ക്വട്ടേഷൻ
ക്വട്ടേഷന്‍ കിട്ടിക്കഴിഞ്ഞാല്‍ അയാളുടെ ജീവിതശൈലി തന്നെ മാറുകയായി, പണ്ടത്തെ ആരാച്ചാരന്മാരെപ്പോലെ.
പിന്നീട് കൃത്യശേഷം മാത്രമേ കെട്ട്യോളുടെ കൂടെ കെടക്കുവൊള്ളു, മത്സ്യമാംസങ്ങള്‍ കൂട്ടുവൊള്ളു, മദ്യം കൈകൊണ്ട് തൊടുവൊള്ളൂ….
അയാള്‍ക്ക് സ്വന്തമായൊരു ശൈലി തന്നെയുണ്ട്, കൊലയ്ക്ക്. പിന്നില്‍ നിന്ന് ആളറിയാതെ കഴുത്തില്‍ കയറിട്ട് കുരുക്കി, ശ്വാസംമുട്ടിച്ച്, അന്ത്യപ്രാണന്‍ വിടുന്ന ഘട്ടത്തില്‍ ഇടതുകയ്യാല്‍ കയറിനെ മുറുക്കിക്കൊണ്ട്, വലതു കയ്യാല്‍ എളിയില്‍ കരുതിയിരിയ്ക്കുന്ന കത്തി ഇരയുടെ നെഞ്ചില്‍ ഇടതുവശത്ത് വാരിയെല്ലുകള്‍ക്ക് താഴത്തുകൂടി ഹൃദയത്തില്‍ എത്തും വിധത്തില്‍ താഴ്ത്തി……………
ഒരു പ്രധാന ശിഷ്യനുണ്ടെങ്കിലും, വേണ്ടി വന്നാല്‍ മറ്റ് സഹായികളെ കൂട്ടുമെങ്കിലും സ്വന്തം
ഇരയുടെ സൌകര്യാര്‍ത്ഥം,
അതിരാവിലെ സിറ്റട്ടില്‍ ഇരുന്ന് കട്ടന്‍ ചായ കുടിച്ച് പേപ്പര്‍ വായിയ്ക്കുമ്പോള്‍,
പ്രഭാതഭക്ഷണം കഴിയ്ക്കുമ്പോള്‍,
അത്താഴത്തിന് ഈണു മേശയിലിരിയ്ക്കുമ്പോള്‍,
ഇണയോടൊത്തു ശയിയ്ക്കുമ്പോള്‍……….
പ്രതിഫലം പറ്റിക്കൊണ്ട്,
കക്ഷിരാഷ്ര്രീയങ്ങള്‍ക്ക് അതീതമായി,
ജാതിമതവര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ,
അയിത്താചാരങ്ങള്‍ മാനിയ്ക്കാതെ ജോലി ചെയ്തുവന്നിരുന്നു.
അതുകൊണ്ട് തന്നെ അയാള്‍ക്ക് മങ്കാവുടിയില്‍ മാത്രമല്ല മലയാളത്തുകരയാകെ പേരെടുക്കാന്‍
കഴിഞ്ഞു.
പക്ഷെ, ഈയിടെ അയാള്‍ കുറച്ച് ഉള്‍വലിഞ്ഞിരിയ്ക്കുന്നു.
കഴിവുകള്‍ ചോര്‍ന്നിട്ടോ, മനസ്സ് മടുത്തിട്ടോ അല്ല,
അത്യാവശ്യം പണം കൈവശമുണ്ട്, പണം പലിശയ്ക്ക് വേണ്ടവരുമുണ്ട്, അപ്പോള്‍ പുതിയൊരു ഇമേജ് കിട്ടിയിരിയ്ക്കുന്നു. സ്ഥാനമാനങ്ങള്‍ തെളിഞ്ഞുവരുന്നു.
അങ്ങിനെയിരിക്കെ കഴിഞ്ഞ രാത്രിയില്‍,
രണ്ടാം ഭാര്യയോടൊത്ത് ശയിയ്ക്കുമ്പോള്‍, ഓടിളക്കി കയര്‍ വഴി ഇറങ്ങി അവന്‍ വന്നു…..
അയാളുടെ പിറകില്‍ നിന്നും കഴുത്തില്‍ കയര്‍ മുറുക്കി, ശ്വാസം മുട്ടിച്ച് അവസാനപ്രാണനും വിടുന്നേരം…………..
ശക്തമായ പിടച്ചിലില്‍ എങ്ങിനയോ അയാള്‍ക്ക് അവന്റെ മുഖം കാണാന്‍ കഴിഞ്ഞു.
അരുമശിഷ്യന്‍!
അവന്റെ ഇടതുകയ്യാല്‍ കയര്‍ മുറുക്കി, വലതുകയ്യാല്‍ എളിയില്‍ കരുതിയിരുന്ന പുത്തന്‍ കത്തിയെടുത്ത്…………….