Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം ആറ്

ഫോണില്‍ വിളിച്ചിട്ടാണ് സുദേവ് കടവന്ത്രയിലുള്ള ഫ്ളാറ്റില്‍ ചെന്നത്.  അവന്‍ ലാസറലിരാജയുടെ ആത്മകഥയിലെ ആദ്യ അദ്ധ്യായം എഴുതിക്കഴിഞ്ഞ് ലാസറലിയെ അറിയിച്ചതിന്‍റെയന്ന് രാത്രയിലാണ് ഫോണ്‍ വന്നത്.

       സുദേവ് …താങ്ക്സ്… താങ്കള്‍ എഴുത്തില്‍ പ്രവേശിച്ചു കഴിഞ്ഞല്ലെ…ഗുഡ്… ഞങ്ങള്‍ക്ക് വായിച്ചു കേള്‍ക്കണം.. ഓരോ അദ്ധ്യായം കഴിയുമ്പോളും വായിച്ചു കേട്ട് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുന്നതാണ് തല്ലത്.  നാളെ അഞ്ചു മണിക്ക് നിങ്ങള്‍ കടവന്ത്രയിതെ ഫ്ളാറ്റിലെത്തണം.  ഞങ്ങള്‍ അവിടെ കാണും…

       ഞങ്ങള്‍….?

        ഓ… സോറി… ആത്മകഥ കമ്മിറ്റിക്കാര്… കഴിഞ്ഞ ദിവസം സുദേവിനെ വന്നു കണ്ടിരുന്നു…

       ലാസറലി അനുവദിച്ച കാറിലായിരുന്നു യാത്ര.  ഡ്രൈവര്‍ പുതിയ ആളാണ്, യാത്രയിലുടനീളം അയാള്‍ നിശ്ശബ്ദനായിരുന്നു, ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാക്കുകളില്‍ ഉത്തരം പറഞ്ഞെങ്കിലും.  പത്ര പരസ്യം കണ്ടിട്ട്  അപേക്ഷ അയക്കുകയായിരുന്നു, അയാള്‍.  ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു.  അയാള്‍ക്ക് വളരെ നേരത്തെ തന്നെ ലാസറലിരാജ ഗ്രൂപ്പ് ഓഫ് കമ്പനീസിനെഅറിയാമായിരുന്നു.  നല്ല ശബളവും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് കൊടുക്കുന്നവരെന്ന് കേട്ടിട്ടാണ് അപേക്ഷ അയച്ചത്.  പി എഫും, ഇ എസ് ഐയും ബോണസ്സും…

       അഞ്ചു മണി പൂര്‍ത്തിയാകാന്‍ അഞ്ചുമിനിട്ട് ബാക്കി നില്‍ക്കെ എല്‍ എ രാജാ (ലാസറലി രാജാ) പ്രോപ്പര്‍ട്ടീസിന്‍റെ പാര്‍ക്കിംഗ് അതിര്‍ത്തിക്കുള്ളില്‍ കാര്‍ കയറ്റി നിര്‍ത്തി.  വാച്ചമാന്‍റെ ചോദ്യങ്ങളും കര്‍ക്കശമായ സ്വരവും കണ്ണുകളിലെ തീഷ്ണതയും സുദേവിന് ഇഷ്ടമായി. ഫ്ളാറ്റ് മ്പര്‍ പതിമുന്നെന്ന് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് ബഹുമാനം വിരിഞ്ഞു.

       എത്താന്‍ പറഞ്ഞ് വിളിച്ച നമ്പരില്‍ ഫോണ്‍  ചെയ്തു.

       ഏസ്…. താങ്കള്‍ എവിടെയാണ്…?

       ഇവിടെ ഫ്ളാറ്റിന് താഴെയെത്തി…

       ഓക്കെ… വന്നോളൂ… സെക്യൂരിറ്റിയില്‍ ഡീറ്റെയില്‍സ് കൊടുത്തോളൂ…

       റെജിസ്റ്ററില്‍ സുദേവ്, ലാസറലിയിടത്തു നിന്നും വരുന്നതാണെന്ന് എഴുതിക്കണ്ടപ്പോള്‍ സെക്യൂരിറ്റി കൂടുതല്‍ അടുപ്പത്തിലായി…

       വാതില്‍ ബല്ലയടിച്ചയുടന്‍ തുറന്നു. അനിതയല്ല.  അനിതയേക്കാള്‍ പ്രായം കുറഞ്ഞൊരു സ്ത്രീ…

       പ്ലീസ്…കം….

       സിറ്റിംഗ് റൂമില്‍ മറ്റ് നാലു പേരു കൂടിയുണ്ട്, സെറ്റികളില്‍. അവര്‍ക്കു മുന്നില്‍ ടീപ്പോയില്‍ മദ്യക്കുപ്പികളും അനുസാരികളുമുണ്ട്.  മറ്റു മുറിയളിലും ആളുകളുണ്ടെന്ന് ശബ്ദങ്ങള്‍ കൊണ്ട്  സുദേവ് അറിഞ്ഞു. വാതില്‍ കടക്കാതെ നിന്ന്, അവന്‍ ചോദിച്ചു.

       വിനോദ്….?

       ഉണ്ട്…. കമോണ്‍ മാന്‍…

       അവള്‍ക്ക് മദ്യത്തിന്‍റെ മണം. മുറിയില്‍ മദ്യത്തിന്‍റെ സിഗരറ്റിന്‍റെയും ഗന്ധം നിറഞ്ഞു നില്‍ക്കുന്നു.  അവന്‍ വിളിച്ച നമ്പര്‍ ഡയല്‍ ചെയ്തു നോക്കി.  സ്വിച്ചോഫാണ്.  ഈ നമ്പറില്‍ നിന്നും സുദേവിനെ നേരത്തെയും വിളിച്ചിട്ടുണ്ട്.  ആത്മകഥയെഴുത്തിന്‍റെ പുരോഗതികള്‍ അറിയുന്നതിനു വേണ്ടി, ആത്മകഥ കമ്മിറ്റക്കാരെന്നു പറയുന്നവര്‍, ലാസറിടത്തു വന്ന് സുദേവിനെ കണ്ടു പോന്നതിനു ശേഷം. പലപ്പോഴും പേരു ചോദിച്ചിട്ട് വെളിപ്പടുത്തിയില്ല,  ആത്മകഥ കമ്മിറ്റിയെന്നു മാത്രം പറയും. അവര്‍ ഫോണ്‍ ഓഫ് ചെയ്തു കഴിഞ്ഞ് തിരിച്ചു വിളിച്ചാല്‍ കിട്ടില്ല.  സ്വിച്ചോഫു ചെയ്യുന്നു.  ഇവിടെ ഫ്ളാറ്റില്‍ എത്തി വിളിച്ചപ്പോള്‍ കിട്ടുകയും ചെയ്തതാണ്.  ആസമയം അവര്‍ സുദേവിനെ പ്രതീക്ഷിച്ചിരുന്നു. വന്നപ്പോള്‍ ഓഫാക്കിയിരിക്കുന്നു.

       വാതില്‍ തുറന്ന സ്ത്രീ അവനടുത്തു നിന്നു തന്നെ ഉറക്കെ വിളിച്ചു.

       വിനോദ്…

       ഏസ്…യേസ്… ഐ വില്‍…

       ത്രീഫോര്‍ത്തില്‍, മങ്ങിയ നീലനിറമുള്ള ടീ ഷര്‍ട്ടില്‍ വിനോദ് മുന്നിലെത്തിയപ്പോള്‍ സുദേവിന,് ലാസറലി രാജയുടെ ജോലി ഏറ്റെടുത്തതില്‍ ആദ്യമായി തെറ്റിപ്പോയെന്നു തോന്നി.

       സാര്‍… ഞാന്‍ എഴുതിയതു വായിച്ചു കേള്‍പ്പിക്കാന്‍ വന്നതാണ്…

       ഏസ്… ഏസ്… ഐനോ…. സാമുവലും അനിതയുമൊക്കെയിവിടെയുണ്ട്… ഇവരൊന്നും നമ്മുടെ ഗസ്റ്റുകളല്ല… യൂനോ… ഇറ്റ്സ്  എ റൂട്ടീന്‍ പ്രോഗ്രാം… കമോണ്‍…നമുക്ക് സ്ഥലമുണ്ടാക്കാം… യൂനോ സുദേവ്…. ഇത് നമ്മുടെ തന്നെ പ്രോപ്പര്‍ട്ടിയാണ്… ഈ ഫ്ളാറ്റ് മാത്രമേ നമ്മുടെ കൈയ്യിലുള്ളൂ… ഇത് മൂന്നു ഫ്ളാറ്റുകളുടെ ഏരിയ ഒന്നിച്ചാക്കിയതാണ്…. ഇഷ്ടം പോലെ സൗകര്യമുണ്ട്…. ഈ നിലയില്‍ വേറെ ഫ്ളാറ്റുകളില്ലാതാനും… നമ്മുടെ ആവശ്യത്തിന് പ്രത്യേകം കരുതി വച്ചതാണ്…

       ആളില്ലാത്ത മുറിയില്‍ സുദേവ് കേള്‍വിക്കാരെ കാത്ത് പത്തു മിനിട്ടിരുന്നു.  അനിത അവന് ജ്യൂസും സ്നാക്കസുമായിട്ടെത്തി കൂടെ വിനോദും സാമുവലും മറ്റു രണ്ടു പേരും.

       സുദേവ്… ഇദ്ദേഹം വിമര്‍ശകനാണ് ഡോ. ജോര്‍ജ് ജോഷി കല്ലുങ്കല്‍… ഇവന്‍ സ്ക്രിപ്റ്റ് റൈറ്റര്‍ മധു വാകത്താനം…

       മറ്റു മുറികളില്‍ നിന്നും ശബ്ദഘോഷങ്ങള്‍ എത്താതിരിക്കാന്‍ അവന്‍ വാതിലടച്ചു.  വാതിലടച്ചിട്ടും മുറിയാകെ മദ്യത്തിന്‍റെയും പുകയുടേയും ഗന്ധം ശ്വാസം മുട്ടിനില്‍ക്കുന്നുണ്ടെന്നവനു തോന്നി. അവകളെ പുറത്താക്കന്‍ തുറസ്സായിടത്തേക്ക് ജനലിലനെ തുറന്നു വച്ചു..  ഏസി ഓഫ് ചെയ്ത് സീലിംഗ് ഫാനും പെഡല്‍സ്റ്ററും ഓണാക്കി…..

       സുദേവ,് ഡോക്ടര്‍ ലാസറലി രാജയുടെ ആത്മകഥയിലെ ഒന്നാമത്തെ അദ്ധ്യായം ഇങ്ങിനെ വായിച്ചു തുടങ്ങി.

       തെളി നീരൊഴുകുന്ന അരുവി പോലെയായിരുന്നു ജീവിതം.  കാലവര്‍ഷത്തിനെ തുടര്‍ന്ന് തുലാ മഴയും കഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞ് കൊച്ചു കുഞ്ഞിന്‍റെ പുഞ്ചിരി പോലെ നിഷ്കളങ്കമായി കിടക്കുന്ന സമയത്തെ അരുവി പോലെ.  കണ്ണീരു പോലെ തെളിഞ്ഞിട്ട്.  യൂപി സ്ക്കൂള്‍ അദ്ധ്യാപകനായ അച്ഛന്‍ പത്മനാഭനോടൊത്ത് (അല്ല പത്മനാഭന്‍ നയര്‍ എന്നു തന്നെ വേണം.) പത്മനാഭന്‍ നായരോടൊത്ത് രാവിലെ തോട്ടില്‍ കുളിക്കാന്‍ പോകുന്നതിന്‍റെ ഓര്‍മ്മയാണ് ബാല്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമായി മനസ്സിലേക്കോടി വരുന്നത്.

       (പിന്നീട് അത് വായിച്ചപ്പോള്‍ നിവേദിത ഒരു കമന്‍റ് പറഞ്ഞു. അതെ ആകുമെങ്കില്‍ കുറഞ്ഞത് നായരെങ്കിലുമാകണം.  പണ്ടത്തേ പോലെയല്ല, ഇന്ന് നായര്‍ക്ക് നല്ലകാലമാണ്.  ശൂദ്രനായ നായര്‍ മുതല്‍ മുകളിലേക്ക് ക്ഷത്രിയനായ വര്‍മ്മയുടെ വീടുകളില്‍ നിന്നും ബാന്ധവം കിട്ടും ഇന്ന്.  കെ. ബാലകൃഷ്ണന്‍റെ ജാതി വര്‍ണ്ണങ്ങളെ കുറിച്ചുള്ള പുസ്തകത്തിലാണെന്നു തോന്നുന്നു കേളത്തിലെ ക്ഷത്രിയര്‍ സമ്പത്തു കൊണ്ടും കയ്യൂക്കു കൊണ്ടും കേമന്മാര്‍ ആയ നായന്മാരു തന്നെയാണെന്ന്  പറഞ്ഞിട്ടുള്ളത്.  അച്ഛന്‍ പത്മനാഭന്‍ നായര്‍ അപ്പോള്‍ മകനായിട്ട് രാജന്‍ മതി, കുഞ്ഞുമോനെന്ന പേരിനൊരു നപുംസക ഛായയുണ്ട്.  ആണ്‍ പെണ്‍ വ്യത്യാസത്തെ അല്ല ഞാന്‍ അര്‍ത്ഥമാക്കിയത,് ജാതി മത തിരിവിനെയാണ്.  ഓക്കെ… അതെന്തുമാകട്ടെ…)

       തലയിലും മുഖത്തും മുട്ടിനു താഴെ മുതല്‍ കാലിലും എണ്ണ തേച്ച് തോര്‍ത്ത് തോളില്‍ ഇട്ട്, ഇടതു കൈയ്യില്‍ ഉമിക്കരിയും ഈര്‍ക്കിലിയും വലതു കൈയ്യില്‍ സോപ്പു പെട്ടിയുമായി സുസ്മേരവദനനായി തോട്ടിലേക്കുള്ള യാത്ര.  അച്ഛന്‍റെ കൈയ്യില്‍ സോപ്പു പെട്ടിയുണ്ടാകില്ല. കാരണം രണ്ടു പേര്‍ക്കും കൂടി ഒന്നു മതിയല്ലോ. റോഡിന് അത്ര വീതിയൊന്നുമില്ല.  ഇപ്പോഴത്തെ അളവു വച്ചു പറഞ്ഞാല്‍ കഷ്ടിച്ച ് ഒരു കാറിന് പോകാനുള്ള വീതി.  ചെമന്ന മണ്ണാണ്, നന്നായി ഉറച്ചത്.  നല്ല വേനല്‍ക്കാലത്തു പോലും പൊടി പറക്കുകയില്ല.  എതിരെ വരുന്നവരെ നോക്കി മന്ദഹസിച്ച് ആവശ്യമുള്ളവരോടു കുശലം പറഞ്ഞ്, ചായക്കടയുടെ മുന്നിലെത്തി ഒരു നിമിഷം നിന്ന് കടയുടെ തിണ്ണയില്‍ ബഞ്ചില്‍ ഇരുന്ന് ചായ കുടിക്കുന്നവരോടു വിശേഷങ്ങള്‍ തിരക്കി, അടുത്ത പലചരക്കു കടയുടെ മുന്നിലോ, ചായക്കടയിലിരുന്നു തന്നെയോ ബീഡി വലിക്കുന്നവരെ നോക്കി ശാസനയുള്ള കണ്ണുകളൊന്ന് ചലിപ്പിച്ചുള്ള പോക്ക് എന്‍റെ അല്ല അച്ഛന്‍റെ…

       തോട്ടിലെ കണ്ണീര്‍പോലെ തെളിഞ്ഞ വെള്ളത്തില്‍ കുഞ്ഞു മീനുകള്‍ ഓടി നടക്കുന്നതു കാണാം. മുട്ടിനോളം, അരയോളം വെള്ളത്തിലായാലും അടിയില്‍ കിടക്കുന്ന വെള്ളാരം കല്ലുകളെ കാണാം.  ചിലപ്പോള്‍ കുഞ്ഞു തവളകള്‍ കുളി കഴിഞ്ഞ് കരയില്‍ കയറിയിരിക്കുന്നതും കാണാം.  തവള കുഞ്ഞുങ്ങളെ കണ്ട് മോഹിച്ച് പറന്നെത്തുന്ന കാക്കകളെ കാണാം.  തക്കം കിട്ടിയാല്‍ തവള കുഞ്ഞുങ്ങളെ കാക്ക റാഞ്ചി എടുത്ത് കൂട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൊണ്ടു പോകുന്നത് കാണാം.

       സ്ക്കൂളിലേക്ക് നടന്നു തന്നെയാണ് യാത്ര.  അച്ഛന് പിന്നാലെ ആണ്‍കുട്ടികള്‍ പിന്നെ പെണ്‍കുട്ടികള്‍. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ നടന്നാല്‍ പള്ളി വക സ്ക്കൂളിലെത്തും.  അവിടെ ഒന്നു മുതല്‍ പത്തു വരെ പഠനമുണ്ട്.  പള്ളി വക സ്ക്കൂളായിരുന്നതു കൊണ്ട് അച്ഛന് അവിടെ നിന്നും ഒരിടത്തേക്കും മാറ്റം കിട്ടി പോകേണ്ടി വന്നിട്ടില്ല.  രാവിലെ സ്ക്കൂളിലേക്കുള്ള പോക്ക് ആനന്ദകരം തന്നെയാണ്.  അച്ഛന് പിന്നാലെയുള്ള നടത്തത്തിനിടയില്‍ ആരും ഒന്നും മിണ്ടുകില്ല.  ആംഗ്യ ഭാഷയും കൂടുതലായിട്ട് നയന ഭാഷയുമാണ് ഉപയോഗിച്ചിരുന്നത്.  പെണ്‍കുട്ടികളുടെ മുഖത്താണെങ്കില്‍ സദാസമയം ഒരു കള്ളച്ചിരി വിടര്‍ന്നു നില്‍ക്കും.  അടക്കി നിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ ചിലര്‍ ചിരിച്ചു പോകും.  ശബ്ദം അച്ഛന്‍റെ കാതിലെത്തുമ്പോള്‍ ചോദിക്കും.

       ആര്‍ക്കാ അഞ്ച് ഡിയിലെ ലീനക്കാണോ പൊട്ടിപ്പോയത്…?

       അല്ല, ആറ് ബീയിലെ ഗീതക്കാ….           

       എന്നാ, എന്താണെങ്കില്‍ പറഞ്ഞോ, ഞങ്ങളും ചിരിക്കാം.  അല്ലേ ഏഴു ഡീയിലെ രാമകൃഷ്ണാ…

       പിന്നെ കഥ പറച്ചിലും ചിരിയുമാകും.  അച്ഛന്‍ അങ്ങിനെ കടുപിടുത്തക്കാരനായിരുന്നില്ല.  അതു കൊണ്ടു തന്നെ കുട്ടികള്‍ ഒരു സ്നേഹിതന്‍റെ അടുത്തിടപഴകുന്നതു പോലെയായിരുന്നു, അച്ഛന്‍റെ അടുത്ത്.  അതൊരു മലയാള അദ്ധ്യാപകന്‍റെ ലാളിത്യവും തനിമയുമായിരുന്നെന്ന് പിന്നീടെവിടയോ വായിച്ചതോര്‍ക്കുന്നു.

       ഒരു ചെറിയ കുന്ന് നിരത്തിയെടുത്താണ് സ്ക്കൂള്‍ പണിതിരിക്കുന്നത്.  എല്‍പി സ്ക്കൂളായി തുടങ്ങി, യൂപിയാക്കി, ഹൈസ്ക്കൂളായി പരിണമിച്ചതാണെന്ന് രേഖകള്‍. യൂപി ആയപ്പോള്‍ ഓടു മേഞ്ഞു.  ഹൈസ്ക്കൂളാക്കിയപ്പോള്‍, ഹൈസ്ക്കൂളിനു വേണ്ടി വേറിട്ടൊരു കെട്ടിടം പണിഞ്ഞു, രണ്ടു നിലയില്‍ വാര്‍ക്ക.  ഹൈസ്ക്കൂളായിരുന്നെങ്കിലും ഹെഡ്മാസ്റ്റര്‍ കഴിഞ്ഞാല്‍ അച്ഛനായിരുന്നു സ്ക്കൂളിലെ അധികാരി.  ചൂരല്‍ വടിയും പിറകില്‍ കരുതി സ്ക്കൂള്‍ വരാന്തയിലൂടെ കരയുന്ന ചെരിപ്പുമായി വരുന്ന ഹെഡ്മാസ്റ്ററെ കണ്ടാല്‍ ക്ലാസ് റുമുകള്‍ നിശ്ശബ്ദമാകും.  അപകട മരണ വീടു പോലെ.  സുസ്മേര വദനനായി പൂച്ചുയുടെ നടത്തം പോലെ വരാന്തയിലൂടെ നടന്നു വരുന്ന അച്ഛനെ കണ്ടാല്‍ കുട്ടികള്‍ ഒരു വന്ദനം കൊടുത്ത് ക്ലാസില്‍ കയറിയിരിക്കും.  കുട്ടികളുടെ എന്തിനും ഏതിനും അച്ഛനുണ്ടാകും.  മറ്റേതോ സ്ക്കൂളില്‍ നിന്നും സ്ഥലം മാറി വന്ന ദേവന്‍ എന്ന പടം വരക്കാരനെ യുവജനോത്സവത്തിനു കൊണ്ടുപോയി സംസ്ഥാനത്തു തന്നെ ഒന്നാമനാക്കിയത് അച്ഛനായിരുന്നു.  ദേവന്‍ പത്താം ക്ലാസ്സു കഴിഞ്ഞ് പോകും വരെയുള്ള മൂന്നു വര്‍ഷക്കാലം പത്രത്തില്‍ സ്ക്കൂളിന്‍റെ പേരു വന്നു.  മൂന്നാമത്തെ വര്‍ഷം ദേവനോടൊത്ത് അച്ഛന്‍റെ ഫോട്ടോ വരികയും ചെയ്തിരുന്നു.

       അമ്മ കഥകളുടെ ഒരു നിധി ശേഖരമായിരുന്നു.  എനിക്കോര്‍മ്മ വച്ച നാള്‍ മുതള്‍ മാറോട് ചേര്‍ത്തു കിടത്തി മര്‍മ്മരമായിട്ടമ്മ കഥകളായി മനസ്സിലേക്ക്, ആത്മാവിലേക്ക് കയറി വരികയായിരുന്നു. ഒറ്റ മകനായിരുന്നതു കൊണ്ടാകാം അകറ്റാന്‍ കഴിയാത്ത അത്ര അടുപ്പമായിരുന്നു അമ്മയ്ക്ക്.

       പഞ്ചതന്ത്രം കഥകളും വിക്രമാദിത്യ കഥകളും, ജാതക കഥകളും സാരോപദേശ കഥകളും  ബൈബിള്‍ കഥകളും.

       ആമയും മുയലും  ആലീബാബയും നാല്പത്തി ഒന്ന് കള്ളന്മാരും വിക്രമാദിത്യനും വേതാളവും ബുദ്ധനും ബിംബിസാരനും സീതയും രാമനും പാഞ്ചാലിയും ഭീമനും കൃഷ്ണനും രാധയും….

       ഏതു കഥയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല, കഥകളുടെ ഉള്‍ക്കാമ്പു കൊണ്ടല്ല, അമ്മയുടെ സ്വരമാധുരി കൊണ്ടും വശ്യത കൊണ്ടും പറയുന്ന ശൈലി കൊണ്ടുമാണങ്ങിനെ ആയത്.  അമ്മ പറയുന്നൊരു രാജകുമാരന്‍റെ കഥയുണ്ട്, പിന്നീടെങ്ങും വായിക്കാത്ത കഥ. ഒരു പക്ഷെ, അതമ്മ തന്നെ ഉണ്ടാക്കിയതായിരുന്നിരിക്കണം.  പണ്ട്, പണ്ട്, കേദാരം എന്ന ദേശത്ത് കേദാരനാഥന്‍ എന്നൊരു രാജാവ് വാണിരുന്നു.  സുന്ദരനും സുഭാഷിതനുമായിരുന്ന അദ്ദേഹത്തിന് സുന്ദരിയും സുശീലയുമായ ഭാര്യയുണ്ടായുരിന്നു.  അദ്ദേഹത്തിന് ഒരു ഭാര്യ അല്ല ഉണ്ടായിരുന്നത്.  അതില്‍  ഏറ്റവും സുന്ദരിയുടെ കഥയാണിത്.  ശക്തരായ പല രാജാക്കന്മാര്‍ക്കും പുഷ്പക വിമാനങ്ങള്‍ ഉണ്ടായിരുന്നു.  അതില്‍ ഏറ്റവും സുന്ദരമായിരുന്ന വിമാനം നമ്മുടെ കഥയിലെ രാജാവിനായിരുന്നു.  അതിനെ അറുപത്തിനാലു തരം പൂക്കളെക്കൊണ്ട് അലങ്കരിച്ചിരിന്നു.  അറുപത്തിനാലു തരം പൂക്കള്‍ക്കും അറുപത്തിനാലു നിറങ്ങളായിരുന്നു.  അതിനൊക്കെ വ്യത്യസ്തമായ മണങ്ങളുമായിരുന്നു.  അറുപത്തിനാലു തരം സുഗന്ധങ്ങള്‍.  മാനത്തു കൂടി വിമാനം യാത്ര ചെയ്യുമ്പോള്‍ ആ മണങ്ങളെല്ലാം ഭൂമിയിലെത്തി ജനങ്ങളെ ഉണര്‍ത്തി മത്തരാക്കുമായിരുന്നു.  അതു കൊണ്ടു തന്നെ ഇതര രാജാക്കന്മാര്‍ക്കു മാത്രമല്ല സാധാരണ ധനികര്‍ക്കും രാജാവിനോട് അസൂയ ഉണ്ടായിരുന്നു.  അങ്ങിനെ യാത്ര ചെയ്തു കൊണ്ടിരിയ്ക്കെ വനാന്തരത്തിലൊരു പൊയ്കയില്‍ കുളിച്ചു  കൊണ്ടിരുന്ന ഒരു താപസ കുമാരിയെ രാജാവ് കാണാനിടയായി.  അവളുടെ സൗന്ദര്യം അവര്‍ണ്ണനീയമായിരുന്നു, നടനം രംഭതിലോത്തമമാരേക്കാള്‍ ശ്രേഷ്ടമായിരുന്നു.  ആകാരം പാഞ്ചാലിയെ വെല്ലുന്നതായിരുന്നു. ഭാഷണം സീതക്കു തുല്യമായിരുന്നു.  അഭിമാനം പാര്‍വ്വതിയെ തോല്പിക്കുന്നതായിരുന്നു.  സ്നാനം കഴിഞ്ഞ് കയറി തപോവനത്തിലേയ്ക്ക് ആനയിക്കപ്പെട്ട കന്യകയുടെ പിന്നാലെ രാജാവും തപോവനത്തിയെത്തി.  താപസനെ കണ്ടു. കന്യകയെ വിവാഹം ചെയ്തു തരണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ, അദ്ദേഹത്തിന് വേണ്ടിയിരുന്നത് കുബേരനേക്കാള്‍ ധനികനും, ഇന്ദ്രനേക്കാള്‍ സുന്ദരനും ശിവനേക്കാള്‍ ശക്തനും മനുവിനേക്കാള്‍ ജ്ഞാനിയുമായ ഒരു രാജാവിനെ ആയിരുന്നു.  ആവശ്യങ്ങളുടെ കഥകേട്ടു കഴിഞ്ഞപ്പോള്‍ രാജാവിന് ഒരു തമാശയായിട്ടാണ് തോന്നിയത്.  ഇവരെയൊക്കെ വരുത്തണമെന്നും അവരോടൊക്കെ മത്സരിച്ച് ജയിക്കുമെന്നും രാജാവ് പറഞ്ഞു.  താപസന്‍റെ അഭ്യര്‍ത്ഥന കേട്ട് കുബരനും ഇന്ദ്രനും ശിവനും മനുവും എത്തിച്ചേര്‍ന്നു.  അളന്നു നോക്കേണ്ടത് അളന്നു നോക്കി, ഉരച്ചു നോക്കേണ്ട് ഉരച്ചു നോക്കി, തൂക്കി നോക്കേണ്ട് തൂക്കി നോക്കി, കണ്ട് മനക്കണക്കില്‍ അറിയേണ്ട് അങ്ങിനെ അറിഞ്ഞ് രാജാവു തന്നെ മുമ്പനെന്നറിഞ്ഞ് താപസന്‍ കുമാരിയെ  വിവാഹം ചോയ്തു കൊടുത്തു.  ഇന്ദ്രനും കുബേരനും, ശിവനും മനുവും എണ്ണിയാലൊടുങ്ങാത്ത, അളന്നാല്‍ തീരാത്ത, തൂക്കിയാല്‍ എത്താത്ത അത്ര സമ്മാനങ്ങളും വരങ്ങളും കൊടുത്ത് അവരെ പുഷ്പക വിമാനത്തില്‍ ദേശാടനത്തിനയച്ചു.

       സ്ക്കൂളില്‍ പോയി വരുന്ന സമയത്ത് അമ്മയുടെ പാലു കുടിക്കുമായിരുന്നു.  അമ്മയ്ക്ക് വേദനിച്ചും ഇക്കിളിപ്പെട്ടും തുടങ്ങിയപ്പോള്‍ ചെന്നി നായകം തേച്ചാണ് കുടി നിര്‍ത്തിയത്.  സ്ക്കൂളില്‍ പോയിത്തുടങ്ങി, പുതിയ കൂട്ടുകളും അറിവുകളും കിട്ടിയപ്പോള്‍ അമ്മയോടു ചോദിച്ചു, എനിക്ക് മാത്രമെന്താണ് അനുജനും അനുജത്തിയും ഇല്ലാത്തതെന്ന്.  അമ്മ പറഞ്ഞു, അമ്മയുടെ സ്നേഹം മുഴുവന്‍ എന്‍റെ മോനുമാത്രം തരുന്നതിനു വേണ്ടിയാണെന്ന്, അനുജനും അനുജത്തിയും ഉണ്ടായാല്‍ അവര്‍ക്കു കൂടി കൊടുക്കേണ്ടി വരില്ലേയെന്ന്.  ശരിയാണെന്നു തോന്നി.  അച്ഛനോടു ചോദിച്ചപ്പോള്‍ അച്ഛനും അങ്ങിനെ തന്നെയാണ് ചിന്തിക്കുന്നതെന്നു പറഞ്ഞു.

       സെറ്റു മുണ്ടും നേര്യതും വിടര്‍ത്തിയിട്ട മുടിയും തുളസ്സിക്കതിരും അങ്ങിനയേ അമ്മയെ കണ്ട ഓര്‍മ്മയുള്ളൂ…. അല്ല, അമ്മ അങ്ങിനെ മാത്രമേയിരിക്കാറുള്ളൂ.  സദാ പുഞ്ചിരി വിടര്‍ന്നിരിക്കുന്ന മുഖവും. മുറ്റത്തെ തുളസിക്കു വെള്ളമൊഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പിറു പിറുക്കുന്നത് കേള്‍ക്കമായിരുന്നു.  അമ്മ പറഞ്ഞത് തുളസിയോടു സംസാരിക്കുന്നതാണെന്നാണ്.  അമ്മ തുളസിയോടു മാത്രമല്ല എല്ലാ ചെടികളോടും സംസാരിക്കുമായിരുന്നു.  അമ്മ സംസാരിക്കുമ്പോള്‍ ചെടികള്‍  ചെവി കൂര്‍പ്പിച്ചു നില്‍ക്കുന്നതു കാണാം.  അവര്‍ക്ക് സ്നേഹം കൊടുത്താല്‍ കൂടുതല്‍ പൂക്കള്‍ തരുമെന്നാണ് അമ്മയുടെ വിശ്വാസം.  അമ്മ കറമ്പി പശുവിനോടും മകളോടും അങ്ങിനെ സംസാരിക്കുന്നതു കേള്‍ക്കാം.  അവരോട് സംസാരിക്കുക മാത്രമല്ല.  തൊഴുത്ത് വൃത്തിയാക്കുമ്പോള്‍ പശുക്കളെ കുളിപ്പിക്കുമ്പോള്‍ പാട്ടുകള്‍ പാടുകയും ചെയ്യും.  പാട്ടുകള്‍ കേട്ടാല്‍ അവര്‍, പശുക്കള്‍ കൂടുതല്‍ പാലു തരുമെന്നാണ് അമ്മയുടെ വാദം.  വീടിന് പിറകില്‍ അധിക സ്ഥലമൊന്നുമില്ലായിരുന്നു, ഉള്ളിടത്ത് പത്തു മുപ്പത് കപ്പ, ചേന ചേമ്പ്, പയറ് വഴുതന ഒക്കെ വളര്‍ത്തിയിരുന്നു.  അവരുടെയൊക്കെ ചുവട്ടിലൂടെ അച്ഛനും നടക്കുമായിരുന്നു.  അതു കണ്ട് നടന്നപ്പോഴാണ് അവരുടെ സ്നേഹ ഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.  അവര്‍ കരുതിയിരുന്നത് എനിക്ക് മനസ്സിലാകില്ലെന്നാണ്.  അവരൊരിക്കല്‍ അമ്മയുടെ സൗന്ദര്യത്തെ പറഞ്ഞ് അസൂയപ്പെടുന്നതു കണ്ടു.  ഞാന്‍  അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള്‍ അവര്‍ തല്ലു തരുമെന്നു പറഞ്ഞു.  എന്‍റെ ദേഹം കുളിര്‍മ കൊണ്ടു.  പറമ്പില്‍  വളരുന്ന കൃഷിയിനങ്ങള്‍ക്കൂടി അമ്മയെ എന്തു മാത്രം ഇഷ്ടമാണ്.

       വായിച്ച ശേഷം വളരെ നിര്‍ബ്ബന്ധിച്ചിട്ടും അവരുടെ ഭക്ഷണവും പുകയും പാട്ടും നൃത്തവും സ്വീകരിക്കാതെ സുദേവ് ലാസറിടത്തേക്ക് മടങ്ങി.

                                         ***

       സുദേവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല.  മനസ്സില്‍ നിറയെ കാഴ്ചകളാണ്, കഴിഞ്ഞ രണ്ടു മണിക്കൂറകള്‍ കൊണ്ട് കിട്ടിയത്. 

       എത്തിപ്പെട്ടത് മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ഇടത്താവളത്തിലായിരുന്നു.  പലരും പറഞ്ഞു കേട്ട കഥകള്‍ നേരിട്ട് കാണാന്‍ കളിഞ്ഞിരിക്കുന്നു…. അടുത്ത നാളില്‍ പത്ര-ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്ന കഥ, സിനിമാ പ്രവര്‍ത്തകരുടെ മയക്കു മരുന്നുമായുള്ള ബന്ധം…. കാറിടിച്ച് സെക്യൂരിറ്റിക്കാരനെ കൊന്ന കഥ… ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന വിപണനവും ഉപയോഗവും വളരെ അധികമായിരിക്കുന്നു.  ന്യൂ ജനറേഷന്‍ ചിന്തകളും  മാര്‍ഗ്ഗങ്ങളും ലക്ഷ്യങ്ങളും മാറിയിരിക്കുന്നു. കഴിഞ്ഞ തലമുറകള്‍ ന്യൂ ജനറേഷന്‍ ആയിരുന്ന കാലഘട്ടങ്ങളേക്കാള്‍ ജുഹുപ്സാവഹവും മലീമസവുമായിരിക്കുന്നു.

       പുലര്‍കാലത്തിന്‍റെ സുഖാലസ്യത്തില്‍ മനസ്സും ശരീരവും തണുത്തപ്പോള്‍ സുദേവ് ഒന്നു മയങ്ങി.  ആ മയക്കത്തിനെ നിഷ്കരുണം നശിപ്പിച്ചു കൊണ്ട്  മൊബൈല്‍ വിളിച്ചു.

       കണ്ണുകള്‍ തുറക്കാതെ കിടക്കയില്‍ തന്നെ കരുതിയിരുന്ന ഫോണെടുത്ത് ചെവിയോടടുപ്പിച്ചു..

       സുദേവ് നിങ്ങള്‍ ഇന്നലെ  നന്നായി ഉറങ്ങിയില്ല, വെളുപ്പാന്‍ കാലത്തിന് മുമ്പ് എപ്പോഴോ കിട്ടിയ മയക്കത്തില്‍ സ്വപ്നം കണ്ടുണര്‍ന്നു, വീണ്ടും ഇപ്പോള്‍ ഒരു മയക്കത്തില്‍ അമരാന്‍ ശ്രമിക്കുകയോ, ശ്രമിക്കാതെ തന്നെ മയക്കത്തിലേക്ക് കടക്കുകയോ ചെയ്യുകയുമായിരുന്നു, അല്ലേ…?

       നിങ്ങളാരാണ്….?

       ഏസ്, ആ ചോദ്യമേ നിങ്ങള്‍ ആദ്യം ചോദിക്കുകയുള്ളൂവെന്ന ് എനിക്കറിയാം.  പക്ഷെ, ഞാന്‍ പ്രതീക്ഷിച്ചതു പോലെ ദേഷ്യം ചോദ്യത്തില്‍ കണ്ടില്ല.  അതെന്നെ ചെറുതായെന്ന് അത്ഭുതപ്പെടുത്തുന്നുണ്ട്. അതെന്തുമാകട്ടെ. നിങ്ങളെ ഉറക്കാതിരിക്കാന്‍ വേണ്ടി തന്നെയാണ് ഇപ്പോള്‍ വിളിച്ചത്. 

       നിങ്ങള്‍ ആരാണ്… എന്താണ് വേണ്ടത്…?

       ഞാന്‍ ആരാണെന്നത് പ്രസക്തമാണ്. പക്ഷെ, ഇപ്പോള്‍ അത് വെളിപ്പെടുത്താന്‍ കഴിയില്ല. എന്താണ് വേണ്ടതെന്ന്,  അതത് സമയങ്ങളില്‍ നിങ്ങളോട് പറഞ്ഞു കൊണ്ടിരിക്കും.  വഴികള്‍ നിങ്ങള്‍ക്ക് കാണിച്ചു തന്നു കൊണ്ടിരിക്കും.  വളരെ ചുരുക്കത്തില്‍ നിങ്ങളോട് പറയാം. ലാസറലി രാജയെ കേട്ടഴുതാന്‍ നിങ്ങളെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ മാത്രം തീരുമാനമല്ല.  അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് പത്തു ശതമാനം പരിഗണനയേ കൊടുത്തിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ ബിസിനസ്സ് സാമ്രാജ്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അമ്പതുപോരുടെ തീരുമാനമാണ്.  അന്ന് അവസാന ഇന്‍റര്‍വ്യൂവിന് വന്നതില്‍ പെര്‍ഫോമെന്‍സ്സില്‍ നിങ്ങളായിരുന്നു ഏറ്റവും പിന്നില്‍.  നിവേദിതക്കും താഴെ. പക്ഷെ, സെലക്റ്റ് ചെയ്തത് നിങ്ങളെ, അതിന് ഒറ്റ കാരണമേയുള്ളൂ. നിങ്ങളുടെ കൈകളില്‍ കെട്ടുകളില്ല. പിന്നില്‍ കൈകളില്ല.  മനസ്സിലായെന്നു കരുതുന്നു.  ഇല്ലെങ്കില്‍ പറയാം, ജോലി സംബന്ധമായ ബന്ധങ്ങള്‍, ഫാമിലി പരമായ ബന്ധുക്കള്‍, സാമ്പത്തീകമായ ശക്തി. വ്യക്തമായിക്കാണും.  നിങ്ങള്‍ക്ക് അഡ്രസ്സ് ചെയത് പറയാനൊരു തെഴിലില്ല.  ധനമില്ല. ബന്ധുക്കള്‍ നിര്‍ധനരും.  അതു കൊണ്ടു തന്നെ നിങ്ങള്‍  ലാസറലി പറയുന്നതു കേള്‍ക്കും. കേള്‍ക്കും എന്ന് ഞാല്‍ പറഞ്ഞത് വളരെ ശക്തമായിട്ടുതന്നെ കാണുക,  എല്ലാവിധ അര്‍ത്ഥങ്ങളോടെയും മാനങ്ങളോടെയും.  അയ്യായിരം കോടിയോളം രൂപയുടെ പരസ്യപ്പെടുത്തിയ ആസ്തിയുള്ള ബിസിനസ്സ് ഗ്രൂപ്പിന്‍റെ തീരുമാനമാണത,് വെറും വാക്കല്ല.

       ഇടയ്ക്ക് അയാള്‍ സംസാരം നിര്‍ത്തിയപ്പോള്‍ സുദേവ് സമയം നോക്കി.  നേരം വെളുക്കുന്ന ആറു മണി. പുറത്ത് കാക്കകള്‍ കരയുന്ന ശബ്ദം, അതിനിടയില്‍ തന്‍റെ സ്നേഹിതരുടെ ശബ്ദങ്ങളും കേള്‍ക്കുന്നുണ്ടോയെന്ന് വറുതെ ചെവി കൂര്‍പ്പിച്ചു.  ഫോണ്‍ വിളി നല്‍കിയ വിഹ്വലമായ ചിന്തയിലേക്ക് കടക്കും മുമ്പുണ്ടായ ചെറിയ ഒരു ആലോചനയാണ്.  അത് കഴിഞ്ഞയുടനെ ഫോണ്‍ വിളിയുമായിട്ടുള്ള ചിന്തയിലേക്ക് മനസ്സ് കടന്നു. ചിന്ത അങ്ങിനെ കാര്യമായിട്ട് മുമ്പോട്ടു പോയില്ല.  അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.

       അവര്‍ ലാസറലിയോട് ആവശ്യപ്പെട്ടത് അദ്ദേഹത്തിന്‍റെ ഒരു ജീവചരിത്രം എഴുതിക്കാനാണ്, യഥാര്‍ത്ഥ ചരിത്രമല്ല, അതു വെറും ചവറും ചീഞ്ഞതും പുളിച്ചതുമാണ്.  ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന തലമുറയില്‍ പെട്ടവര്‍ക്ക് അറിയാവുന്നതുമാണ്.  അറിയുന്നതിനെ മാറ്റിയെടുക്കാന്‍ കഴിയില്ല.  പക്ഷെ, അറിയാത്തവരെ അറിയിക്കേണ്ട കാര്യമില്ല.  അറിയിച്ചിട്ടു കാര്യവുമില്ല.  അറിയുക്കുന്നത് കൂടെ നില്‍ക്കുന്നവര്‍ക്ക് മോശമായിത്തീരുകയും ചെയ്യും.  ഡോ. ലാസറലിയെ സംബന്ധിച്ച് ഏതായാലും പ്രശ്നമല്ല, പ്രശ്നമാക്കിയിട്ടു കാര്യവുമില്ല.  പക്ഷെ, മറ്റുള്ളവരെ സംബന്ധിച്ച് അത് കാര്യമാണ്.  ഇത്ര വിപുലമായ ഒരു ബിസിലസ്സ് ശൃംഖലയുടെ എം ഡി, നേതാവ് അങ്ങിനെയൊരു സാഹചര്യത്തില്‍ നിന്നും തരം താണ രീതികളിലൂടെ വന്ന ആളെന്ന് പറയുന്നതില്‍ ഒരു അലോരസം ഉണ്ട്.  അതൊഴിവാക്കാന്‍ വേണ്ടി  മനോഹരമായൊരു ജീവചരിത്രം എഴുതുക.  പക്ഷെ, അതിന് അദ്ദേഹം തയ്യാറായില്ല.  അതു കൊണ്ടാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ കേട്ട്, കണ്ട്, അറിഞ്ഞ് സ്വതന്ത്രമായ തികച്ചും വ്യത്യസ്തമായ വീക്ഷണത്തില്‍ കുറെ കഥകളെഴുതുക എന്ന അനുനയത്തില്‍ എത്തിയത്.  അതിന്‍റെ കൂടെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഒരു ജീവചരിത്രവും എഴുതുക.  ജീവചരിത്രമെന്ന് അവരുദ്ദേശിക്കുന്നത് ആത്മകഥയാണ്.  മനോഹരമായ ഒരു ആത്മകഥ.  കഥകളെല്ലാം തൂലിക നാമത്തില്‍ പ്രസിദ്ധീകരിച്ച് ഒടുവില്‍ ആത്മകഥ പ്രകാശനം ചോയ്യുന്നതോടു കൂടി തൂലിക നാമത്തില്‍ നിന്ന് പുറത്ത് വന്ന് കഥകളും ഡോ. ലാസറലി രാജ എഴുതിയതാണെന്ന് പുറം ലോകത്തെ അറിയിക്കുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത്.  ലാസറലിയുടെ ജിവിതത്തിലെ കുറിച്ച് സത്യങ്ങള്‍ നിങ്ങളെ കാണിച്ചു തരും. കുറച്ച് മാത്രം.  അതുകള്‍ വച്ച് കഥകളെഴുതാം, അതോടൊപ്പും ആത്മകഥയും.

       ഞാന്‍ സാധിക്കില്ല, എന്നു പറഞ്ഞാല്‍….

       ശാന്തമായ സ്വരത്തിലാണ് സുദേവ് പറഞ്ഞത്. അവന്‍റെ മാനസ്സിക-ശാരിരിക നില, ആ സമയം അതിന്‍റെയൊക്കെ അവസ്ഥ വച്ച് അങ്ങിനെ അല്ല പ്രതികരിക്കേണ്ടിയിരുന്നത്.  ഫാ… മോനേ… നീയാരാ അതു പറയാനെന്നോ… വര്‍ദ്ധിച്ച ദേഷ്യത്തില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ആണ് വേണ്ടിയിരുന്നത്.  പക്ഷെ, അങ്ങിനെ ആകാതിരുന്നതില്‍ തെല്ലൊരു അമ്പരപ്പ് ഉണ്ടായിട്ടും അയാള്‍ അത് പുറത്ത് കാണിക്കാതെ, അറിയിക്കാതെ പറഞ്ഞു.

       സാധിക്കില്ല എന്നു തീരുമാനിച്ചാല്‍ നിങ്ങള്‍ ചെയ്തതെല്ലാം ഉപേക്ഷിച്ചിട്ടു തിരിച്ചു പോകണം.  പിന്നീട് ഒന്നും ചെയ്യാതെ, ലാസറലിയെ കുറിച്ച് ചിന്തിക്കുക കൂടി ചെയ്യായെ നാട്ടിലെത്തി വീടുകളുടെ പെയിന്‍റ്പണി ചെയ്ത് ജീവിക്കണം. അവര്‍ തിരിഞ്ഞു നോക്കില്ല.  പറയുന്നതനുസരിക്കാതെ അവര്‍ക്കെതിരെ കാര്യങ്ങള്‍ നീക്കുമെങ്കില്‍ വളരെ നിസ്സാരമായിട്ട് ഈ ദൗത്യത്തില്‍ നിന്നും നിങ്ങളെ എടുത്തു മാറ്റും. മാറാന്‍ തയ്യാറായില്ലയെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും.  എന്നിട്ടും ശല്യം തുടര്‍ന്നാള്‍ ഇത്രയും ആസ്തിയുള്ള, ആവശ്യത്തില്‍ കൂടുതല്‍ അധികാരസ്ഥാനങ്ങളില്‍ പിടപാടുകളുള്ള അവര്‍ക്ക് ഇന്നത്തെ മാറിയ ജീവിതസാഹചര്യത്തില്‍ നിങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അത്രയ്ക്ക് തല പുകക്കേണ്ട കാര്യമൊന്നുമില്ല.  എന്നാല്‍ നേരെ തിരച്ച് ചിന്തിച്ചാല്‍ പ്രവര്‍ത്തിച്ചാല്‍ താങ്കള്‍ക്ക് സ്വപ്നം കൂടി കാണാന്‍ കഴിയാത്ത സമ്പത്ത് വന്നു ചേരുകയും ചെയ്യും. ഇത് പറയാനല്ല ഞാന്‍ വിളിച്ചത്.  നിങ്ങള്‍ ചെയ്യുന്നത് നീതിയുക്തമാണോ എന്ന് ചിന്തിക്കണം. ഈ സമൂഹത്തിന്‍റെ സാംസ്കാരികമായ, ജനാധിപത്യപരമായ, സാമ്പത്തീകമായ ഇടങ്ങളില്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയണം. ആ അറിവു വച്ചു കൊണ്ട് നിങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയും.  അതു ചെയ്യണമെന്നാണ് എന്‍റെ ആവശ്യം.

       ആവശ്യപ്പെടാന്‍ നിങ്ങള്‍ ആരാണെന്ന് ഞാന്‍ ആദ്യമേ ചോദിച്ചതാണ്….

       അത് പറയാന്‍ മാത്രമുള്ള ബന്ധം നമ്മള്‍ തമ്മില്‍ ഇപ്പോള്‍ ഇല്ല.  ആകുമ്പോള്‍ അറിയിക്കുകതന്നെ ചെയ്യും.

       എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്…..?

       അതെല്ലാം കാലാങ്ങളില്‍ അറിയിച്ചു കൊണ്ടിരിക്കും….

       ഞാനെന്താണ് ചെയ്യേണ്ടത്….?

       ഇപ്പോള്‍ ഞാന്‍ കാണാന്‍ പറയുന്നതെല്ലാം കാണുക, കേള്‍ക്കാന്‍ പറയുന്നതെല്ലാം കേള്‍ക്കുക, അറിയാന്‍ പറയുന്നതെല്ലാം അറിയുക… ഒന്നും സൗജന്യമായിട്ടു വേണ്ട… കാര്യങ്ങളുടെ പുരോഗതിയനുസരിച്ച് നിങ്ങളുടെ അക്കൗണ്ട് നമ്പറില്‍ പ്രതിഫലം ചോര്‍ത്തു കൊണ്ടിരിയ്ക്കും…

       ഓ… വാട്ടെ ഹൊറിബിള്‍ ജോബ് എന്നാണ് സുദേവിന്‍റെ മനസ്സ് പറഞ്ഞത്.  വേറെ എന്തു പറഞ്ഞാലും യോജിക്കില്ലായെന്നത് സൂക്ഷം.  സുദേവ് അയാള്‍ക്ക് മറുപടി കൊടുത്തില്ല.  തുടര്‍ന്നും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.  അപ്പോഴൊക്കെ അവന്‍ ഒരു കാര്യം മാത്രം ചിന്തിച്ചു.

       പണ്ട് രാജാക്കന്മാര്‍ പ്രകീര്‍ത്തിച്ച് എഴുതാന്‍ കവികളെ കൂടെ താമസ്സിപ്പിച്ചിരുന്നു.  അവര്‍ക്കു ചെല്ലും ചെലവും കൊടുത്തിരുന്നു.  കാളിദാസനും വാല്‍മീകിയും അങ്ങിനയുള്ളവരായിരുന്നു.  വ്യാസന്‍റെ വിദ്യാഭ്യാസ കുലവും അങ്ങിനെയുള്ളതായിരുന്നു.  ഒരു രാജാവെഴുതാന്‍ പറഞ്ഞെഴുതിവരുമ്പോള്‍ മറ്റൊരു രാജാവ് കൂടുതല്‍ പ്രതിഫലം കൊടുത്ത് മാറ്റി എഴുതിച്ചിട്ടുണ്ടാകാം. എത്രയെല്ലാം മാറ്റലുകളും മറിക്കലുകളും തിരുത്തിയെഴുത്തുകളും ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും കഴിഞ്ഞിട്ടാകാം ഇതിഹാസങ്ങളും പുരാണങ്ങളും നമ്മുടെ കൈകൈളില്‍ എത്തിയിട്ടുണ്ടാവുക…..

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം അഞ്ച്

സുദേവിന്‍റെ മനസ്സ് പാകമായിട്ടില്ലായെന്നാണ് നിവേദിതക്ക് തോന്നിയത്.  നിവേദിതയുടെ ഫോണ്‍ നമ്പര്‍ അവന്‍ ആവശ്യമില്ലെന്നു പറഞ്ഞിട്ടും, അവള്‍ നിര്‍ബ്ബന്ധിച്ചതിന്‍റെ പേരില്‍ മാത്രമാണ് മൊബൈലില്‍ സേവ് ചെയ്തത്.  അന്നവള്‍ പറയുക കൂടി ചെയ്തിരുന്നു സാര്‍ അങ്ങേക്ക് വേണ്ടെങ്കിലും എനിക്ക് വേണ്ടിവരുമെന്ന്. ഞാന്‍ സാറിന്‍റെ കഥകള്‍ വായിച്ചിട്ടില്ല, ഇനി വായിക്കും, അപ്പോള്‍ സംശയങ്ങള്‍ ഉണ്ടാകാം,  അല്ലെങ്കില്‍ അങ്ങയുടെ കഥകളില്‍ നിന്ന് എന്തെങ്കിലും ഒരാശയം, ഒരു കഥാപാത്രം എനിക്ക് എടുക്കേണ്ടി വന്നാല്‍ സാറിനോട് അനുവാദം ചോദിക്കാനെങ്കിലും.  അപ്പോള്‍ സുദേവിന്‍റെ മുഖത്തുണ്ടായ ഭാവം, കര്‍ക്കശമായ ആ നോട്ടം ഇപ്പോഴും നിവേദിതയുടെ മനക്കണ്ണില്‍ വ്യക്തതയോടെയുണ്ട്.  അവള്‍ അവന്‍റെ കഥകള്‍ വായിച്ചു. പക്ഷെ, അതിന്‍റെ പേരില്‍ ഒരിക്കലും വിളിച്ചില്ല.  വിളിച്ചാല്‍ അവന്‍റെ ചിന്ത എതിര്‍ ദിശയിലേക്കാണ് പോകുന്നതെങ്കില്‍ ഫലം ഉദ്ദേശിക്കുന്നതിന് വിപരീതമാകുമെന്നവള്‍ ഭയന്നു.  അതുകൊണ്ടു മാത്രം.  എങ്കിലും അവള്‍ ഒരിക്കല്‍  വിളിച്ചു.  ഡോ. ലാസറലിരാജയുടെ കഥ കേട്ടെഴുതാന്‍ സുദേവിനെ തെരഞ്ഞെടുക്കപ്പെട്ടുവെന്നറിഞ്ഞപ്പോള്‍, അഭിനന്ദിക്കുകയും ചെയ്തു.  അഭിനന്ദനത്തിന് അവന്‍ നന്ദി പറഞ്ഞില്ല.  നിവേദിത ഇപ്പോഴും ഓര്‍മ്മിക്കുന്നു, അവന്‍ ഔപചാരികതയുടെ പേരില്‍ പോലും ഒരു നല്ല വാക്കു പറഞ്ഞില്ല.  എന്തോ ഒന്നു രണ്ടു വാക്കുകല്‍ മാത്രം, വാക്കുകളെ പൊതിഞ്ഞ് ഈര്‍ഷ്യതയും ഉണ്ടായിരുന്നു.  അവള്‍ ഏറെ ഇഷ്ടപ്പെടുന്ന പഴബോളിയെ പൊതിഞ്ഞ്, പിഴിഞ്ഞ് ഊറ്റിക്കളയാന്‍ പാകത്തിന് എണ്ണയിരിക്കുന്നതുപോലെ.

       ഇന്നലെ സുദേവ് നിവേദിതയെ വിളിക്കുകയായിരുന്നു.  എനിക്കൊന്നു കാണണം.  അവള്‍ പറഞ്ഞു ഞാന്‍ വ്യവസായ നഗരത്തിലുണ്ട്, ഒരു രണ്ടാം തരം പത്രത്തിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍. ഉച്ചകഴിഞ്ഞാണ് പണി തുടങ്ങുന്നത്, രാവിലെ പത്തിനു ശേഷം നഗരത്തിലെ ഏതെങ്കിലും റെസ്റ്റോറന്‍റില്‍ കാണുന്നതിന് കഴിയും.  എവിടെ, എങ്ങിനെ, എപ്പോള്‍ കാണാമെന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനായിട്ട് അവള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

       വില കൂടിയ റെസ്റ്റോറന്‍റ് തന്നെയാണ് തെരഞ്ഞടുത്തത്. ശീതീകരിച്ച ബാറും വ്യത്യസ്ത പുലര്‍ത്തുന്ന റസ്റ്റോറന്‍റും വളരെയേറെ മുറികളുമുള്ള നക്ഷത്ര ഹോട്ടല്‍.  പറഞ്ഞതിലും നേരത്തെ എത്തി സുദേവ് നിവേദിതയെ കാത്തു നിന്നിരുന്നു.  മാന്യമായ വേഷത്തില്‍ തന്നെ. ആദ്യ കാഴ്ചയില്‍ തന്നെ നിവേദിതക്ക് ഇഷ്ടമായി, ഇന്‍റര്‍വ്യുവിന് കണ്ട ആളല്ലാതായിരിക്കുന്നു. ലാസറലിരാജ വാങ്ങി കൊടുത്ത വസ്ത്രങ്ങളില്‍, ലാസറിടത്തെ എട്ടോ പത്തോ ദിവസം തങ്ങിയതിന്‍റെ വ്യത്യസ്തതകളുമായിട്ട്.  ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ മുഖത്ത് അധികമായ സന്തോഷത്തില്‍ വിരിഞ്ഞ മന്ദഹാസവുമായി നിവേദിത ഗുഡ് മോര്‍ണിംഗ് പറഞ്ഞു.  സന്തോഷം ഒട്ടും ചോരാതെ തന്നെ സുദേവ് പ്രതിവന്ദനം ചെയ്തു. നിവേദിതക്ക് കുളിര്‍ത്തു.

       റസ്റ്റോറന്‍റിലേക്ക് അവര്‍ തൊട്ടുതൊട്ടു നടക്കുമ്പോള്‍ അവന്‍റെ അറിവില്ലായ്മ, നല്ല റെസ്റ്റോറന്‍റില്‍ സൂക്ഷിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ചുള്ള ധാരണക്കുറവ് അനുഭവപ്പെട്ടു.  അവന്‍റെ കുറവുകളെ മറ്റുള്ളവരുടെ മുന്നില്‍ മറച്ചു വക്കാന്‍ അവള്‍ ഒരടി മുന്നില്‍ കയറി നടന്നു.  മുറ്റത്തു വന്ന വെയിലില്‍ നിന്നേറ്റ ചൂട,് ഗ്ലാസില്‍ കറുത്ത ഫിലീം ഒട്ടിച്ച, ശീതീകരിച്ച മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ കുറഞ്ഞു. റെസ്റ്റോറന്‍റ് തിരക്കിലേക്ക് പോകുന്നതേയുള്ളൂ. അത്ര സമയമേ ആയിട്ടുള്ളൂ, നേരം പുലര്‍ന്നിട്ട്.  ഒഴിഞ്ഞ കോണില്‍ തന്നെ അവര്‍ അഭിമുഖമായിരുന്നു.  അവളുടെ മനസ്സ് പ്രശാന്തമായി, ഉന്മേഷം കൊണ്ടു തുടങ്ങിയിരിക്കുന്നു.  അവനിലും വ്യക്തമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് അവള്‍ അറിയുന്നുണ്ട്. മെനു നോക്കി വളരെ വിലകുറഞ്ഞ ഓര്‍ഡര്‍ കൊടുത്ത അവള്‍ ചോദിച്ചു.

       സാര്‍ ഞാനെന്താണ് ചെയ്യു തരേണ്ടത്…?

       സുദേവ് ഒന്നും പറഞ്ഞില്ല.  വെറുതെ കറുത്ത ഫിലീം ഒട്ടിച്ച ഗ്ലാസ്  വഴി പുറത്തേക്ക് നോക്കിയിരുന്നു.  അവന്‍റെ മനസ്സും കണ്ണുകളും ശൂന്യമാണെന്ന് നിവേദിത അറിയുന്നു.  അവള്‍ ഒന്നു മന്ദഹസിച്ചു.  വീണ്ടും അവള്‍ ഓര്‍മ്മിച്ചു.  അവന്‍റെ മനസ്സ് ഇപ്പോഴും കൗമാരും വിട്ടിട്ടില്ലെന്ന്. അവളും പുറത്തേക്ക് നോക്കിയിരുന്നു.

       സാധാരണ  ഹോട്ടലിന് മുന്നില്‍ കാണാന്‍ കിട്ടാത്തതും, അവിടെ ശ്രദ്ധയോടെ പരിപാലിക്കുന്നതുമായ ഒരു പൂന്തോട്ടമുണ്ട്.  അവിടത്തെ അംഗങ്ങളില്‍ ആരും അധികമായി വളരുകയോ തളരുകയോ ചെയ്തിട്ടില്ല.  അറിവുള്ള ഒരാളുടെ കണ്ണുകള്‍ സദാ അവരെ കാണുകയും ക്രമപ്പെടുത്തുകയും പരിപാലിക്കുയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്‍റെ ലക്ഷണമാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ ആരെയും കാണാനില്ല.  അംഗങ്ങളുടെ ചിരിയും കളിയും മാത്രം.  ഇളം വെയിലില്‍ എല്ലാവരും തന്നെ സന്തുഷ്ടരാണ്.  ഒരു പനിനീര്‍ ദളത്തില്‍ കൊഴിയാതെ നിന്ന നീര്‍കണത്തില്‍ വെയില്‍ തട്ടി സ്പതവര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നത് വ്യക്തമായികാണാം.  നിവേദിതക്ക് അതിനെ ഒന്ന് താലോലിക്കണമെന്നും ഒരു ഉമ്മ കൊടുക്കണമെന്നും തോന്നിപ്പോയി.  ആ ചിന്ത അവളിലെ വികാര തന്ത്രികളില്‍ ഒന്നു തട്ടി.  അവളുണര്‍ന്ന്, ഒന്നു ഞെട്ടി.  എങ്കിലും പനിനീര്‍മലരില്‍ നിന്നും കണ്ണുകളെ റസ്റ്റോറന്‍റിലേക്ക് കൊണ്ടു വന്നില്ല.  അതു കൊണ്ട് അവള്‍ക്ക് ഒരു കാഴച കൂടി കിട്ടി. ബെല്‍റ്റില്ലാത്ത, ഒട്ടിയ വയറും, പീള കെട്ടിയകണ്ണുകളും യഥാര്‍ത്ഥ നായയുടെ മണവുമായി ഒരു നാടന്‍ ഗെയിറ്റ് കടന്ന് വരികയും അവള്‍ കണ്ടുകൊണ്ടിരിന്ന പനിനീര്‍ ചെടിയില്‍ അവന്‍റെ വഴിയടയാളം രേഖപ്പെടുത്തുകയും ചെയ്തു.  പനിനീര്‍ ദളത്തില്‍ തങ്ങി നിന്നിരുന്ന നീര്‍ക്കണം അവന്‍റെ നിക്ഷേപത്തോടു കൂടി നിലത്തേക്ക് വീണു. സപ്തവര്‍ണ്ണങ്ങളും അപ്രത്യക്ഷമായി.  എവിടെ നിന്നോ തോട്ടക്കാരന്‍ പെട്ടന്ന് ഓടി വന്നു.  അയാള്‍ കൈയ്യില്‍ കരുതിയിരുന്ന കല്‍ച്ചീളു കൊണ്ട് പട്ടിയെ എറിഞ്ഞു.  പട്ടിയുടെ പിന്‍ കാലില്‍ തന്നെ കൊണ്ടിട്ടാകാം څപൈچയെന്ന് കരഞ്ഞ് ഓടി ഗെയിറ്റിനടുത്തെത്തി തിരിഞ്ഞു നിന്നു.  ഗെയിറ്റിനടുത്തെത്തിയപ്പോഴേക്കും വേദന അടങ്ങിയിട്ടുണ്ടാകും,  പിന്നെ മുരണ്ടു. മുരള്‍ച്ച വൃത്തിയായ രണ്ടു മൂന്നു മലയാള തെറിവാക്കുകളായി ഉയര്‍ന്ന് ഹിന്ദിക്കാരനായ തോട്ടകാരനെ അഭിഷേകം ചെയ്തു.  വീണ്ടും അയാള്‍ കല്ലെടുത്തപ്പോള്‍ പുറത്തേക്ക് ഓടിയകന്നു.

       ടേബളില്‍ ഭക്ഷണം നിരന്നു.  ഇഡ്ഡലി, ചട്ടിണി, ഉള്ളി സാമ്പാറ്, ചായ, ചെറിയ ചൂടുള്ള കരിങ്ങാലിയിട്ട വെള്ളം.

       സാര്‍…. സാറിതേവരെ ഒന്നും സംസാരിക്കുകയോ… വ്യക്തമായിട്ടെന്തെങ്കിലും ചിന്തിക്കുകയോ… എന്തിന് എന്‍റെ മുഖത്ത് ഒന്നു നോക്കുക പോലുമോ ചെയ്തിട്ടില്ല, വെറുമൊരു കൗമാര പ്രായക്കാരനെപ്പോലെ ഇരിക്കുന്നു…..

       സുദേവ് ഇളിഭ്യനായിപ്പോയി.  ആ ജാള്യത മറയ്ക്കാനായി അവളുടെ മുഖത്തു നോക്കയിരുന്നു.  അത് ഏതാണ്ട് ഒരു പ്രണയക്കാരനെപ്പോലെ തന്നെയായി.  അവന്‍ അറിഞ്ഞു കൊണ്ട് ചെയ്തതല്ല.  അതവള്‍ക്ക് മനസ്സിലാകുകയും സുദേവിനോട് പറയുകയും ചെയ്തു.

       ഇപ്പോള്‍ സാറ് പ്രണയം തലക്കു പിടിച്ചൊരു കൗമാരക്കാരനെപ്പോലെയാണ് എന്നെ നോക്കുന്നത്. അത് നല്ലതല്ല. നമ്മള്‍ അങ്ങിനെയിവിടെ എത്തിയതല്ല.  വളരെ വേണ്ടപ്പെട്ട, സീരിയസ്സായ എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചു വരുത്തിയതാണ്.  ഒന്നും പറയാനാകാതെ തരിച്ചിരിക്കുന്നത് സാറാണ്.  ഞാന്‍ തികഞ്ഞ വിവേകത്തോടെയാണിരിക്കുന്നത.്  ഒന്നും പറയുന്നില്ലെങ്കില്‍ ഭക്ഷണം കഴിക്കുകയെങ്കിലും ചെയ്യണം.  നമ്മളെക്കാത്ത് ഇഡ്ഡിലിയും ചട്ടിണിയും കാപ്പിയും  ഇരിപ്പ് തുടങ്ങിയിട്ട് സമയം കുറേയായി.  വേറെ ഏതെങ്കിലും ഹോട്ടലിലായിരുന്നെങ്കില്‍ കുറഞ്ഞത് ഒരു ഈച്ചയെങ്കിലും കാപ്പിയില്‍ ചാടി ആത്മഹത്യ ചെയ്തേനെ…

       അവന്‍ വല്ലാതെയായി.  ചുറ്റു പാടും വീക്ഷിച്ചു.  ആരും അവരെ ശ്രദ്ധിച്ചിരുന്നില്ല.  റസ്റ്റോറന്‍റില്‍ തിരക്കില്ല.  ഉള്ളവര്‍ക്കൊന്നും അവരെ നോക്കാന്‍ സമയവുമില്ലെന്ന് സുദേവ് ചിന്തിച്ചു.

       ശരിയാണ്,  പക്ഷെ, ഒരു കൗമാരക്കാരന്‍റെ മാനസ്സികാവസ്ഥയിലല്ല ഞാന്‍.  ജീവിതത്തില്‍ ഇതിന് മുമ്പ് ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ഒരു പെണ്‍കുട്ടിയോട് പറയാന്‍ കൊള്ളാവുന്ന വിഷയമാണോ എനിക്ക് പറയാനുള്ളതെന്ന ചിന്തയിലാണ്.  കൊള്ളില്ലാത്തതാണെന്നു തന്നെയാണ് എനിക്ക് തോന്നത്. പക്ഷെ, പറയാതിരിക്കാനും അഭിപ്രായം അറിയാതിരിക്കാനും ആകാത്ത സ്ഥിതിയാലായിരിക്കുന്നു.  മറ്റാരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍ അങ്ങിനെ ഒരാള്‍ എനിക്കില്ല.  ഏതായാലും നമ്മള്‍ ഭക്ഷണം കഴിക്കുകയാണ്.

       അവള്‍ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു. എന്നിട്ട് ഭക്ഷണം കഴിക്കാന്‍ തീരുമാനിക്കുകയും  രണ്ടു പേരും ഒരേ സമയം തന്നെ കഴിച്ചു തുടങ്ങുകയും ചെയ്തു.  എന്താകിലും അവനു പറായാനുള്ളത് പറഞ്ഞു തുടങ്ങി. ആദ്യത്തേത് ഒന്നു രണ്ടു ചോദ്യങ്ങളായിരുന്നു. സുദേവ് ചോദിച്ചു.

       നിവേദിതക്ക് സ്ത്രീയെ ശരിക്കും അറിയുമോ…. പുരുഷനെ അറിയുമോ….?

       അങ്കലാപ്പുണ്ടാക്കുന്ന ചോദ്യങ്ങള്‍, അവളില്‍ അങ്കലാപ്പുണ്ടാക്കുകതന്നെ ചെയ്തു. കൈയ്യില്‍ ഒരു കഷണം ഇഡ്ഡലിയെടുത്ത് വായോടടുപ്പിച്ച്, വായ തുറന്ന് അതിനെ സ്വീകരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ചോദ്യം.  അതുകൊണ്ട് അടുത്ത നിമിഷം അവള്‍ അതേപോലെ തന്നെ വായ തുറന്ന്, കൈ ഇഡ്ഡലിയുമായി വായ്ക്കടുത്ത് എത്തിയും നിശ്ചലമായി നിന്നു.  ഒരു നിമിഷം അങ്കലാപ്പിന്‍റെ വികാരങ്ങളുമായിട്ട് മുഖവും.  അവന്‍ ഉദ്ദേശിക്കുന്നത് അവള്‍ക്ക് മനസ്സിലായില്ലെന്ന് സുദേവിന് തോന്നി.  അവന്‍ പറഞ്ഞു.

       ആത്മകഥയെഴുത്ത് ഇതേവരെ ഒന്നുമായിട്ടില്ല. അതിനുള്ള സംസാരങ്ങളും വായനകളും നടക്കുന്നതേയുള്ളൂ. ആത്മകഥയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണകളുണ്ടെന്നു തോന്നുന്നു.  അതല്ല ഇപ്പോഴത്തെ പ്രശ്നം. ഷാഹിനയും ഹണിയും എന്‍റെ സൈറ്റിലെ കഥകള്‍ വായിച്ചു തുടങ്ങിയെന്നും മറ്റും പറഞ്ഞതിന്‍റെ കൂടെ ഷാഹിന എന്നോടു ചോദിച്ചു താങ്കള്‍ക്ക് സ്ത്രീയെ അറിയുമോ, സെക്സ് ശരിക്ക് അറിയുമോ എന്ന്. യഥാര്‍ത്ഥത്തില്‍ എനിക്കത് രണ്ടും നന്നായറിയില്ല.  നിവേദിതക്ക് അറിയുന്നത് എനിക്ക് പകര്‍ന്നു തരാനാകുമോ….?

       നിവേദിത, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു, അവനും.  എങ്കിലും, അവളില്‍ നിന്നും അങ്കലാപ്പ് വിട്ടകലാതെ തുടര്‍ന്നു.  പിന്നീട് അവന്‍റെ മുഖത്തേക്ക് നോക്കിയതേയില്ല.  അവര്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈകള്‍ വൃത്തിയാക്കി വീണ്ടും ആ ടേബിളില്‍ തന്നെയെത്തി.

       വെയിറ്റര്‍ വന്ന് ടേബിള്‍ വൃത്തിയാക്കി, സുദേവ് ബില്ലു കൈപ്പറ്റി, പണം കൊടുത്ത്, പണമടച്ച് അയാള്‍ തിരികെ വന്ന്, കിട്ടിയ ടിപ്പുമായി പോയിക്കഴിഞ്ഞിട്ടും അവര്‍ ആ ടേബിള്‍ വിട്ടു പോയില്ല.  സുദേവ് ഇതേവരെ ലാസറിടത്തില്‍ ജീവിച്ചതിന്‍റെ അനുഭവങ്ങള്‍ പറഞ്ഞു.  ഉച്ചഭക്ഷണവും കഴിച്ചു.  റസ്റ്റോറന്‍റില്‍ തിരക്കേറി കഴിഞ്ഞു.  എന്നിട്ടും അവരാ ടേബിള്‍ വിട്ടില്ല.

       ഞാന്‍ സാറിന്‍റെ കഥകള്‍ വായിച്ചു കൊണ്ടിരിക്കുകയാണ്, വായിച്ചു കഴിഞ്ഞ കഥകളെകുറിച്ച് എനിക്ക് തോന്നിയ അഭിപ്രായം, ചില കാര്യങ്ങളില്‍ ഉള്ള വീക്ഷണങ്ങള്‍ വികലമാണെന്നുള്ളതാണ്.  അങ്ങിനെയൊരു വികല വീക്ഷണം സ്ത്രീകളെക്കുറിച്ച്, പ്രത്യേകിച്ച് സെക്സിനെ കുറിച്ച് സൃഷ്ടിക്കുന്നുണ്ടെന്ന് ചില കഥകളില്‍ നിന്നും ഗ്രഹിക്കാനാകും.  അത് ഷാഹിന കണ്ടിട്ടുണ്ടാകാം. എനിക്ക് സാത്രീയെന്താണെന്ന്, സ്ത്രീ ആയതു കൊണ്ടുള്ള അറിവുണ്ട്. സെക്സെന്തെന്ന് അനുഭവമില്ല.  പക്ഷെ, അറിയാനായി, അറിയാന്‍ മാത്രമായിട്ട് ഫിലിമുകള്‍ കണ്ടിട്ടുണ്ട്.  ആ അറിവ്  സാറിനും നേടാവുന്നതാണ്.  സാറിന് ഓര്‍മ്മയുണ്ടോ നമ്മളിവിടെ വന്നിട്ട് ആറു മണിക്കൂറുകളാവുകയാണ്. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞു.  ഇപ്പോള്‍ ചായക്ക് ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ്.  എനിക്ക് ഒരു മണിക്ക് ഡ്യൂട്ടിയില്‍ കയറേണ്ടതായിരുന്നു.  വിളിച്ചു പറഞ്ഞ് ഇന്ന് ലീവാക്കി.  സാറിതൊക്കെ ശ്രദ്ധിച്ചുവോ…?

       ഇല്ല, ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് അപ്പോഴാണ് അവനറിയുന്നത്.

       സാറ് ചുറ്റുപാടുകളെ ശ്രദ്ധിക്കുന്നതില്‍ വിമുഖനായിട്ടാണ് എനിക്ക് തോന്നിയത്, ഈ ആറു മണിക്കൂറായിട്ടും, ഞാന്‍ സാറിനെ ശ്രദ്ധിക്കുകയായിരുന്നു.  അങ്ങയുടെ തുറന്ന ചോദ്യങ്ങള്‍ എനിക്കിഷ്ടമായി.  എന്നാല്‍ ഈ റെസ്റ്റോറന്‍റില്‍ മൂന്ന് ജോഡി കമിതാക്കളുണ്ട്, വ്യത്യസ്തരായ മുന്നു ജോഡികള്‍ അവരെ കണ്ടെത്താന്‍ സാറിന് കഴിയുമോ…?

       നിവേദിതയുടെ സംസാരം, പരീക്ഷണം സുദേവിന് സുഖിച്ചു.  അവളുടെ കണ്ടെത്തലുകളെ  അംഗീകരിക്കുകയും ചെയ്തു.  ഇപ്പോള്‍ അവളോട് ആരാധന തോന്നുന്നു.

       അവന്‍ റസ്റ്റോറന്‍റിലെ തിരക്കിനിടയില്‍ ആ മൂന്നു കമിതാക്കളെ തേടി നടന്നു.  ഒരു ജോഡിയെ കണ്ടത്താന്‍ പാടു പെടേണ്ടി വന്നില്ല.  വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയിലെത്തി കൂട്ടു ജീവിതത്തിലേക്ക്  ഏതു നേരത്തും കയറാനായി നില്‍ക്കുന്നവരാണ്, അവര്‍.  അവര്‍ക്കതിന്‍റെ പക്വതയും പാകതയും വന്നിട്ടിട്ടുണ്ട്.  നിവേദിത അംഗീകരിച്ചു.

       മറ്റു രണ്ട ജോഡികള്‍…?

       വൈകിട്ട്, കഴിക്കേണ്ടുന്ന ചായയും അവര്‍ കഴിച്ചു കഴിഞ്ഞു പറയേണ്ടതും ചോദിക്കേണ്ടതും തല്‍ക്കാലം അറിയേണ്ടതും ഏതാണ്ട് ആയിക്കഴിഞ്ഞു എന്ന് സുദേവിന് തോന്നി.  ഇനിയും രണ്ടു കമിതാക്കളെ കൂടി അന്വേഷിച്ചു കണ്ടെത്തനുള്ള ക്ഷമ അവനില്ലാതെപോയി.

       നിവേദിത അവന് കാണിച്ചു കൊടുത്തു.  അതൊരു ഫാമിലിയാരുന്നു.  നാലു പേര്‍ക്കിരിക്കാവുന്ന ടേബിളില്‍, ചെറുപ്പക്കാരായ ഭാര്യയും ഭര്‍ത്താവും മകളും ഒരു യുവാവും.  ഭാര്യയായ ചെറുപ്പക്കാരിയുടേയും കുടുംബ സ്നേഹിതനായ യുവാവിന്‍റേയും മുഖങ്ങള്‍, തീര്‍ച്ചായായും അത് കമിതാക്കളുടേതു തന്നെ.  ചെറുപ്പക്കാരനായ ഭര്‍ത്താവ് ഒന്നും അറിയാതെ, കാണാതെ ഭക്ഷണം കഴിക്കുമ്പോള്‍ ഭാര്യയും കാമുകനും സ്പര്‍ശനത്തിന്‍റെ അറിവുകള്‍ കൂടി നുകരുന്നു…..അവളുടെ വെളുത്ത, കടഞ്ഞെടുത്തതുപോലുള്ള പാദങ്ങളെ അവന്‍റെ ചുവന്ന വൃത്തിയുള്ള പാദങ്ങള്‍ കവര്‍ന്നു കൊണ്ട്…….

       അടുത്ത ജോഡി, സുദേവിനും, നിവേദിതക്കും അടുത്തിരുന്ന പുരുഷ പ്രണയിനികളാണ്.  അതിലൊരാള്‍ക്ക് ക്ലീന്‍ ഷേവ് ചെയ്ത് മിനുക്കിയ മുഖവും ചുവന്ന ചുണ്ടുകളും, നീണ്ട കണ്ണുകളുമാണ്…..

***

       ലാസറലി രാജയുടെ വാസസ്ഥലത്തിന്‍റെ മൂന്നാമതു നിലയില്‍ കിഴക്കോട്ടുള്ള ബാല്‍ക്കണിയിലാണ്  അന്നത്തെ കഥ പറച്ചില്‍. ബാല്‍ക്കണി വിശാലമാണ്.  തറയില്‍ ഇറ്റാലിയന്‍ മാര്‍ബിളാണ് വിരിച്ചിരിക്കുന്നത്.  പ്രധാന കെട്ടിടത്തില്‍ നിന്നും മുന്നോട്ടു തള്ളി നില്‍ക്കുന്ന ബാല്‍ക്കണിയ്ക്ക് മൂന്നു വശങ്ങളിലും പാരപ്പറ്റുകള്‍ ഇരിപ്പിടം പോലെ ഒരുക്കിയിരിക്കുന്നു. തേക്കില്‍ കൊത്തു വേലകള്‍ ചെയ്ത കൈവരികളാണ്.  ഇരിപ്പിടം കറുത്ത ഗ്രാനൈറ്റാണ്.  ചൈനീസ് സെറ്റികളാണ് മറ്റിരിപ്പിടങ്ങള്‍.  സഞ്ചരിക്കുന്നൊരു ബാറും അവിടെ ഒരുക്കിയിട്ടുണ്ട്.  വൈവിധ്യമാര്‍ന്ന പാനീയങ്ങളും അനുഭക്ഷണങ്ങളും.  പാനീയങ്ങളും ഭക്ഷണങ്ങളും വൈവിധ്യതയില്‍ അധികമാര്‍ന്ന അളവില്‍ കണ്ടപ്പോള്‍ സുദേവിന് അത്ഭുതം തോന്നി.

       ലാസറലി കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ അത്ഭുതം അസ്ഥാനത്താണെന് മനസ്സിലായി.  ഭാര്യ, മക്കള്‍, മരുമക്കള്‍ സുദേവിന് അപരിചിതരായ രണ്ടു പേര്‍ കൂടി കഥ കേള്‍ക്കാനെത്തി.  അവരെല്ലാം വിശിഷ്ട വസ്ത്രങ്ങളിലും അണിഞ്ഞൊരുങ്ങിയുമാണെത്തിയിരിക്കുന്നത്.  എന്തോ ആഘോഷത്തില്‍ പങ്കെടുക്കും പോലെ.  സുദേവ് അപ്പോള്‍ ചിന്തിച്ചത് സമ്പന്നര്‍ ഭക്ഷണം കഴിക്കുന്നതിനും, മദ്യപാനത്തിനും ഓരോ ആഘോഷങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുകയാണെന്നാണ്.  ഇതു മാത്രമല്ല.  എല്ലാ ആഘോഷങ്ങളും ഉണ്ടയിരിക്കുന്നത് അല്ലെങ്കില്‍ ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യന്‍റെ സന്തോഷത്തിനു വേണ്ടിയാണെന്ന്…. മനുഷ്യന്‍റെ അമിതമായ സുഖാസക്തി തന്നെ എല്ലാറ്റിനും കാരണം.

       ബാല്‍ക്കണിയില്‍ നിന്നും കിഴക്കോട്ടുള്ള കാഴ്ച അതിമനോഹരമാണ്.  അസ്തമനത്തിനോടടുക്കുന്ന സൂര്യ വെളിച്ചത്തിന്‍റെ ചുവപ്പ് വാനത്ത് നിറഞ്ഞു നില്‍ക്കെ ഭൂമിയില്‍ നിന്നും കറുപ്പ് കനം കൂടി, പിന്നെ കുറഞ്ഞ്  വെളിച്ചത്തിലേക്ക് അലിഞ്ഞു തീരുന്ന മനോഹാരിത.  ലാസറലിയുടെ വാഴത്തോട്ടം കഴിഞ്ഞാല്‍ ചരിവാണ്.  ചരിവിറങ്ങി താഴ്വാരത്തെത്തിയാല്‍ അരുവിയാണ്.  അരുവിക്ക് അക്കരെ വനമായി.  അടുത്ത പല ദിവസങ്ങളിലും ആനകള്‍ അരുവിയില്‍ വെള്ളം കുടി കഴിഞ്ഞ് ഇക്കരയിലെത്തി റബ്ബര്‍ മരങ്ങളെ തട്ടിക്കളിച്ചെന്ന് പണിക്കാര്‍ പറഞ്ഞ കാര്യം സുദേവ് ഓര്‍മ്മിച്ചു.

        മദ്യം ദേഹത്ത് ചൂടു നല്‍കി ഉണര്‍ത്തിത്തുടങ്ങിയപ്പോള്‍ ലാസറലി കഥ പറഞ്ഞു തുടങ്ങി.  സുദേവ് ഒഴിച്ചുള്ളവര്‍ ഇക്കഥ പലപ്പോഴും കേട്ടിട്ടുണ്ടാകാം.  പക്ഷെ, അവരുടെ മുഖങ്ങളില്‍ പഴങ്കഥകള്‍ കേള്‍ക്കുന്ന ഒരു വികാരമല്ല.  ഒരു പുത്തന്‍ കഥ കേള്‍ക്കുന്ന ആകാംക്ഷയാണ്.  അത് ലാസറലിയെന്ന വ്യക്തിയോടുള്ള ആദരവാകാം.

       ഭ്രന്തി ജാനമ്മ ഒരു പക്ഷെ, എന്‍റെ പെറ്റമ്മ തന്നെയായകാം.. ഭ്രാന്തിന്‍റെ വിസ്മയ ലോകത്ത് വിഹരിക്കവെ, ഒരിക്കലും വെട്ടപ്പെടുകയില്ലെന്നു മനസ്സിലാക്കിയിരുന്ന ഒരു മാന്യന്‍ നല്‍കിയ സംഭാവന.  എന്നാല്‍ ആരും ഭ്രാന്തി ജാനമ്മ ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്നു നടക്കുന്നതു കണ്ടിട്ടില്ല.  കുളിക്കാത്ത നനക്കാത്ത, മഴ നനയുമ്പോഴല്ലാതെ ഒരു തുള്ളി വെള്ളം ദേഹത്ത് പറ്റാന്‍ അനുവദിക്കാതിരുന്ന അവരിലും ലൈംഗീക പൂരണത്തിനെത്തിയിരുന്ന വരുണ്ടെന്ന് പിന്നീട് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.  അവരുടെ ദേഹത്തോടൊട്ടിച്ചേര്‍ന്ന്, ആ ദേഹത്തിന്‍റെ ഒരു ഭാഗം പോലെ ഉണ്ടായിരുന്ന ഒരു പിത്തശൂല പിടിച്ച കുഞ്ഞായിരുന്നു ഞാനെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

       ലാസറലിയുടെ അസാമാന്യമായ വാക്ക് ചാതുരി സുദേവിനെ വീണ്ടും അത്ഭുതപ്പെടുത്തി.  ആദ്യം കേട്ടപ്പോള്‍ തന്നെ അവന്‍ പറയുകയുണ്ടായി, സാറിന്‍റെ ഭാഷ വച്ച് സ്വയം എഴുതാന്‍ കഴിയുമെന്ന്.   അന്നയാള്‍ പറഞ്ഞത് നാവില്‍ തുമ്പിലേക്കെത്തും പോലെ കൈവിരല്‍ തുമ്പില്‍ എത്തുകയും പേനവഴി, നിമ്പു വഴി മഷി അക്ഷരമായി മെനഞ്ഞെത്തുകില്ലെന്നാണ്. 

       മദ്യവും ഭക്ഷണവും യഥേഷ്ടം കഴിക്കുന്നുണ്ടെങ്കിലും കേഴ്വിക്കാര്‍ സശ്രദ്ധരാണെന്ന് സുദേവ് കാണുന്നു.

       എന്താകിലും ഭ്രാന്തി ജാനമ്മ എന്‍റെ അമ്മ തന്നെയാണ്.  ഉറുമ്പരിച്ച് പുഴു തിന്ന് പോകാതെ ആ പ്രയത്തില്‍ രക്ഷിച്ചെടുത്തത,് ആ അമ്മയാണ്.  വിയര്‍പ്പും ചെളിയും നിറഞ്ഞ ആ മുലകളാണ് ഞാനുണ്ടത്, വിശന്നു വലഞ്ഞപ്പോള്‍, ആദേഹത്തെ വിയര്‍പ്പും ചെളിയുമായിരുന്നു ആദ്യ ഭക്ഷണം. ഒരിക്കല്‍ പോലും എന്‍റെ കഥയില്‍ ആ അമ്മ മോശമായി ചിത്രീകരിക്കപ്പെടാന്‍ പാടില്ല.

       ലാസറലിയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.  മറ്റെല്ലാവരിലേക്കും ആ വികാരം പടര്‍ന്നു കയറുന്നു.  സ്ത്രീ ജനങ്ങളുടെ നയനങ്ങള്‍ നിറയുകയും ചിലര്‍ വിതുമ്പുകയും ചെയ്യുന്നു.

       കിഴക്ക് മലഞ്ചരുവ് കഴിഞ്ഞ് അരുവി കടന്ന് തളിര്‍ത്തു നില്‍ക്കുന്ന ഏതോ ഒരു മരത്തില്‍ നിന്നും പൂക്കള്‍ മാനത്തേക്ക് ഉയര്‍ന്നു പറന്നു പോകും പോലെ ശലഭക്കൂട്ടം വാനത്തേക്കുയര്‍ന്ന് സ്വര്‍ണ്ണ നിറമാര്‍ന്ന സൂര്യ പ്രഭയില്‍ മുങ്ങി വീണ്ടും ഉയര്‍ന്ന് പടിഞ്ഞാറോട്ട് പറന്ന്  ലാസറലിയുടെ വാസസ്ഥലത്തിന് മുകളിലൂടെ എവിടേക്കോ അകലുന്നു.  കറുപ്പും വെളുപ്പും തുല്യമായി, വെളുപ്പില്‍ തവിട്ടു പുള്ളികളുമായി പതിനായിരക്കണക്കിന് ശലഭങ്ങള്‍… മദ്യ ലഹരിയില്‍ അടിമപ്പെട്ടിരുന്ന ലാസറലിയുടെ കേള്‍വിക്കാര്‍ മാസ്മരികതയില്‍ പകച്ച് വായ പിളര്‍ന്നിരിക്കുന്നു, വായു സഞ്ചാരം നിലച്ചതു പോലെ  നിശ്ചലമായിട്ട്…..

       ലാസറലി വീണ്ടും പറഞ്ഞു തുടങ്ങി.  എന്നാല്‍ എനിക്ക് കുഞ്ഞാറുമേരിയോട് അമ്മയോടു തോന്നിയ സ്നേഹമല്ല ഉണ്ടായിരുന്നത്.  അവര്‍ മറ്റുള്ളവരോട് ആദ്യാകാലത്ത്  മകനാണെന്ന് പറഞ്ഞിരുന്നെങ്കിലും ഞാന്‍ അവര്‍ക്ക് മകന്‍ മാത്രമായിരുന്നില്ല.  കുഞ്ഞാറുമേരിയെ അങ്ങാടിയില്‍ ചുമടെടുത്തു ജീവിച്ചിരുന്ന കുഞ്ഞാറു പുന്നേക്കാടു നിന്നും കെട്ടിക്കൊണ്ടു വന്നതായിരുന്നു.  കല്ല്യാണി വയറ്റാട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കടാപുറ്റനായിരുന്നു കുഞ്ഞാറു, എന്തിനും പോന്ന മനസ്സും.  അരച്ചുരുട്ടി അഞ്ചരയടി പൊക്കത്തില്‍ എണ്ണക്കറുപ്പുമായിട്ട് ഇരുപതുകാരിയായ മേരിയും.  മേരി കട നടത്തിയിരുന്ന വീട്ടില്‍ തന്നെ താമസ്സം.  കല്ല്യാണിത്തള്ളയുടെ  വീടിനോടു ചേര്‍ന്ന്.  റോഡു വക്കത്ത്.  കുഞ്ഞാറുവിനെ ആരോ കൊലപ്പെടുത്തുകയായിരുന്നു, ചാരായക്കടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തില്‍…

       ലാസറലി കഥ തുടര്‍ന്നു കൊണ്ടിരുന്നു.

       അവര്‍ യഥേഷ്ടം ഭക്ഷണവും മദ്യവും കഴിച്ചു കൊണ്ടിരുന്നു.  അവരുടെ ദേഹങ്ങളിലേക്ക് കൊഴുപ്പ് കയറിക്കൊണ്ടിരിക്കുകയാണെങ്കില്‍ കഥയിലെ കൊഴുപ്പ് കുറഞ്ഞു കുറഞ്ഞ് തമാശകളിലേക്കും നുണകളിലേക്കും വന്നു വന്ന് സുദേവ് അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി.  എപ്പോഴോ ശിഖയും കുട്ടികളും ഉറക്കത്തിനുപോയി….

       അവിടമാകെ മദ്യത്തിന്‍റേയും ഭക്ഷണത്തിന്‍റെയും അവര്‍ പൂശിയിരിക്കുന്ന സുഗന്ധങ്ങളുടേയും അവരില്‍ ചാലുവച്ച് ഒഴുകിത്തുടങ്ങിയ വിയര്‍പ്പിന്‍റെയും മണം കൂടിക്കലര്‍ന്ന് ഒരു വാട നിറഞ്ഞു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം നാല്

കോട്ടും സ്യൂട്ടും ആടയാഭരണ ഭൂഷിതനുമായിട്ടാണ് ഡോക്ടര്‍ ലാസറലി രാജ സുദേവിനെ സ്വീകരിച്ചത്.  ഓഫീസ് മുറിയിലൂടെ നടന്ന് കൗണ്ടറുകള്‍ കഴിഞ്ഞ് മാനേജറുടെ ക്യാബിന്‍ കഴിഞ്ഞാണ് ഡോക്ടര്‍ ലാസറലി രാജയുടെ ക്യാബിന്‍.

       വാതില്‍ തുറന്നപ്പോള്‍ മയക്കുന്നൊരു ഗന്ധമാണ് സ്വീകരിച്ചത്.  ആധുനീകമായ എല്ലാ സജ്ജീകരണങ്ങളുമുള്ള മുറി.  കുഷനിട്ട ഇരിപ്പിടങ്ങള്‍, ടേബിളില്‍ സൂപ്പര്‍ കമ്പൂട്ടര്‍, കര്‍ട്ടണുകള്‍….

       വരൂ സുദേവ്…

       അവന്‍ അയാളുടെ മുന്നിലെ കസേരയില്‍ അമര്‍ന്നിരുന്നു.  ഏസിക്ക് ഇത്തിരി തണുപ്പ് അധികമായി തോന്നി.

       അയാളുടെ നരച്ച ഒതുക്കി ചീകി വച്ചിരിക്കുന്ന മുടിയും,   കണ്ണടകള്‍ മറച്ചിരിക്കുന്ന കണ്ണുകളും, ലേശം വിടര്‍ന്ന നാസികയും,  വെളുത്ത കനത്ത മീശയും,പുഞ്ചിരി വിടര്‍ന്നിരിക്കുന്ന അധരവും കണ്ട്, സുദേവ് ഡോക്ടര്‍ ലാസറലി രാജയുടെ മുഖഛായയെ മനസ്സില്‍, ഓര്‍മ്മയില്‍ കരുതി വച്ചു.

       വളരെ വിചിത്രമായൊരു ആവശ്യമല്ലെ എന്‍റേത്….?

       അതെ, അങ്ങിനെയാണ് ആദ്യം തോന്നിയത്. സാറ് പറഞ്ഞ കാരണങ്ങള്‍ വച്ച് വിശകലനം ചെയ്ത് ചിന്തിച്ചപ്പോള്‍ ഒരു പുതുമയാണിപ്പോള്‍ തോന്നുന്നത്. മറ്റൊരാളുടെ അനുഭവങ്ങളെ കേട്ട് കഥകളെഴുതുക.  വെറും കഥകളല്ല വേണ്ടത് സാഹിത്യനഭസ്സില്‍ തെളിഞ്ഞ്, വായനക്കാരന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞ് നില്‍ക്കത്തക്കത്…. അല്ലെങ്കില്‍ സാഹിത്യ തറവാട്ടിന്‍റെ തിണ്ണയില്‍ ഇരിക്കാനൊരിടം കിട്ടത്തക്കത്… പക്ഷെ, ഇപ്പോള്‍ ഞാന്‍ ഒന്ന് ചോദിക്കുന്നു, അത് എഴുതുന്ന ആളാണോ തീരുമനിക്കേണ്ടത് എന്ന്.  എന്‍റെ ചിന്താഗതി വച്ച് പറയുകയാണെങ്കില്‍, അത് വായനക്കാര്‍ തീരുമനിക്കേണ്ട കാര്യമാണ്.  ലോകോത്തരമായി നിലനില്‍ക്കുന്ന മഹത്തായ കൃതികള്‍ക്ക് വീണ്ടും വീണ്ടും വായിക്കപ്പെടാന്‍ മറ്റ് പല കാരണങ്ങള്‍ കൂടിയുണ്ട്,  വിശ്വാസവും ചരിത്രവുമായി ബന്ധപ്പെട്ട്.

       ശരിയാണ്, അതു കൊണ്ടാണ് എന്‍റെ ജീവചരിത്രം ഒരു കാഘട്ടത്തിന്‍റെ ചരിത്രത്തില്‍ നിന്ന് ഒരംശം കൂടിച്ചേര്‍ത്തതാകണം,   എഴുതുന്ന കഥകള്‍ പൂര്‍ണ്ണമായും കാല്‍പനികമാകാതെ, ചരിത്രവവുമായി ബന്ധപ്പടുത്തിയതാവണമെന്നു പറയുന്നത്…

       അക്കാര്യം സാറ് ഉദ്ദേശിക്കുന്ന അത്ര സുസാധ്യമല്ല. കടന്ന് പോയവര്‍ ചെയ്തു വച്ചിരിക്കുന്ന ജോലികള്‍,  അത്രയ്ക്ക് ഈടുറ്റതുകളാണ്. ആകര്‍ഷണത്തില്‍ അതിനെ മറികടക്കുകയെന്നത്, അല്ലെങ്കില്‍ ആ ഒപ്പത്തില്‍ നില്‍ക്കുകയെന്നത്…..

       അവകളെ മറികടക്കാനോ തോല്‍പ്പിക്കാനോ അല്ല.  നിറഞ്ഞു നില്‍ക്കുന്ന അവകളുടെ കൂടെ ഒരു മൂലയില്‍ ഒരു കുഞ്ഞ് കാഴ്ചയായി, വിശാലമായ പൂന്തോപ്പിന്‍റെ ഏതെങ്കിലും ഒരു മൂലയില്‍ ഒരു മുക്കുറ്റിയായി, അതുമല്ല ആയിരം പേര് കൂടിയ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ തറയില്‍ ഇരിക്കുന്നവരില്‍ ഒരാളായി….

       സുദേവ് ലാസറലിയുടെ ഭാഷണത്തില്‍ മയങ്ങി ഇരുന്നു പോയി.  ഓര്‍മ്മിച്ചത് ഇന്‍റര്‍വ്യൂവിന് പറഞ്ഞ കാര്യമാണ്, അദ്ദേഹം തെരുവിന്‍റെ സന്താനമാണ്… സുദേവ് മാറ്റി ചിന്തിച്ചു.  തെരുവിന്‍റെ സന്താനമായിരിക്കാം, പക്ഷെ, ജീവിതം അദ്ദേഹത്തെ മാറ്റിയിരിക്കുന്നു.  ജീവിത സാഹചര്യങ്ങള്‍, വായനകള്‍, ഇടപഴകലുകള്‍ വ്യക്തിബന്ധങ്ങള്‍… എടുപ്പില്‍, നടപ്പില്‍, പെരുമാറ്റത്തില്‍ അദ്ദേഹം ഒരു ഡോക്ടര്‍ ലാസറലി രാജ തന്നെ…

       സാര്‍, അങ്ങയുടെ പേര് യഥാര്‍ത്ഥത്തില്‍ അച്ഛനമ്മമാര്‍ ഇട്ടതാണോ…?

       ചോദ്യം നന്നായിട്ടുണ്ട്… ആ ചോദ്യത്തിന് ഉത്തരം തരണമെങ്കില്‍ എന്‍റെ കഥ പറഞ്ഞു തുടങ്ങണം… എന്‍റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ എനിക്കറിയില്ല. അവര്‍, പരീക്ഷകര്‍ പറഞ്ഞത് സത്യമാണ്.  അത്  മറച്ചു വക്കാന്‍ കഴിയില്ല, എന്‍റെ പ്രായത്തിലുള്ള ഈ നഗരവാസികള്‍ക്കെല്ലാം അറിയുന്ന കഥയാണത്. എനിക്ക് ഓര്‍മ്മയുള്ളപ്പോള്‍ ഒരു ഭ്രാന്തിയുടെ മകനാണ്.  കുളിക്കാത്ത നനക്കാത്ത അഴുക്കുകള്‍ അടിഞ്ഞു കൂടി വ്രണങ്ങള്‍ പൊട്ടിയ ഒരു സ്ത്രീയുടെ മകള്‍.  എന്നേക്കാള്‍ മുതിര്‍ന്ന തെരുവു സ്നേഹിതര്‍ പറയുന്നത് അവര്‍ കാണുമ്പോള്‍ ഞാന്‍ ആ സ്ത്രീയുടെ മകനായിരുന്നുവെന്നാണ്.  എന്നാല്‍ ആ സ്ത്രീയുടെ മകനായി പിറന്നവനുമല്ലെന്നാണ്.  ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ അവരുടെ കൈയ്യില്‍ ഒരു ചോരക്കുഞ്ഞുണ്ടായിരുന്നു.  പെറ്റിട്ട് അധികനാളാകാത്തത്. അത് ഞാനായിരുന്നു.  അവരുടെ മുലയുണ്ടാണ് ഞാന്‍ വളര്‍ന്നത് ആ മുലകളില്‍ നിന്നും വിയര്‍പ്പില്‍ കുതിര്‍ന്ന ചെളി മാത്രമേ കിട്ടിയിട്ടുണ്ടാകൂ എന്നാണ് സ്നേഹിതര്‍ പറഞ്ഞിട്ടുള്ളന്നത്.

       അക്കഥയങ്ങിനെ നീണ്ടു, ഒരു യഥാര്‍ത്ഥ കഥ പറച്ചിലുകാരന്‍റെ എല്ലാ  യോഗ്യതകളോടും കൂടി തന്നെ.  സുദേവ് കണ്‍ മിഴിച്ചു തന്നെ അതു കേട്ടിരുന്നു.  വല്ലാത്ത അത്ഭുതത്തോടുകൂടി.

       സാര്‍, അങ്ങേക്കൊരു ഭാഷയുണ്ട്, ശൈലിയുണ്ട്. അങ്ങേക്കു തന്നെ എഴുതാന്‍ കഴിയും.

       എഴുതാന്‍ കഴിയുമായിരിക്കാം. പക്ഷെ, എനിക്കതിനുള്ള സാവകാശമില്ല. അതു കൂടാതെ എഴുത്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് മറ്റു ചില ഉദ്ദേശ്യങ്ങള്‍ കൂടിയുണ്ട്, അതുകള്‍ സാവധാനം നിങ്ങള്‍ക്ക് മനസ്സിലാകും. പിന്നെ ക്രിയാത്മക എഴുത്ത് അതെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.  അതിനുള്ള സ്വപ്നങ്ങളൊന്നും കാണാന്‍ എന്‍റെ തിരക്കാര്‍ന്ന ജീവിതത്തില്‍ ഇനി കഴിയില്ല. സുദേവിന് അതു കഴിയുമെന്നാണ് എന്‍റെ വിശ്വാസം.

       എന്തായിരുന്നു സാറിന്‍റെ ബാല്യത്തിലെ പേര്….?

       കുഞ്ഞുമോന്‍, ജാതിയും മതവും കുലവും തിരിച്ച് അറിയാന്‍ കഴിയാത്തൊരു പേര്.  പക്ഷെ, ആ പേര് എന്‍റെ അമ്മ ഇട്ടതായിരുന്നെന്ന് തോന്നുന്നില്ല.  അവരുടെ നാവില്‍ നിന്നും ഉതിര്‍ന്ന വീണ ഏതെങ്കിലമൊക്കെ വാക്കുകളില്‍ നിന്നും കേള്‍വിക്കാര്‍ കണ്ടെടുത്തു വിളിച്ചതാകാം…

       ആ അമ്മ സാറിനെ വിട്ടു പോയതെങ്ങിനയാണ്… അത് മരണമായിരുന്നോ… അതോ സാറ് സ്ഥാനമാനങ്ങളില്‍ എത്തിപ്പെട്ടപ്പോള്‍ ഒഴിവാക്കിയതാണോ,  ഇപ്പഴും ഏതെങ്കിലും ഓര്‍ഫനേജില്‍ പാര്‍പ്പിച്ചിട്ടുണ്ടോ….?

       ആ ചോദ്യത്തിനുള്ള മറുപടി കേട്ട് സുദേവിന്‍റെ ഹൃദയം വിജൃംഭിച്ചു പോയി, ശരീരമാകെ ചുട്ടു പൊള്ളി രോമകൂപങ്ങളില്‍ വിയര്‍പ്പ് പൊടിഞ്ഞ് ചാലു വച്ചൊഴുകി. മുഖം വിവര്‍ണ്ണമായി.

       ലാസറലി രാജയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു വന്ന് നിറഞ്ഞു തുളുമ്പി.  ഏസിയുടെ കൂളര്‍ കൂട്ടി വച്ച്. അന്നത്തെ അത്താഴം വീട്ടില്‍ നിന്ന് കഴിക്കാമെന്ന് അയാള്‍ സുദേവിനെ വിളിച്ചു.

       അവന്‍ വാസസ്ഥലത്തെത്തിയപ്പോള്‍ ഉച്ച ഭക്ഷണം ഡൈനിംഗ് ടേബിളില്‍ ഒരുക്കി വച്ച് പനീര്‍ശെല്‍വത്തിനെ കാവലിരുത്തി കുമുദം പോയിക്കഴിഞ്ഞിരുന്നു. 

       സാര്‍ അവളു പോയാച്ചു… ഉച്ച കഴിഞ്ഞു വറും….

       കുമുദത്തിനോട് ഉച്ച കഴിഞ്ഞ് വരേണ്ടയെന്നു പറയൂ… ഇന്നെനിക്ക് അത്താഴം വലിയ സാറിന്‍റെ അടുത്താണ്….

       ഓ… അപ്പടിയാ…. എന്നാ…. ഞാന്‍ പോകട്ടുമാ….?

       സുദേവ് ഉച്ച ഭക്ഷണം കഴിച്ചില്ല.  മനസ്സ് ശാന്തമാകുന്നില്ല.  കുഞ്ഞുമോന്‍ എന്ന ലാസറലി രാജയുടെ തെരുവു ജീവിതത്തിലെ ചിത്രങ്ങള്‍ മനസ്സില്‍ കനലുകളായി ജ്വലിക്കുന്നു.  കുഞ്ഞുമോനില്‍ നിന്നും ലാസറായതും അലിയായതും രാജയായതും എങ്ങിനെയെന്ന് അറിയാതെ മനസ്സ് കലമ്പല് കൂട്ടുന്നു.  ശത്രുക്കളെ കണ്ടാല്‍ പൂത്താങ്കരികള്‍ കലമ്പല്‍ കൂട്ടി കാടിളക്കി പറന്നകലുന്നതുപോലെ, മനസ്സിന്‍റെ കലമ്പല്‍ ശരീരത്തെ ആകെ ഉലക്കുന്നു.

       ശരിയാരിക്കാം, ജീവിതം പതുക്കപ്പതുക്കെയേ ചിട്ടയിലേക്ക് എത്തുകയുള്ളായിരിക്കാം. സംഘര്‍ഷത്തില്‍ എരിപിരി കൊള്ളുന്ന മനസ്സിനെ തണുപ്പിക്കാന്‍ ശക്തമായ മറ്റെന്തെങ്കിലും അവിടേക്ക് എത്തേണ്ടിയിരിക്കുന്നെന്ന് സമാധാനിക്കാന്‍ ശ്രമിച്ചു.

       പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് സുദേവ് അത്താഴത്തിനെത്തിയത്. ബംഗ്ലാവിന്‍റെ മുന്‍ വാതില്‍ കയറുമ്പോള്‍ മുതല്‍ ആതിഥേയരുടെ മര്യാദ അറിഞ്ഞു തുടങ്ങി.  ലാസറലിയുടെ ഫോണ്‍ കിട്ടയ ശേഷമാണ് ഗസ്റ്റ് ബംഗ്ലാവില്‍ നിന്നും ഇറങ്ങിയുള്ളൂ. അവന്‍ ഇറങ്ങി വരുന്നത് കാവല്‍കാരന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു.  കാവല്‍ പുരയുടെ അടുത്തെത്തിയപ്പോള്‍ അയാളുടെ പുഞ്ചിരി സ്വീകരിക്കുകയും മടക്കി കൊടുക്കുകയും ചെയ്തു.

       സിറ്റൗട്ടില്‍ കയറിയപ്പോള്‍  ലാസറലി തുറന്ന ചിരിയുമായി സിറ്റിംഗ് റൂമില്‍ നിന്നും ഇറങ്ങി വന്നു.  വീട്ടു വേഷത്തിലല്ല, ആടയാഭരണങ്ങളോടെ.  രണ്ട പുരുഷന്മാരും.  അവരും പാര്‍ട്ടി വേഷത്തിലാണ്. അയാള്‍ അവരെ പരിചയപ്പെടുത്തി

       എന്‍റെ മരുമക്കള്‍ നജീം മുഹമ്മദ് സാദിഖ്, എബിന്‍ ജോര്‍ജ്… സുദേവിന് അറിയുമോ എനിക്ക് മുന്നു പെണ്‍മക്കളാണ്..  ഒരാളുടെ വിവാഹം കഴിയാനുണ്ട്.

       സുദേവ് അവരെ വന്ദിച്ചു. പ്രതി വന്ദനം രണ്ട് ശൈയിലായിരുന്നു. രണ്ട് വ്യത്യസ്ത സ്വഭാവമുള്ള, വിശ്വാസങ്ങളുള്ള എക്സികൂട്ടീവുകളുടെ ശൈലിയില്‍… അത്ഭുതങ്ങളാണ്,  ഇതിനു മുമ്പു കാണാത്തതു പോലുള്ള ജീവിത സാഹചര്യങ്ങളാണ്, വ്യക്തിത്വങ്ങളെയാണ് കാണുന്നത്.  ഒരു എഴുത്തുകാരനെ സംബന്ധിച്ചു ചിന്തിച്ചാല്‍ വ്യത്യസ്തമായ അനുഭവങ്ങള്‍…..

       സിറ്റിംഗ് റൂമിലെ സുഖശീതളിമയില്‍ അവനെ കാണാനും അറിയാനും കഴിയും വിധത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച്  അവര്‍ മൂന്നുപേരും ഇരുന്നു. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ എഴുതി വെട്ടിത്തിരുത്തി, വീണ്ടും എഴുതി, വീണ്ടും ശുദ്ധീകരിച്ച് അവസാന മിനുക്കു പണിയും കഴിച്ചെടുത്ത ഒരു തിരക്കഥയെ അധികരിച്ച് പ്രവര്‍ത്തിക്കും പോലെ.  എവിടേക്കാകാം ഈ യാത്രയെന്ന്  ചിന്തിച്ചു പോയി സുദേവ്.

       ഒരു പെണ്‍കുട്ടി തട്ടത്തില്‍ ഒരു ഗ്ലാസ് പഴനീരുമായി വന്നപ്പോള്‍ സുദേവിന് ശരിക്കും വിമ്മിട്ടം തോന്നി.

       ലാസറലി പറഞ്ഞു.

       എന്‍റെ മകള്‍ ശിഖ…

       പട്ടു പാവാടയും ജാക്കറ്റുമിട്ട് ചന്ദനക്കുറി തൊട്ട്, ഈറനാര്‍ന്ന തുവരാത്ത മുടി നിവര്‍ത്തിയിട്ട് തുളസിക്കതിര്‍ ചൂടിയ ശിഖ…. ഒരു ഹിന്ദു പെണ്ടകുട്ടിയെപ്പോലെ….

       പരസ്പരം പരിചയപ്പെടുകയും സുഖാന്വേഷണങ്ങള്‍ നടത്തിയും കഴിഞ്ഞ്, ലാസറലി മരുമക്കളെ വിശദമാക്കി കൊടുത്തു. മൂത്ത മകള്‍  മുസ്ലീം ആചാരപ്രകാരമാണ് ജീവിക്കുന്നതെന്നും, അതു കൊണ്ടു തന്നെ മുസ്ലീം പുരുഷനെ വിവാഹം ചെയ്തുവെന്നും, രണ്ടാമത്തെ മകള്‍ ക്രിസ്തീയ വിശ്വാസിയാണെന്നും എബിന്‍ ജോണ്‍ പാലായിലെ എണ്ണപ്പെട്ട തറവാട്ടിലെ അംഗമാണെന്നും ശിഖയെ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്യിക്കുമെന്നും. ലാസറലിയുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും രണ്ടു മരുമക്കള്‍ അറിഞ്ഞാണ് ചെയ്യുന്നതെന്നും വിശദീകരിച്ചു.

       സിറ്റിംഗ് റൂമില്‍ നിന്നും ഡൈനിംഗ് ഹാളിലേക്ക് കടക്കും വഴിയില്‍ ഇടത്തോട്ടും വലത്തോട്ടും രണ്ടിനാഴികളുണ്ട്.  അവര്‍ വലത്തോട്ടുള്ള ഇടനാഴിയിലൂടെ മൂന്നു മുറികളെ കാണാനായി നടന്നു.  ആ മുറികളെ ലാസറലി പരിചയപ്പെയുത്തി.

       ഇത് ലൈലയ്ക്കും ഷാഹിനയ്ക്കുമുള്ള നിസ്കാര മുറിയാണ്.  അവിടെ ചുരുട്ടി വച്ചിരിക്കുന്ന പായകളും പീഠത്തില്‍ കിത്താബും ഹാങ്കറില്‍ വെളുത്ത വസ്ത്രങ്ങളുമുണ്ട്.  രണ്ടാമത്തെ മുറിയില്‍ ഭിത്തിയില്‍ തിരുഹൃദയത്തിന്‍റെ ഫോട്ടോ വച്ച്, ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്‍റില്‍ മെഴുകുതിരി വിളക്കുകളും ബൈബിളും കാണിച്ചു കൊണ്ട് ഇത് രണ്ടാമത്തെ മകള്‍ ഹണിമോളുടെ പ്രാര്‍ത്ഥന മുറിയാണെന്നുപറഞ്ഞു.  മൂന്നാമത്തെ മുറിയില്‍ തറയിലെ പീഠത്തില്‍ കൃഷ്ണ വിഗ്രഹവും തെളിഞ്ഞു നില്‍ക്കുന്ന നിലവിളക്കും പൂജാസാമഗ്രഹികളും പൂക്കളും, പൂജകഴിഞ്ഞ അവസ്ഥയും പരിചയപ്പെടുത്തിക്കൊണ്ട് ഇത് ഇളയമകളുടെ വിശ്വാസമാണെന്ന് ആദരവോടെ മൊഴിഞ്ഞു.

       സുദേവ് നിശ്ശബ്ദനായിരുന്നു, നിസംഗനായിരുന്നു.  നജീമിബിന്‍റെ, എബിയുടെ മുഖത്ത് നേര്‍ത്ത പുഞ്ചിരി മാത്രം നിലനിന്നു.  അവര്‍ തികഞ്ഞ എക്സികൂട്ടീവുകളാണെന്ന് ഇടക്കൊക്കെ സുദേവ് മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു.

       ഇടത്തെ ഇടനാഴി എത്തിച്ചേരുന്നത് ഒരു വിശാലമായ മുറിയിലേക്കാണ്. അതിന്‍റെ വാതില്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ് പുറത്തേക്ക് പ്രവഹിച്ചു. നാലഞ്ചു ടേബിളുകളും അവയെ ചുറ്റി കസേരകളും ഒരു കൗണ്ടറും, കൗണ്ടറിന് പിന്നില്‍ ഭിത്തിയില്‍ ഗ്ലാസ് വാതിലുകളുള്ള അലമാരയും.  വിളക്കുകള്‍ തെളിഞ്ഞ് അലമാര ദൃശ്യം വ്യക്തമായപ്പോള്‍ സുദേവ് വീണ്ടും അത്ഭുതപ്പെട്ടു. അതൊരു മദ്യശാലയാണ്.

       ലാസറലി പറഞ്ഞു.

       ഇത് അതിഥികള്‍ വരുമ്പോള്‍ മാത്രം തുറക്കുന്ന മദ്യശാലയാണ്.  ഞങ്ങള്‍ക്ക് കുടിച്ച കൂത്താടാന്‍ ടെറസ്സിലേക്ക് തുറക്കുന്ന വാതിലുള്ള ഒരു മുറിയുണ്ട്, മുകളില്‍…

       അതിഥിയും ആതിഥേയരും മര്യാദകളെ നിലനിര്‍ത്തും വിധത്തില്‍ ഓരോ ലാര്‍ജ് വിസ്കി കഴിച്ചു കൊണ്ട് ഡൈനിംഗ് ഹാളിലേക്ക് പ്രവേശിച്ചു.  അവിടെ വിശാലമായ തീറ്റി മേശ മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. സ്വീകരിക്കാന്‍ ലൈല, ഷാഹിന, ഹണിമോള്‍ ശിഖ മൂന്നു കുട്ടികള്‍ ഒരുങ്ങി നില്‍ക്കുന്നു. ലാസറലി ഓരോരുത്തരേയും പരിചയപ്പെടുത്തി.  അതത് സ്ഥാനങ്ങളോടെ, മാനങ്ങളോടെ.  സുദേവ് ശ്രദ്ധിച്ചത് അവരുടെയൊക്കെ വസ്ത്രങ്ങളായിരുന്നു.  ലൈല പര്‍ദ്ദയില്‍ രണ്ട കണ്ണുകളും കൈപ്പത്തികളും കാണും വിധത്തിലാണ്. വെളുത്തു മൃദുലമായ കൈപ്പത്തി തന്നെ അവളൊരു സുന്ദരിയാണെന്ന് വിളിച്ചറിയിക്കുന്നു.  ഷാഹിന ചുരിദാറാണ് ധരിച്ചിരിക്കുന്നത്, ഷാളു കൊണ്ട് മൂടി പുതച്ചിരിക്കുന്നു.  ഹണിമോള്‍ക്ക് പാലായിലെ നസ്രാണി പെണ്‍കുട്ടിയെ പോലെ കിന്നരികളും തോരണങ്ങളുമുള്ള ഉടുപ്പാണ്. ശിഖ ആദ്യം കണ്ടതുപോലെയാണ്.  കൂട്ടികള്‍ ആരുടേതെന്ന് വസ്ത്രം കൊണ്ട് വ്യക്തമാക്കാന്‍ തയ്യാറല്ലാത്തതു പോലെ യൂണിഫോമിലാണ്.

       ഡോക്ടര്‍ ലാസറലി രാജ, അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വളരെ വ്യത്യസ്തനായൊരു വ്യക്തിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായ് സുദേവിന് തോന്നി.  ഡൈനിംഗ് ടേബിളിലെ വൈവിധ്യതയും അങ്ങിനെ തന്നെ ആവര്‍ത്തിക്കുന്നു. അതിഥിയും വീട്ടുകാരും അഭിമുഖമായിട്ടാണ് അവിടെയും ഇരുന്നത്. അതിലും എന്തെങ്കിലും പുതുമ കാണിക്കുമോ എന്ന് സുദേവ് ശ്രദ്ധിച്ചു.  അവന്‍റെ അടുത്ത കസേരകളില്‍ കുട്ടികള്‍ ഇരുന്നു. എവിടെ, എന്തില്‍ നിന്നു തുടങ്ങണമെന്ന് അറിയാതെ ഇരുന്നപ്പോള്‍ ഇളയ കുട്ടി വെജിറ്റബിള്‍ സൂപ്പ് കഴിച്ചു കൊണ്ട് തുടങ്ങിയത് അവന് പാഠമായി.

***

       ചൂടു കുറഞ്ഞപ്പോള്‍ സുദേവ് ലാസറിടത്തെ വഴിയിലൂടെ ഇറങ്ങി നടന്നു, എന്നത്തെയും പോലെ.  കുറെ നടന്നിട്ടും പരിചയക്കാരെ കാണാത്തതില്‍ വിഷമം തോന്നി.  മാനം ചുവന്നു തുടങ്ങിയാല്‍ പലരും ചേക്കേറാനെത്തുമായിരുന്നു.  കുറെക്കൂടി ഇരുട്ടിയാല്‍ രാത്രി സഞ്ചാരികള്‍ ഇറങ്ങും.  നടത്തം കുറച്ച് നേരത്തെ ആയിപ്പോയിരിക്കുന്നു. മരങ്ങളും ഉച്ച മയക്കം കഴിഞ്ഞ് ഉണര്‍ന്നിട്ടില്ല.  സുദേവിന് ഉച്ചയുറക്കം കിട്ടാത്തതിന്‍റെ അസഹിഷ്ണുതയുണ്ട്.   ഒന്നിനും മനസ്സ് സമ്മതിക്കുന്നില്ല.  വ്യര്‍ത്ഥമായ കുറെ ചിന്തകള്‍ വന്നലട്ടി മനസ്സിനെ കലുഷമാക്കി കളഞ്ഞു. ലാസറിടവും ഡോ. ലാസറലിയുടെ ജീവിതവും ഒന്നും അവിടെയില്ല..

       കഥാകാരാ…

       ഷാഹിനയുടെ വിളിയാണ്, ഹണിമോളുമുണ്ട്. അവരുടെ വിളി വരും മുമ്പുതന്നെ മണങ്ങള്‍ സുദേവിനടുത്തെത്തിയിരുന്നു.  ഷാഹിനയുടെ മുല്ലപ്പൂമണവും ഹണിമോളുടെ പനിനീര്‍മണവും.

       സ്വപ്നത്തിലാണോ… ഞങ്ങള്‍ക്ക് കൂടെ വരാമോ…..?

       തീര്‍ച്ചയായും… ഞാനൊന്നു ചോദിക്കാന്‍ വിട്ടു പോയിരുന്നു.

       എന്താണത്…?

       നിങ്ങള്‍ സ്ഥിരമായിട്ട് ഈ പെര്‍ഫ്യൂമുകളാണോ ഉപയോഗിക്കുന്നത്?

       ഏസ്….

       ശിഖയോ…..?

       ചന്ദനം….

       നിങ്ങള്‍ അച്ഛനെ വിളിക്കുന്നത് ബാപ്പയെന്നും ഡാഡിയെന്നും അച്ഛനെന്നുമാണ്….?

       അതെ.

       അമ്മയെ വിളിക്കുന്നത്, ഉമ്മയെന്നും മമ്മിയെന്നും അമ്മയെന്നുമാണ്….?

       ഏസ്.

       എന്തിനാണ് ഈ വൈവിധ്യത….?

       അത് ബാപ്പയോടു ചോദിക്കണം. ഒരു പക്ഷെ, ബാപ്പയുടെ മതേതരത്വ ചിന്ത കൊണ്ടാകാം.

       പെട്ടന്ന് ടാര്‍ വിരിച്ച പാതയോരത്തേക്ക് ഒരു കുടുംബം വന്നു, കീരിയുടെ.  അവര്‍ പാതയോരത്ത് രണ്ടു കാലില്‍ നിവര്‍ന്നു നിന്നു തലയുയര്‍ത്തി കാണിക്കുന്നു.  അമ്മയും അച്ഛനും രണ്ടു മക്കളും കൂടാതെ ഒരു കുട്ടി കൂടിയുണ്ട്.

       സുദേവ് ചോദിച്ചു ആരാണ് പുതിയ അതിഥി…?

       അച്ഛന്‍ കീരി ചിനച്ചു.  അവന്‍ പറഞ്ഞത് പെട്ടന്ന് സുദേവിന് മനസ്സിയായില്ല.  അവരെല്ലാവരും സുദേവിനെ നോക്കി ചിരിച്ചിട്ട് പാത മുറിച്ചു കടന്ന എവിടേക്കോ പോയി.

       ഓ… കഥാകാരന് ഇവിടെ സ്നേഹിതരുമുണ്ടായി അല്ലേ…?

       ഉവ്വ്… വേറെയും സ്നേഹിതരുണ്ട്….

       കൊള്ളാം …. ഫേസ് ബുക്കിലെയും ബ്ലോഗിലെയും വെബ്സൈറ്റിലേയും എഴുത്തുകള്‍ ഞങ്ങള്‍ വായിച്ചു തുടങ്ങി.  ലൈക്കുകള്‍ നന്നായിട്ടുണ്ടല്ലോ… ഫോളോവേഴ്സുമുണ്ട്, എനിക്കിഷ്ടമായി… പക്ഷെ, എഴുത്തിന് എന്തോ ചില പോരായ്മകള്‍…. എനിക്ക് തോന്നുത്തതായിരിക്കാം…

       ഷാഹിനയെ മറകടന്ന് ഹണിമോള്‍ പറഞ്ഞു.

       പോരായ്മകള്‍…. അങ്ങിനെ പറയാന്‍ പറ്റില്ല… വശീകരണത്തിന്ന ശക്തി കുുറവ്… പിന്നെ ചിലതിനോട് ആസക്തി കൂടുതള്‍, കടും പിടുത്തങ്ങള്‍….

       ആസക്തികള്‍…. കടും പിടുത്തങ്ങള്‍… ഏതിനോടാണ്….?

       ലേഡീസ് മാറ്റര്‍…. സെക്സ്…..

       അവര്‍ നടത്തം നിര്‍ത്തി.  മരത്തണലിനു  ശീതളിമയുണ്ട്. 

       ഷാഹിന, ഹണിമോള്‍ ചോദിച്ചത്, പറഞ്ഞത് തെറ്റിയോ എന്നു സംശയിക്കുന്നു. അവന്‍റെ ഭാഗത്തു നിന്നുള്ള പ്രതികരണം എന്തെന്നറിയാതെ ഭയക്കുന്നു.

       ഞാന്‍ അക്സപ്ററ് ചെയ്യുന്നു.

       അവന്‍റെ മുഖത്ത് ശാന്തതയാണ്.  അവന്‍റെ പോരായ്മകള്‍, ബലഹീനതകള്‍ സ്വയം അറിയുന്നുവെന്ന് മുഖം പറയുന്നുണ്ട്.

       ഷാഹിനയും ഹണിമോളും ദീര്‍ഘമായി നിശ്വസിച്ചു.  സുദേവ് അവരുടെ വികാരങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു.

       ഭയന്നോ… ഞാന്‍ ഇഷ്ടപ്പടാത്തതു പോലെ പ്രതികരിക്കുമെന്നു കരുതിയോ….?

       ഏസ്.

       ഞാന്‍ എന്‍റെ കുറവുകളെ അറിയുന്ന ആളാണ്… അത് കാണിച്ചു തരുമ്പോള്‍ തിരുത്താന്‍ ശ്രമിക്കുന്ന ആളുമാണ്.

       പെണ്ണിനെ….. ഐ മീന്‍ സെക്സ് നന്നായറിയുമോ….?

       ങേ….

       പ്രതിസന്ധി ജന്യമായ ചോദ്യമാണത്. എങ്ങിനെ അതിന് മറുപടി കൊടുക്കണമെന്ന് അവന്‍് ചിന്തിച്ചു. എന്തു മറുപടി കൊടുത്താലും അവരുടെ പക്ഷത്തു നിന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടാകും.  ആ വ്യാഖ്യാനങ്ങള്‍ക്ക് പൂരകങ്ങളും കാണേണ്ടി വരും.

       ശരിക്കും സുദേവിന് പെണ്ണിനെ അറിയുമോ… അവന്‍ സ്വയം ചോദിച്ചു നോക്കി.  ഇല്ലന്നേ ഉത്തരും കണ്ടെത്താനാകുന്നുള്ളൂ.  എഴുത്തുകാരനായിട്ടും സ്ത്രീയെ അറിയാന്‍ ശ്രമിച്ചില്ല.  ഏതെല്ലാമോ തോന്നലുകള്‍ വച്ചു കൊണ്ടാണിതുവരെ എഴുതിയിട്ടുള്ളത്.  പക്ഷെ, വായിച്ചവരാരും ഇങ്ങിനെ ഒരു ചോദ്യം ഉന്നയിച്ചിട്ടില്ല.  ചോദ്യങ്ങള്‍ ഉണ്ടാകാത്തതു കൊണ്ട് വീക്ഷണങ്ങള്‍ ശരിയാണെന്ന് തീരുമാനിക്കനാവില്ല.  വിശകലനം ചെയ്ത് വിമര്‍ശിക്കുന്നവരുടെ കൈയ്യില്‍ എഴുത്ത് എത്തിയിട്ടില്ലെന്നു വേണം കരുതാന്‍.  സൈറ്റില്‍ പ്രസിദ്ധീകരിച്ച ജിഹാദ് എന്ന് കഥയെ കുറിച്ചാണ് വിമര്‍ശന പരമായെരു സമീപനം വായനക്കാരില്‍ നിന്നുണ്ടായത്. അത് യുക്തിപരമായ വിമര്‍ശനമായി കണക്കാക്കാന്‍ പറ്റില്ല.  അവര്‍ പറഞ്ഞത് മുസ്ലീ വിരുദ്ധ എഴുത്താണെന്നും ഇങ്ങിനെയുള്ള എഴുത്ത് നിര്‍ത്തുന്നതാണ് നല്ലതെന്നുമായിരുന്നു.  അത് കണക്കിലെടുക്കാന്‍ തോന്നിയില്ല.  അത് നിഷ്പക്ഷനായൊരു വായനക്കാരന്‍റെ വിമര്‍ശനമല്ല.  കടും പിടുത്തത്തിന്‍റെ പ്രതികരണമാണ്.  ഒഴുക്കിന് അനുകൂലിച്ചുള്ള യാത്രകള്‍, പ്രകീര്‍ത്തനങ്ങള്‍ എഴുതാനാണെങ്കില്‍ സുദേവിന്‍റെ ആവശ്യമില്ലെന്നാണ് അന്ന് ചിന്തിച്ചത്. 

       എന്തെങ്കിലുമൊന്നു പറയണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഷാഹിനക്ക് ഒരു ഫോണ്‍ വന്നു.  അവള്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു കൊണ്ട് കുറച്ച് അകന്നു പോയപ്പോള്‍ ഹണി സുദേവിന്‍റെ മുഖത്ത് നോക്കി മന്ദഹസിച്ചു.  ആ മന്ദഹാസത്തില്‍ കളിയാക്കലിന്‍റെ ഒരു മണം സുദേവിന് അറിയാന്‍ കഴിയുന്നുണ്ട്.

       അതു വിട്ടേക്ക് സുദേവ്… ഷാഹിന വെറുതെ പ്രകോപിപ്പിക്കാന്‍ ചോദിച്ചതാണ്.  ആര്‍ക്കും ആരെയും പൂര്‍ണ്ണമായി മനസ്സിലാക്കന്‍ കഴിയില്ലെന്ന ചിന്തയാണെനിക്ക്…. എന്തെല്ലാമോ അറിയുന്നു, അതില്‍ കൂടുതല്‍ അറിയാതെയിരിക്കുന്നു.  ഞാനും എബിനും വിവാഹിതരായിട്ട് ആറു വര്‍ഷമായി. ദിവസത്തിലെ പതിനാറു മണിക്കൂറും ഞങ്ങള്‍ ഒരുമിച്ചാണ്, ഞങ്ങള്‍ക്ക് പരസ്പരം നന്നായിട്ടറിയാമെന്ന് വിശ്വസിക്കുന്നു.  എബിന് നാടന്‍ കോഴിക്കറിയും ചപ്പാത്തിയും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണെന്ന് എനിക്കറിയാം, ഇഷ്ടപ്പെട്ട മദ്യം ഗ്രീന്‍ ലേബലാണെന്നു അറിയാം ആഴ്ചയില്‍ രണ്ടു ദിവസം സെക്സ് വേണമെന്നുമറിയാം… രണ്ടു പേരും ഇണകളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്… നല്ല വസ്ത്രങ്ങള്‍ ഇഷ്ടമാണ്, മാനേജരായിട്ടിരിക്കാന്‍ ഇഷ്ടമാണ്.  ജോലിക്കാരെ കൊണ്ട് പണിയെടുപ്പിക്കാന്‍ അറിയാം… ആരെയും പിണക്കാതെ കൂടെ നിര്‍ത്താനറിയാം… സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറാകുന്ന പ്രകൃതമാണ്.  ഇത്രയൊക്കെ എനിക്കറിയാം.  ഇത്രയും വച്ചുകൊണ്ട്  എനിക്ക് എബിനെക്കുറിച്ച് എല്ലാമറിയാമെന്നു പറയുന്നത് ശരിയാകുമോ…. എബിന് എന്നെക്കുറിച്ച് എല്ലമറിയാമെന്നു പറയാന്‍ കഴിയുമോ…. എബിന്‍ വഴി പുരുഷന്മാരെയെല്ലാം അറിഞ്ഞെന്ന് പറയാന്‍ കഴിയുമോ… ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.. പക്ഷെ, അറിയാമെന്ന്  നടിച്ച് മുന്നോട്ടു പോകുന്നു… ശരിയല്ലേ… അത്രമാത്രമല്ലേ ഉള്ളൂ.. സോറി… ഞാന്‍ ഒരു സാധാരണക്കാരനോടു പറയുമ്പോലെയാണ് സംസാരിക്കുന്നത്… സുദേവ് ഒരു എഴുത്തുകാരനാണെന്നതു മറന്നു….

       ഏയ്…. ഹണി സംസാരിക്കൂ… എനിക്കിഷ്ടമായി…

       സ്ഫുടവും വ്യക്തവുമായ വാക്കുകള്‍… ശക്തവും യുക്തവുമായ ധാരണകള്‍… സുദേവിന് അവളെ ഇഷ്ടമായി എന്നു പറഞ്ഞ് ശരിയാണ്… സ്ത്രീകളില്‍ ഇത്ര തെളിമയുള്ള ചിന്തകളുള്ളവര്‍ കുറയും…

       സുദേവ്…. ഒരു പുതിയ വ്യക്തിയെ പരിചയപ്പെടാം… വീട്ടിലേക്ക് പോകാം… ഉമ്മച്ചിയാണ് വിളിച്ചത്… അവിടെ ഒരു രത്നവ്യാപാരി വന്നിട്ടുണ്ട്…

       ഞാന്‍ വന്നാല്‍ ശരിയാകുമോ….?

       തീര്‍ച്ചയായും…. ഞാന്‍ ഉമ്മച്ചിയോടു ചോദിച്ചു…സുദേവിനെ കൂട്ടാന്‍ പറഞ്ഞു…

       രത്നവ്യാപാരി.  സുദേവിന് അത്ഭുതമായി.  പോര്‍ച്ചില്‍ പുതിയൊരു കാര്‍ കിടക്കുന്നുണ്ട്. വിലയേറിയതല്ല.  ശീതീകരിച്ചതാണ്.

       അവര്‍ സിറ്റിംഗ് റൂമില്‍ കയറിയപ്പോള്‍ ടീപ്പോയില്‍ നിരത്തിയിരിക്കുന്ന രത്നങ്ങള്‍ കണ്ട് സുദേവിന്‍റെ കണ്ണ് മഞ്ഞളിച്ചു.  അങ്ങിനെയൊരു കാഴ്ച അവനാദ്യമാണ്.  ഷാഹിനക്കും ഹണിക്കും  ആദ്യകാഴ്ചയല്ലെന്ന് മനസ്സിലായി.

       ലൈല രത്നങ്ങള്‍ നോക്കി ഇഷ്ടപ്പെട്ടതുകള്‍ തെരഞ്ഞെടുക്കുന്നു.

       വ്യാപാരിയുടെ പ്രായക്കുറവാണ് സുദേവ് രണ്ടാമത് ശ്രദ്ധിച്ചത്. കഥകളില്‍ വായിച്ചിട്ടുള്ള രത്നവ്യാപാരികള്‍ തടിച്ചു കൊഴുത്ത് അറുപതു വയസ്സില്‍ കൂടുതല്‍ പ്രായത്തില്‍ നരച്ച താടിയും മുടിയുമുള്ള ഒരാള്‍… തലയില്‍ ഒരു തൊപ്പിയും വച്ചിരിക്കും. ഇയാള്‍ തീരെ ചെറുപ്പും, താടിയുണ്ട്, കറുത്താതണ്.  മുടി ഭംഗിയായി മുറിച്ച് ചീകി വച്ചിരിക്കുന്നു.  സുദേവിന്‍റെ അത്ര തന്നെ പ്രായമില്ല, ഉയരവും ആരോഗ്യവുമുണ്ട്…

       ആയാള്‍ നവാഗതരെ നോക്കി പുഞ്ചിരിച്ചു. തുടര്‍ന്ന് കച്ചവടത്തില്‍ തന്നെ സ്രദ്ധിച്ചു.

       നവരത്നങ്ങള്‍…. കോടികള്‍ വിലമതിക്കുന്നതാകാം…

       ലൈല പറഞ്ഞു.

       വാപ്പച്ചി പറഞ്ഞയച്ചാണ്…. ഇയാള്‍ അവിടെ ആദ്യമാണ്….

       ലൈല നവാഗതരെ അയാള്‍ക്ക് പരിചയപ്പെടുത്തി. സുദേവ് എഴുത്തുകാരമാണെന്ന് പറപ്പോള്‍ ആയാളുടെ മുഖത്ത് ഒരാദരവ് ഉണ്ടാകുന്നത് അവന്‍ ശ്രദ്ധിച്ചു.

       അയാള്‍ രത്നങ്ങളുടെ മഹത്വങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നു. വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍, അണിയുമ്പോള്‍ കിട്ടുന്ന മേല്‍ഗതികള്‍…. നാള്‍ ചേര്‍ച്ചകള്‍… പക്കച്ചേര്‍ച്ചകള്‍…

       സുദേവിന്‍റെ മനസ്സ് തര്‍ക്കത്തിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.  അവിടെ അതിന്‍റെ ആവശ്യമില്ലെന്നും, അനുവദനീയമല്ലെന്നും, അധികപ്രസംഗമാകുമെന്നും തോന്നിയ നിമിഷം, ഒഴിവു കിഴിവുകള്‍ നിരത്തി സുദേവ് യാത്ര പറഞ്ഞു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം മൂന്ന്

അണ്ണാറക്കണ്ണന്‍റെ പുഞ്ചിരിയും പ്രഭാത വന്ദനവും സുദേവിന് ഏറെ ഇഷ്ടമായി.  അവന്‍റെ ജീവിതത്തില്‍ ഇതാദ്യമാണ് കിളികള്‍ വിളിച്ചുണര്‍ത്തുന്നത്, ആദ്യ കാഴ്ച അണ്ണാറക്കണ്ണനാകുന്നതും.  തുറന്ന ജനാല വഴി കയറിയെത്തിയ ശീതളിച്ച തെന്നല്‍ അവന് ഉന്മേഷവും നല്‍കി.  പ്രഭാത കൃത്യങ്ങള്‍ വേഗം തീര്‍ക്കണമെന്നും സാര്‍ വിളിക്കും മുമ്പു തന്നെ ലാസറിടം ചുറ്റിക്കാണെണമെന്നും മോഹിച്ചു.

       മുറിക്ക് പുറത്ത് വന്നപ്പോള്‍ അടുക്കളയില്‍ കുമുദത്തിന്‍റെ ശബ്ദങ്ങള്‍ കേട്ടു. സുദേവിന്‍റെ വാസസ്ഥലം ഗസ്റ്റ് ബംഗ്ലാവിന്‍റെ മുകള്‍ നിലയില്‍ കിഴക്ക് ഭാഗത്താണ്,  രണ്ട് കിടപ്പു മുറികളും സിറ്റിംഗ് ആന്‍റ് ഡൈനിംഗ് ഹാളും അടുക്കളയുമായിട്ട്.  ഗസ്റ്റ് ബംഗ്ലാവിന്‍റെ രണ്ടു നിലകളിലുമായിട്ട് അതേ പോലെയുള്ള നാല് വാസസ്ഥലങ്ങളുണ്ട്.  അവന്‍ കതക് തുറന്ന് പുറത്ത് വരുന്ന ശബദം കേട്ടിട്ട് കുമുദം പുറത്തേയ്ക്ക് വന്നു.

       സാര്‍… ചായയാ… കാപ്പിയാ….?

       ഇപ്പോള്‍ വേണ്ട നടപ്പ് കഴിഞ്ഞ് വന്നിട്ട് മതി….

       കറുത്ത കുമുദം സുന്ദരിയാണ്.  എണ്ണമയമുള്ള മുഖമാണ്.  സദാ പ്രസരിപ്പുണ്ട്.  കറുത്ത, ഇടതൂര്‍ന്ന മുടിക്ക് അഴകുണ്ട്.

       സുദേവ് അവെളെ കണ്ടു നിന്നപ്പോള്‍ അവള്‍ക്ക നാണം വന്നു.

       എന്നാ സാര്‍….. ഇപ്പടിയെ…?

       ഹേയ്…. ഒന്നുമില്ല….

       അവളുടെ കണ്ണുകള്‍ക്ക് നല്ല വശ്യതയുണ്ട്, വൃത്തിയായി ചേല ചുറ്റിയിരിക്കുന്നു.

       കുമുദത്തിന് എത്ര മക്കളാ…?

       ഒന്ന് താനേ…. ആണ്….

       പനീറ് വന്നില്ലെ….?

       ഇല്ല,  നന്നെ പുലര്‍ന്നിട്ടു മട്ടും വരും…….

       അവന്‍ പുറത്തേക്ക് നടന്നകന്നപ്പോള്‍ പിന്നില്‍ കതക് അടച്ചു കൊളുത്തിടുന്ന ശബ്ദം. ഗസ്റ്റ് ബംഗ്ലാവിന്‍റെ മുറ്റത്ത് നിന്ന് വടക്കോട്ട് നോക്കിയാല്‍ ലാസറിടത്തെ ഗ്രീന്‍ ഹൗസ് എന്ന വലിയ ബംഗ്ലാവു കാണാം, ഉണര്‍ന്നിട്ടില്ല.  മുറ്റത്തേക്ക് തെളിയുന്ന പ്രധാന വിളക്ക് അണച്ചിട്ടില്ല.  ഗെയിറ്റ് കാവല്‍ക്കാരന്‍ കാവല്‍ പുരയില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു.  ഇന്‍റര്‍വ്യൂവിന് വന്ന ദിവസം ഓട്ടോ തടഞ്ഞ് മുറ്റത്തിന്‍റെ ഓരത്ത് നിര്‍ത്തിച്ച ആളല്ല.  അയാളേക്കാള്‍ ചെറുപ്പക്കാരനാണ്.  മുറ്റത്തേക്ക് എത്തുന്ന പ്രധാന പാത മാത്രമാണ് ടാര്‍ വിരിച്ചിരിക്കുന്നത്, വലത്തോട്ട് തിരിഞ്ഞ് പോകുന്ന വഴി കല്ല് പാകിയിരിക്കുകയാണ്.  അതു വഴിയെ നടന്ന് ബംഗ്ലാവിന്‍റെ വലതു വശത്തുകൂടി സുദേവ് പച്ചപ്പിലേക്ക് പ്രവേശിച്ചു.

       പാതക്ക് ഇരു പുറവും ഏത്തവഴത്തോട്ടമാണ്, കുലച്ചു നില്‍ക്കുന്നു.  ഇനിയും കുലയ്ക്കാത്തത് കുറവാണ്. ഏത്തവാഴ കഴിഞ്ഞ് ഞാലിപ്പൂവന്‍, കണ്ണന്‍കായ, റോബസ്റ്റ്…. ഒരു റോബസ്റ്റ് കായ പഴുത്തു നില്‍ക്കുന്നു.  ഒരു പച്ച കുടുക്ക അതിലിരുന്നു പഴം തിന്നുണ്ട്, സൂക്ഷിച്ച നോക്കിയപ്പോള്‍ ഒന്നല്ല, രണ്ടാണ്….. വാഴയുടെ വാസയിടം കഴിഞ്ഞപ്പോള്‍ മരച്ചീനിയായി, രണ്ടടി പൊക്കത്തില്‍. ചുവടുകളില്‍ കൊഴുത്തു നില്‍ക്കുന്ന കാടുമുണ്ട്.  പക്ഷെ, അവകളെ ചെത്തി വൃത്തിയാക്കി വരുന്നുണ്ട്.  ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി…. പതിനഞ്ച് മിനിട്ടില്‍ കൂടുതല്‍ നടന്നിട്ടുണ്ടാകും കല്ലു വിരിച്ച പാത തീര്‍ന്നു.  തുടര്‍ന്ന് കുരുമുളക് വള്ളികളെ തഴുകി നടന്നു.  പെട്ടന്ന് തന്നെ ആ നടത്തം നിര്‍ത്തേണ്ടി വന്നു.  അവന്‍റെ കാലുകളെ തൊട്ടെന്ന വിധത്തില്‍ ഒരുത്തന്‍ ഇഴഞ്ഞ് റോഡു മുറിച്ചു കടന്നു പോയി.  കറുത്തിട്ടായതു കൊണ്ട് ചേരയായിരിക്കില്ല.  മറ്റാരാണെന്ന് സുദേവിന് പരിചയം തോന്നിയില്ല.  കറുത്തവന്‍ പോയിക്കഴിഞ്ഞ് പത്തടിയില്‍ കൂടുതല്‍ പാതയില്ല.  അവിടെ നിന്നും വനം തുടങ്ങുകയാണ്. വനത്തിന്‍റെ അതിരിലെ സര്‍വ്വെ കല്ല്.  സര്‍വ്വെകല്ലെന്ന് പറയാന്‍ കഴിയില്ല, കല്ലല്ല. രണ്ടടി ചതുരത്തില്‍ വാര്‍ത്തെടുത്ത സിമന്‍റ് കട്ട, എത്ര ആഴത്തിലേക്കെന്നറിയില്ല.  ഒരടി മുകളില്‍ കാണാം.  അവിടെ നിന്നും കാട്ടിലേക്കു നടപ്പാത കാണാം.    സുദേവ് അവിടെ നിന്നും തിരിച്ചു. റബ്ബര്‍ മരങ്ങള്‍ക്ക് ഇടയിലൂടെയുള്ള വഴിയ്ക്കും കല്ല് പാകിയിട്ടില്ല.  എങ്കിലും സ്ഥിരം നടപ്പകാരുണ്ടെന്ന് കണ്ടാല്‍ തോന്നും.

       ആരാ….?

       പെട്ടന്നൊരാള്‍ മുന്നിലേക്ക് ഇറങ്ങി വന്നു.  അയാളുടെ നെറ്റിയില്‍ ഹെഡ്ലൈറ്റ് കെട്ടി വച്ചിട്ടുണ്ട്.  നാട്ടു വെളിച്ച പടര്‍ന്നു കഴിഞ്ഞിരുന്നതിനാല്‍ കെടുത്തിയാണ് വച്ചിരിക്കുന്നത്.  കൈയ്യില്‍ റബ്ബര്‍ വെട്ടുന്ന കത്തിയുണ്ട്.  അരയില്‍ കൂട കെട്ടി വച്ചിട്ടുണ്ട്, ഒട്ടുപാല്‍ ഇടാനുള്ളതാണ്.

       ഏയ്…

       അകലെ നിന്നും ആരോ വിളിച്ചു ചോദിക്കുന്നു. അയാളും അടുത്തേക്ക് വന്നു.

       ലാസറലി സാറിന്‍റെ ഗസ്റ്റാണ്… വെറുതെ നടക്കാന്‍….

       സുദേവ് പറഞ്ഞത് അവര്‍ക്ക് അത്ര വിശ്വാസമായി തോന്നിയില്ല.

       ഉം… ഇവിടെ അങ്ങനെ കറങ്ങണ്ട… എഴ ജെന്തുക്കള്‍ കാണും….

       സുദേവ് ചിരിക്കാന്‍ ശ്രമിച്ചു.  വേഗത്തില്‍ നടന്നു.  അവരില്‍ ഒരാള്‍ അവന് പിറകെയുണ്ട്. റബ്ബര്‍ എസ്റ്റേറ്റ് കഴിഞ്ഞ് കല്ലു വിരിച്ച പാതയിലെത്തി ബംഗ്ലാവിന് അടുത്തെത്തി ഗെയിറ്റ് വാച്ചര്‍ അവനെ കാണും വരെ  അയാള്‍ പിന്‍തുടര്‍ന്നു.

       നേരം നന്നായി വെളുത്തു. ബംഗ്ലാവിന്‍റെ മുറ്റത്തേക്കുള്ള ലൈറ്റ് കെടുത്തിയിരിക്കുന്നു.  സുദേവ് ഓര്‍മ്മിച്ചു. അരമണിക്കൂറിലധികം എടുത്തിരിരക്കുന്നു ലാസറിടത്തിന്‍റെ പാതയിലൂടെ വൃത്താകൃതിയില്‍ നടന്ന് എത്താന്‍.

       ഡൈനിംഗ് ടേബിളില്‍ ചായക്കൊപ്പം ദിനപ്പത്രങ്ങളും ആഴ്ചപ്പതിപ്പുകളും യഥേഷ്ടം സുദേവിനെ കാത്തിരിപ്പുണ്ടായിരുന്നു. മഗ്ഗില്‍ നിന്ന് ചായ പകര്‍ന്ന്, ഫാന്‍ ഓണ്‍ ചെയ്ത് വായന തുടങ്ങുമ്പോള്‍ കുമുദം അടുക്കളയില്‍ നിന്നും എത്തി.

       സാറിന് ബ്രേക്കഫാസ്റ്റ് എന്ന വേണം….?

       നിനക്ക് എന്തൊക്കെയുണ്ടാക്കാനറിയാം…?

       എല്ലാം തെരിയും….

       സാദാ ദോശയും ചട്ടിണിയും അറിയുമോ….?

       ഉം…

       അതുമതി…

       അവളുടെ കണ്ണുകളില്‍ ശൃംഗാരത്തിന്‍റെ മുല്ലമുട്ടുകള്‍ വിടര്‍ന്നു നില്‍ക്കുന്നു.  പക്ഷെ, ആസക്തകരമാണെന്നു തോന്നുന്നില്ല.

       ഊം……?

       സാറ് കഥയെഴുതുമാ…..?

       ഊം… നിനക്കുണ്ടോ കഥ എഴുതാന്‍….?

       ഇല്ല… പനീര്‍ ശൊല്ലിയാച്ച്…

       പനീറിന്‍റെ കഥ പറഞ്ഞു….

       അതും എന്നോട് ശൊല്ലിയാച്ച്…..

       പിന്നെ എന്തൊക്കെ ശൊല്ലി….?

       വലിയ സാറിന്‍റെ  പെരിയ ഇഷ്ടക്കാരന്‍ വലിയ സാറിന്‍റെ കഥയെഴുതക്ക് വന്നത്.  ഇഷ്ടമാര്‍ന്ന ശാപ്പാടൊക്കെ പണ്ണി കൊടുക്ക വേണമെന്നൊക്കെ…..

       ബ്ലാക്ക് ടീ നന്നായിട്ടുണ്ട്…

       പിന്നെ കുടിക്കതുക്ക് ബ്ലാക്ക് ടീ മട്ടും പോതുമാ….?

       ബ്ലാക്ക് ടീ…. ചൂടുവെള്ളം … പച്ചവെള്ളം… എല്ലാം വേണ്ടിവരും….

       ഓ… സാറെ….

       അവള്‍ അടുക്കളയിലേക്ക് പിന്‍വലിഞ്ഞപ്പോള്‍ സുദേവിന് തോന്നി. അവളിലെ വിധേയത്വം പരിചാരികയുടേതു മാത്രമാകുമോ…. ആണെങ്കിലും, അല്ലെങ്കിലും പരിചാരികയുടേതു പോലെ കണ്ടാല്‍ മതിയെന്നു തോന്നുന്നു.

       അവന്‍ കപ്പിലെ ചായയുമായി സിറ്റിംഗ് ഭാഗത്തേക്ക് വന്നു.  കാലുകള്‍ നീട്ടി വച്ച് ചാരി കിടക്കാവുന്ന കസേര ഏറെ ഇഷ്ടമായി തോന്നി.  അതിന് മുന്നില്‍ ടീപ്പോയി സജ്ജമാക്കിയപ്പോള്‍ പത്രവായന കൂടുതല്‍ സുഖകരമായി.  ഇടയ്ക്ക് ചായക്കപ്പ് ഇടതു കൈയ്യാല്‍ എടുത്ത് കുടിക്കാനും കഴിയും.

       വില കൂടിയ സെറ്റികള്‍, സെറ്റിയില്‍ ഇരുന്നു പാദങ്ങല്‍ വയ്ക്കാന്‍ വിലയേറിയ കാര്‍പ്പറ്റ്,  കാര്‍പ്പറ്റിന്‍റെ മെറൂണ്‍ നിറത്തിനെ കൂടുതല്‍ ശോഭയുള്ളതാക്കാന്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്ന ക്രീം നിറത്തിലെ പൂക്കള്‍.  നാല്‍പത്തിയെട്ടിഞ്ചിന്‍റെ എല്‍ ഈ ഡി ടിവി. സ്റ്റീല്‍ റോഡില്‍ ഐലറ്റില്‍ ഞാന്ന് കിടക്കുന്ന രാജകീയ കര്‍ട്ടണുകള്‍, എല്‍ ഈഡി ബള്‍ബുകള്‍, സ്വര്‍ണ്ണ നിറമുള്ള ഫാന്‍…

       ഒരൊറ്റ ദിവസം കൊണ്ട് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ജീവിത സാഹചര്യങ്ങളെ, സൗകര്യങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ സുദേവിന് വ്യര്‍ത്ഥതയാണ് തോന്നുത്. ജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്മ.  അത് നിലനിര്‍ത്താന്‍ കഴിയുമെന്ന് യാതൊരു വിശ്വാസവും ഇപ്പോള്‍ അവനില്ല.  അല്ലെങ്കില്‍, നിലനിര്‍ത്തണമെന്ന ഒരു നിമിഷ ചിന്തപോലും അവനില്ല.  എല്ലാം യാദൃശ്ചിതകള്‍….നീര്‍ക്കുമിള പോലെ ക്ഷണികം.

       കോളിംഗ് ബല്‍ വഴി ആരോ വിളിച്ചു.

       ഏസ് കമിംഗ്….

       ഡോര്‍ തുറന്ന് പനീര്‍ശെല്‍വം വന്നു.  കൈയ്യില്‍ ജൗളിക്കടയുടെ മൂന്നു നാല് ബാഗുകളുമുണ്ട്.

       സാറിന് തരാന്‍ പറഞ്ഞു.

       ആര്….?

       വലിയ സാറ്…

       സുദേവിനുള്ള പുതിയ വസ്ത്രങ്ങളായിരുന്നു.  ഒരു ജോഡി ജോഗിംഗ് ഡ്രസ്സും.  അവന് ജാള്യത തോന്നുന്നു.  തന്‍റെ പരിമിതികള്‍ ഇപ്പോള്‍ തന്നെ അദ്ദേഹം കണ്ടിരിക്കുന്നു.

       ഇവിടെ വന്നിട്ട് ആദ്യത്തെ മോബൈല്‍ കോള്‍. ഫോണ്‍ എടുത്ത് സുദേവ് ബഡ് റൂമില്‍ നിന്നും ബാല്‍ക്കണിയിലേക്കുള്ള കതക്ക് തുറന്ന് ബാല്‍ക്കണിയില്‍ ഇറങ്ങി നിന്നു.  പ്രഭാതത്തിലെ മഞ്ഞവെയില്‍ ബാല്‍ക്കണിയില്‍ എത്തി അവന്‍റെ പാദങ്ങളെ തഴുകി നിന്നു.

       ഹലോ….

       ഹലോ, ഞാന്‍ നിവേദിതയാണ്….

       അവള്‍ കഴിഞ്ഞ നാള്‍ മടങ്ങും മുമ്പ് അവന്‍റെ നമ്പര്‍ വാങ്ങിയിരുന്ന വിവരം അപ്പോഴാണ് ഓര്‍മ്മിച്ചത്.

       ഏസ്, മോര്‍ണിംഗ്….

       ഗുഡ് മോര്‍ണിംഗ് സാര്‍…. ഇന്നലെ എത്തിയല്ലേ…?

       അതെ…

       ഞാനറിഞ്ഞിരുന്നു സാറിനാണ് നറുക്കു വീണതെന്ന്…

       ഓ… എങ്ങിനെ….?

       ഡോക്ടര്‍ ലാസറലി രാജയുടെ ഓഫീസില്‍ വിളിച്ചു തിരക്കി….

       നിവേദിതക്ക് താല്‍പര്യമുണ്ടായിരുന്നല്ലേ….?

       ഏസ്,  ബട്ട്, അദ്ദേഹം പുരുഷനെ മതിയെന്ന് ഒടുക്കം തീരുമാനിച്ചെന്ന് പറഞ്ഞു.

       ശരിയാണ്… പരീക്ഷകളില്‍ നിവേദിതയായിരുന്നു വിജയിച്ചത്… പക്ഷെ, സ്ത്രീയെന്ന പേരില്‍ തിരസ്കരിക്കപ്പെട്ടു… ദേഷ്യം, വിഷമം ഏതാണ് കൂടുതലുള്ളത്….?

       രണ്ടും…. സ്ത്രീയെന്ന പേരില്‍ ഒഴിവാക്കിയതില്‍ അമര്‍ഷം,  നല്ലൊരു സാമ്പത്തിക ഗുണം കിട്ടുമായിരുന്നത് നഷ്ടമായതില്‍ വിഷമം….

       ഞാന്‍ പറ്റില്ലെന്നു പറയാം… എനിക്ക് വീടുകള്‍ക്ക് പെയിന്‍റടിച്ചായാലും ജീവിക്കാന്‍ പറ്റും.

       പക്ഷെ, അദ്ദേഹത്തിന് അതു പോരല്ലോ…. ഒരു സ്ത്രീയുടെ അടുത്ത് പറയാവുന്ന കാര്യങ്ങള്‍ക്ക് പരിമിതികള്‍ കാണും. പിന്നെ സ്ത്രീകള്‍ക്ക് അറിയാന്‍ കഴിയാത്തത്, അനുഭവിക്കാന്‍ കഴിയാത്തത് ചിലതൊക്കെ കാണാം….

       മനസ്സിലായില്ല.

       അതു വഴിയേ മനസ്സിലായിക്കൊള്ളും…

       പിന്നീട് നിവേദിതയുടെ മനോഹരമായ ചിരി.  ആ ചിരിയുടെ സൗന്ദര്യം, കുളിര്‍മ സുദേവ് ഓര്‍മ്മിച്ചു.  അന്ന്, നേരില്‍ തോന്നാതിരുന്ന ഒരു തോന്നല്‍ ഇപ്പോള്‍ മനസ്സില്‍….

       എന്തായി ജോലി തുടങ്ങിയോ….?

       ഇല്ല. അദ്ദേഹത്തിനെ കണ്ടിട്ടില്ല, പക്ഷെ, വിശാലമായ ലാസറിടം ചുറ്റിക്കണ്ടു… ജോഗിംഗിന്‍റെയിടയില്‍…

       ഇനി വളരെയേറെ കാണാനിരിക്കുന്നു, അറിയാനിരിക്കുന്നു.  അദ്ദേഹം തികച്ചുമൊരു കഥയാണ്… എനിക്ക് മീഡിയ ഫ്രണ്ട്സ് ഉണ്ട് അവര്‍ വഴി ഒരു അന്വേഷണം നടത്തി… എ പെക്കൂലിയര്‍ മാന്‍… റിയല്‍ ഫന്‍റാസ്റ്റിക്ക് സ്റ്റോറീസ്… ഫാന്‍റസിയും, മിത്തോളജിയും മിക്സ് ചെയ്ത് എടുത്തൊരു അപൂര്‍വ്വ ജന്മം…. ഓക്കെ… നമുക്ക് ഇടക്ക് ഷെയര്‍ ചെയ്യാം……

       തീര്‍ച്ചയായും ഞാന്‍ വിളിക്കാം…

       ഷുവര്‍, വിളിക്കുമോ…?

       വൈ നോട്ട്…?

       നമ്മള്‍ പിരിഞ്ഞപ്പോള്‍ സൗഹൃദമാകാമോയെന്ന് ഞാന്‍ ചോദിച്ചിരുന്നു, എന്താണ് പറഞ്ഞതെന്ന് ഓര്‍മ്മയുണ്ടോ…?

       ഓ… ലീവിറ്റ്… അപ്പോഴത്തെ ഒരു മൂഡിന്…

       ഓക്കയോക്കെ… സാറു വിളിച്ചാല്‍ മതി…

       നിവേദിതയുടെ ചിരി വീണ്ടും. ഫോണ്‍ ഓഫ് ചെയ്ത്, വളര്‍ന്ന് ബാല്‍ക്കണിയിലേക്ക് തലയെത്തിച്ചു നില്‍ക്കുന്ന പേരയിലെ പഴുത്ത പേരക്ക കൈക്കലാക്കാന്‍ നോക്കിയപ്പോഴാണ് തിന്നു കൊണ്ടിരുന്ന വാലാട്ടി കിളി പറന്നു പോകുന്നതു കണ്ടത്.  അപകട സൂചകമായൊന്നു കരഞ്ഞു.  ആ കരച്ചില്‍ കേട്ടിട്ട് അടുത്ത മാവില്‍ നിന്നും കരിയില പിടകള്‍ ചിലച്ച് കാടിളക്കി പറന്നകന്നു.  പുലര്‍കാല വന്ദനം തന്ന അണ്ണാറക്കണ്ണന്‍ എവിടെ നിന്നോ ഓടി പേരയില്‍ വന്നിരുന്ന് എന്താ കാര്യമെന്നു തിരക്കി.

       സുദേവ് പറഞ്ഞു.

       ഞാനൊന്നും ചെയ്തില്ല, ഒരു പേരയ്ക്ക പറിക്കാന്‍ നോക്കിയതാണ്… നിങ്ങള്‍ക്ക് മാത്രമല്ല എനിക്കും അവകാശമില്ലേയിതില്….?

       അവകാശമുണ്ടെന്ന് സമ്മതിച്ച് അണ്ണാറക്കണ്ണന്‍ ചാടി അടുത്ത പ്ലാവിന്‍ കൊമ്പിലൂടെ അകലേക്ക് പോയി.  അവന് പുറകെ അവന്‍റെ ഭാര്യയാകാം, ഒരു സുന്ദരി, ഇലകളുടെ മറവില്‍ നിന്നും പ്രത്യക്ഷപ്പെട്ട്, സുദേവിനെ ഒന്ന നോക്കയിട്ട് ഝടുതിയില്‍ ഓടിയകന്നു,

       അണ്ണാറക്കണ്ണന്‍ ചാടിയ കൊമ്പില്‍ നിന്ന് നന്നായി മൂത്തു പഴുക്കാറായ ഒരു പേരയ്ക്ക സുദേവിനു കിട്ടി.  അതിന്‍റെ സ്വാദില്‍ അലിഞ്ഞ് നിന്നപ്പോള്‍ കോളിംഗ് ബല്‍.  അവനൊന്നു ഞെട്ടി, പേരയ്ക്കയുടെ മധുരത്തോടു കൂടി അവന്‍,  അണ്ണാറക്കണ്ണനല്ലാത്തവരെ തോട്ടത്തില്‍ അതിക്രമിച്ചു കയറിയവരെ തിരയുകയായിരുന്നു.  അവന്‍ തന്നെ ഡോര്‍ തുറന്നു.

       പ്രഭാത രശ്മികളെപ്പോലെ മൂന്നു മുഖങ്ങള്‍.  രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും. ധനത്തിന്‍റെ ആധിക്യം അവരുടെ വസ്ത്രങ്ങളില്‍, ഗെറ്റപ്പുകളില്‍. പെട്ടന്ന് അവന് ഒരു ജാള്യത തോന്നി.  നേരം പുലര്‍ന്ന് ഒമ്പതു മണി കഴിഞ്ഞിരിക്കുന്നു, ഇതേവരെ ജോഗിംഗ് വസ്ത്രത്തില്‍ നിന്നും മോചിതനാകുകയോ, കുളിക്കുകയോ ചെയ്തിട്ടില്ല.  എന്നാലും വിയര്‍പ്പാറിയിരിക്കുന്നു.  തുറന്ന വാതില്‍ക്കല്‍ നിന്നും അവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായി കുറെ അകന്നു നിന്നു.  അകത്തു കയറി അവര്‍ ആകെ വീക്ഷിക്കുകയായി.

       അസൗകര്യങ്ങളൊന്നുമില്ലല്ലോ… അല്ലെ…..?

       ഇല്ല…

       ഓ…. ഞങ്ങളെ പരിചയപ്പെടുത്തിയില്ല, മറന്നു.  ഞങ്ങള് ഉത്സാഹ കമ്മറ്റിക്കാരാ…. അല്ലെങ്കില്‍ ഉത്സവക്കമ്മിറ്റിക്കാരെന്നും പറയാം…. സുദേവ് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഞങ്ങളുടെ നാട്ടിലെ ഒരു ശൈലിയാണത്…. ഒരു കാര്യം ചെയ്യുമ്പോള്‍ പുറത്തു നിന്നും സഹായങ്ങള്‍ ചെയ്യുന്നവര്‍…

       ഉവ്വ്…. കേട്ടിട്ടുണ്ട്….

       ഞങ്ങള് ഡോ. ലാസറലിരാജയുടെ പാര്‍ട്ടണര്‍മാരാണ്… ഞാന്‍ വിനോദ് മേനോന്‍ തൃശ്ശൂര്‍ പാവറട്ടിയാണ് സ്വദേശം. ഇത് സാമുവല്‍ സക്കറിയ ചങ്ങനാശ്ശേരിയിലാണ്…. മിസ്സിസ് അനിത പ്രസാദ് വര്‍ക്കി കൊച്ചിക്കാരിയാണ്…..

       സുദേവ് അവരെയൊക്കെ കൈകൂപ്പി വണങ്ങി. സെറ്റിയിലേക്ക് ആനയിച്ചു. ത്രിബിള്‍ സെറ്റിയില്‍ പുരുഷന്മാരും സിംഗിള്‍ സെറ്റിയില്‍ അനിതയും, അവര്‍ക്ക് അഭിമുഖമായിട്ട് സിംഗിളില്‍ സുദേവും ഇരുന്നു.

       ഒരാളെ കൂടി പ്രതീക്ഷിച്ചു….. കമ്മിറ്റിയില്‍…..

       ആരെ…..?

       ഒരു മുസ്ലീം പ്രാതിനിദ്ധ്യം……

       ഷുവര്‍… ഉണ്ടല്ലോ….. നമ്മുടെ പാര്‍ട്ടണര്‍ തന്നെ, അബ്ദുള്‍ റഹ്മാന്‍…. അദ്ദേഹത്തിന് ഇവിടെ വന്നു കാണാന്‍ കഴിയില്ല… സംസാരിച്ചിട്ടാണ് വന്നത്…

       മൂന്നുപേരും മൂന്നിടത്തു നിന്നും ഇത്ര രാവിലെ എത്തിയത്…..?

       ഞങ്ങള്‍ മൂന്നു പേരും ഇപ്പോള്‍ എറണാകുളത്തുണ്ട്….നമ്മുടെ ബിസിനസ്സിന്‍റെ സൗകര്യത്തിന്….പ്രധാന എല്ലാ നഗരങ്ങളിലും നമ്മുടെ പാര്‍ട്ടണര്‍മാരുണ്ട്… യു നോ ദാറ്റ്, വി വെല്‍ പ്ലാന്‍ഡ്….

       ആത്മകഥയുടെ കമ്മിറ്റിയഗംമാണ് ഞങ്ങള്‍… വളരെ നന്നായിട്ട് ആലോചിച്ച്, പരസ്പരം സംസാരിച്ച് ആത്മകഥയെങ്ങിനെ വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്… നോട്ടുകള്‍ ഞങ്ങള്‍ തന്നു കൊണ്ടിരിക്കും…. ഒരു സ്കെലിട്ടന്‍ മാത്രമേയുള്ളൂ.. അതിന് മജ്ജയും മാംസവും അവയവങ്ങളും ഇന്ദ്രിയങ്ങളും വികാരങ്ങളും നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം…

       ഒരു കിതപ്പോടെ അനിത പറഞ്ഞു നിര്‍ത്തി, വളരെ പണിപ്പെട്ട് ഒരു ജോലി ചെയ്തു തീര്‍ക്കുന്നതു പോലെ.

       സ്കെലിട്ടന്‍… മജ്ജയും മാംസവും അവയവങ്ങളും ഇന്ദ്രിയങ്ങളും വികാരങ്ങളും… ഞങ്ങള്‍ ദിവസങ്ങളോളം ഇരുന്ന് കണ്ടു പിടിച്ച വാക്കുകളാണ്…..

       വളരെ കുറച്ചു മാത്രം സംസാരിച്ച സാമുവല്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ എല്ലാ മുഖങ്ങളിലും ചിരി വിടര്‍ന്നു. സുദേവിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

       ഞങ്ങള്‍ കുറച്ച് ആത്മകഥകള്‍ കൊണ്ടു വന്നിട്ടുണ്ട്…

       അനിത ഒരു ബാഗ് ടീപ്പോയില്‍ വച്ച് തുറന്ന് ഓരോ പുസ്തകങ്ങളും പുറത്ത് എടുത്തു വച്ചു.  ഗാന്ധിജിയുടെ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടങ്ങി എബ്രഹാം ലിങ്കന്‍റെ, വിന്‍സെന്‍റ് ചര്‍ച്ചിലിന്‍റെ, എന്‍സ്റ്റൈന്‍റെ, നെഹറുവിന്‍റെ, ഇ എം എസ്സിന്‍റെ……..  ഇരുപതോളം ആത്മകഥകള്‍, അല്ലെങ്കില്‍ അനുഭവക്കുറിപ്പുകള്‍… ഇംഗ്ലീഷില്‍, മലയാളത്തില്‍, ചിലത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യത്. സുദേവ് ഒളികണ്ണാല്‍ അവരെ മൂന്നു പേരെയും കണ്ടു.  പക്ഷെ, അവന്‍റെ ഒളികണ്ണുകള്‍ അവര്‍ കണ്ടില്ല. അവന്‍റെ ഒളി കണ്ണുകളെ മറച്ചു കൊണ്ട് കുമുദം നാലു കപ്പു ചായയുമായിട്ട് പെണ്ണുകാണാന്‍ എത്തിയിരിക്കുന്ന ചെറുക്കന്‍ കൂട്ടരുടെ മുന്നിലേക്ക് പെണ്‍കുട്ടി കടന്നു വരുന്നതു പോലെ വന്നു…. അതോ അവള്‍ക്കിപ്പോള്‍ ഭാര്യയുടെ റോളാണോ….സുദേവിന്‍റെ മനസ്സില്‍ ഉദിച്ച ചോദ്യം വിരുന്നു കാരുടെ മനസ്സുകളിലും ഉണ്ടായോ എന്ന് അറിയാനായി അവന്‍ അവരുടെ മുഖങ്ങളില്‍ നോക്കി.  അവര്‍ തുറന്നു പിടിച്ച കണ്ണുകളുമായിട്ട് ഭാവി വധുവിനെ കാണും പോലെ നോക്കിയിരിക്കുകയാണ്.

       ഇവള് സേര്‍വന്‍റാ…?

       അതെ…

       തനിച്ചേയുള്ളോ…?

       അല്ല… അവളുടെ ഭര്‍ത്താവുമുണ്ട്…..

       ചോദ്യങ്ങളും ഉത്തരങ്ങളും കേട്ടിട്ട് കുമുദം നാണിച്ച് തല കുമ്പിട്ടു നിന്നു, നവവധുവിനെപ്പോലെ….  സുദേവിനെ നോക്കി പോകാന്‍ അനുവാദം ചോദിച്ചു, കണ്ണുകളാല്‍. അനിത അതു കണ്ടു. അനുവാദം കൊടുത്തപ്പോള്‍ മാത്രമവള്‍ അടുക്കളയിലേക്ക് പോയി…

       സുദേവ് ഈ പുസ്തകങ്ങളെല്ലാം വായിക്കണം… ഒരു ഉത്തമ പുരുഷന്‍… അതാണ് ഡോ.ലാസറലിരാജയുടെ ആത്മകഥയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബാല്യം, കൗമാരം, യൗവനം, ജോലി, ജീവിതം, വിവാഹം എല്ലാം ഞങ്ങള്‍ കണക്കു കൂട്ടി വച്ചിട്ടുണ്ട്….

       എഴുതിയിട്ടുണ്ടെങ്കില്‍ അതു തന്നാല്‍ മതിയായിരുന്നു.

       എഴുതിയിട്ടില്ല…

       എഴുത്താണാവശ്യം…. അതാണ് സുദേവ് ചെയ്യേണ്ടത്….

       കുഞ്ഞുമോനെന്നായിരുന്നു ആദ്യത്തെപേര്. ഒരു മതമൈത്രി കാണുന്നില്ലേ ആ പേരില്‍…

       ഉണ്ട്…

       അതേപോലെ തന്നെയാണ് ലാസറലിരാജയും… ലാസര്‍ ക്രിസ്ത്യന്‍ പേരാണ്, അലി മുസ്ലീം പേരും രാജ ഹിന്ദു പേരായ രാജന്‍ ചുരുക്കിയതും….

       മതമൈത്രി തന്നെ…

       തീര്‍ച്ചയായും.

       കുമുദത്തിന്‍റെ ചായ കുടി കഴിഞ്ഞ് അനിത മുറികളും അടുക്കളയും നടന്നു കണ്ടു. കുമുദത്തിനെ നോക്കി നിന്ന് അളുടെ ഉടയാത്ത അളവുകളെ മനസ്സില്‍ കുറിച്ചെടുത്തു.

       ഇവളുടെ ഭര്‍ത്താവിന് വേറെ എന്തു പണിയാണ്…….?

       തോട്ടത്തില്‍ പണിയാണെന്നു തോന്നു….

       രാത്രയിലും ഇവിടെയാണോ കിടപ്പ്…?

       അല്ല….

       പകല് ഇവള് തനിച്ചേയുള്ളൂ അല്ലേ…..?

       സുദേവിന്, അനിതയുടെ പോക്ക് വ്യക്തമായി. അവന്‍ മറുപടി പറഞ്ഞില്ല.  ആ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ അവന്‍ ബാദ്ധ്യസ്ഥനല്ലെന്ന് ചിന്തിച്ചു.  പല വ്യക്തികള്‍ക്കും കൊടുക്കേണ്ട സ്ഥാനം പലതാണെന്നും ഓര്‍മ്മിച്ചു.

       ആഴ്ചയിലൊരിക്കലെങ്കിലും നമുക്ക് കാണണം… ഇവിടെ വച്ചു വേണ്ട, കൂടുതല്‍ സൗകര്യം എറണാകുളത്താകുന്നതാണ്. നല്ല ഹോട്ടലില്‍ എവിടെയെങ്കിലും മുറിയെടുക്കാം…അല്ലെങ്കില്‍ നമ്മുടെ ഏതെങ്കിലും ഫ്ളാറ്റിലാകാം…. അനിതയെന്തു പറയുന്നു…?

       അതുമതി…..

       ബംഗ്ലാവ് വിട്ട് അവര്‍ നടന്നപ്പോള്‍ സുദേവ് കൂടെപ്പോയി.  അവരുടെ കൂടെ നടക്കുന്നുണ്ടെങ്കിലും അവര്‍ അവനെ ഗൗനിക്കുനതായി തോന്നിയില്ല.  അവരുടെ ഇടപഴകലുകള്‍….സ്പര്‍ശനങ്ങള്‍…..അനധികൃതമായതെന്തോ അവരില്‍ സുദേവ് മണത്തു.

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം രണ്ട്

            വളരെ ശാന്തമായ ഒരു പ്രഭാതം. ജനാലക്കൽ വന്ന് കിളികൾ സുദേവിനെ വിളിച്ചുണര്‍ത്തി.  അവന്‍ എഴുന്നേറ്റ് ജനാല തറന്ന് കിളിനാദങ്ങളോടൊപ്പം കിരണങ്ങളേയും അകത്തേക്ക് സ്വീകരിച്ചു.  അകത്തേക്ക് വന്ന നാദങ്ങൾ ആരുടേതൊക്കെ എന്നവന്‍ കാണാന്‍ ശ്രമിച്ചു.  ഇടതൂര്‍ന്ന് നില്‍ക്കുന്ന മരച്ചില്ലകൾ, ഇലകൾ അതിനവനെ അനുവദിച്ചില്ല.  ആരുടേതെന്നൊക്ക തിരിച്ചറിയാന്‍ അവനുള്ള അറിവ് തികഞ്ഞതുമില്ല.  പ്ലാവിന്‍റെ താഴ്ത്തടിയിൽ നില്‍ക്കുന്ന പഴുത്ത ചക്കയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അണ്ണാറക്കണ്ണനെ മാത്രം കാണാന്‍ കഴിയുന്നുണ്ട്.  അണ്ണാറക്കണ്ണന്‍ തലയുയര്‍ത്തി നോക്കി ഒന്നു പിഞ്ചിരിച്ചു.  ഒരു പ്രഭാത വന്ദനവും നല്‍കി.

       അവന്‍ കഴിഞ്ഞ രണ്ടു നാളുകളെ പറ്റി ഓര്‍ത്തു പോയി, നിവേദിതയോടൊത്ത് ഗ്രീന്‍ ഹൗസ് എന്ന ലാസറിടത്ത് എത്തിയപ്പോൾ മുതലുള്ളത്, മുറ്റത്ത് നാല് വാഹനങ്ങൾ കിടപ്പുണ്ടായിരുന്നു. അതിൽ വിലകൂടിയത് ലാസറിടത്തിന്‍റെ തന്നെ വാഹനമായിരുന്നു.  മറ്റ് മൂന്നിലും അല്ലാതെയും എത്തിയ ഒമ്പതുപേര്‍ അവനോട് മത്സരിക്കാനെത്തിതായിരുന്നു.  അവരില്‍ പേരെടുത്ത എഴുത്തുകാര്‍ രണ്ടപേരും, കേട്ടെഴുത്തില്‍ കഴിവു തെളിയിച്ചവര്‍ രണ്ടു പേരും അവനെപ്പോലെ പ്രാദേശിക എഴുത്തുഗണത്തില്‍ പെടുന്ന മൂന്നു പേരുമുണ്ടായിരുന്നു.  എഴുത്തകാരി ഒരാള്‍ മാത്രം, നിവേദിത.

       ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവനല്ലാത്തവരെല്ലാം നല്ല ജീവിതനിലവാരത്തില്‍ നിന്നെത്തിയവരാണ്,  സാമ്പത്തികമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന്.  മത്സരത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ അവനില്‍ നിന്നും തീര്‍ത്തും അകന്നു പോയി.

       മത്സരം പ്രഹസനമായിരുന്നില്ല.  അവനും എത്തിയ ശേഷമാണ് പരീക്ഷകരെത്തിയത്. കഴിഞ്ഞ നാള്‍ തന്നെ പരീക്ഷകര്‍ നഗരത്തില്‍ എത്തി ക്യാമ്പ് ചെയ്യുകയായിരുന്നെന്ന് പിന്നീട് അറിഞ്ഞു. നഗരത്തില്‍ നിന്നും  ലാസറിടത്തിന്‍റെ തന്നെ ലക്ഷ്വറി വാഹനത്തിലാണവരെത്തിയത്.  കോളേജ് അദ്ധ്യാപകനും പത്രപ്രവര്‍ത്തകനും സ്ത്രൈണത ആവശ്യത്തിലേറെയുള്ള ഒരു പത്രപ്രവര്‍ത്തകയും.  അവന്‍റെ ഊഴം ആറാമത്തേതായിരുന്നു.  നിവേദിതക്കു ശേഷം.  അഭിമുഖം തുടങ്ങും വരെ ലാസറിടത്തിന്‍റെ ഉടമസ്ഥന്‍റെ ആത്മകഥ കേട്ടെഴുതാനുള്ള വ്യക്തിയെ തെരഞ്ഞടുക്കാനാണെന്ന ധാരണയിലായിരുന്നു, സുദേവ്.  അഭിമുഖം തുടങ്ങിയപ്പോള്‍ തന്നെ പരീക്ഷകര്‍ വ്യക്തമാക്കി, ഇതൊരു ആത്മകഥയെഴുത്തുമാത്രമല്ല, ശ്രേഷ്ടനായ ലാസറിടത്തുകാരന്‍റെ അനുഭവത്തില്‍ നിന്നും നുള്ളിപ്പെറുക്കിയെടുത്ത് കുറെ കഥകള്‍ കൂടി എഴുതണം.  അക്കഥകള്‍ മലയാള സാഹിത്യത്തില്‍ എന്നും ശ്രദ്ധിക്കപ്പെടത്തക്ക ക്രിയാത്മക സൃഷ്ടികളായിരിക്കണം.  അദ്ദേഹം കുഞ്ഞുമോന്‍, തെരുവിന്‍റെ മകനായിരുന്നു.  അച്ഛനാരെന്നോ അമ്മയാരെന്നോ തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.  ഭ്രാന്തിയായി അലഞ്ഞു നടന്ന ഒരു സ്ത്രീയായിരുന്നു വളര്‍ത്തിയത്.  അവരോടൊത്ത് തെരുവില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നു.  പല ജോലികളും ചെയ്തു.  പല കൂട്ടുകൂടലുകളുമുണ്ടായി, അതു കൊണ്ടു തന്നെ വ്യത്യസ്തമായ അനുഭവങ്ങളും.  അദ്ദേഹം തരുന്ന ബീജത്തില്‍ നിന്നുമാണ് കഥകള്‍ മെനയേണ്ടത്.  മെനയുന്ന കഥകള്‍ക്ക് ജീവിത ഗന്ധമുണ്ടാകണം, രുചിയുണ്ടാകണം.  അതുകളെല്ലാമൊരു തനതായ ശൈലിയില്‍ പറയാന്‍ കഴിയണം.  ഓരോരുത്തരോടുമുള്ള വിശദീകരണങ്ങള്‍ കഴിഞ്ഞ് കൂട്ടായ ചര്‍ച്ചകളും, തര്‍ക്കങ്ങളും, പരസ്പരം കോര്‍ക്കലുകളും നടന്നുക്കൊണ്ടിരിക്കെ പരീക്ഷകര്‍ ഓരോരുത്തരെയും പഠിച്ചു കൊണ്ടിരുന്നു.  ആര്‍ക്കും, ആരെ തെരഞ്ഞെടുക്കുമെന്ന സൂചനകളോ വിശ്വാസങ്ങളോ ഇല്ലാതെയായി.  പ്രതീക്ഷകളും അസ്തമിച്ചു.  എല്ലാവരും തന്നെ അയോഗ്യരാണെന്ന് സ്വയം തീര്‍പ്പാക്കി. ക്രൂരമായിട്ട്, ചില നേരങ്ങളില്‍ മൃഗീയമായിട്ട് പരസ്പരം പോരടിച്ചു.  ഇടയില്‍ സുദേവ് മാത്രം നിവേദിതയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.  അവള്‍ മാത്രം പലയിടത്തും സ്വയം ഒരു പരിധി നിര്‍മ്മിച്ച് അതിനുള്ളില്‍ നിന്ന് മാന്യത വിടാതെയിരുന്നു.  ഒടുവില്‍ അദ്ദേഹം വന്നു, കുഞ്ഞുമോന്‍.  വളരെ ലളിതമായിട്ട് വസ്ത്ര ധരിച്ച്, ആടയാഭരണങ്ങളൊന്നുമില്ലാതെ. സമയം അറിയാനായിട്ട് വളരെ പഴയ മോഡല്‍ ഒരു വാച്ച് മാത്രം ഭൂഷണമാക്കിയിട്ട്.  അദ്ദേഹം പറഞ്ഞു.

       വളരെ ചെറിയൊരു മോഹമേ ഈ ഉദ്യമത്തിനുള്ളു.  അറുപതു വയസ്സു വരെ ഇവിടെ ജീവിച്ചു. എല്ലാ തട്ടിലുള്ളവരുമായി ഇടപഴകി.  എല്ല സുഖങ്ങളും അറിഞ്ഞകോടികളുടെ ആസ്തിയുണ്ടാക്കി. സ്വാധീനവും കൈ ആളും നേടി. ആരാധകരും അണിയാളുകളും ധാരാളമുണ്ട്. പക്ഷെ, മരിച്ചു കഴിഞ്ഞ് ഓര്‍മ്മിക്കാന്‍ ഇതൊന്നും ഉപകരിക്കില്ല.  അതുകൊണ്ട് ഒരു സര്‍ഗ്ഗസൃഷ്ടി.  ആ സര്‍ഗ്ഗസൃഷ്ടിയ്ക്ക് പിന്‍ ബലമായിട്ട് ഒരു നല്ല ആത്മകഥ. നോവല്‍, കഥ, കവിത തുടങ്ങിയ സര്‍ഗ്ഗസൃഷ്ടികളെപ്പോലെയല്ല ആത്മകഥ.  അതു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയുന്നതു തന്നെയാണ്. സര്‍ഗ്ഗസൃഷ്ടികള്‍ കാല്പനികമാണ്. ആത്മകഥകള്‍ ഒരു പരിധി വരെ ചരിത്രമാണ്, സത്യമാണ്.  ഒരു ജീവിതത്തിന്‍റെ കഥയാണ് പ്രധാനമായി പറയുന്നതെങ്കിലും അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരുപാട് സത്യങ്ങള്‍ കൂടി പറയുന്നുണ്ട്. ഒരു ദേശത്തിന്‍റെ, കാലത്തിന്‍റെ കഥ കൂടിയായിരിക്കുമത്.  അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സര്‍ഗ്ഗസൃഷ്ടിക്ക് പിന്‍തുണയായി നില്‍ക്കുകയും വേണം. സമയ നിഷ്ടയില്ല  പക്ഷെ, എന്‍റെ മരണത്തിനു മുമ്പ് തീര്‍ക്കണം. ഭക്ഷണവും താമസ്സവും പ്രതിഫലവും യഥോചിതം ഉണ്ടാകും.  ആത്മകഥയെങ്ങിനെ വേണമെന്ന് എന്‍റെ പാര്‍ട്ടണമാര്‍ യഥാസമയങ്ങളില്‍ പറഞ്ഞു കൊണ്ടിരിക്കും, എഴുതി തീരുന്ന അദ്ധ്യായങ്ങള്‍ അവരെയും എന്നെയും കാണിച്ചു കൊണ്ടിരിക്കണം.  സര്‍ഗ്ഗസൃഷ്ടിക്ക് ഒരു  വിലക്കുകളുമില്ല.  ഞാന്‍ പറയുന്ന കഥകളില്‍ നിന്നും കഥാതന്തുവിനെ സ്വീകരിച്ച് എഴുതുക.  അത് പാര്‍ട്ടണര്‍മാരെ കാണിക്കണമെന്നില്ല.

       സമയാസമയങ്ങളില്‍ ആവശ്യത്തിലേറെ ഭക്ഷണവും, ഭക്ഷണം വഴി പുതിയ കുറെ രുചികളും അറിഞ്ഞ് സുദേവും മറ്റ് ഒമ്പതു പോരാളികളും സന്ധ്യയോടുകൂടി ലാസറിടം വിട്ടു. സ്വന്തം വാഹനമില്ലാതെയെത്തിയവരെ ലാസറിടത്തിന്‍റെ ലക്ഷ്വറി വാഹനത്തില്‍ നഗരത്തില്‍ എത്തിച്ചു.  നഗരത്തില്‍ വച്ച് ഓരോരുത്തര്‍ യാത്ര പറഞ്ഞ് പിരിഞ്ഞപ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു പുതിയ അനുഭവം കൂടി കിട്ടിയെന്ന് എല്ലാവരും സന്തോഷിച്ചു, ചിലര്‍ അത് തുറന്നു പറഞ്ഞു. അതില്‍ കൂടുതല്‍ ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല.  നിവേദിതക്ക് ബസ്സ് എത്തുന്നതിനായി സുദേവ് ഒരു മണിക്കൂറോളം കാത്തു.  പിരിഞ്ഞപ്പോള്‍ ഒരു നല്ല സുഹൃത്തായിരിക്കാന്‍ കഴിയുമോയെന്ന് നിവേദിത ചോദിച്ചു.  അതിന് ഉത്തരം കൊടുക്കാന്‍ സുദേവിന് കഴിഞ്ഞില്ല.  സംഘര്‍ഷഭരിതമായ ഒരു ദിവസത്തിന്‍റെ നീക്കിയിരിപ്പായ ക്ഷീണത്തില്‍ കൂമ്പിപ്പോയ അവളുടെ കണ്ണുകളില്‍ ഒരു നിമിഷം നോക്കി നിന്നിട്ട് അവന്‍ പറഞ്ഞു.

       സാധിക്കുമോ, എനിക്കറിയില്ല.  അല്ല എന്തിനാണൊരു സൗഹൃദം… ഏതുവിധത്തിലുള്ള സൗഹൃദമാണ്.  രണ്ടു വ്യക്തികള്‍ തമ്മിലോ, രണ്ട് എഴുത്തുകാരു തമ്മിലോ,  എനിക്കീ സൗഹൃദങ്ങളിലുള്ള വിശ്വാസം ഇല്ലാതായിരിക്കുന്നു.  എന്തായാലും, കച്ചവടപരമായ സമീപനമേ എല്ലാവരിലും കാണാനുള്ളൂ…

       ശോഭമങ്ങിയിരുന്ന നിവേദിതയുടെ മുഖം കുറച്ചു കൂടി ഇരുണ്ടു.  അവള്‍ ബസ്സില്‍ കയറി. കണ്ണകളാല്‍ യാത്രമൊഴി നല്‍കി, അവന്‍റെ മന്ദസ്മിതം അവളെ കാണിക്കാതെ ബസ്സ് മുന്നോട്ടു നീങ്ങി.

       നിവേദിതയുടെ അഭാവം അവനില്‍ നഷ്ടബോധമല്ല ഉണ്ടാക്കിയത്.  കാരണം അവളെ കണ്ടതുമുതല്‍ പിരിയും വരെ ഒന്നും പ്രത്യേകിച്ച് ലഭിച്ചു വെന്ന് മനസ്സ്  പറയുകയുണ്ടായില്ല. അതു കൊണ്ടു തന്നെയാണ് അവള്‍ സുഹൃത്തായിരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഏതുവിധത്തില്‍, എന്തിനുവേണ്ടിയെന്നൊക്കെ ചോദ്യങ്ങളുണ്ടായത്.  പക്ഷെ, ഇപ്പോള്‍ മനസ്സില്‍  മറ്റ് ചില ചോദ്യങ്ങളാണ് ഉയരുന്നത്.  ഈ മുപ്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം എന്തിനു വേണ്ടിയായിരുന്നു, എന്ത് നേട്ടമാണുണ്ടാക്കിയത്.  കുഞ്ഞുമോന്‍ എന്ന കോടീശ്വരന്‍ ചിന്തിക്കുതുപോലെ മരണ ശേഷം എന്താണ് ഓര്‍മ്മയില്‍ നില്‍ക്കാനുള്ളത്, ആരാണ് തന്നെ ഓര്‍ത്തിരിക്കാനുള്ളത്, ആരോടാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്, ആര്‍ക്കു വേണ്ടിയാണ് ജീവിച്ചിട്ടുള്ളത്, എന്ത് ജീവിതമാണ് നയിച്ചിട്ടുള്ളത്.

       അച്ഛന്‍റെ മരണം കണ്‍മുന്നിലാണ് സംഭവിച്ചത്, നാലു നിലകളുള്ള കെട്ടിടത്തില്‍ പെയിന്‍റിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെ കാല്‍ വഴുതി വീണ്.  മറ്റ് പണിക്കാരെപ്പോലെ അച്ഛന്‍റെ കൂടെ സഹായിയായിരുന്നു,  സ്കൂള്‍ ജീവിതം അവസാനിച്ചിട്ടുള്ള വെക്കേഷന്. 

       കരുണന്‍ എന്ന അച്ഛനും രജനി എന്ന അമ്മയ്ക്കുമൊപ്പം ഒരേയൊരു മകനായിട്ടാണ് സുദേവ്  ചെറിയൊരു വീട്ടില്‍ ജീവിച്ചിരുന്നത്.  ആര്‍ഭാടങ്ങളില്ലാതിരുന്നിട്ടും സന്തോഷവും സമാധാനവും ഉണ്ടായിരുന്ന ജീവിതം.  അച്ഛന്‍റെ മരണത്തോടെ തകര്‍ന്നു. അമ്മക്ക് അധികനാള്‍ പിടിച്ചു നില്‍ക്കാനായില്ല.  അവനിലെ കൗമാര ഭാവങ്ങള്‍ തീരാത്തതു കൊണ്ട് മതിയായ കൂലി വാങ്ങന്‍ കഴിയില്ലെന്നാണ് അച്ഛന്‍റെ സ്നേഹിതരായ പെയിന്‍റിംഗ് കരാറുകാര്‍ പറഞ്ഞത്, എങ്കിലും അവനെ ഒഴിവാക്കിയതുമില്ല.  അവന്‍റെ ആവശ്യങ്ങള്‍ക്ക് തികയുന്ന വിധത്തില്‍ സഹായം ഒതുങ്ങിപ്പോയി.  തുടര്‍ ജീവിതത്തിന് അമ്മയ്ക്ക് റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ് ഗേളാ.കേണ്ടി വന്നു.  ആ ജോലി അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു, അധികനാള്‍ കഴിയുമുമ്പുതന്നെ.  വലിയ കടയൊന്നുമല്ല, നഗരമധ്യത്തിലുമായിരുന്നില്ല., അതിന്‍റെ ഉടമയും അമ്മയും മാത്രമുള്ള ഒരിടം.  അവര്‍ സൗഹൃദത്തിലായി. സൗഹൃദം അയാളെ വീട്ടിലെ സന്ദര്‍ശകനാക്കി.  സുദേവിന് അതൊരു അരോചകമായി തോന്നിയില്ല.  പലരും അവനോട് പറഞ്ഞെങ്കിലും, ചിലര്‍ അധിക്ഷേപിച്ചെങ്കിലും അമ്മയുടെ ഇഷ്ടത്തിനെതിരായി ശബ്ദിച്ചില്ല.   അവന്‍ പെയിന്‍റിംഗ് പണിക്കാരനായിട്ടും, ഇടവേളകളില്‍ കോളേജ് വിദ്യാര്‍ത്ഥിയായിട്ടും വളര്‍ന്നു.

       തലേന്ന് വൈകിട്ടാണ് ലാസറിടത്ത് താമസ്സം തുടങ്ങിയത്.  ഒരു ജോലിക്ക് പോകുന്നെന്ന്  മാത്രം അമ്മയോടു പറഞ്ഞു.  അമ്മക്കതില്‍ യാതൊരു വികാരവും തോന്നിയില്ല.  അമ്മയുടെ ജീവിതം  കല്ലു വെട്ടിയെടുത്ത കുഴിയിലെ നിശ്ചല ജലം പോലെയായിരിക്കുന്നു.  രാവിലെ ഉണരും വീട്ടു ജോലികള്‍ ചെയ്തു തീര്‍ക്കും, കടയില്‍ പോകും, സന്ധ്യ കഴിയുമ്പോള്‍ തിരികെ വരും, വീട്ടു ജോലികള്‍ ചെയ്യും കിടന്നുറങ്ങും. ചില ദിവസങ്ങളില്‍ അമ്മയുടെ കടയുടമ രാത്രിയില്‍ വീട്ടില്‍ വരും, ആ രാവില്‍ അമ്മയോടൊത്തുറങ്ങും. രാവിലെ അവര്‍ ഒരുമിച്ച് കടയിലേക്ക് പോകും.  അയാള്‍ സുദേവിന്‍റെ വീട്ടില്‍ വരാത്ത രാവുകളില്‍ താലി കെട്ടിയ പെണ്ണിനോടും മക്കളോടും കൂടി അവരുടെ വീട്ടില്‍ ഉറങ്ങും. 

       ഇന്‍റര്‍വ്യൂ ദിനത്തില്‍ ലാസറിടത്ത് നിന്നും മടങ്ങി വീട്ടിലെത്തിയത് വളരെ ഇരുട്ടിയശേഷമാണ്.  വീട്ടില്‍ അമ്മയെ കൂടാതെ അയാളുമുണ്ടായിരുന്നു. വിളിച്ചുണര്‍ത്തിയതില്‍ അമ്മയുടെ മുഖത്ത് അലോഹ്യമുള്ളതായിട്ടവന് തോന്നി.  പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണെന്ന ്പറഞ്ഞവന്‍ മുറിയിലേക്ക് പോയപ്പോള്‍ അമ്മ കതകടച്ച് മടങ്ങുന്നത് അവനറിഞ്ഞു.  അവന്‍ ഭക്ഷണം കഴിച്ചിരുന്നില്ല.  കഴിച്ചതാണെന്ന് പറഞ്ഞത് അമ്മയുടെ മുഖത്തെ ഭാവം കണ്ടിട്ടായിരുന്നു.  അവനൊരിക്കലും അമ്മയോട് ദേഷ്യം തോന്നയിട്ടില്ല.  അമ്മ അച്ഛനെ വിവാഹം ചെയ്തത് താല്‍പര്യത്തോടെ ആയിരുന്നുല്ലെന്ന് അവനറിയാം.  നല്ല പ്രായ വ്യത്യാസവും, അമ്മയ്ക്ക് ചേരാത്ത ശരീര പ്രകൃതിയുമായിരുന്നു അച്ഛന്.  അച്ചാച്ഛന്‍റെയും അമ്മാവന്‍റെയും പിടിപ്പു കേടായിരുന്നെന്നാണ് അമ്മ പറയുന്നത്, അവന്‍ ചെറുതിലെ കേട്ടിട്ടുണ്ട്, അച്ഛനെ പ്രാകുന്നതും. അമ്മക്കൊരിഷ്ടമുണ്ടായിരുന്നു, അയാളെ അച്ചാച്ഛനും അമ്മാവനും ഇഷ്ടമായിരുന്നില്ല.  അയല്‍പക്കങ്ങളില്‍ ഇത്തിരി സംസാരത്തിനിട വന്നപ്പോള്‍ അമ്മയ്ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തി. പക്ഷെ, ഇഷ്ടക്കാരന് അമ്മയെ വിളിച്ചിറക്കി കൊണ്ടുപോകാനുള്ള ധൈര്യമില്ലാതെ ആയിപ്പോയി.  അക്കഥകളൊക്കെ കേട്ടിട്ടും പതറാത്ത അച്ഛന്‍റെ കൈകളില്‍ അമ്മയെ ഏല്പിച്ചു കൊടുക്കുകയായിരുന്നു.

       പിറ്റേന്ന് രാവിലെ ഉണര്‍ന്നത് മോബൈല്‍ റിംഗ് കേട്ടിട്ടായിരുന്നു.  ലാസറിടത്തെ കുഞ്ഞുമോന്‍, ലാഘവത്തോടെയാണ് സംസാരിച്ചത്.

       സുദേവിനെയാണ് ഞാന്‍ തെരഞ്ഞെടുത്തിയിരിക്കുന്നത്. പക്ഷെ, പരീക്ഷയില്‍ ജയിച്ചത് നിവേദിതയായിരുന്നു. പെണ്‍കുട്ടിയായതുകൊണ്ടാണ് ഒഴിവാക്കിയത്.  എന്‍റെ അനുഭവങ്ങള്‍ ഒരു പെണ്‍കുട്ടിയോട് സംവദിക്കാന്‍ എന്തോ മനസ്സ് അനുവദിക്കുന്നില്ല.  അവരോട് സംസാരിക്കുമ്പോള്‍ പല പരിധികളും വേണ്ടിവരും.  അവരെഴുതുമ്പോള്‍ സ്ത്രീയുടെ ചിന്തകള്‍ കൂടി വരും.  ഒരു പക്ഷെ, എന്‍റെ ആത്മകഥ മാത്രമെഴുതാനായിരുന്നെങ്കില്‍ നിവേദിതയെ ഏല്പിക്കുമായിരുന്നു.  സുദേവ് വരിക.  താമസ്സിക്കണ്ട.  പിന്നെ ഇത്തൊഴിലു കൊണ്ട് ഏറ്റവും ഗുണം കിട്ടാന്‍ അര്‍ഹതയുള്ളതും നിങ്ങള്‍ക്കാണ്.  ഒരു ബാദ്ധ്യതകളുമില്ലാതെ എന്‍റെയിടത്തെത്തി താമസ്സിക്കാന്‍ കഴിയുന്നതും നിങ്ങള്‍ക്കാണ്. അക്കാര്യങ്ങളൊക്കെ ഞാന്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്..

       ഉച്ച കഴിഞ്ഞാണ് ലാസറിടത്തെത്തിയത്. അദ്ദേഹത്തിന്‍റെ മാനേജര്‍ ജോണ്‍സനാണ് സ്വീകരിച്ചത്.  ഗെസ്റ്റ് ബംഗ്ലാവിന്‍റെ താഴ്നിലയില്‍ വിശാലമായ ഓഫീസാണ്.  പത്തു പേരില്‍ അധികം ജോലിക്കാരെയും കാണാനുണ്ട്. അവരുടെ നേതാവും കൂടിയാണ് ജോണ്‍സന്‍. വിസിറ്റിംഗ് റൂമില്‍ പത്തു മിനിട്ട് കാത്തിരുന്ന ശേഷമാണ് അയാളെ കാണാന്‍ കഴിഞ്ഞത്.  ജോണ്‍സന്‍ പറയുന്നു.

       സാര്‍, താമസ്സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഗസ്റ്റ് ബംഗ്ലാവില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ തന്നെ ഭക്ഷണം പാകം ചെയ്ത തരുവാനും, കാര്യങ്ങള്‍ നോക്കാനും രണ്ടു പേരുണ്ട്. ഇവിടെ അടുത്തുള്ള ദമ്പതികളാണ്.  അതി രാവിലെ വന്ന് ജോലികള്‍ തീര്‍ത്തിട്ട് പോകും.  മറ്റെന്താവശ്യവും വാച്ച്മാനോടു പറഞ്ഞാല്‍ സാധിച്ചു തരും….. കുഞ്ഞുമോന്‍ സാറിനെ ഇന്ന് കാണാന്‍ കഴിയുകയില്ല.  നാളെ കാണാം… അദ്ദേഹം സാറിന്‍റെ ഫോണില്‍ വിളിക്കും.

       കതക് തുറന്ന് അകത്തേക്ക് വന്ന അര്‍ദ്ധ തമിഴനെ സുദേവിന് ഇഷ്ടമായി.  ഒരു വാല്യക്കാരന്‍റെ ഭാവവിന്യാസങ്ങള്‍, നോവലുകളിലും സിനിമകളിലുമുള്ള അതേ അംഗചലനങ്ങള്‍. സുദേവിന്‍റെ മനസ്സില്‍ ഒരു നേര്‍ത്ത ചിരിയുണര്‍ന്നു. മുഖത്തേക്ക്, ചുണ്ടുകളിലേക്ക് അതെത്തുമുമ്പ് തന്നെ ജോണ്‍സന്‍ പറഞ്ഞു.

       സാര്‍, പനീര്‍ശെല്‍വവും ഭാര്യയും സാറിനെ സഹായിക്കും.  അവന്‍ സാറിനെ താമസ്സിക്കുന്നിടത്തെത്തിയ്ക്കും…

       നന്ദി പറഞ്ഞ് സുദേവ് പനീര്‍ശെല്‍വത്തിനൊപ്പം ക്യാബിന് പുറത്ത് വന്നപ്പോള്‍ മറ്റ് ജീവനക്കാര്‍ അവനെ സാകൂതം നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.  അവരെ നോക്കി സുദേവ് ഒരു സാധാരണക്കാരനെപ്പോലെ ചിരിച്ചു.  പക്ഷെ, അവരുടെ മുഖങ്ങളില്‍ ഒരു അസാധാരണത്വം കാണുന്ന വികാരമാണെന്ന് സുദേവനിലെ കഥാകാരന്‍ കണ്ടെത്താതിരുന്നില്ല.  അവനില്‍  ഒരു അഹങ്കാരത്തിന്‍റെ മുള പൊട്ടിയോ… ..? ഇല്ല.  ഉണ്ടാകില്ല. സുദേവിന് അങ്ങനെ ആകാന്‍ കഴിയില്ല.

       പനീര്‍ശെവത്തിനൊപ്പം നടക്കുമ്പോള്‍ സുദേവ,് പണ്ടത്തെ ഒരു രാജാവിന്‍റെ കഥയാണ് ഓര്‍മ്മിച്ചത്.

       പണ്ടെന്നത്, വളരെ പണ്ടാണ്. പണ്ട്, പണ്ട് എന്നു പറയാം,  സംവത്സരങ്ങള്‍ക്ക് മുമ്പ്. രാജാക്കന്മാര്‍ ഉണ്ടായി തുടങ്ങിയിട്ട് അധിക കാലം ആയിരുന്നില്ല.  രാജാവുണ്ടാവുകയെന്നു പറഞ്ഞാല്‍…. ഗോത്ര ജീവിതത്തിന്‍റെ സുഖങ്ങള്‍ അറിഞ്ഞ് ജീവിച്ചിരുന്ന ജനസമൂഹം.  സ്ത്രീയും പുരുഷനും കുട്ടികളും അടങ്ങിയ വലിയ കുടുംബം. കുടുംബത്തില്‍ ഒരു മൂപ്പന്‍, സത്യസന്ധനും നല്ലവനും നിസ്വാര്‍ത്ഥനും ഗോത്ര സ്നേഹിയും സമത്വചിന്ത പുലര്‍ത്തിയിരുന്നവനുമായ കുടുംബ കാരണവര്‍. മുപ്പനും തലമുതിര്‍ന്ന കാരണവന്മാരും പറഞ്ഞിരുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വീകരിച്ച് ജീവിച്ചിരുന്ന കൂട്ടായ്മ….ഒരുമിച്ച് കൃഷി ചെയ്യുക, വിളവെടുക്കുക, വേട്ടയാടുക, ഒരുമിച്ച് പാകം ചെയ്യുക, ഒരുമിച്ച് ഉരുന്ന്  ഭക്ഷിക്കുക… ഒരുമിച്ച് കിടന്നുറങ്ങുക… ഇഷ്ടപ്പെട്ട സ്ത്രീ-പുരുഷന്മര്‍ ഉഭയസമ്മതപ്രകാരം ഇണചേരുക, കുട്ടികളുണ്ടാകുക, കുട്ടികളെ വളര്‍ത്തുക, വളര്‍ത്തുന്നത് സ്വന്തം കുട്ടികളെ മാത്രമാകില്ല, എന്നാലും വേര്‍ തിരിവുകള്‍ കാണാതിരിക്കുക, ജോലി ചെയ്യാന്‍ സാധിക്കാതെ വരുന്നവരെ വിശ്രമിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് വേണ്ടതെല്ലാം ചെയ്യുക… അങ്ങിനെ സത്യവും സമാധാനവും ഉണ്ടായിരുന്ന അന്തരീക്ഷം.

       അങ്ങിനെയുള്ള ഒരു ഗോത്രം മാത്രമായിരുന്നില്ല, അവിടെ.  അവിടെ മാത്രമല്ല, എവിടെയും. നിരവധി ഗോത്രങ്ങളുണ്ടായിരുന്നു. ആ കാട്ടിലും, താഴ്വാരത്തും, പുഴയോരത്തും…. ഒരു ഗോത്രത്തിനുള്ളില്‍, കുടുംബത്തിനുള്ളില്‍ സത്യവും സമാധാനവും, സമത്വവും സൂക്ഷിച്ചിരുന്നെങ്കിലും അടുത്ത ഗോത്രക്കാരോട് അങ്ങിനെ പെരുമാറിയിരുന്നില്ല. അവരോടൊക്കെ മത്സരിക്കുകയും ശത്രുക്കളോടെന്ന പോലെ പോരാടുകയും, പലപ്പോഴും സംഭരിച്ചു വച്ചിരിക്കുന്ന വിഭവങ്ങള്‍ കൈയ്യിട്ടു വാരുകയും, ചിലപ്പോള്‍ കൂട്ടമായിട്ടെത്തി കൊള്ളയടിക്കുകയും ചെയ്തിരുന്നു.  അവരുടെ സുന്ദരികളായ സ്ത്രീകളെ കവരുകയും,  ഇഷ്ടം തോന്നിയതു പോലെ പീഡിപ്പിക്കുകയും ചെയ്തുവന്നു.  അന്ന് അതൊന്നും തെറ്റുകളായിരുന്നില്ല. ഗോത്രത്തിനുള്ളിലെ പല തെറ്റുകളും ഗോത്രത്തിനു പുറത്ത് ശരികളായി ആചരിച്ചു പോന്നു. ഒരു ഗോത്രക്കാരല്ല എല്ലാവരും അങ്ങിനെ തന്നെയായിരുന്നു.  പിന്നീട്, കയ്യൂക്കും അഹങ്കാരവും കൂട്ടുമുള്ളവര്‍ ജോലികള്‍ ചെയ്യാതെ അടുത്തുള്ള ഗോത്രക്കാരെ കൊള്ളയടിച്ചു ജീവിക്കുന്നതില്‍ കൂടുതല്‍ സുഖ കണ്ടെത്തുകയായിരുന്നു. അതു തന്നെ തുടരുകയും ചെയ്തു. അടുത്തുള്ളതും, അതിനടുത്തുള്ളതുമായ ഗോത്രങ്ങളെ കൊള്ളയടിക്കുകയും അവിടുള്ളവരെ അടിമകളാക്കുകയും  അവരുടെ കൃഷികള്‍ സ്വന്തമാക്കുകയും അവര്‍ വേട്ടയാടിയിരുന്ന വനങ്ങളെ കാല്‍ക്കീഴിലാക്കുകയും ചെയ്തു വന്നു.  കൈയ്യൂക്കുള്ളവന്‍റെ കാല്‍ക്കീഴില്‍ ഗോത്രങ്ങളുടെ എണ്ണം കൂടിക്കൂടി വന്ന് ദേശങ്ങള്‍ ആകുകയും, ദേശങ്ങള്‍ കൂടി രാജ്യങ്ങള്‍ പിറക്കുകയും അധികാരത്തിന്‍റെ പരിധി വര്‍ദ്ധിക്കുകയും ചെയ്തു. എല്ലാറ്റിന്‍റെയും അധിപന്‍ രാജാവായി തീര്‍ന്നു. എതിര്‍ത്തവരെ ഉന്മൂലനം ചെയ്തു. അനുകൂലിച്ചവരെ സാമന്തന്മാരാക്കി, നിശബ്ദ ജീവകളെ അടിമളാക്കി.  പിന്നീടും വളര്‍ന്നപ്പോള്‍ ചക്രവര്‍ത്തിയായി. ദൈവത്തിന്‍റെ പ്രതി പുരുഷനായി. കുറെ ഏറാന്‍ മൂളികളായ രാജക്കന്മാരെ വളര്‍ത്തി കൊണ്ടു വന്നു. അങ്ങിനെ കഴിഞ്ഞു വരുമ്പോള്‍ ഒരു രാജാവിനു തോന്നി അധികാരവും സുഖങ്ങളും ഭോഗങ്ങളും മാത്ര പോര പ്രകീര്‍ത്തനങ്ങളും വേണമെന്ന്.  നാട്ടില്‍ കവിത ചെല്ലി, കഥ പറഞ്ഞു നടന്നിരുന്നവനെ പിടിച്ചു കൊണ്ടു വന്ന,് ചൊല്ലുന്ന കവിതകളിലെല്ലാം പറയുന്ന കഥകളിലെല്ലാം രാജാവിന്‍റെ പേരു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. മടിച്ചപ്പോള്‍ പീഡനങ്ങളും ദണ്ഡനങ്ങളും കൊടുത്ത് ചെയ്യിച്ചു.  കവിതകളും കഥകളും പിന്നീട് രാജാക്കന്മാരുടെ അവകാശമായി, കുത്തകയായി. പല രാജാക്കന്മാരും അങ്ങിനെ ചെയ്യിച്ചു. അതു കൊണ്ടാണ് പുരാണങ്ങളും ഇതിഹാസങ്ങളും രാജാക്കന്മാരുടെ യുദ്ധങ്ങളുടേയും സ്ത്രീ അപഹരണങ്ങളുടേയും കൊള്ളയുടേയും കൊള്ളി വയ്പിന്‍റേതും മാത്രമായി ചുരുങ്ങിപ്പോയത്.

       സുദേവ് അലമാരയില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുകയും പനീര്‍ശെല്‍വം അവനെ സഹായിക്കുയും ചെയ്തു കൊണ്ടിരിക്കെ ചോദിച്ചു.

       നിനക്കും കഥയില്ലേ പനീര്‍….?

       എന്നാ കഥ…. എനക്കെന്നാ കഥ… സാറിന്‍റെ ഉള്ളില്‍ നിറച്ചു കഥയാ…..?

       നിറച്ചുമില്ല… കുറച്ച്… കുറച്ചു കൂടി ഇവിടെ നിന്നും ഉള്ളിലാക്കാന്‍ വന്നതാണ്…

       എനിക്കും ഒരു കഥയുണ്ട് സാര്‍…

       അതെന്തു കഥയാണ്…..?

       പനീര്‍ശെല്‍വം ഒരു കഥ പറഞ്ഞു, അതിങ്ങിനെയാണ്

       ഈ ഇടം…. ലാസറിടം… ഗ്രീന്‍ഹൗസ് ഇരിക്കുന്ന സ്ഥലം, ഒരു വലിയ മലയായിരുന്നു. മരങ്ങള്‍ തിങ്ങി നിറയാത്ത ഒരു മല, കുറ്റിക്കാടുകള്‍ നിറഞ്ഞത്. വടക്ക് താഴ്വാരത്തില്‍ പുഴ, എപ്പോഴും കണ്ണീര്‍ പേലെ വെള്ളം. പുഴയ്ക്കക്കരെ വനം, ഇടതൂര്‍ന്നത്. കിഴക്കും തെക്കും താഴ്വാരം. കിഴക്ക് താഴ്വാരം കയറിയാല്‍ കാട്, കറുത്ത കാട്. പടിഞ്ഞാറ് കണ്ണെത്താത്ത ദുരത്തോളം പരന്ന ഭൂമി.  വെട്ടിത്തെളിച്ചെടുത്ത് കൃഷി ചെയ്യുപകയായിരുന്നു. ആദിവാസികളും ദേശവാസികളും മലയാളികളും തമിഴരും. അതില്‍ പനീര്‍ശെല്‍വത്തിന്‍റെ അപ്പനും അമ്മയുമുണ്ടായിരുന്നു. അവര്‍ കൂരകള്‍ വച്ച് താമസ്സിച്ചു. കൂരയ്ക്ക് ചുറ്റും കൃഷികള്‍ ചെയ്തു. കപ്പയും ചേനയും ചേമ്പും കാച്ചിലും വാഴയും കുരുമുളകും…. രണ്ടു മൂന്നു പ്രാവശ്യം കപ്പ പറിച്ചു കാണും, മുളക് വള്ളികള്‍ ശീമകൊന്നയിലും മുരിക്കില്‍ കാലിലും പത്തടിയോ പന്ത്രണ്ടടിയോ പടര്‍ന്നു കയറിക്കാണും… പോലീസുകാരും ഫോറസ്റ്റുകാരും വന്ന് വെട്ടി നിരത്തി കുടിയേറ്റക്കാരെ ഒഴിപ്പിച്ച് നാടുകടത്തി വിട്ടു.  കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മലയെ വളഞ്ഞ് വലിയ മതില്‍ വരികയും മതിലിനുള്ളില്‍ ഗ്രീന്‍ഹൗസ് പണിയുകയും കപ്പയും വാഴയും കുരുമുളകും റബ്ബറും കൃഷി ചെയ്യുകയും ചെയ്തു.  പുതിയെരു വാസയിടം രൂപപ്പെട്ടു.  അവിടെ പണിക്കാരനായിട്ട് പനീര്‍ശെല്‍വത്തിന്‍റെ അപ്പന്‍ ചേര്‍ന്നു. അപ്പന്‍ മരിച്ചപ്പോള്‍ അവന്‍ പണിക്കാരനായി…

       വടക്കോട്ടുള്ള ജനാല തുറന്നപ്പോള്‍ ലാസറിടത്തെ കൃഷിയിനങ്ങള്‍ കാണാറായി….

@@@@@




Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം ഒന്ന്

ഓട്ടോ റിക്ഷയ്ക്ക് തീരെ വേഗത കുറവായിരുന്നു.  ഏതോ സംഗീതം ആസ്വദിച്ചു കൊണ്ട് താളാത്മകമായൊരു ചലന വിന്യാസത്തോടെ നടക്കും പോലെ.  സുദേവിന് അതിൽ അലോഹ്യം തോന്നിയില്ല. പക്ഷെ, സഹയാത്രിക നിവേദിതക്ക് അത് രസിക്കുന്നില്ലെന്ന് മുഖം കണ്ടാലറിയാം. അവളുടെ മുഖത്തെ വേശികൾ വലിഞ്ഞ് മുറുകിക്കൊണ്ടിരിക്കുന്നു.  കപോലങ്ങളിൽ ചുവപ്പ ്കയറിക്കൊണ്ടിരിക്കുന്നു.  മൂക്കിന്‍റെ തുമ്പത്ത് വിയര്‍പ്പു മുത്തുകൾ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.

       കുറച്ചു കൂടി വേഗത്തിൽ പോകണം.

       അവൾ പറഞ്ഞു.

       എനിക്ക് അവിടെയെത്തേണ്ട സമയം അറിയിച്ചിട്ടുണ്ട്.

       സുദേവിനും എത്തേണ്ട സമയം അറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടിയതാണ്.  പക്ഷെ, അവനതൊരു പ്രശ്നമായി തോന്നിയില്ല.  അവിടെയെത്തുമ്പോൾ  അസമയത്ത് എത്തിയതിന്‍റെ പേരിൽ തിരസ്കിതനായില്ലെങ്കിൽ സന്തോഷമെന്നേ അവന്‍ ചിന്തിക്കുന്നുള്ളൂ.

       ഓട്ടോക്കാരന്‍ കുറച്ച് വേഗത കൂട്ടി.  എങ്കിലും ഓട്ടത്തിന്‍റെ സുഖലാളന കളയാന്‍ അയാൾ തയ്യാറായില്ല.  ഒരു പക്ഷെ, അയാൾ ചിന്തിക്കുന്നത് പയ്യെ തിന്നാൽ പനയും തിന്നാമെന്നാകാം.  നിവേദിത ആ പഴഞ്ചൊല്ല് ഓര്‍ത്തിട്ടുണ്ടാകില്ല.  എന്നു വച്ച് സുദേവ് ആ പഴഞ്ചൊല്ലിന്‍റെ പേരിലാണ് വേഗത കുറഞ്ഞ താളാത്മകതയെ സ്നേഹിക്കുതെന്ന് പറയാനാവില്ല.  നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ  അകന്നാണ് അവര്‍ക്ക്   രണ്ടു പേര്‍ക്കും എത്തേണ്ടുന്ന ഇടം.  പ്രവിശ്യയിലെ ഏതൊരു നഗരത്തേയും പോലെ തിരക്കേറിയതും വൃത്തി ഹീനവുമാണ് ഈ നഗരവും. എന്നു വച്ച് തലസ്ഥാന നഗരിയോടോ, വ്യവസായ നഗരിയോടോ ഉപമിക്കാന്‍ പറ്റില്ല.  കഴിഞ്ഞ നാളുകളിൽ കനത്ത മഴക്ക് വെള്ളം കെട്ടി കിടന്നിടത്തൊന്നും ആ രണ്ടു നഗരത്തെയും പോലെ അത്ര അധികം ചെളിയടിഞ്ഞു കടുകയോ, പ്ലാസ്റ്റിക്ക് കവറുകൾ, കുപ്പികൾ പാതവക്കുകളിൽ ശേഷിക്കുകയോ ചെയ്യുന്നില്ല.  ഒരു പക്ഷെ, നഗരസഭ മാലിന്യം മാറ്റുന്നതിൽ കുറച്ച് കാര്യക്ഷമമായിരിക്കാം.

       നഗര മദ്ധ്യത്തിലെ ബസ്റ്റേഷനിൽ വന്നിറങ്ങുന്നവരിൽ അധികവും വിദ്യാര്‍ത്ഥികളാണ്.  ഈ നഗരം വിദ്യാഭ്യാസത്തിന് പേരു കേട്ടയിടമാണെന്ന കാര്യം സുദേവ് ഓര്‍മ്മിച്ചു.  പ്രഭാത രശ്മികൾ ശക്തിയേറിത്തുടങ്ങിയ നേരത്തെ ബസ്റ്റേഷനിലെ കാഴ്ചകൾ അവന് നന്നായി ഇഷ്ടപ്പെട്ടു.  വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള  വസ്ത്രങ്ങളണിഞ്ഞ പെണ്‍കുട്ടികൾ ചുറുചുറുക്കുള്ള ആണ്‍കുട്ടികൾ, അവരുടെ സംഭാഷണങ്ങൾ, അവർ അടുത്തു വരുമ്പോഴുള്ള വ്യത്യസ്ത ഗന്ധങ്ങള്‍… നിവേദിതക്കും ഏതോ ഒരു സുഗന്ധമുണ്ട്.  സുഗന്ധങ്ങളുടെ കൂട്ടുകളെക്കുറിച്ച് അറിയില്ലാത്തതുകൊണ്ട് അതേത് മണമെന്ന് അവന്‍ തിരിച്ചറിഞ്ഞില്ല.  തനിക്ക് രാവിലെ കുളിച്ചതു കൊണ്ട് ശക്തികുറഞ്ഞ വിയര്‍പ്പിന്‍റെ മണമായിരിക്കുമെന്ന് സുദേവ് കരുതി.

       അവര്‍ക്ക് പോകേണ്ടിടത്തേക്ക് പുതുതായി ടാർ വിരിച്ച വഴിയാണ്.  എങ്കിലും അതിലെ ബസ്സ് യാത്ര തുടങ്ങിയിട്ടില്ലെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു.  ആ വഴിക്ക് ജനവാസം കുറവാണെന്നും.  പാതക്ക് ഇരുപുറവും റബ്ബര്‍മരങ്ങളാണെന്നും, എത്തേണ്ടിടത്തു നിന്നും കുറെ കൂടി പോയാൽ വനമാണെന്നും,  അയാൾ തന്നെ പറഞ്ഞു.  വഴി വിജനം തന്നെ, ശീതളിച്ചതും.  ബസ്സ്സ്റ്റേഷനിൽ നിന്നപ്പോൾ പൊടിഞ്ഞ വിയര്‍പ്പ് ശരീരത്തിൽ നിന്നും പറന്നകന്നു.  കുളിര്‍മ തോന്നിത്തുടങ്ങിയതിൽ സുദേവ് സന്തോഷിച്ചു.  ഓട്ടോയിലെ സഹയാത്രികക്ക് അലോരസമാകില്ലല്ലോ, വിയര്‍പ്പു ഗന്ധം കൊണ്ട്.  സുദേവ് എത്തിയ ബസ്സിലായിരുന്നില്ല നിവേദിത വന്നത്. ബസ്സ് സ്റ്റേഷനിൽ എത്തി എല്ലാവരും ഇറങ്ങിയശേഷം സാവധാനമാണവന്‍ ഇറങ്ങിയത്.  അവന്‍ ഇറങ്ങിക്കഴിഞ്ഞപ്പോൾ ബസ്സ് ശൂന്യമായി.  ബസ്സ് ഡ്രൈവറും കണ്ടക്ടറും  അവന് മുമ്പേ ഇറങ്ങി കഴിഞ്ഞിരുന്നു.  കാഴ്ചകൾ കാണാനെത്തുന്ന സന്ദര്‍ശകരുടെ ധൃതിയില്ലായ്മയിലാണ് അവന്‍.  സാവധാനം ബസ്സിറങ്ങി നടന്ന് സ്റ്റേഷന് പുറത്തെത്തിയപ്പോൾ ഒരു ഓട്ടോറിക്ഷയേ ഉണ്ടായിരുന്നുള്ളൂ.  ഓട്ടോക്കാരനോട് പോകേണ്ടയിടം പറഞ്ഞ് കയറുമ്പോഴാണ് പിന്നിൽ നിന്നും അവൾ, നിവേദിത ചോദിച്ചത്.

       സാർ, ഞാനും കൂടി വരട്ടേ ..? ഞാനും അവിടേക്കായിരുന്നു.

       ഓ…ഏസ്…

       പക്ഷെ, ചാര്‍ജ് ഞാനേ കൊടുക്കൂ…

       സുദേവ് സാകൂതം, അവളെ നോക്കി. വണ്ണം കുറഞ്ഞ് സുന്ദരിയായ പെണ്ടകുട്ടി, ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കും. വൃത്തിയായ വസ്ത്രധാരണം.  കുലീനത ചോരാതെയുള്ള നോട്ടം, ചലനങ്ങൾ, മുഖ ഭാവങ്ങള്‍. കറുത്തു നീണ്ട മുടി ഒതുക്കി, ചീകി പിന്നിൽ തന്നെ നില്‍ക്കാവുന്നതു പോലെയിട്ടിരിക്കുന്നു.  ന്യൂജനറേഷന്‍ കുട്ടികളെപ്പോലെ ഒരു കഷണമെടുത്ത് മുഖത്തേക്ക് വളച്ചിടുകയോ, ഒരു വശത്തെ മുടി മുഴുവന്‍ ചെവിയെ മൂടിക്കൊണ്ട് ഞാത്തിയിടുകയൊ ചെയ്യുന്നില്ല. അവളുടെ ആവശ്യം സുദേവിനിഷ്ടമായി, ലാഭവുമായി.

       ആകട്ടെ കയറിക്കൊള്ളൂ…

       അവൾ കയറി,  അവന് ഇരിക്കാനുള്ളയിടം,  ഒരാള്‍ക്കിരിക്കാനുള്ളതു മാത്രം ബാക്കിയിട്ട് മാന്യമായി വസ്ത്രങ്ങൾ ഒതുക്കി വച്ചിരുന്നു.  തോൾ ബാഗും, പ്ലാസ്റ്റിക് ബാഗും മടിയിൽ വച്ചു.  അവനെ നോക്കി മന്ദഹസിച്ചു.  ആ ചിരിയിലും അസാധാരണത്വമുള്ളൊരു മാന്യത അവന്‍ അളന്നെടുത്തു.

       ചേട്ടന്‍ പെയിന്‍ററാണോ….?

       അതെ, ഹൗസ് പൊയിന്‍റർ….

       പാന്‍റിൽ പെയിന്‍റ് തുള്ളികള്‍ വീണിട്ടുണ്ട്……

       വെറുമൊരു സഹയാത്രികനാണെങ്കിലും പത്തു കിലോമീറ്റർ അടുത്തടുത്തിരുന്നു യാത്ര ചെയ്യാനുള്ള ആളിനെ അവൾ ശ്രദ്ധിച്ചിരിക്കുന്നു.  അവനും വൃത്തി കുറഞ്ഞ വേഷമൊന്നുമല്ല.  ഇസ്തിരിയിട്ടതല്ലെങ്കിലും മാറിനില്‍ക്കാന്‍ പറയിക്കില്ല.  എല്ലാ പെയിന്‍റ് പണിക്കാരെയും പോലെ ഒരു പ്ലാസ്റ്റിക് കവറിൽ എന്തെല്ലാമോ അടക്കം ചെയ്ത് മടക്കി പിടിച്ചിട്ടുണ്ട്.

       ചേട്ടന്‍ അവിടേക്ക് ജോലിക്ക് പോകുന്നതാണോ…..?

       അതെ… എന്താണ് പേര്….?

       നിവേദിത….

       ഞാനീ പേരു കേട്ടിട്ടുണ്ട്……

       ഉവ്വ്… ഞാന്‍ ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്….

       നിവേദിത, ഇവളാണ് തന്‍റെ ശത്രുക്കളിൽ ഒരാൾ, എന്ന് ചിന്തിച്ച് ചെറുപുഞ്ചിരിയോടെ അവന്‍ അവളെ നോക്കിയിരുന്നു.  അവൾ ഓട്ടോയ്ക്ക് പുറത്തെ കാഴ്ചകൾ കാണുകയാണ്.  നഗരത്തിന്‍റെ തരിശ്ശിൽ നിന്നും നാടിന്‍റെ ഹരിതാഭയിലേക്ക്, ശീതളിമയിലേക്ക് ഓട്ടോ ഓടിക്കയറുകയാണ്.  റബ്ബർ തോട്ടങ്ങളെ ചുറ്റി നില്‍ക്കുന്ന കയ്യാലകളിൽ, വേലികളിൽ പടര്‍ന്നു കയറി അഹങ്കരിച്ചു നില്‍ക്കുന്ന ലതകൾ, തൊട്ടാവാടികൾ, മുക്കുറ്റികൾ, മറ്റു പലരും.  അവരുടെ നില്‍പു കണ്ടാലറിയാം അവര്‍ക്കാരെയും ഭയമില്ലെന്ന്.  ഇവിടം ഭയക്കേണ്ട കാര്യമില്ലാത്ത ഇടാമാണെത്  യാഥാര്‍ത്ഥ്യം.

       രണ്ടാഴ്ച മുമ്പുള്ള ഒരു ദിനപ്പത്രത്തിന്‍റെ ക്ലാസിഫൈഡ് വിഭാഗത്തിൽ കോളം തിരിച്ചാണ് പരസ്യം വന്നത്.  മധ്യകേരളത്തിലെ കോടീശ്വരനായ, സഹൃദയനായ,  വ്യവസായിയായ, വ്യാപാരിയായ ഒരു പ്ലാന്‍റർ  കേട്ടെഴുത്തുകാരനെ തേടുന്നു,  കൂടെ രണ്ട് ഫോൺ നമ്പറുകളും. ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തിവിവരങ്ങളും, സാഹിത്യ താല്‍പര്യത്തെപ്പറ്റിയുള്ള വിശദീകരണങ്ങളും വായിച്ചിട്ടുള്ള ലോക ക്ലാസിക്കുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളുടെ കോപ്പികളും ഉള്ളടക്കി അപേക്ഷ അയക്കാനാണ് നിര്‍ദ്ദേശിച്ചത്.  നിര്‍ദ്ദേശം പാലിച്ചു.  ഫോണിൽ കൂടി ഒരു ഇന്‍റര്‍വ്യും നടത്തി.  ചോദ്യങ്ങൾ മുഴുവന്‍ എഴുത്തിനെ, എഴുത്ത് ശൈലിയെ, എഴുത്തിന്‍റെ പാതയിൽ എത്തിച്ചേരാന്‍, ഉറച്ചു നില്‍ക്കാനുണ്ടായ സാഹചര്യങ്ങളെ, അനുഭവങ്ങളെ, അനുഭവങ്ങൾ ക്രിയാത്മക എഴുത്താക്കി മാറ്റുന്നതിനെ, ഇതിനു മുമ്പ് ചെയ്തിട്ടുള്ള ജോലികളൈ, അതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ട്, എന്തും എഴുതി ശ്രദ്ധേയനാകാമെന്ന വിശ്വാസത്തെ കുറിച്ചും ഒക്കെ ആയിരുന്നു.  വീണ്ടും ഫോണിൽ ബന്ധപ്പോൾ തെരഞ്ഞെടുത്തിട്ടുണ്ട്, പത്തു പേരിൽ ഒരാളായിട്ട്, ഇനിയും അഭിമുഖം കൂടിയുണ്ട്,  മറ്റ് ഒമ്പതു പേരോടും മത്സരിക്കേണ്ടി വരും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

       ആ പത്തു പേരില്‍ ഒരാൾ നിവേദിതയാണ്.

       വായനാലോകം ശ്രദ്ധിച്ചു തുടങ്ങിയ കഥാകാരിയാണ് നിവേദിത.  ഒരു പ്രധാന ആനുകാലികത്തിൽ അവര്‍ക്ക് ഇടം കിട്ടിയിരിക്കുന്നു.  എങ്ങിനെയാകാം, എന്ന ചോദ്യത്തന് ഇവിടെ പ്രസക്തിയില്ല.  എങ്ങിനയുമാകാം. പ്രസാധകരും പ്രസിദ്ധീകരണങ്ങളും മറ്റ് ഇടങ്ങളെപ്പോലെ തന്നെയാണ്.  ലാഭമില്ലാതെ ഒന്നും ചെയ്യുകയില്ല. ലാഭം തരാമെന്ന പറഞ്ഞ് വളരെപ്പേർ പുറത്ത് നില്‍ക്കുമ്പോൾ നഷ്ടത്തിന് ഒരു വ്യാപാരവും നടത്താന്‍ ആരും തയ്യാറാകുകയില്ല.  നിവേദിത ഒരു ശൈലി, തന്‍റേതായ ഒരു ഭാഷ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു.  ആ ഭാഷ ഇഷ്ടപ്പെടുന്നവർ വായനാ സമൂഹത്തിലുണ്ട്.  സമൂഹത്തിനുള്ളിൽ നിന്നും അവർ ഉയര്‍ന്ന് വന്ന് നിവേദിതയെ അറിയാന്‍ ശ്രമിക്കുന്നു, അറിയുന്നു.  നിവേദിത സ്ത്രീകള്‍ക്ക് മാത്രം അറിയാന്‍ കഴിയുന്ന, സ്ത്രീകളുടെ മാത്രം ചില കാര്യങ്ങൾ തുറന്ന് പറയുന്നതായിട്ട് സുദേവിന് തോന്നിയിട്ടുണ്ട്.  ആ പറച്ചിൽ അശ്ലീലമാകുന്നുണ്ടോ, ഇത്തിരി കൂടിയ ലൈംഗീകതയെഴുത്താകുന്നുണ്ടോയെന്ന് അവന്‍ പലപ്പോഴും ചിന്തിച്ചിട്ടുമുണ്ട്.  താന്‍ കൂടി പങ്ങെടുക്കുന്ന സാഹിത്യ കൂട്ടായ്മയിൽ അഭിപ്രയം പറഞ്ഞിട്ടുമുണ്ട്.

       എത്തേണ്ടയിടം അടുത്തിരിക്കുന്നു.  ഗ്രീന്‍ ഹൗസ് – പച്ച വാസസ്ഥലം. പച്ചയായ, പച്ചകളുടെ വാസസ്ഥലം.

       സുദേവ് പറഞ്ഞു.

       നിവേദിതാ ഞാനും കേട്ടെഴുത്തുകാരനായിട്ടാണ് എത്തിയിരിക്കുന്നത്.  നിവേദിതയെപ്പോലെ പത്തിൽ ഒരാളായിട്ട്, പരസ്പരം മത്സരിക്കാന്‍, പോരാടാന്‍….

       ഓ…….

       നിവേദിതയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.  ഒട്ടും വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് ധ്വനിപ്പിക്കുന്നു കണ്ണുകൾ.

       സോറി…. ഞാന്‍ സാറിന്‍റെ പേരു ചോദിച്ചില്ല.

       സുദേവ്…. കേട്ടിരിക്കില്ല… എന്‍റെ ഒരു സുഹൃത്തു പറയും പോലെ ഒരു പ്രാദേശിക എഴുത്തുകാരന്‍.  വളരെ കുറച്ചു പേരു കാണുന്ന സമാന്തര പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.  അടുത്തുള്ള സാഹിത്യ കൂട്ടായ്മകളിൽ കഥകൾ വായിക്കുന്നു.  വളരെ അടുത്ത സുഹൃത്തുക്കളുടെ പുകഴ്ത്തലുകളും കുശുമ്പുകളും കുന്നായ്മകളും കേള്‍ക്കുന്നു.

       ഇറ്റസ് ക്വയറ്റ് ഇന്‍ററസ്റ്റിംഗ്….

       ഓട്ടോറിക്ഷ തുറന്ന് കിടന്നിരുന്ന വലിയ ഗെയിറ്റ് കടന്ന് സസ്യശ്യാമളതയിലേക്ക് ഓടിക്കയറി.  ഗെയിറ്റിൽ കാണേണ്ടിയിരുന്ന ആധുനീക പാറാവുകാരന്‍ എവിടയോ നിന്നെത്തി ഓട്ടോയെ നിയന്ത്രിച്ച് വിശാലമായ മുറ്റത്തിന്‍റെ ഓരത്ത് നിര്‍ത്തിച്ചു.

       നിവേദിതയുടെ ആഗ്രഹപ്രകാരം ഓട്ടോക്കാരന് പണം നല്‍കി അവർ ഗ്രീന്‍ ഹൗസെന്ന വാസപരിസരത്തേക്ക് നടന്നു.

***

       അവന്‍ നഗര പരിധിയിൽ പ്രവേശിച്ച് ഏഴു കിലോമീറ്റർ യാത്ര ചെയ്തപ്പോഴേയ്ക്കും നഗര മദ്ധ്യത്തിലുള്ള മൂന്നും കൂടിയ കവലയിൽ എത്തിച്ചേര്‍ന്നു. കവലയിൽ നിന്നും തെക്കോട്ടായിരുന്നു തുടർ യാത്ര. അതു വഴി പത്തു കിലോമീറ്റർ എത്തിയപ്പോൾ നഗര പരിധിയുടെ ബോര്‍ഡ് കണ്ടു മടങ്ങി.  വീണ്ടും നഗര മദ്ധ്യത്തിലെത്തി കിഴക്കോട്ട് യാത്ര ചെയ്തു.  അര കിലോമീറ്റർ ചെന്ന് മൂന്നും കൂടിയ കവലയിൽ നിന്നും വടക്കോട്ടു വാഹനം ഓടിച്ചു.  അതു വഴി ആറു കിലോമീറ്ററിൽ കൂടുതൽ പോകാനായില്ല.  നഗരം അവസാനിച്ചു.  അവിടെ നിന്നും മടങ്ങി രണ്ടാമതു കടന്നു പോയ കവലയിൽ നിന്ന് കിഴക്കോട്ട് പോയി.  അവിടെയും അഞ്ചു കിലോമീറ്റർ കൊണ്ട് നഗരം അവസാനിച്ചു.. 

       അവന്‍ ഒന്നു മന്ദഹസിച്ചു.  മങ്കാവുടി വളര്‍ന്നിട്ടില്ല,  ആധുനിക ചിന്തയിൽ വളര്‍ച്ച ഉന്നതകെട്ടിടങ്ങളും കടകമ്പോളങ്ങളും വീതിയേറിയ ടാർ വിരിച്ച വഴികളുമാണെങ്കില്‍…. പെണ്ണും മണ്ണും ബീഫും പന്നിയിറച്ചിയും മദ്യവുമാണ് മങ്കാവുടി സ്വപ്നങ്ങളെന്ന് നേരത്തെ കേട്ടിട്ടുണ്ട്.  അവർ കാണുന്ന സ്വപ്നങ്ങൾ, അതുകളെല്ലാം കിട്ടുന്നതായിട്ടും അനുഭവിക്കുന്നതായിട്ടുമായിരിക്കും.  അതിനു വേണ്ടി അവർ കഴിഞ്ഞ നാളുകളിർ മടി ബാങ്കുകളെന്ന് ഓമനപ്പേരിൽ അറിയപ്പെട്ടിരിന്ന പ്രൈവറ്റ് ഫിനാന്‍സുകളാണ് നടത്തിയിരുന്നത്.  ആ കാലഘട്ടത്ത്, തൃശൂര്‍ നഗരത്തിൽ കൂണുകൾ പോലെ തല പോന്തിച്ചു നിന്നിരുന്ന ചിട്ടി കമ്പനികൾ പോലെയായിരുന്നു മങ്കാവുടിയില്‍ പ്രൈവറ്റ് ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍. പ്രവിശ്യയിൽ ഒന്നാം സ്ഥാനത്തുമായിരുന്നു, എണ്ണത്തില്‍. മിക്കവാറും വണ്ണത്തിലും.  പ്രവിശ്യയിലെ എല്ലായിടത്തു നിന്നും ആവശ്യമുള്ളവർ ഇവിടെയെത്തി കിടപ്പിടങ്ങളും സ്വർണ്ണവും പെണ്ണും പണയം വെച്ച് പണം കൊണ്ടുപോയുമിരുന്നു. ഇന്ന് കുറെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.  ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ സ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കുന്നു.  മെഡിക്കല്‍ കോളേജുകൾ, എഞ്ചിനിയറിംഗ്  കോളേജുകൾ,  ആര്‍ട്ടസ് ആന്‍റ് സയന്‍സ് കോളേജുകൾ, വ്യത്യസ്ത സിലബസ്സുകൾ പഠിപ്പിക്കുന്ന സ്കൂളുകൾ….

       പഠിക്കുക….

       പഠിപ്പിക്കുക….

       ഉദ്ദേശങ്ങൾ അതാണെന്ന് തെറ്റിദ്ധാരണകൾ വേണ്ട… വേണ്ടത് പണമാണ്…… ആര്‍ജ്ജിക്കേണ്ടത് മണ്ണും…..പെണ്ണും….തീറ്റയും……

       ഡാമിറ്റ്….

       ചിന്തകൾ നേര്‍ വഴിക്കല്ല പോകുന്നത്…..

       ചിന്തകൾ കാഴ്ചകളെ ബന്ധപ്പെടുത്തിയാണുണ്ടാകുന്നത്. കാഴ്ചകൾ വികലമാണെങ്കിൽ ചിന്തകളും വികലമാകും.  കാഴ്ചകൾ പുറം കണ്ണുകൾ കൊണ്ടുള്ളതുമാത്രമല്ല. അകക്കണ്ണുകൾ കൊണ്ടുള്ളതുകൂടിയാണ്.

       അവന്‍റെ ചുണ്ടുകളിൽ ഒരു വിദൂഷക മന്ദസ്മിതം വിരിഞ്ഞു.

       മങ്കാവുടി നഗരത്തിന്‍റെ കിഴക്കേ അതിര്‍ത്തിയിൽ എത്തി തിരിച്ചു പോരാതെ അവന്‍റെ വാഹനം കിഴക്കോട്ടു തന്നെ ഓടി. നഗര പരിധി വിട്ടെങ്കിലും താലൂക്ക് പരിധിക്കുള്ളിൽ കൂടി തന്നെ കിഴക്കോട്ട്.  അഞ്ചു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു വലിയ ആര്‍ച്ച് കണ്ടു,  ഇടതു വശം വീഥിയോട് ചേര്‍ന്ന്.  ആര്‍ച്ചിൽ  പച്ച അക്ഷരങ്ങളിൽ അവന്‍ വായിച്ചു, ഗ്രീന്‍ ഹൗസ്.  ആര്‍ച്ചിനെ തുടര്‍ന്ന് ഇരു പുറങ്ങളിലും വന്‍മതിൽ, അടുത്ത നാളുകളിൽ പെയിന്‍റ് ചെയ്ത് സൂക്ഷിക്കുന്നത്. ഗെയിറ്റിന് മുന്നിൽ വാഹനം നിര്‍ത്തി പാറാവുകാരനെത്താനായി  ഹോണടിച്ചു.  ഉള്‍വശം കാണാത്ത വിധത്തിലുള്ള ഭീമാകാരനായ ഗെയിറ്റിന്‍റെ കുഞ്ഞു വാതിൽ തുറന്ന് യൂണിഫോമിട്ട പാറാവുകാരന്‍ ശബ്ദം ഉണ്ടാക്കാതെ മുഖത്തെ ഭാവം കൊണ്ട് എന്തു വേണമെന്ന് ചോദിച്ചു.

       ജോണ്‍സന്‍….?

       ആരാ…എവിടന്നാ…?

       ഒരു രത്ന വ്യാപാരിയാ…. വടക്കു നിന്നാ…

       അതു കൊള്ളാമല്ലോ… ഗിരിപൈയും… ആലൂക്കാസും…ആലപ്പാട്ടുമുള്ളപ്പൊ….?

       ഉം… അവിടെയുമുണ്ട്…. എന്‍റെ കൈയ്യിലും ഉണ്ട്…. അവിടുള്ളതിനേക്കാളൊക്കെ മുന്തിയതാണ്…

       എന്നാ….കളിയാക്കുവാ….?

       ഏയ്… അല്ല… കളിപ്പിക്കാനാ….

       പാറാവുകാരന്‍ ഒന്നു പകച്ചു, ഗെയിറ്റ് മലര്‍ക്കെ തുറന്നു.

       സാറ്…. ഓഫീസിലുണ്ട്…

       താങ്ക്സ്… ഒരു തമാശ പറഞ്ഞതാണു കേട്ടോ…. ലീവിറ്റ്….

       പാറാവുകാരന് സന്തോഷമായി.

       വാഹനം ഉള്ളിലേക്ക് ഓടിത്തുടങ്ങിയപ്പോൾ അവന് ഒരു ഉള്‍ക്കിടിലം തോന്നി.  പാദങ്ങൾ മണ്ണിൽ തോട്ടില്ലെങ്കിലും, കാറിന്‍റെ വീലിൽ സ്പര്‍ശിച്ച മണ്ണിൽ നിന്നും കിട്ടുന്ന ആകര്‍ഷണം, കാറിന്‍റെ മെറ്റൽ ബോഡി വഴി കയറി ആക്സിലേറ്ററിലും ബ്രേക്കിലും ഇരിക്കുന്ന പാദങ്ങൾ വഴി ദേഹത്താകമാനം പടര്‍ന്നുകയറുന്നു.

       ഓഫീസിനു മുന്നിൽ കാർ നിര്‍ത്തി പുറത്തിറങ്ങി, റിമോട്ടിൽ ലോക്ക് ചോയ്ത് ഓഫീസ് വരാന്തയിൽ ബൂട്ട് പതന ശബ്ദം കേള്‍പ്പിച്ച്, മുറിക്കുള്ളിലെ കാര്‍പ്പറ്റിലെത്തിയപ്പോൾ ശബ്ദത്തെ നിരാകരിച്ച് ജോണ്‍സന്‍റെ ക്യാബിനിൽ തണുപ്പിൽ ഉപവിഷ്ടനായി.

       ഞാനൊരു രത്ന വ്യാപാരിയാണ്…

       ഏസ്സ്….?

       ഡോ. ലാസറലിക്കും കുടുംബത്തിനും രത്നം വില്‍ക്കാന്‍ വന്നതാണ്.

       ജോണ്‍സന്‍ അത്ഭുതത്തോടെ അവനെ നോക്കിയിരുന്നു.

       അത്ഭുതപ്പെടേണ്ട… പാറാവുകാരന്‍ ചോദിച്ചതു പോലെ നിങ്ങളും ചിന്തിക്കുകയാകാം…. രത്നങ്ങളൊക്കെ ഗിരിപൈയ്യിലും ആലൂക്കസിലും ഭീമയിലുമൊക്കയില്ലേയെന്ന്… ഉണ്ട്… പക്ഷെ… ഇത് വിലകൂടിയതാണ്….

       ആദ്യമായിട്ടാണ്, ഇങ്ങിനെ ഒരാള്‍…

       അതെ,  ഇവിടെ ആദ്യമായിട്ടാണ്…. പണ്ട് രാജക്കന്മാരുടെ ഭരണകാലത്ത് അമൂല്യ രത്നങ്ങളും അവര്‍ണ്ണ്യ സുഗന്ധങ്ങളും ഇങ്ങിനെ വ്യാപാരികൾ നേരിട്ടാണ് വിറ്റിരുന്നത്…

       ഏസ്സ്…. പക്ഷെ. ഇന്ന് കാണാറില്ല… ഇവിടെ ഒരു ഇന്‍റര്‍വ്യൂ നടക്കുകയാണ്…

       ഓ… ഏസ്സ്…. ഞാന്‍ പിന്നീടു വന്നു കൊള്ളാം…

       പേര്… നമ്പര്‍…. കാര്‍ഡ്…

       അതോന്നും വേണ്ട ഞാന്‍ വന്നു കൊള്ളാം….

       സാര്‍ എവിടെ നിന്നാണ്….?

       മുംബെയിലാണ്… രണ്ടാഴ്ചയായി കൊച്ചിയിൽ വന്നിട്ട്….പത്തു വര്‍ഷമായിട്ട് ഞാനീ രംഗത്തുണ്ട്… കൊല്ലത്തെ രവിപിള്ളയാണ് ലാസറലി സാറിന് പരിചയപ്പെടുത്തിയത്…. വന്നാൽ മതിയെന്ന് പറഞ്ഞിരുന്നു.

       എങ്കിൽ സാറിനെ വിളിക്കാം…

       വേണ്ട… ഇത് തിരക്കിൽ ചെയ്യേണ്ട കച്ചവടമല്ല.  സമയമെടുത്ത് കണ്ട് സമാധാനമായി കച്ചവടം ചെയ്യണം… അതാണെന്‍റെ രീതി….

       ഏസ്സ്…..

       ഞാന്‍ പിന്നീട് വന്നു കൊള്ളാം…. സാറിനെ വിളിച്ചു കൊള്ളാം….

       അവന്‍ ജോണ്‍സന്‍ അറിയാത്തൊരു സുഗന്ധമായി പുറത്തേക്ക് പോയി. ക്യാബിന് പുറത്തെത്തിയപ്പോൾ മറ്റ് സ്റ്റാഫുകളും അവനെ ശ്രദ്ധിച്ചു.

@@@@@




സ്വപ്ന ജീവിതം

അമിട്ടുകളും
വാണങ്ങളും നിറയ്ക്കുന്നത് കരിമരുന്നു കൊണ്ടാണ്. 
തീ കൊടുത്ത
,് വാനത്ത് ചെന്ന് പൊട്ടി വിടരുമ്പോള്‍
എന്തെല്ലാം മായാക്കാഴ്ചകളാണ് കിട്ടുന്നത്, എത്രയേറെ വര്‍ണ്ണങ്ങള്‍,
ശബ്ദവിന്ന്യാസങ്ങള്‍, അവാച്യം…..  മഹത്തരം…..മഹത്തരം എന്ന് പറഞ്ഞ് കാണികള്‍ ആര്‍ത്തുല്ലസിക്കും.  വര്‍ണ്ണങ്ങള്‍ പെയ്ത് തീര്‍ന്ന്, ശബ്ദങ്ങള്‍ ഒഴുകി അകന്ന് കഴിയുമ്പോള്‍ ആകെ ഒരു ഇരുളിമ, തറയില്‍ കുറച്ച് ചാരം മാത്രം അവശേഷിക്കും.

       ഞാനും ഒരു സ്വപ്ന ജീവിതം കെട്ടിപ്പടുത്തിരുന്നു, ഇന്നലെ.  ഇന്ന് കണ്ഠത്തില്‍ ഒരു തേങ്ങല്‍ വന്ന് കുടുങ്ങി
നില്‍ക്കുന്നു.  ഒന്നു പൊട്ടിക്കരയാന്‍
മോഹിക്കുന്നു.
@@@@@




ഞാഞ്ഞൂല്‍

നീ വെറും
ഞാഞ്ഞൂലാണെടാ എന്ന് പറഞ്ഞ് കളിയാക്കുന്നത് എന്‍റെ ഒരു ശീലമായിപ്പോയി.  നെഗളിപ്പെന്ന് കൂട്ടുകാരും  ബന്ധുക്കളും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്
പലപ്പോഴും.  ഞാഞ്ഞുലെന്ന് ഞാന്‍
വിളിക്കുന്ന  ഒരു യാചകനുണ്ടായിരുന്നു എന്‍റെ
നഗരത്തില്‍.  നാല് വീലുള്ള കൊരണ്ടിയില്‍
ഇരുന്ന്
, നിലത്ത് കൈ കുത്തി ഓടിച്ച്, ആളുകളുടെ
മുന്നില്‍ യാചിച്ചിരുന്ന ഒരു വയസ്സന്‍. ഒരു ദിവസം അയാള്‍ നഗര മദ്ധ്യത്തില്‍ തന്നെ
മരിച്ചു കിടന്നു.  അയാളുടെ ഭാണ്ഡം തുറന്ന
നിയമപാലകര്‍, കാണികള്‍ ഞെട്ടിപ്പോയി. ഒരു ലക്ഷത്തില്‍
കൂടുതല്‍ ഇന്ത്യന്‍ പണം, പലരേയും സാമ്പത്തികമായി
സഹായിച്ചിട്ടുള്ളതിന്‍റെ രേഖകള്‍….

       ഞാഞ്ഞൂലുകള്‍ വരണ്ട മണ്ണിനെ ഇളക്കി ഈര്‍പ്പവും ജൈവാവസ്ഥയും നിലനിര്‍ത്തുമെന്ന
സത്യം അപ്പോഴാണ് ഓര്‍മ്മിക്കുന്നത്.

@@@@@




ഭിന്നശേഷിത്വം വില്‍പ്പനക്ക് വച്ചവന്‍

രാവിലെ 6.30ന് ഗണേശന്‍ ജോലിക്കിറങ്ങും. എന്നു വച്ച് കിടക്കപ്പായില്‍ നിന്നും അങ്ങിനെ
തന്നെയിറങ്ങുമെന്ന് കരുതരുത്. അഞ്ച് 
മണിക്ക് ഉണര്‍ന്ന് വൃത്തി, കുളിപണികളോക്കെ കഴിഞ്ഞ്,
കിടപ്പു മുറിയില്‍ തന്നെ ഭിത്തിയില്‍ തടികൊണ്ടു തീര്‍ത്ത അലമാരയില്‍
വച്ചിരിക്കുന്ന മുരുകന്‍റെ പടത്തിനുമുന്നില്‍ വിളക്കു കൊളുത്തി വച്ച് ഒരു നിമിഷം
കണ്ണടച്ചു നിന്നതിനുശേഷം….

       കണ്ണടച്ചു നില്‍ക്കുമ്പോള്‍ ഇപ്രാവശ്യത്തെ ബംബര്‍ തനിക്കടിക്കണമെന്നൊന്നും
ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല.  ഒന്നും
ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടുമില്ല. കണ്ണടച്ച് ഒരു നിമിഷ നേരത്തെ ധ്യാനം
മാത്രം.

       അപ്പോഴും കിടക്കപ്പായില്‍ നിന്നും രണ്ടു മക്കള്‍
എഴുന്നേറ്റിട്ടുണ്ടാകില്ല.  ഒന്നു
കിഴക്കോട്ടും ഒന്നു വടക്കോട്ടുമായിട്ട് കിടക്കുന്നുണ്ടാകും. എന്നു വച്ച് ഗണേശന്‍
അവരെ ശല്യം ചെയ്ത് വിളിക്കുകയൊന്നുമില്ല. 
ശല്യം ചെയ്ത് വിളിക്കുകയെന്നു പറഞ്ഞാല്‍ ഗണേശനെപ്പോലെ ജീവിത
സാഹചര്യമുള്ളവര്‍ വിളിക്കുമ്പോലെ രണ്ടു തെറി പറയുകയോ, അല്ലെങ്കില്‍
കാലുകൊണ്ട് ഒന്നു തട്ടുകയോ ഒക്കെ….

       മക്കളുടെ വലതുവശത്ത് കിടന്നിരുന്ന ഭാര്യ, സജിത
എഴുന്നേറ്റ്  പോയിട്ടുണ്ടാകും. പക്ഷെ,
അവളുടെ പുതപ്പ് കോലം കെട്ട് അവിടെ തന്നെ കിടപ്പുണ്ടാകും.  ഗണേശന്‍ കിടന്നിടം വൃത്തിയായിരിക്കും.
തലയിണയെടുത്ത് യഥാസ്ഥാനത്ത് വച്ച്, പുതപ്പു മടക്കി അഴയില്‍
തൂക്കി….

       സജിത അപ്പോഴേക്കും മുഖം കഴുകി തുവര്‍ത്തി, മുടികോതി
ഒതുക്കി കെട്ടി, ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഗണേശന്‍റെ
മുന്നില്‍ പുഞ്ചിരിയുമായി നില്‍ക്കും. 
അവനും ഒന്നു ചിരിക്കും, നിറഞ്ഞ സന്തോഷത്തില്‍
തന്നെ.  സജിത നല്‍കുന്ന ചായ കുടിച്ച്
ഗ്ലാസ് തിരികെ കൊടുത്താല്‍ മുരുകനിരിക്കുന്ന അലമാരയില്‍, മുരുകനോട്
ചേര്‍ത്തു തന്നെ വച്ചിരിക്കുന്ന ബാഗെടുത്ത്, ഒരിക്കല്‍ കൂടി
വണങ്ങി, സജിതയെ നോക്കി യാത്ര പറയുമ്പോലെ ഒന്നു ചിരിച്ച്  പുറത്തേക്കിറങ്ങും……

       വലതു കൈയില്‍ ബാഗുതൂക്കി ഇടതു വശം ചരിഞ്ഞുള്ള പോക്കു നോക്കി സജിത കുറെ
സമയം നില്‍ക്കും,  കണ്‍വെട്ടത്തു
നിന്നും മറയുന്നതു വരെ….

       വികലാംഗത്വത്തെ , ഭിന്നശേഷിത്വത്തെ കച്ചവടത്തിനു
വച്ചവന്‍…..

       അവളുടെ മനസ്സില്‍ അങ്ങിനെ ഒരു തോന്നലുണ്ടാകും, എന്നും.  ആ തോന്നല്‍ അവളുടെ സ്വന്തമല്ല.  സ്വന്തമല്ല എന്നു പറഞ്ഞാല്‍ അവളുടെ ചിന്തയില്‍
കുരുത്തതല്ല എന്നര്‍ത്ഥം.  ഏതോ ഒരു നാട്ടു
കവി അങ്ങിനെ കാവ്യാത്മകമായി അലങ്കരിച്ചതാണ്. 
ആരെന്ന് അവള്‍ക്കറിയില്ല.  ഒരു
സന്തോഷ നിമിഷത്തില്‍, കുറെ നാളുകള്‍ക്ക് മുമ്പ്, അവന്‍റെ തളര്‍ന്ന ഇടതു കൈ തടവിക്കൊണ്ട്,  ഇടതുകാലില്‍ മൃദുവായി
ഉഴിഞ്ഞുകൊണ്ടവള്‍ ചോദിച്ചു.

       ആരാ അങ്ങിനെ പറഞ്ഞേ….

       അറിയില്ല…..

       അറിയില്ലെങ്കിലും അറിഞ്ഞാലും ഗണേശന് അതില്‍ വിരോധമില്ല.  വിരോധമില്ലെന്നു മാത്രമല്ല, ഒരു സത്യമല്ലെ പറഞ്ഞിരിക്കുന്നെന്നാണ് ചിന്തിക്കുന്നത്.  ശരിയ്ക്കും ബലഹീനതയെ, ഭിന്നശേഷിയെ
കച്ചവടത്തിന് വച്ചിരിക്കുക തന്നെയല്ലെ. വികലാംഗന്‍ ഭിക്ഷയെടുക്കുന്നത്
വ്യാപാരവീക്ഷണത്തില്‍ കച്ചവടം തന്നെയാണ്. ഞാന്‍ കണ്ണില്ലാത്തവനാണ് , കാലില്ലാത്തവനാണ്, ആവതില്ലാത്തവനാണ്  എന്തെങ്കിലും തരണമെന്ന് പറയുന്നത്
ഭിക്ഷാടനമാണെങ്കിലും അതിലൊരു വ്യാപാരത്തിന്‍റെ ഉള്‍ക്കാമ്പുണ്ട്.  പക്ഷെ, ഗണേശന്‍റെ ഇടതു
കൈയ്ക്കും ഇടതുകാലിനും ശേഷികുറഞ്ഞെങ്കിലും, ഇടതു വശം ചരിഞ്ഞ്
ഒത്തിയൊത്തി നടക്കുന്നണ്ടെങ്കിലും ഭിക്ഷാടനം ചെയ്യുന്നില്ല.  വിശകലനം ചെയ്ത് വരുമ്പോളൊരു ഭിക്ഷ തന്നെയാണ്
ചോദിക്കുന്നതെങ്കിലും തരുന്ന കാശിന് ഒരു വസ്തു തിരിച്ച് കൊടുക്കുന്നുണ്ട്.  ലോട്ടറി ടിക്കറ്റ്. വ്യാജനല്ല, കേരള സര്‍ക്കാരിന്‍റെ സ്വന്തം. 
പണ്ട് പത്മനാഭന്‍റെ തുട്ട് എന്നു പറയുന്നതുപോലെ.  തെളിച്ചു പറഞ്ഞാല്‍ മറ്റു തൊഴിലുകള്‍ എടുക്കാന്‍
കഴിയാതെ വന്നപ്പോള്‍ ലോട്ടറി കച്ചവടം തുടങ്ങിയെന്ന് സാരം.  കൂടുതലൊന്നുമില്ല, ഒരു
സാധാരണ ദിവസത്തൊഴിലുകാരന് കിട്ടുന്ന അത്രയും. അഞ്ഞൂറു മുതല്‍ ആയിരം വരെ ലാഭം
കിട്ടും വിധം.  അഞ്ഞൂറ്, അറുനൂറ്, എഴുന്നൂറ്….ബംബര്‍ ദിവസത്തില്‍ ആയിരം വരെ
കിട്ടാം. 

       രാവിലെ മുതല്‍ ഉച്ചവരെയാണ് ഗണേശന്‍റെ വ്യാപാരം. നിത്യവും പോകുന്നിടങ്ങളില്‍
തന്നെ. സ്ഥിരം ഉപഭോക്താക്കള്‍. എന്നും എടുക്കുന്നത് വിറ്റു തീര്‍ന്നിരിക്കും.  തീരാതെ വരുന്നത് ബോണസ്സായിട്ടെന്തെങ്കിലും
കിട്ടുമെന്ന പ്രതീക്ഷയില്‍ സൂക്ഷിക്കും…. കിട്ടിയിട്ടുണ്ട് അഞ്ഞൂറും
ആയിരവുമൊക്കെ.  വലിയ സ്വപ്നങ്ങളുണ്ട്
ഗണേശനും.  നല്ലൊരുവീട്, കുട്ടികളുടെ വിദ്യാഭ്യാസം, മൂത്തത് മകളായതു കൊണ്ട്
നല്ലൊരു വിവാഹം.  രണ്ടാമത്തത് മകനായതു
കൊണ്ട് നല്ലൊരു ജോലി. സ്വപ്നങ്ങള്‍ അങ്ങിനെ അടുത്ത കാലത്ത് സാധിച്ചു
തീരാനുള്ളതല്ല.  പഞ്ചവത്സര പദ്ധതി പോലെ
നീണ്ടു പോകുന്നതാണ്.  മകള്‍ക്ക് പത്തു
വയസ്സേ ആയിട്ടുള്ളൂ. മകന്‍ അതിലും താഴെയാണ്. 
സജിതക്ക് ഇപ്പോഴേ മകളെ കുറിച്ചോര്‍ത്തിട്ട് വേവലാതിയാണ്.  എങ്ങിനെ വേവലാതിയില്ലാതിരിക്കും എന്നവള്‍
ചോദിക്കും.  ഗണേശന് തറവാട്ടില്‍ നിന്നും
വീതം കിട്ടിയതുകൊണ്ടാണ് മൂന്നു സെന്‍റ് സ്ഥലം വാങ്ങിയത്.  അവള്‍ക്ക് കിട്ടിയ സ്വര്‍ണ്ണത്തുണ്ടുകള്‍
കൊണ്ടാണതിലൊരു കൂര തീര്‍ത്തത്. 
കൂരയെന്നാല്‍ നാലു ചുവരുകളും ഹാസ്ബെറ്റോസ് കൊണ്ടൊരു മേല്‍ക്കൂരയും
മാത്രം.  വെപ്പും തീനും കുടിയും ഇരിപ്പും
കിടപ്പും ഉറക്കവുമൊക്കെ അതില്‍ തന്നെയായിരുന്നു രണ്ടുകൊല്ലം മുമ്പു വരെ.  രണ്ടു കൊല്ലം മുമ്പാണ് ജനകീയാസൂത്രണത്തിന്‍റെ
വീട് കിട്ടിയത്. അതിന് ഗണേശന്‍ കുറെ നാള്‍ കൊടിപിടിച്ച് ജാഥകളിലൊക്കെപോകുകയും ജയ്
വിളിച്ച് നടക്കുകയും ചെയ്തു.  രണ്ടു
മുറിയുള്ള വാര്‍ക്കവീട്.  പഴയ കൂര പൊളിച്ചതു
കൊണ്ട് ചാര്‍ത്ത് തീര്‍ത്ത് അടുക്കള. 
പുറത്ത് ഒരു വൃത്തിപ്പുര.  ഒന്നും
തേച്ചു മിനുക്കിയിട്ടില്ല. ജനാലകള്‍ക്കൊന്നും അടപ്പു വച്ചിട്ടില്ല. ജനാല
മറച്ചിരിക്കുന്നത്   പഴയ സാരികള്‍
തുന്നിച്ചേര്‍ത്താണ്.  പുറത്തു നിന്ന്
കാറ്റും ഈര്‍പ്പവും കയറാതെ, ജനാലക്ക് പുറത്ത് പ്ലാസ്റ്റിക്ക്
ഷീറ്റ് ആണിയടിച്ച് വച്ചിട്ടുണ്ട്. 
മുന്നിലും പിന്നിലും രണ്ടു കതകുകള്‍, പട്ടികയറാതെ.  മനുഷ്യന് അതിക്രമിച്ച് കയറുന്നതിന് ഒരു
വിഷമവുമില്ല.  ശക്തിയായിട്ടൊന്നു തള്ളിയാല്‍
ഓടാമ്പല്‍ ഒടിഞ്ഞ് തുറക്കപ്പെടും. 

       ഉച്ചക്കു മുമ്പായിട്ട് ഗണേശന്‍ മടങ്ങുന്നത് നല്ല വിശപ്പുമായിട്ടാണ്.  സജിത രാവിലെ കൊടുക്കുന്ന കട്ടന്‍ ചായക്കു ശേഷം
വില്പനക്കു കയറുന്ന ചായക്കടയില്‍നിന്ന് രണ്ട് ചായകൂടി കുടിച്ചിരിക്കും.

        വളവ് തിരിഞ്ഞ് വീട് കണ്ണുകളില്‍
പെട്ടപ്പോള്‍ ഗണേശന്‍ അമ്പരന്നു പോയി. ഭയം ഉള്ളില്‍ മുളച്ച് ശരീരത്തു കൂടി വിറയലായി
പടര്‍ന്നു. നടപ്പിന് വേഗത കുറഞ്ഞു , കാളി നിന്ന വയര്‍
തണുത്തുറഞ്ഞു. വീട്ടില്‍, മുറ്റത്ത് നിറച്ച്  ആളുകള്‍. നിരങ്ങി നീങ്ങുന്ന ചുവടുകളോടെ
ഉള്ളിലേക്ക് കയറിയ  അവന്‍റെ മുഖത്തെ
അന്ധാളിപ്പ് തിരിച്ചറിഞ്ഞ് വല്ല്യേട്ടന്‍ പറഞ്ഞു.

       ഗണേശാ… ഞങ്ങളെല്ലാരും കൂടി ഒന്നു വന്നുവെന്നേയൊള്ളൂ  നീ വെഷമിക്കുവോന്നും വേണ്ട….

        വീട്ടിലാകെയുള്ള രണ്ടു കസേരകളില്‍
രണ്ടു ചേട്ടന്മാര്‍ ഇരിക്കുന്നു.  അവരുടെ
ഭാര്യമാര്‍, മക്കള്‍, അനുജനും
വീട്ടിലുള്ളവരെല്ലാരും, സഹോദരിയും അളിയനും മക്കളും.  സജിതയുടെ അമ്മയും അച്ഛനും അളിയനും…..

       അവര്‍ക്കെല്ലാര്‍ക്കും കൂടി ഇരിക്കാന്‍ പോയിട്ട് നന്നായൊന്ന് നിവര്‍ന്ന്
നില്‍ക്കാന്‍ കൂടിയിടമില്ലാത്ത അവന്‍റെ വീട്ടില്‍….

       പെട്ടന്ന്  അവന്‍റെ ഉള്ളൊന്ന്
കാളി. ഇവര്‍ക്കൊക്കൂടി വെച്ചു വിളമ്പി കൊടുക്കാന്‍ സജിത എന്തു ചെയ്തിട്ടുണ്ടാകുമോ
… ആവോ….

       അവന്‍ അടുക്കളയിലേക്ക് കഴുത്ത് നിട്ടി നോക്കി.  സജിത അവനെ കണ്ടു. 

       ഊണൊക്കെ റെഡിയാണേ… എല്ലാര്‍ക്കും ഇപ്പത്തരാം….

       ഗണേശന്‍ സമാധാനിച്ചു.  കരുതലില്‍
നിന്നെടുത്തതായിരിക്കും. പണ്ടത്തെ അമ്മമാര്‍ പിടിയരി സൂക്ഷിക്കുന്നതുപോലെ, നിത്യവും ചെലവിന് ഗണേശന്‍ കൊടുക്കുന്നതില്‍ നിന്നും സ്വരൂപിച്ചത്…..
അല്ലെങ്കില്‍ കടം വാങ്ങിയിരിക്കാം… എന്താകിലും സാഹചര്യത്തിനൊത്ത് സജിത ഉയര്‍ന്നിരിക്കുന്നു.
ഇതിനു മുമ്പ് ഇത്രയും പേരൊരുമിച്ച്   അവന്‍റെ
ഈ വീട്ടില്‍ വന്നിട്ടില്ല. അവസാനം എല്ലാവരും കൂടിയത് അമ്മയുടെ മരണത്തിന് തറവാട്ടു
വീട്ടിലായിരുന്നു.

       അപ്പന്‍റെ തൊഴില്‍ സ്വര്‍പ്പണിയായിരുന്നു.  കുലത്തൊഴില്‍. പിതൃത്വ വഴിയെ കിട്ടിയത്. പിതാവ്
പേരെടുത്തൊരു സ്വര്‍പ്പണിക്കാരനൊന്നുമായിരുന്നില്ല.  പല പേരെടുത്ത പണിക്കാരുടെയും സഹായിയായി നിന്ന്
ജീവിച്ചു പോന്നിരുന്ന ഒരാള്‍. അന്ന് അത്രക്കൊന്നും സ്വര്‍ണ്ണ
താല്പര്യമില്ലായിരുന്നു.   സ്വര്‍ണത്തില്‍
മൂടിയ വധുക്കളെയൊന്നും കോടീശ്വര പുത്രികളില്‍ പോലും കാണാനുമുണ്ടായിരുന്നല്ല.  സ്വര്‍ണ്ണത്തിലും മോടിയിലും ആര്‍ഭാടങ്ങളിലും
ആയിരുന്നില്ല ആസ്തി കണക്കുകൂട്ടലുകള്‍. 
വസ്തു വഹകളിലും വിദ്യാഭ്യാസത്തിലുമായിരുന്നു. 

       അന്ന് സ്വര്‍ണ്ണ വ്യാപാരത്തിന്ന് ലൈസന്‍സ് കൊടുത്തിരുന്നത് സ്വര്‍പ്പണിക്കാരനായിരുന്നു.  പണിയില്‍ വലിയ മഹത്വമൊന്നും പറയാനില്ലാതിരുന്ന
പൊന്നുമണി മൂപ്പര്‍ ഒരുസാധുവായിരുന്നു.       പച്ചമലയാളത്തില്‍പറഞ്ഞാല്‍                                                                              
       വെള്ളം ചവച്ചു കുടിക്കുന്നവന്‍,
ശുദ്ധന്‍. 

       അപ്പന്‍റെ ലൈസന്‍സില്‍ ഒരു വ്യാപാരി 
നഗരമദ്ധ്യത്തില്‍ തന്നെ ഒരു സ്വര്‍ണ്ണക്കട തുടങ്ങി.  മോടിയില്‍ തന്നെ.  വ്യാപാരി വാഗ്ദാനം ചെയ്തതു പോലെ ലക്ഷം
വീടുകോളനിയില്‍ നിന്നും ഞങ്ങളെ ഒരു കുഞ്ഞ് ഓടിട്ട, മനോഹരമായ
വീട്ടിലേക്ക് താമസം മാറ്റി തന്നു. അപ്പനും അമ്മയും അഞ്ചു മക്കളും.  വലിയ കാറ്റും കോളും കൊള്ളാതെ പേമാരിയും
ഇടിമിന്നലും ഏല്‍ക്കാതെ കഴിഞ്ഞു കൂടി വര്‍ഷങ്ങള്‍…….  വലിയഭാവനയും വൈദഗ്ദ്യവുമില്ലാത്ത അപ്പന്‍
താരമാലയും ജിമിക്കി കമ്മലുമൊക്കെ പണിത് കാലക്ഷേപം ചെയ്തു പോന്നു.  കാലക്ഷേപം ചെയ്തു എന്നതിന് നന്നായി ജീവിച്ചു
എന്നും, അറ്റപ്പറ്റെ ജീവിച്ചു എന്നും അര്‍ത്ഥ വ്യത്യാസം
പറയാന്‍ കഴിയുന്നതു കൊണ്ട് തെളിച്ചു പറയാം. 
അന്ന് ഞങ്ങളുടെ അയലത്തും അകന്നും താമസ്സിക്കുന്ന ബന്ധുക്കളും സ്നേഹിതരും
ജീവിച്ചിരുന്ന അത്ര നന്നായിട്ടല്ല, കഷ്ടിച്ച് കഴിഞ്ഞുകുടി
എന്നേ പറയാന്‍കഴിയൂ. 

       തല മൂത്തപ്പോള്‍ ഞങ്ങള്‍ മക്കളും കുലത്തൊഴില്‍ ചെയ്തു ജീവിച്ചു കളയാം
എന്നു തന്നയാണ് ചിന്തിച്ചത്.  അങ്ങിനയേ
ചിന്തിക്കൂ ഏതു കുലത്തൊഴിലുകാരനും.  പക്ഷെ,
പണിതു തുടങ്ങിയപ്പോഴാണ് മനസ്സിലാകുന്നത് ഞങ്ങള്‍ മക്കള്‍ക്കും
അപ്പനെപ്പോലെ താരമാലയും ജിമിക്കി കമ്മലും മാത്രമേ പണിയാന്‍ കവിയൂ എന്ന്.  പക്ഷെ, ഞങ്ങള്‍ അപ്പനെ
പോലെ ആയിരുന്നില്ല. സ്വപ്നം കാണുന്നവരായിരുന്നു. 
ചുറ്റും കണ്ണുള്ളവരായിരുന്നു. അയല്‍പക്കങ്ങളിലെ വികസനങ്ങള്‍ കാണുമ്പോള്‍
ആദ്യമൊക്കെ അസൂയയാണ് തോന്നിയത്. പിന്നാട് തിരിച്ചറിഞ്ഞു. അസൂയയെക്കാള്‍ നല്ലത്
മറ്റ് ജോലികളിലേക്ക് പോകുന്നതാണെന്ന്. 
വിദഗ്ധ പണിപോലെ തന്നെ വിദ്യാഭ്യസവും ഞങ്ങളില്‍ നിന്ന് അകന്നാണ് നില്‍ക്കുന്നതെന്ന്
അപ്പോഴാണ് തിരിച്ചറിയുന്നത്. മക്കളില്‍ മൂത്തവന്‍ സ്വര്‍ണ്ണപ്പണി വിട്ട്
കല്പണിക്കാരനായി, രണ്ടാമത്ത ആള്‍ പലചരക്ക് കടയിലെ പൊതി
കെട്ടുകാരനായി, മൂന്നാമത്തവനായ ഞാന്‍ വീടുകള്‍ക്ക് പെയിന്‍റടിക്കുന്നവനും
അനുജന്‍ ടെസ്റ്റുകളെഴുതി സര്‍ക്കാരില്‍ പ്യൂണും പെങ്ങള്‍ വീട്ടുപണികള്‍ പഠിച്ച്
വിവാഹം ചെയ്ത് ജീവിതവും തുടങ്ങി. 
അവിടംകൊണ്ട് അവസാനിക്കുന്നില്ലല്ലൊ ജീവിതം. വിവാഹം കഴിക്കണം, കുട്ടികളുണ്ടാകണം അവരെയൊക്കെ തീറ്റിപ്പോറ്റണം.  അതൊക്കെയാണല്ലോ സമൂഹത്തില്‍ നടക്കുന്നത്.
സമൂഹത്തെ വിട്ട് നില്‍ക്കാനോ മാറി ചിന്തിക്കാനോ 
കഴിയുന്നവരല്ലൊ പൊന്നുമണി മൂപ്പരുടെ മക്കള്‍.  അതുകൊണ്ട് ഓരോരുത്തര്‍ വിവാഹം കഴിച്ചപ്പോള്‍
വാടക വീട്ടിലേക്ക് മാറി കൊണ്ടിരുന്നു. 

       നാലു ആണ്‍മക്കളും വിവാഹം ചെയ്ത്, ഗണേശന്‍ അടക്കം
മൂന്നു പേര്‍ മാറിത്താമസ്സിച്ചു വരവെ, സര്‍ക്കാര്‍ പ്യൂണായ
ഇളയവന്‍ അപ്പന്‍റെയും അമ്മയുടേയും കൂടെ തറവാടു വീട്ടില്‍ വാടക കൊടുക്കാതെ
ജീവിക്കുന്നതു കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് സഹിക്കുന്നതെങ്ങിനെ……  അമര്‍ഷം ഉള്ളില്‍ വച്ചു കൊണ്ടു നടന്നു എല്ലാവരും.  അപ്പന്‍ മരിച്ചപ്പോള്‍  മുറുമുറപ്പ് പുറത്തു പറയാന്‍
ആലോചിച്ചതായിരുന്നു. അപ്പോള്‍ അമ്മയെ നോക്കുന്ന കാര്യം ചിന്തിച്ചപ്പോള്‍, സംസാരം കുറച്ചു കൂടി നീട്ടുന്നതാണ് നല്ലതെന്ന് ഗണേശനും രണ്ടു ചേട്ടന്മാരും
തീരുമാനിച്ചു,        അമ്മയുടെ മരണം വരെ. അമ്മയുടെ പുലകുളി തീരും വരെ
അങ്ങിനെ  തന്നെ തുടര്‍ന്നു.  പുലകുളി തീര്‍ന്ന നാള്‍, ബന്ധുക്കള്‍
പിരിഞ്ഞപ്പോള്‍ ചേട്ടന്മാര്‍ തറവാടിന്‍റെ കാര്യം ഇനിയെന്തെന്ന് ചോദ്യമുതിര്‍ത്തു.  പക്ഷെ, അനുജന്‍ എന്തും
ചെയ്യാന്‍ തയ്യാറായപ്പോള്‍ അവര്‍ മക്കള്‍ മാത്രമറിഞ്ഞ് കാര്യങ്ങള്‍
തീരുമാനമാക്കി.  തറവാട് വിറ്റു കിട്ടിയ പണം
കൊണ്ട് നാലു ആണ്‍മക്കളും മൂന്നും നാലും സെന്‍റ് സ്ഥലത്ത് സ്വന്തം കൂരകള്‍ തീര്‍ത്തു.  മകള്‍ക്ക് സന്തോഷത്തോടുകൂടി പാരിതോഷികം
കൊടുത്തു.  പക്ഷെ, ഇതൊന്നുമല്ല
പറയാന്‍ വന്നത്, കഥ നടക്കുന്നത് പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക്
ശേഷമാണ്. 

       സന്ധ്യ കിഴക്ക് നിന്ന് കയറി വരുന്നതേയുള്ളൂ.  ജോലികഴിഞ്ഞ് ഒരു ഇടുങ്ങിയ വഴിയെ നടന്നു
വരികയായിരുന്നു ഗണേശന്‍.  ടാര്‍ വിരിച്ച
പാതയില്‍നിന്നും ഇടുങ്ങിയ വഴിയെ കയറിയാല്‍ അടുത്ത ടാര്‍ വിരിച്ച പാതയില്‍
കയറാം.  വീട്ടിലെത്താനുള്ള ദൂരത്തിന്‍റെ
പകുതി അങ്ങിനെ ലാഭിക്കാന്‍ കഴിയും.   ആള്‍പ്പാര്‍പ്പ്
കുറഞ്ഞയിടം,  പകലത്തെ
ചൂടില്‍ ആലസ്യമാണ്ട് കിടക്കുന്ന തരിശ്ശ് 
ഭൂമി, കുറച്ച് വേലിപ്പടര്‍പ്പുകളും മണ്ട കരിഞ്ഞ
തെങ്ങുകളും……

       പെട്ടന്നാണ് കേട്ടത്, ഒറ്റപ്പെട്ട വീട്ടില്‍
നിന്നുള്ള സ്ത്രീയിടെ കരച്ചില്‍… വഴിയില്‍ നിന്നുതന്നെ ദൃശ്യമാകുന്ന, വാതിലടഞ്ഞു കിടക്കുന്ന വീട്ടില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ,  അല്ല ഒരു പെണ്‍കുട്ടിയുടെ
കരച്ചില്‍…..  പിന്നീടവന് മുന്നോട്ട്
നടക്കാനായില്ല. ആ വീട്ടില്‍ നിന്നും വഴിയിലേക്കിറങ്ങുന്ന പാതയെ മറികടക്കാന്‍ അവന്
ഭയം തോന്നി, വല്ലാത്തൊരു വിറയല്‍…

       വീട്ടില്‍ നിന്നുള്ള ശബ്ദങ്ങല്‍ ഉച്ചത്തിലായിട്ട് ഒടുങ്ങിയപ്പോള്‍ അവന്‍റെ
വിറയല്‍ കുറഞ്ഞു.  ശരീരം ശാന്തമായി
വന്നപ്പോള്‍ മുന്നോട്ട് നടന്നു. നീങ്ങവെ, വീട്ടില്‍ നിന്ന്
മൂന്നുപേര്‍ പുറത്തേക്ക് വന്നു. 

       അവന്‍റെ കണ്ണുകള്‍ക്കു മുന്നില്‍….

       അവരുടെ കണ്ണകുള്‍ക്ക് മുന്നില്‍ അവനും…..

       പെട്ടന്നവര്‍ ഓടി വീടിന്‍റെ പിന്നാമ്പുറത്തു കൂടി കയ്യാലകള്‍ കയറി അടുത്ത
പറമ്പിലെ വൃക്ഷങ്ങളുടെ, സന്ധ്യയുടെ മറവിലേക്ക് ലയിച്ചു.  അവന്‍ 
പിന്നിലേക്ക് ഓടി ഇടുങ്ങിയ വഴിയില്‍ കയറിയ ടാര്‍ വിരിച്ച പാതയിലൂടെ
വീട്ടിലേക്ക് നടന്നു.  ആരോടും ഒന്നും
പറഞ്ഞില്ല.  വീട്ടിലും
നിശബ്ദനായിരുന്നു.  അവന്
പനിക്കുന്നുണ്ടെന്ന് സജിത കണ്ടെത്തി. 
നെറ്റിയില്‍ ഉപ്പുനീര്‍ നനച്ച് ഒരു കീറ് തുണി ഒട്ടിച്ചു. ചുക്കും
കുരുമുളകും തുളസിയിലയും ഇട്ട് തിളപ്പിച്ച്, കഷായം
കുടുപ്പിച്ചു.  അവന്‍റെ പനി വിടുകയോ വിയര്‍ക്കുകയോ
ചെയ്തില്ല. നേരും പുലരും വരെ കിടുകിടുത്തു വിറച്ചിരുന്ന അവനെ പുതപ്പിച്ച്, കെട്ടിപ്പിടിച്ച് അവള്‍ ഉറങ്ങാതെ കിടന്നു. 

       അവന്‍ നാവിറങ്ങിപ്പോയതുപോലെ ഒന്നും പറഞ്ഞില്ല.  എന്നും ജോലിക്കു പോകും പോലെ അന്നും പോയി.  സാധാരണയായി ചെയ്തിരുന്ന യാത്ര പറച്ചിലും
ചിരിയും കളിയും സന്തോഷവും കണ്ടില്ല.  സജിതക്കതില്‍
സംശയങ്ങള്‍ ഉണ്ടായി അവള്‍ എന്തൊക്കയൊ ചോദിച്ചു കൊണ്ടിരുന്നു.  അവന്‍ നിസ്സഹായനായി നോക്കുക മാത്രം ചെയ്തു.
അവള്‍ക്ക് അതൊട്ടു മനസ്സിലായതുമില്ല.  അവന്‍
പോകുന്നതു നോക്കി നിന്നു.  അവന്‍ തിരിഞ്ഞു
നോക്കിയതേയില്ല. 

       അവന്‍ അന്ന് ജോലി സ്ഥലത്തേക്ക് പോയില്ല. 
തലേന്നാളത്തെ കാഴ്ചകള്‍ക്ക് ബാക്കി കിട്ടാവുന്ന ദൃശ്യങ്ങള്‍ തേടി ആള്‍ക്കൂട്ടത്തിനിടയില്‍
ആരാലും ശ്രദ്ധിക്കപ്പെടാതെ കണ്ടു നിന്നു.

       ആ വീട്ടില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു.  അതിന്‍റെ ബാക്കി വിശേഷങ്ങള്‍ അവിടെ നടന്നു
കൊണ്ടിരുന്നു.  അവിടെ അവന്‍ ഒരു സാധാരാണ
കാഴ്ചക്കാരന്‍ മാത്രമായി. 

       വീട്ടിനുള്ളില്‍ ഒരു മുറിയില്‍ നിലത്താണ് പെണ്‍കുട്ടി കിടക്കുന്നത്.  അവന് ജനാല വഴി കാണാം.  അവന് മുന്നില്‍ കുറെപ്പേര്‍ അതു കണ്ട് നില്‍ക്കുന്നുണ്ട്.  മുറിക്കുള്ളില്‍ പോലീസുകാരുണ്ട്,  യൂണിഫോമില്ലാത്ത
പലരുമുണ്ട്.  ഫോട്ടോ എടുക്കുന്നുണ്ട്. അടുത്ത
മുറിയില്‍ നിലത്ത് തന്നെ പെണ്‍കുട്ടിയുടെ അമ്മ തളര്‍ന്ന കിടക്കുന്നുണ്ട്, നിലത്ത് കുന്തിച്ചിരിക്കുന്നത് 
അച്ഛനാകാം.  അവരെ
സാന്ത്വനപ്പെടുത്തുന്നതിനായി കുറെ ബന്ധുക്കളുമുണ്ട്.  മറ്റ് പലരുമുണ്ട്. 

       അന്നു മുഴുവന്‍ അവിടെ കറങ്ങി നടന്നു. 
പോലീസ് പോയിക്കഴിഞ്ഞ്, പെണ്‍കുട്ടിയെക്കൊണ്ട്
ആമ്പുലന്‍സ് പോയിക്കഴിഞ്ഞിട്ടും കാഴ്ചക്കാര്‍ പിരിഞ്ഞു കഴിഞ്ഞിട്ടും, ബന്ധുക്കള്‍ മാത്രം വീട്ടിലും പരിസരത്തും തുടര്‍ന്നപ്പോഴും അവന്‍ റോഡില്‍
എന്തോ തിരയുന്നതുപോലെ സന്ധ്യവരെ തങ്ങി നിന്നു. 
പിന്നീട് അടുത്ത നാല്കവലയില്‍, 
അതിനടുത്ത മുക്കവലയില്‍ പലരും പറയുന്നതു കേട്ടു നടന്നു.

       പെണ്‍കുട്ടിക്കെതിരെ ലൈംഗീകപീഡനശ്രമം നടന്നിട്ടുണ്ട്, ആഗ്രഹം തടസ്സപ്പെടുത്തിയപ്പോള്‍ കൊലചെയ്യേണ്ടി വന്നതാണ്…. ചെയ്തത്
അന്യനാട്ടുകാരാണ്… അപരിചിതരാണ്…. അല്ല….നാട്ടുകാരാണ്….പെണ്‍കുട്ടിക്ക്
മുമ്പ് പരിചയമുള്ളവരാണ്… ഒറ്റയ്ക്ക് ഉണ്ടാകുന്ന സമയം നോക്കി
വന്നിട്ടുള്ളതാണ്.  വിദ്യാര്‍ത്ഥിയായിരുന്നു.
ഇളയകുട്ടികള്‍ സ്കൂള്‍ വിട്ടെത്തിയിരുന്നില്ല.

       ഗണേശന്‍ വളരെ വൈകിയാണ് വീട്ടിലെത്തയത്. തളര്‍ന്ന് അവശതയുള്ള അവന്‍റെ മുഖം,
ദേഹം സജിതക്ക് വേഗം മനസ്സിലായി. 
അവന്‍റെ മണം ഇന്ന് ജോലി ചെയ്യാത്ത ആളുടേതാണെന്നന് അവള്‍
തിരിച്ചറിഞ്ഞു. 

       എന്താണേട്ടാ….

       ഒന്നും പറയാന്‍ കഴിയാതെ അവന്‍ അവളുടെ കണ്ണുകളില്‍ നോക്കിയിരുന്നു.  കുട്ടികള്‍ തറയില്‍ വിരിച്ച പായയില്‍
ഉറക്കമായിരുന്നു.  അവളോട് ചേര്‍ന്നു അവന്‍
ഇരുന്നു.  അവന്‍റെ കണ്ണുകളിലെ ഭീതി അവള്‍ക്ക്
കാണാന്‍ കഴിയുന്നുണ്ട്.  അവള്‍ വീണ്ടും
വീണ്ടും എന്താണ് കാര്യമെന്ന്  തിരക്കി.         മെല്ലെ അവനെല്ലാം പറഞ്ഞു. 

       ഗണേശന്‍ പിന്നീടി അതു വഴി പോയില്ല. 
സജിതയുടെ സാന്ത്വനം, കഥകള്‍ പറഞ്ഞ് മനസ്സിനെ ഉണര്‍ത്തല്‍,
ജീവിതത്തെകുറിച്ച് ഓര്‍മ്മപ്പെടുത്തല്‍, എല്ലാമായി
അവന്‍ പെയിന്‍റിംഗ് ജോലിയിലേക്ക് തിരിച്ചു വന്നു. 
അതു വഴി താണ്ടി പോകേണ്ടിയിരുന്ന പണിയിടത്തു നിന്നും കരാറു പണിക്കാരനോട്
മുട്ടായുക്തികള്‍ പറഞ്ഞ് സ്ഥലംമാറ്റം വാങ്ങി. 

       ഭിത്തിയില്‍  പുട്ടി വിരിച്ചും,
സാന്‍ പേപ്പര്‍ കൊണ്ട് ഉരച്ച് മിനുക്കിയും ശ്വാസകോശത്തില്‍
പൊടികയറാതെ മാസ്കും വച്ചും അവന്‍ ജോലികള്‍ ചെയ്തു വന്നു.  അവന്‍റെ ആശാന്‍ അവനെക്കൊണ്ട് ഒരിക്കല്‍ പോലും
കളര്‍ മിക്സ് ചെയ്യിച്ചില്ല.  സമയം കളയാതെ
ജോലി ചെയ്തു വന്നിരുന്നെങ്കിലും, ചെയ്യുന്ന ജോലിയില്‍
വൃത്തിയുണ്ടെങ്കിലും കളര്‍ സെന്സ് കുറവാണെന്ന് ആശാന്‍ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരുന്നു.  അക്കഥകള്‍ കേള്‍ക്കുമ്പോള്‍ സ്ഥിരമായി സജിത
പറയുന്ന ഒരു മറുപടിയുണ്ട്.

       നിങ്ങളെ എന്നന്നേക്കുമായിട്ട് കൂടെ നിര്‍ത്താനുള്ള ആശാന്‍റെ
ബുദ്ധിയാണതെന്ന്.         പക്ഷെ അവനതില്‍
പരാതിയും കുശുമ്പും തോന്നിയില്ല.  അവന്
നിത്യവും ജോലി വേണം, കൂലിയും……

       ജീവിതം തെറ്റില്ലാതെ മുമ്പോട്ടു പോയി. 
വല്ലപ്പോഴും കൂട്ടുകൂടുമ്പോള്‍ രണ്ട് പെഗ്ഗടിച്ച് മിനുങ്ങി, ദിവസവും മൂന്നു നാലു സിഗററ്റ് വലിച്ച്, ചിലപ്പോഴൊക്കെ
വെറ്റിലകൂട്ടി മുറുക്കി…..ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്ക് രണ്ടു കിലോ ബീഫ് വാങ്ങി,
ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ചാള മീന്‍ വാങ്ങി… മാസത്തിലൊരിക്കല്‍
ഭാര്യയെയും മക്കളെയും കൂട്ടി ഒരു സിനിമക്ക് പോയി. സന്തോഷമായിട്ടങ്ങിനെ കഴിഞ്ഞു
വന്നിരുന്ന അവന്‍ പലതും മറക്കുന്നുണ്ടെന്ന് സജിത തിരിച്ചറിയുന്നുണ്ട്.  എനിക്ക് വല്ലാത്ത മനസ്സാക്ഷികുത്തുണ്ടെന്ന്
ഇടക്കിടക്ക് പറയുകയും ചെയ്യുന്നതു കേള്‍ക്കുമ്പോള്‍ അവള്‍ക്ക് പേടിയുമുണ്ട്.  അയല്‍ പക്കത്തു വീട്ടില്‍ വരുന്ന പത്രം
അവളെന്നും വായിച്ചുതുടങ്ങി, ടിവിയില്‍ വരുന്ന പെണ്‍കുട്ടിയെ
കുറിച്ചുള്ള വാര്‍ത്ത സ്ഥിരം ശ്രദ്ധിച്ചു പോന്നു, കാര്യകാരണങ്ങള്‍
സഹിതം എന്നും അവനോട് സംസാരിച്ചും വന്നു.  

       ഒരു രാത്രി….

       അവന്‍ ജോലി ചെയ്ത വീടിന്‍റെ കയറി പാര്‍ക്കുന്നതിന്‍റെ വകയില്‍ കഴിച്ച അമിത
ഭക്ഷണത്തിന്‍റെ ആലസ്യവും ഭക്ഷണം ദഹിക്കാനായിട്ട് കഴിച്ച മദ്യത്തിന്‍റെ ലഹരിയും
ശരീരത്തെ തളര്‍ത്തിയിരുന്നു. വീട്ടിലെത്താന്‍ ഇനിയും ഒരു കിലോമീറ്റര്‍
നടക്കേണ്ടിയിരുന്നു.  ആള്‍പ്പാര്‍പ്പ്
കുറഞ്ഞിടത്ത് മന്നൂ പേര്‍ അവനെ വഴിയില്‍ തടഞ്ഞു. ഇരുട്ടില്‍ ആമുഖങ്ങള്‍ ആദ്യം
വ്യക്തമായില്ല.

       ഗണേശാ നീ ഞങ്ങളെ ഓര്‍ക്കുന്നോ….

       എതിരെ വന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ ആ മുഖങ്ങള്‍

അവന്‍
കണ്ടു.  അവന് ഓര്‍മ്മിക്കാന്‍
കഴിയുന്നുണ്ട്. പെണ്‍കുട്ടി കൊല ചെയ്യപ്പട്ട അന്ന്  അവന് അഭിമുഖമായി വന്ന മൂന്നു പേര്‍…. അവനെ
കണ്ടിട്ട് വീടിന്‍റെ പിന്നാമ്പുറത്തു കൂടി ഓടി അകന്നവര്‍…..

       ഒരാള്‍ പറഞ്ഞു.

       ഒരുത്തനെ പോലീസു പിടിച്ചിട്ടുണ്ട്…. ആ പെണ്ണിനെ കൊന്ന കേസ്സില്‍
….അവന്‍ സമ്മതിക്കുകയും ചെയ്തു…. നീ അന്ന് അവനെയാണ് കണ്ടതെന്ന് പോലീസില്‍
പറയണം…..

       അതിന് ഞാനൊന്നു കണ്ടിട്ടില്ലല്ലോ….

       ഹേയ്….കണ്ടിട്ടില്ലായിരിക്കാം…. പക്ഷെ, നീ അവന്‍
വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നതു കണ്ടെന്നങ്ങ് പറഞ്ഞാല്‍ മതി….

       ഹേയ്….ഞാനൊന്നും കണ്ടിട്ടില്ല….എനിക്ക് ഒന്നും അറിയുകേമില്ല….

       അതു പോരല്ലൊ ഗണേശാ…. നീ കണ്ടെന്ന് പറയണം…. അത് അവനെ തന്നെ ആണെന്ന്
പറയുകയും ചെയ്യണം…..

       അയ്യോ…എന്നെക്കൊണ്ട് അതിനൊന്നും കഴിയില്ല…. 

       ഇരുമ്പു വടികൊണ്ട് തലക്കു പിന്നില്‍ ശക്തിയായൊരു അടിയാണ് ആദ്യം
കിട്ടിയത്… പിന്നീട് ദേഹത്ത് പലയിടത്തും…

       ബോധം മറഞ്ഞു പോയി.  ഉണര്‍ന്നപ്പോള്‍
സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍….. അരുകില്‍ സജിതയും….

       ബോധം നന്നായി തെളിഞ്ഞപ്പോള്‍ സജിത ചോദിച്ചു….

       എന്താ ചേട്ടാ പറ്റിയത്….

       അവന്‍ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സജിത വീണ്ടു പറഞ്ഞു.

       വണ്ടി മുട്ടിയതാണെന്നാണ് ഇവിടെ കൊണ്ടു വന്നവര്‍ പറഞ്ഞത്, ചേട്ടന്‍ നല്ല വെള്ളത്തിലായിരുന്നു, വണ്ടിക്കു
മുന്നിലേക്ക് ചാടുവാരുന്നു.  കേസ്സൊന്നും
വേണ്ടെന്ന് പറഞ്ഞ് അവര് ചെലവിന് കാശു തന്നു.

       ആണോ…. ആയിരിക്കാം….

       കൊണ്ടു വന്നത് അവര്‍ തന്നെ ആയിരിക്കാം. 
വണ്ടിമുട്ടിയതാണെന്ന് അവരൊരു കഥയുണ്ടാക്കിയതുമാകാം. ഗണേശന്‍ മറ്റൊന്നും
ആരോടും പറഞ്ഞില്ല. വണ്ടി മുട്ടിയതു തന്നെയെന്ന് സ്വയം തീരുമാനിക്കുകയും ചെയ്തു.

       മാസങ്ങള്‍ കഴിഞ്ഞ് ആശുപത്രി കട്ടിലില്‍ നിന്ന് എഴുന്നേറ്റ് നടന്നു
തുടങ്ങിയപ്പോള്‍ മനസ്സിലായി ഇടതുകാലും ഇടതു കൈയ്യും തളര്‍ന്നു പോയിരിക്കുന്നു.
ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടിയിരിക്കുന്നു, ഇടത് കണ്ണിന്‍റെ
കാഴ്ച കെട്ടിരിക്കുന്നു.

       വികലാംഗനാക്കപ്പെട്ടിരിക്കുന്നു, ഭിന്നശേഷിക്കാരനെന്നും
പറയാം…..

       ജീവന്‍ തിരിച്ചു കിട്ടിയല്ലോ…  
അതുമതി… തെണ്ടിയായാലും ജീവിക്കാം…

       ആശുപത്രി ഡിസ്ച്ചാര്‍ജ് പേപ്പര്‍ നോക്കിയിരിന്ന് വല്യേട്ടന്‍ അങ്ങിനെ
പറയുമ്പോള്‍ ഗണേശന്‍റെ മനസ്സ് കലങ്ങി. 
അപ്പോള്‍ വല്യേട്ടന്‍ പിന്നെയും പറഞ്ഞു.

       നീ വെഷമിക്കാന്‍ പറഞ്ഞതല്ല…. പണിയൊക്കെ വല്യ കഷ്ടത്തിലാണ്… ഒരുത്തന്‍റെയും
കയ്യില്‍ കാശില്ല… തീരെ പണിയില്ല….

       വീട്ടില്‍ തിരിച്ചെത്തി, വിശ്രമിക്കണമെന്ന് ഡോക്ടര്‍
പറഞ്ഞ കാലഘട്ടത്ത്, നിലത്ത്, വെള്ള
പൂശാതെ ഇരുണ്ടു പോയ വാര്‍ക്ക നോക്കി 
കിടക്കുമ്പോള്‍  അവര്‍ വീണ്ടും
വന്നു.

       ഗണേശാ…. നീ തെണ്ടി ജീവിക്കുകയൊന്നും വേണ്ട….നിനക്കന്തെങ്കിലും
പണിയെടുത്തു ജീവുക്കാനുള്ള സഹായം ചെയ്യാം….അതുവരെ ചെലവിലനുള്ളത് ഇവിടെ എത്തിച്ചു
തരാം.  പക്ഷെ, നീ
ഒരിക്കലും കോടതിയില്‍ വരരുത്,  പോലീസില്‍ വരരുത്….. വന്നാല്‍….. 
നിനക്കൊരു മകളുണ്ടെന്ന് ഓര്‍ക്കണം….. കാണാന്‍ കൊള്ളാവുന്ന
ഭാര്യയാണുള്ളതെന്ന് ഓര്‍ക്കണം…..നീണ്ട വല്യ ഒരു ജീവിതമുണ്ടെന്ന് ഓര്‍ക്കണം….എന്തെങ്കിലും
സംഭവിച്ചു പോയാല്‍ നിനക്കു വേണ്ടി ചോദിക്കാന്‍ ഈലോകത്ത് ഒരു പട്ടിയും
ഉണ്ടാകില്ലെന്ന് ഓര്‍ക്കണം…. നിനക്ക് ഒരു തോന്നലുണ്ടാകാം നിന്‍റെ
ജാതിക്കാരുണ്ടാകുമെന്ന്….വെറുതെയാ….. അവരെക്കൊണ്ട് കൂട്ടിയാലലൊന്നും കൂടുന്ന
ബന്ധമല്ല  ഞങ്ങള്‍ക്കുള്ളത്……പിന്നെ
നിനക്ക് വീടുതന്ന രാഷ്ട്രീയക്കാര്… അവര് കൊറച്ച് കാശുകിട്ടിയാല്‍ ഞങ്ങളു
പറയുന്നതേ കേള്‍ക്കുവൊള്ളൂ….     അതു
കൊണ്ട്   ഗണേശാ നീ ഞങ്ങള്‍ പറയുന്നതു കേട്ട്
മാനം മര്യാദയായിട്ട് ജീവിക്കാന്‍ നോക്ക്……നിനക്ക് പകരം ഞങ്ങള്‍ ഒരു
ദൃക്സാക്ഷിയെ ഒണ്ടാക്കിയിട്ടുണ്ട്…..അവനാ ദൃക്സാക്ഷിയെന്ന് അയലത്തുകാര്
തിരിച്ചറിഞ്ഞിട്ടുണ്ട്……അതു കൊണ്ട് ഗണേശാ……….

       അവര്‍ സജിതയുടെ മുന്നില്‍ വച്ചാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്, അതുകൊണ്ട് അവരുടെ സംസാരം പിന്നീടൊരു കഥയാക്കേണ്ടി വന്നില്ല ഗണേശന്,
വേഗം തീരുമാനമാക്കാനും കഴിഞ്ഞു…. സജിത പ്രായോഗികമതിയായതുകൊണ്ട്
കൂടിയാലോചനയും വേണ്ടി വന്നില്ല.  അപ്പോള്‍
തന്നെ സമ്മതമാണെന്ന് പറയാനും കഴിഞ്ഞു.  

       അങ്ങിനെ ഗണേശന്‍ ലോട്ടറി കച്ചവടക്കാരനാകുകയായിരുന്നു.

       മാസങ്ങളോളം നീണ്ടു നിന്ന ചാനല്‍ കഥകളും പത്ര വാര്‍ത്തകളും തീര്‍ക്കാന്‍
പുതുജേര്‍ണലിസ്റ്റുകള്‍ക്ക് കഴിഞ്ഞു, വായിച്ചു കോള്‍മയിര്‍
കൊള്ളാന്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ മലയാളി സമൂഹത്തിനും.  ഗണേശന്‍ പത്രം വായിക്കുകയോ ടിവി കാണുകയോ
ചെയ്തില്ല, ലോട്ടറിയുടെ റിസള്‍ട്ടിന് പോലും ഓണ്‍ലൈനിനെ
സമീപിച്ചു.  സജിത പത്രം വായിച്ച്, ടിവി കണ്ട് എന്നും അവനോട് കഥകള്‍ പറഞ്ഞു. അവന്‍ നിശ്ശബ്ദനായിരുന്നു കേള്‍ക്കും
കുറെ നേരും, എന്നിട്ട് ദീര്‍ഘമായി നിശ്വസിച്ച് പായില്‍
ചുരുണ്ടു കൂടി കിടക്കും…. ചില ദിവസങ്ങളില്‍ സങ്കടം സഹിക്കാന്‍ കഴിയാതെ അവന്‍
പൊട്ടിക്കരയും.  അപ്പോള്‍ അവള്‍ നൈറ്റി
ഊരിമാറ്റി അവനെ നിറഞ്ഞ മാറിലേക്ക് ചേര്‍ത്ത് 
സാന്ത്വനിപ്പിച്ച് ഉറക്കും.  ചില
ദിവസ്സങ്ങളില്‍ അവന്‍റെ മനസ്സ് കൂടുതല്‍ ആര്‍ദ്രമായിരിക്കും. അന്നവള്‍
ദേഹത്തുനിന്നും എല്ലാ തുണികളും നീക്കി അവനെ അലിയിച്ച് തന്‍റേതാക്കും……  ഒരു നാള്‍ എല്ലാം തിര്‍ന്നെന്ന് സജിത പറഞ്ഞു…
കേസു വിധിയായി… പ്രതിയെ വെറുതെ വിട്ടു, പ്രോസിക്കൂഷന് കേസു
തെളിയിക്കാന്‍ കഴിഞ്ഞില്ല… സംശയത്തിന്‍റെ 
ആനുകൂല്യം കുറ്റവാളിക്ക് കിട്ടി…. മേല്‍ക്കോടതിയില്‍ പോകാന്‍
കഴിയില്ലെയെന്ന് ഗണേശന്‍ സംശയം ചോദിച്ചു.

       അതിന് ആരിരിക്കുന്നു… ആ പെണ്‍കൊച്ചിന്‍റെ വീട്ടുകാര്‍ ഇപ്പോള്‍
നല്ലനെലയിലാ കഴിയുന്നത്… നല്ല വീട്, കാറ്, തള്ളക്ക് സര്‍ക്കാര്‍ ജോലി. 
അച്ഛന് നല്ല വസ്ത്രങ്ങള്‍ എന്നും ബാറില്‍ പോയിരുന്നു കുടിക്കാന്‍ കാശ്….
എല്ലാമെവിടുന്നാ….ജോണേട്ടന്‍റെ മോള് എലിസ മൊബൈലില്‍, തള്ള
ബ്യൂട്ടി പാര്‍ലറില്‍ നില്ക്കുന്ന ഫോട്ടോ കാണിച്ചു തന്നു….എന്നാ
സ്റ്റൈലാണെന്നറിയുമോ…..

       ഗണേശന്‍ രണ്ടു ദിവസം ലോട്ടറി കച്ചവടത്തിന് പോയില്ല, പായില്‍  തന്നെ കിടന്നു.  കുട്ടികള്‍ സ്കൂളില്‍ പോയിക്കഴിഞ്ഞ് സജിതയും
അവന്‍റെ കൂടെ കിടന്നു. ഇടക്കിടക്ക് അവന്‍ പിച്ചും പേയും പറഞ്ഞു,  അത് നമ്മുടെ
മോളായിരുന്നെങ്കിലോ…… അപ്പോള്‍ അവള്‍ അവനെ ദേഹത്തോട് കൂടുതല്‍ ചേര്‍ത്ത്
ഞെക്കി പൊട്ടിക്കരഞ്ഞു…….. കരഞ്ഞു കരഞ്ഞ് രണ്ടുപേരും ദുഃഖം ഒതുക്കി.

       നിലത്തും, ഉള്ള കസേരയില്‍ ഇരുന്നും, ഉള്ളിടത്തൊക്കെ നിന്നും അവരൊക്കെ ഊണു കഴിച്ചു.  കുത്തരിച്ചോറും സാമ്പാറും അവിയലും ഒരു തോരനും
തൊട്ടുകൂട്ടാന്‍ ഉണക്കച്ചെമ്മീല്‍ പൊടിച്ചതും……

       വല്യേട്ടന്‍ പറഞ്ഞു.

       ഗണേശാ സന്തോഷമായി…എല്ലാം നന്നായി…..സജിതയുടെ കൈപുണ്യം…  

       സജിത ഷോള്‍ഡര്‍ ഉയര്‍ത്തി അഭിമാനം കൊള്ളുന്നത് കണ്ട് ഗണേശനും  സന്തുഷ്ടനായി….

       ഗണേശാ ഞങ്ങളെല്ലാരുംകൂടി വന്നത്…..ബംബര്‍ അടിച്ച വകയില്‍ നിനക്കും പത്തു
പതിനഞ്ച് കിട്ടില്ലെ…. നീ ഞങ്ങളെയൊന്നും മറക്കല്ലെന്ന് പറയാനാ….

       ഗണേശന്‍ വല്ലാത്തൊരു അങ്കലാപ്പിലായി, സജിതയോടു
സംസാരിക്കാതെ എന്തു മറുപടി പറയുമെന്ന് ചിന്തിച്ചിട്ട്.

       വല്യേട്ടാ…. അത് കിട്ടിവരാന്‍ അഞ്ചാറു മാസമെടുക്കും…..

       എന്നാലും ഇപ്പത്തന്നെ ഒരു തീരുമാനത്തിലെത്തുന്നതു
നല്ലതല്ലെ….നിനക്കറിയാമല്ലോ ഞങ്ങടെയൊക്കെ കാര്യം….. എല്ലാവരും
അത്യാവശ്യക്കാരാ…….. നിനക്കാണെങ്കില്‍ ഇനിയും ലോട്ടറി വില്‍ക്കുമ്പോള്‍
കിട്ടുകയും ചെയ്യാം…

       അത്…. വല്യേട്ടാ…. ഗണേശന്‍ ചേട്ടന്‍ എല്ലാര്‍ക്കും വേണ്ടതൊക്കെ
ചെയ്യും…….

       സജിത അവസരോചിതമായി കാര്യത്തില്‍ ഇടപെട്ടു. ഗണേശന്‍ രക്ഷപെടുകയും ചെയ്തു.

       ഒവ്വാ….അറിയാം…..എന്നാലും വല്യേട്ടനെന്ന നെലയില്‍ കാര്യങ്ങള്‍
പറയേണ്ടത് ഞാനാണല്ലൊ….

       ഓ…..അതു ശരിയാ……

       എന്നാ നിങ്ങളൊക്കെയിരിക്ക്….എനിക്ക് കുറച്ച് ടിക്കറ്റു കൂടി വില്‍ക്കാനുണ്ട്…  വെയിലാറിയിട്ട് എല്ലാരും ചായയൊക്കെ തെളപ്പിച്ച്
കുടിച്ചിട്ട് ഇറങ്ങിയാല്‍ മതി…..

       ഇല്ല ഗണേശാ… ഇനി അധികം ഇരിക്കുന്നില്ല….ഓരോരുത്തര്‍ക്കും ഓരോ
ആവശ്യങ്ങളില്ലെ….. അവള്‍ക്കാണേല്‍ ഇപ്പം ഇറങ്ങിയാലേ സന്ധ്യക്ക് മുമ്പ് അവിടെ
എത്താന്‍ കഴിയൂ…..

       അത് പെങ്ങളെ ഉദ്ദേശിച്ചാണ്.

       യാത്രപറഞ്ഞ് ഓരോരുത്തരും ഇറങ്ങിയപ്പോള്‍ ഗണേശന് സമാധാനമായി, അങ്ങിനെ ഒരു വിഷയം തീര്‍ന്നിരിക്കുന്നു.@@@@@@@@




കള്ളന്‍ പവിത്രന്‍

പവിത്രന്‍
മോഷണത്തെ ഒരു കലയായിട്ടല്ല കാണുന്നത്
, സാംസ്കാരിക പ്രവര്‍ത്തനമായിട്ടാണ്.  സമൂഹത്തില്‍ അടിഞ്ഞുകൂടുന്ന ധന കൊഴുപ്പിനെ
സംസ്കരിക്കുന്നതായിട്ട്. സങ്കല്പിച്ച് വെള്ളരിക്കാപ്പട്ടണം തീര്‍ക്കുമെന്ന്
ഘോഷിക്കുന്ന ഉന്നത കുല രാഷ്ട്രീയനേതാക്കളുടെ, വന്‍വ്യവസായികളുടെ,
ഉദ്യോഗപ്രഭുക്കളുടെ വീടുകളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള നേരങ്ങളില്‍
കള്ളത്താക്കോലിട്ട് തുറന്ന് മാത്രം കൃത്യം ചെയ്തു വരുന്നു.  വീട്ടുകാര്‍ നിദ്രയുടെ ആഴക്കയത്തില്‍
കിടപ്പുണ്ടാകും. എണ്ണിയാലൊടുങ്ങാത്തതില്‍ നിന്ന്, രേഖകളില്‍
കാണത്തതില്‍ നിന്ന് മാത്രമേ എടുക്കത്തൊള്ളൂ. തുല്യ അവസരവും തുല്യ നീതിയും വിഭാവനം
ചെയ്യുന്ന രാജ്യത്ത് ചിലയിടങ്ങള്‍ മാത്രം മേദസ്സ് അടിഞ്ഞു കൂടുന്നതെങ്ങിനെയെന്നാണ്
പവിത്രന്‍ ചോദിക്കുന്നത്.  അത് നിയമത്തിന്‍റെ
കണ്ണില്‍പ്പെടാതെ, ആരും അറിയാതെ സംഭവിക്കുന്നതാണെങ്കില്‍
സംന്തുലിതാവസ്ഥ നില നിര്‍ത്താന്‍ വേണ്ടി ഒരു സത്ക്കര്‍മ്മം ചെയ്യുന്നു എന്നതാണ്
ചിന്ത….. അതുകൊണ്ട് ജയില്‍ വാസമോ, പേരുദോഷമോ സംശയകരമായൊരു
നോട്ടം പോലുമോ ഇതേവരെ അനുഭവിക്കേണ്ടി വന്നിട്ടുമില്ല.  എണ്ണിയാലൊടുങ്ങാത്ത മോഹന ദൃശ്യങ്ങള്‍
കിട്ടുകയും ചെയ്തിട്ടുണ്ട്.  അവയുടെ
ഒന്നും  വിഹിത -അവിഹിത വേര്‍ തിരുവുകള്‍
കണക്കുകൂട്ടിയിട്ടുമില്ല.  എവിടെ നിന്ന്,
എങ്ങിനെയെന്ന് തിരക്കാത്തൊരു ചെറിയ വിഭാഗം ഉപഭോക്താക്കളും
പവിത്രനുണ്ട്.  ഓ,  ഇതുതന്നെ അല്ലെ എല്ലാ
കള്ളന്മാരും പറയുന്നതെന്ന് നിങ്ങള്‍ക്ക് തോന്നാം, ആ തോന്നല്‍
അവിടെത്തന്നെയിരുന്നു കൊള്ളട്ടെ, ഈ കള്ളന്‍ പവിത്രന് ഒരു
പവിത്രതയൊക്കെയുണ്ടെന്ന് സ്വയമങ്ങ് തീരുമാനിക്കും. പക്ഷെ, കഴിഞ്ഞൊരു
നാള്‍ ഒഴിവാക്കാന്‍ കഴിയാതെ വന്ന ഉന്മൂലനക്രിയ കൊണ്ട് പവിത്രന്‍റെ സാസ്കാരിക
പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. 

       കറുത്തവാവിന്‍റെ അന്ന്, പാതിരാത്രി കഴിഞ്ഞ്,  വളരെ പ്രതീക്ഷയോടുകൂടി ആണ് കൃത്യ നിര്‍വ്വഹണത്തിന് എത്തിയത്. പക്ഷെ,
അവിടെത്തെ അന്തേവാസികള്‍ ഉറങ്ങിയിരുന്നില്ല.  അവര്‍ തീന്‍ മേശയിലായിരുന്നു.  അവന്‍ മറപറ്റി നിന്നു. കാഴ്ചകള്‍
വ്യക്തമായപ്പോള്‍ അവിടെ ഒരു അന്തേവാസിയേ ഉള്ളെന്നും അയാള്‍
വേട്ടക്കാരനായിരിക്കുകയാണെന്നും ഇര പേടമാനാണെന്നും, മാനിന്
ഇപ്പോഴും ജീവനുണ്ടെന്നും കണ്ടു.  പിന്നെ
പവിത്രന്‍റെ നിയന്ത്രണങ്ങള്‍ തകരുകയായിരുന്നു, പവിത്രനാകുകയായിരുന്നു…..

@@@@@