ഭിന്നശേഷിത്വം വില്‍പ്പനക്ക് വച്ചവന്‍
രാവിലെ 6.30ന് ഗണേശന്‍ ജോലിക്കിറങ്ങും. എന്നു വച്ച് കിടക്കപ്പായില്‍ നിന്നും അങ്ങിനെ
തന്നെയിറങ്ങുമെന്ന് കരുതരുത്. അഞ്ച്
മണിക്ക് ഉണര്‍ന്ന് വൃത്തി, കുളിപണികളോക്കെ കഴിഞ്ഞ്,
കിടപ്പു മുറിയില്‍ തന്നെ ഭിത്തിയില്‍ തടികൊണ്ടു തീര്‍ത്ത അലമാരയില്‍
വച്ചിരിക്കുന്ന മുരുകന്‍റെ പടത്തിനുമുന്നില്‍ വിളക്കു കൊളുത്തി വച്ച് ഒരു നിമിഷം
കണ്ണടച്ചു നിന്നതിനുശേഷം….
കണ്ണടച്ചു നില്‍ക്കുമ്പോള്‍ ഇപ്രാവശ്യത്തെ ബംബര്‍ തനിക്കടിക്കണമെന്നൊന്നും
ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല. ഒന്നും
ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടുമില്ല. കണ്ണടച്ച് ഒരു നിമിഷ നേരത്തെ ധ്യാനം
മാത്രം.
അപ്പോഴും കിടക്കപ്പായില്‍ നിന്നും രണ്ടു മക്കള്‍
എഴുന്നേറ്റിട്ടുണ്ടാകില്ല. ഒന്നു
കിഴക്കോട്ടും ഒന്നു വടക്കോട്ടുമായിട്ട് കിടക്കുന്നുണ്ടാകും. എന്നു വച്ച് ഗണേശന്‍
അവരെ ശല്യം ചെയ്ത് വിളിക്കുകയൊന്നുമില്ല.
ശല്യം ചെയ്ത് വിളിക്കുകയെന്നു പറഞ്ഞാല്‍ ഗണേശനെപ്പോലെ ജീവിത
സാഹചര്യമുള്ളവര്‍ വിളിക്കുമ്പോലെ രണ്ടു തെറി പറയുകയോ, അല്ലെങ്കില്‍
കാലുകൊണ്ട് ഒന്നു തട്ടുകയോ ഒക്കെ….
മക്കളുടെ വലതുവശത്ത് കിടന്നിരുന്ന ഭാര്യ, സജിത
എഴുന്നേറ്റ് പോയിട്ടുണ്ടാകും. പക്ഷെ,
അവളുടെ പുതപ്പ് കോലം കെട്ട് അവിടെ തന്നെ കിടപ്പുണ്ടാകും. ഗണേശന്‍ കിടന്നിടം വൃത്തിയായിരിക്കും.
തലയിണയെടുത്ത് യഥാസ്ഥാനത്ത് വച്ച്, പുതപ്പു മടക്കി അഴയില്‍
തൂക്കി….
സജിത അപ്പോഴേക്കും മുഖം കഴുകി തുവര്‍ത്തി, മുടികോതി
ഒതുക്കി കെട്ടി, ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഗണേശന്‍റെ
മുന്നില്‍ പുഞ്ചിരിയുമായി നില്‍ക്കും.
അവനും ഒന്നു ചിരിക്കും, നിറഞ്ഞ സന്തോഷത്തില്‍
തന്നെ. സജിത നല്‍കുന്ന ചായ കുടിച്ച്
ഗ്ലാസ് തിരികെ കൊടുത്താല്‍ മുരുകനിരിക്കുന്ന അലമാരയില്‍, മുരുകനോട്
ചേര്‍ത്തു തന്നെ വച്ചിരിക്കുന്ന ബാഗെടുത്ത്, ഒരിക്കല്‍ കൂടി
വണങ്ങി, സജിതയെ നോക്കി യാത്ര പറയുമ്പോലെ ഒന്നു ചിരിച്ച് പുറത്തേക്കിറങ്ങും……
വലതു കൈയില്‍ ബാഗുതൂക്കി ഇടതു വശം ചരിഞ്ഞുള്ള പോക്കു നോക്കി സജിത കുറെ
സമയം നില്‍ക്കും, കണ്‍വെട്ടത്തു
നിന്നും മറയുന്നതു വരെ….
വികലാംഗത്വത്തെ , ഭിന്നശേഷിത്വത്തെ കച്ചവടത്തിനു
വച്ചവന്‍…..
അവളുടെ മനസ്സില്‍ അങ്ങിനെ ഒരു തോന്നലുണ്ടാകും, എന്നും. ആ തോന്നല്‍ അവളുടെ സ്വന്തമല്ല. സ്വന്തമല്ല എന്നു പറഞ്ഞാല്‍ അവളുടെ ചിന്തയില്‍
കുരുത്തതല്ല എന്നര്‍ത്ഥം. ഏതോ ഒരു നാട്ടു
കവി അങ്ങിനെ കാവ്യാത്മകമായി അലങ്കരിച്ചതാണ്.
ആരെന്ന് അവള്‍ക്കറിയില്ല. ഒരു
സന്തോഷ നിമിഷത്തില്‍, കുറെ നാളുകള്‍ക്ക് മുമ്പ്, അവന്‍റെ തളര്‍ന്ന ഇടതു കൈ തടവിക്കൊണ്ട്, ഇടതുകാലില്‍ മൃദുവായി
ഉഴിഞ്ഞുകൊണ്ടവള്‍ ചോദിച്ചു.
ആരാ അങ്ങിനെ പറഞ്ഞേ….
അറിയില്ല…..
അറിയില്ലെങ്കിലും അറിഞ്ഞാലും ഗണേശന് അതില്‍ വിരോധമില്ല. വിരോധമില്ലെന്നു മാത്രമല്ല, ഒരു സത്യമല്ലെ പറഞ്ഞിരിക്കുന്നെന്നാണ് ചിന്തിക്കുന്നത്. ശരിയ്ക്കും ബലഹീനതയെ, ഭിന്നശേഷിയെ
കച്ചവടത്തിന് വച്ചിരിക്കുക തന്നെയല്ലെ. വികലാംഗന്‍ ഭിക്ഷയെടുക്കുന്നത്
വ്യാപാരവീക്ഷണത്തില്‍ കച്ചവടം തന്നെയാണ്. ഞാന്‍ കണ്ണില്ലാത്തവനാണ് , കാലില്ലാത്തവനാണ്, ആവതില്ലാത്തവനാണ് എന്തെങ്കിലും തരണമെന്ന് പറയുന്നത്
ഭിക്ഷാടനമാണെങ്കിലും അതിലൊരു വ്യാപാരത്തിന്‍റെ ഉള്‍ക്കാമ്പുണ്ട്. പക്ഷെ, ഗണേശന്‍റെ ഇടതു
കൈയ്ക്കും ഇടതുകാലിനും ശേഷികുറഞ്ഞെങ്കിലും, ഇടതു വശം ചരിഞ്ഞ്
ഒത്തിയൊത്തി നടക്കുന്നണ്ടെങ്കിലും ഭിക്ഷാടനം ചെയ്യുന്നില്ല. വിശകലനം ചെയ്ത് വരുമ്പോളൊരു ഭിക്ഷ തന്നെയാണ്
ചോദിക്കുന്നതെങ്കിലും തരുന്ന കാശിന് ഒരു വസ്തു തിരിച്ച് കൊടുക്കുന്നുണ്ട്. ലോട്ടറി ടിക്കറ്റ്. വ്യാജനല്ല, കേരള സര്‍ക്കാരിന്‍റെ സ്വന്തം.
പണ്ട് പത്മനാഭന്‍റെ തുട്ട് എന്നു പറയുന്നതുപോലെ. തെളിച്ചു പറഞ്ഞാല്‍ മറ്റു തൊഴിലുകള്‍ എടുക്കാന്‍
കഴിയാതെ വന്നപ്പോള്‍ ലോട്ടറി കച്ചവടം തുടങ്ങിയെന്ന് സാരം. കൂടുതലൊന്നുമില്ല, ഒരു
സാധാരണ ദിവസത്തൊഴിലുകാരന് കിട്ടുന്ന അത്രയും. അഞ്ഞൂറു മുതല്‍ ആയിരം വരെ ലാഭം
കിട്ടും വിധം. അഞ്ഞൂറ്, അറുനൂറ്, എഴുന്നൂറ്….ബംബര്‍ ദിവസത്തില്‍ ആയിരം വരെ
കിട്ടാം.
രാവിലെ മുതല്‍ ഉച്ചവരെയാണ് ഗണേശന്‍റെ വ്യാപാരം. നിത്യവും പോകുന്നിടങ്ങളില്‍
തന്നെ. സ്ഥിരം ഉപഭോക്താക്കള്‍. എന്നും എടുക്കുന്നത് വിറ്റു തീര്‍ന്നിരിക്കും. തീരാതെ വരുന്നത് ബോണസ്സായിട്ടെന്തെങ്കിലും
കിട്ടുമെന്ന പ്രതീക്ഷയില്‍ സൂക്ഷിക്കും…. കിട്ടിയിട്ടുണ്ട് അഞ്ഞൂറും
ആയിരവുമൊക്കെ. വലിയ സ്വപ്നങ്ങളുണ്ട്
ഗണേശനും. നല്ലൊരുവീട്, കുട്ടികളുടെ വിദ്യാഭ്യാസം, മൂത്തത് മകളായതു കൊണ്ട്
നല്ലൊരു വിവാഹം. രണ്ടാമത്തത് മകനായതു
കൊണ്ട് നല്ലൊരു ജോലി. സ്വപ്നങ്ങള്‍ അങ്ങിനെ അടുത്ത കാലത്ത് സാധിച്ചു
തീരാനുള്ളതല്ല. പഞ്ചവത്സര പദ്ധതി പോലെ
നീണ്ടു പോകുന്നതാണ്. മകള്‍ക്ക് പത്തു
വയസ്സേ ആയിട്ടുള്ളൂ. മകന്‍ അതിലും താഴെയാണ്.
സജിതക്ക് ഇപ്പോഴേ മകളെ കുറിച്ചോര്‍ത്തിട്ട് വേവലാതിയാണ്. എങ്ങിനെ വേവലാതിയില്ലാതിരിക്കും എന്നവള്‍
ചോദിക്കും. ഗണേശന് തറവാട്ടില്‍ നിന്നും
വീതം കിട്ടിയതുകൊണ്ടാണ് മൂന്നു സെന്‍റ് സ്ഥലം വാങ്ങിയത്. അവള്‍ക്ക് കിട്ടിയ സ്വര്‍ണ്ണത്തുണ്ടുകള്‍
കൊണ്ടാണതിലൊരു കൂര തീര്‍ത്തത്.
കൂരയെന്നാല്‍ നാലു ചുവരുകളും ഹാസ്ബെറ്റോസ് കൊണ്ടൊരു മേല്‍ക്കൂരയും
മാത്രം. വെപ്പും തീനും കുടിയും ഇരിപ്പും
കിടപ്പും ഉറക്കവുമൊക്കെ അതില്‍ തന്നെയായിരുന്നു രണ്ടുകൊല്ലം മുമ്പു വരെ. രണ്ടു കൊല്ലം മുമ്പാണ് ജനകീയാസൂത്രണത്തിന്‍റെ
വീട് കിട്ടിയത്. അതിന് ഗണേശന്‍ കുറെ നാള്‍ കൊടിപിടിച്ച് ജാഥകളിലൊക്കെപോകുകയും ജയ്
വിളിച്ച് നടക്കുകയും ചെയ്തു. രണ്ടു
മുറിയുള്ള വാര്‍ക്കവീട്. പഴയ കൂര പൊളിച്ചതു
കൊണ്ട് ചാര്‍ത്ത് തീര്‍ത്ത് അടുക്കള.
പുറത്ത് ഒരു വൃത്തിപ്പുര. ഒന്നും
തേച്ചു മിനുക്കിയിട്ടില്ല. ജനാലകള്‍ക്കൊന്നും അടപ്പു വച്ചിട്ടില്ല. ജനാല
മറച്ചിരിക്കുന്നത് പഴയ സാരികള്‍
തുന്നിച്ചേര്‍ത്താണ്. പുറത്തു നിന്ന്
കാറ്റും ഈര്‍പ്പവും കയറാതെ, ജനാലക്ക് പുറത്ത് പ്ലാസ്റ്റിക്ക്
ഷീറ്റ് ആണിയടിച്ച് വച്ചിട്ടുണ്ട്.
മുന്നിലും പിന്നിലും രണ്ടു കതകുകള്‍, പട്ടികയറാതെ. മനുഷ്യന് അതിക്രമിച്ച് കയറുന്നതിന് ഒരു
വിഷമവുമില്ല. ശക്തിയായിട്ടൊന്നു തള്ളിയാല്‍
ഓടാമ്പല്‍ ഒടിഞ്ഞ് തുറക്കപ്പെടും.
ഉച്ചക്കു മുമ്പായിട്ട് ഗണേശന്‍ മടങ്ങുന്നത് നല്ല വിശപ്പുമായിട്ടാണ്. സജിത രാവിലെ കൊടുക്കുന്ന കട്ടന്‍ ചായക്കു ശേഷം
വില്പനക്കു കയറുന്ന ചായക്കടയില്‍നിന്ന് രണ്ട് ചായകൂടി കുടിച്ചിരിക്കും.
വളവ് തിരിഞ്ഞ് വീട് കണ്ണുകളില്‍
പെട്ടപ്പോള്‍ ഗണേശന്‍ അമ്പരന്നു പോയി. ഭയം ഉള്ളില്‍ മുളച്ച് ശരീരത്തു കൂടി വിറയലായി
പടര്‍ന്നു. നടപ്പിന് വേഗത കുറഞ്ഞു , കാളി നിന്ന വയര്‍
തണുത്തുറഞ്ഞു. വീട്ടില്‍, മുറ്റത്ത് നിറച്ച് ആളുകള്‍. നിരങ്ങി നീങ്ങുന്ന ചുവടുകളോടെ
ഉള്ളിലേക്ക് കയറിയ അവന്‍റെ മുഖത്തെ
അന്ധാളിപ്പ് തിരിച്ചറിഞ്ഞ് വല്ല്യേട്ടന്‍ പറഞ്ഞു.
ഗണേശാ… ഞങ്ങളെല്ലാരും കൂടി ഒന്നു വന്നുവെന്നേയൊള്ളൂ നീ വെഷമിക്കുവോന്നും വേണ്ട….
വീട്ടിലാകെയുള്ള രണ്ടു കസേരകളില്‍
രണ്ടു ചേട്ടന്മാര്‍ ഇരിക്കുന്നു. അവരുടെ
ഭാര്യമാര്‍, മക്കള്‍, അനുജനും
വീട്ടിലുള്ളവരെല്ലാരും, സഹോദരിയും അളിയനും മക്കളും. സജിതയുടെ അമ്മയും അച്ഛനും അളിയനും…..
അവര്‍ക്കെല്ലാര്‍ക്കും കൂടി ഇരിക്കാന്‍ പോയിട്ട് നന്നായൊന്ന് നിവര്‍ന്ന്
നില്‍ക്കാന്‍ കൂടിയിടമില്ലാത്ത അവന്‍റെ വീട്ടില്‍….
പെട്ടന്ന് അവന്‍റെ ഉള്ളൊന്ന്
കാളി. ഇവര്‍ക്കൊക്കൂടി വെച്ചു വിളമ്പി കൊടുക്കാന്‍ സജിത എന്തു ചെയ്തിട്ടുണ്ടാകുമോ
… ആവോ….
അവന്‍ അടുക്കളയിലേക്ക് കഴുത്ത് നിട്ടി നോക്കി. സജിത അവനെ കണ്ടു.
ഊണൊക്കെ റെഡിയാണേ… എല്ലാര്‍ക്കും ഇപ്പത്തരാം….
ഗണേശന്‍ സമാധാനിച്ചു. കരുതലില്‍
നിന്നെടുത്തതായിരിക്കും. പണ്ടത്തെ അമ്മമാര്‍ പിടിയരി സൂക്ഷിക്കുന്നതുപോലെ, നിത്യവും ചെലവിന് ഗണേശന്‍ കൊടുക്കുന്നതില്‍ നിന്നും സ്വരൂപിച്ചത്…..
അല്ലെങ്കില്‍ കടം വാങ്ങിയിരിക്കാം… എന്താകിലും സാഹചര്യത്തിനൊത്ത് സജിത ഉയര്‍ന്നിരിക്കുന്നു.
ഇതിനു മുമ്പ് ഇത്രയും പേരൊരുമിച്ച് അവന്‍റെ
ഈ വീട്ടില്‍ വന്നിട്ടില്ല. അവസാനം എല്ലാവരും കൂടിയത് അമ്മയുടെ മരണത്തിന് തറവാട്ടു
വീട്ടിലായിരുന്നു.
അപ്പന്‍റെ തൊഴില്‍ സ്വര്‍പ്പണിയായിരുന്നു. കുലത്തൊഴില്‍. പിതൃത്വ വഴിയെ കിട്ടിയത്. പിതാവ്
പേരെടുത്തൊരു സ്വര്‍പ്പണിക്കാരനൊന്നുമായിരുന്നില്ല. പല പേരെടുത്ത പണിക്കാരുടെയും സഹായിയായി നിന്ന്
ജീവിച്ചു പോന്നിരുന്ന ഒരാള്‍. അന്ന് അത്രക്കൊന്നും സ്വര്‍ണ്ണ
താല്പര്യമില്ലായിരുന്നു. സ്വര്‍ണത്തില്‍
മൂടിയ വധുക്കളെയൊന്നും കോടീശ്വര പുത്രികളില്‍ പോലും കാണാനുമുണ്ടായിരുന്നല്ല. സ്വര്‍ണ്ണത്തിലും മോടിയിലും ആര്‍ഭാടങ്ങളിലും
ആയിരുന്നില്ല ആസ്തി കണക്കുകൂട്ടലുകള്‍.
വസ്തു വഹകളിലും വിദ്യാഭ്യാസത്തിലുമായിരുന്നു.
അന്ന് സ്വര്‍ണ്ണ വ്യാപാരത്തിന്ന് ലൈസന്‍സ് കൊടുത്തിരുന്നത് സ്വര്‍പ്പണിക്കാരനായിരുന്നു. പണിയില്‍ വലിയ മഹത്വമൊന്നും പറയാനില്ലാതിരുന്ന
പൊന്നുമണി മൂപ്പര്‍ ഒരുസാധുവായിരുന്നു. പച്ചമലയാളത്തില്‍പറഞ്ഞാല്‍
വെള്ളം ചവച്ചു കുടിക്കുന്നവന്‍,
ശുദ്ധന്‍.
അപ്പന്‍റെ ലൈസന്‍സില്‍ ഒരു വ്യാപാരി
നഗരമദ്ധ്യത്തില്‍ തന്നെ ഒരു സ്വര്‍ണ്ണക്കട തുടങ്ങി. മോടിയില്‍ തന്നെ. വ്യാപാരി വാഗ്ദാനം ചെയ്തതു പോലെ ലക്ഷം
വീടുകോളനിയില്‍ നിന്നും ഞങ്ങളെ ഒരു കുഞ്ഞ് ഓടിട്ട, മനോഹരമായ
വീട്ടിലേക്ക് താമസം മാറ്റി തന്നു. അപ്പനും അമ്മയും അഞ്ചു മക്കളും. വലിയ കാറ്റും കോളും കൊള്ളാതെ പേമാരിയും
ഇടിമിന്നലും ഏല്‍ക്കാതെ കഴിഞ്ഞു കൂടി വര്‍ഷങ്ങള്‍……. വലിയഭാവനയും വൈദഗ്ദ്യവുമില്ലാത്ത അപ്പന്‍
താരമാലയും ജിമിക്കി കമ്മലുമൊക്കെ പണിത് കാലക്ഷേപം ചെയ്തു പോന്നു. കാലക്ഷേപം ചെയ്തു എന്നതിന് നന്നായി ജീവിച്ചു
എന്നും, അറ്റപ്പറ്റെ ജീവിച്ചു എന്നും അര്‍ത്ഥ വ്യത്യാസം
പറയാന്‍ കഴിയുന്നതു കൊണ്ട് തെളിച്ചു പറയാം.
അന്ന് ഞങ്ങളുടെ അയലത്തും അകന്നും താമസ്സിക്കുന്ന ബന്ധുക്കളും സ്നേഹിതരും
ജീവിച്ചിരുന്ന അത്ര നന്നായിട്ടല്ല, കഷ്ടിച്ച് കഴിഞ്ഞുകുടി
എന്നേ പറയാന്‍കഴിയൂ.
തല മൂത്തപ്പോള്‍ ഞങ്ങള്‍ മക്കളും കുലത്തൊഴില്‍ ചെയ്തു ജീവിച്ചു കളയാം
എന്നു തന്നയാണ് ചിന്തിച്ചത്. അങ്ങിനയേ
ചിന്തിക്കൂ ഏതു കുലത്തൊഴിലുകാരനും. പക്ഷെ,
പണിതു തുടങ്ങിയപ്പോഴാണ് മനസ്സിലാകുന്നത് ഞങ്ങള്‍ മക്കള്‍ക്കും
അപ്പനെപ്പോലെ താരമാലയും ജിമിക്കി കമ്മലും മാത്രമേ പണിയാന്‍ കവിയൂ എന്ന്. പക്ഷെ, ഞങ്ങള്‍ അപ്പനെ
പോലെ ആയിരുന്നില്ല. സ്വപ്നം കാണുന്നവരായിരുന്നു.
ചുറ്റും കണ്ണുള്ളവരായിരുന്നു. അയല്‍പക്കങ്ങളിലെ വികസനങ്ങള്‍ കാണുമ്പോള്‍
ആദ്യമൊക്കെ അസൂയയാണ് തോന്നിയത്. പിന്നാട് തിരിച്ചറിഞ്ഞു. അസൂയയെക്കാള്‍ നല്ലത്
മറ്റ് ജോലികളിലേക്ക് പോകുന്നതാണെന്ന്.
വിദഗ്ധ പണിപോലെ തന്നെ വിദ്യാഭ്യസവും ഞങ്ങളില്‍ നിന്ന് അകന്നാണ് നില്‍ക്കുന്നതെന്ന്
അപ്പോഴാണ് തിരിച്ചറിയുന്നത്. മക്കളില്‍ മൂത്തവന്‍ സ്വര്‍ണ്ണപ്പണി വിട്ട്
കല്പണിക്കാരനായി, രണ്ടാമത്ത ആള്‍ പലചരക്ക് കടയിലെ പൊതി
കെട്ടുകാരനായി, മൂന്നാമത്തവനായ ഞാന്‍ വീടുകള്‍ക്ക് പെയിന്‍റടിക്കുന്നവനും
അനുജന്‍ ടെസ്റ്റുകളെഴുതി സര്‍ക്കാരില്‍ പ്യൂണും പെങ്ങള്‍ വീട്ടുപണികള്‍ പഠിച്ച്
വിവാഹം ചെയ്ത് ജീവിതവും തുടങ്ങി.
അവിടംകൊണ്ട് അവസാനിക്കുന്നില്ലല്ലൊ ജീവിതം. വിവാഹം കഴിക്കണം, കുട്ടികളുണ്ടാകണം അവരെയൊക്കെ തീറ്റിപ്പോറ്റണം. അതൊക്കെയാണല്ലോ സമൂഹത്തില്‍ നടക്കുന്നത്.
സമൂഹത്തെ വിട്ട് നില്‍ക്കാനോ മാറി ചിന്തിക്കാനോ
കഴിയുന്നവരല്ലൊ പൊന്നുമണി മൂപ്പരുടെ മക്കള്‍. അതുകൊണ്ട് ഓരോരുത്തര്‍ വിവാഹം കഴിച്ചപ്പോള്‍
വാടക വീട്ടിലേക്ക് മാറി കൊണ്ടിരുന്നു.
നാലു ആണ്‍മക്കളും വിവാഹം ചെയ്ത്, ഗണേശന്‍ അടക്കം
മൂന്നു പേര്‍ മാറിത്താമസ്സിച്ചു വരവെ, സര്‍ക്കാര്‍ പ്യൂണായ
ഇളയവന്‍ അപ്പന്‍റെയും അമ്മയുടേയും കൂടെ തറവാടു വീട്ടില്‍ വാടക കൊടുക്കാതെ
ജീവിക്കുന്നതു കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് സഹിക്കുന്നതെങ്ങിനെ…… അമര്‍ഷം ഉള്ളില്‍ വച്ചു കൊണ്ടു നടന്നു എല്ലാവരും. അപ്പന്‍ മരിച്ചപ്പോള്‍ മുറുമുറപ്പ് പുറത്തു പറയാന്‍
ആലോചിച്ചതായിരുന്നു. അപ്പോള്‍ അമ്മയെ നോക്കുന്ന കാര്യം ചിന്തിച്ചപ്പോള്‍, സംസാരം കുറച്ചു കൂടി നീട്ടുന്നതാണ് നല്ലതെന്ന് ഗണേശനും രണ്ടു ചേട്ടന്മാരും
തീരുമാനിച്ചു, അമ്മയുടെ മരണം വരെ. അമ്മയുടെ പുലകുളി തീരും വരെ
അങ്ങിനെ തന്നെ തുടര്‍ന്നു. പുലകുളി തീര്‍ന്ന നാള്‍, ബന്ധുക്കള്‍
പിരിഞ്ഞപ്പോള്‍ ചേട്ടന്മാര്‍ തറവാടിന്‍റെ കാര്യം ഇനിയെന്തെന്ന് ചോദ്യമുതിര്‍ത്തു. പക്ഷെ, അനുജന്‍ എന്തും
ചെയ്യാന്‍ തയ്യാറായപ്പോള്‍ അവര്‍ മക്കള്‍ മാത്രമറിഞ്ഞ് കാര്യങ്ങള്‍
തീരുമാനമാക്കി. തറവാട് വിറ്റു കിട്ടിയ പണം
കൊണ്ട് നാലു ആണ്‍മക്കളും മൂന്നും നാലും സെന്‍റ് സ്ഥലത്ത് സ്വന്തം കൂരകള്‍ തീര്‍ത്തു. മകള്‍ക്ക് സന്തോഷത്തോടുകൂടി പാരിതോഷികം
കൊടുത്തു. പക്ഷെ, ഇതൊന്നുമല്ല
പറയാന്‍ വന്നത്, കഥ നടക്കുന്നത് പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക്
ശേഷമാണ്.
സന്ധ്യ കിഴക്ക് നിന്ന് കയറി വരുന്നതേയുള്ളൂ. ജോലികഴിഞ്ഞ് ഒരു ഇടുങ്ങിയ വഴിയെ നടന്നു
വരികയായിരുന്നു ഗണേശന്‍. ടാര്‍ വിരിച്ച
പാതയില്‍നിന്നും ഇടുങ്ങിയ വഴിയെ കയറിയാല്‍ അടുത്ത ടാര്‍ വിരിച്ച പാതയില്‍
കയറാം. വീട്ടിലെത്താനുള്ള ദൂരത്തിന്‍റെ
പകുതി അങ്ങിനെ ലാഭിക്കാന്‍ കഴിയും. ആള്‍പ്പാര്‍പ്പ്
കുറഞ്ഞയിടം, പകലത്തെ
ചൂടില്‍ ആലസ്യമാണ്ട് കിടക്കുന്ന തരിശ്ശ്
ഭൂമി, കുറച്ച് വേലിപ്പടര്‍പ്പുകളും മണ്ട കരിഞ്ഞ
തെങ്ങുകളും……
പെട്ടന്നാണ് കേട്ടത്, ഒറ്റപ്പെട്ട വീട്ടില്‍
നിന്നുള്ള സ്ത്രീയിടെ കരച്ചില്‍… വഴിയില്‍ നിന്നുതന്നെ ദൃശ്യമാകുന്ന, വാതിലടഞ്ഞു കിടക്കുന്ന വീട്ടില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ, അല്ല ഒരു പെണ്‍കുട്ടിയുടെ
കരച്ചില്‍….. പിന്നീടവന് മുന്നോട്ട്
നടക്കാനായില്ല. ആ വീട്ടില്‍ നിന്നും വഴിയിലേക്കിറങ്ങുന്ന പാതയെ മറികടക്കാന്‍ അവന്
ഭയം തോന്നി, വല്ലാത്തൊരു വിറയല്‍…
വീട്ടില്‍ നിന്നുള്ള ശബ്ദങ്ങല്‍ ഉച്ചത്തിലായിട്ട് ഒടുങ്ങിയപ്പോള്‍ അവന്‍റെ
വിറയല്‍ കുറഞ്ഞു. ശരീരം ശാന്തമായി
വന്നപ്പോള്‍ മുന്നോട്ട് നടന്നു. നീങ്ങവെ, വീട്ടില്‍ നിന്ന്
മൂന്നുപേര്‍ പുറത്തേക്ക് വന്നു.
അവന്‍റെ കണ്ണുകള്‍ക്കു മുന്നില്‍….
അവരുടെ കണ്ണകുള്‍ക്ക് മുന്നില്‍ അവനും…..
പെട്ടന്നവര്‍ ഓടി വീടിന്‍റെ പിന്നാമ്പുറത്തു കൂടി കയ്യാലകള്‍ കയറി അടുത്ത
പറമ്പിലെ വൃക്ഷങ്ങളുടെ, സന്ധ്യയുടെ മറവിലേക്ക് ലയിച്ചു. അവന്‍
പിന്നിലേക്ക് ഓടി ഇടുങ്ങിയ വഴിയില്‍ കയറിയ ടാര്‍ വിരിച്ച പാതയിലൂടെ
വീട്ടിലേക്ക് നടന്നു. ആരോടും ഒന്നും
പറഞ്ഞില്ല. വീട്ടിലും
നിശബ്ദനായിരുന്നു. അവന്
പനിക്കുന്നുണ്ടെന്ന് സജിത കണ്ടെത്തി.
നെറ്റിയില്‍ ഉപ്പുനീര്‍ നനച്ച് ഒരു കീറ് തുണി ഒട്ടിച്ചു. ചുക്കും
കുരുമുളകും തുളസിയിലയും ഇട്ട് തിളപ്പിച്ച്, കഷായം
കുടുപ്പിച്ചു. അവന്‍റെ പനി വിടുകയോ വിയര്‍ക്കുകയോ
ചെയ്തില്ല. നേരും പുലരും വരെ കിടുകിടുത്തു വിറച്ചിരുന്ന അവനെ പുതപ്പിച്ച്, കെട്ടിപ്പിടിച്ച് അവള്‍ ഉറങ്ങാതെ കിടന്നു.
അവന്‍ നാവിറങ്ങിപ്പോയതുപോലെ ഒന്നും പറഞ്ഞില്ല. എന്നും ജോലിക്കു പോകും പോലെ അന്നും പോയി. സാധാരണയായി ചെയ്തിരുന്ന യാത്ര പറച്ചിലും
ചിരിയും കളിയും സന്തോഷവും കണ്ടില്ല. സജിതക്കതില്‍
സംശയങ്ങള്‍ ഉണ്ടായി അവള്‍ എന്തൊക്കയൊ ചോദിച്ചു കൊണ്ടിരുന്നു. അവന്‍ നിസ്സഹായനായി നോക്കുക മാത്രം ചെയ്തു.
അവള്‍ക്ക് അതൊട്ടു മനസ്സിലായതുമില്ല. അവന്‍
പോകുന്നതു നോക്കി നിന്നു. അവന്‍ തിരിഞ്ഞു
നോക്കിയതേയില്ല.
അവന്‍ അന്ന് ജോലി സ്ഥലത്തേക്ക് പോയില്ല.
തലേന്നാളത്തെ കാഴ്ചകള്‍ക്ക് ബാക്കി കിട്ടാവുന്ന ദൃശ്യങ്ങള്‍ തേടി ആള്‍ക്കൂട്ടത്തിനിടയില്‍
ആരാലും ശ്രദ്ധിക്കപ്പെടാതെ കണ്ടു നിന്നു.
ആ വീട്ടില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. അതിന്‍റെ ബാക്കി വിശേഷങ്ങള്‍ അവിടെ നടന്നു
കൊണ്ടിരുന്നു. അവിടെ അവന്‍ ഒരു സാധാരാണ
കാഴ്ചക്കാരന്‍ മാത്രമായി.
വീട്ടിനുള്ളില്‍ ഒരു മുറിയില്‍ നിലത്താണ് പെണ്‍കുട്ടി കിടക്കുന്നത്. അവന് ജനാല വഴി കാണാം. അവന് മുന്നില്‍ കുറെപ്പേര്‍ അതു കണ്ട് നില്‍ക്കുന്നുണ്ട്. മുറിക്കുള്ളില്‍ പോലീസുകാരുണ്ട്, യൂണിഫോമില്ലാത്ത
പലരുമുണ്ട്. ഫോട്ടോ എടുക്കുന്നുണ്ട്. അടുത്ത
മുറിയില്‍ നിലത്ത് തന്നെ പെണ്‍കുട്ടിയുടെ അമ്മ തളര്‍ന്ന കിടക്കുന്നുണ്ട്, നിലത്ത് കുന്തിച്ചിരിക്കുന്നത്
അച്ഛനാകാം. അവരെ
സാന്ത്വനപ്പെടുത്തുന്നതിനായി കുറെ ബന്ധുക്കളുമുണ്ട്. മറ്റ് പലരുമുണ്ട്.
അന്നു മുഴുവന്‍ അവിടെ കറങ്ങി നടന്നു.
പോലീസ് പോയിക്കഴിഞ്ഞ്, പെണ്‍കുട്ടിയെക്കൊണ്ട്
ആമ്പുലന്‍സ് പോയിക്കഴിഞ്ഞിട്ടും കാഴ്ചക്കാര്‍ പിരിഞ്ഞു കഴിഞ്ഞിട്ടും, ബന്ധുക്കള്‍ മാത്രം വീട്ടിലും പരിസരത്തും തുടര്‍ന്നപ്പോഴും അവന്‍ റോഡില്‍
എന്തോ തിരയുന്നതുപോലെ സന്ധ്യവരെ തങ്ങി നിന്നു.
പിന്നീട് അടുത്ത നാല്കവലയില്‍,
അതിനടുത്ത മുക്കവലയില്‍ പലരും പറയുന്നതു കേട്ടു നടന്നു.
പെണ്‍കുട്ടിക്കെതിരെ ലൈംഗീകപീഡനശ്രമം നടന്നിട്ടുണ്ട്, ആഗ്രഹം തടസ്സപ്പെടുത്തിയപ്പോള്‍ കൊലചെയ്യേണ്ടി വന്നതാണ്…. ചെയ്തത്
അന്യനാട്ടുകാരാണ്… അപരിചിതരാണ്…. അല്ല….നാട്ടുകാരാണ്….പെണ്‍കുട്ടിക്ക്
മുമ്പ് പരിചയമുള്ളവരാണ്… ഒറ്റയ്ക്ക് ഉണ്ടാകുന്ന സമയം നോക്കി
വന്നിട്ടുള്ളതാണ്. വിദ്യാര്‍ത്ഥിയായിരുന്നു.
ഇളയകുട്ടികള്‍ സ്കൂള്‍ വിട്ടെത്തിയിരുന്നില്ല.
ഗണേശന്‍ വളരെ വൈകിയാണ് വീട്ടിലെത്തയത്. തളര്‍ന്ന് അവശതയുള്ള അവന്‍റെ മുഖം,
ദേഹം സജിതക്ക് വേഗം മനസ്സിലായി.
അവന്‍റെ മണം ഇന്ന് ജോലി ചെയ്യാത്ത ആളുടേതാണെന്നന് അവള്‍
തിരിച്ചറിഞ്ഞു.
എന്താണേട്ടാ….
ഒന്നും പറയാന്‍ കഴിയാതെ അവന്‍ അവളുടെ കണ്ണുകളില്‍ നോക്കിയിരുന്നു. കുട്ടികള്‍ തറയില്‍ വിരിച്ച പായയില്‍
ഉറക്കമായിരുന്നു. അവളോട് ചേര്‍ന്നു അവന്‍
ഇരുന്നു. അവന്‍റെ കണ്ണുകളിലെ ഭീതി അവള്‍ക്ക്
കാണാന്‍ കഴിയുന്നുണ്ട്. അവള്‍ വീണ്ടും
വീണ്ടും എന്താണ് കാര്യമെന്ന് തിരക്കി. മെല്ലെ അവനെല്ലാം പറഞ്ഞു.
ഗണേശന്‍ പിന്നീടി അതു വഴി പോയില്ല.
സജിതയുടെ സാന്ത്വനം, കഥകള്‍ പറഞ്ഞ് മനസ്സിനെ ഉണര്‍ത്തല്‍,
ജീവിതത്തെകുറിച്ച് ഓര്‍മ്മപ്പെടുത്തല്‍, എല്ലാമായി
അവന്‍ പെയിന്‍റിംഗ് ജോലിയിലേക്ക് തിരിച്ചു വന്നു.
അതു വഴി താണ്ടി പോകേണ്ടിയിരുന്ന പണിയിടത്തു നിന്നും കരാറു പണിക്കാരനോട്
മുട്ടായുക്തികള്‍ പറഞ്ഞ് സ്ഥലംമാറ്റം വാങ്ങി.
ഭിത്തിയില്‍ പുട്ടി വിരിച്ചും,
സാന്‍ പേപ്പര്‍ കൊണ്ട് ഉരച്ച് മിനുക്കിയും ശ്വാസകോശത്തില്‍
പൊടികയറാതെ മാസ്കും വച്ചും അവന്‍ ജോലികള്‍ ചെയ്തു വന്നു. അവന്‍റെ ആശാന്‍ അവനെക്കൊണ്ട് ഒരിക്കല്‍ പോലും
കളര്‍ മിക്സ് ചെയ്യിച്ചില്ല. സമയം കളയാതെ
ജോലി ചെയ്തു വന്നിരുന്നെങ്കിലും, ചെയ്യുന്ന ജോലിയില്‍
വൃത്തിയുണ്ടെങ്കിലും കളര്‍ സെന്സ് കുറവാണെന്ന് ആശാന്‍ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരുന്നു. അക്കഥകള്‍ കേള്‍ക്കുമ്പോള്‍ സ്ഥിരമായി സജിത
പറയുന്ന ഒരു മറുപടിയുണ്ട്.
നിങ്ങളെ എന്നന്നേക്കുമായിട്ട് കൂടെ നിര്‍ത്താനുള്ള ആശാന്‍റെ
ബുദ്ധിയാണതെന്ന്. പക്ഷെ അവനതില്‍
പരാതിയും കുശുമ്പും തോന്നിയില്ല. അവന്
നിത്യവും ജോലി വേണം, കൂലിയും……
ജീവിതം തെറ്റില്ലാതെ മുമ്പോട്ടു പോയി.
വല്ലപ്പോഴും കൂട്ടുകൂടുമ്പോള്‍ രണ്ട് പെഗ്ഗടിച്ച് മിനുങ്ങി, ദിവസവും മൂന്നു നാലു സിഗററ്റ് വലിച്ച്, ചിലപ്പോഴൊക്കെ
വെറ്റിലകൂട്ടി മുറുക്കി…..ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്ക് രണ്ടു കിലോ ബീഫ് വാങ്ങി,
ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ചാള മീന്‍ വാങ്ങി… മാസത്തിലൊരിക്കല്‍
ഭാര്യയെയും മക്കളെയും കൂട്ടി ഒരു സിനിമക്ക് പോയി. സന്തോഷമായിട്ടങ്ങിനെ കഴിഞ്ഞു
വന്നിരുന്ന അവന്‍ പലതും മറക്കുന്നുണ്ടെന്ന് സജിത തിരിച്ചറിയുന്നുണ്ട്. എനിക്ക് വല്ലാത്ത മനസ്സാക്ഷികുത്തുണ്ടെന്ന്
ഇടക്കിടക്ക് പറയുകയും ചെയ്യുന്നതു കേള്‍ക്കുമ്പോള്‍ അവള്‍ക്ക് പേടിയുമുണ്ട്. അയല്‍ പക്കത്തു വീട്ടില്‍ വരുന്ന പത്രം
അവളെന്നും വായിച്ചുതുടങ്ങി, ടിവിയില്‍ വരുന്ന പെണ്‍കുട്ടിയെ
കുറിച്ചുള്ള വാര്‍ത്ത സ്ഥിരം ശ്രദ്ധിച്ചു പോന്നു, കാര്യകാരണങ്ങള്‍
സഹിതം എന്നും അവനോട് സംസാരിച്ചും വന്നു.
ഒരു രാത്രി….
അവന്‍ ജോലി ചെയ്ത വീടിന്‍റെ കയറി പാര്‍ക്കുന്നതിന്‍റെ വകയില്‍ കഴിച്ച അമിത
ഭക്ഷണത്തിന്‍റെ ആലസ്യവും ഭക്ഷണം ദഹിക്കാനായിട്ട് കഴിച്ച മദ്യത്തിന്‍റെ ലഹരിയും
ശരീരത്തെ തളര്‍ത്തിയിരുന്നു. വീട്ടിലെത്താന്‍ ഇനിയും ഒരു കിലോമീറ്റര്‍
നടക്കേണ്ടിയിരുന്നു. ആള്‍പ്പാര്‍പ്പ്
കുറഞ്ഞിടത്ത് മന്നൂ പേര്‍ അവനെ വഴിയില്‍ തടഞ്ഞു. ഇരുട്ടില്‍ ആമുഖങ്ങള്‍ ആദ്യം
വ്യക്തമായില്ല.
ഗണേശാ നീ ഞങ്ങളെ ഓര്‍ക്കുന്നോ….
എതിരെ വന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ ആ മുഖങ്ങള്‍
അവന്‍
കണ്ടു. അവന് ഓര്‍മ്മിക്കാന്‍
കഴിയുന്നുണ്ട്. പെണ്‍കുട്ടി കൊല ചെയ്യപ്പട്ട അന്ന് അവന് അഭിമുഖമായി വന്ന മൂന്നു പേര്‍…. അവനെ
കണ്ടിട്ട് വീടിന്‍റെ പിന്നാമ്പുറത്തു കൂടി ഓടി അകന്നവര്‍…..
ഒരാള്‍ പറഞ്ഞു.
ഒരുത്തനെ പോലീസു പിടിച്ചിട്ടുണ്ട്…. ആ പെണ്ണിനെ കൊന്ന കേസ്സില്‍
….അവന്‍ സമ്മതിക്കുകയും ചെയ്തു…. നീ അന്ന് അവനെയാണ് കണ്ടതെന്ന് പോലീസില്‍
പറയണം…..
അതിന് ഞാനൊന്നു കണ്ടിട്ടില്ലല്ലോ….
ഹേയ്….കണ്ടിട്ടില്ലായിരിക്കാം…. പക്ഷെ, നീ അവന്‍
വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നതു കണ്ടെന്നങ്ങ് പറഞ്ഞാല്‍ മതി….
ഹേയ്….ഞാനൊന്നും കണ്ടിട്ടില്ല….എനിക്ക് ഒന്നും അറിയുകേമില്ല….
അതു പോരല്ലൊ ഗണേശാ…. നീ കണ്ടെന്ന് പറയണം…. അത് അവനെ തന്നെ ആണെന്ന്
പറയുകയും ചെയ്യണം…..
അയ്യോ…എന്നെക്കൊണ്ട് അതിനൊന്നും കഴിയില്ല….
ഇരുമ്പു വടികൊണ്ട് തലക്കു പിന്നില്‍ ശക്തിയായൊരു അടിയാണ് ആദ്യം
കിട്ടിയത്… പിന്നീട് ദേഹത്ത് പലയിടത്തും…
ബോധം മറഞ്ഞു പോയി. ഉണര്‍ന്നപ്പോള്‍
സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍….. അരുകില്‍ സജിതയും….
ബോധം നന്നായി തെളിഞ്ഞപ്പോള്‍ സജിത ചോദിച്ചു….
എന്താ ചേട്ടാ പറ്റിയത്….
അവന്‍ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സജിത വീണ്ടു പറഞ്ഞു.
വണ്ടി മുട്ടിയതാണെന്നാണ് ഇവിടെ കൊണ്ടു വന്നവര്‍ പറഞ്ഞത്, ചേട്ടന്‍ നല്ല വെള്ളത്തിലായിരുന്നു, വണ്ടിക്കു
മുന്നിലേക്ക് ചാടുവാരുന്നു. കേസ്സൊന്നും
വേണ്ടെന്ന് പറഞ്ഞ് അവര് ചെലവിന് കാശു തന്നു.
ആണോ…. ആയിരിക്കാം….
കൊണ്ടു വന്നത് അവര്‍ തന്നെ ആയിരിക്കാം.
വണ്ടിമുട്ടിയതാണെന്ന് അവരൊരു കഥയുണ്ടാക്കിയതുമാകാം. ഗണേശന്‍ മറ്റൊന്നും
ആരോടും പറഞ്ഞില്ല. വണ്ടി മുട്ടിയതു തന്നെയെന്ന് സ്വയം തീരുമാനിക്കുകയും ചെയ്തു.
മാസങ്ങള്‍ കഴിഞ്ഞ് ആശുപത്രി കട്ടിലില്‍ നിന്ന് എഴുന്നേറ്റ് നടന്നു
തുടങ്ങിയപ്പോള്‍ മനസ്സിലായി ഇടതുകാലും ഇടതു കൈയ്യും തളര്‍ന്നു പോയിരിക്കുന്നു.
ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടിയിരിക്കുന്നു, ഇടത് കണ്ണിന്‍റെ
കാഴ്ച കെട്ടിരിക്കുന്നു.
വികലാംഗനാക്കപ്പെട്ടിരിക്കുന്നു, ഭിന്നശേഷിക്കാരനെന്നും
പറയാം…..
ജീവന്‍ തിരിച്ചു കിട്ടിയല്ലോ…
അതുമതി… തെണ്ടിയായാലും ജീവിക്കാം…
ആശുപത്രി ഡിസ്ച്ചാര്‍ജ് പേപ്പര്‍ നോക്കിയിരിന്ന് വല്യേട്ടന്‍ അങ്ങിനെ
പറയുമ്പോള്‍ ഗണേശന്‍റെ മനസ്സ് കലങ്ങി.
അപ്പോള്‍ വല്യേട്ടന്‍ പിന്നെയും പറഞ്ഞു.
നീ വെഷമിക്കാന്‍ പറഞ്ഞതല്ല…. പണിയൊക്കെ വല്യ കഷ്ടത്തിലാണ്… ഒരുത്തന്‍റെയും
കയ്യില്‍ കാശില്ല… തീരെ പണിയില്ല….
വീട്ടില്‍ തിരിച്ചെത്തി, വിശ്രമിക്കണമെന്ന് ഡോക്ടര്‍
പറഞ്ഞ കാലഘട്ടത്ത്, നിലത്ത്, വെള്ള
പൂശാതെ ഇരുണ്ടു പോയ വാര്‍ക്ക നോക്കി
കിടക്കുമ്പോള്‍ അവര്‍ വീണ്ടും
വന്നു.
ഗണേശാ…. നീ തെണ്ടി ജീവിക്കുകയൊന്നും വേണ്ട….നിനക്കന്തെങ്കിലും
പണിയെടുത്തു ജീവുക്കാനുള്ള സഹായം ചെയ്യാം….അതുവരെ ചെലവിലനുള്ളത് ഇവിടെ എത്തിച്ചു
തരാം. പക്ഷെ, നീ
ഒരിക്കലും കോടതിയില്‍ വരരുത്, പോലീസില്‍ വരരുത്….. വന്നാല്‍…..
നിനക്കൊരു മകളുണ്ടെന്ന് ഓര്‍ക്കണം….. കാണാന്‍ കൊള്ളാവുന്ന
ഭാര്യയാണുള്ളതെന്ന് ഓര്‍ക്കണം…..നീണ്ട വല്യ ഒരു ജീവിതമുണ്ടെന്ന് ഓര്‍ക്കണം….എന്തെങ്കിലും
സംഭവിച്ചു പോയാല്‍ നിനക്കു വേണ്ടി ചോദിക്കാന്‍ ഈലോകത്ത് ഒരു പട്ടിയും
ഉണ്ടാകില്ലെന്ന് ഓര്‍ക്കണം…. നിനക്ക് ഒരു തോന്നലുണ്ടാകാം നിന്‍റെ
ജാതിക്കാരുണ്ടാകുമെന്ന്….വെറുതെയാ….. അവരെക്കൊണ്ട് കൂട്ടിയാലലൊന്നും കൂടുന്ന
ബന്ധമല്ല ഞങ്ങള്‍ക്കുള്ളത്……പിന്നെ
നിനക്ക് വീടുതന്ന രാഷ്ട്രീയക്കാര്… അവര് കൊറച്ച് കാശുകിട്ടിയാല്‍ ഞങ്ങളു
പറയുന്നതേ കേള്‍ക്കുവൊള്ളൂ…. അതു
കൊണ്ട് ഗണേശാ നീ ഞങ്ങള്‍ പറയുന്നതു കേട്ട്
മാനം മര്യാദയായിട്ട് ജീവിക്കാന്‍ നോക്ക്……നിനക്ക് പകരം ഞങ്ങള്‍ ഒരു
ദൃക്സാക്ഷിയെ ഒണ്ടാക്കിയിട്ടുണ്ട്…..അവനാ ദൃക്സാക്ഷിയെന്ന് അയലത്തുകാര്
തിരിച്ചറിഞ്ഞിട്ടുണ്ട്……അതു കൊണ്ട് ഗണേശാ……….
അവര്‍ സജിതയുടെ മുന്നില്‍ വച്ചാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്, അതുകൊണ്ട് അവരുടെ സംസാരം പിന്നീടൊരു കഥയാക്കേണ്ടി വന്നില്ല ഗണേശന്,
വേഗം തീരുമാനമാക്കാനും കഴിഞ്ഞു…. സജിത പ്രായോഗികമതിയായതുകൊണ്ട്
കൂടിയാലോചനയും വേണ്ടി വന്നില്ല. അപ്പോള്‍
തന്നെ സമ്മതമാണെന്ന് പറയാനും കഴിഞ്ഞു.
അങ്ങിനെ ഗണേശന്‍ ലോട്ടറി കച്ചവടക്കാരനാകുകയായിരുന്നു.
മാസങ്ങളോളം നീണ്ടു നിന്ന ചാനല്‍ കഥകളും പത്ര വാര്‍ത്തകളും തീര്‍ക്കാന്‍
പുതുജേര്‍ണലിസ്റ്റുകള്‍ക്ക് കഴിഞ്ഞു, വായിച്ചു കോള്‍മയിര്‍
കൊള്ളാന്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ മലയാളി സമൂഹത്തിനും. ഗണേശന്‍ പത്രം വായിക്കുകയോ ടിവി കാണുകയോ
ചെയ്തില്ല, ലോട്ടറിയുടെ റിസള്‍ട്ടിന് പോലും ഓണ്‍ലൈനിനെ
സമീപിച്ചു. സജിത പത്രം വായിച്ച്, ടിവി കണ്ട് എന്നും അവനോട് കഥകള്‍ പറഞ്ഞു. അവന്‍ നിശ്ശബ്ദനായിരുന്നു കേള്‍ക്കും
കുറെ നേരും, എന്നിട്ട് ദീര്‍ഘമായി നിശ്വസിച്ച് പായില്‍
ചുരുണ്ടു കൂടി കിടക്കും…. ചില ദിവസങ്ങളില്‍ സങ്കടം സഹിക്കാന്‍ കഴിയാതെ അവന്‍
പൊട്ടിക്കരയും. അപ്പോള്‍ അവള്‍ നൈറ്റി
ഊരിമാറ്റി അവനെ നിറഞ്ഞ മാറിലേക്ക് ചേര്‍ത്ത്
സാന്ത്വനിപ്പിച്ച് ഉറക്കും. ചില
ദിവസ്സങ്ങളില്‍ അവന്‍റെ മനസ്സ് കൂടുതല്‍ ആര്‍ദ്രമായിരിക്കും. അന്നവള്‍
ദേഹത്തുനിന്നും എല്ലാ തുണികളും നീക്കി അവനെ അലിയിച്ച് തന്‍റേതാക്കും…… ഒരു നാള്‍ എല്ലാം തിര്‍ന്നെന്ന് സജിത പറഞ്ഞു…
കേസു വിധിയായി… പ്രതിയെ വെറുതെ വിട്ടു, പ്രോസിക്കൂഷന് കേസു
തെളിയിക്കാന്‍ കഴിഞ്ഞില്ല… സംശയത്തിന്‍റെ
ആനുകൂല്യം കുറ്റവാളിക്ക് കിട്ടി…. മേല്‍ക്കോടതിയില്‍ പോകാന്‍
കഴിയില്ലെയെന്ന് ഗണേശന്‍ സംശയം ചോദിച്ചു.
അതിന് ആരിരിക്കുന്നു… ആ പെണ്‍കൊച്ചിന്‍റെ വീട്ടുകാര്‍ ഇപ്പോള്‍
നല്ലനെലയിലാ കഴിയുന്നത്… നല്ല വീട്, കാറ്, തള്ളക്ക് സര്‍ക്കാര്‍ ജോലി.
അച്ഛന് നല്ല വസ്ത്രങ്ങള്‍ എന്നും ബാറില്‍ പോയിരുന്നു കുടിക്കാന്‍ കാശ്….
എല്ലാമെവിടുന്നാ….ജോണേട്ടന്‍റെ മോള് എലിസ മൊബൈലില്‍, തള്ള
ബ്യൂട്ടി പാര്‍ലറില്‍ നില്ക്കുന്ന ഫോട്ടോ കാണിച്ചു തന്നു….എന്നാ
സ്റ്റൈലാണെന്നറിയുമോ…..
ഗണേശന്‍ രണ്ടു ദിവസം ലോട്ടറി കച്ചവടത്തിന് പോയില്ല, പായില്‍ തന്നെ കിടന്നു. കുട്ടികള്‍ സ്കൂളില്‍ പോയിക്കഴിഞ്ഞ് സജിതയും
അവന്‍റെ കൂടെ കിടന്നു. ഇടക്കിടക്ക് അവന്‍ പിച്ചും പേയും പറഞ്ഞു, അത് നമ്മുടെ
മോളായിരുന്നെങ്കിലോ…… അപ്പോള്‍ അവള്‍ അവനെ ദേഹത്തോട് കൂടുതല്‍ ചേര്‍ത്ത്
ഞെക്കി പൊട്ടിക്കരഞ്ഞു…….. കരഞ്ഞു കരഞ്ഞ് രണ്ടുപേരും ദുഃഖം ഒതുക്കി.
നിലത്തും, ഉള്ള കസേരയില്‍ ഇരുന്നും, ഉള്ളിടത്തൊക്കെ നിന്നും അവരൊക്കെ ഊണു കഴിച്ചു. കുത്തരിച്ചോറും സാമ്പാറും അവിയലും ഒരു തോരനും
തൊട്ടുകൂട്ടാന്‍ ഉണക്കച്ചെമ്മീല്‍ പൊടിച്ചതും……
വല്യേട്ടന്‍ പറഞ്ഞു.
ഗണേശാ സന്തോഷമായി…എല്ലാം നന്നായി…..സജിതയുടെ കൈപുണ്യം…
സജിത ഷോള്‍ഡര്‍ ഉയര്‍ത്തി അഭിമാനം കൊള്ളുന്നത് കണ്ട് ഗണേശനും സന്തുഷ്ടനായി….
ഗണേശാ ഞങ്ങളെല്ലാരുംകൂടി വന്നത്…..ബംബര്‍ അടിച്ച വകയില്‍ നിനക്കും പത്തു
പതിനഞ്ച് കിട്ടില്ലെ…. നീ ഞങ്ങളെയൊന്നും മറക്കല്ലെന്ന് പറയാനാ….
ഗണേശന്‍ വല്ലാത്തൊരു അങ്കലാപ്പിലായി, സജിതയോടു
സംസാരിക്കാതെ എന്തു മറുപടി പറയുമെന്ന് ചിന്തിച്ചിട്ട്.
വല്യേട്ടാ…. അത് കിട്ടിവരാന്‍ അഞ്ചാറു മാസമെടുക്കും…..
എന്നാലും ഇപ്പത്തന്നെ ഒരു തീരുമാനത്തിലെത്തുന്നതു
നല്ലതല്ലെ….നിനക്കറിയാമല്ലോ ഞങ്ങടെയൊക്കെ കാര്യം….. എല്ലാവരും
അത്യാവശ്യക്കാരാ…….. നിനക്കാണെങ്കില്‍ ഇനിയും ലോട്ടറി വില്‍ക്കുമ്പോള്‍
കിട്ടുകയും ചെയ്യാം…
അത്…. വല്യേട്ടാ…. ഗണേശന്‍ ചേട്ടന്‍ എല്ലാര്‍ക്കും വേണ്ടതൊക്കെ
ചെയ്യും…….
സജിത അവസരോചിതമായി കാര്യത്തില്‍ ഇടപെട്ടു. ഗണേശന്‍ രക്ഷപെടുകയും ചെയ്തു.
ഒവ്വാ….അറിയാം…..എന്നാലും വല്യേട്ടനെന്ന നെലയില്‍ കാര്യങ്ങള്‍
പറയേണ്ടത് ഞാനാണല്ലൊ….
ഓ…..അതു ശരിയാ……
എന്നാ നിങ്ങളൊക്കെയിരിക്ക്….എനിക്ക് കുറച്ച് ടിക്കറ്റു കൂടി വില്‍ക്കാനുണ്ട്… വെയിലാറിയിട്ട് എല്ലാരും ചായയൊക്കെ തെളപ്പിച്ച്
കുടിച്ചിട്ട് ഇറങ്ങിയാല്‍ മതി…..
ഇല്ല ഗണേശാ… ഇനി അധികം ഇരിക്കുന്നില്ല….ഓരോരുത്തര്‍ക്കും ഓരോ
ആവശ്യങ്ങളില്ലെ….. അവള്‍ക്കാണേല്‍ ഇപ്പം ഇറങ്ങിയാലേ സന്ധ്യക്ക് മുമ്പ് അവിടെ
എത്താന്‍ കഴിയൂ…..
അത് പെങ്ങളെ ഉദ്ദേശിച്ചാണ്.
യാത്രപറഞ്ഞ് ഓരോരുത്തരും ഇറങ്ങിയപ്പോള്‍ ഗണേശന് സമാധാനമായി, അങ്ങിനെ ഒരു വിഷയം തീര്‍ന്നിരിക്കുന്നു.@@@@@@@@