നിയമം കണ്ണു കുത്തുന്നു.

നിയമം കണ്ണു കുത്തുന്നു,

കാഴ്ച കെടുത്തുന്നു,

പ്രിയ ദൃശ്യങ്ങളന്യമാകുന്നു.

നിയമം കാതു കൊട്ടുന്നു,

ശ്രവണം ഹനിക്കുന്നു,

മധു സ്വനികൾ നഷ്ടമാകുന്നു.

നിയമം നാവറുക്കുന്നു,

വാക്കെടുക്കുന്നു,

രുചികൾ, മൊഴികൾ മൃതമാകുന്നു.

നിയമം കയ്യരിയുന്നു,

പ്രവൃത്തി മുട്ടുന്നു,

മമ സ്വദനം തീരുന്നു.

നിയമം കാലൊടിക്കുന്നു,

വഴി മുട്ടുന്നു,

ജീവനിരുളിൽ ഒടുങ്ങുന്നു.

പേനായ്ക്കൾ ഉടൽ കീറി

രുധിരം നുണയുമ്പോൾ

നിയമം സുഖനിദ്ര കൊള്ളുന്നു.

* ഓർമ്മയിൽ: സ്ത്രീ-ദലിത്‌-ദരിദ്ര പീഡനങ്ങൾ, തെരുവുനായ്ക്കൾ.