നെരുപ്പോട്

പാകത്തിന്‌ വെന്ത മൺകലം. കനലിട്ട്‌ മേലെ ഉണങ്ങിയ ചകിരിയടുക്കി, പുകച്ച്‌ കത്തിച്ച്‌ തീ കായുന്നു ശൈത്യത്തിൽ. ഇവിടെയുള്ളവരും അവിടെയുള്ളവരും വരുന്നവരും പോകുന്നവരും ചുറ്റുമിരുന്ന്‌ കൈകളും പാദങ്ങളും തീയിൽ കാണിച്ച്‌ ചൂടുപിടിപ്പിച്ച്‌ ശരീരത്തിലെ താപം നിലനിർത്തുന്നു.

പക്ഷെ, മൺകലം തീർക്കുന്നത്‌ നെരുപ്പോടിനു വേണ്ടിയല്ല. അരിയും കറിയും വേവിച്ചെടുക്കുന്നതാണ്‌ കർമ്മം. ഈ നിയോഗത്തിൽ പെട്ടില്ലായിരുന്നെങ്കിൽ ഏതെങ്കിലും കൊട്ടാരത്തിലെ അല്ലെങ്കിൽ ബംഗ്ലാവിലെ അടുക്കളയിൽ അവിയലും സാമ്പാറും ഇറച്ചിയും മീനും വേവിക്കുന്ന അരുമയാകുമായിരുന്നു. നിത്യവും തേച്ചു മിനുക്കി വെള്ളം തുവർത്തി സൂക്ഷിക്കപ്പെടുന്ന പ്രിയപ്പെട്ടവൾ. ഒരുപാട്‌ രുചികളും മണങ്ങളും അനുഭവിച്ച്‌ ലോകത്തിന്റെ സ്വഭാവ വ്യത്യാസങ്ങളും അറിയുമായിരുന്നു.

ഒരിക്കൽ അവളെ മോഹിച്ച്‌ ഒരാൾ വന്നതാണ്‌. പൊന്നു പോലെ നോക്കിക്കൊള്ളാമെന്ന്‌ വാക്കു കൊടുക്കുകയും ചെയ്തു. വിട്ടു കൊടുത്തില്ല, കൈവശക്കാരൻ. നിത്യവും സമ്മർദ്ദത്തിലകപ്പെട്ട്‌ വെന്ത്‌ ഉടൽ ഭാഗങ്ങൾ വെണ്ണീറായിക്കൊണ്ടിരുന്നിട്ടും വിണ്ടുകീറി സ്വയം അടങ്ങാൻ കൂട്ടാക്കിയില്ല, അവളും……

വെടിച്ച്‌ തുളകൾ വീണ്‌
ഇരിക്കുന്നിടം മലിനമായിത്തുടങ്ങിയപ്പോൾ അശ്രീകരമെന്ന വാക്കോടുകുടി മതിൽ ഭിത്തിയിലെ കരിങ്കല്ലിലേക്കെറിയപ്പെട്ട്‌ തകർന്ന് അസ്തിത്വമില്ലാതായപ്പോൾ
ആരോ ചോദിച്ചു വിഡ്ഡിത്തമായിരുന്നോ ജീവിതമെന്ന്‌. മറുപടി കൊടുക്കാതെ പാത്രം കഴുകുന്നിടത്തെ ചാര സംഭരണിയായി ശിഷ്ടകാലം ജീവിക്കാമെന്ന്‌ കരുതി…

@@@@@@@