വാല്മീകം
രത്നാകരന്‍ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ് താളവും ലയമുണ്ട്. അവനോടൊത്ത് ഈണമിടാനും നൃത്തമാടാനും സ്‌നേഹിതരുമുണ്ട്.
അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തില്‍ തീര്‍ത്ത ചിത്രങ്ങളാണ്. ഒരായിരം വര്‍ണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താന്‍ ചിറകുകളുമുള്ള ചിത്രങ്ങള്‍.
അവന്റെ നീണ്ടുനിവര്‍ന്ന ദൃദ്മമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിവാസികള്‍ കരുതിയിരുന്നു. ചേരിയിലെ മുപ്പനും കാരണവന്മാര്‍ക്കും അവനെ വളരെ പഥ്യമായിരുന്നു.
പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ് അവന്‍ ആദ്യമായിട്ടാഗാനങ്ങള്‍ ചേരിവാസികള്‍ക്കായിട്ടാലപിച്ചത്.
എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവില്‍ വളര്‍ന്നു നില്‍ക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടില്‍ എല്ലാവരും വട്ടമിട്ടിരുന്ന്, അവര്‍ സ്വയംവാറ്റിയെടുത്ത സുര മോന്തുകയും,
ഏതോ കാട്ടുചെടിയുടെ ഇലകള്‍ അടര്‍ത്തിയെടുത്ത് ഉണക്കി പൊടിച്ച് മറ്റേതോ ചെടിയുടെ ഉണങ്ങിയ ഇലയില്‍ ചുരുട്ടി പുകച്ച് വലിക്കുകയുമായിരുന്നു.
സുരയിലും, പുകയിലും അവര്‍ ലോകങ്ങളെ, ദു:ഖങ്ങളെ, അവരെത്തന്നെ മറന്നവരുമായിരുന്നു.
ആനന്ദത്തിന്റെ മാസ്മരികമായൊരു വലയില്‍ അകപ്പെട്ട് പൊങ്ങുതടികളേപ്പോലെ ഒഴുകിനടക്കുകയായിരുന്നു.
അവര്‍ വൃദ്ധരും, ചെറുപ്പക്കാരും, സ്ത്രീകളും കുട്ടികളുമുണ്ട്.
അതൊരു വസന്തകാലാരവമായിരുന്നു. ചേരിയ്ക്ക് പുറത്തു വളര്‍ന്നു നില്ക്കുന്ന വനത്തില്‍ നിന്നും ഒരായിരം മണങ്ങള്‍ എത്തിക്കൊണ്ടിരുന്നു.
കഴിഞ്ഞ രാത്രിയില്‍, അവര്‍ നായാടിപ്പിടിച്ച കാട്ടുപോത്തിന്റെ മാംസം തീക്കുണ്ഡത്തിലിട്ട് വേവിച്ച്, ചെറിയ ചെറിയ കഷണങ്ങളാക്കി ഇലകളില്‍ നിരത്തിയിട്ട് ഏതെല്ലാമോ കാട്ടുചെടിയുടെ കായകള്‍ ഉണക്കിപ്പൊടിച്ച് വെന്തമാംസങ്ങള്‍ വിതറി തീറ്റ ഒരുക്കുകയാണ് ഒരു പറ്റം സ്ത്രീകള്‍.
അവന്‍ പാടി
ഒരു നാള്‍ ഞാന്‍ രാജാവാകും; ഞാന്‍ നിങ്ങളുടെ രാമനാകും ;
തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്റേതാകും;
എന്റെ സ്നേഹിതരെ നിങ്ങളെല്ലാം എന്റെ കൊട്ടാരത്തിലെ വാസികളാകും; നിങ്ങളോടൊത്ത് കേളിയാടുന്ന എന്നെ നിങ്ങള്‍ രാമനെന്നു വിളിയ്ക്കും.
ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.
ഈ തേവന്മാര്‍ നമ്മുടെ മണ്ണില്‍ നിന്നും അകന്നുപോകും;
ഈ തേവന്മാര്‍ എവിടെനിന്നോ വന്നവരാണ്; അവര്‍ നമ്മുടെ മണ്ണും വിണ്ണും കൈക്കലാക്കുകയായിരുന്നു. പെണ്ണും, പൊന്നും തട്ടിയെടുക്കുകയായിരുന്നു. മേനിയും വേലയും
കാല്‍ക്കലാക്കുകായിരുന്നു.
നമ്മുടെ മേനിയ്ക്ക് മണ്ണിന്റെ മണമുണ്ട്. വേലയുടെ ചൂടുണ്ട്, അവര്‍. തേവന്മാര്‍, വെളത്തു വിളറിയവരും മേധസ്സുകൂടി കൊഴുത്തവരുമാണ്.
ഞാനൊരുനാള്‍ രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും………….
അവന്‍ വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു. അവനോടൊത്ത് ചേരിയിലെ എല്ലാ പുരുഷന്മാരും പാടി. അവന്റെ പെണ്ണ് സ്രീതമ്മയോടൊത്ത് എല്ലാം സ്ത്രീകളും നൃത്തമാടി.
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരം, അവിടെ ആയിരക്കണക്കിന് ചേരിവാസികള്‍ പണിയെടുക്കുകയാണ്.
പാടവരമ്പുകളിലും, വരമ്പുകള്‍ ചേരുന്ന വഴികളിലും അവരെ നിയന്ത്രിക്കാനായി, പണികള്‍ ചെയ്യിക്കാനായി രാജാവിന്റെ കിങ്കരന്മാര്‍, ചാട്ടവാറുകളും, വടികളും, കുന്തങ്ങളുമായി കാവല്‍
നില്‍ക്കുന്നുണ്ട്. അവരെല്ലാം വെളുത്തവരും ചേരിമക്കള്‍ക്ക് മനസ്സിലാക്കാത്തഭാഷ സംസാരിക്കുന്നവരും, കോട്ടയ്ക്കുള്ളില്‍, നഗരത്തില്‍ പാര്‍ക്കുന്നവ രുമാണ്.
രത്നാകരനോട് അടുത്തുനിന്നുതന്നെയാണ് സീതമ്മയും പണിയെടുത്തിരുന്നത്. അവള്‍ മാത്രമല്ല, കൂട്ടുകാരനുള്ള എല്ലാചേരിപെണ്ണുങ്ങളും തങ്ങളുടെ സ്നേഹിതനോടൊത്താണ് പണിക്കിറങ്ങുന്നത്.
രത്നാകരന്‍ ശ്രദ്ധിച്ചു. സീതമ്മ അവന്റെ ദേഹത്ത് തൊട്ട് തൊട്ടാണ് നില്‍ക്കുന്നത്. അവളുടെ ദൃഡ്ദമമായ അവയവങ്ങളെ മറക്കാന്‍ നാമമാത്രമായ വസ്ര്രങ്ങള്‍ക്ക് കഴിയുന്നില്ല.
അവന്റെ കണ്ണുകളുടെ ശക്തി അവളുടെ മനക്കോണിലെവിടെയോ ഉടക്കിയിരിക്കുന്നു. അവള്‍ തല നിവര്‍ത്തി നിന്ന് അവനെ നേക്കി. അവളെത്തന്നെ നോക്കി നിന്നിരുന്ന രത്നാകരന്റെ കണ്ണുകളില്‍ നോക്കി അവള്‍ കണ്ണുകളാല്‍ എന്തെന്നു തെരക്കി.
അവന്‍ ഉത്തരം കൊടുത്തില്ല. അവന്റെ കണ്ണുകള്‍ ശൂന്യവും ആലംബമില്ലാതെ ബലഹീനവും ദു:ഖമയവുമായിരുന്നു.
അവന്‍ അവളെ കാണുമായിരുന്നു.
മുട്ടിനു താഴെ നഗ്നമായ കാലുകള്‍, ആഴക്കയത്തില്‍ വിരിയുന്ന ചുഴിപോലുള്ള പൊക്കിള്‍, ലവനും, കുശനും ആവോളം അമൃതുനുകര്‍ന്നിട്ടും ഉടയാത്ത മാറും ഓമനത്തമുള്ള മുഖവും, കണ്ണുകളും, ചുണ്ടുകളും…….
രത്നാകരന്റെ മനസ്സൊന്നു പിടഞ്ഞു.
ഇതേവരെ തേവരുടെ കണ്ണുകളില്‍ അവള്‍ പെട്ടിട്ടില്ല. ഒളിച്ചു നടക്കാന്‍ അവള്‍ക്ക് നന്നായറിയാം.
ചേരിയിലെ എല്ലാ പെണ്ണുങ്ങള്‍ക്കും അറിയാം. എന്നിട്ടും വളരെപ്പേര്‍ ആ കിങ്കരന്മാരുടെ കണ്ണുകളില്‍ പെടാറുണ്ട്.
രത്നാകരന്‍ ഓര്‍മ്മിച്ചു പോവുകയാണ്; അച്ഛന്‍ അവന്‍ പറഞ്ഞുകൊടുത്ത കഥ. ആ കഥ അച്ഛന് മുത്തച്ഛനില്‍ നിന്നും കിട്ടിയതായിരുന്നു.
ഈ കോട്ടയും, കൊത്തളവും നമ്മുടേതായിരുന്നു. നമ്മുടെ ഗോത്രത്തിന്റെ മൂപ്പൻ രാജാവായിരുന്നു. ഈ പാടശേഖരവും , വനാന്തരങ്ങളും കാടും, പടലും, കാട്ടുമൃഗങ്ങളും നമ്മുടേതായിരുന്നു.
നാം തന്നെ നമുക്കായിട്ട് അദ്ധ്വാനിച്ച് വിളവെടുത്ത് സുഖമായി വാണിരുന്ന കാലം. അച്ഛനെന്നോ, അമ്മയെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ, കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒത്ത് ഈ ഐശ്വര്യങ്ങളെല്ലാം കെട്ടിപ്പെടുക്കുകയായിരുന്നു.
ഒരു നാള്‍ എവിടെ നിന്നോ ഈ നായാടികള്‍ ഒരു പറ്റം ആടുമാടുകളുമായിട്ട് ഇവിടെ എത്തി.
നീണ്ടുനിന്നതും തുടരെ തുടരെയുണ്ടായ യുദ്ധത്തില്‍ നമ്മുടെ യോദ്ധാക്കളും മുത്തച്ഛന്മാരും, മുത്തശ്ശിമാരും കൊലചെയ്യപ്പെട്ടു. യുവതികളും, ബാലന്മാരും അടിമകളാക്കപ്പെട്ടു.നമ്മുടെ നഗരം അവര്‍ കൈയടക്കുകയും ചെയ്തു.
അവര്‍ വെളുത്ത നിറക്കാരും നമ്മുക്ക് മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്നവരുമായിരുന്നു.
അവര്‍ക്ക് ദൈവത്തിന്റെ രൂപമാണെന്നും; ദൈവത്തിന്റെ അവതാരങ്ങളാണെന്നും, ഇക്കാണുന്നതെല്ലാം, കറുത്തവരായ നമ്മളും. ഇക്കാടും പടലും കാട്ടുമൃഗങ്ങളും. പാടങ്ങളും
അവരുടേതാണെന്നും, അവര്‍ക്കുവേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നും, അവര്‍ ദേവന്മാരാണെന്നും, നമ്മള്‍
കാട്ടാളന്മാരാണെന്നും പറഞ്ഞു. കഥകളെഴുതി, പാട്ടുകളെഴുതി, പാടി നടന്നു, പറഞ്ഞു നടന്നു.
രത്നാകാരന്റെ മനം വിദ്വേഷത്താല്‍ പുകഞ്ഞു. കത്തി ജ്വലിച്ചു നില്ക്കുന്ന സൂര്യന് കീഴെ പാടത്ത് കുനിഞ്ഞുനിന്ന് വേലയെടുത്ത് അവന്റെ പുറംതൊലി പൊള്ളി കരുവാളിച്ചുപോയി. അവന്റെ മാത്രമല്ല, അവന്റെ പെണ്ണിന്റെ; ആയിരമായിരം ചേരിവാസികളായ ആണുങ്ങളുടേയും, പെണ്ണുങ്ങളുടേയും.
ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്നവന്‍ മോഹിച്ചുപോയി. വെള്ളക്കീറുകള്‍ കിഴക്കന്‍ മലനിരയില്‍ പ്രത്ൃക്ഷപ്പെട്ടപ്പോള്‍ പുളിച്ച പഴങ്കഞ്ഞി മോന്തി പാടത്തേയ്ക്ക് പോന്നതാണ്. ഇനിയും ഒരു പിടി വറ്റോ ഒരി തുള്ളി വെള്ളമോ ഉള്ളിലെത്തുന്നത് സന്ധ്യ മയങ്ങിക്കഴിഞ്ഞ്, അന്നത്തെവേലക്കൂലിയായി കിട്ടുന്ന ഒരു പിടിയോ രണ്ടു പിടിയോ യവം, കുടിലില്‍ കൊണ്ടുപോയി വേവിച്ച് കഴിയ്ക്കുമ്പോഴാണ്.
എങ്കിലും വിശപ്പാറുമോ; ഒരിക്കലും ആറാറില്ല. വിശപ്പാറ്റാനായി രാവുകളില്‍ തന്നെ ചേരിയിലെ ചെറുപ്പക്കാര്‍ കാട്ടില്‍ വേട്ടയ്ക്കു കയറുന്നു.
പാടവരമ്പിന് താഴെക്കൂടി ഒഴുകുന്ന അരുവിക്കരയിലേയ്ക്ക് പണിക്കാരുടെ ഇടയിലൂടെ പതുങ്ങി നടക്കാന്‍ അവന തോന്നിയതാണ്. പക്ഷെ, അപ്പോഴേക്കും അവന്‍ ഒരു കിങ്കരന്റെ കണ്ണില്‍പ്പെട്ടുകഴിഞ്ഞു. അയാള്‍ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി, പുലഭ്യം വിളിച്ച് ചാട്ടവാറുമായി അവനടുത്തേയ്ക്ക്
ഓടിയെത്തി. അവന്‍ പാടത്ത് കൂനിക്കൂടി നിന്ന് പണിയെടുത്തു. എന്നിട്ടും പൊള്ളിക്കരുവാളിച്ച അവന്റെ മുതുകില്‍ ചാട്ടവീണു, ഏഴോ എട്ടോ പ്രാവശ്യം.
അവന്‍ പുളഞ്ഞുപോയി
സീതമ്മ അവനില്‍ നിന്നും അകന്ന് മറ്റു പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഒളിച്ചുകളഞ്ഞിരുന്നു. അവളെ കിങ്കരന്‍ കാണാതിരിക്കാന്‍!
കിങ്കരന്‍ പുളിച്ച തെറികളുമായി വരമ്പിലേറിക്കഴിഞ്ഞപ്പോള്‍ സീതമ്മ അവനടുത്തെത്തി……………
ദൈവമേ ! അവന്‍ ഏറെ വേദനിച്ചത് അവളുടെ മുഖം കണ്ടിട്ടാണ്.
അവന്റെ കരളില്‍നിന്നും ദീനമായൊരു സ്വരം പോലെ ഗാനം പുറത്തേക്കൊഴുകി……..ഞാനൊരുനാള്‍
രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും……. ആ ഗാനം അവന്‍ അടുത്തുനിന്നവരും അതിനടുത്തുനിന്നവരും ഏറ്റുപാടി. ഏറ്റുപാടി, ഏറ്റുപാടി അവരുടെ മനസ്സുകളില്‍ സ്വപ്നങ്ങള്‍
വിരിയുകയായി……….. ആ സ്വപ്നങ്ങളെല്ലാം ഒത്തുകൂടി.
അവരെല്ലാം ഒത്തുകൂടി ഓരോ പിടി പുഴിയെടുത്ത് ഉമിനീരില്‍ കുഴച്ച് ഉരുളകളാക്കി അടുക്കി അടുക്കിവച്ചു. അടുക്കുകള്‍ ചേര്‍ന്ന് ചേര്‍ന്ന് പുറ്റുകളായി പുറ്റുകൾ ചേര്‍ന്ന് ചേര്‍ന്ന വളരെ വലിയൊരു
വാലമീകമായി.
ആ വാല്മീകം വളര്‍ന്നു വളര്‍ന്നു ആകാശം മുട്ടി…………..
വാല്മീകത്തിനുള്ളില്‍ അവരെല്ലാം ചിറകുകള്‍ മുളക്കാത്ത കീടങ്ങളായി ഒത്തുകൂടിയിരുന്നു.
പാട്ടുപാടി.
ഞാനൊരുനാള്‍ രാജാവാകും, ഞാന്‍ നിങ്ങളുടെ രാമനാകും……
രണ്ടു മൂന്നു നാളുകളായി തോരാത്ത മഴപെയ്തു കൊണ്ടിരിയ്ക്കുകയാണ്. അന്നും അവര്‍ വേല ചെയ്തു. കൂലിയായികിട്ടിയ രണ്ടുപിടി മലരുമായി രത്നാകരും, സീതമ്മയും കുടിലിലെത്തി. നനഞ്ഞു കുതിര്‍ന്നൊരു മുലയില്‍ ലവനും, കുശനും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയാണ്.
സീതമ്മ മലരും ചായ അനത്തിയ വെള്ളവുമായെത്തും വരെ രത്നാകരന്‍ മക്കളെ മടിയില്‍ ഇരുത്തി കെട്ടിപ്പിടിച്ചു ചുടേകി.
മലര് തുല്ല്യമായി വീതിച്ച് കഴിച്ച്, നിറയാത്ത വയറിന്റെ ബാക്കി ഭാഗം മുഴുവന്‍ ചായ വെള്ളത്താല്‍ നിറച്ചു.
കുടിലിന്റെ ഇലമറകളുടെ വിടവിലൂടെ തണുത്ത കാറ്റ് ഉള്ളിലേയ്ക്ക് ശക്തിയായിത്തന്നെ എത്തുന്നുണ്ട്. തണുപ്പ് അവരുടെ ശരീരങ്ങളില്‍ വിറയലായി പടര്‍ന്നു കയറുന്നു. നാലു ശരീരങ്ങള്‍
ഒട്ടിചേര്‍ന്നിരുന്നു.
മക്കളുടെ മയങ്ങുന്ന കാതുകളിലേയ്ക്ക് രത്നാകരന്‍ ഗാനമായി ഒഴുകിയിറങ്ങി.
ഞാനൊരുനാള്‍ രാജാവാകും ഞാന്‍ നിങ്ങളുടെ രാമനാകും……..
ലവന്റെയും, കുശന്റെയും മനസ്സില്‍ സ്വപ്നങ്ങള്‍ വാല്മീകം പോലെ മുളച്ചു വന്നു.
ഉമിനീരും, വിയര്‍പ്പും അവിടവിടെ തട്ടിപ്പൊട്ടിയൊലിച്ച രക്തവും ചേര്‍ത്ത് മണ്ണു കുഴച്ച് അവര്‍ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തികെട്ടി.
പുറത്ത് ൮൭ തിമര്‍ത്തുപെയ്തുകൊണ്ടേയിരുന്നു, കുടിലിനുള്ളിലേക്ക് ശക്തിയായി കാറ്റടിച്ചു കൊണ്ടേയിരുന്നു.
പൊടുന്നനെ ഉണ്ടായ ഒരു മിന്നലിന്റെ വെളിച്ചത്തിലും തുടര്‍ന്നുണ്ടായ ഇടിയുടെ ശബ്ദത്തിലും അവര്‍ ഞെട്ടിയുണര്‍ന്നു പോയി…
ഇടിമിന്നലില്‍നിന്നും കിട്ടിയ വെളിച്ചത്തില്‍ അവര്‍, യവനും, കുശനും കണ്ടു, അവരുടെ സ്വപ്നമായിരുന്ന വാല്മീകം തകര്‍ന്നുവീഴുന്നതും കുത്തിയൊഴുകുന്ന മഴവെള്ളത്തില്‍ ഒലിച്ചു
പോകുന്നതും……….
വെള്ളത്തില്‍ ഒലിച്ച്, പൊങ്ങിയും, താണും, അവര്‍ ചിറകുകള്‍ മുളയ്ക്കാത്ത കീടങ്ങളായി കരകാണാതെ ഒഴുകി നടന്നു.