രാധ = സ്നേഹം

നീയെന്നെ മറന്നുവോ രാധേ ?

പിച്ച വച്ചുയര്‍ന്നൊരെന്‍ കയ്യില്‍
വിരല്‍ തന്നു,

വിരലിന്റെ തുമ്പത്തു തൂക്കി

പിറകെ നടത്തി,
ഇടവഴികളിലുരുളാതെ,

പാടത്തു വീഴാതെ,

ഇടവഴികള്‍ തോറുമേ,

വരമ്പുകള്‍ തോറുമേ

എന്നയും മേച്ചു നടന്നു നീ, രാധേ……

പേക്കിനാരാക്കളില്‍
ഞെട്ടിപ്പിടയവെ,
മാറോടു ചേര്‍ത്തെന്നില്‍
സാന്ത്വനമായതും,
വിഹ്വല സന്ധ്യയില്‍
തപ്പിത്തടയവെ,

കയ്യില്‍ വടിയേകി

നീ മാര്‍ഗമായതും,
കത്തും ദിനങ്ങളില്‍
ഉരുകിയൊലിയ്ക്കവെ,
ഹേമന്തമായെന്നില്‍
മൂടിപ്പുതഞ്ഞതും

നീ മറന്നുവോ, രാധേ…..?

ചിറകുകള്‍ മുറ്റിത്തഴച്ചോരുച്ചയില്‍
നിന്നെ പിരിഞ്ഞു, പറന്നു ഞാന്‍,

തേടി ഞാന്‍, നേടി ഞാന്‍,
ഒരുപാടൊരുപാട്‌ കാതങ്ങള്‍ താണ്ടി ഞാന്‍,
കാണാത്ത തീരങ്ങള്‍,

നേടാത്ത മോഹങ്ങള്‍ ശേഷമില്ലെങ്കിലും
ഉള്‍ക്കാമ്പിലൊരു ചെറു നോവന

നിന്റെ സ്മരണകള്‍……….

എങ്ങു നീ, എങ്ങു നീ-

യെന്‍ പ്രിയരാഗമേ….?

തേടുന്നു നിന്നെ ഞാന്‍
വ്ൃയര്‍ത്ഥമാമെന്റെയീ സന്ധ്യയില്‍,
എങ്ങു പോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ..?

എന്‍ നിതൃരാക്കളിള്‍,

കര്‍ക്കിട രാക്കളിള്‍

എന്നുപ ബുദ്ധിയില്‍

പേനൃത്തമാടുന്നതെന്റെ മക്കള്‍,

വേട്ടയാടപ്പെട്ട്‌, പ്രേതമാക്കപ്പെട്ടെതെന്റെ മക്കള്‍.

ഇന്നലെ സന്ധ്യയില്‍.

കാര്‍ കൊണ്ട സന്ധ്യയില്‍,
കൂടണയാ പ്രാവെന്റെ പുത്രി,
കഴുകന്റെ കൊക്കിന്നിരയായി,

ഒരു പിടിത്തുവലായ്‌
കാറ്റത്തലഞ്ഞതെന്റെ പുത്രി.

മൂര്‍ത്തമാഠ വെട്ടത്തില്‍,
പകലിന്റെ വെട്ടത്തില്‍,

പാശിതന്‍ ഞാന്‍, എന്റെ മുന്നില്‍,
കുത്തിക്കീറപ്പെട്ടതെന്റെ പെണ്ണ്‌,
കാണികള്‍ കണ്ടില്ലെന്നോതി
ഭ്രാന്തയാക്കപ്പെട്ട്‌,
റോഡീലലയുവതെന്റെ പെണ്ണ്‌…

എങ്ങുപോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ….?
ഒരു നിത്യയുണ്മയായ്‌,

ഒരു ശക്തരാഗമായ്‌,

മാര്‍ഗ്ഗമായ, ശാന്തിയായ്‌, ഹേമന്തമായ്‌
നീയെന്നില്‍,

ഈ വിണ്ണില്‍ നിറയാത്തതെന്നതേ ?
എങ്ങു പോയ്‌,

എങ്ങു പോയ്‌ നീയെന്റെ രാധേ…?