മൂന്നു ഭാഗങ്ങളുള്ള ഒരു കഥ

(ഈ കഥ
എഴുതുന്നത് ‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ്- അന്ന് ഈ കഥ
സിനിമ രംഗത്തെ രണ്ടു പ്രമുഖ വ്യക്തികളോട് പറഞ്ഞിരുന്നു- വൺ ലൈനും കൊടുത്തു.)

വിജയകുമാര്‍
കളരിക്കല്‍

ഒന്ന്

        ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നിട്ടും കണ്ണുകളെ തുറക്കാതെ
സ്ഥലകാലങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ശ്രീജിത്ത്. ഓര്‍ത്തെടുക്കാന്‍
ശ്രമിക്കുന്നത് കഴിഞ്ഞ ഒരു മണിക്കൂര്‍ മമ്പുള്ള കാര്യങ്ങളെയാണ്.  അവന്‍ ഇവിടെ വന്നത് ഒരു മണിക്കൂര്‍
മുമ്പാണ്.  നേഹ വിളിച്ചു
വരുത്തുകയായിരുന്നു.

        നേഹയെക്കുറിച്ച് പിന്നീട് ഓര്‍ത്തെടുക്കാം.  അതിന് ഒരു മണിക്കൂര്‍ മുമ്പുള്ള ഓര്‍മ്മകള്‍
തികയില്ല.  കഴിഞ്ഞ ഒരു ദിവസത്തേതോ, ഒരാഴ്ചത്തെ തന്നെയോ മതിയാകില്ല. 
ഒരു മാസത്തേതെങ്കിലും വേണ്ടി വരും. 
അതുകൊണ്ട് ആ ഓര്‍മ്മകളെ അവിടെ നിര്‍ത്തിയിട്ട് കഴിഞ്ഞ ഒരു മണിക്കാര്‍
മുമ്പു തുടങ്ങിയ കാര്യങ്ങളെ ഉണര്‍ത്തിയെടുക്കാം.

        അവനെ നേഹ വിളിച്ചു വരുത്തുകയായിരുന്നു.

        ഇപ്പോള്‍ കഥ മുമ്പോട്ടു പോകണമെങ്കില്‍ നേഹ ആരെന്നു
പറയേണ്ടിയിരിക്കുന്നു.  നേഹ ആരെന്നു
പറഞ്ഞില്ലെങ്കിലും, ശ്രീജിത്തുമായുള്ള ബന്ധമെന്തെന്നു
പറയേണ്ടിയിരിക്കുന്നു.

        നേഹ ശ്രീജിത്തിന്‍റ പ്രണയിനിയാണ്.

        പ്രണയിനി, ആ വാക്കിന് ഇത്തിരി അലങ്കാരം
കൂടിപ്പോയിട്ടുണ്ടോ…. എങ്കില്‍ പ്രിയതമ എന്നാകാം.  അല്ലെങ്കില്‍ വേണ്ട പ്രേമഭാജനമെന്നാക്കാം.

        വേണ്ട, കുറച്ചു കൂടി കടുപ്പം കുറച്ച് നേഹ
ശ്രീജിത്തിന്‍റെ കാമുകി ആണോന്നു പറയാം.

        കണ്ണുകളെ തുറക്കാതെ തന്നെ അവന്‍ ദേഹത്തെ ബോധത്തിലേക്ക് കൊണ്ടു
വന്നു.  പൂര്‍ണ്ണ നഗ്നനായിട്ടു തന്നെയാണ്
പതുതപതുത്ത കിടക്കയില്‍ കിടക്കുന്നതെന്ന് അവന്‍ അറിഞ്ഞു.  കൂടെ ആദ്യമായി സ്ത്രീയെ അനുഭവിച്ചതിന്‍റെ മധുര
സ്മരണകളും.  വലതു വശത്ത് സ്വസ്തമായി
വിശ്രമിച്ചിരുന്ന കൈയ്യാല്‍ നഗ്നതയെ പരതി നോക്കി, ഓര്‍മ്മിച്ചെടുത്തതിനെ
സ്ഥരീകരിക്കാനായിട്ട്.

        ആ മുറി സുഖകരമായൊരു ശീതളിമയിലായണ്.  ദേഹം അതിനെ ആവോളം നുകര്‍ന്ന്
ശാന്തമായിരിക്കുകയാണ്.

        പെട്ടന്നവന്‍ നേഹയെ ഓര്‍മ്മിച്ചു.  കഴിഞ്ഞ ഒരു മണിക്കൂറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍
നേഹയെ   വിസ്മരിക്കാനാവില്ല.  അവന്‍ കണ്ണുകള്‍ തുറന്ന് തല ഉയര്‍ത്തി നോക്കി.
മുറിയിലെ ഉരിളില്‍ ഒരു വെളുത്ത നിഴല്‍ പോലെ അവളെ കാണാം.  അവളുടെ ദേഹത്തിന്‍റെ വെളുപ്പിനെ മറച്ചു
വയ്ക്കാന്‍ മുറിയിലെ ഇരുളിന് കഴിയുന്നില്ലെന്നത് സത്യം.

        അവളും പൂര്‍ണ്ണ നഗ്നയായിട്ടു തന്നെയാണ് കിടക്കുന്നത്. മലര്‍ന്ന്, നിവര്‍ന്ന്, കാലുകളെ അല്പമകറ്റി, കൈകളെ ഇരു വശത്തും സ്വസ്തമായിരിക്കാന്‍ 
വിട്ട്…..മുടിയിഴകളെ യധേഷ്ടം ഉലഞ്ഞു കിടക്കാന്‍ അനുവദിച്ച്…….

        അവന്‍ വേഗം എഴുന്നേറ്റു. അവളെ കാണണം.  ഇരുളിലല്ല, വെളിച്ചത്തില്‍….അവളറിയാതിരിക്കാന്‍
പൂച്ചയുടെ കള്ളത്തരത്തെ കൂടെ കൂട്ടി,. സാവാധാനം കിടക്കയില്‍
നിന്നും താഴെയിറങ്ങി,  ജനലിനരുകിലെത്തി, മുറിയെ ഇരുളിലാക്കിയിരുന്ന കറുത്ത
യവനികയെ അല്പം അകറ്റി. യവനികയില്‍ തീര്‍ത്ത നീണ്ട വിടവിലൂടെ വെളിച്ചം അകത്തെത്തി
നേഹയെ അവനായി കാണിച്ചു കൊടുത്തു. 
മനക്കണ്ണില്‍ കഴിഞ്ഞ നിമിഷങ്ങളില്‍ സംഭവിച്ചതുകളും.

        ശ്രീജിത്തിന്‍റെ വാസസ്ഥലം ഈ മെട്രോ നഗരത്തിലല്ല.  ഒരു മണിക്കൂറോളം വാഹനയാത്ര വേണ്ട
മറ്റൊരിടത്താണ്.   ഇന്ന് പുലര്‍ച്ചക്ക് നേഹ
മൊബൈലില്‍ വിളിക്കുകയായിരുന്നു.

        ശ്രീ ഇന്ന് ഫ്രീയാക്കുമോ….

        എന്തിന്….

        ഇന്ന് ഇവിടെ വന്നാല്‍ ജീവിത്തില്‍ ഒരിക്കലും മറക്കാനാന്‍
കഴിയാത്ത  ഒരു ദിവസമായിരിക്കും നമുക്ക്…

        ഊം….എങ്ങിനെ…..

        അതു പറയില്ല….അനുഭവിക്കാനുള്ളതാണ്……

        നേഹയുടെ ശബ്ദത്തിലെ ആര്‍ദ്രത അവനെ വല്ലാതെ ആകര്‍ഷിച്ചു. അവന്‍
സമ്മതിക്കുകയും ചെയ്തു.

        ചെയ്തു വന്നിരുന്ന തൊഴിലിന്‍റെ, മനസ്സിനെ
മാരകമായി മുറി വേല്പിക്കുന്ന സമ്മര്‍ദ്ദത്തില്‍ നിന്നും ഒരൊഴിവ് അതാണവനെ ഹരം
കൊള്ളിച്ചത്.  അവന്‍റെ വാസസ്ഥലത്തു നിന്നും
പുറപ്പെടേണ്ട സമയം….അതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണം…. യാത്രക്ക്
ഉപയോഗിക്കാവുന്ന ഏറ്റവും കൂടിയ സമയം. 
ബസ്സ് യാത്ര തീരേണ്ട ഇടം.  അതിന്
ശേഷം ഓട്ടോ പിടിക്കേണ്ട സ്റ്റാന്‍റ്. ഓട്ടോ ഡ്രൈവറോട് പറയേണ്ടുന്ന സ്ഥല നാമം….
ഓട്ടോ യാത്ര അവസാനിപ്പിക്കേണ്ട കവല…പിന്നീട് നടന്നു വരേണ്ട ദൂരം…..  എല്ലാം അവള്‍ നിഷ്കര്‍ഷിച്ചതുപോലെ ചെയ്ത് പകല്‍
പതിനൊന്നു മണിക്കായിരുന്നു വില്ലയിലെത്തിയത്. 
വീഥിക്ക് ഇരുപുറവും വില്ലകളാണ്, റോസ് വില്ലകള്‍….
വില്ലകള്‍ തുടങ്ങുന്നിടത്ത് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന നമ്പറുകളില്‍ നിന്ന് അവള്‍
പറഞ്ഞ നമ്പര്‍ നോക്കി ഏതു ഭാഗത്തെന്നറിഞ്ഞ് നടന്നു….ആള്‍ അനക്കങ്ങളോ, മനുഷ്യ സഹജമായ മറ്റ് ശബ്ദങ്ങളോ ഇല്ലാത്ത 
വീഥിയിലൂടെ പത്ത് മിനിട്ട് നടന്ന് എത്തിച്ചേരുകയായിരുന്നു, സ്നേഹതീരമെന്ന വില്ലയില്‍.

        ഒന്നിന്‍റെയും ദൃക്സാക്ഷത്വമില്ലെന്ന് ഉറപ്പു വരുത്തി അവന്‍
വില്ലയുടെ മണി നാദം മുഴക്കി.  ആ നാദം
വീടിനുള്ളില്‍ മാത്രമല്ല പുറത്തും സംഗീതമായി മുഴങ്ങിയപ്പോള്‍ അവനൊന്നു ഞെട്ടി.

        വാതില്‍ തുറന്ന നേഹ, 
അവനൊരിക്കലും കണ്ടില്ലാത്ത അത്ര സുന്ദരിയായിരുന്നു.  വെളുത്ത ഫ്രോക്കില്‍, ചന്ദമണത്തില്‍,
തണുപ്പാര്‍ന്ന കരതലത്തോടെ……

        തുറന്നു പിടിച്ച വാതിലിലൂടെ അകത്തേയ്ക്ക് പ്രവേശിച്ചിട്ടും
അമ്പരപ്പില്‍ ഒന്നും പറയാനാകാതെ ശ്രീജിത്തും, ഒന്നും പറയാനില്ലാതെ
നേഹയും അടുത്തതെന്താകണമെന്ന് ചിന്തിക്കുക കൂടി ചെയ്തില്ല.

        സെറ്റിയില്‍ അടുത്തടുത്ത് അവര്‍ വെറുതെ അങ്ങിനെയിരുന്നു, കണ്ണുകളില്‍ നിന്നും കണ്ണുകളെ മാത്രം കണ്ടുകൊണ്ട്.

        പിന്നെ, പിന്നെ…. ആ കണ്ണുകള്‍ വഴി ഉള്‍കാമ്പുകളിലേക്ക്
എന്തോ ഒക്കെ പരതി നടന്നു.

        ഒന്നും കണ്ടെത്താതെ, എങ്ങും
എത്തിപ്പെടാതെയിരുന്ന നേരത്ത് നേഹ  അവനായി
ഒരുക്കി വച്ചിരുന്ന ഭക്ഷണങ്ങളെ കാണാന്‍ വിളിച്ചു.

        തീന്‍ മേശയില്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു വലിയ ചിത്രം പോലെ, വ്യത്യസ്തമായ വര്‍ണ്ണങ്ങളില്‍, മനസ്സിനെ മത്തു
പിടിപ്പിക്കുന്ന ഗന്ധങ്ങളില്‍, അവനറിയാത്ത രുചികളില്‍…….

        എന്തെല്ലാമോ അവന്‍ കഴിച്ചു, ഇടക്കെല്ലാം അവള്‍
വാരിക്കൊടുത്തു കഴിപ്പിച്ചു.  കഴിച്ചു
മതിയായിട്ടോ…..മതിവരില്ലെന്നറിഞ്ഞ് നിര്‍ത്തിയിട്ടോ….ഭക്ഷണ മേശ വിട്ട നിമിഷം
മുതല്‍ അവനറിയാത്ത ലോകത്തുകൂടി, കാണാത്ത കാഴ്ചകളിലൂടെ,
നുകരാത്ത സ്വാദുകളിലൂടെ, അസാധാരണമായ വേഗത്തില്‍….

        ഇടയ്ക്ക് അബോധാവസ്ഥയിലൂടെയും ഉള്ള യാത്രയായിരുന്നു…..

രണ്ട്

        സംഘര്‍ഷ ഭരിതമായ ഒരു ജീവിതമാണ് ശ്രീജിത്തിന് കിട്ടിയത്.

        ജീവിക്കുന്നത് മനസ്സു കൊണ്ടാണെന്നല്ലേ ചിലര്‍ പറയുന്നത്.  ചിലരത് ഹൃദയം കൊണ്ടാണെന്ന്
മാറ്റിപ്പറഞ്ഞിട്ടുമുണ്ട്.  ഒരു പക്ഷെ, ഹൃദയവും മനസ്സും ഒന്നാണെന്ന ധാരണയില്‍, അല്ലെങ്കില്‍
ഒന്ന് തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി പറയുന്നതാകാം.  പക്ഷെ, ശ്രീജിത്ത് മനസ്സു
കൊണ്ട് ജീവിക്കുന്ന ആളാണ്.  അതുകൊണ്ട് ജോലി
സംബന്ധമായ സംഘര്‍ഷങ്ങള്‍ മനസ്സിനെ ബാധിക്കുകയും വളരെ വേഗത്തില്‍ വികാരം കൊള്ളുകയും
ചെയ്യുന്നു. വികാരം കൊണ്ട് അമിതമായി ആഹ്ലാദവും അസാധാരണമായ വിഷാദവും ആണ് പലര്‍ക്കും
ഉണ്ടാകുന്നത്. പക്ഷെ, ശ്രീജിത്തിനെ സംബന്ധിച്ച് ആഹ്ലാദകരമായ
വികാരങ്ങള്‍ കുറഞ്ഞും വിഷാദാന്മകമായവകള്‍ ഏറിയുമിരിക്കുന്നു.  അവന്‍ പലപ്പോഴും മൗനത്തിലേക്കും  കര്‍ത്തവ്യ വിമുഖനുതയിലേക്കും നീങ്ങുന്നു.

        അവന് ജന്മ നഗരത്തില്‍ തന്നെയാണ് വിദ്യാഭ്യാസം ലഭിച്ചത്.  അവന്‍റെ നഗരത്തില്‍ വളരെ ഉന്നതമായ നിലവാരത്തില്‍
വിദ്യാഭ്യാസ ലഭിക്കനുള്ള സാഹചര്യങ്ങളുണ്ടായിരുന്നെങ്കിലും അവന് സാമാന്യ
വിദ്യാഭ്യാസ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
സാമ്പത്തികം തന്നെ കാരണം. 
ജനാധിപത്യത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ നിന്നിട്ടൊന്നും കാര്യമില്ല
ഇപ്പോഴഴും ഗുണക്കൂടുതലുള്ളതുകളൊക്കെ പണമുള്ളവര്‍ക്കു വേണ്ടി സംവരണം
ചെയ്തിരിക്കുകയല്ലേയെന്നാണ് അവന്‍ ഒരു ഇന്‍റര്‍വ്യൂവിന് മറു ചോദ്യം
ഉന്നയിച്ചത്.  അതൊരു പൊതു സത്യമാണെങ്കിലും, പലപ്പോഴും സമൂഹത്തില്‍ അപ്രകാരമുള്ള ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ടെങ്കിലും
ഒട്ടും വൈകാതെ തന്നെ കെട്ടടങ്ങിപ്പോകുന്നതാണ് കണ്ടിട്ടുള്ളത്.      

        അവന്‍റ ഇടത്തു തന്നെയുള്ള ഒരു പ്രൈവറ്റ് കണ്‍സ്ട്രക്ഷന്‍
കമ്പനിയിലെ സൂപ്പര്‍വൈസര്‍ ജോലി, വലിയ ചെലവുകളില്ലാത്ത അച്ഛനും
അമ്മയ്ക്കും അധികം പരാതികളില്ലാത്ത അനുജത്തിയ്ക്കും അവനും ജീവിക്കാന്‍ അതില്‍
നിന്നുള്ള വരുമാനം മതിയെന്ന് തന്നെയാണ് ശ്രീജിത്തിന്‍റെ അനുഭവം.   എന്നു വച്ച് ആ ജോലി കൊണ്ട് അവന്‍
തൃപ്തിപ്പെട്ടിട്ടൊന്നുമില്ല.  സര്‍ക്കാര്‍
തലത്തിലും മള്‍ട്ടി നാഷനല്‍ കമ്പനികളിലും ഒരു സിവിള്‍ എഞ്ചിനിയര്‍ ഡിപ്ലോമാക്കാരന്
എന്തെല്ലാം സാദ്ധ്യതകളുണ്ടെന്ന് ചുഴിഞ്ഞ് നേക്കിക്കൊണ്ടു തന്നെയാണ് ഇരിക്കുന്നത്.

        പതിനഞ്ചു നിലകളിലേക്ക് പണിതുയര്‍ത്തുന്ന ഫ്ളാറ്റ് സമുച്ചയം, അമ്പതു സെന്‍റ് സ്ഥലത്ത് നാലു ബ്ലോക്കുകളിലായിട്ട് നൂറോളം ഫ്ളാറ്റുകള്‍…..  ഒരു സമയത്ത് നൂറോളം തൊഴിലാളികളാണ് പണിയെടുത്തു
കൊണ്ടിരിക്കുന്നത്,കീഴേക്കിട കരാറുകാരുടെ
കീഴിലായിട്ട്….  കണ്‍സ്ട്രക്ഷന്‍
കമ്പനിക്കാരുടെ ഇടനിലക്കാനും പണിയുടെ നോട്ടക്കാരനുമാണ് ശ്രീജിത്ത്.  അളവുകളിലും തോതുകളിലും വരാവുന്ന വ്യതിയാനങ്ങള്‍,
ഉള്‍ക്കാഴ്ചകളില്ലാത്ത തൊഴിലാളികളില്‍ നിന്നുണ്ടാകുന്ന അപചയങ്ങള്‍…കൂലിത്തര്‍ക്കങ്ങള്‍,
മെല്ലെപ്പോക്കുകള്‍…. മനപ്പൂര്‍വ്വമായ പരാജയപ്പെടുത്തലുകള്‍,
കുതികാല്‍ വെട്ടലുകള്‍….. ചതിക്കുഴി തീര്‍ക്കലുകള്‍…..

        ഞായറാഴ്ച പിരിമുറുക്കങ്ങളെ അയച്ചു വിടുന്ന ദിവസമാണ്
ശ്രീജിത്തിന്.  ഓടിമുറുകിപ്പോകുന്ന
യന്ത്രയോജിപ്പുകളില്‍ എണ്ണയും ഗ്രീസുമിട്ട് അയവു വരുത്തുന്ന ദിവസം.

വാത്സല്യം മുഴുവനും ചേര്‍ത്ത്
അമ്മയുണ്ടാക്കുന്ന ഇഡ്ഢലിയും സ്നേഹമയം അധികമായി കൂട്ടി അരച്ചെടുക്കുന്ന
ചമ്മന്തിയും കഴിച്ചു കഴിഞ്ഞാല്‍ വീടിനു പുറത്തേക്ക് ഒരു പുഞ്ചിരിയുമായി
യാത്രയാകുന്നു.  സൗഹൃദങ്ങള്‍ വിരിഞ്ഞു
നില്ക്കുന്ന,  സ്നേഹം
ലഭിക്കുന്ന, അവന്‍റെ സാമിപ്യം ഇഷ്ടപ്പെടുന്ന ഇടങ്ങളില്‍,
അവരുടെയൊക്കെ ചെറിയ ചെറിയ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ചെയ്തു കൊടുത്തു
കൊണ്ട.് അവരില്‍ നിന്നും ആവശ്യത്തിലേറെ സ്നേഹം സ്വീകരിച്ചു കൊണ്ട്…..

        ഒരു ഞായറാഴ്ച, നഗരത്തിലെ മള്‍ട്ടിനാഷനല്‍
ഹോസ്പിറ്റലുകാര്‍ അവന്‍റെ നാട്ടില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും
അവയവദാനക്യാമ്പും നടത്തിയപ്പോള്‍ വളരെ വിശാലമായൊരു വീക്ഷണത്തിലായിരുന്നു
ശ്രീജിത്തും കൂട്ടുകാരും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും സംഘാടകരാകാനും
തയ്യാറായത്.  ഹാളിലെ ഇരിപ്പിടങ്ങള്‍
ശരിയാക്കി, റെജിസ്റ്ററുകള്‍ എഴുതി, പ്രഭാഷണം
കേട്ട് ഉറക്കം വരുന്നവര്‍ക്ക് ചായ കൊടുത്ത്, വേണ്ടവര്‍ക്ക്
ലഘു ഭക്ഷണം കൊടുത്ത്, കൈകൊടുത്ത് സഹായിക്കേണ്ടവരെ
സഹായിച്ച്….

        സ്വന്തം ശരീരത്തിലെ രക്തത്തിന്‍റെ ഗ്രൂപ്പ് നിര്‍ണയവും അവസ്ഥ
കണ്ടെത്തലും ആരോഗ്യ പരിശോധനയും നടത്തിയപ്പോഴും തന്നോട് ചേര്‍ന്നു നിന്ന നേഴ്സ്
നേഹയെ ശ്രദ്ധിക്കണമെന്നു തോന്നി.  അവന്‍റെ
ശ്രദ്ധകളെ കണ്ടില്ലെന്ന് അവള്‍ നടിച്ചിരുന്നെങ്കിലും സദാമുഖത്ത് നിന്നിരുന്ന
പുഞ്ചിരി അവനെ വശീകരിച്ചു.അവയവദാന രേഖ ഒപ്പിട്ടു നല്‍കിയപ്പോള്‍ അവള്‍ അവനോട്
കൂടുതല്‍ അടുത്തതുപോലെ തോന്നി.

        ആ തോന്നല്‍ തെറ്റിയില്ല, അടുത്ത നാളില്‍ അവന്‍റെ
ഫോണില്‍നേഹ വിളിച്ചു.  വര്‍ക്ക് സൈറ്റില്‍
ബംഗാളി തൊഴിലാളിയോടു തട്ടിക്കയറി രക്തം ചൂടു പിടിച്ച് നിന്നിരുന്ന സമയത്ത്,
പുറത്ത് സൂര്യനും കത്തി ജ്വലിച്ചു കൊണ്ടിരിക്കുകയായിരുന്നു.

        ഞാന്‍ നേഹയാണ്…

        ആര്…

        അവന്‍റെ ചോദ്യത്തിന് ഇത്തിരി ദൃഢത കൂടുലുണ്ടായിരുന്നു.  അവന്‍റെ മുഖത്ത് ആവശ്യത്തിലേറെ ഈര്‍ഷ്യതയും…

        എന്തേ ചൂടിലാണെന്നു തോന്നുന്നു….

        അതെ….അകത്തും പുറത്തു…

        എങ്കില്‍ പിന്നെ വിളിക്കാം….

        ഓ… അതാ നല്ലത്…

        ഫോണ്‍ ഓഫ് ചെയ്ത് കഴിഞ്ഞപ്പോള്‍ അവന് നേഹയെന്ന പേര് ഓര്‍മ്മ
വന്നു. നൈറ്റിംഗേലിനെയും…..

        ആതുര സേവന രംഗത്തിന്‍റ ചരിത്രത്തില്‍ ലോകത്ത് ഏറ്റവും
ശ്രദ്ധിക്കപ്പെട്ട പേരാണെന്നും ഒര്‍മ്മിച്ചു.

        നൈറ്റിംഗേല്‍…

        അവന്‍ തിരികെ വിളിച്ചില്ല.

        രാത്രയില്‍ അവള്‍ ഉറങ്ങുന്നതിനു മുമ്പ് വീണ്ടും വിളിച്ചു.

        ഞാന്‍ നേഹയാണ്…..

        സോറി ഞാനപ്പോള്‍ ജോലിസ്ഥലത്ത്…

        ദേഷ്യത്തിലായിരുന്നല്ലേ…

        സോറി..

        എന്നെ ഓര്‍ക്കുന്നോ….

        ഓര്‍മ്മിക്കുന്നുണ്ടെന്ന് ശ്രീജിത്ത് അപ്പോള്‍ പറഞ്ഞില്ല.

        പിന്നീട് ഓര്‍ത്തു വയ്ക്കാനുള്ള ഒരു പൂക്കാലമാണ് വന്നത്…

        ഫോണില്‍, വാട്ട്സ്സാപ്പില്‍, ഫെയ്സ് ബുക്കില്‍…

        അവര്‍ നിരന്തരം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്ത
കൊണ്ടിരുന്നു…

അനുബന്ധം.

        അന്ന്, ശ്രീജിത്തിനെ
കാണാതാവുകയായിരുന്നു.  ജോലി കഴിഞ്ഞ്
വീട്ടിലെത്തേണ്ട സമയം കഴിഞ്ഞപ്പോള്‍ അവന്‍റെ അമ്മയുടെ ഉള്ളില്‍ വേവലാതി തുടങ്ങി,  വിഭ്രമമായി അച്ഛനില്‍ പടര്‍ന്നു,  അങ്കലാപ്പോടുകൂടി സ്നേഹിതര്‍
അതിനോടു യോജിച്ചു.  രാത്രിയില്‍ തന്നെ
അന്വേഷണങ്ങള്‍ വളരെ പുരോഗമിച്ചു.  അവന്‍
അന്ന് ജോലിസ്ഥലത്തെത്തിയില്ലെന്ന വസ്തുത കൂടുതല്‍ ദുരൂഹതയിലേക്കാണ്
നീങ്ങുന്നതെന്ന് ഡിക്ടറ്റീവ് നോവലുകളെ സ്നേഹിക്കുന്ന ജോഹന്‍ ഇടക്കിടക്ക്
സുഹൃത്തുക്കളോട് പറഞ്ഞു കൊണ്ടിരുന്നു. അവര്‍ അവന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ല.

        ജോഹന്‍റെ വാക്കുകളെ ശ്രദ്ധിച്ചില്ലെങ്കിലും പിറ്റേന്ന് രാവിലെ
പത്തു മണിക്ക് മുമ്പ് ശ്രീജിത്തിന്‍റെ സുഹൃത്ത് ജിനോ മാത്യുവിന്‍റെ ഫോണിലേയ്ക്ക്
മെട്രോ നഗരത്തിലെ ഒരു ഹോസ്പിറ്റലില്‍ നിന്നും വിളിയെത്തി, റിസപ്ഷനിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ശബ്ദം പറഞ്ഞു.

        ശ്രീജിത്തിന് മെട്രോ നഗരത്തില്‍ വച്ച് ആക്സിഡന്‍റ് പറ്റി, ഗുരുതരാവസ്ഥയിലാണ്…. വെന്‍റിലേറ്റളിലാണ്….

        സുഹൃത്തുക്കള്‍ ഞെട്ടലിന്‍ നിന്നും മോചിതരാകും മുമ്പ്
ശ്രീജിത്തിന്‍റെ വീട്ടില്‍ ഹോസ്പിറ്റലില്‍ നിന്നം ആരെല്ലാമോ വന്ന് അച്ഛനെയും
അമ്മയേയും കൊണ്ടു പോയതിനാല്‍ വെറും കാഴ്ചക്കാരായി സ്നോഹിതരും ഹോസ്പിറ്റലില്‍
എത്തി.  ആരോ എഴുതി സംവിധാനം
ചെയ്തിരിക്കുന്ന തിരക്കഥ പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ജോഹന്‍ ഇടക്ക്
സുഹൃത്തുക്കളോട് പറഞ്ഞു.  ആയിരിക്കാം, നമ്മള്‍ക്ക് എന്തു ചെയ്യനാകുമെന്ന് സുഹൃത്തുക്കള്‍ പിറുപിറുത്തു.

        വളരെയേറെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും വളരെ കുറച്ച് പരാതികളും
പരിവട്ടങ്ങളും ആടി അരങ്ങൊഴിഞ്ഞു 
കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റല്‍ വരാന്തയില്‍ ഇരുന്നിരുന്ന ശ്രീജിത്തിന്‍റെ
അച്ഛനോടും അമ്മയോടും സ്നേഹിതര്‍ തിരക്കി.

        ഇപ്പോള്‍ എങ്ങിനെയുണ്ട്….ഇനിയെന്താണ്…..

        ഉത്തരം പറയും മുമ്പ് 
ആരെല്ലാമോ അവരെ വരവേറ്റ് ആശുപത്രിയുടെ ഓഫീസിലേക്ക് ആനയിച്ചു.  പിന്നീട് ജനാല വഴി സ്നേഹിതര്‍ക്ക് കാണാന്‍
കഴിഞ്ഞത് കുറെ പേപ്പറുകളില്‍ അവര്‍ ഒപ്പിടുന്നതാണ്.

        പിറ്റേന്ന് ദിനപ്പത്രങ്ങളിലെല്ലാം ശ്രീജിത്തിന്‍റെ
ഫോട്ടോയോടുകൂടി വാര്‍ത്ത വന്നു. 
അവയവദാനത്തിന്‍റെ മാഹാമ്യത്തെ, ശ്രീജിത്തന്‍റെ സ്വഭാവത്തെ,
വീക്ഷണങ്ങളെക്കുറിച്ചൊക്കെ 
തൊങ്ങലുകളും തോരണങ്ങളും വച്ചെഴുതിയ കുറെ കുറിപ്പുകള്‍ സുഹൃത്തുക്കള്‍ക്ക്
വായിക്കാനും കിട്ടി.  ശ്രീജിത്തിന്‍റെ
പുരയിടത്തില്‍ തന്നെ കാടു പിടിച്ചു കിടന്നിരുന്നിടത്ത് വൃത്തിയാക്കി
ചിതയൊരുക്കി.  ഒടുക്കം വരെയും സ്നേഹിതല്‍
കാണികളായി നിന്നിരുന്നു.  എന്തിനും ഏതിനും
ഹോസ്പിറ്റലില്‍ നിന്നും ഏര്‍പ്പാടാക്കിയവരുണ്ടായിരുന്നു.  ഏതെല്ലാമോ സന്നദ്ധ സംഘടനക്കാരും അക്ഷീണം
ഓടിനടന്നു കൊണ്ടിരുന്നു.

മൂന്ന്

        ഭാഗം മൂന്ന് തുടങ്ങുന്നത് ശ്രീജിത്തിന്‍റെ മരണശേഷം ആറുമാസം
കഴിഞ്ഞിട്ടാണ്.  ആറു മാസവും പതിനൊന്ന്
ദിവസവും ആയെന്ന് ജോഹന്‍ പറയുന്നു.  മറ്റ്
സ്നേഹിതരൊക്കെ ആ കണക്കുകള്‍ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു

        അന്ന് ജോഹന്‍ നഗരത്തിലെ പേയിന്‍ പാര്‍ക്കില്‍ നിന്നും വാഹനം
തിരികെ എടുത്തു മടങ്ങാന്‍ തുടങ്ങുമ്പോള്‍ അവിടത്തെ ഒരു ജീവനക്കാരന്‍ ചോദിച്ചു.

        നീയാ ശ്രീജിത്തിന്‍റെ കൂടെ പഠിച്ചതല്ലേ…

        ഊം… നീയേതാ….

        ഞാനും അന്ന് സ്കൂളില്‍ ഉണ്ടായിരുന്നു.

        ഓ….

        നീ…. നിന്നേ…എനിക്കൊരു കാര്യം പറയാനുണ്ട്….

        ഊം….

        ശ്രീജിത്തിനെ കുറിച്ചാണ്….

        എന്നതാ…..

        ജോഹന്‍റെ മുഖം അഗതക്രിസ്റ്റിയുടെ കഥാനായകന്‍ ഹെര്‍ക്യൂള്‍ പെയ്റോട്ടിന്‍റേതു
പോലെയായി,
മുകളിലേക്ക് പിരിച്ചു വക്കാന്‍ മീശയില്ലെങ്കിലും…

        കണ്ണകള്‍ കൂത്തു……ചെവികള്‍ വട്ടം പിടിച്ചു….. മനസ്സ്
ജാഗരൂകമായി….

        ആക്സിഡന്‍റായീന്നു പറയുന്നതിന്‍റെ പിറ്റേന്ന് രാവിലെ വേറൊരാളാണ്
ഇവിടന്ന് അവന്‍റെ ബൈക്ക് എടുത്തു പൊണ്ടുപോയത്…

        എങ്ങിനെ…

        അവന്‍റെ വണ്ടിയുടെ ടോക്കന്‍ കൊണ്ടുവന്ന് വേറെരുത്തനാണ് കൊണ്ടു
പോയതെന്ന്….

        ങേ….

        വണ്ടിയെടുക്കാന്‍ വന്നവനോട് ഞാന്‍ ചോദിച്ചതാ ശ്രീജിത്ത്
എന്തിയേന്ന്.  അയാളു പറഞ്ഞത്… അവന്‍ ആ
സ്റ്റാന്‍റിനടുത്തുള്ള മേള ഹോട്ടലില്‍ ഇരുന്ന് ചായ കുടിക്കുന്നുണ്ടെന്നാണ്….

        ജോഹന്‍ വല്ലാതെ അസ്വസ്തനായി. 
അവന്‍ സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയ ബൈക്ക് സ്റ്റാന്‍റില്‍ കയറ്റി വച്ച്
സുഹൃത്തിന്‍റെ തുടര്‍ വാക്കുകള്‍ ആരും കേള്‍ക്കാതിരിക്കാന്‍ പേയിന്‍ പാര്‍ക്കിന്‍റെ
ഓഫീസ് കാബിനില്‍ നിന്നും കുറെ ആകന്നു നിന്ന് മര്‍മ്മരമായി, കുറെ സമയം സംസസാരിച്ചു.  അവര്‍
സംസാരിച്ചതെല്ലാം ജോഹന്‍ മനസ്സില്‍ മാത്രം രേഖപ്പെടുത്തി.

        പേയിന്‍ പാര്‍ക്കിലെ സുഹൃത്തിനെ കണ്ടതിനുശേഷമുള്ള ഇരുപത്തിനാലു
മണിക്കറിനുള്ളില്‍ ജോഹന്‍, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച
അഗതക്രിസ്റ്റി കൃതികള്‍ രണ്ടാം ഭാഗത്തെ മൂന്നു കഥകള്‍ വീണ്ടും വീണ്ടും
വായിച്ചു.  പെയ്റോട്ടിന്‍റെ ചിന്തകളും
ചെയ്തികളും മുഖഭാവങ്ങളും മനക്കണ്ണില്‍ പകര്‍ത്തിയെടുത്ത് വിശകലനം ചെയ്തു.  മേശപ്പുറത്തെ ചീട്ടുകളില്‍ പെയ്റോട്ട്
ചിന്തിക്കുന്നതുപോലെയല്ല നീലനദിയിലെ മരണത്തില്‍ ചി

ന്തിക്കുന്നതെന്ന് കണ്ടെത്തി.
സൈപ്രസ് ദുരന്തത്തിലെ കാഴ്ചപ്പാടുകളല്ല ചലിക്കുന്ന വിരലില്‍ ഉള്ളതെന്ന്
വീക്ഷിച്ചു.

        ഹൃദയം വിങ്ങി അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ സുഹൃത്തുക്കളോട്
കാര്യങ്ങള്‍ വ്യക്തമാക്കി.  അവര്‍
ശ്രീജിത്തിന്‍റെ വീടിനെ നിരീക്ഷണത്തില്‍ കൊണ്ടു വന്നു.  പക്ഷെ, അടുത്തു കഴിഞ്ഞ
നാളുകളില്‍ അവിടെ ഒന്നും പ്രത്യേകിച്ച് സംഭവിച്ചിട്ടില്ലെന്ന് അറിഞ്ഞു.
ശ്രീജിത്തിന്‍റെ വീട്ടുകാര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു.  ശ്രീജിത്തിന്‍റെ മരണവുമായി ബന്ധിച്ച് എവിടെ
നിന്നെല്ലാമോ അവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായത്താല്‍ അവന്‍ ഉണ്ടായിരുന്ന
കാലത്തുള്ള ജീവിതത്തേക്കള്‍ നിലവാരമുള്ളതാണ് ഇപ്പോഴത്തേതെന്ന് കണ്ടെത്തി.  ജോഹന്‍റെ ചുഴിഞ്ഞുള്ള ചോദ്യങ്ങള്‍ക്ക്
ശ്രീജിത്തിന്‍റെ അച്ഛന്‍ ഇങ്ങിനെ ഒരു മറുപടിയും കൊടുത്തു.

        മറന്നല്ലെ പറ്റൂ മക്കളെ….

        അതെ മറന്നേ പറ്റൂ…. നിങ്ങള്‍ക്ക്…….

        ജോഹന്‍ അയാളുടെ മുഖത്ത് നോക്കി അങ്ങിനെ പറഞ്ഞില്ല, പക്ഷെ , പറയുമായിരുന്നു, മറ്റ്
സുഹൃത്തുക്കള്‍ക്കു കൂടി ഇഷ്ടമായിരുന്നെങ്കില്‍.

        എങ്കിലും അവന്‍ മനസ്സില്‍ പറഞ്ഞു.

        പക്ഷെ. ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്തതുപോലെ ഒരു കനല്‍
ഹൃയത്തില്‍ വീണു കിടക്കുകയാണെങ്കിലോ, 
അതവിടെ കിടന്ന് ജ്വലിക്കുകയാണെങ്കിലോ….

        മദ്യത്തിന്‍റെ അവാച്യമായ വശീകരണശക്തിയില്‍ വീഴ്ത്തി, ശ്രീജിത്ത് ആക്സിഡന്‍റ് കേസിന്‍റെ മഹസ്സര്‍ കോപ്പി സ്വീകരിക്കുമ്പോഴും
ബൈക്ക് കാണാന്‍ പോകുമ്പോഴും പെയ്റോട്ട് എന്തായിരിക്കും ഈ സാഹചര്യത്തില്‍
ചിന്തക്കുകയെന്ന് അറിയാന്‍ ജോഹന്‍ മനസ്സിലിട്ട് കാര്യങ്ങളെ മദിച്ചു നോക്കിക്കൊണ്ടിരുന്നു.

        കാഷ്വാലിറ്റിയിലെ ക്രമാതീതമായ തിരക്കിനിടയിലും നേഹ അവരോടൊത്ത്
കാന്‍റിനിലെ ഫാമിലി ക്യാബിനില്‍ ചായ കഴിക്കാനെത്തി.  അവര്‍ക്കു മുന്നില്‍ തേങ്ങിക്കരഞ്ഞു.

        വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞിരിക്കുന്ന ആ മനോഹര ദേഹത്തെ
പെയ്റോട്ടിന്‍റെ കണ്ണുകളോടെയാണ് ജോഹന്‍ നോക്കിക്കൊണ്ടിരുന്നത്.  വശ്യമായ ആ മുഖത്തിന് പിന്നില്‍, ഏറെ കറുത്ത ആ കണ്ണുകള്‍ക്ക് മറവില്‍ ഒരു ദുരൂഹത മറഞ്ഞിരിക്കുന്നുണ്ടോ
എന്നവന്‍ ചുഴിഞ്ഞ് ചിന്തിച്ചു കൊണ്ടിരുന്നു. 
ഒടുവില്‍ ഉണ്ടെന്നു തന്നെ അവന്‍ കണക്കുകൂട്ടി, മറ്റ്
സുഹൃത്തുക്കള്‍ അതിനെ എതിര്‍ത്തെങ്കിലും. 
അവന്‍ അവന്‍റെ വഴിയെ തന്നെ ചിന്തിച്ചു. അവന് ഇഷ്ടമുള്ള വഴിയെ പോയി.  പക്ഷെ, സുഹൃത്തുക്കളെ
കൂടെ കൂട്ടാതിരുന്നില്ല.

        അടുത്ത ദിവസം, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് നേഹ
വീട്ടിലെത്തി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ വില്ലയിലെ കോളിംഗ് ബല്ല് ജോഹന്‍
മുഴക്കി.  ഉറക്കച്ചടവോടെ അവള്‍ വാതില്‍
തുറന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ നേഹയുടെ അര്‍ദ്ധ നീലിമയാര്‍ന്ന മിഴികള്‍
ആകാവുന്നതിലും അധികമായി തുറന്നു. 
ഉറക്കത്തിന്‍റെ ആലസ്യത്തെ വിട്ട് ബോധമുണരുകയും ചെയ്തു.  അവളെ അകത്തേക്ക് തള്ളി മാറ്റി ജോഹനോടൊപ്പം
മൂന്നു സുഹൃത്തുക്കളും അകത്തേക്ക് കയറി.

        നേഹ എന്തു പറയണമെന്നൊ, എന്തു ചെയ്യണെമെന്നൊ
അറിയാതെ തകര്‍ന്നു നിന്നു.

        അവരുുടെ നിശബ്ദതയെ നീക്കിക്കൊണ്ട് ജോഹന്‍, പെയ്റോട്ടിനെ പോലെ ആലങ്കാരികമായി പറഞ്ഞു.

        നേഹ, ഞങ്ങള്‍ ഉപദ്രവിക്കാന്‍
വന്നതല്ല….നിന്നോട് കടുത്ത പ്രണയമായിരുന്നു ശ്രീജിത്തിനെന്ന് ഞങ്ങള്‍ക്കറിയാം….അതു
കൊണ്ടു തന്നെ നീ സത്യം പറയാന്‍ ബാധ്യസ്ഥയാണ്… അല്ല നീ ഞങ്ങള്‍ക്കെതിരെ
പ്രതികരിക്കുകയാണെങ്കില്‍ ജീവിതം മോശമായിത്തീരും …ഞങ്ങള്‍ ഇവിടെ നിന്നും പോകും
വരെ നിനക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നിനക്കറിയാം… ഈ അടുത്ത്
വില്ലകളിലൊന്നും ആരുമില്ല.  അക്കാര്യം
നിക്കറിയുന്നതു പോലെ ഞങ്ങള്‍ക്കുമറിയാം….    
അതുകൊണ്ട് സത്യ പറയുകയും  ഞങ്ങളോട്
സഹകരിക്കുകയും ചെയ്യുക….

        തളര്‍ന്നു നിന്നിരുന്ന നേഹ സെറ്റിയില്‍ നിസ്സഹായയായി ഇരുന്നു.

        എന്താണ് ….എന്താണ് നിങ്ങള്‍ക്കറിയേണ്ടത്….

        ശ്രീജിത്തിന്‍റെ അപകടത്തെക്കുറിച്ച് നിനക്ക് അറിയാവുന്നതെല്ലാം…

        എങ്ങിനെ അപകടം ഉണ്ടായെന്നെനിക്കറിയില്ല…. ഹോസ്പിറ്റലില്‍
വന്നതു മുതലെല്ലാം എനിക്കറിയാം… അന്ന് കാഷ്വാലിറ്റിയില്‍ ഞാനുണ്ടായിരുന്നു…
പിന്നീട് ശ്രീജിത്തിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു… എല്ലക്കാര്യത്തിനും…
എനിക്കറിയാവുന്നതെല്ലാം പറയാം….അവയവദാനങ്ങളും…. അതു സ്വീകരിച്ചവരെക്കുറിച്ചും
…. അവന്‍റെ വീട്ടുകാരെ സഹായിച്ചവരെയും….പലതിനും ഞാന്‍ സാക്ഷിയാണ്…

        അതല്ല ഞങ്ങള്‍ക്കറിയേണ്ട്, ശ്രീജിതത്തിന്‍
അപകടത്തെക്കുറിച്ചാണ്…. ആരെങ്കിലും അപകടം ഉണ്ടാക്കിയതാണെങ്കില്‍ അതാണ്…..

        അപകടം ഉണ്ടാക്കുകയോ….

        പെയ്റോട്ട്, ജോഹനിലേക്ക് പരകായം ചെയ്തു.  മറ്റു മൂന്നു പേരും അവളെ സശ്രദ്ധം വീക്ഷിച്ചു
കൊണ്ടിരുന്നു.  അവരുടെ മൊബൈലുകള്‍ കണ്ണുകള്‍
തുറന്നു, ശബ്ദ സ്വീകരണം തുടങ്ങി.

        അവര്‍ നിശബ്ദരായി.

        നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നേഹ അങ്കലാപ്പില്‍, സംഘര്‍ഷത്തില്‍ നിന്നു മോചിതയായി. 
ദൃഢമായ, ശാന്തമായ സ്വരത്തില്‍ അവള്‍ പറഞ്ഞു.

        എനിക്ക് അറിയാവുന്നത് ഞാന്‍ പറയാം.  നിങ്ങള്‍ ഉദ്ദേശിക്കന്നതെന്തെന്ന്
എനിക്കറിയില്ല.  ശ്രീജിത്തിന്‍റെ
അപകടത്തെക്കുറിച്ച് എനിക്കറിയില്ല. 
ഹോസ്പിറ്റലില്‍ എത്തിയതു മുതല്‍ എല്ലാം നോക്കിയതില്‍ ഞാന്‍ കൂടിയുണ്ടായിരുന്നു.  ഒരു സുഹൃത്തിനോടു വേണ്ട എല്ലാം കരുതലുകളും ഞാന്‍
കൊടുത്തിരുന്നു.

        അതുമാത്രം…..

        അതെ…

        നേഹ നീ പറയുന്നത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.  നീ വീണ്ടും വീണ്ടും നുണ പറഞ്ഞു
കൊണ്ടിരിക്കുകയാണ്. നുണ പറഞ്ഞ് രക്ഷപെടാമെന്ന് നീ വിശ്വസിക്കുകയാണ്.  നിനക്ക് പിന്നില്‍ വലിയൊരു ശക്തിയുണ്ടെന്ന്
ഞങ്ങള്‍ക്കറിയാം.  അത് ഉപയോഗിക്കണമെങ്കില്‍
നിനക്കിവിടെ നിന്ന പുറത്തു പോകണം.   അതിനു
കഴിയാതെ വന്നാലോ…..

        ഭീഷണിയാണോ….

        അല്ല, സത്യം പറഞ്ഞതാണ്…. നിന്നെ ഞങ്ങള്‍
ഒരു പോറലു പോലും ഏല്പിക്കില്ല….പൂപോലെ മനോഹരമായ ഈ ദേഹം പൂര്‍ണ്ണ നഗ്നമായിട്ട് ഈ
മൊബൈലുകളില്‍ പകര്‍ത്തും… അടുത്ത നിമിഷം തന്നെ പൊതു ദര്‍ശനത്തിനു
വയ്ക്കും……ഇന്‍റര്‍നെറ്റ് കമ്പോളത്തില്‍ വില്പനക്കും വയ്ക്കും…. എന്താ
ചെയ്യണോ…. പിന്നെ ജീവിത കാലം മുഴുവന്‍ ഞങ്ങളുടെ കസ്റ്റഡിയില്‍
വില്പനച്ചരക്കായിട്ട് തന്നെ കഴിയും അതുവേണോ….

        അവള്‍ പുച്ഛത്തോടെ അവരുടെ മുഖങ്ങളില്‍ മാറമാറി നോക്കി….
നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന ഒരു ഭാവമാണവളുടെ കണ്ണുകളില്‍….

        പെട്ടന്ന് അവരുടെ മുഖങ്ങള്‍ ഇരുളുന്നത് നേഹ കണ്ടു. അവള്‍
ഇരിപ്പിടത്തില്‍ നിന്നും എഴുന്നേള്‍ക്കാന്‍ ശ്രമിച്ചു.

        നോ…

        ജോഹന്‍റെ  ക്രൗര്യമാര്‍ന്ന
സ്വരത്തില്‍ നേഹക്ക് ഉള്‍ക്കിടിലമുണ്ടായി. 
അവള്‍ അവിടെത്തന്നെയിരുന്നു.  ജോഹന്‍റെ
വിരലുകള്‍ അവള്‍ക്കരുകിലേക്ക് നീങ്ങി വരുന്നത് അവള്‍ കണ്ടു. മനോഹരമെങ്കിലും അതിന്‍റെ
വിറയലില്ലായ്മ അവളെ പരിഭ്രമിപ്പിച്ചു കൊണ്ടിരുന്നു.  ചുരിദാര്‍ ടോപ്പില്‍ അവന്‍ സ്പര്‍ശിച്ചപ്പോള്‍
നേഹയുടെ ഉള്‍ക്കാമ്പില്‍ ഭയം കുമ്പു പൊട്ടി….പൊട്ടിയ കൂമ്പ് പെട്ടന്ന് വളരുകയും
തളിരാകുകയും ഇലയാകുകയും ചയ്തു.

        അക്ഷോഭ്യരായിരുന്ന അവരുടെ പ്രതികരണം പെട്ടന്ന് മാറുന്നത് നേഹ
അറിഞ്ഞു.

        അവളൊരു കഥയിലേയ്ക്ക് വന്നു.

        ശ്രീജിത്ത്,

        നേഹ,

        അവരുടെ പ്രണയ ജീവിതം,

        ശ്രീജിത്തിന് അപകടമുണ്ടായ ദിവസത്തെ അവരുടെ സഹജീവിതം,

        മൊബൈലില്‍  അവളുടെ
മുഖഭാവങ്ങള്‍, അംഗ ചലനങ്ങള്‍ മൂന്ന് ആംഗിളുകളില്‍ മുന്നു പേരും
പകര്‍ത്തിക്കൊണ്ടിരിരുന്നു. അവരില്‍ അത്ഭുതവും, ഭീതിയും
പടന്നര്‍ന്നു കയറിക്കൊണ്ടിരുന്നു..

        ആ വില്ലയില്‍ അടഞ്ഞു കിടന്നിരുന്ന കതക് തുറന്ന,് ശൂന്യമായ ഉള്ളില്‍ വെളിച്ചത്തെ വരുത്തി, ഇവിടെ
വച്ചാണ് ശ്രീജിത്തിന്‍റെ തലയ്ക്ക് ക്ഷതമേല്പിച്ചതെന്നവള്‍ പറഞ്ഞപ്പോള്‍, നാലു യുവാക്കളും ബാധയേറ്റ പെണ്ണിന്‍റെ കൈയ്യിലെ പൂക്കുല പോലെയായി.

        വിറയലില്‍ നിന്ന് മോചിതരായിക്കഴിഞ്ഞ്, നേഹയെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് തോന്നിയപ്പോള്‍ സുഹൃത്തുക്കള്‍
ഇനിയെന്തന്നറിയാന്‍ പെയ്റോട്ടിന്‍റെ മുഖത്ത് നോക്കി.  അവന്‍ അപ്പോള്‍ മാത്രമാണ് വികാരങ്ങളില്‍
നിന്നും പുറത്ത കടന്നത്.

        നേഹ നീയും ഞങ്ങളടെ കൂടെ വരികയാണ്. എവിടേക്കെന്ന് നീ ചോദിക്കാതെ
തന്നെ പറയാം നിയമത്തിന്‍റെ മുന്നിലേക്ക്….അത് ഞങ്ങളെ രക്ഷിക്കാന്‍
കൂടിയാണ്…പക്ഷെ,. നീ ഇടക്കെപ്പോഴെങ്കിലും അതി ബുദ്ധി
കാണിക്കുമെന്ന കരുതി ഈ മൊബൈലുകളില്‍ പകര്‍ത്തിയതെല്ലാം ലൈവായിട്ട് ഫെയ്സ് ബുക്കു
വഴിയും വാട്ട്സ്സാപ്പു വഴിയും ലോകം കാണുന്നുണ്ടായിരുന്നു. ഒരു പക്ഷെ, നമ്മള്‍ ഈ വാതില്‍ തുറക്കുമ്പോള്‍ തന്നെ നമ്മളെ എതിരേല്‍ക്കാന്‍ പലരും
കണ്ടെന്നിരിക്കും.

        പക്ഷെ, വാതില്‍ തുറന്നപ്പോള്‍ അവരെ എതിരേല്‍ക്കാന്‍
ആരുമുണ്ടായിരുന്നില്ല.

        മറ്റൊരു വസ്ത്രം ധരിക്കുന്നതിനു പോലും നേഹയെ അനുവദിക്കാതെ അവര്‍
യാത്രയായി.  കാറിന്‍റെ കറുത്ത ഗ്ലാസ്സുകള്‍
അവളെ പുറത്ത് കാണിക്കുന്നില്ലെന്ന് ഉറപ്പും വരുത്തി. വില്ലയുടെ ഗെയിറ്റ് പൂട്ടി
വാഹനം ഓടിത്തുടങ്ങിയപ്പോള്‍ ചാനല്‍ക്കൂട്ടത്തിന്‍റെ വാഹനങ്ങള്‍ അവര്‍ക്ക് മാര്‍ഗ്ഗ
തടസ്സമായി നിന്നു. കാറിന്‍റെ ഗ്ലാസ്സുകള്‍ ഉയര്‍ത്തി, ഹെഡ്ഡ് ലൈറ്റ് ഓണാക്കി നിര്‍ത്താതെ ഹോണടിച്ച് അവര്‍ മുന്നോട്ടു പോയി.

         മൊട്രോ നഗരത്തിലെ
മജിസ്ട്രറ്റ് കോടതി കൂടിത്തുടങ്ങി ഒരു മണിക്കൂര്‍ 
കഴിഞ്ഞപ്പോള്‍ അവര്‍ അഞ്ചു പേരും കോടതി നിയമങ്ങളെ ലംഘിച്ചു കൊണ്ട്
അകത്തേക്ക് കടന്നു.

                                @@@@@@




നാനാര്‍ത്ഥങ്ങള്‍

അനന്തമായ ആകാശത്തുകൂടി അവന്‍
അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് നടക്കുകയായിരുന്നു. 

      കോടാനുകോടി നക്ഷത്രങ്ങള്‍, അവകളെയൊക്കെ ചുറ്റി
കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, പൊടിപടലങ്ങള്‍, വ്യത്യസ്ഥ വര്‍ണ്ണങ്ങള്‍….

      ഒരു ഗ്രഹത്തില്‍ അവന്‍, അവനെ തന്നെ കണ്ട്
പുളകം കൊണ്ടു.  കേരള പ്രവിശ്യയിലെ
മങ്കാവുടി പട്ടണത്തിലെ ശ്രീപുരം ദേശത്തെ പുത്തന്‍പുരക്കല്‍ ബാലകൃഷ്ണന്‍ ശരത് എന്ന
പി ബി ശരത്, ഒരു മാവിന്‍ ചുവട്ടിലെ സിമന്‍റ് തറയില്‍ കാറ്റു
കൊണ്ടിരുന്ന് സിഗററ്റ് വലിക്കുന്നു.  അവന്‍റെ
മുഖത്ത് അവിടെ ഒറ്റപ്പെട്ടതിന്‍റെ വ്യാകുലതകളോ, ജോലിത്തിരക്കിന്‍റെ
വിമ്മിട്ടങ്ങളോ, സമയക്കുറവിന്‍റെ പരിഭ്രമങ്ങളോയില്ല.

      സാവധാനം പുക വലിച്ച്, ഉള്ളിലേക്കിറക്കി,
നന്നായി ആസ്വദിച്ച് ഉച്ഛ്വസിച്ച് കൊണ്ടിരിക്കുന്നു, വിശ്രമിക്കുന്നതു പോലെ.

      അവിടേക്ക് അവള്‍ വരുന്നു. മാലാഖയെപ്പോലെ സുന്ദരി. കൈകളുടെ
സ്ഥാനത്ത് രണ്ട് ചിറകുകളുമായിട്ട്…

      ആരാണവള്‍……

      എവിടെയാണിത്, ഏതു ലോകത്താണിത്, ഏതു നക്ഷത്രത്തിനു കീഴിലാണ്…. ഏതു ക്ഷീരപഥത്തിലാണ്….

      ഹലോ…..!

      ആരോ വിളിക്കുന്നു.  അവന്‍
ചെവിയോര്‍ത്തു. വിളിച്ചത് ആ മാലാഖ കുട്ടിയല്ല. 
അവള്‍ പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്, പോരാത്തതിന്
വളരെ അടുത്താണു താനും.

      വിളി അകലെ നിന്നുമാണ്…

      ആരോ വിളിക്കുന്നു.

      വീണ്ടും വിളിക്കുന്നു.

      ഹലോ…..!

      ഞെട്ടറ്റതുപോലെ, കാന്തികവലയത്തില്‍ നിന്നും
മോചിപ്പിക്കപ്പെട്ടതുപെലെ, അവന്‍ ഐടി നഗരത്തിലെ തന്‍റെ
വില്ലയില്‍, തന്‍റെ മുറിയില്‍, തന്‍റെ
ബെഡ്ഡില്‍…..

      കണ്‍ പോളകള്‍ തുറക്കാനാകാതെ കിടന്നു കൊണ്ടു തന്നെ ചോദിച്ചു.

      ആരാണ്, എന്തിനാണ് എന്‍റെ സ്വകാര്യതയിലേക്ക്,
ഏകാന്തതയിലേക്ക് 
അതിക്രമിച്ചു കടന്നു വന്നത്…….?

      ഹലോ…..!

      വീണ്ടും വിളിക്കുക തന്നെ, കൂടാതെ ദേഹത്ത് കൈ
സ്പര്‍ശനവും. വെറും സ്പര്‍ശനമല്ല, കുലുക്കി യുണര്‍ത്തുകയാണ്.

      അവന്‍ ചിന്തിച്ചു, എന്‍റെ ചോദ്യം
കേട്ടില്ലായിരിക്കുമോ… കേട്ടിട്ടും എന്‍റെ ഭാഷ തിരിഞ്ഞില്ലായിരിക്കുമോ….

      അതോ എന്‍റെ മനസ്സ് മാത്രമാണോ ചോദിച്ചത്, ചുണ്ടുകള്‍, ശബ്ദം ചോദിച്ചില്ലായിരിക്കുമോ…

      കഴിയുന്നില്ല, അവന് കണ്ണുകളെ തുറക്കാന്‍,
നാവിനെ ചലിപ്പിക്കാന്‍, ചുണ്ടുകളെ വിടര്‍ത്തുവാന്‍…

      കഴിയാത്ത അത്ര ആലസ്യമാണ്ടു പോയിരിക്കുന്നു, ദേഹം.

      ആരോ വന്ന് വിളിക്കുന്നതിനു മുമ്പ്, സ്വപ്നമായിട്ടെന്തോ
കണ്ടു കൊണ്ടിരിക്കുന്നതിന് മുമ്പ്, എന്താണ് ഉണ്ടായിരുന്നത്…

      ഉവ്വ്, ഓര്‍മ്മയിലേക്ക് വരുന്നു,

      ശ്രീനാഥും, എബി ജോണു അനുരാഗ് വിശ്വവും
അനസ്സുമൊത്ത് മദ്യം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുകയായിരുന്നു. യാതൊരു
വിലക്കുകളുമില്ലാതെ പുകവലിക്കുകയായിരുന്നു, ശരത് എന്ന തന്‍റെ
ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന്…..

      മതിവരുവോളം കഴിച്ചു കഴിഞ്ഞ് അവരെല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞതിന്‍റെ
ഓര്‍മ്മ ഒട്ടും ചോര്‍ന്നു പോയിട്ടില്ല.

      അവരില്‍ ആരോ….  ആരോ അല്ല, അനസ്സും എബിയും കൂടി തന്നെ എടുത്തു കൊണ്ടു വന്ന് ബെഡ്ഡില്‍
കിടത്തിയിട്ടാണ് പോയത്.  പോയപ്പോള്‍
നാളത്തെ രാത്രി ഭക്ഷണത്തിന് അനുരാഗ് ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. മുന്നിലെ ഡോര്‍
ലോക്ക് ചെയ്യുന്നില്ലെന്നും, കുറെ വൈകിയിട്ടായാലും തന്നോടു
തല നേരെ നില്‍കാറാകുമ്പോള്‍ ഗെയ്റ്റ് പൂട്ടണമെന്നും ഡോര്‍ അടക്കണമെന്നും
പറഞ്ഞിരുന്നു.  ആരോ അല്ല, അനസ്സ് തന്നെ. ഫ്ളാറ്റില്‍ എത്തിയശേഷം ഫോണില്‍ വിളിച്ച് രണ്ടു പ്രാവശ്യം
ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തിരുന്നു.

      പക്ഷെ, അടച്ചില്ലായിരിക്കുമോ…….

      ഇല്ലായിരിക്കാം.

      അടച്ചില്ലെങ്കിലും ഇവിടെ നിന്നും ആര്‍ക്കും ഒന്നും
കൊണ്ടപോകാനില്ല.  അവള്‍ പോയപ്പോള്‍….

      ക്ഷമിക്കണം, അവളെന്നു വിളിക്കാന്‍ അവളെന്‍റെ
ഭാര്യയല്ല. എന്‍റെ പെണ്‍ സുഹൃത്താണ്. സെക്സ് പാര്‍ട്ടണര്‍. തുല്യ
അധികാരാവകാശങ്ങളോടു കൂടിയാണ് ഞങ്ങള്‍ ജീവിതത്തെ വ്യവസ്ഥയാക്കിയിരിക്കുന്നത്.  ഈ വില്ല വാങ്ങിയതും അങ്ങിനെ തന്നെയാണ്.
വില്ലക്ക് മുന്നില്‍ മനോഹരമായ പൂന്തോട്ടം വച്ചു പിടിപ്പിച്ചതും, ഫര്‍ണിച്ചറുകള്‍, ഏസി, വാഷിംഗ്
മെഷിന്‍, കാര്‍ 
വാങ്ങിയതും അങ്ങിനെ തന്നെയാണ്. എടി, പോടി, അവള്‍ എന്ന വിളികള്‍ ഒരിക്കലും ഉണ്ടാകരുതെന്ന് വാക്കാല്‍
പറഞ്ഞിരുന്നു.  കഴിയുന്നത്ര പേരു
വിളിക്കുക.  അല്ലെങ്കില്‍ ബഹുമാനം, കരുതല്‍ ചോര്‍ന്നു പോകാതെ ഒരു സര്‍വ്വ നാമമാകാം.  തിരിച്ചും അങ്ങിനെ തന്നെ ആയിരിക്കും.

      നേഹ പോയപ്പോള്‍ എല്ലാം ലോക്കറിലേക്ക് മാറ്റി വച്ചു. രണ്ടു
പേരുടെയും ലാപ്ടോപ്പു പോലും.  ഇനിയുള്ള
ഒരാഴ്ച ആഘോഷങ്ങള്‍ക്കു വേണ്ടി അനുവദിച്ചു തന്നിരിക്കുന്നതാണ്.  നേഹ കാഞ്ഞിരപ്പള്ളിയിലെ സ്വഗൃഹത്തിലേക്ക്
പോകുമ്പോളെല്ലാം അങ്ങിനെ തന്നെയാണ് ചെയ്തു വരുന്നത്.

      അതു കെണ്ടു തന്നെ അടച്ചില്ലെങ്കിലും….

      ഹലോ….!

      ഉണരണം, ഇനിയും ഉണര്‍ന്നില്ലെങ്കില്‍, വിളിക്കുന്നത് ഒരു സ്ത്രീയാകുമ്പോള്‍…

      ബെഡ്റൂമിലെ നിറ വെളിച്ചത്തിലേക്ക് ശരത് കണ്ണുകള്‍ തുറന്നു.

      ആദ്യം മങ്ങിയൊരു നിഴലായിട്ട്, പിന്നെ തെളിഞ്ഞൊരു
ചിത്രമായിട്ട്, പിന്നീട് നേഹയുടെ ചുരിദാറില്‍, ഒരു സ്ത്രീയായിട്ട്……

      ഒരു വ്യാധി അവന്‍റെ സിരകളിലൂടെ പടര്‍ന്ന കയറി.

      ഈ മുഖം…

      വളരെ പരിചിതമായ മുഖം.

      നേഹക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു പറയുന്ന, ഒരു ബെര്‍ത്ത് ഡേക്ക് താന്‍ വാങ്ങിക്കൊടുത്ത വൈലറ്റ്  പൂക്കളുള്ള വെളുത്ത ചുരിദാറില്‍,

      നേഹയോടൊത്തു വച്ചിരിക്കുന്ന വ്യവസ്ഥകളില്‍ ഒന്ന്, ഒരുമിച്ചു ജീവിക്കുമ്പോള്‍ വിശ്വാസം സൂക്ഷിക്കുമെന്നതാണ്. ശരതിന് മറ്റൊരു
പെണ്ണും, നേഹക്ക് മറ്റൊരു പുരുഷനും ഉണ്ടാകില്ലയെന്നത്.

      അവന്‍റെ മുഖത്ത് വല്ലാത്തൊരു ഭീതി നിറഞ്ഞു.  നീര്‍ക്കോലിയുടെ ഒരു കുതിപ്പിനുളളില്‍
അകപ്പെട്ട മഞ്ഞത്തവളയുടെ കണ്ണുകളിലെപ്പോലെ.

      നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ല. ഈ വീടിന്‍റെ  തുറന്നികിടന്നിരുന്ന എല്ലാ വാതിലുകളും ഞാന്‍
അടച്ച് കുറ്റിയിട്ടിട്ടുണ്ട്.  ഞാന്‍ വന്ന
കാറ് വീടിന്‍റെ വലതുവശത്തുള്ള മുറ്റത്തു കൂടി ഓടിച്ച് പിറകില്‍ മാവിന്‍ ചുവട്ടില്‍
ഇട്ടിരിക്കുകയാണ്. ഗെയ്റ്റ് പൂട്ടി , ഗെയ്റ്റ് ലൈറ്റുകളും
അണച്ചിട്ടുണ്ട്.  ഇപ്പോള്‍ പുറത്തു നിന്നു
കാണുന്നവര്‍ക്ക് ഇവിടെ പാര്‍പ്പില്ലെന്നേ തോന്നുകയുള്ളൂ…..

      അവള്‍ അവന്‍റെ ഭാഷയില്‍ തന്നെയാണ് പറയുന്നത്. പക്ഷെ, അവന്‍റെ മങ്കാവുടി ശൈലിയിലല്ല. 
ഭാഷ മലയാളമാണെങ്കിലും,  അവള്‍ പറയുന്നതെല്ലാം ഗ്രഹിക്കാനാകുന്നുണ്ടെങ്കിലും ഭീതി അവനെ ഒന്നിലും
ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുന്നില്ല.

      നിങ്ങള്‍ എഴുന്നേല്‍ക്കൂ….. എനിക്ക് നിങ്ങളോട്
സംസാരിക്കാനുണ്ട്.  ഞാനൊരു പ്രതിസന്ധിയില്‍പ്പെട്ട്
വന്നിരിക്കുകയാണ്, അവിടെ നിന്നും രക്ഷപെട്ട് നിങ്ങളുടെ
അടുത്ത് എത്തിപ്പെട്ടതാണ്….

      അവന്‍ പറഞ്ഞു.

      നിങ്ങള്‍ പത്തു മിനിട്ട് പുറത്ത് നില്ക്കൂ…

      അവള്‍ മുറിക്ക് പുറത്ത് പോയപ്പോള്‍, അവന്‍ അര്‍ദ്ധ
നഗ്നനായി മുറിയില്‍ എഴുന്നേറ്റു നിന്നു, മൂരി നിവര്‍ന്നു,
തലയെ ഇരു വശത്തേക്കും തിരിച്ച് ഉണര്‍വ്വിലേക്ക് വരാനുള്ള ശ്രമം തുടങ്ങി.

      മുഖം കഴുകി, വസ്ത്രം മാറി അവന്‍ സിറ്റിംഗ്
റൂമിലെത്തിയപ്പോള്‍ അവള്‍ സമാധാനം കൊണ്ടു. 
കാഴ്ചയില്‍ അവനൊരു മാന്യനായതുകൊണ്ട്.

      അവന്‍റെ മുഖത്തെ ഭീതി മാറിയ ഇടത്ത് അമ്പരപ്പ് പടര്‍ന്നു.

      അവള്‍ ഉപചാരം പോലെ എഴുന്നേറ്റു, എന്നിട്ട്
വളരെ മാന്യമായിട്ട്  അടുത്തടുത്ത സെറ്റികളില്‍
ഇരുന്നു.

      നിങ്ങള്‍…?

      അപര്‍ണ്ണ.

      എന്‍റെ ഊഹം തെറ്റിയില്ല, അപര്‍ണ്ണ സുദേവ്….?

      അതെ….

      പെട്ടന്നവന്‍ മുന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി, അന്തരീക്ഷത്തെയും കാലാവസ്ഥയേയും നിരീക്ഷിച്ചു.  ഒരു ഇല ചലനം പോലുമില്ലാതെ എല്ലാം നിശ്ചലം.  അപര്‍ണ്ണ പറഞ്ഞതു പോലെ, അവള്‍
വന്ന കാര്‍ വീടിന് പിറകില്‍ പെട്ടന്ന് ആരുടേയും ശ്രദ്ധയില്‍ പെടാതെ പതുങ്ങി നില്‍പുണ്ട്.

      ഇപ്പോള്‍ അവന് സമാധാനം തോന്നിത്തുടങ്ങി.

      പുറത്തേക്കുള്ള വാതിലടച്ച്, സിറ്റിംഗ് റൂമിലെ
വിളക്കണച്ച്, അപര്‍ണ്ണയെ ബഡ്റൂമിലേക്ക് തന്നെ ആനയിച്ചു,
അവരുടെ ശബ്ദങ്ങളും അവിടത്തെ വെളിച്ചവും അയല്‍ പക്കങ്ങളില്‍
എത്തുന്നത് അപകടമാണെന്നവന്‍ കണക്കുകൂട്ടി.

      അപര്‍ണ്ണ സുദേവിന്‍റെ കേട്ടു പഴകിയ ശബ്ദം മുറിയില്‍ നിറയുന്നത്
അവനറിഞ്ഞു.  നേഹയുടെ ഇഷ്ടപ്പെട്ട പെര്‍ഫ്യൂമിന്‍റെ
ഗന്ധവും.

      ഈ സ്ട്രീറ്റിലെ ഏറ്റവും മോടിയായ വീട്ടിലാണ് ഞാന്‍ താമസ്സിക്കുന്നത്, എന്‍റെ ഭര്‍ത്താവുമൊത്ത്… നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും ഞങ്ങളുടെ
വിവാഹം…

      ഓര്‍ക്കുന്നു. ഷീലയ്ക്കു ശേഷം മലയാള സിനിമയയില്‍ വന്ന
മലയാളിത്തമുള്ള നടിയാണ് അപര്‍ണ്ണ.  കഴിഞ്ഞ
തലമുറയിലെ ഏതൊരു മലയാളി പുരുഷനും കണക്കു കൂട്ടുന്ന മലയാളി പെണ്ണിന്‍റെ തനിമയുള്ള
നടി.  അംഗ വടിവ്, മുഖശ്രീ, കണ്ണുകള്‍… എനിക്ക് ഇഷ്ടമാണ്…
നിങ്ങളുടെ അതേ അംഗ വടിവാണ് എന്‍റെ നേഹക്കും. 
അതു കൊണ്ടല്ലേ നേഹയുടെ ചുരിദാര്‍ അപര്‍ണ്ണക്ക് നല്ലതുപോലെ ചേരുന്നത്.

      ചുരിദാര്‍ മാത്രമല്ല, ഇന്നര്‍
വെയറുകളും…..

      ശരത് ചുണ്ടകള്‍ കുറച്ചേറെ അകത്തി, അവളുടെ
മുഖത്തു നോക്കിയിരുന്നു.

      ക്ഷമിക്കണം, വേറെ നിര്‍വ്വാഹമില്ലായിരുന്നു.
ഏതായാലും നിങ്ങളുടെ ഭാര്യ ഇവിടെയില്ലാതിരുന്നത് നന്നായി. ഉണ്ടായിരുന്നങ്കില്‍ ഒരു
പക്ഷെ, ഇത്ര സ്വസ്ഥതകിട്ടുമായിരുന്നില്ല.

      നേഹ എന്‍റെ ഭാര്യ അല്ല… എന്‍റെ പെണ്ണാണ്… മൈ സെക്സ് പാര്‍ട്ടണര്‍.  ഞങ്ങള്‍ മൂന്നു വര്‍ഷമായി ഒരുമിച്ചു
ജീവിക്കുന്നു. ഒരേ അമേരിക്കന്‍ കമ്പനിയില്‍, അടുത്തടുത്ത
കസേരകളില്‍, ഒരേ പോലെയുള്ള ജോലി ചെയ്യുന്നു, ഒരേ സ്കെയിലില്‍ ശമ്പളം വാങ്ങന്നു, തുല്യ പാര്‍ട്ടണര്‍
ഷിപ്പില്‍ ഈ വില്ല വാങ്ങി, തുല്യ അധികാര അവകാശങ്ങളോടെ
ജീവിക്കുന്നു.

      അപര്‍ണ്ണക്ക്  വല്ലാതെ ജാള്യത
തോന്നി.

      ഞാന്‍ കേട്ടിട്ടുണ്ട് ഇങ്ങിനെയുള്ള ബന്ധങ്ങളെ കുറിച്ച്….

      ഒരു പക്ഷെ, നിങ്ങള്‍ കേട്ടതിലും വ്യത്യസ്ഥമാണ്
ഞങ്ങളുടെ ബന്ധം. പി ബി ശരത് എന്ന മങ്കാവുടിക്കാരന്‍റേയും നേഹ ജോസഫ് എന്ന
കാഞ്ഞിരപ്പിള്ളിക്കാരിയുടേയും.  അവള്‍ എന്നെപ്പോലെയല്ല,
എരിവും പുളിയുമൊക്കെ കൂടുതല്‍ വേണം, ഏതു
കറിക്കും.  ആ പിടിവാശി കൊണ്ടായിരിക്കും
വിവാഹം നടക്കാന്‍ വൈകി…. പിന്നെ നസ്രാണികള്‍ക്കാണെങ്കില്‍ ബാംഗ്ലൂര്‍ ഐടിയില്‍
ജോലി ചെയ്യുന്ന പെണ്ണുങ്ങളോട് ഇപ്പോള്‍ ഇത്തിരി പഥ്യ കുറവും.  ഞാനാണെങ്കില്‍ നാളു നോക്കി പക്കം നോക്കി
നടക്കുന്ന വീട്ടുകാരുടെ അനാസ്ഥയില്‍ മടുത്തും പോയി. എന്നിരിക്കിലും, ഞങ്ങള്‍ ഒരാജീവനാന്ത വ്യവസ്ഥയില്‍ ജീവിക്കുന്നവരല്ല.  അഞ്ചു വര്‍ഷത്തേക്കു മാത്രം. വേണമെങ്കില്‍
പിരിയാം പിരിയാതെയിരിക്കാം….. മുപ്പതു കഴിഞ്ഞിട്ടും സെക്സ് ജീവിതം
കിട്ടിയില്ലെങ്കില്‍ പിന്നെ എന്തിനാണീ ജീവിതം… സോറി… അപര്‍ണ്ണ പറയാന്‍
വന്നിട്ട് എന്‍റെ കഥയുമായിട്ട്… ബോറായോ….?

      ഇല്ല.. ശരത്… എനിക്ക് നിങ്ങളോട് വല്ലാത്തൊരു അടുപ്പം
തോന്നുന്നു.. പക്ഷെ, ആ അടുപ്പം ഇപ്പോള്‍ മാത്രം
തുടങ്ങിയതാണ്.  എനിക്ക് നിങ്ങളെയോ, നേഹയേയോ, ഈ വീടോ നേരത്തെ അറില്ലായിരുന്നു.  വേട്ടയാടപ്പെട്ട്, ആക്രമിക്കപ്പെട്ടിടത്തു
നിന്നും ഓടിയകന്നപ്പോള്‍ കിട്ടിയൊരു താവളം…. മറ്റൊന്നുമില്ലാതെ കാറിന്‍റെ
താക്കോലുമെടുത്ത് താമസ്സിച്ചിരുന്നിടത്തു നിന്നും പുറത്തേക്കോടി, കാറില്‍ കയറി ഓടിച്ചു പോരുകയായിരുന്നു. 
അവര്‍ പിറകെ ഉണ്ടായിരുന്നു, ഭര്‍ത്താവും എന്‍റെ കാവല്‍ക്കാരും…
ഈ വീടിന് മുമ്പുള്ള വളവ് തിരിഞ്ഞപ്പോള്‍ പെട്ടന്ന് തുറന്നു കിടന്നിരുന്ന ഗെയിറ്റ്
വഴി ഓടിച്ചു കയറ്റുകയായിരുന്നു. നേരേ വീടിന് പിന്നിലേക്ക്…. ഗെയിറ്റ് തുറന്നു
കിടന്നിരുന്നെങ്കിലും, വീടിന്‍റെ മുന്‍ വാതില്‍ ലോക്ക് ചെയ്തിട്ടിരുന്നില്ലെങ്കിലും
അപ്പോള്‍ ഇരുട്ടില്‍ ഒരു ഭാര്‍ഗവീനിലയം പോലിരുന്നു,  എനിക്ക് പിന്നില്‍ വന്നിരുന്ന
കാറുകള്‍ അകലേക്ക് ഓടിപ്പോകുന്നത് ഞാനറിഞ്ഞിരുന്നു.  എന്നിട്ടും ഒരു മണിക്കൂറോളം ഞാന്‍ കാറില്‍
തന്നെ ഇരുന്നു,  ആരും
ഇല്ലാത്ത വീടെന്നു തന്നെയാണ് കരുതിയിരുന്നത്, ഡോര്‍ തുറന്ന്
അകത്തു കയറി ഈ മുറിയിലെത്തി ശരത്തിനെ കാണും വരെ….

      കേരളക്കരയാകെ കൊട്ടി ഘോഷിച്ച, സകലമാന മാധ്യമങ്ങളും
തിമര്‍ത്ത് ഉത്സവമാക്കിയ വിവാഹഹമായിരുന്നു നിങ്ങളുടേത്…

      അതെ….

      കോടീശ്വരപുത്രന്‍, സംസ്ഥാനതല സമുദായ
നേതാവിന്‍റെ പിന്മുറക്കാരന്‍… അപര്‍ണ്ണയുടെ അന്നത്തെ അഭിമുഖങ്ങളില്‍ ഒരു
അഹങ്കാരത്തിന്‍റെ ധ്വനിയുണ്ടായിരുന്നു…. ഭാവിയില്‍ കേരള പ്രവിശ്യയുടെ പട്ടമഹിഷി
വരെ ആയേക്കാമെന്ന് പത്രങ്ങള്‍ എഴുതി….

      ശരിയാണ് അഹങ്കരിച്ചിരുന്നു.

      എന്തോ ഓര്‍ത്തെടുത്തതുപോലെ, 
ഓര്‍ക്കാന്‍ വൈകിയതു കൊണ്ട് ധൃതിയില്‍ ശരത് ചോദിച്ചു.

      അപര്‍ണ്ണ ഭക്ഷണം കഴിച്ചോ…..?

      ഉവ്വ്….!

      ഇല്ലെങ്കില്‍, ഞാന്‍ ഉണ്ടാക്കിത്തരാം.  എന്‍റേയും നേഹയുടേയും കൂട്ടു ജീവിതം തുടങ്ങും
മുമ്പ്, ഒറ്റയാള്‍ ജീവിതമായിരുന്നു, അഞ്ചു
വര്‍ഷം, അതു കൊണ്ട് പാചകമൊക്കെ നന്നായിട്ടറിയും… കൂട്ടു
ജീവിതം തുടങ്ങിയിട്ടും സഹകരണാടിസ്ഥാനത്തില്‍ എല്ലാ ജോലികളും ചെയ്തു വരുന്നുമുണ്ട്.

      കഴിച്ചതാണ്….ശരത്തിന്‍റെ ഡൈനിംഗ് ടേബിളില്‍ നിന്നു തന്നെ,  അത്രക്ക് എച്ചിലാകാതെ കുറച്ച്
അരിപ്പത്തിരിയും കറിയും ഉണ്ടായിരുന്നു…. പാതി കുപ്പി ബിയറും…. പാതി
ബിയറിലേക്ക്, ഒഴിച്ചിട്ടും ഒഴിയാതെയിരുന്ന ഒരു പെഗ്ഗ് മദ്യം
ചേര്‍ത്ത് കഴിച്ചശേഷമാണ് കുളിക്കുകയും ഡ്രെസ്സ് മാറുകയും ചെയ്തത്….

      ശരത് ജീവിതത്തെ കുറിച്ച് ചിന്തിച്ചു പോയി.  അതിന്‍റെ നിരര്‍ത്ഥകത, അനിശ്ചിതത്വം, വൈതരണികള്‍. കാണാക്കയങ്ങള്‍….

      ജീവിതത്തിലെപ്പോഴെങ്കിലും ഇങ്ങിനെ ഒരവസ്ഥയുണ്ടാകുമെന്ന് അപര്‍ണ്ണ ചിന്തിച്ചിട്ടുണ്ടോ….?

      ഇല്ല, ഒരിക്കലും.. വടക്കന്‍ കേരളത്തിലെ
ശാന്തമായ ഒരു ഗ്രാമത്തില്‍, വളരെ കുറച്ച് മനുഷ്യര്‍ക്കു
വേണ്ടി തുണിക്കട നടത്തുന്ന ആളായിരുന്നു അച്ഛന്‍… എനിക്കും അനുജനും അച്ഛനും
അമ്മക്കും ജീവിക്കാനുള്ളത് അവിടെ നിന്നും കിട്ടിയിരുന്നു.  അല്ലലും അലട്ടലുമില്ലാതെ ശാന്തമായൊരു നദി…
ഞങ്ങളുടെ ഗ്രാമത്തിലൂടെ ഒഴുകുന്ന തെളിനീരു നിറഞ്ഞ നദി…. അതിന്‍റെ കുളിര്‍മയില്‍,
നേര്‍ത്ത സംഗീതത്തില്‍ ഞങ്ങള്‍ എല്ലാ ഗ്രാമക്കാരെയും പോലെ
സന്തുഷ്ടരായിരുന്നു.

      ശരത് ഒരു സ്വപ്ന ജീവിയെപ്പോലെ ഓരോ മനക്കാഴ്ചകള്‍ കണ്ടു
നടക്കുകയാണെന്ന് അപര്‍ണ്ണക്ക് തോന്നി. 
അവള്‍ പറയുന്നതില്‍ പകുതി പോലും, അതിന്‍റെ യഥാര്‍ത്ഥ
അര്‍ത്ഥത്തില്‍ അവന്‍ ഗ്രഹിക്കുന്നുണ്ടോയെന്ന സംശയവും തോന്നി.

      ശരത്….!

      യേസ്സ്….!

      ഞാന്‍ ഇനിയും ദുര്‍ഘട സന്ധിയെ തരണം ചെയ്തിട്ടില്ല.  ഞാന്‍ മാത്രമല്ല, ഞാന്‍ കാരണം
ശരതും.  നമ്മള്‍ ഒരു കുടുക്കിലാണിപ്പോള്‍…
അതഴിയണമെങ്കില്‍ ഞാനിവിടെ നിന്നും രക്ഷപെടണം… ഈ രാത്രി തന്നെ….

      നേരം വെളുത്താല്‍, പുറം ലോകമറിഞ്ഞാല്‍
മാധ്യമ പടയുടെ തിക്കിത്തിരക്കി കയറ്റമാകും ആദ്യം,  അയലത്തുകാരുടെ ചോദ്യ ശരങ്ങളും
സ്നേഹിതരുടെ കുറ്റപ്പെടുത്തലുകളും,തനിച്ചനുഭവിച്ചുവെന്നപരാതികളും…

      ശരത്തിന് ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു.

      അങ്ങിനെ ചിന്തിക്കാനേ പാടില്ല.

      നേഹ…

      സത്യപ്രതിജ്ഞകളും സാംക്രമിക രോഗങ്ങളെ കണ്ടെത്താനുള്ള ടെസ്റ്റുകളും
വളരെ നാളത്തെ നിരീക്ഷണങ്ങലും കഴിഞ്ഞാണ് നേഹയുമായിട്ടുള്ള ഉടമ്പടിയിലെത്തിയത്.
പക്ഷെ,
ഇന്ന്, ആ ഉടമ്പടിക്കും അതീതമായിട്ട്, ധാരണകള്‍ക്കും നീക്കു പോക്കുകള്‍ക്കും അതീതമായിട്ട്…. ഹൃദയത്തില്‍
നിറഞ്ഞുനില്‍ക്കുന്ന ഒരു സത്യമായി തീര്‍ന്നിരിക്കുന്നു.  അവള്‍ക്കും അങ്ങിനെ തന്നെയാണ്, അതില്‍ അശ്ശേഷം സംശയവുമില്ല. 
അടുത്തിടപഴകുമ്പോള്‍ ആ കണ്ണുകളില്‍ തെളിയുന്നത്, ഓരോ
വാക്കുകളിലും ധ്വനിക്കുന്നത്, ഓരോ സ്പര്‍ശനത്തിലും
അറിയുന്നത്,  അകറ്റാന്‍
കഴിയാത്ത, അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഒരു ബന്ധം
ആയിരിക്കുന്നെന്നാണ്.  ഇനി ആര് ആദ്യം
പ്രണയം അറിയിക്കുമെന്ന് കരുതിയിരിക്കുകയാണ് രണ്ടാളും. ഈ കാത്തിരിപ്പിനും ഒരു
സുഖമുണ്ട്, സംഗീതമുണ്ട്, താളമുണ്ട്,
ലയമുണ്ട്….

      വേണ്ടതാണ് അപര്‍ണ്ണ…. അതിന് ഇനി ഒട്ടും വൈകാന്‍ പാടില്ല…
പുലരും മുമ്പ് അപര്‍ണ്ണ സുരക്ഷിതയായി എത്തേണ്ടിടത്ത് എത്തിയിരിക്കണം.

      ശരത് സ്വന്തം മൊബൈലും നേഹയുടെ ബെഡ് റൂമും അപര്‍ണ്ണക്ക്
സ്വതന്ത്രമായി കരുക്കള്‍ നീക്കാന്‍ വിട്ടുകൊടുത്തു കൊണ്ട് തന്‍റെ മുറിയില്‍ ഇതേ
വരെ സംഭവിച്ചതുകളെ ഓര്‍ത്തു കൊണ്ടിരുന്നപ്പോള്‍ ഒരു പെഗ്ഗ് കഴിക്കണമെന്നും ഒരു
സിഗററ്റ് വലിക്കണമെന്നും അതിയായി ആഗ്രഹിച്ചു. 
ആഗ്രഹം വിഫലമായിപ്പോയി.  എല്ലാം
തീര്‍ക്കുന്നതു പോലെയായിരുന്നു അവരുടെ ആഘോഷം.

      മനസ്സിന്‍റെ, വായുടെ നിസ്സംഗാവസ്ഥ  മാറ്റാന്‍ എന്തു കിട്ടുമെന്ന് അടുക്കളയില്‍
പരതി.  ഒരു കാരറ്റ് കഴുകി
വൃത്തിയാക്കാതെതന്നെ തിന്നു. രണ്ട് ചെറിയ 
പച്ച മുളകുകള്‍ ചവച്ചിറക്കി.

      രണ്ടു പേര്‍ക്കു വേണ്ടി തേയിലയും പഞ്ചസാരയും അധികം ചേര്‍ത്ത്
കട്ടന്‍ ചായ തിളപ്പിച്ചു.

      ചുടു ചായ കുടിച്ചപ്പോള്‍ അപര്‍ണ്ണക്ക് ആശ്വാസം തോന്നി.

      അവള്‍ പറഞ്ഞു.

      മൂന്നു മണിക്കൂറിനുള്ളില്‍ അവരെത്തും, വെളുപ്പിനെ നാലു മണിക്ക് മുമ്പ്….പണത്തിനോടുള്ള ആര്‍ത്തിയാണെല്ലാറ്റിനും
കാരണം……

      ശരത് തിരുത്തി.

      ആര്‍ത്തിയല്ല, അമിതമായ ആസക്തിയാണ്.  ഭക്ഷണത്തോട്, ലൈംഗീകതയോട്,
അതു രണ്ടം സ്വന്തം കാല്‍ക്കീഴില്‍ നില നിര്‍ത്താനുള്ള
അധികാരത്തോട്… ആ അമിതമായ ആസക്തിയാണ് എല്ലാറ്റിലും കാരണം, എല്ലാ
പുരോഗതിയും, എല്ലാ സംസ്കാരവും അങ്ങിനെയുണ്ടാതാണ്.  ശിലയെ ആയുധമാക്കി നിവര്‍ന്ന് നിന്ന മനുഷ്യന്‍
സൂപ്പര്‍ കമ്പ്യൂട്ടറില്‍ എത്തിയതും അങ്ങിനെ തന്നെ ആണ്. പ്രകൃതി തീര്‍ത്ത ഗുഹയില്‍
നിന്നും പുറത്തിറങ്ങി കുടിലുകള്‍ വച്ചു കെട്ടിയതും,  കുടിലിരുന്നിടത്ത് വീട് തീര്‍ത്തതും,
വീടുകള്‍ കൊട്ടാരങ്ങളാക്കിയതും….. പെറുക്കിത്തീനികള്‍ നട്ടു വളര്‍ത്താന്‍
തുടങ്ങിയതും പച്ചമാംസം വേവിക്കാന്‍ തുടങ്ങിയതും….വേവിക്കുന്നതിന്‍റെ കൂടെ
പച്ചിലകള്‍, മസാലകള്‍ ചേര്‍ത്തതും…..

      ചായയില്‍ അമിതമായി ചേര്‍ത്തിരിക്കുന്ന മധുരം അവനിലെ മദ്യത്തെ
വീര്യം കൂട്ടുകയാണെന്ന് അപര്‍ണ്ണ സംശയിച്ചു.

      അച്ഛന്‍റെ സ്നേഹിതന്‍ വഴിയാണ് സിനിമയില്‍ വന്നത്, ബാലനടിയായിട്ട്. ആദ്യമൊന്നും പണം ഒരു പ്രശ്നമായിരുന്നില്ല.  പേരും പ്രശസ്തിയുമാണ് നോക്കിയത്… പിന്നെ പണം
വന്നു തുടങ്ങിയപ്പോള്‍ വിട്ടുകളയാന്‍ തോന്നിയില്ല…. വാരിക്കൂട്ടി… അമിതമായ ധനം,
സുഖസൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍, അംഗികാരങ്ങള്‍, പാരിതോഷിതങ്ങള്‍, കീര്‍ത്തി മുദ്രകള്‍…. ജീവിതം മറന്നു പോയിരുന്നു.  ദേഹത്തിന്, മനസ്സിന്,
പ്രവര്‍ത്തന മണ്ഡലത്തിന് മങ്ങലു കണ്ടു തുടങ്ങിയപ്പോളളാണ്
ജീവിച്ചില്ലല്ലോയെന്ന തോന്നലുണ്ടായത്. 
മുപ്പതു വയസ്സു കഴിഞ്ഞ് വിവാഹ ജീവിതത്തില്‍ വന്നപ്പോള്‍……… പക്ഷെ,
അയാള്‍ക്ക് മനസ്സും ശരീരവും വേണ്ടിയിരുന്നില്ല.  ആ രണ്ടും തേഞ്ഞു തീര്‍ന്നതാണെന്നയായിരുന്നു
അയാളുടെ പക്ഷം, ശരിയല്ലേ… പൊതു ജനത്തിനും ഒരു നടിയെപ്പറ്റി
അങ്ങിനെയല്ലെ ചിന്തിക്കാന്‍ കഴിയുകയുള്ളൂ….അയാള്‍ക്ക് പണം മാത്രം മതി… എന്തും
കൊടുക്കാമായിരുന്നു. കൊടുത്തിട്ടുണ്ട്. പക്ഷെ, മുപ്പതു
വയസ്സു വരെ കാത്തു സൂക്ഷിച്ച അച്ഛനെയും അമ്മയേയും തെരുവിലേക്കിറക്കി വിടണമെന്നു
പറഞ്ഞാല്‍….

      വീടിന് മുന്നില്‍ വാഹനത്തില്‍ നിന്നുള്ള വെളിച്ചം., അവര്‍ മുറിക്കുള്ളിലെ വിളക്കണച്ചു. 
അടുത്ത ശബ്ദങ്ങള്‍ക്കായി കാത്തിരുന്നു.

      ശുഭ സൂചകമായി ശരത്തിന്‍റെ മൊബൈല്‍ റിംഗ് ചെയ്തു.  അവര്‍ അപര്‍ണ്ണയെ കൊണ്ടു പോകാനെത്തിയിരിക്കുന്നു.  ബഹളങ്ങളും ശബ്ദങ്ങളും കുറച്ച്, അയലത്തുകാരെ അറിയിക്കാതെ, അവരെ ശരത് സ്വാഗതം ചെയ്തു.

      അപര്‍ണ്ണ  അമ്മയുടെ മാറില്‍
ചേര്‍ന്നു നിന്നു.  അവള്‍ പൊട്ടി കരഞ്ഞു.
സെലുലോയിഡിലല്ല, ജീവിതത്തില്‍ ഒരു നായിക കരയുന്നത് കാണാന്‍
യോഗമുണ്ടായി എന്നു ശരത് ചിന്തിച്ചു.

      ശരത് ഞാന്‍ നേഹയുടെ വസ്ത്രങ്ങളുമായിട്ടാണ് പോകുന്നത്. പക്ഷെ, അതൊരിക്കലും നിങ്ങളെ ബാധിക്കില്ല. ഞാന്‍ തന്നെ നേഹയോട് സംസാരിക്കാം.

      അപര്‍ണ്ണ, അമ്മയുടെ ഫോണില്‍ നിന്നും നേഹയെ
വിളിച്ചു. പുലര്‍ച്ചെയുള്ള ഗാഢനിദ്രയിലായിരുന്നതു കൊണ്ടാവാം നേഹ ഫോണെടുക്കാന്‍
വൈകി.

      ഹലോ…. നേഹ ഞാന്‍ അപര്‍ണ്ണ സുദേവാണ്…. അതെ….. അതെ….. ഷുവര്‍…..
ഞാന്‍ വിളിക്കുന്നത് നേഹയുടെ ബാംഗ്ലൂരുള്ള വില്ലയില്‍ നിന്നാണ്… ശരത്തിന്‍റെ
അടുത്തു നിന്നു തന്നെ…..

@@@@@@@@




സമാഗമം

“ഡോക്ടറാന്‍റീ , എനിക്കൊന്നും മനസ്സിലാകുന്നില്ല”ڈ

      സുനുവിന് തന്‍റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല.
മുന്നിലിരിക്കുന്ന ഡോക്ടര്‍ രമണി പൗലോസിനേയും വിശ്വസിക്കാന്‍ കഴിയുന്നില്ല.

      സുനിതയുടെ പ്രഗ്നന്‍സി ഉറപ്പാക്കിയപ്പോഴാണ് സുനുവും ഡോക്ടര്‍
രമണി പൗലോസും തമ്മിലുള്ള അടുപ്പം കൂടിയത്. വളരെ വൈകിയുള്ള വിവാഹം, വിവാഹം കഴിഞ്ഞിട്ടും മൂന്നു വര്‍ഷം കാത്തിരുന്നതിനു ശേഷമുളള
പ്രഗ്നന്‍സി. ഒരു ചെറിയ തുമ്മലോ, ഛര്‍ദ്ദിയോ
ഉണ്ടായാല്‍ ഓടിയെത്തുകയായി ഡോക്ടറുടെ മുന്നില്‍…………

      അവന്‍റെ വെപ്രാളം കണ്ടിട്ടായിരിക്കണം എല്ലായ്പ്പോഴും
ഡോക്ടറുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു നിൽക്കുന്നത്. പിന്നിടു പറയുന്ന
വാക്കുകളിലും കളിയാക്കലിന്‍റെ ഒരു ലാഞ്ചനയുണ്ടായിരിക്കുന്നതും.

      നാല്പത്തിയഞ്ചുകഴിഞ്ഞിട്ടും ഡോക്ടര്‍ സുന്ദരിയാണ്. നോക്കി
നോക്കിയിരിക്കെ, ചടുലമായ വാക്കുകള്‍ കേട്ടിരിക്കെ, സൗന്ദര്യം കൂടിവരുന്നതായി തോന്നും, ചിലപ്പോള്‍ സുനിതയേക്കാള്‍ സുന്ദരിയാണെന്നും സുനുവിന്
തോന്നിയിട്ടുണ്ട്.

      അവന്‍ എന്നും അങ്ങിനെ തന്നെ ആയിരുന്നു. വിവാഹത്തിനു മുമ്പും, വിവാഹശേഷവും. 
സുന്ദരികളായ സ്ത്രീകളുടെ മുന്നില്‍ അവന്‍റെ മനസ്സ് ലോലമായിപ്പോകുന്നു, പ്രണയാദ്രമായി മാറുന്നു. 
ആസ്വാദനക്കണ്ണുകളോടെ മാത്രമേ നോക്കാന്‍ കഴിയുന്നുളളു.

      പക്ഷെ, ഡോക്ടറാന്‍റിക്ക്
തന്നോടുള്ള അടുപ്പം വെറും കച്ചവട തന്ത്രമാണെന്ന് അവനറിയാം. ആശുപത്രിയുടെ ഉന്നമനം
മാത്രമാണവര്‍ നോക്കുന്നത്.  കൂടുതല്‍
കൂടുതല്‍ ഉപകരണങ്ങള്‍ നിരത്താന്‍,  ശ്രേഷ്ടരായ ഡോക്ടര്‍മാരെ കൊണ്ടു വരുവാന്‍…………

      എങ്കിലും, ഇപ്പോളൊരു
നുണപറയേണ്ടകാര്യമില്ലല്ലോ….

      അവര്‍ പറയുമ്പോള്‍ തികച്ചും ഗൗരവമായിരുന്നു, ആമുഖത്ത, മൂക്കിന്‍റെ
തുമ്പത്ത്, മേല്‍ചുണ്ടുകള്‍ക്ക്
മേലുള്ള   നനുത്തരോമങ്ങള്‍ക്കിടയില്‍, താടിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞുനിന്നിരുന്നു. ആ  ശബ്ദത്തിനും ഒരുവിഷാദഭാവമുണ്ടായിരുന്നു.

      “സുനു….. നിനക്കെങ്ങിനെയിങ്ങനെയൊരു അബന്ധം പറ്റി ?”ڈ 

      സുനിതയുടെ ശാരീരിക മാനങ്ങള്‍ അറിയുവാനുളള ടെസ്ററു
പരമ്പരകളുടെ കൂടെ അവന്‍റെ രക്തവും വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍, ഉളളില്‍ സുനാമികളെ പോലെ ഭീതി കൊണ്ടതാണ്. ആ ഭീതി
സത്യമായിരിക്കിന്നു.

“ڇസുനിത കുഞ്ഞായിരിക്കുമ്പോഴെ എനിക്കറിയാം. ഒരു ജലദോഷം
വന്നാലും എന്നെ വന്നെ കാണുകൊളളൂ….”ڈ

      ഡോക്ടറുടെ മേശമേലിരിക്കുന്ന ചൈനീസ് നിര്‍മ്മിത പേപ്പര്‍
വെയിറ്റ്  അവന്‍റെ കണ്ണുകളില്‍ നിറഞ്ഞുനിന്നു.
ചില്ലില്‍ തീര്‍ത്ത അതിന് ഒരുട്രക്കിന്‍റെ  
ആക്യതിയാണ്. സുതാര്യമായ അതിന്‍റെ പുറന്തോടിനുള്ളില്‍ എന്തോ  ദ്രാവകത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണനിറമുള്ള
മുത്തുകള്‍…….

      “ഇറ്റ്സ് യുവര്‍ മിസ്റ്റേക്ക്ڈ“

      അവന്‍ 
നോക്കിയിരിക്കെ, ആ മുത്തുകള്‍ വലുതായി, വലുതായി, ട്രക്ക്
വലുതായി,
മുറിയില്‍ നിറഞ്ഞ് അവന് നേരെ ചീറിപ്പാഞ്ഞുവന്നു……

      ആട്രക്കില്‍ എഴുതിയിരിക്കുന്ന പേര് ഇപ്പോള്‍ അവന്
വായിക്കാം….

      മഞ്ഞ പ്രതലത്തില്‍, ചുവന്ന അക്ഷരങ്ങളില്‍…..

      എ  –  ഐ 
–  ഡി  –  സ്

      അവന് ആമുഖം ഓര്‍മ്മയിലെത്തുന്നു. അവളുടെ, ശാന്തിയുടെ………

      കവിളുകള്‍തുടുത്ത്,തടിച്ചചുണ്ടുകളുമായിട്ട്……

      കറുത്ത നീളംകുറഞ്ഞ മുടി ചുരുണ്ടിട്ടാണ്, മുറ്റിത്തഴച്ചാണ് വളരുന്നത്.

      അവളെ അവസാനംകണ്ട ആ രാവ് ഓര്‍യിലെത്തുകയാണ്.

      അവന്‍ നഗരത്തിന്‍റെ തിരക്കില്‍നിന്നും കുറച്ചകലെ, സ്വേദാ ഇന്‍റര്‍നാഷണല്‍ റസ്റ്റോറന്‍റിന്‍റെ ശിതീകരിച്ച
തീറ്റമുറിയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന മേശയില്‍ തനിച്ച്………..

      അടുത്ത ഹാള്‍ ബാറിന്‍റെതാണ്. ബാറിലെ തിരക്കില്‍ നിന്നും
അകന്നിരുന്ന്, അല്പം ഹോട്ടുകഴിക്കണമെന്ന്
മോഹമുണ്ടെങ്കില്‍, മോഹമുള്ള ആള്‍
നോട്ടത്തില്‍ മാന്യനെന്ന് തോന്നുമെങ്കില്‍, വെയിറ്റര്‍മാര്‍ ഇവിടെ, ഈ മേശമേലും
അല്പം മദ്യം കെടുക്കാന്‍ സന്നദ്ധരാണ്…….

      അങ്ങിനെ വെയിറ്ററുടെ സന്നദ്ധയില്‍ തനിക്ക് കിട്ടിയ
രണ്ടുപെഗ്ഗ് വിസ്കിയില്‍ മുന്ന് ഐസ് ക്യുബുകളിട്ട്, മെല്ലെ നുണഞ്ഞ്, മുന്നു
ചപ്പാത്തിക്കും, ഒരു ഹാഫ് ചില്ലിചിക്കനും വേണ്ടി
കാത്തിരിക്കുകയായിരുന്നു……….

      അടുത്തുള്ള 
ടേബിളുകളൊന്നും ഒറ്റപ്പെട്ടവരുടെതായിരുന്നില്ല. മേശമേല്‍ മാത്രം വെളിച്ചം
കിട്ടും വിധം, തളര്‍ന്നു കത്തുന്ന ഒരു ചിമ്മിണി
വിളക്കിന്‍റേതുപോലെയാണ്  വെളിച്ച
സജ്ജീകരണം. അതുകൊണ്ട് അടുത്ത ടേബിളുകളിലെ മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയില്ല.
എങ്കിലും മര്‍മ്മരങ്ങളും അടക്കിയ ചിരികളും, പാത്രങ്ങള്‍ കുട്ടിയുരസുന്ന ശബ്ദങ്ങളും കേള്‍ക്കാന്‍ കഴിയും.

      മൂന്നൂസിപ്പു കൊണ്ട ഒന്നരപ്പെഗ്ഗ് കഴിച്ചു കഴിഞ്ഞിട്ടും
അവന്‍ കാത്തിരുന്നു.

      സ്വേദ ഇന്‍റര്‍നാഷലിന് പുറത്ത് നഗരം, പകല്‍ ചുടില്‍ വെന്ത്, ഇരുട്ടായപ്പോള്‍ ആവി പറന്നുകെണ്ടിരിക്കുകയാണ്. ഇനിയും ഏറിയാല്‍ ഒരുമണിക്കൂറില്‍
കൂടുതല്‍ ആവി പറക്കില്ല. അപ്പോഴേക്കും കുളിരായി ആകാശം താണിറങ്ങിവരും. തുടര്‍ന്നു  നേരം പുലര്‍ന്ന് പതിനൊന്നുമണിവരെ
തണുപ്പായിരിക്കും.

      ഡിസ്ക്കഷന് കത്തുകിട്ടുമ്പോള്‍ ദേഷ്യമായിരുന്നു. മാസത്തില്‍
ഒരു ഡിസ്ക്കഷന്‍, രണ്ടുമാസം
കൂടുമ്പോള്‍ സ്റ്റഡിക്ലാസ്സ്. രാജ്യത്തിന്‍റെ ഏതെങ്കിലും കോണിലെ സ്റ്റാര്‍
ഹോട്ടലില്‍ അഞ്ചാറു ദിവസം നീണ്ടുനിൽക്കുന്ന താമസ്സം. അതുവരെ ചെയ്തുതീര്‍ത്ത
ജോലിയുടെ റിപ്പോര്‍ട്ടുകള്‍, വിറ്റഴിച്ച
സാധനങ്ങളുടെ സ്റ്റേറ്റ്മെന്‍റുകള്‍ എല്ലാം തയ്യാറാക്കി എത്തിയിരിക്കണം. തുടര്‍ന്നു
തരുന്ന നിര്‍ദ്ദേശങ്ങളിലൂടെ, പാതയിലൂടെ, വിലകളിലൂടെ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റുകൊടുക്കണം.
ഒരു സെയില്‍സ് റെപ്രസന്‍റേറ്റീവിന്‍റെ വിഷമവും ദു:ഖവും എക്സിക്കൂട്ടിവുകള്‍ക്ക്
എങ്ങിനെ അറിയാന്‍ കഴിയും. എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍, കറങ്ങുന്ന കസേരയില്‍ ഇരുന്ന് തിയറി എഴുതിയുണ്ടാക്കി, ഗ്രൂപ്പ് ഡിസ്കഷന്‍ നടത്തിയും, സ്റ്റഡി ക്ലാസ്സ് എടുത്തും പ്രതിനിധികളുടെ തലയില്‍
കയറ്റിയാല്‍ അവരുടെ ജോലി തീര്‍ന്നു.

      സ്വേദഇന്‍റര്‍നാഷണനില്‍ എത്തിയപ്പോള്‍ അവന് തോന്നി
കമ്പനിയുടെ ആസ്തി വളരെ വർദ്ധിച്ചിട്ടുണ്ടെന്ന്.

      സ്റ്റാറിന്‍റെ 
എണ്ണം കൂടിയിരിക്കുന്നു!

       അവനെഴിച്ച്
മറ്റെല്ലാവരും വടക്കേന്ത്യക്കാരാണ്. എന്നും അവരൊരു ഗാംഗായിട്ടാണ് കണ്ടിട്ടുള്ളത്.
സുനുവിന് കൂട്ട് ഒരു കര്‍ണ്ണാടകക്കാരനും 
ഒരു മദ്രാസിയുമാണ് ഉണ്ടാകാറ്. പക്ഷെ, കര്‍ണ്ണാടകക്കാരന്‍ പ്രമോഷനായിട്ട് 
ട്രെയിനിങ്ങിന് പോയിരിക്കുന്നു, മദ്രാസി അസുഖംകാരണം എത്തിയിട്ടുമില്ല.

      ഗ്രുപ്പ് ഡിസ്ക്കഷനും പഠനവും രണ്ടു ദിവസം കെണ്ടുതന്നെ
മടുത്തിരിക്കുന്നു. ചൂടിനെ വക വക്കാതെ നഗരത്തില്‍ ചുറ്റാമെന്നുവച്ചാലോ, അവന്‍റെ കൈവശമുള്ള ഇംഗ്ലീഷും തപ്പിതടഞ്ഞുള്ള ഹിന്ദിയും വിലപ്പോവുകയുമില്ല.

      ഹോട്ടിന്‍റെ ഗ്ലാസ്സ് കാലിയാക്കിയപ്പോഴേക്കും തലയിലെ
സിരകളില്‍ ഒരു തരിപ്പ് അരിച്ചു കയറുന്നത് അവന് ഗ്രഹിക്കാനാവുന്നുണ്ട്. ഇനിയും
ആഹാരം എത്താത്തതില്‍ ദേഷ്യം തോന്നിയിരിക്കവെ,

      “ഹലോ സുനു……..!”ڈ

      ഇരുളില്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ശബ്ദം അവന്‍
കേട്ടു.

      ഇരുളില്‍ നിന്നും അവന്‍റെ മേശയിലെ വെളിച്ചത്തിലേക്ക് നീങ്ങി
അവള്‍ കസേരയിലിരുന്നു.

      “എന്നെ
അറിയുമോ?”
ڈ

      അവള്‍ ദല്‍ഹിക്കാരുടെ ഹിന്ദിയിലാണ് ചോദിച്ചത്, സ്വരം അധികമായ മദ്യത്തില്‍ കുഴഞ്ഞിരിക്കുന്നു.

      മങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍
ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള……………….

      അവള്‍ കണ്ണടയെടുത്തു,

      തിളക്കമുള്ള ആ കണ്ണുകള്‍……….

      അവന്‍, അവളെ
തിരിച്ചറിയുകയായിരുന്നു, മനസ്സിനുളളില്‍
ഒരു കുളിര്‍മ്മയായി, സിരകളില്‍
പടരുന്ന വിസ്ക്കിയോടൊപ്പം ഹരമായി അരിച്ചു കയറുന്ന, ഓര്‍മ്മയായി അവള്‍ ബോധത്തിലേക്കിറങ്ങി വരികയായിരുന്നു.

      “ ശാന്തി ?”
ڈ

“ڇയേസ്,………   ശാന്തി.”ڈ

      അവള്‍ തടിച്ചിരിക്കുന്നു, അവയവങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമായിരിക്കുന്നു.

      “നീയിവിടെ
?”
ڈ

      “ഞാനിവിടെയാണ് ഒരു മാസമായിട്ട്, വിക്രം മദന്‍ലാലിന്‍റെ ഭാര്യയായിട്ട്….. അവന്‍റെ
മാത്രമല്ല. അവന്‍റെ മുറിയിലെത്തുന്ന പലരുടെയും…… നമ്മള്‍ പരിചയപ്പെട്ടിട്ട്
എത്രനാളായീന്നറിയുമോ ?” ڈ

“ڇഇല്ല.
എനിക്കോര്‍മ്മയില്ല.”ڈ

      ڇ“ഓര്‍മ്മ കാണില്ല.  കാരണം സുനുവിന്‍റെ അടുത്ത് അങ്ങിനെ എത്രയോ പേരു
വന്നിട്ടുണ്ടാകും……  പക്ഷെ, എനിക്ക് മറക്കാന്‍ കഴിയുന്നില്ല. എന്‍റെ ജീവിതത്തില്‍
ഏറ്റവും സ്നേഹം കാണിച്ചിട്ടുള്ളത് നിങ്ങളാണ്…… രണ്ടു മൂന്നു
ദിവസത്തേക്കാണെങ്കിലും……………”ڈ

      “പ്ലീസ്, ലിവിറ്റ് ശാന്തി….. നിനക്ക് കഴിക്കാനെന്താണ് ?”ڈ

      “എലാര്‍ജ്
……..”ڈ

“ڇഓ….
ശാന്തി….. യു ആര്‍ റ്റുമച്ച്.”

“ڇനോ…..
ഐ വാണ്ട്……..”ڈ

      വെയിറ്ററെത്തിച്ച ഒരു ലാര്‍ജ് വിസ്ക്കികി
അകത്തെത്തികഴിഞ്ഞപ്പോള്‍ ശാന്തി നല്ല ഫോമിലായിയെന്ന് സുനുവിന് മനസ്സിലായി.

      അവള്‍ക്കായിട്ടെത്തിയ ചപ്പാത്തിയും ചില്ലിചിക്കനും പകുതിപോലും
കഴിക്കാനാകാതെ, വിരലുകള്‍ പാത്രത്തിലൂടെ ഉഴുതു
നടന്നു.

      അവള്‍ വാചാലയാവുകയാണ്. മാത്യഭാഷയിലായതുകൊണ്ട് സുനുവിന് അത്ര
അസഹ്യതതോന്നിയില്ല. അവളെ വിട്ട് അകലാന്‍ താല്പര്യവും തോന്നിയില്ല.

      “ സുനു ഓര്‍മ്മിക്കുന്നുണ്ടോ
ഞാന്‍ നിങ്ങളെ ആദ്യം വിളിച്ചത് ’څസാറെ’چ യെന്നായിരുന്നു. പക്ഷെ, നിങ്ങള്‍ തടഞ്ഞു. സുനുവെന്ന് വിളിക്കുന്നതാണീഷ്ടമെന്ന്
പറഞ്ഞു……… ഓര്‍മ്മിക്കുന്നോ അത്..ആ രാത്രി ……രണ്ടുവര്‍ഷം
കഴിഞ്ഞതേയുള്ളു…….. പ്രേമം, ഒളിച്ചോടല്‍……..
രക്ഷ തേടിയെത്തിയവര്‍ നിങ്ങളുടെ അടുത്ത്….. നിങ്ങളുടെ ഉറ്റ സ്നേഹിതനായിരുന്നല്ലോ
മനോജ്…… ഒളിച്ചു പാര്‍ക്കല്‍ നിങ്ങളുടെ എസ്റ്റേറ്റിലെ ഒഴിഞ്ഞുകിടക്കുന്ന
വീട്ടില്‍……. രണ്ടാമതു രാത്രി എന്‍റെ മുറിയില്‍ വന്നത് എന്നെ പ്രേമിച്ച്
വിളിച്ചിറക്കിക്കൊണ്ടു വന്ന മനോജായിരുന്നില്ല…………നിങ്ങളായിരുന്നു……
ഓര്‍ക്കുന്നോ……. ഞാനാകെ തകര്‍ന്നു പോയിരുന്നു, തളര്‍ന്നു പോയിരുന്നു………സാറെ എന്നെ ഒന്നും  ചെയ്യരുതെന്ന് കേണപേക്ഷിച്ചു…….. നിങ്ങള്‍
അതുകേട്ടു സാറെ എന്നുവിളിക്കരുതെന്നു പറഞ്ഞു……. പിറ്റേന്ന് പകല്‍
എനിക്കുവേണ്ടി ഒരു പാടു വസ്ത്രങ്ങളും, ഇഷ്ടമുള്ള ആഹാരവും എത്തിച്ചു തന്നു…….പക്ഷെ, മനോജിനെ തന്നില്ല……. അവനെ കൊന്നോ എന്നു ചോദിച്ചുകരഞ്ഞപ്പോള്‍ അവന്‍
മുറിയിലേക്ക് കയറിവന്നു……അവന്‍ എന്നെയും കൂട്ടി എവിടെയെങ്കിലും പോകുമെന്നാണ്
കരുതിയത്…… പക്ഷെ, മദ്യത്തില്‍ക്കുഴഞ്ഞ
അവന്‍റെ നാക്കില്‍ നിന്നും പുറത്തുവന്ന വാക്കുകളില്‍ അധികവും തെറികളായിരുന്നു. എന്‍റെ
മാനത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു. 
തുടര്‍ന്ന് മൂന്നുരാവും  രണ്ടു പകലുകളും
നിങ്ങളുടെ സ്നേഹം ഞാനറിഞ്ഞു……. എന്‍റെ ശരിരത്തിന്‍റെ സാധ്യതകളും……….”

      മങ്ങിയ വെളിച്ചത്തിലാണെങ്കിലും സുനുവിന് അവളുടെ മുഖം കാണാം.
അവിടെ ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്ന് തിരിച്ചറിയാം. അവന്‍റെ വിരലുകള്‍, മേശമേലിരുന്ന അവളുടെ കൈപ്പത്തിയിലമര്‍ന്നപ്പോള്‍
ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നുവരുന്നതവന്‍ കണ്ടു.

      അവന്‍റെ നാവ് ചപ്പാത്തിയുടെ സ്വാദ് അറിയുകയുയായിരുന്നു.
ഇതിന് മുമ്പൊന്നും ഇത്രയേറെ സ്വാദോടെ ചപ്പാത്തി കഴിച്ചിട്ടില്ലെന്ന് അവനു
തോന്നിപ്പോയി.

      “മുന്നു ദിവസം കഴിഞ്ഞ് നിങ്ങളെന്നെ ഏല്പ്പിച്ചത് ഒരു
സാറാച്ചേടത്തിയുടെ അടുത്താണ്. അവിടെ നിന്നും എന്‍റെ പ്രയാണം തുടങ്ങുകയായിരുന്നു.
പുതിയ പുതിയ ദേശങ്ങള്‍ വഴി പുതിയ പുതിയ സംസ്ക്കാരങ്ങള്‍ തേടി…..”ڈ

      ലിഫ്റ്റ് വഴി മുറിയിലേക്ക് പോകുമ്പോള്‍ അവള്‍ സുനുവിന്‍റെ
തോളത്ത് തുങ്ങിയാണ് കിടന്നിരുന്നത്. അവളുടെ പാദങ്ങളെ നിയന്ത്രിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല.

      ലിഫ്റ്റ്കടന്ന് ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അവിടമാകെ കുളിര്‍
പതുങ്ങി നിൽക്കുന്നത് സുനു അറിഞ്ഞിരുന്നു. അവനുള്ളില്‍ നിന്നും വിസ്ക്കി
അകന്നുകൊണ്ടിരുന്നു. അവിടേക്ക് ശാന്തി നുരഞ്ഞ് കയറിപ്പടരുകയായിരുന്നു.

      സ്വേദയിലെ അവന്‍റെ മുറി, ഏസി ഓഫ് ചെയ്യാതിരുന്നതിനാല്‍ തണുത്ത് വിറങ്ങലിച്ചുകിടന്നിരുന്നു.

      ഏസി ഓഫ് ചെയ്ത് ഹീറ്റര്‍ ഓണ്‍ ചെയ്ത് അവന്‍ തിരിയുമ്പോള്‍, അവള്‍ ബഡ്ഡില്‍ അനാവ്യതയായി, ജ്വാലയായി അവന്‍റെ സിരകളിലേക്ക് അഗ്നിയായി പടരാന്‍ വെമ്പല്‍
കൂട്ടുകയായിരുന്നു.

      “ഓ….
മൈഗോഡ്………!”ڈ

      സുനുവിന് ഡോക്ടര്‍ രമണി പൗലോസിന്‍റെ മുറിയിലെ ട്യൂബ്ലൈറ്റ്
ചിന്നിച്ചിതറുന്നതായിട്ടുതോന്നി, അവിടെമാകെ
ഇരുട്ട് പടരുന്നതായിട്ടും.

@@@@@@




ന്യൂ റിയാലിറ്റി ഷോ

കഴിഞ്ഞ
പതിനൊന്നു മണിക്കൂറുകളായി അവര്‍ പത്തു പേര്‍ ഈ ഏസി മുറിയില്‍ ഒരു ചതുര മേശക്ക് ഇരു
പുറവുമായിട്ട് എംഡിയുടെ മുഖത്തു നോക്കിയിരിക്കുന്നു.  രാവിലെ പത്തു മണിക്കാണ്  കോട്ടും സ്യൂട്ടും സുഗന്ധങ്ങളും സ്യൂട്ട് കേസുകളുമായിട്ട്
ഏഴു സുന്ദരന്മാരും ഒരേ നിറത്തിലുള്ള സാരിയും ബ്ളൗസും  ധരിച്ച്, വ്യത്യസ്തമാര്‍ന്ന മൂന്നു മണങ്ങളില്‍ മൂന്നു സുന്ദരികളും വന്നിട്ടുള്ളത്.  സുന്ദരികള്‍ക്ക് സ്യൂട്ട് കേസുകളില്ല.  അവരോടൊത്ത് മാറില്‍ അടക്കിപ്പിടിക്കപ്പട്ട്
മൂന്നു ഫയലുകളുമാണെത്തിയത്.

       കോണ്‍ഫ്രന്‍സ്
തുടങ്ങി ഇത്തിരി നേരം കഴിഞ്ഞ് കമ്പനി എത്തിച്ചു കൊടുത്ത പ്രഭാത ഭക്ഷണം കഴിച്ചു,  അവിടെയിരുന്നല്ല, ഭക്ഷണ മുറിയില്‍ പോയിരുന്ന്.  യഥാസമയം മത്സ്യവും മാംസവും ഉള്‍ക്കൊണ്ട ഉച്ച
ഭക്ഷണവും,
സായാഹ്നത്ത് ലഘു ഭക്ഷണവും കഴിച്ചു.

      സംസാരങ്ങള്‍ നീണ്ടു പോയി.

      ആ കോണ്‍ഫ്രന്‍സ് ഹാളിനു പുറത്ത്, ഹാളിനെ പൊതിഞ്ഞ് വലിയൊരു കെട്ടിടമുണ്ട്.  അവിടെ പ്രവിശ്യയാകെ അറിയപ്പെടുന്ന ഒരു ചാനല്‍
പ്രവര്‍ത്തിക്കുന്നു. ഓഫീസും റെക്കോഡിംഗ് റൂമും, ഇന്‍ഡോര്‍ ഏരിയയും എയറിംഗ് സിസ്റ്റവും…..

      അവര്‍ക്ക് വേണ്ടത് തകര്‍ന്നുകൊണ്ടിരിക്കുന്ന ചാനലിനെ പിടിച്ചു
നിര്‍ത്തുക എന്നതാണ്.  വാര്‍ത്തകള്‍, സീരിയലുകള്‍, സംഗീത-നൃത്ത റിയാലിറ്റികള്‍, കോമഡി ഷോകള്‍, കുട്ടിക്കളികള്‍, വലിയവരുടെ കളികള്‍, അടുക്കള ഷോകള്‍, വീട്ടു കളികള്‍, അച്ഛനുമമ്മയും കളികള്‍, നിരത്തിലിറങ്ങി
പൊതുജനത്തെ വിഡ്ഢിയാക്കല്‍, ചാക്കിലോട്ടം, സൂചിയില്‍ നൂലു കോര്‍ക്കല്‍, ആനയ്ക്ക് വാലുവര….

      എല്ലാം കാണിച്ചുകഴിഞ്ഞിരിക്കുന്നു,  ആവര്‍ത്തിച്ചു
കൊണ്ടുമിരിക്കുന്നു.

      ഒന്നും റേറ്റിംഗ് കൂട്ടുന്നില്ല.

      മറ്റു ചാനലുകാരുടെ തന്ത്രങ്ങളില്‍ തോറ്റു പോകുന്നു.

      പരസ്യങ്ങള്‍ കിട്ടാതായിരിക്കുന്നു.

      പ്രതിസന്ധിയിലായിരിക്കുന്നു.

      പുതിയതൊന്നിനു വേണ്ടിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്.

      ഏ ന്യൂ ജനറ്റിക് ഐറ്റം…..

      പ്രവിശ്യയില്‍ തന്നെയുള്ള ചാനലുകളിലേക്ക് ഒളിഞ്ഞു നോക്കി, കോപ്പിയടിക്കാന്‍ പറ്റിയതൊന്നും കണ്ടില്ല.

      തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലും മഹാരാഷ്ട്രയിലും
നോക്കി…

      നോട്ടും വടക്കോട്ടു പോയി…

      ഹിമാലയം കടന്നു പോയി…

      കടലുകളും കടന്നു പോയി….

      എംഡി ഇടക്കിടയ്ക്ക് മുരണ്ടു.

      നോ…നോ…ഇറ്റസ് നോ ന്യൂ…

      നോ വെറൈറ്റി…

      സൂര്യന്‍ ജോലി കഴിഞ്ഞു പോയി.

      കോണ്‍ഫ്രന്‍സ് ഹാളിന് പുറത്ത് ജോലി ചെയ്തിരുന്നവരില്‍ പലരും
മടങ്ങി,
പുതിയവര്‍ വന്നു.

      കോണ്‍ഫ്രന്‍സ് ഹാളിലെ ഏസി ഓഫ് ചെയ്ത് എക്സോസ്റ്റിനെ
ശക്തിയായി കറങ്ങാന്‍ അനുവദിച്ച്,
മുറിയിലേയ്ക്ക് ഹോട്ടും സോഫ്റ്റും നട്ട്സും ബദാം പരിപ്പും മറ്റ് അനുസാരികളും
വന്നു.

      കോട്ടുകളുടെ ബട്ടനുകളെ ഊരി, ടൈയ്യുടെ കുടുക്കിനെ അയച്ച് സുന്ദരന്മാരും ഒന്നും ഊരിക്കളയാനില്ലല്ലോ എന്ന്
ശങ്കിച്ച്, ചിലതൊക്കെ ലൂസാക്കി വച്ച്
സുന്ദരികളും സന്തോഷം കൊണ്ടു.

      എന്നിട്ടും എംഡി രാവിലെ മുതല്‍ ഉന്നയിക്കുന്ന ചോദ്യം
ദേഹത്ത് പുഴുവരിച്ചതുപോലെ തിണര്‍ത്തു നിൽക്കുന്നെന്ന് പലര്‍ക്കും തോന്നി.

      ഏ ന്യൂ ഐറ്റം……ന്യൂ റിയാലിറ്റി ഷോ….

      മദ്യം നുകര്‍ന്നു. വേണ്ടാത്തവര്‍ സോഫ്റ്റ് നുണഞ്ഞു.
അനുസാരികള്‍ നാവില്‍ പുരട്ടി… സിഗരറ്റു പുകച്ചു…..

      ഹാളില്‍ നിലനിന്നിരുന്ന സുഗന്ധങ്ങള്‍
പുറത്തേക്കിറങ്ങിപ്പോയി.

      മദ്യത്തിന്‍റെ, പുകയുടെ ഗന്ധം നിറഞ്ഞു.

      ദേഹങ്ങള്‍ വിയര്‍ത്തു. ലേപനങ്ങള്‍ കുതിര്‍ന്നൊഴുകി…

      ഐ സെ വണ്‍തിംഗ്…

      സുന്ദരന്മാരിലെ ബുദ്ധിജീവി പറഞ്ഞു.

      മുടി നീട്ടി വളര്‍ത്തി ഷേവു ചെയ്യാത്ത പഴയ തരം
ബുദ്ധിജീവിയല്ല. ന്യൂ ജെന്‍…

 നിത്യേന ഷേവ് ചെയ്ത്, മുഖം മിനുക്കി, ഹെയര്‍ ഓയില്‍ പുരട്ടുന്ന സുന്ദരന്‍.

      ക്വട്ടേഷന്‍…

      വാട്ട്…

      പത്തു സ്വരങ്ങള്‍ ചേര്‍ന്ന് ഒരു ‘വാട്ട്’ ആയി പുറത്തു വന്നു.

      അയാള്‍ ഒന്നും പറയാതെ ഒരു സിപ്പ് കൂടി എടുത്ത്, അനുസാരി നാവില്‍ തേച്ച് അക്ഷോഭ്യനായി…

      ഏസ്, ക്വട്ടേഷന്‍
റിയാലിറ്റി ഷോ…

      ഹൗ…

      കൃത്യങ്ങള്‍ പാര്‍ട്ടിപ്പന്‍സിന്‍റെ ഒത്താശയോടെ
രഹസ്യമായിട്ട് ഷൂട്ട് ചെയ്ത് കാണിക്കണം…. ലൈവായിട്ട് അവരുടെ ആക്രോശങ്ങലും
ഭാവങ്ങളും  വീമ്പുകളും ശരീരങ്ങളും തീറ്റയും
കുടിയും കാണിക്കണം.

      ഏഴു സുന്ദരന്മാരുടേയും മൂന്നു സുന്ദരികളുടേയും മുഖങ്ങള്‍
തെളിഞ്ഞു,
പഴയ ട്യൂബ് ലൈറ്റു പോലെ….

      അവര്‍ മുകളിലേക്ക് നോക്കി.

      ഓ…ഗോഡ്… യുവര്‍ ഗുഡ്നസ്സ്….

      ഉന്നതങ്ങളിരിക്കുന്നവനെ…നിനക്കു സ്തുതി….നീ ഞങ്ങളില്‍
കനിഞ്ഞിരിക്കുന്നു….

      നിനക്ക് നന്ദി….

@@@@@




ഒരമ്മയും മകളും

അമ്മ
നാല്പത്തിയഞ്ച് വയസ്സ്, വെളുത്ത്
മെല്ലിച്ച്….

      നീയെന്നതാടീ പെണ്ണെയിങ്ങനെയെന്ന്….. ഏതെങ്കിലും
വല്ല്യമ്മച്ചി ചോദിച്ചാല്‍, ഓ ഇതൊക്കെ
മതിയമ്മച്ചി… ഇങ്ങനിരുന്നാലും  ഞാന്‍
അഞ്ചു വീട്ടിലെ പണി ചെയ്യുന്നില്ലേയെന്ന് തിരിച്ചു ചോദിക്കും.

      ഓ… ഒള്ളതാ…

      വെളുപ്പിനെ നാലു മണിക്ക് ഉണര്‍ന്ന് വീടും മുറ്റോം
അടിച്ചുവാരി കട്ടന്‍ ചായ തെളപ്പിച്ച് കുടിച്ച് ചൂടു വെള്ളത്തില്‍ കുളിച്ച് വസ്ത്രം
മാറി വീട് പൂട്ടി ആറുമണിക്കു മുമ്പേ വക്കീല്‍ ദമ്പതികളുടെ വീട്ടിലെത്തും, മുറ്റം അടിച്ചു വാരി അടുക്കളയില്‍ കയറി പാത്രങ്ങള്‍ കഴുകി
വച്ച്,
ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച, നേരം നന്നേ വെളുത്ത ശേഷം തുണികള്‍ കഴുകി ഉണങ്ങാനിട്ട്
പ്രാതല്‍ കഴിച്ച് അടുക്കള വാതില്‍ പൂട്ടി, ഗെയ്റ്റ് പൂട്ടി, താക്കോല്‍
ബാഗിലിട്ട്, ഓര്‍ത്തോപീഡിക് സര്‍ജന്‍റെ വീട്ടിലെത്തി, മുറ്റമില്ലാത്തതു കൊണ്ട് അടിച്ചു വാരാതെ, നേരെ അടുക്കളയിലെത്തി പാത്രങ്ങള്‍ കഴുകി അടുക്കി വച്ച്, ക്രിസ്ത്യാനിയായ ഡോക്ടറുടെ ഭാര്യ സ്വാമിയാരു പെണ്ണായതു
കൊണ്ട് മീന്‍ കറിയും ഇറച്ചി കറിയും വച്ച്, തുണി കഴുകി തുവരാനിട്ട്, വീട്
അടിച്ചു വാരി തുടച്ച്, പന്ത്രണ്ടു
മണിക്ക് ഒരു കപ്പു നിറച്ച് ചായയും സ്വാമിയാരു പെണ്ണുണ്ടാക്കിയ വടയും ബജിയും
കഴിച്ച്,
കോളേജദ്ധ്യാപകരുടെ ഫ്ളാറ്റിലെത്തി ബാഗില്‍ കരുതിയിരിക്കുന്ന
താക്കോലിട്ട് മുന്‍ വാതില്‍ തുറന്ന് അകത്തു കയറി വാതില്‍ പൂട്ടി, പാത്രങ്ങള്‍ കഴുകി, വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൊടിയൊക്കെ വലിച്ചെടുത്ത്, തറ തുടച്ച് വൃത്തിയാക്കി, വാഷിംഗ് മെഷിനില്‍ ചത്തു മലച്ചു കിടക്കുന്ന തുണികളെ, ടെറസ്സിന് മുകളിലെ മേച്ചിലിന് കീഴില്‍ പേരെഴുതി
തിരിച്ചിരിക്കുന്നതില്‍ അദ്ധ്യാപകന്‍റെ പേരെഴുതിയിരിക്കുന്നിടത്ത് ഉണക്കാനിട്ട്, ഫ്രിഡ്ജില്‍ പാകം ചെയ്തു വച്ചിരിക്കുന്നതില്‍
ഇഷ്ടമുള്ളതെടുത്ത് ഉച്ച ഭക്ഷണമായി കഴിച്ച് ഫ്ളാറ്റ് പൂട്ടിയിറങ്ങി, വക്കീല്‍ ദമ്പതികളുടെ വീട്ടില്‍ മടങ്ങിയെത്തി അടുക്കള
വാതില്‍ തുറന്ന് കയറി ഗ്യാസ് അടുപ്പില്‍ തീ കത്തിച്ച് നാലു മണി ഭക്ഷണം പാകം ചെയ്ത്
നടു നിവര്‍ത്തി ഒരു ചായ കുടിക്കുമ്പോഴേക്കും കോളിംഗ് ബെല്ല് മുഴങ്ങുന്നതു കേള്‍ക്കാം.
വക്കീല്‍ വീട്ടിലെ മക്കളുടെ വരവാണ്. കോളിംഗ് ബെല്ല് കേട്ടാലും കതക് തുറക്കാന്‍
പോകേണ്ട കാര്യമില്ല.  മുന്‍ വാതിലിന്‍റെ
താക്കോല്‍ വരുന്നവരുടെ കൈയ്യില്‍ തന്നെ ഉണ്ടാകും. 
അവര്‍ കതക് തുറന്ന് വന്ന് അടുക്കളയിലെത്തി ചായ കുടിച്ച്, ഉണ്ടാക്കിയിട്ടുള്ളതെന്തു പലഹാരമായാലും ഇഷ്ടപ്പെട്ട്
കഴിക്കുന്നതു കണ്ട് സന്തോഷിച്ച്,  ഉണങ്ങാനിട്ടിരുന്ന തുണികളൊക്കെ മടക്കി ഇസ്തിരി ടേബിളില്‍
വയ്ക്കുമ്പോഴേക്കും വനിതാ വക്കീല്‍ വരും, പയ്യാരം പറഞ്ഞ്, അവരോടുകൂടി
രാത്രി ഭക്ഷണം പാകം ചെയ്ത് കഴിയുമ്പോഴേക്കും ഏഴു മണി രാത്രിയായിരിക്കും.  അവിടെ നിന്നും രാത്രി കഴിക്കാനുള്ളതുമെടുത്ത്
ഓടി വണ്ടി കയറി സ്വന്തം വീട്ടിലെത്തുമ്പോള്‍ എട്ടു മണി. വയ്യ, ഇനി എവിടേലും കെടന്നാല്‍ മതിയെന്നു കരുതുമ്പോഴേക്കും മകളുടെ
ഫോണ്‍ വരും….

      അമ്മേ ഇപ്പോ എത്തിയതേ ഒള്ളോ…..

      ഓ…

      ഇന്നെന്നതാ കറി… ബീഫാണോ… മീനാണോ…

      ഇത്തിരി മീന്‍ കറീം ചോറും കൊണ്ടു വന്നു….

      എന്നാ അമ്മ കഴിച്ചു കെടന്നോ… ഞാനിന്നു വരുന്നില്ല….
നാളെ ഒരു ഫ്രണ്ടിന്‍റെ കല്യാണമുണ്ട്…

      മകള്‍ ജോലി സ്ഥലത്തു നിന്നാണ് വിളിക്കുന്നത്. അതു
കൊണ്ടിന്ന് വെള്ളിയാഴ്ചയാണെന്ന് അമ്മ കണക്കു കൂട്ടി.    അവളങ്ങിനെയാണ്, അച്ഛന്‍ മരിച്ചു കഴിഞ്ഞ, അമ്മ
വീട്ടു ജോലികള്‍ക്ക് പോയിത്തുടങ്ങിയപ്പോള്‍ മുതല്‍ ഹോസ്റ്റലിലാണ് താമസം.  പ്ലസ് ടൂവിനും, എന്‍ട്രന്‍സ് കോച്ചിംഗിനും എഞ്ചിനിയറിങ്ങിനും പഠിച്ചത്
അങ്ങിനെയാണ്.  കാമ്പസ് സെലക്ഷന്‍ വഴി ഇന്‍ഫോ
പാര്‍ക്കില്‍ ജോലിയായപ്പോഴും അങ്ങിനെ തന്നെ… പഠിച്ചിരുന്നപ്പോള്‍ ശനിയാഴ്ച
വൈകിട്ട് വീട്ടിലെത്തി തിങ്കളാഴ്ച രാവിലെ മടങ്ങി. ജോലിയായപ്പോള്‍, മറ്റ് ആവശ്യങ്ങളില്ലെങ്കില്‍ വെള്ളിയാഴ്ച വൈകിട്ടെത്തി
ഞായറാഴ്ച വൈകിട്ട് മടങ്ങും..

      അങ്ങിനെ ഒരു വെള്ളിയാഴ്ചയും മകളില്ലാത്ത ശനിയും ഞായറും കഴിഞ്ഞുള്ള
തിങ്കളാഴ്ച വൈകിട്ട് വക്കീല്‍ വീട്ടില്‍ രണ്ടു പോലീസുകാര്‍ അമ്മയെ അന്വേഷിച്ചു
വന്നു.

      അവര്‍ രണ്ടു ഫോട്ടോകള്‍ കാണിച്ച് വനിതാ വക്കീലിനോട്
പരിചയമുണ്ടോയെന്ന് തിരക്കി.

      പെണ്‍കുട്ടിയെ പരിചയമുണ്ടെന്നും ഇവിടെ പണിക്കു വരുന്ന
സ്ത്രീയുടെ മകളാണെന്നും പറഞ്ഞു.

      പെണ്‍കുട്ടി വിവാഹിതയാണോയെന്നായി അടുത്ത ചോദ്യം.

      അല്ലെന്നും ഫോട്ടോയില്‍ കണ്ട പയ്യനെ അറിയില്ലെന്നും പറഞ്ഞു.

      പിന്നീട് അവര്‍ അമ്മ കേട്ടു നില്‍ക്കെ,

      ഈ പെണ്‍കുട്ടിയും പയ്യനും കഴിഞ്ഞ ദിവസം ഒരാക്സിഡന്‍റില്‍
മരിച്ചെന്നും, അവര്‍ കഴിഞ്ഞ രണ്ടു നാളുകളില്‍
മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ചിരുന്നെന്നും, തിങ്കളാഴ്ച വെളുപ്പിന് മടക്ക യാത്രയില്‍ വാളറക്കുത്തിന്
അടുത്തു വച്ച് കാര്‍ ആക്സിഡന്‍റ് ആവുകയായിരുന്നെന്നും പറഞ്ഞു.

      വനിതാ വക്കീല്‍ചോദിച്ചു.

      ഇറ്റ്സ് ലിവിംഗ് ടുഗദര്‍….

      നൊ… ഐ തിങ്ക്…..ഡേറ്റിംഗ്….

      ലിവിംഗ് ടുഗദര്‍… ഡേറ്റിംഗ്…. അമ്മയ്ക്കതെന്തെന്ന്
മനസ്സിലായില്ല.  എങ്കിലും ബോധം മറഞ്ഞ്
വനിതാ വക്കീലിന്‍റെ കൈയ്യില്‍ തൂങ്ങി മാര്‍ബിള്‍ തറയില്‍ തളര്‍ന്നു വീണു.

@@@@@@




സാക്ഷ്യം

ആനപ്പുറത്തേറിയവന് പട്ടിയെ
ഭയക്കേണ്ടതില്ലെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്.  ആനപ്പുറത്തു തന്നെയാണ് ഇരിക്കുന്നത്, വാച്യമായി വ്യവഹരിച്ചാന്‍ ആനയേക്കാള്‍ എത്രയോ ഉയരത്തിലാണ് ഈ
ഇരുപത്തിയഞ്ചാം നിലയിലുള്ള ഫ്ലാറ്റ്.  ആ
ഉയര്‍ച്ച ധനത്തിന്‍റെ കൂടി അളവാണ്. 
അധികാരം ഏതു സമയത്തും എന്തും ചെയ്ത് തരാനായിട്ട് ഓച്ഛാനിച്ച് നില്‍ക്കുന്നുണ്ട്.  കാവലാളുകള്‍ നാലു ചുവരുകള്‍ക്ക് പുറത്ത്
മാത്രമല്ല ചുവരുകള്‍ക്ക് ഉള്ളിലുമുണ്ട്. 
ഒരു സാക്ഷ്യപ്പെടുത്തലുകാരന്‍റെ ജീവിതം അവിശ്വസനീയവും, അവര്‍ണനീയവും, അപകടകരവുമാണ്.  ഏതു സമയത്ത് എവിടെ നിന്നെല്ലാം അമ്പുകള്‍,
വെട്ടുകള്‍ വരുമെന്ന് കരുതകാനാകില്ല. അവര്‍ സ്വപ്ന ലോകം വിട്ട്
യഥാര്‍ത്ഥ ലോകത്ത് ജീവിക്കണം. പുറകില്‍ രണ്ടു കണ്ണുകളും, പിന്നിലേക്ക്
തിരിഞ്ഞിരിക്കുന്ന രണ്ട് ചെവികളും കൂടി വേണം.

      ആദ്യസാക്ഷ്യം പറച്ചില്‍ 
പത്താമത്തെ വയസ്സിലായിരുന്നു. 
അച്ഛനാണ് കൊണ്ടു പോയത്.  അച്ഛന്‍
എങ്ങിനെ അവിടെ എത്തിപ്പെട്ടെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. വെറുതെ
ഒന്നുമറിയാതെ എത്തിയതാണെന്ന് കരുതിയിരുന്നു. 
പക്ഷെ, അച്ഛന്‍ എല്ലാമറിഞ്ഞാണ് ചെയ്തിരുന്നത്.

      അതൊരു ചെറിയ വേദിയായിരുന്നു, വലിയൊരു മുറിയില്‍.  വാടകക്ക് കിട്ടുന്ന എട്ടോ പത്തോ മേശകള്‍
നിലത്തു നിരത്തി വെളുത്ത തുണി വിരിച്ചതില്‍, ചെറിയൊരു
പീഠമായിരുന്നു അവരുടെ ഇരിപ്പിടം. വെളുത്ത സാരിയും ബ്ലൗസും ഭസ്മക്കുറിയും, സദാ മുഖത്ത് നിലനില്‍ക്കുന്ന പുഞ്ചിരിയും ആരെയും ആകര്‍ഷിക്കത്തക്കതായിരുന്നു.
എങ്കിലും എന്‍റെ അമ്മയോളം സുന്ദരിയല്ലെന്ന് മാര്‍ക്കിട്ടു.  അതെന്‍റെ ഒരു ശീലമായിരുന്നു.  ഒരു സ്ത്രീയെ ആദ്യം കാണുമ്പോള്‍ എന്‍റെ
അമ്മയാണോ അവരാണോ കൂടുതല്‍ സുന്ദരിയെന്ന് താരതമ്യം ചെയ്യല്‍….

      ഞങ്ങള്‍ ചെല്ലുന്നത് അവര്‍ കണ്ടിട്ടില്ല, ധ്യാനത്തിലായിരുന്നു.  അവര്‍ക്ക് വലതും ഇടതും അച്ഛനേക്കാള്‍
ശക്തന്മാരായ രണ്ടു പേര്‍ കാവല്‍ക്കാരെപ്പോലെ നില്‍ക്കുന്നു.  അവരും വെളുത്ത മുണ്ടും ഷര്‍ട്ടുമാണ്
ധരിച്ചിരുന്നത്.  ഹാളില്‍ നിലത്ത് വിരിച്ച
പായകളില്‍ നൂറോളം പേര്‍ ഇരിക്കുന്നു. 
അവരും ധ്യാനത്തിലാണ്. കണ്ണുകളടച്ച് കൈകള്‍ കൂപ്പി…….

      അമ്മേ ഞാന്‍…… അശോകന്‍ വന്നു, എന്‍റെ മോനുമുണ്ട്
വിശാല്‍…….

      അച്ഛന്‍ അവര്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു.  എനിക്കത് ഇഷ്ടമായില്ല.  അമ്മേയെന്നുള്ള വിളിയും പ്രണമിക്കലും… അവര്‍ക്ക്
അച്ഛനേക്കാള്‍ പ്രായവും കുറവാണ്. 

      എന്തു ചെയ്യണമെന്ന് അറിയാതെയായി.  ഇളിഭ്യത തോന്നി.  അമ്മേ എന്നു വിളിച്ച സ്ത്രീയെ, കാവല്‍ നില്‍ക്കുന്നവരെ, സദസ്സില്‍
ധ്യാനത്തിലിരിക്കുന്നവരെ ഞാന്‍ നോക്കി. 
പക്ഷെ, അവര്‍ ആരും അവിടെ സംഭവിച്ചതെന്തെന്ന്
ശ്രദ്ധിച്ചതേയില്ല.  അതെന്നെ
അത്ഭുതുപ്പെടുത്തി….  എങ്കിലും ഇനിയെന്തു
ചെയ്യുമെന്ന് ചിന്തിച്ചു നിന്നപ്പോള്‍ അച്ഛന്‍ എഴുന്നേറ്റു…..  അവര്‍ ഞങ്ങളോട് സൈഡിലേക്ക് മാറിനില്‍ക്കാന്‍
ആംഗ്യംകാണിച്ചു… അങ്ങിനെ ചെയ്തു.  തുടര്‍ന്ന്
അവര്‍ ഒരു കീര്‍ത്തനം ആലപിച്ചു. 
മലയാളത്തില്‍ തന്നെ….. എനിക്കതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാനായില്ല.  ക്ഷേത്രത്തിലെ വേദപാരായണം പോലെയല്ല.   ഗീതാലാപനം പോലെയുമല്ല….. പക്ഷെ, ഒരു താളമുണ്ട്, വ്യത്യസ്തമായൊരു രീതിയുണ്ട്….. എന്‍റെ
മനസ്സിനെ അത് മദിച്ചുവെന്നത് സത്യം….

      കാവല്‍ നില്‍ക്കുന്നവര്‍ അനങ്ങാതെ നിന്നതേയുള്ളൂ….. സദസ്സ് ആനന്ദത്തില്‍
മയങ്ങിയാണിരിക്കുന്നത്….. തൊഴുതു പിടിച്ചിരിക്കുന്ന കൈകളെ മെല്ലെ വശങ്ങളിലേക്ക്
ചലിപ്പിച്ച്, തലകളെ കൈ ചലനത്തിനൊത്ത് ഇളക്കി….. അച്ഛന്‍
നിശ്ശബ്ദനായി കണ്ണുകള്‍ അടച്ച് നിന്നതേയുള്ളൂ…. ആരും പരസ്പരം
ശ്രദ്ധിക്കാതിരുന്നതിനാല്‍ എനിക്കവരെയെല്ലാം വിശദമായി കാണാന്‍ കഴിഞ്ഞു.  പ്രായ വ്യത്യാസമില്ലാതെ നൂറോളം സ്ത്രീ പുരുഷന്മാര്‍,
പത്തു പന്ത്രണ്ട് കുട്ടികള്‍….. പത്തു മിനിട്ട് കഴിഞ്ഞാണ് ആലാപനം
നിലച്ചത്…. അവര്‍ കണ്ണു തുറന്ന് ആദ്യം വിളിച്ചത് അച്ഛനെയാണ്……

      അശോകാ….വരൂ…. മോന്‍ വരുമെന്ന് ഇന്നെന്‍റെ മനസ്സ് പറഞ്ഞതേയുള്ളൂ…..
മോനു വരാതിരിക്കാന്‍ കഴിയില്ലല്ലോ…. പറഞ്ഞോളു…. മോനെന്താണ് പറയാനുള്ളത്…..

      അമ്മേ ഇത് എന്‍റെ മോനാണ് അവന്‍ നടന്നാണ് വന്നത്…… ഇന്നലെയാണ് അവന്‍
നടന്നു തുടങ്ങിയത്….. ഇന്നു തന്നെ അമ്മയെ കാണിക്കണമെന്ന് കരുതി…….

      നീ എന്‍റെ അടുത്ത് വന്ന അന്നു തന്നെ ഇത് സംഭവിക്കുമെന്ന്
എനിക്കറിയാമായിരുന്നു.  നീ പറഞ്ഞോളൂ…..

      അച്ഛന്‍ സദസ്സിനെ നോക്കി പറഞ്ഞു.

      ഇതെന്‍റെ മകനാണ് വിശാല്‍…. അവനിപ്പോള്‍ 
പത്തു വയസ്സാണ്…. ജന്മനാല്‍ അവന്‍ നടക്കില്ലായിരുന്നു…… അരക്ക്
താഴേക്ക് തളര്‍ന്നതു പോലെ ആയിരുന്നു…. എടുത്തു കൊണ്ടാണ് അവനെ എവിടെയും കൊണ്ടു
പോയിരുന്നത്….. അവന്‍റെ കൈകള്‍ക്ക് ശക്തി കിട്ടിയപ്പോള്‍ മുതല്‍ വീല്‍ച്ചെയര്‍
ഉപയോഗിച്ചു തുടങ്ങി…… എന്നാല്‍ ഇപ്പോള്‍ ഇവിടെ വന്നത് വീല്‍ച്ചെയറില്ലാതെ
നടന്നാണ്….. അംഗവൈകല്യമുണ്ടായിരുന്നതിന്‍റെ യാതൊരു ക്ഷണവുമില്ലാതെ….. എല്ലാം
അമ്മയുടെ അനുഗ്രഹമാണ്…… അമ്മയുടെ ആലിംഗനങ്ങള്‍,  ചുംബനങ്ങള്‍…. സ്പര്‍ശനങ്ങള്‍……
പ്രാര്‍ത്ഥനകള്‍….. നിങ്ങള്‍ക്ക് അവന്‍റെ കാലുകളില്‍ പിടിച്ചു നോക്കാം….
ഇപ്പോള്‍ ജന്മനാല്‍ ക്ഷയിച്ചിരുന്ന കാലുകളാണെന്ന് പറയില്ല…… ഞാന്‍ എല്ലാം
അമ്മയില്‍ അര്‍പ്പിക്കുകയാണ്. അമ്മയാണെനിക്കെല്ലാം…. എന്നെ, എന്‍റെ മോനെ,  എന്‍റെ കുടുംബത്തെ അമ്മയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുകയാണ്…… അമ്മ
സ്വീകരിക്കണം…..ഇതെന്‍റെ സാക്ഷ്യപ്പെടുത്തലാണ്…… ഇനി ഞാന്‍ അമ്മയുടെ
വാക്കുകള്‍ കേട്ടു മാത്രമേ നടക്കുകയുള്ളൂ…..

      ശരി മോനെ….. ഞാന്‍ സ്വീകരിക്കുന്നു…… നീ എനിക്ക് വേണ്ടി ഒന്നും
ചെയ്യണ്ട….. നിനക്ക് വേണ്ടി മാത്രം ചെയ്താല്‍ മതി….. അത് എനിക്കു വേണ്ടി കൂടി
ആയിക്കൊള്ളും, ഇവിടെയുള്ള എല്ലാവര്‍ക്കും വേണ്ടി
ആയിക്കൊള്ളും…..

      പിന്നീട് എന്‍റെ ഊഴമായിരുന്നു… എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം
നിന്നു വെന്നത് ശരിയാണ്,  പിന്നീട് അവരെ പ്രണമിച്ചു, അവര്‍ എന്നെ
പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്ലേഷിച്ചു…… മൂര്‍ദ്ധാവില്‍, കവിളില്‍ ചുംബിച്ചു….. ചുണ്ടുകള്‍ മുകര്‍ന്നു.   ഇതിന് മുമ്പ് എന്‍റെ അമ്മയല്ലാതെ ആരും അങ്ങിനെ
ചെയ്തിട്ടില്ല.  അത് എന്നെ വല്ലാതെ
ഉന്മത്തനാക്കി.  അവരുടെദേഹത്തിന് ഒരു
പ്രത്യേക ഗന്ധമുണ്ട് അത് ആരെയും ഒരു മോഹാത്സ്യത്തിലേക്ക് കൊണ്ടു പോകും….. അവരുടെ
ചുണ്ടുകള്‍ക്ക് വല്ലാത്തൊരു മാധുര്യമുണ്ട് അത് ആരെയും മത്തു പിടിപ്പിക്കും.

      അവരില്‍ നിന്നും അകന്ന് നിന്ന്, സദസ്സിലേക്ക് നോക്കി
എന്‍റെ ആദ്യ സാക്ഷ്യം പറഞ്ഞു.

      അച്ഛന്‍ പറഞ്ഞത് സത്യമാണ്…… ഞാന്‍ വീട്ടിനുള്ളില്‍ നടന്നിരുന്നത്
നിലത്തിരുന്ന് നിരങ്ങിയായിരുന്നു, പുറത്തേക്ക് പോയിരുന്നത്
വീല്‍ച്ചെയറിലായിരുന്നു….. മിനിയാന്നു വരെ…..

      എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി…… ഏങ്ങലടിച്ച,
വിക്കി തൊണ്ടയടച്ച് ഒന്നും പറയാനാകാതെയായി……

      അവര്‍ പറഞ്ഞു.

      അവന്‍ കരഞ്ഞു കൊള്ളട്ടെ….. അവന്‍റെ വിഷമങ്ങള്‍ തീര്‍ന്നുകൊള്ളും……

      ഞാന്‍ അവരുടെ കാല്‍ക്കലേക്ക് തന്നെ ഇരുന്നു.  അവര്‍ എന്നെ പിടിച്ചഴുന്നേല്‍പ്പിച്ച്
മടിയിലിരുത്തി…….. സദസ്സ് അവിടെ നിന്നും ഇളകി അടുത്തേക്ക് വന്നു. എന്‍റെ
കാലുകള്‍ സ്പര്‍ശിച്ച്, തടവി, വലിച്ച്
നോക്കി, ബലത്തെ അളക്കാന്‍ വളച്ചു നോക്കി…….     

      മടക്കത്തില്‍ അച്ഛനോട് കുറേ നേരം ഒന്നും പറയാതെ നടന്നു, അതുവരെ നടന്നതിന്‍റെ ഉള്‍ക്കാമ്പ് തിരയുകയായിരുന്നു.  പക്ഷെ, ഒന്നും
കിട്ടിയില്ല. വലിയ ഒരു ഹോട്ടലില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം.  അതേവരെ നാട്ടിലെ ചായക്കടയിലേ കയറിയിരുന്നുള്ളൂ,
അവിടെത്തെ ബഞ്ചിലിരുന്ന് ഇഡ്ഢലിയും ദോശയും ചട്ടിണിയും മാത്രമേ
കഴിച്ചിട്ടുള്ളു. നിറക്കൂട്ടുള്ള പെയിന്‍റെടിച്ച വിശാലമായ മുറി, വട്ടത്തില്‍ വിസ്താരമേറിയ മേശകള്‍, കുഷനിട്ട കസേരകള്‍…..
യൂണിഫോമിട്ട വിളമ്പുകാര്‍……

      അതേവരെ അമ്മ ഉണ്ടാക്കിത്തന്നിട്ടുള്ള ആഹാരത്തേക്കള്‍ രുചി കല്യാണ വിട്ടില്‍
നിന്നും കഴിച്ചിട്ടുള്ളതിനു പോലും തോന്നിയിരുന്നില്ല. ധാരണകളെ മാറ്റി പുതു
രുചികളിലേക്ക് വരികയായിരുന്നു അന്നു മുതല്‍.

      മേശമേല്‍ പല വിധ നിറക്കൂട്ടുകള്‍, 
രുചിക്കൂട്ടുകള്‍…. ഇങ്ങിനെയും ഭക്ഷണങ്ങള്‍
ഉണ്ടാക്കാമെന്ന് അന്ന് അറിഞ്ഞു……

      മോനിഷ്ടമായോ……..

      ഉം…..

      ഹോട്ടല്‍ വിട്ട് നടന്നു തുടങ്ങിയപ്പോള്‍ അച്ഛനോട് ചോദിച്ചു.

      എന്തിനാണച്ഛാ…. അവിടെ വച്ച് അങ്ങിനെയൊക്കെ പറഞ്ഞത്……. നൊണകള്‍….
നൊണയാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ലെ……

      എല്ലാം നമ്മടെ ഗുണത്തിനു വേണ്ടിയിട്ടാ….. നൊണയാണെന്ന് ആര്‍ക്കും
തോന്നിയട്ടില്ല…. അവിടെ വരുന്നവരൊക്കെ അത് വിശ്വസിക്കുന്നവരാണ്…..അവര്‍ക്കെല്ലാം
അതിന്‍റെ ഗുണവുമുണ്ട്….. മോനും അമ്മയും അമ്പലത്തില്‍ പോകുന്നില്ലേ അതുപോലൊരു
സ്ഥലമാണെന്നു കരുതിയാല്‍ മതി……അമ്പലത്തിലായാലും നടക്കുന്നതില്‍ കൂടുതല്‍
നൊണകളാണ്…….

      എനിക്കതില്‍ നിന്ന് ഒന്നും മനസ്സിലായില്ല.

      പക്ഷെ, അച്ഛന്‍ വീണ്ടും കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.    

      മോനെ ഈ അല്ലിദേവി അമ്മയും ഞാനും ഒരുമിച്ചാണ് കൂലിപ്പണിയെടുത്ത്
നടന്നിരുന്നത്…. മെക്കാടു പണി….. പട്ടിണിയിലും ദുരിതത്തിലും കഴിഞ്ഞിരുന്നവര്‍…
അവരുടെ ഇന്നത്തെ സ്ഥിതിയെന്താണെന്നറിയുമോ….. നമുക്കിന്ന് അവരുടെ
ആശ്രമത്തിനടുത്തു കൂടി പോകാം… എല്ലാം മോനു കാണാമല്ലോ…….

      എന്‍റച്ഛന്‍ നായരാണ്…. അമ്മ കല്ലാശ്ശാരിയും…. പ്രണയ
വിവാഹമായിരുന്നു…..രണ്ടു വീട്ടുകാരും എതിര്‍ത്ത് ഒരു സഹായവും ചെയ്യാതെ മാറി
നിന്നപ്പോള്‍ സുഹൃത്തുക്കള്‍ സാക്ഷി നിന്ന രജിസ്റ്റര്‍ വിവാഹം….. വിവാഹശേഷവും
എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 
അതിനെ ഒന്നും വകവക്കാതെ നാട്ടില്‍ തന്നെ ജീവിച്ചു…..

       പിന്നീട് അച്ഛനോടൊത്ത്
നൂറുകണക്കിന് വേദികള്‍, സാക്ഷ്യപ്പെടുത്തലുകള്‍….
അന്ധനായും ബധിരനായും  മൂകനായും
നടക്കാത്തവനായും…….. വളര്‍ച്ചയുടെ നാളുകള്‍……  ശാരീരികമായും മാനസ്സികമായും
സാമ്പത്തികമായും….. അന്ധതയും ബധിരതയും മൂകതയും മാറിമാറിവരുന്നത് ദേശത്തിന്
അനുകൂലിച്ചായിരുന്നു… എവിടെ എന്തു വേഷം കെട്ടണമെന്ന് അച്ഛന്‍ കൃത്യമായി കണക്കു
കൂട്ടി, ഓര്‍ത്തു വച്ച് പറഞ്ഞു തന്നു കൊണ്ടിരിന്നു.  ഒരിടത്തും കാല്‍ തെറ്റി വീണില്ല.  കുറ്റുകുഴി അല്ലി ദേവിയമ്മ പ്രശസ്തയായി,
സമ്പന്നയായി,  ആശ്രിത വത്സലയായി തുടര്‍ന്നു. 

      സാക്ഷ്യപ്പെടുത്തലുകളുടെ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ധരിപ്പിച്ചപ്പോള്‍
അച്ഛന്‍ കൂടുതല്‍ സന്തോഷവാനായി കണ്ടു. മകന്‍ പ്രായപൂര്‍ത്തിയായി, പറക്കമുറ്റി എന്ന് കണ്ടറിഞ്ഞു, സ്വന്തം ചിറകില്‍
പറക്കട്ടെ എന്ന് തീരുമാനിച്ചു.  എങ്കിലും
അച്ഛന്‍ കുറ്റിക്കുഴി അല്ലി ദേവിയമ്മയെ കൈവിട്ടില്ല.  മൂത്തമകന്‍ വഴി മാറിയപ്പോള്‍ ഇളയമക്കളെ
കൂടെക്കൂട്ടി ഊര്‍ജ്ജസ്വലനായി മുന്നോട്ടു തന്നെ പോയി.

      അനുകരണം ഒരു കലയാണ്.  പക്ഷെ,
ഒരു സാക്ഷ്യപ്പെടുത്തലു കൂടിയാണ്….. ശബ്ദങ്ങളെ, ഭാവങ്ങളെ ഒരു സമൂഹത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നു….അതും
താത്വികമായിട്ട് നുണ തന്നെയാണ്….. സത്യം മറ്റൊന്നായിരിക്കെ ഇതും അതാണെന്ന്
ധരിപ്പിക്കല്‍….. അച്ഛന്‍റെ ചരടില്‍ നിന്ന് വിടുതല്‍ വാങ്ങി പുറത്ത് വന്നപ്പോള്‍
സമൂഹവുമായി ബന്ധിക്കുന്നത് അനുകരണ കലയിലൂടെയാണ്. 
ഒരു സാധാരണ ജീവിതത്തിന് സമൂഹവുമായിട്ട് അത്ര ബന്ധങ്ങളൊന്നു ആവശ്യമില്ല,
ഒതുങ്ങി ആരെയും ശല്യപ്പെടുത്താതെ ജീവിക്കാന്‍….. അധികമെടുക്കാതെ,
ഒന്നിനെയും അലോരസപ്പെടുത്താതെ, ഒഴുക്കിനോട്
അനുകൂലിച്ച് സാവധാനം ലല്ലലം പാടി ആസ്വദിച്ച അങ്ങിനെയങ്ങ് തുഴഞ്ഞു പോയാല്‍
മതി.  നേട്ടങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചാള്‍
ഒഴുക്കിനെതിരെ നീന്തുക തന്നെ വേണം.  അച്ഛന്‍
തുറന്നു തന്ന വഴി, സമൂഹത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുമ്പോള്‍
കിട്ടുന്ന സുഖം, സന്തോഷം അനിര്‍വചനീയവും, കൂടുതല്‍ ആസ്വാദ്യകരവുമാണെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ മോഹിച്ചു
പോകുകയായിരുന്നു.  അതിനെ നിലനിര്‍ത്താനായിട്ട്
കണ്ടെത്തിയ മാര്‍ഗ്ഗമാണ്, അനുകരണ കലാ രംഗത്തേക്കുള്ള
പ്രവേശനം.

      പൊടിമണ്ണിലേക്കിറങ്ങി, ചെളിയില്‍ പൂണ്ട് മണ്ണിനെ
അറിഞ്ഞ്,

      കാടു കയറി കാട്ടപ്പള്‍ കണ്ട് ചെടിയറിഞ്ഞ്,

      പൂമ്പൊടി ശ്വസിച്ച്, മധുനുകര്‍ന്ന് പൂവറിഞ്ഞ്,

      കുയില്‍ പാട്ടു കേട്ട്, മയില്‍ നടനം കണ്ട്, മദയാനുടെ പദസ്വനമറിഞ്ഞ്,  മൃഗരാജന്‍റെ കേളികള്‍ കണ്ട്, വൃകകളങ്കം ഗ്രഹിച്ച്,                             

      നാടിറങ്ങി, നഗരമേറി, പുതു
സ്വരങ്ങള്‍ തേടി നടന്നു…..

      അനുകരിക്കുന്നതിനു  വേണ്ടി മാത്രം.   അനുകരണ രംഗത്തെ പുതുമകള്‍ക്കു വേണ്ടി……..

      എല്ലായിടത്തും വിജയം തന്നെ ആയിരുന്നു. പേരായി പ്രശസ്തി ആയി, പണമായി, അധികാരം അയലത്തായി….. 

      സ്റ്റേജില്‍ നിന്ന് ചെറിയ സ്ക്രനിലേക്കും, പിന്നീട്
വലിയ സ്ക്രനിലേക്കും വളര്‍ന്നു. പലയിടത്തും നല്ല നടനായി, പ്രധാന
നടനായി, സെലിബ്രിറ്റിയായി അംഗീകരിക്കപ്പട്ടപ്പോളാണ്
സാക്ഷ്യപ്പടുത്തലുകളുടെ അനന്ത സാദ്ധ്യകള്‍ കണ്ടറിയാന്‍ കഴിഞ്ഞത്.

      മോഡലിംഗ്,  സാക്ഷ്യപ്പെടുത്തലിന്‍റ
അനന്ത വിഹായസ്സ്….

      അതില്‍ അരയും തലയും മുറുക്കി ഇറങ്ങി. 
നല്ല വരുമാനം,  കൂടുതല്‍ പ്രശസ്തി,  അധികാരത്തോട് കൂടുതല്‍ അടുപ്പം…. അധികാരികള്‍ക്ക് അധികാരസ്ഥാനങ്ങള്‍
ഉറപ്പിച്ചു നിര്‍ത്തുന്നതിനു  വേണ്ടിയുള്ള
സാക്ഷ്യപ്പെടുത്തലുകള്‍….. അധികാരമോഹികള്‍ക്ക് അധികാരത്തിലേറാന്‍ വേണ്ടിയുള്ള
സാക്ഷ്യം പറച്ചിലുകള്‍……

      അധികാരത്തില്‍ വന്നാല്‍ ഇന്നതൊക്കെ ചെയ്യും….. തേനൊഴുക്കും പാലിന് ഒരു
കുറവുമണ്ടാകില്ല എന്ന് കൊടുക്കുന്ന വാഗ്ദാനങ്ങള്‍….. വിജയിച്ചു അധികാരത്തിലേറി
കുറച്ചു നാള്‍ കഴിഞ്ഞ്, വോട്ടു ചെയ്ത് വിജയിപ്പിച്ച പൊതു
ജനങ്ങളേ നിങ്ങള്‍ക്ക് വേണ്ടി ഇന്നതൊക്കെ ചെയ്തിട്ടുണ്ട്….. ചെയ്തു
കൊണ്ടിരിക്കുകയാണ്….നാളെയും ചെയ്യും, എന്നു തിടങ്ങിയ
സാക്ഷ്യങ്ങള്‍…..  യഥാര്‍ത്ഥത്തില്‍
അതില്‍ ഒന്നു പോലും ചെയ്തിട്ടുണ്ടോ, പറയുന്നതില്‍
എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ….. ഇല്ലെന്നതാണ് സത്യം….

      സ്വകാര്യ രംഗത്തേക്ക് വന്നാലോ…. നിങ്ങള്‍ ഇന്ന പേസ്റ്റ് ഉപയോഗിച്ചാല്‍
പല്ലുകള്‍ തിളങ്ങും…… ഇന്ന ക്രീം പുരട്ടിയാല്‍ മുഖകാന്തി കൂടും,  ഇന്ന ഷാമ്പൂ ഉപയോഗിച്ചാല്‍ മുടി
ചുരുളും, കറുക്കും…. ഈ ഭക്ഷണം കഴിച്ചാല്‍ മസിലുകള്‍
വികസിക്കും, ഈ ജ്യുസുകുടിച്ചാല്‍ വയറുകുറയും, ഇന്ന ഷര്‍ട്ടിട്ടാല്‍ ജോലി ഉറപ്പ്…… ഇന്നയിടത്ത് ബന്ധപ്പെട്ടാല്‍ ജോലി
ചെയ്യാതെ സുഖിക്കാം….

      ഈ ബാങ്കില്‍ നിക്ഷേപിച്ചാല്‍ പണം പെരുകും….. ഈ ലോട്ടറിയെടുത്തല്‍
കോടീശ്വരനാകും….. ഈ ചിട്ടിക്കാരന്‍ നടത്തിപ്പിനിടയില്‍ പൊട്ടിക്കാതെ പണം
തരും……

      ഒന്നു പോലും അനുഭവിക്കാതെ വെറുതെ പറഞ്ഞിട്ടുള്ള എത്രയെത്ര
സാക്ഷ്യപ്പെടുച്ചത്തലുകള്‍……

      വര്‍ത്തമാനകാലത്തെ ഏറ്റവും വിലപിടിപ്പുള്ള മോഡല്‍…….

      അങ്ങിനെയുള്ള സാക്ഷ്യപ്പെടുത്തലുകളെ ചോദ്യം ചെയ്തുകൊണ്ട് അടുത്ത നാള്‍ ഒരു
വാട്ട്സാപ്പ് പോസ്റ്റു വന്നു.   ഫോണ്‍
നമ്പര്‍ അപരിചിതമായിരുന്നെങ്കിലും എന്തിന്‍റെയോ പ്രേരണയാല്‍ തുറന്നു നോക്കി.  പ്രേരണയെന്ന് ഞാന്‍ ഉദ്ദേശിക്കന്നത്, ദൈവപ്രേരണയെന്ന് തെറ്റായി ധരിക്കരുത്… അങ്ങിനെയൊന്നുമല്ല.  എനിക്ക് നൂറ് വാട്ടസാപ്പ് സുഹൃത്തുക്കളേയുള്ളൂ,  നേരിട്ടറിയുന്നവര്‍, അടുത്ത സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍. അവര്‍ എന്‍റെ കണ്ണുകളാണ്,  ചെവികളാണ്.  സ്വന്തം കണ്ണിന്, കാതിന്
എത്താന്‍ കഴിയാത്തിടത്തുനിന്നും കണ്ട്, കേട്ട്
ധരിപ്പിക്കുന്നവര്‍…….അവര്‍ ഫാന്‍സ് അസ്സോസിയേഷന്‍കാരല്ല.  ഫാന്‍സ് അസ്സോസിയേഷന്‍ വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് നോക്കുന്നതും നിയന്ത്രിക്കുന്നതും ഓഫീസ് മാനേജരുടെ മേല്‍നോട്ടത്തില്‍
നിയുക്തരായ വിദഗ്ദരാണ്.  അതില്‍
ഇടപെടുന്നതും മറുപടി കൊടുക്കുന്നതും ചില മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അവര്‍
തന്നെയാണ്.. അതുകള്‍ കൂടാതെ സുഹൃത്തുകള്‍, ബന്ധുക്കള്‍ ഉള്‍ക്കൊണ്ട്
ഞാന്‍ നേരിട്ട് നിയന്ത്രിക്കുന്ന ഒരു വാട്ട്സാപ്പ് കൂട്ടായ്മയുണ്ട്. അതിലേക്ക്
അപരിചിതന്‍ കടന്നു വന്നപ്പോളാണ് ശ്രദ്ധിച്ചത്. 
അതിന്‍റെ നമ്പര്‍ ശ്രദ്ധിക്കപ്പെടത്തക്കതല്ല.  ഒരു ഐശ്വര്യവുമില്ലാത്ത നമ്പര്‍.  അതുകൊണ്ട് തന്നെ അത് അയാള്‍ സ്ഥിരം
ഉപയോഗിക്കുന്നതല്ലയെന്ന് കണക്കുകൂട്ടി, ഈ ആവശ്യത്തിന്
വേണ്ടിമാത്രം ഉണ്ടാക്കിയത്.

      തിരക്കേറിയ ഒരു ദിവസമായിരുന്നു,

      പുതിയ സിനിമയുടെ കഥ കേള്‍ക്കല്‍….. മനസ്സിനെ ഉലയ്ക്കുന്നൊരു കഥ. നായകനും
നായികക്കും തുല്യ പ്രാധാന്യമുള്ളത്.  നായിക
കാമുകിയായി ഭാര്യയായി മാറുന്ന സ്ഥിരം ഏര്‍പ്പാടുണ്ടെങ്കിലും അവര്‍ ജീവിതത്തില്‍
നേരിടുന്ന വൈതരണികള്‍ പുതുമയുള്ളതാണ്…. പുതു ജീവിത സാഹചര്യങ്ങള്‍, അനുഭവങ്ങള്‍…. കച്ചവട ചേരുവകള്‍ കുറച്ച ഒരു സമാന്തര സിനിമ.  വളരെ പ്രതീക്ഷ നല്‍കുന്നതാണ്….  തിരക്കഥാകൃത്ത് പുതുമുഖമാണ്,  സംവിധായകള്‍ പേരെടുത്ത
ജീനിയസ്സാണ്.  അദ്ദേഹത്തിന്‍റെ സിനിമയില്‍
ആദ്യമായി കിട്ടുന്ന ചാന്‍സാണ്….. പുതുമുഖമാണ് നായിക. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍
കഴിവുള്ളവളെന്ന് ആദ്യ ദര്‍ശനത്തില്‍ തന്നെ വിലയുരുത്തപ്പെട്ടിരിക്കുന്നു. ചര്‍ച്ചകള്‍,
വീണ്ടും തിരക്കഥ വായിക്കല്‍…. നീക്കം ചെയ്യേണ്ടതിനെക്കുറിച്ചുള്ള
അഭിപ്രായപ്പെടലുകള്‍,  ചേര്‍ക്കേണ്ടതിനെ കുറിച്ചുള്ള സംവാദങ്ങള്‍…….

      ക്ഷീണിതനായിരുന്നു.

      വാട്ട്സാപ്പില്‍ നിന്നും താല്പര്യമുള്ളവരുടെ നല്ല കുറെ വാക്കുകള്‍ കേള്‍ക്കാനായിട്ടാണ്
തുറന്നു നോക്കിയത്.

      അയാള്‍ പറയുന്നു.

      ഞാന്‍ ഒരു പോലീസുകാരനാണ്….പേര് വെളിപ്പെടുത്തുന്നില്ല,  അല്ലെങ്കില്‍  പേരിന് ഇവിടെ പ്രസക്തിയില്ല, അറിഞ്ഞിട്ട് നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല, കാര്യവുമില്ല. ഒരു കേസന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഈ ബന്ധം
സ്ഥാപിക്കുന്നത്.

      അയാളുടെ പോസ്റ്റ് അങ്ങിനെയാണ് തുടങ്ങുന്നത്.

      താങ്കള്‍ക്ക് ഈനമ്പര്‍ എങ്ങിനെ കിട്ടി….

      ഞാന്‍ പറഞ്ഞല്ലോ…. ഞാനൊരു പോലീസുകാരനാണ്, നിങ്ങളൊരു
സെലിബ്രിറ്റിയും…. നിങ്ങളുടെ നമ്പര്‍ കിട്ടാന്‍ അത്ര ബുദ്ധി മുട്ടിന്‍റെ
കാര്യമുണ്ടായില്ല…..

      എന്‍റെ വളരെയടുത്ത ബന്ധുക്കള്‍ സുഹൃത്തുക്കള്‍ മാത്രമാണ് ഈ നമ്പറില്‍
വിളിക്കുന്നത്, വാട്ട്സാപ്പ് കൂട്ടായ്മയിലുള്ളത്…..

      അതില്‍ ഒരാളുടെ അടുത്തുനിന്നാണ് വാങ്ങിയിരിക്കുന്നത്…. ആവശ്യം
അറിയിച്ചപ്പോള്‍ അയാള്‍ക്ക് തരേണ്ടതാണെന്ന് തോന്നി……

      ആവശ്യമോ….. എന്താണത്…..

      നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്……

      ജോലിയോ….

      അതെ…..സിനിമയുമായി ബന്ധിക്കുന്നതല്ല… മോഡലിംഗുമായി കണക്റ്റ്
ചെയ്തത്…..മോഡലിംഗ് ഒരു സാക്ഷ്യപ്പെടുത്തലാണെന്ന് നിങ്ങള്‍
അംഗീകരിക്കുന്നുണ്ടോ……

      അംഗീകരിക്കാം…..

      എനിക്ക് വേണ്ടിയാണോ…….     

      അങ്ങിനെ കരുതിയാല്‍ മതി……

      ഓക്കെ…….. താങ്കള്‍ മോഡലായിട്ടുള്ള പ്രോഡക്റ്റുകള്‍ ഉപയോഗിച്ചു
നോക്കിയിട്ടുണ്ടോ… അവയുടെ ഗുണ നിലവാരത്തെക്കുറിച്ച് ധാരണയുണ്ടോ……

      എല്ലാറ്റിന്‍റേയുമില്ല…..

      എല്ലാറ്റിന്‍റേയുമില്ല….. സമ്മതിക്കുന്നു….. ഏതിന്‍റെയാണുള്ളത്….

      അങ്ങിനെ ചോദിച്ചാല്‍…..

      അങ്ങിനെ ചോദിച്ചാല്‍ ഒന്നിന്‍റേയുമില്ലെന്ന് പറയേണ്ടി വരും… അല്ലെ….

      അയാള്‍ എന്നെ നിശ്ശബ്ദനാക്കി കളഞ്ഞു.

      നെറ്റ് ഡിസ്കണക്ട് ചെയ്ത് വാട്ട്സാപ്പില്‍ നിന്ന് ഒളിച്ചു.  അയാളെ ഭയന്നിട്ടല്ല, തികഞ്ഞ
ഒരഭ്യാസി ചെയ്യുന്നതു പോലെ തറയില്‍ ഉറച്ചു നില്‍ക്കാന്‍,  ഉറച്ചു നിന്നാലേ അടവുകള്‍
കാണാനും, പ്രതിരോധ നീക്കങ്ങളെ അളന്നു കുറിച്ച് എടുക്കാനും
കഴിയൂ. അയാള്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച്, മോഡല്‍
ചെയ്തിട്ടുള്ള പ്രോഡക്ട്കളെ കുറിച്ചുള്ള ഒരവലോകനത്തിന് കൂടിയാണത്,  സ്വന്തം കഴിവുകളെ, ബലഹീനതകളെ കണ്ടെത്താനുള്ള അന്വേഷണങ്ങളും. 

      പക്ഷെ, ഒന്നും നടന്നില്ല, ഉറങ്ങിപ്പോയി,
അത്രക്ക് ക്ഷീണമായിരുന്നു.

      ഏ സി ഓഫാക്കി, കര്‍ട്ടനുകളെ നീക്കി ജനല്‍ തുറന്നു
വച്ചു.  നേരം പുലര്‍ന്നു വരുന്നതേയുള്ളൂ.
മൊട്രോ റെയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ട്രെയിന്‍ ഉണരാന്‍ ഇനിയും രണ്ടു
മണിക്കൂറു കൂടി അവശേഷിക്കുന്നുണ്ട്.  വാഹന
വഴി തീര്‍ത്തും ശൂന്യം.  നനുത്തൊരു കാറ്റ്
മുറിക്കുള്ളിലേക്ക് വന്നു.  മുറിക്കുള്ളിലെ
തണുപ്പിനെ അത് അകറ്റിത്തുടങ്ങി.  സുഖം
തോന്നിക്കുന്നു.  സൂര്യോദയം കാണാന്‍
കഴിയില്ല.  പടിഞ്ഞാറേക്കാണ് ജാലകം
തുറക്കുന്നത്. ആഡംബര അലങ്കാരം തികഞ്ഞ മൂന്നു മുറികളുണ്ട് ഫ്ലാറ്റില്‍, ഒരു മുറി യോഗ ചെയ്യുന്നതിനുള്ള ഇടമാക്കിയിരിക്കുകയാണ്,  അത്യാവശ്യം വേണ്ട വ്യായാമ
ഉപകരണങ്ങളും ഉണ്ട്.  മറ്റൊരു മുറിയില്‍
പാചകക്കാരനും സന്നദ്ധ സഹായികളും ഉറങ്ങുന്നു. 
ഇതൊരു ഇടത്താവളമാണ്.  കൊച്ചിയിലും
അടുത്തും ഷൂട്ടുള്ളപ്പോള്‍ ഉറക്കമിവിടെയാണ്.

      എനിക്ക് പോലീസില്‍ നല്ല അഭിപ്രായം ഇല്ല. അത് ഈ അടുത്ത നാളില്‍
തുടങ്ങിയതൊന്നുമല്ല…. പണ്ടു മുതലേ അങ്ങിനെയാണ്…. കാരണം പോലീസ് ചരിത്രം
തന്നെ….. പോലീസ് ഒരിക്കലും ജനായത്തമായിരുന്നില്ല…. പൊതുജനഹിതമായി പ്രവര്‍ത്തിക്കുന്നൊരു
സംവിധാനമായി തോന്നിയിട്ടില്ല.  അതു കൊണ്ടു
തന്നെ നിങ്ങളോട് സംവദിക്കുമ്പോള്‍ കരുതല്‍ വേണമെന്ന് തോന്നുന്നു…. നിങ്ങളുടെ
ചോദ്യങ്ങള്‍ക്ക് ഉടനുടന്‍ ഉത്തരം പ്രതീക്ഷിക്കരുത്……. നെറ്റ് കട്ടാക്കി മാറി
നിന്നത് അതിന്‍റെ ഭാഗമായിട്ടു തന്നെയാണ്….. എന്നു വച്ച് ഞാന്‍ ഭയന്നിട്ടാണെന്ന്
തെറ്റിദ്ധരിക്കരുത്…..  അത്
വിഡ്ഢിത്തമാകും…….

      എഴുതി പോസ്റ്റ് ചെയ്തിട്ടാണ് നെറ്റ് ഓണാക്കി വാട്ട്സാപ്പിലേക്ക് വന്നത്,
പക്ഷെ, അയാള്‍ അവിടില്ലായിരുന്നു.  അയാള്‍ക്ക് വേണ്ടി കാത്തു നിന്നില്ല.  എനിക്കറിയാം അയാള്‍ എന്‍റെ സമയം നോക്കി
വരുമെന്ന്.  ആവശ്യം എനിക്കല്ല അയാള്‍ക്കാണ്.  ദേഹശുദ്ധി വരുത്തി യോഗമുറിയിലേക്ക് നടന്നു.

      തീര്‍ന്നു കൊണ്ടിരിക്കുന്ന പടത്തിന്‍റെ ഷൂട്ടിന് ഇടവേള കിട്ടിയപ്പോഴാണ്
വാട്ട്സാപ്പ് തുറന്നത്. നിത്യ, ഭാര്യ
ലൈവായിട്ടെത്തിയിരിക്കുന്നു. അവള്‍ പുതിയ ഫോട്ടോ ചേര്‍ത്തിരിക്കുന്നു. അടുത്ത
നാളില്‍ വാങ്ങിയ സാരിയില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. കണ്ണുകളില്‍
നിഴലിച്ചു നില്‍ക്കുന്ന വശ്യത വല്ലാതെ ഭ്രമിപ്പിക്കുന്നു.  രണ്ടാഴ്ചയായി വിട് വിട്ടിട്ട്.  അവള്‍, മകന്‍റെ ഫോട്ടോ
പോസ്റ്റു ചെയ്തിരിക്കുന്നു.  അവന്‍
സെറ്റിയില്‍ പിടിച്ചെഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോയും.  രണ്ടാഴ്ച കൊണ്ട് വന്ന മാറ്റമാണ്. അവള്‍
കിന്നാരങ്ങളിലേക്ക് വരുന്നു……അവളെ പോസ്റ്റ് എഴുതാന്‍ വിട്ടിട്ട് അയാളുടെ
നമ്പറിലേക്ക് വന്നു.    

      അയാള്‍ എപ്പോഴോ വന്ന് പോസ്റ്റ് ചെയ്തിരിക്കുന്നു. 

      ചിരിക്കുന്നതിന്‍റെ മൂന്ന് സിംബലുകള്‍ ഇട്ടതിനു ശേഷമാണ് എഴുത്ത്,

      എനിക്ക് ചിരിയാണ് വരുന്നത്….. ആ പോലീസലിന്‍റെ മോഡലാണ് നിങ്ങള്‍…

      അതെ, അതെന്‍റെ ജോലിയുടെ ഭാഗമാണ്……

      അപ്പോള്‍ ആ സാക്ഷ്യപ്പെടുത്തല്‍ നുണയാകുന്നില്ലെ…..

      സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ചെയ്തു കൊടുത്തു എന്നു മാത്രം….

      പോലീസിലുള്ള എല്ലാവരും ഒരു തരക്കാര്‍ ആണെന്ന് കരുതരുത്…….

      എല്ലാവരും ഒരു തരക്കാര്‍ ആണെന്ന് ഞാന്‍ പറഞ്ഞില്ല,  എന്നാല്‍ ഭൂരിപക്ഷവും ഒരു
തരക്കാര്‍ ആണ്…..

      അവരും ഈ സമൂഹത്തിന്‍റെ ഭാഗമാണ്….

      ആണ്. പക്ഷെ,  യൂണിഫോമിട്ടാല്‍  ഈ സമൂഹത്തില്‍
നിന്നുള്ളവര്‍ ആണെന്നകാര്യം മറക്കുന്നു. 
കസ്റ്റഡി മരണങ്ങള്‍, നിരപരാധിയെ  കുറ്റവാളിയാക്കല്‍…. തല്ലിച്ചതച്ച്
അവശനാക്കിക്കഴിയുമ്പോള്‍ നിരപരാധിയായി തെളിയുന്ന കേസുകള്‍….. രാഷട്രീയമായി
പകപോക്കാന്‍ കൂട്ടുനില്‍ക്കല്‍……

      പോലീസ് സര്‍ക്കാരിന്‍റെ ഭാഗമാണ്…. അതുകൊണ്ട് സര്‍ക്കാര്‍ നിലപാടുകളോട്
അനുകൂലിച്ച് നില്‍ക്കേണ്ടി വരും….കൂടാതെ അധികാര, രാഷ്ട്രീയ
ഇടപെടലുകള്‍…..

      ഉണ്ടാകാം…. മാനുഷികം എന്ന് ഒരു ഘടകമുണ്ട് അത് വിസ്മരിക്കുന്നു….. ഏതു
സമൂഹത്തെ എടുത്താലും, മതവും ജാതിയും തിരിച്ചെടുത്താലും അതിലെ
ക്രമിനലുകള്‍ വളരെ ചെറിയ ഒരു ശതമാനമായിരിക്കും. പത്തു ശതമാനം ഉണ്ട് എന്ന്
കണക്കുകൂട്ടിയിട്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ, പോലീസുകാരെ
നോക്കിയാല്‍ എത്ര ശതമാനം വരും…….. അമ്പതിന് മുകളില്‍ വരുമോ…. ഉണ്ട് എന്നാണ്
എന്‍റെ നിഗമനം….

      അയാള്‍ നിശ്ശബ്ദനായിരിക്കുന്നു, വാട്ട്സാപ്പില്‍
നിന്നും പുറത്തു പോയിരിക്കുന്നു.  ഞാനും
അവിടെ നിര്‍ത്തിയിട്ട് അടുത്ത ഷോട്ടിനുള്ള സ്ക്രിപ്റ്റ് വായിക്കാന്‍ തുടങ്ങി.
നിത്യയുടെ എഴുത്തിന്‍റെ കാര്യം മറന്നു.

      അന്നേ ദിവസം അയാള്‍ വാട്ട്സാപ്പില്‍ തിരിച്ചു വന്നില്ല.

      പക്ഷെ, എന്നെ ആ മെസ്സേജുകള്‍ വല്ലാതെ
അലട്ടുന്നുണ്ടെന്ന്, ജോലി ചെയ്യുമ്പോള്‍ മനസ്സിലായി….  ഏകാഗ്രത നഷ്ടമാകുന്നു.

      രണ്ടും ദിവസം കഴിഞ്ഞിട്ടും ആരുടെ കൈയ്യില്‍ നിന്നാണയാള്‍ നമ്പര്‍
വാങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കന്‍ കഴിഞ്ഞില്ല. വളരെ വേണ്ടപ്പെട്ട
സുഹൃത്തുക്കള്‍,  ബന്ധുക്കള്‍
മാത്രമാണ് ഗ്രൂപ്പിലുള്ളത്,  എന്നിട്ടും ആരാണ് നമ്പര്‍ കൊടുത്തതെന്ന് 
സ്വയം ഏറ്റെടുത്തു കൊണ്ട് അറിയിച്ചില്ല. 
ആ പോലീസുകാരന്‍ ഏതോ കുരുക്കിലേക്കാണ് വലിച്ചടുപ്പിക്കുന്നതെന്ന ഒരു തോന്നല്‍
മനസ്സിനെ പിടിച്ച് കുലുക്കിക്കൊണ്ടിരിക്കുന്നു.

      മൂന്നമത്തെ ദിവസവും അയാള്‍ വന്നില്ല. 
എന്നു വച്ച് അയാള്‍ ഒഴിഞ്ഞ് പോയതാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ല.  ഇത്ര കാര്യമായിട്ട് നമ്പര്‍ തേടി കണ്ടു
പിടിച്ചിട്ട്……

      നടന്നു കൊണ്ടിരിക്കുന്ന സിനിമ തീര്‍ക്കുന്നതിന്‍റെ വെപ്രാളങ്ങള്‍…….
പുതിയത് തുടങ്ങുന്നതിന്‍റെ ചര്‍ച്ചകളും…..കലുഷമായ ദിനങ്ങള്‍………..

      വലിയ സ്വപ്നങ്ങള്‍ നെയ്തു കൊണ്ടാണ് പുതിയ സിനിമയുമായി ബന്ധപ്പെടുന്നത്.
സൂപ്പര്‍ സ്റ്റാറാകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്‍ഡസ്ട്രിയില്‍ തന്‍റേതായ
ഒരിരിപ്പിടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്, കുറച്ച് അവാര്‍ഡുകളും
കിട്ടിയിട്ടുണ്ട് . പക്ഷെ, ദേശിയ, സംസസ്ഥാന
തലത്തില്‍ ഒരു നല്ല നടന്‍റെ അവാര്‍ഡ് ഇതേവരെ കിട്ടിയില്ല. പുതിയ സിനിമ പ്രതീക്ഷ
തരുന്നതാണ്. അതിനിടയില്‍ ഓരോരോ……..

      അയാള്‍ വാട്ട്സാപ്പില്‍ വന്നു.

      നിങ്ങള്‍ പറഞ്ഞു വരുന്നത് സമൂഹത്തിലുള്ള ക്രിമിനലുകള്‍ കൂട്ടത്തോടെ
പോലീസിലും രാഷ്ട്രീയത്തിലുമായി കുടിയേറിയിരിക്കുന്നു എന്നാണോ….

      വേണമെങ്കില്‍ അങ്ങിനെയും പറയാം. ഒറ്റയായ ക്രിമിനലുകള്‍ സമൂഹത്തിലുണ്ട്….

ജാതി, മത സംഘനടകളിലും ഉണ്ട്….. തീവ്രവാദപരമായ ക്രൂരതകള്‍ അവരില്‍ കൂടിയാണ്
പുറത്തു വരുന്നത്, നടപ്പാക്കുന്നത്…..                                  

      പക്ഷെ, ജനാധിപത്യ സംവിധാനം നിലനിര്‍ത്തുന്നത് ആ
രാഷ്ട്രീയക്കാരാണ്…..

      അതുകൊണ്ടാണ് സമൂഹത്തിനു വേണ്ട കാര്യങ്ങള്‍ വേണ്ടതു പോലെ നടക്കാത്തതും
സ്വപക്ഷക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പല ആനുകൂല്യങ്ങളും വീതിച്ചു
കൊടുക്കുന്നതായി അനുഭവപ്പെടുന്നതും….

      പക്ഷെ, പോലീസ് ഉള്ളതു കൊണ്ടാണ് സമൂഹം
ഇങ്ങിനെയെങ്കിലും നിലനില്‍ക്കുന്നത്…. അല്ലെങ്കില്‍ എല്ലാം ക്രിമിനലുകള്‍
കൈക്കാലാക്കി സൂഹത്തെ തന്നെ അടിമയാക്കിക്കളയുമായിരുന്നു….

      അത് നിങ്ങളുടെ തെറ്റായ ധാരണയാണ്…. ഏതു സമൂഹത്തെ എടുത്തു നോക്കിയാലും
ക്രിമിനലുകള്‍ ന്യൂനപക്ഷമാണ്… രാഷ്ട്രീയത്തിലും പോലീസിലുമൊഴിച്ച്……
ഭൂരിപക്ഷം, സദാചാരം പരമമായി കരുതുന്നതു കൊണ്ടാണ് സമൂഹം
നിലനില്‍ക്കുന്നത്, ……………..

      നിങ്ങള്‍ പറയുന്നതെല്ലാം ഞാന്‍ സമ്മതിക്കുന്നു, …… ഈ നിലപാടില്‍  നിന്നു കൊണ്ട്,
സമൂഹത്തിന്‍റെ നന്മയെ സൂക്ഷിക്കാന്‍ താല്പര്യപ്പെടുന്ന വ്യക്തിയെന്ന
നിലയില്‍ ഒരു സാക്ഷ്യപ്പെടുത്തല്‍ ഞാന്‍ പ്രതീക്ഷിക്കുന്നു….

      സാക്ഷ്യപ്പെടുത്തലോ…….  

      അതെ……ഞാന്‍ ഇവിടെ ഒരു വീഡിയോ പോസ്റ്റു ചെയ്യുകയാണ്, അത് നിങ്ങള്‍ കണ്ട് കഴിഞ്ഞിട്ട് ഞാന്‍ വീണ്ടും വാട്ട്സാപ്പില്‍ വരാം,
അപ്പോള്‍ എന്തു ചെയ്യണമെന്ന് പറയാം…..

      അയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ട് നെറ്റ് കട്ട് ചെയ്ത് വാട്ട്സാപ്പില്‍
നിന്നും പുറത്തു പോയി.

      സിസിടിവിയുടെ മങ്ങിയ ദൃശ്യങ്ങളാണ്.

      ഒരു ഓഫീസ് റുമിനു മുന്നില്‍ കാത്തിരിക്കുന്ന കുറച്ചു പേര്‍….
അല്ലെങ്കില്‍ ഹോസ്പിറ്റലില്‍ രോഗികളുടെ ഇരിപ്പിടങ്ങളില്‍ ഡോക്ടറുടെ വിളിയെ
കത്തിരിക്കുന്നവര്‍….. അതില്‍ ഞാനും. മങ്ങിയ ദൃശ്യങ്ങളില്‍ നിന്നും എന്നെ ആദ്യം
തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു.  അത്
അങ്ങിനെയെ സംഭവിക്കൂ.  ഏതു തിരക്കിലും
സ്വന്തം രൂപമുണ്ടെങ്കില്‍ ആദ്യം കാഴ്ചയില്‍ വരുന്നത് അതായിരിക്കുമല്ലൊ.  അത് എവിടെ ആയിരിക്കാമെന്നാണ് അടുത്ത്
ചിന്തിച്ചത്…. അതെ, അത് തന്നെ, അടുത്ത
നാളില്‍ ഉണ്ടായിരിക്കുന്ന കാര്യമല്ല. 
പക്ഷെ, ആ മുറിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തിരഞ്ഞു
നോക്കിയപ്പോള്‍.. അവിടെ പലപ്രാവശ്യം പോയിട്ടുണ്ടെന്നൊരു തോന്നല്‍….. ആ തോന്നല്‍
വികസിച്ചു.  മനസ്സിലാക്കാന്‍
കഴിയുന്നു….അവിടെ ഇരിക്കുന്ന ഓരോ മുഖങ്ങളിലേക്ക് അന്വേഷണങ്ങള്‍
വികസിപ്പിച്ചു.  അതില്‍ കണ്ടിട്ടുള്ള
മുഖങ്ങളാണ് തെരഞ്ഞത്…. എനിക്ക് ശേഷമിരിക്കുന്ന രണ്ടുപേരെ ഒട്ടും ഓര്‍മ്മ
കിട്ടുന്നില്ല.  മുമ്പ് ഇരിക്കുന്ന നാലു
പേരില്‍ ഒരു മുഖം…. അത് ഒരു സ്ത്രീയാണ്… അവരെ ഓര്‍മ്മിക്കുന്നു.  അതെ, ഇത് സംസ്ഥാനത്തിന്‍റെ
ഭരണ സിരാകേന്ദ്രത്തിലാണ്. ഒരു മന്ത്രിയുടെ ഓഫിസിന് മുന്നിലാണ്.  ഞാന്‍ വന്നിരിക്കുന്നത് സര്‍ക്കാരിനു വേണ്ടി
രണ്ടു മുന്നു സാക്ഷ്യങ്ങള്‍ ചെയ്ത് കഴിഞ്ഞ് പുതിയ ഒരു സാക്ഷ്യപ്പെടുത്തലിന് മാര്‍ഗ
നിര്‍ദ്ദേശങ്ങള്‍ക്കു തേടിയാണ്,  ഈ ഓഫിസ് കോമ്പൗണ്ടിന്‍റെ പല കോറിഡോറുകളിലും വച്ച് പലപ്പോഴും ആ സ്ത്രീയെ
കണ്ടിട്ടുണ്ട്.  ആരു കണ്ടാലും ഒന്നുകൂടി
നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാന്ത്രിക സ്പര്‍ശം ആ ദേഹത്തിനുണ്ട്……കുറച്ച്
വലിപ്പം കൂടി, ദൃഢവും വ്യക്തവുമായ അവയവങ്ങളോടു കൂടിയ
സ്ത്രീ….. സദാമുഖത്ത് പുഞ്ചിരിയെ നിലനിര്‍ത്തി, കണ്‍കോണില്‍
ആരെയും ഏതു നേരത്തും ക്ഷണിക്കുന്ന ഒരു തന്ത്രത്തെ ഒളിപ്പിച്ചു വച്ച് ഇത്തിരി
ഉലച്ചിലോടു കൂടിയ നടത്തമുള്ള സ്ത്രീ….. അവരുടെ അടുത്തിരിക്കുന്ന പുരുഷന്‍…
പലപ്പോഴും അയാളെയും അവരുടെ കൂടെ കണ്ടിട്ടുണ്ട്…..അതെ, ഇത്
എനിക്ക് ഏറ്റവും അടുപ്പമുള്ള മന്ത്രിയുടെ ഓഫീസ് മുറിക്ക് മുന്നിലാണ്…… എനിക്ക്
മുന്നേ അവര്‍ മന്ത്രിയുടെ മുറിയിലേക്ക് കയറിപ്പോകുമ്പോള്‍ ദൃശ്യത്തെ കട്ട്
ചെയ്തിരിക്കുന്നു…..

      വാട്ട്സാപ്പില്‍ ഒരു കുറിപ്പിട്ടു.

      എന്തിനാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്,  എന്താണ് നിങ്ങള്‍ക്ക്
വേണ്ടത്……

      അയാള്‍ വാട്ട്സാപ്പില്‍ നിന്നും പോയി എന്നായിരുന്നു എന്‍റെ ധാരണ, പോയിരുന്നില്ല.  ഉടന്‍ മറുപടി
വന്നു. 

      നിങ്ങള്‍ ഒന്ന് സാക്ഷ്യപ്പെടുത്തണം…. കാര്യമായ ഒന്നുമല്ല….. ആ സ്ത്രീ
മന്ത്രിയുടെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടതാണെന്ന്…. ആ സ്ത്രീയെ നേരത്തെ
തന്നെ അറിയുമെന്ന്…. ആ സ്ത്രീയുടെ സ്വഭാവമറിയുമെന്ന്,  അതുകൊണ്ട് പോയിരിക്കുന്നത്
എന്തിനെന്ന്…..

      വാട്ട്…..

      സംസ്ഥാനം കണ്ട ഏറ്റവും വലിയ ഒരഴിമതി തെളിയാന്‍ പോകുന്നതിന്‍റെ
മുന്നോടിയാണിത്…. ജനാധിപത്യസംവിധാനത്തിലൂടെ വന്ന ഒരു ഭരണ സംവിധാനം അവരെ
തെരഞ്ഞെടുത്തു വിട്ട ജനങ്ങളോടു ചെയ്തത്, ചെയ്യുന്നത്
എന്തെന്ന് സമൂഹത്തെ അറിയിക്കുന്നതിന്‍റെ ഭാഗമാകാന്‍ പോകുകയാണ് നിങ്ങള്‍……..

      എനിക്ക് എഴുതാന്‍ കഴിയുന്നില്ല, 
അയാള്‍ എഴുതുന്നു.

      ഇതില്‍ നിന്ന് പിന്മാറാന്‍ പഴുതുകളൊന്നും അവശേഷിക്കുന്നില്ല,  ഇത് ചെയ്യുന്നത് പ്രതിപക്ഷത്തു
നില്‍ക്കുന്ന പാര്‍ട്ടി തന്നെയാണ്…. നിങ്ങള്‍ ചെയ്തേ തീരൂ…..

      അവര്‍ മുറിയിലേക്ക് കയറിപ്പോയതു ശരിയാണ്, പക്ഷെ,  അവര്‍ തനിച്ചല്ല… കൂടെയുള്ള
ആളും പോയിരുന്നു…. അയാള്‍ അവരുടെ ഭര്‍ത്താവാണെന്നാണ് എന്‍റെ ധാരണ…പിന്നെ
നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍…. അപ്രസക്തമാണ്…..

      ഇപ്പോള്‍ രണ്ട് ദൃശ്യങ്ങള്‍ കൂടി പോസ്റ്റ് ചെയ്യുകയാണ്…. അതില്‍ ഒന്ന്
സിസിടിവി യില്‍ നിന്നുള്ളതും മറ്റൊന്ന് ഫോണ്‍ വീഡിയോയില്‍ എടുത്തും …. കൂടുതല്‍
വ്യക്തതയില്‍ പലതും കാണാല്‍ കഴിയും….. കണ്ടു നോക്കുക…..

      സിസിടിവി ദൃശ്യത്തില്‍ ഓഫീസ് മുറിയില്‍ ആ സ്ത്രീയും ഭര്‍ത്താവും
മന്ത്രിയും സംസാരിച്ചിരിക്കുന്നതു തന്നെ….. ഫോണ്‍ വീഡിയോയില്‍ വ്യക്തമായി
കാണുന്ന ദൃശ്യങ്ങള്‍ ആരെയും വശീകരിക്കാന്‍ കഴിയുന്ന സ്ത്രീ ശരീരത്തിന്‍റെ
നഗ്നമാക്കപ്പെട്ട ഉടല്‍ഭൗതീകതയാണ്……

      വാട്ട്സാപ്പിനെ തല്ലിക്കെടുത്തി… നെറ്റിനെ അകറ്റി ഫോണ്‍ കിടക്കയിലേക്ക്
വലിച്ചറിയുമ്പോള്‍…. അസ്ഥാനത്ത് പാമ്പിനെ ഇരുത്തിയതു പോലെ,  മലം വാരിയതു പോലെ…..

      പിന്നീടു വന്ന നിമിഷങ്ങള്‍….. മണിക്കൂറുകള്‍….. ദിവസങ്ങള്‍……

      ബന്ധപ്പെട്ടു നില്‍ക്കുന്ന വാതിലുകളെല്ലാം തട്ടി നോക്കി, കാവലാളുകളോടൊക്കെ ചര്‍ച്ചകള്‍ നടത്തി, നിയമത്തിന്‍റെ
പഴുതുകള്‍ തിരഞ്ഞു…….സഹായിക്കണമെന്ന് മനസ്സുള്ളവര്‍ പോലും നിസ്സഹായാവസ്ഥ
വിവരിക്കുന്നു……. എതിര്‍ നിരയുടെ ഇടപെടലുകള്‍ അത്രക്ക് ശക്തമാണ്….

      സപ്തനാഡികളും തളര്‍ന്ന്….ബോധമാകെ ഭ്രാന്തിന്‍റെ വൈറസ്സ്
നിറഞ്ഞ്….മനസ്സ് പിച്ചിച്ചീന്തപ്പെട്ട്…….കുടുംബവും ബന്ധങ്ങളും
നശിക്കുമെന്ന് ഉറപ്പാക്കപ്പെട്ട്……വളര്‍ത്തിയെടുത്ത ഉന്നതത്വവും സമ്പത്തും
അസ്തമിച്ചെന്ന് തീര്‍ച്ചപ്പെടുത്തി….. ഇരുപത്തിയഞ്ച് നിലകളുള്ള ഈ ഫ്ളാറ്റിലെ
മുറിയില്‍ ഏകനായി…… അടുത്ത മുറികളിലും ചുവരുകളില്‍പ്പോലും
കാവലാളുകളുമായി…….

      സാക്ഷ്യപ്പെടുത്താന്‍ തീരുമാനിച്ചു…..

      ഒരു പക്ഷെ, അവസാനത്തെ ജീവിത നിമിഷങ്ങള്‍……

      ശരീരം വൃത്തി വരുത്താതെ…. നിത്യേന ആദ്യം കഴിക്കുന്ന ചെറുനാരങ്ങ പിഴിഞ്ഞ
ചായ കുടിക്കാതെ….. ഒരിറക്ക് വെള്ളം പോലും അകത്തേക്ക് വിടാതെ….. ഉമിനീരു പോലും
ഇറക്കാതെ……

      ഫ്ളാറ്റിലെ മുറിക്ക് പുറത്തേക്ക് …..

      അവസാനത്തെ സാക്ഷ്യപ്പെടുത്തല്‍……

@@@@@@




ഇരുള്‍

പന്തല്‍
പണി കഴിഞ്ഞിരിക്കുന്നു.

      നീലച്ച ടാര്‍പ്പോളിന് താഴെ വെള്ള വിരിച്ച്, വെള്ളയില്‍ വേണ്ടിടത്തെല്ലാം പൂക്കളും പല വക ചിത്രങ്ങളും
ചെയ്ത്,
ചെത്തി മിനുക്കിയ തറയില്‍ ചുവന്ന പരവതാനി വിരിച്ച്, വേണ്ടിടത്തൊക്കെ കസേരകള്‍ നിരത്തി, വേണ്ടിടത്തു മാത്രം കസേരകള്‍ക്ക് മുന്നില്‍ ടേബിളുകള്‍
നിരത്തി,
കസേരകളേയും ടേബിളുകളേയും ഒരേ നിറത്തിലുള്ള വിരികളാല്‍
പുതപ്പിച്ച്, വ്യത്യസ്ഥ വീക്ഷണം കിട്ടും
വിധത്തില്‍ ചില കോണുകളിള്‍ ആഹാരം നിരത്താനുള്ള ടേബിളുകള്‍ തയ്യാറാക്കി, എവിടെ നിന്നും കാണും വിധം ഒരു മണ്ഡപവും ഒരുക്കി പന്തലിന്‍റെ
പണി പൂര്‍ത്തിയായിരിക്കുന്നു. ഫാനുകള്‍ എല്ലാമൊന്നും കറങ്ങി തുടങ്ങിയിട്ടില്ല, അവിടവിടെ കറങ്ങുന്നതു കൊണ്ടു തന്നെ പന്തലിനുള്ളില്‍ തണുപ്പ്
കിട്ടുന്നുണ്ട്. അന്തരീക്ഷം ഈര്‍പ്പമയമായതു കൊണ്ടാകാം, പിന്നെ ചൂടുകൂട്ടാനായിട്ട് ആളുകളെത്തി
തുടങ്ങിയിട്ടുമില്ല.  ജോലിക്കാരെ മാത്രമേ
കാണാനുള്ളു.  പന്തലിന്‍റെ പ്രവേശന
വഴിയിലെത്തുമ്പോള്‍ സ്വാഗതമോതുന്നിടത്തു തന്നെ വ്യക്തതയോടെ കാണാന്‍വേണ്ടി റോയല്‍
ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിന്‍റെ വിലാസം വച്ചിട്ടുണ്ട്, ഫോണ്‍ നമ്പറുകളുമായിട്ട്. പന്തല്‍ കണ്ട് അത്ഭുതപ്പെടുന്നവര്‍
ആ വിലാസവും ഫോണ്‍ നമ്പറും കുറിച്ചെടുക്കാതിരിക്കില്ല.

      വെളുത്ത മുണ്ടും ഷര്‍ട്ടും ഇസ്തിരിയിട്ട് വടിപോലെ വേണ്ട, എന്നാല്‍ വൃത്തിയായിരിക്കണം. ഒരു ദിവസത്തെ വളര്‍ച്ചയുള്ള
കുറ്റിത്താടിയായിരിക്കണം.  മുടി
ചീകിയൊതുക്കിയിരിക്കണം. വേണ്ടി വന്നാല്‍ പണി സമയത്ത് മാറ്റിയുടുക്കാന്‍  ഒരു കൈലി മുണ്ടും ഷര്‍ട്ടും തോര്‍ത്തും
കരുതിയിരിക്കണം. ഇവന്‍റ് മാനേജ്മെന്‍റ് എല്ലാ കാര്യങ്ങളും എടുത്തു നടത്തുകയാണ്.
പന്തല്‍ പണി മുതല്‍ സദ്യയും ഫോട്ടോ പിടിയും വധുവിനെ ഒരുക്കലും വരെ അവരുടെ
നോട്ടത്തിന്‍ കീഴിലാവും.  എന്നാല്‍ ഓരോ
ജോലികള്‍ ഓരോ മാറി മാറിയുള്ള നോട്ടക്കാരുണ്ടാകും. അതില്‍ ആരുടെ കീഴില്‍
കയറിപ്പറ്റണമെന്ന് അവിടെയെത്തി സാഹചര്യവും സൗകര്യവും നോക്കി യുക്തിപൂര്‍വ്വം
ചെയ്യണം. അത് തനിക്കാവും അതിനുള്ള യുക്തിയും തന്ത്രവും അഭിരുചിയും
തനിക്കുണ്ട്.  അതു തന്നെ കണ്ടാലറിയാം.

      കടിഞ്ഞാണ്‍ പിടിക്കുന്ന ഡോക്ടറുടെ വാക്കുകളെ അപ്പാടെ
സ്വീകരിച്ചാണ് ഇവിടെ എത്തിച്ചേര്‍ന്നത്. 
പക്ഷെ, പന്തലിന്‍റെ കമാനം കടന്ന് കാലു
വച്ചപ്പോള്‍ ഒരു വിറ ചെറുവിരലില്‍ നിന്നും അരിച്ചു കയറി ശിരസ്സിലെത്തി
ആകാശത്തേക്ക് പോയി.  അപ്പോള്‍, ഉറഞ്ഞു തുള്ളുന്ന പെണ്ണിന്‍റെ കൈയിലിരിക്കുന്ന തെങ്ങിന്‍
പൂക്കുലയുടെ സ്ഥിതിയായിരുന്നു ദേഹത്തിന്. 
പരിചയമുള്ള ഒരു മുഖം പോലും കാണല്ലേ എന്നാണ് അദ്യമേ പ്രാര്‍ത്ഥിച്ചത്.  ഇവിടെ അങ്ങിനെ പരിചയ മുഖങ്ങള്‍ കാണേണ്ട
കാര്യമില്ല.  പക്ഷെ, അപരിചിതത്വം ഏതു വിഭാഗത്തിന്‍റെ കൂടെ കൂടുമെന്ന കാര്യത്തില്‍
ബാധിക്കാം.  പന്തല്‍ പണികഴിഞ്ഞ സ്ഥിതിക്ക്
ഇനി കൂട്ടു കൂടേണ്ടവര്‍ പാചകക്കാര്‍, വിളമ്പുകാര്‍, പാത്രം , ടേബിള്‍ വൃത്തിയാക്കുന്നവര്‍, പരിചാരകര്‍, പുകഴ്ത്തു പാട്ടുകാര്‍…. പക്ഷെ, അവരൊന്നും എത്തി കൊഴുപ്പായിട്ടില്ല.

      പന്തല്‍ വിട്ട് അങ്കണവും ഗൃഹവും ഒറ്റപ്പെട്ടു നില്കുന്നതു
പോലെയാണ്.  അങ്കണവും ഗൃഹവും
അലങ്കരിച്ചിട്ടുണ്ട്., അതിന് പ്രത്യേക
വീക്ഷണമാണ്, ആരെയും മോഹിപ്പിക്കുന്ന
വിധത്തില്‍. വീട്ടിലേക്ക് വിരുന്നുകാരെത്തുന്നുണ്ട്.  അവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ളയിടം
പന്തലിന്‍റെ എതിര്‍ ദിശയില്‍ മതില്‍ക്കെട്ടിനുള്ളില്‍ തന്നെ മൈതാനമായി കിടക്കുന്നിടത്താണ്.  പുല്ലു വെട്ടി നിരപ്പാക്കിയ സ്ഥലം തന്നെയാണ്.

      ങാ…. സനലു വന്നോ…. എന്തേ വൈകിയത്… ആ പൂക്കളെടുത്ത്
അകത്തേക്ക് കൊടുത്തേക്ക്…

      നിൽകക്കള്ളിയില്ലാതെ ചതുരംഗ പലകയുടെ പുറത്ത് പോകേണ്ടി
വരുമെന്നു കരുതിയിരിക്കെ,  അല്ലെങ്കില്‍ കാലെത്താകയത്തില്‍ വെള്ളം കുടിച്ച് തുഴഞ്ഞു
കൊണ്ടിരിക്കെ,  അങ്ങിനെയെരു ചോദ്യം കിട്ടിയപ്പോള്‍ അവന് സമാധാനമായി.  പേരു മാറിയാലെന്താ അവിടെ തുടര്‍ന്ന് നിൽക്കാനുള്ളൊരു
പഴുതു കിട്ടിയിരിക്കുകയല്ലെ…..

      സനലെന്ന പേര് സ്വീകരിച്ചു കൊണ്ട് അവന്‍ അകത്ത്
കൊടുക്കുവാനുള്ള പൂക്കളെ തിരഞ്ഞു. പൂക്കള്‍ അവനെ കാത്ത് പന്തലിന്‍റെ കമാനത്തിന്
താഴെ,
ചുവന്നതും മഞ്ഞയും പച്ചയും വര്‍ണ്ണ കടലാസുകളാല്‍
അലങ്കരിക്കപ്പെട്ടിരിക്കുന്ന കമാന കാലിനെ തൊട്ട് കൊണ്ട് പനയോലക്കൂടയില്‍
ഇരുപ്പുണ്ടായിരുന്നു. 
പൂക്കൂടയെടുത്തപ്പോഴാണ്  കക്ഷത്തിലെ
പണി വസ്ത്രങ്ങളുടെ കാര്യമോര്‍ത്തത്.  ആദ്യം
വസ്ത്രം മാറിയാലോ എന്ന് ചിന്തിച്ചതാണ്, പക്ഷെ, വീടിന്‍റെ അകത്തേക്ക്
പോകേണ്ടതുള്ളതു കൊണ്ട് വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് കൂടുതല്‍ യോഗ്യമെന്ന്
രണ്ടാമതു ചിന്തിച്ച് പൂക്കൂടയെടുത്ത് തോളില്‍ വച്ച് തുണിക്കൂടിനെ കക്ഷത്തില്‍
തന്നെ ഇരിക്കാന്‍ അനുവദിച്ച് അകത്തേക്ക് നടന്നു. 
കൊട്ടാര സദൃശമായ വീടിന്‍റെ പ്രധാന വാതില്‍ കടന്നപ്പോള്‍ അവനു വീണ്ടും
വിറയല്‍ തോന്നി.  പക്ഷെ, മനക്കോണില്‍ തെളിഞ്ഞു വന്ന ഡോക്ടറുടെ മുഖം വിറയലിനെ
ഓടിച്ചകറ്റി,  അകത്ത്  കടക്കാനുള്ള ത്രാണി നല്‍കി.

      സിറ്റൗട്ടില്‍, സിറ്റിംഗ് റൂമില്‍, ഡൈനിംഗ്
ഹാളിലെല്ലാം വിരുന്നു കാര്‍ നിറഞ്ഞിരിക്കുന്നു. 
അവരുടെയൊക്കെ സംസാരങ്ങള്‍, വ്യത്യസ്തമായ
ഈണത്തില്‍, ശൈലിയില്‍ അവിടെയാകെ അലയൊലികള്‍
ഉതിര്‍ക്കുന്നു.  സനലെന്ന വ്യാജ
നാമക്കാരനായ അവന്‍ പൂക്കൂട എവിടെ വയ്ക്കും, ആരെ ഏല്‍പ്പിക്കുമെന്ന് പരതി നില്‍ക്കുമ്പോള്‍,

      ങാ… ജെയിംസേ… നീ വന്നോ… പൂവ് ആ  വടക്കേ മുറിയിലേക്ക് കൊടുത്തേക്ക്…..

      അവനെ ജെയിംസെന്ന് 
വീണ്ടും മറ്റൊരു വ്യാജ നാമത്തില്‍ വിളിച്ച ആളിനെ കണ്ടപ്പോള്‍ വീണ്ടും ഒരു
വിറയല്‍ അവനില്‍ പടര്‍ന്നു കയറി പുറത്തേക്ക് പോയി.  അയാളും അവനെ കണ്ടു.

      ഓ ജെയിംസല്ലേ, എന്താ പേര്….

      സനല്‍….

      മറുപടിക്കവന്‍ അവന്‍റെ ആദ്യ വ്യാജ നാമം ഉപയോഗിച്ചു. ആദ്യം
വിളിച്ച ആള്‍ക്ക് ഏതോ ഒരു സനലിന്‍റെ ഛായ തോന്നിയിരിക്കാം. ഇവിടെ പിടിച്ചു നില്‍ക്കാന്‍
ആ പേരാണ് കൂടുതല്‍ യോജ്യമെന്നു തോന്നി.

      സനലേ ജെയിംസ് വന്നില്ലേ…..

      ഇല്ല വരും.

      ങാ…. സനലിവിടെ കാണണം, എല്ലാമൊന്നു നോക്കി കൊള്ളണം.

      ഓ….

      ആദ്യം സനലെന്നും പിന്നീട് ജെയിംസെന്നും വിളിക്കപ്പട്ട അവന്
ഇതേവരെ നടന്നതെല്ലാം നന്നായി ബോധിച്ചു. 
ഇനി ഇവിടെ പിടിച്ചു നില്‍ക്കാന്‍ ഒരു പണി മുണ്ടിന്‍റേയും ഒരു പണിഗ്രൂപ്പിന്‍റേയും
ആവശ്യമില്ലെന്നവന് തോന്നി.   ഒരു പടി കൂടി
മുകളിലേക്ക് കയറി മേല്‍നോട്ടകാരനാകുകയും ചെയ്തിരിക്കുന്നു.  അതിന് വെളുത്ത മുണ്ടും ഷര്‍ട്ടും തന്നെ കൂടുതല്‍
കാമ്യം.  അവന് ആ അധികാരത്തെ
കൊടുത്തിരിക്കുന്നത് ഈ വീടിനെ സംബന്ധിച്ച ഉന്നതാധികാരി തന്നെയാണ്.  ഡോക്ടര്‍ കാണിച്ച ഫോട്ടോയില്‍ തേങ്ങായുടെ
മുക്കണ്ണുപോലെ അടുക്കിയ മൂന്നു മുഖങ്ങളില്‍ ഒന്ന്, ഒരേയൊരു പുരുഷന്‍.  അതിലെ രണ്ടു
പെണ്ണുങ്ങളെ ഇനി കണ്ടെത്തണം.  ഒന്ന്
അയാളുടെ ഭാര്യയും, മുക്കണ്ണില്‍
നടുക്കു കണ്ടത് അവരുടെ മകള്‍ ധന്യയുമാണ്. 
അയാള്‍ തോമസ്സും ഭാര്യ ഷേര്‍ളിയും.

      പൂക്കൂട എത്തിക്കേണ്ടിയിരുന്ന വടക്കേ മുറിയുടെ വാതില്‍ക്കലെത്തും
മുമ്പു തന്നെ ഷേര്‍ളിയെയും അവന് കാണാന്‍ കഴിഞ്ഞു. 
അവന്‍ അടഞ്ഞു കിടന്നിരുന്ന വടക്കേ മുറി വാതില്‍ മുട്ടി കാത്തു നിന്നു. മുറി
സാവധാനം അഞ്ചോ ആറോ ഇഞ്ച് തുറന്ന് പുറത്തേക്ക് ഒരു സ്ത്രീ തല നീട്ടി അവനെ കണ്ടു.

      കഴിഞ്ഞില്ല.

      വേണ്ട… പൂവു കൊണ്ടു വന്നതാണ്….

      ഓ….

      പൂക്കൂട ഉള്ളിലേക്കെടുക്കാന്‍ വേണ്ടി വാതില്‍ മലര്‍ക്കെ
തുറന്നപ്പോള്‍, അകത്ത് കസേരയില്‍ ഏതെല്ലാമോ
നിറത്തിലുള്ള, എന്തെല്ലാമോ, മുഖത്തും കഴുത്തിലും കൈകളിലും പുരട്ടിയിരിക്കുന്നു, മുക്കണ്ണില്‍ നടുക്ക കണ്ട ധന്യ, അവളേയും അവന്‍ കണ്ടു.

      ചേട്ടന്‍ ഇവിടെ കാണില്ലെ… എന്തെങ്കിലും വേണമെങ്കില്‍
വിളിക്കാം….

      ഓ…

      അവന് ഉറപ്പായി, അവന്‍ ഈ വീട്ടില്‍, ഈ ആവശ്യത്തിന്
വളരെ വേണ്ടപ്പെട്ടവനായി കഴിഞ്ഞിരിക്കുന്നു. 
ആ സ്വാതന്ത്ര്യത്തോടെ എവിടെ വേണമെങ്കിലും കയറിയിറങ്ങാം… ഒട്ടും
പ്രതീക്ഷിക്കാത്ത രീതിയിലാണ് എല്ലാം ശരിയായി വന്നു കൊണ്ടിരിക്കുന്നത്.  ഇനി അവന് പണി മുണ്ടിന്‍റെയും ഷര്‍ട്ടിന്‍റെയും
ആവശ്യമില്ല.  അതിനെ അടുത്തു കണ്ട
സെറ്റിയുടെ അടിയില്‍ തിരുകി വച്ചു.  അതു
കണ്ട ഒരു അതിഥി  ചിരിച്ചു.  ആതിഥേയന്‍റെ അടുത്ത സഹകാരി കൊടുക്കേണ്ട
പരിഗണനയില്‍ അവന്‍ തിരിച്ചൊരു മന്ദഹാസം നല്‍കി, നന്ദി സൂചകമായിട്ട്. അയാള്‍ക്ക് മാത്രമായിട്ടല്ല, അവിടെ കണ്ട എല്ലാവര്‍ക്കും വേണ്ടിയിട്ട്.  ശേഷം അവന്‍ ഉത്തരവാദിത്വമുള്ള മേല്‍
നോട്ടക്കാരന്‍റെ ഗമയെ സ്വീകരിച്ച് എല്ലായിടത്തും നോട്ടമെത്തിച്ച് തലങ്ങും വിലങ്ങും
നടന്നു.

      ആ വീട്ടില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നാളെ നടക്കാന്‍
പോവുകയാണ്, തോമസ്സ് ഷെര്‍ളി ദമ്പതികളുടെ
ഒരേയൊരു മകള്‍ ധന്യയുടെ മനസ്സമ്മതം.  അതിന്‍റെ
തലേ രാത്രിയായ ഇന്ന് മധുരം വയ്പും അതിനോടനുബന്ധിച്ച ചടങ്ങുകളും അടുത്ത ബന്ധുക്കള്‍ക്കും
സുഹൃത്തുക്കള്‍ക്കുമുള്ള വിരുന്നിനുള്ള ഒരുക്കങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.

      പന്തലില്‍, വീട്ടില്‍
തിരക്കേറിക്കൊണ്ടിരിക്കുന്നു.  അവന്‍ മേല്‍
നോട്ടത്തിനിടയില്‍ ഒന്നു പുളഞ്ഞു. മടിയില്‍ തിരുകി വച്ചിരിക്കുന്ന മോബൈല്‍ ഫോണ്‍
സൈലന്‍റ് മോഡില്‍ വൈബ്രേറ്ററില്‍ ആക്കിയിരിക്കുകയായിരുന്നു.  അതിലേക്ക് ഒരു വിളി വന്നിരിക്കുകയാണ്.  തിരക്കില്‍ നിന്നൊഴിഞ്ഞ് നിന്ന് ഫോണെടുത്തു.

      ശരത്തേട്ടാ…… അവിടെയെത്തിയോ… ജോലി തുടങ്ങിയോ…
എന്താണ് ജോലി…..

      ശരത്തെന്ന് യഥാര്‍ത്ഥ പേരുള്ള സനല്‍ എന്നും ജയിംസ് എന്നും
വ്യാജ പേരുകളുണ്ടായിരിക്കുന്ന അവന്‍റെ ഭാര്യയാണ് വിളിച്ചിരിക്കുന്നത്.

      ഇപ്പോള്‍ ഒരു മനസ്സമ്മതത്തിന്‍റെ മേല്‍ നോട്ടപ്പണിയാണ്
ബുദ്ധി മുട്ടൊന്നും തോന്നുന്നില്ല, മോനെങ്ങിനെ….

      അവന് നല്ല സുഖമില്ല… ഡോക്ടര്‍ വന്നു നോക്കിയിട്ടു
പോയതേയുള്ളൂ… നാളത്തന്നെ ഓപ്പറേഷന്‍ നടത്താമെന്ന പറഞ്ഞു.  ശരത്തിനെ ഏല്‍പിച്ച ജോലി തീര്‍ത്തിട്ടു വന്നാല്‍
മതിയെന്നാണ് പറഞ്ഞത്… അതെന്നാ ജോലിയാ ചേട്ടാ… ഇത്രേം വലിയ കൂലി കിട്ടാന്‍
പാകത്തിന്…. എന്തായാലും ജോലി വേഗം തീര്‍ത്ത് ഇങ്ങെത്തണം … എനിക്ക്
പേടിയാകുന്നു… മോന്‍റെ മുഖത്ത് നോക്കാന്‍ പോലും ഇപ്പോള്‍ ധൈര്യമില്ല……

      ഞാന്‍ പിന്നെ വിളിക്കാം എന്നെ ആരോ തിരക്കുന്നു…..

      അതായത് ശരത്തെന്ന സനല്‍ അഥവാ ജയിംസ് ഇവിടെ
എത്തിയിരിക്കുന്നത് ഏതോ ജോലിയുടെ ഭാഗമായിട്ടാണെന്ന് വ്യക്തമായി.  ആ ജോലിയെന്തെന്നറിയാന്‍ ശരത്തിന്‍റെ
മനസ്സിലേക്ക് തന്നെ നോക്കേണ്ടിയിക്കുന്നു….. 
പക്ഷെ, അവിടം ശൂന്യമായൊരു ഗുഹ പോലെയാണ്
കാണുന്നത്. അവിടെ ഒന്നുമില്ല, ഇരുള് നിറഞ്ഞ്
ഭയാനകമായിട്ട്. ഒന്നുമില്ലാതെ ആയത് അടുത്തനാളിലാണ്.  നേരത്തെ, അവിടെ എന്തെല്ലാമോ ഉണ്ടായിരുന്ന കാലത്താണ് ശരത്തെന്ന ഹിന്ദു, സെലിന്‍ എന്ന അയല്‍പക്കത്തെ ക്രിസ്ത്യാനി പെണ്ണിനെ
പ്രണയിച്ചു വിവാഹം ചെയ്തത്. പക്ഷെ, ആദ്യ രാത്രി കഴിഞ്ഞ് നേരം പുലര്‍ന്ന് വീണ്ടും സന്ധ്യയായി രാത്രി എത്തുന്നതിനു
മുമ്പായി അവര്‍ മുഖത്തോടു മുഖം നോക്കിയിരുന്നു നാലു പ്രാവശ്യം ചോദിച്ചു.

      നമ്മള്‍ ചെയ്തത് വിഡ്ഢിത്തമായി പോയി അല്ലെ… ജാതിയും മതവും
അന്ധവിശ്വാസങ്ങളും വര്‍ഗ്ഗീയതയും ശക്തിയായി തിരികെ വന്നു കൊണ്ടിരിക്കുന്ന ഈ
കാലത്ത് നമ്മള്‍ ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല, അല്ലെ…..?

      പിന്നീട് എല്ലാ ദിവസവും രാത്രിയില്‍ ഉറങ്ങാന്‍
കിടക്കുമ്പോള്‍ അവര്‍ അങ്ങിനെ ഒരു പ്രാവശ്യമെങ്കിലും പരസ്പരം ചോദിച്ചു
കൊണ്ടിരുന്നു.  രണ്ടു പേരും ഒരിക്കലും
ഒത്തരം പറഞ്ഞില്ല, പിരിയാനും
കഴിഞ്ഞില്ല.  വീടും നാടും വിട്ട് കണ്ടാല്‍
തിരിച്ചറിയാത്തവരുടെ നാട്ടിലെത്തി വാടക വീട്ടില്‍, ഓട്ടോ ഓടിച്ച് ജീവിച്ചു.  ഒരു
മകനുണ്ടായി, രണ്ടു വയസ്സായി, ഇപ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ കിടക്കും നേരം
ഒരിക്കലെങ്കിലും ചോദിച്ചു വരുന്നു.

      അവരുടെ മകന് ഒഴിയാതെ നീരിളക്കവും പനിയും കഫ ശല്യവും
വന്നപ്പോള്‍, ജന്മനാ ശ്വാസകോശത്തിന്
ശോഷിപ്പുണ്ടെന്നു പറഞ്ഞപ്പോള്‍, ഓപ്പറേഷന്‍
മാത്രമേ പരിഹാരമുള്ളവെന്നു പറഞ്ഞപ്പോള്‍, ബന്ധു മിത്രാദികളുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും സഹായവും
സാന്ത്വനവും ഉണ്ടാകില്ലെന്നോര്‍ത്തപ്പോള്‍ അവരുടെ മനസ്സുകള്‍ തുള വീണു
ശൂന്യമായിപ്പോയി.  അവിടെ ഇരുള് നിറഞ്ഞ്
ബുദ്ധിശൂന്യമായി, സ്നേഹശൂന്യമായിപ്പോയി.
പിന്നീടൊരിക്കലും അവര്‍ മുഖത്തോടുമുഖം നോക്കിയിരിക്കുകയോ അങ്ങിനെ ചോദിക്കുകയോ
ചെയ്തില്ല. മകന് സ്വസ്ഥമായൊരു ജീവിതമുണ്ടാകണമെന്നു മാത്രം ചിന്തിച്ചു, ബാക്കിയെല്ലാം മറന്നു. 
ആഹാരം കഴിക്കണമെന്നതും, നീഹാരാദികള്‍
വേണമെന്നതും കൂടി പലപ്പോഴും മറന്നു.

      ആ മറവിയുടെ നേരത്ത് മനസ്സ് ഗുഹയായി,  ശൂന്യമായിരുന്ന
സമയത്ത് മകന്‍റെ ഡോക്ടര്‍ അവനോട് ഒരു ജോലി ചെയ്തു തന്നാല്‍ മകന്‍റെ ഓപ്പറേഷന്‍
സൗജന്യമായി ചെയ്തു കൊടുക്കമെന്നു പറഞ്ഞപ്പോള്‍ 
ആമോദപ്പെട്ടു.  ഡോക്ടര്‍ തേങ്ങയുടെ
കണ്ണുകളെപ്പോലെ അടുക്കി വച്ചിരിക്കുന്ന മൂന്നു മുഖങ്ങളുടെ ഫോട്ടോ കാണിച്ച്, നടുവില്‍ ഇരിക്കുന്ന ധന്യയെന്ന പെണ്‍കുട്ടിയുടെ വിവാഹ
നിശ്ചയം നടക്കാന്‍ പോകുകയാണ്, അത് നടക്കരുത്.
ഒരിക്കലും നടക്കാത്ത വിധം നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.  അവന്‍റെ മനസ്സ് ഗുഹയായി ഇരുള് നിറഞ്ഞ്
ശൂന്യമായിരുന്നതിനാല്‍ സസന്തോഷം സ്വീകരിക്കുകയും ചെയ്തു.  എന്തിനു വേണ്ടിയാണെന്ന് അവന്‍ ഒരിക്കല്‍
തിരക്കിയിരുന്നു. പക്ഷെ, ഡോക്ടര്‍ അത്
വ്യക്തമാക്കിയില്ല.  വ്യക്തമാക്കാത്തതു
കൊണ്ട് അവന്‍ വെറുതെ ഊഹിച്ചു, ധനത്തിനു
വേണ്ടിയാകാം, അധികാരത്തിനു വേണ്ടിയാകാം, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാകാം, വെറുതെ ഒരു വൈരാഗ്യത്തിനു വേണ്ടിയുമാകാം. പ്രതിഫലം മകന്‍റെ
സ്വസ്ഥമായജീവിതമാണ്. അതു തന്നെയാണ്, 
അതു മാത്രമാണ് അവന് വലുതായി
തോന്നിയത്, ഇപ്പോള്‍ ചിന്തിക്കേണ്ടതും അതു
മാത്രമാണെന്നു തീരുമാനിച്ചു.

      ധന്യയെന്ന ആ പെണ്‍കുട്ടി പന്തലിലെ മണ്ഡപത്തിലേക്ക്
ആനയിക്കപ്പെടുകയാണ്.  വശ്യമായൊരു
സുഗന്ധമായി, മനോജ്ഞമായൊരു കാഴ്ചയായി അവള്‍
വരുന്നത് ശരത്തെന്ന സനല്‍ അഥവാ ജയിംസ് കണ്ടു നില്‍ക്കുകയാണ്. അവന് ജോലി നല്‍കിയിരിക്കുന്ന
ഡോക്ടറുമുണ്ട്.  അപരിചിതനെപ്പോലെയെങ്കിലും
ഡോക്ടര്‍ അവനെ വീക്ഷിക്കുന്നുണ്ട്. 
മനോജ്ഞമായ ആ ദൃശ്യത്തിന്‍റെ ആസ്വാദനത്ത ഹനിച്ചു കൊണ്ട് അവന്‍റെ
മടിയിലിരുന്ന മോബൈല്‍ പ്രകമ്പനം കൊണ്ട് അവനെ ഇക്കിളിപ്പടുത്തി.

      ശരത്തേട്ടാ മോനു തീരെ സുഖമില്ല… ഡ്യൂട്ടി ഡോക്ടര്‍
വന്നിരുന്നു… ഒരിഞ്ചെക്ഷന്‍ കൂടി കൊടുത്തു…. ശരത്തേട്ടന്‍റെ ജോലിയെന്തായി…..

      നീ ഭയക്കരുത്… നാളെയെല്ലാം ശരിയാകും… മധുരം വയ്പ്
നടക്കുന്നതേയുള്ളൂ…. നമ്മുടെ മോന്‍റെ ഡോക്ടറും എത്തിയിട്ടുണ്ട്… അദ്ദേഹം
എന്നെത്തന്നെ നോക്കി നിൽക്കുകയാണ്… എത്രയും വേഗം ജോലി തീര്‍ത്ത് ഞാന്‍ വരാം…
നാളെ മോന്‍റെ ഓപ്പറേഷന്‍ നടക്കും…. അവന് സുഖമാകും….

      അന്തരീക്ഷത്തില്‍ മനുഷ്യരുടെ, ആഹാര സാധനങ്ങളുടെ, മദ്യത്തിന്‍റെ
ഗന്ധങ്ങള്‍ നിറഞ്ഞ്,  ഏതൊരുവനേയും മത്തരാക്കുകയാണെന്ന് ശരത്തിനു തോന്നി. സമയം
നീളവെ,
സംഗീതവും മധുരിക്കുന്ന വാക്കുകളും വീണ്ടും വീണ്ടും കേട്ടു
കൊണ്ടിരുന്നപ്പോള്‍ ശരത്തിന് അരോചകമായി തോന്നി തുടങ്ങി.  പാതിരയോടടുത്തിട്ടും പിരിഞ്ഞു പോകാത്തവരും
ഉറക്കത്തിലേക്ക് മടങ്ങാത്തവരും, ആര്‍ത്തിയോടെ
ഇപ്പോഴും മദ്യത്തെ സമീപിക്കുന്നവരും  അവനെ
വ്യാകുലനാക്കി. എന്നിട്ടും മടുത്തു മടങ്ങാതെ അവന്‍ കാത്തു.  വടക്കേ മുറിയുടെ വാതില്‍ ധന്യക്ക്
വിശ്രമിക്കാനായി അടഞ്ഞു.  ആ വാതിലിലേക്ക്
നോട്ടം കിട്ടും വിധം സെറ്റിയില്‍ അവനും ഉറക്കമാണെന്ന വ്യാജേന കണ്ണുകളടച്ച്
ചാരിക്കിടന്നു.

      ആഘോഷം കഴിഞ്ഞുള്ള രാത്രിയില്‍ മനുഷ്യന്‍റെ ശ്രദ്ധയും
കരുതലും കുറഞ്ഞിരിക്കുമെന്നും, ഏറ്റവും
കൂടിയാല്‍ ധനത്തെ മാത്രം സൂക്ഷിക്കുമെന്നും, മനുഷ്യനെ അത്ര ശ്രദ്ധയോടെകാണുകയില്ലെന്നും വളരെ വിദഗ്ധനെപ്പോലെ ഡോക്ടര്‍
പറഞ്ഞത് ശരത്ത് ഓര്‍മ്മിച്ചു.  അങ്ങിനെ
അശ്രദ്ധമായി കിട്ടാവുന്ന ഒരു നിമിഷത്തിനു വേണ്ടിയാണിപ്പോള്‍ അവന്‍
കാക്കുന്നത്.  വടക്കേ മുറിയില്‍
ധന്യയോടൊത്ത് ആരോ കൂടി ഉറങ്ങുന്നുണ്ട്. 
പക്ഷെ, കതക് അകത്തു നിന്നും പൂട്ടിയതിന്‍റെ
ശബ്ദം കേള്‍ക്കുകയുണ്ടായില്ലെന്ന് അവന്‍ ശ്രദ്ധിച്ചു.  അവർ വരുത്തിയിരിക്കുന്ന അശ്രദ്ധ അവന്
ഗുണകരമായിട്ടുണ്ടെന്ന് ഓര്‍ത്തു സന്തോഷിച്ചു. 
പക്ഷെ, ഒന്നു കൂടി അന്തരീക്ഷം
ശാന്തമാകാനുണ്ട്, ഗാഢമായ നിദ്രയിലേക്ക്
വീട് തളര്‍ന്നമരണം.

      യാതൊരു വിധ ആയുധങ്ങളും പുറമേനിന്നും കൊണ്ടു പോകരുത്, ശ്രദ്ധിച്ചാല്‍ എന്തെങ്കിലുമൊരായുധം നിനക്കവിടെ നിന്നും
കിട്ടും.  പുല്‍കൊടി പോലും ചിലപ്പോള്‍
പാറ്റന്‍ ടാങ്കിന്‍റെ അത്ര ശക്തമായ ആയുധമായി മാറിയിട്ടുള്ള ചരിത്രമുണ്ട്.  ഡോക്ടറുടെ വാക്കുകള്‍ അവന്‍റെ പരതലുകളെ
ഭിത്തിയില്‍ അലങ്കാര വസ്തുവായി വച്ചിരിക്കുന്ന ഗിത്താറിന്‍റെ തന്ത്രികളിലെത്തിച്ചു.  അഴിച്ചെടുത്ത രണ്ട് തന്ത്രികളെ തൂവാല കൈ
പത്തിയില്‍ചുറ്റും പോലെ ചുറ്റി.

      വെളുപ്പാന്‍ കാലം അന്തരീക്ഷത്തെ കൂടുതല്‍ തണുപ്പിച്ചു.  വീടിനെ സുഖ നിദ്രയിലേക്ക് വലിച്ചാഴ്ത്തി
കൊണ്ടുപോയി.  കൂര്‍ക്കം വലിയുടെ വ്യത്യസ്ത
രാഗങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരുന്നു.  ഉറക്കം കിട്ടാത്ത ഏതോ ഒരു ചീവീട് മാത്രം എവിടയോ
ഇരുന്ന് ഇടതടവില്ലാതെ ചിലക്കുന്നുണ്ട്. 
ഡോക്ടര്‍ പറഞ്ഞതു പോലെ ആഘോഷത്തിന്‍റെ അശ്രദ്ധ തന്നെ ധന്യയുടെ  മുറിയടെ വാതില്‍ പൂട്ടിയിരുന്നില്ല.  കതക് തുറന്ന് അകത്തു കയറി അടച്ച് ബഡ്റൂ
ലൈറ്റിന്‍റെ നേര്‍ത്ത ചുവന്ന വെളിച്ചത്തില്‍ സഹശയനയില്‍ നിന്നുംഏറെ അകന്ന് ആറടി
കട്ടിലില്‍ കുറുകെ ധന്യയുടെ ഉറക്കം അവനെ ഏറെ സന്തോഷിപ്പിച്ചു.  ക്ലാസ്മേറ്റ് എന്ന സിനിമയില്‍ സഫിയ സുകുവിനെ
തൂക്കിയതു പോലൊരു സാഹചര്യം ഏതു ദിശയില്‍ നിന്നും കിട്ടുമെന്നവന്‍
പരതിക്കൊണ്ടിരിക്കെ, അവനെ
ഇക്കിളിപ്പെടുത്തിക്കൊണ്ട് മോബൈല്‍ വിജ്രംഭിതയായി……

      കട്ടിലിന് കീഴിലുള്ള ഇരുളില്‍ മറഞ്ഞിരുന്നു കൊണ്ടവന്‍
മോബൈലില്‍ സെലിന്‍ പറയുന്നതു കേട്ടു..

      ശരത്തേട്ടാ…. നമ്മുടെ മോന്‍…. അവന്‍…. അവന്‍….

      തുടര്‍ന്ന് അടക്കാന്‍ കഴിയാത്ത കരച്ചിലായി അവളുടെ ശബ്ദം
പരിണമിച്ചു.

      പെട്ടന്ന് ശരത്തിന്‍റെ മനസ്സില്‍ ഗുഹ വീണ് ഇരുൾ
നിറഞ്ഞിരിന്നിടത്ത് എന്തോ വന്നു നിറയുന്നതുപോലെ തോന്നി.  ഇരുൾ നിറഞ്ഞ ശൂന്യതയിലേക്ക്, കറുപ്പിനെ നീക്കി എന്തെല്ലാമോ നിറങ്ങള്‍ വരുന്നതുപോലെ
തോന്നി. കൈപ്പത്തിയില്‍ ടൗവ്വല്‍ പോലെ ചുരുട്ടി പിടിച്ചിരുന്ന ഗിത്താര്‍ തന്ത്രികള്‍
കൈവിട്ട് തറയില്‍ വീണു.  നേരത്തെ പതുക്കെ
കട്ടിലിനടിയില്‍ പതുങ്ങിയ അവന്‍ തട്ടിപ്പിടഞ്ഞുണര്‍ന്ന് പുറത്ത് വന്ന്, മുറി വാതില്‍ തുറന്ന് പുറത്തേക്കോടി….

      മോര്‍ച്ചറിയുടെ മുന്നിലെ ബഞ്ചില്‍ സെലിന്‍ തനിച്ചായിരുന്നു, അവനെത്തുമ്പോള്‍. 
അവന്‍ അവളെ എടുത്ത് നെഞ്ചോടുചേര്‍ത്തു നിര്‍ത്തി..

      നമുക്ക് പോകാം….

      എവിടേക്ക്…. നമ്മുടെ മോന്‍…..

      അവനെ ഇനി നമുക്ക് വേണ്ട… ഡോക്ടറെടുത്തു കൊള്ളെട്ടെ….
ഡോക്ടര്‍ ഏല്‍പ്പിച്ച ജോലിയെനിക്ക് ചെയ്യാനായില്ല… അതുകൊണ്ട് നമ്മുടെ മകനെ ഏല്‍ക്കാനുള്ള
യോഗ്യത നമുക്കില്ല… നമുക്ക് പോകാം…..

      അവന്‍ അവളെ ഗ്രഹിച്ച് ഹോസ്പ്പിറ്റലിന് പുറത്തേക്കോടി…..

      ഗുഹ തീര്‍ന്ന് ഇരുളു നിറഞ്ഞിരുന്ന അവന്‍റെ മനസ്സില്‍ വിവിധ
വര്‍ണ്ണങ്ങള്‍ നിറഞ്ഞ് പ്രഭാത കിരണങ്ങളായിരിക്കുന്നു.  ആ പ്രഭാത കിരണങ്ങള്‍ക്ക് നടുവില്‍ ധന്യയെന്ന
പെണ്‍കുട്ടിയുടെ സുന്ദരമായ മുഖം തെളിഞ്ഞു വരുന്നു.

      അവര്‍ അലക്ഷ്യമായി പലായനം ചെയ്തു,  കണ്ടാല്‍
തിരിച്ചറിയാത്ത മറ്റൊരിടത്തേക്ക്….

@@@@@@@




കാവ്

എന്തിനാണ്‌ മകളെ നിന്റെ മുഖം കറുത്തത്‌, അങ്ങിനെ കറുക്കാൻ പാടില്ല. നിന്റെ പേരെന്തെന്ന്‌ മറന്നോ…. ‘നിതാര’യെന്നാണ്‌. നിതാരയെന്നാൽ നിത്യവും താരമായിരിക്കുന്നവളെന്നാണ്‌. താരമായിരി

ക്കുകയെന്നാൽ പ്രകാശിക്കുകയെന്നാണ്‌ അർത്ഥം. അതുകൊണ്ട്‌ എന്റെ മകളുടെ മുഖം കറുക്കാൻ പാടില്ല. ഏതു പ്രതികൂല സാഹചര്യത്തിലും പ്രകാശിച്ചു കൊണ്ടിരിക്കണം. അതാണ്‌ താരകം. ചിലപ്പോൾ മേഘപടലങ്ങൾ താരങ്ങളെ മറയ്ക്കാം. പക്ഷെ, അതൊരു മറമാത്രമാണ്‌, താരകത്തിന്റെ ശോഭയുടെ മങ്ങലല്ല.

കൊച്ചുമകൾ മുത്തച്ഛന്റെ മുഖത്തു നോക്കി, ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ സന്തോഷ മായി. മുത്തച്ഛന്റെ കണ്ണുകളിൽ അഗ്നിയുണ്ടെന്നവൾ കണ്ടു. ദേഹം ചടച്ചതെങ്കിലും, ചെറിയ കൂനുണ്ടെ

ങ്കിലും ഉള്ളിൽ കരുത്തുണ്ടെന്നറിഞ്ഞു.

ഇല്ല, മുത്തച്ഛാ, എനിക്ക്‌ വിഷമമൊന്നും തോന്നിയില്ല. ഒന്നും തോന്നിയില്ല. ഞാൻ മുത്തച്ഛന്റെ കൂടെയാണെന്ന്‌ നന്നായിട്ടറിയാം… മുത്തച്ഛന്‍ നടന്ന വഴികളെപ്പറ്റിയും അറിയാം….ആ വഴികളൊക്കെ നടന്ന മുത്തച്ഛൻ പതറില്ല എന്നും അറിയാം… അവൾ അങ്ങിനെ പറഞ്ഞില്ല, മനസ്സിൽ മൊഴിഞ്ഞതേയുള്ളൂ… മുത്തച്ഛനെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നീട്‌ അവൾ, മുത്തച്ഛന്റെ ആ കൊച്ചുമകൾ ഇത്തിരി തടിച്ച ദേഹമുള്ള പതിനാറുകാരി, നിതാര പരിദ്രമിക്കുകയോ, മ്ലാനയാകുകയോ അല്ല ചെയ്തത്‌എഴുപത്തിയഞ്ചിലും മുത്തച്ഛന്റെ പ്രതിരോധത്തെ കുറിച്ച്‌ ചിന്തിക്കുകയാണുണ്ടായത്‌. അഞ്ചു നിമിഷം മുമ്പ്‌ ഉണ്ടായ രസകരമായ സംഭവങ്ങൾ ഒരിക്കൽ കൂടി മനക്കണ്ണിൽ കണ്ടു.

താഴെ നിന്നുമാണവർ വന്നത്‌, താഴെ എന്നു പറഞ്ഞാൽ വളരെ താഴെയാണെന്ന്‌ പറയാൻ കഴിയില്ല, ഇപ്പോൾ. എന്നാൽ കാരണവരുടെ ഏറ്റവും പഴയ ഓർമ്മയിൽ വളരെ താഴെയാണ്‌. സാമാന്യം വലിയൊരു മലയുടെ താഴെ. ആ മലയാകെ ഇടിച്ചു നിരത്തി മണ്ണെവിടേക്കല്ലാമോ കൊണ്ടു പോയി. നിരപ്പാക്കിയ ഇടത്തൊക്കെ വീടുകൾ വച്ചു. കുഞ്ഞു വീടുകളല്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വലിയ വില്ലകൾ. അഞ്ച്‌, എട്ട്‌, പത്ത്‌ സെന്റ്‌ ഇടത്തെല്ലാം ബംഗ്ലാവുകൾ. ബംഗ്ലാവുകളുടെ ഒരു കൂട്ടം. കോൺക്രീറ്റ്‌ എടുപ്പുകളുടെ കൂട്ടം. മരങ്ങളുടെ കൂട്ടത്തെ വനമെന്നു വിളിക്കുന്നുവെങ്കിൽ കോൺക്രീറ്റ്‌ വനമെന്നു വിളിക്കാം. ഒരോ എടുപ്പുകളിലുമെത്താൻ ടാർ വിരിച്ച പാതകൾ. ആ കോൺക്രീറ്റ്‌ എടുപ്പുകളിൽ നിന്നു വിട്ട്‌, ഒറ്റപ്പെട്ടതുപോലെ നില്‍ക്കുന്ന പഴയൊരു ഓടു വീട്ടിൽ നിന്നുമാണ്‌ പെൺകുട്ടിയും അവളുടെമുത്തച്ഛനും വരുന്നത്‌. അവർ വന്ന ടാർ പാത അവസാനിക്കുന്നത്‌ കോൺക്രീറ്റ്‌ ചെയ്ത നടയുടെ അടുത്താണ്‌.

രണ്ട്‌ നടകൾ കയറിയപ്പോൾ അടഞ്ഞു കിടക്കുന്ന ഗെയിറ്റ്‌. ഗെയിറ്റ്‌ പൂട്ടാത്തതു കൊണ്ട്‌ തള്ളിത്തുറന്ന്‌ ഉള്ളിലെ കോൺക്രീറ്റ് കട്ടകൾ പാകിയ മുറ്റത്തേയ്ക്ക്‌ കയറി.

“അരുത്‌, ചെരുപ്പൂരിയിട്ട്‌ കയറണം.”

പെട്ടന്ന്‌, ദൃശ്യത്തിലെത്താത്ത ഒരാളുടെ സ്വരം അയാളെ ഒന്നു ഞെട്ടിക്കുകയും തടസ്സമാണല്ലോയെന്ന്‌ ചിന്തിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയും ചെരുപ്പ്‌ പുറത്ത്‌ ഈരുയിട്ടില്ല. ഇപ്പോൾ ശ്രദ്ധിച്ചപ്പോഴാണ്‌ പുറത്ത്‌ നാലു ജോഡി ചെരുപ്പുകൾ കാണുന്നത്‌. അതും അയാൾ ധരിച്ചിരിക്കുന്നതിലും വില കൂടിയതുകൾ. എന്നാലും അയാളും കൂട്ടിയും പുറത്തിറങ്ങുന്നതിനോ, ചെരുപ്പ്‌ ഈരിയിടുന്ന തിനോ ശ്രമിച്ചില്ല. അകത്തേക്ക്‌ തന്നെ നടന്നു.

“നിങ്ങളോടല്ലേ പറഞ്ഞത്‌, ചെരുപ്പ്‌ പുറത്തിടാൻ ….”

ഒരു ചെറുപ്പക്കാരൻ അവർക്ക് മുന്നിലേയ്ക്ക്‌ വന്നു, കാവി മുണ്ടും കൈത്തണ്ടയിൽ ചരടുകളും, വെളുപ്പും ചുവപ്പും കറുപ്പും വ്യക്തമാക്കുന്ന കുറിയും. അവൻ ചെരുപ്പ്‌ ധരിച്ചിട്ടില്ലെന്ന്‌ അവർ കണ്ടു. പക്ഷെ, അവൻ നിന്നിടത്ത്‌ കെട്ടിടത്തിന്റെ നിഴലുണ്ട്‌. കാലുകളെ തറയില്‍ പാകിയിരിക്കുന്ന കട്ടകൾ പൊള്ളിക്കുന്നില്ല.

“നീയീ വെയിലത്തേക്ക്‌ ഇറങ്ങി നിന്നു നോക്ക് അപ്പോൾ ചെരുപ്പിടുന്നതെന്തിനെന്ന്‌ മനസ്സിലാകും…”

“പുറത്തെഴുതി വച്ചിരിക്കുന്നത്‌ കണ്ടില്ലേ ദേവാങ്കണത്തിൽ ചെരുപ്പ്‌ ധരിച്ചു കൊണ്ട്‌ പ്രവേശിക്കരുതെന്ന്‌….”

“ഉവ്വ്‌,…. കണ്ടു പക്ഷെ. ഇത്ര ചൂടത്ത്‌ ചെരുപ്പിടാതെനിക്ക്‌ നില്ക്കാനാവില്ല….”

“വേണ്ട, പുറത്തിറങ്ങി പോകണം…”

“അതു പറയാൻ നീയാരെടാ……?”

ചെറുപ്പക്കാരന്റെ മുഖം ചുവന്നു, ദേഹമാകെ ഒരു വിറയൽ കയറുന്നത്‌ അയാൾ കണ്ടു. അയാൾക്കതിൽ പരിഭ്രമമല്ല തോന്നിയത്‌, പരിഹാസമാണ്‌. അയാൾ ഒന്നു ചിരിച്ചു. ആപ്പോള്‍ ദൃശ്യത്തിലില്ലാത്തൊരു ശബ്ദം കൂടി അവർ കേട്ടു.

“വിട്ടേരെടാ….അയാള്‌ കേറീട്ടു പോകട്ടെ…”

മുത്തച്ഛൻ ചോദിച്ചു.

“നീയാ രാജന്റെ മോനല്ലേ…”

“അതെ”

“നിന്റെ തന്തയോടു ചോദിച്ചാൽ ഞാനാരാണെന്ന്‌ പറയും…”

വൃദ്ധന്റെ ധിക്കാരം അവനെ ചൊടിപ്പിച്ചു. പക്ഷെ, അവന്റെ പ്രായത്തിലുള്ള മറ്റ്‌ രണ്ടു പേർ കൂടി ദൃശ്യത്തിലേക്ക്‌ വരികയും അവനെ ആംഗ്യം കാണിച്ച്‌ പിന്തിരിപ്പിച്ച്‌ അവരുടെ കൂടെ കുട്ടി അയാളുടെ കൺ വെളിച്ചത്തിൽ നിന്ന്‌ മറയുകയും ചെയ്തു. അവരും കാവി മുണ്ടും കൈയ്യിൽ ചരടുകളും കുറികളും ധരിച്ച്‌……..

എടാ ചെറുക്കനെ നിന്നേക്കാൾ ചെറിയ പ്രായത്തില്, നടന്നു തുടങ്ങിയ കാലം തൊട്ട്‌, ഇവിടെ ചെരുപ്പിട്ടും ഇടാതെയും ഉടുതുണി പോലുമില്ലാതെയും ഓടിച്ചാടി കളിച്ച്‌ തിമർത്ത്, വിയർപ്പിൽ കുളിച്ച്….

ഇവിടെ ഉണ്ടായിരുന്ന മരങ്ങളിൽ കയറിയിറങ്ങി കണ്ട കായ്കനികൾ പറിച്ചു തിന്ന്‌, ഈ പ്രതിഷ്ഠകളുടെയൊക്കെ മേലേ ഉരുണ്ടു മറിഞ്ഞ്‌ വലുതായതാണ്‌ ഞാൻ. അന്നിവിടെ പട്ടിക്കുടു പോലത്തെ വീടുകളില്ലായിരുന്നു, കാലും മേലും പൊള്ളിക്കാൻ തറയോടുകളും. മണ്ണായിരുന്നു, മണ്ണിനെ പുതച്ച്‌ കരിയിലയും. എന്നെ പഠിപ്പക്കല്ലേ…..

അയാൾ പറഞ്ഞത്‌ ചെറുപ്പക്കാർ കേട്ടിട്ടുണ്ടാകില്ല. പക്ഷെ, അയാളുടെ ചെറുമകൾക്ക് അത്‌
അത്ഭുതമായി തോന്നി.

“സത്യമാണോ മുത്തച്ഛാ… ഇതൊക്കെ…”

“അല്ലാതെ…..മോൾക്ക് കാണേണ്ടെ ഇതൊക്കെ… കാണ്‌… അക്കഥകളൊക്കെ പിന്നെ പറഞ്ഞു
തരാം….”

കുട്ടി അയാളുടെ മുഖത്ത്‌ ആകാംക്ഷയോടെ നോക്കി നിന്നു. പിന്നീട്‌ കാഴ്ചകൾ കാണാനായിട്ട്‌ മുത്തച്ഛനു പിന്നാലെ നടന്നു.

അവൾ അമ്മയുടെ കൂടെ കഴിഞ്ഞ സന്ധ്യക്ക്‌ വിളക്ക്‌ വക്കാൻ വന്നതായിരുന്നു. ഇരുട്ടായിരുന്നതു കൊണ്ട്‌ ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല. പണ്ടൊരിക്കൽ വന്നിരുന്നപ്പോൾ തീരെ ചെറിയ കുട്ടിയായിരുന്നു. അന്ന്‌ ഇതിലൊന്നും ആകാംക്ഷയുമുണ്ടായിരുന്നില്ല.

വലിയ വീട്ടിൽ ദേവി. ദേവിയുടെ വീടിന്റെ മുൻ വാതിൽ അടച്ചിരിക്കുന്നതു കൊണ്ട്‌ തുറന്നു കിടക്കുന്ന ജനാല വഴി വേണം കാണാൻ. അടുത്തടുത്ത്‌ അഞ്ച്‌ ചെറിയവീടുകൾ അതിനൊന്നും വാതിലുകളില്ല, ജനാലകളും. അതുകൊണ്ട്‌ നേരെ തന്നെ കാണാം. ദേവിക്കടുത്ത്‌ കരിങ്കാളി, പിന്നെ കാപ്പിരി, വിഷ്ണുമായ, വീരഭ്രദൻ, ഒരു വീട്ടിൽ രണ്ടു പ്രതിഷ്ഠകൾ, പിതൃക്കൾ. പിന്നീട്‌ വീടില്ലാതെ തുറസ്സായ തറയിൽ മൂന്നു പേര്‍, നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും. അവർ വെയിലും മഴയും കൊണ്ട്‌…..

 വീടുകൾക്ക് ശേഷമുള്ളയിടമെല്ലാം അലൂമിനിയ ഷീറ്റുകൾ മേഞ്ഞ പന്തൽ. വീടുകളുടെ ചുവരുകൾ കാവിയല്ലെങ്കിൽ വെളുത്ത നിറത്തിലും. തറകല്ലുകൾ കടുത്ത മഞ്ഞയിലും ചുവപ്പിലും കറുപ്പിലും മനോഹരമാക്കിയിരിക്കുന്നു.

പെൺകുട്ടി അയാളുടെ മകന്റെ മകളാണ്‌. പത്താം ക്ലാസ്സിലെ പ്രധാന പരീക്ഷക്ക്‌ മുമ്പ്‌ കുടുംബ കളരിയിലെ ദേവതകളുടെ അനുഗ്രഹം തേടിയെത്തിയതാണ്‌. അതാണ്‌ സന്ധ്യയ്ക്ക്‌ വിളക്ക്‌ വച്ച്‌ തൊഴുത്‌പ്രാർത്ഥിച്ചത്‌. അവളുടെ അമ്മയ്ക്ക്‌ അതിത്ര താല്പര്യമില്ലായിരുന്നു. ഗുരുവായുരാണ്‌ അവൾക്ക് വിശ്വാസം. പെൺകുട്ടിയുടെ അച്ഛന്റെ ആഗ്രഹത്തിന്‌ വഴങ്ങിയാണ്‌ എത്തിയത്‌. ഇതിനു ശേഷം ഗുരുവായൂരും പോകന്നുണ്ട്‌. ഗൾഫിലെ ബാങ്ക് ഉദ്യോഗസ്ഥന്‌ കൂടെയെത്താൻ അവധി കിട്ടിയില്ല. നേഴ്‌സായ അമ്മ എങ്ങിനെയോ സംഘടിപ്പിച്ചു. കുട്ടിയുടെ അച്ഛൻ എല്ലാ വർഷവും കളരിയിലെ തോറ്റം പാട്ടിനു വരും. അപ്പോഴൊന്നും കുട്ടിക്കും അമ്മയ്ക്കും അവധിയില്ല.

കളരിയിലെ കാഴ്ചകൾ കണ്ട്‌, തിരിച്ചു നടക്കവെ മുത്തച്ഛൻ കളരിയുടെയും കാവിന്റെയും കഥ പറഞ്ഞു.

“മോൾക്കറിയോ… കാവിന്‌ മുത്തച്ഛന്റെ തണ്ടപ്പേരിൽ അമ്പത്‌ സെന്റ്‌ സ്ഥലമുണ്ടായിരുന്നു. ഇപ്പോൾ അത്‌ അഞ്ച്‌ സെന്റായി കുറഞ്ഞു. കാവിനെ ചുറ്റി പത്തേക്കറോളം പുരയിടവും, കൃഷിസ്ഥലം. തെങ്ങും കമുകും വാഴയും കപ്പയും ചേനയും ചേമ്പും കുരുമുളകും കൃഷികളൊക്കെയായിട്ട്‌…..
അങ്ങ്‌ താഴത്ത്‌ പാടവും, മുന്നു പൂ കൃഷി ചെയ്തിരുന്ന നെൽ വയല്.
എല്ലാം അവകാശികൾക്ക് വീതം വച്ചു പോയതാണ്‌. വീതം കിട്ടിയവരൊക്കെ വിറ്റ്‌ മറ്റിടങ്ങളിൽ ചേക്കേറി. ഒടുവിൽ കളരി അവകാശികളിൽ അടുത്തുള്ളത്‌ മുത്തച്ഛനും മുത്തശ്ലിയുമാത്രം. കളരി ഇപ്പോൾ ട്രസ്റ്റാണ്‌ ഭരിക്കുന്നത്‌ മുത്തച്ഛന്റെ പേരിലാണ്‌ കരമടയ്ക്കുന്നതെങ്കിലും. അവരുടെ വിശ്വാസവും വീക്ഷണവുമൊക്കെ മാറിയിരിക്കുന്നു. മുത്തച്ഛനിതിലൊന്നും താല്പര്യമില്ലാത്തതു കൊണ്ട്‌ ഒന്നും ശ്രദ്ധിക്കാറില്ല. അറുനൂറു കൊല്ലങ്ങൾക്ക് മുമ്പാണ്‌ നമ്മുടെ പൂർവ്വികർ ഇവിടെ വന്നിട്ടുള്ളതെന്നാണ്‌ മുതുമുത്തച്ഛന്മാര്‍ പറഞ്ഞിട്ടുള്ളത്‌. അന്യംനിന്നു പോയ മനയില്ലെ, അവർ അറുനൂറു കൊല്ലങ്ങൾക്ക് മുമ്പ്‌ നമ്മുടെ രണ്ടു കാരണവന്മാരെ ഇവിടെ കൊണ്ടു വന്ന്‌ പാർപ്പിച്ചാതാണെന്നാണ്‌ കഥ,
കാവലിന്‌. വീടു വക്കാൻ ഇടവും കൃഷിക്ക്‌ സ്ഥലവും നല്‍കി. ഈ

പത്തേക്കറോളം സ്ഥലം, മൊട്ട കുന്നായിരുന്നു. വെട്ടിയും കിളച്ചും കൃഷികൾ ചെയ്തു. കൃഷിക്കായിട്ടും വീടുണ്ടാക്കുന്നതിനും മരങ്ങൾ വെട്ടിയെടുത്തപ്പോൾ തകർന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഏറ്റവും ഉയർന്നയിടത്ത്‌ പുതിയ മരങ്ങൾ വച്ചു പിടിപ്പിച്ചു. അതായിരുന്നു കാവ്‌. അമ്പത്‌ സെന്റ്‌ സ്ഥലത്ത്‌ ഒരു കൊച്ചു വനം.
താഴെ നിന്ന്‌ ഒരു മരം വെട്ടിയെടുത്താൽ കാവിൽ ഒരു തൈ നട്ടു

പരിപാലിച്ചിരുന്നു. അങ്ങിനെ കാടു വളർന്നു. കൃഷിയും വളർന്നു. അവിടെ പിതൃക്കളെ കുടിയിരുത്തി. കളരി തീർത്തു. കളരിത്തറ തീർത്തു. പന്തീരടിത്തറ, ആയുധാഭ്യാസത്തിന്, ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നതിന്‌. വടക്കു നിന്നു വന്ന ആ കാരണവന്മാർ അഭ്യാസികളായിരുന്നു. ഗുരുക്കളായിരുന്നു. കളരി കഴിഞ്ഞുള്ള ഇടം കാടായിരുന്നു. ഇടതൂർന്ന വനം.
ആഞ്ഞിലിയും പ്ലാവും മാവും പാലയും

കരിമ്പനയും വള്ളിപ്പടപർപ്പുകളും പേരമരങ്ങളും അത്തിയിത്തി പേരാലും നിറഞ്ഞൊരു കാട്‌. നാനാതരം ജീവജാലങ്ങൾ, ചെടി വർഗ്ഗങ്ങൾ, ഓഷധച്ചെടികൾ ഒക്കെ നിറഞ്ഞ്‌… പാമ്പും കീരിയും ഓന്തും, അരണയും അവകൾക്കൊക്കെ തീറ്റയായിരുന്നവരും, അവരെയൊക്കെ ഭക്ഷണമാക്കിയിരുന്നവരും അടക്കി വാണിരുന്ന വാസഗൃഹം. ദേശാടനക്കാരും നാട്ടുകാരുമായ പക്ഷിജാലങ്ങളും കാട്ടിൽ നിന്നെത്തുന്ന വിരുന്നുകാരുമുണ്ടായിരുന്നു. മ്ലാവും മയിലും കിഴക്കൻ മലയിൽ നിന്ന്‌ വിരുന്നു വന്ന്‌ പാർത്തിരുന്നു. പാല പൂക്കുമ്പോളുള്ള മാദകഗന്ധമേറ്റ്‌ രാപ്പാടികളും രാത്രിഞ്ചരന്മാരും ഒളിപാർക്കാനെത്തിയിരുന്നു. ഈ അയലത്തു നിന്നും കുറെ അകലത്തുനിന്നും വൈദ്യന്മാര്‍ ഓഷധച്ചെടികൾ എടുത്തിരുന്നു. മറ്റെങ്ങും കിട്ടാതിരുന്ന മരുന്നുകൾ മോഷ്ടിക്കാൻ പലരും എത്തിയിരുന്നു. ഓരോ വൻ മരങ്ങളുടെയും ചുവടുകളിലായിരുന്നു ദേവിയും ഭദ്രകാളിയും കാപ്പിരിയും വീരഭദ്രനും പിതൃക്കളും വസിച്ചിരുന്നത്‌. മുത്തപ്പന്മാരായ കോമപ്പനും കുഞ്ഞുകൃഷ്ണനും ആഞ്ഞിലി മരച്ചുവട്ടിലായിരുന്നു. അടുത്തടുത്ത്‌. അവര്‍ രണ്ടു സ്വഭാവക്കാരായിരുന്നെങ്കിലും സ്നേഹത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. കോമപ്പൻ സസ്യഭുക്കും കുഞ്ഞുകൃഷ്ണൻ മിശ്രഭുക്കുമായിരുന്നു.

കുറ്റിക്കാട്‌ കിളച്ച്‌ തൊടികള്‍ തിരകിച്ച്‌ നിരത്തി കയ്യാലകൽ വച്ച്‌ കൃഷിയിറക്കി. ഭക്ഷണസാധനങ്ങൾ മാത്രം. അല്ല ഒന്നുണ്ട്‌, വെറ്റിലക്കൊടിയും. ശർക്കരയും പുകയിലയും മാത്രം ചന്തയിൽ നിന്ന്‌വാങ്ങിയിരുന്നെന്ന്‌ ഈ മുത്തച്ഛന്റെ മുത്തച്ഛൻ പറഞ്ഞതോർമ്മയുണ്ട്‌. നട്ടുനനച്ച്‌ പരിചരിച്ചിരുന്നതൊന്നും ഒരിക്കൽപ്പോലും ചതിച്ചെന്ന കഥ പറഞ്ഞിട്ടില്ല. അങ്ങ്‌ താഴെ വലിയൊരു കുളമുണ്ടായിരുന്നു, ഒരിക്കലും വറ്റാത്ത തെളിനീരുമായിട്ട്‌. മഴ പെയ്ത്‌ കാവിൽ താഴുന്ന വെള്ളമാണ്‌ ഉറവായിട്ടെത്തയിരുന്നത്‌. കുളിയും നനയുമൊക്കെ ആ വെള്ളം കൊണ്ടായിരുന്നു. കൂടിക്കാൻ വിടിന്റെ അടുത്തുള്ള കിണർ വെള്ളവും. കാവിന്റെ ജൈവസത്ത നിറഞ്ഞ ഊയറ്റുറവ് കിണറിലേക്കുമുണ്ടായിരുന്നു. കാവ്‌ നശ്ശിപ്പിക്കാതിരിക്കാൻ കരിമ്പനയിൽ ഒരു യക്ഷിയെക്കൂടി കുടിയിരുത്തി.

* അത്‌
വെറും കഥയെന്നാണ്‌ അച്ഛൻ പഞ്ഞിട്ടുള്ളത്‌…..”

“വെറും കഥ തന്നെ, പക്ഷെ, ആ കഥകേട്ടിട്ട്‌ കള്ളന്മാര്‍ അവിടെ കയറാൻ ഭയന്നിരുന്നു… കള്ളന്മാർ മാത്രമല്ല, അവിടത്തെ തടികൾ മോഹിച്ചിരുന്ന അവകാശികളും അകന്നു നിന്നിരുന്നു… ഭാഗം വയ്പു കഴിഞ്ഞപ്പോൾ അവകാശികൾ ഭൂമി പുജ നടത്തിയും, മരങ്ങളോട്‌ സമ്മതം ചോദിക്കുന്ന ചടങ്ങുകൾ നടത്തിയും യക്ഷിയെ മാറ്റി പാർപ്പിക്കുന്ന കർമ്മങ്ങൾ ചെയ്തും കാടു മുഴുവൻ വെട്ടി വിറ്റു കുഞ്ഞുകുഞ്ഞു
കോൺക്രീറ്റ്‌ വീടുകളിൽ പ്രതിഷ്ഠകളെ ഒതുക്കി, ഇരുത്തി.”

അവർ ടാർ വിരിച്ച പാതയിൽ നിന്നും ചെറിയൊരു പച്ചപ്പിലേക്ക്‌ കയറി. മണ്ണിൽ നില്‍ക്കുന്ന ചെമ്പരത്തിയും ചെത്തിയും നന്ദ്യാർവട്ടവും ഗന്ധരാജനും അവരെ ഉൾക്കൊണ്ട്‌ ചിരിച്ചു കൊണ്ടു നില്ക്കുന്നു. വെയിൽ ഏല്പിച്ച ക്ഷീണത്തിൽ അയാൾ വരാന്തയിൽ കിടന്ന ചാരു കസാരയിൽ കിടന്ന്‌ മയങ്ങി.

ഉച്ചയൂണിന്‌ പുളിപ്പു പാകമായ തൈരു ചേർത്ത്, ചാറു കൂട്ടി വച്ച അവിയലും മുരിങ്ങയിലത്തോരനും പെൺകുട്ടിക്ക്‌ ഏറെ പഥ്യമായി തോന്നി. ഭക്ഷണം ആസ്വദിച്ച്‌ കഴിച്ചെങ്കിലും പെൺകുട്ടിക്ക്‌ പഴങ്കഥയുടെ കൂടെ ഉണ്ടായിരുന്ന മിത്തിനെ കൂടി അറിയണമെന്ന്‌ മോഹമുണ്ടായി.

“മുത്തച്ഛാ… മുത്തച്ഛൻ പറഞ്ഞതല്ലാത്തൊരു കഥ കൂടിയില്ലേ……. വടക്കൊരു നാട്ടിൽ നിന്നും വന്ന രണ്ടഭ്യാസികളുടെ കൂടെയുണ്ടായിരുന്ന നമ്പൂരി സ്ത്രീയുടെ കഥ…”

“അതൊരു മോഹകഥയാണ്‌…”

“മോഹകഥയോ…?”

“അതെ, ഇതേ പോലെ കളരിയും പതിയും കുടുംബ ആരാധനയുമുള്ള ദ്രാവിഡ ഗോത്രങ്ങളുടെ മോഹകഥ….. ദേവി ആരാധന ദ്രാവിഡമല്ല, ബ്രാഹ്മണീയമാണ്‌, ആര്യമാണ്‌, കാളി ആരാധന അനാര്യവും.അക്കഥ പറയാം… പണ്ട്‌, പണ്ട്‌…. വടക്കുനിന്ന്‌……….”

“ഒരു ദേശമില്ലേ……?”

“ഏതോ ഒരു ദേശമെന്ന്‌ കരുതിയാൽ മതി….. അറുനൂറു കൊല്ലങ്ങൾക്ക് മുമ്പെന്നാണ്‌ പറയുന്നത്‌ അതുകൊണ്ട്‌ ദേശത്തിന്റെ പേരു വേണ്ട….. ഏതോ മന്നവന്റെ അധീനതയിൽ ഉണ്ടായിരുന്ന ദേശം.
മന്നവൻ ബ്രാഹ്മണൻ. വെളുത്ത്‌ സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ വലിയൊരു മന.
മുട്ടുവരെയുള്ള വെളുത്ത മുണ്ടുടുത്ത സുന്ദരന്മാരും, ഒറ്റമുണ്ടുടുത്ത്‌ മാറു മറക്കാതെ മറക്കുട ചൂടി നടന്നിരുന്ന ആത്തേമാരും. അവർ അധികമെന്നും പുറത്തിറങ്ങി നടന്നിരുന്നില്ല. അവർക്ക് വേണ്ടതെല്ലാം അവടെ എത്തിച്ചു കൊടുക്കാൻ വാല്യക്കാരുണ്ടായിരുന്നു. പണികൽ ചെയ്യുന്നതിന്‌ പുലക്കുടികളും പറക്കുടികളും കമ്മാളക്കുടികളും. കാര്യസ്ഥപ്പണിക്ക്‌ നായന്മാരും സംബന്ധത്തിന്‌ നായർ തറവാടുകളും. കങ്കാണികളും വർത്തകരും അടിമകളും, അടമവ്യാപാരവും മനുഷ്യ വേട്ടയും, കള്ളന്മാരും കൊലപാതകികളും കുതികാല്‍ വെട്ടുകാരും, അവരെയൊക്കെ നിയന്ത്രിക്കാൻ കാവൽക്കാരും പോരാളികളും ചേകവന്മാരും കുറുപ്പന്മാരും ഉണ്ടായിരന്നു. തൊട്ടുകൂടാത്തവരും തീണ്ടിക്കുടാത്തവരും ദൃഷ്ടിയിൽ പെട്ടാൽ നശിച്ചു പോകുന്നവരും അടങ്ങിയെ ഒരു വലിയ സമൂഹം. ഗോത്രത്തനിമയും ദ്രാവിഡ മഹിമയും സവർണ്ണ പെരുമയും കാത്തു പോന്നിരുന്ന ഒരു ദേശം. ചരിത്രത്തിലും കഥകളിലുമില്ലാത്ത മനുഷ്യ സമൂഹങ്ങൾ. കുഴലൂത്തുകാരും ആട്ടക്കാരും പുകഴ്ത്ത്‌ പാട്ടുകാരും ഉണർത്തുപാട്ടുകാരും, യാത്രചെയ്ത്‌ വാർത്ത അറിയിച്ചിരുന്ന പാണരും അവിടെ കുടി വച്ചിരുന്നു. അങ്ങിനെ കുടിയിരുന്ന എന്തു വേലയും സേവയും ചെയ്തിരുന്നവരായിരുന്നു ആ കാരണവന്മാരുടെ കുലം. പാടത്ത്‌ പണിയെടുത്തും പറമ്പിൽ കൃഷിയിറക്കിയും കാടുകയറി മരം വെട്ടിയും ജീവിച്ചിരുന്നവർ. കളരിയിൽ യോദ്ധാക്കളായി, വില്ലുകൊട്ടി ഉണർത്തു പാടു പാടി, പുകഴ്ത്ത്‌ പാട്ട്‌ ചമച്ച്‌… അങ്ങിനെ മന വളപ്പിലെ വേലകൽ ചെയ്ത്‌, ഒളിഞ്ഞും പാത്തും തൊട്ടും തൊടാതെയും ആത്തേമാരെ കണ്ടും വന്നിരുന്നു കാലം. പിതൃദായകമായ കുലം മുറ്റി വളർന്ന് ആവശ്യത്തിന്‍

അന്നം കിട്ടാതെ, ഇണയില്ലാതെ കുലം വിട്ട്‌ പോയിരുന്ന മക്കളും അന്നുണ്ടായിരുന്ന… കരുത്തരായ യുവാക്കളെ അടിമകളാക്കി പിടിച്ചു കെട്ടി കൊണ്ടു പോയിരുന്നു ചില കഥകളിൽ… നമ്മുടെ കാരണവർമാരെ കങ്കാണികൾ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ നാടുകടത്തി കൊണ്ടു പോരുകയായിരുന്നു. മൈവഴക്കം വന്ന പോരാളികളായിരുന്നു രണ്ടുപേരും. ഒന്നു കൊടുക്കാനും രണ്ടു കൊള്ളാനും കരുത്തുണ്ടായിരുന്ന

വർ. മരം കേറാനും വിറകു വെട്ടാനും പറമ്പ്‌ കിളക്കാരാനും തടം കോരാനും കന്നു പൂട്ടാനും വിതയ്ക്കാനും പഠിച്ചിരുന്നു. ഒരു രാത്രി കങ്കാണികളുടെ കൂടെ യാത്രയായി. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ, കൈയ്യിൽ ഒന്നും കരുതാനില്ലാതെ…. വീട്ടുകാരെ മാത്രം അറിയിച്ച്‌… അല്ലെങ്കിൽ അവർക്ക് അറിയിക്കാൻ മറ്റാരാണ്‌ ഉണ്ടായിരുന്നത്‌…… മറ്റാരും അറിഞ്ഞാൽ ഒറ്റു കൊടുക്കുകയും ചെയ്യാം. മുട്ടും കാലും ഉറച്ച ചെറുപ്പക്കാർ നാടു വിടുന്നത്‌ അറിഞ്ഞാൽ മന്നവർക്ക് സഹിക്കില്ല. ശിക്ഷകിട്ടും…ചിലപ്പോൾ അടിമകളാക്കി വില്പന നടത്തും. രായ്ക്കുരാമാനം നാടുവിട്ടു.

പക്ഷെ, അവർ രണ്ടു പേര്‍ മാത്രമായിരുന്നില്ല. കുടെ കുമ്പാള പോലെ വെളുത്ത്‌ കൊലുന്നനെയിരുന്ന ഒരു പെണ്ണുമുണ്ടായിരുന്നു. ഒരു ആത്തേമാര്‌. കോമപ്പൻ മന വളപ്പിൽ വേല ചെയ്യവെ കണ്ട്‌ മതി മറന്നു, മോഹിച്ചു പോയ ഒരു പെണ്ണ്‌. അവൾക്ക് ഉടുതുണി കൂടാതെ മാറു മറയ്ക്കാൻ ഒരു മേൽ മുണ്ടു കൂടി ഉണ്ടായിരുന്നു……..

ഇവിടെ വന്ന്‌ വീട്‌ വച്ച്‌, കൃഷികൾ ചെയ്ത്‌, കാവ്‌ വച്ച്‌, ആരാധനാ മൂർത്തികളെ കുടിയിരുത്തി, രണ്ട്‌ കാരണവന്മാർക്കും മക്കൾ പിറന്നു… ആ നമ്പൂരി സ്ത്രീയിൽ തന്നെ…..അന്ന്‌ അതൊക്കെ വഴക്കമായിരുന്നു, തെറ്റില്ലാത്തതായിരുന്നു….കുലം വളർന്ന് തലമുറകൾ പിന്നിട്ടപ്പോൾ, പിതൃക്കളായി ആ കാരണവന്മാരെ കുടിയിരുത്തി, കൂടെ ആ അമ്മയെയും ഇരുത്തുകയായിരുന്നു. ആ അമ്മയാണ്‌ ദേവി…”

മുത്തച്ഛൻ ഉച്ച മയക്കത്തിൽ അകപ്പെട്ടപ്പോൾ നിതാരക്കാവ്‌ പുറപ്പെടാനള്ള ഒരുക്കത്തിലായി. ഒരുങ്ങിയിറങ്ങി അവൾ മുത്തച്ഛന്റെ കാൽക്കൽ നിന്നു വിളിച്ചു.

“മുത്തച്ഛാ…”

“മോളിനി എന്നാ ഇങ്ങോട്ട്‌…?” 

“പ്ലസ്ടു പരീക്ഷക്ക്‌ കളിരിയിൽ വിളക്കു വയ്ക്കാൻ…”

മുത്തച്ഛന്റെ കണ്ണുകളിൽ ഈറൻ…

മകൾ മുത്തച്ഛന്റെ കാൽക്കൽ നിന്ന്‌ വിങ്ങിപ്പൊട്ടി…

“അരുത്‌ മോളെ… നിന്റെ മുഖം ഇരുളരുത്‌…. നിന്റെ പേര്‌
നിതാരയെന്നാണ്‌…..”

മുത്തച്ഛൻ അവളുടെ ശിരസ്സിൽ മുകർന്നു. മകളുടെ മുഖം പ്രസന്നമായി.

@@@@@@@




വായനക്കാരിയുടെ ജാരൻ

(2019 ജൂലായ് മാസത്തിലെ സാഫല്യം മാസികയിൽ വന്ന കഥ)

പ്രിയ എഴുത്തുകാരാ ഞാൻ  വായന നിർത്തുകയാണ്…

വളരെ ഉദ്ദ്വേഗത്തോടെയാണ്‌ അയാൾ വാട്ട്‌സാപ്പ്‌ പോസ്റ്റ്‌ വായിച്ചത്‌. ആ സുഹൃത്ത്‌, വാട്ട്‌സാപ്പ്‌ കുട്ടായ്മ തുടങ്ങിയ അന്നു മുതലേ ഉണ്ടായിരുന്നതാണ്‌. അതിന്‌ മുമ്പും സഹൃദത്തിലായിരുന്നു. ഏന്നു മുതൽ എന്ന്‌ പറയാൻ കഴിയുന്നില്ല. ഉണ്ടായിരുന്നു എന്നത്‌ സത്യം. എന്നാൽ വാട്ട്സാപ്പിൽ ഒരു ആശംസാ സന്ദേശമോ സുപ്രഭാത പോസ്റ്റ്‌ പോലുമോ അയക്കാത്ത സുഹൃത്ത്‌… അതാണ്‌ അയാളെ വ്യാകുലപ്പെടുത്തുന്നത്‌….

ആദ്യമായി വന്ന പോസ്റ്റു തന്നെ വ്യത്യസ്തതയോടെ…

അയാൾ വായന തുടർന്നു.

ഞാൻ വായന തുടങ്ങുന്നത്‌ താങ്കളുടെ കഥകളിൽ നിന്നാണ്‌. ആദ്യകാലങ്ങളിൽ കഥകളെല്ലാം താങ്കൾ തപാലിൽ അയച്ചു തരികയാണ്‌ ചെയ്തിട്ടുള്ളത്…..വാട്ട്‌സാപ്പ്‌ കൂട്ടായ്മ തുടങ്ങിയപ്പോൾ അങ്ങിനെയായി……അവയിലൊന്നും താങ്കളുടെ പേരോ മേൽവിലാസമോ ഉണ്ടായിരുന്നില്ല. അതു കൊണ്ട്‌ എനിക്ക്‌ താങ്കളെ നേരിട്ട്‌ അറിയില്ല. വാട്ട്‌സാപ്പ്‌ കൂട്ടാ

യ്മയിൽ എന്നെ ചേർത്ത് പോസ്റ്റുകൾ വന്നു തുടങ്ങിയ നാളുകളിൽ തന്നെ കൂട്ടായ്മയിലെ മറ്റ്‌ സുഹൃത്തുക്കളോട്‌ താങ്കളെപ്പറ്റി അന്വേഷിച്ചതാണ്‌. പക്ഷെ, അവർക്കും ഏന്റെ അറിവുകളേ ഉണ്ടായിരുന്നുള്ളൂ… വായിച്ചതിലൊക്കെ നിങ്ങളെ തെരക്കി, അവിടെയൊന്നു നിങ്ങളുടെ ശൈലി,
ഭാഷ, ചിന്തകൾ കാണാൻ കഴിഞ്ഞില്ല. തപാൽ വഴി എഴുതുന്ന സാഹിത്യരകാരൻ, ഇപ്പോൾ വാട്ട്‌സാപ്പിലും. എന്നാലും വ്യക്തിപരമായിമറഞ്ഞിരിക്കുന്നു.നിറക്കൂട്ടുകള്‍ ഇഷ്ടപ്പെടാത്തവൻ………. അന്വേഷണം ഉപേക്ഷിച്ചു. നിങ്ങളെ വായിക്കുക മാത്രം ചെയ്തു. നിങ്ങൾ പറഞ്ഞിട്ടുള്ളതും വായിച്ചു കൂട്ടി. പൈങ്കിളി മുതൽ ശുദ്ധസാഹിത്യം വരെ……. വിഷയമെഴുത്ത്‌ മുതൽ വേദങ്ങൾ
വരെ…..

പക്ഷെ, ഞാൻ വായന നിർത്തുകയാണ്‌. എനിക്ക്‌ നിങ്ങളോടു മാത്രമേ പറയേണ്ടതുള്ളു…. അല്ലെങ്കിൽ, ഈ പ്രതിസന്ധി നിങ്ങൾക്ക് മാത്രമേ മനസ്സിലാകുകയുള്ളു…..എന്റെ വായന തുടങ്ങുന്നത്‌ ഇരുപതാമത്തെ വയസ്സിലാണ്‌. വിവാഹം കഴിഞ്ഞ്‌ ഭർത്തൃഗൃഹത്തിലെത്തിക്കഴിഞ്ഞ്‌. പകലിന്റെ ഒറ്റപ്പെടലിൽ നിന്നുള്ള മോചനത്തിന്‌ എന്താണ്‌ മാർഗ്ഗമെന്ന്‌ ചിന്തിച്ചിരിക്കെയാണ്‌ നിങ്ങളുടെ കഥകൾ വന്നു തുടങ്ങിയത്‌. എന്റെ വിലാസം, പിന്നെ ഫോൺ നമ്പർ എങ്ങിനെ കിട്ടിയിരിക്കുമെന്ന്‌ കുറേ ചിന്തിച്ചിട്ടുണ്ട്‌, അതും വെറുതെ ഇരുന്ന്‌ വിശ്രമിക്കുമ്പോൾ…. കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷെ, കൂലങ്കഷമായിട്ട്‌ അന്വേഷിച്ചിട്ടില്ല. കാരണം… കാരണം ഒന്നുമില്ല, അല്ലെങ്കിൽ ഇവിടെ പ്രസക്തമല്ല.

കഴിഞ്ഞ ദിവസം സുനു,
എന്റെ ഭർത്താവ്‌ ചോദിച്ചു.

നിനക്ക്‌ ഒരു ജാരനുണ്ടോയെന്ന്‌…….

എനിക്കാ ചോദ്യം പോലും ആദ്യം ഗ്രഹിക്കാൻ കഴിഞ്ഞില്ല. കാരണം ഞങ്ങളുടെ ജീവിതത്തിൽ അങ്ങിനെ ഒരു ചോദ്യത്തിന്റെ പ്രസക്തി അതു വരെയില്ലായിരുന്നു. അനധികൃമായൊരു സാഹൃദമോ, സഹവാസമോ എനിക്കില്ല. സംശയാസ്പതമായ സാഹചര്യത്തിൽ ഏത്തിപ്പെടുകയോ, തെറ്റിദ്ധാരണാ ജനകമായി സുനുവിന്‌ കാഴ്ച, കേൾവി കിട്ടുകയോ ചെയ്തിട്ടില്ലെന്നാണ്‌ എന്റെ അറിവ്‌. ഞങ്ങളുടെ വേഴ്ചകളിൽ പിഴവോ, സംസാരത്തിൽ അകൽച്ചയോ ഉണ്ടായിട്ടില്ല. പിന്നെയുള്ളത്‌ എന്റെ വായനയാണ്‌. പക്ഷെ, വായനകൾ ഒളിച്ചു വച്ചു കൊണ്ടുള്ളതല്ല, കഴിഞ്ഞ പതിനേഴ്‌ വർഷമായിട്ടും……. എന്തു വായിക്കുന്നെന്നോ, ആരാണ്‌ ഈ പുസ്തകങ്ങളൊക്കെതരുന്നതെന്നൊ,ആരൊക്കോയാണെത്തുകാരെന്നോ സുനു ഒരിക്കലും തിരക്കിയിട്ടില്ല. മകൾക്ക് പതിനാറു വയസ്സായിട്ടും എനിക്കൊന്നും ഒളിക്കണമെന്ന്‌ തോന്നിയിട്ടില്ല, വിഷയ സാഹിത്യമായാലും വേദേതിഹാസങ്ങളായാലും…….

ഞങ്ങൾ മനസ്സറിഞ്ഞ്‌ പങ്കുവച്ചു ജീവിച്ചു വരുന്നവരാണ്‌, പ്രണയിക്കുന്നവരുമാണ്‌….. എന്നിട്ടും സുനുവിന്‌ എന്നെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലല്ലോ, എന്നാണ്‌ ആദ്യം ചിന്തിച്ചത്‌…… പക്ഷെ, പിന്നീട്‌ തോന്നി മനസ്സിലാക്കാത്തതുകൊണ്ടല്ല എനിക്കെന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം….. എന്റെ അറിവിൽ മാറ്റമുണ്ടാകാൻ ഒരേയൊരു കാര്യം വായനയാണ്‌.

ചോദ്യം ഉണ്ടായ അന്നു രാത്രിയിൽ തന്നെ ഞാൻ സുനുവിനെ മറു ചോദ്യത്തിനു മുന്നിൽ നിർത്തി. അസാധാമണമായൊരു പങ്കുവയ്പിനു ശേഷമുള്ള മനോജ്ഞമായ ആലസ്യയത്തിലായിരുന്നു രണ്ടാളും.

എന്തേ സുനുവിന്‌ അങ്ങിനെ തോന്നിയത്‌…

എങ്ങിനെ തോന്നിയത്‌…

എനിക്കൊരു ജാരനുണ്ടെന്ന്‌….

നിന്റെ മണം മാറിയിരിക്കുന്നു…

മണമോ….സുനുവിന്‌ രാവിലത്തെ മണമല്ലല്ലൊ വൈകിട്ട്‌…… രാവിലെ കുളിച്ച്‌, കഴുകി വൃത്തിയാക്കിയ ഉടുപ്പിട്ടു കഴിയു മ്പോളുള്ള മണമല്ല വൈകിട്ട്‌ വരുമ്പോൾ… മദ്യത്തിന്റെയും സിഗററ്റിന്റെയും മണമാണ്‌…… നമ്മുടെ ആദ്യ രാത്രിയിൽ സുനുവിനുണ്ടായിരുന്ന മണമല്ല ഇപ്പോൽ…..ഒത്തിരി രാസപ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്‌…… കഴിച്ചു വന്ന ആഹാരത്തിൽ നിന്നും, പ്രായ വർദ്ധനവിൽ നിന്നും, ശരീരത്തിനുണ്ടാകുന്ന വ്യതിയാനങ്ങളിൽ നിന്നും ഒക്കെ ഗന്ധ മാറ്റം ഉണ്ടായിട്ടുണ്ട്‌… അതേപോലെ എനിക്കും സംഭവിച്ചിട്ടുണ്ടാകാം……

അത്‌ ദേഹത്തിന്റെ മണമാണ്‌…… ഞാൻ പറഞ്ഞത്‌ മനസ്സിന്റെ മണത്തിന്റെ കാര്യമാണ്‌…..

മനസ്സിന്‌ മണമോ…

ഞാൻ തരിച്ചു പോയി.
പുസ്തകങ്ങൾ പോയിട്ട്‌ ദിനപ്പ്രതം പോലും നന്നായിട്ട്‌ വായിക്കാത്ത സുനുവിന്റെ നാവിൽ നിന്ന്‌ വന്ന ആ വാക്കുകളെ എനിക്ക്‌ ഉൾക്കൊള്ളാൻ കുറെ സമയമെടുത്തു. ഉൾകൊണ്ടു വന്നപ്പോഴേക്കും സുനു നല്ല ഉറക്കത്തിലായി കഴിഞ്ഞിരുന്നു. പിന്നെ ഉണർത്താനോ എന്റെ സംശയങ്ങൾക്ക് ഉത്തരങ്ങൾ ചോദിക്കാനോ മധൈര്യമില്ലാതെയായി.

പിന്നെ ചിന്തിക്കാൻ തുടങ്ങി, പ്ലസ്ടു കഴിഞ്ഞ്‌,സമയം കൊല്ലാൻ വേണ്ടി കമ്പ്യൂട്ടർ പഠനവുമായി നടക്കുന്ന സമയത്താണ്‌ കച്ചവടക്കാരനായ സുനുമായുള്ള വിവാഹം. സന്തോഷത്തോടെ തന്നെ സ്വികരിച്ചു. വായനകളിൽ നിന്നുള്ള അറിവ്‌ കൊണ്ട്‌ ജീവിതം കൂടുതല്‍ രസകരമാക്കി. എന്നുൾകാമ്പറിയാൻ, സുനുവിനെ മനസ്സിലാക്കാൻ, സമൂഹത്തെ കാണാൻ, അയലത്തെ പഠിക്കാൻ എന്റെ വായനകൾ സഹായിച്ചു. വായനയുടെ അനന്തസാധ്യതകൾ അവാച്യമാണെനറിഞ്ഞു. ശരിയാണ്‌, ഭക്ഷണം, ജീവിത സാഹചര്യങ്ങൾ ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങൾ പോലെ വായന ബോധത്തെ, മനസ്സിനെ മാറ്റങ്ങൾക്ക് വിധേയമാക്കുന്നുണ്ട്‌…… അതിനെ കാവ്യാത്മകമായിട്ട്‌മനസ്സിന്റെ മണമെന്ന്‌ പറഞ്ഞതാണെങ്കിൽ സുനു എന്നെ അറിയുന്നുണ്ട്‌… ഏന്റെ മനസ്സിന്റെ മണം മാറിയിട്ടുണ്ട്‌…

ആ മാറ്റത്തെ നല്ലരീതിയിലാണോ സുനു കാണുന്നതെന്നാണ്‌ പിന്നീട്‌ ചിന്തിച്ചത്‌…

അതിനുത്തരം അല്ലായെന്നാണ്‌ കിട്ടിയത്‌…….

സുനു അതിനെ ഭയക്കുന്നു…

സുനു എല്ലാക്കാര്യത്തിലും ആത്മാർത്ഥത പുലർത്തുന്ന വ്യക്തിയാണ്‌… അശ്രദ്ധമായിട്ട്‌ ഒന്നും ചെയ്യുന്നത്‌ കണ്ടിട്ടില്ല. അതുതന്നെ ആണ്‌ ഞങ്ങളുടെ ജീവിതത്തിലെ വിജയവും. അത്ര സാമ്പത്തിക ഭദ്രതയുള്ള കൂടുംബമായിരുന്നില്ല സുനുവിന്റേത്‌…. പട്ടണത്തിലെ ഒരു ചെറിയ വീട്ടുപകരണ കച്ചവടക്കാരനായിരുന്നു സുനുവിന്റെ അച്ഛൻ….. അദ്ദേഹത്തിന്‌ രണ്ട്‌ പെൺമക്കളും രണ്ടാൺമക്കളും…. സുനുവൊഴിച്ച്‌ എല്ലാവരും വിദ്യനേടി ജീവിതം കരുപ്പിടിപ്പിച്ചു…. സുനു അച്ഛനു ശേഷം വീട്ടുപകരണക്കച്ചവടം ഏറ്റെടുത്ത്‌ പിച്ചവച്ച്‌ ഉയർന്നു… ഇപ്പോൾ സഹോദരങ്ങൾ പറയാറുണ്ട്‌ സുനുവിന്റെ വീക്ഷണമായിരുന്നു ശരിയെന്ന്‌. അവരെക്കാളൊക്കെ സാമ്പത്തിക മികവ്‌ നേടിയെന്നത്‌ കൊണ്ട്‌…..

സുനുവിന്‌ നല്ലൊരു സുഹൃത്ത്‌ വലയമുണ്ട്‌…..വ്യാപാരമായി ബന്ധപ്പെട്ടിട്ടുള്ളതും അയൽ പക്കത്തും, അന്തർദേശിയ തലത്തിലെ ഒരു സംഘടനയുമായിട്ടുള്ളതും. ആ സാഹൃദങ്ങൾ എനിക്ക്‌ എങ്ങിനെയെന്ന്‌ ചോദിച്ചാൽ പ്രതേകിച്ച്‌ ഒന്നുമില്ലെന്ന
പറയാൻ കഴിയു… എന്റെ സഹൃദങ്ങൾ അത്ര ആഴങ്ങളിൽ ഉള്ളതോ ആത്മാർത്ഥമായിട്ടുള്ളതോ
അല്ലെന്ന്‌ എനിക്ക്‌ തന്നെ അറിയാം….. ഞാൻ എല്ലാറ്റിനേയും ഒരു സമചിത്തതയോടെ കാണുന്നു എന്നതു തന്നെ…..

കഴിഞ്ഞ രാത്രി ഞങ്ങൾ സ്വകാര്യതകളെ പരതി തുടങ്ങിയപ്പോൾ തന്നെ ഞാൻ സുനുവിനെ ചോദ്യത്തിന്റെ ചുണ്ടലിൽ കൊളുത്തിയിട്ടു….

സുനു
എന്താണങ്ങിനെ ചോദിച്ചത്…….

എങ്ങിനെ….

എനിക്കൊരു ജാരനുണ്ടോയോന്ന്‌……

നീ അത്‌ ഇനിയും വിട്ടില്ലേ…

ഇല്ല… ഏനിക്കത്‌ അങ്ങിനെ മറക്കാൻ കഴിയില്ല…..

അതോ…

സുനുവിന്റെ വിരൽ ചലനങ്ങൾ നിലച്ചു. ദേഹത്ത്‌ നിന്ന്‌ അകന്ന്‌, മുഖത്ത്‌ സൂക്ഷ്മതയോടെ നോക്കി, ചുണ്ടത്ത്‌ പുഞ്ചിരി വരുത്തി…

നീ ഈ രണ്ടു വിധികളെ എങ്ങിനെയാണ്‌ കാണുന്നത്‌….. തുല്യനീതി വിധികൾ… ഉഭയസമ്മത വിവാഹേതര ബന്ധവും ശബരിമലയും…..പുറത്ത്‌ വലിയ കോലാഹലങ്ങൾ നടക്കുന്നു… ചർച്ചകൾ കൊണ്ടാടുന്നു… നീ അതിൽ നിന്നൊക്കെ മുഖം തിരിച്ചിരിക്കുന്നു… ഏന്തുകൊണ്ടാണത്‌…….

എനിക്ക്‌ അതിന്‌ മറുപടി കൊടുക്കാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

നിസ്സംഗതയോടെ ആണ്‌ കാണുന്നത്‌….. കാരണം ഞാൻ ഏറേ സ്വാതന്ത്ര്യം അനുഭവിക്കുന്ന പെണ്ണാണ്‌…..ലൈംഗികതയുടെ കാര്യത്തിലായാലും വിശ്വാസത്തിന്റെ കാര്യത്തിലായാലും……

എന്റെ സംസാരത്തിൽ ഇത്തിരി നാടകീയത കൂടിപ്പോയി എന്ന്‌ പിന്നീട്‌ തോന്നിയെങ്കിലും, സുനുവിന്റെ മുഖത്ത്‌ ആദ്യം തോന്നിയ അമ്പരപ്പ്‌ പതിയെമാറി വരുന്നത്‌ കണ്ടപ്പോൾ എനിക്ക്‌ സമാധാനമായി. പക്ഷെ, തുടർന്ന് സുനു അന്തർമുഖനായതു പോലെ തോന്നി……. എന്റെ ദേഹത്തോടടുത്തു വരുമ്പോൾ ഉള്ളിൽ ഭയപ്പാടുള്ളതു പോലെ… വിറയൽ….. വികാര തന്ത്രികൾ ഉണരാത്തതു പോലെ……. ബലഹിനനാകുന്നതു പോലെ…..അതെന്നെ ഭീതിപ്പെടുത്തുന്നു. എന്റെ ജീവിതം, സന്തോഷങ്ങൾ, സ്വാതന്ത്ര്യം, വിശ്വാസങ്ങൾ തകരുകയാണോ എന്ന്‌ മനസ്സ്‌ ചോദിച്ചു കൊണ്ടിരിക്കുന്നു……… ഒരിക്കലും അവകളൊന്നും എനിക്ക്‌ നഷ്ടപ്പെടാൻ പാടില്ല… നഷ്ടപ്പെട്ടാൽ പിന്നെ ഞാനില്ല…… അതുകൊണ്ട്‌ ഞാൻ വായന നിർത്തുകയാണ്‌.

അയാൾക്ക്, വായിച്ചു കഴിഞ്ഞപ്പോൾ ആദ്യം അമ്പരപ്പു തന്നെയാണ്‌ തോന്നിയത്‌. പിന്നെ, സമൂഹം വ്യത്യസ്തകൾ കൊണ്ട്‌ നിറഞ്ഞതാണെന്ന്‌ ചിന്തിച്ച് സമാധാനം കൊണ്ടു.

ദീർഘമായോന്നു നിശ്വസിച്ചു.

ശേഷം, സുഗന്ധം ചൊരിഞ്ഞ്‌, മനോജ്ഞ നിറത്തിൽ, പുഞ്ചിരിച്ചു നിൽക്കുന്ന പനിനീർപ്പൂവിൽ നിന്നും ഒരിതൾ അടർത്തി മാറ്റുന്ന വേദന അനുഭവിച്ചു.

@@@@@




വിശപ്പ്

ആർത്തി പൂണ്ട്‌ വാരിവലിച്ചാണ്‌ അവൻ ഭക്ഷണം കഴിക്കുന്നത്‌. കഴിഞ്ഞ ഏഴു നാളുകളെങ്കിലും പട്ടിണി കിടന്ന നായയെപ്പോലെ. നായ വാലാട്ടും പോലെ അവൻ വാരിത്തിന്നുന്നതിനിടയിൽ തല ഉയർത്തി തള്ളയെ നോക്കി ഒന്നു പുഞ്ചിരിക്കും, വീണ്ടും, പാത്രത്തിലേക്ക്‌ കുമ്പിടും.

തള്ള അവന്റെ പാത്രത്തിലേക്ക്‌ തലേന്നാൾ ബാക്കി വന്ന്‌, വെള്ളമൊഴിച്ചു വച്ചിരുന്ന കഞ്ഞി വീണ്ടും വീണ്ടും പകർന്നു, മോരുകറിയും ചാളക്കൂട്ടാന്റെ ചാറും വീണ്ടും വീണ്ടും ഒഴിച്ചു.

അവൻ കിളിച്ചിട്ടും നനച്ചിട്ടും ഒരു മാസം കഴിഞ്ഞതു പോലെ,

വലിയ വീടാണെങ്കിലും തള്ളയും ചപ്രച്ച തലയും നരച്ച നൈറ്റിയുമായിട്ട്‌,

തിന്നുന്നതിനിടയിൽ ശ്വാസം വിടാൻ എടുക്കുന്ന നേരങ്ങളിൽ അവൻ തള്ളയോട്‌ ഭർത്താവിനെപ്പറ്റി , മക്കളെപ്പറ്റി, പേരമക്കളെപ്പറ്റി ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു.

തള്ള അവന്‌ വേണ്ടതെല്ലാം പറഞ്ഞു കൊണ്ടുമിരുന്നു.

അവന്‍ തിന്നു മതിയായി, മടുത്ത്‌ തറയിലേക്കമർന്നിരുന്നു. ഒരു ഏമ്പക്കം വിട്ടു, ഒരു ദീർഘനിശ്വാസവും.

വളരെ സന്തോഷത്തോടെ തള്ളയെ നോക്കി ഒന്നു കൂടി ചിരിച്ചു.ആ ചിരി അങ്ങിനെ നിമിഷങ്ങൾ നീണ്ടു നിന്നു. സാവധാനം മങ്ങി, മങ്ങി വന്നു.

അവൻ പഴങ്കഞ്ഞി, മോരും ചാളക്കൂട്ടാന്റെ ചാറും കൂട്ടി വാരി തിന്ന്‌ എച്ചിലായ കൈ ഒന്നു കഴുകുക പോലും ചെയ്യാതെ, വായിൽ ഇത്തിരി വെള്ളം കൂടി വീഴ്ത്താതെ, തള്ളയുടെ മൂക്കും വായും വലതു കൈയ്യാൽ അമർത്തിപ്പിടിച്ച്, ചപ്രച്ച തലമുടി ഇടതു കൈയ്യാൽ ചുരുട്ടി പിടിച്ച്‌ വീടിന്‌ ഉള്ളിലേക്ക്‌ വലിച്ചിഴച്ചു. കതകിന്റെ വിജാകിരിയിൽ എഴുന്നു നിന്നിരുന്ന ഒരു സ്ക്രൂ നൈറ്റിയെ പിളർന്ന് തള്ളയെ വിവസ്ത്രയാക്കി, തുടയില്‍ ആഴത്തിലൊരു മുറിവുണ്ടാക്കി. ചോരയില്ലാതെ മുറിവ്‌ വെളുക്കെ ചിരിക്കുന്നു.

@@@@@@