വേട്ടക്കാരന്‍

സീൻ ഒന്ന്‌.

അസ്തമന സമയം. കടൽ തീരം — ബീച്ച്‌.

പടിഞ്ഞാറൻ വാനത്ത്‌ ചെഞ്ചായം കോരിയൊഴിച്ച്‌
സൂര്യൻ. മന്ദഹസിക്കുന്ന മുഖമാണ്‌ സൂര്യന്‌. തെളിഞ്ഞ ആകാശം, പ്രസന്നതയാണ്‌
എവിടെയും. ബീച്ചിൽ തിരക്കുണ്ട്‌.

കൂട്ടമായിട്ടുള്ളവർ, ജോഡികൾ, മക്കളോടൊത്ത ഫാമിലികൾ….

തിരക്കിൽ നിന്ന്‌ ഒറ്റപ്പെട്ട ഒരു
ഫാമിലി,

ബാലനായ മകൻ ഒറ്റക്ക്‌ മണലോരത്ത്‌ ഓടിക്കളിക്കുന്നു.
കടലിനെ തൊടുന്നു, പിൻ വാങ്ങുന്നു… അവൻ ആർത്തു രസിക്കുകയാണ്‌.

അവന്റെ അച്ഛനും അമ്മയും, മുപ്പത്തഞ്ചുകാരനും മുപ്പതുകാരിയും.

അവർ, അവരുടെ മാത്രം ലോകത്താണ്‌,
എങ്കിലും മകനെ ശ്രദ്ധിക്കുന്നുണ്ട്‌.

വാനത്തിലെ ചുവപ്പ്‌ അവളുടെ കവിളുകളിൽ
അരുണിമ ചാർത്തിയിട്ടുണ്ട്‌. അവൾ ഉല്ലാസവതിയാണ്‌, അവന്റെ തമാശകളിൽ
മോഹിതയാണ്‌.

Cut

സീൻ രണ്ട്‌

കൂട്ടത്തിനിടയിലൂടെ അയാൾ അലക്ഷ്യനാണെന്ന ഭാവത്തിൽ, സൂക്ഷ്മമായ നിരീക്ഷണത്തോടെ നടക്കുകയാണ്‌. അയാളുടേത്‌
വൃത്തിയുള്ള വസ്ത്രമാണ്‌, കുറ്റി രോമങ്ങൾ
നിറഞ്ഞ കവിളുകളാണ്‌, ചുവപ്പു നിറം ലേശം അധികരിച്ച കണ്ണുകളാണ്‌.
ഉറച്ച ദേഹം ഇരുണ്ട നിറത്തിലാണ്‌. അയാൾക്ക്
ഒരു വേട്ടക്കാരന്റെ മുഖമാണ്‌, കണ്ണുകളിൽ
വേട്ടക്കാരന്റെ സുക്ഷ്മതയുണ്ട്‌.

അയാൾ ഒരു ഇരയെ തിരയുകയാണ്‌.

അയാളുടെ ഇരകൾ സുന്ദരികളായ
സ്ത്രീകളാണ്‌, അയാളുടെ കണ്ണുകൾ സ്ത്രീകളെ നോക്കിയാണ്‌
അലയുന്നത്‌, സ്ത്രീകളുടെ മേനിയഴകിനെക്കാൾ ശ്രദ്ധയോടെ
വീക്ഷിക്കുന്നത്‌ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെയാണ്‌.

Cut

സീൻ മൂന്ന്‌

അയാളുടെ കണ്ണുകളിൽ അവനും
അവളും പെട്ടിരിക്കുന്നു.

അയാളുടെ മുഖത്ത്‌ സൂര്യനുദിച്ചതു പോലെ….. അയാളുടെ കണ്ണുകൾ അവളുടെ
മേനിയഴകിനെ കണ്ട്‌, കണ്ട്‌ ആഭരണത്തിലെത്തി
നിന്നു.

അയാളുടെ മുഖത്തി തൃപ്തി
വന്നു. പ്രതീക്ഷ വിരിഞ്ഞു.

അയാൾ മോബൈലിൽ വിളിക്കന്നു, പല പ്രാവശ്യം.
മോബൈൽ അറ്റന്റു ചെയ്തു കൊണ്ട്‌ ബീച്ചിന്റെ
പലയിടങ്ങളിലുമായിട്ട്‌ മറ്റു മുന്നു പേർ
കൂടി, കാഴ്ചയിൽ അയാളുടെ ശിഷ്യന്മാർ.

ശിഷ്യന്മാരും അവളെ നിരീക്ഷിച്ചു
തുടങ്ങുന്നു.

Cut

സീൻ നാല്‍

അയാളും മറ്റു മൂന്നു
പേരും അവനെയും അവളെയും വലയിലാക്കും
പോലെ വളഞ്ഞ്‌ കോണുകളിൽ നിൽക്കുന്നു.

അവനോ അവളോ അതൊന്നുമറിയാതെ മോഹിതരായിട്ട്‌
മങ്ങുന്ന സൂര്യനെ നോക്കിയികയാണ്‌.

അയാൾ മോബൈലിൽ ഒരു ശിഷ്യനോട്‌ പറയുന്നു: അവൻ
ഏതുനേരത്തും മൂത്ര
മൊഴിക്കാൻ പോകാം. അല്ലെങ്കിൽ കപ്പലണ്ടി
വാങ്ങാൻ പോകാം… അതുമല്ല…….

Cut

സീൻ അഞ്ച്‌

ആകാശം ഇരുളുന്നു,

കടലിളകുന്നു,

കടൽ കാക്കകൾ വാനത്ത്‌ ഭീതിയോടെ പറക്കുന്നു, തീരമാകെ ഭീതിയുടെ നിഴൽ പരക്കുന്നു, ഇരുളുന്നു.

വളരെ പെട്ടന്ന്‌ കടൽ മേലോട്ടുയർന്ന് കരയെ ഉള്ളിലെടുത്ത്‌…..

ഭയാനകമായ ആക്രോശത്തോടെ……

സുനാമി.

കൂട്ട നിലവിളികൾ, പ്രാർത്ഥനകൾ…

കടൽ കാക്കകളുടെ കലമ്പലുകൾ…..

Cut

സീൻ ആറ്‌

ശാന്തമായ തീരം, ശാന്തമായ കടൽ,

ആകെ വ്യാപിച്ച ഇരുട്ടിലും കിട്ടുന്ന
കാഴ്ചയിൽ മനുഷ്യ കബന്ധങ്ങൾ,

ഒറ്റപ്പെട്ടും, കൂട്ടോടുകൂടിയും, വിവസ്ത്രരായും,  വികൃതമായും, അങ്ങിനെ….

അവളെ കെട്ടിപ്പിടിച്ച്‌ വേട്ടക്കാരനും.

@@@@@