പേരിടാത്ത കഥ
(‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ് ഞാനീ
വൺ ലൈൻ ഏഴുതുന്നത് – ‘എന്റെ മൂന്നു ഭാഗങ്ങളുള്ള ഒരു കഥ’യെ മുൻ നിർത്തിയാണ്
എഴുതുയിരിക്കുന്നത്. അന്ന് മലയാള സിനിമയിലെ രണ്ട് പ്രമുഖരോട് ഈ കഥ പറയുകയും വൺ ലൈൻ
കൊടുക്കുകയും ചെയ്തിരുന്നു.)
ലിന എന്ന
പത്തൊമ്പതുകാരി അപ്രത്യക്ഷമായി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നല്ല സാമ്പത്തിക
സ്ഥിതിയില്‍ മാന്യമായി ജീവിക്കുന്ന കുര്യന്‍റെയും മരിയ കുര്യന്‍റെയും മകളാണ്
ലിന. അവള്‍ നഗരത്തിലെ കോളേജില്‍
ഡിഗ്രിക്ക് പഠിക്കുകയാണ്. വര്‍ഷാവസാനമുള്ള വെക്കേഷന് വീട്ടില്‍ വന്നിരിക്കുകയായിരുന്നു.
ഒരു ദിവസം രാവിലെ മരിയ ഉണര്‍ന്നു
നോക്കുമ്പോള്‍ വീടിന്‍റെ പിന്നിലേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നു.
അന്വേഷിക്കുമ്പോള്‍ ലിനയുടെ മുറിയുടെ വാതിലും തുറന്നാണ് കിടക്കുന്നത്. ലിനയെ
കാണാനുമില്ല. അവളുടെ മൊബൈല്‍, ലാപ്ടോപ്പ് എല്ലാം മുറിയില്‍ കാണുന്നുമുണ്ട്.
മുറിക്കുളളില്‍ അനധികൃതമായിട്ട് ഒന്നും സംഭവിച്ചിട്ടുമില്ല. സ്വാഭാവികമായിട്ട്
ലിനയുടെ വീട്ടുകാര്‍, അവരുടെ തൊടിയില്‍, അല്ലെങ്കില്‍ അയലത്തുള്ള ഏതെങ്കിലും വീട്ടില്‍ അവള്‍ ഉണ്ടാകുമെന്ന്
കരുതി. അവിടെയെല്ലാം അന്വേഷിച്ചു.
ഉച്ചക്കുമുമ്പായിട്ട് അടുത്ത ബന്ധുക്കളോടും വിളിച്ചു ചോദിച്ചു. ലിനയെക്കുറിച്ച്
ഒന്നും അറിഞ്ഞില്ല.
ഉച്ചകഴിഞ്ഞപ്പോള്‍ പോലീസിലറിയിച്ചു. സി.ഐ സനില്‍ ജോസഫ് അവരുടെ
ബന്ധുവിനെപ്പോലെയാണ്. അയാളുടെ അന്വേഷണവും ബന്ധുവിന്‍റെ തിരോധാനമെന്ന്
പരിഗണിച്ചാണ്.
സനില്‍ ലിനയുടെ മൊബൈല്‍, ലാപ്ടോപ്പ്
എന്നിവകളില്‍ നിന്നും അവള്‍ക്ക് നാട്ടിലെ ഒരു മൂവര്‍ സംഘവുമായിട്ട് ബന്ധമുണ്ടെന്ന്
കണ്ടെത്തി. ജോഹാന്‍, ഹനാന്‍, നന്ദു.
അവളുടെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകന്ന് അവര്‍ താമസിക്കുന്നു. ജോഹാന്‍
പ്ലാന്‍റര്‍ മാത്യുവിന്‍റെയും ഹനാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുഹമ്മദിന്‍റെയും
നന്ദു നാട്ടില്‍ ബിസിനസ്സു ചെയ്യുന്ന സേനന്‍റെയും മക്കള്‍. അവര്‍ മൂന്ന് പേരും
സ്കൂള്‍ തലം മുതല്‍ ഒന്നിച്ചു പഠിച്ച് വരുന്ന കളിക്കൂട്ടുകാര്‍, അവരുടെ കൂട്ടുകെട്ടില്‍ വിട്ടുകാര്‍ക്കും ഇഷ്ടം. ഗ്രാമത്തിലെ നല്ല
കുട്ടികളാണവര്‍. ജോഹാന്‍ എഞ്ചിനിയറിംഗ് പഠനത്തിന്‍റെ ഫൈനല്‍ പരീക്ഷ
കഴിഞ്ഞെത്തിയിരിക്കുന്നു. ഹനാന്‍ പോസ്റ്റുഗ്രാജ്വേഷന്‍റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയിട്ടു
വെക്കേഷന് വന്നിരിക്കുന്നതാണ്. നന്ദു പ്ലസ് റ്റു കഴിഞ്ഞ് അച്ഛന്‍റെ ബിസിനസ്സിനെ
സഹായിക്കുന്നു. ഗ്രാമത്തിലെ നല്ല
കുട്ടികളാണെന്ന പേര് നിലനിര്‍ത്തിക്കൊണ്ടു തന്നെ അവര്‍ യുവാക്കളുടെ ആഘോഷങ്ങളിലും
പങ്കെടുക്കാറുണ്ട്. രഹസ്യമായിട്ട് അല്പസ്വല്പം മദ്യപാനവും പുകവലിയും ചിലപ്പോള്‍
വീര്യം കൂടിയ ലഹരി ഉപയോഗവുമുണ്ട്. നഗരത്തില്‍ പോയി യുവാക്കളുടെ പാട്ടിലും
കൂത്തിലും പങ്കെടുത്തിട്ടുമുണ്ട്.
ഗ്രാമത്തില്‍ അവര്‍ക്കൊരു പൊതു സ്നേഹിതനുണ്ട് ജിത്ത്.
അവരേക്കാള്‍ പത്തുവയസ്സു കുടുതലുണ്ടവന്.
ജോഹാന്‍റെ കൃഷിയിടത്തെ ഒരു സ്ഥിരം പണിക്കാരന്‍. ജിത്ത് ആണ് മൂവര്‍ സംഘത്തിന് മദ്യവും ലഹരിയും
എത്തിച്ചുകൊടുക്കുന്നത.് അയാള്‍ അവരുടെ കൂടെ ആഘോഷത്തില്‍ പങ്കെടുക്കാറുമുണ്ട്.
മൂന്നാഴ്ചമുമ്പ് മൂവര്‍ സംഘത്തിന് ഒരു കാഴ്ച കിട്ടി. ജിത്ത്
രഹസ്യമായിട്ട് ഒരു പെണ്‍കുട്ടിക്ക് എന്തോ കൊടുക്കുന്നു. അവര്‍ കണക്കുകുട്ടി
ജിത്ത് രഹസ്യമായിട്ട് കൊടുക്കുന്നത് ലഹരിതന്നെ. പെണ്‍കുട്ടി പോയിക്കഴിഞ്ഞ് അവര്‍ ജിത്തിനെ പിടികുടി. അയാളില്‍ നിന്നും
രഹസ്യം ചോര്‍ത്തിയെടുത്തു. പെണ്‍കുട്ടി ലിനയാണെന്നും നഗരത്തില്‍ പഠിക്കുകയാണെന്നും
ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുര്യന്‍റെ മകളാണെന്നും അല്പസ്വല്പം
ലഹരി ഉപയോഗം ഉണ്ടെന്നും അറിഞ്ഞു.
യുവത്വത്തിന്‍റെ ക്രിയവിക്രിയകളാല്‍ അവര്‍ പെണ്‍കുട്ടിയെ സ്നേഹിതയാക്കി. പരസ്പരം
ലഹരി പങ്കുവച്ചു. സന്തോഷകരമായി ദിനങ്ങള്‍ മുന്നോട്ടു നീങ്ങി. ജോഹാന് ലിനയോട്
കൂടുതല്‍ അടുപ്പമുണ്ടെന്ന് ഇടക്കെപ്പോഴോ മറ്റു രണ്ടു പേരും തിരിച്ചറിഞ്ഞു. അവര്‍ അതംഗീകരിച്ചു. സന്തോഷിച്ചു. പക്ഷെ, അവര്‍ക്കിടയില്‍ പൊതുവായൊരു ദുഃഖം രൂപം കൊണ്ടു. ലഹരി ഉപയോഗം സന്തോഷകരം
തന്നെയാണ്, പക്ഷെ, ഭാവിജീവിതത്തെ ദുഃഖ
പൂര്‍ണ്ണമാക്കില്ലെ.?! ആക്കുമെന്നാണ് നാലുപേരുടെയും അഭിപ്രായം.
പക്ഷെ, അതിനെ ഒഴിവാക്കാന്‍ കഴിയുന്നില്ല. ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍
ആഴത്തിലേക്ക് ഇറങ്ങി പിടിക്കുന്നു.
നമുക്കതില്‍ നിന്നും മോചിതരാകണം. നാലുപേരും തീരുമാനമെടുത്തു. അങ്ങിനെ
പിരിഞ്ഞ ദിവസം രാത്രിയിലാണ് ലിന അപ്രത്യക്ഷയായിരിക്കുന്നത്.
ലിനയുടെ ഫോണില്‍ നിന്നും, മറ്റ് അടുത്ത
സുഹൃത്തുക്കളെ, ക്ലാസ്മേറ്റുകളെ, ഹോസ്റ്റല്‍മേറ്റുകളെ,
റുംമേറ്റുകളെ സനില്‍ കണ്ടെത്തി.
അവരെ നിരീക്ഷണ വിധേയരാക്കി. അവരില്‍
പലരും വെക്കേഷന് വീട്ടില്‍ പോയിട്ടില്ലെന്നും അറിഞ്ഞു. ലിനയുടെ ഏറ്റവും അടുത്ത
സുഹൃത്ത് അനന്യയാണ്. എന്നാല്‍ അവള്‍ക്ക് ലിനയെപ്പോലെ വളരെ അധികം സൂഹൃത്തുക്കളില്ല,
ലഹരി ഉപയോഗമില്ല. അനന്യയെ
സനില്‍ വീട്ടില്‍ ചെന്ന് കണ്ടു. അവളില്‍ നിന്നും ലിനയുടെ ദിനകൃത്യങ്ങളെ കുറിച്ചും,
മറ്റു കുട്ടുകാരികളുടെ, ആണ്‍സുഹൃത്തുക്കളുടെ
വിവരങ്ങളും ശേഖരിച്ചു. അക്കഥ ഭീതിദമായ
ലഹരി ഉപയോഗത്തിന്‍റെയും അപഥ സഞ്ചാരത്തിന്‍റേതുമാണ്.
പെണ്‍കുട്ടികള്‍ രാത്രിനടക്കുന്ന നൃത്ത പരിപാടികളില്‍
പങ്കെടുക്കുക, ആണ്‍സുഹൃത്തുക്കളുമൊത്ത് രാത്രി ഉറങ്ങുക, അമിതമായി ലഹരി ഉപയോഗിക്കുക, മദ്യപിക്കുകٹ..
പക്ഷെ, ലിനക്ക് ആ ബന്ധങ്ങള്‍ തോറ്റാണെന്ന്
അിറയാമെന്നും, അതില്‍ നിന്നും മോചിതയാകണമെന്നുണ്ടെന്നും,
പഠനത്തിലെ പരാജയങ്ങളും, ഭാവിജീവിതത്തില്‍
വരാവുന്ന പിഴവുകളും അവളെ ഭയപ്പെടുത്തുന്നുണ്ടെന്നും അനന്യ പറഞ്ഞു. ലിന വീട്ടില്‍ ആയിരിക്കുമ്പോഴും അനന്യയെ
വിളിച്ചിരുന്നു. അപ്പോഴൊക്കെ സംസാരിച്ചിരുന്നത് ഈ വിഷയങ്ങള്‍ തന്നെ
ആയിരുന്നു. എന്നാല്‍, ലിന സന്ദര്‍ശിച്ചിരുന്നതെവിയെടൊക്കെയെന്നോ, റൂം
മേറ്റുകളാല്ലാത്ത സുഹൃത്തുക്കള്‍ ആരെക്കെയെന്നോ, അണ്‍
സുഹൃത്തുക്കള്‍ ആരെല്ലാമെന്നോ അനന്യക്കറിയില്ല.
ജിത്ത് വഴിയുള്ള അന്വേഷണം സനിലിന് കൂടുതല്‍ ഗുണകരമായി. ലിന
പരിചയപ്പെടുത്തിയിരുന്നിടത്തു നിന്നായിരുന്നു വീര്യം കൂടിയ ലഹരിവസ്തു അവന്‍
വാങ്ങിയിരുന്നത്.
ജിത്തിന്‍റെ സ്ഥിരം കസ്ററമേഴ്സ് എന്ന നിലയില്‍ ജോഹാനും, ഹനാനും, നന്ദുവും ലഹരി വില്പന കൂട്ടവുമായി
ബന്ധമുണ്ടാക്കി. അവര്‍ക്കു നിശാപാര്‍ട്ടിയിലേക്കും
നൃത്തപരിപാടിയിലേക്കും പ്രവേശനം കിട്ടി.
നഗരത്തിലെ ഒരു കോണ്‍ക്രീറ്റ് വനത്തിലാണത്, ഒരു ഫ്ളാറ്റ് സമുച്ചയം. ഉന്നതരായ
ബ്യൂറോക്രാറ്റുകളും, പോലീസ് ഉദ്യോഗസ്ഥരും, വ്യാപാരികളും താമസിക്കുന്ന സ്ഥലം. ശക്തമായ സെക്യൂരിറ്റിയും കരുതലുകളും
നീരിക്ഷണങ്ങളും ഉള്ള ഇടം. അവിടെ ഡാന്‍സും
പാട്ടും മദ്യപാനവും ലഹരി ഉപയോഗവും മാത്രമല്ല നടക്കുന്നത് ലൈംഗീക വില്പനകളും
ഉപയോഗങ്ങളും നടക്കുന്നുണ്ട്. മൂവര്‍ സംഘം അത് കണ്ടു. സനിലിനെ ധരിപ്പിച്ചു.
സനില്‍ ഉറച്ചു വിശ്വസിച്ചു. അവിടെയല്ലെങ്കില്‍, അവരുടെ കസ്റ്റഡിയില്‍ മറ്റെവിടെയെങ്കിലും ലിന കാണും. ലൈംഗീകതതന്നെ കാരണം.
പക്ഷെ, അടുത്തനാള്‍- ലിന അപ്രത്യക്ഷമായതിന്‍റെ
മുന്നാമതു നാള്‍- ലിനയുടെ വീട്ടില്‍ ഒരപരിചിതന്‍
വന്നു പറഞ്ഞു. ലിന അപ്രത്യക്ഷമായ ദിവസം നേരം വെളുത്തു വരുമ്പോള്‍ അയാളുടെ
വീടിന് മുന്നില്‍ ഒരു ആക്സിഡന്‍റ് നടന്നുവെന്നും, ശബ്ദം
കേട്ട് പുറത്ത് വന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതു
കണ്ടെന്നും. അയാള്‍ക്ക് ആളുകളെയൊന്നും തിരിച്ചറിയാല്‍ കഴിഞ്ഞില്ല, കാര്‍ നമ്പറും ശ്രദ്ധിച്ചില്ല.
അപരിചതന്‍ താമസിക്കുന്നത് ലിനയുടെ വീട്ടില്‍ നിന്നും
അരകിലോമീറ്റര്‍ മാറി റോഡ് വക്കത്തു തന്നെയുള്ള വീട്ടിലാണ്. അടുത്ത കാലത്ത് വീട്
വാങ്ങി താമസിക്കുന്നതാണ്. നാട്ടിലെ കുടുംബങ്ങളുമായിട്ട്, അളുകളുമായിട്ട് അത്രക്കു പരിചയമായില്ല.
അതുകൊണ്ടാണ് വന്ന് പറയാന്‍ വൈകിയത്.
അന്നത്തെ പത്രത്തില്‍ സി.ഐ സനില്‍ ഒരു വാര്‍ത്ത വായിച്ചു.
നഗരത്തിലെ ഒരു മല്‍ട്ടിനാഷണല്‍ ആശുപത്രിയില്‍ ആക്സിഡന്‍റായി
വന്ന ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ തിരയുന്നു. പെണ്‍കുട്ടി മസ്തിഷ്ക
മരണപ്പെട്ടിരിക്കുകയാണ്. ആക്സിഡന്‍റായ കാറുകാര്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍
എത്തിച്ചതും ഇതേ വരെ പരിചരിച്ചു പോരുന്നതും. പുലര്‍കാലത്ത് റോഡില്‍ കൂടി ആര്‍ദ്ധബോധാവസ്ഥയില്‍ നടന്നിരുന്ന കുട്ടി
കാറിന് മുന്നിലേക്ക് വീഴുകയായിരുന്നു.
അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വിദഗ്ധ ചികിത്സക്ക്
നഗരത്തിലേക്ക് കൊണ്ടുപേകുവാന്‍ ആവശ്യപ്പെട്ടതുകൊണ്ട് കാര്‍ ഡ്രൈവര്‍ നഗരത്തിലെ
ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധ
അഭിപ്രായം. മൂന്നു ദിവസമായിട്ട് രക്ഷിതാക്കാല്‍ എത്തിയിട്ടില്ല.
മയങ്ങി കിടക്കുന്ന ഫോട്ടോ
കണ്ട് രക്ഷിതാക്കള്‍ അത് ലിന തന്നെയെന്ന് സ്ഥിരീകരിച്ചു. യാതൊരു
കോളിളക്കവുമുണ്ടാക്കാതെ ലിനയുടെ ജീവിതകഥ അവസാനിച്ചു. രക്ഷിതാക്കള്‍ അവളുടെ
കണ്ണുകളും വൃക്കകളും കരളും ഹൃദയവും അറു പേര്‍ക്ക് നല്‍കി സമാധാനം കണ്ടെത്തി.
മൂവര്‍ സംഘത്തിന് അവള്‍ മയക്കു മരുന്ന് കഴിച്ച് അബോധാവസ്ഥയില്‍
വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, ആശ്സിഡന്‍റായി മരിച്ചു എന്നു
പറഞ്ഞത് വിശ്വസിക്കാനായില്ല. കാരണം 1) അവര്‍ അവസാനമായി പിരിയുമ്പോള്‍ അവളുടെ കൈവശം
ലഹരി വസ്തു ഇല്ലായിരുന്നു. (2) കഴിയുമെങ്കില്‍ ഇനിയും ഉപയോഗിക്കരുതെന്ന് നാലു
പേരും കുടി തീരുമാനിച്ചിരുന്നു. (3) അവള്‍ക്ക് അക്സിഡന്‍റ് പറ്റിയെന്നു പറയുന്ന
കാറിന്‍റെ ഡ്രൈവര്‍ പവിത്രനെ ലഹരി വില്പന കേന്ദ്രത്തില്‍ വച്ച് നേരത്തെ
കണ്ടിട്ടുണ്ട്. (4) ഹൃദയം വിദേശിക്ക്
കൊടുത്തിരിക്കുന്നു.
മൂവര്‍ സംഘം മയക്കുമരുന്ന് വില്പന കേന്ദ്രത്തിന്‍റെ സമീപത്തു
നിന്നും പവിത്രനെ രമ്യതയില്‍ കാറില്‍ കയറ്റി ജോഹാന്‍റെ എസ്റ്റേറ്റില്‍ അടഞ്ഞു
കിടക്കുന്ന വീട്ടില്‍ കൊണ്ടു വന്ന് പൈശാചികമായിട്ടു തന്നെ ചോദ്യം ചെയ്തു. അയാള്‍ കാര്യങ്ങള്‍ വ്യക്തമാക്കി. അയാള്‍
മയക്കു മരുന്നു കോന്ദ്രത്തിലെ ഒരു പ്രധാന ജോലിക്കാരനാണ്. ലിനയുമായി നല്ല
പരിചയമുണ്ട്. കേന്ദ്രത്തിന്‍റെ ഉടമ പറഞ്ഞതനുസരിച്ച് ലിനയെ വെളുപ്പാന്‍ കാലത്ത് ഫോണില്‍ വിളിച്ച്
വീടിന് പുറത്തിറക്കുകയായിരുന്നു. അപ്പോള്‍
അവള്‍ ലഹരി കിട്ടാതെ വളരെ അസ്വസ്ഥയായിരുന്നു. പവിത്രന്‍ ഡോസ് കുട്ടി അവള്‍ക്ക്
ഇഞ്ചക്ഷന്‍ കൊടുത്തു. ബോധം കെട്ടുകഴിഞ്ഞപ്പോള്‍ കാറില്‍ കൊണ്ടുവന്നു കിടത്തി. കുടെ
രണ്ടുപേരു കുടിയുണ്ടായിരുന്നു. അവര്‍ കേന്ദ്രത്തിന്‍റെ ഉടമ പറഞ്ഞിട്ടാണ് കുടെ
വന്നത്. പവിത്രന്‍ ധരിച്ചത് അവര്‍ക്ക് ലിനയുമായുള്ള ശാരീരിക ബന്ധമാണ്
ഉദ്ദേശമെന്നാണ്. അവരെ നേരത്തെ പരിചയമില്ല. ഇതിനുമുമ്പും ഇതേ പേലുള്ള
സ്ത്രീവിഷയങ്ങള്‍ ഉണ്ടാകാറുള്ളതുകൊണ്ട് ഒന്നും കാര്യമാക്കിയില്ല. നേരം പുലര്‍ന്നു വരുന്ന സമയത്ത് റോഡു വക്കിലെ
വീടിന്‍റെ മുന്നില്‍ കാര്‍ നിര്‍ത്തി അക്സിഡന്‍റ് പറ്റിയെന്ന് വരുത്തി വീട്ടുകാര്‍
പുറത്ത് വന്നപ്പോള്‍ കാര്‍ ഓടിച്ചു പോയി.
പവിത്രനെ ലഹരി കേന്ദ്രത്തില്‍ ഇറക്കിയിട്ട് ലിനയുമായി കാര്‍ എവിടേക്കോ
പോയി. വീണ്ടും അവളെ കാണുന്നത്
ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ്. ആരു ചോദിച്ചാലും കാര്‍ ഓടിച്ചിരുന്നത്
പവിത്രനായിരുന്നെന്നും ലിനക്ക് ആക്സിഡന്‍റ് പറ്റിയതാണെന്നും പറയണമെന്ന് കേന്ദ്ര
ഉടമ ആവക്യപ്പെടുകയും ചെയ്തിരുന്നു
മൂവര്‍ സംഘം വീണ്ടും
ലഹരി വില്പന കേന്ദ്രത്തിലെത്തി ലഹരി സ്വീകരിച്ചു.
അവിടെവച്ച് നന്ദുവിന് ഒരനുഭവമുണ്ടായി ലഹരി മൂര്‍ച്ഛിച്ചു നില്ക്കുമ്പോള്‍
വീണ്ടും ലഹരി കയറ്റാനെന്ന വ്യാജേന അവന്‍റെ കൈയ്യില്‍ കുത്തിയ സിറിഞ്ചില്‍ രക്തം
വലിച്ചെടുത്തു. അതെന്തിനെന്ന് അവന്‍ തിരക്കി. എന്തിനെന്ന് വ്യക്തമാക്കാതെ
മയക്കുന്നൊരു ചിരിയാണ് വില്പനക്കാരന്‍ കൊടുത്തത്. അയാള്‍ അത് രഹസ്യമായി ഒരു
ടെസ്റ്റ്യൂബില്‍ ശേഖരിക്കുന്നു. മൂവര്‍സംഘം കണക്കുകുട്ടി. ഇതില്‍ എന്തോ
കാര്യമുണ്ട്. മുന്നോട്ടുള്ള നീക്കങ്ങള്‍ അവര്‍ക്കു തനിയെ ചെയ്യാന്‍ കഴിയില്ലെന്നു
തോന്നിയതുകൊണ്ട് സി.ഐ സനിലിനോടു കാര്യങ്ങള്‍ വ്യക്തമാക്കി.
സി.ഐ അധികം താമസിക്കാതെ തന്നെ ലഹരി വില്പനക്കാരനെയും അക്സിഡന്‍റ്
കാറില്‍ ഉണ്ടായിരുന്നു രണ്ടുപേരേയും കസ്റ്റഡിയില്‍ എടുത്തു.
അവര്‍ യഥാര്‍ത്ഥ കഥ പറഞ്ഞു.
സഹസ്രശതം കോടീശ്വരനായ ഒരു യു.കെ പൗരന്‍റെ ഒരേയൊരു മകന്‍
ഹൃദ്രോഗിയാണ്. ഹൃദയം മാറ്റി വയ്ക്കുക എന്നതേ ഒരു മാര്‍ഗ്ഗമുള്ളു. ആ കുട്ടി ഓ
നെഗറ്റീവ് ഗ്രൂപ്പുകാരനാണ്. ഡോണറെ
കിട്ടാനായി അവര്‍ ആഗോളമായി തിരച്ചില്‍ നടത്തി.
ആതിരച്ചില്‍ വിഭാഗത്തില്‍ ഇവിടെത്തെ മാള്‍ട്ടി നാഷണല്‍ ആശുപത്രിയിലെ
ഹൃദ്രോഗ വിദഗ്ധനുമുണ്ട്. കേരളത്തിലെ ആശുപത്രികളില്‍, അവയവങ്ങള്‍
കൊടുക്കാന്‍ സന്നദ്ധരായവരുടെ പട്ടികയില്‍, ലഹരി വില്പന
കേന്ദ്രങ്ങളില്‍ എല്ലാം തിരച്ചില്‍ നടത്തി. കണ്ടെത്തിയ ഒരേയൊരാള്‍ ലിനയായിരുന്നു.
ലിന അക്സിഡന്‍റില്‍
പെട്ടതായിരുന്നില്ല. ഒരു രഹസ്യ കേന്ദ്രത്തില്‍ വച്ച് തലക്ക് ക്ഷതമേല്പിച്ച്
മസ്തിഷ്ക മരണത്തിലേക്ക് നയിക്കുകയായിരുന്നു.
ആ ഡോക്ടര്‍ തന്നെ യു.കെയിലെ കുട്ടിയെ ഇവിടെ വരുത്തി,
ഒപ്പറേഷന്‍ നടത്തി പിറ്റേന്നു തന്നെ സ്പെഷ്യലായി ചാര്‍ട്ട്
ചെയ്ത വിമാനത്തില്‍ യു.കെയില്‍
എത്തിച്ചിരിക്കുകയാണ്. ഇവിടത്തെ ഡോക്ടറുടെ മോല്‍നോട്ടത്തിലാണ് ഇപ്പോഴും പരിചരണം
നടക്കുന്നത്. കോടികളുടെ പ്രതിഫലമാണ് ഡോക്ടര്‍ക്ക് ഈ ജോലിയില്‍ നിന്നും
കിട്ടിയിരിക്കുന്നത്. നാട്ടില്‍ കൊടുത്ത അവയവങ്ങള്‍ക്കൊന്നും ഡോക്ടര്‍ പ്രതിഫലം
വാങ്ങിയില്ല. ഡോക്ടറുടെ കുടെ നിന്ന ലഹരി വില്പനക്കാരനോടു കൂടിയ മൂന്നുപേര്‍
ചിലരുടെ കൈയ്യില്‍ നിന്നും രഹസ്യമായിട്ട് പ്രതിഫലം കൈപ്പറ്റി. കുടാതെ ഡോക്ടര്‍
നല്ലൊരു തുക അവര്‍ക്ക് നല്‍കുകയും ചെയ്തു.
സി.ഐ സനിലിനെ, മറ്റ് പോലീസ് ഓഫീസര്‍മാരെ അമ്പരപ്പിച്ച
കഥ നാടാകെ വാര്‍ത്തയായി പടര്‍ന്നു. ഡോക്ടറെ, സഹായികളെ
നിയമത്തിന്‍റെ മുന്നിലെത്തിച്ചു. ലഹരി വില്പന കേന്ദ്രങ്ങള്‍ അടച്ചു. സീലുവച്ചു.
@@@@@