ന്യൂ റിയാലിറ്റി ഷോ

കഴിഞ്ഞ
പതിനൊന്നു മണിക്കൂറുകളായി അവര്‍ പത്തു പേര്‍ ഈ ഏസി മുറിയില്‍ ഒരു ചതുര മേശക്ക് ഇരു
പുറവുമായിട്ട് എംഡിയുടെ മുഖത്തു നോക്കിയിരിക്കുന്നു.  രാവിലെ പത്തു മണിക്കാണ്  കോട്ടും സ്യൂട്ടും സുഗന്ധങ്ങളും സ്യൂട്ട് കേസുകളുമായിട്ട്
ഏഴു സുന്ദരന്മാരും ഒരേ നിറത്തിലുള്ള സാരിയും ബ്ളൗസും  ധരിച്ച്, വ്യത്യസ്തമാര്‍ന്ന മൂന്നു മണങ്ങളില്‍ മൂന്നു സുന്ദരികളും വന്നിട്ടുള്ളത്.  സുന്ദരികള്‍ക്ക് സ്യൂട്ട് കേസുകളില്ല.  അവരോടൊത്ത് മാറില്‍ അടക്കിപ്പിടിക്കപ്പട്ട്
മൂന്നു ഫയലുകളുമാണെത്തിയത്.

       കോണ്‍ഫ്രന്‍സ്
തുടങ്ങി ഇത്തിരി നേരം കഴിഞ്ഞ് കമ്പനി എത്തിച്ചു കൊടുത്ത പ്രഭാത ഭക്ഷണം കഴിച്ചു,  അവിടെയിരുന്നല്ല, ഭക്ഷണ മുറിയില്‍ പോയിരുന്ന്.  യഥാസമയം മത്സ്യവും മാംസവും ഉള്‍ക്കൊണ്ട ഉച്ച
ഭക്ഷണവും,
സായാഹ്നത്ത് ലഘു ഭക്ഷണവും കഴിച്ചു.

      സംസാരങ്ങള്‍ നീണ്ടു പോയി.

      ആ കോണ്‍ഫ്രന്‍സ് ഹാളിനു പുറത്ത്, ഹാളിനെ പൊതിഞ്ഞ് വലിയൊരു കെട്ടിടമുണ്ട്.  അവിടെ പ്രവിശ്യയാകെ അറിയപ്പെടുന്ന ഒരു ചാനല്‍
പ്രവര്‍ത്തിക്കുന്നു. ഓഫീസും റെക്കോഡിംഗ് റൂമും, ഇന്‍ഡോര്‍ ഏരിയയും എയറിംഗ് സിസ്റ്റവും…..

      അവര്‍ക്ക് വേണ്ടത് തകര്‍ന്നുകൊണ്ടിരിക്കുന്ന ചാനലിനെ പിടിച്ചു
നിര്‍ത്തുക എന്നതാണ്.  വാര്‍ത്തകള്‍, സീരിയലുകള്‍, സംഗീത-നൃത്ത റിയാലിറ്റികള്‍, കോമഡി ഷോകള്‍, കുട്ടിക്കളികള്‍, വലിയവരുടെ കളികള്‍, അടുക്കള ഷോകള്‍, വീട്ടു കളികള്‍, അച്ഛനുമമ്മയും കളികള്‍, നിരത്തിലിറങ്ങി
പൊതുജനത്തെ വിഡ്ഢിയാക്കല്‍, ചാക്കിലോട്ടം, സൂചിയില്‍ നൂലു കോര്‍ക്കല്‍, ആനയ്ക്ക് വാലുവര….

      എല്ലാം കാണിച്ചുകഴിഞ്ഞിരിക്കുന്നു,  ആവര്‍ത്തിച്ചു
കൊണ്ടുമിരിക്കുന്നു.

      ഒന്നും റേറ്റിംഗ് കൂട്ടുന്നില്ല.

      മറ്റു ചാനലുകാരുടെ തന്ത്രങ്ങളില്‍ തോറ്റു പോകുന്നു.

      പരസ്യങ്ങള്‍ കിട്ടാതായിരിക്കുന്നു.

      പ്രതിസന്ധിയിലായിരിക്കുന്നു.

      പുതിയതൊന്നിനു വേണ്ടിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്.

      ഏ ന്യൂ ജനറ്റിക് ഐറ്റം…..

      പ്രവിശ്യയില്‍ തന്നെയുള്ള ചാനലുകളിലേക്ക് ഒളിഞ്ഞു നോക്കി, കോപ്പിയടിക്കാന്‍ പറ്റിയതൊന്നും കണ്ടില്ല.

      തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലും മഹാരാഷ്ട്രയിലും
നോക്കി…

      നോട്ടും വടക്കോട്ടു പോയി…

      ഹിമാലയം കടന്നു പോയി…

      കടലുകളും കടന്നു പോയി….

      എംഡി ഇടക്കിടയ്ക്ക് മുരണ്ടു.

      നോ…നോ…ഇറ്റസ് നോ ന്യൂ…

      നോ വെറൈറ്റി…

      സൂര്യന്‍ ജോലി കഴിഞ്ഞു പോയി.

      കോണ്‍ഫ്രന്‍സ് ഹാളിന് പുറത്ത് ജോലി ചെയ്തിരുന്നവരില്‍ പലരും
മടങ്ങി,
പുതിയവര്‍ വന്നു.

      കോണ്‍ഫ്രന്‍സ് ഹാളിലെ ഏസി ഓഫ് ചെയ്ത് എക്സോസ്റ്റിനെ
ശക്തിയായി കറങ്ങാന്‍ അനുവദിച്ച്,
മുറിയിലേയ്ക്ക് ഹോട്ടും സോഫ്റ്റും നട്ട്സും ബദാം പരിപ്പും മറ്റ് അനുസാരികളും
വന്നു.

      കോട്ടുകളുടെ ബട്ടനുകളെ ഊരി, ടൈയ്യുടെ കുടുക്കിനെ അയച്ച് സുന്ദരന്മാരും ഒന്നും ഊരിക്കളയാനില്ലല്ലോ എന്ന്
ശങ്കിച്ച്, ചിലതൊക്കെ ലൂസാക്കി വച്ച്
സുന്ദരികളും സന്തോഷം കൊണ്ടു.

      എന്നിട്ടും എംഡി രാവിലെ മുതല്‍ ഉന്നയിക്കുന്ന ചോദ്യം
ദേഹത്ത് പുഴുവരിച്ചതുപോലെ തിണര്‍ത്തു നിൽക്കുന്നെന്ന് പലര്‍ക്കും തോന്നി.

      ഏ ന്യൂ ഐറ്റം……ന്യൂ റിയാലിറ്റി ഷോ….

      മദ്യം നുകര്‍ന്നു. വേണ്ടാത്തവര്‍ സോഫ്റ്റ് നുണഞ്ഞു.
അനുസാരികള്‍ നാവില്‍ പുരട്ടി… സിഗരറ്റു പുകച്ചു…..

      ഹാളില്‍ നിലനിന്നിരുന്ന സുഗന്ധങ്ങള്‍
പുറത്തേക്കിറങ്ങിപ്പോയി.

      മദ്യത്തിന്‍റെ, പുകയുടെ ഗന്ധം നിറഞ്ഞു.

      ദേഹങ്ങള്‍ വിയര്‍ത്തു. ലേപനങ്ങള്‍ കുതിര്‍ന്നൊഴുകി…

      ഐ സെ വണ്‍തിംഗ്…

      സുന്ദരന്മാരിലെ ബുദ്ധിജീവി പറഞ്ഞു.

      മുടി നീട്ടി വളര്‍ത്തി ഷേവു ചെയ്യാത്ത പഴയ തരം
ബുദ്ധിജീവിയല്ല. ന്യൂ ജെന്‍…

 നിത്യേന ഷേവ് ചെയ്ത്, മുഖം മിനുക്കി, ഹെയര്‍ ഓയില്‍ പുരട്ടുന്ന സുന്ദരന്‍.

      ക്വട്ടേഷന്‍…

      വാട്ട്…

      പത്തു സ്വരങ്ങള്‍ ചേര്‍ന്ന് ഒരു ‘വാട്ട്’ ആയി പുറത്തു വന്നു.

      അയാള്‍ ഒന്നും പറയാതെ ഒരു സിപ്പ് കൂടി എടുത്ത്, അനുസാരി നാവില്‍ തേച്ച് അക്ഷോഭ്യനായി…

      ഏസ്, ക്വട്ടേഷന്‍
റിയാലിറ്റി ഷോ…

      ഹൗ…

      കൃത്യങ്ങള്‍ പാര്‍ട്ടിപ്പന്‍സിന്‍റെ ഒത്താശയോടെ
രഹസ്യമായിട്ട് ഷൂട്ട് ചെയ്ത് കാണിക്കണം…. ലൈവായിട്ട് അവരുടെ ആക്രോശങ്ങലും
ഭാവങ്ങളും  വീമ്പുകളും ശരീരങ്ങളും തീറ്റയും
കുടിയും കാണിക്കണം.

      ഏഴു സുന്ദരന്മാരുടേയും മൂന്നു സുന്ദരികളുടേയും മുഖങ്ങള്‍
തെളിഞ്ഞു,
പഴയ ട്യൂബ് ലൈറ്റു പോലെ….

      അവര്‍ മുകളിലേക്ക് നോക്കി.

      ഓ…ഗോഡ്… യുവര്‍ ഗുഡ്നസ്സ്….

      ഉന്നതങ്ങളിരിക്കുന്നവനെ…നിനക്കു സ്തുതി….നീ ഞങ്ങളില്‍
കനിഞ്ഞിരിക്കുന്നു….

      നിനക്ക് നന്ദി….

@@@@@




ഒരമ്മയും മകളും

അമ്മ
നാല്പത്തിയഞ്ച് വയസ്സ്, വെളുത്ത്
മെല്ലിച്ച്….

      നീയെന്നതാടീ പെണ്ണെയിങ്ങനെയെന്ന്….. ഏതെങ്കിലും
വല്ല്യമ്മച്ചി ചോദിച്ചാല്‍, ഓ ഇതൊക്കെ
മതിയമ്മച്ചി… ഇങ്ങനിരുന്നാലും  ഞാന്‍
അഞ്ചു വീട്ടിലെ പണി ചെയ്യുന്നില്ലേയെന്ന് തിരിച്ചു ചോദിക്കും.

      ഓ… ഒള്ളതാ…

      വെളുപ്പിനെ നാലു മണിക്ക് ഉണര്‍ന്ന് വീടും മുറ്റോം
അടിച്ചുവാരി കട്ടന്‍ ചായ തെളപ്പിച്ച് കുടിച്ച് ചൂടു വെള്ളത്തില്‍ കുളിച്ച് വസ്ത്രം
മാറി വീട് പൂട്ടി ആറുമണിക്കു മുമ്പേ വക്കീല്‍ ദമ്പതികളുടെ വീട്ടിലെത്തും, മുറ്റം അടിച്ചു വാരി അടുക്കളയില്‍ കയറി പാത്രങ്ങള്‍ കഴുകി
വച്ച്,
ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച, നേരം നന്നേ വെളുത്ത ശേഷം തുണികള്‍ കഴുകി ഉണങ്ങാനിട്ട്
പ്രാതല്‍ കഴിച്ച് അടുക്കള വാതില്‍ പൂട്ടി, ഗെയ്റ്റ് പൂട്ടി, താക്കോല്‍
ബാഗിലിട്ട്, ഓര്‍ത്തോപീഡിക് സര്‍ജന്‍റെ വീട്ടിലെത്തി, മുറ്റമില്ലാത്തതു കൊണ്ട് അടിച്ചു വാരാതെ, നേരെ അടുക്കളയിലെത്തി പാത്രങ്ങള്‍ കഴുകി അടുക്കി വച്ച്, ക്രിസ്ത്യാനിയായ ഡോക്ടറുടെ ഭാര്യ സ്വാമിയാരു പെണ്ണായതു
കൊണ്ട് മീന്‍ കറിയും ഇറച്ചി കറിയും വച്ച്, തുണി കഴുകി തുവരാനിട്ട്, വീട്
അടിച്ചു വാരി തുടച്ച്, പന്ത്രണ്ടു
മണിക്ക് ഒരു കപ്പു നിറച്ച് ചായയും സ്വാമിയാരു പെണ്ണുണ്ടാക്കിയ വടയും ബജിയും
കഴിച്ച്,
കോളേജദ്ധ്യാപകരുടെ ഫ്ളാറ്റിലെത്തി ബാഗില്‍ കരുതിയിരിക്കുന്ന
താക്കോലിട്ട് മുന്‍ വാതില്‍ തുറന്ന് അകത്തു കയറി വാതില്‍ പൂട്ടി, പാത്രങ്ങള്‍ കഴുകി, വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൊടിയൊക്കെ വലിച്ചെടുത്ത്, തറ തുടച്ച് വൃത്തിയാക്കി, വാഷിംഗ് മെഷിനില്‍ ചത്തു മലച്ചു കിടക്കുന്ന തുണികളെ, ടെറസ്സിന് മുകളിലെ മേച്ചിലിന് കീഴില്‍ പേരെഴുതി
തിരിച്ചിരിക്കുന്നതില്‍ അദ്ധ്യാപകന്‍റെ പേരെഴുതിയിരിക്കുന്നിടത്ത് ഉണക്കാനിട്ട്, ഫ്രിഡ്ജില്‍ പാകം ചെയ്തു വച്ചിരിക്കുന്നതില്‍
ഇഷ്ടമുള്ളതെടുത്ത് ഉച്ച ഭക്ഷണമായി കഴിച്ച് ഫ്ളാറ്റ് പൂട്ടിയിറങ്ങി, വക്കീല്‍ ദമ്പതികളുടെ വീട്ടില്‍ മടങ്ങിയെത്തി അടുക്കള
വാതില്‍ തുറന്ന് കയറി ഗ്യാസ് അടുപ്പില്‍ തീ കത്തിച്ച് നാലു മണി ഭക്ഷണം പാകം ചെയ്ത്
നടു നിവര്‍ത്തി ഒരു ചായ കുടിക്കുമ്പോഴേക്കും കോളിംഗ് ബെല്ല് മുഴങ്ങുന്നതു കേള്‍ക്കാം.
വക്കീല്‍ വീട്ടിലെ മക്കളുടെ വരവാണ്. കോളിംഗ് ബെല്ല് കേട്ടാലും കതക് തുറക്കാന്‍
പോകേണ്ട കാര്യമില്ല.  മുന്‍ വാതിലിന്‍റെ
താക്കോല്‍ വരുന്നവരുടെ കൈയ്യില്‍ തന്നെ ഉണ്ടാകും. 
അവര്‍ കതക് തുറന്ന് വന്ന് അടുക്കളയിലെത്തി ചായ കുടിച്ച്, ഉണ്ടാക്കിയിട്ടുള്ളതെന്തു പലഹാരമായാലും ഇഷ്ടപ്പെട്ട്
കഴിക്കുന്നതു കണ്ട് സന്തോഷിച്ച്,  ഉണങ്ങാനിട്ടിരുന്ന തുണികളൊക്കെ മടക്കി ഇസ്തിരി ടേബിളില്‍
വയ്ക്കുമ്പോഴേക്കും വനിതാ വക്കീല്‍ വരും, പയ്യാരം പറഞ്ഞ്, അവരോടുകൂടി
രാത്രി ഭക്ഷണം പാകം ചെയ്ത് കഴിയുമ്പോഴേക്കും ഏഴു മണി രാത്രിയായിരിക്കും.  അവിടെ നിന്നും രാത്രി കഴിക്കാനുള്ളതുമെടുത്ത്
ഓടി വണ്ടി കയറി സ്വന്തം വീട്ടിലെത്തുമ്പോള്‍ എട്ടു മണി. വയ്യ, ഇനി എവിടേലും കെടന്നാല്‍ മതിയെന്നു കരുതുമ്പോഴേക്കും മകളുടെ
ഫോണ്‍ വരും….

      അമ്മേ ഇപ്പോ എത്തിയതേ ഒള്ളോ…..

      ഓ…

      ഇന്നെന്നതാ കറി… ബീഫാണോ… മീനാണോ…

      ഇത്തിരി മീന്‍ കറീം ചോറും കൊണ്ടു വന്നു….

      എന്നാ അമ്മ കഴിച്ചു കെടന്നോ… ഞാനിന്നു വരുന്നില്ല….
നാളെ ഒരു ഫ്രണ്ടിന്‍റെ കല്യാണമുണ്ട്…

      മകള്‍ ജോലി സ്ഥലത്തു നിന്നാണ് വിളിക്കുന്നത്. അതു
കൊണ്ടിന്ന് വെള്ളിയാഴ്ചയാണെന്ന് അമ്മ കണക്കു കൂട്ടി.    അവളങ്ങിനെയാണ്, അച്ഛന്‍ മരിച്ചു കഴിഞ്ഞ, അമ്മ
വീട്ടു ജോലികള്‍ക്ക് പോയിത്തുടങ്ങിയപ്പോള്‍ മുതല്‍ ഹോസ്റ്റലിലാണ് താമസം.  പ്ലസ് ടൂവിനും, എന്‍ട്രന്‍സ് കോച്ചിംഗിനും എഞ്ചിനിയറിങ്ങിനും പഠിച്ചത്
അങ്ങിനെയാണ്.  കാമ്പസ് സെലക്ഷന്‍ വഴി ഇന്‍ഫോ
പാര്‍ക്കില്‍ ജോലിയായപ്പോഴും അങ്ങിനെ തന്നെ… പഠിച്ചിരുന്നപ്പോള്‍ ശനിയാഴ്ച
വൈകിട്ട് വീട്ടിലെത്തി തിങ്കളാഴ്ച രാവിലെ മടങ്ങി. ജോലിയായപ്പോള്‍, മറ്റ് ആവശ്യങ്ങളില്ലെങ്കില്‍ വെള്ളിയാഴ്ച വൈകിട്ടെത്തി
ഞായറാഴ്ച വൈകിട്ട് മടങ്ങും..

      അങ്ങിനെ ഒരു വെള്ളിയാഴ്ചയും മകളില്ലാത്ത ശനിയും ഞായറും കഴിഞ്ഞുള്ള
തിങ്കളാഴ്ച വൈകിട്ട് വക്കീല്‍ വീട്ടില്‍ രണ്ടു പോലീസുകാര്‍ അമ്മയെ അന്വേഷിച്ചു
വന്നു.

      അവര്‍ രണ്ടു ഫോട്ടോകള്‍ കാണിച്ച് വനിതാ വക്കീലിനോട്
പരിചയമുണ്ടോയെന്ന് തിരക്കി.

      പെണ്‍കുട്ടിയെ പരിചയമുണ്ടെന്നും ഇവിടെ പണിക്കു വരുന്ന
സ്ത്രീയുടെ മകളാണെന്നും പറഞ്ഞു.

      പെണ്‍കുട്ടി വിവാഹിതയാണോയെന്നായി അടുത്ത ചോദ്യം.

      അല്ലെന്നും ഫോട്ടോയില്‍ കണ്ട പയ്യനെ അറിയില്ലെന്നും പറഞ്ഞു.

      പിന്നീട് അവര്‍ അമ്മ കേട്ടു നില്‍ക്കെ,

      ഈ പെണ്‍കുട്ടിയും പയ്യനും കഴിഞ്ഞ ദിവസം ഒരാക്സിഡന്‍റില്‍
മരിച്ചെന്നും, അവര്‍ കഴിഞ്ഞ രണ്ടു നാളുകളില്‍
മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ചിരുന്നെന്നും, തിങ്കളാഴ്ച വെളുപ്പിന് മടക്ക യാത്രയില്‍ വാളറക്കുത്തിന്
അടുത്തു വച്ച് കാര്‍ ആക്സിഡന്‍റ് ആവുകയായിരുന്നെന്നും പറഞ്ഞു.

      വനിതാ വക്കീല്‍ചോദിച്ചു.

      ഇറ്റ്സ് ലിവിംഗ് ടുഗദര്‍….

      നൊ… ഐ തിങ്ക്…..ഡേറ്റിംഗ്….

      ലിവിംഗ് ടുഗദര്‍… ഡേറ്റിംഗ്…. അമ്മയ്ക്കതെന്തെന്ന്
മനസ്സിലായില്ല.  എങ്കിലും ബോധം മറഞ്ഞ്
വനിതാ വക്കീലിന്‍റെ കൈയ്യില്‍ തൂങ്ങി മാര്‍ബിള്‍ തറയില്‍ തളര്‍ന്നു വീണു.

@@@@@@




സാക്ഷ്യം

ആനപ്പുറത്തേറിയവന് പട്ടിയെ
ഭയക്കേണ്ടതില്ലെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്.  ആനപ്പുറത്തു തന്നെയാണ് ഇരിക്കുന്നത്, വാച്യമായി വ്യവഹരിച്ചാന്‍ ആനയേക്കാള്‍ എത്രയോ ഉയരത്തിലാണ് ഈ
ഇരുപത്തിയഞ്ചാം നിലയിലുള്ള ഫ്ലാറ്റ്.  ആ
ഉയര്‍ച്ച ധനത്തിന്‍റെ കൂടി അളവാണ്. 
അധികാരം ഏതു സമയത്തും എന്തും ചെയ്ത് തരാനായിട്ട് ഓച്ഛാനിച്ച് നില്‍ക്കുന്നുണ്ട്.  കാവലാളുകള്‍ നാലു ചുവരുകള്‍ക്ക് പുറത്ത്
മാത്രമല്ല ചുവരുകള്‍ക്ക് ഉള്ളിലുമുണ്ട്. 
ഒരു സാക്ഷ്യപ്പെടുത്തലുകാരന്‍റെ ജീവിതം അവിശ്വസനീയവും, അവര്‍ണനീയവും, അപകടകരവുമാണ്.  ഏതു സമയത്ത് എവിടെ നിന്നെല്ലാം അമ്പുകള്‍,
വെട്ടുകള്‍ വരുമെന്ന് കരുതകാനാകില്ല. അവര്‍ സ്വപ്ന ലോകം വിട്ട്
യഥാര്‍ത്ഥ ലോകത്ത് ജീവിക്കണം. പുറകില്‍ രണ്ടു കണ്ണുകളും, പിന്നിലേക്ക്
തിരിഞ്ഞിരിക്കുന്ന രണ്ട് ചെവികളും കൂടി വേണം.

      ആദ്യസാക്ഷ്യം പറച്ചില്‍ 
പത്താമത്തെ വയസ്സിലായിരുന്നു. 
അച്ഛനാണ് കൊണ്ടു പോയത്.  അച്ഛന്‍
എങ്ങിനെ അവിടെ എത്തിപ്പെട്ടെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. വെറുതെ
ഒന്നുമറിയാതെ എത്തിയതാണെന്ന് കരുതിയിരുന്നു. 
പക്ഷെ, അച്ഛന്‍ എല്ലാമറിഞ്ഞാണ് ചെയ്തിരുന്നത്.

      അതൊരു ചെറിയ വേദിയായിരുന്നു, വലിയൊരു മുറിയില്‍.  വാടകക്ക് കിട്ടുന്ന എട്ടോ പത്തോ മേശകള്‍
നിലത്തു നിരത്തി വെളുത്ത തുണി വിരിച്ചതില്‍, ചെറിയൊരു
പീഠമായിരുന്നു അവരുടെ ഇരിപ്പിടം. വെളുത്ത സാരിയും ബ്ലൗസും ഭസ്മക്കുറിയും, സദാ മുഖത്ത് നിലനില്‍ക്കുന്ന പുഞ്ചിരിയും ആരെയും ആകര്‍ഷിക്കത്തക്കതായിരുന്നു.
എങ്കിലും എന്‍റെ അമ്മയോളം സുന്ദരിയല്ലെന്ന് മാര്‍ക്കിട്ടു.  അതെന്‍റെ ഒരു ശീലമായിരുന്നു.  ഒരു സ്ത്രീയെ ആദ്യം കാണുമ്പോള്‍ എന്‍റെ
അമ്മയാണോ അവരാണോ കൂടുതല്‍ സുന്ദരിയെന്ന് താരതമ്യം ചെയ്യല്‍….

      ഞങ്ങള്‍ ചെല്ലുന്നത് അവര്‍ കണ്ടിട്ടില്ല, ധ്യാനത്തിലായിരുന്നു.  അവര്‍ക്ക് വലതും ഇടതും അച്ഛനേക്കാള്‍
ശക്തന്മാരായ രണ്ടു പേര്‍ കാവല്‍ക്കാരെപ്പോലെ നില്‍ക്കുന്നു.  അവരും വെളുത്ത മുണ്ടും ഷര്‍ട്ടുമാണ്
ധരിച്ചിരുന്നത്.  ഹാളില്‍ നിലത്ത് വിരിച്ച
പായകളില്‍ നൂറോളം പേര്‍ ഇരിക്കുന്നു. 
അവരും ധ്യാനത്തിലാണ്. കണ്ണുകളടച്ച് കൈകള്‍ കൂപ്പി…….

      അമ്മേ ഞാന്‍…… അശോകന്‍ വന്നു, എന്‍റെ മോനുമുണ്ട്
വിശാല്‍…….

      അച്ഛന്‍ അവര്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു.  എനിക്കത് ഇഷ്ടമായില്ല.  അമ്മേയെന്നുള്ള വിളിയും പ്രണമിക്കലും… അവര്‍ക്ക്
അച്ഛനേക്കാള്‍ പ്രായവും കുറവാണ്. 

      എന്തു ചെയ്യണമെന്ന് അറിയാതെയായി.  ഇളിഭ്യത തോന്നി.  അമ്മേ എന്നു വിളിച്ച സ്ത്രീയെ, കാവല്‍ നില്‍ക്കുന്നവരെ, സദസ്സില്‍
ധ്യാനത്തിലിരിക്കുന്നവരെ ഞാന്‍ നോക്കി. 
പക്ഷെ, അവര്‍ ആരും അവിടെ സംഭവിച്ചതെന്തെന്ന്
ശ്രദ്ധിച്ചതേയില്ല.  അതെന്നെ
അത്ഭുതുപ്പെടുത്തി….  എങ്കിലും ഇനിയെന്തു
ചെയ്യുമെന്ന് ചിന്തിച്ചു നിന്നപ്പോള്‍ അച്ഛന്‍ എഴുന്നേറ്റു…..  അവര്‍ ഞങ്ങളോട് സൈഡിലേക്ക് മാറിനില്‍ക്കാന്‍
ആംഗ്യംകാണിച്ചു… അങ്ങിനെ ചെയ്തു.  തുടര്‍ന്ന്
അവര്‍ ഒരു കീര്‍ത്തനം ആലപിച്ചു. 
മലയാളത്തില്‍ തന്നെ….. എനിക്കതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാനായില്ല.  ക്ഷേത്രത്തിലെ വേദപാരായണം പോലെയല്ല.   ഗീതാലാപനം പോലെയുമല്ല….. പക്ഷെ, ഒരു താളമുണ്ട്, വ്യത്യസ്തമായൊരു രീതിയുണ്ട്….. എന്‍റെ
മനസ്സിനെ അത് മദിച്ചുവെന്നത് സത്യം….

      കാവല്‍ നില്‍ക്കുന്നവര്‍ അനങ്ങാതെ നിന്നതേയുള്ളൂ….. സദസ്സ് ആനന്ദത്തില്‍
മയങ്ങിയാണിരിക്കുന്നത്….. തൊഴുതു പിടിച്ചിരിക്കുന്ന കൈകളെ മെല്ലെ വശങ്ങളിലേക്ക്
ചലിപ്പിച്ച്, തലകളെ കൈ ചലനത്തിനൊത്ത് ഇളക്കി….. അച്ഛന്‍
നിശ്ശബ്ദനായി കണ്ണുകള്‍ അടച്ച് നിന്നതേയുള്ളൂ…. ആരും പരസ്പരം
ശ്രദ്ധിക്കാതിരുന്നതിനാല്‍ എനിക്കവരെയെല്ലാം വിശദമായി കാണാന്‍ കഴിഞ്ഞു.  പ്രായ വ്യത്യാസമില്ലാതെ നൂറോളം സ്ത്രീ പുരുഷന്മാര്‍,
പത്തു പന്ത്രണ്ട് കുട്ടികള്‍….. പത്തു മിനിട്ട് കഴിഞ്ഞാണ് ആലാപനം
നിലച്ചത്…. അവര്‍ കണ്ണു തുറന്ന് ആദ്യം വിളിച്ചത് അച്ഛനെയാണ്……

      അശോകാ….വരൂ…. മോന്‍ വരുമെന്ന് ഇന്നെന്‍റെ മനസ്സ് പറഞ്ഞതേയുള്ളൂ…..
മോനു വരാതിരിക്കാന്‍ കഴിയില്ലല്ലോ…. പറഞ്ഞോളു…. മോനെന്താണ് പറയാനുള്ളത്…..

      അമ്മേ ഇത് എന്‍റെ മോനാണ് അവന്‍ നടന്നാണ് വന്നത്…… ഇന്നലെയാണ് അവന്‍
നടന്നു തുടങ്ങിയത്….. ഇന്നു തന്നെ അമ്മയെ കാണിക്കണമെന്ന് കരുതി…….

      നീ എന്‍റെ അടുത്ത് വന്ന അന്നു തന്നെ ഇത് സംഭവിക്കുമെന്ന്
എനിക്കറിയാമായിരുന്നു.  നീ പറഞ്ഞോളൂ…..

      അച്ഛന്‍ സദസ്സിനെ നോക്കി പറഞ്ഞു.

      ഇതെന്‍റെ മകനാണ് വിശാല്‍…. അവനിപ്പോള്‍ 
പത്തു വയസ്സാണ്…. ജന്മനാല്‍ അവന്‍ നടക്കില്ലായിരുന്നു…… അരക്ക്
താഴേക്ക് തളര്‍ന്നതു പോലെ ആയിരുന്നു…. എടുത്തു കൊണ്ടാണ് അവനെ എവിടെയും കൊണ്ടു
പോയിരുന്നത്….. അവന്‍റെ കൈകള്‍ക്ക് ശക്തി കിട്ടിയപ്പോള്‍ മുതല്‍ വീല്‍ച്ചെയര്‍
ഉപയോഗിച്ചു തുടങ്ങി…… എന്നാല്‍ ഇപ്പോള്‍ ഇവിടെ വന്നത് വീല്‍ച്ചെയറില്ലാതെ
നടന്നാണ്….. അംഗവൈകല്യമുണ്ടായിരുന്നതിന്‍റെ യാതൊരു ക്ഷണവുമില്ലാതെ….. എല്ലാം
അമ്മയുടെ അനുഗ്രഹമാണ്…… അമ്മയുടെ ആലിംഗനങ്ങള്‍,  ചുംബനങ്ങള്‍…. സ്പര്‍ശനങ്ങള്‍……
പ്രാര്‍ത്ഥനകള്‍….. നിങ്ങള്‍ക്ക് അവന്‍റെ കാലുകളില്‍ പിടിച്ചു നോക്കാം….
ഇപ്പോള്‍ ജന്മനാല്‍ ക്ഷയിച്ചിരുന്ന കാലുകളാണെന്ന് പറയില്ല…… ഞാന്‍ എല്ലാം
അമ്മയില്‍ അര്‍പ്പിക്കുകയാണ്. അമ്മയാണെനിക്കെല്ലാം…. എന്നെ, എന്‍റെ മോനെ,  എന്‍റെ കുടുംബത്തെ അമ്മയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുകയാണ്…… അമ്മ
സ്വീകരിക്കണം…..ഇതെന്‍റെ സാക്ഷ്യപ്പെടുത്തലാണ്…… ഇനി ഞാന്‍ അമ്മയുടെ
വാക്കുകള്‍ കേട്ടു മാത്രമേ നടക്കുകയുള്ളൂ…..

      ശരി മോനെ….. ഞാന്‍ സ്വീകരിക്കുന്നു…… നീ എനിക്ക് വേണ്ടി ഒന്നും
ചെയ്യണ്ട….. നിനക്ക് വേണ്ടി മാത്രം ചെയ്താല്‍ മതി….. അത് എനിക്കു വേണ്ടി കൂടി
ആയിക്കൊള്ളും, ഇവിടെയുള്ള എല്ലാവര്‍ക്കും വേണ്ടി
ആയിക്കൊള്ളും…..

      പിന്നീട് എന്‍റെ ഊഴമായിരുന്നു… എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം
നിന്നു വെന്നത് ശരിയാണ്,  പിന്നീട് അവരെ പ്രണമിച്ചു, അവര്‍ എന്നെ
പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്ലേഷിച്ചു…… മൂര്‍ദ്ധാവില്‍, കവിളില്‍ ചുംബിച്ചു….. ചുണ്ടുകള്‍ മുകര്‍ന്നു.   ഇതിന് മുമ്പ് എന്‍റെ അമ്മയല്ലാതെ ആരും അങ്ങിനെ
ചെയ്തിട്ടില്ല.  അത് എന്നെ വല്ലാതെ
ഉന്മത്തനാക്കി.  അവരുടെദേഹത്തിന് ഒരു
പ്രത്യേക ഗന്ധമുണ്ട് അത് ആരെയും ഒരു മോഹാത്സ്യത്തിലേക്ക് കൊണ്ടു പോകും….. അവരുടെ
ചുണ്ടുകള്‍ക്ക് വല്ലാത്തൊരു മാധുര്യമുണ്ട് അത് ആരെയും മത്തു പിടിപ്പിക്കും.

      അവരില്‍ നിന്നും അകന്ന് നിന്ന്, സദസ്സിലേക്ക് നോക്കി
എന്‍റെ ആദ്യ സാക്ഷ്യം പറഞ്ഞു.

      അച്ഛന്‍ പറഞ്ഞത് സത്യമാണ്…… ഞാന്‍ വീട്ടിനുള്ളില്‍ നടന്നിരുന്നത്
നിലത്തിരുന്ന് നിരങ്ങിയായിരുന്നു, പുറത്തേക്ക് പോയിരുന്നത്
വീല്‍ച്ചെയറിലായിരുന്നു….. മിനിയാന്നു വരെ…..

      എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി…… ഏങ്ങലടിച്ച,
വിക്കി തൊണ്ടയടച്ച് ഒന്നും പറയാനാകാതെയായി……

      അവര്‍ പറഞ്ഞു.

      അവന്‍ കരഞ്ഞു കൊള്ളട്ടെ….. അവന്‍റെ വിഷമങ്ങള്‍ തീര്‍ന്നുകൊള്ളും……

      ഞാന്‍ അവരുടെ കാല്‍ക്കലേക്ക് തന്നെ ഇരുന്നു.  അവര്‍ എന്നെ പിടിച്ചഴുന്നേല്‍പ്പിച്ച്
മടിയിലിരുത്തി…….. സദസ്സ് അവിടെ നിന്നും ഇളകി അടുത്തേക്ക് വന്നു. എന്‍റെ
കാലുകള്‍ സ്പര്‍ശിച്ച്, തടവി, വലിച്ച്
നോക്കി, ബലത്തെ അളക്കാന്‍ വളച്ചു നോക്കി…….     

      മടക്കത്തില്‍ അച്ഛനോട് കുറേ നേരം ഒന്നും പറയാതെ നടന്നു, അതുവരെ നടന്നതിന്‍റെ ഉള്‍ക്കാമ്പ് തിരയുകയായിരുന്നു.  പക്ഷെ, ഒന്നും
കിട്ടിയില്ല. വലിയ ഒരു ഹോട്ടലില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം.  അതേവരെ നാട്ടിലെ ചായക്കടയിലേ കയറിയിരുന്നുള്ളൂ,
അവിടെത്തെ ബഞ്ചിലിരുന്ന് ഇഡ്ഢലിയും ദോശയും ചട്ടിണിയും മാത്രമേ
കഴിച്ചിട്ടുള്ളു. നിറക്കൂട്ടുള്ള പെയിന്‍റെടിച്ച വിശാലമായ മുറി, വട്ടത്തില്‍ വിസ്താരമേറിയ മേശകള്‍, കുഷനിട്ട കസേരകള്‍…..
യൂണിഫോമിട്ട വിളമ്പുകാര്‍……

      അതേവരെ അമ്മ ഉണ്ടാക്കിത്തന്നിട്ടുള്ള ആഹാരത്തേക്കള്‍ രുചി കല്യാണ വിട്ടില്‍
നിന്നും കഴിച്ചിട്ടുള്ളതിനു പോലും തോന്നിയിരുന്നില്ല. ധാരണകളെ മാറ്റി പുതു
രുചികളിലേക്ക് വരികയായിരുന്നു അന്നു മുതല്‍.

      മേശമേല്‍ പല വിധ നിറക്കൂട്ടുകള്‍, 
രുചിക്കൂട്ടുകള്‍…. ഇങ്ങിനെയും ഭക്ഷണങ്ങള്‍
ഉണ്ടാക്കാമെന്ന് അന്ന് അറിഞ്ഞു……

      മോനിഷ്ടമായോ……..

      ഉം…..

      ഹോട്ടല്‍ വിട്ട് നടന്നു തുടങ്ങിയപ്പോള്‍ അച്ഛനോട് ചോദിച്ചു.

      എന്തിനാണച്ഛാ…. അവിടെ വച്ച് അങ്ങിനെയൊക്കെ പറഞ്ഞത്……. നൊണകള്‍….
നൊണയാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ലെ……

      എല്ലാം നമ്മടെ ഗുണത്തിനു വേണ്ടിയിട്ടാ….. നൊണയാണെന്ന് ആര്‍ക്കും
തോന്നിയട്ടില്ല…. അവിടെ വരുന്നവരൊക്കെ അത് വിശ്വസിക്കുന്നവരാണ്…..അവര്‍ക്കെല്ലാം
അതിന്‍റെ ഗുണവുമുണ്ട്….. മോനും അമ്മയും അമ്പലത്തില്‍ പോകുന്നില്ലേ അതുപോലൊരു
സ്ഥലമാണെന്നു കരുതിയാല്‍ മതി……അമ്പലത്തിലായാലും നടക്കുന്നതില്‍ കൂടുതല്‍
നൊണകളാണ്…….

      എനിക്കതില്‍ നിന്ന് ഒന്നും മനസ്സിലായില്ല.

      പക്ഷെ, അച്ഛന്‍ വീണ്ടും കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.    

      മോനെ ഈ അല്ലിദേവി അമ്മയും ഞാനും ഒരുമിച്ചാണ് കൂലിപ്പണിയെടുത്ത്
നടന്നിരുന്നത്…. മെക്കാടു പണി….. പട്ടിണിയിലും ദുരിതത്തിലും കഴിഞ്ഞിരുന്നവര്‍…
അവരുടെ ഇന്നത്തെ സ്ഥിതിയെന്താണെന്നറിയുമോ….. നമുക്കിന്ന് അവരുടെ
ആശ്രമത്തിനടുത്തു കൂടി പോകാം… എല്ലാം മോനു കാണാമല്ലോ…….

      എന്‍റച്ഛന്‍ നായരാണ്…. അമ്മ കല്ലാശ്ശാരിയും…. പ്രണയ
വിവാഹമായിരുന്നു…..രണ്ടു വീട്ടുകാരും എതിര്‍ത്ത് ഒരു സഹായവും ചെയ്യാതെ മാറി
നിന്നപ്പോള്‍ സുഹൃത്തുക്കള്‍ സാക്ഷി നിന്ന രജിസ്റ്റര്‍ വിവാഹം….. വിവാഹശേഷവും
എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 
അതിനെ ഒന്നും വകവക്കാതെ നാട്ടില്‍ തന്നെ ജീവിച്ചു…..

       പിന്നീട് അച്ഛനോടൊത്ത്
നൂറുകണക്കിന് വേദികള്‍, സാക്ഷ്യപ്പെടുത്തലുകള്‍….
അന്ധനായും ബധിരനായും  മൂകനായും
നടക്കാത്തവനായും…….. വളര്‍ച്ചയുടെ നാളുകള്‍……  ശാരീരികമായും മാനസ്സികമായും
സാമ്പത്തികമായും….. അന്ധതയും ബധിരതയും മൂകതയും മാറിമാറിവരുന്നത് ദേശത്തിന്
അനുകൂലിച്ചായിരുന്നു… എവിടെ എന്തു വേഷം കെട്ടണമെന്ന് അച്ഛന്‍ കൃത്യമായി കണക്കു
കൂട്ടി, ഓര്‍ത്തു വച്ച് പറഞ്ഞു തന്നു കൊണ്ടിരിന്നു.  ഒരിടത്തും കാല്‍ തെറ്റി വീണില്ല.  കുറ്റുകുഴി അല്ലി ദേവിയമ്മ പ്രശസ്തയായി,
സമ്പന്നയായി,  ആശ്രിത വത്സലയായി തുടര്‍ന്നു. 

      സാക്ഷ്യപ്പെടുത്തലുകളുടെ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ധരിപ്പിച്ചപ്പോള്‍
അച്ഛന്‍ കൂടുതല്‍ സന്തോഷവാനായി കണ്ടു. മകന്‍ പ്രായപൂര്‍ത്തിയായി, പറക്കമുറ്റി എന്ന് കണ്ടറിഞ്ഞു, സ്വന്തം ചിറകില്‍
പറക്കട്ടെ എന്ന് തീരുമാനിച്ചു.  എങ്കിലും
അച്ഛന്‍ കുറ്റിക്കുഴി അല്ലി ദേവിയമ്മയെ കൈവിട്ടില്ല.  മൂത്തമകന്‍ വഴി മാറിയപ്പോള്‍ ഇളയമക്കളെ
കൂടെക്കൂട്ടി ഊര്‍ജ്ജസ്വലനായി മുന്നോട്ടു തന്നെ പോയി.

      അനുകരണം ഒരു കലയാണ്.  പക്ഷെ,
ഒരു സാക്ഷ്യപ്പെടുത്തലു കൂടിയാണ്….. ശബ്ദങ്ങളെ, ഭാവങ്ങളെ ഒരു സമൂഹത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നു….അതും
താത്വികമായിട്ട് നുണ തന്നെയാണ്….. സത്യം മറ്റൊന്നായിരിക്കെ ഇതും അതാണെന്ന്
ധരിപ്പിക്കല്‍….. അച്ഛന്‍റെ ചരടില്‍ നിന്ന് വിടുതല്‍ വാങ്ങി പുറത്ത് വന്നപ്പോള്‍
സമൂഹവുമായി ബന്ധിക്കുന്നത് അനുകരണ കലയിലൂടെയാണ്. 
ഒരു സാധാരണ ജീവിതത്തിന് സമൂഹവുമായിട്ട് അത്ര ബന്ധങ്ങളൊന്നു ആവശ്യമില്ല,
ഒതുങ്ങി ആരെയും ശല്യപ്പെടുത്താതെ ജീവിക്കാന്‍….. അധികമെടുക്കാതെ,
ഒന്നിനെയും അലോരസപ്പെടുത്താതെ, ഒഴുക്കിനോട്
അനുകൂലിച്ച് സാവധാനം ലല്ലലം പാടി ആസ്വദിച്ച അങ്ങിനെയങ്ങ് തുഴഞ്ഞു പോയാല്‍
മതി.  നേട്ടങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചാള്‍
ഒഴുക്കിനെതിരെ നീന്തുക തന്നെ വേണം.  അച്ഛന്‍
തുറന്നു തന്ന വഴി, സമൂഹത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുമ്പോള്‍
കിട്ടുന്ന സുഖം, സന്തോഷം അനിര്‍വചനീയവും, കൂടുതല്‍ ആസ്വാദ്യകരവുമാണെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ മോഹിച്ചു
പോകുകയായിരുന്നു.  അതിനെ നിലനിര്‍ത്താനായിട്ട്
കണ്ടെത്തിയ മാര്‍ഗ്ഗമാണ്, അനുകരണ കലാ രംഗത്തേക്കുള്ള
പ്രവേശനം.

      പൊടിമണ്ണിലേക്കിറങ്ങി, ചെളിയില്‍ പൂണ്ട് മണ്ണിനെ
അറിഞ്ഞ്,

      കാടു കയറി കാട്ടപ്പള്‍ കണ്ട് ചെടിയറിഞ്ഞ്,

      പൂമ്പൊടി ശ്വസിച്ച്, മധുനുകര്‍ന്ന് പൂവറിഞ്ഞ്,

      കുയില്‍ പാട്ടു കേട്ട്, മയില്‍ നടനം കണ്ട്, മദയാനുടെ പദസ്വനമറിഞ്ഞ്,  മൃഗരാജന്‍റെ കേളികള്‍ കണ്ട്, വൃകകളങ്കം ഗ്രഹിച്ച്,                             

      നാടിറങ്ങി, നഗരമേറി, പുതു
സ്വരങ്ങള്‍ തേടി നടന്നു…..

      അനുകരിക്കുന്നതിനു  വേണ്ടി മാത്രം.   അനുകരണ രംഗത്തെ പുതുമകള്‍ക്കു വേണ്ടി……..

      എല്ലായിടത്തും വിജയം തന്നെ ആയിരുന്നു. പേരായി പ്രശസ്തി ആയി, പണമായി, അധികാരം അയലത്തായി….. 

      സ്റ്റേജില്‍ നിന്ന് ചെറിയ സ്ക്രനിലേക്കും, പിന്നീട്
വലിയ സ്ക്രനിലേക്കും വളര്‍ന്നു. പലയിടത്തും നല്ല നടനായി, പ്രധാന
നടനായി, സെലിബ്രിറ്റിയായി അംഗീകരിക്കപ്പട്ടപ്പോളാണ്
സാക്ഷ്യപ്പടുത്തലുകളുടെ അനന്ത സാദ്ധ്യകള്‍ കണ്ടറിയാന്‍ കഴിഞ്ഞത്.

      മോഡലിംഗ്,  സാക്ഷ്യപ്പെടുത്തലിന്‍റ
അനന്ത വിഹായസ്സ്….

      അതില്‍ അരയും തലയും മുറുക്കി ഇറങ്ങി. 
നല്ല വരുമാനം,  കൂടുതല്‍ പ്രശസ്തി,  അധികാരത്തോട് കൂടുതല്‍ അടുപ്പം…. അധികാരികള്‍ക്ക് അധികാരസ്ഥാനങ്ങള്‍
ഉറപ്പിച്ചു നിര്‍ത്തുന്നതിനു  വേണ്ടിയുള്ള
സാക്ഷ്യപ്പെടുത്തലുകള്‍….. അധികാരമോഹികള്‍ക്ക് അധികാരത്തിലേറാന്‍ വേണ്ടിയുള്ള
സാക്ഷ്യം പറച്ചിലുകള്‍……

      അധികാരത്തില്‍ വന്നാല്‍ ഇന്നതൊക്കെ ചെയ്യും….. തേനൊഴുക്കും പാലിന് ഒരു
കുറവുമണ്ടാകില്ല എന്ന് കൊടുക്കുന്ന വാഗ്ദാനങ്ങള്‍….. വിജയിച്ചു അധികാരത്തിലേറി
കുറച്ചു നാള്‍ കഴിഞ്ഞ്, വോട്ടു ചെയ്ത് വിജയിപ്പിച്ച പൊതു
ജനങ്ങളേ നിങ്ങള്‍ക്ക് വേണ്ടി ഇന്നതൊക്കെ ചെയ്തിട്ടുണ്ട്….. ചെയ്തു
കൊണ്ടിരിക്കുകയാണ്….നാളെയും ചെയ്യും, എന്നു തിടങ്ങിയ
സാക്ഷ്യങ്ങള്‍…..  യഥാര്‍ത്ഥത്തില്‍
അതില്‍ ഒന്നു പോലും ചെയ്തിട്ടുണ്ടോ, പറയുന്നതില്‍
എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ….. ഇല്ലെന്നതാണ് സത്യം….

      സ്വകാര്യ രംഗത്തേക്ക് വന്നാലോ…. നിങ്ങള്‍ ഇന്ന പേസ്റ്റ് ഉപയോഗിച്ചാല്‍
പല്ലുകള്‍ തിളങ്ങും…… ഇന്ന ക്രീം പുരട്ടിയാല്‍ മുഖകാന്തി കൂടും,  ഇന്ന ഷാമ്പൂ ഉപയോഗിച്ചാല്‍ മുടി
ചുരുളും, കറുക്കും…. ഈ ഭക്ഷണം കഴിച്ചാല്‍ മസിലുകള്‍
വികസിക്കും, ഈ ജ്യുസുകുടിച്ചാല്‍ വയറുകുറയും, ഇന്ന ഷര്‍ട്ടിട്ടാല്‍ ജോലി ഉറപ്പ്…… ഇന്നയിടത്ത് ബന്ധപ്പെട്ടാല്‍ ജോലി
ചെയ്യാതെ സുഖിക്കാം….

      ഈ ബാങ്കില്‍ നിക്ഷേപിച്ചാല്‍ പണം പെരുകും….. ഈ ലോട്ടറിയെടുത്തല്‍
കോടീശ്വരനാകും….. ഈ ചിട്ടിക്കാരന്‍ നടത്തിപ്പിനിടയില്‍ പൊട്ടിക്കാതെ പണം
തരും……

      ഒന്നു പോലും അനുഭവിക്കാതെ വെറുതെ പറഞ്ഞിട്ടുള്ള എത്രയെത്ര
സാക്ഷ്യപ്പെടുച്ചത്തലുകള്‍……

      വര്‍ത്തമാനകാലത്തെ ഏറ്റവും വിലപിടിപ്പുള്ള മോഡല്‍…….

      അങ്ങിനെയുള്ള സാക്ഷ്യപ്പെടുത്തലുകളെ ചോദ്യം ചെയ്തുകൊണ്ട് അടുത്ത നാള്‍ ഒരു
വാട്ട്സാപ്പ് പോസ്റ്റു വന്നു.   ഫോണ്‍
നമ്പര്‍ അപരിചിതമായിരുന്നെങ്കിലും എന്തിന്‍റെയോ പ്രേരണയാല്‍ തുറന്നു നോക്കി.  പ്രേരണയെന്ന് ഞാന്‍ ഉദ്ദേശിക്കന്നത്, ദൈവപ്രേരണയെന്ന് തെറ്റായി ധരിക്കരുത്… അങ്ങിനെയൊന്നുമല്ല.  എനിക്ക് നൂറ് വാട്ടസാപ്പ് സുഹൃത്തുക്കളേയുള്ളൂ,  നേരിട്ടറിയുന്നവര്‍, അടുത്ത സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍. അവര്‍ എന്‍റെ കണ്ണുകളാണ്,  ചെവികളാണ്.  സ്വന്തം കണ്ണിന്, കാതിന്
എത്താന്‍ കഴിയാത്തിടത്തുനിന്നും കണ്ട്, കേട്ട്
ധരിപ്പിക്കുന്നവര്‍…….അവര്‍ ഫാന്‍സ് അസ്സോസിയേഷന്‍കാരല്ല.  ഫാന്‍സ് അസ്സോസിയേഷന്‍ വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് നോക്കുന്നതും നിയന്ത്രിക്കുന്നതും ഓഫീസ് മാനേജരുടെ മേല്‍നോട്ടത്തില്‍
നിയുക്തരായ വിദഗ്ദരാണ്.  അതില്‍
ഇടപെടുന്നതും മറുപടി കൊടുക്കുന്നതും ചില മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അവര്‍
തന്നെയാണ്.. അതുകള്‍ കൂടാതെ സുഹൃത്തുകള്‍, ബന്ധുക്കള്‍ ഉള്‍ക്കൊണ്ട്
ഞാന്‍ നേരിട്ട് നിയന്ത്രിക്കുന്ന ഒരു വാട്ട്സാപ്പ് കൂട്ടായ്മയുണ്ട്. അതിലേക്ക്
അപരിചിതന്‍ കടന്നു വന്നപ്പോളാണ് ശ്രദ്ധിച്ചത്. 
അതിന്‍റെ നമ്പര്‍ ശ്രദ്ധിക്കപ്പെടത്തക്കതല്ല.  ഒരു ഐശ്വര്യവുമില്ലാത്ത നമ്പര്‍.  അതുകൊണ്ട് തന്നെ അത് അയാള്‍ സ്ഥിരം
ഉപയോഗിക്കുന്നതല്ലയെന്ന് കണക്കുകൂട്ടി, ഈ ആവശ്യത്തിന്
വേണ്ടിമാത്രം ഉണ്ടാക്കിയത്.

      തിരക്കേറിയ ഒരു ദിവസമായിരുന്നു,

      പുതിയ സിനിമയുടെ കഥ കേള്‍ക്കല്‍….. മനസ്സിനെ ഉലയ്ക്കുന്നൊരു കഥ. നായകനും
നായികക്കും തുല്യ പ്രാധാന്യമുള്ളത്.  നായിക
കാമുകിയായി ഭാര്യയായി മാറുന്ന സ്ഥിരം ഏര്‍പ്പാടുണ്ടെങ്കിലും അവര്‍ ജീവിതത്തില്‍
നേരിടുന്ന വൈതരണികള്‍ പുതുമയുള്ളതാണ്…. പുതു ജീവിത സാഹചര്യങ്ങള്‍, അനുഭവങ്ങള്‍…. കച്ചവട ചേരുവകള്‍ കുറച്ച ഒരു സമാന്തര സിനിമ.  വളരെ പ്രതീക്ഷ നല്‍കുന്നതാണ്….  തിരക്കഥാകൃത്ത് പുതുമുഖമാണ്,  സംവിധായകള്‍ പേരെടുത്ത
ജീനിയസ്സാണ്.  അദ്ദേഹത്തിന്‍റെ സിനിമയില്‍
ആദ്യമായി കിട്ടുന്ന ചാന്‍സാണ്….. പുതുമുഖമാണ് നായിക. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍
കഴിവുള്ളവളെന്ന് ആദ്യ ദര്‍ശനത്തില്‍ തന്നെ വിലയുരുത്തപ്പെട്ടിരിക്കുന്നു. ചര്‍ച്ചകള്‍,
വീണ്ടും തിരക്കഥ വായിക്കല്‍…. നീക്കം ചെയ്യേണ്ടതിനെക്കുറിച്ചുള്ള
അഭിപ്രായപ്പെടലുകള്‍,  ചേര്‍ക്കേണ്ടതിനെ കുറിച്ചുള്ള സംവാദങ്ങള്‍…….

      ക്ഷീണിതനായിരുന്നു.

      വാട്ട്സാപ്പില്‍ നിന്നും താല്പര്യമുള്ളവരുടെ നല്ല കുറെ വാക്കുകള്‍ കേള്‍ക്കാനായിട്ടാണ്
തുറന്നു നോക്കിയത്.

      അയാള്‍ പറയുന്നു.

      ഞാന്‍ ഒരു പോലീസുകാരനാണ്….പേര് വെളിപ്പെടുത്തുന്നില്ല,  അല്ലെങ്കില്‍  പേരിന് ഇവിടെ പ്രസക്തിയില്ല, അറിഞ്ഞിട്ട് നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല, കാര്യവുമില്ല. ഒരു കേസന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഈ ബന്ധം
സ്ഥാപിക്കുന്നത്.

      അയാളുടെ പോസ്റ്റ് അങ്ങിനെയാണ് തുടങ്ങുന്നത്.

      താങ്കള്‍ക്ക് ഈനമ്പര്‍ എങ്ങിനെ കിട്ടി….

      ഞാന്‍ പറഞ്ഞല്ലോ…. ഞാനൊരു പോലീസുകാരനാണ്, നിങ്ങളൊരു
സെലിബ്രിറ്റിയും…. നിങ്ങളുടെ നമ്പര്‍ കിട്ടാന്‍ അത്ര ബുദ്ധി മുട്ടിന്‍റെ
കാര്യമുണ്ടായില്ല…..

      എന്‍റെ വളരെയടുത്ത ബന്ധുക്കള്‍ സുഹൃത്തുക്കള്‍ മാത്രമാണ് ഈ നമ്പറില്‍
വിളിക്കുന്നത്, വാട്ട്സാപ്പ് കൂട്ടായ്മയിലുള്ളത്…..

      അതില്‍ ഒരാളുടെ അടുത്തുനിന്നാണ് വാങ്ങിയിരിക്കുന്നത്…. ആവശ്യം
അറിയിച്ചപ്പോള്‍ അയാള്‍ക്ക് തരേണ്ടതാണെന്ന് തോന്നി……

      ആവശ്യമോ….. എന്താണത്…..

      നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്……

      ജോലിയോ….

      അതെ…..സിനിമയുമായി ബന്ധിക്കുന്നതല്ല… മോഡലിംഗുമായി കണക്റ്റ്
ചെയ്തത്…..മോഡലിംഗ് ഒരു സാക്ഷ്യപ്പെടുത്തലാണെന്ന് നിങ്ങള്‍
അംഗീകരിക്കുന്നുണ്ടോ……

      അംഗീകരിക്കാം…..

      എനിക്ക് വേണ്ടിയാണോ…….     

      അങ്ങിനെ കരുതിയാല്‍ മതി……

      ഓക്കെ…….. താങ്കള്‍ മോഡലായിട്ടുള്ള പ്രോഡക്റ്റുകള്‍ ഉപയോഗിച്ചു
നോക്കിയിട്ടുണ്ടോ… അവയുടെ ഗുണ നിലവാരത്തെക്കുറിച്ച് ധാരണയുണ്ടോ……

      എല്ലാറ്റിന്‍റേയുമില്ല…..

      എല്ലാറ്റിന്‍റേയുമില്ല….. സമ്മതിക്കുന്നു….. ഏതിന്‍റെയാണുള്ളത്….

      അങ്ങിനെ ചോദിച്ചാല്‍…..

      അങ്ങിനെ ചോദിച്ചാല്‍ ഒന്നിന്‍റേയുമില്ലെന്ന് പറയേണ്ടി വരും… അല്ലെ….

      അയാള്‍ എന്നെ നിശ്ശബ്ദനാക്കി കളഞ്ഞു.

      നെറ്റ് ഡിസ്കണക്ട് ചെയ്ത് വാട്ട്സാപ്പില്‍ നിന്ന് ഒളിച്ചു.  അയാളെ ഭയന്നിട്ടല്ല, തികഞ്ഞ
ഒരഭ്യാസി ചെയ്യുന്നതു പോലെ തറയില്‍ ഉറച്ചു നില്‍ക്കാന്‍,  ഉറച്ചു നിന്നാലേ അടവുകള്‍
കാണാനും, പ്രതിരോധ നീക്കങ്ങളെ അളന്നു കുറിച്ച് എടുക്കാനും
കഴിയൂ. അയാള്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച്, മോഡല്‍
ചെയ്തിട്ടുള്ള പ്രോഡക്ട്കളെ കുറിച്ചുള്ള ഒരവലോകനത്തിന് കൂടിയാണത്,  സ്വന്തം കഴിവുകളെ, ബലഹീനതകളെ കണ്ടെത്താനുള്ള അന്വേഷണങ്ങളും. 

      പക്ഷെ, ഒന്നും നടന്നില്ല, ഉറങ്ങിപ്പോയി,
അത്രക്ക് ക്ഷീണമായിരുന്നു.

      ഏ സി ഓഫാക്കി, കര്‍ട്ടനുകളെ നീക്കി ജനല്‍ തുറന്നു
വച്ചു.  നേരം പുലര്‍ന്നു വരുന്നതേയുള്ളൂ.
മൊട്രോ റെയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ട്രെയിന്‍ ഉണരാന്‍ ഇനിയും രണ്ടു
മണിക്കൂറു കൂടി അവശേഷിക്കുന്നുണ്ട്.  വാഹന
വഴി തീര്‍ത്തും ശൂന്യം.  നനുത്തൊരു കാറ്റ്
മുറിക്കുള്ളിലേക്ക് വന്നു.  മുറിക്കുള്ളിലെ
തണുപ്പിനെ അത് അകറ്റിത്തുടങ്ങി.  സുഖം
തോന്നിക്കുന്നു.  സൂര്യോദയം കാണാന്‍
കഴിയില്ല.  പടിഞ്ഞാറേക്കാണ് ജാലകം
തുറക്കുന്നത്. ആഡംബര അലങ്കാരം തികഞ്ഞ മൂന്നു മുറികളുണ്ട് ഫ്ലാറ്റില്‍, ഒരു മുറി യോഗ ചെയ്യുന്നതിനുള്ള ഇടമാക്കിയിരിക്കുകയാണ്,  അത്യാവശ്യം വേണ്ട വ്യായാമ
ഉപകരണങ്ങളും ഉണ്ട്.  മറ്റൊരു മുറിയില്‍
പാചകക്കാരനും സന്നദ്ധ സഹായികളും ഉറങ്ങുന്നു. 
ഇതൊരു ഇടത്താവളമാണ്.  കൊച്ചിയിലും
അടുത്തും ഷൂട്ടുള്ളപ്പോള്‍ ഉറക്കമിവിടെയാണ്.

      എനിക്ക് പോലീസില്‍ നല്ല അഭിപ്രായം ഇല്ല. അത് ഈ അടുത്ത നാളില്‍
തുടങ്ങിയതൊന്നുമല്ല…. പണ്ടു മുതലേ അങ്ങിനെയാണ്…. കാരണം പോലീസ് ചരിത്രം
തന്നെ….. പോലീസ് ഒരിക്കലും ജനായത്തമായിരുന്നില്ല…. പൊതുജനഹിതമായി പ്രവര്‍ത്തിക്കുന്നൊരു
സംവിധാനമായി തോന്നിയിട്ടില്ല.  അതു കൊണ്ടു
തന്നെ നിങ്ങളോട് സംവദിക്കുമ്പോള്‍ കരുതല്‍ വേണമെന്ന് തോന്നുന്നു…. നിങ്ങളുടെ
ചോദ്യങ്ങള്‍ക്ക് ഉടനുടന്‍ ഉത്തരം പ്രതീക്ഷിക്കരുത്……. നെറ്റ് കട്ടാക്കി മാറി
നിന്നത് അതിന്‍റെ ഭാഗമായിട്ടു തന്നെയാണ്….. എന്നു വച്ച് ഞാന്‍ ഭയന്നിട്ടാണെന്ന്
തെറ്റിദ്ധരിക്കരുത്…..  അത്
വിഡ്ഢിത്തമാകും…….

      എഴുതി പോസ്റ്റ് ചെയ്തിട്ടാണ് നെറ്റ് ഓണാക്കി വാട്ട്സാപ്പിലേക്ക് വന്നത്,
പക്ഷെ, അയാള്‍ അവിടില്ലായിരുന്നു.  അയാള്‍ക്ക് വേണ്ടി കാത്തു നിന്നില്ല.  എനിക്കറിയാം അയാള്‍ എന്‍റെ സമയം നോക്കി
വരുമെന്ന്.  ആവശ്യം എനിക്കല്ല അയാള്‍ക്കാണ്.  ദേഹശുദ്ധി വരുത്തി യോഗമുറിയിലേക്ക് നടന്നു.

      തീര്‍ന്നു കൊണ്ടിരിക്കുന്ന പടത്തിന്‍റെ ഷൂട്ടിന് ഇടവേള കിട്ടിയപ്പോഴാണ്
വാട്ട്സാപ്പ് തുറന്നത്. നിത്യ, ഭാര്യ
ലൈവായിട്ടെത്തിയിരിക്കുന്നു. അവള്‍ പുതിയ ഫോട്ടോ ചേര്‍ത്തിരിക്കുന്നു. അടുത്ത
നാളില്‍ വാങ്ങിയ സാരിയില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. കണ്ണുകളില്‍
നിഴലിച്ചു നില്‍ക്കുന്ന വശ്യത വല്ലാതെ ഭ്രമിപ്പിക്കുന്നു.  രണ്ടാഴ്ചയായി വിട് വിട്ടിട്ട്.  അവള്‍, മകന്‍റെ ഫോട്ടോ
പോസ്റ്റു ചെയ്തിരിക്കുന്നു.  അവന്‍
സെറ്റിയില്‍ പിടിച്ചെഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോയും.  രണ്ടാഴ്ച കൊണ്ട് വന്ന മാറ്റമാണ്. അവള്‍
കിന്നാരങ്ങളിലേക്ക് വരുന്നു……അവളെ പോസ്റ്റ് എഴുതാന്‍ വിട്ടിട്ട് അയാളുടെ
നമ്പറിലേക്ക് വന്നു.    

      അയാള്‍ എപ്പോഴോ വന്ന് പോസ്റ്റ് ചെയ്തിരിക്കുന്നു. 

      ചിരിക്കുന്നതിന്‍റെ മൂന്ന് സിംബലുകള്‍ ഇട്ടതിനു ശേഷമാണ് എഴുത്ത്,

      എനിക്ക് ചിരിയാണ് വരുന്നത്….. ആ പോലീസലിന്‍റെ മോഡലാണ് നിങ്ങള്‍…

      അതെ, അതെന്‍റെ ജോലിയുടെ ഭാഗമാണ്……

      അപ്പോള്‍ ആ സാക്ഷ്യപ്പെടുത്തല്‍ നുണയാകുന്നില്ലെ…..

      സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ചെയ്തു കൊടുത്തു എന്നു മാത്രം….

      പോലീസിലുള്ള എല്ലാവരും ഒരു തരക്കാര്‍ ആണെന്ന് കരുതരുത്…….

      എല്ലാവരും ഒരു തരക്കാര്‍ ആണെന്ന് ഞാന്‍ പറഞ്ഞില്ല,  എന്നാല്‍ ഭൂരിപക്ഷവും ഒരു
തരക്കാര്‍ ആണ്…..

      അവരും ഈ സമൂഹത്തിന്‍റെ ഭാഗമാണ്….

      ആണ്. പക്ഷെ,  യൂണിഫോമിട്ടാല്‍  ഈ സമൂഹത്തില്‍
നിന്നുള്ളവര്‍ ആണെന്നകാര്യം മറക്കുന്നു. 
കസ്റ്റഡി മരണങ്ങള്‍, നിരപരാധിയെ  കുറ്റവാളിയാക്കല്‍…. തല്ലിച്ചതച്ച്
അവശനാക്കിക്കഴിയുമ്പോള്‍ നിരപരാധിയായി തെളിയുന്ന കേസുകള്‍….. രാഷട്രീയമായി
പകപോക്കാന്‍ കൂട്ടുനില്‍ക്കല്‍……

      പോലീസ് സര്‍ക്കാരിന്‍റെ ഭാഗമാണ്…. അതുകൊണ്ട് സര്‍ക്കാര്‍ നിലപാടുകളോട്
അനുകൂലിച്ച് നില്‍ക്കേണ്ടി വരും….കൂടാതെ അധികാര, രാഷ്ട്രീയ
ഇടപെടലുകള്‍…..

      ഉണ്ടാകാം…. മാനുഷികം എന്ന് ഒരു ഘടകമുണ്ട് അത് വിസ്മരിക്കുന്നു….. ഏതു
സമൂഹത്തെ എടുത്താലും, മതവും ജാതിയും തിരിച്ചെടുത്താലും അതിലെ
ക്രമിനലുകള്‍ വളരെ ചെറിയ ഒരു ശതമാനമായിരിക്കും. പത്തു ശതമാനം ഉണ്ട് എന്ന്
കണക്കുകൂട്ടിയിട്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ, പോലീസുകാരെ
നോക്കിയാല്‍ എത്ര ശതമാനം വരും…….. അമ്പതിന് മുകളില്‍ വരുമോ…. ഉണ്ട് എന്നാണ്
എന്‍റെ നിഗമനം….

      അയാള്‍ നിശ്ശബ്ദനായിരിക്കുന്നു, വാട്ട്സാപ്പില്‍
നിന്നും പുറത്തു പോയിരിക്കുന്നു.  ഞാനും
അവിടെ നിര്‍ത്തിയിട്ട് അടുത്ത ഷോട്ടിനുള്ള സ്ക്രിപ്റ്റ് വായിക്കാന്‍ തുടങ്ങി.
നിത്യയുടെ എഴുത്തിന്‍റെ കാര്യം മറന്നു.

      അന്നേ ദിവസം അയാള്‍ വാട്ട്സാപ്പില്‍ തിരിച്ചു വന്നില്ല.

      പക്ഷെ, എന്നെ ആ മെസ്സേജുകള്‍ വല്ലാതെ
അലട്ടുന്നുണ്ടെന്ന്, ജോലി ചെയ്യുമ്പോള്‍ മനസ്സിലായി….  ഏകാഗ്രത നഷ്ടമാകുന്നു.

      രണ്ടും ദിവസം കഴിഞ്ഞിട്ടും ആരുടെ കൈയ്യില്‍ നിന്നാണയാള്‍ നമ്പര്‍
വാങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കന്‍ കഴിഞ്ഞില്ല. വളരെ വേണ്ടപ്പെട്ട
സുഹൃത്തുക്കള്‍,  ബന്ധുക്കള്‍
മാത്രമാണ് ഗ്രൂപ്പിലുള്ളത്,  എന്നിട്ടും ആരാണ് നമ്പര്‍ കൊടുത്തതെന്ന് 
സ്വയം ഏറ്റെടുത്തു കൊണ്ട് അറിയിച്ചില്ല. 
ആ പോലീസുകാരന്‍ ഏതോ കുരുക്കിലേക്കാണ് വലിച്ചടുപ്പിക്കുന്നതെന്ന ഒരു തോന്നല്‍
മനസ്സിനെ പിടിച്ച് കുലുക്കിക്കൊണ്ടിരിക്കുന്നു.

      മൂന്നമത്തെ ദിവസവും അയാള്‍ വന്നില്ല. 
എന്നു വച്ച് അയാള്‍ ഒഴിഞ്ഞ് പോയതാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ല.  ഇത്ര കാര്യമായിട്ട് നമ്പര്‍ തേടി കണ്ടു
പിടിച്ചിട്ട്……

      നടന്നു കൊണ്ടിരിക്കുന്ന സിനിമ തീര്‍ക്കുന്നതിന്‍റെ വെപ്രാളങ്ങള്‍…….
പുതിയത് തുടങ്ങുന്നതിന്‍റെ ചര്‍ച്ചകളും…..കലുഷമായ ദിനങ്ങള്‍………..

      വലിയ സ്വപ്നങ്ങള്‍ നെയ്തു കൊണ്ടാണ് പുതിയ സിനിമയുമായി ബന്ധപ്പെടുന്നത്.
സൂപ്പര്‍ സ്റ്റാറാകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്‍ഡസ്ട്രിയില്‍ തന്‍റേതായ
ഒരിരിപ്പിടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്, കുറച്ച് അവാര്‍ഡുകളും
കിട്ടിയിട്ടുണ്ട് . പക്ഷെ, ദേശിയ, സംസസ്ഥാന
തലത്തില്‍ ഒരു നല്ല നടന്‍റെ അവാര്‍ഡ് ഇതേവരെ കിട്ടിയില്ല. പുതിയ സിനിമ പ്രതീക്ഷ
തരുന്നതാണ്. അതിനിടയില്‍ ഓരോരോ……..

      അയാള്‍ വാട്ട്സാപ്പില്‍ വന്നു.

      നിങ്ങള്‍ പറഞ്ഞു വരുന്നത് സമൂഹത്തിലുള്ള ക്രിമിനലുകള്‍ കൂട്ടത്തോടെ
പോലീസിലും രാഷ്ട്രീയത്തിലുമായി കുടിയേറിയിരിക്കുന്നു എന്നാണോ….

      വേണമെങ്കില്‍ അങ്ങിനെയും പറയാം. ഒറ്റയായ ക്രിമിനലുകള്‍ സമൂഹത്തിലുണ്ട്….

ജാതി, മത സംഘനടകളിലും ഉണ്ട്….. തീവ്രവാദപരമായ ക്രൂരതകള്‍ അവരില്‍ കൂടിയാണ്
പുറത്തു വരുന്നത്, നടപ്പാക്കുന്നത്…..                                  

      പക്ഷെ, ജനാധിപത്യ സംവിധാനം നിലനിര്‍ത്തുന്നത് ആ
രാഷ്ട്രീയക്കാരാണ്…..

      അതുകൊണ്ടാണ് സമൂഹത്തിനു വേണ്ട കാര്യങ്ങള്‍ വേണ്ടതു പോലെ നടക്കാത്തതും
സ്വപക്ഷക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പല ആനുകൂല്യങ്ങളും വീതിച്ചു
കൊടുക്കുന്നതായി അനുഭവപ്പെടുന്നതും….

      പക്ഷെ, പോലീസ് ഉള്ളതു കൊണ്ടാണ് സമൂഹം
ഇങ്ങിനെയെങ്കിലും നിലനില്‍ക്കുന്നത്…. അല്ലെങ്കില്‍ എല്ലാം ക്രിമിനലുകള്‍
കൈക്കാലാക്കി സൂഹത്തെ തന്നെ അടിമയാക്കിക്കളയുമായിരുന്നു….

      അത് നിങ്ങളുടെ തെറ്റായ ധാരണയാണ്…. ഏതു സമൂഹത്തെ എടുത്തു നോക്കിയാലും
ക്രിമിനലുകള്‍ ന്യൂനപക്ഷമാണ്… രാഷ്ട്രീയത്തിലും പോലീസിലുമൊഴിച്ച്……
ഭൂരിപക്ഷം, സദാചാരം പരമമായി കരുതുന്നതു കൊണ്ടാണ് സമൂഹം
നിലനില്‍ക്കുന്നത്, ……………..

      നിങ്ങള്‍ പറയുന്നതെല്ലാം ഞാന്‍ സമ്മതിക്കുന്നു, …… ഈ നിലപാടില്‍  നിന്നു കൊണ്ട്,
സമൂഹത്തിന്‍റെ നന്മയെ സൂക്ഷിക്കാന്‍ താല്പര്യപ്പെടുന്ന വ്യക്തിയെന്ന
നിലയില്‍ ഒരു സാക്ഷ്യപ്പെടുത്തല്‍ ഞാന്‍ പ്രതീക്ഷിക്കുന്നു….

      സാക്ഷ്യപ്പെടുത്തലോ…….  

      അതെ……ഞാന്‍ ഇവിടെ ഒരു വീഡിയോ പോസ്റ്റു ചെയ്യുകയാണ്, അത് നിങ്ങള്‍ കണ്ട് കഴിഞ്ഞിട്ട് ഞാന്‍ വീണ്ടും വാട്ട്സാപ്പില്‍ വരാം,
അപ്പോള്‍ എന്തു ചെയ്യണമെന്ന് പറയാം…..

      അയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ട് നെറ്റ് കട്ട് ചെയ്ത് വാട്ട്സാപ്പില്‍
നിന്നും പുറത്തു പോയി.

      സിസിടിവിയുടെ മങ്ങിയ ദൃശ്യങ്ങളാണ്.

      ഒരു ഓഫീസ് റുമിനു മുന്നില്‍ കാത്തിരിക്കുന്ന കുറച്ചു പേര്‍….
അല്ലെങ്കില്‍ ഹോസ്പിറ്റലില്‍ രോഗികളുടെ ഇരിപ്പിടങ്ങളില്‍ ഡോക്ടറുടെ വിളിയെ
കത്തിരിക്കുന്നവര്‍….. അതില്‍ ഞാനും. മങ്ങിയ ദൃശ്യങ്ങളില്‍ നിന്നും എന്നെ ആദ്യം
തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു.  അത്
അങ്ങിനെയെ സംഭവിക്കൂ.  ഏതു തിരക്കിലും
സ്വന്തം രൂപമുണ്ടെങ്കില്‍ ആദ്യം കാഴ്ചയില്‍ വരുന്നത് അതായിരിക്കുമല്ലൊ.  അത് എവിടെ ആയിരിക്കാമെന്നാണ് അടുത്ത്
ചിന്തിച്ചത്…. അതെ, അത് തന്നെ, അടുത്ത
നാളില്‍ ഉണ്ടായിരിക്കുന്ന കാര്യമല്ല. 
പക്ഷെ, ആ മുറിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തിരഞ്ഞു
നോക്കിയപ്പോള്‍.. അവിടെ പലപ്രാവശ്യം പോയിട്ടുണ്ടെന്നൊരു തോന്നല്‍….. ആ തോന്നല്‍
വികസിച്ചു.  മനസ്സിലാക്കാന്‍
കഴിയുന്നു….അവിടെ ഇരിക്കുന്ന ഓരോ മുഖങ്ങളിലേക്ക് അന്വേഷണങ്ങള്‍
വികസിപ്പിച്ചു.  അതില്‍ കണ്ടിട്ടുള്ള
മുഖങ്ങളാണ് തെരഞ്ഞത്…. എനിക്ക് ശേഷമിരിക്കുന്ന രണ്ടുപേരെ ഒട്ടും ഓര്‍മ്മ
കിട്ടുന്നില്ല.  മുമ്പ് ഇരിക്കുന്ന നാലു
പേരില്‍ ഒരു മുഖം…. അത് ഒരു സ്ത്രീയാണ്… അവരെ ഓര്‍മ്മിക്കുന്നു.  അതെ, ഇത് സംസ്ഥാനത്തിന്‍റെ
ഭരണ സിരാകേന്ദ്രത്തിലാണ്. ഒരു മന്ത്രിയുടെ ഓഫിസിന് മുന്നിലാണ്.  ഞാന്‍ വന്നിരിക്കുന്നത് സര്‍ക്കാരിനു വേണ്ടി
രണ്ടു മുന്നു സാക്ഷ്യങ്ങള്‍ ചെയ്ത് കഴിഞ്ഞ് പുതിയ ഒരു സാക്ഷ്യപ്പെടുത്തലിന് മാര്‍ഗ
നിര്‍ദ്ദേശങ്ങള്‍ക്കു തേടിയാണ്,  ഈ ഓഫിസ് കോമ്പൗണ്ടിന്‍റെ പല കോറിഡോറുകളിലും വച്ച് പലപ്പോഴും ആ സ്ത്രീയെ
കണ്ടിട്ടുണ്ട്.  ആരു കണ്ടാലും ഒന്നുകൂടി
നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാന്ത്രിക സ്പര്‍ശം ആ ദേഹത്തിനുണ്ട്……കുറച്ച്
വലിപ്പം കൂടി, ദൃഢവും വ്യക്തവുമായ അവയവങ്ങളോടു കൂടിയ
സ്ത്രീ….. സദാമുഖത്ത് പുഞ്ചിരിയെ നിലനിര്‍ത്തി, കണ്‍കോണില്‍
ആരെയും ഏതു നേരത്തും ക്ഷണിക്കുന്ന ഒരു തന്ത്രത്തെ ഒളിപ്പിച്ചു വച്ച് ഇത്തിരി
ഉലച്ചിലോടു കൂടിയ നടത്തമുള്ള സ്ത്രീ….. അവരുടെ അടുത്തിരിക്കുന്ന പുരുഷന്‍…
പലപ്പോഴും അയാളെയും അവരുടെ കൂടെ കണ്ടിട്ടുണ്ട്…..അതെ, ഇത്
എനിക്ക് ഏറ്റവും അടുപ്പമുള്ള മന്ത്രിയുടെ ഓഫീസ് മുറിക്ക് മുന്നിലാണ്…… എനിക്ക്
മുന്നേ അവര്‍ മന്ത്രിയുടെ മുറിയിലേക്ക് കയറിപ്പോകുമ്പോള്‍ ദൃശ്യത്തെ കട്ട്
ചെയ്തിരിക്കുന്നു…..

      വാട്ട്സാപ്പില്‍ ഒരു കുറിപ്പിട്ടു.

      എന്തിനാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്,  എന്താണ് നിങ്ങള്‍ക്ക്
വേണ്ടത്……

      അയാള്‍ വാട്ട്സാപ്പില്‍ നിന്നും പോയി എന്നായിരുന്നു എന്‍റെ ധാരണ, പോയിരുന്നില്ല.  ഉടന്‍ മറുപടി
വന്നു. 

      നിങ്ങള്‍ ഒന്ന് സാക്ഷ്യപ്പെടുത്തണം…. കാര്യമായ ഒന്നുമല്ല….. ആ സ്ത്രീ
മന്ത്രിയുടെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടതാണെന്ന്…. ആ സ്ത്രീയെ നേരത്തെ
തന്നെ അറിയുമെന്ന്…. ആ സ്ത്രീയുടെ സ്വഭാവമറിയുമെന്ന്,  അതുകൊണ്ട് പോയിരിക്കുന്നത്
എന്തിനെന്ന്…..

      വാട്ട്…..

      സംസ്ഥാനം കണ്ട ഏറ്റവും വലിയ ഒരഴിമതി തെളിയാന്‍ പോകുന്നതിന്‍റെ
മുന്നോടിയാണിത്…. ജനാധിപത്യസംവിധാനത്തിലൂടെ വന്ന ഒരു ഭരണ സംവിധാനം അവരെ
തെരഞ്ഞെടുത്തു വിട്ട ജനങ്ങളോടു ചെയ്തത്, ചെയ്യുന്നത്
എന്തെന്ന് സമൂഹത്തെ അറിയിക്കുന്നതിന്‍റെ ഭാഗമാകാന്‍ പോകുകയാണ് നിങ്ങള്‍……..

      എനിക്ക് എഴുതാന്‍ കഴിയുന്നില്ല, 
അയാള്‍ എഴുതുന്നു.

      ഇതില്‍ നിന്ന് പിന്മാറാന്‍ പഴുതുകളൊന്നും അവശേഷിക്കുന്നില്ല,  ഇത് ചെയ്യുന്നത് പ്രതിപക്ഷത്തു
നില്‍ക്കുന്ന പാര്‍ട്ടി തന്നെയാണ്…. നിങ്ങള്‍ ചെയ്തേ തീരൂ…..

      അവര്‍ മുറിയിലേക്ക് കയറിപ്പോയതു ശരിയാണ്, പക്ഷെ,  അവര്‍ തനിച്ചല്ല… കൂടെയുള്ള
ആളും പോയിരുന്നു…. അയാള്‍ അവരുടെ ഭര്‍ത്താവാണെന്നാണ് എന്‍റെ ധാരണ…പിന്നെ
നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍…. അപ്രസക്തമാണ്…..

      ഇപ്പോള്‍ രണ്ട് ദൃശ്യങ്ങള്‍ കൂടി പോസ്റ്റ് ചെയ്യുകയാണ്…. അതില്‍ ഒന്ന്
സിസിടിവി യില്‍ നിന്നുള്ളതും മറ്റൊന്ന് ഫോണ്‍ വീഡിയോയില്‍ എടുത്തും …. കൂടുതല്‍
വ്യക്തതയില്‍ പലതും കാണാല്‍ കഴിയും….. കണ്ടു നോക്കുക…..

      സിസിടിവി ദൃശ്യത്തില്‍ ഓഫീസ് മുറിയില്‍ ആ സ്ത്രീയും ഭര്‍ത്താവും
മന്ത്രിയും സംസാരിച്ചിരിക്കുന്നതു തന്നെ….. ഫോണ്‍ വീഡിയോയില്‍ വ്യക്തമായി
കാണുന്ന ദൃശ്യങ്ങള്‍ ആരെയും വശീകരിക്കാന്‍ കഴിയുന്ന സ്ത്രീ ശരീരത്തിന്‍റെ
നഗ്നമാക്കപ്പെട്ട ഉടല്‍ഭൗതീകതയാണ്……

      വാട്ട്സാപ്പിനെ തല്ലിക്കെടുത്തി… നെറ്റിനെ അകറ്റി ഫോണ്‍ കിടക്കയിലേക്ക്
വലിച്ചറിയുമ്പോള്‍…. അസ്ഥാനത്ത് പാമ്പിനെ ഇരുത്തിയതു പോലെ,  മലം വാരിയതു പോലെ…..

      പിന്നീടു വന്ന നിമിഷങ്ങള്‍….. മണിക്കൂറുകള്‍….. ദിവസങ്ങള്‍……

      ബന്ധപ്പെട്ടു നില്‍ക്കുന്ന വാതിലുകളെല്ലാം തട്ടി നോക്കി, കാവലാളുകളോടൊക്കെ ചര്‍ച്ചകള്‍ നടത്തി, നിയമത്തിന്‍റെ
പഴുതുകള്‍ തിരഞ്ഞു…….സഹായിക്കണമെന്ന് മനസ്സുള്ളവര്‍ പോലും നിസ്സഹായാവസ്ഥ
വിവരിക്കുന്നു……. എതിര്‍ നിരയുടെ ഇടപെടലുകള്‍ അത്രക്ക് ശക്തമാണ്….

      സപ്തനാഡികളും തളര്‍ന്ന്….ബോധമാകെ ഭ്രാന്തിന്‍റെ വൈറസ്സ്
നിറഞ്ഞ്….മനസ്സ് പിച്ചിച്ചീന്തപ്പെട്ട്…….കുടുംബവും ബന്ധങ്ങളും
നശിക്കുമെന്ന് ഉറപ്പാക്കപ്പെട്ട്……വളര്‍ത്തിയെടുത്ത ഉന്നതത്വവും സമ്പത്തും
അസ്തമിച്ചെന്ന് തീര്‍ച്ചപ്പെടുത്തി….. ഇരുപത്തിയഞ്ച് നിലകളുള്ള ഈ ഫ്ളാറ്റിലെ
മുറിയില്‍ ഏകനായി…… അടുത്ത മുറികളിലും ചുവരുകളില്‍പ്പോലും
കാവലാളുകളുമായി…….

      സാക്ഷ്യപ്പെടുത്താന്‍ തീരുമാനിച്ചു…..

      ഒരു പക്ഷെ, അവസാനത്തെ ജീവിത നിമിഷങ്ങള്‍……

      ശരീരം വൃത്തി വരുത്താതെ…. നിത്യേന ആദ്യം കഴിക്കുന്ന ചെറുനാരങ്ങ പിഴിഞ്ഞ
ചായ കുടിക്കാതെ….. ഒരിറക്ക് വെള്ളം പോലും അകത്തേക്ക് വിടാതെ….. ഉമിനീരു പോലും
ഇറക്കാതെ……

      ഫ്ളാറ്റിലെ മുറിക്ക് പുറത്തേക്ക് …..

      അവസാനത്തെ സാക്ഷ്യപ്പെടുത്തല്‍……

@@@@@@




ഇരുള്‍

പന്തല്‍
പണി കഴിഞ്ഞിരിക്കുന്നു.

      നീലച്ച ടാര്‍പ്പോളിന് താഴെ വെള്ള വിരിച്ച്, വെള്ളയില്‍ വേണ്ടിടത്തെല്ലാം പൂക്കളും പല വക ചിത്രങ്ങളും
ചെയ്ത്,
ചെത്തി മിനുക്കിയ തറയില്‍ ചുവന്ന പരവതാനി വിരിച്ച്, വേണ്ടിടത്തൊക്കെ കസേരകള്‍ നിരത്തി, വേണ്ടിടത്തു മാത്രം കസേരകള്‍ക്ക് മുന്നില്‍ ടേബിളുകള്‍
നിരത്തി,
കസേരകളേയും ടേബിളുകളേയും ഒരേ നിറത്തിലുള്ള വിരികളാല്‍
പുതപ്പിച്ച്, വ്യത്യസ്ഥ വീക്ഷണം കിട്ടും
വിധത്തില്‍ ചില കോണുകളിള്‍ ആഹാരം നിരത്താനുള്ള ടേബിളുകള്‍ തയ്യാറാക്കി, എവിടെ നിന്നും കാണും വിധം ഒരു മണ്ഡപവും ഒരുക്കി പന്തലിന്‍റെ
പണി പൂര്‍ത്തിയായിരിക്കുന്നു. ഫാനുകള്‍ എല്ലാമൊന്നും കറങ്ങി തുടങ്ങിയിട്ടില്ല, അവിടവിടെ കറങ്ങുന്നതു കൊണ്ടു തന്നെ പന്തലിനുള്ളില്‍ തണുപ്പ്
കിട്ടുന്നുണ്ട്. അന്തരീക്ഷം ഈര്‍പ്പമയമായതു കൊണ്ടാകാം, പിന്നെ ചൂടുകൂട്ടാനായിട്ട് ആളുകളെത്തി
തുടങ്ങിയിട്ടുമില്ല.  ജോലിക്കാരെ മാത്രമേ
കാണാനുള്ളു.  പന്തലിന്‍റെ പ്രവേശന
വഴിയിലെത്തുമ്പോള്‍ സ്വാഗതമോതുന്നിടത്തു തന്നെ വ്യക്തതയോടെ കാണാന്‍വേണ്ടി റോയല്‍
ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിന്‍റെ വിലാസം വച്ചിട്ടുണ്ട്, ഫോണ്‍ നമ്പറുകളുമായിട്ട്. പന്തല്‍ കണ്ട് അത്ഭുതപ്പെടുന്നവര്‍
ആ വിലാസവും ഫോണ്‍ നമ്പറും കുറിച്ചെടുക്കാതിരിക്കില്ല.

      വെളുത്ത മുണ്ടും ഷര്‍ട്ടും ഇസ്തിരിയിട്ട് വടിപോലെ വേണ്ട, എന്നാല്‍ വൃത്തിയായിരിക്കണം. ഒരു ദിവസത്തെ വളര്‍ച്ചയുള്ള
കുറ്റിത്താടിയായിരിക്കണം.  മുടി
ചീകിയൊതുക്കിയിരിക്കണം. വേണ്ടി വന്നാല്‍ പണി സമയത്ത് മാറ്റിയുടുക്കാന്‍  ഒരു കൈലി മുണ്ടും ഷര്‍ട്ടും തോര്‍ത്തും
കരുതിയിരിക്കണം. ഇവന്‍റ് മാനേജ്മെന്‍റ് എല്ലാ കാര്യങ്ങളും എടുത്തു നടത്തുകയാണ്.
പന്തല്‍ പണി മുതല്‍ സദ്യയും ഫോട്ടോ പിടിയും വധുവിനെ ഒരുക്കലും വരെ അവരുടെ
നോട്ടത്തിന്‍ കീഴിലാവും.  എന്നാല്‍ ഓരോ
ജോലികള്‍ ഓരോ മാറി മാറിയുള്ള നോട്ടക്കാരുണ്ടാകും. അതില്‍ ആരുടെ കീഴില്‍
കയറിപ്പറ്റണമെന്ന് അവിടെയെത്തി സാഹചര്യവും സൗകര്യവും നോക്കി യുക്തിപൂര്‍വ്വം
ചെയ്യണം. അത് തനിക്കാവും അതിനുള്ള യുക്തിയും തന്ത്രവും അഭിരുചിയും
തനിക്കുണ്ട്.  അതു തന്നെ കണ്ടാലറിയാം.

      കടിഞ്ഞാണ്‍ പിടിക്കുന്ന ഡോക്ടറുടെ വാക്കുകളെ അപ്പാടെ
സ്വീകരിച്ചാണ് ഇവിടെ എത്തിച്ചേര്‍ന്നത്. 
പക്ഷെ, പന്തലിന്‍റെ കമാനം കടന്ന് കാലു
വച്ചപ്പോള്‍ ഒരു വിറ ചെറുവിരലില്‍ നിന്നും അരിച്ചു കയറി ശിരസ്സിലെത്തി
ആകാശത്തേക്ക് പോയി.  അപ്പോള്‍, ഉറഞ്ഞു തുള്ളുന്ന പെണ്ണിന്‍റെ കൈയിലിരിക്കുന്ന തെങ്ങിന്‍
പൂക്കുലയുടെ സ്ഥിതിയായിരുന്നു ദേഹത്തിന്. 
പരിചയമുള്ള ഒരു മുഖം പോലും കാണല്ലേ എന്നാണ് അദ്യമേ പ്രാര്‍ത്ഥിച്ചത്.  ഇവിടെ അങ്ങിനെ പരിചയ മുഖങ്ങള്‍ കാണേണ്ട
കാര്യമില്ല.  പക്ഷെ, അപരിചിതത്വം ഏതു വിഭാഗത്തിന്‍റെ കൂടെ കൂടുമെന്ന കാര്യത്തില്‍
ബാധിക്കാം.  പന്തല്‍ പണികഴിഞ്ഞ സ്ഥിതിക്ക്
ഇനി കൂട്ടു കൂടേണ്ടവര്‍ പാചകക്കാര്‍, വിളമ്പുകാര്‍, പാത്രം , ടേബിള്‍ വൃത്തിയാക്കുന്നവര്‍, പരിചാരകര്‍, പുകഴ്ത്തു പാട്ടുകാര്‍…. പക്ഷെ, അവരൊന്നും എത്തി കൊഴുപ്പായിട്ടില്ല.

      പന്തല്‍ വിട്ട് അങ്കണവും ഗൃഹവും ഒറ്റപ്പെട്ടു നില്കുന്നതു
പോലെയാണ്.  അങ്കണവും ഗൃഹവും
അലങ്കരിച്ചിട്ടുണ്ട്., അതിന് പ്രത്യേക
വീക്ഷണമാണ്, ആരെയും മോഹിപ്പിക്കുന്ന
വിധത്തില്‍. വീട്ടിലേക്ക് വിരുന്നുകാരെത്തുന്നുണ്ട്.  അവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ളയിടം
പന്തലിന്‍റെ എതിര്‍ ദിശയില്‍ മതില്‍ക്കെട്ടിനുള്ളില്‍ തന്നെ മൈതാനമായി കിടക്കുന്നിടത്താണ്.  പുല്ലു വെട്ടി നിരപ്പാക്കിയ സ്ഥലം തന്നെയാണ്.

      ങാ…. സനലു വന്നോ…. എന്തേ വൈകിയത്… ആ പൂക്കളെടുത്ത്
അകത്തേക്ക് കൊടുത്തേക്ക്…

      നിൽകക്കള്ളിയില്ലാതെ ചതുരംഗ പലകയുടെ പുറത്ത് പോകേണ്ടി
വരുമെന്നു കരുതിയിരിക്കെ,  അല്ലെങ്കില്‍ കാലെത്താകയത്തില്‍ വെള്ളം കുടിച്ച് തുഴഞ്ഞു
കൊണ്ടിരിക്കെ,  അങ്ങിനെയെരു ചോദ്യം കിട്ടിയപ്പോള്‍ അവന് സമാധാനമായി.  പേരു മാറിയാലെന്താ അവിടെ തുടര്‍ന്ന് നിൽക്കാനുള്ളൊരു
പഴുതു കിട്ടിയിരിക്കുകയല്ലെ…..

      സനലെന്ന പേര് സ്വീകരിച്ചു കൊണ്ട് അവന്‍ അകത്ത്
കൊടുക്കുവാനുള്ള പൂക്കളെ തിരഞ്ഞു. പൂക്കള്‍ അവനെ കാത്ത് പന്തലിന്‍റെ കമാനത്തിന്
താഴെ,
ചുവന്നതും മഞ്ഞയും പച്ചയും വര്‍ണ്ണ കടലാസുകളാല്‍
അലങ്കരിക്കപ്പെട്ടിരിക്കുന്ന കമാന കാലിനെ തൊട്ട് കൊണ്ട് പനയോലക്കൂടയില്‍
ഇരുപ്പുണ്ടായിരുന്നു. 
പൂക്കൂടയെടുത്തപ്പോഴാണ്  കക്ഷത്തിലെ
പണി വസ്ത്രങ്ങളുടെ കാര്യമോര്‍ത്തത്.  ആദ്യം
വസ്ത്രം മാറിയാലോ എന്ന് ചിന്തിച്ചതാണ്, പക്ഷെ, വീടിന്‍റെ അകത്തേക്ക്
പോകേണ്ടതുള്ളതു കൊണ്ട് വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് കൂടുതല്‍ യോഗ്യമെന്ന്
രണ്ടാമതു ചിന്തിച്ച് പൂക്കൂടയെടുത്ത് തോളില്‍ വച്ച് തുണിക്കൂടിനെ കക്ഷത്തില്‍
തന്നെ ഇരിക്കാന്‍ അനുവദിച്ച് അകത്തേക്ക് നടന്നു. 
കൊട്ടാര സദൃശമായ വീടിന്‍റെ പ്രധാന വാതില്‍ കടന്നപ്പോള്‍ അവനു വീണ്ടും
വിറയല്‍ തോന്നി.  പക്ഷെ, മനക്കോണില്‍ തെളിഞ്ഞു വന്ന ഡോക്ടറുടെ മുഖം വിറയലിനെ
ഓടിച്ചകറ്റി,  അകത്ത്  കടക്കാനുള്ള ത്രാണി നല്‍കി.

      സിറ്റൗട്ടില്‍, സിറ്റിംഗ് റൂമില്‍, ഡൈനിംഗ്
ഹാളിലെല്ലാം വിരുന്നു കാര്‍ നിറഞ്ഞിരിക്കുന്നു. 
അവരുടെയൊക്കെ സംസാരങ്ങള്‍, വ്യത്യസ്തമായ
ഈണത്തില്‍, ശൈലിയില്‍ അവിടെയാകെ അലയൊലികള്‍
ഉതിര്‍ക്കുന്നു.  സനലെന്ന വ്യാജ
നാമക്കാരനായ അവന്‍ പൂക്കൂട എവിടെ വയ്ക്കും, ആരെ ഏല്‍പ്പിക്കുമെന്ന് പരതി നില്‍ക്കുമ്പോള്‍,

      ങാ… ജെയിംസേ… നീ വന്നോ… പൂവ് ആ  വടക്കേ മുറിയിലേക്ക് കൊടുത്തേക്ക്…..

      അവനെ ജെയിംസെന്ന് 
വീണ്ടും മറ്റൊരു വ്യാജ നാമത്തില്‍ വിളിച്ച ആളിനെ കണ്ടപ്പോള്‍ വീണ്ടും ഒരു
വിറയല്‍ അവനില്‍ പടര്‍ന്നു കയറി പുറത്തേക്ക് പോയി.  അയാളും അവനെ കണ്ടു.

      ഓ ജെയിംസല്ലേ, എന്താ പേര്….

      സനല്‍….

      മറുപടിക്കവന്‍ അവന്‍റെ ആദ്യ വ്യാജ നാമം ഉപയോഗിച്ചു. ആദ്യം
വിളിച്ച ആള്‍ക്ക് ഏതോ ഒരു സനലിന്‍റെ ഛായ തോന്നിയിരിക്കാം. ഇവിടെ പിടിച്ചു നില്‍ക്കാന്‍
ആ പേരാണ് കൂടുതല്‍ യോജ്യമെന്നു തോന്നി.

      സനലേ ജെയിംസ് വന്നില്ലേ…..

      ഇല്ല വരും.

      ങാ…. സനലിവിടെ കാണണം, എല്ലാമൊന്നു നോക്കി കൊള്ളണം.

      ഓ….

      ആദ്യം സനലെന്നും പിന്നീട് ജെയിംസെന്നും വിളിക്കപ്പട്ട അവന്
ഇതേവരെ നടന്നതെല്ലാം നന്നായി ബോധിച്ചു. 
ഇനി ഇവിടെ പിടിച്ചു നില്‍ക്കാന്‍ ഒരു പണി മുണ്ടിന്‍റേയും ഒരു പണിഗ്രൂപ്പിന്‍റേയും
ആവശ്യമില്ലെന്നവന് തോന്നി.   ഒരു പടി കൂടി
മുകളിലേക്ക് കയറി മേല്‍നോട്ടകാരനാകുകയും ചെയ്തിരിക്കുന്നു.  അതിന് വെളുത്ത മുണ്ടും ഷര്‍ട്ടും തന്നെ കൂടുതല്‍
കാമ്യം.  അവന് ആ അധികാരത്തെ
കൊടുത്തിരിക്കുന്നത് ഈ വീടിനെ സംബന്ധിച്ച ഉന്നതാധികാരി തന്നെയാണ്.  ഡോക്ടര്‍ കാണിച്ച ഫോട്ടോയില്‍ തേങ്ങായുടെ
മുക്കണ്ണുപോലെ അടുക്കിയ മൂന്നു മുഖങ്ങളില്‍ ഒന്ന്, ഒരേയൊരു പുരുഷന്‍.  അതിലെ രണ്ടു
പെണ്ണുങ്ങളെ ഇനി കണ്ടെത്തണം.  ഒന്ന്
അയാളുടെ ഭാര്യയും, മുക്കണ്ണില്‍
നടുക്കു കണ്ടത് അവരുടെ മകള്‍ ധന്യയുമാണ്. 
അയാള്‍ തോമസ്സും ഭാര്യ ഷേര്‍ളിയും.

      പൂക്കൂട എത്തിക്കേണ്ടിയിരുന്ന വടക്കേ മുറിയുടെ വാതില്‍ക്കലെത്തും
മുമ്പു തന്നെ ഷേര്‍ളിയെയും അവന് കാണാന്‍ കഴിഞ്ഞു. 
അവന്‍ അടഞ്ഞു കിടന്നിരുന്ന വടക്കേ മുറി വാതില്‍ മുട്ടി കാത്തു നിന്നു. മുറി
സാവധാനം അഞ്ചോ ആറോ ഇഞ്ച് തുറന്ന് പുറത്തേക്ക് ഒരു സ്ത്രീ തല നീട്ടി അവനെ കണ്ടു.

      കഴിഞ്ഞില്ല.

      വേണ്ട… പൂവു കൊണ്ടു വന്നതാണ്….

      ഓ….

      പൂക്കൂട ഉള്ളിലേക്കെടുക്കാന്‍ വേണ്ടി വാതില്‍ മലര്‍ക്കെ
തുറന്നപ്പോള്‍, അകത്ത് കസേരയില്‍ ഏതെല്ലാമോ
നിറത്തിലുള്ള, എന്തെല്ലാമോ, മുഖത്തും കഴുത്തിലും കൈകളിലും പുരട്ടിയിരിക്കുന്നു, മുക്കണ്ണില്‍ നടുക്ക കണ്ട ധന്യ, അവളേയും അവന്‍ കണ്ടു.

      ചേട്ടന്‍ ഇവിടെ കാണില്ലെ… എന്തെങ്കിലും വേണമെങ്കില്‍
വിളിക്കാം….

      ഓ…

      അവന് ഉറപ്പായി, അവന്‍ ഈ വീട്ടില്‍, ഈ ആവശ്യത്തിന്
വളരെ വേണ്ടപ്പെട്ടവനായി കഴിഞ്ഞിരിക്കുന്നു. 
ആ സ്വാതന്ത്ര്യത്തോടെ എവിടെ വേണമെങ്കിലും കയറിയിറങ്ങാം… ഒട്ടും
പ്രതീക്ഷിക്കാത്ത രീതിയിലാണ് എല്ലാം ശരിയായി വന്നു കൊണ്ടിരിക്കുന്നത്.  ഇനി അവന് പണി മുണ്ടിന്‍റെയും ഷര്‍ട്ടിന്‍റെയും
ആവശ്യമില്ല.  അതിനെ അടുത്തു കണ്ട
സെറ്റിയുടെ അടിയില്‍ തിരുകി വച്ചു.  അതു
കണ്ട ഒരു അതിഥി  ചിരിച്ചു.  ആതിഥേയന്‍റെ അടുത്ത സഹകാരി കൊടുക്കേണ്ട
പരിഗണനയില്‍ അവന്‍ തിരിച്ചൊരു മന്ദഹാസം നല്‍കി, നന്ദി സൂചകമായിട്ട്. അയാള്‍ക്ക് മാത്രമായിട്ടല്ല, അവിടെ കണ്ട എല്ലാവര്‍ക്കും വേണ്ടിയിട്ട്.  ശേഷം അവന്‍ ഉത്തരവാദിത്വമുള്ള മേല്‍
നോട്ടക്കാരന്‍റെ ഗമയെ സ്വീകരിച്ച് എല്ലായിടത്തും നോട്ടമെത്തിച്ച് തലങ്ങും വിലങ്ങും
നടന്നു.

      ആ വീട്ടില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നാളെ നടക്കാന്‍
പോവുകയാണ്, തോമസ്സ് ഷെര്‍ളി ദമ്പതികളുടെ
ഒരേയൊരു മകള്‍ ധന്യയുടെ മനസ്സമ്മതം.  അതിന്‍റെ
തലേ രാത്രിയായ ഇന്ന് മധുരം വയ്പും അതിനോടനുബന്ധിച്ച ചടങ്ങുകളും അടുത്ത ബന്ധുക്കള്‍ക്കും
സുഹൃത്തുക്കള്‍ക്കുമുള്ള വിരുന്നിനുള്ള ഒരുക്കങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.

      പന്തലില്‍, വീട്ടില്‍
തിരക്കേറിക്കൊണ്ടിരിക്കുന്നു.  അവന്‍ മേല്‍
നോട്ടത്തിനിടയില്‍ ഒന്നു പുളഞ്ഞു. മടിയില്‍ തിരുകി വച്ചിരിക്കുന്ന മോബൈല്‍ ഫോണ്‍
സൈലന്‍റ് മോഡില്‍ വൈബ്രേറ്ററില്‍ ആക്കിയിരിക്കുകയായിരുന്നു.  അതിലേക്ക് ഒരു വിളി വന്നിരിക്കുകയാണ്.  തിരക്കില്‍ നിന്നൊഴിഞ്ഞ് നിന്ന് ഫോണെടുത്തു.

      ശരത്തേട്ടാ…… അവിടെയെത്തിയോ… ജോലി തുടങ്ങിയോ…
എന്താണ് ജോലി…..

      ശരത്തെന്ന് യഥാര്‍ത്ഥ പേരുള്ള സനല്‍ എന്നും ജയിംസ് എന്നും
വ്യാജ പേരുകളുണ്ടായിരിക്കുന്ന അവന്‍റെ ഭാര്യയാണ് വിളിച്ചിരിക്കുന്നത്.

      ഇപ്പോള്‍ ഒരു മനസ്സമ്മതത്തിന്‍റെ മേല്‍ നോട്ടപ്പണിയാണ്
ബുദ്ധി മുട്ടൊന്നും തോന്നുന്നില്ല, മോനെങ്ങിനെ….

      അവന് നല്ല സുഖമില്ല… ഡോക്ടര്‍ വന്നു നോക്കിയിട്ടു
പോയതേയുള്ളൂ… നാളത്തന്നെ ഓപ്പറേഷന്‍ നടത്താമെന്ന പറഞ്ഞു.  ശരത്തിനെ ഏല്‍പിച്ച ജോലി തീര്‍ത്തിട്ടു വന്നാല്‍
മതിയെന്നാണ് പറഞ്ഞത്… അതെന്നാ ജോലിയാ ചേട്ടാ… ഇത്രേം വലിയ കൂലി കിട്ടാന്‍
പാകത്തിന്…. എന്തായാലും ജോലി വേഗം തീര്‍ത്ത് ഇങ്ങെത്തണം … എനിക്ക്
പേടിയാകുന്നു… മോന്‍റെ മുഖത്ത് നോക്കാന്‍ പോലും ഇപ്പോള്‍ ധൈര്യമില്ല……

      ഞാന്‍ പിന്നെ വിളിക്കാം എന്നെ ആരോ തിരക്കുന്നു…..

      അതായത് ശരത്തെന്ന സനല്‍ അഥവാ ജയിംസ് ഇവിടെ
എത്തിയിരിക്കുന്നത് ഏതോ ജോലിയുടെ ഭാഗമായിട്ടാണെന്ന് വ്യക്തമായി.  ആ ജോലിയെന്തെന്നറിയാന്‍ ശരത്തിന്‍റെ
മനസ്സിലേക്ക് തന്നെ നോക്കേണ്ടിയിക്കുന്നു….. 
പക്ഷെ, അവിടം ശൂന്യമായൊരു ഗുഹ പോലെയാണ്
കാണുന്നത്. അവിടെ ഒന്നുമില്ല, ഇരുള് നിറഞ്ഞ്
ഭയാനകമായിട്ട്. ഒന്നുമില്ലാതെ ആയത് അടുത്തനാളിലാണ്.  നേരത്തെ, അവിടെ എന്തെല്ലാമോ ഉണ്ടായിരുന്ന കാലത്താണ് ശരത്തെന്ന ഹിന്ദു, സെലിന്‍ എന്ന അയല്‍പക്കത്തെ ക്രിസ്ത്യാനി പെണ്ണിനെ
പ്രണയിച്ചു വിവാഹം ചെയ്തത്. പക്ഷെ, ആദ്യ രാത്രി കഴിഞ്ഞ് നേരം പുലര്‍ന്ന് വീണ്ടും സന്ധ്യയായി രാത്രി എത്തുന്നതിനു
മുമ്പായി അവര്‍ മുഖത്തോടു മുഖം നോക്കിയിരുന്നു നാലു പ്രാവശ്യം ചോദിച്ചു.

      നമ്മള്‍ ചെയ്തത് വിഡ്ഢിത്തമായി പോയി അല്ലെ… ജാതിയും മതവും
അന്ധവിശ്വാസങ്ങളും വര്‍ഗ്ഗീയതയും ശക്തിയായി തിരികെ വന്നു കൊണ്ടിരിക്കുന്ന ഈ
കാലത്ത് നമ്മള്‍ ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല, അല്ലെ…..?

      പിന്നീട് എല്ലാ ദിവസവും രാത്രിയില്‍ ഉറങ്ങാന്‍
കിടക്കുമ്പോള്‍ അവര്‍ അങ്ങിനെ ഒരു പ്രാവശ്യമെങ്കിലും പരസ്പരം ചോദിച്ചു
കൊണ്ടിരുന്നു.  രണ്ടു പേരും ഒരിക്കലും
ഒത്തരം പറഞ്ഞില്ല, പിരിയാനും
കഴിഞ്ഞില്ല.  വീടും നാടും വിട്ട് കണ്ടാല്‍
തിരിച്ചറിയാത്തവരുടെ നാട്ടിലെത്തി വാടക വീട്ടില്‍, ഓട്ടോ ഓടിച്ച് ജീവിച്ചു.  ഒരു
മകനുണ്ടായി, രണ്ടു വയസ്സായി, ഇപ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ കിടക്കും നേരം
ഒരിക്കലെങ്കിലും ചോദിച്ചു വരുന്നു.

      അവരുടെ മകന് ഒഴിയാതെ നീരിളക്കവും പനിയും കഫ ശല്യവും
വന്നപ്പോള്‍, ജന്മനാ ശ്വാസകോശത്തിന്
ശോഷിപ്പുണ്ടെന്നു പറഞ്ഞപ്പോള്‍, ഓപ്പറേഷന്‍
മാത്രമേ പരിഹാരമുള്ളവെന്നു പറഞ്ഞപ്പോള്‍, ബന്ധു മിത്രാദികളുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും സഹായവും
സാന്ത്വനവും ഉണ്ടാകില്ലെന്നോര്‍ത്തപ്പോള്‍ അവരുടെ മനസ്സുകള്‍ തുള വീണു
ശൂന്യമായിപ്പോയി.  അവിടെ ഇരുള് നിറഞ്ഞ്
ബുദ്ധിശൂന്യമായി, സ്നേഹശൂന്യമായിപ്പോയി.
പിന്നീടൊരിക്കലും അവര്‍ മുഖത്തോടുമുഖം നോക്കിയിരിക്കുകയോ അങ്ങിനെ ചോദിക്കുകയോ
ചെയ്തില്ല. മകന് സ്വസ്ഥമായൊരു ജീവിതമുണ്ടാകണമെന്നു മാത്രം ചിന്തിച്ചു, ബാക്കിയെല്ലാം മറന്നു. 
ആഹാരം കഴിക്കണമെന്നതും, നീഹാരാദികള്‍
വേണമെന്നതും കൂടി പലപ്പോഴും മറന്നു.

      ആ മറവിയുടെ നേരത്ത് മനസ്സ് ഗുഹയായി,  ശൂന്യമായിരുന്ന
സമയത്ത് മകന്‍റെ ഡോക്ടര്‍ അവനോട് ഒരു ജോലി ചെയ്തു തന്നാല്‍ മകന്‍റെ ഓപ്പറേഷന്‍
സൗജന്യമായി ചെയ്തു കൊടുക്കമെന്നു പറഞ്ഞപ്പോള്‍ 
ആമോദപ്പെട്ടു.  ഡോക്ടര്‍ തേങ്ങയുടെ
കണ്ണുകളെപ്പോലെ അടുക്കി വച്ചിരിക്കുന്ന മൂന്നു മുഖങ്ങളുടെ ഫോട്ടോ കാണിച്ച്, നടുവില്‍ ഇരിക്കുന്ന ധന്യയെന്ന പെണ്‍കുട്ടിയുടെ വിവാഹ
നിശ്ചയം നടക്കാന്‍ പോകുകയാണ്, അത് നടക്കരുത്.
ഒരിക്കലും നടക്കാത്ത വിധം നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.  അവന്‍റെ മനസ്സ് ഗുഹയായി ഇരുള് നിറഞ്ഞ്
ശൂന്യമായിരുന്നതിനാല്‍ സസന്തോഷം സ്വീകരിക്കുകയും ചെയ്തു.  എന്തിനു വേണ്ടിയാണെന്ന് അവന്‍ ഒരിക്കല്‍
തിരക്കിയിരുന്നു. പക്ഷെ, ഡോക്ടര്‍ അത്
വ്യക്തമാക്കിയില്ല.  വ്യക്തമാക്കാത്തതു
കൊണ്ട് അവന്‍ വെറുതെ ഊഹിച്ചു, ധനത്തിനു
വേണ്ടിയാകാം, അധികാരത്തിനു വേണ്ടിയാകാം, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാകാം, വെറുതെ ഒരു വൈരാഗ്യത്തിനു വേണ്ടിയുമാകാം. പ്രതിഫലം മകന്‍റെ
സ്വസ്ഥമായജീവിതമാണ്. അതു തന്നെയാണ്, 
അതു മാത്രമാണ് അവന് വലുതായി
തോന്നിയത്, ഇപ്പോള്‍ ചിന്തിക്കേണ്ടതും അതു
മാത്രമാണെന്നു തീരുമാനിച്ചു.

      ധന്യയെന്ന ആ പെണ്‍കുട്ടി പന്തലിലെ മണ്ഡപത്തിലേക്ക്
ആനയിക്കപ്പെടുകയാണ്.  വശ്യമായൊരു
സുഗന്ധമായി, മനോജ്ഞമായൊരു കാഴ്ചയായി അവള്‍
വരുന്നത് ശരത്തെന്ന സനല്‍ അഥവാ ജയിംസ് കണ്ടു നില്‍ക്കുകയാണ്. അവന് ജോലി നല്‍കിയിരിക്കുന്ന
ഡോക്ടറുമുണ്ട്.  അപരിചിതനെപ്പോലെയെങ്കിലും
ഡോക്ടര്‍ അവനെ വീക്ഷിക്കുന്നുണ്ട്. 
മനോജ്ഞമായ ആ ദൃശ്യത്തിന്‍റെ ആസ്വാദനത്ത ഹനിച്ചു കൊണ്ട് അവന്‍റെ
മടിയിലിരുന്ന മോബൈല്‍ പ്രകമ്പനം കൊണ്ട് അവനെ ഇക്കിളിപ്പടുത്തി.

      ശരത്തേട്ടാ മോനു തീരെ സുഖമില്ല… ഡ്യൂട്ടി ഡോക്ടര്‍
വന്നിരുന്നു… ഒരിഞ്ചെക്ഷന്‍ കൂടി കൊടുത്തു…. ശരത്തേട്ടന്‍റെ ജോലിയെന്തായി…..

      നീ ഭയക്കരുത്… നാളെയെല്ലാം ശരിയാകും… മധുരം വയ്പ്
നടക്കുന്നതേയുള്ളൂ…. നമ്മുടെ മോന്‍റെ ഡോക്ടറും എത്തിയിട്ടുണ്ട്… അദ്ദേഹം
എന്നെത്തന്നെ നോക്കി നിൽക്കുകയാണ്… എത്രയും വേഗം ജോലി തീര്‍ത്ത് ഞാന്‍ വരാം…
നാളെ മോന്‍റെ ഓപ്പറേഷന്‍ നടക്കും…. അവന് സുഖമാകും….

      അന്തരീക്ഷത്തില്‍ മനുഷ്യരുടെ, ആഹാര സാധനങ്ങളുടെ, മദ്യത്തിന്‍റെ
ഗന്ധങ്ങള്‍ നിറഞ്ഞ്,  ഏതൊരുവനേയും മത്തരാക്കുകയാണെന്ന് ശരത്തിനു തോന്നി. സമയം
നീളവെ,
സംഗീതവും മധുരിക്കുന്ന വാക്കുകളും വീണ്ടും വീണ്ടും കേട്ടു
കൊണ്ടിരുന്നപ്പോള്‍ ശരത്തിന് അരോചകമായി തോന്നി തുടങ്ങി.  പാതിരയോടടുത്തിട്ടും പിരിഞ്ഞു പോകാത്തവരും
ഉറക്കത്തിലേക്ക് മടങ്ങാത്തവരും, ആര്‍ത്തിയോടെ
ഇപ്പോഴും മദ്യത്തെ സമീപിക്കുന്നവരും  അവനെ
വ്യാകുലനാക്കി. എന്നിട്ടും മടുത്തു മടങ്ങാതെ അവന്‍ കാത്തു.  വടക്കേ മുറിയുടെ വാതില്‍ ധന്യക്ക്
വിശ്രമിക്കാനായി അടഞ്ഞു.  ആ വാതിലിലേക്ക്
നോട്ടം കിട്ടും വിധം സെറ്റിയില്‍ അവനും ഉറക്കമാണെന്ന വ്യാജേന കണ്ണുകളടച്ച്
ചാരിക്കിടന്നു.

      ആഘോഷം കഴിഞ്ഞുള്ള രാത്രിയില്‍ മനുഷ്യന്‍റെ ശ്രദ്ധയും
കരുതലും കുറഞ്ഞിരിക്കുമെന്നും, ഏറ്റവും
കൂടിയാല്‍ ധനത്തെ മാത്രം സൂക്ഷിക്കുമെന്നും, മനുഷ്യനെ അത്ര ശ്രദ്ധയോടെകാണുകയില്ലെന്നും വളരെ വിദഗ്ധനെപ്പോലെ ഡോക്ടര്‍
പറഞ്ഞത് ശരത്ത് ഓര്‍മ്മിച്ചു.  അങ്ങിനെ
അശ്രദ്ധമായി കിട്ടാവുന്ന ഒരു നിമിഷത്തിനു വേണ്ടിയാണിപ്പോള്‍ അവന്‍
കാക്കുന്നത്.  വടക്കേ മുറിയില്‍
ധന്യയോടൊത്ത് ആരോ കൂടി ഉറങ്ങുന്നുണ്ട്. 
പക്ഷെ, കതക് അകത്തു നിന്നും പൂട്ടിയതിന്‍റെ
ശബ്ദം കേള്‍ക്കുകയുണ്ടായില്ലെന്ന് അവന്‍ ശ്രദ്ധിച്ചു.  അവർ വരുത്തിയിരിക്കുന്ന അശ്രദ്ധ അവന്
ഗുണകരമായിട്ടുണ്ടെന്ന് ഓര്‍ത്തു സന്തോഷിച്ചു. 
പക്ഷെ, ഒന്നു കൂടി അന്തരീക്ഷം
ശാന്തമാകാനുണ്ട്, ഗാഢമായ നിദ്രയിലേക്ക്
വീട് തളര്‍ന്നമരണം.

      യാതൊരു വിധ ആയുധങ്ങളും പുറമേനിന്നും കൊണ്ടു പോകരുത്, ശ്രദ്ധിച്ചാല്‍ എന്തെങ്കിലുമൊരായുധം നിനക്കവിടെ നിന്നും
കിട്ടും.  പുല്‍കൊടി പോലും ചിലപ്പോള്‍
പാറ്റന്‍ ടാങ്കിന്‍റെ അത്ര ശക്തമായ ആയുധമായി മാറിയിട്ടുള്ള ചരിത്രമുണ്ട്.  ഡോക്ടറുടെ വാക്കുകള്‍ അവന്‍റെ പരതലുകളെ
ഭിത്തിയില്‍ അലങ്കാര വസ്തുവായി വച്ചിരിക്കുന്ന ഗിത്താറിന്‍റെ തന്ത്രികളിലെത്തിച്ചു.  അഴിച്ചെടുത്ത രണ്ട് തന്ത്രികളെ തൂവാല കൈ
പത്തിയില്‍ചുറ്റും പോലെ ചുറ്റി.

      വെളുപ്പാന്‍ കാലം അന്തരീക്ഷത്തെ കൂടുതല്‍ തണുപ്പിച്ചു.  വീടിനെ സുഖ നിദ്രയിലേക്ക് വലിച്ചാഴ്ത്തി
കൊണ്ടുപോയി.  കൂര്‍ക്കം വലിയുടെ വ്യത്യസ്ത
രാഗങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരുന്നു.  ഉറക്കം കിട്ടാത്ത ഏതോ ഒരു ചീവീട് മാത്രം എവിടയോ
ഇരുന്ന് ഇടതടവില്ലാതെ ചിലക്കുന്നുണ്ട്. 
ഡോക്ടര്‍ പറഞ്ഞതു പോലെ ആഘോഷത്തിന്‍റെ അശ്രദ്ധ തന്നെ ധന്യയുടെ  മുറിയടെ വാതില്‍ പൂട്ടിയിരുന്നില്ല.  കതക് തുറന്ന് അകത്തു കയറി അടച്ച് ബഡ്റൂ
ലൈറ്റിന്‍റെ നേര്‍ത്ത ചുവന്ന വെളിച്ചത്തില്‍ സഹശയനയില്‍ നിന്നുംഏറെ അകന്ന് ആറടി
കട്ടിലില്‍ കുറുകെ ധന്യയുടെ ഉറക്കം അവനെ ഏറെ സന്തോഷിപ്പിച്ചു.  ക്ലാസ്മേറ്റ് എന്ന സിനിമയില്‍ സഫിയ സുകുവിനെ
തൂക്കിയതു പോലൊരു സാഹചര്യം ഏതു ദിശയില്‍ നിന്നും കിട്ടുമെന്നവന്‍
പരതിക്കൊണ്ടിരിക്കെ, അവനെ
ഇക്കിളിപ്പെടുത്തിക്കൊണ്ട് മോബൈല്‍ വിജ്രംഭിതയായി……

      കട്ടിലിന് കീഴിലുള്ള ഇരുളില്‍ മറഞ്ഞിരുന്നു കൊണ്ടവന്‍
മോബൈലില്‍ സെലിന്‍ പറയുന്നതു കേട്ടു..

      ശരത്തേട്ടാ…. നമ്മുടെ മോന്‍…. അവന്‍…. അവന്‍….

      തുടര്‍ന്ന് അടക്കാന്‍ കഴിയാത്ത കരച്ചിലായി അവളുടെ ശബ്ദം
പരിണമിച്ചു.

      പെട്ടന്ന് ശരത്തിന്‍റെ മനസ്സില്‍ ഗുഹ വീണ് ഇരുൾ
നിറഞ്ഞിരിന്നിടത്ത് എന്തോ വന്നു നിറയുന്നതുപോലെ തോന്നി.  ഇരുൾ നിറഞ്ഞ ശൂന്യതയിലേക്ക്, കറുപ്പിനെ നീക്കി എന്തെല്ലാമോ നിറങ്ങള്‍ വരുന്നതുപോലെ
തോന്നി. കൈപ്പത്തിയില്‍ ടൗവ്വല്‍ പോലെ ചുരുട്ടി പിടിച്ചിരുന്ന ഗിത്താര്‍ തന്ത്രികള്‍
കൈവിട്ട് തറയില്‍ വീണു.  നേരത്തെ പതുക്കെ
കട്ടിലിനടിയില്‍ പതുങ്ങിയ അവന്‍ തട്ടിപ്പിടഞ്ഞുണര്‍ന്ന് പുറത്ത് വന്ന്, മുറി വാതില്‍ തുറന്ന് പുറത്തേക്കോടി….

      മോര്‍ച്ചറിയുടെ മുന്നിലെ ബഞ്ചില്‍ സെലിന്‍ തനിച്ചായിരുന്നു, അവനെത്തുമ്പോള്‍. 
അവന്‍ അവളെ എടുത്ത് നെഞ്ചോടുചേര്‍ത്തു നിര്‍ത്തി..

      നമുക്ക് പോകാം….

      എവിടേക്ക്…. നമ്മുടെ മോന്‍…..

      അവനെ ഇനി നമുക്ക് വേണ്ട… ഡോക്ടറെടുത്തു കൊള്ളെട്ടെ….
ഡോക്ടര്‍ ഏല്‍പ്പിച്ച ജോലിയെനിക്ക് ചെയ്യാനായില്ല… അതുകൊണ്ട് നമ്മുടെ മകനെ ഏല്‍ക്കാനുള്ള
യോഗ്യത നമുക്കില്ല… നമുക്ക് പോകാം…..

      അവന്‍ അവളെ ഗ്രഹിച്ച് ഹോസ്പ്പിറ്റലിന് പുറത്തേക്കോടി…..

      ഗുഹ തീര്‍ന്ന് ഇരുളു നിറഞ്ഞിരുന്ന അവന്‍റെ മനസ്സില്‍ വിവിധ
വര്‍ണ്ണങ്ങള്‍ നിറഞ്ഞ് പ്രഭാത കിരണങ്ങളായിരിക്കുന്നു.  ആ പ്രഭാത കിരണങ്ങള്‍ക്ക് നടുവില്‍ ധന്യയെന്ന
പെണ്‍കുട്ടിയുടെ സുന്ദരമായ മുഖം തെളിഞ്ഞു വരുന്നു.

      അവര്‍ അലക്ഷ്യമായി പലായനം ചെയ്തു,  കണ്ടാല്‍
തിരിച്ചറിയാത്ത മറ്റൊരിടത്തേക്ക്….

@@@@@@@




കാവ്

എന്തിനാണ്‌ മകളെ നിന്റെ മുഖം കറുത്തത്‌, അങ്ങിനെ കറുക്കാൻ പാടില്ല. നിന്റെ പേരെന്തെന്ന്‌ മറന്നോ…. ‘നിതാര’യെന്നാണ്‌. നിതാരയെന്നാൽ നിത്യവും താരമായിരിക്കുന്നവളെന്നാണ്‌. താരമായിരി

ക്കുകയെന്നാൽ പ്രകാശിക്കുകയെന്നാണ്‌ അർത്ഥം. അതുകൊണ്ട്‌ എന്റെ മകളുടെ മുഖം കറുക്കാൻ പാടില്ല. ഏതു പ്രതികൂല സാഹചര്യത്തിലും പ്രകാശിച്ചു കൊണ്ടിരിക്കണം. അതാണ്‌ താരകം. ചിലപ്പോൾ മേഘപടലങ്ങൾ താരങ്ങളെ മറയ്ക്കാം. പക്ഷെ, അതൊരു മറമാത്രമാണ്‌, താരകത്തിന്റെ ശോഭയുടെ മങ്ങലല്ല.

കൊച്ചുമകൾ മുത്തച്ഛന്റെ മുഖത്തു നോക്കി, ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ സന്തോഷ മായി. മുത്തച്ഛന്റെ കണ്ണുകളിൽ അഗ്നിയുണ്ടെന്നവൾ കണ്ടു. ദേഹം ചടച്ചതെങ്കിലും, ചെറിയ കൂനുണ്ടെ

ങ്കിലും ഉള്ളിൽ കരുത്തുണ്ടെന്നറിഞ്ഞു.

ഇല്ല, മുത്തച്ഛാ, എനിക്ക്‌ വിഷമമൊന്നും തോന്നിയില്ല. ഒന്നും തോന്നിയില്ല. ഞാൻ മുത്തച്ഛന്റെ കൂടെയാണെന്ന്‌ നന്നായിട്ടറിയാം… മുത്തച്ഛന്‍ നടന്ന വഴികളെപ്പറ്റിയും അറിയാം….ആ വഴികളൊക്കെ നടന്ന മുത്തച്ഛൻ പതറില്ല എന്നും അറിയാം… അവൾ അങ്ങിനെ പറഞ്ഞില്ല, മനസ്സിൽ മൊഴിഞ്ഞതേയുള്ളൂ… മുത്തച്ഛനെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നീട്‌ അവൾ, മുത്തച്ഛന്റെ ആ കൊച്ചുമകൾ ഇത്തിരി തടിച്ച ദേഹമുള്ള പതിനാറുകാരി, നിതാര പരിദ്രമിക്കുകയോ, മ്ലാനയാകുകയോ അല്ല ചെയ്തത്‌എഴുപത്തിയഞ്ചിലും മുത്തച്ഛന്റെ പ്രതിരോധത്തെ കുറിച്ച്‌ ചിന്തിക്കുകയാണുണ്ടായത്‌. അഞ്ചു നിമിഷം മുമ്പ്‌ ഉണ്ടായ രസകരമായ സംഭവങ്ങൾ ഒരിക്കൽ കൂടി മനക്കണ്ണിൽ കണ്ടു.

താഴെ നിന്നുമാണവർ വന്നത്‌, താഴെ എന്നു പറഞ്ഞാൽ വളരെ താഴെയാണെന്ന്‌ പറയാൻ കഴിയില്ല, ഇപ്പോൾ. എന്നാൽ കാരണവരുടെ ഏറ്റവും പഴയ ഓർമ്മയിൽ വളരെ താഴെയാണ്‌. സാമാന്യം വലിയൊരു മലയുടെ താഴെ. ആ മലയാകെ ഇടിച്ചു നിരത്തി മണ്ണെവിടേക്കല്ലാമോ കൊണ്ടു പോയി. നിരപ്പാക്കിയ ഇടത്തൊക്കെ വീടുകൾ വച്ചു. കുഞ്ഞു വീടുകളല്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വലിയ വില്ലകൾ. അഞ്ച്‌, എട്ട്‌, പത്ത്‌ സെന്റ്‌ ഇടത്തെല്ലാം ബംഗ്ലാവുകൾ. ബംഗ്ലാവുകളുടെ ഒരു കൂട്ടം. കോൺക്രീറ്റ്‌ എടുപ്പുകളുടെ കൂട്ടം. മരങ്ങളുടെ കൂട്ടത്തെ വനമെന്നു വിളിക്കുന്നുവെങ്കിൽ കോൺക്രീറ്റ്‌ വനമെന്നു വിളിക്കാം. ഒരോ എടുപ്പുകളിലുമെത്താൻ ടാർ വിരിച്ച പാതകൾ. ആ കോൺക്രീറ്റ്‌ എടുപ്പുകളിൽ നിന്നു വിട്ട്‌, ഒറ്റപ്പെട്ടതുപോലെ നില്‍ക്കുന്ന പഴയൊരു ഓടു വീട്ടിൽ നിന്നുമാണ്‌ പെൺകുട്ടിയും അവളുടെമുത്തച്ഛനും വരുന്നത്‌. അവർ വന്ന ടാർ പാത അവസാനിക്കുന്നത്‌ കോൺക്രീറ്റ്‌ ചെയ്ത നടയുടെ അടുത്താണ്‌.

രണ്ട്‌ നടകൾ കയറിയപ്പോൾ അടഞ്ഞു കിടക്കുന്ന ഗെയിറ്റ്‌. ഗെയിറ്റ്‌ പൂട്ടാത്തതു കൊണ്ട്‌ തള്ളിത്തുറന്ന്‌ ഉള്ളിലെ കോൺക്രീറ്റ് കട്ടകൾ പാകിയ മുറ്റത്തേയ്ക്ക്‌ കയറി.

“അരുത്‌, ചെരുപ്പൂരിയിട്ട്‌ കയറണം.”

പെട്ടന്ന്‌, ദൃശ്യത്തിലെത്താത്ത ഒരാളുടെ സ്വരം അയാളെ ഒന്നു ഞെട്ടിക്കുകയും തടസ്സമാണല്ലോയെന്ന്‌ ചിന്തിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയും ചെരുപ്പ്‌ പുറത്ത്‌ ഈരുയിട്ടില്ല. ഇപ്പോൾ ശ്രദ്ധിച്ചപ്പോഴാണ്‌ പുറത്ത്‌ നാലു ജോഡി ചെരുപ്പുകൾ കാണുന്നത്‌. അതും അയാൾ ധരിച്ചിരിക്കുന്നതിലും വില കൂടിയതുകൾ. എന്നാലും അയാളും കൂട്ടിയും പുറത്തിറങ്ങുന്നതിനോ, ചെരുപ്പ്‌ ഈരിയിടുന്ന തിനോ ശ്രമിച്ചില്ല. അകത്തേക്ക്‌ തന്നെ നടന്നു.

“നിങ്ങളോടല്ലേ പറഞ്ഞത്‌, ചെരുപ്പ്‌ പുറത്തിടാൻ ….”

ഒരു ചെറുപ്പക്കാരൻ അവർക്ക് മുന്നിലേയ്ക്ക്‌ വന്നു, കാവി മുണ്ടും കൈത്തണ്ടയിൽ ചരടുകളും, വെളുപ്പും ചുവപ്പും കറുപ്പും വ്യക്തമാക്കുന്ന കുറിയും. അവൻ ചെരുപ്പ്‌ ധരിച്ചിട്ടില്ലെന്ന്‌ അവർ കണ്ടു. പക്ഷെ, അവൻ നിന്നിടത്ത്‌ കെട്ടിടത്തിന്റെ നിഴലുണ്ട്‌. കാലുകളെ തറയില്‍ പാകിയിരിക്കുന്ന കട്ടകൾ പൊള്ളിക്കുന്നില്ല.

“നീയീ വെയിലത്തേക്ക്‌ ഇറങ്ങി നിന്നു നോക്ക് അപ്പോൾ ചെരുപ്പിടുന്നതെന്തിനെന്ന്‌ മനസ്സിലാകും…”

“പുറത്തെഴുതി വച്ചിരിക്കുന്നത്‌ കണ്ടില്ലേ ദേവാങ്കണത്തിൽ ചെരുപ്പ്‌ ധരിച്ചു കൊണ്ട്‌ പ്രവേശിക്കരുതെന്ന്‌….”

“ഉവ്വ്‌,…. കണ്ടു പക്ഷെ. ഇത്ര ചൂടത്ത്‌ ചെരുപ്പിടാതെനിക്ക്‌ നില്ക്കാനാവില്ല….”

“വേണ്ട, പുറത്തിറങ്ങി പോകണം…”

“അതു പറയാൻ നീയാരെടാ……?”

ചെറുപ്പക്കാരന്റെ മുഖം ചുവന്നു, ദേഹമാകെ ഒരു വിറയൽ കയറുന്നത്‌ അയാൾ കണ്ടു. അയാൾക്കതിൽ പരിഭ്രമമല്ല തോന്നിയത്‌, പരിഹാസമാണ്‌. അയാൾ ഒന്നു ചിരിച്ചു. ആപ്പോള്‍ ദൃശ്യത്തിലില്ലാത്തൊരു ശബ്ദം കൂടി അവർ കേട്ടു.

“വിട്ടേരെടാ….അയാള്‌ കേറീട്ടു പോകട്ടെ…”

മുത്തച്ഛൻ ചോദിച്ചു.

“നീയാ രാജന്റെ മോനല്ലേ…”

“അതെ”

“നിന്റെ തന്തയോടു ചോദിച്ചാൽ ഞാനാരാണെന്ന്‌ പറയും…”

വൃദ്ധന്റെ ധിക്കാരം അവനെ ചൊടിപ്പിച്ചു. പക്ഷെ, അവന്റെ പ്രായത്തിലുള്ള മറ്റ്‌ രണ്ടു പേർ കൂടി ദൃശ്യത്തിലേക്ക്‌ വരികയും അവനെ ആംഗ്യം കാണിച്ച്‌ പിന്തിരിപ്പിച്ച്‌ അവരുടെ കൂടെ കുട്ടി അയാളുടെ കൺ വെളിച്ചത്തിൽ നിന്ന്‌ മറയുകയും ചെയ്തു. അവരും കാവി മുണ്ടും കൈയ്യിൽ ചരടുകളും കുറികളും ധരിച്ച്‌……..

എടാ ചെറുക്കനെ നിന്നേക്കാൾ ചെറിയ പ്രായത്തില്, നടന്നു തുടങ്ങിയ കാലം തൊട്ട്‌, ഇവിടെ ചെരുപ്പിട്ടും ഇടാതെയും ഉടുതുണി പോലുമില്ലാതെയും ഓടിച്ചാടി കളിച്ച്‌ തിമർത്ത്, വിയർപ്പിൽ കുളിച്ച്….

ഇവിടെ ഉണ്ടായിരുന്ന മരങ്ങളിൽ കയറിയിറങ്ങി കണ്ട കായ്കനികൾ പറിച്ചു തിന്ന്‌, ഈ പ്രതിഷ്ഠകളുടെയൊക്കെ മേലേ ഉരുണ്ടു മറിഞ്ഞ്‌ വലുതായതാണ്‌ ഞാൻ. അന്നിവിടെ പട്ടിക്കുടു പോലത്തെ വീടുകളില്ലായിരുന്നു, കാലും മേലും പൊള്ളിക്കാൻ തറയോടുകളും. മണ്ണായിരുന്നു, മണ്ണിനെ പുതച്ച്‌ കരിയിലയും. എന്നെ പഠിപ്പക്കല്ലേ…..

അയാൾ പറഞ്ഞത്‌ ചെറുപ്പക്കാർ കേട്ടിട്ടുണ്ടാകില്ല. പക്ഷെ, അയാളുടെ ചെറുമകൾക്ക് അത്‌
അത്ഭുതമായി തോന്നി.

“സത്യമാണോ മുത്തച്ഛാ… ഇതൊക്കെ…”

“അല്ലാതെ…..മോൾക്ക് കാണേണ്ടെ ഇതൊക്കെ… കാണ്‌… അക്കഥകളൊക്കെ പിന്നെ പറഞ്ഞു
തരാം….”

കുട്ടി അയാളുടെ മുഖത്ത്‌ ആകാംക്ഷയോടെ നോക്കി നിന്നു. പിന്നീട്‌ കാഴ്ചകൾ കാണാനായിട്ട്‌ മുത്തച്ഛനു പിന്നാലെ നടന്നു.

അവൾ അമ്മയുടെ കൂടെ കഴിഞ്ഞ സന്ധ്യക്ക്‌ വിളക്ക്‌ വക്കാൻ വന്നതായിരുന്നു. ഇരുട്ടായിരുന്നതു കൊണ്ട്‌ ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല. പണ്ടൊരിക്കൽ വന്നിരുന്നപ്പോൾ തീരെ ചെറിയ കുട്ടിയായിരുന്നു. അന്ന്‌ ഇതിലൊന്നും ആകാംക്ഷയുമുണ്ടായിരുന്നില്ല.

വലിയ വീട്ടിൽ ദേവി. ദേവിയുടെ വീടിന്റെ മുൻ വാതിൽ അടച്ചിരിക്കുന്നതു കൊണ്ട്‌ തുറന്നു കിടക്കുന്ന ജനാല വഴി വേണം കാണാൻ. അടുത്തടുത്ത്‌ അഞ്ച്‌ ചെറിയവീടുകൾ അതിനൊന്നും വാതിലുകളില്ല, ജനാലകളും. അതുകൊണ്ട്‌ നേരെ തന്നെ കാണാം. ദേവിക്കടുത്ത്‌ കരിങ്കാളി, പിന്നെ കാപ്പിരി, വിഷ്ണുമായ, വീരഭ്രദൻ, ഒരു വീട്ടിൽ രണ്ടു പ്രതിഷ്ഠകൾ, പിതൃക്കൾ. പിന്നീട്‌ വീടില്ലാതെ തുറസ്സായ തറയിൽ മൂന്നു പേര്‍, നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും. അവർ വെയിലും മഴയും കൊണ്ട്‌…..

 വീടുകൾക്ക് ശേഷമുള്ളയിടമെല്ലാം അലൂമിനിയ ഷീറ്റുകൾ മേഞ്ഞ പന്തൽ. വീടുകളുടെ ചുവരുകൾ കാവിയല്ലെങ്കിൽ വെളുത്ത നിറത്തിലും. തറകല്ലുകൾ കടുത്ത മഞ്ഞയിലും ചുവപ്പിലും കറുപ്പിലും മനോഹരമാക്കിയിരിക്കുന്നു.

പെൺകുട്ടി അയാളുടെ മകന്റെ മകളാണ്‌. പത്താം ക്ലാസ്സിലെ പ്രധാന പരീക്ഷക്ക്‌ മുമ്പ്‌ കുടുംബ കളരിയിലെ ദേവതകളുടെ അനുഗ്രഹം തേടിയെത്തിയതാണ്‌. അതാണ്‌ സന്ധ്യയ്ക്ക്‌ വിളക്ക്‌ വച്ച്‌ തൊഴുത്‌പ്രാർത്ഥിച്ചത്‌. അവളുടെ അമ്മയ്ക്ക്‌ അതിത്ര താല്പര്യമില്ലായിരുന്നു. ഗുരുവായുരാണ്‌ അവൾക്ക് വിശ്വാസം. പെൺകുട്ടിയുടെ അച്ഛന്റെ ആഗ്രഹത്തിന്‌ വഴങ്ങിയാണ്‌ എത്തിയത്‌. ഇതിനു ശേഷം ഗുരുവായൂരും പോകന്നുണ്ട്‌. ഗൾഫിലെ ബാങ്ക് ഉദ്യോഗസ്ഥന്‌ കൂടെയെത്താൻ അവധി കിട്ടിയില്ല. നേഴ്‌സായ അമ്മ എങ്ങിനെയോ സംഘടിപ്പിച്ചു. കുട്ടിയുടെ അച്ഛൻ എല്ലാ വർഷവും കളരിയിലെ തോറ്റം പാട്ടിനു വരും. അപ്പോഴൊന്നും കുട്ടിക്കും അമ്മയ്ക്കും അവധിയില്ല.

കളരിയിലെ കാഴ്ചകൾ കണ്ട്‌, തിരിച്ചു നടക്കവെ മുത്തച്ഛൻ കളരിയുടെയും കാവിന്റെയും കഥ പറഞ്ഞു.

“മോൾക്കറിയോ… കാവിന്‌ മുത്തച്ഛന്റെ തണ്ടപ്പേരിൽ അമ്പത്‌ സെന്റ്‌ സ്ഥലമുണ്ടായിരുന്നു. ഇപ്പോൾ അത്‌ അഞ്ച്‌ സെന്റായി കുറഞ്ഞു. കാവിനെ ചുറ്റി പത്തേക്കറോളം പുരയിടവും, കൃഷിസ്ഥലം. തെങ്ങും കമുകും വാഴയും കപ്പയും ചേനയും ചേമ്പും കുരുമുളകും കൃഷികളൊക്കെയായിട്ട്‌…..
അങ്ങ്‌ താഴത്ത്‌ പാടവും, മുന്നു പൂ കൃഷി ചെയ്തിരുന്ന നെൽ വയല്.
എല്ലാം അവകാശികൾക്ക് വീതം വച്ചു പോയതാണ്‌. വീതം കിട്ടിയവരൊക്കെ വിറ്റ്‌ മറ്റിടങ്ങളിൽ ചേക്കേറി. ഒടുവിൽ കളരി അവകാശികളിൽ അടുത്തുള്ളത്‌ മുത്തച്ഛനും മുത്തശ്ലിയുമാത്രം. കളരി ഇപ്പോൾ ട്രസ്റ്റാണ്‌ ഭരിക്കുന്നത്‌ മുത്തച്ഛന്റെ പേരിലാണ്‌ കരമടയ്ക്കുന്നതെങ്കിലും. അവരുടെ വിശ്വാസവും വീക്ഷണവുമൊക്കെ മാറിയിരിക്കുന്നു. മുത്തച്ഛനിതിലൊന്നും താല്പര്യമില്ലാത്തതു കൊണ്ട്‌ ഒന്നും ശ്രദ്ധിക്കാറില്ല. അറുനൂറു കൊല്ലങ്ങൾക്ക് മുമ്പാണ്‌ നമ്മുടെ പൂർവ്വികർ ഇവിടെ വന്നിട്ടുള്ളതെന്നാണ്‌ മുതുമുത്തച്ഛന്മാര്‍ പറഞ്ഞിട്ടുള്ളത്‌. അന്യംനിന്നു പോയ മനയില്ലെ, അവർ അറുനൂറു കൊല്ലങ്ങൾക്ക് മുമ്പ്‌ നമ്മുടെ രണ്ടു കാരണവന്മാരെ ഇവിടെ കൊണ്ടു വന്ന്‌ പാർപ്പിച്ചാതാണെന്നാണ്‌ കഥ,
കാവലിന്‌. വീടു വക്കാൻ ഇടവും കൃഷിക്ക്‌ സ്ഥലവും നല്‍കി. ഈ

പത്തേക്കറോളം സ്ഥലം, മൊട്ട കുന്നായിരുന്നു. വെട്ടിയും കിളച്ചും കൃഷികൾ ചെയ്തു. കൃഷിക്കായിട്ടും വീടുണ്ടാക്കുന്നതിനും മരങ്ങൾ വെട്ടിയെടുത്തപ്പോൾ തകർന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഏറ്റവും ഉയർന്നയിടത്ത്‌ പുതിയ മരങ്ങൾ വച്ചു പിടിപ്പിച്ചു. അതായിരുന്നു കാവ്‌. അമ്പത്‌ സെന്റ്‌ സ്ഥലത്ത്‌ ഒരു കൊച്ചു വനം.
താഴെ നിന്ന്‌ ഒരു മരം വെട്ടിയെടുത്താൽ കാവിൽ ഒരു തൈ നട്ടു

പരിപാലിച്ചിരുന്നു. അങ്ങിനെ കാടു വളർന്നു. കൃഷിയും വളർന്നു. അവിടെ പിതൃക്കളെ കുടിയിരുത്തി. കളരി തീർത്തു. കളരിത്തറ തീർത്തു. പന്തീരടിത്തറ, ആയുധാഭ്യാസത്തിന്, ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നതിന്‌. വടക്കു നിന്നു വന്ന ആ കാരണവന്മാർ അഭ്യാസികളായിരുന്നു. ഗുരുക്കളായിരുന്നു. കളരി കഴിഞ്ഞുള്ള ഇടം കാടായിരുന്നു. ഇടതൂർന്ന വനം.
ആഞ്ഞിലിയും പ്ലാവും മാവും പാലയും

കരിമ്പനയും വള്ളിപ്പടപർപ്പുകളും പേരമരങ്ങളും അത്തിയിത്തി പേരാലും നിറഞ്ഞൊരു കാട്‌. നാനാതരം ജീവജാലങ്ങൾ, ചെടി വർഗ്ഗങ്ങൾ, ഓഷധച്ചെടികൾ ഒക്കെ നിറഞ്ഞ്‌… പാമ്പും കീരിയും ഓന്തും, അരണയും അവകൾക്കൊക്കെ തീറ്റയായിരുന്നവരും, അവരെയൊക്കെ ഭക്ഷണമാക്കിയിരുന്നവരും അടക്കി വാണിരുന്ന വാസഗൃഹം. ദേശാടനക്കാരും നാട്ടുകാരുമായ പക്ഷിജാലങ്ങളും കാട്ടിൽ നിന്നെത്തുന്ന വിരുന്നുകാരുമുണ്ടായിരുന്നു. മ്ലാവും മയിലും കിഴക്കൻ മലയിൽ നിന്ന്‌ വിരുന്നു വന്ന്‌ പാർത്തിരുന്നു. പാല പൂക്കുമ്പോളുള്ള മാദകഗന്ധമേറ്റ്‌ രാപ്പാടികളും രാത്രിഞ്ചരന്മാരും ഒളിപാർക്കാനെത്തിയിരുന്നു. ഈ അയലത്തു നിന്നും കുറെ അകലത്തുനിന്നും വൈദ്യന്മാര്‍ ഓഷധച്ചെടികൾ എടുത്തിരുന്നു. മറ്റെങ്ങും കിട്ടാതിരുന്ന മരുന്നുകൾ മോഷ്ടിക്കാൻ പലരും എത്തിയിരുന്നു. ഓരോ വൻ മരങ്ങളുടെയും ചുവടുകളിലായിരുന്നു ദേവിയും ഭദ്രകാളിയും കാപ്പിരിയും വീരഭദ്രനും പിതൃക്കളും വസിച്ചിരുന്നത്‌. മുത്തപ്പന്മാരായ കോമപ്പനും കുഞ്ഞുകൃഷ്ണനും ആഞ്ഞിലി മരച്ചുവട്ടിലായിരുന്നു. അടുത്തടുത്ത്‌. അവര്‍ രണ്ടു സ്വഭാവക്കാരായിരുന്നെങ്കിലും സ്നേഹത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. കോമപ്പൻ സസ്യഭുക്കും കുഞ്ഞുകൃഷ്ണൻ മിശ്രഭുക്കുമായിരുന്നു.

കുറ്റിക്കാട്‌ കിളച്ച്‌ തൊടികള്‍ തിരകിച്ച്‌ നിരത്തി കയ്യാലകൽ വച്ച്‌ കൃഷിയിറക്കി. ഭക്ഷണസാധനങ്ങൾ മാത്രം. അല്ല ഒന്നുണ്ട്‌, വെറ്റിലക്കൊടിയും. ശർക്കരയും പുകയിലയും മാത്രം ചന്തയിൽ നിന്ന്‌വാങ്ങിയിരുന്നെന്ന്‌ ഈ മുത്തച്ഛന്റെ മുത്തച്ഛൻ പറഞ്ഞതോർമ്മയുണ്ട്‌. നട്ടുനനച്ച്‌ പരിചരിച്ചിരുന്നതൊന്നും ഒരിക്കൽപ്പോലും ചതിച്ചെന്ന കഥ പറഞ്ഞിട്ടില്ല. അങ്ങ്‌ താഴെ വലിയൊരു കുളമുണ്ടായിരുന്നു, ഒരിക്കലും വറ്റാത്ത തെളിനീരുമായിട്ട്‌. മഴ പെയ്ത്‌ കാവിൽ താഴുന്ന വെള്ളമാണ്‌ ഉറവായിട്ടെത്തയിരുന്നത്‌. കുളിയും നനയുമൊക്കെ ആ വെള്ളം കൊണ്ടായിരുന്നു. കൂടിക്കാൻ വിടിന്റെ അടുത്തുള്ള കിണർ വെള്ളവും. കാവിന്റെ ജൈവസത്ത നിറഞ്ഞ ഊയറ്റുറവ് കിണറിലേക്കുമുണ്ടായിരുന്നു. കാവ്‌ നശ്ശിപ്പിക്കാതിരിക്കാൻ കരിമ്പനയിൽ ഒരു യക്ഷിയെക്കൂടി കുടിയിരുത്തി.

* അത്‌
വെറും കഥയെന്നാണ്‌ അച്ഛൻ പഞ്ഞിട്ടുള്ളത്‌…..”

“വെറും കഥ തന്നെ, പക്ഷെ, ആ കഥകേട്ടിട്ട്‌ കള്ളന്മാര്‍ അവിടെ കയറാൻ ഭയന്നിരുന്നു… കള്ളന്മാർ മാത്രമല്ല, അവിടത്തെ തടികൾ മോഹിച്ചിരുന്ന അവകാശികളും അകന്നു നിന്നിരുന്നു… ഭാഗം വയ്പു കഴിഞ്ഞപ്പോൾ അവകാശികൾ ഭൂമി പുജ നടത്തിയും, മരങ്ങളോട്‌ സമ്മതം ചോദിക്കുന്ന ചടങ്ങുകൾ നടത്തിയും യക്ഷിയെ മാറ്റി പാർപ്പിക്കുന്ന കർമ്മങ്ങൾ ചെയ്തും കാടു മുഴുവൻ വെട്ടി വിറ്റു കുഞ്ഞുകുഞ്ഞു
കോൺക്രീറ്റ്‌ വീടുകളിൽ പ്രതിഷ്ഠകളെ ഒതുക്കി, ഇരുത്തി.”

അവർ ടാർ വിരിച്ച പാതയിൽ നിന്നും ചെറിയൊരു പച്ചപ്പിലേക്ക്‌ കയറി. മണ്ണിൽ നില്‍ക്കുന്ന ചെമ്പരത്തിയും ചെത്തിയും നന്ദ്യാർവട്ടവും ഗന്ധരാജനും അവരെ ഉൾക്കൊണ്ട്‌ ചിരിച്ചു കൊണ്ടു നില്ക്കുന്നു. വെയിൽ ഏല്പിച്ച ക്ഷീണത്തിൽ അയാൾ വരാന്തയിൽ കിടന്ന ചാരു കസാരയിൽ കിടന്ന്‌ മയങ്ങി.

ഉച്ചയൂണിന്‌ പുളിപ്പു പാകമായ തൈരു ചേർത്ത്, ചാറു കൂട്ടി വച്ച അവിയലും മുരിങ്ങയിലത്തോരനും പെൺകുട്ടിക്ക്‌ ഏറെ പഥ്യമായി തോന്നി. ഭക്ഷണം ആസ്വദിച്ച്‌ കഴിച്ചെങ്കിലും പെൺകുട്ടിക്ക്‌ പഴങ്കഥയുടെ കൂടെ ഉണ്ടായിരുന്ന മിത്തിനെ കൂടി അറിയണമെന്ന്‌ മോഹമുണ്ടായി.

“മുത്തച്ഛാ… മുത്തച്ഛൻ പറഞ്ഞതല്ലാത്തൊരു കഥ കൂടിയില്ലേ……. വടക്കൊരു നാട്ടിൽ നിന്നും വന്ന രണ്ടഭ്യാസികളുടെ കൂടെയുണ്ടായിരുന്ന നമ്പൂരി സ്ത്രീയുടെ കഥ…”

“അതൊരു മോഹകഥയാണ്‌…”

“മോഹകഥയോ…?”

“അതെ, ഇതേ പോലെ കളരിയും പതിയും കുടുംബ ആരാധനയുമുള്ള ദ്രാവിഡ ഗോത്രങ്ങളുടെ മോഹകഥ….. ദേവി ആരാധന ദ്രാവിഡമല്ല, ബ്രാഹ്മണീയമാണ്‌, ആര്യമാണ്‌, കാളി ആരാധന അനാര്യവും.അക്കഥ പറയാം… പണ്ട്‌, പണ്ട്‌…. വടക്കുനിന്ന്‌……….”

“ഒരു ദേശമില്ലേ……?”

“ഏതോ ഒരു ദേശമെന്ന്‌ കരുതിയാൽ മതി….. അറുനൂറു കൊല്ലങ്ങൾക്ക് മുമ്പെന്നാണ്‌ പറയുന്നത്‌ അതുകൊണ്ട്‌ ദേശത്തിന്റെ പേരു വേണ്ട….. ഏതോ മന്നവന്റെ അധീനതയിൽ ഉണ്ടായിരുന്ന ദേശം.
മന്നവൻ ബ്രാഹ്മണൻ. വെളുത്ത്‌ സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ വലിയൊരു മന.
മുട്ടുവരെയുള്ള വെളുത്ത മുണ്ടുടുത്ത സുന്ദരന്മാരും, ഒറ്റമുണ്ടുടുത്ത്‌ മാറു മറക്കാതെ മറക്കുട ചൂടി നടന്നിരുന്ന ആത്തേമാരും. അവർ അധികമെന്നും പുറത്തിറങ്ങി നടന്നിരുന്നില്ല. അവർക്ക് വേണ്ടതെല്ലാം അവടെ എത്തിച്ചു കൊടുക്കാൻ വാല്യക്കാരുണ്ടായിരുന്നു. പണികൽ ചെയ്യുന്നതിന്‌ പുലക്കുടികളും പറക്കുടികളും കമ്മാളക്കുടികളും. കാര്യസ്ഥപ്പണിക്ക്‌ നായന്മാരും സംബന്ധത്തിന്‌ നായർ തറവാടുകളും. കങ്കാണികളും വർത്തകരും അടിമകളും, അടമവ്യാപാരവും മനുഷ്യ വേട്ടയും, കള്ളന്മാരും കൊലപാതകികളും കുതികാല്‍ വെട്ടുകാരും, അവരെയൊക്കെ നിയന്ത്രിക്കാൻ കാവൽക്കാരും പോരാളികളും ചേകവന്മാരും കുറുപ്പന്മാരും ഉണ്ടായിരന്നു. തൊട്ടുകൂടാത്തവരും തീണ്ടിക്കുടാത്തവരും ദൃഷ്ടിയിൽ പെട്ടാൽ നശിച്ചു പോകുന്നവരും അടങ്ങിയെ ഒരു വലിയ സമൂഹം. ഗോത്രത്തനിമയും ദ്രാവിഡ മഹിമയും സവർണ്ണ പെരുമയും കാത്തു പോന്നിരുന്ന ഒരു ദേശം. ചരിത്രത്തിലും കഥകളിലുമില്ലാത്ത മനുഷ്യ സമൂഹങ്ങൾ. കുഴലൂത്തുകാരും ആട്ടക്കാരും പുകഴ്ത്ത്‌ പാട്ടുകാരും ഉണർത്തുപാട്ടുകാരും, യാത്രചെയ്ത്‌ വാർത്ത അറിയിച്ചിരുന്ന പാണരും അവിടെ കുടി വച്ചിരുന്നു. അങ്ങിനെ കുടിയിരുന്ന എന്തു വേലയും സേവയും ചെയ്തിരുന്നവരായിരുന്നു ആ കാരണവന്മാരുടെ കുലം. പാടത്ത്‌ പണിയെടുത്തും പറമ്പിൽ കൃഷിയിറക്കിയും കാടുകയറി മരം വെട്ടിയും ജീവിച്ചിരുന്നവർ. കളരിയിൽ യോദ്ധാക്കളായി, വില്ലുകൊട്ടി ഉണർത്തു പാടു പാടി, പുകഴ്ത്ത്‌ പാട്ട്‌ ചമച്ച്‌… അങ്ങിനെ മന വളപ്പിലെ വേലകൽ ചെയ്ത്‌, ഒളിഞ്ഞും പാത്തും തൊട്ടും തൊടാതെയും ആത്തേമാരെ കണ്ടും വന്നിരുന്നു കാലം. പിതൃദായകമായ കുലം മുറ്റി വളർന്ന് ആവശ്യത്തിന്‍

അന്നം കിട്ടാതെ, ഇണയില്ലാതെ കുലം വിട്ട്‌ പോയിരുന്ന മക്കളും അന്നുണ്ടായിരുന്ന… കരുത്തരായ യുവാക്കളെ അടിമകളാക്കി പിടിച്ചു കെട്ടി കൊണ്ടു പോയിരുന്നു ചില കഥകളിൽ… നമ്മുടെ കാരണവർമാരെ കങ്കാണികൾ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ നാടുകടത്തി കൊണ്ടു പോരുകയായിരുന്നു. മൈവഴക്കം വന്ന പോരാളികളായിരുന്നു രണ്ടുപേരും. ഒന്നു കൊടുക്കാനും രണ്ടു കൊള്ളാനും കരുത്തുണ്ടായിരുന്ന

വർ. മരം കേറാനും വിറകു വെട്ടാനും പറമ്പ്‌ കിളക്കാരാനും തടം കോരാനും കന്നു പൂട്ടാനും വിതയ്ക്കാനും പഠിച്ചിരുന്നു. ഒരു രാത്രി കങ്കാണികളുടെ കൂടെ യാത്രയായി. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ, കൈയ്യിൽ ഒന്നും കരുതാനില്ലാതെ…. വീട്ടുകാരെ മാത്രം അറിയിച്ച്‌… അല്ലെങ്കിൽ അവർക്ക് അറിയിക്കാൻ മറ്റാരാണ്‌ ഉണ്ടായിരുന്നത്‌…… മറ്റാരും അറിഞ്ഞാൽ ഒറ്റു കൊടുക്കുകയും ചെയ്യാം. മുട്ടും കാലും ഉറച്ച ചെറുപ്പക്കാർ നാടു വിടുന്നത്‌ അറിഞ്ഞാൽ മന്നവർക്ക് സഹിക്കില്ല. ശിക്ഷകിട്ടും…ചിലപ്പോൾ അടിമകളാക്കി വില്പന നടത്തും. രായ്ക്കുരാമാനം നാടുവിട്ടു.

പക്ഷെ, അവർ രണ്ടു പേര്‍ മാത്രമായിരുന്നില്ല. കുടെ കുമ്പാള പോലെ വെളുത്ത്‌ കൊലുന്നനെയിരുന്ന ഒരു പെണ്ണുമുണ്ടായിരുന്നു. ഒരു ആത്തേമാര്‌. കോമപ്പൻ മന വളപ്പിൽ വേല ചെയ്യവെ കണ്ട്‌ മതി മറന്നു, മോഹിച്ചു പോയ ഒരു പെണ്ണ്‌. അവൾക്ക് ഉടുതുണി കൂടാതെ മാറു മറയ്ക്കാൻ ഒരു മേൽ മുണ്ടു കൂടി ഉണ്ടായിരുന്നു……..

ഇവിടെ വന്ന്‌ വീട്‌ വച്ച്‌, കൃഷികൾ ചെയ്ത്‌, കാവ്‌ വച്ച്‌, ആരാധനാ മൂർത്തികളെ കുടിയിരുത്തി, രണ്ട്‌ കാരണവന്മാർക്കും മക്കൾ പിറന്നു… ആ നമ്പൂരി സ്ത്രീയിൽ തന്നെ…..അന്ന്‌ അതൊക്കെ വഴക്കമായിരുന്നു, തെറ്റില്ലാത്തതായിരുന്നു….കുലം വളർന്ന് തലമുറകൾ പിന്നിട്ടപ്പോൾ, പിതൃക്കളായി ആ കാരണവന്മാരെ കുടിയിരുത്തി, കൂടെ ആ അമ്മയെയും ഇരുത്തുകയായിരുന്നു. ആ അമ്മയാണ്‌ ദേവി…”

മുത്തച്ഛൻ ഉച്ച മയക്കത്തിൽ അകപ്പെട്ടപ്പോൾ നിതാരക്കാവ്‌ പുറപ്പെടാനള്ള ഒരുക്കത്തിലായി. ഒരുങ്ങിയിറങ്ങി അവൾ മുത്തച്ഛന്റെ കാൽക്കൽ നിന്നു വിളിച്ചു.

“മുത്തച്ഛാ…”

“മോളിനി എന്നാ ഇങ്ങോട്ട്‌…?” 

“പ്ലസ്ടു പരീക്ഷക്ക്‌ കളിരിയിൽ വിളക്കു വയ്ക്കാൻ…”

മുത്തച്ഛന്റെ കണ്ണുകളിൽ ഈറൻ…

മകൾ മുത്തച്ഛന്റെ കാൽക്കൽ നിന്ന്‌ വിങ്ങിപ്പൊട്ടി…

“അരുത്‌ മോളെ… നിന്റെ മുഖം ഇരുളരുത്‌…. നിന്റെ പേര്‌
നിതാരയെന്നാണ്‌…..”

മുത്തച്ഛൻ അവളുടെ ശിരസ്സിൽ മുകർന്നു. മകളുടെ മുഖം പ്രസന്നമായി.

@@@@@@@




അദ്ധ്യായം പതിനാറ്

വളരെയേറെ പ്രക്ഷുബ്ധമായിട്ട്‌ സൌമ്യയ്‌ക്ക്‌ കണ്ണുകൾ കൂടി

കാണാൻ കഴിയാതെ വന്നു. നാവ്‌ ചലിക്കാതെ ആയിപ്പോയി,

വിറ കൊണ്ടിട്ട്‌ കൈകാൽ അനക്കാനോ ഒരുചുവട്‌ വയ്ക്കാനോ കഴിഞ്ഞില്ല.

സലോമിയും അശ്വതിയും എന്തു ചെയ്യേണ്ടൂ എന്നോർത്ത് ഇരുന്നു
പോയി.

ഒരലർച്ചയോടുകൂടിയാണ്‌ അവൾ, സൌമ്യ എഴുന്നേററു നിന്നത്.   ഇത്രയേറെ ഭീകരമായിട്ട്‌, ക്രുദ്ധമായിട്ട്‌ ശബദം ഉണ്ടാക്കാൻ സൌമ്യയ്ക്ക്‌ കഴിയുമെന്ന്‌ അശ്വതി ഒരിക്കലും കരുതിയിരുന്നില്ല.  ഉച്ചഭാഷിണി നിലച്ചു പോയി, വ്യാസനും അദ്ധ്യക്ഷനും തളർന്നു പോയി, സമൂഹമാകെ പിന്നിലേയ്ക്ക്

നോക്കി
നിന്നു.
തട്ടിപ്പിടഞ്ഞെഴുന്നേററതിന്റെ ശബ്ദം നിലച്ചപ്പോൾ 
നിശബ്ദമായി, ഹാളാകെ.

പിന്നെ ഉദിച്ചുയർന്ന രക്‌തം അല്പം തണുത്തു കഴിഞ്ഞ്
സൌമ്യ ഉച്ചത്തിൽ തന്നെ പുലമ്പി… ……

“യൂ…..
യൂ…. ചീററിംഗ്‌ മീ……. യൂ… . യൂ, യൂ…. ഡെവിൾ ചീററിംഗ്‌ മീ…
…ചീററിംഗ് മീ… ….”

ഉച്ചത്തിൽ
നിന്നും ശബ്‌ദം പതുക്കെ പതുക്കെ കുറഞ്ഞ്, കുറഞ്ഞ് എഴുന്നേററു നിന്നിരുന്ന അവൾ സാവധാനം ബഞ്ചിൽ ഇരുന്ന്‌ പൊട്ടിക്കരഞ്ഞു.

കൈകളാൽ മുഖം പൊത്തി കുനിഞ്ഞിരുന്നു, അടഞ്ഞ
കണ്ണുകൾക്കുള്ളിൽ   ആ മുഖം, വ്യാസന്റെ….

ചെവികളിൽ അയാളടെ സ്വരം ……

അതൊരു വലിയ കവാടമായിരുന്നു. വാതിലുകൾ ഉള്ളിലെ ദൃശ്യങ്ങൾ കാണാത്തവിധം മറയ്ക്കപ്പെട്ടതും, തൂണുകളിൽ ഓരോ സിംഹങ്ങളുടെ പ്രതിമകളും. ഒരു പ്രതിമ ജി. ബി. നായരുടേതും, അപരപ്രതിമ ഫെർണാണ്ടസിന്റെയും.

കവാടത്തിന്റെ കിളിവാതിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന്‌ കണ്ടത്‌ പതിഞ്ഞ മൂക്കും, ചീർത്തകണ്ണുകളമായിരുന്നു.

തപ്പിത്തടഞ്ഞ മലയാളത്തിൽ അയാളുടെ ചോദ്യത്തിന്‌ ഉത്തരം കൊടുത്തപ്പോൾ ഉണ്ണിക്ക്‌ ചിരി വന്നു.

ഒരു ചെറിയ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. “ഒരുനോക്കു കാണുക.”

ഇപ്പോഴും, ഇരുളിൾ കണ്ട മുഖം മനസ്സിന്റെ കോണിലുണ്ട്. ചൂണ്ടു പൊട്ടി രക്‌തം പൊടിഞ്ഞിരുന്നു. കവിളിൽ നഖം കൊണ്ട പാടുകൾ ഉണ്ടായിരുന്നു. വസ്ത്രം കീറി മാറ്‌ പകുതിയോളം നഗ്നമായിരുന്നു.

കവാടം കടന്ന്‌ മുററത്ത്‌ നിന്നപ്പോൾ ആകെ ഒരു അമ്പരപ്പ്‌, അഭിമുഖമായി നിൽക്കുന്ന രണ്ടു സൌധങ്ങൾ. ആരെല്ലാമോ പറഞ്ഞു കേട്ടിട്ടള്ള കഥകളിൽ ഈ രണ്ടു സൌധങ്ങളും ഉണ്ടായിരുന്നു. ഒന്നിൽ സൌമ്യ ജനിച്ചു വളരുകയും
മറെറാന്നിൽ ചേക്കേറുകയും ചെയ്‌തുവെന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷെ, ഇപ്പോൾ ഏതു വീട്ടിലാകാം?

കവാടം കടന്ന്‌ ഇടതു വശത്തെ ബംഗ്‌ളാവിന്റെ കോളിംഗ്
ബല്ലാൽ ഗൃഹവാസികളെ ഉണർത്തി.

കതക്‌ തുറന്നെത്തിയ ജി.
ബി. നായക്ക്‌ നിമിഷ ഓർമ്മചികയലിൽ നിന്നും ഉണ്ണിയെ തിരിച്ചറിയാനായി. മനസ്സിലാക്കി കഴിഞ്ഞപ്പോൾ ആ മുഖത്തു വിരിഞ്ഞ വികാരങ്ങൾ അളക്കാൻ ഉണ്ണിക്കായില്ല. അത്രത്തോളം സാമൂഹ്യബന്ധം ഉണ്ണിക്കുണ്ടായിരുന്നില്ല.

പെട്ടെന്ന്, അപ്രത്യക്ഷനായ ജി.
ബി. നായർ തിരികെ വന്നപ്പോൾ ഒരു നൂറുരൂപയുടെ നോട്ട്‌ ഉണ്ണിക്ക് നേരെ നീട്ടി നിന്നു. അപ്പോൾ അയാൾക്ക് ഒരു നല്ല ക്യാരക്ടർ നടന്റെ മുഖ ഛായയുണ്ടായിരുന്നു. നിത്യവും, താടിമീശകൾ വടിച്ച്‌,മുടികറുപ്പിച്ച്‌……..

തുടർന്ന് ഒരു ആർട്ട് ഫിലിമിലെ നിശബ്‌ദതയും, മൌനത്തിന്റെ വാചാലതയും നിമിഷങ്ങളോളം നീണ്ടു നിന്നു. മൌനത്തെ ഭഞ്ജിക്കാതെതന്നെ ജി. ബി. നായരുടെ ഉപഹാരം -മകളുടെ ജീവൻ രക്ഷിച്ചതിനു നല്‍കിയ പ്രതിഫലം-കൈപ്പറ്റാതെ ഉണ്ണി തിരിഞ്ഞു നടന്നു.

കവാടത്തിന്റെ അരികിലെത്തിയപ്പോൾ ഒരിക്കൽ അവൻ തിരിഞ്ഞു നോക്കി ആഗ്രഹത്തോടുകൂടി തന്നെ.  ആ മുഖം ഒരിക്കൽ കാണാൻ.  ഒരു കോമഡി സിനിമയുടെ പരിസമാപ്തി

പോലെ അവിടെ, മണി സൌധത്തിന്റെ ബാൽക്കണിയിൽ.

മുഖം …സൌമ്യയുടെ .. …അവനെ കണ്ടു നിൽക്കുന്നതായിട്ട്‌….

അവൻ ഒരിക്കൽ ചിരിക്കാൻ ശ്രമിച്ചതാണ്‌. പക്ഷെ, അവജ്ഞയോടെ അവന്റെ ചിരിയെ തിരസ്‌കരിക്കും വിധത്തിലായിരുന്നു അവളടെ മുഖം……

“നോ……..
നോ……. ശുദ്ധമായ നുണ ഞാൻ ഉണ്ണിയെ കണ്ടിട്ടില്ല …. “

സൌമ്യ ഭൂതമിളകിയതു പോലെ പുലമ്പുകയാണെന്ന്‌, സലോമിക്ക്‌ മനസ്സിലായി. സലോമി അവളെ ശരീരത്തോട്‌ചേർത്ത് ഇരുത്തി പുറത്ത് മെല്ലെ തട്ടി, ഉണർത്താനായിട്ട്‌….

ഉച്ചഭാഷിണിയിലൂടെ വ്യാസന്റെ ശബ്‌ദം അവൾ വീണ്ടും കേട്ടു.

“ഇത്‌
ഒരുപിടി മനുഷ്യരുടെ കഥയാകകൊണ്ട്, സാങ്കല്പികമെന്നിരിക്കിലും, ഏതെങ്കിലും വ്യക്തികളുടെ അനുഭവവുമായി ഈ കഥായ്ക്ക്‌ സാമ്യമുണ്ടായെന്നുവരും. അതിനെ കണക്കാക്കാതെ കഥയെ കഥയായി മാത്രം കാണാൻ ഞാൻ എന്റെ പ്രിയപ്പെട്ട വായനക്കാരോട്‌ അപേക്ഷിക്കുകയാണ്‌.”

പക്ഷെ,സമൂഹം അത്‌
ചെവിക്കൊണ്ടില്ല. അവർ സ്റ്റേജിലേക്ക്‌ അതിക്രമിച്ചുകയറുകയും ഉച്ചഭാഷിണിയിലൂടെ തന്നെ പലതും വിളിച്ചു പറയുകയും ചെയ്തു.

അന്ത:രീക്ഷമാകെ പ്രക്ഷുബ്‌ധമായി.

ഹാളാകെ ഇരുള്‌ വ്യാപിച്ചു കൊണ്ടിരുന്നു. ഇരുളിനെ ഓടി

ച്ചകററി വൈദ്യുതി വിളക്കുകൾ തെളിച്ചു. ഹാളിന്‌ പുറത്തും

തെളിഞ്ഞു. എന്നിട്ടും ഇരുള്‌ മറവുകളിൽ, വൃക്ഷച്ചോലകളിൽ,

ചുവരുകളടെ ചരിവുകളിൽ, ഒളിഞ്ഞിരുന്നു തുടങ്ങി…..

ബഹളം ഒതുക്കാനായിട്ട്‌ സംഘാടകർ വളരെ ശ്രമിച്ചു കൊണ്ടിരുന്ന. അവർ മീററിംഗ്‌ പിരിച്ചു വിട്ടതായും, മനസ്സുകളെ ശാന്തമാക്കിക്കൊണ്ട്‌, തർക്കങ്ങളെ, വൈരുദ്ധ്യങ്ങളെ വെടിഞ്ഞ്‌ സമൂഹം പിരിഞ്ഞു പോകണമെന്നും അപേക്ഷിച്ചു.

വളരെ പണിപ്പെട്ടാണ്‌ സലോമിയും അശ്വതിയും കൂടി
സൌമ്യയെ ഹാളിൽ നിന്നും പുറത്തിറക്കി ഓട്ടോറിക്ഷയിൽ, മുറിയിൽ എത്തിച്ചത്‌.

സഹതപിക്കാൻ, ആശ്വസിപ്പിക്കാൻ എത്രപേരായിരുന്നു.

അശ്വതിക്ക്‌ ഒരു സ്വപ്‌നം കണ്ടതു പോലെയാണ്‌ നേരം പുലർന്നപ്പോൾ തോന്നിയത്‌. സലോമി വളരെ വൈകിയാണുണർന്നത്‌. അവൾക്ക്‌ അതെല്ലാം യാഥാർത്ഥ്യങ്ങളായിരുന്നു.

സലോമി ഉണർന്നപ്പോഴേയ്ക്കും സൌമ്യ ഉണർന്ന് കുളി കഴിഞ്ഞ്‌ യാത്രയ്ക്ക് ഒരുക്കങ്ങൾ കൂട്ടി കഴിഞ്ഞിരുന്നു.

മുറിയുടെ വാതിലിൽ തട്ടന്നതു കേട്ടിട്ട്‌ സലോമിയാണ് കതക്‌ തുറന്നത്‌. പുറത്ത്‌ ഹോസ്റ്റലിലെ അന്തേവാസികൾ എല്ലാവരും ഉണ്ടായിരുന്നു. മുന്നിൽ വാർഡൻ അന്നത്തെ പത്രവുമായിട്ടും .

പത്രത്തിന്റെ ഉൾപേജിൽ സൌമ്യയുടെ ഫോട്ടോയോടു കൂടി അടിച്ചു വന്നിരിക്കുന്ന വാർത്ത കണ്ട്‌ വാർഡൻ ക്ഷോഭിച്ചിരിക്കുന്നു.

പെണ്ണുങ്ങളുടെ കലപിലയ്ക്കിടയിൽ സൌമ്യ വാർത്ത വായിച്ചു.

സമൂഹത്തു
നിന്നും കഥയിലെ കഥാപാത്രം ഉയർത്തെഴു ന്നേററിരിക്കുന്നു. എന്നു തുടങ്ങുന്ന വാർത്ത, കൂടെ ചേത്തിരിക്കുന്ന ഫോട്ടോ ഹാളിൽ വച്ചുണ്ടായ സംഭവ വികാസങ്ങൾക്കിടയിൽ
എടുത്തിട്ടുള്ളതാണ്‌; സൌമ്യയുടെ ക്ഷോഭിച്ച മുഖം. വാർത്ത വായിച്ചു കഴിഞ്ഞ്‌ യാതൊരു വികാരവുമില്ലാതെയാണ്‌ സൌമ്യ പറഞ്ഞത്‌.

“മിസ്സ്‌,ടെക്കിറ്റ് ഈസ്സി ഡോണ്ട്‌ അഫ്രൈഡ്‌ വിത്ത് മി…
…മീസ്സിന്‌ എന്തു നഷ്ടം വന്നാലും ഞാൻ സഹിച്ചു കൊള്ളാം….”

വാർഡൻ കലി
തുള്ളി എന്തെല്ലാമോ പുലമ്പിയതാണ്‌.

പക്ഷെ, അതു കേൾക്കാനായിട്ട്‌ സൌമ്യ കതക് തുറന്നു വച്ചില്ല.

കണ്ണാടി ഉറപ്പിച്ച ടേബിളിന്‌ മുന്നിൽ ഇരുന്നു കൊണ്ട് സൌമ്യ സലോമിയോടും, അശ്വതിയോടും യാത്രയ്ക്കൊരുങ്ങാൻ
ആവശ്യപ്പെട്ടു.

മൂന്നു
മണിക്കൂർ നീണ്ട ബസ്സ് യാത്ര, പതിനഞ്ചു മിനിറ്റോളം നീളുന്ന ടാർ വിരിക്കാത്ത പഞ്ചായത്ത്‌ റോഡിലൂടെ നടത്തം, പിന്നെ ഒരു ഇടവഴി താണ്ടൽ, പാടവരമ്പിലൂടെ പാടം മുറിച്ചുകടക്കൽ, കഴിഞ്ഞെത്തിയത്‌ കിളയ്ക്കാതെയും കൃഷി ഇറക്കാതെയും കാടു കയറിക്കിടക്കുന്ന ഒരു തുണ്ടു പുരയിടത്ത്.

പുരയിടത്തിന്റെ ഏതാണ്ട്‌ നടുവിലായിട്ടാണ്‌ വീട്‌. പാടത്തു നിന്നും കയറിയാൽ രണ്ടു മൂന്നടി വീതിയുള്ള നടപ്പാത, പുല്ലൊക്കെ ചെത്തി വൃത്തിയാക്കിയിട്ടുള്ളതാണ്, ഒരുപക്ഷെ, ഈ ഓണക്കാലത്ത്‌ വൃത്തിയാക്കിയതാകാം .

വിശാലമായ മുററവും വൃത്തിയും വെടിപ്പുമുള്ളതാണ്.
മുററത്തിന്‌ നടുവിലുള്ള തുളസിത്തറയിൽ രാവിലെ വിളക്കു കൊളുത്തി
വച്ചിരിക്കുന്നു. പക്ഷെ വാതിലുകളെല്ലാം അടഞ്ഞതാണ്.

അവൾ ഇറയത്ത്‌ കയറി, വാതിലിൽ തട്ടിവിളിക്കുകയും, വീടിന്റെ ചുററും നടന്നു നോക്കുകയും ചെയ്തു. മടിപ്പു തോന്നിയപ്പോൾ വരാന്തയിലെ അരമതിലിൽ കയറിയിരുന്നു.

അധിക സമയം കാക്കേണ്ടി വന്നില്ല. പാടം മുറിച്ച്‌ കടന്നു വരുന്ന സ്‌ത്രീയെ അവർക്ക് കാണാൻ കഴിഞ്ഞു.

സെററു മുണ്ടും പച്ചനിറത്തിലുള്ള ബ്ലൌസും നരച്ച തലമുടിയു

മുള്ള സ്ത്രി അടുത്തടുത്ത്‌, മുററത്ത്‌ വന്നപ്പോ വ്യാസന്റെ ഛായുണ്ടായി, പ്രായം കൂടുതൽ ഉണ്ടെങ്കിലും.

മുററത്ത്‌ നിന്നു തന്നെ അരമതിലിൽ ഇരിക്കുന്ന സ്ത്രീകളെ

ശ്രദ്ധിച്ചു
കൊണ്ടാണ്‌
അവർ വരാന്തയിൽ കയറിയത്‌.

ഇറയത്ത്‌ കയറിയപ്പോഴേയ്ക്കും അവരുടെ മുഖത്ത് ഒരു പുഞ്ചിരി എത്തിയിരുന്നു, പരിചിതരെ കണ്ടതു പോലെ.

സ്ത്രീകൾ
എഴുന്നേററുനിന്നു. അവർ അടുത്തു വന്നു നിന്ന് മനസ്സിലായി എന്ന്‌ ധ്വനിപ്പിക്കുമാറ്‌ നിറഞ്ഞ്‌ ചിരിച്ചു.

“സൌമ്യയല്ലെ?……. സലോമി, അശ്വതി?”

സ്ത്രീകൾ അമ്പരന്നുപോയി.

“ഇന്നലെ അവിടെ ഉണ്ടായതെല്ലാം അവൻ എന്നോട്‌പറഞ്ഞിരുന്നു, നിങ്ങൾ അന്വേഷിച്ചെത്താൻ സാദ്ധ്യതയുണ്ടെന്നും.”

അവർ ഒരു കതക് തുറന്ന്‌ സ്ത്രീകളെ ക്ഷണിച്ചു.

“വന്നോളൂ…. നിങ്ങളെത്തിയാൽ അവൻ വരുംവരെ കാക്കണമെന്നു പറഞ്ഞു. എന്തോ അത്യാവശ്യത്തിന്‌ തിരുവന

ന്തപുരത്തിന്‌ പോയതാണ്‌. ഇന്നു തന്നെ എത്താതിരിക്കില്ല….

ഞാൻ വ്യാസന്റെ അമ്മയാണ്‌… ഇഷ്ടമെങ്കിൽ നിങ്ങൾക്കും

“അമ്മെ” എന്നു വിളിക്കാം.”

അമ്മ അവർക്കായിട്ട്‌ വാതിലുകളും ജനാലകളും തുറന്നിട്ടു കൊടുത്ത മുറി അവർക്കായിട്ട്‌ വൃത്തിയാക്കിച്ചതായിട്ടുതോന്നും .

അമ്മയ്ക്കും മകനും ഈ വലിയ വീട്ടിലെ രണ്ടു മുറികളും ഇറയവും അടുക്കളയും മാത്രമേ ആവശ്യമുള്ളു. ബാക്കിയിടമെല്ലാം ഉപയോഗിക്കാൻ കഴിയാതെ അടഞ്ഞും അടയാതെയും അലങ്കോലമായിട്ടാണ്‌ കിടക്കുന്നത്‌. തലേന്ന്‌ രാത്രി നഗരത്തിലെ വിപണന പരസ്യം കഴിഞ്ഞ്‌ മടങ്ങി എത്തിയശേഷമാണ്‌ ഏതോ കൂലിക്കാരനെ വിളിച്ച്‌ ഒരു മുറി അടിച്ചുവാരി വൃത്തിയാക്കിയതത്രെ.

അമ്മയുടെ നാവിൽ നിന്നും ഉരുത്തിരിഞ്ഞെത്തുന്നതെല്ലാം

കണ്മിഴിച്ചിരുന്നു കേൾക്കാനേ സൌമ്യയ്ക്കും കൂട്ടകാരികൾക്കും
കഴിഞ്ഞൊള്ളു,

ആരോമൽച്ചേകവരുടെ തായ് വഴിയിൽ നിന്നും പിരിഞ്ഞ് അകന്നു പോയൊരു ചേകവർ തറവാട്‌. ആരോമലിനെപ്പോലെ തന്നെ പേരും, പ്രശസ്തിയും, ആയുധബലവുമുണ്ടായിരുന്ന ചെറുപ്പക്കാർ ചവിട്ടി ഉറപ്പിച്ചതാണീ മുററം. ഈ അടഞ്ഞ്‌, പൊടിയും മാറാലയും മൂട ക്കിടക്കുന്ന മുറികളിൽ അവരുടെ നിശ്വാസങ്ങളും വിയർപ്പിന്റെ ഗന്ധങ്ങളും ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ടാകാം .

വ്യാസന്റെ അച്ഛൻ കണ്ണപ്പന്റെ അമ്മാവൻ കുടുംബ കാരണവരായിരിക്കുമ്പോഴാണ്‌ കണ്ണപ്പന്റെ ഭാര്യയായി ജാനു തറവാട്ടിൽ വന്നത്‌. അന്ന്‌ വീടു നിറച്ചും ആളുകളായിരുന്നു. രാത്രിയിൽ കിടക്കാൻ മുറികളിൽ ഇടം തികയാത്തപ്പോൾ വരാന്തയിലും ഉറങ്ങുന്നവരുണ്ടായിരുന്നു.

കാലം വളർന്നപ്പോൾ എല്ലാം കൊഴിഞ്ഞു പോവുകയായിരുന്നു. അക്കഥകളെല്ലാം സമകാലീന ചരിത്രങ്ങൾ തന്നെയാണ്‌.

“വ്യാസൻ പിറക്കുമ്പോൾ വീട്ടിൽ കണ്ണപ്പന്റെ അമ്മയും മക്കളില്ലാത്ത ഭർത്താവ്‌ ഉപേക്ഷിച്ച ഒരു ചെറിയമ്മയും കണ്ണപ്പനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ള. അമ്മയും ചെറിയമ്മയും വ്യാസന്റെ അച്ഛനും മരിച്ചപ്പോൾ വീട്‌ രണ്ടു മുറികളം ഇറയവുമായി ചുരുങ്ങിപ്പോയി……

“അവൻ വിവാഹം കഴിച്ചത്‌ കഥയെയാണ്‌. അവളോട് കിന്നാരം പറഞ്ഞ്‌, കഥ പറഞ്ഞ്‌, കവിത ചൊല്ലി   അന്തിയുറങ്ങിക്കഴിയുന്നു. ഉപദേശിക്കാഞ്ഞിട്ടല്ല, കരഞ്ഞു പറയാഞ്ഞിട്ടല്ല.  അവൻ അങ്ങിനെയായിപ്പോയി……”

അമ്മ കൊടുത്ത ഇഡ്‌ഡലിയും ചമ്മന്തിയും ചായയും, കഴിച്ചു. അമ്മയെ പണികളിൽ സഹായിച്ച്‌ കഥകൾ കേട്ട്‌ നടന്നു; പെൺ മക്കളിൽ അമ്മയ്ക്കുണ്ടാകുന്ന സ്വാതന്ത്ര്യം ആ അമ്മയ്ക്കും അനുഭവിക്കാനായി, അവരിൽ നിന്നു കിട്ടാവുന്ന സഹായവും .

“കഥ എഴുതി തുടങ്ങിയപ്പോഴെ സൌമ്യയെപ്പററി അവൻ പറയുമായിരുന്നു. സൌമ്യയുടെ ജീവിതത്തിൽ
ഉണ്ടായ ദുരന്തങ്ങളെക്കുറിച്ച്‌, വേദനകളെക്കുറിച്ച്‌, അവന്റെ വർണ്ണനകളിലുള്ള ആത്മാർത്ഥതകൊണ്ടാകാം സൌമ്യയുടെ മുടിയിഴകൾ കണ്ടാൽ,
ഈ വിരൽ തുമ്പ്  കണ്ടാൽ കൂടി എനിക്ക് തിരിച്ചറിയാനാകും ……”

അവർ അരമതിലിൽ ഇരുന്ന്‌ സൌമ്യയെ ചാരിയിരുത്തി, തല ചായ്ക്കാൻ
മടിയിൽ ഇടം കൊടുത്തു. അവളടെ മുടിയിൽ മെല്ലെ തടവി സ്വപ്‌നം കണ്ടിരുന്നു.

അവളിലേയ്ക്ക്, ഉള്ളിന്റെ ഉള്ളിലേയ്ക്ക്‌ അമ്മയുടെ സാന്ത്വനം ആഴ്ന്നിറങ്ങുന്നത്‌ സൌമ്യ അറിഞ്ഞു.

അവളുടെ
കണ്ണുകൾ വിറഞ്ഞു.

അമ്മയുടെ മുണ്ട്‌ നനച്ച് തുടയിൽ നനവ്‌ തട്ടിയപ്പോൾ അവളെ

ഉയർത്തി കണ്ണുകളിൽ നോക്കി.

കണ്ണുകളെ തുവർത്തി, അവർ അവളെ മാറോട്‌ ചേർത്തു, പുറത്ത്‌ തട്ടി താളം പിടിച്ചു.

 സലോമിയും, അശ്വതിയും തൊടിയിലൂടെ പൂക്കളിറുത്തു
നടന്ന്.

അവരുടെ നിഴലുകൾ കുറുകിക്കുറുകി ഇല്ലാതായി. വലുതായി, വലുതായി ഇല്ലാതായി.

ഇരുളിനെ പൂർത്തിയാക്കാനയി മഴ പെയ്ത തുടങ്ങി. ചിങ്ങമാ

സം അവസാനമായിട്ടു കൂടി പെയ്യുന്ന മഴയ്ക്ക് ശക്‌തി കുറഞ്ഞിട്ടില്ല. ഒരുപക്ഷെ, മിഥുനത്തിലും, കർക്കിടകത്തിലും, പെയ്യേണ്ടിയിരുന്ന മഴ കാലം വൈകി എത്തുന്നതാകാം. എന്നിട്ടും വൃഷ്ടി
പ്രദേശങ്ങളിൽ മഴ കുറവാണെന്നും, വൈദ്യതി കഴിഞ്ഞ
കൊല്ലങ്ങളേക്കാൾ കുറവായിരിക്കുമെന്നും ലോഡ്‌
ഷെഡ്ഡിംഗും, പവ്വർക്കട്ടിംഗും വർദ്ധിപ്പിക്കാനേ സർക്കാരിന്‌ കഴിയുകയുള്ളു എന്ന് പത്രങ്ങൾ പറയുന്നു.

അത്താഴം കഴിക്കാതെ അവർ വ്യാസനായി കാത്തിരുന്നു.

മഴയ്ക്ക് ശക്‌തി കുറഞ്ഞെങ്കിലും, ചാറലായി തുടരുകയാണ്‌. പാതിരാവോടടുത്തപ്പോഴാണ്‌ മുൻ കതകിൽ മുട്ടന്നതു കേട്ട്‌ കതക്‌ തുറന്നത്‌, വ്യാസനെത്തിയത്‌.

തുറന്ന കതകിന്‌ പിന്നിൽ അയാളുടെ പ്രതീക്ഷ പോലെ നാലു മുഖങ്ങളണ്ടായിരുന്നു. പക്ഷെ, അയാൾക്ക് സന്തോഷിക്കാനായില്ല.

അവന്റെ മ്ലാനത അമ്മയെ, മററുള്ളവരെ വേദനിപ്പിച്ചു.

പിന്നീട്‌ മൂകരായ പാവകളെപ്പോലെ നിഴൽ നാടകമാടി….

വ്യാസൻ കുളിച്ചു വസ്‌ത്രംമാറി, അവർ അഞ്ചുപേരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു…

വ്യാസൻ ഇറയത്ത്‌ ക്യാൻവാസ്‌ കസാലയിൽ കാലുകൾ നീട്ടിവച്ച്‌ മലർന്നുകിടന്നു. അവർ പെണ്ണുങ്ങൾ അരമതിലിൽ,

അയാൾക്ക് മുന്നിൽ ഇരുന്നു.

യുഗങ്ങൾക്കുമുമ്പ്‌, എവിടെനിന്നോ യാത്ര ചെയ്ത്‌ക്ഷീണിച്ചെത്തിയൊരു ശബ്‌ദത്തിൽ അയാൾ പറഞ്ഞു.

“കഴിഞ്ഞ പുലർച്ചയ്ക്ക് ഉണ്ണിയുടെ വിധി നടപ്പാക്കി. വധശിക്ഷ…പ്രസിഡന്റിന്‌ ദയാഹർജി കൊടുത്തിരുന്നതാണ്, പക്ഷെ……”

വെറുമൊരു മന്ത്രണമായിരുന്നെങ്കിലും സൌമ്യയുടെ കാതുകളിൽ അതൊരു പെരുമ്പറയായി അലച്ചു കയറി.

ചെവി പൊട്ടി, ശിരസ്സുടഞ്ഞ്‌ അവൾ മരവിച്ചിരുന്നു.

മരവിപ്പ്‌ മാറിയ അതേ നിമിഷം തന്നെ അവൾ ഇറങ്ങി ഓടി,

മഴയിലൂടെ……

മുററത്തുകൂടി……

ചെത്തിമിനുക്കിയ
വഴിയിലൂടെ……

പാടവരമ്പിലൂടെ. …..

ഇടവഴിയിലൂടെ………

@@@@@@




അദ്ധ്യായം പതിനഞ്ച്

വ്യാസൻ പ്രസംഗിച്ചു.

“നാം ഈ നോവലിന്റെ ‘ഉണ്ണിയുടെ പരിദേവനങ്ങ’ളുടെ അവസാന അദ്ധ്യായത്തിലേക്ക്‌ കടക്കുകയാണ്‌. ഇതു വായിച്ചു

കഴിയുമ്പോൾ നിങ്ങൾക്കുണ്ടാകാവുന്ന വിയോജിപ്പിന്‌ ആദ്യമേ തന്നെ ഉത്തരം തരുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു. ഒരാളടെ ജീവിതത്തിൽ ഒരേവിധത്തിലുള്ള സംഭവം രണ്ടു പ്രാവശ്യം ഉണ്ടാവുക. ഇത്‌ സംഭവ്യമാണോ? സംഭവ്യമാണെന്നാണ്‌ എന്റെ പക്ഷം. കാരണം നമ്മുടെ ജീവിതത്തിൽ, നമുക്കു ചുററും നടക്കുന്നതുകളിൽ എല്ലാം എത്രയോ ആവർത്തനങ്ങൾ കാണാൻ കഴിയുന്നു. ഒരുകാര്യം തെററാണെന്ന്‌ അറിഞ്ഞു കൊണ്ടു
തന്നെ നാം വീണ്ടും ചെയ്തു കൊണ്ടിരിക്കുന്നു. എങ്കിലും ഞാൻ അവതരിപ്പിക്കുമ്പോലൊരു ക്രിട്ടിക്കൽ സംഭവം ഉണ്ടാകുമോ എന്ന്‌ നിങ്ങൾ ചോദിക്കാം. സംഭവിക്കും. സംഭവിച്ചു. അതാണ്‌ ഉണ്ണിയുടെ കഥയുടെ, ജീവിതത്തിന്റ പ്രസക്തി.

ഈ ഹാളിനു വെളിയിൽ രാവ്  കനത്തുവരികയാണ്‌, നിരത്തുകളിൽ വാഹന, മനുഷ്യയത്തിരക്കുകൾ  കുറഞ്ഞിരിക്കുന്നു. എന്നിട്ടം ഇത്രയും നീണ്ട ഒരു സമയം എന്നോടൊത്ത്‌, എന്നെ കേട്ടുകൊണ്ട്‌, അറിഞ്ഞു കൊണ്ട്‌, സഹിച്ചു കൊണ്ട്‌, പ്രതികരിച്ചു കൊണ്ട്‌ സന്നിഹിതരായ ഏവക്കും നന്ദിപറഞ്ഞു കൊണ്ട്‌, ഞാൻ ഉണ്ണിയുടെ ജീവിതത്തിലേക്ക്‌ മടങ്ങിവരികയാണ്‌.”

തൊണ്ട ശുദ്ധിവരുത്തി, പുസ്‌തകം തുറന്നു വച്ച്‌ വ്യാസൻ വ്യക്തമായ ശബ്‌ദത്തിൽ വായിച്ചു.

ഒരു വസത്തകാലമാകെ മനസ്സിൽ കയറി കൂടു കൂട്ടിയതു പോലെ…

ഒരു ഹേമന്തത്തിലെ ഹിമവാൻ മനസ്സിൽ കയറി ഒളിച്ചതു പോലെ……..

ആ മനസ്സ്‌ ഉണ്ണിയുടേതാണ്‌.

അവിചാരിതമായ ഒരു സാഹചര്യത്തിൽ നിന്ന്‌ വീണ്ടും ജീവിതം പച്ചപിടിക്കുകയാണെന്ന് ഒരു തോന്നൽ. എസ്‌തേറിനെ പരിചയപ്പെട്ടിട്ട്‌ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പ്രത്യേകമായൊരു അടുപ്പം ഉണ്ടായിട്ടും നാളുകളേറെ. പക്ഷെ, ഇപ്രകാരമൊരു ചിന്തയുണ്ടായിട്ടില്ല. ഇതിനു മുമ്പും ആരോടും അങ്ങിനെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുള്ള അടുപ്പങ്ങളെല്പാം ഈ സാഹചര്യത്തിലെത്തിയപ്പോൾ വേണ്ടായെന്നു വയ്ക്കുകയാണ്‌ ഉണ്ടായത്‌. തന്റെ ജീവിതത്തിന്റെ ദുരിതങ്ങളിലേക്ക്‌ മറെറാരു വ്യക്തിയെക്കൂടി വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും, അങ്ങിനെ ചെയ്യുന്നതു
തന്നെ  സ്വാർത്ഥതയാണെന്നും, വഞ്ചനയാണെന്നും മനുഷ്യത്വപരമല്ലെന്നും ചിന്തിക്കുകയാണ്‌ ഉണ്ടായിട്ടുള്ളത്.

പക്ഷെ,

റിസോർട്ട്സുമായിട്ട്‌ ബന്ധപ്പെട്ട ഭൂരിപക്ഷത്തിന്റെയും മനസ്സിലിരിപ്പ്‌ ഒരിക്കലെങ്കിലും , പലപ്പോഴായിട്ട്‌, പല സാഹചര്യങ്ങളിൽ, പലവിധങ്ങളിൽ മനസ്സിലാക്കാൻ
കഴിഞ്ഞപ്പോഴാണ്‌ എസ്‌തേറിനോട്‌ ചോദിച്ചത്.

ഒരു സായാഹ്നത്തിൽ,

എസ്‌തേറിന്റെ വീട്ടിൽ വച്ചു തന്നെ ചോദിക്കാമെന്ന്‌കരുതിയാണെത്തിയത്‌. എമിലിയുടെ അഭാവം സഹായകരമായിരുന്നു.

എസ്‌തേർ നൽകിയ ചായ കഴിച്ചു കൊണ്ട്‌ അടുത്ത്‌ എതിരെ ഇരിക്കുമ്പോൾ മനസ്സ്‌ വല്ലാതെ പിടയുകയായിരുന്നു. ആ പിടച്ചിൽ ശാരീരികമായും, കൈകളിൽ നിന്ന് വിരലുകളിൽ ഇടുക്കിയിരുന്ന കപ്പിലേക്കും, കപ്പിലെ നിറഞ്ഞ ചായയിലേക്കും പകരുന്നത്‌ അറിയുന്നുണ്ടായിരുന്നു.

ആദ്യം മൊത്തിയപ്പോൾ ചുണ്ടിലൂടെ ഒലിച്ച്‌ താടിയിലൂടെ ഒഴുകുക കൂടി ചെയ്തു. പണിപ്പെട്ട്‌ പകുതി ചായ കുടിച്ചു കഴിഞ്ഞാണ്‌ എസ്‌തേറിനോട്‌ സംസാരിച്ചു തുടങ്ങിയത്‌.

“എനിക്ക്‌ ഒരു കാര്യം അറിയാനുണ്ടായിരുന്നു.”

എസ്‌തേർ തലയുയർത്തി. കണ്ണുകളാൽ എന്തെന്നു തെരക്കി.

ചോദിക്കുന്നത്‌ തെററാണെങ്കിൽ, ഇഷ്‌ടമില്ലെങ്കിൽ തുറന്നു പറയാം. ഞാൻ വിഷമിക്കുകയോ പിണങ്ങുകയോ ചെയ്യുകില്ല……

അപ്പോഴും എസ്‌തേർ ഒന്നും മിണ്ടിയില്ല. കണ്ണുകൾ എന്തെന്നു ചോദിക്കുക മാത്രമാണ്‌ ചെയ്തത്‌.

“നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ, എമിലിയോടൊത്ത്…… എമിലിക്ക് പൂർണ്ണസമ്മതമാണെങ്കിൽ……..?”

എന്നിട്ടും എസ്‌തേർ ഒന്നും മിണ്ടിയില്ല.

പക്ഷെ, ആ കണ്ണുകൾ പറയുന്നു, സമ്മതമെന്ന്‌,

നനവാർന്ന ആ ചൊടികൾ പറയുന്നു,

കപോലങ്ങാൾ പറയുന്നു,

ആ മുഖമാകെ, ശരീരമാകെ പറയുന്നു,

എന്നിട്ടം എസ്‌തേർ ഒന്നനങ്ങുകയോ, ഒരു വാക്കു്‌ ഉരിയാടുകയോ ചെയ്തില്ല.

സാവധാനം നീണ്ടെത്തിയ വിറയ്ക്കുന്ന കൈകൾ എസ്‌തേറിന്റെ വലതു കൈ കരസ്ഥമാക്കിയപ്പോൾ; അവിടേക്ക്‌ ഇരച്ചെത്തിയ രക്തപ്രവാഹം പറയുന്നു…

നൂറുവട്ടം ……….
നൂറുവട്ടം സമ്മതമെന്ന്‌… …

ആ കണ്ണുകൾ നിറഞ്ഞുവന്ന്‌, കവിളിലൂടെ ചാലുവച്ചു്‌ ഒഴുകി മാറിൽ വീണ്‌ ജമ്പറിനെ നനയ്ക്കുന്നത്‌ ഉണ്ണി കണ്ടു.

പിറേറന്ന്‌ നേരം പുലരും മുമ്പെ ക്വാർട്ടേഴ്‌സിന്റെ വാതിൽ മുട്ടി ഉണർത്തിയത്‌ എമിലി… …

അവളടെ മുഖം പൂർണമായി വികസിച്ച പൂവു പോലെ…

പുറത്ത് മഞ്ഞു മൂടി, അകലെ മരങ്ങളെയോ പണിപൂർത്തിയായ റിസോർട്ട്സ്‌ സൌധങ്ങളെയോ കാണാനില്ലായിരുന്നു.

പുറത്തു
നിന്നും കാററടിച്ച്‌ കയറിയപ്പോൾ ഉണ്ണി വിറച്ചു പോയി.

അപ്പോഴും വാതിലിനു പുറത്ത്‌ മിഡിയും ടോപ്പും മാത്രമായിട്ട്‌ എമിലി…

എനിക്കിഷ്‌ടമാണ്‌ …. ഇഷ്‌ടമാണ്‌… ഇഷ്‌ടമാണ്‌… .

അവൾ തിരിഞ്ഞോടുകയായിരുന്നു.

അന്നു തന്നെ ആ വാർത്ത റിസോർട്ട്സാകെ പടർന്നു.

പുസ്‌തകത്തിൽ നിന്നും തലയുയർത്തി വ്യാസൻ പറഞ്ഞു.

“അങ്ങിനെ ആ രാത്രി ഉണ്ണിയുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവായി പരിണമിക്കുകയായിരുന്നു. പക്ഷെ, ഉണ്ണി എങ്ങിനെ അവിടെ എത്തിയെന്നോ, അതിനുണ്ടായ കാരണമെന്തെന്നോ അറിവായിട്ടില്ല. ഉണ്ണി അവിടെ എത്തി ചേർന്നുവെന്നു മാത്രമേ എനിക്കു പറയാനാകൂ.”

വളരെ ഇരുണ്ട ആ രാത്രി, കാർമേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. നക്ഷത്രങ്ങളും, കറുത്തവാവായതുകൊണ്ടോ, എത്താൻ സമയമാകാത്തതു കൊണ്ടോ ചന്ദ്രനും എത്തിയിട്ടില്ല.

അകാരണമായുണ്ടായ ഒരുൾപ്രേരണയാലെന്നതു ഉണ്ണി പോലെ അവിടെ വന്നെത്തി, വിത്സൻ ഡിക്രൂസിന്റെ ക്വാർട്ടെഴ്സിൽ…..

പിൻപുറത്ത്‌ തുറന്നു കിടന്നിരുന്ന വാതിലിലൂടെയാണ്‌അകത്തെത്തിയത്‌. തടയാൻ അയാളടെ കുശിനിക്കാരൻ അവിടെങ്ങുമില്ലായിരുന്നു.

വിത്സൻ ഡിക്രൂസിന്റെ ബഡ്ഡിൽ അവൾ മയങ്ങിക്കിടക്കുന്നു, നഗ്നയായിട്ട്‌, മലർന്ന്.

എമിലി,

അബോധയായിട്ട്,

മുറിയാകെ മദ്യത്തിന്റെ,പുകയിലയുടെ ഗന്ധം നിറഞ്ഞ്,

സിഗററ്റിന്റെ പുക നിറഞ്ഞ്,

കട്ടിലിൽ
നിന്നും കുറെ അകന്ന്‌, കസേരയിൽ വിത്സൻ മുന്നോട്ട തുങ്ങിയ തലയുമായിട്ട് ഇരിപ്പുണ്ട്‌.

എമിലിയെ കണ്ടുകൊണ്ട്‌ നില്ലന്ന രണ്ടു പേരെ ഉണ്ണിക്ക്‌അറിയില്ലായിരുന്നു. എന്നിട്ടും അപരിചിതരെങ്കിലും അവരെ എവിടെയെല്ലാമോ കണ്ടിട്ടുള്ളതു പോലെ തോന്നി, ഉണ്ണിക്ക്”.

പക്ഷെ, അവരെ തിരിച്ചറിയാനുള്ള മനവേഗത ഉണ്ണിക്ക്‌ഉണ്ടായില്ല. ആദ്യം അവനിൽ നിന്നും ഭൂാന്തമായൊരു അലർച്ച

യാണുണ്ടായത്‌. തുടർന്ന് വിത്സന്റെ കുശിനിയിൽ സൂക്ഷിച്ചിരുന്ന വെട്ടു കത്തി ആയുധമാക്കുകയും.

മദ്യം നൽകിയ മത്തതയിൽ നീന്തിത്തുടിച്ച് തപ്പിത്തടഞ്ഞ അവർക്ക് ഉണ്ണിയെ തടുക്കാനായില്ല.

ശിരസ്സുറ്റ്, കൈകാലുകളറ്റ്, രക്തം ചിതറി… …

രണ്ടു പേർ തറയിൽ കിടന്നപ്പോൾ, വിത്സന്റെ ശിരസ്സ്‌ മാത്രം തറയിൽ വീണ്‌ ഉരുണ്ടു. ഉടൽ കസേരയിൽ തന്നെ അമർന്നു.

ഉയർന്നു
പൊങ്ങിയ ആത്തനാദത്തിൽ, റിസോർട്ട്സ്‌ഞെട്ടിയുണർന്ന്. അലമുറ കേട്ടിടത്തേക്ക്‌ അണഞ്ഞു.

അവർ കൈകളിലേന്തിയ വെളിച്ചത്തിൽ കണ്ടു……..

വസ്ത്രത്തിൽ മൂടിപ്പൊതിഞ്ഞ്‌, വിറച്ച്, വിളറിയ എമിലി ……..

രക്‌തത്തിൽ അഭിഷിക്‌തനായി തളർന്ന് തറയിൽ പററിച്ചേർന്നിരിക്കുന്ന ഉണ്ണി… ……

പിന്നെ…….

വ്യാസൻ പുസ്തകം അടച്ചു വച്ചു.

സമൂഹമാകെ ഒരു മരവിപ്പിൾ അമർന്നു പോയിരിക്കുന്നു.

വൈദ്യുതിയും നിലച്ചിരിക്കുന്നു, പവ്വർകട്ടമൂലം.

ശക്‌തികുറഞ്ഞ ജനറേറ്റർ കുറച്ച് വെളിച്ചം തരുന്നുണ്ട്‌.

വെളിച്ചത്തിന്റെ മങ്ങൽ പോലെ സമൂഹത്തിന്റെ പ്രജ്ഞയും മങ്ങിപ്പോയിരിക്കുന്നു. മുഖങ്ങൾ ഇരുണ്ടു പോയിരിക്കുന്നു.

വളരെ വേഗം സമൂഹത്തിൽ നിന്നും ഒരാൾ മുന്നോട്ടു വരുന്നത്‌ വ്യാസൻ കണ്ടു.

മങ്ങിയ വെളിച്ചത്തിൽ ആ മുഖം വ്യാസൻ തിരിച്ചറിഞ്ഞു.

സ്റ്റേജിനോട്‌ അടുക്കുന്ന അയാൾ കറുത്ത പുറംവസ്ത്രവും, വെളുത്ത ഉൾവസ്ത്രവും ധരിച്ചിരിക്കുന്നതായിട്ടും , കണ്ണുകൾ മൂടി കെട്ടിയിട്ടുള്ളതായിട്ടും കയ്യിൽ ഊഞ്ഞാലാടുന്ന തുലാസ്‌തുങ്ങുന്നതായിട്ടും വ്യാസന്‌ തോന്നി.

വ്യാസനിൽ
നിന്നും ഉച്ചഭാഷിണി കൈക്കലാക്കി, അയാൾ പറഞ്ഞു.

“ഇത്‌
സംഭവ്യമല്ല, ആസൂത്രിതമായിട്ട്‌ അവതരിപ്പിച്ചിരിക്കുകയാണ്‌. ഇതനുവദിക്കാനാവില്ല. ഇത്‌
സമൂഹത്തിൽ വിഷവിത്തുകളായി വിതറപ്പെടും. നിരപരാധികൾ കൊലചെയ്യപ്പെടും. നമ്മുടെ യുവാക്കൾ തീവ്രവാദികളാകും, ഇയാളെ, ഈ പുസ്തകത്തെ സമൂഹത്തിലിറങ്ങാൻ അനുവദിക്കാനാവില്ല. ഈ പുസ്തകം നിരോധിക്കേണ്ടിയിരിക്കുന്നു.”

അതീവ വേഗത്തിലാണ്‌ സമൂഹത്തിൽ നിന്നും ഭൂരിപക്ഷം വരുന്നവർ സ്റ്റേജിനെ വളഞ്ഞതും വ്യാസനെ, സംഘാടകരെ

ആക്രമിച്ചതും. പക്ഷെ, ഒട്ടും താമസിക്കാതെ തന്നെ ഒഴിഞ്ഞു നിന്നിരുന്ന, മററുള്ളവർ വ്യാസനെയും സംഘാടകരെയും രക്ഷപ്പെടുത്തുകയും ചെയ്‌തു. എന്നിട്ടും വ്യാസന്റെ മൂക്കിൽ നിന്നും രക്‌തമൊഴുകുകയും അദ്ധ്യക്ഷന്റെ കൈകാലുകൾ

അനക്കാൻ കഴിയാത്ത വിധം ഡാമേജാവുകയും ചെയതു.

അവരെക്കാളൊക്കെ മുറിവുകളും ചതവുകളും സമൂഹത്തിലുണ്ടായിരുന്ന പലർക്കും ഉണ്ടായി. ആദ്യക്ഷോഭം ഒതുങ്ങിയപ്പോഴേക്കും സ്ത്രീകളടക്കമുള്ള ഒരുവിഭാഗം ഹാൾവിട്ട് പുറത്തേക്കിറങ്ങി. പുറത്തേയ്ക്കിറങ്ങി പോകാൻ നിന്നിരുന്നവരെ കൂടി ഹാളിലേയ്ക്ക് ക്ഷണിച്ചു കൊണ്ട്‌ സംഘാടകർ ഒരദ്ധ്യായം കൂടി അവതരിപ്പിക്കാമെന്നറിയിച്ചു. അലങ്കോലമായി പരിപാടി പിരിഞ്ഞുവെന്ന്‌ പേരുകേൾപ്പിക്കാതിരിക്കാനാണ്‌  അവരങ്ങിനെ ചെയതത്‌.

പക്ഷെ…….

@@@@@@@




അദ്ധ്യായം പതിന്നാല്

സമൂഹം ഒന്നിച്ചുന്നയിച്ച ഒരു ചോദ്യമായിരുന്നടുത്തത്‌.

“ഉണ്ണിക്കും സുജാതയ്ക്കും പിന്നീട്‌ എന്താണു സംഭവിച്ചത്‌?”

“സുജാത ഉണ്ണിയെ വിട്ടുപോയി. ഒരു ട്രാജഡി നാടകത്തിന്റെ അന്ത്യം പോലെ ആയിരുന്നില്ല. അവർ പരസ്പരം ആലോചിച്ചു തീരുമാനിച്ച ഒരു കാര്യമായിരുന്നു. അന്ന്‌ ഒരു പ്രശാന്ത സുന്ദരമായ 
സായാഹ്നമായിരുന്നു. ആകാശത്ത്‌ വെള്ളിമേഘങ്ങൾ പറന്നു നടുന്നിരുന്നു, വെളത്ത മേഘങ്ങളി ലേക്ക്‌ ചുവന്ന വെളിച്ചത്തെ എത്തിച്ച്‌ ആദിത്യൻ ചിരിക്കുന്നുണ്ടായിരുന്നു. അവർ തെരുവുകൾ തോറും നടന്നു. അവൻ രണ്ടു കൈകളും വീശിയും, അവൾ കൈകൾ മാറിൽ പിണച്ചു കെട്ടിയും. അവൾ വാതോരാതെ സംസാരിച്ചിരുന്നില്പ. അളന്നു മുറിച്ച വാക്കുകളിൽ ചിട്ടപ്പെടുത്തിയ ഈണത്തിൽ കുറെ കാര്യങ്ങൾ മാത്രം പറഞ്ഞു. തെരുവിലെ മനുഷ്യർ അവരെ നോക്കി പലതും പറയുകയും, ചിരിക്കുകയും ചെയ്തിരുന്നു.

സുജാത പറഞ്ഞു:

“ഞാനൊരിക്കലും ഉണ്ണിയെ അങ്ങിനെ കണ്ടിരുന്നില്ല.ഉണ്ണി എന്റെ ശരീരത്തിന്റെ ആത്മാവിന്റെ ഭാഗമാണ്‌.”

“അതെ.
പക്ഷെ, നമ്മുടെ സമൂഹം പറയുന്നു സ്ത്രീക്കൊരിക്കലും
ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന്‌. അവൾ എന്നും ആരുടെയെങ്കിലുമൊക്കെ അടിമയായി കഴിയണമെന്ന്. അച്ഛന്റെ, ഭർത്താവിന്റെ, മകന്റെ….”

“എന്തുകൊണ്ട് അവൾക്ക്‌ ഒരു സ്‌നേഹിതന്റെ കൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുകൂടാ? “

“അതു പുരുഷന്റെ സ്വാർത്ഥതയാണ്‌.. “

“ഉണ്ണി കാണുന്നുണ്ടോ ആ പറവകളെ?”

ഉണ്ണി കണ്ടു, അവർക്ക് കുറച്ച്‌മുന്നിൽ എവിടെ നിന്നോ എത്തിയ രണ്ടു മൂന്നു ചിത്രശലഭങ്ങൾ പറന്നു കളിക്കുന്നത്‌.

“ഉണ്ണിക്ക്‌ അവയുടെ മുഖങ്ങൾ കാണാൻ കഴിയുന്നുണ്ടോ?”

“ഉണ്ട്”

“ അവയുടെ മനസ്സ്‌ കാണാൻ കഴിയുന്നുണ്ടോ?”

“ഉണ്ട്.”

“അവകൾ എത്രമാത്രം സത്തുഷ്‌ടരാണെന്ന്‌ ആ മുഖങ്ങൾ പറയുന്നില്ലെ?”

“ഉണ്ട്‌.”

“സുജാത… അത്‌ നമ്മുടെ ജീവിത സാഹചര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്‌. ആ ചിത്രശലഭങ്ങളുടേയോ, മററു പക്ഷിമ്യഗാദികളുടേയോ ജീവിത സാഹചര്യമല്ല
നമുക്ക്‌,
മനുഷ്യർക്ക്.”

“നമുക്ക്‌ വിവേകം എന്ന ഒരു വസ്തുത കൂടി ഉള്ളതു കൊണ്ടാകാം.”

“അതെ,
അതുകൊണ്ട്‌ നമ്മുടെ ജീവിത സാഹചര്യങ്ങളെ ഒരു പരിധിവരെ നമുക്ക്‌ കെട്ടിപ്പടുക്കാനാകുന്നു, നിയന്ത്രിക്കാനാകുന്നു.”

“അപ്പോൾ ആരോ കെട്ടിപ്പടുത്ത സാഹചര്യങ്ങളിലേയ്ക്ക് ഞാൻ പോകേണ്ടിയിരിക്കുന്നു?”

“അതെ.
അതാണ്‌ ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ നിയമാവലി.”

“ഉണ്ണിയ്ക്കെന്നെ രക്ഷിക്കാനാവുമോ?”

ഉണ്ണിയ്ക്കൊരു ഞെട്ടലനുഭവപ്പെട്ടു. അവൻ റോഡിൽ നിന്നു.

അവളും.

ഉണ്ണിയുടെ മനസ്സിൽ കുറേ ചോദ്യങ്ങൾ നിറഞ്ഞു. അതിനർത്ഥം ഞാൻ നിന്നെ വിവാഹം ചെയ്യണമെന്നാണോ?

നിന്റെ ഹൃദയത്തിൽ, നിന്നിലെ അഗാധതകളിൽ ഞാൻ നേടിയ സ്ഥാനം ഉപേക്ഷിച്ച്‌ നിന്റെ ശരീരത്തിന്റെ ആസ്വാ

ദ്യതയിൽ അമരണമെന്നാണോ? ഞാനൊരു സ്വാർത്ഥനാകണമെന്നാണോ? എന്റെ ഇല്ലായ്‌മകളിലേയ്ക്ക്‌,
പോരായ്‌മകളിലേയ്ക്ക് നിന്നെക്കൂടി
വിളിച്ചിറക്കണമെന്നാണോ?

അവൾ വീണ്ടും പറഞ്ഞു.

“ഉണ്ണിക്ക്‌ അതിനാവില്ലെന്നെനിക്കറിയാം. എനിക്കും അതിനാവില്ല. ആ ബന്ധത്തെക്കാളൊക്കെ എത്രയോ ദൃഢവും മധുരതരവുമാണ്‌ നമ്മുടെ ബന്ധമെന്ന്‌ മററു രീതിയിൽ ചിന്തിക്കുമ്പോഴാണെനിക്ക്‌ അറിയാൻ കഴിയയന്നത്‌.”

പിന്നെയും അവർ തെരുവുകൾ തോറും നടന്നു. അവരെ സ്ഥിരം കാണാറുള്ള തെരുവുകുട്ടികൾ വിഷ്‌ ചെയ്തു. അവർ തിരിച്ചും.

വീണ്ടും, വീണ്ടും നടന്നപ്പോൾ കലുഷമായിരുന്ന അവരുടെ മനസ്സകൾ തെളിഞ്ഞു വന്നു. എവിടെ നിന്നോ വന്ന ഒരു കാർമേഘം സൂര്യമുഖത്തു നിന്നും അകുന്നു പോകുന്നത്‌ ഉണ്ണി കണ്ടു.

വളരെ നാളകൾ കഴിയും മുമ്പുതന്നെ എല്ലാവിധ ആർഭാടങ്ങളോടും കൂടി സുജാത വിവാഹിതയായി. കുറെ നാളകൾക്ക്‌ ശേഷം സുജാത ഉണ്ണിക്കെഴുതി.

-ഉണ്ണിക്കറിയുമോ ഈ വീടിന്‌ ഇരുപതുമുറികളണ്ട്.
താമസിക്കാനായിട്ട്‌ ഏട്ടനും, ഞാനും, അമ്മയും ഗെയിററിലെ കാവൽ പുരയിൽ ഒരു ഗൂർഖയുംമാത്രം. പകല് ഒരു പെണ്ണുകൂടി

ഉണ്ട്‌, വീടും വസ്ത്രങ്ങളും പാത്രങ്ങളും വൃത്തിയാക്കിസൂക്ഷിക്കലാണ്‌ അവളുടെ പണി. എന്നും സന്ധ്യയ്ക്ക് മുമ്പായിട്ട് തിരിച്ചു പോകും.

ആദ്യമൊക്കെ മാർബിൾ വിരിച്ച തറയിലൂടെ നടക്കാൻ എനിക്ക് ഭയമായിരുന്നു, തെററി വീഴുമെന്ന്‌ കരുതി. ഉണ്ണിയുടെ വീടിനേക്കാൾ വലുതാണെന്റെ ബെഡ്റൂം. അററാച്ച്‌ചെയ്തിരിക്കുന്ന ബാത്ത്‌റൂം. കൂടാതെ, പകല് ഒന്നും ചെയ്യാതെ

യിരുന്ന്‌ തടി കൂടാതിരിക്കാനായി വ്യായാമം ചെയ്യുന്നതിന്‌ കുറെ ഉപകരണങ്ങൾ വാങ്ങി തന്നിട്ടണ്ട്‌. കൊഴുപ്പ്‌ കൂടി തടി കൂടിയാൽ ശാരീരികബന്ധത്തിനുള്ള താല്പര്യം കുറഞ്ഞുപോകുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. കുളിച്ചീറനായി, പെർഫ്യൂം പൂശിയ എന്റെ മുടിയിൽ മുഖം പൂഴ്ത്തി അദ്ദേഹം എത്രനേരം വേണമെങ്കിലും കിടന്നു കൊള്ളും. എന്റെ വിയർപ്പിനു കൂടി സുഗന്ധമാണെന്നാണ് ഏട്ടന്റെ അഭിപ്രായം.

ഏട്ടന്റെ സ്‌നേഹിതർക്കു വേണ്ടി ഒരു വിരുന്നൊരുക്കിയിരുന്നു. മദ്യവും, മാംസവുമായിരുന്നു മുഖ്യം. സ്ത്രീകളും, കുട്ടികളും എല്ലാററിലും പങ്കെടുത്തിരുന്നു. മദ്യം തലയ്‌ക്ക് പിടിച്ച്‌ ഒരു സ്നേഹിതൻ എന്നെ നോക്കിയിട്ട്‌ ഏട്ടനോട്‌ പറഞ്ഞതെന്താണെന്നറിയുമോ? എടാ!
നീ സ്ത്രീധനം വാങ്ങാതിരുന്നതെന്താണെന്ന്‌ ഈ കൊച്ചിനെ കണ്ടപ്പോളല്ലെ അറിഞ്ഞത്‌. തങ്കം മല്ലെ, പത്തരമാററുള്ള തങ്കം. ചുമ്മാ കണ്ടോണ്ടിരുന്നാൽ പോരെ എല്ലാ ടെൻഷനുകളും മാഞ്ഞുപോകാനെന്ന്…….

രണ്ടു കൊല്ലത്തേക്ക്‌ കുട്ടികൾ വേണ്ടന്നാണ്‌ ഏട്ടന്റെ അഭിപ്രായം. കുട്ടികളുണ്ടായാൽ അസ്വാദ്യത കുറയുമെന്നാണ്‌ പറയുന്നത്……
കത്തിനൊടുവിൽ അവൾ ചോദിച്ചു.

ഉണ്ണിക്ക്‌ എന്തു തോന്നുന്നു?

ഉണ്ണിയുടെ മനസ്സ് വിങ്ങി നിറഞ്ഞു.

എന്തു തോന്നാനാണു കുട്ടീ! ഇതാണ്‌ നമ്മുടെ സംസ്ക്കാരം. നാം വിവേകത്താൽ കെട്ടിപ്പടുത്ത മണിസൌധം. പുറം മോടികൾ മാത്രമേ നാം കാംക്ഷിക്കുന്നുള്ള. അതിന്റെ അസ്ഥിവാരത്തിന്റെ ബലത്തെക്കുറിച്ച്, ദീർഘായുസ്സിനെക്കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കുന്നില്ല. അദ്ധ്യാപകന്‌ മുന്നിൽ സശ്രദ്ധം ഇരിക്കുന്ന കുട്ടികളെപ്പോലുള്ള

സമൂഹത്തിന്റെ മനസ്സിലേയ്ക്ക് വ്യാസൻ അടുത്ത ഏടുകൾ തുറന്നു വച്ചു.

കുത്തനെയുള്ള കയററം കയറി വളവ്‌ തിരിയum വരെ പാതയ്ക്ക്‌ ഇരുവശങ്ങളിലും ഇടതൂർന്ന് വനമാണ്‌. ഇടത് വശത്ത്‌ മലകളും വലതു വശത്ത് അഗാധമായ കൊക്കയും .

വളവു തിരിഞ്ഞാൽ കാണുന്ന വലിയ ബോർഡ് – കേദാരം റിസോർട്ട്സ്‌ ലിമിററഡ്‌, കിഴക്കോട്ട് നോക്കിയാൽ, നോക്കാ തിരിക്കാൻ കഴിയില്ലെന്നത്‌ സത്യം, ഹരിതാഭയാൽ ചൂററപ്പെട്ട, രമ്യഹർമ്മ്യങ്ങൾ, തടാകം, പൂന്തോട്ടം, നീന്തൽകുളം, കിഴക്കുനിന്നും ഒഴുകിയെത്തുന്ന അരുവികൾ.

അസ്തമന സമയത്ത്‌ വെളത്ത ഹർമ്മ്യങ്ങൾ ചുവക്കുന്നു.

വളവ്‌ തിരിയുന്നിടത്ത്‌ ബോർഡിനു താഴെ രവി റിസോർട്ട്സ് കണ്ടുനിന്നു. പണികളെല്ലാം കഴിഞ്ഞിരിക്കുന്നു. ഇനിയും മടക്കയാത്രയുടെ ഒരുക്കങ്ങൾ തൂടങ്ങാറായിരിക്കുന്നു. പണിയുടെ ആദ്യ അവസാനം വരെ നിൽക്കാൻ കഴിഞ്ഞത്‌ ഇവിഭെ മാത്രമാണ്‌. ഈ മല കയറിയപ്പോൾ ഒരു പെങ്ങളെയെങ്കിലും പറഞ്ഞയക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു.  ഇപ്പോൾ പണി കഴിഞ്ഞ്‌ പോകുമ്പോഴും ആഗ്രഹം സഫലമാകാതെ തുടരുകയാണ്‌. ഇനിയും സ്വപ്നവുമായി അടുത്ത പണിസ്ഥലത്തേയ്‌ക്ക്‌
യാത്രതിരിക്കാം.

നീണ്ട മുപ്പത്തിയഞ്ചു വർഷത്തെ ജീവിതമാണ്‌ കഴിഞ്ഞു പോയിരിക്കുന്നത്‌. എന്താണ്‌ നേടിയത്‌? എന്നും മുന്നു നേരം ആഹാരം കഴിച്ചും , എല്ലാദിവസങ്ങളിലും അത്യാവശ്യം മദ്യം കഴിച്ചും, അധികം മുടക്കങ്ങളില്ലാതെ ജോലിചെയ്തും ജോലിയുടെ ക്ഷീണത്തിൽ, രാത്രിയിൽ ബോധം വിട്ടു തന്നെ ഉറങ്ങിയും……..
ഇതാണോ ജീവിതം? അല്ലെങ്കില്‍ പിന്നെ ജീവിതമെന്നാലെന്താണ്‌?

പണ്ടൊക്കെ ഡയറി എഴുതുക പതിവായിരുന്നു. ഇപ്പോൾ ഡയറി നിവർത്തി എഴുതാൻ ഇരുന്നാൽ കൂടി എഴുതാനില്ലാത്ത

അവസ്ഥയാന്ന്‌. എഴുതിയാൽ എല്ലാദിവസവും ഒന്നു തന്നെയാണ്‌ എഴുതാനുള്ളതെങ്കിൽ പിന്നെ എഴുതുന്നതെന്തിനു
വേണ്ടിയാണ്‌? അതുമാത്രമോ പണ്ടൊക്കെ എഴുതിയിരിക്കുന്നത്‌ വായിക്കുമ്പോൾ തോന്നുന്ന ഇളിഭ്യതയും.

ഇന്ന്‌ ക്ക്ലബ്ബിൽ നിന്നും പത്രപാരായണം കഴിഞ്ഞ്‌ നേരത്തെ ഇറങ്ങി, ഉണ്ണിയുടെ പ്രേരണയിൽ, ഉണ്ണിയുടെ അഭാവത്തിൽ തുടങ്ങിയതാണ്‌. നിത്യജീവിതത്തിലെ
രസകരമായ സമയങ്ങളായിരിക്കുന്നു. ഉറക്കെ വായിക്കുക, വായിക്കുന്നത്‌ കേൾക്കാനായി മുന്നില്‍ കുറേപ്പേർ ഉണ്ടാവുക. വായിക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുക, ചർച്ചയിൽ അഭിപ്രായങ്ങൾ തുറന്നു പറയുക എല്ലാം ഒരു പ്രത്യേകമായ അവസ്ഥകളായിരിക്കുന്നു. എല്ലാം തീരുകയാണ്‌. അടുത്ത ക്യാമ്പ്‌ ഏവിടെയാകുമെന്നോ, ക്യാമ്പ്‌ വാസികൾ ആരൊക്കെയാകുമെന്നോ ഒരറിവുമില്ല. ഇത്രയും കൂട്ടായ്മയോടെ ഒരു സമൂഹത്തെ കിട്ടുകയെന്നത്‌ പ്രതീക്ഷിക്കാൻ കഴിയില്ല.

ഉണ്ണിയുടെ സാന്നിദ്ധ്യമായിരുന്നു ഏറെ ശ്രേഷ്ടം. അയാളെ കാണുമ്പോൾ, അടുത്തു പെരുമാറുമ്പോൾ, സംസാരിക്കുമ്പോൾ

ഒരു താങ്ങാണെന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്‌. അയാൾ

അക്കാര്യം ഇങ്ങോട്ട്‌ പറഞ്ഞിരിക്കുന്നു. യഥാർത്ഥത്തിലുള്ള ഒരു സ്‌നേഹിതനാണ്‌ ഉണ്ണി, ഒരു മനുഷ്യനും .

“രവി… … തോമസുകുട്ടി സത്യത്തിൽ ആത്മഹത്യ ചെയ്തുതാണോ?”

രവിയുടെ ക്വാർട്ടേസിൽ അരിക്കലാമ്പിന്റെ വെളിച്ചം കൂട്ടി
വച്ചു കൊണ്ട്‌ ഉണ്ണി ചോദിച്ചു.

“അതെ,
അങ്ങിനെയാണെന്റെ ധാരണ….ക്വാർട്ടേസ്‌ അകത്തു നിന്നും അടച്ചിരുന്നു. അയാൾ സ്റ്റൂളകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ട്‌ സ്റ്റൂള് തട്ടി മറിച്ച്‌ കുരുക്കിൽ തൂങ്ങി മരിച്ചിരിക്കുന്നുവെന്നാണ്‌ കഥ പരന്നത്‌. ഞാനും കണ്ടതാണ്‌. കൂടാതെ ശരീരത്ത്‌ മററു യാതൊരുവിധ മുറിവുകളോ  ആഘാതങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും……”

“ഉം….ആകാം…..പക്ഷെ…..”

“എന്താണ്‌?”

“മിടുക്കനായൊരു ക്രിമിനൾ ആസൂത്രിതമായിട്ട്‌ കഴുത്തിൾ കയറിട്ട്‌ കുരുക്കികൊന്നിട്ട് കെട്ടിത്തൂക്കിയതും, ക്വാര്‍ട്ടേഴ്സിന്റെ കതക്‌ അകത്തുനിന്നും അടച്ചിട്ട്‌ മറയാക്കി വച്ചിരിക്കുന്ന തകരപ്പാളി ഇളക്കി പുറത്തിറങ്ങിയ ശേഷം തകരപ്പളി ആണിവച്ച് ഉറപ്പിച്ചതുമാകാൻ പാടില്ലെ?”

വിളക്കിന്റെ വെളിച്ചത്തിൽ ഉണ്ണിക്ക്‌ രവിയുടെ മുഖം കാണാം. കുറച്ചു മുമ്പുവരെ മദ്യത്തിന്റെ ലക്ഷണങ്ങൾ കണ്ണുളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ലഹരിയിറങ്ങി മുഖമാകെ വിയർത്ത് അമ്പരന്നിരിക്കുന്നു.

“പഴയ ഫയലുകൾ അടുക്കിക്കെട്ടന്നതിനിടയിൽ, ഒരു

ഫയലിൽ
നിന്നും കിട്ടിയ രണ്ടു കത്തുകളാണിത്‌. ഒന്ന്‌ തോമസുകുട്ടിയുടെ സുഹൃത്ത്‌ എഴുതിയത്‌. മറേറത്‌ സുഹൃത്തിന്‌

തോമസുകുട്ടി ഏഴുതി മുഴുവനാകാത്തതും .”

വെളിച്ചത്തിനോടടുപ്പിച്ച്‌ രവി കത്തുുകൾ നോക്കി.

“തോമസുകുട്ടി എഴുതിയിരിക്കുന്നത്‌ അയാൾ മരിച്ച അന്നാണ്‌.”

രവി തോമസുകുട്ടിയുടെ സുഹൃത്തിന്റെ കത്തു വായിച്ചു.

-അപ്പനും അമ്മയ്ക്കും ഇഷ്‌ടമായ സ്ഥിതിക്ക്‌ നിനക്ക് ഇവിടെ വന്ന്‌ താമസിക്കാവുന്നതല്ലേയുള്ള. ജോലിയില്ലെങ്കിലും ജീവിക്കാനുള്ളതെല്ലാം അപ്പന്‍ ഉണ്ടാക്കിയിട്ടണ്ടല്ലോ? കൃഷി നോക്കിനടക്കാൻ മടിയായിട്ടല്ലെ അന്യസ്ഥലങ്ങളിലൊക്കെ അലഞ്ഞു നടക്കുന്നത്‌? ഇനിയും അലച്ചിലൊക്കെ നിറുത്തി എസ്തേറിനോടും എമിലിയോടും കൂടി വീട്ടിൽ വന്ന്‌സ്വസ്ഥമായിട്ട്‌ ജീവിക്ക്‌. നിനക്ക്‌ അറിയാമോടാ… .. ? നിന്റെ തീരുമാനം അറിഞ്ഞപ്പോൾ ബെന്നി തുള്ളിച്ചാടുകയായിരുന്നു……..

തോമസുകുട്ടിയുടെ കത്തിലൂടെ കണ്ണുകൾ സഞ്ചരിക്കവെ, സിരകളിലൂടെ ഒരു വിറയൽ പടരുന്നത്‌ രവി അറിഞ്ഞു.

‌-എന്തിനും എസ്തേറിനും, എമിലിക്കും തയ്യാറാണ്‌ ……. അവരെ മനസ്സിലാക്കി സ്‌നേഹിക്കാനൊരു മനസ്സു മാത്രം മതിയെന്നു പറയന്നു. പക്ഷെ, അവൾ എപ്പോൾ രക്ഷപ്പെടാൻ

ആലോചിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വിലങ്ങു തടിയായി അയാൾ രംഗത്തെത്താറുണ്ടെന്നാണ്‌ പറയുന്നത്‌,
വിത്സൻ. എസ്തേറിനെ നേരിടാനുള്ള ധൈര്യം അയാൾക്കില്ല. എങ്കിലും

ഒരു സാഡിസ്റ്റിനെപ്പോലെ അവളെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്‌.

എസ്തേർ മകളെ മാറോടു ചേർത്ത്‌ അടക്കിപ്പിടിച്ചിരുന്നു. അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവൾക്ക്‌ തോന്നിയിരുന്നതാണ്‌ തോമസുകുട്ടി ഒരിക്കലും അങ്ങിനെയൊരു കടുംകൈ ചെയ്യുകയില്ലെന്നാണ്. പക്ഷെ, തെളിവുകളെല്ലാം ആത്മഹത്യയുടെ വഴിക്കായിരുന്നു. വിധി ഒരിക്കൽ കൂടി തന്റെ വഴി മുടക്കിയിരിക്കുകയാണെന്നോർത്തു സമാധാനിക്കുകയായിരുന്നു.

ഇപ്പോൾ…..

മനസ്സിലേക്ക്‌ ഒരു ശീതളിമയായി കയറിവരികയായിരുന്നു, ഉണ്ണി. തോമസുകുട്ടിയെപ്പോലെ ഒരു കച്ചിത്തുരുമ്പായിട്ടല്ല തോന്നിച്ചത്‌. ആശ്വാസകരമായ ഒരു തണലായിട്ടാണ്‌.

പക്ഷെ……

രാത്രിയിൽ എസ്‌തേറിന്റെ ക്വാർട്ടേഴ്‌സിൽ നിന്നും ഇറങ്ങുമ്പോൾ രവി ചുററും നോക്കി. ചുററും ആരെല്ലാമോ പതുങ്ങിയിരിക്കുന്നു
വെന്നൊരു തോന്നൽ; തങ്ങൾ സൂക്ഷിച്ചിരിക്കുന്ന, കണ്ടെത്തിയിരിക്കുന്ന രഹസ്യത്തെ മണത്തറിയാനായി ചെന്നായ്ക്കൾ ചുററും കൂടിയിരിക്കും പോലെ……

ഉണ്ണിയെ ക്വാർട്ടേഴ്‌സിൽ ആക്കി പടികടക്കവെ രവി പറഞ്ഞു.

“കൂട്ടായി ഞാൻ കൂടി തങ്ങണോ?”

ഉണ്ണി മനസ്സിലാകാതെ നിന്നു.

“ഉണ്ണിയുടെ അനാഥത്വത്തിലേക്ക്‌ എസ്‌തേറിനേയും മകളെയും കൂട്ടാമെന്ന തീരുമാനം ഇപ്പോൾ പാട്ടായിക്കഴിഞ്ഞു.”

ഉണ്ണി അത്ഭുതപ്പെട്ടു.

“ഞാനൊരിക്കലും അങ്ങിനെ ചിന്തിച്ചിട്ടില്ലല്ലോ…..”

“പക്ഷെ, ഈ റിസോർട്ട്സ് മുഴുവൻ അങ്ങിനെ കരുതുന്നു. ആഗ്രഹിക്കുന്നു.”

“രവി… ……ഞാൻ ……”

“വേണ്ട…. ഒന്നും പറയണ്ട…… ഞാനും അങ്ങിനെ ആഗ്രഹിക്കുന്നു.”

രവി പടികടന്നു പോയി.

@@@@@




അദ്ധ്യായം പതിമൂന്ന്

ഒരു മണിക്കൂറോളം നീണ്ടുനിന്ന സംവാദങ്ങൾ, ചേരിതിരിഞ്ഞുള്ള ചർച്ചകൾ, ചെറുപ്രസംഗങ്ങൾ, എല്ലാം കഴിഞ്ഞിട്ടും,  അവസാനിപ്പിക്കാനാതെ, അമിതമായി എനർജി നഷ്‌ടമായിട്ട് ക്ഷീണിതരായി എന്നിട്ടും  അവർക്കിടയിൽ ദഹിക്കാത്ത വസ്തുവായി വിഷയം അവശേഷിച്ചു.

ഫെമിനിസം .

വ്യാസൻ നിശബ്‌ദനായിരുന്നു. എല്ലാം കണ്ടുംകേട്ടം അവർക്കിടയിൽ വെറുതെക്കാരനായി തുടർന്നു.

യഥാർത്ഥത്തിൽ എന്താണ്‌ സ്ത്രീപുരുഷ വൃത്യാസം, ലൈംഗികതയല്ലാതെ?

ശരീരത്തിൽ തുടിയ്‌ക്കുന്ന ജീവനിലോ, ധമനികളിലൂടെ ഒഴുകുന്ന രക്‌തത്തിലോ, രക്‌തത്തെ ധാരയാക്കുന്ന ഹൃദയത്തിന്റെ പ്രവർത്തനത്തിലോ, ആന്തരീകമായ മറെറന്തിലുമോ വത്യാസങ്ങൾ ഇല്ലാ എന്നിരിക്കെ ലൈംഗികതയിലുള്ള വ്യത്യാസം കൊണ്ട്‌ അന്തരം എങ്ങിനെയാണ്‌ ഉടലെടുത്തത്‌?

തികച്ചും സമൂഹത്തിലുണ്ടായ പുതിയ പുതിയ വീക്ഷണത്തിലും, ശക്തർ ഉണ്ടാക്കിയ നിയമത്തിലുമാണ്‌. അതിനവർ ദൈവത്തെ വരെ കൂട്ടു പിടിച്ചു.

ആദിയിലഖിലേശൻ നരനെ സൃഷ്‌ടിച്ചു, അവനൊരു തുണയേകാൻ, അവന്റെ വാരിയെല്പിൽ നിന്നും നാരിയെ സൃഷ്‌ടിച്ചു. ഈ വാക്യത്തിൽ തന്നെ “തുണയേകാ”നെന്ന വാക്കിലാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. യഥാർത്ഥത്തിൽ സ്ത്രീ പുരുഷനോ, പുരുഷൻ സ്ത്രീക്കോ തുണയാവുകയല്ല ചെയ്യുന്നത്‌, ഇണയാണാവുന്നത്‌. അവരുടെ ലൈംഗികമായ വ്യത്യസ്തത പരസ്പര പൂരകങ്ങളാണ്‌. അവന്റെ ദൃഢതയും അവളടെ മൃദുലതയും പരസ്പരം സം യോജിക്കത്തക്കതായിട്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആ സങ്കലനത്തിലാണ്‌ പൂർണതയുണ്ടാകുന്നത്‌. അല്ലാതെ മൃദുലത ഒറ്റയ്ക്കോ, ദൃഢത ഒറ്റയ്ക്കോ നിൽക്കുമ്പോൾ യാതൊന്നും രൂപം കൊള്ളുന്നില്ല. ആ സങ്കലനത്തിനു തന്നെ തുല്യമായ പ്രാധാന്യമാണുതാനും. പരസ്പരം അറിഞ്ഞ്‌, സമ്മതത്തോടെയുള്ള പൂർണമായ സങ്കലനം.

പക്ഷെ. പുരുഷൻ അവന്റെ ശരീരത്തിന്റെ ദ്ദൃഢതയിൽ ഊററം കൊണ്ടിട്ട് അവളെ തന്റെ ഒരു ഉപഭോഗ വസ്തുവാക്കിവയ്ക്കാൻ ശ്രമിച്ചപ്പോഴാണ്‌ ചൂഷണം ഉടലെടുത്തത്‌. ചൂഷണത്തിനെതിരെ വൈമനസ്യം ഉണ്ടായപ്പോഴാണ്‌ പീഡനങ്ങൾ ഉടലെടുത്തത്‌.

ആദിയിൽ പുരുഷന്‌ സ്ത്രീയോടു തോന്നിയ ആ പീഡനത്തിന്റെ മാനസിക അവസ്ഥ ലോലമായൊരു വികാരത്തിൽ ഒതുങ്ങിനിന്നില്ല. കുടുംബത്തിൽ അവn നേതാവായി, സമൂഹത്തിൽ നേതാവായി… …… എല്പായിടത്തും  കായികശേഷി അവനെ നേദൃസ്ഥാനത്തെത്തിച്ചു. കൂടാതെ അവനാൽ വിരചിതമായ നാടൻ പാട്ടുകളിൽ, നാടോടികഥകളിൽ തുടങ്ങി ഇതിഹാസങ്ങളിലും, പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും വരെ അവന്റെ ശ്രേഷ്ടതയെ പുകഴത്തുന്ന ഗാഥകൾ നിറഞ്ഞു. ദൈവത്തെ പ്രകീർത്തിക്കുന്ന വേദഗ്രന്ഥങ്ങളിൽ പോലും അവൾ രണ്ടാം പടിയിലേയ്ക്ക്
ഇറക്കി നിർത്തപ്പെടു. ഇന്നവൾക്കൊരു പീഡിതയുടെ മനസ്സായി തീർന്നിരിക്കുന്നു; അവൾ പുരുഷന്റെ

അടിമയാകാൻ പിറന്നവളാണെന്ന്‌ വിശ്വസിക്കുന്നു. അല്ലെന്ന്‌

പറയുമ്പോഴം അതു വിശ്വസിക്കാൻ അവൾ ഭയക്കുന്നു. അവളടെ ഭയത്തിന്റെ വേരുകൾ ഉറച്ചു നിൽക്കുന്ന രേഖകൾ കാട്ടിത്തരുന്നു.

“കഥാകാരാ, താങ്കൽ ഒരു ഫെമിനിസ്റ്റാണെന്ന്‌ തോന്നുന്നു. താങ്കൾ പറയുന്ന കഥകളിലേറെയും പീഡിപ്പിക്കപ്പെടന്ന സ്ത്രീകളുടേതാണല്ലോ?”

വ്യാസൻ  ചിന്തവിട്ടുണർന്നു, ഹാളാകെ കണ്ണോടിച്ചു. ചർച്ചകളം തർക്കങ്ങളും ഒതുങ്ങി സമൂഹം സോറ പറയുന്നു. സ്വസൌന്ദര്യങ്ങൾ മററുള്ളവരെ കാണിക്കാനും വസ്ത്രങ്ങളിലെ നിറക്കൂട്ടുകൾ ശ്രദ്ധിക്കാനും തുടങ്ങിയിരിക്കുന്നു. ഒത്തുകൂടിയ സ്ത്രീകളുടെ ഇടയിൽ നിന്നും പൊട്ടിച്ചിരികളുടെ അലകൾ ഉയർന്ന് മുറിയാകെ നിറഞ്ഞ്‌ അന്തഃരീക്ഷം സന്തോഷഭരിതമായിരിക്കുന്നു.

വ്യാസല ചോദ്യകർത്താക്കളെ ശ്രദ്ധിച്ചു. അവർ അധികമൊന്നുമില്ല. സമൂഹത്തെവച്ച് താരതമ്യം ചെയ്താൽ അഞ്ചോ ആറോ ശതമാനം മാത്രം.

ഏററവും ശ്രദ്ധേയമായ കാര്യം അവരിലെല്ലാം ഒരു“ജെന്‍റിൽമാൻ ലുക്കു” ണ്ട്‌ എന്നതാണ്‌.

“അല്ല ഞാനൊരു ഫെമിനിസ്റ്റല്പ. ഒരു ഹ്യൂമനിസ്റ്റാണ്‌. എന്റെ കഥകളിൽ പീഡനങ്ങൾ ഏററുവാങ്ങുന്ന ഒരു സമൂഹം തന്നെയുണ്ട്‌. മാനസികമായി, ശാരീരികമായി പീഡിപ്പിക്കപ്പെട്ട,
പീഡിപ്പിക്കപ്പെടുന്ന ഉണ്ണിയുടെ, നിത്യവും പണിയെഴുത്തിട്ടും , നന്നായി ആഹാരം കഴിക്കാനോ, സ്വന്തം വീടുകളിൽ കഴിയാനോ കഴിയാത്ത, കേദാരം റിസോർട്ട്സിനെ

കെട്ടിപ്പടക്കുന്ന ഒരു സമൂഹത്തിന്റെ, അതിൽ ഏസ്തേറും, എമിലിയും ഓരോ പ്രധാന ചിത്രങ്ങളാണ്‌. നിങ്ങൾ അവരുടെ മുഖങ്ങളിൾ ശ്രദ്ധിയ്‌ക്ക്….. .. കൈകാലുകളിൽ, നെഞ്ചിൽ നോക്കൂ . … അസ്ഥികൾ എഴുന്ന്‌, മേദസ്‌ ഒട്ടുമില്ലാതെ, തൊലി മാത്രമായ മനുഷ്യർ. ഇവരെക്കുറിച്ചൊക്കെ കഥകളെഴുതുന്ന ഞാനെങ്ങിനെ ഒരു ഫെമിനിസ്റ്റു മാത്രമാകും. എന്നിരിക്കിലും ആഗോളമായി ഏററവു മധികം പീഡനങ്ങൾക്ക് വിധേയമാകുന്നത്‌ സ്ത്രീകളല്ലെ?”

പെട്ടെന്ന് ഉരുത്തിരിഞ്ഞ് പടർന്നൊരു നിശബ്‌ദതയിൽ വ്യാസന്റെ ശബ്‌ദം ഉയർന്നപ്പോൾ അകന്നകന്നു നിന്നിരുന്ന
സമൂഹം അയാൾക്ക്‌ ചുററും കൂടി, കുറേപ്പേർ അയാളോട്‌ യോജിക്കാൻ കഴിയാത്തതിലാകാം പുറത്തേയ്ക്കിറങ്ങി.

വ്യാസൻ സംസാരിച്ചു:

“പീഡകരും ചൂഷകരും നമ്മുടെ ഈ സമൂഹത്തിൽ തന്നെയുണ്ട്‌. അവരെ നമുക്ക്‌ തിരിച്ചറിയുകയും ചെയ്യാം. പക്ഷെ, എന്തുകൊണ്ട്‌ നാം അവരെ ഒററപ്പെടുത്തുന്നില്ല. എന്തു

കൊണ്ട്‌ നമുക്ക്‌ പരിപാവനമെന്നും സമത്വസുന്ദരമെന്നും ഘോഷിക്കുന്ന ആരാധനാലയങ്ങളിൽ നിന്നെങ്കിലും അവരെ

പുറത്താക്കാൻ കഴിയുന്നില്ല?”

അയാൾ സമൂഹത്തെ നോക്കി നിമിഷങ്ങളോളം നിന്നു

“നിന്ദിതർക്കും, പീഡിതർക്കും സ്വർഗരാജ്യം തീർക്കമെന്നായിരുന്നു യേശു പറഞ്ഞത്‌. ആ യേശുവിനാൽ സ്ഥാപിതമായ മതത്തിൽ വിശ്വസിക്കുകയും അനുഷ്‌ടാനങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നിന്ദിതർക്കും , പീഡിതർക്കും എന്താണ്‌ സ്ഥാനമുള്ളത്‌? സമ്പന്നർ, അവരുടെ സമ്പത്ത്‌ അടിമകൾക്കും ദരിദ്രർക്കും പങ്കുവെയ്ക്കണമെന്ന്‌ പറഞ്ഞ നബിയുടെ അനുയായികൾ, വർഷത്തിലൊരിക്കൽ സക്കാത്തുകൽ നടത്തി, വരിവരിയായി എത്തുന്ന പിച്ചക്കാർക്ക്, പാവങ്ങൾക്ക്‌ നാണയത്തുട്ടകൾ കൊടുക്കുകയും, ഒരു പിടിച്ചോറു കൊടുക്കുകയും ചെയ്താൽ സമത്വമാകുമോ? അഹം ബ്രഹ്മാസ്മി എന്ന സനാതന തത്വം പഠിച്ച നാം ആയിരമായിരം ജാതി വർണ്ണങ്ങളായി കഴിയൌകയും ഒരിക്കലും ആ വ്യത്യാസങ്ങൾ നഷ്ടമാകാതിരിക്കാനായി സംവരണമെന്ന ‘നക്കാപ്പിച്ച’ നിയമമാക്കുകയും ചെയതാൽ എല്ലാം ഒന്നാകുമോ?”

“സർവ്വ തൊഴിലാളികളോടും സംഘടിക്കാൻ പറയുകയും അദ്ധ്വാനിക്കുന്നവന്റെ രാഷ്ട്രം കെട്ടിപ്പടക്കുകയും ചെയ്‌ത ലോക കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഇന്ന്‌ അദ്ധ്വാനിക്കുന്നവനും, ഭാരം ചുമക്കുന്നവനും സ്ഥാനമുണ്ടോ?”

സമൂഹത്തിൽ വിയോജിപ്പുകൾ, വിള്ളലുകൾ അയാൾ കണ്ടു. അയാൾ സംസാരിക്കുന്നവന്റെ പീഠത്തിൽ നിന്നും
ഇറങ്ങിനിന്നു, അവിടേക്ക്‌ പലരും കയറി.
പലരും പ്രസംഗിച്ചു. പലരെയും അടുത്തയാൾ താഴെയിറക്കി. അന്തഃരീക്ഷം കലുഷമായി. വ്യാസൻ ഒഴിഞ്ഞൊരു കോണിൽ ഒതുങ്ങി. അദ്ദേഹത്തോടൊപ്പം കുറേപ്പേർ ഇല്ലാതിരുന്നില്ല. അവരോടായി അദ്ദേഹം പറഞ്ഞു.

*നമ്മുടെ മൂല്യനിർണയത്തിൽ
വരെ വ്യതിയാനങ്ങൾ വന്നിരിക്കുന്നു. മാനദണ്ഡങ്ങൾ മാറിയിരിക്കുന്നു. നൂറ് വ്യക്തികൾക്ക് നൂറു രീതിയിലുള്ള സ്കെയിലുകളം ത്രാസ്സുകളും ഉണ്ടായിരിക്കുന്നു. എല്ലാവരും ബുദ്ധിമാന്മാരും വിദ്യാഭ്യാസമുള്ളവരും
ആയിരിക്കുന്നു. എന്നിട്ടം ഒടുവിൽ, ഭൂരിപക്ഷവും വഞ്ചിതരാവുകയും ചെയ്യുന്നു.”

“അതെ സത്യമാണ്‌.”

“നമുക്ക്‌ ഇതിൽ നിന്നും മോചനമില്ലെ?”

“ഉണ്ട്‌. “

“എന്ന്‌, എപ്പോൾ, എങ്ങിനെ?”

“സംഘർഷം വിങ്ങി നിറഞ്ഞ്‌ പൊട്ടണം. പൊട്ടിയൊഴുകുന്ന ലാവ പടർന്ന് ഒരു നാശം ഉണ്ടാകണം, നാശം വിതച്ചു കഴിഞ്ഞ്‌ ശേഷിക്കുന്നത്‌ സമത്വവും സമാധാനവും ആയിരിക്കും.”

“താങ്കൾ ഉദ്ദേശിക്കുന്നത്‌ ഒരു വിപ്‌ളവം? ഒരു യുദ്ധം?”

“അതെ,
മാക്സിന്റെ വീക്ഷണത്തിലെ കാതലതാണ്‌പീഡിപ്പിക്കപ്പെടുന്നവൻ ഒത്തുചേരുകയും, പീഡകർക്കെതിരെ വിപ്ലവം നടത്തുകയും, ആ വിപ്ലവത്തിൽ പീഡകവർഗ്ഗം നശിച്ച് പുതിയൊരു പുലരി വരുകയും ചെയ്യും .”

“അത്‌
സംഭവ്യമാണോ?”

“അതെ,
അതേ സംഭവ്യമായിട്ടുള്ളൂ.”

“അങ്ങിനെ ഉരുത്തിരിയുന്ന ഒരു സമൂഹത്തിൽ എന്നന്നേയ്ക്കുമായി സ്വസ്ഥത, സമാധാനം നിലനിൽക്കുമെന്ന്‌ താങ്കൾ വിശ്വസിക്കുന്നുണ്ടോ?”

“ഇല്ലല്ലോ… … അങ്ങിനെയുണ്ടാവില്ല. പിന്നീടു വരുന്ന അധികാരികളും വേദനപ്പെടുന്ന എല്ലാ അനുഭവങ്ങളും മറക്കും,

അവർ സുഖലോലുപരാകും വീണ്ടും എല്ലാം ഇന്നത്തെ പടിയിലാകും.”

“വീണ്ടും പഴയ പടിയിലെത്തി വിപ്‌ളവം?”

“അതെ.

“അത്‌
മാക്സിന്റെ പുതിയ വീക്ഷണമായിരുന്നോ?”

“അല്ല…
. അതൊരു ചരിത്രസത്യമാണ്. മാക്സ് അതിനെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുകമാത്രമാണ്‌ ചെയ്തത്.

പിന്നീട് നിശ്ശബ്‌ദമായിപ്പോയ സമൂഹത്തിന്റെ കാതുകളിലേക്ക്‌വ്യാസൻ കഥയായി ആഴ്‌ന്നിറങ്ങി.

“ദർശനം പുണ്യം, സ്പർശനം പാപനാശിതം, സഹശയനം

മോക്ഷപ്രാപ്തി.”

ആ വാക്കുകൾ ഉണ്ണിയുടെ മനസിൽ ചേക്കേറിയതാണെന്ന്‌

അറിയില്ല. ചേക്കേറി കരുപിടിച്ചു എന്നത്‌ യാഥാത്ഥ്യമാണ്‌.

പിന്നെ അതിനെ മനസ്സിലിട്ട്‌ മഥിക്കാനും, പലപല രൂപത്തിലാക്കാനുമുള്ള ശ്രമങ്ങളായി. ഒടുവിൽ കിട്ടിയതോ തികച്ചും താത്വീകമായൊരു ദർശനവും.

അക്കാര്യം ഉണ്ണി ആദ്യമായി പറഞ്ഞത്‌ സുജാതയോടാണ്‌. ബാല്യത്തിലും കൌമാരത്തിലും അവന്റെ കളികൂട്ടുകാരിയായിരുന്നു. എല്ലാവിധ ബാലകൌമാര
കളികളിലും, ചേഷ്ടകളിലും അവർ സജീവമായി പങ്കുകൊള്ളുകയും ഉല്ലാസരായി കഴിയുകയും ചെയ്യിരുന്നതുമായിരുന്നു. എന്നിട്ടും കാമാരം വിട്ട ഏതോ ഒരുനാൾ അവന്റെ ഹൃദയത്തിന്റെ ലോലമായ പാളികളിൽ അവൾ ഒരു ചലനമുണ്ടാക്കി. സംഗീതത്തിന്റെ മധുരദായകമായ ഒരു പ്രകമ്പനം ഹൃദയപാളികളിൽ തട്ടുകയാണുണ്ടായത്‌. ആ തട്ടലിന്റെ താളാത്മകതയിൽ അവൻ അവിശ്വസനീയമായൊരു അനുഭൂതിയിൽ അമർന്നിരുന്നു.  ഉണർവ് കിട്ടിയപ്പോൾ തന്നാൽ ഇതേവരെ അതു കണ്ടെത്താനായിരുന്നില്ലല്ലോ എന്നോർത്ത് ദുഃഖിക്കുകയായിരുന്നില്ല. വിഡ്ഢിയാണെന്നോർത്ത് ഇളിഭ്യനാവുകയായിരുന്നു.

മനസ്സിൽ അവൾ പൂർണ്ണതയുള്ളൊരു ചിത്രമായിരിക്കുന്നു, മോഹനമായ വർണ്ണത്തിൽ, ആകർഷകമായ രൂപത്തിൽ…..

അവളെ കാണുമ്പോൾ, അവളോട് സംസാരിക്കുമ്പോൾ, പ്രവത്തിക്കുമ്പോൾ, ആ പ്രവത്തികൾക്കു തന്നെ ഒരു താള നിബദ്ധത വരുന്നുണ്ടെന്ന തോന്നൽ, ആ പ്രവത്തിയിൽ നിന്നു

പോലും ആനന്ദം കിട്ടുന്നുണ്ടെന്ന തോന്നൽ, ആ ആനന്ദം അനുഭൂതിദായകമാണെന്നുള്ള അറിവ്‌…

ധ്യാനത്തിൽ അവൾ ഒരു മാധ്യമമായിട്ടെത്തിയിരിക്കുന്നു. ഇതേവരെ സൂര്യന്റെ പുലർകാലത്തെ ചുവന്ന മുഖമായിരുന്നു ധ്യാനമാധ്യമം. ഒരുനാൾ ചുവന്നു തുടുത്ത സൂര്യമുഖത്തിന്‌ കണ്ണുകളും, കാതുകളും, മൂക്കും, വായും ചുണ്ടുകളും തെളിഞ്ഞു വന്ന്‌ സുജാത ആയപ്പോൾ മനസ്സിലുണ്ടായ ചലനം, ഉണ്ണിക്ക്‌ വർണ്ണിക്കറനായില്ല. മനസ്സിൽ നിന്നും ധമനികളിലൂടെ ശരീരമാകെ ആ ചലനം പടർന്നു കയറി; ശാരീരികമായൊരു വിറയൽ; രോമകൂപങ്ങൾ വഴി വിയർപ്പു പൊടിഞ്ഞു. ശേഷം മയങ്ങിയുണർന്നപ്പോൾ അവാച്യമായൊരു സ്വസ്ഥത, സമാധാനം.

ഉള്ളിൽ കനത്തുനിന്നിരുന്നതെല്ലാം ഒഴുകി അകന്നതു പോലെ, സാഹചര്യങ്ങളോട്‌, പ്രകൃതിയോട്‌ അസാധാരണമായൊരു അടുപ്പം. ഏല്ലാററിലും അവളുണ്ടെന്ന തോന്നൽ; ആ തോന്നൽ ശക്തിപ്പെടുമ്പോൾ എല്ലാററിനെയും ഇഷ്ടപ്പെടാനൊരു വാഞ്ഛ.

ഊണ്ണിയുടെ മാററങ്ങൾ സുജാത ശ്രദ്ധിക്കാതിരുന്നില്ല. പല പ്രാവശ്യം ചോദിക്കുകയം ചെയ്തിരുന്നു.

അവളെ തനിയെകാണുമ്പോൾ വളരെ നേരം കണ്ടു കൊണ്ട്

നിശ്ശൂബ്ദനായിരിക്കുക; സംസാരിക്കാൻ തുടങ്ങിയാൽ ദീര്‍ഘ

നേരം വാദപ്രതിവാദങ്ങൾ നടത്തുക; എല്ലാ ജോലികളിലും അവളെ പങ്കുചേർക്കുക…. ….

ഒരുദിവസം അവൻ പറഞ്ഞു.

“ദർശനം പുണ്യമാണ്‌, സ്പർശ്നം പാപനാശിതമാണ്‌സഹശയനം മോക്ഷപ്രാപ്തിയാണ്‌.”

“എന്ത്‌?”

“നിന്നെ കാണുമ്പോൾ ഞാനീ പ്രകൃതിയെയാണ്‌ കാണുന്നത്‌. അതു പുണ്യമാണ്‌. നിന്നോട്‌ സംവദിക്കുമ്പോൾ ഞാൻ ഈ പ്രകൃതിയെ സ്പർശിക്കുകയാണ്‌, അതെന്നിലെ പാപങ്ങളെ കഴുകിക്കളയുകയാണ്‌. നിന്നോടൊത്ത് പ്രവർത്തിക്കുമ്പോൾ ഞാൻ പ്രകൃതിയിൽ വിലയം കൊള്ളുകയാണ്‌, അത് എനിക്ക് മോക്ഷദായകമാണ്‌..”

അവൾ അവന്റെ മുറിയിലിരുന്ന്‌ വായിക്കുകയായിരുന്നു. വായനയുടെ രസത്തിൽ അവന്റെ വാക്കുകളെ മുഴുവനായി ഗ്രഹിക്കാനായില്ല.

“ഞാൻ നിന്നിലൂടെ ഈ ലോകത്തെ കാണുകയായിരുന്നു. ഈ പ്രപഞ്ചത്തെ മനുഷ്യരെ, സകല ജീവജാലങ്ങളെയും ……”

അവൾ പുസ്തകം അടച്ചുവച്ചു. അവനടുത്തെത്തി, അവന്റെ ദേഹത്ത്‌ സ്പർശിച്ചു നിന്നു.

“നീ എന്നെ സ്പർശിക്കുമ്പോൾ പ്രകൃതി മുഴുവൻ എന്നിൽ വന്ന്‌ വിലയിക്കുമ്പോലെ ….”

അവൾ പെട്ടെന്ന്‌ തെന്നിമാറി അവനു മുന്നിൽ, അവന്റെ കണ്ണുകളിൽ നോക്കി, നിലത്ത്‌ മുട്ടകുത്തി നിന്നു.

“ഉണ്ണീ. ..”

അവൾ വിളിച്ചു.

അവൻ ജനാലവഴി, തഴച്ചു വളന്നു നില്ക്കുന്ന വേലിപ്പടർപ്പുകളെ കാണുകയായിരുന്നു. തലേന്ന്‌ പെയ്ത മഴയിൽ നനഞ്ഞിരിക്കുന്ന ഇലകളിൽ നിന്നു ഈർപ്പത്തെ പ്രഭാതരശ്മികൾ ഒപ്പിയെടുക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു.

“ഉണ്ണീ… ..”

അവൾ അവനെ കലുക്കി വിളിച്ചു.

“ഉണ്ണിക്ക്‌ ഭ്രാന്തുപിടിച്ചോ?”

അവൻ അവളടെ കണ്ണുകളിൽ നോക്കി നിമിഷങ്ങളോളം ഇരുന്നു. വളരെ പതുക്കെ അവന്റെ ചുണ്ടുകളിൽ, കണ്ണുകളിൽ

ഒരു ചിരി പടർന്നു.

“ഉം… ഭ്രാന്താണ്‌, സ്‌നേഹത്തിന്റെ…… നിന്നോട്‌,ഈ പ്രകൃതിയോട്‌, ഈ കാണുന്ന എല്ലാററിനോടും…… പക്ഷെ, അതിന്‌ കാരണം നീയാണ്‌. നീയാണ് സ്‌നേഹത്തിന്റെ മധുരം എന്റെ നാവിൽ ആദ്യമായി ഇററിച്ചു തന്നത്, നീ ഇററിച്ചു തന്ന സ്‌നേഹം എനിക്ക് അളവുകോലായി. അമ്മയിൽ നിന്നും കിട്ടന്ന സ്നേത്തിന്റെ അമൃതത്വം അറിഞ്ഞതങ്ങിനെയാണ്‌. അച്ഛന്റെ സ്‌നേഹത്തിന്റെ സ്വാർത്ഥത അളന്നതങ്ങിനെയാണ്‌. എന്റെ സ്‌നേഹിതരെ, സഹപ്രവത്തകരെ, ഗുരുക്കന്മാരെ തിരിച്ചറിഞ്ഞത്‌ അങ്ങിനെയാണ്‌.”

“ദൈവമേ. ……!?”

അവൾ അസ്വസ്ഥയായി.

“അതെ ദൈവത്തെയും തിരിച്ചറിഞ്ഞത്‌ നിന്നിലൂടെ ആണ്‌. എന്നിൽ, നിന്നിൽ, ഈ കാണുന്നതിലെല്ലാമുള്ള ആ ചൈതന്യത്തെ തിരിച്ചറിഞ്ഞതും നിന്നിലൂടെയാണ്‌. ഞാൻ എന്റെ ദൈവത്തിന്റെ ചിത്രം വരച്ചാൻ എങ്ങിനെയിരിക്കുമെന്ന്‌ അറിയാമോ?”

“ഉണ്ണി. … എനിക്ക്‌… . ഞാൻ ……”

അവളിലൂടെ എന്തെല്ലാമോ വികാരങ്ങൾ കയറിയിറങ്ങി…… അവൾ തളർന്നു പോയി, കണ്ണുകൾ നിറഞ്ഞു; തറയിൽ പടിഞ്ഞിരുന്നു.

“നിന്നെപ്പോലിരിക്കും !”

അവൾ മിഴിച്ചിരുന്നു.

സാവധാനം അവൾക്കെല്ലാം മനസ്സിലായി. അവൻ മനസ്സിലാക്കിയിരിക്കുന്നതും, പറയുന്നതും, അനുഭവിച്ചതും അവൾ തിരിച്ചറിഞ്ഞു. അനുഭവവേദ്യമായി.

“കഥാകാര ….”

സമൂഹത്തിൽ
നിന്നുമുയർന്ന് വിളികേട്ട്‌ വ്യാസൻ പുസ്തക മടച്ചുവച്ച്‌ സമൂഹത്തിന്‌ നടുവിലേക്ക് ഇറങ്ങി വന്നു.

താങ്കൾ. …… ഒരു സ്വപ്‌നജീവിയെ യാഥാർത്ഥ്യങ്ങളിൽ നിന്നും അകന്നു പോകുന്നു. പ്രാക്‌ടിക്കൽ ജീവിതത്തിൽ അസാദ്ധ്യമായ കാര്യങ്ങൾ പുലമ്പുകയും, അത് സത്യമാണെന്ന്‌ ഒരു സമൂഹത്തെ മുഴുവൻ ധരിപ്പിച്ച്‌ തെററായ മാർഗ്ഗത്തിലൂടെ നയിക്കാൻ ശ്രമിക്കുകയുമാണ്‌.

“അല്ല.
ഞാൻ പറയുന്നത്‌ യാഥാർത്ഥ്യങ്ങൾ മാത്രമാണ്‌. മനുഷ്യനിൽ സ്‌നേഹം അങ്കുരിക്കുന്നതു തന്നെ ഓപ്പോസിറ്റ്

സെക്‌സിനോടാണ്‌. ഓപ്പോസിറ്റിന്‌ ഒരാകർഷണശക്തിയുണ്ട്‌; കാന്തത്തിന്റെ പോസറ്റീവ്‌ തലം, നെഗറ്റീവ്‌ തലത്തിലേക്ക്‌ ആകർഷിക്കും പോലെ. ആകർഷണത്താൽ അടുക്കുന്ന വ്യക്തികൾ പരസ്പരം അറിയുമ്പോൾ നിസ്വാർത്ഥതയോടെ ഇടപഴകാൻ ഒരുമ്പെടുന്നു. ഇടപഴകുമ്പോൾ അവാച്യമായൊരു ആനന്ദത്തിൽ, നിർവൃതിയിൽ വിലയം കൊള്ളകയും ചെയ്യുന്നു. ആ നിർവൃതിയിൽ നിന്നും ഉണരുന്ന അവരിൽ നിന്നും എല്ലാ മൃഗീയതകളും അകന്നു പോവുകയും അവർ തികഞ്ഞ മനുഷ്യരായി പരിണമിക്കുകയും ചെയ്യുന്നു.

“എങ്കിൽ എന്തു കൊണ്ട്‌ നമ്മുടെ സമൂഹത്തിൽ, നാം കാണുന്നതെല്ലാം താങ്കൾ പറയയന്നതിന്‌ ഘടക വിരുദ്ധമായി

പരിണമിക്കുന്നു, താങ്കൾ പറയും പോലെ എത്രയോ സ്രീപുരുഷന്മാർ ആകർഷിക്കപ്പെടുന്നു, ഒത്തുചേരപ്പെടുന്നു, എന്നിട്ടും?”

“ശരിയാണ്‌. അതു നമ്മുടെ സംസ്‌
കാരത്തിന്റെ തകർച്ചയാണ്. സംസ്ക്കാരം വിശ്വാസങ്ങളിലും ആചാര അനുഷ്‌ഠാനങ്ങളിലും രൂപീകരിക്കപ്പെടുന്നതാണ്‌. വികലമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കൊണ്ട്‌ സംസ്‌കാരം ദിശമാറി ഒഴുകി കൊണ്ടിരിക്കുകയാണ്‌ . ആ ഒഴുക്കിൽ സ്ത്രീ തരംതാഴ്ത്തപ്പെടുകയും‌ അവൾ പുരുഷന്റെ ഉപഭോഗവസ്തു മാത്രമാക്കപ്പെടുകയും
ചെയ്തു.
അപ്പോൾ പ്രാഥമികമായി ആദരിക്കേണ്ടുന്ന നിസ്വാർത്ഥ സ്‌നേഹത്തിൽ തന്നെ പുരുഷന്റെ സ്വാർത്ഥപരമായ താല്പര്യത്തിന്‌ മുൻ തൂക്കമുണ്ടായി.”

“പക്ഷെ……”

“പക്ഷെ….? “

“ഒരിക്കൽ നമ്മുടെ സംസ്‌കാരം സ്ത്രീയെ ദേവതയായി, ആരാധനാ മൂത്തിയാക്കി വയ്ക്കുകയും ലോക മാതാവായിട്ട്‌ ആരാധിക്കുകയും ചെയ്തിരുന്നതാണ്‌.”

“അതെ.
പക്ഷെ, സംസ്‌കാരങ്ങൾ സങ്കലിതമായപ്പോൾ ശക്തരുടെ സംസ്‌കാരത്തിന്‌ വിലയേറി, മററുള്ളവകളെ അടി

ച്ചമർത്തി ആധിപത്യം സ്ഥാപിച്ചു. കൂടാതെ, ആരാധന എന്നതും സ്വാർത്ഥപരമായ ഒരു സമീപനമല്ലെ?”

@@@@@@




അദ്ധ്യായം പന്ത്രണ്ട്

ഒരുദിവസത്തെ കഠിനാദ്ധ്വാനം കഴിഞ്ഞ്‌. കുളികഴിഞ്ഞ്‌, വൃത്തിയായ വസ്ത്രങ്ങൾ ധരിച്ചുകഴിഞ്ഞാൽ ക്ലബ്ബിൽ എത്തുക എന്നത് ഏറിയ പങ്കും ആളുകളടെ പതിവായി മാറി.

ചായക്കടയിൽ ഇരുന്നുള്ള ഉണ്ണിയുടെ പത്രപാരായണം ക്ലബ്ബിലേക്ക് മാറിയപ്പോൾ ആളകൾക്ക് ഹര മേറി. ഉണ്ണിയുടെ നാവിലൂടെ അവർ ലോകത്തെ അറിഞ്ഞു.പല പല രാഷ്‌ട്രത്തലവന്മാരുടെ പതനങ്ങൾ, മററു ചില രുടെ ഉന്നമനങ്ങൾ, കറുത്ത വർഗ്ഗക്കാരുടെ അനിഷേദ്ധ്യ നേതാവിന്റെ ആരോഹണം, അയാളടെ ഭാര്യയുടെ അസാന്മാർഗിക ബന്ധങ്ങളെ തുടർന്നുള്ള അവരോഹണം.

ആഗോളമായി ഒരു വിശ്വാസപ്രമാണത്തിന്റെ ദാരുണമായ തകർച്ച. ലോകപോലീസുകാരുടെ പിറകിൽ തങ്ങി നിൽക്കാൻ വെമ്പൽകാണിക്കുന്ന വെളത്തവർഗ്ഗക്കാരുടെ രാഷ്ട്രങ്ങൾ……

കൊലചെയ്യപ്പെട്ട്‌ ഉത്തരത്തിൽ തൂങ്ങേണ്ടി വന്ന ഒരു രാഷ്‌ട്രത്തലവൻ, അധികാരത്തിൽ നിന്നും വലിച്ചിറക്കപ്പെട്ടവർ, കടുത്ത അഴിമതി ആരോപണങ്ങൾക്ക്‌ വിധേയരായി സ്ഥാനങ്ങൾ ഒഴിയേണ്ടിവന്നവർ…..

പക്ഷെ, നാം അധിവസിക്കുന്ന രാഷ്ട്രത്തിന്റെ അത്രയും വിവാദ കോലാഹലങ്ങൾ മറെറങ്ങും ഇല്ലായെന്നറിയുന്ന സാധാരണ പൌരന്റെ അമ്പരപ്പ്‌, ഒരു രാഷ്‌ടത്തിലെ ഉന്നതരായ രാഷ്‌ട്രീയക്കാരെല്ലാം അഴിമതിക്കാരെന്ന്‌ ആരോപിക്കപ്പെടുന്നു. ആർക്കും അതിനെ നിഷേധിക്കാൻ കഴിയാത്തവിധം തെളിവുകളും ഉണ്ടാകുന്നു. കൂടാതെ ഭരണത്തിൽ ഉരുന്നു കൊണ്ടു തന്നെ രാഷ്ട്രത്തിന്റെ രഹസ്യങ്ങളെ ശത്രുരാജ്യങ്ങൾക്ക്
ചോർത്തിക്കൊടുക്കുകയും അവർക്കിവിടെ വിധ്വംസക പ്രവത്തനങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ അനുവദിക്കുകയും കൂടി ചെയ്യുന്നു.

അപകടമരണങ്ങൾ, കൊലപാതകങ്ങൾ, തിരോധാനങ്ങൾ, ഹീനമായ മററു കൃത്യങ്ങൾ……

“ഉണ്ണിസാറെ ഇതൊക്കെ ഉള്ളതു തന്നാണോ?”

പടിഞ്ഞാറ്‌ മലകൾക്ക്‌ മറവിലേക്ക്‌ ധൃതിയിൽ മറയുന്ന സൂര്യനിൽ നിന്നും എത്തുന്ന മങ്ങിയ വെളിച്ചത്തിൽ ഉണ്ണിക്ക്‌ അയാളടെ മുഖം കാണാം. ഒട്ടിയ കവിളുകളും കുഴിയിലാണ്ട്‌ മഞ്ഞനിറം കയറിയ കണ്ണുകളും നരച്ച താടിമീശ രോമങ്ങളും ദൈന്യമായ മുഖഭാവവും ……….. ഇത്‌ ഒരു സാധാരണ പൌരന്റെ മുഖമാണ്‌, ഉണ്ണി കണ്ടറിഞ്ഞു.

“അതെ സത്യമാണ്‌…..സത്യത്തിന്റെ ഒരംശം മാത്രം …..പൂർണ്ണമായ സത്യം ഇതിനേക്കാളേറെ ബീഭത്സവും അസഹനീയവുമായിരിക്കും …..”

“ലോകം അവസാനിക്കാറായതിന്റെ സൂചനയാകാം ….?”

“അതെല്ലാം പരപ്രേരണയാലുള്ള വിശ്വാസങ്ങളാണ്‌.”

“ ഇതൊന്നും കണ്ടിട്ട്‌ ആരും കണ്ടില്ലെന്ന്‌ നടിക്കുന്നതെന്താണ്
?”

“ആർക്കും അതിലൊന്നും താല്പര്യമില്ല….സമയമില്ല…..സ്വന്തം ദേഹത്ത്‌ കുത്തി ആഴ്‌ന്നിറങ്ങുമ്പോഴേ വേദന അറിയ്യു.”

സ്വന്തം ജീവൻ പോകുമ്പോഴേ മരണത്തിന്റെ സത്യമറിയനാവൂ….ആർക്കും സ്വന്തം ജീവനേക്കാൾ വിലയതായിട്ട്
മറ്റൊന്നുമില്ല…ആർക്കും……. ഒന്നിനോടും ഒരു പ്രതിബദ്ധതയുമില്ല .

ഭാര്യ, മക്കൾ, എല്ലാം സ്വന്തം സുഖത്തിന്‌, സരകര്യങ്ങൾക്ക്

വേണ്ടിയാണ്.
മക്കളെ വളർത്തുന്നത്‌, നല്ലനിലയിലാക്കുത് നമുക്ക്‌ നന്നായി ജീവിക്കാൻ വേണ്ടിയാണ്. അല്ല്ലേ…?”

“തീർച്ചയായും”

“അത്
സ്വാർത്ഥതയാണ്. ആ കുട്ടിവ്നാം പറയും വിധത്തിൽ, നമ്മുടെ സ്വപ്നത്തിലെ പോലെ ആകാൻ വേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടുകളെപ്പറ്റി,ശാരീരിക്  പീഡകളെപ്പററി നാം ചിന്തിക്കറുണ്ടോ?”

മലകൾക്ക് മറവിലേക്ക് സൂര്യൻ പതുങ്ങി പതുങ്ങി ഇറങ്ങിപ്പോയി, ഇരുട്ടായി, രാത്രിയായി …….

കഥാകാരൻ പറഞ്ഞു.

“നാം മനുഷ്യർ പരിണാമത്തിന്‌ വിധേയരാകുകയാണ്.ഡാർവി൯ പറഞ്ഞു; കുരങ്ങിൽന്നും ഘട്ടംഘട്ടമായി പരിണമിച്ച് നിവർന്നു നടക്കുന്നവരായി, വാലില്ലാത്തവരായി, കയ്യിൽ കല്ലുകളം അസ്ഥികളും ആയുധമാക്കിയവരായി, ദേഹത്തെ പൊതിഞ്ഞിരുന്ന രോമങ്ങൾ കൊഴിയപ്പെട്ടവരായി, തല ചെറുതായി, ചെറുതായി വന്ന് സുന്ദര
മുഖത്തോടുകൂടിയവരായി, മഷ്തിഷ്കം കുറുകി വിവേവിക്ലായി,
വീണ്ടും വീണ്ടും പരിണാമത്തിൽപ്പെട്ട്‌ ചലിച്ച ചലിച്ച്……..

എവിടെയോ ഞാന്‍ വായിച്ചു. ആരോ ചോദിച്ചതായിട്ട് പരിണമിച്ച് പുരോഗമിച്ചതെങ്കിൽ മനുഷ്യൻ കഴിഞ്ഞിട്ടുള്ള പരിണാമത്തിലൂടെ എത്തിയ ജീവിയേതെന്ന്‌? എനിക്ക്‌ തോന്നുന്നത് മനുഷ്യനു ശേഷം മനുഷ്യത്വം വിട്ട മനുഷ്യരൂപി

കളാകുമെന്നാണ്. മാംസ ദാഹവും രക്‌ത ദാഹവും അധികമായി മാംസവും രക്‌തവും അമിതമായി ഭുജിച്ച്‌, അവന്റെ രൂപത്തിനും മാറ്റം വരാം. നീണ്ട ദൃംഷ്ടങ്ങളും കൂർത്ത നഖങ്ങളും ചുവന്നു തുറിച്ച കണ്ണുകളും കഠാരയേക്കാൾ മൂർച്ചയേറിയ
തേറ്റകളുമായി…….”

വഴിയിലെ വളവ്‌ തിരിഞ്ഞു കഴിഞ്ഞാൽ കിഴക്ക് വടക്കായി ഒരു മലനിറഞ്ഞ്‌ കേദാരം റിസോര്‍ട്ട്സ് കാണാറായി.വെയിൽ അതിനുമേലെ ശക്തിയായി വീഴുന്നുണ്ട്‌.

“അങ്കിൾ സ്നേഹമെന്നാൽ എന്താണ്‌?”

ഉണ്ണി എമിലിയെ ശ്രദ്ധിച്ചു. അവളടെ കണ്ണുകളിൽ നിഷ്കളങ്കമായ 
ഭാവമാണ്‌. അവൾ എസ്തേറിനേക്കാൾ വെളിത്തിട്ടാണ്. ഒൻപതാം തരത്തിലെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴേക്കും അമ്മയേക്കാൾ വളർന്നിരിക്കുന്നു. പിതാവിന്റെ പ്രകൃതിയാണ്‌ അവൾക്ക് പക്ഷെ, ബുദ്ധിയും ഒതുക്കവും ശാലീനതയും അമ്മയുടേതാണ്‌.

എല്ലാ ഞായറാഴ്ചകളിലുമുള്ള കുട്ടികളുടെ ക്ലബ്ബൽ ഒത്തു കൂടുകയും കുട്ടികളുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ്‌ ഉണ്ണിക്ക്‌ എമിലിയെ അടുത്തറിയാൻ കഴിഞ്ഞത്‌. അമ്മയ്ക്ക് ഏററ ദുരന്തം വഴി അവളിലേയ്ക്ക വന്നുപെട്ട ജീവിത സാഹചര്യത്തിൽ വളരെ ദു:ഖമുണ്ട്‌. പക്ഷെ, അമ്മയെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്പ. അമ്മയുടെ വേദനകളെ കണ്ടറിയുകയും സാന്ത്വനപ്പെടുത്താൻ മുതിരുകയും ചെയ്യാറുണ്ട്‌.അവളുടെ പിതാവിന്റെ സ്ഥാനത്ത്‌ വിത്സൻ ഡിക്രൂസിനെ
അവരോധിച്ചതിൽ യാതൊരു വികാരവുമില്പ. പക്ഷെ, അയാളെ നേരിൽ കാണുന്നതു പോലും വെറുപ്പായിരിക്കുന്നു. അമ്മയോടു ചെയ്ത ക്രൂരതയെക്കാളേറെ അയാൾ തുടർന്നു വരുന്ന ജീവിതശൈലിയോട്‌ യോജിക്കാൻ കഴിയാത്തതിനാലാണ്‌.

കുട്ടികളടെ ക്ലബ്ബിലെ ഒത്തുചേരലുകൾക്ക്‌ രസമേറ്റുവാനാണ്‌ ഉണ്ണി കഥ പറഞ്ഞു തുടങ്ങിയത്‌ , വിക്രമാദിത്യകഥകൾ, അറബിക്കഥകൾ, പുരാണകഥകൾ, അപദാനകഥകൾ ഒക്കെ

കഴിഞ്ഞിരിക്കുന്നു, അക്കഥകൾ വഴി കുട്ടികളുടെ മനസ്സിൽ ആഴത്തി; തന്നെ ഉണ്ണി സ്ഥാനം നേടി കഴിഞ്ഞിരിക്കുന്നു.

അന്നത്തെ ക്ലബ്ബ്‌കഴിഞ്ഞ്‌ മടങ്ങുമ്പോൾ ഉണ്ണിക്കൊപ്പം എമിലി നടന്നു.

“അങ്കിൾ!”

“രണ്ടു വ്യക്തികൾ തമ്മിലുണ്ടാകുന്ന ഇഷ്ടമാണ്‌ സ്നേഹം. പക്ഷെ, ആ ഇഷ്ടം കൊടുക്കുന്നതിലായിരിക്കണം, വാങ്ങുന്നതിലായിരിക്കരുത്‌.”

പെട്ടന്ന് റോഡരുകില്‍ നിന്ന എമിലിയെ വിട്ട്‌ ഉണ്ണി കുറെ നടന്നതായിരുന്നു. പക്ഷെ, അവളെ ഒപ്പം കാണാത്തതിൽ തിരിഞ്ഞുനിന്നു. വീണ്ടും അവൾക്കരുകിലെത്തി.

അവളടെ കണ്ണുകൾ നിറഞ്ഞുവരുന്നത്‌ കണ്ടു.

“മോൾക്കെന്താണ്‌ പററിയത്‌?”

അവൾ മുഖം പൊത്തി ഏങ്ങലടിച്ചു.

അവരുടെ വഴി വിജനമായിരുന്നു. വഴിയോരത്തെ വലിയ ഒരു മരത്തിലേക്ക്‌ ഉണ്ണി നീങ്ങിനിന്നു. അവളെ തണലിൽ ഒരു വേരിൽ ഇരിക്കാൻ പ്രേരിപ്പിച്ചു.

കൈകളിൽ മുഖം പൂഴ്‌ത്തി കുറെ സമയം അവൾ കരഞ്ഞിരുന്നു.

ഉണ്ണിക്ക്‌ ഒന്നും മനസ്സിലായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ മററാരെങ്കിലും കാണുന്നതിനിടയായാൽ ഉണ്ടാകാവുന്ന തെററിദ്ധാരണയെ ഓർത്ത് വിഷമിക്കുകയും ചെയ്തു.

അവളുടെ ഏങ്ങലടിയുടെ ശബ്ദം കുറഞ്ഞു കുറഞ്ഞുവരികയും,

കരച്ചിൽ നിർത്തി മുഖമുയർത്തുകയും ചെയ്തു.

“എന്താണ്‌ മോളെ….”

“അയാൾ എന്നെ സ്നേഹിക്കുകയായിരുന്നില്ല അങ്കിൾ……

ഇഷ്ടമുണ്ടെന്നു കാണിച്ചിട്ട്‌ എന്നിൽ നിന്നും എല്ലാം തട്ടിപ്പറി

ക്കാൻ
ശ്രമിക്കുകയായിരുന്നു….”

ഉണ്ണിയുടെ കണ്ണുകൾ വിടർന്നു വന്നു. സത്യത്തിൽ അവന് അപ്പോൾ അവളെ കാണുമ്പോലെയാണ്‌ തോന്നിയത്‌.

എമിലിയിപ്പോൾ കൊച്ചു കുട്ടിയല്ല. പ്രായമായ പെൺകുട്ടിയാണ്‌. അവളടെ കണ്ണുകളിലെ അഗാധനീലിമയും ,

കവിളകളിൽ പടർന്നിരിക്കുന്ന ചെന്നിറവും, ഈർപ്പമാർന്ന അധരങ്ങളുടെ വിറയലും, ദേഹത്തിന്‌ വന്നു കൊണ്ടിരിക്കുന്ന

പരിണാമങ്ങളം …….

എമിലിയെന്ന പെൺകുട്ടി സ്ത്രീയാവുകയാണ്‌ !

“അങ്കിൾ.. സത്യമായിട്ടും ഞാം ചീത്തയായിട്ടില്ല…..സത്യം …… സത്യമായിട്ടും ഞാൻ വെയിസ്റ്റായിട്ടില്ല.*

-ചീത്തയാവുകയെന്നോ, വെയിസ്റ്റാവുകയെന്നോ ഉള്ളതൊന്നും നിത്യമായ ചൈതന്യത്തിന്‌ മുന്നിൽ, പ്രകൃതിനിയമത്തിന്‌ മുന്നിൽ ഒന്നുമല്ല. നിന്റെ ശാരീരികമായ ആവശ്യങ്ങളാണ്‌. പക്ഷെ, അതുകൾ നിറവേററപ്പെടേണ്ടത്‌ നിന്റെ മാനസികമായ ശാരീരികമായ സമ്മതത്തോടുകൂടിയായിരിക്കണം എന്നുമാത്രം. നാം കാണുന്നതും അറിയുന്നതുമായ ചട്ടങ്ങളും നിയമങ്ങളും സമൂഹത്തിന്റേതാണ്‌. ഒരു പരിധിവരെ ഈ സമൃഹത്തിന്റെ നിലനില്പു തന്നെ അലിഖിതമായ ഇപ്രകാരമുള്ള കുറെ നിയമങ്ങളുടെ തണലിലാണ്‌.

പക്ഷെ, ഉണ്ണി അവളോടത്‌ പറഞ്ഞില്ല.

“ മോളേ….”

അവൾ ഉണ്ണിയുടെ കണ്ണുകളിൽ നോക്കിയിരുന്നു. അവന്റെ മുഖത്തെ പ്രസന്നതയും, നേർത്ത പുഞ്ചിരിയും അവളിലേക്ക്‌സാന്ത്വനമായി ഒഴുകിയെത്തി.

“സത്യങ്ങളെ നമുക്ക് കാണാൻ കഴിയണം, അതിനാണ്‌ നാം പഠിക്കുന്നത്‌… അതിനാണ്‌ നമുക്ക വിവേകമുണ്ടായിരിക്കുന്നതും.”

അവേക്ക് തണലായി നിന്നിരുന്ന വൃക്ഷച്ചുവട്ടിലേക്ക്‌എവിടെ നിന്നോ, ഒരു കുളിർ തെന്നൽ പാറിയെത്തി. ഉഷ്‌ണത്തിൽ, വിയർപ്പിൽ വിർപ്പുമുട്ടിയിരുന്ന അവരുടെ ദേഹത്തിന് തണുപ്പ്‌ നൽകി. ദേഹം തണുത്തു, മനസ്സും തണുത്തു.

@@@@@