തുത്തുകുണുക്കി പക്ഷി

       തുത്തുകുണുക്കി പക്ഷി കരുതുന്നത് അതിന്‍റെ  വാലാട്ടല്‍ കൊണ്ടാണ് ഈ
ഭൂമികറങ്ങുന്നതെന്നാണ്.  ഇളകിക്കിടക്കുന്ന
മണ്ണ് ഉഴുത്  മറിച്ചിടുന്ന മണ്ണിര,  ഞാനില്ലായിരുന്നെങ്കില്‍
ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു പോയേനെയെന്ന് കരുതുന്നതു പോലെ……പൂജാരിയും
പുരോഹിതനും ഇമാമുമൊക്കെ ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.

       ഒന്നു ചിരിച്ചോളൂ…. കൂടുതല്‍ വേണ്ട, അട്ടഹാസച്ചിരിയും
വേണ്ട, തുത്തുകുണുക്കി പക്ഷിയോ മണ്ണിരയെ ആയി പരകായം ചെയ്തു
പോകും.

@@@@@@




അവന്‍റെയും അവളുടെയും പ്രണയം

അന്ന്
മങ്കാവുടി പഞ്ചായത്തായിരുന്നു.

       വടക്ക് ആലുവായ്ക്ക് പോകുന്ന പര്‍വ്വതനിരകളുടെ
പനിനീരായ പെരിയാറും
, തെക്ക് മൂന്ന് ആറുകള്‍ കൂടി
പുഴയാകുന്ന നഗരവും, കിഴക്ക് മല നിരകളും കാപ്പിയും തേയിലയും
കുരുമുളകും ഏലം മണക്കുന്ന കുളിര്‍ തെന്നലും, പടിഞ്ഞാറ്
പെരുമ്പാമ്പൂരും…….

       തെളി നീരൊഴുകുന്ന പുഴ.  പുഴയിലേക്ക് ഒഴുകിയെത്തുന്ന അരുവികളും തോടുകളും, തോട്ടിറമ്പുകളില്‍ നെല്‍പ്പാടങ്ങളും, തെങ്ങിന്‍
തോപ്പുകളും, തലയുയര്‍ത്തി സൂര്യനെ കാണുന്ന കമുകുകളും
മാവുകളും, പ്ലാവുകളും.  
വേലികളും വേലിപ്പടര്‍പ്പുകളും തൊണ്ടുകളും, ഇടവഴികളും,
ഇടവഴികളില്‍ രാത്രി സഞ്ചാരികളായ പെരുച്ചാഴികളും, കീരികളും, ഇളവെയില്‍ കായുന്ന ചേരപ്പെണ്ണുങ്ങളും,
അവരെ ഒളിഞ്ഞ് കാണുന്ന മൂര്‍ഖന്‍ യുവാക്കളും. ഓരിയിട്ട് നാടന്‍
കോഴികളെ തേടിയെത്തുന്ന കുറുക്കന്മാരും, കുറുക്കന്‍ കല്യാണങ്ങള്‍
നടത്താന്‍ വെയില്‍ മഴകളും, മകരമഞ്ഞും കര്‍ക്കിടക മഴയും
ഞാറ്റുവേലയും തേക്കുപാട്ടും……

       പള്ളിപ്പെരുന്നാളുകളും, ഉത്സവങ്ങളും, മഞ്ഞ് നനഞ്ഞു കൊണ്ടുള്ള ഉത്സവകാഴ്ചകളും,
തുമ്മലും ചീറ്റലും മൂക്കു പിഴിച്ചിലും ജലദോഷവും…….

       മങ്കാവുടിക്കാര്‍ക്ക് പഠിക്കാന്‍
സ്വന്തമായിട്ട് കോളേജുകളും സ്കൂളുകളും ഉണ്ട്.  
ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തരകന്‍ സാറും രാധാകൃഷ്ണന്‍ സാറും
, മലയാളം പഠിപ്പിക്കാന്‍ പികെബി സാറും കര്‍ത്താവു സാറും ഉണ്ടായിരുന്നു.

       അവനും അവളും
പ്രീഡിഗ്രിക്കെത്തിയതായിരുന്നു.

       അവന് പതിനേഴ് വയസ്സും അവള്‍ക്ക് പതിനെട്ടും.  

       അവന്‍ ഹിന്ദുവും അവള്‍ ക്രിസ്ത്യാനിയും.

       എന്നിട്ടും അവന്‍ മന്ത്രിച്ചു.

       ദേവി, ശ്രീദേവി
തേടി വരുന്നു ഞാന്‍, നിന്‍ ദേവാലയ വാതില്‍ തേടി വരുന്നു ഞാന്‍…..

       പക്ഷെ, അവന്‍റെ തേടിവരവ് അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.  അവള്‍, പാവാടയും
ബ്ലൗസ്സും ഡാവിണിയും അണിഞ്ഞ സുന്ദരിക്കുട്ടി, സ്നേഹിതകളുടെ
ഇടയില്‍ ആരാലും ശ്രദ്ധിക്കപ്പെടല്ലേയെന്ന് ചിന്തിച്ച് നിലം നോക്കി
നടക്കുകയായിരുന്നു.  അവനോ സുന്ദരന്മാരായ
കാഴ്ചക്കാര്‍ക്കിടയില്‍ ഒറ്റ മുണ്ടും നീല നിറത്തിലുള്ള ഷര്‍ട്ടുമിട്ട് കോളേജ്
കവാടത്തില്‍ നില്‍ക്കുകയായിരുന്നു.  എന്നും
അങ്ങിനെ തന്നെയായിരുന്നു.  അന്ന്
അങ്ങിനെയൊക്കെ നില്‍ക്കാനേ ഇടമുണ്ടായിരുന്നുള്ളൂ. അല്ലാത്തിടത്തൊക്കെ
ചാരക്കണ്ണുകളുമായിട്ട് അദ്ധ്യാപകര്‍ പരതി നടന്നിരുന്നു. കാരണമുണ്ട്, എ പ്ലസ് ബി ദി ഓള്‍ സ്ക്വൊയേര്‍ഡ് ഈസ് ഈക്വല്‍ ടൂ എ സ്ക്വൊയേര്‍ഡ് പ്ലസ്
ബീ സ്ക്വൊയേര്‍ഡ് പ്ലസ് ടു ഏബിയെന്ന് ഉത്തരം കണ്ടെത്തുന്ന മാത്തുകുട്ടി സാര്‍,
ഊര്‍ജ്ജതന്ത്രം പഠിപ്പിക്കാനെത്തിയ മേഴ്സി ടീച്ചറെ  പ്രകൃതി ധര്‍മ്മപ്രകാരമുള്ള കൂട്ടു ജീവിതം
കെട്ടിപ്പടുക്കാന്‍ കൈപിടിച്ച് കൊണ്ടു പോയത് കാമ്പസില്‍ നിന്നാണ്.  വരാന്തയിലൂടെ 
അടുത്തടുത്ത ക്ലാസ്സുകളിലേക്ക് പോകുമ്പോള്‍ കണ്ടും കേട്ടും മനസ്സറിഞ്ഞും
പറഞ്ഞും പ്രണയിച്ചുമാണ്. അതില്‍ നിന്ന് മറ്റ് അദ്ധ്യാപകര്‍ക്ക് അസൂയും
മുളച്ചിരുന്നു.

       അന്നൊരിക്കല്‍, അവന്‍ രസതന്ത്ര റെക്കോര്‍ഡ് ബുക്കിന്‍റെ അവസാന താളില്‍  എഴുതി.

       മാണിക്ക വീണയുമായെന്‍ മനസ്സിന്‍റെ
താമരപ്പൂവിലുണര്‍ന്നവളെ
, പാടുകില്ലെ വീണമീട്ടുകില്ലേ നിന്‍റെ
വേദനയെന്നോട് ചൊല്ലുകില്ലേ…..

       അവള്‍ അത് കണ്ടില്ല. രസതന്ത്ര അദ്ധ്യാപകന്‍
കണ്ടെത്തി ക്ലാസ്സില്‍ വന്ന് അവനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി
, മാണിക്ക വീണ മനോഹരമായി പാടി. ക്ലാസ്സിലെ കുട്ടികള്‍ക്ക് മനസ്സിലായി ദാസ്
സാറ് ആ ഗാനം ഈ കാമ്പസ്സില്‍ തന്നെ പാടി നടന്നിട്ടുണ്ടെന്ന്. 

       പക്ഷെ, പിന്നീട് ദാസ് സാര്‍ ഉറഞ്ഞ് തുള്ളുന്നതാണ് കണ്ടത്.

       നിനക്കെഴുതാന്‍ കെമിസ്ട്രി ബുക്കേ
കിട്ടിയുള്ളൂ… ബയോളജിയുടെ
, അല്ലെങ്കില്‍
സുവോളജിയുടെ ബുക്കില്‍ എഴുതാന്‍ പാടില്ലായിരുന്നോ…..

       അവന്‍ മുഖ മുയര്‍ത്തി നോക്കി.

       അതു മതിയായിരുന്നു. പ്രണയത്തിന് ബയോളജിയും
സുവോളജിയുമായിട്ടാണ് കൂടുതല്‍ ചേര്‍ച്ചയുള്ളത്. പക്ഷെ
, എഴുതിയപ്പോള്‍ പ്രണയത്തിന്‍റെ രസതന്ത്രമെന്ന പഴമൊഴി ഓര്‍മ്മിച്ചു പോയി.
ഒഴിവാക്കാമായിരുന്നു.  അവന്‍
ചിന്തിച്ചതേയുള്ളൂ, പറഞ്ഞില്ല.

       ഒന്നും പറയാതെ തന്നെ ശിക്ഷ കിട്ടി.
പകുതിയോളം എഴുതിക്കഴിഞ്ഞ റെക്കോര്‍ഡ് ബുക്ക് മാറ്റിയെഴുതുക. അവന്‍ രണ്ടു തുള്ളി
കണ്ണീര്‍ പൊഴിച്ചു.    ലാബില്‍ വരുമ്പോള്‍
എല്ലാവരും ചെരുപ്പ് ധരിക്ക്യണമെന്ന് നിഷ്ക്കര്‍ഷിച്ചത് ദാസ് സാറായിരുന്നു
, ക്ലാസ്സ് തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും അവന് അതിന് കഴിഞ്ഞിരുന്നില്ല.  ഇപ്പോള്‍ രണ്ടാമതും റെക്കര്‍ഡ് ബുക്ക്
വാങ്ങേണ്ടി വന്നിരിക്കുന്നു. അവന്‍ നിറ കണ്ണുകളോടെ ദാസ് സാറിനെ നോക്കി, സഹപാഠികളെ നോക്കി, നിസ്സഹായനായി തലകുനിച്ചിരുന്നു.
ദാസ് സാറിന് അവന്‍റെ കലങ്ങിയ കണ്ണിന്‍റെ ഉള്ളിലേക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍
സഹപാഠികള്‍ക്ക് കഴിഞ്ഞു.  പുതിയ റെക്കോര്‍ഡ്
ബുക്കും വള്ളിച്ചെരുപ്പും കിട്ടി. 

       അന്ന് അവന്‍റെ മോഹങ്ങള്‍ മരവിച്ചില്ല, മോതിരക്കൈ മുരടിച്ചുമില്ല. 
മനസ്സ്  ഉണര്‍ന്നു തന്നെയിരുന്നു.

       ദാസ് സാറിന്‍റേതും പ്രണയ
വിവാഹമായിരുന്നു.  അതും പ്രീഡിഗ്രിക്ക്
പഠിക്കാന്‍ വന്ന കൊച്ചുറാണിയുമായിട്ട്. 
കൊച്ചുറാണി പിപ്പറ്റു കൊണ്ട് ടെസ്റ്റ് ട്യൂബിലേക്ക് സല്‍ഫൂരിക്കാസിഡ്
ഒഴിക്കുന്ന കൃത്യത കണ്ട്
, ആ സമയത്തെ മുഖത്തിന്‍റെ ശാലീനത
കണ്ട് മയങ്ങി വീഴുകയായിരുന്നു.  അവരുടേത്
ഒരു നീണ്ട ഒരു പ്രണയമായിരുന്നു. 
കൊച്ചുറാണി പ്രീഡിഗ്രി കഴിഞ്ഞ്, നേഴ്സായി രണ്ടു വര്‍ഷത്തിന്
ശേഷമാണ് വിവാഹം സംഭവിച്ചത്. അതിനായിട്ട് ദാസ് സാര്‍ നിരാഹാരവും നിസ്സഹകരണ
സമീപനങ്ങളും നടത്തിയിരുന്നു.  അവന്‍റെ പൂര്‍വ്വികര്‍
കാമ്പസ്സിന്‍റെ ചുവരുകളില്‍ അവരെക്കുറിച്ച് എഴുതിയത് ഇന്നും മാഞ്ഞു പോകാതെ നിലനില്‍ക്കുന്നുമുണ്ട.്

       അവന്‍, മാണിക്ക വീണയുമായെന്‍ മനസ്സിന്‍റെ താമരപ്പൂവിലുണര്‍ന്നവളെയെന്ന്
എഴുതിയെങ്കിലും അവളോട് തന്‍റെ പ്രണയം പറയുന്നതിനുള്ള ധൈര്യം കിട്ടിയില്ല.  അവള്‍ ഒന്നുമറിയാതെ സന്തോഷവതിയും ഉല്ലാസവതിയും
സുസ്മേര വദനയുമായി എന്നും അവന്‍റെ മുന്നിലൂടെ നടന്നു.   അങ്ങിനെ അഴലുമ്പോഴും അവന്‍റെ മനസ്സില്‍ മറ്റൊരു
ഗാനം  പൂത്ത് വിരിഞ്ഞു നിന്നു.

       അന്നു നിന്നെ കണ്ടതില്‍ പിന്നെ
അനുരാഗമെന്തെന്ന് ഞാനറിഞ്ഞു
, അതിനുള്ള വേദന
ഞാനറിഞ്ഞു……..

       കാല്‍ നഖങ്ങള്‍ മനോഹരമായി വെട്ടി, ചകിരിയുരച്ച് മിനുക്കി വള്ളിച്ചെരുപ്പിട്ടപ്പോള്‍ അവന്‍ കൂടുതല്‍
സുന്ദരനായെന്ന് അഭിമാനം കൊണ്ടു.  അവള്‍
നിലത്ത് നോക്കി നടക്കുമ്പോള്‍ അവന്‍റെ പാദ മനോഹാരിത കാണുമെന്നാണ് വിവക്ഷ.  അവനെന്നും കാമ്പസ് കവാടത്തില്‍ കൂട്ടത്തോടൊപ്പം
നിന്നു. 

       കല്ലോലിനി, വന കല്ലോലിനി നിന്‍ തീരത്തു വിടരും ദുഃഖ പുഷ്പങ്ങളെ താരാട്ടു പാടിയുറക്കൂ,
ഉറക്കൂ….

       വേണ്ടതായിരുന്നു. പക്ഷെ, നൂറായിരം ചെടികളും വള്ളിപ്പടര്‍പ്പുകളും പൂക്കളും കായ്ക്കളും തഴച്ചു വളര്‍ന്നു
നില്‍ക്കുന്ന തീരത്തു നിന്ന് അവളെങ്ങിനെ അവനെന്ന ശോകസൂനത്തിനെ മാത്രം കണ്ട്
പാടിയുറക്കും…….  അവളാണെങ്കില്‍ നിലം
നോക്കി ഒതുങ്ങി, മന്ദംമന്ദം ഒഴുകി താഴേക്ക് പോകുന്ന
വനകല്ലോനി, അവന്‍റെ ഹൃദയവാഹിനി ആണെങ്കിലും….

       ഹൃദയവാഹിനി ഒഴുകുന്നു നീ, മധുരസ്നേഹ തരംഗിണിയായി, കാലമാമാകാശ ഗോപുര നിഴലില്‍
കല്പനതന്‍ കളകാഞ്ചികള്‍ ചിന്നി….

       പലപ്പോഴും തൊട്ടൂ തൊട്ടില്ല, തൊട്ടൂ തൊട്ടില്ല എന്നപോലെ അവനരികിലൂടെ കടന്ന് പോയിട്ടുണ്ട്, അവന്‍റെ തരളിത ഹൃദയം പൂത്തു വിരിഞ്ഞിട്ടുണ്ട്, എന്നാലും
ഒന്നും പറയാന്‍ കഴിഞ്ഞില്ല. 

       ഭയം, വിറയല്‍,  വിയര്‍ക്കല്‍….

       കൂട്ടുകാര്‍  അവനെ പരിഹസിച്ചു, പിന്നെ ഉപദേശിച്ചു.  മനസ്സിന്
ആരോഗ്യം കിട്ടാന്‍ പല പൊടിക്കൈകളും ഉപദേശിച്ചു. 
അവന്‍റെ ലോല ഹൃദയം അതൊന്നും ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കിയില്ല.  മനമുറച്ച്, ഭയമകന്ന് അവള്‍ക്ക്
അരുകില്‍ എത്താന്‍ കഴിയാതെ വേദനിച്ചു. 

       ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ, മെയ്യില്‍ പാതി പകുത്തു തരൂ, മനസ്സില്‍ പാതി പകുത്തു
തരൂ മാന്‍ കിടാവേയെന്ന് മനസ്സ് കേണുകൊണ്ടിരുന്നു.

       വലിയ വൈതരണിയായി നില്‍ക്കുന്നത് അവള്‍
സ്വന്തം ക്ലാസ്സിലല്ലെന്നതാണ്.  ക്ലാസ്സില്‍
സുന്ദരികളില്ലായിരുന്നതു കൊണ്ടല്ല
, അവനോട് ചങ്ങാത്തം
കൂടാന്‍ ആരും തയ്യാറാകില്ലെന്ന് തെറ്റിദ്ധരിച്ചിട്ടുമല്ല. അവന്‍റെ മനസ്സ് ആദ്യ ദര്‍ശനത്തില്‍
തന്നെ അവളില്‍ ഉറഞ്ഞു പോയി.

       പ്രേമഭിക്ഷുകി, ഭിക്ഷുകി ഏതു ജന്മത്തില്‍, ഏതു സന്ധ്യയില്‍ എവിടെ
വച്ചു നാം കണ്ടു….. ആദ്യമായി എവിടെ വച്ചു നാം കണ്ടു…..

       കഴിഞ്ഞ ജന്മത്തിലാണോ,  ജന്മാന്തരങ്ങള്‍ക്ക്
മുമ്പാണോ……

       അതുവേണ്ട, കെമിസ്ട്രിയും ഫിസിക്സും അതിനെ അനുകൂലിക്കുന്നില്ല, ബയോളജിയും
സുവോളജിയും അനുകൂലിക്കുന്നുണ്ടോ…. അറിയില്ല…. അതിന് എന്തെങ്കിലും
പഠിച്ചിട്ടുണ്ടോ… കോളേജില്‍ എത്തിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു….

       കണ്ണടച്ചാല്‍ നീയാണു സന്ധ്യേ,  കണ്‍ തുറന്നാലും നീയാണു സന്ധ്യേ,
ചെമ്മാനം പൂത്തു നില്‍ക്കുമ്പോള്‍ വേറെന്തു കാണും ഞാന്‍…..

       അവന്‍ കവിതയെഴുതിത്തുടങ്ങിയോ…..

       കവിതയെഴുതിയാലും ഇല്ലെങ്കിലും സൂര്യന്‍
വെടിഞ്ഞ താമരപോലെ തളര്‍ന്ന് ക്ലാസിലെ ഡെസ്കില്‍ തലകുമ്പിട്ട് കിടന്ന അവനെ
സഹപാഠികള്‍ സഹായിക്കാന്‍ തയ്യാറായി. 
ക്ലാസ്സില്‍ അപ്പോള്‍ 
അതിമോഹനമായൊരു പ്രണയം പുഷ്പിക്കാറായി നില്‍ക്കുന്ന സമയം
, നിര്‍മ്മലയുടേയും സുകുമാരന്‍റേയും. 
പ്രീഡിഗ്രി കഴിഞ്ഞ് അവര്‍ കൂട്ടു ജീവിതം തുടങ്ങി.  വീട്ടുകാര്‍ തന്നെ നടത്തിക്കൊടുത്തു.  പക്ഷെ, സഹപാഠികളെ ആരെയും
അറിയിക്കുകയോ സദ്യകൊടുക്കുകയോ ചെയ്തില്ല. 
അതെന്തെന്ന് ചോദിച്ചാല്‍ ഇന്നത്തെപ്പോലെ വിവാഹങ്ങള്‍
ഉത്സവങ്ങളായിരുന്നില്ലെന്നെ അനുമാനിക്കനാകൂ.

       അവനെ സഹായിക്കണമെന്ന് തീരുമാനിച്ചത്
സഹപാഠികള്‍ ഏകകണ്ഠമായിട്ടാണ്.  റെയിച്ചലിനെ
ദൂത് ദൗത്യം ഏല്‍പ്പിച്ചതും. ഹംസമായി പോയ റെയിച്ചലിന്‍റെ കൂടെ അവള്‍ അവന്‍റെ
അടുത്തേക്ക് വന്നു.  കലപില ശബ്ദങ്ങളാല്‍
മുഖരിതമായിരുന്ന ക്ലാസ്സ് നിശ്ശബ്ദമായി. 
രാജകുമാരിയുടെ എഴുന്നള്ളത്തുപോലെ അവരതിനെ കണ്ടു
, സ്വീകരിച്ചു.

       ചക്രവര്‍ത്തിനി നിനക്കു ഞാനെന്‍റെ ശില്പ
ഗോപുരം തുറന്നു
, പുഷ്പ പാദുകം പുറത്ത് വയ്ക്കൂ നീ,
നഗ്ന പാദയായ് അകത്തു വരൂ….

       അവള്‍ മനസ്സിന്‍റെ എല്ലാ ആടകളും അഴിച്ചു
വച്ച് അവന്‍റെ ഹൃദയ ഗോപുരത്തിലേക്ക് ചേക്കേറുന്നത് സഹപാഠികള്‍ നോക്കി നിന്നു
, കൈയ്യടിച്ചു, ആമോദം കൊണ്ടു. 

       പ്രിയതമാ, പ്രണയലേഖനമെങ്ങിനെയെഴുതണം മുനികുമാരികയല്ലേ, ഞാനൊരു
മുനികുമാരികയല്ലേ…..

       മുനികുമാരികയാണെങ്കിലും പിന്നീട് കണ്ടത്
നൂറേക്കര്‍ വരുന്ന കോളേജ് കാമ്പസ്സിനുള്ളില്‍ ചാരക്കണ്ണുകളില്ലാത്ത
വൃക്ഷച്ചുവടുകളില്‍
, ചുമര്‍ മറവുകളില്‍ നസീറും ഷീലയുമായി,
ഇണക്കുരുവികളെപ്പോലെ പറന്നു കളിക്കുന്നതാണ്.  സ്നേഹിതര്‍ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു
എന്ന ചാരിതാര്‍ത്ഥ്യത്തോടെ അവരെ വിട്ട് അടുത്ത സമസ്യയിലേക്ക് നീങ്ങി.

       പച്ചിലയും കത്രികയും പോലെ,  പട്ടുനൂലും പവിഴവും പോലെ……

       അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരുകിലിരിക്കെ, സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാന്‍ എന്തൊരു നാണം…..

       കായാമ്പൂ കണ്ണില്‍ വിടരും, കമലദളം കവിളില്‍ വിടരും, അനുരാഗവതി നിന്‍ ചൊടികളില്‍
നിന്നാലിപ്പഴം പൊഴിയും…….

       ഒരു ദിവസം അവളുടെ ക്ലാസ്സ് മുറിയുടെ
ചുമരുകളില്‍ അവരെക്കുറിച്ചുള്ള കഥകള്‍ ആലേഖനം ചെയ്യപ്പെട്ടപ്പോള്‍ സത്യത്തില്‍
സ്നേഹിതര്‍
, അദ്ധ്യാപകര്‍ സ്തംപിച്ചു പോയി.  അവരുടെ സ്തംപനാവസ്ഥ കൊണ്ട്
കഥയൊടങ്ങുന്നില്ലല്ലോ…… ലേഖനങ്ങള്‍ ചരിത്രമായി നിലനില്‍ക്കുമെന്ന് അവര്‍ക്കും,
പലര്‍ക്കും അറിവുള്ളതായിരുന്നു.

       അവന്‍ വീണ്ടും ശിക്ഷിക്കപ്പെട്ടു.

       വിധികര്‍ത്താക്കളായിട്ട്,  ആരാച്ചാരന്മാരായിട്ട്
മാത്തുക്കുട്ടി സാറും, ദാസാറും നോക്കി നില്‍ക്കെ അവന്‍
ലേഖിതമായിരുന്നതെല്ലാം കുമ്മായം പൂശി വെളുപ്പിച്ചു.  അവരെ ചരിത്രത്തില്‍ നിന്നും മറച്ചു വച്ചു.

       അരാഷട്രീയവാദികളും മൂരാച്ചികളും, കുതികാല്‍വെട്ടികളും ആരവമുയര്‍ത്തി കാമ്പസിനെ മറിച്ചു വയ്ക്കാന്‍
തയ്യാറായി മാത്തുക്കുട്ടി സാറിനും ദാസാറിനും പിന്നില്‍ അണിനിരന്ന്,  അവനെ ക്രൂശിതനാക്കി പുറത്തേക്ക്
കൊണ്ടു വന്നപ്പോള്‍ ആണ് അവര്‍ ശരിക്കും ഞെട്ടിപ്പോയത്.  അവന്‍റെ സഹപാഠികള്‍ കാമ്പസ്സ് ചുവരുകളെല്ലാം
വെള്ളപൂശുകയായിരുന്നു, എല്ലാ ചരിത്രങ്ങളും അവിടെ ഇല്ലായ്മ
ചെയ്യപ്പെടുകയായിരുന്നു.

       ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, എന്നോമല്‍ ഉറക്കമായി ഉണര്‍ത്തരുതേ…

       മങ്കാവുടി ശൈത്യം കഴിഞ്ഞ് വേനല്‍
ചൂടിലേക്ക് നീങ്ങവെ കാമ്പസ്സില്‍ പരീക്ഷക്കാലമായി.  വേവലാതികളൊന്നുമില്ലാതെ പരീക്ഷയെഴുതിയിരുന്നവര്‍
കുറവാണെന്ന് അന്തഃരീക്ഷം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.  എഴുതാനൊന്നുമില്ലാത്തതുകൊണ്ടും
, എഴുതാന്‍ അധികമുള്ളതു കൊണ്ടും വേവലാതി ഉണ്ടാകാം.  അവന്‍ ഏതില്‍ വരുമെന്ന്, അവന്‍
പോലും ചിന്തിച്ചില്ല.  അവള്‍ക്ക് അത്
ചിന്തിക്കേണ്ട കാര്യവുമില്ലായിരുന്നു.

       പരീക്ഷ അവസാനിക്കുന്ന ദിവസം അവള്‍ പറഞ്ഞു.

       എന്‍റെ വിവാഹമാണ്, ഈസ്റ്റര്‍ കഴിഞ്ഞ് വരുന്ന ഞായറാഴ്ച.

       അവനോന്നും മനസ്സിലാകാതെ നിന്നു.

       വരനാരാണെന്ന് അറിയണ്ടേ…. കാളവയല്‍
കരാറുകാരന്‍ പീലിയുടെ മകന്‍ പോള്…..

       ഇരുള്‍ മണ്ണില്‍ നിന്ന് മുകളിലേക്ക് പടര്‍ന്നുകയറുന്നത്
അവന്‍ കണ്ടു. സന്ധ്യ പോലും മങ്ങിയിരുന്നു.

       വെറുതെ ഞാനെന്തിന് എരിയും വെയിലത്ത്…..

       കയിലുകുത്തി നടന്നത് അവന്‍റെ തെറ്റു
കൊണ്ടായിരുന്നോ
,  അവള്‍ ക്ഷണിച്ചിട്ടായിരുന്നോ….

       നെഞ്ചെരിഞ്ഞുയരുന്ന പുക കണ്ട് ലോകം
പുഞ്ചിരിയാണെന്ന് പറഞ്ഞു
,  അങ്ങിനെ യല്ലെന്ന് അവള്‍ക്കറിയാമായിരുന്നെങ്കിലും.

       കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്‍റെ പാലാഴി തീര്‍ത്തവളെ നിനക്കായി സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നു
, നിന്നെ വിളിക്കുന്നു….

       പക്ഷെ, ത്യജിക്കാന്‍ നിനക്കെന്താണുള്ളതെന്ന് ആരെങ്കിലും ചോദിച്ചാല്‍…..

       ചോദിക്കാതെ തന്നെ അവന്‍ ഉത്തരം കണ്ടെത്തി.

       ഒന്നുമില്ലാത്തവന്‍….

       പ്രാണസഖീ, ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍…..

       അതവളെ വേദനപ്പെടുത്തി, അശക്തയാക്കി.  നിസ്സഹായ ആയി
തിരിഞ്ഞു നോക്കിക്കൊണ്ട്,  വീണ്ടും വിണ്ടും നോക്കിക്കൊണ്ട് അവന്‍റെ സ്വപ്ന ഗോപുരത്തില്‍ നിന്നും അവള്‍
പുറത്തു കടന്നു.

       അവന്‍റെ ഹൃദയതന്ത്രികള്‍ മുറുകി, ബോധധമനികളില്‍ രക്തപ്രവാഹംമേറി…..

       എങ്കിലും ഒരു പഴുത് കണ്ടെത്താനാകുമെന്ന്
കരുതി മങ്കാവുടിയിലെ കാളവയലില്‍ കച്ചവട ദിവസം അവന്‍ പരതി നടന്നു. കൈപ്പത്തിക്ക്
മുകളില്‍ തോര്‍ത്തിട്ട് കച്ചവടം ഉറപ്പിക്കുന്ന പോളിനെ
, അവന്‍റെ അപ്പന്‍ പീലിയെ കണ്ടു. 
അവരുടെ ദേഹ ഉറപ്പുകളും, മനശ്ശക്തിയും, ധന വലിപ്പവും അറിഞ്ഞ് മടങ്ങി.

       സ്വപ്നങ്ങളെ വീണുറങ്ങൂ… മോഹങ്ങളെ
ഇനിയുറങ്ങൂ… ചപല വ്യാമോഹങ്ങള്‍ ഉണര്‍ത്താതെ….

       ഈസ്റ്റര്‍ കഴിഞ്ഞുള്ള ഞായറാഴ്ച, പുത്തന്‍ പള്ളിയിലെ അള്‍ത്താരയില്‍ വച്ച് അവളുടെ തലയില്‍ പോള് മന്ത്രകോടി
ചാര്‍ത്തുന്നത് അവന്‍ കണ്ടു നിന്നു.

       മംഗളം നേരുന്നു ഞാന്‍ മനസ്വിനി, മംഗളം നേരുന്നു ഞാന്‍….. 
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ പിരിഞ്ഞു പോയ് നീയെങ്കിലും മംഗളം
നേരുന്നു ഞാന്‍….

@@@@@




സാമൂഹിക അകലം

അന്നത്തെ
വേനല്‍ മഴ കഴിഞ്ഞ് ആകാശം തെളിഞ്ഞ് വന്നപ്പോള്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ക്ക് ഭൂമി
കാണാറായി.  അവര്‍ സുഖശീതിളിമയാര്‍ന്ന
വാനത്ത് തുള്ളിച്ചാടി കളിച്ചു. 
ചാടിക്കളിക്കുന്ന നേരത്ത് ഒരുവള്‍ താഴേക്ക് നോക്കി.

       അതാ, ഭൂമിയില്‍
ഒരാള്‍ വീടിന് പുറത്ത് കിടന്നുറങ്ങുന്നു.

       അവള്‍ താഴേക്ക് ഇറങ്ങി വന്നു. അയാളെ
വിളിച്ചുണര്‍ത്തി.

എന്തേ
നിങ്ങളിവിടെ കിടക്കുന്നത്
, പനി പിടിക്കില്ലേ.. നിങ്ങളുടെ
വീടും ഉറങ്ങുകയാണല്ലോ,  ഉള്ളില്‍ കയറി കിടന്നു കൂടെ….?

       അയാള്‍ എഴുന്നേറ്റു, മൂരി നിവര്‍ന്നു.

       സാമൂഹിക
അകലം പാലിക്കുന്നതാണ് മോളെ

കുഞ്ഞു വീടല്ലേ. 
അടുക്കളയില്‍ ഭാര്യയും വിരുന്നു വന്ന പെങ്ങളും കിടക്കുന്നു, ഒറ്റമുറിയില്‍ മക്കളും മരുമക്കളുമുണ്ട്, വരാന്തയില്‍
അച്ഛനും അമ്മയും. വന്ന്, വന്ന് ഞാനിവിടെയെത്തി.  എന്നാലും സുഖമുണ്ട്. ആകാശത്തെ, മോളെപ്പോലുള്ള താരക കുഞ്ഞുങ്ങളെ കണ്ട് ഉറങ്ങിപ്പോയതറിഞ്ഞില്ല”

       നക്ഷത്രക്കുഞ്ഞ് മുകളിലേക്ക് പോയി.  അങ്ങ്, ആകാശത്ത്
ചെന്നു നിന്ന് അയാള്‍ക്ക് ശുഭരാത്രി നേര്‍ന്നു.

@@@@@




ജാതി, മതം, സംഘര്‍ഷം

രണ്ടപേര്‍
പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്ന് ഒരു കളിയുണ്ട്
, കുട്ടികള്‍ക്ക്. എന്‍റെ കണ്ണാണ് നല്ലത്, എന്‍റെ
മൂക്കാണ് ലക്ഷണമൊത്തത്, എന്‍റെ മുടിയാണ് നീളം കൂടിയത് എന്ന്
പുകഴ്ത്തി പറയുന്ന ഒരു തരം ബാല്യക്കളി.

      അങ്ങിനെ പൊക്കി പറയുമ്പോള്‍ കുറച്ച്
അലങ്കാരങ്ങള്‍  കൂടി ചേര്‍ക്കും ചിലര്‍
, ചിലപ്പോള്‍, കൂടുതല്‍ തന്മയത്വത്തോടു കൂടി.  എന്‍റെ നയനങ്ങള്‍ ഐശ്വര്യ റോയിയുടേതു പോലുണ്ട്,
എന്‍റെ നാസികം ഇന്ദിരാ ഗാന്ധിയുടേതിനേക്കാള്‍ നീണ്ടതാണ്,  എന്‍റെ അധരങ്ങള്‍ കണ്ട് നയന്‍താര
മോഹിച്ചിട്ടുണ്ട്, എന്നോട് ഋതിക് റോഷന്‍ എത്ര മണിക്കൂര്‍ വര്‍ക്കൗട്ട്
ചെയ്യുമെന്ന് ചോദിച്ചിട്ടുണ്ട്, ഞാന്‍ മമ്മൂട്ടിയേക്കാള്‍
സുന്ദരനാണ്, തോളോടു തോളു നിന്നാല്‍ ഞാനാണ് അമിതാഭ്
ബച്ചനേക്കാള്‍ ഉയരം കൂടിയവന്‍ എന്നൊക്കെ…..

      എണ്ണിയെണ്ണി പറച്ചിലുകള്‍, മാറും പൊക്കിളും കടന്ന് താഴേക്ക് ജനനേന്ദ്രിയത്തിലെത്തി രണ്ട്
ജാതിയാണെന്നറിയുമ്പോള്‍ സംഘര്‍ഷമുണ്ടാകും.

@@@@@




അഞ്ഞാഴിയും മുന്നാഴിയും

(ജോർജ്
ഫ്ലോയിഡ് എന്ന കറുത്തവൻ തന്ന വേദന)

      അടുക്ക് പറയുന്നവന് അഞ്ഞാഴിയും മുട്ടി
വെട്ടുന്നവന് മുന്നാഴിയും വേലക്ക് കൂലിയായി കൊടുത്തിരുന്നെന്ന് കഴിഞ്ഞ തലമുറ
പറയുന്നു.  ആ കാലഘട്ടത്തെ കൂലി നിരക്കായിരുന്നതെന്ന്
എവിടെയോ വായിച്ച ഓര്‍മ്മയുമുണ്ട്.  ഒരു
പക്ഷെ
, അത് ശരിയായിരിക്കാം.  അങ്ങിനെയെങ്കില്‍ വേതന നിയമപ്രകാരം, മനുഷ്യത്വപരമായി ചിന്തിച്ചാല്‍ അടുക്ക് കണ്ടെത്തി മുട്ടി വേട്ടുന്നവന്
എട്ടു നാഴിക്ക് അര്‍ഹതയില്ലേ എന്നൊരു ചോദ്യം നിലനില്‍ക്കുന്നണ്ട്, അന്നും ഇന്നും. അങ്ങിനെ ഒരു കൂലി നിലവാരം ഉപയോഗപ്പെടുത്തിയിരുന്നെന്ന് ഒരു
പഴമൊഴിയും ഇല്ലതന്നെ.

      മുട്ടി വെട്ടുന്നവന്‍ അടുക്ക് പഠിച്ച് രണ്ട്
ജോലിയും ചെയ്യുന്നുണ്ട്
, ഇന്ന്.  മെക്കാട് പണിക്കാരന്‍ തൊഴിലില്‍ വിദഗ്ദനായി,
മേസ്തിരിയായി ജോലി ചെയ്ത് തുടങ്ങിയാലും അവനെ ത്രിശങ്കുവില്‍ നിര്‍ത്തുന്നു
സമൂഹം, തൊഴിലിടത്തും കൂലിയിലും.

      ഇതൊന്നും അവനിപ്പോള്‍ ഓര്‍മ്മിക്കേണ്ട
കാര്യമായിരുന്നില്ല. പക്ഷെ
, ഒരസാധാരണ
സംഭവമുണ്ടായപ്പോള്‍ ചിന്തിച്ചെന്നു മാത്രം. 
അവന്‍ നാല്‍ക്കവലയില്‍ വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു.  അപ്പോള്‍ അവിടെ സോറ പറഞ്ഞിരുന്ന ചിലരില്‍ ഒരാള്‍,
കണ്ട് ശീലമുള്ളൊരാള്‍, അവനെ കണ്ടയുടന്‍ അവന്‍റെ
വസ്ത്രത്തെ കുറിച്ചായി സംസാരം.

      കണ്ടില്ലേ പാന്‍റും കോട്ടുമിട്ട് നടക്കുന്നു, പണിക്ക് വരുമ്പോഴും ഇങ്ങനെയാ…. 
മജിസ്ട്രേറ്റ് വരുമ്പോലെ…കൂലിയോ…..

      അവന്‍റെ വസ്ത്രം പാന്‍റു തന്നെ, കോട്ടിനു പകരം നല്ലൊരു ഷര്‍ട്ടുമാണ്. 
അവന്‍   വിമ്മിട്ടത്തോടെ അയാളെ
നോക്കിനിന്നു.  തലേന്നാള്‍ കൂലി തന്ന ആള്‍,
തര്‍ക്കിച്ചു കുറച്ചു തന്നയാള്‍. 
അവന്‍ ധിക്കരിക്കാന്‍ നിന്നില്ല. 
മുഖത്തൊരു ചിരി വരുത്തി.  ആ ചിരി,
മഴ പെയ്ത് ഈര്‍പ്പമാര്‍ന്ന സുര്യന്‍റേതുപോലെ ആയിരുന്നെന്ന് മാത്രം.

      അയാള്‍ പിന്നെയും പറയുന്നു.

      ഇവന്‍റെ അപ്പനും ഞങ്ങടെ പറമ്പിലെ
പണിക്കാരനായിരുന്നു.  തോര്‍ത്തുമുടുത്ത്
കൂമ്പാള തൊപ്പി തലയില്‍ വച്ച്…. കൊടുക്കുന്നത് വാങ്ങുമായിരുന്നു
,  കൂറുമുണ്ടായിരുന്നു.  ഇവനൊക്കെയോ….

      അവന,് രാവിലെ
തന്നെ അസ്തമിച്ചതുപോലെ തോന്നി.  സുര്യ
മുഖത്തെ  ശക്തിയായ കാര്‍മേഘങ്ങള്‍ വന്ന്
മൂടിയതാകാം.  അവന്‍ നിശ്ശബ്ദം, സാധനങ്ങള്‍ വാങ്ങാതെ തിരിച്ചു നടക്കുമ്പോള്‍, മനോമുകുരത്തില്‍
ഒരു മുഖം തെളിഞ്ഞു വന്നു.

      …തടിച്ച ചുണ്ടുകളും വികസിച്ച നാസികയും
കുറ്റിത്തലമുടിയും കറുത്ത നിറവുമുള്ള ഒരുവന്‍….

      ആ മുഖം തെളിഞ്ഞ്, തെളിഞ്ഞ് വരവെ, അവന് ശ്വാസം മുട്ടിത്തുടങ്ങി,  ആരോ കഴുത്തില്‍ ബൂട്ടിട്ട്
ചവുട്ടി അമര്‍ത്തുന്നതുപോലെ……

      ചവിട്ടുക തന്നെയാണ്, തോന്നലല്ല.  ശ്വാസം
തടസ്സപ്പെടുകയാണ്….

      അവന്‍ വിളിച്ചു പറഞ്ഞു.

      എനിക്ക് ശ്വാസം മുട്ടുന്നു…..ശ്വാസം
മുട്ടുന്നു…..

@@@@@




ഇത്തിള്‍

(കോവിഡ്-19
നൽകുന്ന ഭീതി)

ഓര്‍ക്കിഡ്
പുഷ്പങ്ങളുടെ മനോഹാരിതയില്‍ അവള്‍ മയങ്ങി വീഴുകയായിരുന്നു.  

      ഉള്‍ക്കാടുകളില്‍, വൃക്ഷ വിടവുകളില്‍ നിന്ന് മണിമന്ദിരങ്ങളിലേക്ക് അവര്‍ അതിഥികളായെത്തിയത്
മൃദു മനുഷ്യ ഹൃദയങ്ങള്‍ ഉള്ളതു കൊണ്ടാണ്. 
ചെത്തിയും ചെമ്പരത്തിയും 
കോളാമ്പിച്ചെടികളും വേലിപ്പടര്‍പ്പുകളില്‍ പടര്‍ത്തി, ഒതുക്കി നിര്‍ത്തിയിട്ട് മറ്റ് ഭൂവിഭാഗങ്ങളിലെല്ലാം ആഹരിക്കാനുള്ള
ചെടികളാണ് മനുഷ്യര്‍ വളര്‍ത്തിയിരുന്നത്, പണ്ട്.  അവകളെ വേലിക്ക് പുറത്തേക്ക് തള്ളിവിട്ട്
മതിലുകള്‍ തീര്‍ത്ത്, മുറ്റത്തെ പച്ചപ്പിനെ ഇല്ലായ്മ ചെയ്ത്,
കോണ്‍ക്രീറ്റ് ഫലകങ്ങള്‍ വിരിച്ച,് വരണ്ട്,
ശുദ്ധ വായു കിട്ടുന്നില്ലെന്ന് ദുഃഖിച്ചിരുന്ന ഒരു കാലമുണ്ടായി,
പിന്നീട്.  ആ വൈതരണി പിടിച്ച
സമയത്താണ് പ്രകൃതി സ്നേഹികള്‍ പച്ചപ്പിനെ സ്നേഹിക്ക്, പ്രകൃതിയെ
അറിയൂ, എന്ന് വിളിച്ച് കൂവി മനുഷ്യനെ മാറ്റിയെടുക്കാന്‍
ശ്രമം തുടങ്ങിയത്.  ആ മാര്‍ഗ്ഗത്തിലൂടെയാണ്,
ഉള്‍ക്കാടുകളില്‍ നിന്ന് ഓര്‍ക്കിഡും, ആന്തൂറിയവും
അതിഥികളായെത്തിയത്. അതും രാജകീയ പ്രൗഡിയോടെ, രാജാവും
റാണിയുമൊക്കെയായിട്ട്.

      എത്രയോ ശോഭകളില്‍, നിര്‍വ്വചിക്കാനേ കഴിയാത്ത അത്ര നിറക്കൂട്ടുകളില്‍….            സപ്തവര്‍ണ്ണങ്ങളെന്നതിനെ
പരാജയപ്പെടുത്തിക്കൊണ്ട്, മിശ്രിത ചായങ്ങളില്‍, മര്‍ത്ത്യ നയനങ്ങളും, നാസികയും, അധരങ്ങളും, നാവും, കര്‍ണ്ണവും,
സ്തനമുകുളങ്ങളും പൊക്കിള്‍ച്ചുഴിയും എന്നെക്കെ സങ്കല്പിക്കുകയോ,
മായാക്കാഴ്ചകളായി അനുഭവിക്കുകയോ ചെയ്യാവുന്ന രൂപങ്ങളില്‍, ഭാവങ്ങളില്‍…….

      അവള്‍ പുലര്‍ന്നെഴുന്നേറ്റാലുടന്‍
ഓടിയെത്തും അവരുടെ ചാരത്തേക്ക്. തൊട്ടു തലോടി
, ഇല്ലാത്ത ഗന്ധം കഴിഞ്ഞ രാത്രി വന്നിട്ടുണ്ടോയെന്ന് നോക്കി, ചുംബിച്ച് എത്രനേരും നില്‍ക്കുമെന്ന് കണക്ക് വയ്ക്കാതെ, മതി വരുവോളം നിന്നിട്ടേ പ്രഭാത കര്‍മ്മങ്ങളിലേക്ക് പോലും പോകാറുള്ളൂ.

      ഏകാന്തതയുടെ ദഃഖം അവള്‍  മറക്കുന്നതങ്ങിനെയാണ്.  തളര്‍ന്ന് ശയ്യാവലംഭിയായ ഭര്‍ത്തൃപിതാവ്, അദ്ദേഹത്തെ മാത്രം പരിപാലിക്കാനെന്ന പോലെ ജീവിക്കുന്ന ഭര്‍ത്തൃമാതാവ്,
നിരന്തരം ജീവനദ്രവ്യം സംഭരിക്കാന്‍ യാത്ര ചെയ്യുന്ന ഭര്‍ത്താവ്,
ഇനിയും പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത അവളുടെ ജീവിതവും…..

      അവള്‍ കാല്‍ മുട്ടില്‍ ഒരു കുഞ്ഞുകുരു
മുളപൊട്ടിയത് രസത്തോടെ നോക്കിയിരുന്നു
, മുറ്റത്തെ ചെടികളുടെ
അരികില്‍ തന്നെ. നല്ല വെളിച്ചം കുഞ്ഞുകുരുവിന്‍റെ മനോഹാരിതയെ
കൂട്ടിയിരിക്കുന്നെന്ന് ചിന്തിച്ചു.  ഇന്നലെ
അത് അവിടെ ഉണ്ടായിരുന്നോ, ശ്രദ്ധിച്ചില്ല.  ഒരു ചെറിയ നോവ് തോന്നിയതു കൊണ്ടാണ്  നോക്കിയതു തന്നെ.  ഏത് ഓര്‍ക്കിഡ് പുഷ്പത്തിന്‍റെ മുകുളമാണ്
അതെന്ന് അവളൊന്ന് സങ്കല്‍പ്പിച്ചു നോക്കി. വളര്‍ച്ച പൂര്‍ത്തിയായാല്‍ നല്ല ചുവന്ന
നിറം വരാവുന്ന പൂവ്വ്.  പേരുകളൊന്നും ഇപ്പോള്‍
ഓര്‍മ്മിക്കുന്നില്ല. 
ഏതെങ്കിലുമായിക്കൊള്ളട്ടെയെന്ന് ചിന്തിച്ച് കര്‍ത്തവ്യങ്ങളിലേക്ക്
പോകാനെഴുന്നേറ്റപ്പോള്‍ ഒരു ഓര്‍ക്കിഡ് സസ്യകൈകള്‍ ആ കുരുവില്‍ ഒന്നു തൊട്ടു,  ചെറുതായൊന്ന് വേദനിച്ചു.  അവള്‍ അതിനെ നോക്കി എന്തെന്ന് ചോദിച്ചു.

      സസ്യം പറഞ്ഞു.

      അതും ഇത്തിളാണ്.

      ങേ……

      നിന്‍റെ ദേഹത്ത് മുളച്ചൊരു ഇത്തിള്‍.

      അവള്‍ വല്ലാതെ അമ്പരന്നു.

      ഇത്തിളെന്നോ…. അനധികൃതമായ കൈയ്യേറ്റത്തോടെ
വൃക്ഷങ്ങളില്‍ പരാന്നം ഭുജിച്ച് ജീവിക്കുന്ന സസ്യ ജാലമല്ലെ ഇത്തിള്‍….

      അതെ….ഞങ്ങളെപ്പോലെ തന്നെ…..

      ങാഹാ….കൊള്ളാമല്ലോ, കേള്‍ക്കട്ടെ……

      അതെ, അതുപോലെ നിന്‍റെ
അനുവാദമില്ലാതെ മിനുസ്സമാര്‍ന്ന, മാര്‍ദ്ദവമാര്‍ന്ന കാല്‍
മുട്ടില്‍ ചേക്കേറിയതാണ് അവനും…. ഈ കുഞ്ഞണു…..

      ങാ… എന്നിട്ട് പറയൂ….

      വളര്‍ന്ന്, പടര്‍ന്ന്, ദേഹത്തെക്ഷയിപ്പിച്ച് യവനികയ്ക്കു
പിന്നിലേക്ക് കഥാപാത്രങ്ങളെ നീക്കി നിര്‍ത്താന്‍ സഹായിക്കുന്നവരാണ് ഇത്തിള്‍…..ഈ
കുഞ്ഞണുവും…

      അവള്‍ വായ തുറന്ന് കൂടുതല്‍ ശ്വാസം
ഉള്ളിലേക്ക് എടുത്തു
, പ്രഭാത കിരണങ്ങള്‍ അവളുടെ
നയനങ്ങളെ അടയ്ക്കാന്‍ പ്രേരിപ്പിച്ചു, നാസികത്തുമ്പത്ത്,
കഴുത്തിലെ മടക്കുകളില്‍ സ്വേദകണങ്ങളെ ജനിപ്പിച്ചു.

      ഞങ്ങള്‍, ഇത്തിള്‍ പ്രകൃതിയുടെ നിയമ പാലകരാണ്, അധികമായി വളര്‍ന്ന്
പ്രകൃതിക്കു തന്നെ ഭാരമാകുന്ന, ക്ഷതമുണ്ടാക്കുന്ന, പ്രകൃതിയുടെ നാദത്തെ, താളത്തെ  ലയത്തെ തകര്‍ക്കുന്ന അപ്രകൃതി അവസ്ഥയെ തുടച്ച്
നീക്കി സന്തുലിതാവസ്ഥ നില നിര്‍ത്തുന്ന ഘടകങ്ങളാണ്……

      ഞങ്ങള്‍ സസ്യ ജാലങ്ങളില്‍ മാത്രമല്ല
ജീവികളിലുമുണ്ട്
, ജിവികളിലെ ഇത്തിളുകളാണ് കുഞ്ഞണുക്കള്‍,
നിന്‍റെ മുട്ടില്‍ വന്നിരിക്കുന്നതു പോലുള്ളത്. 

      ഞങ്ങള്‍ ചിലപ്പോള്‍ മഹാമാരിയായി വന്ന്
ഒരിടത്തെ സസ്യജാലങ്ങളെ
, ഒരു ജീവി വര്‍ഗ്ഗത്തെ മുഴുവന്‍
മായ്ച്ചു കളഞ്ഞെന്നുമിരിക്കാം…..

      അവള്‍ ഞെട്ടി വിറച്ച് ഓര്‍ക്കിഡ്
പുഷ്പത്തിനെ നോക്കി തറയില്‍ പടിഞ്ഞിരുന്നു. 
ഒന്നു പുഞ്ചിരിച്ചിട്ട് ഓര്‍ക്കിഡ് സസ്യം തൃപ്തിയോടെ
, വിലയാന്വിതയായി കണ്ണടച്ച് നിന്നു.

      അവള്‍ മുട്ടിലെ കുഞ്ഞണുവിനെ നോക്കി.  അത് വികസിച്ചു വരുന്നു. കുന്നിക്കുരുവിന്‍റെ
വലിപ്പത്തില്‍
, പിന്നീട് ആപ്പിളിന്‍റെ ആകൃതിയില്‍,
പിന്നീട് അവളേക്കാള്‍ വലിയ പ്രകൃതിയില്‍ വളര്‍ന്ന്, പഴമായി, പൊട്ടിച്ചിതറി അവിടെമാകെ നിറഞ്ഞു.

@@@@@




ബോണ്‍സായ്

അവള്‍
അവന്‍റെ ജീവിതത്തിലേക്ക് വന്നത് ഇരുപത്തിഒന്നാമത്തെ വയസ്സിലാണ്
,  അവനന്ന് ഇരുപത്തിയെട്ടും.  സമൃദ്ധമായ ദേഹവും അളവറ്റ സമ്പത്തും കൊണ്ടു
വന്ന് അവള്‍ അവനെ പോഷിപ്പിച്ചു. അത് നാട്ടുനടപ്പ്.

       കൊക്കുരുമി ചിറകുകള്‍ വിടര്‍ത്തി കുറേനാള്‍ അവര്‍ ആഘോഷമായി ജീവിച്ചു.  അതും നിത്യ ക്കാഴ്ചകളാണ്.

       അപ്പോള്‍ അവന് തോന്നി ഇനി അവളെ ആരും കാണരുത്.  കണ്ടാല്‍ അവളുടെ സമൃദ്ധിയില്‍ മോഹിച്ച് കളവ്
ചെയ്യപ്പെട്ടാലോ…..

       അവന്‍, അവളെ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളിലേക്ക്
നീക്കി നിര്‍ത്തി. കിളിര്‍പ്പുകള്‍ വാതായനം നോക്കി വളരാന്‍ തുടങ്ങിയപ്പോള്‍
നുള്ളിയകറ്റി.  വേരുകള്‍ അമിതമായി പോഷകവും
നീരും സ്വീകരിച്ച് ദേഹ വടിവുകള്‍ ഇല്ലാതാക്കാന്‍ നോക്കിയപ്പോള്‍, വേരുകളെ അറുത്തു മാറ്റി ചട്ടിയിലാക്കി.
@@@@@




പോത്തും വേദവും

ഒരു
ബ്രാഹ്മണഗുരു കമണ്ഡലുവും യജ്ഞവല്‍കലവും ധരിച്ച് തെക്കുള്ള യജ്ഞവേദിയിലേക്ക് യാത്ര
തിരിച്ചു. വഴിയില്‍ ഒരു പോത്ത് നില്‍ക്കുന്നത് കണ്ട് അടിക്കാനുള്ള   വടിക്കായി ചുറ്റും നോക്കി. കയ്യിലുള്ള വടി
കുത്തിപ്പിടിക്കാനേ ഉതകൂ എന്നറിഞ്ഞ് കൊണ്ട്. 

       പോത്തു പറഞ്ഞു.

       മഹാത്മാവെ, എന്നെ തല്ലാന്‍ വടി തെരയേണ്ട. എന്‍റെ
ചോദ്യത്തിന് ഉത്തരം തന്നാല്‍ വഴിയില്‍ നിന്ന് മാറി നില്‍ക്കാം.

       ചോദിയ്ക്ക്.

       അങ്ങ് വേദങ്ങള്‍ പഠിച്ചു, ഉപനിഷത്തുക്കള്‍ അറിഞ്ഞു,
സ്മൃതികള്‍ ഹൃദിസ്ഥമാക്കി ശിഷ്യര്‍ക്ക് ഓതിക്കൊടുക്കുന്നു. പുതിയ
പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തുകയും സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു.  ഒന്ന് ചോദിച്ചു കൊള്ളട്ടെ. ഈശാവാസ്യമിദം സര്‍വ്വമെങ്കില്‍
വര്‍ണ്ണ തിരിവുകള്‍ എന്തിനു വേണ്ടിയാണ്…..?

       സമൂഹത്തിന്‍റെ സുസ്ഥിരമായ, സുനിയന്ത്രിതമായ നിലനില്‍പ്പിനു
വേണ്ടി.

       ഏതു സമൂഹത്തിന്‍റെ……. ബ്രാഹ്മണ സമൂഹത്തിന്‍റെ…..?

       അതെ, ബ്രഹ്മത്തിന്‍റെ മുഖത്തു നിന്ന് ഉയിര്‍
കൊണ്ടവനാണ് ബ്രാഹ്മണന്‍, ബാഹുക്കളില്‍ നിന്ന് ക്ഷത്രിയന്‍,
തുടയില്‍ നിന്ന് വൈശ്യന്‍, പാദങ്ങളില്‍ നിന്ന്
ശൂദ്രന്‍ അങ്ങിനെയാണ് ഉല്പത്തി. ഒരു ദേഹത്തിന്‍റെ ശിരസ്സാണ് പ്രധാനം, കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ശിരസ്സു വഴിയാണ്. മറ്റവയവങ്ങള്‍
ശിരസ്സിനെ സഹായിക്കുന്ന വസ്തുതകള്‍ മാത്രം. അങ്ങിനെ വീക്ഷിക്കുമ്പോള്‍ ബ്രാഹ്മണ
സമൂഹത്തിന്‍റെ നിലനില്‍പ്പ് മറ്റു സമൂഹങ്ങളുടെ നിലനില്‍പ്പു കൂടിയാണ്.

       ശിരസ്സിന്‍റെ സേവകര്‍…. വ്യാഖ്യാനിക്കുമ്പോള്‍ ബ്രാഹ്മണ സേവകര്‍….?

       അതെ.

       അങ്ങിനെയെങ്കില്‍ മറ്റ് വര്‍ണ്ണങ്ങളെ, ദസ്യുക്കളെ,
നിഷാദനെ, ആദിവാസിയെ, അധഃകൃതനെ
എന്തായിട്ടാണ് കാണുന്നത്….. അടിമകളായിട്ടോ…?

       അങ്ങിനെയും വ്യാഖ്യാനിക്കാം.

       വ്യാഖ്യാന അന്ത്യത്തില്‍ ഈ കാണുന്നതെല്ലാം കേള്‍ക്കുന്നതെല്ലാം
അറിയുന്നതെല്ലാം ബ്രാഹ്മണനു വേണ്ടിയാണെന്ന് ധരിക്കണം?

       ആകാം.

       എന്താണ് ദ്വൈതവും അദ്വൈതവും….. ബ്രഹ്മവും അപരബ്രഹ്മവും…..  സത്യത്തില്‍ വൈഷ്ണവരെയും ശൈവരെയും ഒന്നിച്ച്
കാണാനുള്ള ആഹ്വാനമല്ലെ…?

       മഹാത്മാവിന് ഉത്തരമില്ല.

       എന്താണ് മഹാത്മാവേ ഉത്തരമില്ലാത്തത്….?

       എല്ലാം മിഥ്യയാണ്.

       എന്താണ് മിഥ്യയായിട്ടുള്ളത് ഈ പ്രകൃതിയോ, പഞ്ചഭൂതങ്ങളോ……?

       മഹാത്മാവിന് ഉത്തരമില്ല.

       അങ്ങില്‍ ഉള്‍ക്കൊള്ളുന്ന പഞ്ചഭൂതങ്ങളോ, അങ്ങ് നില്‍ക്കുന്ന
ഈ പ്രകൃതിയോ മിഥ്യയായിട്ടുള്ളത്….?

       മഹാത്മാവിന് ഉത്തരമില്ല.

       പിന്നെ പോത്തിന്‍റെ വേദമോതി.

       കോടാനുകോടി നക്ഷത്രങ്ങളും അവയിലെല്ലാം ഉള്‍ക്കൊള്‍ക്കൊള്ളുന്ന ഗ്രഹങ്ങളും
പ്രകൃതിയും

എണ്ണിയാലൊടുങ്ങാത്ത
ജീവജാലങ്ങളും അജൈവങ്ങളും ചരങ്ങളും അചരങ്ങളും അറിഞ്ഞതും അറിയാത്തതും കണ്ടതും
കാണാത്തതും  കേട്ടതും കേള്‍ക്കാത്തതും
രുചിച്ചതും രുചിക്കാത്തതും എല്ലാമടങ്ങിയ ഈ പ്രപഞ്ചത്തില്‍ പോത്തായ എനിക്കും
മഹാത്മായ അങ്ങേയ്ക്കും തുല്യ അധികാര അവകാശങ്ങളാണുള്ളത്…..

       പിന്നീട് പോത്ത് വാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും കൊണ്ട് ആകാശം മുട്ടെ വളര്‍ന്നു.
അത് കണ്ട് മഹാത്മാവ് അന്ധകാരത്തിലായി, മേലോട്ട് നോക്കി
നിന്നു.  അവിടെ നിന്ന് സത്യമായ രവി
കിരണങ്ങള്‍ വന്ന് അദ്ദേഹത്തിനെ അന്ധനാക്കി.

@@@@@




മാനിഷാദ

നിഷാദന്‍
ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്ത് കൊന്നത് ഭക്ഷണത്തിനായിരുന്നു.  കാട്ടു കിഴങ്ങുകള്‍ തോണ്ടിയെടുത്തു ചുട്ടും
, പഴുത്ത് നിറമാര്‍ന്ന ഫലങ്ങള്‍ അടര്‍ത്തിയെടുത്തും തിന്നുത് പോലെ. കാട്ടു
കിഴങ്ങുകളും വൃക്ഷ ഫലങ്ങളും അടുത്ത തലമുറയുടെ കിളിര്‍പ്പുകളാണെന്ന് കാട്ടാളന്‍
ചിന്തിച്ചില്ല.  അവന് ചിന്തിക്കേണ്ട
കാര്യവുമില്ല, പ്രകൃതിയൊരുക്കിയിരിക്കുന്ന വിഭവങ്ങളാണതെല്ലാം,
അവന് വയറും വിശപ്പും ഭക്ഷണ കാഴ്ചകളും നല്‍കിയതും ആ പ്രകൃതി
തന്നെയാണ്.  അവന്‍റെ
കുത്തിയിളക്കിയെടുക്കലുകള്‍, അടര്‍ത്തിയെടുക്കലുകള്‍,
അമ്പെയ്തു വീഴ്ത്തലുകള്‍ തെറ്റാണെന്ന ചിന്ത പ്രകൃതി നല്‍കിയിട്ടുമില്ല.  മാനിഷാദ പറഞ്ഞ മുനിയോട് അവനതെല്ലാം പറഞ്ഞ്
ഫലിപ്പിച്ച്, തലകുനിച്ച് വിഷാദനായി നിന്നു. അപ്പോള്‍
മുനിശ്രേഷ്ഠടന്‍ അവനോടും ഒരു കഥ പറഞ്ഞു.

       രാജാവിന്‍റെ, പ്രജകളുടെ, രാക്ഷസ
വര്‍ഗത്തിന്‍റെ, കപിവര്യന്മാരുടെ……….

       കഥ പറഞ്ഞ് തീര്‍ന്ന് ക്ഷീണിതനായി മുനി വൃക്ഷത്തണലില്‍ വിശ്രമിക്കവെ
നിഷാദന്‍ തലയുയര്‍ത്തി മുനിയോട് ചോദിച്ചു.

       ഞാന്‍ കൊന്നത് എന്‍റെ പശിയകറ്റാനാണ്, അത് പ്രകൃതി
അനുവദിക്കുന്നതാണ്, ഭക്ഷണത്തിനു വേണ്ടി മാത്രമേ ഞാന്‍
മറ്റെന്നിനെ നശിപ്പിക്കാറുള്ളൂ.  അങ്ങ്
പറഞ്ഞ കഥയില്‍ പരസ്പരം വെട്ടിയതും കൊന്നെടുക്കിയതും എന്തിനു
വേണ്ടിയായിരുന്നു……..?  പെണ്ണിനു വേണ്ടി,  മണ്ണിനു വേണ്ടി,  പൊന്നിനു വേണ്ടി,  അതെല്ലാം കാല്‍ക്കീഴില്‍ ഒതുക്കി നിര്‍ത്താനുള്ള അധികാരത്തിനു വേണ്ടി,
അല്ലെ….?

       മുനി വെള്ളിടിയേറ്റിരുന്നു. 
ഇടിയില്‍ നിന്ന് ജ്വാലയുണ്ടായി, തീയായി മുനിയുടെ
താടിമീശകളൊക്കെ  ഭസ്മമായി പോയി.  മുനിക്ക് ബോധം തെളിഞ്ഞു, സമാധിയായി.

@@@@@




കൂനനും ആലും

കൂനന്‍റെ
കൂനിന്മേലുണ്ടായ കുരു പൊട്ടി മുളച്ച് ആലായി. ആല് വളര്‍ന്ന് പന്തലിച്ച്  തണലായി. 
ആല്‍ച്ചുവട്ടില്‍ ബോധം തേടി അന്വേഷകരെത്തി.  തലപ്പുകളില്‍ കൂടുകള്‍ പണിഞ്ഞ് പറവകളെത്തി.
കളകളാരവങ്ങളും ചിലപ്പുകളും ഇലയനക്കങ്ങളും മന്ദമാരുത ചലനങ്ങളും സംഗീതമായി. പാര്‍പ്പിടങ്ങള്‍
ചുവട്ടിലും ഉണ്ടായി
, സമൂഹമായി, ആവാസ
വ്യവസ്ഥയായി.

       കൂനിന്മേലാണ് ആലെന്നും, കുരുവില്‍ ഉണ്ടായിരുന്ന ആണി
വളര്‍ന്നതാണെന്നും എല്ലാവരും മറന്നു. കൂനിന്മേലുണ്ടായ രക്തവും ചലവുമാണ് ആലിന്‍റെ
സ്വത്വവും ജീവനുമെന്ന് വിസ്മരിച്ചു. 
വീണ്ടും, വീണ്ടും കാലം നീങ്ങവെ രക്തത്തിലെ അണുക്കള്‍
ചത്ത,് ചലം വറ്റി കുരു ഉണങ്ങിയപ്പോള്‍ മരം കരിഞ്ഞു തുടങ്ങി.  ഇലകള്‍ കൊഴിഞ്ഞ്, കമ്പുകള്‍
ഉണങ്ങി പടു വൃക്ഷമായി.

       വാസത്തിനു വന്നവരൊക്കെ മടങ്ങി. ബോധം തേടിയെത്തിയവരും അകന്നു പോയി. വൃക്ഷം
ദ്രവിച്ച് പൊടിയായി കാറ്റില്‍ പറന്നകന്നു. 

       കൂനന്‍ മാത്രം അവശേഷിച്ചു.

       കൂനന്‍ സത്യമായിരുന്നു.

@@@@@