ഭ്രാന്ത്

ഒരു
സന്ധ്യക്ക് മുറ്റത്തുകൂടി ഉലാത്തി അയാള്‍
, മനസ്സും
ശരീരവും എരിപൊരി കൊണ്ടിട്ട്.  പണ്ട്
കാരണവന്മാരും അങ്ങിനെ ചെയ്തിരുന്നു, പണി കഴിഞ്ഞെത്തി ചൂടു
വെള്ളത്തില്‍  കുളിച്ച്,  ഭസ്മക്കുറി തൊട്ട്, അത്താഴം കഴിച്ച,് മേമ്പൊടിയായിട്ട് ഒന്നര പെഗ്ഗ് റം
സേവിച്ച് മുറ്റത്തു കൂടിയുള്ള നടത്തം 
മനോവേദനയും മേലു കടച്ചിലും പമ്പ കടത്തുമെന്നായിരുന്നു വിശ്വാസം.  അയാളും പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തില്‍
കുളിച്ചു. പക്ഷെ, ഭസ്മം തൊട്ടില്ല, അത്താഴം
കഴിച്ചില്ല, മേമ്പൊടി സേവിച്ചില്ല. മനസ്സും ശരീകവും
സ്വസ്ഥമാകുമെന്ന് കരുതി നടന്നതാണ്. 

       ഭസ്മക്കുറി തൊടാതിരുന്നത് ശീലമില്ലാത്തതു കൊണ്ട്, അത്താഴം
കഴിക്കാഞ്ഞത് സമയമാകാത്തതു കൊണ്ട,് മേമ്പൊടി സേവിക്കാഞ്ഞത്
പണിക്കൂലി നിത്യ ചെലവ് കഴിഞ്ഞ് ബാക്കിയില്ലാത്തതു കൊണ്ട്……. എങ്കിലും, വെറുതെ നടന്നു.

       മക്കള്‍ വിഹ്വലരായി.  അയാളെ വാനില്‍
കൂട്ടികെട്ടിയിട്ട,് കൊണ്ടു പോയി മനോരോഗാശുപത്രിയിലാക്കി.
ആശുപത്രിക്കാര്‍ ഷോക്ക് നല്‍കി മയക്കത്തിലാക്കി. ഭ്രാന്തനെന്ന് പേരും നല്‍കി.

@@@@@




നിഴല്‍

നിഴലിനെ ഭജിക്കരുത്, ഭുജിക്കരുത്.  നേര്‍ വെളിച്ചത്തില്‍
കാണാതെവിടയോ മറഞ്ഞിരിക്കുകയും ചരിഞ്ഞ പ്രകാശത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന
വിസ്മയമാണ്, വിഭ്രമമാണ്.

@@@@@@




വേഷം

വേഷങ്ങള്‍
പലതാണ് മനുഷ്യന്, മൃഗത്തിനല്ല.  അതുകൊണ്ടു തന്നെ മൃഗങ്ങള്‍ സൃഷ്ടി തത്വത്തോട്,
പ്രകൃതിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു. മനുഷ്യന്‍ പ്രകൃതിയില്‍
നിന്നകന്ന് പല വേഷങ്ങള്‍ തീര്‍ത്ത് മറഞ്ഞിരിക്കുന്നു. വ്യത്യസ്ത ചതിക്കുഴികള്‍
പണിഞ്ഞ് ഇരപിടിക്കുന്നു. മൃഷ്ടാന്നം ഭുജിച്ച് പ്രകൃതി വിരുദ്ധരാകുന്നു.

@@@@@@




നാണയം

നാണയത്തിന് രണ്ട്
മുഖങ്ങളുണ്ട് – തലയും  മണയും, ഹെഡ് ആന്‍റ് ടെയില്‍.  നാണയം രണ്ടു
വിധത്തില്‍ തീര്‍ക്കാം, രണ്ടു മുഖങ്ങള്‍ വെവ്വേറെ അച്ചുകളില്‍
വാര്‍ത്ത് ഒട്ടിച്ചും, ഒരച്ചിനുള്ളില്‍ രണ്ടു മുഖങ്ങള്‍ തീര്‍ത്ത്
മാധ്യമം ഉള്ളില്‍ നിറച്ച് പണിതും. മര്‍ത്ത്യനെപ്പോലെ മനുഷ്യനും
മൃഗവുമായിട്ട്.  എന്നെ എങ്ങിനെയാണ്
പണിഞ്ഞെടുത്തിരിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും കണ്ടെത്താനാകുന്നില്ല.

@@@@@@




കല്ലുകള്‍

ഞങ്ങള്‍ മൂന്നു പേര്‍, സുഹൃത്തുക്കള്‍ ഗ്രാമത്തിലെ മുക്കവലയില്‍ നിന്ന്, രാത്രിയില്‍
കഥകള്‍ പറയുകയായിരുന്നു.  കടകള്‍ അടച്ചു
തുടങ്ങിയിട്ടില്ല. വൈദ്യുത വിളക്കിന് തെളിച്ചം കുറവുണ്ടെങ്കിലും ഞങ്ങളെപ്പോലെ സോറ പറയുന്നവര്‍
അവിടവിടെ നില്‍ക്കുന്നതു കാണാം.  കവി
സുഹൃത്ത് പറഞ്ഞ കഥയുടെ ഒടുക്കം ഇങ്ങിനെ ആയിരുന്നു.

        “മോനേ…. നീയെന്തേലും നാലക്ഷരം പഠിച്ച് സര്‍ക്കാരു ജോലി
വാങ്ങാന്‍ നോക്ക്.  അല്ലെങ്കില്‍
അച്ഛനെപ്പോലെ  കല്ലു കഴുകേണ്ടി വരും.”    പണ്ടത്തെ ഏതോ ഒരു പൂജാരിയുടേതായിരുന്നു കഥ.
പൂജാരിയുടെ ഭാര്യ മകനോട് പറയുന്നതാണ് അവസാനം പറഞ്ഞത്.

        ഞാന്‍ പറഞ്ഞു.

        “അതൊക്കെ പണ്ട്. ഇന്ന് ആ കല്ലു കഴുകുന്ന ജോലിക്ക് ലക്ഷങ്ങള്‍
കോഴ കൊടുക്കണം, കോടിയുമാകാം…. എന്നിട്ടോ…. ലക്ഷങ്ങളെ അവര്‍
കോടികളാക്കും, കോടികളെ ശതകോടികളാക്കും…. കോടീശ്വരന്മാരാകും…..”

        ഞങ്ങളില്‍ മൂന്നാമന്‍ സുഹൃത്തിന് അത് ഇഷ്ടമായില്ല.  അയാള്‍ കലങ്ങലുണ്ടാക്കി ഞങ്ങളെ വിട്ട്
പോകുന്നതു കണ്ടു.  അടുത്ത നിമിഷത്തില്‍
വൈദ്യുത വിളക്ക് ഉണ്ടാക്കുന്ന നിഴലുകള്‍ ഞങ്ങളെ പൊതിയുന്നതാണ് കാണുന്നത്.

@@@@@@




പാമ്പും കോണിയും

പാമ്പും കോണിയും കളിയായിരുന്നു, അവന് ജീവിതം. 
ഒന്നില്‍ നിന്ന് കരുവെറിഞ്ഞ് രണ്ട്,
മൂന്ന്, നാലില്‍ എത്തി, ഇരുന്ന്
പാതയോരത്ത്  പെട്ടിക്കട വച്ച്
കച്ചവടക്കാരനായി ജീവിതം തുടങ്ങി, നന്നെ ചെറുപ്പത്തില്‍ തന്നെ. വലിയ മുതലുറപ്പൊ, ബന്ധുബലമോ, ജാതി
ശക്തിയോ, മത സഹായമോ കിട്ടാന്‍ അവനൊരു സവര്‍ണനല്ല. 
സംവരണം വാങ്ങുന്നുണ്ടെങ്കില്‍ ജാതി വിളിച്ചാലെന്ത്, ചോദിച്ചാലെന്ത്, പറഞ്ഞാലെന്ത്, ജാതിചേരിയില്‍  ജീവിച്ചാലെന്തെന്ന് ചോദിക്കുന്ന നവോത്ഥാന
ബുദ്ധിജീവികള്‍ വാഴുന്ന കാലഘട്ടം.  അവനോടും
ചോദിച്ചിട്ടുണ്ട് പലരും. നിനക്ക് നിന്‍റെ കുലത്തൊഴില്‍ ചെയ്താല്‍ പോരെ,
പെട്ടിക്കട നടത്തി കഷ്ടപ്പെടേണ്ട കാര്യമുണ്ടോയെന്ന്.  അവന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്തേലും പറഞ്ഞാല്‍
ചോദ്യ കര്‍ത്താവിന്‍റെ കച്ചവടം പോകും. 
അയാള്‍ വല്ലപ്പോഴും കാലിപ്പുകയില കൂട്ടി മുറുക്കാന്‍ വരുന്ന ആളാകാം, കാജാ
ബീഡി വാങ്ങുന്ന ആളുമാകാം. 

       പാമ്പില്ലാത്ത,
കോണിയില്ലാത്ത കളത്തിലിരുന്ന് അവന്‍
പിന്നെയും കരുവെറിഞ്ഞു, അഞ്ച്, പത്ത്, പതിനഞ്ച് എന്നിങ്ങിനെ ഇരിപ്പിടം കയറിക്കയറി
വന്നു.  ചിലപ്പോഴൊക്കെ കോണി കയറി ഇരുപതിലും
ഇരുപത്തിയഞ്ചിലും എത്തിയിട്ടിണ്ട്, അടുത്തു തന്നെ ചെറിയ പാമ്പുകള്‍ വിഴുങ്ങി താഴെ നില്‍ക്കുന്ന
നമ്പറുകളിലേക്ക് മടങ്ങിയെത്തിയിട്ടുമുണ്ട്. കരഞ്ഞില്ല,
ഹൃദയം തകര്‍ന്നില്ല, ശരീരം
കളയണമെന്ന് തോന്നയിട്ടുമില്ല. തികച്ചും യാദൃച്ഛികമായിട്ട് ഒരേറില്‍ കരു
തൊണ്ണൂറ്റിയെട്ടില്‍ കൊണ്ടപ്പോള്‍ അവന്‍ അതിയായി ആമോദപ്പെട്ടോ…..
പെട്ടിരിക്കാം.  ഒരു സാധാരണ മനുഷ്യനായ അവന്
അതില്‍ കൂടുതല്‍, അല്ലെങ്ങില്‍ അതിലും താഴ്ന്ന ഒരു വികാരം
ഉണ്ടാകാനില്ല.  സുഖത്തിലും ദുഃഖത്തിലും
നിസംഗനായിരിക്കാന്‍ അവന്‍ ബുദ്ധനല്ല, ബുദ്ധനെ അറിയുന്നവനുമല്ല. പക്ഷെ, പിന്നീടുണ്ടായ
കരുവേറില്‍ ഒറ്റ അക്കമാണ് തെളിഞ്ഞു വന്നത് പാമ്പും കോണിയും ബോര്‍ഡിലെ വലിയ
പാമ്പിന്‍റെ വായിലേക്ക്….. തൊണ്ണൂറ്റിയൊമ്പതിലേക്ക്…… തൊണ്ണൂറ്റിയൊമ്പതിലെ
വെള്ളപ്പൊക്കത്തെക്കുറിച്ച് അവന് കേട്ടു കേള്‍വിയെ ഉണ്ടായിരുന്നുള്ളൂ….
രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കം പെട്ടിക്കടയെ എടുത്തു കൊണ്ട് കടലിലേക്ക്
പോയപ്പോള്‍ അവന്‍ വീട്ടില്‍ ഉറക്കമായിരുന്നു. ഉണര്‍ന്നപ്പോള്‍ ഇറയത്തേക്ക്
മലവെള്ളം എത്തിനോക്കുകയായിരുന്നു.@@@@@@




ശംബൂകന്‍

ശംബൂകാ നീ
മരിച്ചു കൊണ്ടിരിക്കുകയാണ്…. ഇപ്പാള്‍ നിനക്ക് എന്താണ് പറയാനുള്ളത്………

        നിണത്തില്‍ പുതഞ്ഞ് കിടക്കുന്ന ശംബുകന്‍റെ കണ്ണുകള്‍ മെല്ലെ
തുറന്നു അസഹ്യമായ വേദനയുണ്ടായിട്ടും ആ ചോദ്യത്തിനു മുന്നില്‍ കണ്ണുകളെ
തുറക്കാതിരിക്കാന്‍ കഴിയില്ല അയാള്‍ക്ക്. കലമ്പിച്ച, ഇതുപോലെ
വൃത്തികെട്ട ശബ്ദത്തില്‍ ആര്‍ക്കാണ് ചോദിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ക്കറിയാം.  ആ മുഖമൊന്ന് കാണെണമെന്ന് മോഹം തോന്നി.  ആ മുഖത്തെ രസങ്ങളെ അറിയണമെന്ന് തോന്നി.

        സൂതന്‍…  ഏതോ ഒരു
സൂതന്‍.

        ബ്രാഹ്മണന്, ക്ഷത്രിയന് പുകഴ്ത്തു പാട്ടുകള്‍
പാടി നടക്കുന്ന ബുദ്ധി ശൂന്യന്‍…….

        ഇരുള് പരന്നു തുടങ്ങിയിരിക്കുന്നു, സൂര്യദേവന്‍ വൃക്ഷങ്ങള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുന്നു.  അങ്ങിനെയാണ് ദേവതകള്‍… ഒരാവശ്യം വരുമ്പോള്‍
മറഞ്ഞുകളയും…….

        ദേവതകള്‍ മഹാ വിഡ്ഢിത്തങ്ങള്‍…….  പ്രകൃതിയിലെ എല്ലാ ദേവതകളെയും
ആരാധിച്ചിരുന്നതാണ്, എന്നിട്ടോ  ഒരു സഹായത്തിന് ആരുമെത്തിയില്ല. എത്തിയ ശക്തരെല്ലാം
അയാളുടെ ഭാഗത്തായി നില കൊണ്ടു, രാജന്യന്‍റെ,  ക്ഷത്രിയന്‍റെ, ബ്രാഹ്മണ സഹായികളുടെ……. 
ബ്രാഹ്മണന് ക്ഷത്രിയന് വിടു പണി ചെയ്യേണ്ടവനാണ് ശൂദ്രനെന്ന് അവര്‍
തന്നെയാണ് പറയുന്നത്.  പ്രകൃതിയില്‍ എല്ലാം
തുല്യമെന്നാണ് ഗുരുക്കള്‍ പഠിപ്പിച്ചിട്ടുള്ളത്, പിന്നെ
എങ്ങിനെ ശൂദ്രന്‍ താണവനായി……. 
അല്ലെങ്കില്‍ എന്താണ് ഉയര്‍ച്ച താഴ്ചകള്‍……

        അവന്‍, സൂതന്‍, നടന്ന്
എല്ലാം കാണുകയാണ്, കഥകള്‍ മെനഞ്ഞ് അയല്‍ കൊട്ടാരങ്ങളില്‍
ചെന്ന് വര്‍ണ്ണിക്കുവാന്‍. ക്ഷത്രിയനെ എതിര്‍ത്ത, ബ്രാഹ്മണനോട്
പൊരുതിയ ശൂദ്രന് കിട്ടിയ കൂലിയെ പെരുപ്പിച്ച് കാണിക്കാന്‍…..

         ഒറ്റക്ക് പൊരുതാന്‍
ഭയന്ന് വന്‍ സൈന്യവുമായിവന്ന് ചുറ്റും നിന്ന് കൂട്ടമായി ആക്രമിച്ച്
നശിപ്പിച്ചിരിക്കുന്നു, പടുത്തുയര്‍ത്തിയതെല്ലാം.  ഒരു ജീവിതകാലം കൊണ്ട് അദ്ധ്വാനിച്ചു
നേടിയതെല്ലാം അപഹരിക്കപ്പെട്ടിരുക്കന്നു……സഹ പിറപ്പുകളെ അടിമകളാക്കി കൊണ്ടു
പോയിരിക്കുന്നു….

        എവിടെയാണെന്‍റെ കഥ തുടങ്ങുന്നത്…. ഇല്ല, ഞാന്‍ പറയുന്നില്ല. കേട്ടിട്ട് നിങ്ങള്‍ പുറത്തു പറയുന്ന കഥകള്‍, ഞാന്‍ പറഞ്ഞതു തന്നെ ആകുമെന്ന് എനിക്ക് വിശ്വാസമില്ല…..  നിങ്ങള്‍ പലതിനേയും ഭയക്കുന്നവരാണ്.  ആരു ചോദിക്കുന്നുവോ, അവര്‍ക്ക്
താല്പര്യമുണ്ടാക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് എനിക്കറിയാം.  ഇതിന് മുമ്പു ഉണ്ടായിട്ടുള്ള കഥകളൊക്കെ അങ്ങിനെ
മാറ്റിയിട്ടുള്ളതാണ്.  അല്ലെങ്കില്‍
എവിടെയെങ്കിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥ നിങ്ങള്‍ക്ക് പറയാമോ……
ശൂദ്രന്‍റെ, നിഷാദന്‍റെ, അധഃകൃതന്‍റെ.
ഇല്ല.

        അയാള്‍
കാറിയൊന്നു തുപ്പി.  തുപ്പല്‍ വീണത്
ഭൂമിയിലല്ല,  ശത്രുക്കളുടെ
മുഖങ്ങളിലാണ്….

@@@@




സുനിമോളുടെ ജീവിതം

ഞങ്ങളുടെ അടുത്തവീട്ടിലെ ഷാജി, ഡ്രൈവര്‍ ഷാജി……ഓ….ജാതിയെന്താ മതമെന്താ
എന്നൊന്നും അറിയില്ല. ഷാജി എന്ന പേരിന് ജാതിയും മതവും തിരിച്ചറിഞ്ഞിട്ട്
ഒരുകാര്യോമില്ല…….

       ഷാജിയുടെ ഭാര്യ സുനിമോള്…..ഓ….ആ പേരില്‍
നിന്നും ജാതീം മതോം തിരിച്ചെടുക്കാന്‍ പറ്റുന്നില്ല.  എന്താണേലും സുഖമായിട്ട് ജീവിച്ചു
പോണൂ……പഠിക്കാന്‍ മിടുക്കന്മാരായ രണ്ട് ആണ്‍മക്കളും…….

       രാവിലെ കുളി കഴിഞ്ഞ് സുന്ദരനായി, വെളുത്ത
ഷര്‍ട്ടും പാന്‍റും ഇട്ട് സുഗന്ധവും പൂശി ടൂറിസ്റ്റ് ടാക്സി ഓടിക്കാന്‍ പോകുന്ന
ഷാജി വൈകിട്ടെത്തുമ്പോള്‍ ഉള്ള മദ്യത്തിന്‍റെ മണവും  നാടന്‍ പാട്ടുകളും സുനിക്കിഷ്ടമില്ല. അവള്‍ക്ക്
സീരിയല്‍ കാണാനില്ലാത്ത നേരത്താണെങ്കില്‍ അവന് കുശ്ശാലാണ്…..പരാതിയും
പണ്ടപ്പരപ്പും അവിഹിതം പറച്ചിലും തന്തയ്ക്ക് വിളിയുമൊക്കയായിട്ട്….. കഞ്ഞി പോലും
വേണ്ടെന്ന് വച്ച് അവന്‍ കിടന്നുറങ്ങും….

       നേരം വെളുത്താല്‍ പിന്നെ ചിരിയും
കളിയുമായി…… വെളുത്ത ഷര്‍ട്ടും പാന്‍റും,
സുഗന്ധവുമായി സൂര്യന്‍ തെളിഞ്ഞു നില്‍ക്കും.

       ഒരുദിവസം ഷാജി വന്നപ്പോള്‍ വീട്ടില്‍
ഒരനക്കവുമില്ല. പിള്ളേര് പഠിക്കുന്നു, ടിവി ഓഫാക്കിയിരിക്കുന്നു,
പഠിക്കുന്ന കുട്ടികളുടെ അടുത്ത്
അടങ്ങിയൊതുങ്ങിയിരുന്ന് സുനി മൊബൈലില്‍ പരതുന്നു…..

       ഇന്നെന്നാ പറ്റിയെന്ന് അവന്‍ ചോദിച്ചു.

       കണ്ടോ എന്‍റെ എഫ്ബിയില്‍ ആയിരം
സുഹൃത്തുക്കളായി….. ദേണ്ടേ… ഞാനൊരു വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ
അഡ്മിനാണ്……

       ഓ…സമാധാനമായി…. അവന്‍ സ്വസ്ഥതയോടെ
ഉറങ്ങിത്തുടങ്ങി.

       സുനിയുടെ എഫ്ബിയില്‍ രണ്ടായിരം
പേരായി……മൂവായിരം പേരായി…..

വാട്ട്സാപ്പ്
ഗ്രൂപ്പുകള്‍ പിന്നീട് രണ്ടെണ്ണം കൂടി ഉണ്ടാക്കി….. സുനിയുടെ കെട്ടും മട്ടും
മാറി…..

ഒരു
ദിവസം അവള്‍ മകനോടു ചോദിച്ചു.

       എടാ…. നിന്‍റെ
തന്തയെന്തിയേടാ……കുറച്ചു ദിവമായല്ലൊ കണ്ടിട്ട്….. വീട്ടു സാധനങ്ങളൊക്കെ തീര്‍ന്നല്ലോ….എവിടെപ്പോയി
കെടക്കുവാ അയാള്……

       മകന്‍ പറഞ്ഞു.

       ദേണ്ടെ,
അമ്മെ ആ മിനിച്ചേച്ചീടെ ടെറസ്സിന്‍റെ
മുകളില് പച്ചക്കറിക്ക് നനച്ചു കൊണ്ടു നില്‍ക്കുന്നു…….

       ങേ…. മിനിയുടെ ടെറസ്സിലോ…….എടാ, അവള്
ആ കെട്ടിയോന്‍ ചത്ത…..

       ഓ…..അതുതന്നെ……

       എഫ്ബിയില്‍ നിന്ന് ആയിരങ്ങള്‍ ഇറങ്ങി വന്ന്
സുനിമോള്‍ക്ക് കീര്‍ത്തനങ്ങള്‍ പാടി……വാട്ട്സാപ്പില്‍ നിന്നുമെത്തിയവര്‍
പാരിതോഷിതങ്ങള്‍ നല്‍കി അനുമോദിച്ചു.

       ശുഭം.@@@@@@




മുത്തശ്ശിയും കഥയും

ഞാന്‍
മുത്തശ്ശിയുടെ കഥകള്‍ കേട്ടാണ് വളര്‍ന്നത്. വെളുത്ത ദേഹ നിറവും പഞ്ഞിപോലുള്ള
മുടിയും വാസന പാക്കിന്‍റെ മണവും എന്നെ മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കഥകള്‍ കേള്‍ക്കാന്‍
എന്നും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

       മുത്തശ്ശി അധികവും പറഞ്ഞിരുന്നത് കൃഷ്ണ
ഗാഥകളാണ്. ഇടക്കിടക്ക് സ്വയം പറഞ്ഞുമിരുന്നു,
ഭക്തമീരയാണെന്ന്…….

       ഗോക്കളെ മേച്ചു നടന്നപ്പോള്‍ ഭര്‍ത്തൃമതിയായിരുന്ന
രാധ, വളര്‍ന്നപ്പോള്‍ രുഗ്മിണി, സാമ്പവതി തുടങ്ങി എട്ടു പേര്‍നരകനെ വധിച്ചപ്പോള്‍ കിട്ടിയ പതിനാറായിരം സ്ത്രീകള്‍……മുത്തശ്ശിയുടെ
നാവില്‍ കൃഷ്ണന്‍ ആനന്ദ നടനമാടി…….

       പക്ഷെ,
അയലത്തെ ഭഗീരഥന്‍ പിള്ള, പട്ടാളക്കാരന്‍
പുരുഷന്‍റെ ഭാര്യയെ പ്രണയിക്കുന്നെന്നറിഞ്ഞപ്പോള്‍ മുത്തശ്ശിക്ക് ഹാലിളകി, മന്ത്രിച്ചു.

       എന്‍റെ കൃഷ്ണ,
എന്തെല്ലാം കാണണം, കേള്‍ക്കണം……..

       വൈരുദ്ധ്യാധിഷ്ഠിത ദൈവവാദം
എന്നല്ലാതെയെന്തു പറയാന്‍…….@@@@@@




ഒരുപാവം വിശ്വാസി

രണ്ട് ക്ഷണപ്രഭ കഥകള്‍

1. ഒരുപാവം വിശ്വാസി

രണ്ടായിരത്തി
പത്തൊമ്പത് ഡിസംബര്‍ ഇരുപത്തി ആറ് – സൂര്യഗ്രഹണം. 
എല്ലാ അമ്പലങ്ങളും അടച്ച് താഴിട്ട് പൂട്ടിയിരുന്നത് നന്നായി
, അവിടെയിരുന്ന ദൈവങ്ങളുടെയൊന്നും കണ്ണുകള്‍ പൊട്ടിപ്പോയില്ലല്ലോ…..
അതുകൊണ്ട് മുന്നില്‍ വന്ന് നിന്ന്, എനിക്ക് അത്, ഇത്, മറ്റത്, മറിച്ചതൊക്കെ
വേണമെന്ന് പറയുന്ന പാവത്തുങ്ങളെ  കാണാന്‍
കഴിയുമല്ലോ….. പള്ളികളൊന്നും അടച്ചിരുന്നില്ലെന്ന് കേട്ടു, അവടിരുന്ന ദൈവങ്ങളുടെ കണ്ണുകള്‍ പൊട്ടിപ്പോയിട്ടുണ്ടാകുമോ…. ഇനി അവിടെ
വരുന്നവരെയൊക്കെ ആരു നോക്കുമോ, എന്തോ…..

2. തുത്തുകുണുക്കി പക്ഷി

തുത്തുകുണുക്കി
പക്ഷി കരുതുന്നത് അതിന്‍റെ  വാലാട്ടല്‍
കൊണ്ടാണ് ഈ ഭൂമികറങ്ങുന്നതെന്നാണ്. 
ഇളകിക്കിടക്കുന്ന മണ്ണ് ഉഴുത് 
മറിച്ചിടുന്ന മണ്ണിര

ഞാനില്ലായിരുന്നെങ്കില്‍ ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു
പോയേനെയെന്ന് കരുതുന്നതു പോലെ……പൂജാരിയും പുരോഹിതനും ഇമാമുമൊക്കെ
ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.

       ഒന്നു ചിരിച്ചോളൂ…. കൂടുതല്‍ വേണ്ട, അട്ടഹാസച്ചിരിയും വേണ്ട, തുത്തുകുണുക്കി പക്ഷിയോ
മണ്ണിരയെ ആയി പരകായം ചെയ്തു പോകും.

വിജയകുമാര്‍
കളരിക്കല്‍.

@@@@@