“ സെൽഫി”കൾ കവിതകളാകുന്നതെപ്പോൾ….

അക്ഷരങ്ങളെ കൂട്ടിവായിക്കാൻ കഴിഞ്ഞപ്പോൾ, വാക്കുകളെ തെരൂത്ത്‌ വാചകങ്ങളുണ്ടാക്കുവാൾ തുടങ്ങിയപ്പോൾ ഉടലെടുത്ത മോഹമാണ്‌ കവിയാവുകയെന്നത്‌. ഒരു കവിതയെഴുതി, പത്തു കവിതകളെഴുതി ഒടുങ്ങാനുള്ളതായിരുന്നില്ല തീരുമാനം. എഴുത്തച്ഛനെങ്കിലുമാകണം. അല്ലെങ്കിൽ മഹാകാവ്യമെഴുതാത്തൊരു കുമാരനാശാ൯……

പഠനം തുടങ്ങി, ഒരുക്കങ്ങളായി, എഴുത്തോലയെത്തി, നാരായവുമെത്തി.

എഴുതി…

പൂക്കളെ, കിളികളെ, രാജാക്കളെ,
ദൈവങ്ങളെക്കുറിച്ചൊക്കെ…. കവികുല ഗുരുക്കൾ വിധിച്ചു, ഇതിലൊന്നും കവിതയില്ല… മണ്ണിലേയ്ക്കിറങ്ങി വരൂ…

പുഴുക്കളെ, കീടങ്ങളെ, മണ്ണിനെ, പെണ്ണിനെ, പുതിയ രാജാക്കളെ, പുതിയ ദൈവങ്ങളെ കണ്മിഴിച്ചു കാണൂ……. പുതുതായി, കവിഞ്ഞ ജ്ഞാനത്തോടെ എന്തെങ്കിലും എഴുതൂ…

എഴുതി.  പക്ഷെ, അതിലൊന്നും കവിതയില്ലായിരുന്നു. മണ്ണ്‌ ഭക്ഷണവും, പെണ്ണ്‌ സ്വപ്നങ്ങളും,
രാജാക്കൾ പുതിയ അടിമത്തവും ദൈവങ്ങൾ പുതിയ അന്ധതയും തന്നു.  ഒന്നും മനസ്റ്റിൽ കയറിയിരുന്ന്‌ ചിനച്ച്‌, മുറിച്ച്‌, പഴുത്ത്‌ ചല മൊഴുക്കിയില്ല. കാരണം, ഞാൻ അതിന്റെ

യൊക്കെ ഭാഗമാവുകയായിരുന്നു. സുഖം നേടുകയാകയായിരുന്നു. ഒഴുക്കിന്‌ അനുകൂലിച്ചാണ്‌ നീന്തിയത്‌. പിന്നെ എഴുത്ത്‌ കഥകളായി. അപ്പോഴും സ്വപ്നങ്ങൾ കണ്ടു.  സി വി രാമൻപിള്ള…..ഒ വി വിജയൻ….

എഴുതിയെഴുതി കൈ കഴച്ചപ്പോൾ എല്ലാം വിട്ട്‌ ജീവിക്കാൻ തീരുമാനിച്ചു. ജീവിച്ച്‌ തുടങ്ങിയപ്പോഴാണ്‌ അദ്ധ്വാനം വേണമെന്നറിഞ്ഞത്‌. അദ്ധ്വാനത്തിന് മടുത്ത്‌ പട്ടിണി കിടന്നു.

പട്ടിണി കിടന്ന്‌ മടുത്തപ്പോൾ ഭിക്ഷയെടുത്തു നോക്കി.. ഭിക്ഷകൊണ്ട്‌ തീറ്റ തികയാതെ അലച്ചിലായി.. ക്ഷീണിച്ച്‌ വൃക്ഷച്ചുവട്ടിൽ ബോധോദയത്തിനായി കാത്തിരുന്നു. ഒരു ബോധവും ഉദിച്ചില്ല. കണ്ട ഉദയങ്ങൾ പുതുമയുള്ളതോ ആഗ്രഹിച്ചതോ ആയിരുന്നില്ല. കോലം കെട്ടു. കെട്ട കോലത്തിലെന്തോ പുതുമ തോന്നി മൊബൈലിൽ പകർത്തി.. മുഖത്തിന്റ നേർകാഴ്ചകൾ മാത്രമല്ല, ചരിഞ്ഞതും, നവരസങ്ങൾ നിറഞ്ഞതും, ദേഹത്തിന്റെ മുഴുകാഴ്ചകളും പകർത്തി രസിച്ചു. പകർത്തിയതൊക്കെ തോന്നിയപ്പോഴൊക്കെ മുഖപുസ്തകത്തിലും ചേർത്തു വന്നു.

പെട്ടന്നൊരു കാറ്റടിച്ചതു പോലെ മാറ്റങ്ങളുണ്ടാവുകയായിരുന്നു. മുഖപുസ്തകത്തിൽ പലരും സുഹൃത്തുക്കളാകുന്നു, ഇഷ്ടങ്ങൾ രേഖപ്പെടുത്തുന്നു. ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. നിത്യവും പുതിയ സുഹൃത്തുളുണ്ടാകുന്നു, പുസ്തകം നിറയുന്നു.

രൂപവതികൾ, ലാസ്യവതികൾ,

പണ്ഡിതർ, പാമരർ,

ജനപ്രിയർ, മനപ്രിയർ,

നിയമജ്ഞർ, തത്വജഞാനികൾ,

പുതിയ രാജാക്കൾ, പുതിയ അടിമകൾ…

പുളകം കൊണ്ടു പോയി…

ദേഹമുണർന്ന് സുഖമൂർച്ഛയിലെത്തുന്നു പലപ്പോഴും…

ഒരു നാൾ, തിരഞ്ഞെടുത്തൊരു ലാസ്യയവതിയോടു തന്നെ ചോദിച്ചു…

പ്രിയയമുള്ളവളെ, നിനക്ക്‌ എന്നിലെ എന്തൊക്കായാണ്‌ ഇഷ്ടപ്പെട്ടത്‌ ഇത്ര മാത്രം രേഖപ്പെടുത്താൻ, പങ്കുവക്കാൻ….

ഹായ്‌, മിത്രമേ നിങ്ങളെന്താണ്‌ ചോദിച്ചത്‌….ഞാനിഷ്ടപ്പെട്ടത്‌ നിങ്ങളുടെ ദേഹത്തെയോ, മുഖത്തെയോ ചേഷ്ടകളെയോ അല്ല… നിങ്ങൾ പകർത്തിയ ചിത്രങ്ങളിൽ, നിങ്ങൾക്ക് പിറകിലുള്ള കാഴ്ചകളെയാണ്‌… പ്രകൃതിയെ, ജീവികളെ, ജീവിതത്തെ… അതെല്ലാം കവിതകളാണ്‌….അവിടെ നിന്നെല്ലാം കേൾക്കുന്നത്‌ വ്യത്യസ്തമായ കഥകളാണ്‌…

ഞാനൊന്നു തിരിഞ്ഞു നോക്കി…

എന്റെ മുഖ പുസ്തകത്തിന്റെ ഏടുകൾ മറിച്ചു നോക്കി…

അവൾ പറഞ്ഞത്‌ ശരിയാണ്‌…

കാട്‌,
പടല്, മേരുക്കൾ, പുഴകൾ, പൂക്കൾ, കായ്കൾ, പുഴുക്കൾ, ശലഭങ്ങൾ, മൃഗങ്ങൾ, മനുഷ്യർ… മറ്റ്‌ ജീവികൾ, ജീവിതങ്ങൾ…

എല്ലാം കവിതകളാകുന്നു……

കഥകളാകുന്നു…..

@@@@@@