രാജാവ്
അങ്ങ് രാജാവായിരുന്നു
രക്തസിംഹാസനവും
ചെങ്കോലുമില്ലാതെ –
യങ്ങൊരു രാജാവായിരുന്നു
തെരുവുകള്‍തോറും
പ്രജകള്‍തന്‍ ചോറുണ്ട്
എത്രനാളെത്രനാള്‍ അങ്ങുപാര്‍ത്തു!
അന്നങ്ങ
ശത്രുവിൻ കീശയില്‍
പെട്ടൊരിമണ്ണിനെ,
പെണ്ണിനെ
മുക്തയാക്കാനുള്ള പാടിലായിരുന്നു.
വിക്കുന്ന വാക്കളില്‍
കത്തുന്നൊരഗ്നിയാല്‍,
കോറുന്ന വരകളില്‍
കാളുന്ന സൂര്യനായ്,
ഞങ്ങളുടെ
സിരകളില്‍ ജ്വാലയായ്
ബോധിയില്‍ കനലായ്
സ്വപ്നമായ്
ഒരു നാള്‍ വരുമങ്ങ് രാജനായ്,
അന്നാള്‍,
കത്തും വയര്‍നിറച്ചുണ്ണാമെന്നോര്‍ത്തും,
മഴയത്തു കുതിരാതെ,
വെയിലത്ത് പൊള്ളാതൊരു-
കൂരയിലുറങ്ങാമെന്നോര്‍ത്തും
എത്രനാള്‍, എത്രനാള്‍ കാത്തു ഞങ്ങള്‍ !
മുക്തയാക്കപ്പെട്ടൊരിപെണ്ണിന്നൊരു പാട് ഭൈമീകാമുകര്‍ലിമുന്നിലെത്തി –
യെന്നിട്ടമങ്ങൊരു ക്ഷത്രിയനാവാതെ
പ്രജകള്‍തന്‍ കൂരയില്‍ പാത്തിരുന്നു.
അന്നു ഞങ്ങളോതി,
ഒട്ടിയ കവിളുകളും
കുഴിഞ്ഞ കണ്ണുകളുമുള്ള
അസ്ഥിക്കോലങ്ങളായിരുന്നെങ്കിലും,
ഞങ്ങടസ്ഥികള്‍ പൂത്തുനിന്നകാലം,
രക്തം, ജ്വാലയാല്‍ ലാവയായിരുന്നകാലം,
വാളേന്തി, മഴുവേന്തി,
ഉടലെടുത്ത്, നിനമൊഴുക്കി
കോട്ടകള്‍ നേടുവാന്‍…………………..
പക്ഷെ, അങ്ങ് വാക്കളില്‍,
വരികളില്‍
സമരമായ്
കൂരകള്‍ക്കുള്ളെ പാര്‍ത്തിരുന്നു.
വേഴാമ്പല്‍ നാവിന്നൊരു തുള്ളിനീര്‍
പോലൊരുനാളിലങ്ങും രാജനായി,
സ്വപ്നമാമരം
പൂവിടും, കായ് വരും
തേന്‍പഴം കൊഴിയും നാള്‍ പാര്‍ത്തു
വ്യക്ഷ ചുവട്ടില്‍ കാത്തിരുന്നു.
ഞങ്ങളുടെ
പൂക്കാത്ത വസന്തവും,
വര്‍ഷവും,
വേനലും പോകവെ
വ്യര്‍ത്ഥമായ് മോഹങ്ങള്‍;
നീര്‍ക്കുമിള്‍ പോലെ തകര്‍ന്നു പോയി
എന്നിട്ടും അങ്ങിന്നും രാജാവാകുന്നു,
വാക്കളിന്‍ ശക്തിയില്‍,
വരകളിന്‍ യുക്തിയില്‍
അങ്ങിന്നും രാജാവാകുന്നു.
ഇനിയും പുലരുമോ ഞങ്ങടെ പകലവന്‍,
ചെങ്കതിര്‍ ഞങ്ങടെ കണ്‍കളില്‍ അഗ്നിയായ്,
സിരകളില്‍ ലാവയായ് പടരുമോ…
ഇനിയും വിരിയുമോ
ഞങ്ങടെ പൂവുകള്‍
നറുമണം നേടുവാന്‍,
മധുവുണ്ട്, മലര്‍ചൂടാനൊരു
മഠഗള സുദിനം വന്നീടുമോ?