങ്ങൾ തെളിയുകയും ചെയ്തപ്പോൾ
ഉണ്ടായനിരാശയിൽ ടീ.വി ഓഫ്‌ ചെയ്ത്‌ കസാലയിൽ
ചാരിക്കിടന്ന്‌
സതീശൻ
ചെയർമാനാവുകയാണെങ്കിൽ കിട്ടാനിരിയ്ക്കുന്ന
സോഷ്യൽ സ്റ്റാറ്റസിനെ ഓർത്ത് പുളകം കൊണ്ടു.

എങ്കിലും അയാളുടെ മനസ്സിൽ ഒരു ചളിപ്പ്‌
നിലനിൽക്കുന്നില്ലെ………… ഉണ്ടാകണം അല്ലെങ്കിൽ
പിന്നെ നമ്മൾ കേട്ടിട്ടുള്ള കഥകൾ……………..

ആയിരത്തിതൊള്ളായിരത്തി അറുപത്തി നാലിൽ നടന്ന പാര്ര്ട്ടി കോൺഗ്രസ്സിൽ വച്ച്‌
ബോധോദയമുണ്ടായി രണ്ടായി പിളർന്നതിനു
ശേഷം, അടുത്തകാലത്തൊരിയ്ക്കൽ ഇന്ത്യൻ
പ്രധാനമന്ത്രിയാകാനുള്ള
സുവർണ്ണാവസരം ചരിത്രപരമായൊരു വങ്കത്തരത്താൽ കളഞ്ഞുകുളിക്കുകയും ചെയ്തതിനു
ശേഷം, ഇനിയും സായുധ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിക്കളയാമെന്ന്
ചിന്തിക്കാൻ സുകുമാരൻ അത്ര
വിഡ്ഢിയൊന്നുമല്ല.
(ഈ വാചകങ്ങൾ പറഞ്ഞിരിയ്ക്കുന്നത്‌
അതിശയോക്തിയും ഹാസ്യവും കലർത്തിയാണെന്ന കാര്യം പിൽക്കാലത്ത്‌
വിസ്മരിക്കരുത്‌.
വിസ്മരിച്ചാൽ കഥാഗതിയുടെ സുഖകരമായ ലാളനം
നഷ്ടമാകാനിടയുണ്ട്‌.)

ഇപ്പോൾ തോന്നും ചരിത്ര
പരമായൊരു വിശകലനമെന്തിനെന്ന്‌. പറയാം, അതാണ്‌ സുകുമാരന്റെ
മുൻ കാല കഥകളിൻ ഒന്ന്‌.

ഏതാണ്ട്‌
മുപ്പതുവർഷങ്ങൾക്ക് മുമ്പ്‌,
കാലം,
തീയതികൾ നിശ്ചയം പോരാ.
എങ്കിലും,
കോങ്ങാടെന്നും പുൽപ്പള്ളിയെന്നും,
വെള്ളത്തൂവലെന്നും പത്രത്താളുകളിൽ മഷി
പുരണ്ടു വന്നിരുന്ന കാലം.

വേണ്ട,
മുഖം ചുളിയ്ക്കേണ്ട.
എനിയ്ക്ക്‌
തെറ്റിയതൊന്നുമല്ല.
ചരിത്രമായൊരു,
സത്യത്തെ നേരിട്ട്‌
തൊടുകയായിരുന്നു.
ഇന്ന്‌
നിങ്ങൾക്ക് വെള്ളത്തൂവലിന്റെ പ്രധാന്യം അറിയില്ലെങ്കിലും അന്ന്‌
ഞങ്ങൾ സ്നേഹിതർ പത്താം തരത്തിൽ പഠിക്കുമ്പോൾ,
ഇവിടെ നിന്നു മൂന്നുനാലു മൈൽ നടന്നാണ്‌
സ്ക്കൂളിൾ പൊയ്ക്കൊണ്ടിരുന്നത്‌.
ഞങ്ങൾ കടന്നു
പോകുംവഴിയിലാണ്‌ പോലീസ്‌സ്റ്റേഷൻ. അന്നൊരു
ദിവസം പോലീസ്‌സ്റ്റേഷനു മുന്നിലെത്തിയപ്പോൾ കണ്ട ജനത്തിരക്കിനിടയിലൂടെ നുഴഞ്ഞു
കയറി നോക്കിയപ്പോൾ കണ്ടത്‌ പോലീസ്‌ ജീപ്പിൽ
ഇരുത്തിയിരിയ്ക്കുന്ന ഒരു നക്സലേറ്റിനെയാണ്‌.
അന്ന്‌ കൊണ്ടിപ്പാടത്തും മങ്കാവുടിയിലും ഒക്കെ ഉണ്ടായിരുന്നതുപോലുള്ള ഒരു സാധാരണ
മനുഷ്യൻ…………

ഞങ്ങൾ എത്ര
പേരോടു ചോദിച്ചുവെന്നറിയുമോ, നക്സലേറ്റ്‌
എന്നു പറഞ്ഞാൽ എന്താണ്‌………….. നക്സൽബാരി എന്നു
പറഞ്ഞാൽ എന്താണ്‌……… ?

കിട്ടിയ മറുപടി എന്തായിരുന്നെന്നോ
?

അതൊരു തല
വെട്ടിക്കൂട്ടരാണ്‌. അവർ നമ്മുടെ
മഹാത്മഗാന്ധി ബ്രീട്ടീഷ്കാരോടു പടവെട്ടി മേടിച്ചു
തന്ന ഇന്ത്യാ മഹാരാജ്യത്തെ
കീഴ്പ്പെടുത്തി ഭരിയ്ക്കാൻ നടക്കുന്നവരാണെന്ന്‌…………..

ഞങ്ങൾക്കതത്ര വിശ്വാസമായില്ല.
അതിനൊരു കാരണമുണ്ടായിരുന്നു. അത്‌ ഞങ്ങളുടെ ചരിത്രദ്ധ്യാപകനായിരുന്ന ജോൺ മത്തായി സാറാണ്‌.

ജോണ്‍
മത്തായി സാറിന്‌ഇരുപത്തിയഞ്ചുവയസ്സില്‍
താഴെയേ പ്രായമുണ്ടായിരുന്നുള്ളൂ.
വലിപ്പത്തിൽ മുൻ
ബഞ്ചിലിരിയ്ക്കുന്ന വരേക്കാൾ ഒരിഞ്ചുകൂടുതൽ,
ഞങ്ങളുടെ ഹീറോ സ്പോർട്ട്സ്
മാൻ സെബാസ്റ്റ്യനെക്കാൾ ആറിഞ്ചോളം കുറയും, തൂക്കം
പകുതിയും.

പക്ഷെ,
സാറ് പാഠ
പുസ്തകത്തിലെ കാര്യങ്ങൾ പറയുന്നതിനേക്കാൾ
കൂടുതലായിട്ട്‌
പറഞ്ഞിട്ടുള്ളത്‌
പൊതുകാര്യങ്ങളായിരുന്നു.

അദ്ദേഹം പറഞ്ഞിട്ടുണ്ട്‌;
നാം പഠിയ്ക്കുന്ന ചരിത്രം പൂർണ്ണമായും സത്യമാണെന്നോ വിശ്വസിയ്ക്കത്തക്കതാണെ ന്നോ എനിയ്ക്ക്‌
പറയാനാവില്ല.
ഉദാഹരണമായിട്ട്‌
മഹാത്മാഗാന്ധിയുടെ
ചരിത്രം, ആ ചരിത്രത്തോടു കൂട്ടിവയ്ക്കേണ്ട,
അദ്ദേഹത്തെപ്പോലെ മഹാത്മാക്കളായി കാണേണ്ട പല വ്യക്തികളും നമ്മുടെ ചരിത്രത്തിൽ ഉണ്ടെന്നുള്ളത്‌
സത്യമാണ്‌.
പക്ഷെ,
ചരിത്രകാരന്മാർ ആ സത്യങ്ങളെ മൂടിവച്ചു
കൊണ്ട്‌; പരപ്രേരണയാൽ
മറച്ചു വച്ചു കൊണ്ട്‌
ഒരു മോഹൻദാസിനെ മാത്രം
മഹാത്മാവാക്കുകയും ഒരു ജവഹറിനെ മാത്രം പണ്ഡിതനാക്കുകയും ചെയ്തിരിയ്ക്കുകയാണ്‌.
അതുകൊണ്ട്‌
എന്നിലെ അദ്ധ്യാപകനെ മാറ്റി നിർത്തികൊണ്ട്‌
ഞാൻ പറയുന്നതെന്തെന്നാൽ നിങ്ങൾ
കാണുന്നതും കേൾക്കുന്നതും മാത്രം വിശ്വസിയ്ക്കാതെ അതിന്റെ മറുപുറത്തേക്കൂടി അറിയാനുള്ള വ്യഗ്രത കാണിയ്ക്കണമെന്നാണ്‌………….

ആ അദ്ധ്യാപകന്റെ വാക്കുകൾ കേട്ടിട്ടുണ്ടായ ജിജ്ഞാസയാലാണ്‌
നമ്മുടെ നാട്ടിലെ ആ കാലഘട്ടത്തിലെ നല്ല വായനക്കാരനായിരുന്ന സുകുമാരന്റെ മുന്നിൽ ഞങ്ങൾ ചോദ്യങ്ങളുമായി
നിന്നത്‌.

സുകുമാരൻ പറഞ്ഞു;
നക്സലേറ്റ്‌,
നക്സൽബാരിയിൽ നിന്നും ഉണ്ടായതാണ്‌.
നക്സൽബാരിയെന്നാൽ പശ്ചിമബംഗാളിലെ ഒരു ഗ്രാമമാണ്‌,
ആ ഗ്രാമത്തിലെ കർഷകരുടെ,
തൊഴിലാളികളുടെ മുന്നോറ്റത്തെയാണ്‌
സൂചിപ്പിയ്ക്കുന്നത്‌.
അവരുടെ നേതാക്കളാണ്‌
ചാരുമജംദാറും കനുസാലുമൊക്കെ,
അവരുടെ നേതൃത്ത്വത്തെ അംഗീകരിയ്ക്കുന്നവരാണ്‌
നക്സലേറ്റുകൾ……….

പക്ഷെ,
ഞങ്ങൾക്കൊന്നും മനസ്സിലായിരുന്നില്ല.
കമ്പ്യുട്ടർ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളുടെ ബ്രയിനിൽ ഒന്നും ഫീഡു
ചെയ്തില്ലു; ഞങ്ങളുടെയൊക്കെ അച്ഛനമ്മമാരും
അദ്ധ്യാപകരും പറയുംപോലെ അത്‌
കളിമണ്ണു കൊണ്ടായിരിയ്ക്കണം ഉണ്ടാക്കിയിട്ടുള്ളത്‌.

എന്താകിലും സുകുമാരൻ ഞങ്ങളോടു സംസാരിച്ച്‌
കഴിഞ്ഞിട്ട്‌
ആഴ്ചകൾ തികയും മുൻപ് അയാളെ പോലീസുകാർ തെരക്കി
വന്നു. ജീപ്പിൽ കയറ്റി
കൊണ്ടു പോകുകയും ചെയ്തു. അപ്പോൾ
ഞങ്ങൾ കൊണ്ടിപ്പാടത്തുകാർ പലതും ഈഹിക്കുകയും കഥകളാക്കി പറയുകയും ചെയ്തു.

അയാൾ നക്സലേറ്റുകാരുടെ സുഹൃത്തായിരുന്നുവെന്നും,
ഒളിച്ചിരിയ്ക്കാൻ ഷെൽട്ടർ ഒരിക്കിയിരുന്നത്‌
അയാളായിരുന്നെന്നും,
പാർട്ടി ക്ലാസ്സുകളിൽ സ്ഥിരം പഠിതാവായിരുന്നെന്നും മറ്റും………

പക്ഷെ,
ഞങ്ങൾ ഈ കഥ പറയുന്നവർ,
അതും പൂർണ്ണമായും വിശ്വസിച്ചില്ല.
ഞങ്ങളുടെ ജോൺ
മത്തായി സാറിന്റെ വാക്കുകളെ
മുൻ നിർത്തി നിങ്ങളിൽ സംശയമുള്ളവർക്ക് വേണമെങ്കിൽ
അതുസത്യമാണോ എന്നു തിരക്കാം, ഇന്നും
ജീവിച്ചിരിയ്ക്കുന്നുണ്ടല്ലോ ആ ഇതിഹാസങ്ങളിലെ
പ്രധാന കഥാപാത്രങ്ങൾ……….

ഞങ്ങളെ സംബന്ധിച്ച്‌
അതുകളെല്ലാം കാലാഹരണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.
ചരിത്രപരമായ വങ്കത്തരങ്ങളെ തിരുത്തി ചെയ്തികളെ ലാഭകരമാക്കാൻ ഞങ്ങളാഗ്രഹിയ്ക്കുന്നു.@@@@@@@
ഒരു നേതാവിന്റെ ജന്മം

സതീശന്റെ സ്നേഹിതർ കേട്ടത്‌
നാട്ടിൽ പാട്ടാക്കിയില്ല.
ഒരാൾ എന്റെ ചെവിയിൽ ഓതുക
മാത്രം ചെയ്തു. അതുകൊണ്ട്‌ ആ ഉറ്റ
സ്നേഹിതരെ കൂടാതെ ഞാൻ മാത്രമേ സത്യം അറിഞ്ഞുള്ളൂ.

പക്ഷെ,
നാട്ടിൽ പല
ഊഹാപോഹങ്ങളും പരന്നു. സതീശനെ
തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും
ലക്ഷപ്രഭുവാക്കാമെന്ന്‌ വാഗ്ദാനങ്ങൾ കൊടുത്തെന്നും, സ്റ്റാന്റിംഗ്‌
കമ്മിറ്റി, ഫൈനാന്‍സിംഗ്‌ കമ്മിറ്റി, പൊതുമരാമത്ത്‌
കമ്മിറ്റി എന്നിവയിലേതിന്റെയെങ്കിലും
ചെയർമാനാക്കാമെന്നും, ആറു മാസം ഉറങ്ങിയാലും
വാർഡിലെ കാര്യങ്ങൾ ഭംഗിയായി
നോക്കിക്കൊള്ളാമെന്നും, എന്നും പരിഗണനയിൽ
സതീശന്റെ വാർഡ് ഒന്നാം
സ്ഥാനത്തായിരിയ്ക്കുമെന്നും ഒക്കെ………

എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും കൊണ്ടിപ്പാടത്തുകാർ മുഴുവനും,
മങ്കാവുടിക്കാരിൽ അവനെ കാണുന്നവരൊക്കെയും ചോദിച്ചിട്ടും സതീശൻ ഉത്തരങ്ങളൊന്നും പറഞ്ഞില്ല.
അവൻ മെറിറ്റിന്റെ
അമ്പർളാ മെഷീനിലെ സൂചി
ഒടിയാതെ നോക്കി കൊണ്ട്‌
ബ്ലൌസ്സുകളും,
നൈറ്റികളും അടിപ്പാവാടയും
തയിച്ചു കൊണ്ടിരുന്നു.

അതുവഴി പുതിയ പുതിയ ത്രിമാനങ്ങളും,
അംഗവടിവുകളും അരവണ്ണങ്ങളും അറിഞ്ഞു
കൊണ്ടിരുന്നു.

ഒരു ദിവസം ലളിതാമണി തയ്യൽ
കടയിലെ കർട്ടന് പിറകിൽ നിന്ന്‌
ബ്ലൌസൂരിയിട്ട്‌
പാകം നോക്കുമ്പോൾ ……..

“സതീശഞ്ചേട്ടൻ നഗര
പിതാവാകുമെന്നാണല്ലോ എല്ലാവരും പറയുന്നേ……………“

“ഏതെല്ലാരും….
?”

അവൻ കർട്ടൻ ലേശം നീക്കി,
മിഷ്യന്റെ സ്റ്റൂളിൽ ഇരുന്നു
തന്നെ അകത്തേയ്ക്കു നോക്കി,

ലളിതാമണി വെളുത്ത ബ്രായിൽ ജ്വലിയ്ക്കുകയായിരുന്നു.
ബ്രായുടെ മദ്ധ്യത്തിൽ തുന്നിപ്പിടിപ്പിച്ചിരുന്ന ചുവന്ന പൂവിന്റെ നിറം മങ്ങിയിട്ടില്ലായിരുന്നു.
ആ പൂവ്‌,
കണ്ണുവയ്ക്കാതിരിയ്ക്കാനുള്ള നോക്കു
കുത്തിയാവുമെന്ന്‌ സതീശൻ കരുതി. അവൾക്ക്
നാണം തോന്നിയില്ല.
കാണുകയെന്നത്‌
അവന്റെ അവകാശമാണെന്ന ഭാവമായിരുന്നു മുഖത്ത്‌.
കൂടാതെ അവന്‍
ജയിക്കാൻ ഒരു വോട്ടു കൊടുത്തതിന്റെ അധികാരവുമുണ്ടായിരുന്നു.

 • ലളിതാമണി ബ്ലൌസ്സിട്ട് താഴേയ്ക്ക്‌
  ഊർന്ന് കിടന്നിരുന്ന സാരി ഉയർത്തി തോളത്തു
  കൂടിയിട്ട്‌, കർട്ടന് പുറത്തേയ്ക്കു വന്നു. അവളുടെ
  മുഖത്ത്‌
  ഒരു കുട്ടനിറച്ച്‌
  പ്രകാശം……
  സതീശൻ അഭിമാനം കൊണ്ടു.
  തെരഞ്ഞെടുപ്പിന്റെ തിരക്കിൽ,
  വശീകരണത്തിൽ പെട്ടിട്ടും സ്വന്തം
  തൊഴിലിൽ പിറകോട്ട്‌ പോയിട്ടില്ല.
 • “ഞാൻ ചെയർമാനാകുന്നത്‌ നെനക്കിഷ്ടമാണോ?”

“പിന്നെ ഇഷ്ടമാണോന്ന്‌,
എനിക്ക്‌
മാത്രമല്ല,
എല്ലാവർക്കും……കുഞ്ഞുമോൾക്കും,
മേരിക്കുംകമലൂനും
പങ്കജത്തിനുംഎല്ലാർക്കും”
“നിങ്ങക്കൊക്കെ ഇഷ്ടാണേല്‍
ഞാൻ ഒരു
കൈനോക്കിക്കളയാം……

“എന്നാലും ഈ തയ്യക്കടേം
തയ്യലും ഒന്നും കളഞ്ഞിട്ടു വേണ്ടാട്ടോ…………. ഞങ്ങളു പിന്നെ നല്ല
ബ്ലൌസ്സിടാൻ, അടിപ്പാവാടയിടാൻ ആരുടെ
അടുത്താണ്‌
പോകുക……………!”
“യേയ്‌…… ഇത്‌ നിർത്തൊന്നൂല്ല. ഇതല്ലെ
എന്റെ ചോറ്‌………….. എന്നെ ജയിപ്പിച്ചെ………?”

 • “ചെയർമാനായാല്‍ പങ്കജം ഏതാണ്ട്‌ തരാനിരിക്ക്വാ…”

“എന്നാ ലളിതയ്ക്കൊന്നും
തരാനില്ലേ…?”

“ഊം……എന്നാവേണ്ടേ…”
“വേണ്ടതെന്തെന്ന്‌
അവൻ പറഞ്ഞില്ല.

“പക്ഷെ,
അവനൊത്തിരി കടമ്പൾ
കടക്കേണ്ടിവരും.”

വാർത്തകൾ കേട്ടിട്ട്‌
കൊച്ചൊറൊത അങ്ങിനെയാണ്‌
പറഞ്ഞത്‌.

റൊട്ടിക്കച്ചവടക്കാരൻ കുഞ്ഞവറാന്റെ ഭാര്യയാണ്‌
കൊച്ചൊറോത.
കുഞ്ഞവറാൻ മങ്കാവുടിയാകെ
പേരെടുത്ത ആളായിരുന്നു.
കുട്ടയിൽ റൊട്ടിയും ബണ്ണും,
റസ്ക്കും വീടു വീടാന്തരം കയറി ഇറങ്ങി
വിൽപ്പന നടത്തുന്നതായിരുന്നു അയാളുടെ തൊഴിൽ.
പക്ഷെ,
അയാൾ കത്തോലിക്കരുടെ വീടുകളിൽമാത്രമേ വിൽപ്പന നടത്തുകയുളളായിരുന്നു.
അതിനു മങ്കാവുടിക്കാർ പറഞ്ഞു പരത്തിയത്‌
അയാളൊരു മൌലീകവാദിയാണെന്നാണ്‌.
എന്നാൽ അയാൾ പറഞ്ഞിരുന്നത്‌
കത്തോലിക്കരുടെ വീട്ടിൽ കച്ചോടം
നടത്തിയാലേ കൃത്യമായിട്ട്‌ പണം
കിട്ടുകയുളളൂ എന്നാണ്‌,
കൂടാതെ സൌജന്യമായിട്ട്‌
ഭക്ഷണവും
നടക്കും.
എന്താകിലും അവറാൻ ടീബി വന്ന്‌
മരിച്ചശേഷം കൊച്ചൊറോത കഷ്ടപ്പെടുക തന്നെ ചെയ്തു.
ഒരാണും,
പെണ്ണുമായ രണ്ടു മക്കളെ
പോറ്റിവളർത്താൻ അയൽ വീടുകളിലെ
പാത്രം മോറിയും
മുറ്റമടിച്ചും തുണി തിരുമ്പിയും അവളുടെ ദേഹത്തെ സ്നിഗ്ദ്ധതയാകെ ഒഴുകിപ്പോയി.
സ്നിഗ്ദ്ധതപ്പോയെങ്കിലും ചടച്ചിട്ടാണെങ്കിലും കൊച്ചൊറോത ഇന്നും കാണാൻ സുന്ദരിയാണ്‌.
പക്ഷെ,
അവൾക്ക് പുരുഷന്മാരെ ഭയമായിരുന്നു.
അവരോട്‌
അധികം സംസാരിക്കാനോ ഇടപഴകുവാനോ
തുനിഞ്ഞില്ല.
അവൾ സ്വയമൊരു മൂക്കു കയർ കൊരുത്തിട്ട്‌
അടങ്ങിയൊതുങ്ങിക്കഴിയുകയാണെന്ന്‌ കൊണ്ടിപ്പാടത്തുകാരു പറയുന്നു.
അല്ലെങ്കിൽ കൊണ്ടിപ്പാടത്തെ ഒരു പക്ഷെ മങ്കാവുടിയിലെ തന്നെ
സകല വേലികളും, മതിലുകളും
അവള്‍
പൊളിച്ചേനെ……

കൊച്ചൊറോത മൂക്കുകയറിട്ട്‌
ഒതുങ്ങിക്കഴിയുന്നതു
കൊണ്ട്‌ സതീശനെക്കൊണ്ട്‌ അളവെടുപ്പിച്ച്‌ ബ്ലൌസ്സ്‌
തയ്പ്പിച്ചിട്ടില്ല.
അതുകൊണ്ട്‌
അവൻ തയ്ച്ചു കൊടുക്കുന്ന ബ്ലൌസ്സുകളൊന്നും അവളുടെ
ദേഹത്തിനു യോജിക്കാതെ വന്നു. ആ വിയോജിപ്പ്‌
അവൾ മനസ്സിൽ
സൂക്ഷിച്ചിരിക്കുകയാണെന്ന് ഇപ്പോൾ
തെളിയുകയാണ്‌.
എങ്കിലും നമുക്ക്‌
അവൾ പറയുന്ന കഥ
കേൾക്കണം.

ഞാൻ ചോദിച്ചു.

“അതെന്നാ ചേടത്തിയേ….
?”

എന്റെ ചോദ്യം അവ പ്രതീക്ഷിച്ചിരുന്നില്ല,
അവളുടെ മുഖം കണ്ടാലറിയാം.
അവൾ പറഞ്ഞതൊരു ആത്മഗതമായിട്ട്‌ കണ്ട്‌ ഞാൻ
പിന്മാറാൻ വേണ്ടിയായിരിയ്ക്കണം കുറെ
സമയം മിണ്ടാതിരുന്നു.

ആ ധാരണയിൽ ഞാൻ പോകില്ലെന്ന്‌
മനസ്സിലായപ്പോൾ കഥ പറഞ്ഞു.

“നെനക്ക്‌
ഓർമ്മയൊണ്ടാകും അവനെ അവറാച്ചനെ,
എന്റെ കെട്ടിയോൻ കുഞ്ഞവറാച്ചനെയല്ല, തോലാംകുഴിയിലെ
ഇന്നത്തെ അവറാച്ചനെയല്ല,അന്ന്‌ നമ്മുടെ അടുത്തുണ്ടായിരുന്ന സാറാമ്മച്ചേടത്തീടെ
ആശാൻ കളരീൽ പഠിക്കാൻ
വന്നിരുന്ന അവറാച്ചനെ……“

“ഒണ്ട്‌………… എനിയ്ക്കോർമ്മയൊണ്ട്‌. ഞാനന്ന്‌ രണ്ടിലോ, മൂന്നിലോ പഠിയ്ക്കാർന്നു.വെളുത്തൊരു സുന്ദരനാർന്നു. പക്ഷെ, കുളിയ്ക്കാതെ,
നനയ്ക്കാതെ,
മൂക്കികൂടി രണ്ടു കൊമ്പുകളൊക്കെയായിട്ട്‌… വള്ളിനിക്കറുമിട്ട്‌…

അവറാച്ചനെന്ന അബ്രാഹത്തിന്റെ അപ്പൻ തോമായെന്ന തോമസ്കുട്ടിയ്ക്ക്‌
തോലിന്റെ കച്ചവടമായിരുന്നു.
മങ്കാവുടിയിലും അടുത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇറച്ചിക്കായിട്ട്‌ അറക്കുന്ന
പോത്തിന്റേയും കാളയുടേയും തുകല്‍
വാങ്ങി കൊണ്ടുവന്ന്‌
കഴുകി ഉപ്പിലിട്ട്‌
ഉണക്കി
ഏതോ തുകല്‍
കമ്പനിക്കാർക്ക് എത്തിച്ചു
കൊടുക്കുന്ന കച്ചവടം. അവരുടെ
പറമ്പിലും അടുത്ത
പറമ്പുകളിലും ചീഞ്ഞ
മാംസത്തിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. പറമ്പുകളിൽ
കാക്ക കൊത്തിയും
പട്ടി വലിച്ചും തുകലിന്റെ അവശിഷ്ടങ്ങൽ
കിടക്കുമായിരുന്നു.
സന്ധ്യയ്ക്ക്‌
കവലയിൽ വരുന്ന തോമായ്ക്കും എഴുത്തിന്‌
വരുന്ന അവറാച്ചനും ആ മണമുണ്ടായിരുന്നു.

പക്ഷെ,
അവർ കൊണ്ടിപ്പാടത്തുകാരായിരുന്നില്ല.
ശ്രീപുരത്തുകാരാണ്‌. കൊണ്ടിപ്പാടത്തുകാരെപ്പോലെ വരത്തന്മാരുമായിരുന്നില്ല.
ശ്രീപുരത്ത്‌
ജനിച്ചുവളർന്ന പഴയ
തറവാട്ടുകാരാണ്‌. പാടവും കാളപൂട്ടും
കൊയ്ത്തും മെതിയും ഒക്കെ ഉളള കൃഷിക്കാരാണ്‌. അവൻ
വല്യ ആളായിട്ട്‌
കൊണ്ടിപ്പാടത്തു വന്ന ഒരു
കഥയൊണ്ട്‌നീ കേട്ടിട്ടൊണ്ടോ…..അന്ന്‌ നീ നാടു തെണ്ടി നടക്ക്വാരുന്നു.

ഞാനോർമ്മിച്ചു നാടുതെണ്ടിനടന്ന കഥ.
സാമാന്യവിദ്യാഭ്യാസ വുമായിട്ട്‌,
സ്വന്തം കാലിൽ
നിൽക്കണമെന്ന മോഹവുമായിട്ട്‌,
അലഞ്ഞതിന്റെ കഥ.
ആ കാലഘട്ടത്തിലാണല്ലോ പണത്തിന്റെ
വിലയും, അദ്ധ്വാനത്തിന്റെ രുചിയും
അറിയുന്നത്‌.
ചൂഷണത്തിന്റെ ആഴവുംപരപ്പും
കാണുന്നത് ജീവിതത്തിലെ വൈതരണികൾ കാണുന്നതും
അവയെ തരണം ചെയ്യാനുള്ള
മാർഗ്ഗങ്ങൾ കാണാതെ തരിച്ചു നിന്നതും.
മനസ്സിൽ വളർത്തിയെടുത്ത മോഹങ്ങളെ ത്യജിക്കേണ്ടി വന്നത്‌.

മോഹിയ്കാത്ത പലതിലും എത്തിപ്പെടേണ്ടി വന്നത്‌.
അക്കാലത്ത്‌
അറിഞ്ഞത്‌
പലതും അറിയാത്തതായിട്ടുണ്ട്, കേട്ടതു
പലതും മറന്നു പോയിട്ടുണ്ട്‌.
അക്കൂട്ടത്തിൽ വിസ്മൃതിയിലായിരുന്നൊരു
കഥയുമുണ്ട്‌ അവറാച്ചന്‍.

കൊച്ചൊറോത പറഞ്ഞു.

“ഇവട്യൊന്നും ഇത്രോം ആളുകളോ വീടുകളോ ഒണ്ടാർന്നില്ല.
കടകളും ഒണ്ടാർന്നില്ല.
ഇവിടെ ഈ വളവിൽ ഒരു ചായക്കട അവടെ ആ വളവിൽ ഒരു പലചരക്കുകട അത്രേയൊളളു.
അതിനേക്കാളെല്ലാം പ്രധാനമായിട്ട്‌
ഒരു കള്ളുഷാപ്പും……… അതെവിടാർന്നു ഓർമ്മയൊണ്ടോ………

ഒണ്ട്‌….
തലക്കുത്തി കെടക്കുന്ന പാലത്തിന്റെ കരേൽ
ഇട്ട്യാച്ചോന്റെ പറമ്പിലല്ലാർന്നോ………
?

“ങാ……… അതെ……… ഇട്ട്യാച്ചോന്‍
തന്നെയാർന്നു കച്ചോടക്കാരൻ………….എങ്ങാണ്ടുന്നൊക്കെ വന്നു ചേർന്ന
കൊറച്ചു ചെത്തുകാരും ഒണ്ടാർന്നു.അവരൊക്കെ
എവിടെയോ വാടകയ്ക്കു
താമസ്സിച്ചെരുന്നു ”

ഉവ്വ്…….ഓർമ്മ വരുന്നു. ഇട്ട്യാച്ചോന്റെ
ഷാപ്പിലെ കറിക്കച്ചവടക്കാരി കമലുവും അവളുടെ
ഭർത്താവെന്നും പറഞ്ഞ്‌ കൂടെ
കൂടിയിരുന്ന കുട്ടപ്പനേയും ഓർമിയ്ക്കുന്നുണ്ട്‌.
കുട്ടപ്പനും കമലുവും
ഷാപ്പിന്റെ പിറകിൽ തന്നെ
ചാർത്തു കെട്ടിയായിരുന്നു
വാസം. അവർ
മങ്കാവുടിക്കാരായിരുന്നില്ല. അടുത്തൊരു
ഗ്രാമത്തിൽ നിന്നും ചേക്കേറിയതായിരുന്നു.
കുട്ടപ്പൻ കമലുവിന്റെ യഥാർത്ഥ ഭർത്താവായിരുന്നില്ലെന്ന്‌
കഥ.
അതും ശരിയായിരിയ്ക്കാം.എണ്ണക്കറുപ്പിൽ
കടഞ്ഞെടുത്ത കമലുവിന്‌
നല്ല മുഖ ഐശ്വര്യമാണ്‌.
നല്ല ഉയരവും സദാ സമയം മുറുക്കി ചുവന്ന വായും ചുണ്ടുകളും.
അവൾ കൈലിമുണ്ടും ബ്ലൌസ്സും മാത്രമേ ഇട്ടിരിന്നുളളൂ.
കഴുത്തിറക്കി വെട്ടിയ ബ്ലൌസ്സും പൊക്കിളിനു താഴെയുളള കൈലിയും മാറു മറയ്ക്കാതെയുള്ള നടപ്പും കൊണ്ടിപ്പാടത്തെ കൌമാരക്കാരുടെ അക്കാലത്തെ ഉത്തേജക മരുന്നായിരുന്നു.

അവർക്കൊട്ടും ചേരാത്തവനായിരുന്നു കുട്ടപ്പൻ.
അവൻ നിന്നാൽ അവളുടെ തോളത്തുവരയെ
ഉയരമുണ്ടായിരുന്നുളളു,
മെലിഞ്ഞിട്ടും.
പക്ഷെ,
കറി വയ്ക്കാൻ അവനുള്ള കൈപ്പുണ്യം
പേരെടുത്തിരുന്നു. കുട്ടപ്പൻ കപ്പയും
കറിയും പാകം ചെയ്യും.
കമലു കച്ചവടം നടത്തുകയും ചെയ്യും. ഏതു
പാതിരാകഴിഞ്ഞെത്തിയാലും ഇട്ട്യാച്ചോന്റെ ഷാപ്പിൽ കള്ളു കിട്ടുമായിരുന്നു.അയാൾ
വീട്ടിൽ പോയിക്കഴിഞ്ഞിട്ടാണേലും മറതട്ടിവിളിച്ചാൽ കമലു കളളും കറിയും വിളമ്പുമായിരുന്നു.
മങ്കാവുടിയിലെ തെങ്ങുകളും
പനകളും മൊത്തത്തിൽ ചെത്തിയ
കളള്‌
ഇട്ട്യാച്ചോന്റെ ഷാപ്പിൽ മാത്രം അളന്നാലും അത്രയും കള്ളുണ്ടാവില്ലെന്ന്‌
നാട്ടുകാരും കള്ളുകുടിയന്മാരുതന്നെയും പറയുമായിരുന്നു.
കോണ്‍ട്രാക്റ്റർ
കളള്‌
ഉണ്ടാക്കി എത്തിച്ചിരുന്നതായിരുന്നത്രെ. കുമ്പളങ്ങാച്ചാറും സാക്രീനും
ചേർത്ത് കളളുണ്ടാക്കാൻ കഴിയുന്ന
ഫോർമുല അന്ന്‌
നാട്ടുകാർക്കൊക്കെ അറിയുകയും ചെയ്യുമായിരുന്നു.

എന്താണേലും ഇട്ട്യാതിച്ചോൻ ഇല്ലെങ്കിലും കളള്‌
വിറ്റു കിട്ടുന്ന പൈസയൊന്നും കമലു
ചോർത്തിയെടുത്തിരുന്നില്ല. അല്ലാതെ തന്നെ
അവൾക്ക് ആവശ്യമുള്ള പണംകിട്ടുമായിരുന്നു. കറി വിറ്റും അല്ലാതെയും………

അല്ലാതെയും എന്നൊരു വാക്ക്‌
ഇടയ്ക്കു വന്നുവല്ലെ?
ശരിയാണ്‌.
അറിയാതെ വന്നുപോയതാണെങ്കിലും വാക്ക്‌
വ്യക്തമായ സ്ഥിതിയ്ക്ക്
വിശദീകരിയ്ക്കാൻ ബാധ്യസ്ഥനാണല്ലോ……

ഈ നേരത്താണ്‌
നമ്മുടെ കഥയിലേയ്ക്ക്‌
കുഞ്ഞപ്പൻ പ്രവേശിക്കുന്നത്‌.
അവൻ വളരെ
ചെറുപ്പുത്തിൽ കുയിലിൻ കുന്നേലെ കരുണാകരൻ
നായരുടെ വീട്ടിൽ
എത്തിയതായിരുന്നു.  വന്നപ്പോൾ ഞങ്ങൾ കരുതിയിരുന്നത്‌
പാണ്ടിച്ചെറുക്കനാണെന്നാണ്‌.
പക്ഷെ,
പറഞ്ഞു തുടങ്ങിയ പ്പോൾ
പാണ്ടിയല്ലെന്നു മനസ്സിലായി. എന്നാലും
അവനൊരു പാണ്ടിയുടെ സ്റ്റൈലു
തന്നെയാ………….

അവൻ വലുതായി കയ്യും നെഞ്ചും ഉരുണ്ടു.
നാട്ടിൽ പലയിടത്തും പണികളെടുത്തു
കൊണ്ട്‌ നായരുടെ തണ്ടികയിൽ
തന്നെ പാർത്തു.
കൊണ്ടിപ്പാടം കവലയിൽ നിന്ന്‌
ബീഡി വലിച്ച്‌
പുക മാനത്തേയ്ക്കു വിട്ടു.
പക്ഷെ,
കൂട്ടുകാരാരുമുണ്ടായിരുന്നില്ല.

ഞാൻ കൊച്ചൊറോതയെ നോക്കിയിരുന്നു.
ആവശ്യത്തിന്‌
എണ്ണ പുരളാത്ത മുടി ചെമ്പിച്ച്‌, എണ്ണമയമില്ലാത്ത മുഖം മങ്ങിയിരിയ്ക്കുന്നു.
എനിയ്ക്കോർമ്മയുണ്ട്‌
ചെറുപ്പത്തിലെ
കൊച്ചൊറോതയെ,
കൊച്ചോറോതയുടെ ചേച്ചി കുട്ടി
പെങ്ങളേയും, ഒറ്റപ്പെട്ടു നിന്നിരുന്ന
ആ വൈക്കോല്‍
മേഞ്ഞ വീടും,
രാത്രികാലങ്ങളിൽ പട്ടണങ്ങളിൽ നിന്നും ആ വീട്‌
സന്ദർശിച്ചിരുന്ന………

കെച്ചൊറോത വീണ്ടും പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ ഓർമ്മകൾ മുറിഞ്ഞു
പോയി. ഞാൻ
അവരെ തന്നെ നോക്കിയിരുന്നു
അവർക്ക് ആരോടൊക്കെയോ ദേഷ്യമുണ്ടെന്ന്‌
കഥ കേൾക്കുമ്പോൾ
തോന്നിപ്പോകും.

“ഒരു ദെവസ്സം ഇട്ട്യാച്ചോൻ ഷാപ്പു
അടച്ചേച്ചു പോയ്ക്കഴിഞ്ഞ്‌ ഒരാൾ കളളു
കുടിയ്ക്കാനെത്തി,
ഒത്തിരി രാത്രിയായിട്ടാ…………. നല്ല ഇരുട്ടൊണ്ടാരുന്നു.
അയാള്‌
മറതട്ടി വിളിച്ചപ്പോ കമലു
ഒറക്കത്തിലാരുന്നു. അവളോടൊപ്പം കുഞ്ഞപ്പനും
ഒണ്ടാരുന്നു.
അവൻ, കുട്ടപ്പൻ കാര്യം തിണ്ണേ കെടപ്പൊണ്ടാരുന്നു..
വന്നവൻ ഇരൂട്ടാരുന്ന കാരണം ചെലപ്പോ അവനെ കണ്ടില്ലാരിയ്ക്കും.
എന്നാ ആണേലും കമലൂന്‍
ഇഷ്ടായില്ല.
അവള്‌
രണ്ട്‌
തെറീം പറഞ്ഞോണ്ട്‌
എണീറ്റ്‌
പൊറത്തു വന്നു.
ആളെ കണ്ടപ്പം അവൾക്ക് പിടിച്ചു.
ഷാപ്പു തുറന്ന്‌
കള്ളെടുത്തൂ കൊടുത്തു,
കറീം കൊടുത്തു.
അയാള്‍
തിന്നുന്നതും നോക്കി അവള്‍
രസിച്ചു നിന്നു.
കള്ള്‌
തലേക്കേറി മൂത്തപ്പം അയാള്‌
അവളെ കേറിപ്പിടിച്ചു,
കുഞ്ഞപ്പനത്‌
ഇഷ്ടപ്പെട്ടില്ല.
അവര്‍
വഴക്കായി.
പിറ്റേന്ന്‌
നേരം വെളുത്തപ്പം കൊണ്ടിപ്പാടം കവലേല്‍
കുഞ്ഞപ്പൻ കമഴ്ന്ന്‌
കെടക്കുവാർന്നു.
വയറ്റത്ത്‌
കത്തീമായിട്ട്‌…………… ചോരയൊലിപ്പിച്ച്‌ മണ്ണിൽ പറ്റിക്കെടന്നില്ലാർന്നു,
രാത്രീല്‌
മഴ പെയ്തതു
കൊണ്ട്‌……….
പോലീസുകാർ വന്ന്‌
എഴുതീം കുത്തീം ഒക്കെ
കൊണ്ടുപോയി.
.കുഞ്ഞപ്പനെ പോസ്റ്റ്മാർട്ടം ഒക്കെ കഴിഞ്ഞ്‌
കുഴിച്ചും ഇട്ടു…….. പിന്നെ ഒന്നും
ഒണ്ടായില്ല.
അവന് ചോദിയ്ക്കാനും പറയാനും ആരും
ഒണ്ടാരുന്നില്ലല്ലോ…… പക്ഷെ, കമലു
പറഞ്ഞു നടന്നു അവനെന്നേലും ഇനീം കൊണ്ടിപ്പാടത്ത്‌
വരുമെന്ന്‌,
അന്നവനെ പിടിയ്ക്കുമെന്ന്‌,
അവക്ക്‌
അവനെ കണ്ടാ തിരിച്ചറിയാന്ന്‌,
ഇരു നെറത്തിൽ നല്ല പൊക്കത്തിൽ,
കട്ട മീശയൊക്കെയായിട്ട്‌
ഒരു വെല്ല്യ ആള്‌, താടീല്‍ കുറ്റിരോമങ്ങളും
ഒണ്ടാരുന്നെന്ന്‌………. പക്ഷെ, പിന്നെ
അവള്‌
അവനെ കണ്ട കാര്യം പറേന്ന കേട്ടില്ല……കൊറെ നാളു
കഴിഞ്ഞപ്പളാ നാട്ടിൽ കോഴി
മോഷണം തൊടങ്ങീത്‌…….. ആദ്യമൊക്കെ കുറുക്കനാണെന്നാ
എല്ലാരും പറഞ്ഞത്‌,
കുയിലൻ കുന്നിനും അപ്രത്തെ മല കാടുപ്പിടിച്ചു കെടക്കുവല്ലെ……….. പിന്നെ അങ്ങോട്ടെല്ലാം
റബ്ബറു മലകളല്ലെ………. പക്ഷെ, ഒരു
ദെവസം എന്റെ കോഴികള്‍ കരയുന്നത്‌
കേട്ടു കൊണ്ടെഴുന്നേറ്റു നോക്കീപ്പം,
നെലാവത്ത്‌
ഒരാള്‌
കോഴിയേം കൊണ്ട്‌
ഓടുന്നു,
ഞാനും കരഞ്ഞോണ്ടു പൊറകെ ഓടി,
ഒച്ച കേട്ടിട്ട്‌
അയലോക്കകാരും പൊറകെ വന്നു.അവനെ പിടിയ്ക്കാമ്പറ്റീല്ല…… എന്നാലും എന്റെ
കോഴിയെ വിട്ടേച്ചാ അവനോടീത്‌………… അയാൾക്ക് നല്ല
പൊക്കോം ഒത്ത വണ്ണോം ഒണ്ടാരുന്നു.
കണ്ടോരെല്ലാം അതു
തന്നെ പറഞ്ഞു. അങ്ങനെ
പറഞ്ഞ്‌
പറഞ്ഞ്‌
കുഞ്ഞപ്പനെ കൊന്ന ആളാണോ എന്ന്‌
ആളുകൾക്ക് തോന്നിത്തൊടങ്ങീപ്പോ മോഷണം നിന്നു…………..
ഒരു ദെവസം ഉച്ചനേരത്ത്‌
ഒരാള്‌
കെഴക്കൂന്ന്‌
നടന്ന്‌
കവലയിൽ വന്ന്‌
ബീഡീം മേടിച്ച്‌
ഷാപ്പിലേയ്ക്ക്‌
പോയപ്പം പലർക്കും സംശയം തോന്നി
തൊടങ്ങി………. അയാള്‍ കള്ള്‌ കുടീം
കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോഴും ആളുകള്‍
വീടുകളുടെ എറയത്തും മുറ്റത്തും നോക്കി നിന്നു. അയാളൊരു വരുത്തൻ തന്നെയാണെന്നു കണ്ടു
പിടിച്ചു. കമലു പറഞ്ഞ
ആളും,
കോഴിപ്പിടിച്ചോണ്ടോടിയ ആളും അയാളാന്നു തോന്നി………… സന്ധ്യയ്ക്ക്‌ കമലു
കടേലു വന്നപ്പോ ആളുകള്‍
ഒത്തുകൂടി ചോദിച്ചു. നീ
പറഞ്ഞ ആള്‌ അയാളാണോന്ന്‌, അവക്ക്‌ അയാളെ
മനസ്സിലായില്ലെന്നാ പറഞ്ഞത്‌.
അപ്പോ അവടെ
മൊഖം തനി കള്ളീടെ ആരുന്നു.
അതെല്ലാർക്കും മനസ്സിലാകുകേം ചെയ്തു.
പക്ഷെ,
കുഞ്ഞപ്പൻ
ചത്തതിൽ ആർക്കാ ചേതം എന്നാ കോഴിയെ കട്ടതിന്‌
ചേതമൊണ്ടല്ലോ.
ആളുകൾ മനസ്സിൽ കരുതി
വച്ചു. ഒരു ദെവസം കിട്ടും…”

“പിന്നെ ഒരവസരോം കിട്ടിയില്ല.
കോഴി മോഷണം ഒണ്ടായില്ല.
അയാള്‍
എന്നും ഷാപ്പിൽ വന്നും
തൊടങ്ങീ,
എന്നാലും എവിടത്തുകാരനെന്നോ,
എന്നാ പണിയെന്നോ
ആരും തെരക്കിയില്ല. അയാള്‍
ഷാപ്പിൽ ഇരുന്ന്‌
പറഞ്ഞു, തെക്കനാന്നും.കൂലിപ്പണിക്കാരനാന്നും കോളേജ്
മലേടെ താഴെ വാടകയ്ക്ക്‌ താമസ്സിക്കുവാന്നും.
എന്നാലും ആളുകൾ വൈരാഗ്യം വെച്ചോണ്ടിരുന്നു മനസ്സില്‍.
ഒരു ദെവസം
രാത്രീൽ കുട്ടപ്പൻ എറയത്ത്‌
ഒറങ്ങിക്കെടക്കുമ്പോ വൈരാഗ്യമുള്ളോര്‍
ഷാപ്പിനെ വളഞ്ഞു ബഹളം വച്ചു.
ആദ്യം കമലൂന്റെ തെറിയാ
പൊറത്തു വന്നത്‌.
പിന്നെ കമലുവും അയാളും വന്നു,
നന്നായിട്ട്‌
വൈരാഗ്യം തീർക്കുകേം ചെയ്തു.
പക്ഷെ,
പിറ്റേന്ന്‌
കൊണ്ടിപ്പാടത്തെ ആണുങ്ങളെയെല്ലാം പോലീസ്‌ പിടിച്ചോണ്ടുപോയി.
പെണ്ണുങ്ങൾ കരഞ്ഞും പിഴിഞ്ഞും പീറ്ററിന്റെ വീട്ടു
മുറ്റത്തും. പിന്നെ പീറ്ററിന്റെ
പിറകെ ജാഥയായിട്ട്‌
പോലീസ്‌
സ്റ്റേഷനിലും പോയി.
പക്ഷെ,
അന്നു ഭരിച്ചിരുന്നത്‌
സംയുക്ത കക്ഷിക്കാരായിരുന്നതു
കൊണ്ട്‌ പീറ്റർ പറഞ്ഞത്‌ പോലീസുകാര്‍
വക വച്ചില്ല.
അന്നേരാണ്‌
ഒരാള്‍ നാട്ടുകാർക്കായിട്ട്‌
രംഗത്തെത്തുന്നത്‌,
ആരാന്നോ അവറാച്ചൻ,
തോലുതോമേടെ മോൻ……………. വെളുത്ത്‌, കദറ്‌ ഷർട്ടും
കദറ്‌
മുണ്ടുമൊക്കയായിട്ട്‌
സുന്ദരനായ ചെറുക്കൻ………. അന്ന്‌ അക്ഷരം
പഠിക്കാൻ വന്ന ചെറുക്കനൊന്നുമല്ലാരുന്നു.
 വെളീലൊക്കെ പോയി
പഠിച്ച്‌വക്കീലായിട്ട്‌……

അങ്ങിനെയാണ്‌
തോലുതോമേടെ മകൻ അവറാച്ചനെന്ന അബ്രാഹം പൊതുരംഗത്തേയ്ക്ക്‌ വന്നത്‌.
അയാൾ കൊണ്ടിപ്പാടത്ത്‌
സ്ഥിരമായിട്ട്‌
വന്നു.
അയാളുടെ പാടത്തും പറമ്പിലും
പണികളെടുക്കുന്നതിനും മറ്റും കൊണ്ടിപ്പാടത്തുകാരെ
മാത്രമേ വിളിക്കൂ എന്നായി. കൊണ്ടിപ്പാടത്തുകാരുടെ കൂടെ പണിക്ക്
കൊണ്ടിപ്പാടത്തുകാരുടെ ശത്രുവുമുണ്ടായിരുന്നു
പക്ഷെ,
മെല്ലെ മെല്ലെ ശത്രുതകളെല്ലാം മറന്നു,
കുഞ്ഞപ്പൻ ചത്തതും,
കോഴിയെക്കട്ടതും അടി ഒണ്ടാക്കിയതും മറന്നു.
കുമാരനും മിത്രമായി.
കോളേജുമലേടെ താഴെ വാടകക്ക്‌
താമസ്സിച്ചിരുന്ന അവനെ കൊണ്ടിപ്പാടത്തെ തോട്ടിന്റെ കരയില്‍
അഞ്ച്‌
സെന്റ്‌
സ്ഥലം മേടിച്ചു
കൊടുത്ത്‌ വീടും കെട്ടിപ്പാർപ്പിച്ചു അവറാച്ചൻ.

അന്ന്‌
ആളുകൾ പീറ്ററോടു
കൂടി പലതും ചിന്തിച്ചു
കണ്ടെത്തിയതായിരുന്നു.
അവൻ കുമാരൻ ആണ്
കുഞ്ഞപ്പനെ കൊന്നതെങ്കില്‍, കോഴിയെ
മോഷ്ടിച്ചതെങ്കില്‍
അവന്റെ പിറകിൽ നിന്നും കളിയ്ക്കുന്നത്‌
അബ്രഹാമാണ്‌.

എങ്കിൽ എന്തിനു വേണ്ടിയാവും
?

ഉത്തരവും കണ്ടെത്തി.
അവറാച്ചന്‌
കൊണ്ടിപ്പാടത്ത്‌
ആളാകാൻ.
അതിന്‌
വേറെയും തെളിവുകളുണ്ടായിരുന്നു.
കൊണ്ടിപ്പാടത്തുകാർ എന്താവശ്യത്തിനു ചെന്നാലും അവൻ സാധിച്ചു കൊടുക്കുകയും ചെയ്തു.
അത്യാവശ്യം പണത്തിന്റെ
തിരിമറികൾ,
അല്ലെങ്കില്‍ൽ പലിശയ്ക്കു
കൊടുക്കല്‍,
ഒരടിപിടിയുണ്ടായാല്‍
ഫീസില്ലാതെ തന്നെ പോലീസ്‌
സ്റ്റേഷനിൽ പോക്ക്‌
ഒക്കെയായിട്ട്‌……….

പക്ഷെ,
എല്ലാ ചിത്രങ്ങളും കണക്കു
കൂട്ടലുകളും വ്യക്തമായത്‌ അധികനാൾ
കഴിയാതെ വന്ന
മുനിസിപ്പൽ തെരഞ്ഞെടുപ്പിനായിരുന്നു. കൊണ്ടിപ്പാടം
വാർഡിൽ നിന്നും മത്സരിച്ചത്‌
അബ്രാഹവും എതിരായിട്ട്‌
പീറ്ററുമായിരുന്നു.
പീറ്റർ ദൈനീയമായി പരാജയപ്പെട്ടു.
കൊണ്ടിപ്പാടത്തുകാർക്ക്
വേണ്ടിയിരുന്നത്‌
പണവും സ്വാധീനവുമുള്ള അവറാച്ചനെയായിരുന്നു.

പക്ഷെ,
ഇക്കഴിഞ്ഞ തെരെഞ്ഞടുപ്പിൽ അവറാച്ചൻ തട്ടകം
മാറുകയാണുണ്ടായത്‌. ഭയന്നിട്ടും, ജയിക്കില്ലെന്നും
കരുതിയിട്ടുമല്ല.
കൊണ്ടിപ്പാടം അയാളുടെ ശിങ്കിടിക്ക്‌
കൊടുത്തുകൊണ്ട്‌
അടുത്തൊരു വാർഡുകൂടി കക്ഷത്തിലാക്കാനായിരുന്നു.

ആ മോഹമാണ്‌
സതീശൻ തല്ലി
തകർത്തിരിയ്ക്കുന്നത്‌.

“അതോണ്ട്‌
അവറാച്ചൻ അടങ്ങീരിയ്ക്കുമെന്ന്‌
കരുതണ്ട……..”
@@@@@@
ഒരു കിഡ്‌നാപിംഗ്‌

പക്ഷെ,
പീറ്റർക്ക് മുമ്പ്‌
സതീശനെത്തേടി,
തിങ്കളാഴ്ച രാഹുകാല
ശേഷമുള്ള മുഹുർത്തം തിട്ടപ്പെടുത്തി
ചിലരെത്തി.

സതീശനിൽ വിജയത്തിന്റെ തിളപ്പ്‌
കഴിഞ്ഞ്‌,
വളരെ അടുത്ത സുഹൃത്തുക്കൾക്ക്,
കൂടെ പ്രവർത്തിച്ച അഭ്യുദയ കാംക്ഷികള്ല്ക്ക് ചെലവ്‌
ചെയ്തു കഴിഞ്ഞ്‌,
ഒരു നാളത്തെ നീണ്ട ഉറക്കമെന്ന
വിശ്രമ പരിപാടിയും കഴിഞ്ഞ്‌ സ്വന്തം
അന്നസമ്പാദന പ്രവർത്തനത്തിനെത്തിയിട്ട്‌
അധികസമയം
കഴിയും മുമ്പു
തന്നെ അവരെത്തി.

ചെലവ്‌
എന്നത്‌
ഞങ്ങൾ മങ്കാവുടിക്കാർ പറയുന്നത്‌
കൂട്ടമായൊരു മദ്യപാനത്തെയാണ്‌! മദ്യത്തിന്റെ
അസുഖകരമായ മണത്തെ,
സ്വാദിനെ അതിജിവിക്കാനായിട്ട്‌
അനുസാരികളായി അച്ചാർ, മിക്സ്ച്ചർ
മുതലായവകളും,
ശരീരത്തിന്റെ സ്റ്റാമിന കൂട്ടുന്നതിനായിട്ട്‌
കോഴി,
ആട്‌,
മാട്‌
എന്നിവകളുടെ മാംസവും പൊറോട്ടയും ഉപയോഗിക്കുന്നു.
അതിന്റെയൊക്കെ പണം ഒരാളുടെ കീശയിൽ നിന്നും
തന്നെ കുറയുകയാണെങ്കിൽ അയാളാണ്‌
ചെലവ്‌
ചെയ്ത്തുകാരൻ,
അങ്ങിനെ ഭീമ മായൊരു
തുകകീശയിൽ നിന്നും കുറഞ്ഞു പോയതിന്റെ വേദനയിൽ,
ഓർമ്മിയ്ക്കുന്തോറും വിഷമം കൂടി
വരുന്ന അവസ്ഥയിൽ, പൂപ്പൽ പിടിച്ച്‌ വെളുത്തു
തുടങ്ങിയിരുന്ന തയ്യൽ മെഷീൻ തുടച്ചു
വ്യത്തിയാക്കുന്ന നേരത്ത്.

“സതീശാ………… നമസ്ക്കാരം.”

ചെറിയൊരു ഞെട്ടലോടെയാണ്‌
അവൻ തലയുയർത്തിയത്‌.
ആഗതർ മൂന്നു
പേരാണ്‌. മൂന്നു മുഖങ്ങളിലും ചിരി വളരെ കൂടിയ അളവിൽ തന്നെയുണ്ട്‌.
പക്ഷെ,
ആരെയും അടുത്ത്‌
പരിചയമുണ്ടായിരുന്നില്ല.
മങ്കാവുടി നഗരത്തിൽ എവിടെയെല്ലാമോ വച്ചുകണ്ടിട്ടുള്ളതിന്റെ ഓർമ്മയുണ്ട്‌.
എങ്കിലും ഓർമ്മയിൽ
നിന്ന്‌ തെരഞ്ഞെടുക്കാനൊന്നും
അവൻ ഒരുമ്പെട്ടില്ല.
അതിഥിയ്ക്ക്‌ പരിചയപ്പെടുത്തുക എന്നൊരു മര്യാദയുണ്ടല്ലോ!.

“ങാ
! …വാ…
ഇരിയ്ക്ക്….”

അവർ വരാന്തയിൽ കയറി ഒഴിഞ്ഞു കിടന്നിരുന്ന ബഞ്ചിൽ ഇരുന്നു. ആ ബഞ്ച്മൂന്നു പേർക്ക് ഇരിയ്ക്കാൻ കഷ്ടിയേ തികഞ്ഞുള്ളു.

“ഞങ്ങളെമനസ്സിലായോ…?”
“എനിയ്ക്ക്‌
അത്രയ്ക്ക്‌
ഓർമ്മകിട്ടുന്നില്ല…… പറഞ്ഞാൽ……”
“പറയാം…………. ഞാൻ വിമോചക മുന്നണിയുടെ
മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ഗോപാലകൃഷ്ണന്‍
നായർ.
ഇത്‌
സെക്രട്ടറി രഘുനാഥൻ.
ഇയാൾ ഖജാൻജി തോമസ്‌.

സതീശൻ,
ബഞ്ചിൽ നിറഞ്ഞിരിക്കുന്ന ദേഹങ്ങളുടെ തുക്കത്തെക്കുറിച്ചാണ്‌
ചിന്തിച്ചത്‌.
ഒരു പക്ഷെ, ബഞ്ചിനെ ഒടിക്കാനുള്ള
തൂക്കം ആ
ദേഹങ്ങൾക്ക് ഉണ്ടാകും. ഒടിഞ്ഞാലോ, ബഞ്ചിന്റെ
നഷ്ടത്തേക്കാൾ അവർക്ക് കിട്ടാവുന്ന
ശരീരക്ഷതങ്ങളെ കുറിച്ച്, മറ്റുള്ളവർ കണ്ടാലുണ്ടാകാവുന്ന
ഇളിഭ്യതയെക്കുറിച്ച്‌
ഓർത്തപ്പോൾ അവന്റെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.

“എന്നാ വന്നതെന്ന്‌ പറഞ്ഞില്ല.”
അവൻ പിന്നീട്‌
ഓർമ്മിച്ചത്‌
കൌൺസിലർ ചെയ്യേണ്ട കർത്തവ്യങ്ങളെ കുറിച്ചാണ്‌. അടിപിടിക്ക്‌
മദ്ധ്യസ്ഥൻ പറയൽ,
മോഷ്ടാവിന്‌
ജാമ്യം നിൽക്കൽ,
വസ്തുത്തർക്കത്തിന്‌ അതിർത്തിയിൽ
നോക്കുകുത്തിയായി നിലക്കൽ,
പീഡനക്കേസ്സിലാണെങ്കിൽ ലിസ്റ്റിൽ
നിന്ന്‌
പേരുമായ്ക്കൽ…………….. ഒന്നിലും ഇടപെട്ട്‌ മുൻ പരിചയമില്ലാത്തതിനാൽ ആദ്യ നടപടിയെന്തായിരിയ്ക്കാമെന്ന്‌
അവന്റെ മനസ്സ്‌ സദാചോദിച്ചു
കൊണ്ടിരുന്നു.
വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിയ്ക്കെ ഗോപാലകൃഷ്ണന്റെ ശബ്ദം കേൾക്കാറായി.

“മങ്കാവുടി സംസ്കാരം,
തനിമ നിലനിർത്തിപ്പോകുവാനാണ്‌
നമ്മൾ ശ്രമിച്ചു
കൊണ്ടിരിയ്ക്കുന്നത്‌. അവകളെല്ലാം യുഗങ്ങൾക്ക്
മുമ്പു തന്നെ നമ്മളിലേയ്ക്ക്‌
എത്തിപ്പെട്ടതുകളാണ്.”

“സാക്ഷാൽ ബ്രഹ്മാവിന്റെ മുഖത്തു
നിന്നു തന്നെ..
പക്ഷെ,
പലതും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്‌, പല പല
സംസ്ക്കാരങ്ങൾ പുറമെ
നിന്ന്‌ വന്ന്‌ സങ്കലിച്ചിട്ട്‌.
ഈ പോക്കിനൊരു അന്ത്യം വരുത്തണം.

“അതിനുവേണ്ടിയാണ്‌
നമ്മള്‍
വിമോചന മുന്നണി സ്ഥാപിച്ചത്‌.”

വേദങ്ങൾ ഇതിഹാസങ്ങൾ വ്യക്തങ്ങളായ രേഖകളാണ്‌.
അനാദിയായ ഈ ഭൂമിയിൽ ഈ മങ്കാവുടിയും അനാദിയാണ്‌.
നമ്മുടെ പിതൃക്കൾ, മുനി ശ്രേഷ്ഠർ, അവർ ജ്ഞാനത്തിന്റെ സ്രോതസ്സുകളായിരുന്നു.
അവരെഴുതിവച്ചിരിയ്ക്കുന്നത്‌
നമ്മൾ കണ്ടില്ലെന്ന്‌നടിക്കരുത്‌…”
“ഈ ലോകം അതിലെ സകലചരാചരങ്ങളെപ്പറ്റിയും സകലവിധ
തുരുമ്പു കൂട്ടങ്ങളെപ്പറ്റിയും നമുക്കതിൽ
കണ്ടെത്താൻ കഴിയും.

“ആധുനീക
ശാസ്ത്രം ഇന്നു കണ്ടെത്തുന്നതെല്ലാം
അവരെന്ന്‌
ജ്ഞാനദൃഷ്ടികളാൽ പ്രവചിച്ചിട്ടുള്ള കാര്യങ്ങൾ മാത്രമാണ്”

“അതുകൊണ്ട്‌
നമ്മുടെ നാടിന്റെ,
മങ്കാവുടിയുടെ മോചനം അനിവാര്യമാണ്‌.”

“എല്ലാ പുത്തൻ പ്രവണതകളിൽ
നിന്നും അവളെ നമുക്ക്‌ മോചിപ്പിയ്ക്കണം……”

അങ്കക്കലിപൂണ്ട ചേകോന്മാർ;
അങ്കക്കുറിയും കഴിഞ്ഞ്‌,
കൂട്ടമായിട്ട്‌
കളരിയിൽ അഭ്യാസങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ്‌
അവന്റെ മനസ്സില്‍
തെളിഞ്ഞുവന്നത്‌.
അതുകളെല്ലാം തന്നെ അവനേതോ
സിനിമയിൽ കണ്ടതുകളു തന്നെ……

ഒരു ഇടുങ്ങിയ മുറിയിൽ,
വിളക്കുകളുടെ മാത്രം വെളിച്ചത്തിൽ എട്ടുപത്തുപേർ ആയുധമെടുത്ത്‌
പോരാടുന്നു.

വെട്ടിത്തിളങ്ങുന്ന ആയുധങ്ങൾ …..

ആയുധങ്ങൾ കൂട്ടി
മുട്ടുന്നതിന്റെ ശബ്ദങ്ങൾ ……………….

ആക്രോശങ്ങൾ…………

കണ്ണുകൾ അടഞ്ഞു പോകുന്നു.

ഇവിടെ സതീശന്റെ പുറം കണ്ണുകളടഞ്ഞില്ല.
അവവ് അകം കണ്ണുകളെ അടച്ച്‌
ഒരു നീണ്ട
ധ്യാനത്തിനായിട്ട്‌ മോഹിച്ചു.

പക്ഷെ,
അവർ,
അവനെ അനുവദിച്ചില്ല,
അവന്റെ നിശ്ചലതയെ ഇളക്കിമറിച്ചു കൊണ്ട്‌
പ്രസിഡന്റ്‌
ചോദിച്ചു.

“സതീശന്‌
വിരോധമൊന്നുമില്ലല്ലോ?”

“എന്തിന്‌?”

വിമോചക മുന്നണിയിലേയ്ക്ക്‌
വരാൻ

“അയ്യോ അതു
ബുദ്ധിമുട്ടാകുമല്ലോ…….”

“ങേ
! അതെന്നാ കാരണം
?”

“എന്നെ ജയിപ്പിച്ച,
എന്റെ വാർഡിലെ സമ്മതിദായകരോട്‌
ഞാൻ ചെയ്യുന്ന ഏറ്റവും വലിയ
വഞ്ചനയാവുകയില്ലെ…?”

“അതെങ്ങിനെ വഞ്ചനയാകാനാ
?”

“നിങ്ങളാ എന്നെ ജയിപ്പിച്ചതെന്നു
പറഞ്ഞാൽ ശുദ്ധനുണയാണെന്ന്‌ എന്റെ
വാർഡുകാ‍ർക്കറിയാം.”

“ഓ…ആരൊക്കെയാ സതീശന്‌ വോട്ടു ചെയ്തതെന്ന് തെളിവൊന്നുമില്ലല്ലോ……”

“ഉണ്ടല്ലോ……“

“എന്നാ തെളിവാ…”

“അത്‌
ഈ വാർഡിലെ ഓരോ വോട്ടർമാർക്കും അറിയാവുന്ന കാര്യമാണ്‌.
എനിയ്ക്ക്‌
വോട്ടു ചെയ്തിരിയ്ക്കുന്നതിൽ ഭൂരിപക്ഷവും ഇവിടുത്തെ
സ്ത്രീ ജനങ്ങളാണ്‌. ”

“സ്ത്രീ
ജനങ്ങളോ ?”

“അതെ……….. എനിയ്ക്ക്‌ കിട്ടിയ
വോട്ടിൽ തൊണ്ണൂറ്‌
ശതമാനവും അവരുടേതാ.”

“അതെങ്ങിനെഅറിയാം…”
“അതൊക്കെഎനിക്കറിയാം……അവര്‍ക്കുമറിയാം…അതുകൊണ്ട്‌
പറ്റില്ല.”

“പക്ഷെ……….. സതീശന്റെ വാർഡിൽ
മാത്രം ഞങ്ങൾ
സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല….”

“അതുകൊണ്ട്‌?”

“അതുകൊണ്ട്‌
ഞങ്ങളുടെ വോട്ട്‌
നിങ്ങൾക്കാണ്‌
കിട്ടിയിരിയ്ക്കുന്നത്‌…..”

“ഇല്ല… നൊണയാണ്‌. നിങ്ങളുടെ
വോട്ടെനിക്ക്‌
കിട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം നൂറ്റിയമ്പതിൽ
കൂടിയേനെ……… ഭൂരിപക്ഷം തൊണ്ണൂറ്റൊമ്പത്‌
മാത്രം ഒള്ള സ്ഥിതിക്ക്‌
നിങ്ങളുടെ വോട്ട്‌
സംയുക്ത കക്ഷിക്കാരന്‌
കിട്ടീട്ടൊണ്ടെന്നാണ്‌
ഞാങ്കരുതുന്നത്‌.”
“നിങ്ങളുടെ തെറ്റായ കണക്കുകൂട്ടലാണ്‌.”
“അല്ല ഇവിടുത്തെ പെണ്ണങ്ങളും ഞാനും തമ്മിലുളള ബന്ധത്തിന്റെ കാര്യമാണ്‌.

“ഓ…പങ്കജവുമായിട്ടുളള ബന്ധം
പോലാകും?”
“അല്ല പെണ്ണുങ്ങളുടെ ബ്ലൌസ്സും,
നൈറ്റിയും,
അടിപ്പാവാടയും തമ്മിലുള്ള
ബന്ധത്തിന്റേതാണ്‌…….”

ഗോപാലകൃഷ്ണൻ നായരുടെ,
രഘുനാഥന്റെ,
തോമസ്സിന്റെ മുഖം വളിച്ചു,
മൂന്നുനാലു ദിവസം
ഉപയോഗിച്ചിട്ടും കഴുകാത്ത വസ്ത്രം
മണപ്പിച്ചതുപോലെ………………

അവർ ബഞ്ചിനെ മോചിപ്പിച്ചു കൊണ്ടെഴുന്നേറ്റു.

ബഞ്ചിന്റെ മദ്ധ്യത്തിൽ രുപം കൊണ്ടിട്ടുള്ള വിരിച്ചിലുകൽ,
സതീശന് തയ്യൽ മെഷീന്റെ അടുത്തിരുന്നു
കൊണ്ടുതന്നെ കാണാം. പുതിയൊരു
ബഞ്ച്‌
സംഘടിപ്പിയ്ക്കേണ്ടി വന്നിരിയ്ക്കുന്നെന്ന്‌
ഓർത്തപ്പോൾ തെരഞ്ഞെടുപ്പിന്‌
നിന്നതിന്റെ നഷ്ടക്കണക്കുകൾ വീണ്ടും കൂടുകയാണന്ന സത്യം
അവനെ ദു:ഖിപ്പിച്ചു.

എന്നിട്ടും അവൻ വെളുക്കെച്ചിരിച്ചു
കൊണ്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ അതിഥികളെ
യാത്രയാക്കി,
മധുരിയ്ക്കുന്ന രണ്ടു
മൂന്നു വാക്കുകളും പറഞ്ഞു.

“എന്നെക്കൊണ്ട്‌
കഴിയുന്നതെന്തും ഞാന്‍
ചെയ്യും… വരാൻ മടിക്കരുത്‌.

“ഓ…”

ആ ‘ഓ’ യിൽ പുച്ഛരസം ലേശം അധികമായിട്ടില്ലേ… ഉണ്ടെന്ന്‌ സതീശൻ
കണ്ടെത്തുകയും ചെയ്തു.

എന്നിട്ടും റോഡിലിറങ്ങി അവരൊന്ന്‌
തിരിഞ്ഞു നോക്കി.
ഒരു പിൻ
വിളികൂടി പ്രതീക്ഷിയ്ക്കും പോലെ.

ഒരു പിൻ
വിളിപോലും ബാക്കി വയ്ക്കാതെ
സതീശൻ തലയാട്ടി യാത്ര പറഞ്ഞു.

ഇപ്പോഴും അവന്റെ മുഖം നിറച്ച്‌
ചിരിയാണ്‌,
ഒരു രാഷ്ടീയക്കാരന്റേതു പോലെ
തന്നെ.

അവനും മാറിയിരിയ്ക്കുന്നു.

ഈ മാറ്റം അവനിൽ പെട്ടെന്ന്‌
രൂപം പൂണ്ടിട്ടുള്ളതാണ്‌.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു
കഴിഞ്ഞ്‌ വീടുകൾ വഴി
കയറിയിറങ്ങി വരുന്ന സതീശനെ നമ്മൾ കണ്ടതാണ്‌.

കാണുന്നില്ലെ മനോമുകുരത്തിലിപ്പോഴും!

നമ്മൾ കാണുന്നത്‌
സതീശന്‍
ഒരു വീട്ടു
മുറ്റത്തു നിന്നും ഇടവഴിയിലേയ്ക്കിറങ്ങുന്നതാണ്‌. കൂടെ നാലഞ്ചു ചെറുപ്പക്കാരുമുണ്ട്‌.
ചെറുപ്പക്കാരെയും നമ്മൾ സ്ഥിരമായി കാണാറുള്ളവരാണ്‌.
അത്യാവശ്യം വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ്‌. അത്യാവശ്യം വിദ്യാഭ്യാസമെന്ന്‌
ഞങ്ങളിവിടെ വിവക്ഷിക്കുന്നത്‌
പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയല്ല.
അതിനെക്കാളൊക്കെ ശ്രേഷ്ഠമായിട്ട്‌,
ഗുമസ്ഥന്മാരാകാനുള്ള വിദ്യാഭ്യാസമൊക്കെ
കഴിഞ്ഞ്‌ പി.എസ്സി.ക്കാരുടെയും എംപ്ലോയ്മെന്റ്‌കാരുടെയും
തിരുവാതിലുകളിൽ മുട്ടി
നടക്കുന്ന വർ. ചിലരൊക്കെ, ചിലപ്പോഴൊക്കെ,
എംപ്ലോയിമെന്റ്‌കാരുടെ
ആറു മാസപണിയെടുത്തിട്ടുള്ളവർ.

അവർ ഇടവഴിയിൽ
നിന്നും മേരിചേച്ചിയുടെ പറമ്പിൽ
കയറിയപ്പോഴേയ്ക്കും
മനസ്സിനാകെയൊരു കുളിർമ തോന്നി ത്തുടങ്ങി. അഞ്ചാ
ആറോ സെന്റ്‌
സ്ഥലത്ത്‌
ചെറിയൊരു വീടും
വളരെ ചെറിയൊരു മുറ്റവും
കഴിഞ്ഞിടത്തെല്ലാം അടുക്കളയിലേയ്ക്ക്‌ വേണ്ടുന്ന
പച്ചക്കറിയിനങ്ങൾ
നട്ടുവളർത്തിയിരിയ്ക്കുകയാണ്‌.
കാന്താരി,
വഴുതന,
ചേമ്പ്‌,
വെണ്ട……………

സതീശൻ സുഹൃത്തുക്കളോട്‌
പറഞ്ഞു.

 “കഴിഞ്ഞ
തവണ ജനകീയാസൂത്രണം വഴി കിട്ടിയ വിത്തുകളാ… മേരിചേച്ചി നന്നായിട്ട്‌ നോക്കുന്നുണ്ട്‌.”

മേരിചേച്ചിയുടെ വീടിന്റെ അടഞ്ഞു
കിടക്കുന്ന വാതിൽ കണ്ടെപ്പോൾ
അവർക്ക് നിരാശ തോന്നിയില്ല.
അവർ പ്രസ്താവന മടക്കി വാതിലിന്റെ വാതായനം വഴി മുറിയ്ക്കുള്ളിലേയ്ക്കിട്ടു ഇറങ്ങി നടന്നു.

മേരിചേച്ചിയുടെ മുറ്റത്ത്‌
നിന്ന്‌
തെക്കോട്ടു നോക്കിയാൽ മൂന്നുനാലു ആള്‍
താഴ്ച്ചയിൽ ഒഴുകുന്ന തോടു
കാണാം.

സതീശൻ ചോദിച്ചു:

“നിങ്ങൾക്ക് ഓർമ്മയൊണ്ടോ പൈപ്പുവെള്ളം വരുംമുമ്പ്‌
നമ്മൾ ഈ തോട്ടിലാ വന്നു
കുളിച്ചിരുന്നത്‌. അതിനു മുമ്പ്‌ ഇവിടെയൊന്നും
ആൾപ്പാർപ്പേ ഇല്ലാരുന്നു.
എന്റെ ഓർമ്മയിൽ ഒരു കൃഷീം ഇല്ലാതെ ഇഞ്ചിപ്പുല്ല്‌
വളർന്നു നിക്കു
വാർന്നു”.

അടുത്ത വീടിന്റെ
നടക്കല്ലു കയറി ത്തുടങ്ങിയപ്പോൾ സതീശൻ
സംസാരം നിർത്തി,
മുറ്റത്തു നിന്നിരുന്ന പെൺകുട്ടിയോട്‌
അവൻ ചോദിച്ചു.

“അപ്പച്ചനില്ലേമോളേ ?”
“ഇല്ലപണിക്കുപോയി”
“‌അമ്മച്ചിയോ?”
“കുളിയ്ക്കുവാ……ഇപ്പവരും.”
പെൺകുട്ടി പറഞ്ഞു
കഴിഞ്ഞപ്പോഴേയ്ക്കും അവളുടെ അമ്മ
വാതിൽക്കലെത്തി.
അവർ കുളിയ്ക്കുക തന്നെയായിരുന്നു.
കഴുകി വൃത്തിയാക്കിയ ചുവന്ന പുക്കളുള്ള വെളുത്ത നൈറ്റി അപ്പോൾ
ഇട്ടതേയുള്ളു. മുടി തുവരാൻ
തോർത്ത് കെട്ടിവച്ചിട്ടുണ്ട്‌.
കണ്ണെഴുതിയിട്ടില്ല,
പൊട്ടു തൊട്ടിട്ടില്ല.
“കുഞ്ഞുമോളേ……ഞാൻ”
“പിന്നെഒറപ്പല്ലേ……….”
“എനിക്കറിയാം എന്നാലും…“

“ഒരെന്നാലും വേണ്ട

“ഓ……എന്നാഞങ്ങള്‌..”
അവരെല്ലാം തിരിച്ച്‌
പടിയിറങ്ങിത്തുടങ്ങി.

“സതീശേട്ടാ……എന്റെ ബ്ലൌസ്സ്‌……. ”

“ങാ!……തരാമല്ലോ………ഇത്തിരി തെരക്കൊണ്ട്‌………രണ്ട്‌
ദെവസം കഴിയട്ടെ.”

“ങാ…”

ഇപ്പോഴാണ്‌
സതീശൻ അവളുടെ ശരീരത്തിൽ നോക്കിയത്‌.
നൈറ്റി അവൾക്ക് ചേരുന്നില്ല. സാരിയിൽ, ബ്ലൌസ്സിൽ
അവളൊരു ജ്വലിക്കുന്ന പെണ്ണാണ്‌.
ബ്ലൌസ്സിന്‌
തുണി വെട്ടുമ്പോൾ
അവളുടെ മാറിന്റെ ധന്യത
അവൻ സങ്കല്‍പിച്ചതായിരുന്നു
പക്ഷെ,
നൈറ്റിയിൽ ഒന്നും വ്യക്തമല്ല.

കുഞ്ഞുമോളുടെ കണ്ണുകൾ ചോദിയ്ക്കുന്നു.
എന്നാ സതീശഞ്ചേട്ടാ ഇങ്ങനെ നോക്കുന്നെ……..

അവന്റെ കണ്ണുകൾ മറുപടി പറയുന്നു.
ഹേയ്, ഒന്നുമില്ലന്നേ……..

എന്നിട്ടും അവളുടെ കവിളിൽ നാണത്തിന്റെ മുല്ല
മുട്ടുകൾ……….

സതീശൻ,
സ്‌നേഹിതർ
നടന്നകന്നു കഴിഞ്ഞിട്ട്‌
കുഞ്ഞുമോളുടെ അടുത്തേയ്ക്ക്‌
വന്നു.

“ഈ നൈറ്റി റെഡിമേഡാണോ
?”

“ഉം.?”

“അതിനൊന്നു രണ്ടു ടക്കിന്റെ കൊറവുണ്ട്
കുഞ്ഞുമോള്‍ കടേല്‍ കൊണ്ടുവാ…ഞാനിട്ടു തരാം.”
“ഓ……അതൊന്നുംവേണ്ട.”
“വേണം.
എന്നാലേ നൈറ്റി ഇട്ടു കാണുമ്പം ശേലൊള്ളൂ
“എല്ലാരുടേം മേത്തിന്റെ ശേലു നോക്കീട്ടാ തയ്ച്ചുകൊടുക്കുന്നേ……..?”
“എന്നാസംശയം.”
“എന്നാ സതീശഞ്ചേട്ടന്‍
ഒറപ്പായിട്ടും ജയിക്കും.”
“അതെന്നാ കുഞ്ഞുമോളേ.””

ഇവടൊളള എല്ലാരുടേം ബ്ലൌസ്സും നൈറ്റീം പാവാടേം തയ്ക്കുന്നത്‌
ചേട്ടനല്ലെ
?”

“അതുകൊണ്ടല്ലേ കുഞ്ഞുമോളേ ഇവടെ ഒള്ള എല്ലാ പെണ്ണുങ്ങളേം കാണാൻ നന്നായിരിക്കുന്നേ..”

“ഉവ്വുവ്വേ………… എനിക്കറിയാവേ..”

ശരിയാണ്‌
സതീശൻ ഇന്നാട്ടിലെ എല്ലാ സ്ത്രീകളുടേയും ഇഷ്ടപ്പെട്ട തയ്യൽക്കാരനാണ്‌.
അവന്റെ കണ്ണകൾ എക്സറേ നയനങ്ങളാണെന്നാണ്‌
സ്ത്രീകൾ പറയുന്നത്‌.
വസ്ത്രങ്ങൾക്കുള്ളിലേയ്ക്ക്‌ ആഴ്‌ന്നിറങ്ങി
അവയവങ്ങളുടെ വലിപ്പചെറുപ്പങ്ങളും,
വളവുതിരിവുകളും കൃത്യമായി കണ്ടെത്തുവാൻ
ആ കണ്ണുകൾക്ക് കഴിയുന്നു. ശേഷം
തയ്ച്ചുകൊടുത്തത്‌
അണിഞ്ഞാൾ മോൾഡ് ചെയ്ത്‌
തീർത്തതുപോലെ ആകുന്നു.
ആ വസ്ത്രങ്ങൾ ധരിച്ചു
കൊണ്ട്‌ വോട്ടു ചെയ്യാനെത്തുന്ന
ഒരു സ്ത്രീയ്ക്കും സതീശനെ മറക്കാനാവില്ല.

അവരാരും മറന്നില്ല.

വിമോചനമുന്നണിക്കാർ വന്നു
പോയതിന്റെ പിറ്റേന്ന്‌ സതീശവ്
പട്ടണത്തിൽ പോയിട്ട്‌
തിരിച്ചുവന്നില്ല.
അവവ് ഒരിക്കലും രാത്രിയിൽ പത്തു
മണി കഴിഞ്ഞിട്ടും എത്താതിരുന്നിട്ടില്ല. അതവന്റെ
വീട്ടുകാർക്കുമാത്രമല്ല അയൽ
പക്കത്തുള്ളവർക്കും, ഇപ്പോൾ നാട്ടുകാർക്കൊക്കെ
അറിയാവുന്ന കാര്യമായിരിയ്ക്കുകയാണ്‌. അവനെപ്പറ്റിയെന്തും,
അവന്റെ ഭാര്യ സരിതയ്ക്കോ അച്ഛൻ സുകുമാരനോ അമ്മ വിമലയ്ക്കോ അറിയാവുന്നതിനേക്കാൾ ഇന്നു നാട്ടുകാരറിയുന്നു.
ഒരു പക്ഷെ,
അതൊരു പൊതുപ്രവർത്തകന്റെ സ്ഥിതിവിശേഷമാണെന്ന്‌
നിങ്ങൾ പറയുമായിരിയ്ക്കാം.

എന്താകിലും സതീശൻ അന്ന്‌
രാത്രിയിൽ വളരെ ഇരുട്ടിക്കഴിഞ്ഞിട്ടും എത്തിയില്ല.

സുകുമാരൻ ടി.വി
ഓഫ്‌
ചെയ്ത്‌
മുറ്റത്തിറങ്ങി നിന്നു.
വിമല മുറ്റത്തു
തന്നെ സുകുമാരന്‍ പിറകിൽ
നിന്നു.
സരിത വരാന്തയിൽ
വരെ എത്തിയും നിന്നു.

അവന്റെ സ്‌നേഹിതർ
പടികടന്നെത്തി.

എല്ലാവരും ശ്രദ്ധിയ്ക്കുന്നു ണ്ടായിരുന്നു. സംശയങ്ങളുണ്ടാകാവുന്ന സാഹചര്യങ്ങളായിരുന്നു,
അധികവും.
പക്ഷെ,
എവിടെ,
എങ്ങിനെ അന്വേഷണം തുടങ്ങണമെന്നു
മാത്രം ആർക്കും അറിയാതെ
തുടർന്നു.

മുറ്റത്തും വരാന്തയിലും പിറു
പിറുപ്പുകളും, അടക്കിയ വാക്ക് വാദങ്ങളുമായിട്ട്‌,
പുകവലിച്ചും വലിക്കാതെയും
സമയം നീങ്ങിക്കൊണ്ടിരുന്നു.

കിഴക്കൽ മാനത്ത്‌
വെള്ളക്കീറ്‌
കണ്ട്‌
സമയം അറിയുന്നതിനായി വാച്ചിൽ നോക്കി തലയുയർത്തിയ ഒരാൾ പടികടന്നു വരുന്ന സതീശനെ ആദ്യമായി കണ്ടു.

അവന് യാതൊരുവിധ ഭാവപ്പകർച്ചയുമുണ്ടായിരുന്നില്ല.
വളരെ സാവധാനം സൈക്കിളിൽ നിന്നിറങ്ങി സ്നേഹിതരെ നോക്കി പുഞ്ചിരിച്ചു.

“നല്ലൊരു കഥയുണ്ട്‌
കടയിൽ വന്നിട്ട്‌
പറയാം”.

സ്നേഹിതർ സമാധാനമായി മടങ്ങി.

നേരത്തെതന്നെ അവരെല്ലാം കുളിച്ച്‌
വൃത്തിയായവസ്ത്രങ്ങൾ ധരിച്ച്‌
സതീശന്റെ കട തുറക്കുന്നതും കാത്തു നിന്നു.

കടയുടെ നിരപ്പലകയുയർത്തുമ്പോൾ മുതല്‍
അവൻ കഴിഞ്ഞ രാവിന്റെ കഥ പറഞ്ഞു തുടങ്ങി.

ഞാൻ തിരിച്ചു പോരുവാർന്നു.
തീയറ്ററിന്റെ അടുത്തുള്ള പാലത്തേലു വച്ചാ കറന്റു പോയത്‌,
നെലാവുമില്ലാ,
കൂരാക്കൂരിരുട്ട്‌…. എന്റെ സൈക്കിളിന്റെ
ലൈറ്റും കത്തുന്നില്ല.
സൈക്കിളീന്നിറങ്ങി ലൈറ്റ്‌
കത്തിയ്ക്കാൻ നോക്കീപ്പം.
അടുത്തൊരു കാറു വന്നു നിന്നു.
മാരുതി വാനാ.
ഇരുട്ടല്ലാർന്നൊ…നെറമൊന്നും കാണാമ്പറ്റീല്ല.
സതീശ്ശാന്ന്‌
പരിചയമൊള്ളൊരു വിളി.
ആരാന്നു ചോദിച്ചോണ്ട്‌
കാറിന്റെ
അടുത്തെത്തീട്ടൊണ്ടാകും ബലത്തിൽ രണ്ടാളുകളെന്നെ കാറിലാക്കി,
വായില്‍
തുണിതിരുകി,
കണ്ണുകെട്ടി കൈ പുറകിലേയ്ക്ക്‌
വരിഞ്ഞു കെട്ടി…..”

അവനൊരു നിമിഷം കഥ നിർത്തി ശ്രോതാക്കളുടെ മുഖങ്ങളിൽ നോക്കി,
ആ മുഖങ്ങളിലും കണ്ണുകളിലുമെല്ലാം ആകാംക്ഷമാത്രമാണ്‌,
അവനിഷ്ടമായി,
ഏതൊരു കഥാകാരന്റേയും
പോലെ. ഒരു ചോദ്യവും ചോദിയ്ക്കാത്ത,
യാതൊരു വിധ വിമേശനങ്ങളും നടത്താത്ത,
വായ പൊളിച്ചിരിയ്ക്കുന്ന ശ്രോതാക്കളെയാണല്ലോ ഇന്നു
വരെ ജീവിച്ചിരുന്നിട്ടുള്ള
എല്ലാ കഥാകാരന്മാർക്കും ഇഷ്ടമായിട്ടുള്ളത്‌. അവൻ
കഥ തുടർന്നു.
കേൾവിക്കാരേറാതെ അവൻ കടയുടെ നിരപ്പലക താഴ്ത്തിയാണ്‌
ഇട്ടിരിയ്ക്കുന്നത്‌.
കൂടാതെ ഇക്കഥയെ ചെവികളിലൂടെ പകരാനിടവരരുതെന്ന്‌
സ്നേഹിതർക്ക്
താക്കീതും കൊടുത്തിരുന്നു.
ഒരു പക്ഷെ,
ഈകഥയുമായി ബന്ധപ്പെട്ട്‌
ഐശ്വര്യം എത്തിപ്പെടാം,
സ്ഥാനമാനങ്ങളിലെത്തിപ്പെടാം. സ്നേഹിതർ
വാക്കുകെടുത്തു,
സതീശന്റെ തുറന്നു വച്ച വലതു
കൈയ്യില്‍ സ്‌നേഹിതരുടെ വലതു കൈകൾ
കമഴ്ത്തി വച്ച്
ഗാഢമായിട്ടമർത്തിക്കൊണ്ട്‌. കൂടാതെ അവരുടെ
വകയായിട്ട്‌
ശക്തമായ പിന്തുണാ
വാഗ്ദാനവും.

വണ്ടി അധികം ഓടീട്ടൊന്നുമില്ല;
ആള്‍
പാർപ്പില്ലാത്തിടത്തു കൂടെയാ
പോയിരുന്നെ. ഒരു വീട്ടിലെത്തി,
ഒരു ശബ്ദവും കേൾക്കാനില്ലാർന്നു പറഞ്ഞാൽ,
മനുഷ്യന്റെ ശബ്ദം,
റേഡിയോപ്പാട്ടോ,
ടി.വീ
ടെ ഒച്ചയോ ഒന്നും.
അതുകൊണ്ട്‌
മനസ്സിലായി ആരും താമസ്സിയ്ക്കാത്ത സ്ഥലമാണെന്ന്‌.
വരുംവഴി അവന്മാരു കൂടെക്കൂടെ പറഞ്ഞോണ്ടിരുന്നു,
കൊല്ലാങ്കൊണ്ടോകുവല്ലാന്ന്‌.
എനിക്കും അറിയാരുന്നു.
പക്ഷെ,
അവടെ,
ആ വീട്ടിച്ചെന്നിട്ട്‌
ഞാങ്കരുതീർന്നതു പോലെ
വിലപേശലല്ലാനടന്നത്‌. കാറ്‌ മുറ്റത്താകണം
നീർത്തീത്‌.
മുറ്റത്താകെ ചരള്‌
നെരത്തീട്ടൊണ്ടാരുന്നു.
കാറ്‌
ഉരുണ്ടു കേറീപ്പോഴൊള്ള ഒച്ച അങ്ങനെ ആർന്നു.
കണ്ണും കയ്യും കെട്ടിത്തന്നെ രണ്ടാളുകള്‍
പിടിച്ചോണ്ടാണ്‌
മുറീലേയ്ക്ക്‌
കൊണ്ടു പോയത്‌.
അവർക്ക് എന്നേക്കാൾ പൊക്കവും ആരോഗ്യവുമുണ്ട്‌.
എന്റെ കുതറിച്ചയൊന്നും വിലപ്പോയില്ല,
മൂന്ന്‌
കട്ടളപ്പടിയില്‍
കാലു തടഞ്ഞശേഷം ഒരു മുറിയിലെത്തി.
മുറിയിൽ, കിടക്ക വിരിച്ച കട്ടിലിൽ
അവരെന്നെ കിടത്തി,
കാലുകളെ രണ്ട്‌
കട്ടിൽ കാലിലും തുണികൊണ്ട്‌
വരിഞ്ഞു കെട്ടി.
കൈകളെ തലയ്ക്കലെ കട്ടിൽക്കാലിലും കെട്ടി.
കണ്ണിലെ കെട്ടഴിയ്ക്കുമെന്നും,
വായിലെ തുണി
എടുക്കുമെന്നും കരുതീട്ട്‌
ചെയ്തില്ല.
എന്നിട്ടവർ മുറിവിട്ടു
പോയി. മുറിയിൽ ഫാൻ കറങ്ങുന്നുണ്ട്‌,
വെളിച്ചമുണ്ട്‌… പിടിയിൽ വലിയിൽ
മേത്ത്‌
അവിടവിടെ ചെറിയ വേദനകളൊക്കെയൊണ്ട്‌, വിയർത്തുമിരുന്നു.ഫാനിന്റെ
തണുപ്പ്‌
വിയർപ്പിനെ ഒപ്പിക്കൊണ്ടിരുന്നു.
ഞാനപ്പോ എന്റെ ശരീരത്തെ മാത്രമേചിന്തിച്ചിരുന്നുള്ളൂ.
നിങ്ങളെ ആരേം ഓർത്തില്ല.
അച്ഛനേം അമ്മേം സരിതേം ഓർത്തില്ല.
അപ്പോഴും ഞാൻ വിശ്വസ്സിച്ചു
കൊണ്ടിരുന്നു, ആരേലും വന്നെന്റെ
കണ്ണിലെ കെട്ടഴിയ്ക്കുമെന്നും വായിലെ തുണി എടുക്കുമെന്നും,
എന്നിട്ട്‌
ഞാങ്കാണുന്നത്
സംയുക്ത കക്ഷിയുടെ, അല്ലെങ്കിൽ
സഹകരണ പാർത്തിയുടെ ഏതെങ്കിലും വല്യ നേതാവാകുമെന്നും കരുതി.
ഞാനവരുടെ കൂടെ
നിൽക്കണമെന്ന്‌ ആവശ്യപ്പെടുമെന്നും കരുതി. നിന്നാലോ
ലക്ഷങ്ങൾ തരാമെന്നോ,
റബ്ബർ തോട്ടം
തരാമെന്നോ,
ഒരു രണ്ട്‌
നില കെട്ടിടം തരാമെന്നോ പറയുമെന്നു കരുതി.
അതെല്ലാമാണല്ലൊ എന്റെ
ആഗ്രഹങ്ങൾ… ഞാൻ
നിങ്ങളോടു പറഞ്ഞിട്ടുള്ള എന്റെ സ്വപ്നങ്ങൾ… പക്ഷെ, എന്റെ
മോഹങ്ങളെയെല്ലാം മാറ്റി
മറിച്ചുകൊണ്ട്‌ ഒരു മണം
മുറിയിൽ നെറയുകയാണാദ്യം ചെയ്തത്‌.
വിദേശ
പെർഫ്യൂമിന്റേതാ…ആ മണത്തിലുള്ളൊരു നേതാവ്‌
മങ്കാവുടിയിൽ ഒണ്ടോ……പിന്നെ ചിന്തിച്ചത്‌
അങ്ങനെയാ…
ചിന്തിച്ചെനിയ്ക്ക്‌
ഉത്തരം കണ്ടെത്തേണ്ടി വന്നില്ല.
ആ മണം അടുത്തടുത്തു
വന്ന്‌ കട്ടിലിൽ എന്റടുത്തിരുന്നു.
അതിന്റെ ർദ്ദവമുള്ള കൈ എന്റെ നെഞ്ചില്‍
വച്ചു.
അതൊരാണിന്റെ കൈയ്യല്ലെന്നു എനിയ്ക്കു മനസ്സിലായി.
അത്രയ്ക്ക്‌
മാർദ്ദവമാണതിന്‌.
അവൾ ചോദിച്ചു,
ഞാനാരാന്നറിയ്യോ….എനിയ്ക്ക്‌ മിണ്ടാമ്പറ്റീല്ല,
കാരണം എന്റെ വായിൽ തുണിയാരുന്നില്ലെ…അതവൾക്ക് മനസ്സിലായി,
അവളെന്റെ വായിൽ നിന്നും തുണി എടുത്തുമാറ്റി.
നീ ആരാ,
എന്നാ വേണം…ഞാൻ ചോദിച്ചു അവൾ പറഞ്ഞു ഞാനൊരു പെണ്ണാ….സുന്ദരിയായ പെണ്ണു
തന്നെയാ…സുന്ദരിയാണോന്നു ഞാന്‍
കണ്ടിട്ടു പറയാം നീ എന്റെ കണ്ണിന്റെ കെട്ടഴിയ്ക്ക്‌.
അവള്‌
കെട്ടഴിച്ചില്ല,
ചിരിയ്ക്കുക മാത്രം
ചെയ്തു.പക്ഷെ, ആ ചിരി
കൊലച്ചിരിയായിരുന്നില്ല.
അസ്സല്‌
പെണ്ണിന്റെ ചിരി. സുന്ദരിയായ
കൊതിപ്പിയ്ക്കുന്ന പെണ്ണിന്റെ ചിരി.
അവളു പറഞ്ഞു.
പെണ്ണിനെ ഇഷ്ടോള്ള ആളാന്നറിയാം,
പല പെണ്ണുങ്ങളെ തൊട്ടിട്ടൊള്ള ആളാന്നും അറിയാം,
എന്നെ
ഇഷ്ടാവ്വോ…എന്തോ..
അവളെന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചുമാറ്റി. ഉടുമുണ്ട്‌
ഉരിഞ്ഞു നീക്കി…നിനക്കെന്നതാ
വേണ്ടേ, ഞാൻ ചോദിച്ചു. പക്ഷെ, അവള്‍ ഉത്തരം
പറഞ്ഞില്ല.
ചിരിയ്ക്കുക മാത്രം ചെയ്തു.
ആ ചിരിയ്ക്ക്‌
വല്ലാത്തൊരു ആകർഷണത്വമുണ്ടാരുന്നു.
അവളുടെ ചുണ്ടുകൾ എന്റെ മാറിൽ,
കഴുത്തിൽ,
കവിളിൽ,
ചുണ്ടുകളിൽ…പക്ഷെ,
ഞാൻ ഉണരുകയല്ലാരുന്നു, ഐസുകട്ടയിൽ
പൊതിഞ്ഞതു പോലെ ഞാനുറഞ്ഞുപോവുകയാരുന്നു.ഉള്ളില്‍ ഭയമാരുന്നോ….അറിയില്ല. പക്ഷെ, അടുത്ത നിമിഷം
എന്റെ അടിവസ്ത്രത്തിനുള്ളിൽ മൃദുവായ ആ വിരലുകളെത്തിയപ്പോൾ,
എനിയ്ക്കറിയാമ്മേലാത്ത ഒരു മർമ്മത്തിൽ ആ വിരലുകൾ തൊട്ടപ്പോൾ ഞാൻ,
പെട്രോളിനു തീപിടിയ്ക്കുമ്പോലെ
കത്തിയുണരുകയാരുന്നു. ജ്വാല വാനോളം
ഉയർന്നിട്ടുണ്ടാകും.
എനിക്കെന്നെ,
മനസ്സിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
അത്‌
അത്രമാത്രം
ഉയരത്തിലായിക്കഴിഞ്ഞിരുന്നു.

പിന്നെ…പിന്നെ..എനിക്കറിയാമ്മേലാതായി, അറിഞ്ഞിട്ടില്ലാത്തതായി…

പിളർന്നിരുന്ന,
സ്നേഹിതരുടെ വായകൾ അടഞ്ഞില്ല.
കണ്ണുകളുടെ മിഴികൾ അനങ്ങിയില്ല.
അവൻ സംസാരം നിർത്തി കടയുടെ നിരപ്പലക ഉയർത്തി
വച്ചു

പിന്നീടാരും മിണ്ടിയില്ല.

അവൻ തയ്യൽ മെഷിനിൽ എണ്ണയിട്ടു തുടച്ചു ബോബനുകളിൽ നൂലുചുറ്റി,
ഉപയോഗമില്ലാത്ത തുണിക്കഷണത്തിൽ
 തയ്ച്ചു നോക്കി, തയ്യൽ
കാണി ശരിയാക്കി.

അവൻ സ്നേഹിതരെ നോക്കി,
അവരിൽ ചിലർ ബീഡി വലിയ്ക്കുന്നു.
ഒരാള്‍
താടി തടവുന്നു.
വേറൊരുത്തൻ അന്നത്തെ പത്രത്തിൽ വെറുതെ നോക്കിയിരിയ്ക്കുന്നു.

“ഞാനുണർന്നപ്പോൾ
അവൾ ഒരൊറ്റ വാചകം
പറഞ്ഞു…….
സംയുക്ത കക്ഷിയുടെ കൂടെ
നിൽക്കണമെന്ന്‌. പിന്നെ
നടന്നകലുന്ന ശബ്ദം കേട്ടു. ആരോ എന്റെ കയ്യിന്റേയും
കാലിന്റേയും കെട്ടുകളഴിച്ചു. കൈ
പിറകിൽ വീണ്ടും കെട്ടി
വച്ചു. കണ്ണുകൾ
ഒന്നുകൂടി വലിച്ചു കെട്ടി, വായിൽ
തുണി തിരുകി. മൂന്ന്‌ കട്ടളപ്പടികൾ കടന്ന്‌
മാരുതി വാനിന്റെ പിറകിലെ
സീറ്റിൽ രണ്ടാളുകൾക്ക് നടുവിൽ ഇരുത്തി എന്നെ
സൈക്കിളിന്റെ അടുത്ത്‌
ഉപേക്ഷിച്ചിട്ടു പോയി…

@@@@@@
സതീശന്റെ പ്രതിസന്ധികള്‍

സതീശന്റെ
പ്രതിസന്ധിയിലേയ്ക്കാണ്‌ സ.പീറ്റർ
കയറിവന്നത്‌. മനസ്സിലായില്ലെന്ന്‌ തോന്നുന്നു. പീറ്ററിനെ നാം
പരിചയപ്പെട്ടതാണ്‌. അയാളുടെ
സ്വഭാവവിശേഷങ്ങളും അറിഞ്ഞതാണ്‌.
അപ്പോൾ അയാൾ
എങ്ങിനെ സതീശന്റെ
പ്രതിസന്ധിയിൽ
പ്രവേശിച്ചു എന്ന് മനസ്സിലായികാണേണ്ടതാണ്‌.

അതെ, അതുതന്നെ, പങ്കജം സതീശന്റെ
ജീവിതത്തിൽ ഉണ്ടാക്കിയ
പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുവേണ്ടി, അവന്റെ അയൽക്കടക്കാരായ
മക്കാരും കരുണാകരൻ
നായരും കൂട്ടായിട്ട്‌ ക്ഷണിച്ചതിനെ തുടർന്ന് പീറ്റർ
ഈ പ്രതിഭാസത്തിലേയ്ക്ക്‌
പ്രവേശിക്കുക ആയിരുന്നു.

കരുണാകരൻ
നായരുടെ ചായക്കടയുടെ
ഉള്ളിൽ പുട്ടും
കടലയും വേവുന്നിടത്ത്‌,
എന്നു പറഞ്ഞാൽ
അടുക്കളയിൽ ഇരുന്ന്‌, ഒരു ഹാഫ്‌ ബോട്ടിൽ റമ്മിന്റെ
മുക്കാൽ ഭാഗത്തോളം
അകത്താക്കി
കഴിഞ്ഞപ്പോൾ ക്ഷണം സ്വീകരിക്കുക യായിരുന്നു.

മദ്യപിച്ചു
കഴിഞ്ഞാൾ അയാളുടെ
കണ്ണുകൾ ഉന്തി
വരും, ചുവക്കും പിന്നീട്‌ വായ അടയ്ക്കാത്തതു കാരണം പന്നിയുടെ
തേറ്റ പോലെ
അല്പം നീണ്ട
കോമ്പല്ലുകൾ കൂടി
ആകുമ്പോൾ
ബ്രോസ്റ്റോക്കറുടെ ധ്രാക്കൂളയാണെന്നേ തോന്നുകയുള്ളു.

എങ്കിലും
മനുഷ്യപ്പറ്റുള്ളവനാണ്‌. മനുഷ്യനെ
തിരിച്ചറിയുകയും ചെയ്യും. അതുകൊണ്ടാണല്ലോ സതീശന്റെ നിസ്സഹായമായ
അവസ്ഥയെ കണ്ടറിയാൻ
കഴിഞ്ഞത്‌.

പക്ഷെ, സതീശന്‍ അയാളെ അത്ര
വിശ്വാസമില്ലായിരുന്നു. അവന്റെ മനസ്സിൽ അയാളെക്കുറിച്ചുള്ള ചിത്രം ഒരു
പത്തു
വയസ്സുകാരി പെൺകുട്ടിയുമായിട്ട്ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു.
പാതിരാത്രിയിൽ കിണറ്റിൽ നിന്നും വെള്ളം
കോരുന്നതിന്റേതാണത്‌.

അത്‌ സതീശന്റെ വൈരുദ്ധ്യാധിഷ്ഠിത ചിന്താഗതിയിൽ നിന്നുമുടലെടുത്തതാണ്‌. തയ്യൽ പണി കഴിഞ്ഞ്‌,
എന്നു പറഞ്ഞാൽ
രാത്രി എട്ടു മണികഴിഞ്ഞ്‌
കട അടച്ച്‌ അവൻ ടൌണിൽ
പോകുന്നു. നൂൽ, ബട്ടൺ, തുടങ്ങിയ തയ്യൽ
സാമഗ്രഹികൾ വാങ്ങുക
എന്നതായിരുന്നു ഉദ്ദേശം. കൂടെ
ടൌണിലെത്തി തിരക്കുകളിലൂടെ
ഒന്നു നടക്കുകയും
ആകാമെന്നു
കരുതും. അതൊരു സുഖമുള്ള
ഏർപ്പാടാണെന്നാണ്‌ അവന്റെ അഭിപ്രായം. ആദ്യം കിഴക്കോട്ടും
പിന്നീട്‌ പടിഞ്ഞാറോട്ടും നടക്കും.
നേരെ വടക്കോട്ടു
വഴിയില്ല. തെക്കുനിന്നുള്ള വഴിയിലൂടെ
ആണ്‌ കൊണ്ടിപ്പാടത്തുനിന്നും, അല്ലെങ്കിൽ
ശ്രീപുരത്തുനിന്നും ടയണിലെത്തുന്നത്‌. അപ്പോഴാണ്‌ അവൻ ടാണിന്റെ
വളർച്ചകൾ കാണുന്നത്‌. വിശേഷങ്ങൾ അറിയുന്നത്‌.
രാഷ്ട്രീയ
സാമുഹീക സാംസ്ക്കാരിക നേതാക്കളുടെ പ്രസംഗങ്ങൾ
കേൾക്കുന്നത്‌.

അതിൾ
നിന്നും ബൃഹത്തായ
അറിവുകളാണ്‌ കിട്ടുന്നത്‌, അക്കാര്യത്തിൽ
അവൻ
ബോധവാനാണുതാനും.

പിന്നീടുള്ള
മടക്കയാത്ര പത്തു മണിയോടുകൂടിയാണ്‌.
അങ്ങിനെ മടങ്ങിയെത്തുമ്പോഴാണ്‌ പീറ്ററുടെ വീടിന്റെ മുന്നിലുള്ള കിണറ്റിൽ നിന്നും
പെൺകുട്ടി വെള്ളം
കോരുന്നത്‌ കാണുന്നത്‌.

അവളുടെ
വസ്ത്രങ്ങൾ നനഞ്ഞു
കുതിർന്നിരിയ്ക്കും, മുഖത്തു
കൂടി ചാലുവച്ച്‌ വിയർപ്പ് ഒഴുകിയിറങ്ങുന്നുണ്ടാകും. വിയർപ്പിനുള്ളിൽ മുഖത്ത്‌ എണ്ണമയം പരന്നിരിയ്ക്കും.

ഒരിയ്ക്കൽ
സതീശൻ പീറ്ററിനോടു
ചോദിച്ചു.

എന്നാ
സഖാവേ നിങ്ങൾക്കൊരു
പമ്പും മോട്ടറും
വയ്ക്കാമ്മേലേ…………ആ പെങ്കൊച്ച്‌ രാത്രീലും
വെള്ളം
കോരുന്നതുകാണാല്ലോ…….

ഓ..അതോ…………അന്ന് അപ്പന്റെ ഒരുപെങ്ങള്, വല്യമ്മായിവിരുന്നിന്‌ വന്നിരുന്നതുകൊണ്ടാ…

മിനിയാന്നോ….

മിനിയാന്ന്‌…………….
മിനിയാന്ന്‌ അമ്മേടെ ആങ്ങള
വന്നിരുന്നു, ചാച്ചൻ………

നാലേന്നാളോ……..

അന്നെന്റെ രണ്ടുമൂന്നു
സ്നേഹിതരുണ്ടായിരുന്നു…………..

ഇതാണോ
സഖാവെ വർഗ്ഗസ്നേഹം
?
കേട്ടിരുന്നവർ ഇളിഭ്യച്ചിരിചിരിച്ചത്‌
പീറ്ററിന്‌ അത്രയ്ക്ക്‌ ഇഷ്ടമായില്ല. അയാൾ മനസ്സിൽ കുറിച്ചിരുന്നിരിയ്ക്കണം. “ഒരിയ്ക്കൽ
നീ എന്റെ
കാൽക്കൽ വരുമെന്ന്‌.”

പക്ഷെ, സതീശൻ കാൽക്കൽ
വന്നിട്ടും അയാൾ
അവന് അനുകൂലമായ
നടപടികളിലേയ്ക്കാണ്‌ കാര്യങ്ങളെ
നീക്കിയത്‌. ചർച്ചകൾക്കും
വാക്കുതർക്കങ്ങൾക്കും ഒടുവിൽ
കുറച്ച്‌ പണം കൊടുത്ത്‌ പങ്കജത്തിന്റെ ബന്ധം അവസാനിപ്പിയ്ക്കാമെന്ന്‌ തീർപ്പാക്കുകയും
ചെയ്യുകയായിരുന്നു. എങ്കിലും പങ്കജത്തിന് ജനിയ്ക്കാനിരിയ്ക്കുന്ന കുട്ടി, ജന്മശേഷം ആരുടെതാണെന്ന്‌
രക്തപരിശോധനയിലുടെ
കണ്ടെത്തണമെന്നും, സതീശന്റേതാണെങ്കിൽ കൊച്ചിന്‌ ചെലവിന്‌ കൊടുക്കണമെന്നും ഉന്നയിയ്ക്കപ്പെട്ടിരുന്നു.

പക്ഷെ, പങ്കജം ഇതേവരെ
പ്രസവിച്ചിട്ടില്ല.

നമ്മളിപ്പോൾ
മുപ്പതു
വർഷം പിറകോട്ടുപോവുകയാണ്‌. നമുക്ക്‌ പീറ്ററിന്റെ കുട്ടിക്കാലം കാണേണ്ടിയിരിയ്ക്കുന്നു.

എന്താണ്‌ ഇവിടെ പീറ്ററിന്റെ
കൂട്ടിക്കാലത്തിന്റെ
പ്രസക്തിയെന്നു തോന്നാം. ഇക്കഥയുമായിട്ട്‌ പീറ്ററിന്റെ
കുട്ടിക്കാലവുമായിട്ട്‌ പറയത്തക്കബന്ധങ്ങളൊന്നുമില്ല. പക്ഷെ, സതീശൻ ജീവിച്ചിരുന്ന കാലഘട്ടങ്ങളെ, ജീവിത
സാഹചര്യങ്ങളെ, സമൂഹത്തിന്റെ വികാസങ്ങളെ,
രാഷ്ദ്രീയ
പരിതസ്ഥിതികളെ, മനുഷ്യമനസുകളുടെ വികാസങ്ങളെ
കാണിയ്ക്കുകമാത്രമാണ്‌ ഉദ്ദേശം അതേപോലെ
ഞങ്ങൾ പറയുന്ന പല
ഉപകഥകൾക്കും അങ്ങിനെയുള്ള
ഉദ്ദേശ്യങ്ങളാണുള്ളത്‌. ഇത്‌ എല്ലാ കഥ പറച്ചിലുകാരും ചെയ്യുന്ന കാര്യമാണെന്നാണ്‌ ഞങ്ങൾ ഗ്രഹിച്ചിട്ടുള്ളതും.

അയാൾ
അന്ന്‌ വെളുത്ത്‌ ഉയരം കൂടിയ
മീശ
മുളയ്ക്കാത്ത സുന്ദരനായ ഒരുകുട്ടിയായിരുന്നു. അവനോട്‌, പഠിപ്പിച്ചിരുന്ന അദ്ധ്യാപികമാർക്ക് കൂടി പ്രേമമുണ്ടായിട്ടുണ്ട്‌. അവർ
അവനെ സ്റ്റാഫ്‌ റൂമിൽ വിളിച്ചിരുത്തി തമാശ്ശകൾ
പറഞ്ഞ്‌ ചിരിക്കുകയും അവന്റെ
സംശയങ്ങള്‍ തീഎത്തു
കൊടുക്കുകയും
ചെയ്തിരുന്നു. അവൻ പഠിച്ചിരുന്ന
സ്‌ക്കൂളിൽ അദ്ധ്യാപികമാർക്ക് മാത്രമായിട്ട്‌ റൂമുണ്ടായിരുന്നത്‌
സാകര്യവുമായിരുന്നു.

അവനെ
പഠിപ്പിച്ചിരുന്ന അദ്ധ്യാപികമാരും അദ്ധ്യാപകന്മാരും അവന്റെ
ഇടവകയിലെ അംഗങ്ങൾ തന്നെയായിരുന്നു. അതുകൊണ്ട്‌ ഞായറാഴ്ചകളിൽ പള്ളിയിൽ
പോകുമ്പോഴും അവർ
കണ്ടു
മുട്ടുമായിരുന്നു. അദ്ധ്യാപകർ അവനെ
നോക്കിചിരിക്കുകയും അദ്ധ്യാപികമാർ
കുശലം പറയുകയും
ചെയ്യമായിരുന്നു.

എന്നിട്ടും
മാനേജ്‌മെന്റിനെതിരെ സമരം
ചെയ്തപ്പോൾ, സ്‌ക്കൂൾ
കെട്ടിടത്തിന്റെ ഓടുകളും
ഡെസ്ക്കുകളും
ബെഞ്ചുകളും തല്ലിത്തകർത്തപ്പോൾ അവരെല്ലാം അവനെ
തെരുവു ഗുണ്ടയൊപോലെ
കണ്ടു. കുട്ടികളുടെ
ഇടയിൽ വളര്‍ന്നു വന്നുകൊണ്ടിരുന്ന വിദ്യാർത്ഥി  സംഘടനയുടെ നേതാവായി
തീർന്നപ്പോൾ അവനെ
ആരും അറിയാത്തവരായി.
കുശലം പറയാനോ, നോക്കിച്ചിരിക്കാൻ പോലുമോ
ആരും തയ്യാറായില്ല.

ആ പഴയ കാലത്തിന്റെ ഓർമ്മകളെ
പുതുക്കി വീരകഥകൾ
പറയുന്നതിനിടയിൽ, അല്ലെങ്കിൽ
ഒടുവിൽ പീറ്റര്‍ പറയാറുണ്ട്‌ അവരെല്ലാം സത്യക്രിസ്ത്യാനികളാണെന്ന്‌. ക്രിസ്തു
ജനിച്ച്‌ നൂറു
വർഷം
തികയും മുമ്പു തന്നെ
അവരിവിടെ സംഘമായി
ഒത്തു
ചേർന്നവരും വയ്പിലും കുടിയിലും വ്യത്യസ്തത
സൂക്ഷിച്ചവരുമായിരുന്നെന്നും, അതിനുശേഷം എഴുന്നൂറോ
എണ്ണൂറോ കൊല്ലങ്ങൾക്ക്
ശേഷമാണ്‌
അറബികളുടെ ഇടയിൽ   മുസ്ലീങ്ങളെന്ന
കൂട്ടായ്മയുണ്ടായതെന്നും, അതിനുശേഷവും നുറ്റാണ്ടുകൾ
കഴിഞ്ഞാണിവിടെ നമ്പൂതിരിമാരും
നായന്മാരും ഈഴവരും
ചെമ്മാനും ചെരുപ്പുകുത്തിയും ഉണ്ടായതെന്നും, എല്ലാറ്റിനും ഒടുവിലാണ്‌ കമ്മ്യൂണിസ്റ്റുകാരുണ്ടായതെന്നും. അപ്പോൾ ആദ്യമുണ്ടായ സത്യക്രിസ്ത്യാനിയും ഒടുവിലുണ്ടായ കമ്മ്യുണിസ്റ്റുകാരനും തമ്മിൽ ആയിരത്തി
എഴുന്നൂറു
വർഷത്തെ പ്രായ
വ്യത്യാസമുണ്ട്‌, പിന്നെങ്ങിനെ
അവർ സ്നേഹിതരാകും….

ചരിത്രത്തിന്റെ
ഏടുകളില്‍ പീറ്റര്‍ ആരെന്ന്‌ നമൂക്കറിഞ്ഞിട്ടുകാര്യമൊന്നുമില്ല. ഞങ്ങളുടെ ഗ്രാമത്തിൽ
അയാൾ ആരാണെന്നാണ്‌
നമുക്ക്‌ അറിയേണ്ടത്‌. പത്തു വർഷങ്ങൾക്ക് മുമ്പ്‌ അയാൾ
ഉറക്കച്ചടവോടുകുടി നടക്കുന്നത്‌ നമ്മൾ കണ്ടിട്ടുണ്ട്‌.
അന്നയാൾ പറഞ്ഞിരുന്നത്‌
പാർട്ടി
ക്ലാസ്സുണ്ടായിരുന്നെന്നോ പാർട്ടി കമ്മിറ്റിയുണ്ടായിരുന്നെന്നോ ഒക്കെ ആയിരുന്നു. അയാളുടെ നാവിൽ നിന്നും ഊർന്നു വീഴുന്ന
കാര്യങ്ങൾ ഞങ്ങള്‍ക്ക്‌ മനസ്സിലാകാത്തതുമായിരുന്നു.
എന്നിട്ടും ഞങ്ങൾ കേട്ടിരിയ്ക്കാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങളോടൊത്ത്‌
പീറ്ററും, കടത്തിണ്ണയില്‍ തന്നെ ആയിരുന്നു
ഇരിപ്പ്‌, എന്നിട്ടും
അയാളുടെ ഇരിപ്പിടത്തിന്‌
വളരെ ഉയരം
ഉണ്ടെന്ന്‌ തോന്നിച്ചിരുന്നു.

അന്നയാൾ
പറയുമായിരുന്നു. വർഗ്ഗസമരമെന്നും
തൊഴിലാളി സർവ്വാധിപത്യമെന്നും, റഷ്യയെന്നും ചൈനയെന്നും വിയറ്റ്നാമെന്നുമൊക്കെ.
ഇവിടെയും അടുത്തു തന്നെ
തൊഴിലാളി സർവ്വാധിപത്യം വരുമെന്നും അതിനായി കുടുംബവും
വിവാഹ ജീവിതവും
വരെ ത്യജിച്ചിരിയ്ക്കുകയാണ്‌
അയാളെന്നും.

ഒരുകാര്യം
സത്യമായി തുടരുന്നു
പീറ്റർ ഇന്നും
അവിവാഹിതനായി തുടരുന്നു
എന്നത്‌.
എഴുപതു
കഴിഞ്ഞ അമ്മയാണ്‌
ഇന്നും കഞ്ഞിയും
കൂട്ടാനും ഉണ്ടാക്കികൊടുക്കുന്നതു എന്നും.

അന്ന്‌ ഞങ്ങളുടെ കൂടെ
ഉണ്ടായിരുന്ന പോളി
ഒരിയ്ക്കലൊരു ചോദ്യം
ചോദിക്കുകയുണ്ടായി.

“മുതലാളിമാരില്ലേല്‍
തൊഴിലാളിമാരുണ്ടാവുന്ന തെങ്ങിനെ ?”

പക്ഷെ, അന്ന്‌ പീറ്റർ ഉത്തരം
പറഞ്ഞില്ല. അന്നയാൾ ലേശം
മദ്യത്തിലും അമിതമായ പുകയിലുമായിരുന്നു. എങ്കിലും അതിനുശേഷം
ഏതോ ഒരു
ബുദ്ധിജീവി
അതിനെക്കുറിച്ചെഴുതിയത്‌ വായിച്ചിട്ടുണ്ടെന്ന്‌ ശിവശങ്കരൻ ഞങ്ങളോടുപറഞ്ഞു.മുതലാളിയില്ലെങ്കിൽതൊഴിലാളിയില്ലെന്നത്‌ യാഥാർത്ഥ്യമാണ്‌. പക്ഷെ, എല്ലാവരും തൊഴിലാളികളാകും, തൊഴിലെടുക്കുന്നവരാകും, അദ്ധ്വാനിക്കുന്ന ജനവിഭാഗമെന്നോ തൊഴിലുടമയെന്നോ വേർതിരിവില്ലാതെ എല്ലാവരും
തൊഴിലെടുത്ത്‌ ജീവിക്കുന്നവരാകും. പക്ഷെ, അതിന്റെ അര്‍ത്ഥം ഞങ്ങള് വ്യക്തമായിരുന്നില്ല.
ഞങ്ങളന്ന്‌ പീറ്ററിനെപ്പോലുള്ളവരുടെ ദൃഷ്ടികളിൽ
ആദിവാസികളോ മന്ദബുദ്ധികളോ
ആയിരുന്നു.
ഞങ്ങളിന്നും അയാളുടെ
മുന്നിൽ അറിവില്ലാത്തവരായി തുടരുകയാണ്‌. ഇന്നയാൾ,
വർഗ്ഗ
സമരമെന്നോ തൊഴിലാളി സർവ്വാധിപത്യമെന്നോ അല്ല
പറയുന്നത്‌. അധികാര
വികേന്ദ്രീകരണമെന്നും
ജനകീയാസൂത്രണമെന്നും നമുക്ക്‌ വേണ്ട നിയമങ്ങൾ
നമ്മളാണ്‌ ഉണ്ടാക്കുന്നതെന്നും ഒക്കെയാണ്‌.
ഞങ്ങളുടെ ഗ്രാമത്തിൽ
ഒരു പാലം
വേണമെങ്കിൽ, റോഡ്‌ ടാറുചെയ്യണമെങ്കില്ല്
ചെറ്റക്കുടിലിൽ കിടക്കുന്നവന്‌ ഒരു വാർക്ക
വീടു വേണമെങ്കിൽ നമ്മൾ തീരുമാനമെടുത്താൽ മതിയെന്നുമാണ്‌ പറയുന്നത്‌.

അങ്ങിനെ
ഞങ്ങളെടുത്ത തീരുമാനത്താൽ,
ഒരിക്കലും ഉണ്ടാകില്ലെന്നു കരുതിയിരുന്നിടത്തുകൂടി റോഡുണ്ടായിട്ടുണ്ട്‌.പുതുക്രി സ്ത്യാനിയായ മത്തായിച്ചേട്ടൻ, തെങ്ങു കേറ്റക്കാരൻ പരവന്‍,
രാമന്‍ ഓരോ
വീടുണ്ടായിട്ടുണ്ട്‌. പക്ഷെ, ഞങ്ങളുടെയൊക്കെ സ്വപ്നമായിരുന്ന,
രണ്ടു മലകളെ
യോജിപ്പിച്ചു കൊണ്ട്‌ ഒഴുക്കത്ത്‌ തീർത്ത് പാലം
മൂന്നാമത്‌ നാൾ തലക്കുത്തി
വീണപ്പോൾ നഷ്ടമായത്‌ പത്തിരുപത്‌ പേരുടെ
ആഴ്ചകളോളം കിട്ടേണ്ടിയിരുന്ന പണിക്കൂലിയും കമ്മിറ്റിക്കാരെന്ന പേരിൽ ഈണും
ഉറക്കവും ഒഴിഞ്ഞ്‌
നടന്നിരുന്ന രണ്ടുമൂന്ന്‌
ചെറുപ്പക്കാരുടെ മാനവുമാണ്‌. അവരുടെ പേരിൽ
ഉണ്ടാകാൻ പോകുന്ന
നിയമക്കുരുക്കുകൾ ലാഭവും.

അദ്ധ്വാനവും
തൊഴിലാളിയും തൊഴിലാളി
വർഗ്ഗ
ബോധവും ഞങ്ങൾക്ക്
മനസ്സിലാകാത്ത
ഭാഷയിൽ പറഞ്ഞു തന്നിട്ടുള്ള പീറ്ററെന്തുകൊണ്ടാണ്‌ യാതൊരു
പണിയും ചെയ്യാതെ
നടക്കുന്നതെന്ന്‌ ചിന്തിയ്ക്കാതെയും പരസ്പരം
പറയാതെയും ഇരുന്നിട്ടില്ല.
പക്ഷെ,
അയാളോടു ചോദിയ്ക്കുകയുണ്ടായില്ല.
പിന്നീട്‌ അന്വേഷിച്ചപ്പോഴാണ്‌ അയാളെപ്പോലെ പലരും
നമ്മുടെ നാട്ടിൽ
ഉണ്ടെന്ന്‌ അറിഞ്ഞത്‌. അപ്പോൾ
ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന്‌
തിരിച്ചറിയുകയും
ചെയ്തു. അതെന്ത്‌ വൈരുദ്ധ്യാധിഷ്ടിത ചിന്താഗതിയാണെന്ന്‌
സ്വമനസ്സുകളോട്‌ ചോദിയ്ക്കുകയും
ചെയ്തിരുന്നു.അയാളുടെ വൈരുദ്ധ്യാധിഷ്ടിതമായ മറ്റൊരു ചിന്താഗതി
സ്ത്രീകളെ കുറിച്ചുള്ളതാണ്‌.
സ്ത്രീകളെ വിവാഹം
ചെയ്ത്‌ കുടുംബമായിട്ട്‌ കഴിയാനാണെങ്കിൽ പിന്നെ
പ്രക്യതി പരസ്പരപൂരകമായ
സംവിധാനം എന്തിനാണുണ്ടാക്കിയിരിയ്ക്കുന്നത്‌ ? ഭഗവാൻ
ശ്രീബുദ്ധനോടു
പോലും ഞങ്ങൾക്ക് യോജിക്കാൻ കഴിയാത്ത
കാര്യമാണത്‌. മോഹങ്ങളാണ്‌ ദുഖത്തിന്‌ കാരണമെന്നും, മോഹങ്ങളെ അടക്കി സന്യാസിയായി കഴിഞ്ഞാൽ ദു:ഖനിവാരണമാകുമെന്നും കരുതിയ അദ്ദേഹത്തോട്‌
എങ്ങിനെ
യോജിക്കാനാവും. ഈ മോഹങ്ങളും ശാരീരിക
ആവശ്യങ്ങളും, മാനസ്സീക വൈകാരികതകളും
നമ്മിൽ
മേളിപ്പിച്ചു തന്നിരിയ്ക്കുന്നത്‌
ശ്രീബുദ്ധനോ
അല്ലെങ്കിൽ മറ്റേതെങ്കിലും ശ്രേഷ്ഠരെന്നു പറയുന്നവരോ
അല്ലെന്നിരിയ്ക്കെ അതുകളെ
നടപ്പാക്കിയതിനോടുള്ള ധിക്കാരമല്ലെ?

ദൈവനിന്ദയല്ലേ
?

ഞങ്ങളിവിടെ
ദൈവമെന്നു പറയുന്നത്‌, ഇന്നത്തെ സാമൂഹിക, സാമുദായിക, സാംസ്ക്കാരിക
രംഗങ്ങളിൽ കാണുന്ന, അറിയപ്പെടുന്ന ദൈവങ്ങളെയല്ല.
പരമമായ സത്യത്തെയാണ്‌.
നമ്മളെല്ലാം
അതിന്റെ ഭാഗമായിരിയ്ക്കെ,
അതിന്റെ ചെയ്തികളെ
ധിക്കരിക്കുന്നവർ അജ്ഞരല്ലെ? അതെ എന്ന്‌ ഞങ്ങൾ പറയുകയും
വിശ്വസിയ്ക്കുകയും ചെയ്യുന്നു.

ഞങ്ങൾ
വീണ്ടും കാടുകയറുകയാണെന്നാണ്‌
തോന്നുന്നത്‌. ആവശ്യമില്ലാതെ
ശ്രീബുദ്ധനേയും
ദൈവങ്ങളേയും പരമസത്യത്തേയും നാവിന്റെ തുമ്പത്തു
നിർത്തി വിചാരണ
ചെയ്യുന്നു, ഒരു
കാരണവുമില്ലാതെ.

കാരണമില്ലെ?
ഉണ്ടല്ലോ, ഓരോന്നും പറഞ്ഞു
വരുമ്പോഴാണ്‌ പലതും തെളിഞ്ഞു
വരുന്നത്‌.
ഒന്നിൽ നിന്ന്‌ മറ്റൊന്ന്‌ ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിയ്ക്കുന്നു. ഉരുത്തിരിഞ്ഞു വരുന്നതോ
ഓരോ
പുതിയ കഥകളായി
രൂപാന്തരപ്പെടുന്നു. എന്നിരിയ്ക്കിലും നമുക്ക്‌ ഇവിടെ പ്രധാനം
പീറ്ററിന്റേയും,
എന്താണ്‌ മതമെന്ന്‌ വ്യക്തമല്ലാത്ത സതീശന്റേയും
കാര്യമാണ്‌.
അങ്ങിനെ സഖാവ്‌ പീറ്റർ മുഖവുരയും
അവതാരികയും കഴിഞ്ഞ്‌, കാര്യകാരണ സഹിതം സാഹചര്യങ്ങളെക്കുറിച്ചുള്ള കഥാവിവരണവും കഴിഞ്ഞ്‌ പാർട്ടി കമ്മിറ്റിക്ക്‌
മുന്നിൽ നിന്നും
സ്വയം
ഏറ്റെടുത്ത കർത്തവ്യം സതീശനെ സഹകരണ
പാർട്ടിയ്ക്കൊപ്പം നിർത്തുക
എന്നതാണ്‌.
ഇവിടെയാണ്‌ നാം പീറ്ററിന്റെ
കുശാഗ്ര ബുദ്ധിയെ
കാണേണ്ടത്‌.എന്നോ ഒരിയ്ക്കൽ
നടന്നു
കഴിഞ്ഞ്‌ പോയ കാര്യത്തെക്കുറിച്ച്‌ പെട്ടന്ന്‌ ഓർമ്മയിൽ കൊണ്ടുവരികയും
അത്‌ തങ്ങൾക്ക്
അനുയോജ്യമായിട്ട്‌ ഉപയോഗിക്കാൻ കഴിയുമെന്ന്‌
കണ്ടെത്തുകയും, അങ്ങിനെ പ്രവർത്തിച്ച്‌
മുന്നോട്ട്‌ പോവുകയും ചെയ്താൽ തന്റെ
ഭാഗം ഉറപ്പായിട്ടും
വിജയിയ്ക്കുമെന്ന്‌ തിരിച്ചറിയുകയും, ആ അറിവ്‌
വച്ചുകൊണ്ട്‌ ഉത്തരവാദിത്വം
ഏറ്റെടുക്കുകയും ചെയ്തിരിയ്ക്കയാണ്‌.
ഇപ്പോൾ നിങ്ങൾ
കാര്യത്തിന്റെ ഗൌരവത്തിലേക്കെ
ത്തിയെന്നു കരുതുന്നു. പീറ്റർ കൊളുത്തിയ
ചൂണ്ടല്‍ ഇപ്പോഴും സതീശന്റെ
തൊണ്ടയില്‍തന്നെ ഇരിയ്ക്കുകയാണ്‌.
പങ്കജമെന്ന പരൽ മീനെയിട്ട്‌
സതീശനെന്ന വാളമീനിനെ
പീറ്റർ പിടി കൂടുകയായിരുന്നു.
ഇപ്പോൾ പങ്കജം
വഴുതിപ്പോയി. എങ്കിലും സതീശന്റെ
തൊണ്ടയിൽ
നിന്നും, കൊളുത്തിയ ചൂണ്ടല്‍ അകലാതെ നിലകൊള്ളുക തന്നെ
ചെയ്യുന്നു.

@@@@@
പങ്കജം

വിമോചനമുന്നണിയുടെ ഉല്പത്തി ചരിത്ര പുസ്തകം ഞാൻ കണ്ടിട്ടില്ല. ഞാൻ കാണുകയോ വായിയ്ക്കുകയോ ഉണ്ടായില്ല എന്നുവച്ച്‌ അവർക്കൊരു ലിഖിത ചരിത്രമില്ലെന്നോ, അതിന്‌ യുക്തരായ ചരിത്രകാരന്മാരില്ലെന്നോ, പുസ്തകത്തിന്‌ യോഗ്യതയുള്ള ചരിത്രമില്ലെന്നോ അർത്ഥമില്ല.

മങ്കാവുടിയിൽ ഇതേവരെ അവർ ഒന്നുമായിട്ടില്ല, എങ്കിലും പ്രവിശ്യ, ക്രേന്ദ്ര മണ്ഡലങ്ങളിൽ അവർ വേരുകളുള്ളവരും, ചിലയിടങ്ങളിൽ മണ്ണിനടിയിലേയ്ക്ക്‌ ആഴ്ന്ന്‌ വേരിറങ്ങിയിട്ടുള്ളതും, വേരുകളിൽ നിന്ന്‌ മുളപൊട്ടി, മുള തണ്ടായി, തടിയായി വളർന്ന് പന്തലിച്ചിട്ടുള്ളതുമാണ്‌. എന്നാൽ മറ്റു ചിലയിടങ്ങളിൽ പടുമുളകളായിട്ടുണ്ട്‌. മുളച്ച്‌ കുറെക്കഴിഞ്ഞ്‌ വേരുകർ ചിഞ്ഞ്‌, തണ്ട്‌ ചീഞ്ഞ്‌ മുടിഞ്ഞു പോയിട്ടുമുണ്ട്‌.

മങ്കാവുടി മണ്ണിൽ അവർക്ക് വേരു പിടിക്കാൻ വൈകി. എങ്കിലും വേരു പിടിച്ചു തുടങ്ങിയിട്ടുണ്ടെന്ന്‌ ഇന്നത്തെ കഥകൾ……………….

അവരുടെ മങ്കാവുടി ഉല്പത്തി കൃത്യമായിട്ട്‌ പറയാൻ കഴിയില്ലെങ്കിലും, എന്റെ ഓർമ്മയിൽ കറുത്ത രേഖകളായി കിടക്കുന്നൊരു കഥയുണ്ട്‌.

കോളേജ്‌ കാമ്പസിൽ സ്വപ്നങ്ങൾ നെയ്‌തു നടക്കും കാലം. നെയ്തു കൂട്ടിയ സ്വപ്നങ്ങളുടെ ഇഴകളിൽ സുനന്ദയും, സുശീലയും,ഗോപികയും, ഷൈനിയും, മേഴ്‌സിയും, മേരിയും, സഫിയയും, സഖീറയുമൊക്കെ ഓരോ കഥകളായിരുന്നു.
മധുരിയ്ക്കുന്ന ആ ലോകത്തു കൂടി കൈകൾ വീശി നടക്കവെ ഒരുനാൾ ആ കൈകളിൽ ശക്തമായൊരു പിടി വീണു. തിരിഞ്ഞു നോക്കി, കണ്ടു അയാളെ. ഞാൻ അയാളെ മുമ്പും
കണ്ടിട്ടുണ്ടായിരുന്നു. അയാളുടെ ഉരുണ്ടു കൂടുന്ന മാംസപേശികളും ഉയരവും എന്നെ മോഹിപ്പിച്ചിട്ടുമുണ്ടായിരുന്നു. മങ്കാവുടി ശിവക്ഷേത്രത്തിന്റെ പിറകിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡിൽ വച്ച്‌
അയാൾ കുട്ടികൾക്ക് ആയോധനകലയുടെ പാഠങ്ങൾ ചൊല്ലിക്കൊടുക്കുന്നുണ്ടെന്ന്‌ കേൾക്കുകയും ചെയ്തിരുന്നു.

മന:ശ്ശക്തിയേയും പുരോഗമന സംഘടിത ശക്തിയേയും താല്പര്യത്തോടെ വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്ന ഞാൻ അതിനോത്ര ഇഷ്ടം കാണിക്കുക യുണ്ടായില്ല.

അയാ എന്നെത്തടഞ്ഞപ്പോൾ പിന്നിലുള്ളവരെക്കാണാൻ കൂടി ഇടയായി. അവരിൽ എന്റെ സഹപാഠികളുമുണ്ടായിരുന്നു. “ഇന്ന്‌ സുധാകരന്റെ വീട്ടിൽ വച്ചു നടക്കുന്ന യോഗത്തിൽ പങ്കെടുക്കണം.”

അയാളുടെ സ്വരത്തിൽ കാർക്കശ്യം, ഇഷ്ടം തോന്നുന്നതോ വശീകരിക്കത്തക്കതോ ആയിരുന്നില്ല. എങ്കിലും വൈകിട്ട്‌ സുധാകരന്റെ വീട്ടിൽ പോയി.

യോഗത്തിൽ വളരെ അധികം പേരൊന്നു പങ്കെടുത്തില്ല. ഒരു ക്ലാസ്സിന്റെ വലിപ്പവും ചിട്ടയുമായിരുന്നു. മൂന്നു പേരാണ്‌ സംസാരിച്ചത്‌. ഗീതയെക്കുറിച്ച്‌, രാമായണത്തെക്കുറിച്ച്‌
വിമോചകമുന്നണിയുടെ ആവശ്യകതയെക്കുറിച്ച്‌.

രാമന്റെയും സീതയുടെയും കഥയല്ല പറഞ്ഞത്‌. പാഞ്ചാലിയുടെ അസാമാന്യമായ വശീകരണത്തിൽ തളയ്ക്കപ്പെട്ടുപോയ അഞ്ചുപേരുടെ കാര്യമല്ലാ പറഞ്ഞത്‌.

പക്ഷെ, പറഞ്ഞതിനോടൊന്നും യുക്തിപരമായിട്ട്‌ യോജിയ്ക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ ആയോഗം എന്റെ അവസാനയോഗമായിത്തീരുകയാണുണ്ടായത്‌.

എങ്കിലും മങ്കാവുടിയിൽ വേരുകൾ പിടിച്ചിരിക്കുന്നു. മുക്കിലും മൂലയിലും കവലകളിലും കൊടികളും ബോർഡുകളും സ്ഥിരമായി സ്ഥാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചുവരെഴുത്തുകളും
പോസ്റ്ററുകളും ബാനറുകളും പ്രത്യ ക്ഷപ്പെടുന്നു.

അവരുടെ മോഹമായിരുന്നു മങ്കാവുടി ചരിത്രപുസ്തകത്തിൽ ഇപ്രാവശ്യമെങ്കിലും ഒരേട്‌ തുറയ്ക്കുക എന്നത്‌. എന്നിട്ടതിൽ തങ്കലിപികളിൽ പ്രസിഡന്റിന്റെയും സ്വെക്രട്ടറിയുടെയും
ഖജാന്‍ജിയുടെയും, വേണമെങ്കിൽ കമ്മറ്റി അംഗങ്ങളുടെയും പേരുവിവരങ്ങൾ എഴുതിച്ചേർക്കുക.

പക്ഷെ, മോഹങ്ങൾ പൂവണിയാതെ പോയി………………..

ഇത്രയും സംഘർഷഭരിതമായ സാഹചര്യത്തിലാണ് സതീശൻ സ്വതന്ത്രനായിട്ട്‌ ജയിച്ചിരിക്കുന്നത്‌. അതെ ഇന്ന്‌ മങ്കാവുടിയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി സതീശനായിരിയ്ക്കുകയാണ്‌ അവനെ
ഞാൻ എന്നേ മറന്നു കഴിഞ്ഞിരുന്നതാണ്‌. ജീവിതത്തിന്റെ പാതയിൽ അവനേക്കാളൊക്കെ ശ്രദ്ധേയരായ പലരേയും കാണേണ്ടതായും അറിയേണ്ടതായും വന്നപ്പോൾ സതീശനെന്ന തുന്നൽക്കാരനെ വിസ്മരിച്ചു
പോയി, അവന്റെ അടുത്ത്‌ തുന്നാൻ പോലും കൊടുക്കാതെ.

മങ്കാവുടി നഗരസഭയിലെ മങ്കാവുടി ഒരു ചെറുഗ്രാമമായിരുന്നു. മറ്റ്‌ ഭാഗങ്ങളൊക്കെ പലപേരുകളില്‍ അറിയപ്പെട്ടിരുന്ന ചെറിയ ഗ്രാമങ്ങളോ വെളിമ്പുറങ്ങളോ, കുറ്റിക്കാടുക ളോ,വനപ്രദേശങ്ങളോ ഒക്കെ ആയിരുന്നു. നഗരമായി പ്രഖ്യാപിയ്ക്കപ്പെട്ടപ്പോൾ, പട്ടണമായി വികസിച്ചു വന്നപ്പോൾ, ഓഫീസുകളും വലിയ കച്ചവട കേന്ദ്രങ്ങളും ഉണ്ടായപ്പോൾ കേൾക്കാൻ സുഖമുളെളാരു പേര്‌ വേണ്ടി വന്നു. നാട്ടുപ്രമാണിമാർ കൂടി ആലോചിച്ച്‌ കണ്ടെത്തുകയായിരുന്നു.

മങ്കാവുടി.

മനോഹരമായ നാമം!

ആ നാമത്തിൽ ഞങ്ങൾ അഭിമാനം കൊളളുന്നു. നമുക്കിവിടെ സതീശനെ ആണ്‌ അറിയേണ്ടത്‌. ഇപ്പോഴും അവനേക്കുറിച്ച്‌ ചിന്തിയ്ക്കുമ്പോൾ മനസ്സിലെത്തുന്ന ഒരേയൊരു ചിത്രം. വെളുത്ത തുണിയിൾ പൊതിഞ്ഞ ചുവന്ന ആ മുഖമാണ്‌, അവന്റെ ചുണ്ടുകൾക്കും ചുവന്ന നിറമായിരുന്നു. ആ
ചുണ്ടുകൾ, അവന്റെ അമ്മയുടെ നഗ്നമായ മാറിൽ അമർന്ന്…………

ആ ദൃശ്യം എന്നെ വല്ലാതെ വേട്ടയാടിയിട്ടുണ്ട്‌. അതു കണ്ട അടുത്ത രാവുകളിൽ ഞാൻ തുടർച്ചയായിട്ട്‌ സ്വപ്നം കാണുമായിരുന്നു. ആ സ്വപ്നങ്ങളിൽ നിന്നും മോചനം കിട്ടിയത്‌ കോളേജ്‌ ജീവിതത്തോടെയായിരുന്നു.

പക്ഷെ, ഇപ്പോഴും ആ ദൃശ്യത്തിന്‌ എന്റെ അന്തരംഗത്തിൽ യാതൊരു മങ്ങലുമേറ്റിട്ടില്ല……..

അതോടൊപ്പം ഓർമ്മയിലെത്തുന്നത്‌ അവനെപ്പറ്റി പിന്നീട്‌ കേട്ട ഒരു കഥയാണ്‌.

ആ കഥ തുടങ്ങുന്നത്‌ പങ്കജത്തിൽ നിന്നുമാണ്‌.

പങ്കജം വെളുത്തിട്ടാണ്‌. വട്ടമുഖവും നിതംബം മറഞ്ഞു കിടക്കുന്ന മുടിയും കാരെള്ളിന്റ എണ്ണയുടെ മണവുമുണ്ടവൾക്ക്………

കാരണം, അവളൊരു നാടൻ പെണ്ണായതു കൊണ്ടു തന്നെ.

പക്ഷെ, പങ്കജത്തെപ്പറ്റി പറയണമെങ്കിൽ ആദ്യം സദാശിവനെപ്പറ്റിപ്പറയേണ്ടി വരുന്നു. സദാശിവനില്ലെങ്കിൽ  പങ്കജം ഒരു കാരണവശാലും മങ്കാവുടിയിലെത്തില്ലായിരുന്നു. അവളുടെനാട്ടിൽ
തന്നെ  പശുക്കളെ വളർത്തിയും പാടത്ത്‌ കൊയ്യാൻ പോയും അല്ലെങ്കിൽ ഏതെങ്കിലും നാട്ടിലെ ഒരുകല്ലാശ്ലാരിയുടെ ഭാര്യയായി മക്കളെ പ്രസവിച്ച്‌, അവർക്ക് മുലകൊടുത്ത്‌ ചോറുകൊടുത്ത്‌ വളർത്തി, ജീവിക്കുകയായിരുന്നേനെ.

ചൊവ്വാ ദോഷമുണ്ടായിരുന്നു,പങ്കജത്തിന്‌. വിവാഹ വുമായിട്ടെത്തുന്നവരൊക്കെ അക്കാര്യം ഗ്രഹിച്ചുകഴിയുമ്പോൾ അകന്നു പോയിക്കൊണ്ടിരുന്നു. അവളാണെങ്കിൽ ഇരുപതുകളുടെ പകുതി പിന്നിടുകയും ചെയ്തിരുന്നു. ഏകസഹോദരൻ വിവാഹം ചെയ്തു തന്റേടിയായൊരു നാത്തൂൻ വീട്ടിൽ വരികയും, അവർക്കൊരു കുഞ്ഞ്‌ ഉണ്ടാകുമുമ്പുതന്നെ പങ്കജത്തിന്റെ അമ്മ മരിക്കുകയും, ഒരുമുറിയും അടുക്കളയും ചായ്പും മാത്രമുള്ള വീട്ടിൽ, രാവുകളിൽ സഹോദരന്റെയും നാത്തൂന്റേയും അടക്കിപ്പിടിച്ച
സംസാരങ്ങളും, അടക്കിയിട്ടും അടങ്ങാത്ത ശബ്ദങ്ങളും അവളെ വല്ലാതെ പ്രലോഭിപ്പിച്ചും കൊണ്ടിരുന്ന കാലത്ത്‌ സഹോദരന്റെ മേസൻ പണിക്ക്‌ കയ്യാളായിവന്ന സദാശിവനോട്‌ ഗുരുദക്ഷിണയായി ആവശ്യപ്പെടുന്നത്‌ ചൊവ്വാദോഷമുള്ള പെങ്ങളെ പോറ്റണമെന്നാണ്‌.

സദാശിവന്‌ ഒട്ടും മടി തോന്നിയില്ല. നൈറ്റിയിടാതെ കൈലിയും ബ്ലൌസും മാറത്തൊരു തോർത്തു മുണ്ടും ധരിച്ച പങ്കജത്തിന്റെ വെളുത്ത കഴുത്തം, പൊക്കിൾ
തടവും അവൻ നേരത്തെ തന്നെ കണ്ട്‌ ഇഷ്ടപ്പെട്ടിരുന്നതാണ്‌.

പക്ഷെ,വലിയ ആർഭാടങ്ങളൊന്നുമില്ലാതെ പങ്കജത്തെ കൂട്ടി വീട്ടിൽ വന്നപ്പോൾ സദാശിവന്റെ അമ്മയ്ക്ക്‌ അത്‌ രസിയ്ക്കുകയുണ്ടായില്ല. കാരണം അതിന്റെ തലേന്നു വരെ ഒറ്റ മുറിയും അടുക്കളയുമുള്ള വീട്ടിൽ സദാശിവനും അമ്മയും ആ ഒറ്റ മുറിയിലാണ്‌ ഉറങ്ങിയിരുന്നത്‌

“പണീമൊക്കെ പഠിച്ച്‌ കൊറച്ച് കാശൊക്കെ ഒണ്ടാക്കി ഒരുമുറിം കൂടി കൂട്ടിയെടുത്തിട്ടുവേണം കല്ല്യാണം നടത്താമെന്ന്‌ കരുതീർന്നത്‌.” അവന്റെ അമ്മ എല്ലാവരോടും പറഞ്ഞു നടന്നു.

പക്ഷെ, പണിപഠിപ്പിയ്ക്കാനെന്നും പറഞ്ഞ്‌ ആശാൻ ദക്ഷിണ ചോദിച്ചു, കൊടുക്കാതിരിയ്ക്കാമ്പറ്റോ? സദാശിവൻ എല്ലാവരോടും ചോദിച്ചു….

“ഓ…..എന്നാചെയ്യാനാ…..എല്ലാംകഴിഞ്ഞില്ലേ……?”

സദാശിവന്റെ അമ്മ എങ്ങും തൊടാതെ സംസാരിച്ചെങ്കിലും, അരിച്ചിട്ടി വച്ചും, മാസച്ചിട്ടി വച്ചും നീക്കി വച്ചിരുന്ന രഹസ്യ സമ്പാദ്യം കൊണ്ട്‌ ഒരു ചായ്പും കൂടിപണിതു.

എന്നാലും പങ്കജം ചായ്പിൽ മാത്രം ഒതുങ്ങുകയില്ലെന്ന്‌ അവർ അധികം വൈകാതെ തന്നെ മനസ്സിലാക്കി. അവളുടെ ഉടലിന്റെ പ്രലോഭനങ്ങൾ അവർക്ക് മനസ്സിലാകും. അവളൊരു
സ്ത്രീയാണെന്നും, നാട്ടുനടപ്പനുസരിച്ച്‌ അടങ്ങണമെന്നും ഒതുങ്ങണമെന്നും ഗുണ ദോഷിയ്ക്കുകയും ചെയ്തു. അല്ലാതെ, അവളെ സഹായിയ്ക്കാനായിട്ട് അവർ ഫയർ സിനിമ കാണുകയോ, നന്ദനാരുടെ രണ്ടുപെൺകുട്ടികൾ വായിയ്ക്കുകയോ ചെയ്തിരുന്നില്ല.

അവർക്ക് അറുപത് പിന്നിട്ടിരിയ്ക്കുന്നു. രണ്ടാംതരമോ, മൂന്നാംതരമോ കഴിഞ്ഞ്‌ പാടത്ത്‌ പണികളൊക്കെയായിട്ട്‌ കഴിഞ്ഞുകൂടി പതിമുന്നു വയസ്സുതികഞ്ഞപ്പോൾ മാധവൻ കല്ലാശ്ലാരിയുടെ കൂടെ നാളും പക്കവും നോക്കി താലികെട്ടിപോന്നതാണ്‌. സദാശിവന്‌ മുമ്പായിട്ട് പതിനൊന്നുമക്കളുണ്ടായി, ആണും പെണ്ണുമായിട്ട്‌. ഒരു മകൾ രക്തസമ്മർദ്ദത്തെ തുടർന്ന് മരിച്ചതൊഴിച്ചാൽ എല്ലാവരും
സുഖമായി കഴിയുന്നു.

അതെ, സുഖമായികഴിയുക നല്ല വിശേഷം എന്നെല്ലാം പറയുന്നത്‌ ഔപചാരികമായ വാക്കുകളാണ്‌. അവകൾക്കൊന്നും യാഥാർത്ഥ്യവുമായിട്ടൊരു ബന്ധവുമില്ല. ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ട്‌ പോകുന്നതിനായിട്ട്‌ ഉൾത്തിരിഞ്ഞു വന്നിട്ടുള്ള വാക്കുകളാണ്‌.

നിങ്ങൾക്ക് തോന്നുന്നുണ്ടാകാം കഥ കാടുകയറുകയാണെന്ന്‌. പക്ഷെ, എനിക്ക്‌ തോന്നുന്നത്‌ കഥകൾ കാടു കയറിയാലെ സർഗ്ഗ സമ്പന്നത തെളിയുകയുള്ളു എന്നാണ്‌. നാട്ടിൽ മാത്രം ചുറ്റി തിരിയുകയെന്നു പറഞ്ഞാൽ ചിട്ടയായിട്ടുനട്ടുവളർത്തുന്ന ചെടിത്തരങ്ങളും കൃഷിയിനങ്ങളും മാത്രമേ കാണാൻ കഴിയുകയുള്ളു. കനാലിൽ കൂടിയോ തോട്ടിൽ കൂടിയോ ഒഴുകുന്ന വെള്ളത്തിന്റെ തണുപ്പേ അറിയാനാവുകയുള്ളു. കാട്ടിലെങ്കിലോ, പ്രകൃതിയുടെ വികൃതികളായ ചോലമരങ്ങളും സസ്യജാലങ്ങളും കാണാനാവും. ഒരുപാടൊരുപാട്‌ ഗന്ധങ്ങളും നിറങ്ങളും അനുഭവിയ്ക്കാനാകും. കാട്ടരുവികളുടെ ലാളനയേൽക്കാൻ കഴിയും.

സതീശന്റെ ജീവിതത്തിൽ കാട്ടിലെ സുഗന്ധങ്ങളും കാട്ടരുവിയുടെ കുളിർമയുമായി പങ്കജം പരിണമിയ്ക്കുകയായിരുന്നു. കാരണം പങ്കജത്തിനോട്‌ അടുപ്പംതോന്നുന്ന കാലഘട്ടത്തിൽ അവൻ വിവാഹിതനായിരുന്നു എന്നതു തന്നെ.

സതീശന്റെ ഭാര്യ സരിത,

സരിത എന്നാൽ സരിത്‌.

അത്‌ സമതലത്തിലുടെ ഒഴുകിയെത്തുന്ന നദിയാണ്‌. സമതലങ്ങളുടെ സാമൂഹിക പശ്ചാത്തലം വച്ച്‌
നോക്കുമ്പോൾ ഗ്രാമങ്ങളാണ്‌. അതു കൊണ്ട് തന്നെ കാട്ടരുവിയുടെ വിശുദ്ധിയും കുളിർമയും സൂക്ഷിയ്ക്കുവാൻ കഴിയാതെ വരുന്നു.

കാട്ടരുവികൾ പരിശുദ്ധവും പരിമള പൂരിതമായൊരു ചോലപ്രദേശത്തെ തരണം ചെയ്ത്‌ എത്തിയതാണെന്നോ, സരിത ബൃഹത്തായൊരു ജനപഥത്തെ തരണം ചെയ്തെത്തിയ അവിശുദ്ധ ജലവാഹിനിയാണെന്നോ, പറയാനാവില്ല.

എനിക്ക്‌ അറിയാവുന്നത്‌ കഥകൾ മാത്രമാണ്‌; കേട്ടു കേഴ്വികൾ മാത്രമായത്‌. ചുണ്ടുകളിൽ നിന്ന്‌ ചെവികളിലേയ്ക്കും, അവിടെ നിന്ന്‌ ചുണ്ടുകളിലേയ്ക്കും, പിന്നീട് ചെവികളിലേയ്ക്കും പകർന്നെ ത്തുമ്പോള്‍ തേയ്മാനങ്ങളുണ്ടാകാം, തേയ്മാനങ്ങൾ പരിഹരിയ്ക്കാനായി കൂട്ടിച്ചേർക്കലുകളും മിനുക്കുപണികളും നടന്നിട്ടുണ്ടാകാം.

എന്താകിലും പങ്കജം സതീശന്റെ പരിവർത്തനമായി എന്നത്‌ വ്യക്തം. അല്ലെങ്കിൽ ഒരുപക്ഷെ, ഇന്ന്‌ നമ്മൾ അറിയുന്ന സതീശൻ ഉണ്ടാവില്ലായിരുന്നു. പങ്കജം സതീശജന്മത്തിന്റെ ഒരു മുഖ്യഘടകമായിരുന്നെന്നു സാരം.

അക്കഥ തുടങ്ങകയാണ്‌.

തുടങ്ങുന്നത്‌ ഒരു നട്ടുച്ചക്കാണ്‌. ആ നട്ടുച്ചക്കാണ്‌ പങ്കജം സതീശന്റെ തയ്യൽ കടയിൽ ആദ്യമായിട്ടെത്തിയത്‌. അതു അവളുടെയും സദാശിവന്റെയും വിവാഹം കഴിഞ്ഞിട്ട്‌ മൂന്നുമാസങ്ങൾ പിന്നിട്ടതിനു ശേഷം. അവളുടെ വീടും തയ്യൽക്കടയും തമ്മിൽ, പഴയകണക്കുകൾ വച്ചുപറഞ്ഞാൽ നാലു ഫർലോങ്ങ്‌ അകലമേയുള്ളു. കൊണ്ടിപ്പാടത്തുള്ള പ്രധാനവഴിയിൽ ചേരുന്ന ഒരു ഇടവഴിയിലുടെ കയറി, ഒരു കുന്നിറങ്ങി, തോടുകടന്ന്‌ പാടവരമ്പുകയറി, അടുത്തുള്ള ഇടവഴിയിലൂടെ നടന്നാൽ ആദ്യം കാണുന്നതാണ്‌ അവളുടെ വീട്‌.

അവൾ തലേന്ന്‌ ഉടുത്തിരുന്ന വസ്ത്രങ്ങളൊക്കെ കഴുകി ഉണങ്ങാനിട്ട്, ഉണങ്ങിയതുടുത്ത്, ഉച്ച ഭക്ഷണ്ം കഴിഞ്ഞ്, സദാശിവന്റെ അമ്മ ഉച്ച
മയക്കത്തിന് കിടന്ന നേരം.

“സദീശേട്ടാ……”

അവളുടെ വിളികേട്ട്‌ ഒരു നടുക്കത്തോടെയാണ്‌ അവൻ തലയൂയർത്തി നോക്കിയത്‌. തയ്യലിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു, അവൻ. എണ്ണകൊടുക്കാത്തതിനാൽ തയ്യൽ മെഷീന്‌ ശബ്ദം കൂടിയിട്ടുമുണ്ടായിരുന്നു.

അടുത്തുള്ളപലചരക്കുകടക്കാരൻ മക്കാർ മാർക്കറ്റിൽ പോയിരിയ്ക്കുകയുംചായക്കടക്കാരൻ കരുണാകരൻ നായർ ഭക്ഷണത്തിനും വിശ്രമത്തിനുമായിട്ട് വീട്ടിൽ പോയിരിയ്ക്കുകയുമായിരുന്നു.

ഉച്ചയ്ക്ക്‌ വഴിയിൽ ചൂട്‌ അധികമായിരുന്നതിനാലാകാം വിജനവുമായിരുന്നു.

“എന്റെയൊരുബ്ലൌസ്സുതയ്ക്കണം”.
“ങാ! നീ
ഏതാ?”
“ഞാൻ സദാശിവന്റെ ഭാര്യ…….. കാർത്തുപ്പണിക്കത്തീടെ……………..”

“ഓ…………… ഞാൻ നിന്നെ ക്കണ്ടിട്ടില്ല.”
അവൾ തുണിപ്പൊതി തയ്യൽ മിഷ്യനിൽ വച്ചു. അവൻ പൊതി അഴിച്ചു അതിൽ തയ്യലിനുള്ള തുണിമാത്രമേയുണ്ടായിരുന്നുള്ളു.

“അളവോ ?”

“അളവെടുത്തുതയ്ക്കാമ്മേലേ………. ഒറ്റ എണ്ണോം പാകമല്ല……………”

തയ്യൽ മെഷീന്ശേഷം, കട്ടിംഗ്‌ ടേബിളിനു ശേഷമുള്ള കർട്ടനു മറവിൽ വച്ചാണ്‌ സതീശന്‍ അളവെടുത്തത്‌. പങ്കജത്തിന്റെ മാറിൽ കിടന്നിരുന്ന തോർത്തു നീക്കി അളവെടുത്തപ്പോഴാണ്‌ അവന്റെ മനസ്സിലൊരു പ്രകമ്പനം രൂപം കൊണ്ടത്‌.
ഭൂമിയ്ക്കു കീഴെയുള്ള കൽപ്പാളികളെ അകറ്റിക്കൊണ്ട്‌ ഈർജ്ജത്തെ പുറത്തേയ്ക്ക് വിടാൻ വെമ്പുന്നതു പോലെയുളെളാരു കമ്പനാവസ്ഥ.

“എന്നാ കണ്ണാ ചേട്ടായിത്…വേദന എടുക്ക്വാണല്ലോ…..”

“എന്നാ നിന്റെ പേര്‌ ?”

“പങ്കജം.”

“നീ എന്റെ കണ്ണുപൊട്ടിക്കാൻ നോക്ക്വാണോ ?”

“ഏയ്‌ …….. നല്ല കണ്ണാ…………. എന്നാമൂർച്ചയാ……… തൊളതഞ്ഞുകേറിപ്പോകുവല്ലെ……..”

സതീശൻ തോർത്ത് അവളുടെ മാറിലിട്ടു കൊടുത്തു.

“എന്നാ……… തൊളഞ്ഞു കേറിപ്പോകാതെ ഈത്തോർത്ത് മറയായി കെടന്നോട്ടേ ”.

അവൾ പൊട്ടിച്ചിരിച്ചു. സതീശൻ അറിഞ്ഞു, സരിതയ്ക്ക്‌ ഒരിയ്ക്കൽ പോലും ഇപ്രകാരം പ്രകോപിപ്പിയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന്‌. പങ്കജത്തിനു വല്ലാത്തൊരു ആകർഷണശക്തിയുണ്ടെന്ന്‌.

പക്ഷെ, തയ്ച്ചുകഴിഞ്ഞ്‌ ബ്ലൌസ്സുവാങ്ങാനെത്തിയപ്പോൾ, അവൻ പങ്കജമെന്ന കാട്ടരുവിയിൽ തീർത്തും വീണുപോയി. അവളിലെ കല്ലോലജാലങ്ങള്‍ അവനെ തട്ടിക്കളിയ്ക്കുക തന്നെ ചെയ്തു.

അന്നും അവൾ വന്നത്‌ ഉച്ചസമയത്തു തന്നെയായിരുന്നു.

തയിച്ച ബ്ലൌസ്സ്‌ കടലാസ്സിൽ പൊതിഞ്ഞ്‌ അവൾക്ക് നൽകി, ചിരിച്ചു കൊണ്ടുതന്നെ സതീശന്റെ കണ്ണുകളിൽ നോക്കി അവൾ തെരക്കി.

“ഈ കർട്ടന്റെ പുറകില്‍നിന്നൊന്ന്‌ ഇട്ടുനോക്കിക്കോട്ടെ
പാകമല്ലേക്കൊണ്ടു പോയിട്ടെന്നാകാര്യം…………………….”
“ഓ……… അതിനെന്നാ ?”

കർട്ടന്റെ മറവിൽ നിന്നും എള്ളെണ്ണയുടെ ഗന്ധം അവനെ വശീകരിച്ച്‌ അകത്തേയ്ക്ക്‌ വിളിയ്ക്കുകയായിരുന്നു.

കർട്ടന്റെ മറഞ്ഞ വെളിച്ചത്തിൽ …………..

അവളുടെ മാറിന്റെ ധന്യത………

പൊക്കിൾച്ചുഴിയുടെ വശ്യത……….

പിന്നീട്‌ അടുത്തൊരു രാവിൽ സദാശിവന്റെ ചായ്പ്പിൽ ആ വശ്യതയും ധന്യതയും മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അവൻ വീണ്ടും കണ്ടു.
പിറ്റേന്ന്‌ മുഖം കഴുകി തുടച്ചപ്പോൾ വെളുത്ത തോർത്തു മുണ്ടിൽ നാസ്സികയുടെ ദ്വാരത്തിൽ നിന്നും മണ്ണെണ്ണക്കരി പറ്റിയിരിയ്ക്കുന്നതും കണ്ടു………..

വീണ്ടും, വീണ്ടും തോർത്തിൽ കരി പടർത്തുന്ന രാവുകൽ പിന്നിട്ടിട്ടും മണ്ണെണ്ണവിളക്കിനെ അണക്കാൻ അവനായില്ല.

പക്ഷെ, ആ കാഴ്ചകൾ എല്ലാ കഥകളിലെയും പോലെ തുടരാനായില്ല. തുടരാനാവുകയില്ലെന്നത്‌ നമ്മുടെ സമൂഹത്തിന്റെ നിയമമാണല്ലോ. കാരണം നിയമങ്ങൾ സമൂഹത്തിനു വേണ്ടിയുള്ളതാണ്‌.

ഈ ആകാര സൌഭഗവങ്ങളും വശ്യമാധുരികളും നമ്മളിൽ മേളിപ്പിച്ചു തന്നിട്ടുള്ള, നമ്മളിൽ ചിലർ മാത്രം വിശ്വസിക്കുന്ന ദൈവത്തിന്റെ ഇഷ്ടപ്രകാരമോ, നമ്മളിൽ ചിലർ മാത്രം ധരിക്കുന്ന യുക്തിയുടെ ആധാര പ്രകാരമോ, നമ്മളിൽ ചിലർ മാത്രം കാണുന്ന പ്രകൃതിക്കനുകൂലമോ അല്ല. അത്‌ നിയതമായൊരു നിയമവുമല്ല. പലകാലങ്ങളിൽ, പല ബുദ്ധികളിൽ, പല കാഴ്ചപ്പാടുകളിൽ, പലപല
കാര്യസാദ്ധ്യത്തിനായിട്ടുള്ളതാണ്‌. ചിലതൊക്കെ ഉണ്ടാക്കിയുട്ടുള്ളതുമാണ്‌.

അവകള്‍ എന്തുമാകട്ടെ സതീശന്റെയും പങ്കജത്തിന്റെയും ബന്ധം ആദ്യം അറിഞ്ഞത്‌ സദാശിവന്റെ അമ്മ കാർത്തു പണിക്കത്തിയാണ്‌.

മകന്റെ സാന്നിദ്ധ്യ മുണ്ടാകാറുള്ള ശനി ഞായർ ദിവസങ്ങളുടേതല്ലാത്ത ഒരു രാവിൽ ചായ്പിൽ നിന്നും പുരുഷന്റെ ഗന്ധം അവരുടെ മുറിയിലെത്തിയപ്പോൽ, ശബ്ദം കേട്ടപ്പോൽ ………

മകന്റെ വിവരങ്ങൾ അറിയാമെന്ന ഒരൊറ്റ ആഗ്രഹത്തോടെയാണ്‌ ചായ്പിന്റെ വാതിൽ തട്ടിവിളിച്ചത്‌.

“മോനേ സദേ….”

ളള്ളിലുണ്ടായിരുന്ന വെളിച്ചം അണയുകയായിരുന്നു, മർമ്മരവും കിലുങ്ങുന്ന ശബ്ദവും നിലയ്ക്കുകയായിരുന്നു.

“മോളെ പങ്കജം…”

ഇല്ല അപ്പോഴും ശബ്ദമില്ല.

പക്ഷെ, അവർ വാതിൽക്കൽ കിടന്നിരുന്ന പാദരക്ഷകൾ കണ്ടു അതു സദാശിവന്റേതല്ലെന്ന്‌ തിരിച്ചറിഞ്ഞു.

അവർ അലമുറകൂട്ടുകയോ, കള്ളനെന്ന്‌ വിളിച്ചുപറയുകയോ ചെയ്തില്ല. നിശ്ശബ്ദം വരാന്തയിൽ കിടന്നിരുന്ന ബഞ്ചിൽ ഇരുന്നു.

നാഴികകളെണ്ണി, അരമണിക്കുറോളം……….

വീണ്ടും മണ്ണെണ്ണ വിളക്ക്‌ കത്തി, വാതിൽ തുറന്ന്‌ ചുറ്റും കണ്ണോടിയ്ക്കാതെ തന്നെ സതീശൻ ചെരുപ്പിനുള്ളിൽ പാദങ്ങളെ കടത്താൻ ശ്രമിയ്ക്കുമ്പോഴാണ്‌ കാർത്തു പണിക്കത്തി മണ്ണെണ്ണ വിളക്ക്‌ കൊളുത്തി അവന്റെ മുഖത്തിന്‌ നേരെ പിടിച്ചത്‌.

അവന്‍ വിരണ്ടുപോയി, ശബ്ദമില്ലാത്തവനായിപ്പോയി, പലരെയും പ്രതീക്ഷിച്ച്‌ ചുറ്റുംനോക്കി. ആരുമില്ലെന്ന്‌ കണ്ടപ്പോൾ പകുതി സമാധാനമായി.

“സതീശനാണോ?”
അവൻ മിണ്ടിയില്ല

“എന്റെ മോനെ കൊല്ലരുതു കേട്ടോ…….”

സതീശൻ അങ്ങിനെയുള്ള കടുംകൈകളൊന്നും ചെയ്തില്ല. ശനി, ഞായർ അല്ലാത്ത ദിവസങ്ങളിൽ, രാത്രിയിൽ പങ്കജത്തിന്റെ ചായ്പിൽ പിന്നീടും പോകാറുമുണ്ടായിരുന്നു
പങ്കജവും കാർത്തു പണിക്കത്തിയും മാത്രമറിഞ്ഞുകൊണ്ട്‌.

പക്ഷെ, പങ്കജത്തിന്റെ ചായ്പിലെ വിശ്രമം കഴിഞ്ഞെത്തി ഉറങ്ങുന്ന സതീശൻ പാതിരാത്രികഴിഞ്ഞ്‌ സ്വപ്നം കണ്ട്‌ ഞെട്ടിയുണരാറുണ്ട്‌. അവന്റെ സ്വപ്നങ്ങളെല്ലാം ഒന്നുതന്നെയായിരുന്നുതാനും.

താടിയെല്ലുകൾ പുറത്തേയ്ക്ക്‌ തള്ളിയ ചതുരത്തിലുള്ള മുഖം കാമില കയറി കരുവാളിച്ചിരിക്കുന്നു. കൈലി മുണ്ടുടുത്ത്‌, കടുത്ത നിറത്തിലുള്ള ബ്ലൌസ്സിടുന്ന അവർ മാറത്ത്‌
തോർത്തിടാറില്ല. അവൾ ചിരിയ്ക്കുമ്പോഴാണ്‌ സതീശൻ ഞെട്ടിയുണരുന്നത്‌. പുകയിലക്കറപിടിച്ച കറുത്ത പല്ലുകൾ അവനെ എന്നും പേടിപ്പിച്ചു കൊണ്ടിരുന്നു. ആ പല്ലുകൾക്കുള്ളിൽ ഒളിഞ്ഞിരിയ്ക്കുന്ന നാവ്‌ ഒരിയ്ക്കൽ സത്യം പറയുമെന്ന്‌ അവൻ ശങ്കിച്ചുകൊണ്ടിരുന്നു.

അങ്ങിനെ ഒന്നുമുണ്ടായില്ലെങ്കിലും, ആദ്യം മുറുക്കാൻ വാങ്ങുന്നതിനും, പിന്നീട്‌ വീട്ട്‌ സാധനങ്ങൾ വാങ്ങുന്നതിനും വസ്ത്രങ്ങൾ വാങ്ങുന്നതിനും, ഒടുവിൽ വീട്‌ വിസ്താരം കൂട്ടുന്നതിനും അവർ പണം വാങ്ങിത്തുടങ്ങിയപ്പോൾ അയൽക്കടക്കാർ ശ്രദ്ധിയ്ക്കാൻ തുടങ്ങി.

@@@@@@